രാഷ്ട്രീയം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
രാഷ്ട്രീയം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2015 മേയ് 10, ഞായറാഴ്‌ച

സൽമാനും സാൽവേയും കോടതിയും നീതിയും



 അങ്ങനെ കോടതി സൽമാൻ ഖാന് ജാമ്യം അനുവദിച്ചു. പത്രങ്ങളിലും ചാനലുകളിലും സോഷ്യൽ മീഡിയയിലുമൊക്കെ വിവാദംകൊഴുക്കുന്നു. ടൈംസ്‌ നൗ ചാനലിൽ അർണബ് ഗോസ്വാമി  കുറെ ആളെയും കൂട്ടി നല്ലത് പോലെ ബഹളം വയ്ക്കുന്നുണ്ട്‌. വിഷയങ്ങൾ പലതാണ്
  • സൽമാന് എന്തുകൊണ്ട് ഇത്രയും ചെറിയ ശിക്ഷ ?
  • സൽമാന് എന്തുകൊണ്ട് ഇത്രയും വലിയ  ശിക്ഷ ? എത്രയോ നല്ല കാര്യങ്ങൾ ചെയ്യുന്ന ഒരാളെ എങ്ങനെ ശിക്ഷിക്കാൻ കഴിയും ?
  • റോഡിൽ കിടന്നുറങ്ങിയവരെ എന്തുകൊണ്ട് ശിക്ഷിച്ചില്ല ?
  • ഹരീഷ് സാൽവെയെ പോലുള്ള വക്കീലന്മാരല്ലേ യഥാർത്ഥ ക്രിമിനലുകൾ ?
  • ബോളിവുഡിലുള്ള എല്ലാവരും എന്തുകൊണ്ട് അയാളെ പിന്താങ്ങുന്നു ?
  • വിചാരണയ്ക്ക് പതിമൂന്നു വർഷവും ജാമ്യത്തിന് വെറും ഇരുപത്തി നാല് മണിക്കൂറും - ഇതെന്തു നീതി ?

സംഗതി ഉഗ്രൻ ചോദ്യങ്ങളാണെങ്കിലും ഇതിന്റെയൊക്കെ ഉത്തരങ്ങൾ വളരെ ലളിതമാണ് . അതും ഒരു ചോദ്യോത്തരം ശൈലിയിൽ പറയാം

1. റോഡ്‌ ഉറങ്ങാനുള്ള സ്ഥലമാണോ ? -
    ശരിക്ക് പറഞ്ഞാൽ മരിച്ചവർ റോഡിലല്ല , ഫുട് പാത്തിലാണ് കിടന്നുറങ്ങിയിരുന്നത്.  പക്ഷെ റോഡും ഫുട്പാത്തുമൊന്നും മനുഷ്യന് കിടന്നുറങ്ങാനുള്ള സ്ഥലങ്ങളല്ല. എന്നിട്ടും എന്തുകൊണ്ട് ഇന്ത്യയിൽ  എല്ലാ രാത്രികളിലും തെരുവോരങ്ങളിൽ ലക്ഷങ്ങൾ പായ വിരിക്കുന്നു എന്നത് ഒറ്റ വാക്കിൽ മറുപടി തരാൻ പറ്റുന്ന കാര്യമല്ല. പരിഷ്കൃത രാജ്യങ്ങളിലുള്ള പോലെ തൊഴിലും വരുമാനവുമില്ലാത്ത പൗരന്മാരെ സംരക്ഷിക്കുന്നതിന് നമുക്കൊരു സിസ്റ്റം ഇല്ല. എന്തുകൊണ്ടില്ല ? നമ്മുടെ വമ്പൻ ജനസംഖ്യ തന്നെയാണ് കാരണം. അല്ലെങ്കിൽ ഇത്രയും വലിയ മനുഷ്യ വിഭവ ശേഷി കാര്യക്ഷമമായി ഉപയോഗിക്കാൻ നമുക്കുള്ള കഴിവുകേട് അല്ലെങ്കിൽ അറിവില്ലായ്മ. അഭിജീതും മേജർ രവിയുമൊക്കെ പറയുന്നത് പോലെ ഒറ്റദിവസം കൊണ്ട് പരിഹരിക്കാവുന്ന കാര്യമല്ല ഇത്.

 2. എന്തുകൊണ്ട് ഇത്രയും താമസം ? - കോടതിക്ക് ഈ ഒരു കേസ് മാത്രമല്ല നോക്കാനുള്ളത് എന്നാണ് ഇതിന്റെ മറുപടി. അമ്പതു ലക്ഷത്തോളം കേസുകളാണ് നമ്മുടെ കോടതികളിൽ കെട്ടികിടക്കുന്നത്. എന്തുകൊണ്ട് കോടതി നടപടികൾ ഇങ്ങനെ ഇഴഞ്ഞു നീങ്ങുന്നു എന്ന് പരിശോധിച്ചാൽ രണ്ടുണ്ട് കാരണം. ഒന്നാമത്തേത് വെറുതെ ഒരു കാര്യവുമില്ലാതെ ആൾക്കാർ കൊടുത്തിരിക്കുന്ന കേസുകൾ. അതായത് , താരതമ്യേന അപ്രധാനമായ വിഷയങ്ങൾ ഉയർത്തിയുള്ള പൊതു താല്പര്യ ഹർജികൾ , വ്യക്തി വൈരാഗ്യം  കൊണ്ട് മാത്രം നടത്തുന്ന കേസുകൾ തുടങ്ങി ആവശ്യത്തിൽ കൂടുതൽ അനാവശ്യമായ കാര്യങ്ങൾ ചർച്ച ചെയ്യുന്ന ഒരു സ്ഥലം കൂടിയാണ് നമ്മുടെ കോടതികൾ. ഇത്രയും വലിയ ലോഡ് കൈകാര്യം ചെയ്യാൻ ആനുപാതികമായ അളവിൽ കോടതികളും ജഡ്ജുകളും നമുക്കില്ല എന്നത് വേറൊരു കാര്യം. ഇനിഇതെല്ലാം ഉണ്ടെങ്കിൽ തന്നെയും ഒരു കേസ് വർഷങ്ങളോളം വലിച്ചു നീട്ടിക്കൊണ്ടു പോകാൻ കഴിവുള്ള ഒരു വക്കീലിന് കഴിയും. വെറുതെ അവധി ചോദിക്കുക, കേസ് വഴിതിരിച്ചു വിടുക, കിട്ടാൻ വിഷമമുള്ള ചില വിവരങ്ങൾ ചോദിക്കുക, അത് ഹാജരാക്കാനുള്ള സമയം ചോദിക്കുക തുടങ്ങി നിയമപരമായ ഒരുപാടു വഴികൾ നമ്മുടെ മുന്നിലുണ്ട്.
ഇപ്പൊ ഈ കാലതാമസം എങ്ങനെയുണ്ടായി എന്ന് മനസ്സിലായില്ലേ ?

3. ഇത്രയും ചെറിയ ശിക്ഷ ? - പണ്ട് ബ്രിട്ടീഷുകാർ ഉണ്ടാക്കിയ നിയമങ്ങളെ ഒരു ഇന്ത്യൻ പെയിന്റ് അടിച്ചു ഉണ്ടാക്കിയതാണ് നമ്മുടെ പീനൽ കോഡ്. കാലാകാലങ്ങളായി പരിഷ്കരിക്കാതിരുന്ന ഒരുപാടു നിയമങ്ങൾ ഇപ്പോഴും നിലവിലുള്ള ഒരു രാജ്യമാണ് ഭാരതം. ട്രാഫിക്‌ നിയമങ്ങൾ വായിച്ചു നോക്കൂ. പല കുറ്റങ്ങൾക്കും ഇപ്പോഴും ചെറിയ ഫൈൻ അടച്ചു നമുക്ക് ശിക്ഷയിൽ നിന്നൊഴിവാകാം. ഫുട്ട്പാത്തിൽ കൂടി വണ്ടിയോടിക്കുന്നതിനു വെറും നൂറു രൂപയാണ് ഫൈൻ. "First Offence: Fine up to Rs. 2000 or Imprisonment up to 6 months or both. Subsequent Offence: Fine up to Rs. 3000 or Imprisonment up to 2 yrs or both" - ഇതാണ് മദ്യപിച്ചു വണ്ടിയോടിക്കുന്നതിനു ഇപ്പോൾ നിലവിലുള്ള ശിക്ഷ. 1989 -ൽ ആണ് ഇത് അവസാനമായി പരിഷ്കരിച്ചത്. അപ്പോൾ ഈ ശിക്ഷയിൽ അത്ഭുതപ്പെടാനൊന്നുമില്ല. എത്ര ക്രൂരകൃത്യം ചെയ്താലും നമ്മുടെ നിയമം പലപ്പോഴും വിചിത്രമാം വിധം തലോടുകയാണ് ചെയ്യുക. ദൽഹിയിലെ ക്രൂരമായ ബലാൽസംഗത്തിലും ഗൊവിന്ദചാമിക്ക് കൊടുത്ത ശിക്ഷയിലുമൊക്കെ ഇത് നമ്മൾ കണ്ടു. അത് കോടതി നടത്തിയ പക്ഷപാതമൊന്നുമല്ല. ജഗതി പറയുന്നത് പോലെ നമുക്ക് അതിനുള്ള വകുപ്പില്ല.

