2010, ഏപ്രിൽ 26, തിങ്കളാഴ്‌ച

അളഗിരിയും അച്യുതാനന്ദനും


ഇന്ന് മനോരമ പത്രത്തില്‍ കണ്ട ഒരു വാര്‍ത്ത‍ ആണ് ഇത് എഴുതാന്‍ പ്രേരണ ആയത്. പാര്‍ലമെന്റ് നടപടികളില്‍ നിന്ന് സ്ഥിരമായി മുങ്ങുന്ന കേന്ദ്ര രാസവള രാസവസ്തു മന്ത്രി എം കെ അളഗിരിയെ പറ്റി വന്ന ഒരു വാര്‍ത്തയാണ് ഇത്. ചെന്നയിലാണ് ഇദ്ദേഹത്തിന്‍റെ താമസം. മധുരയില്‍ നിന്നാണ് ജയിച്ചത്‌. സ്ഥിരമായി ചെന്നൈ മധുരൈ വിമാന യാത്ര നടത്തുകയാണ് അളഗിരിയുടെ പരിപാടി. സത്യാ പ്രതിജ്ഞ ചെയ്തതിനു ശേഷം അറുപതൊന്നു തവണ വിമാന യാത്ര നടത്തി അളഗിരി. അതും ബാക്കി ഉള്ളവന്റെ ചിലവില്‍. ഹിന്ദിയോ ഇന്ഗ്ലീഷോ അറിഞ്ഞു കൂടാത്തത് കൊണ്ടാണത്രേ പാര്‍ലമെന്റു നടപടികളില്‍ ഇദ്ദേഹം പങ്കെടുക്കാതതത്രേ. ഒന്ന് ആലോചിച്ചു നോക്കു. ജനങ്ങളുടെ ന്യായമായ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ ബാധ്യസ്തന്‍ ആയ ഒരു മന്ത്രി മുട്ടാപ്പോക്ക് പറഞ്ഞു ഒളിച്ചു കളിക്കുന്നതിലെ ഭീകരത. ഇക്കണക്കിനു നമ്മുടെ മന്ത്രിമാരും സാമാജികരും ഒക്കെ എന്തായിരിക്കും സഭയില്‍ പോയി സംസാരിക്കുക എന്ന് വല്ലപ്പോഴും ആലോചിച്ചിട്ടുണ്ടോ ? സ്കൂളിന്റെ പടി പോലും കണ്ടിട്ടില്ലാത്ത ഇവര്‍ ഇതു ഭാഷയില്‍ ആയിരിക്കും നമ്മുടെ ആവശ്യങ്ങള്‍ അവതരിപ്പിക്കുക ? കരയുന്ന കുഞ്ഞിനേ പാലുള്ളൂ. പക്ഷെ ഇതു ഭാഷയില്‍ ആണ് ഇവര്‍ പോയി കരയുന്നത് ? മുഖ്യ മന്ത്രി ആയ അച്യുതാനന്ദന്‍ ചില ചാനലുകളില്‍ നടത്തിയ പ്രസ്താവനകള്‍ കണ്ടിട്ടുണ്ട്. പരിതാപകരം എന്നേ പറയേണ്ടു. ഞാന്‍ അദ്ദേഹത്തെ കളിയാക്കുകയല്ല.  . ഒന്നുകില്‍ ഇങ്ങനെ ഉള്ളവര്‍ക്ക് ഒരു പരിഭാഷകനെ വെക്കാന്‍ ഉള്ള  അവസരം കൊടുക്കണം. അല്ലെങ്കില്‍ ഇവര്‍ ഭാഷ പഠിക്കണം. ഒരു ഭാഷയുടെ പ്രാഥമികമായ ഉദ്ദേശം ആശയ വിനിമയം ആണ്. അതിനു വേണ്ടി ആണ് ഹിന്ദി എന്ന ദേശിയ ഭാഷ മുന്നോട്ടു വയ്ക്കപ്പെട്ടത്‌. പക്ഷെ സ്വന്തം ഭാഷാ വിട്ടു കളിക്കാത്ത തമിള്‍ നാട് , കര്‍ണാടക മുതലായ സംസ്ഥാനങ്ങള്‍ ഇപ്പോഴും ഇത് അംഗീകരിച്ച മട്ടില്ല. അതിന്‍റെ വിരോധാഭാസം എന്താന്ന് വച്ചാല്‍ വിദ്യ സമ്പന്നരായ നമ്മള്‍ മലയാളികളെക്കാള്‍ ഇവരൊക്കെ അവരുടെ ആവശ്യങ്ങള്‍ സാധിക്കുന്നതില്‍ സമര്‍ത്ഥരാണ്. ഒന്നുകില്‍ ഇവിടുന്നു ഡല്‍ഹിക്ക് പോകുന്ന എല്ലാ നേതാക്കന്മാര്‍ക്കും സ്പോക്കെന്‍ ഇംഗ്ലീഷ് ക്ലാസ്സ്‌ കൊടുക്കണം. അല്ലെങ്കില്‍ അത്യാവശ്യം ഹിന്ദിയോ ഇന്ഗ്ലീഷോ സംസാരിക്കാന്‍ അറിയാവുന്നവനെ മാത്രം ജയിപ്പിച്ചു വിടണം.  ഹിന്ദിയോ ഇന്ഗ്ലീഷോ അറിയാത്തവന്‍ ഭരിക്കാന്‍ യോഗ്യന്‍ അല്ല എന്നല്ല ഇതിന്‍റെ അര്‍ഥം. ശശി തരൂരിനെ പോലുള്ള അക്കടെമീഷ്യന്‍സ് അവിടെ പോയി കാണിച്ചതും നമ്മള്‍ കണ്ടതാണ്.
എന്ത് പറയുന്നു ?


2010, ഏപ്രിൽ 25, ഞായറാഴ്‌ച

ഒരു വാടക കൊലയാളി



     നഗരത്തിന്‍റെ ഒത്ത നടുക്കായിട്ടാണ് ആ ഹൌസിംഗ് കോളനി. നഗരത്തിലെ പണ ചാക്കുകള്‍ മാത്രം താമസിക്കുന്ന ഒരു വലിയ കോളനി. അതില്‍ നിറയെ യൂറോപ്പ്യന്‍ സ്റ്റൈലില്‍ ഉള്ള വില്ലകള്‍ ആണ്.  അതിലെ ഒരു വില്ലയിലേക്ക് ആണ് വിമല്‍ താമസത്തിന് വന്നത്. വലിയ മൂന്നു പെട്ടികള്‍ നിറയെ സാധനങ്ങളുമായി. രണ്ടു പെട്ടികള്‍ നിറയെ അയാളുടെ വസ്ത്രങ്ങള്‍ ആണ്. മൂന്നാമത്തെ പെട്ടിയില്‍ ഒരു വലിയ യന്ത്ര തോക്ക് ആണ്. Telescopic Zoom ഉള്ള ഒരു മെഷീന്‍ ഗണ്‍. പിന്നെ അതിനു വേണ്ട തിരകളും. സോറി. മറന്നു പോയി. വിമല്‍ ആരാണെന്ന് ഞാന്‍ പറഞ്ഞില്ല. മുംബയിലെ എണ്ണം പറഞ്ഞ ഒരു ഒന്നാംതരം വാടക കൊലയാളി ആണ് വിമല്‍. എന്ന് വച്ചാല്‍ ഒരു കൊലക്ക് ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന ഒരു വമ്പന്‍. 