4.  Being Human Or Inhuman ?

അബദ്ധങ്ങൾ ആർക്കും പറ്റാം, അതിനു ഇത്രയും വലിയ ശിക്ഷയോ എന്ന് സൽമാൻ ഫാൻസ്‌ അലമുറയിടുന്നത് നമ്മൾ കണ്ടു. കണ്ണ് കാണാൻ കഴിയാത്ത ഒരാൾ ഒരു വാഹനം ഓടിച്ചാൽ എന്ത് സംഭവിക്കും ? അത് എവിടെയെങ്കിലും പോയിടിക്കും. അതുപോലെ തന്നെയാണ് മദ്യപിച്ചു വണ്ടിയോടിക്കുമ്പോഴും. രാവിലെ രണ്ടേ മുക്കാൽ വരെ ജൂഹുവിലുള്ള മാരിയറ്റ് ഹൊട്ടലിലിരുന്നു മദ്യപിക്കുകയായിരുന്ന സൽമാൻ ഖാൻ ഒപ്പമുള്ളവരുടെ മുന്നറിയിപ്പ് എല്ലാം അവഗണിച്ച് വണ്ടിയോടിച്ച സൽമാൻ ഖാൻ നടത്തിയ കൊലപാതകമാണ് ഇത്. വെറുമൊരു അപകടം എന്ന് പറഞ്ഞു ഇതിനെ കാണാൻ ബോളിവുഡിലുള്ള , സാമൂഹ്യ ബോധം തൊട്ടു തീണ്ടിയിട്ടില്ലാത്ത കുറെ ജീവികൾക്ക് മാത്രമേ കഴിയൂ. അതിനു കാരണമുണ്ട്. ബോളിവുഡിലെ ഏറ്റവും ശക്തനായ ഒരാളാണ് സൽമാൻ. അയാളെ പിണക്കിയിട്ടു അവിടെ നിലനിൽക്കാൻ കഴിയില്ല എന്നതിന് വിവേക് ഒബറോയിയെ പോലെ ജീവിക്കുന്ന ഉദാഹരണങ്ങൾ ഒരുപാടുണ്ട്. അതൊക്കെ പോട്ടെ, സാമാന്യ ബുദ്ധി എന്നൊന്നുണ്ടല്ലോ. അത് വച്ച് ഒന്ന് ചിന്തിച്ചു നോക്കൂ. 2002 ലാണ് ഖാൻ ഐശ്വര്യാ റായിയുമായി പിരിയുന്നത്. അതേ വർഷം തന്നെയാണ് ഈ അപകട / കൊലപാതകവും നടക്കുന്നത്. ആരാധകർ എന്ന് പറയുന്ന ഈ വിഡ്ഢികൾ അവകാശപ്പെടുന്നത് പോലെ അതിനു ശേഷം കുറ്റബോധത്തിൽ നീറി നീറി നടക്കുകയായിരുന്നില്ല സൽമാൻ ഖാൻ. ഐശ്വര്യയെ തന്നെ കുറെ ഭീഷണിപ്പെടുത്തി. ഐശ്വര്യയുടെ പൂർവ കാമുകനായ വിവേക് ഒബറോയിക്ക് പണി കൊടുത്തു. കത്രീന കൈഫ്‌, സംഗീത ബിജലാനി, സോമി അലി തുടങ്ങിയ ബോളിവുഡ് സുന്ദരിമാരുമായി  അടിച്ചുപൊളിക്കുകയായിരുന്നു ഖാൻ.  അതിനിടെ , 2006 ലാണ് രാജസ്ഥാനിൽ ഷൂട്ടിങ്ങിനിടെ നായാട്ടിനിറങ്ങിയഈ ചേട്ടൻ വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ചിങ്കാരയെ കൊന്നതിനു പിടിയിലായത് . ജാമ്യത്തിലിറങ്ങിയെങ്കിലും ആ കേസും ഇപ്പോൾ നിലവിലുണ്ട്.  

    ഈ കൊട്ടിഘോഷിക്കപ്പെടുന്ന ചാരിറ്റി പ്രവർത്തനങ്ങൾ എങ്ങനെയാണ് തുടങ്ങിയതെന്ന് നിരീക്ഷിക്കൂ. കൌതുകകരമാണ് അത്. 2011 ലാണ് ഇതിന്റെ തുടക്കം. സൽമാന്റെ അച്ഛനായ സലിം ഖാന്റെ ആശയമാണ് ഇത്. വളരെയധികം നശിപ്പിക്കപ്പെട്ട തന്റെ മകന്റെ പ്രതിശ്ചായ നന്നാക്കിയെടുക്കുക, അത് ഈ കേസിന്റെ വിജയത്തിനായി ഉപയോഗിക്കുക എന്ന വളരെ ലളിതമായ ഒരു ലക്ഷ്യമാണ്‌ ഇതിന്റെ പുറകിലുള്ളത്‌. ലോകത്തെ മികച്ച കോർപറേറ്റുകൾ എല്ലാം ചെയ്യുന്ന ഒരു തക്കിടി വിദ്യ. നികുതി ലാഭിക്കുക, സമൂഹത്തിൽ കുറച്ചു കൂടി സ്വീകാര്യത കിട്ടുക എന്ന ലക്ഷ്യങ്ങൾ നേടാൻ വേണ്ടി നല്ല പി ആർ കമ്പനികൾ എല്ലാവരും ഇത് ചെയ്യാറുണ്ട്. ഒരു പ്രദേശത്തെ ദാഹജലം മുഴുവൻ ഊറ്റിയെടുക്കുന്ന മിനറൽ വാട്ടർ ഫാക്ടറി നടത്തുന്ന പെപ്സിക്കോ ഹോൾഡിംഗ്സ് അവരുടെ വെള്ള കുപ്പികളിൽ മഴവെള്ള സംഭരണത്തെ പറ്റിയുള്ള ബോധവൽക്കരണ സന്ദേശങ്ങൾ അച്ചടിക്കുന്നത് പോലെ.  ഒരു ചിത്രത്തിന് തന്നെ മുപ്പതു കോടിയോളം രൂപയും ലാഭ ശതമാനവും പ്രതിഫലമായി ലഭിക്കുന്ന സൽമാനെ പോലെയുള്ള ഒരു കൂറ്റൻ താരം എത്ര രൂപയാണ് ഇതിൽ ചെലവാക്കിയിരിക്കുന്നതെന്ന് നിങ്ങളുടെ മഞ്ഞ കണ്ണട ഊരി വച്ചിട്ട് നോക്കിയാൽ മനസ്സിലാകും ഇതിലെ പൊള്ളത്തരം. ഇന്ത്യയിൽ ഇപ്പോഴും ഇത്തരം വിദ്യകൾ വിജയകരമായ ഒരു തന്ത്രമാണെന്ന് അറിയാവുന്ന സലിം ഖാൻ നടപ്പിലാക്കിയ ഈ പ്ലാൻ ഒരു പരിധി വരെ വിജയം തന്നെയാണ് എന്നാണു ഇതിനെ മുൻനിർത്തി ഈ താരത്തിന്റെ ഫാൻസ്‌ എന്ന് വിളിക്കുന്ന വിഡ്ഢികൾ തെളിയിച്ചു കൊണ്ടിരിക്കുന്നത്.

     ഇനി ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നതാണ് ഒരാളെ വെള്ള പൂശുന്നതിലുള്ള യോഗ്യതയെങ്കിൽ ബോംബെ അധോലോകം ഭരിച്ചിരുന്ന വരദ രാജ മുദലിയാർ തൊട്ട് അരുണ്‍ ഗാവലി വരെ അതിനു അർഹരാണ്.  കുറെ തട്ട് പൊളിപ്പൻ കച്ചവട സിനിമകളിൽ അഭിനയിച്ചു ഹീറോ ആയി എന്നതോ , ഇത് പോലെ കുറെ സഹായ പ്രവർത്തനങ്ങൾ നടത്തി അത് വിളിച്ചു കൂവി അടുത്ത മഹാത്മജി ആകാൻ നോക്കുന്നതോ ഒന്നും ചെയ്ത കുറ്റത്തിന്റെ കാഠിന്യം കുറയ്ക്കുന്നില്ല. ആ അപകടത്തിൽ പരിക്ക് പറ്റിയവർ ഇപ്പോഴും പറയത്തക്ക ഒരു സഹായവും ലഭിക്കാതെ അലഞ്ഞു തിരിഞ്ഞു നടപ്പുണ്ട്. 


ഹരീഷ് സാൽവെയും പണക്കാരന്റെ നീതിയും -


     സൽമാനെ പോലെയുള്ള ഒരു ക്രിമിനലിനെ രക്ഷപ്പെടുത്തിയ വക്കീലാണ് യഥാർത്ഥ വില്ലൻ , ഇവനെയൊക്കെ വെടി വച്ച് കൊല്ലണം എന്നൊക്കെ നമ്മുടെ സോഷ്യൽ മീഡിയ വിദ്വാന്മാർ നിലവിളിച്ചു നടക്കുന്നത് കണ്ടു. ഒരു തവണ കോടതിയിൽ പ്രത്യക്ഷപ്പെടുന്നതിനു മുപ്പതു ലക്ഷം രൂപ വാങ്ങുന്ന ഒരു ക്രിമിനൽ വക്കീലാണ് ഹരീഷ്. അയാൾ ഒരു പ്രൊഫെഷണലാണ്. തനിക്കു പണം തന്നുകേസ് ഏൽപ്പിക്കുന്ന ഒരു കക്ഷിയെ അയാളുടെ ആവശ്യങ്ങൾ സാധിച്ചു കൊടുക്കുക എന്നതാണ് ഒരു വക്കീൽ എന്ന നിലയിൽ അയാളുടെ  ജോലി. അത് ഭംഗിയായി, വിജയകരമായി അയാൾ ചെയ്യുന്നു. 
ഇതിൽ ഹരീഷ് സാൽവെ അല്ല വില്ലൻ. നിർഭാഗ്യകരമെങ്കിലും നമ്മുടെ നിയമമാണ് ഇതിൽ കുറ്റവാളി. സൽമാൻ ഖാൻ ചെയ്ത പോലുള്ള അതേ കുറ്റകൃത്യം ചെയ്ത ഒരു സാധാരണക്കാരനെയും ഇതേ രീതിയിൽ രക്ഷപ്പെടുത്താൻ കഴിയും. മേൽപറഞ്ഞതു പോലെ നിലവിലുള്ള നിയമത്തിലെ ലൂപ് ഹോളുകൾ എങ്ങനെ നമുക്ക് അനുകൂലമായി ഉപയോഗിക്കാം എന്ന് അറിവുള്ള ഒരു വക്കീൽ വേണമെന്ന് മാത്രം. അല്ലാതെ ഇതിൽ പണം കൂടുതലുള്ളത് കൊണ്ട് മാത്രം ഈ പ്രതിയെ വേറെ രീതിയിൽ പരിഗണിക്കുന്നു എന്നൊരു കോടതിയും പറഞ്ഞിട്ടില്ല. പനമുണ്ടായാലും ഇല്ലെങ്കിലും ഒരു കുറ്റകൃത്യം ചെയ്ത പ്രതി നിയമത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടുന്നതും അതേ നിയമത്തിലെ നൂലാമാലകൾ ഉപയോഗിച്ചാണ് എന്നത് ഒരു വിരോധാഭാസമാണ്. 

ചുരുക്കി പറഞ്ഞാൽ -

   അതിശയകരമായ ഒരു സംഗതിയും ഇവിടെ സംഭവിച്ചിട്ടില്ല. ഇപ്പോഴും വളർന്നു കൊണ്ടിരിക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ. ലോകത്തിലെ ഏറ്റവും മഹത്തായ രാജ്യമാണ് എന്നൊക്കെ സ്വയം പൊങ്ങച്ചം പറഞ്ഞു നടക്കുമെങ്കിലും പല കാര്യങ്ങളിലും ഇപ്പോഴും നൂറ്റാണ്ടുകൾ പുറകിൽ തന്നെ നിൽക്കുന്ന ഒരു രാജ്യമാണ് ഭാരതം. ജുഡീഷ്യറിയുടെ പ്രശ്നമല്ല ഇത്. നിയമ നിർമാണം വേണ്ട രീതിയിൽ നടത്തേണ്ട സഭകളുടെ പ്രശ്നമാണ് ഇത്. പക്ഷെ അവിടെ ഇരിക്കുന്നത് നമ്മൾ തന്നെ തെരഞ്ഞെടുത്ത നമ്മുടെ പ്രതിനിധികൾ തന്നെയല്ലേ ? എങ്കിലും,  ഇതൊക്കെ മാറും. നമ്മളും നന്നാവും. അതിനു ഭാരതത്തിലെ ഭൂരിഭാഗം ജനങ്ങളും വിദ്യാഭ്യാസവും വിവരവും ഉള്ളവരായി മാറണം. പക്ഷെ സമയമെടുക്കും. അത് വരെ കാത്തിരിക്കുക തന്നെയേ നിവൃത്തിയുള്ളൂ. ക്രൂരമെങ്കിലും ഇതാണ് വസ്തുത.








2013 സെപ്റ്റംബർ 29, ഞായറാഴ്‌ച

വീണ്ടും ഡാറ്റ സെന്റർ ...

സർക്കാരിന്റെ ഡാറ്റ സെൻറർ റിലയൻസിനെ ഏൽപ്പിക്കാനുള്ള തീരുമാനം വന്നപ്പോൾ അതിനെ വിമർശിച്ചു ഞാൻ പണ്ട് ഒരു പോസ്റ്റ്‌ ഇട്ടിരുന്നു . കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഡാറ്റ സെൻറർ  കൈമാറ്റത്തെ പറ്റി സി ബി ഐ അന്വേഷണം പ്രഖാപിച്ചപ്പോൾ ആയിരുന്നു അത്  . ഒന്നര വർഷം കഴിഞ്ഞു. ദൌർഭാഗ്യകരം എന്ന് പറയട്ടെ. ഇപ്പോഴും ആ ഡാറ്റ സെൻറർ റിലയൻസിനു കൈമാറിയതിൽ ഉൾപ്പെട്ട കോടികളെ പറ്റി മാത്രമാണ് ചർച്ച. തീവ്രവാദവും കള്ളക്കടത്തും അഴിമതികളും ഒക്കെ കൊടി കുത്തി വാഴുന്ന ഇക്കാലത്തും വിവര സുരക്ഷയെ പറ്റി ആരും എന്തുകൊണ്ട് ചിന്തിക്കുന്നില്ല എന്ന് മനസ്സിലാവുന്നില്ല .. ഒരു പുനർ വായനക്കായി ആ പോസ്റ്റ്‌ ഇതാ വീണ്ടും



ഡേറ്റാ സെന്റര്‍ ആര് നടത്തിയാലും നമുക്കെന്ത് ?



 കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാരിന്റെ ഡേറ്റാ സെന്റര്‍ നടത്തിപ്പ് റിലയന്‍സിനു കൈമാറിയതിനെ പറ്റി സി ബി ഐ അന്വേഷിക്കും എന്ന് ഇന്ന് വാര്‍ത്ത വന്നല്ലോ. അച്യുതാനന്ദന്‍ പതിവ് പോലെ ഇതിനെ സ്വാഗതം ചെയ്യുകയും തന്റെ ഭരണത്തിനും മുമ്പ് കോണ്‍ഗ്രസ്‌ ഒരിക്കല്‍ ഇത് ടാറ്റയെ ഏല്‍പ്പിച്ചതും അന്വേഷിക്കണം എന്നൊക്കെ പറഞ്ഞു ഇതിനെ സ്വാഗതം ചെയ്തിട്ടുണ്ട്. ചുരുക്കി പറഞ്ഞാല്‍ ഇത് വെറുമൊരു രാഷ്ട്രീയ പ്രശ്നമായി മാറിയിരിക്കുന്നു. എന്താണ് ഈ സംഭവത്തിന്റെ ഗൌരവം എന്ന് മനസ്സിലാക്കാതെ പല സഖാക്കളും അഭിപ്രായങ്ങള്‍ തട്ടി മൂളിച്ചു കൊണ്ടിരിക്കുമ്പോള്‍ ഡേറ്റാ സെന്റര്‍ എന്ന് വച്ചാല്‍ സത്യത്തില്‍ എന്താണെന്ന്  മനസ്സിലാക്കുന്നത് നന്നായിരിക്കും.

എന്താണ് ഡേറ്റാ സെന്റര്‍ ? 