     ഇപ്പോള്‍ ഇയാള്‍ ഈ നഗരത്തില്‍ വന്നിരിക്കുന്നതും ഒരു കൊലക്ക് വേണ്ടി തന്നെയാണ്. ഇവിടുത്തെ ഒരു പേരുകേട്ട റിയല്‍ എസ്റ്റേറ്റ്‌ വ്യവസായി. മനോഹര്‍. അയാള്‍ താമസിക്കുന്നത് ഈ കോളനിയില്‍  ആണ്. അതിനു തൊട്ടടുത്ത വില്ലയില്‍ ആണ് വിമല്‍ താമസത്തിന് വരുന്നത്. ഈ ആഴ്ച തന്നെ ഇത് തീര്‍ത്തിട്ട് തിരിച്ചു പോണം. അതിനു വേണ്ടിയുള്ള വിശദമായ പ്ലാനും കൊണ്ടാണ് വിമല്‍ വന്നിരിക്കുന്നത്. വിമല്‍ മുകളിലത്തെ നിലയിലേക്ക് പോയി. കൊള്ളാം. ഒരു ജനല്‍ തുറന്നിട്ടാല്‍ അപ്പുറത്തെ വില്ലയുടെ മുന്‍ഭാഗം മുഴുവന്‍ നന്നായി കാണാം. ഈ മനോഹര്‍ അത്യാവശ്യം സൌന്ദര്യ ബോധം ഒക്കെ ഉള്ള ഒരാള്‍ ആണെന്ന് തോന്നുന്നു. അത്രയ്ക്ക് നന്നായിട്ടാണ് ആ പൂന്തോട്ടവും പുല്‍ത്തകിടിയും എല്ലാം ഒരുക്കിയിരിക്കുന്നത്. മുന്നിലത്തെ വാതില്‍ തുറന്നു ഇറങ്ങുന്നത് ചെത്തി മിനുക്കിയ കരിങ്കല്ലുകള്‍ പാകിയ ഒരു ചെറിയ വഴിയിലേക്ക് ആണ്. അതിന്‍റെ വശങ്ങളില്‍ മനോഹരമായ വയലറ്റ് പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നു. ഒരു ചെറിയ വെള്ള ചാട്ടവും കാണാം. അതി മനോഹരം. വിമല്‍ ഓര്‍ത്തു.എന്തായാലും ഈ റൂമില്‍ നിന്ന് ഫോക്കസ് ചെയ്താല്‍ ആ വഴിയില്‍ നില്‍ക്കുന്ന ആരെ വേണമെങ്കിലും ഹിറ്റ്‌ ചെയ്യാം. അകത്തെ മുറിയില്‍ നിന്ന് പെട്ടി എടുത്തു കൊണ്ട് വന്നു.ഗണ്‍ ഉറപ്പിച്ചു. ഇപ്പൊ അതിന്‍റെ വ്യൂ ഫയിന്ടെരില്‍ കൂടി നോക്കിയാല്‍ ആരെ വേണേലും കാച്ചാം. കൊള്ളാം. തനിയെ പറഞ്ഞിട്ട് വിമല്‍ ഒരു പെഗ് വിസ്കി മിക്സ്‌ ചെയ്തു.

    പക്ഷെ വിമല്‍ ഉണ്ടാക്കിയ എല്ലാ പ്ലാനും തെറ്റിച്ചു കൊണ്ട് മനോഹര്‍ വീട് വിട്ടു പോയി. എന്തോ ബിസിനസ്‌ എമര്‍ജന്‍സി കാരണം സിങ്കപ്പൂര്‍ വരെ. ഇനി ഇപ്പൊ എന്ത് ചെയ്യും. മനോഹര്‍ വരുന്നത് വരെ കാത്തിരിക്കണ്ടേ. അങ്ങനെ രണ്ടു നാള്‍ കടന്നു പോയി. വിമല്‍ സ്വന്തം കണക്ഷന്‍സ്‌ വച്ച് മനോഹര്‍ എന്നാ വരാന്‍ ചാന്‍സ് ഉള്ളതെന്ന് അന്വേഷിച്ചു. ഇനിയും ഒരാഴ്ച എടുക്കും. കാത്തിരിക്കുക തന്നെ. മുംബയില്‍ ഉള്ള തന്‍റെ സഖാക്കളെ ഒക്കെ വിമല്‍ വിവരം അറിയിച്ചു. അവിടത്തെ ഏറ്റെടുത്ത പരിപാടികള്‍ നോക്കാന്‍ തന്‍റെ ഉറ്റ ചങ്ങാതി ആയ ചന്ദ്രുവിനെ ഏല്‍പ്പിച്ചു. 


     അങ്ങനെ ആ ദിവസം വന്നു. നാളെ മനോഹര്‍ വരികയാണ്‌. വിമല്‍ തോക്ക് ഒന്ന് കൂടി പരിശോധിച്ചു. മിനുക്കി. വെടിയുണ്ടകള്‍ നിറച്ചു വച്ചു. നേരം പുലരുന്നതും നോക്കി അയാള്‍ കാത്തിരുന്നു. സമയം ഇഴഞ്ഞു നീങ്ങി. എപ്പോഴോ പുറത്തു കിളികള്‍ ചിലക്കുന്ന ശബ്ദം കേട്ട് അയാള്‍ ഉണര്‍ന്നു. നേരം വൈകിയിട്ടില്ല. അയാള്‍ ഓടി മുകളിലത്തെ മുറിയിലെത്തി. ഭാഗ്യം അപ്പുറത്ത് ആരും ഉണര്‍ന്നിട്ടില്ല. റെഡി ആയി. ഇപ്പൊ മനോഹര്‍ പുറത്തേക്കു വരും. അതാ ജോലിക്കാരന്‍ ഒരു ബ്രീഫ് കേസുമായി പുറത്തേക്കു വരുന്നു. അവന്‍ അത് കൊണ്ട് കാറില്‍ വച്ചു. അപ്പൊ മനോഹര്‍ താമസിയാതെ പുറത്തേക്കു വരും. പുറത്തു ഡ്രൈവര്‍ നില്‍പ്പുണ്ട്. പെട്ടെന്ന് ഡ്രൈവര്‍ അകത്തേക്ക് നോക്കി ആദരവോടെ നില്‍ക്കുന്നത് കണ്ടു. മനോഹര്‍ വരുന്നുണ്ട്. അതാ അയാള്‍. ഫോട്ടോയില്‍ കണ്ടതിനേക്കാള്‍ സുന്ദരന്‍. അയാളുടെ ഇടതു കയ്യില്‍ തൂങ്ങി സുന്ദരിയായ ഭാര്യ. പക്ഷെ അവളുടെ മുഖം നേരെ കാണാന്‍ പറ്റുന്നില്ല. ഗണ്‍ ഫോക്കസ് ചെയ്തു. ഇപ്പോള്‍ മനോഹര്‍ നല്ല ടൈറ്റ് ഫോക്കസില്‍ ആണ്. അയാള്‍ സേഫ്ടി ലോക്ക് റിലീസ് ചെയ്തു. ചൂണ്ടു വിരല്‍ കാഞ്ചിയില്‍ ഉറപ്പിച്ചു. എല്ലാം കൊള്ളാം. കാഞ്ചി വലിച്ചു. അതില്‍ നിന്ന് ചീറിപാഞ്ഞ വെടിയുണ്ട മനോഹരിന്‍റെ തലയോട് തകര്‍ത്തു. അയാള്‍ കുഴഞ്ഞു വീണു. ഒരു നിമിഷം ആര്‍കും ഒന്നും മനസ്സിലായില്ല. ഭാര്യ ഒരു നിമിഷം സ്തംഭിച്ചു നിന്നു. മനോഹരിന്‍റെ തലയില്‍ നിന്നു ചീറ്റിയ രക്ത തുള്ളികള്‍ അവളുടെ മുഖം നനച്ചു. അവള്‍ അയാളുടെ ദേഹത്തിനടുത്തു തളര്‍ന്നു വീണു. ജോലിക്കാരനും ഡ്രൈവറും ഓടി അടുത്തു. 