ഡേറ്റാ സെന്റര്‍ എന്ന് പറയുന്നത് ഒരു സോഫ്റ്റ്‌വെയര്‍ സിസ്ടെത്തിന്റെ ഹൃദയമാണ്. അതായതു നിങ്ങള്‍ ഒരു ഓഫീസ് സങ്കല്‍പ്പിക്കുക. അവിടെ നടക്കുന്ന വ്യവഹാരങ്ങളുടെ രേഖകള്‍ ആണ് അവിടത്തെ ഫയലുകളില്‍ ഉള്ളത്. എന്ത് സംഭവത്തിന്റെ ചരിത്രം  നോക്കണമെങ്കിലും  ഈ രേഖകള്‍ ആണ് ആധാരം. അപ്പോള്‍ അതീവ ശ്രദ്ധയോടെ സൂക്ഷിച്ചു വയ്ക്കേണ്ട വിലപ്പെട്ട ഒരു വസ്തുവാണ് ഇത്. അത് പോലെ തന്നെയാണ് ഇവിടെയും. നിങ്ങള്‍ക്കറിയാം ഇപ്പോള്‍ പല സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റുകളും  കമ്പ്യൂട്ടര്‍ വല്‍ക്കരിക്കുകയാണല്ലോ. അതായത് കേരളത്തിലെ ഇതു ജില്ലയിലെ, ഏതു താലൂക്കിലെയും പഞ്ചായത്തിലെയും വാര്‍ഡിലെയും വിവരങ്ങള്‍ ഒരു വിരല്‍ തുമ്പില്‍ എത്തിക്കുക എന്നതാണ് ഇതിന്റെയൊക്കെ ഉദ്ദേശം. എന്നാല്‍ ഇങ്ങനെ പലരും അയക്കുന്ന വിവരങ്ങള്‍ ഒടുവില്‍ എവിടെയാണ് പോയി ഇരിക്കുന്നതെന്നറിയാമോ ? ഇതെല്ലാം ശേഖരിക്കപ്പെടുന്നത്‌ ഒരു സെന്‍ട്രല്‍ സെര്‍വര്‍ എന്ന് വിളിക്കപ്പെടുന്ന ശക്തിയും മെമ്മറിയും കൂടിയ ഒരു കമ്പ്യൂട്ടറില്‍ ആണ്. അതായതു കേരളത്തിലെ മുഴുവന്‍ വിവരങ്ങളും ശേഖരിച്ചിരിക്കുന്ന ഒരേ ഒരു സ്ഥലം. ബാക്കിയുള്ള എല്ലാ കമ്പ്യൂട്ടറുകളും ഇതില്‍ നിന്നാണ് വിവരം എടുക്കുന്നതും ശേഖരിച്ചു വയ്ക്കുന്നതും. ഇത്തരത്തിലുള്ള ഒന്നില്‍ കൂടുതല്‍ ഡേറ്റാ സെര്‍വറുകള്‍ വച്ചിരിക്കുന്ന ഒരു കേന്ദ്രത്തെ ആണ് ഡേറ്റാ സെന്റര്‍ എന്ന് വിളിക്കുന്നത്‌ എന്ന് ലളിതമായി പറയാം. ഒറാക്കിള്‍, മൈക്രോസോഫ്ട്‌ എസ് ക്യൂ എല്‍ സെര്‍വര്‍, മൈ എസ് ക്യു എല്‍ മുതലായ ഏതെങ്കിലും സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാവും സാധാരണ ഈ ഡേറ്റാ മാനേജ് ചെയ്യുന്നത്. ഏതു കമ്പനി ആയാലും അവരുടെ ഡേറ്റാ സെന്ററുകള്‍ വളരെ സുരക്ഷിതമായി ആണ് സൂക്ഷിക്കുന്നത്. ഇരുപത്തി നാല് മണിക്കൂറും കാവലുള്ള, അത്യന്താധുനിക നിരീക്ഷണ സംവിധാനങ്ങള്‍ ഉള്ള കെട്ടിടങ്ങളില്‍ ആണ് ഇവ പ്രവര്‍ത്തിക്കുന്നത്. വെള്ളപ്പൊക്കം, തീ പിടിത്തം മുതലായവ നേരിടാനുള്ള സംവിധാനങ്ങള്‍, ഇരുപത്തി നാല് മണിക്കൂറും തടസ്സമില്ലാത്ത വൈദ്യുത സംവിധാനം , രണ്ടില്‍ കൂടുതല്‍ തട്ടുകള്‍ ഉള്ള access management തുടങ്ങി പൊന്നു പോലെ സൂക്ഷിക്കപ്പെടുന്ന സംവിധാനമാണ് ഡേറ്റാ സെന്റര്‍. മിക്ക അന്താരാഷ്‌ട്ര കമ്പനികളും അവരുടെ ഡേറ്റാ സെന്റര്‍ സ്ഥാപിച്ചിരിക്കുന്നത് ഹൂസ്ടന്‍ , ഫ്ലോറിഡ മുതലായ അമേരിക്കന്‍ നഗരങ്ങളില്‍ ആണ്. ഞാന്‍ ജോലി ചെയ്തിരുന്ന ഒരു കമ്പനി ഒരിക്കല്‍ ഇന്ത്യയിലെ അവരുടെ ആദ്യ ഡേറ്റാ സെന്റര്‍ തുടങ്ങാന്‍ തീരുമാനിച്ചു. ഒരു വര്‍ഷത്തോളം നീണ്ട തയ്യാറെടുപ്പുകള്‍ക്ക് ശേഷം അവര്‍ അതില്‍ നിന്ന് പിന്മാറി. ഡേറ്റാബേസ് മാനേജ്‌മന്റ്‌ ടീമില്‍ ഉണ്ടായിരുന്നത് കൊണ്ട് ഞാന്‍ അവിടെ പരിചയമുള്ള ഒരാളോട് അതിന്റെ കാരണം അന്വേഷിച്ചു. അദ്ദേഹം ഒരു അമേരിക്കന്‍ ആയിരുന്നു. പുള്ളി പറഞ്ഞത് പല കാരണങ്ങള്‍ കൊണ്ടാണ് ഇന്ത്യയില്‍ ഇത് വേണ്ട എന്ന് തീരുമാനിച്ചതത്രെ. അതായതു ഇന്ത്യയിലെ സ്ഥിരതയില്ലാത്ത വൈദ്യുത സംവിധാനങ്ങള്‍, കലാപങ്ങളും പൊടുന്നനെയുള്ള ബന്ദുകളും രാഷ്ട്രീയ കലാപങ്ങളും മറ്റും കൊണ്ട് അരക്ഷിതമായ അന്തരീക്ഷം , നൂറു ശതമാനം കൃത്യത പ്രതീക്ഷിക്കാന്‍  പറ്റാത്ത ഇന്റര്‍നെറ്റ്‌, എന്നിങ്ങനെ ഒട്ടനവധി കാരണങ്ങള്‍ അദ്ദേഹം നിരത്തി. ഞാന്‍ കുറെയൊക്കെ തര്‍ക്കിച്ചു നില്‍ക്കാന്‍ നോക്കിയെങ്കിലും ഒടുവില്‍ അടിയറവു പറയേണ്ടി വന്നു. പുള്ളി പറഞ്ഞത് ഇതാണ്. മകനെ. നമ്മള്‍ ഒട്ടനവധി കമ്പനികളുടെ ഡേറ്റാ  ആണ് സൂക്ഷിക്കുന്നത്. അതായത് അവരുടെ ബിസിനെസ്സ് മുഴുവനായി തന്നെ എന്ന് വേണമെങ്കില്‍ പറയാം. അപ്പോള്‍ അതിന്റെ സുരക്ഷിതത്വം ഉറപ്പു വരുത്തേണ്ടത് നമ്മുടെ കടമയാണ്. നിങ്ങള്‍ക്ക് ഉറപ്പുണ്ടോ അത് അവിടെ സാധ്യമാണെന്ന് ? എന്നിങ്ങനെ ആയിരുന്നു അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍.

എന്തുകൊണ്ട് ഇത്രയും പ്രാധാന്യം ?  

     നിങ്ങള്‍ക്ക് ഒരു ബാങ്കില്‍ അക്കൗണ്ട്‌ ഉണ്ടെന്നു വയ്ക്കുക . നിങ്ങളുടെ ബാങ്ക് ബാലന്‍സ് , മറ്റു പണമിടപാടുകള്‍ മുതലായവ ബാങ്കിന്റെ സെര്‍വറില്‍ ആണ് സൂക്ഷിക്കപ്പെടുന്നത്. ഈ സെര്‍വര്‍ ഉപയോഗിക്കാന്‍ ആ സെര്‍വര്‍ മാനേജ് ചെയ്യുന്നവര്‍ക്കോ അതിലേക്കു ലോഗിന്‍ ചെയ്യാന്‍ അധികാരമുള്ളവര്‍ക്കോ സാധിക്കും. അതായത് നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ നിങ്ങള്‍ ഒരാള്‍ മാത്രമല്ല കാണുന്നതെന്ന് ചുരുക്കം. സര്‍ക്കാരിന്റെ ഒരു ഡേറ്റാ സെന്ററില്‍ സ്വാഭാവികമായും സൂക്ഷിക്കാനിടയുള്ള വിവരങ്ങള്‍ എന്തൊക്കെയാവാം എന്ന് നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ. ജാതി / മതം തിരിച്ചുള്ള ജനസംഖ്യ വിവരങ്ങള്‍, സാമ്പത്തിക അടിസ്ഥാനത്തിലുള്ള പട്ടികകള്‍ , നികുതി അടയ്ക്കുന്നവരുടെ വിവരങ്ങള്‍, സ്വത്തു വിവരങ്ങള്‍, എന്നിങ്ങനെ വളരെയധികം സെന്‍സിറ്റീവ് ആയ, തൊട്ടാല്‍ പൊട്ടുന്ന വിവരങ്ങള്‍ ആണ് ഇവിടെ വന്നു ചേരുന്നത്. അതിന്റെ സൂക്ഷിപ്പധികാരം ഒരു സ്വകാര്യ കമ്പനിയെ ഏല്‍പ്പിച്ചാല്‍ എന്ത് സംഭവിക്കാം എന്ന് ഇന്ത്യയില്‍ ഇത് വരെ സംഭവിച്ചിട്ടുള്ള ചരിത്രം അറിയാവുന്ന ഏതൊരാള്‍ക്കും മനസ്സിലാവും. സര്‍ക്കാരിന്റെ രഹസ്യ വിവരങ്ങള്‍ വരെ ചോരുന്ന നമ്മുടെ ഭാരതത്തില്‍ ഇത്തരം സ്ഥിതി വിവര കണക്കുകള്‍ അപകടകരമായ കൈകളില്‍ എത്തിച്ചേര്‍ന്നാല്‍ എന്ത് സംഭവിക്കാം ? ദുഖകരമായ ഒരു സംഗതി എന്താണെന്ന് വച്ചാല്‍ വിവര സുരക്ഷയെ പറ്റിയല്ല ഇപ്പോഴത്തെ ചര്‍ച്ച എന്നതാണ്. ടി സി എസ്സിനും എച് സി എല്ലിനും റിലയന്‍സിനും തമ്മില്‍ നടന്ന ടെണ്ടര്‍ ലേലത്തിനെ പറ്റിയാണ് ഇപ്പോഴത്തെ ചര്‍ച്ച. കേന്ദ്ര സര്‍ക്കാരിന്റെ ആധാര്‍ പദ്ധതി ജനങ്ങളുടെ വിവര ശേഖരണം നടത്തി അതുപയോഗിച്ചു അവരെ ചാപ്പ കുത്താന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് അക്രോശിച്ച വി എസ് അച്യുതാനന്ദനോ അതിവേഗം ബഹുദൂരം യാത്ര ചെയ്യുന്ന ഉമ്മന്‍ ചാണ്ടിയോ ഇവിടത്തെ പ്രകടമായ സുരക്ഷ പാളിച്ചയെ പറ്റി മിണ്ടുന്നില്ല. 

നമ്മുടെ സ്ഥാപനങ്ങള്‍ എന്ത് ചെയ്യുന്നു ? 

പാവം പൌരന്റെ നികുതി പണം ഉപയോഗിച്ച് സര്‍ക്കാര്‍ സ്ഥാപിച്ച ഒരുപാട് സാങ്കേതിക സ്ഥാപനങ്ങള്‍ ഇവിടെയുണ്ട്. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍ , സി ഡാക് തുടങ്ങി അനവധി സ്ഥാപനങ്ങള്‍. ഒരു ഡേറ്റാ സെന്റര്‍ മര്യാദയ്ക്ക് നടത്താനുള്ള അറിവ് ഇവന്മാര്‍ക്കൊന്നുമില്ലെങ്കില്‍ പിന്നെ എന്ത് കോക്കനട്ട് ആണ് ഇവരൊക്കെ ചെയ്തുകൊണ്ടിരിക്കുന്നത് ? എന്തുകൊണ്ട് നമുക്ക് എല്ലാത്തിനും സ്വകാര്യ കമ്പനികളെ ആശ്രയിക്കേണ്ടി വരുന്നു ? എവിടെയാണ് ലൂപ് ഹോള്‍ ? എന്നിങ്ങനെ ചില സംശയങ്ങള്‍ എനിക്കുണ്ട്. എവിടെ നിന്നെങ്കിലും ഉത്തരം കിട്ടുമോ ആവോ


വാല്‍ക്കഷണം .. സുരക്ഷയെക്കുറിച്ച്  -

അല്ലെങ്കിലും വിവര സുരക്ഷ എന്നത് ഇന്ത്യയില്‍ ഒരു വന്‍ തമാശ മാത്രമാണ്. ഇന്ത്യയ്ക്ക് പുറത്തുള്ള ഒട്ടനവധി രാജ്യങ്ങളുടെ ഡേറ്റ പ്രോസസ്സിംഗ് നടക്കുന്ന ഒരു സ്ഥലമാണ് ബാന്‍ഗ്ലൂര്‍. വൈറ്റ് ഹൌസിലെ ചില ഓഫീസുകളുടെ ബാക്ക് ഓഫീസ് ജോലികള്‍ ചെയ്യുന്നത് ഇവിടെയാണ്‌. കൂടാതെ സിറ്റി ബാങ്ക്, ഡോയിഷ് ബാങ്ക് , തുടങ്ങി ലോകത്തെ ഒന്നാം നിര ബാങ്കുകളുടെ ജോലികളും ഇവിടെ നടക്കുന്നു. ഇവരുടെയൊക്കെ ഇവിടത്തെ ഓഫീസുകളിലെ സുരക്ഷാ സംവിധാനങ്ങള്‍ ഒക്കെ നിങ്ങള്‍ ഒരിക്കല്‍ കണ്ടു നോക്കണം. ഭൂമിയുടെ മറുവശത്തിരുന്ന് ഇവിടത്തെ സംവിധാനങ്ങള്‍ നിയന്ത്രിക്കാനുള്ള സാങ്കേതിക വിദ്യ ഇപ്പോള്‍ ലഭ്യമാണ്. ഇവിടെയുള്ള ഓഫ്‌ ഷോര്‍ കേന്ദ്രങ്ങളില്‍ ഇരുപത്തി നാല് മണിക്കൂറും കാവലും , സി സി ടി വി സംവിധാനവും എല്ലാം ഉണ്ട്. കഴിഞ്ഞ പത്തു വര്‍ഷത്തെ വരെ background checking കഴിഞ്ഞിട്ടാണ് ഓരോ ജീവനക്കാരനും പ്രോജക്ടില്‍ പ്രവേശിക്കുന്നത്. ഓഫീസില്‍ ഒരു വാതിലില്‍ ഒരു സമയം ഒരാള്‍ക്ക്‌ മാത്രമേ തന്റെ കാര്‍ഡ്‌ ഉപയോഗിച്ച് കയറാന്‍ പറ്റൂ. ഒരാള്‍ കാര്‍ഡ്‌ swipe ചെയ്തതിനു ശേഷം അയാളുടെ വാലില്‍ തൂങ്ങി വേറൊരാള്‍ കയറുന്നത് തടയാന്‍ Turn Style മിക്കയിടത്തും സ്ഥാപിച്ചിട്ടുണ്ട്.

ക്യാമറ ഉള്ള മൊബൈല്‍ ഫോണുകള്‍, മെമ്മറി ഉപകരണങ്ങള്‍, ക്യാമറ തുടങ്ങി ഒരുവിധമുള്ള ഒരു സാധനവും അകത്തു കൊണ്ട് പോകാന്‍ പറ്റില്ല. എന്തിനേറെ പറയുന്നു. ഒരിക്കല്‍ ഒരു ബിസ്ലേരി ബോട്ടില്‍ അകത്തേക്ക് കൊണ്ട് പോയ എന്നെ തടഞ്ഞു നിര്‍ത്തി അതിന്റെ ലേബല്‍ ഇളക്കി മാറ്റിയിട്ടാണ് സെക്യൂരിറ്റി അകത്തേയ്ക്ക് വിട്ടത്. അത്രയ്ക്ക് പ്രാധാന്യമാണ് ഡേറ്റായ്ക്ക് ഉള്ളത്. നമ്മുടെ ഇവിടത്തെ വിഷയം വിവര സുരക്ഷയാണ്.. അല്ലാതെ ടെണ്ടറിലെ വില വ്യത്യാസമല്ല. 

ലോകത്തിലെ ഏറ്റവും വലിയ ഡാറ്റ സെൻററുകളിൽ ഒരെണ്ണം നേരിട്ട് കാണൂ.
ഗൂഗിൾ ഡാറ്റ സെന്റർ 


2013 ഓഗസ്റ്റ് 28, ബുധനാഴ്‌ച

ചില വമ്പൻ തമാശകൾ !!