     കുറച്ചു നേരത്തേക്ക് അവിടെ ഒരു നിശബ്ദത ആയിരുന്നു. പെട്ടെന്ന് അതിനെ കീറിമുറിച്ചു കൊണ്ടു ഒരു സയിറന്‍ മുഴങ്ങി. ഒരു ആംബുലന്‍സ് വന്നു. പുറകെ ഒട്ടനവധി പോലീസ് വാഹനങ്ങളും കാറുകളും.അഞ്ചു മിനിറ്റ് കൊണ്ടു അവിടെ ഒരു ജനക്കൂട്ടം തന്നെ വന്നെത്തി. വിമല്‍ തന്‍റെ ഗണ്‍ അഴിച്ചു മടക്കി പെട്ടിയില്‍ വച്ചു. മൂന്നു പെട്ടികളും പാക്ക് ചെയ്തു. സന്ധ്യ ആയി. ഒരു ആംബുലന്‍സ് ചീറി വന്നു നിന്നു. ഡ്രൈവര്‍ പുറത്തിറങ്ങി ഒരു കറുത്ത കൊടി കൊണ്ടു ഗേറ്റില്‍ കെട്ടി. വീട്ടിനകത്ത് നിന്നു ഒരു നിലവിളി ഉയര്‍ന്നു. മനോഹറിന്റെ ശരീരം പുറത്തേക്കു എടുത്തു വച്ചു. മുകളിലത്തെ മുറിയില്‍ നിന്നു വിമല്‍ ഇതൊക്കെ കാണുന്നുണ്ട്. അപ്പൊ ഇതും വിജയം ആയി. ഇനി ഇവിടെ തങ്ങണ്ട. രാത്രി തന്നെ സ്ഥലം വിടണം. അതിനു മുമ്പ് പാര്‍ട്ടിയുടെ കയ്യില്‍ നിന്നു പണം വാങ്ങണം. പത്തു മണിക്ക് വിളിക്കാം എന്നാ പറഞ്ഞിരിക്കുന്നത്. എന്നാല്‍ അയാളുടെ പ്രതീക്ഷകള്‍ തെറ്റിച്ചു കൊണ്ടു പത്തു മണിക്ക് ആ കാള്‍ വന്നില്ല. നാളെ നോക്കാം. അല്ലെങ്കില്‍ ഈ ഡീല്‍ തനിക്കു തന്ന ഇവിടത്തെ തന്‍റെ ചങ്ങാതി കാസിമിനെ വിളിച്ചു ചോദിക്കാം. വിമല്‍ ഓര്‍ത്തു. കാസിമിനെ വിളിച്ചു. അയാളുടെ ഫോണ്‍ ഓഫ്‌ ആണ്. ആരും എടുക്കുന്നില്ല. എന്തോ പന്തികേടുണ്ടല്ലോ. വിമല്‍ ഓര്‍ത്തു.  നേരം പുലര്‍ന്നു. അപ്പുറത്തെ ബഹളം ശമിച്ചിട്ടില്ല. അയാള്‍ പുറത്തേക്കിറങ്ങി. പേപ്പര്‍ വന്നു കിടപ്പുണ്ട്. വെറുതെ അതെടുത്തു അയാള്‍ അലസമായി
താളുകള്‍ മരിച്ചു. മൂന്നാം പേജില്‍ എത്തിയപ്പോ അയാള്‍ ആ വാര്‍ത്ത‍ കണ്ടു. കാസിമിന്‍റെ ഫോട്ടോ. അതിനു താഴെ വാടക ഗുണ്ട വെടിയേറ്റ്‌ മരിച്ചു എന്ന വാര്‍ത്തയും അയാളുടെ കൈകള്‍ വിറച്ചു. 

     എന്തായാലും പണം വാങ്ങാതെ തിരിച്ചു പോകാന്‍ പറ്റില്ല. രണ്ടു ദിവസം കൂടി നോക്കാം. 
അങ്ങനെ മൂന്നു ദിവസം കഴിഞ്ഞ ആ രാത്രി വിമലിന്റെ ഫോണില്‍ ആ കാള്‍ വന്നു. പാര്‍ടി ആണ്. അന്ന് രാത്രി സെമിത്തേരിക്കു സമീപത്തുള്ള ആ മാവിന്‍റെ ചുവട്ടില്‍ വച്ചു സന്ധിക്കാം എന്നും അപ്പൊ പണം കൈമാറാം എന്നും. അയാള്‍ വിചാരിച്ച പോലല്ല. ഒരു സ്ത്രീ ആയിരുന്നു മറുപുറത്ത്. ആരായിരിക്കും അത് മനോഹര്‍ വഞ്ചിച്ച  ഏതോ ഒരു സ്ത്രീ അതോ അയാളുടെ രഹസ്യ ഭാര്യയോ അതോ ഇനി കാമുകി ആണോ വിമല്‍ സംശയിച്ചു. എന്തോ ആവട്ടെ. തനിക്കു പണം കിട്ടിയാല്‍ പോരെ. രാത്രിയായി. വിമല്‍ ആ മാവിന്‍റെ ചുവട്ടില്‍ എത്തി. കാര്‍ പാര്‍ക്ക്‌ ചെയ്തു. കുറച്ചു അകലെ ആയി വേറെ ഒരു കാര്‍ കിടപ്പുണ്ട്. വിമലിന്റെ ഫോണ്‍ വീണ്ടും ശബ്ദിച്ചു. അയാള്‍ അത് എടുത്തപ്പോഴേക്കും കട്ട്‌ ആയി. അതാ ആ കാര്‍ തുറന്നു ഒരു സ്ത്രീ ഇറങ്ങുന്നു. നല്ല ഉയരം. മുട്ടറ്റം എത്തുന്ന മുടി. അവള്‍ അടുതെത്തി. 'വിമല്‍ അല്ലെ ? ' അവള്‍ ചോദിച്ചു. 'അതെ. നിങ്ങള്‍ ? ' വിമല്‍ ചോദിച്ചു.  'ഞാന്‍ ആണ് നേരത്തെ വിളിച്ചത്. നിങ്ങള്‍ ആ ജോലി നന്നായി തീര്‍ത്തു. ഇതാ പണം..എന്ന് പറഞ്ഞിട്ട് അവള്‍ ഒരു പെട്ടി എടുത്തു കാറിന്‍റെ പുറത്തു വച്ചു. 'നിങ്ങളുടെ സുഹൃത്ത്‌ കാസിം ഇതിനിടക്ക്‌ ഒരു ഗെയിം കളിച്ചു നോക്കി. സോറി. അതു കൊണ്ടു ആ തെളിവ് എനിക്ക് നശിപ്പിക്കേണ്ടി വന്നു. എന്തായാലും ചെയ്ത ജോലിക്ക് നന്ദി.  എന്ന് പറഞ്ഞു അവള്‍ തിരിഞ്ഞു നടന്നു. ഒരു അമ്പരപ്പോടെ വിമല്‍ പെട്ടി എടുത്തു കാറിനകത്ത്‌ വച്ചു. വേഗം തന്നെ അയാള്‍ വില്ലയില്‍ തിരിച്ചെത്തി. അവള്‍ പറഞ്ഞത് ഒന്ന് കൂടി ഓര്‍ത്തു. ഇനി ഇവിടെ നില്‍ക്കുന്നത് അപകടമാണ്. അയാള്‍ പെട്ടികളെല്ലാം എടുത്തു എയര്‍  പോര്‍ട്ടിലേക്ക് തിരിച്ചു. ഭാഗ്യം. ഫ്ലൈറ്റ് കറക്റ്റ് ടൈമില്‍ തന്നെ ആണ്. മുംബയില്‍ അതു പെട്ടെന്ന് എത്തിയതായി വിമലിന് തോന്നി. 