 ഈയിടെ കണ്ടതും കേട്ടതുമായ ചില തമാശകൾ നിങ്ങളുമായി പങ്കു വയ്ക്കാം എന്ന് കരുതി. തലക്കെട്ട്‌ വായിച്ചിട്ട് ഇതും വെറും ഫലിത ബിന്ദുക്കൾ ആണെന്ന് തെറ്റിദ്ധരിക്കരുത്. എന്നാൽ ഫലിത ബിന്ദുക്കളിൽ വരുന്ന തമാശകളുമായി തട്ടിച്ചു നോക്കിയാൽ അതിനേക്കാൾ മികച്ചതല്ലേ ഇത് എന്ന് നിങ്ങൾക്ക് ന്യായമായും തോന്നിയാൽ അതൊരു അമിത മോഹമല്ലേ എന്ന് എനിക്കും തോന്നിയാൽ... അയ്യേ...


നവ വിമോചന സമരം 

ഉമ്മൻ ചാണ്ടിയെ രാജി വയ്പിക്കും , അല്ലെങ്കിൽ സെക്രെട്ടറിയറ്റ് ഉപരോധിക്കും എന്ന പ്രഖ്യാപനവുമായി നടത്തിയ ഇരുപത്താറു മണിക്കൂർ സമരം ആണ് സത്യത്തിൽ ഈയിടെ ഉണ്ടായ ഏറ്റവും വലിയ ഹാസ്യ പരിപാടി . കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ മുന്നേറ്റം എന്ന് ക.മാ.പാ. വിശേഷിപ്പിച്ച ഈ പരിപാടി ഈ കഴിഞ്ഞ വർഷങ്ങളിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയിട്ടാണ് എനിക്ക് തോന്നിയത്. പങ്കെടുക്കുന്നവർക്ക് ദിവസ ബത്ത , യാത്ര ചിലവ് , മൂന്നു നേരം ഭക്ഷണം, അവരുടെ കുടുംബങ്ങൾക്ക് ഒരാഴ്ചക്ക് വേണ്ട സാധന സാമഗ്രികൾ , രാത്രി കലാ പരിപാടികൾ ഇത്രയും അടങ്ങിയ ഒരു പാക്കേജ് ഡീൽ ആയിരുന്നു ഈ സമരം. പോരാത്തതിന് കൈരളി ചാനലിൽ ഇരുപത്തി നാല് മണിക്കൂറും തത്സമയ സംപ്രേഷണവും. ടി വി ചാനലുകളിൽ നേതാക്കൾ ഘോര ഘോരം പ്രസംഗിച്ചു . എന്നിട്ടെന്തായി ? അടുത്ത ദിവസം തന്നെ സ്വിച്ച് ഇട്ട പോലെ സമരം നിന്നു . ഇതിൽ തമാശ എന്താണെന്നല്ലേ ? സമരം നിർത്തി വച്ചതിനു നേതാക്കൾ നല്കിയ  വിശദീകരണങ്ങൾ തന്നെ. ഇനിയും സമരം തുടർന്നിരുന്നെങ്കിൽ അണികൾ നിയന്ത്രണം വിടുമായിരുന്നുവെന്നും നഗരത്തില ചോരപ്പുഴ ഒഴുകുമായിരുന്നുവെന്നും അതൊഴിവാക്കാൻ ആണ് ഇത്തരം ഒരു തീരുമാനം എടുക്കേണ്ടി വന്നത് എന്നുമായിരുന്നു പാർട്ടി സെക്രട്ടറി പതിവ് പോലെ വികാര രഹിതമായ മുഖത്തോട് കൂടി പ്രസ്താവിച്ചത്. മാത്രമല്ല മുഖ്യമന്ത്രിയുടെ രാജി ലക്ഷ്യം വച്ച് നടത്തിയ സമരം വൻ വിജയമായി എന്നും നേതാക്കൾ വച്ച് കാച്ചി. പക്ഷെ ഒടുവിൽ എന്താണ് സംഭവിച്ചതെന്നറിയാതെ ഇളിഭ്യരായി മടങ്ങുന്ന ജനക്കൂട്ടം നല്ല ഒരു തമാശയായി

അമ്മ മലയാളവും ശ്രേഷ്ഠ ഭാഷയും 

നമ്മുടെ നാട്ടിലെ സാഹിത്യകാരന്മാരുടേയും മലയാളം എന്ന ഭാഷയെ സ്നേഹിക്കുന്ന എല്ലാവരുടെയും ആഗ്രഹമായിരുന്നു മലയാളത്തിന്റെ ശ്രേഷ്ഠ ഭാഷാ പദവി. ഒടുവിൽ വർഷങ്ങൾക്കു ശേഷം അത് സാധിച്ചു. എന്നാൽ ഇവിടെ നടന്ന ഒരു തമാശ എല്ലാവരും കണ്ടില്ലേ ? ഇത് കിട്ടിയ ഉടൻ തന്നെ സർക്കാർ സർവീസിൽ കയറാൻ മലയാളം അറിഞ്ഞിരിക്കണം എന്ന നിയമം സർക്കാർ പിൻവലിച്ചു. കേരളത്തിൽ എല്ലാവരും ഇംഗ്ലീഷ് സംസാരിക്കുന്ന സ്ഥിതിക്ക് ഈ നിയമം പണ്ടേ നടപ്പിലാക്കെണ്ടാതായിരുന്നു. തൊണ്ണൂറ്റാറ്  ശതമാനം ആൾക്കാർ മലയാളം സംസാരിക്കുന്ന ഈ സംസ്ഥാനത്ത് ഇത്തരം ഒരു തമാശ നടപ്പിലാക്കിയ മഹാത്മാവിനു സ്തുതി

ഗന്ധർവന്റെ ആർത്തി അഥവാ റോയൽറ്റി 

നിങ്ങൾക്ക് വീട്ടിലേയ്ക്ക് ഒരു കസേര വേണം എന്ന് വയ്ക്കുക. നിങ്ങൾ തടി വാങ്ങി, ആശാരിക്കു കൊടുത്തു അദ്ദേഹത്തെ കൊണ്ട് ഒരു കസേര പണിയിച്ചു. പക്ഷെ നിങ്ങൾക്ക് ആ കസേരയിൽ ഇരിക്കണമെങ്കിൽ ആശാരിക്കു വാടക കൊടുക്കണം എന്ന് പറഞ്ഞ പോലെയാണ് ഗാന ഗന്ധർവൻ യേശുദാസും സംഘവും റോയൽറ്റിക്ക് വേണ്ടി ബഹളം വയ്ക്കുന്നത് കാണുമ്പോൾ തോന്നുന്നത്. കുറച്ചു വർഷം മുമ്പും അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചു പ്രശ്നം ഉണ്ടാക്കിയിട്ടുണ്ട്. മഹാനായ ഒരു ഗായകൻ എന്നതൊഴിച്ചാൽ അദ്ദേഹം ഒരു കള്ള നാണയം ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഞാൻ വെറുതെ ആളാകാൻ വേണ്ടി പറയുന്നതല്ല. പക്ഷെ അതൊരു വേദനിപ്പിക്കുന്ന സത്യം തന്നെയാണ്. ഒരു ഗാനം പിറക്കുന്നത്‌ ഒരു കവിയുടെ ഹൃദയത്തിലാണ്. അതിനു സംഗീത സംവിധായകൻ ജീവൻ നല്കുന്നു. പിന്നീടാണ് ഗയകൻ രംഗ പ്രവേശം ചെയ്യുന്നത്. മാത്രമല്ല ഇതിനൊക്കെ പണം മുടക്കുന്ന നിർമാതാവ് എന്നൊരാൾ കൂടിയുണ്ട്. അദ്ദേഹം ആണ് സത്യം പറഞ്ഞാൽ ഏറ്റവും പ്രധാനി. കാരണം ഇവരെയൊക്കെ വിശ്വസിച്ചു പണം മുടക്കുന്ന ഒരാൾ ആണല്ലോ അങ്ങേർ. അപ്പൊ ഇവരെയൊക്കെ വിഡ്ഢികൾ ആക്കുന്ന വിധം ദാസേട്ടനും സംഘവും നടത്തുന്ന അവകാശ പ്രകടനങ്ങൾ ഒരു തമാശ തന്നെയല്ലേ ?

ഒരു വക്കീലും കുഞ്ഞുപെങ്ങളും 

ഇതിലെ കഥാപാത്രങ്ങൾ ആരാണെന്ന് ചോദിക്കരുത്. ഒരിടത്തൊരിടത്ത് ഒരു പെങ്ങൾ ഉണ്ടായിരുന്നു. എന്തോ ചതിയിൽ പെട്ട് പുള്ളിക്കാരി തുറുങ്കിൽ അടയ്ക്കപ്പെട്ടു. പക്ഷെ ദൈവ ദൂതനെ പോലെ ഒരു വക്കീൽ എത്തി. പെങ്ങളെ രക്ഷിക്കാൻ പണി തുടങ്ങി. വക്കീൽ ഓരോ ദിവസവും ഓരോ കഥകളുമായി വന്നു. രാജാവിന്‌ പ്രാന്തായി. പെങ്ങൾ പറഞ്ഞത് വക്കീല വിഴുങ്ങി എന്നും വക്കീൽ പറഞ്ഞത് പെങ്ങൾ വിഴുങ്ങി എന്നും ഇവർ രണ്ടും പറഞ്ഞത് രാജാവ്‌ വിഴുങ്ങി എന്നും നാട്ടിൽ പാട്ടായി. പക്ഷെ പാണന്മാർ ഇനിയും തമാശ കഥകള പാടി നടക്കുന്നു
എന്താന്നറിയില്ല...ഈ വക്കീലിനെ കണ്ടാൽ തന്നെ ചിരി വരും. ഹോ തമാശക്കാരൻ...

തല്ക്കാലം ഇത്രയും.. ഉറക്കം വരുന്നു. ബാക്കി തമാശകൾ പിന്നെ...


2013 ഏപ്രിൽ 24, ബുധനാഴ്‌ച

മോഡി - ചൈന - പിണറായി - സ്വാഹാ i



     അങ്ങനെ മോഡി ശിവഗിരി ഇളക്കി മറിച്ചിട്ട്  പോയി . മോഡിയെ കേരളത്തിൽ കയറ്റിയതിന്റെ പേരിൽ വലതു പക്ഷവും ഇടതു പക്ഷവും ബഹളം വച്ചു . കുട്ടി സഖാക്കൾ മോഡിയുടെ കോലം കത്തിച്ചു. വെടിക്കെട്ടുകാരനെ ഉടുക്ക് കൊട്ടി പേടിപ്പിക്കാൻ പോയത് പോലെയായി അത് . രാഷ്ട്രീയം ഒഴിവാക്കി മാന്യമായ രീതിയിൽ മറുപടി നൽകി അദ്ദേഹം തിരിച്ചു പോയി . ഈ വാർത്താ  കോലാഹലം കണ്ടിട്ട് തോന്നിയ ചില കാര്യങ്ങൾ പറയാം .. 

എന്തുകൊണ്ട് ശിവഗിരി ?

ഒരു പ്രത്യക്ഷ ഹിന്ദുത്വ വാദിയായ ശ്രീ മോഡിയെ ശിവഗിരി പോലെ മതേതര വീക്ഷണം പുലർത്തുന്ന ഒരു മഠത്തിൽ കൊണ്ട് വന്നത് അത്ഭുതകരമായ ഒരു സംഭവമൊന്നുമല്ല എന്ന് മര്യാദക്ക് ദിനപത്രം വായിക്കുന്ന ഏതൊരു മലയാളിക്കും അറിയാം. ജാതിക്കും മതത്തിനും അതീതമായി ജീവിക്കാനാവില്ല എന്നും ജീവിക്കാൻ ജാതി പറഞ്ഞേ പറ്റൂ എന്ന്  പരസ്യമായി പറഞ്ഞ വെള്ളാപ്പള്ളി നടേശൻ നയിക്കുന്ന ശ്രീനാരായണ 'ധർമ പരിപാലന' യോഗം നടത്തിയ ഒരു രാഷ്ട്രീയ നീക്കം മാത്രമാണ് ഇത് . നായരീഴവ സഖ്യത്തിൽ  പുതിയ സാധ്യതകൾ സ്വപ്നം കാണുന്ന അദ്ദേഹവും ശ്രീ സുകുമാരൻ നായരും ഇനിയും ഇതുപോലുള്ള പരിപാടികൾ അവതരിപ്പിക്കും. ശ്രീ നാരായണ ഗുരുദേവന്റെ ദർശനങ്ങളിൽ വിശ്വസിക്കുന്ന ഒരാൾ  പോലും ഇത്തരം നീക്കങ്ങളെ അനുകൂലിക്കുകയോ  വെള്ളാപ്പള്ളി പറയുന്നതും കേട്ട് അവർ പറയുന്നവർക്ക് വോട്ട് ചെയ്യുമെന്നു ഞാൻ വിശ്വസിക്കുന്നില്ല. കേരളത്തിന്റെ ചരിത്രം പരിശോധിച്ചാലറിയാം , കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പാർട്ടി പ്രവർത്തകരിൽ ഭൂരിഭാഗവും ഈഴവർ ആണ് . അതുകൊണ്ട് തന്നെ ഈഴവരുടെ രാഷ്ട്രീയവും ഇടതു പക്ഷ രാഷ്ട്രീയം തന്നെയാണ് . സ്വത്തിന്റെയും അധികാരത്തിന്റെയും പേരിൽ  സ്വാമിമാർ തമ്മിലടിച്ച അന്ന് നഷ്ടപ്പെട്ടതാണ് ആ പുണ്യ സ്ഥലത്തിന്റെ പവിത്രത. അത് കൊണ്ട് മോഡി എന്നൊരാൾ അവിടെ കാൽ കുത്തിയത് കൊണ്ട് ശിവഗിരിക്ക്  ഇനി പുതിയതായി ഒന്നും സംഭവിക്കാനില്ല. കേരള രാഷ്ട്രീയത്തിൽ ഇനി ശിവഗിരിയും ഒരു രാഷ്ട്രീയ കേന്ദ്രമായി മാറുമോ എന്ന് മാത്രമേ അറിയാനുള്ളൂ. 

കലക്ക വെള്ളത്തിൽ മീൻ പിടിക്കുന്നവർ 

കേരള രാഷ്ട്രീയം നൂറ്റാണ്ടുകൾ പുറകിലാണ് എന്ന് വീണ്ടും തെളിയിച്ചു. ശിവഗിരി പോലുള്ള ഒരു സ്ഥാപനം കാവി പൂശാനുള്ള ശ്രമം എന്ത് വില കൊടുത്തും തടയണം എന്ന് വലതു ഇടതു പക്ഷങ്ങൾ ഒരേ ശബ്ദത്തിൽ പ്രസ്താവിചു. പച്ചയായ രാഷ്ട്രീയം മാത്രമാണ് ഇത് എന്നേ  എനിക്ക് പറയാനുള്ളൂ . ശിവഗിരിയിലെ ചടങ്ങിൽ ഒരൊറ്റ കോണ്‍ഗ്രസ്‌ പ്രവർത്തകനും പങ്കെടുക്കില്ല എന്ന് കേരള യാത്രക്കിടയിലും ചെന്നിത്തല പ്രഖ്യാപിചു. കേരളത്തിന്റെ സാമൂഹ്യ ചരിത്രത്തിൽ വിപ്ളവകരമായ മാറ്റങ്ങൾ ഉണ്ടാക്കിയ ഒരു ഗുരുവും അദ്ദേഹത്തിന്റെ സ്മാരകമായ മഠം കയ്യേറാനുള്ള ബി ജെ പിയുടെ ഒരു ശ്രമം മാത്രമായി കണ്ട രമേശ്‌ വർഷങ്ങൾക്കു മുമ്പ് മഠത്തിൽ നടന്ന അധികാര തർക്കങ്ങൾ, സംഘട്ടനം വരെ നടന്നിട്ടും മഠത്തിൽ സമാധാനം സ്ഥാപിക്കാനും ആ സ്ഥാപനത്തിന്റെ മതേതര സ്വഭാവം തിരിച്ചു പിടിക്കാനും വ്യകതിപരമായ നിലയിലും കോണ്‍ഗ്രസ്‌ പാർട്ടി എന്ന നിലക്കും എന്തൊക്കെ ചെയ്തു എന്ന് ഒരു സ്വയം വിമർശനം നടത്തേണ്ടതുണ്ട്. ഭാരതത്തിൽ നടന്ന പല കൂട്ടക്കൊലകൾക്കും മൌനാനുവാദം നൽകിയ ഒരു പാർട്ടി എന്തടിസ്ഥാനത്തിലാണ് ഇപ്പോൾ സമാധാനത്തിന്റെ വെള്ളരിപ്രാവ്‌ ചമയുന്നത് ? ഇന്ദിര ഗാന്ധിയെ വധിച്ചത് ഒരു സിഖുകാരൻ ആയിപ്പോയി എന്ന ഒറ്റക്കാരണം കൊണ്ട് നൂറു കണക്കിന് സിഖ് വംശജരെ കോണ്‍ഗ്രസ്‌ പ്രവർത്തകർ കൊന്നൊടുക്കിയത് ഒരു യാഥാര്ത്യം മാത്രമാണ് . ബാബറി മസ്ജിദ് തകർക്കപെട്ടപ്പോൾ ഭാരതം ഭരിച്ചത് ആരായിരുന്നു ? കുറഞ്ഞത്‌ ഈ രണ്ടു ചോദ്യങ്ങൾക്കെങ്കിലും ഉത്തരം പറഞ്ഞിട്ട് പോരേ ഇങ്ങനെ രക്തം തിളപ്പിക്കേണ്ടത് ?