    എത്തിയ പാടെ അയാള്‍ തന്‍റെ സുഹൃത്തുക്കളെ വീണ്ടും വിളിച്ചു. ആ പണം തന്നത് ആരാണെന്നു അറിയാന്‍ വെറുതെ ഒരു ആകാംഷ.  തന്‍റെ എല്ലാ ബന്ധങ്ങളും അയാള്‍ ഉപയോഗിച്ചു. പക്ഷെ ആര്‍ക്കും ഒന്നും കണ്ടു പിടിക്കാന്‍ പറ്റിയല്ല. പക്ഷെ മനോഹര്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന ഒരു വൃത്തികെട്ട മുഖം അയാളുടെ സുഹൃത്തുക്കള്‍ ചികഞ്ഞെടുത്തു.  മനോഹര്‍ സമൂഹത്തില്‍ നിന്നു ഒളിച്ചു വച്ചിരുന്ന കാമുകിമാരുടെയും വെപ്പാട്ടികളുടെയും ചിത്രങ്ങളും ചെറിയ വിവരങ്ങളും വരെ അയാളുടെ വീട്ടിലെത്തി. പക്ഷെ ആ സ്ത്രീയുടെ ചിത്രം മാത്രം ഇല്ല. ഒടുവില്‍ വിമല്‍ ആ ശ്രമം ഉപേക്ഷിച്ചു.

     അങ്ങനെ മാസങ്ങള്‍ കടന്നു പോയി. അപ്പോഴാണ് ആ നഗരത്തില്‍ നിന്നു തന്നെ വേറൊരു ജോലി അയാളെ തേടി വന്നത്. അന്നത്തെ അതേ കോളനിയില്‍ താമസിക്കുന്ന ഒരു ക്രിക്കറ്റ്‌ താരമാണ് ഇത്തവണത്തെ ഇര.അയാള്‍ പഴയ അതേ വില്ലയില്‍ തന്നെ താമസം ആവശ്യപെട്ടു. അതു ശരിയായി. പഴയ ആ റൂം. അയാള്‍ അവിടെ ഇരുന്നു അന്നത്തെ ആ ദിവസത്തെ കുറിച്ചോര്‍ത്തു. അവിടെ ആരുമില്ലേ ഒരു അനക്കവുമില്ല. പക്ഷെ ആ പൂന്തോട്ടത്തിന്റെയും മറ്റും ഭംഗി കുറച്ചു പോലും നഷ്ടപ്പെട്ടിട്ടില്ല. അതാ ആ ജോലിക്കാരന്‍ പുറത്തേക്കു വരുന്നു. അപ്പോള്‍ അവിടെ ആരൊക്കെയോ  ഉണ്ട്. വെറുതെ ഒന്ന് പോയി നോക്കിയാലോ വിമല്‍ ഓര്‍ത്തു. നോക്കാം. അയാള്‍ അവിടേക്ക് നീങ്ങി. ചിത്രപ്പണികള്‍ ചെയ്തു മനോഹരമാക്കിയ ഭാരിച്ച ഗേറ്റ് തുറന്നു വിമല്‍ അകത്തേക്ക് കയറി. കരിങ്കല്‍ പാകിയ ആ ചെറിയ നടപ്പാതയിലൂടെ അയാള്‍ പൂമുഖത്തെത്തി. ബെല്‍ അടിച്ചു. ഒരു സ്ത്രീ വന്നു വാതില്‍ തുറന്നു. ഈ മുഖം. ഈശ്വരാ.. ഇവള്‍.. വിമല്‍ ഒന്ന് വിറച്ചു. അതു അവളായിരുന്നു. അന്ന് പണം തന്ന ആ സ്ത്രീ.
'നീ എന്നെ തേടി വരും എന്ന് എനിക്ക് അറിയാമായിരുന്നു.അവള്‍ താഴ്ന്ന ശബ്ദത്തില്‍ പതിയെ പറഞ്ഞു. 'നിനക്കുള്ള സമ്മാനം അന്നേ ഞാന്‍ കരുതി വച്ചിട്ടുണ്ട്. വരൂചെറിയ ശങ്കയോടെ അയാള്‍ അകത്തേക്ക് ചെന്ന്. 'എന്തിനായിരുന്നു അത്  ? ' എന്ന ചോദ്യം ഒരു നൂറു തവണ അയാളുടെ മനസ്സിലേക്ക് വന്നെങ്കിലും
അതു വിമല്‍ ഉള്ളിലടക്കി.

    'ഞാന്‍ എന്തിനാണ് അന്ന് അതു ചെയ്തതെന്ന് ഇപ്പൊ വിമല്‍ ചോദിയ്ക്കാന്‍ ആഗ്രഹിക്കുന്നുണ്ടാവും അല്ലേ ? ' അയാളുടെ മനസ്സ് വായിച്ച പോലെ അവള്‍ പറഞ്ഞു. 'ഇപ്പോള്‍ ഈ ജൂസ് കുടിക്കു.അവള്‍ ശീതള പാനീയം നിറച്ച ആ ഗ്ലാസ്‌ അയാളുടെ നേര്‍ക്ക്‌ നീട്ടി. അയാള്‍ അതെടുത്തു കുടിച്ചു. വരണ്ട തൊണ്ട അല്പം നനഞ്ഞു. 'ഞാന്‍ പറയാം.അവള്‍. 'എന്തിനാണ് ഞാന്‍, അതായതു മനോഹരിന്റെ അറിയപ്പെടുന്ന ഒരേയൊരു ഭാര്യ ഇങ്ങനെ ചെയ്തതെന്നാവും നിങ്ങളുടെ സംശയം അല്ലേ ? .. എല്ലാത്തിനും ഇപ്പോഴും എന്തെങ്കിലും കാരണം കാണും വിമല്‍. അതു അന്വേഷിക്കുന്നത് എന്തിനാണ് എന്ന് വിമല്‍ ചിന്തിച്ചിട്ടുണ്ടോ ? ' അവള്‍ തുടര്‍ന്നു. 'മറ്റുള്ളവന്റെ വിഷമങ്ങള്‍ ചര്‍ച്ച ചെയ്തു സന്തോഷിക്കാനുള്ള ഒരു മനുഷ്യ സഹജമായ ആകാംഷ.. ക്രൂരമായ ഒരു ആകാംഷ. അല്ലാതെ വേറൊന്നുമല്ല അത്. അവള്‍ വീണ്ടും. കാസിമിന് അത് അറിയാന്‍ ആഗ്രഹം ഉണ്ടായിരുന്നുഅതാണ് അവന്‍ അന്ന് അങ്ങനെ ഒരു ശ്രമം നടത്തിയത്. അവനുള്ള ശിക്ഷ അല്പം കടുത്തു പോയി. എന്ത് ചെയ്യാംഅതേ ആകാംഷ ഇപ്പൊ നിങ്ങളെയും എന്‍റെ അടുത്തു വീണ്ടും എത്തിച്ചിരിക്കുന്നു. അപ്പൊ കാസിമിന് കൊടുത്ത പോലെ എന്തെങ്കിലും സമ്മാനം ഞാന്‍ നിങ്ങള്‍ക്കും തരണ്ടേ ? ' അവള്‍ ചോദിച്ചു. വിമല്‍ ഒന്ന് ഞെട്ടി.എന്താ നിങ്ങള്‍ ഉദ്ദേശിക്കുന്നത്? ' വിറയാര്‍ന്ന ശബ്ധത്തില്‍ അയാള്‍ ചോദിച്ചു. 'നിങ്ങള്‍ ഇപ്പോള്‍ കുടിച്ച ആ പാനീയത്തില്‍  നിങ്ങള്‍ ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം ഉണ്ട്. അവള്‍ പുഞ്ചിരിയോടെ പറഞ്ഞു. 'വാട്ട്‌ ? ' അയാള്‍ ഒരിട ഞെട്ടി. എന്താണിത് .. ദേഹം തളരുന്ന പോലെ. ചുറ്റിനും ഉള്ള ഭൂമി കറങ്ങുന്നോ വായില്‍ നിന്നും മൂക്കില്‍ നിന്നും എന്തോ ധാരയായി ഒഴുകുന്നുണ്ട്. അയാള്‍ തടവി നോക്കി. കൈ നിറയെ ചോര. നെഞ്ചിടിപ്പ് തെല്ലു കൂടിയോ അതേ. ഹൃദയം ഒരു ജെറ്റ് പോലെ വേഗത്തില്‍ ഇടിക്കുന്നു. ഒരു ഉയരം വരെ പോയ അത് പെട്ടെന്ന് ഒരു നേരിയ മിടിപ്പായി മാറി. അയാള്‍ തളര്‍ന്നു തറയിലേക്കു വീണു. അവളുടെ കണ്ണില്‍ അപ്പോഴും ആ പുഞ്ചിരി ഉണ്ടായിരുന്നു. 




ഒരു ഭാര്യയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്


എന്താണൊരു ഭാര്യയില്‍ നിന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് എന്ന് ചോദിക്കുമ്പോ തന്നെ നിങ്ങള്‍ക്ക് മനസ്സിലാവും ഇത് ആണുങ്ങള്‍ക്ക് വേണ്ടി ഉള്ള ഒരു പോസ്റ്റ്‌ ആണെന്ന്. ഒരു അവിവാഹിതന്‍ എന്നാ നിലക്ക് ഒരു ഭാര്യയില്‍ നിന്ന് എന്താണ് ഭര്‍ത്താക്കന്മാര്‍ പ്രതീക്ഷിക്കുന്നതെന്നുള്ള ഒരു അന്വേഷണമാണ് ഇത്. അവിവാഹിതരായ പുരുഷന്‍മാരില്‍ ഇപ്പോഴും വിവാഹം എന്നത് ഒരു വര്‍ണ മനോഹരമായ സങ്കല്‍പം ആണ്. കല്യാണം കഴിക്കാത്ത ഒരാളോട് നിങ്ങള്‍ ചോദിച്ചു നോക്കു. അയാള്‍ ഭാവി വധുവിനെ പറ്റി വാചാലനാകുന്നത് കാണാം. അവള്‍ സുന്ദരിയായിരിക്കണം. വിദ്യാഭ്യാസവും വിവരവും ഉള്ളവള്‍ ആയിരിക്കണം. പോരാത്തതിനു എന്‍റെ ഒരു ഉത്തമ സുഹൃത്തായിരിക്കണം , എന്‍റെ എല്ലാ പ്രശ്നങ്ങളിലും ഒപ്പം ഒരു താങ്ങായും തണലായും നില്‍ക്കുന്നവള്‍ ആയിരിക്കണം എന്നൊക്കെ. സ്വന്തം  അമ്മയെ പോലെ തന്നെ ഉള്ള ഒരു പെണ്ണാണ്‌ എന്‍റെ സങ്കല്‍പതിലുള്ളത് എന്ന് പലപ്പോഴും  പലരും വച്ച് താങ്ങുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. എന്നാല്‍ വിവാഹം കഴിയുമ്പോള്‍ സംഭവിക്കുന്നത്‌ എന്താണെന്നു എനിക്കറിയില്ല. എന്താണ് ഈ സങ്കല്പങ്ങളെ മാറ്റി മറിക്കുന്നതെന്നും. വിവാഹത്തിന് മുമ്പ് പറഞ്ഞു കൊണ്ട് നടക്കുന്ന ഇത്തരം കാര്യങ്ങളെ പറ്റി പിന്നെ ആരും പറയുന്നത് കേട്ടിട്ടില്ല. കല്യാണത്തിന് മുമ്പ് അമ്മയെ പോലെ നിന്ന പെണ്ണ് പിന്നീട് ആറന്മുള പൊന്നമ്മയെ പോലെ ഉറഞ്ഞു തുള്ളുന്നതാണ് കാണുക. എല്ലാ ഭാര്യമാരെയും ഞാന്‍ കളിയാക്കുന്നില്ല.
പക്ഷെ പലപ്പോഴും കല്യാണം കഴിയുമ്പോള്‍ ഭാര്യ ഭര്‍ത്താവിനെ സ്വന്തം ചൊല്‍പ്പടിയില്‍ കൊണ്ട് വരാന്‍ പലപ്പോഴും ശ്രമിക്കാറുണ്ട്. അത് പ്രേമ വിവാഹമായാലും അല്ലാതെ ആയാലും കണക്കാ. ഭാര്യയും ഭര്‍ത്താവും തമ്മില്‍ എത്ര സ്നേഹമുണ്ടെങ്കിലും മറ്റുള്ളവരുടെ മുന്നില്‍ ഭര്‍ത്താവു താന്‍ പറയുന്നതില്‍ കവിഞ്ഞു ഒരു കാര്യം ചെയ്യില്ല എന്ന് മറ്റുള്ളവരുടെ മുന്നില്‍ തെളിയിക്കാനും സ്വയം ബോധിപ്പിക്കാനും എല്ലാ ഭാര്യമാരും ശ്രമിക്കാറുണ്ട്. ചിലര്‍ കല്യാണത്തിന് മുമ്പ് വീമ്പിളക്കാറുണ്ട്. ഏതു പെണ്ണ് ഭാര്യ ആയി വന്നാലും താന്‍ അവളെ കൈകാര്യം ചെയ്യുമെന്നും മറ്റുമൊക്കെ. പക്ഷെ ഇവരും കല്യാണം കഴിയുന്നതോടെ സകല ആയുധങ്ങളും വച്ച് കീഴടങ്ങുന്നതാണ് കണ്ടിട്ടുള്ളത്. അപ്പോഴെല്ലാം ഞാന്‍ ആലോചിചിട്ടിട്ടുണ്ട് എന്തുകൊണ്ടായിരിക്കും ഇവര്‍ ഇങ്ങനെ ഒക്കെ പറയുന്നതെന്ന് .സ്വാഭാവികമായും നമ്മുടെ ജീവിതത്തില്‍ കൂടെ ഒരാള്‍ കൂടി വരുമ്പോള്‍ നമ്മുടെ സ്വാതന്ത്ര്യം കുറച്ചു കുറയും.  പക്ഷെ പലപ്പോഴും ഇത് സകല അതിരുകളും ഭേദിച്ച് പോകുന്നതാണ് കണ്ടിട്ടുള്ളത്. ഞാന്‍ ഭാര്യമാരെ മാത്രം കുറ്റം പറയുന്നില്ല. ആണുങ്ങള്‍ പുറത്തു കാണിച്ചു കൂട്ടുന്നതിനെ പറ്റി അവര്‍ കേട്ടിട്ടുള്ളതും വായിച്ചിട്ടുള്ളതുമായ കാര്യങ്ങള്‍ ആയിരിക്കാം അവരെ കൊണ്ട് ഇങ്ങനൊക്കെ ചെയ്യിക്കുന്നത്,. ആണുങ്ങള്‍ ആണെങ്കില്‍ ചെളി ഉള്ളിടത് ചവിട്ടും എന്നിട്ട് വെള്ളം കാണുമ്പോ കഴുകി കളയും എന്നല്ലേ പറയ്ക . ഹി ഹി.
അപ്പൊ എന്താണ് ഭാര്യ എന്നത് എന്ന് ആരെങ്കിലും ഒന്ന് വിശദീകരിക്കൂ പ്ലീസ്

2010, ഏപ്രിൽ 24, ശനിയാഴ്‌ച

ശ്രീനാഥ് എങ്ങനെ മരിച്ചു ?




ഈ വര്‍ഷം ഒട്ടനവധി പ്രതിഭകളെയാണ് മലയാള സിനിമയ്ക്കു നഷ്ടപെട്ടത്. അതിലേക്കു ഒരു രക്ത സാക്ഷി കൂടി. ശ്രീനാഥ്. കൈത്തണ്ടയിലെ ഞരമ്പ്‌ മുറിച്ചു മരണത്തിലേക്ക് ഓടിയടുത്തു ഈ നടന്‍. എന്നാല്‍ ഈ നടന്‍റെ മരണം വെളിച്ചത്തേക്ക് കൊണ്ട് വരുന്ന ഒരുപാടു വസ്തുതകള്‍ ഉണ്ട്. പണ്ട് സിനിമയില്‍ നായകനായി നിറഞ്ഞു നിന്ന ഈ തരാം പിന്നീടു ഇരുളിലേക്ക് മറയുകയായിരുന്നു. മോഹന്‍ ലാല്‍ , മമ്മൂട്ടി എന്നീ അതുല്യ നടന്‍മാരുടെ വരവോടെ അവസരങ്ങള്‍ ഇല്ലാതെ ഒതുങ്ങി പോയ ശങ്കറിനെ പോലുള്ള ഒരു പാട് നടന്‍മാരുടെ കൂട്ടത്തില്‍ ശ്രീനാഥ് ഉം ഉള്‍പെട്ടു. ശാന്തി കൃഷ്ണയും ആയുള്ള  പതിനൊന്നു വര്‍ഷം നീണ്ട ദാമ്പത്യം ഒടുവില്‍ വിവാഹ മോചനത്തില്‍ ആണ് അവസാനിച്ചത്‌. അതിന്‍റെ കാരണങ്ങള്‍ എന്താണെന്നു അധികം ആര്‍ക്കും അറിയില്ല. ഒടുവില്‍ വേറൊരു സ്ത്രീയെ കല്യാണം കഴിച്ചു വീണ്ടും ജീവിതം കെട്ടിപ്പടുക്കാന്‍ ശ്രമിച്ച ഇദ്ദേഹത്തിനു ഒന്‍പതു വയസ്സുള്ള ഒരു മകനുണ്ട്. സീരിയലുകളില്‍ അഭിനയിച്ചു കൊണ്ട് ശക്തമായി തിരികെ വന്ന ഈ നടന്‍ പ്രേക്ഷകരുടെ വീട്ടിലെ ഒരു അംഗം പോലെയായിരുന്നു. ശിക്കാര്‍ എന്ന മോഹന്‍ ലാല്‍ ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനായി കോത മംഗലത്ത്  താമസിച്ചു വരികയായിരുന്നു ശ്രീനാഥ്.  ഒരു ചെറിയ വേഷം അഭിനയിക്കാന്‍ എത്തിയ ഈ നടനെ ഒരു ദിവസം മാത്രമേ അഭിനയിക്കാന്‍ അനുവദിച്ചുള്ളൂ. അത് കഴിഞ്ഞു ഹോട്ടലില്‍ വെറുതെ ഇരിക്കുകയായിരുന്നു ഇദ്ദേഹം. അഭിനയിക്കാന്‍ വിളിക്കുന്ന ദിവസവും കാത്തു. പണ്ട് കത്തി നിന്ന ഒരു നടന്‍ ഇങ്ങനെ ഒരു ചെറിയ വേഷം ചെയ്യാന്‍ കാത്തു കെട്ടി കിടക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ മാനസിക സമ്മര്‍ദ്ദം എത്രത്തോളം ഉണ്ടാവും എന്ന് ഊഹിച്ചു  നോക്കു. ഒടുവില്‍ കഥയില്‍ മാറ്റങ്ങള്‍ വരുത്തി എന്നും ഇനി കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞിട്ടേ അദ്ദേഹത്തിന് ഷൂട്ടിംഗ് ഉള്ളു എന്നും അവര്‍ അറിയിച്ചു.മാത്രമല്ല ഹോട്ടല്‍ മുറി ഒഴിഞ്ഞു കൊടുക്കണം എന്നും. ഒരു നിമിഷത്തേക്ക് കൈ വിട്ടുപോയ മനസ്സ് അദ്ദേഹത്തെ മരണത്തിലേക്ക് കൈ പിടിച്ചു നടത്തി എന്ന് തോന്നുന്നു.

     ഇനി, എങ്ങനെ ഇത് സംഭവിച്ചു എന്ന് ഒന്ന് ആലോചിച്ചു നോക്കു. മലയാള സിനിമ ഈ അടുത്ത കാലത്തായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്  വൃത്തികെട്ട കലഹങ്ങളുടെ വാര്‍ത്തകള്‍ കൊണ്ടും വിലക്കുകളുടെ കഥകള്‍ കൊണ്ടും ആണ്. പണ്ട് മലയാള സിനിമ അന്യ നാട്ടുകാരുടെ ഇടയില്‍
അറിയപെട്ടിരുന്നത് ഉത്തമമായ കലാ സൃഷ്ടികളുടെയും അതുല്യരായ കലാകാരന്മാരുടെയും പേരിലായിരുന്നു. സെറ്റില്‍ അഭിനയിക്കാന്‍ എത്തിയ ശേഷം കഥയില്‍ മാറ്റം വരുത്തപ്പെടുകയും ഒരു കഥാപാത്രം തന്നെ പുറത്താക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ മലയാള സിനിമയില്‍ എങ്ങനെ വന്നു എന്ന് 
ചിന്തിക്കുന്നത് ഈ അവസരത്തില്‍ നന്നായിരിക്കും. വ്യക്തമായ പ്ലാനിങ്ങോ പൂര്‍ത്തിയായ ഒരു തിരക്കഥ പോലുമോ ഇല്ലാതെ ആണ് പല സിനിമകളും ചിത്രീകരിക്കപെടുന്നത്. അപൂര്‍വ്വം സംവിധായകര്‍ മാത്രമേ വ്യക്തമായ ഒരു ധാരണ ഉണ്ടാക്കിയിട്ട് ഷൂട്ടിംഗ് നു പോകാറുള്ളൂ. മിക്കവര്‍ക്കും നിര്‍മാതാവിനെ കുഴിയില്‍ ചാടിചിട്ടായാലും തന്‍റെ കാര്യങ്ങള്‍ നടക്കണം എന്ന വാശി ആണ്. ഇപ്പോള്‍ ഇറങ്ങുന്ന പല ചിത്രങ്ങളും കണ്ടാല്‍ ഇതൊരു  കൊച്ചു കുട്ടിക്കും മനസ്സിലാവുന്ന ഒരു വസ്തുത ആണ് ഇത്. 

എന്തായാലും പാവം ശ്രീനാഥ്. ഒരു രക്ത സാക്ഷി. ആദരാഞ്ജലികള്‍ 

2010, ഏപ്രിൽ 23, വെള്ളിയാഴ്‌ച

ഒരു സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ജനിക്കുന്നു - ഭാഗം 13




കഴിഞ്ഞ ഭാഗം 


വന്ന പാടെ ബൈജു കഥകള്‍ എല്ലാം മഹേഷിനോട് പറഞ്ഞു. അവന്‍ ബൈജുവിനെ സമാധാനിപ്പിച്ചു. രണ്ടു പേരും കൂടി ബാറില്‍ പോയി ഓരോ നാരങ്ങ വെള്ളം അങ്ങട് പിടിപ്പിച്ചു. അതീവ സന്തോഷവാന്‍ ആയാണ് ബൈജു തിരിച്ചു റൂമിലെത്തിയത്. ചിന്നു പോയാല്‍ പോട്ടെ. വേറെ പെണ്ണ് വരും. ഇനി  താന്‍ ഈ പരിപടിക്കില്ല എന്ന് ബൈജു ഉറപ്പിച്ചു. ടി വിയില്‍ ഇമോഷണല്‍ അത്യാചാര്‍ കണ്ടപ്പോ ബൈജുവിന് അല്പം സന്തോഷം കൂടി. അപ്പൊ ഇത്രയൊക്കെയേ ഉള്ളു ഈ സ്നേഹം പ്രേമം എന്നൊക്കെ പറയുന്നത്. ശുദ്ധ തട്ടിപ്പ്.  സ്വപ്നത്തില്‍ ചിന്നു പല തവണ വന്നെങ്കിലും അത് പോലെ തന്നെ പോയി. 

അങ്ങനെ ഒരാഴ്ച കടന്നു പോയി. സാധാരണ പോലെ തന്നെ ഓഫീസില്‍ പോവാന്‍ ബൈജു ശ്രമിച്ചെങ്കിലും ഇടക്കിടക്ക് എന്തോ ഒരു വിഷമം ബൈജുവിന് അനുഭവപ്പെട്ടു. ആദ്യമൊക്കെ അവഗണിക്കാന്‍ ശ്രമിച്ചെങ്കിലും ബൈജുവിന് അതിന്‍റെ കാരണം താമസിയാതെ മനസ്സിലായി. ചിന്നു. ചിന്നു മനസ്സില്‍ നിന്ന് പോകുന്നില്ല. എല്ലാ ദിവസവും അവളെ കാണുമ്പോ മുഖം തിരിച്ചു നടക്കാന്‍ ബൈജു ശ്രമിക്കാറുണ്ട്. പക്ഷെ ഇനി വയ്യ. അവള്‍ വരുമ്പോഴെല്ലാം ബൈജു ആരും അറിയാതെ തല ചരിച്ചു അവളെ നോക്കാന്‍ തുടങ്ങി. കുറച്ചു ദിവസത്തിനുള്ളില്‍ തന്നെ ബൈജുവിന് മനസ്സിലായി അങ്ങനെ പെട്ടെന്ന് ഇറക്കി വിടാവുന്ന ഒരു സ്ഥലത്തല്ല ചിന്നുവിനെ താന്‍  ഇരുത്തിയിരിക്കുന്നതെന്ന്. ദൂരേക്ക്‌ പോയിട്ട് വീണ്ടും ഇരട്ടി ശക്തിയോടെ തിരിച്ചു വരുന്ന ഒരു തിരമാല പോലെ അവള്‍. ചുറ്റിനും നടക്കുന്ന കാര്യങ്ങളില്‍ ബൈജുവിന്‍റെ ശ്രദ്ധ കുറഞ്ഞു. ജീവിതം മുഴുവന്‍ ഒരാളിലേക്കു ചുരുങ്ങി പോകുന്നതായി ബൈജുവിന് തോന്നി. എപ്പോ വെറുതെ ഇരുന്നാലും അവളെ പറ്റിയുള്ള ഓര്‍മകളും അന്നത്തെ ആ ദിവസവും വീണ്ടും വീണ്ടും വന്നുകൊണ്ടിരിക്കുകയാണ്. ബൈജുവിന്‍റെ ഉറക്കം ശരിക്കും നഷ്ടപെട്ടു. എല്ലാവരും കിടന്നുറങ്ങുമ്പോള്‍ ബൈജു പായില്‍ എണീറ്റ്‌ വെറുതെ ഇരിക്കാന്‍ തുടങ്ങി. ഉറക്കമില്ലാത്ത രാത്രികള്‍ പതിവായി തുടങ്ങി. അവളെ പറ്റി ഓര്‍ക്കുമ്പോഴൊക്കെ സുഖമുള്ള ഒരു നീറ്റല്‍.. ഒരു വേദന. തനിക്കെന്തോ സംഭവിച്ചിരിക്കുന്നു. ബൈജുവിന് മനസ്സിലായി. വെറുതെ ഒരു തമാശ എന്ന് വച്ച് ചെയ്തത് ഇപ്പോള്‍ ശരിക്കും കാര്യം ആയിരിക്കുന്നു.  ഇതൊക്കെ എല്ലാവര്‍ക്കും ഉണ്ടാവുമോ എന്തോ. താന്‍ കണ്ടിട്ടുള്ള പല ലൈന്‍ അടിക്കാര്‍ക്കും ഇങ്ങനത്തെ വികാരം ഒന്നും കണ്ടിട്ടില്ല. എന്തോ കുഴപ്പം ഉണ്ട്.

     സമ്മര്‍ദ്ദം താങ്ങാന്‍ പറ്റാതെ ആയ ഒരു ദിവസം ബൈജു മഹേഷിനെ വിളിച്ചു. ഗൗരവമുള്ള ഒരു കാര്യം സംസാരിക്കാനുണ്ട് എന്ന് പറഞ്ഞു. വൈകിട്ട് അവര്‍ മഞ്ജുനാഥാ ബാറില്‍ ഒത്തു കൂടി. ആ അരണ്ട വെളിച്ചത്തില്‍ മഹേഷിന്‍റെ മുഖത്ത് നോക്കാതെ ബൈജു ഇപ്പൊ സംഭവിച്ചു കൊണ്ടിരിക്കുന്ന എല്ലാം  തുറന്നു പറഞ്ഞു. എല്ലാം കേട്ടിട്ട് മഹേഷ്‌ ആദ്യം ഒന്നും മിണ്ടിയില്ല. എന്നിട്ട് പതിയെ പറഞ്ഞു..' I think you are in love..' എന്ന്.  ആദ്യം ഒന്ന് അമ്പരന്നെങ്കിലും ബൈജു വീണ്ടും മഹേഷിനോട് ചോദിച്ചു. 'പക്ഷെ എനിക്ക് മാത്രമല്ലെ അവളോട്‌ സ്നേഹം ഉള്ളു. അവള്‍ എന്താ അത് മനസ്സിലാക്കാത്തത്‌ ? ഇനി ഇപ്പൊ ഞാന്‍ എന്താ ചെയ്യേണ്ടത് ? അത് വരെ നിര്‍വികാരനായി ഇരുന്ന ബൈജുവിന്‍റെ ശബ്ദം ഇടറി. കണ്ണില്‍ ഒരു തുള്ളി കണ്ണീര്‍ പൊടിഞ്ഞു.  'ഡാ.. നീ ഇങ്ങനെ ഇമോഷണല്‍ ആകാതെ. അവള്‍ നിന്നോട് ശരിക്കും എന്താ പറഞ്ഞത് ? നിന്നെ ഇഷ്ടമല്ല എന്ന് പറഞ്ഞോ ? ബൈജു ഒന്നുകൂടി ഓര്‍ത്തു നോക്കി. 'ഇല്ല. അങ്ങനെ പറഞ്ഞില്ല ' ബൈജു പറഞ്ഞു. 'പക്ഷെ അവള്‍ക്കു തന്നെ പറ്റിയുള്ള ധാരണ മാറിയിരിക്കുന്നു. എന്താ ചെയ്ക.. ' എന്ന് ബൈജു വീണ്ടും പറഞ്ഞു. 'ഡാ. ഇത് വെറും ഒരു തെറ്റി ധാരണ ആണ്. നീ അത് ക്ലിയര്‍ ചെയ്താല്‍ എല്ലാം ശരിയാവും.. കേട്ടിടത്തോളം അവള്‍ നല്ലൊരു കുട്ടിയാണ്. നീ ഒന്നുകൂടി അവളോട്‌ സംസാരിച്ചു നോക്ക്. അവള്‍ക്കു ഇഷ്ടപെട്ടാലും ഇല്ലെങ്കിലും നീ പറയാന്‍ ശ്രമിച്ചത് എന്താണെന്നു അവള്‍ക്കു മനസ്സിലാവണം. എന്നിട്ട് ബാക്കി നോക്കാം.' മഹേഷ്‌ വീണ്ടും പറഞ്ഞു. ശരിയാണ്. അത് ക്ലിയര്‍ ചെയ്യണം. ബൈജു ഉറപ്പിച്ചു. മഹേഷ്‌ അവള്‍ക്കു ഇഷ്ടപെട്ടാലും ഇല്ലെങ്കിലും എന്ന് പറഞ്ഞത് ബൈജുവിന്‍റെ മനസ്സില്‍ വീണ്ടും ഒരു ചാട്ടുളി തറപ്പിച്ചു. ഇഷ്ടപ്പെട്ടില്ലെങ്കിലും എന്ന വാക്ക്. അങ്ങനെ ആണെങ്കില്‍ അത് എങ്ങനെ നേരിടും ? ബൈജുവിന് ഒരു ഇതും പിടിയും കിട്ടിയില്ല.  'ഇനി അവള്‍ക്കു എന്നെ ഇഷ്ടപ്പെട്ടില്ലെങ്കിലോ ? ' മടിച്ചു മടിച്ചു ബൈജു ചോദിച്ചു. മഹേഷിനു ഒരു കുലുക്കവും ഇല്ല.  'അപ്പൊ പിന്നെ എല്ലാം തീര്‍ന്നില്ലേ. നിനക്ക് പിന്നെ സമാധാനമായി ഇരുന്നു കൂടെ .' എന്ന് മഹേഷ്‌ പറഞ്ഞു. 'നിനക്ക് അങ്ങനെ പറയാം. പക്ഷെ എന്നെ കൊണ്ട് അത് പറ്റുമോ എന്നറിയില്ല. വേണ്ടായിരുന്നു എല്ലാം ' എന്നൊക്കെ ബൈജു പറഞ്ഞു. 'ഡാ. വേണ്ടായിരുന്നു എല്ലാം എന്ന് നീ ഇപ്പൊ പറഞ്ഞില്ലേ. അവള്‍ നിനക്ക് ആ സ്നേഹം തിരിച്ചു തന്നാല്‍ നീ ഇതേ വാചകം മാറ്റി പറയും. അന്ന് നമുക്ക് വീണ്ടും ഇവിടെ തന്നെ വരേണ്ടി വരും.' മഹേഷ്‌ തുടര്‍ന്നു. വെറുതെ തമാശക്ക് പറഞ്ഞതാണെങ്കിലും അത് ബൈജുവിന് ഇഷ്ടപ്പെട്ടു. വെറുതെ ഒരു സന്തോഷം ഒക്കെ തോന്നി. കുപ്പി രണ്ടെണ്ണം അടിച്ചു തീര്‍ന്നു. ബാര്‍ അടക്കാറായി. ഇറങ്ങിയേക്കാം. മഹേഷ്‌ പറഞ്ഞു. 

    രണ്ടു പേരും പുറത്തിറങ്ങി. നല്ല നിലാവുണ്ട്. നിരത്തില്‍ അധികം ആള്‍ക്കാര്‍ ഒന്നുമില്ല. ബാന്ഗ്ലൂരില്‍ എല്ലായിടത്തും ഉള്ള പോലെ കുറച്ചു ചാവാലി പട്ടികള്‍ അലഞ്ഞു തിരിഞ്ഞു നടപ്പുണ്ട്. അത് പോലെ തന്നെ ടാഗ് തൂക്കി കുറച്ചു സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍മാരും. 'ബാന്ഗ്ലൂരില്‍ ഒരു കല്ലെടുത്ത് എറിഞ്ഞാല്‍ ഒന്നുകില്‍ ഒരു പട്ടി അല്ലെങ്കില്‍ ഒരു സോഫ്റ്റ്‌വെയര്‍ എന്ജിനീയര്‍ക്കു ആയിരിക്കും ഏറു കൊള്ളുക' മഹേഷ്‌ ഒരു തമാശ പറഞ്ഞു. പക്ഷെ അതൊന്നും ബൈജു കേട്ടില്ല. താനും ചിന്നുവും മാത്രമുള്ള ഒരു ലോകത്തായിരുന്നു ബൈജു. ചെറുതായി മഞ്ഞ് പൊഴിയുന്നുണ്ട്‌. റോഡിന്‍റെ മറു വശത്ത് ഫുട് പാത്തില്‍ കൂടി ഒരു പയ്യനും ഒരു പെണ്‍കുട്ടിയും തോളില്‍ കയ്യിട്ടു പോകുന്നുണ്ട്. ലോകത്തിലെ ഏറ്റവും സുഖമുള്ള കാഴ്ച പ്രേമിക്കുന്ന രണ്ടു പേര്‍ ഒന്നിച്ചിരിക്കുന്നതാണെന്ന് ആരോ പറഞ്ഞിട്ടുണ്ട്. വേര്‍ഡ്സ് വര്‍ത്ത് അല്ലെ അത് .. ആത്മ ഗതം കുറച്ചു ഉറക്കെ ആയി പോയി. 'എന്താടാ .. നീ ഫിറ്റ്‌ ആയോ ? ' മഹേഷ്‌ ചോദിച്ചു. അല്ലെടാ.. അല്ലാതെ തന്നെ നല്ല സുഖം.. ബൈജു പറഞ്ഞു.. 'അതേ ഞാന്‍ ഒരു കാര്യം ആദ്യമേ തന്നെ പറഞ്ഞേക്കാം. ചിലപ്പോ അവള്‍ നോ പറഞ്ഞെന്നിരിക്കും. നീ ഇപ്പോഴേ ഇങ്ങനെ വികാര ഭരിതനായാല്‍ പറ്റില്ല. വളരെ പ്രാക്ടിക്കല്‍ ആയി ഇതിനെ കാണണം. ' മഹേഷ്‌ വീണ്ടും പറഞ്ഞു കൊണ്ടേയിരുന്നു. എന്നാല്‍ ബൈജു അതൊന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല. നാളെ ചിന്നുവിനോട് പറയേണ്ട വാചകങ്ങള്‍ വീണ്ടും വീണ്ടും പറഞ്ഞു നോക്കുകയായിരുന്നു ബൈജു.. ഒരു തണുത്ത കാറ്റ് വീശി. അരികത്തു നില്‍ക്കുന്ന വാക മരത്തില്‍ നിന്ന് കുറച്ചു പൂക്കള്‍ പൊഴിഞ്ഞു വീണു. ഇന്ന് രാവ് പുലരാതിരുന്നെങ്കില്‍... 



( ഈ സീരീസ് അല്പം പൈങ്കിളി ആവുന്നുണ്ടോ എന്നൊരു ഡൌട്ട്. പാവം ബൈജു. അവന്‍ അനുഭവിക്കട്ടെന്നേ... തുടരും .)