ഇടത്തോട്ട് പോയ ഇടതു പക്ഷം 

ഇടതു പക്ഷം അതിനെക്കാൾ തമാശകൾ സംഘടിപ്പിച്ചു . മോഡിയെ വിളിച്ചു എന്നറിഞ്ഞു ഞെട്ടിപ്പോയ പിണറായി സഖാവ് ശിവഗിരിയുടെ ഭാവിയോർത്ത്   ദുഖിചു. ഡി വൈ എഫ് ഐ സഖാക്കൾ തലസ്ഥാനത്ത് പ്രതീകാത്മക തൂക്കു കയറുമായി മോഡി വിരുദ്ധ പ്രകടനം നടത്തി . ഇതൊക്കെ കണ്ടു മോഡി വിരളും എന്നവർ കരുതിയെങ്കിലും ഇതിനെക്കാൾ വലിയ പെരുന്നാൾ വന്നിട്ട് വാപ്പ പള്ളീൽ പോയിട്ടില്ല പുള്ളെ എന്ന് പറഞ്ഞു മോഡി സ്വന്തം പണി തീർത്തു തിരികെ പൊയി. കോണ്‍ഗ്രസ്‌കാർ നടത്തിയതിനേക്കാൾ അപഹാസ്യമായി ഇവരുടെ പ്രകടനങ്ങൾ . ടി പി ചന്ദ്രശേഖരൻ എന്നൊരു മനുഷ്യനെ മൃഗീയമായി കൊലപ്പെടുത്തിയ കേസിൽ സാക്ഷികൾ ദിവസവും കൂറ് മാറുന്നതിലെ അസ്വാഭാവികത ഈ പാർട്ടിക്ക് ഒരു വിഷയമല്ല. 
പരോളിൽ വന്ന അബ്ദുൽ നാസർ മദനിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത പിണറായി വിജയൻ ഇക്കാര്യത്തിൽ പറഞ്ഞത് ഒരൂ കൂട്ടക്കൊലയുടെ ഉത്തരവാദി പങ്കെടുക്കുന്ന പരിപാടിയിൽ തങ്ങൾ പങ്കെടുക്കില്ല എന്നും ഇത് തടയപ്പെടെണ്ടതും ആണെന്നുമാണ്. സാങ്കേതികമായി നോക്കിയാൽ മദനിയും മോഡിയും  ഒരേ നാണയത്തിന്റെ രണ്ടു വശങ്ങൾ മാത്രമാണ് . പിന്നെ എന്തിനീ അഭ്യാസം ? വോട്ട് തന്നെ കാരണം . ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുന്നതിൽ ചെയ്തു വന്ന ചരിത്രപരമായ മണ്ടത്തരങ്ങൾ ഇനി ആവർത്തിക്കരുതെന്ന കരുതലോടെയുള്ള ഒരു പ്രവർത്തി മാത്രമാണ് ഇത് എന്ന് തൊന്നുന്നു. കേരളത്തിൽ അങ്ങോളം ഇങ്ങോളം നടന്നു വരുന്ന തീവ്രവാദി പ്രവർത്തനങ്ങളെ അപലപിക്കാനോ എതിർക്കാനോ ഒരു ചെറുവിരൽ അനക്കാൻ ശ്രമിക്കാത്ത ഈ പാർട്ടി ആരെയാണ് വിഡ്ഢിയാക്കാൻ ശ്രമിക്കുന്നത് ?

കോളടിച്ചവർ 

ഇതൊക്കെക്കൊണ്ട് ലോട്ടറി അടിച്ചത് ബി ജെ പിക്കാണ് . ശിവഗിരിയെയും സന്യാസിമാരെയും മുന്നിൽ നിരത്തി ഒരു ഓളം ഉണ്ടാക്കാൻ അവര്ക്ക് സാധിചു. ഇതിന്റെ പേരിൽ പത്തു വോട്ട് കൂടുതൽ കിട്ടിയാലും അതിശയിക്കണ്ട . ബാക്കി പാർട്ടിക്കാർ അതിനു വെള്ളവും വളവും ഇട്ടു കൊടുക്കുകയും ചെയ്തു. ചെന്നിത്തല പറഞ്ഞു മോഡിയെ അനുകൂലിക്കുന്ന ഒരാൾ പോലും കേരളത്തിലുണ്ടാവില്ല എന്നു. എന്തിൻറെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഇങ്ങനെ ഒരു പ്രസ്താവന നടത്തിയതെന്ന് മനസ്സിലാവുന്നില്ല. മലയാളികളുടെ അത്രയുംജാതീയമായി ചിന്തിക്കുകയും പുറമേ അഭിനയിക്കുകയും ചെയ്യുന്ന ഒരു ജനക്കൂട്ടം വേറെ ഉണ്ടാവില്ല .  അടുത്ത തെരഞ്ഞെടുപ്പിൽ കാണാം . 

മോഡിയെ പറ്റി തോന്നിയത് :

മോഡി എന്ന് പറയുന്നത് ഒരു വികസന നായകനോ ഭാരത്തിന്റെ ഭാവിയാണെന്നോ എന്നൊന്നും ഞാൻ പരയുന്നില്ല. പക്ഷെ അദ്ദേഹം ഒന്നാംതരം ഒരു നേതാവ് അഥവാ ലീഡർ ആണെന്നു പറയാതെ വയ്യ. ഭാരതത്തിൽ നടന്ന ഏറ്റവും വലിയ കൂട്ടക്കൊലകളിൽ ഒന്നിൽ പ്രതി സ്ഥാനത്ത് നില്ക്കുന്ന ഒരാൾ മൂന്നു തവണ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു, മുഖ്യമന്ത്രി ആയി എന്ന് മാത്രമല്ല ഭാരതത്തിന്റെ അടുത്ത പ്രധാനമന്ത്രി സ്ഥാനാർഥി എന്ന് വരെ എത്തി നില്ക്കുന്നത് സൂചിപ്പിക്കുന്നത് എന്താണ് ?  നല്ലതായാലും ചീത്തയായാലും ഒരു നേതാവിന് വേണ്ട കഴിവുകൾ തികച്ചും വ്യത്യസ്തമാണ് . കേരളത്തിലെ മാത്രമല്ല ദേശീയ തലത്തിൽ തന്നെ കമ്മ്യൂണിസ്റ്റ്‌ പാർടിയിൽ നേതാവ് എന്നാ വിശേഷണത്തിന് അർഹനായ ഒരേ ഒരാൾ മാത്രമേ ഉള്ളൂ . പിണറായി ആണ് ആ നേതാവ് . അച്ചുതാനന്ദനെ പോലെ ഒരു കള്ള നാണയം അല്ല അങ്ങെർ. കുറഞ്ഞത്‌ പറയുന്ന കാര്യങ്ങളിൽ ഉറച്ചു നില്ക്ക്കുന്നു എന്ന ഒരു ഗുണമെങ്കിലും അദ്ദേഹത്തിനുണ്ട്`. 

മുകളിൽ എഴുതിയത് എന്റെ ചിന്തകൾ മാത്രമാണ് . നിങ്ങൾക്ക് യോജിക്കാം, വിയൊജിക്കാം. പക്ഷെ ഇത് കണ്ടിട്ട് ദുശാസ്സനൻ ഒരു വർഗീയ വാദിയാണെന്ന് മാത്രം പറയരുതേ. 

കമ്മ്യൂണിസ്റ്റ്‌ നേതാക്കളുടെ ശ്രദ്ധക്കായി - ഒരു വാല്ക്കഷണം 
പണ്ട് ഈ എം എസ് നമ്പൂതിരിപ്പാട് പറഞ്ഞ പോലെ ഇന്ത്യ ഇന്ത്യയുടെതെന്നും ചൈന ചൈനയുടെതെന്നും പറയപ്പെടുന്ന ഒരു സ്ഥലത്ത് ചൈന പട്ടാളം അതിക്രമിച്ചു കയറിയതിനെ പറ്റി വൻ സംഘർഷ സാധ്യത നില നിൽക്കുകയാണ് . എ കെ ആന്റണി പ്രശ്നം പരിഹരിക്കാൻ വേണ്ടി ഓടി നടക്കുകയാണ് . ആ സ്ഥലം ഇനി നമുക്ക് തിരിച്ചു കിട്ടുമെന്ന് ഒരു ഉറപ്പുമില്ല . ലോകത്തിലെ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ്‌ രാജ്യമായ ചൈന കാണിക്കുന്ന ഈ അക്രമത്തിനെതിരെ ഇപ്പറയുന്ന കമ്മ്യൂണിസ്റ്റ്‌ നേതാക്കൾ പുലർത്തുന്ന മൌനത്തിനെ എന്ത് പേര് പറഞ്ഞാണ് വിശേഷിപ്പിക്കേണ്ടത് ?

2012 മേയ് 23, ബുധനാഴ്‌ച

ഒരു വധവും പ്രതികരിക്കാന്‍ വിധിക്കപ്പെട്ടവരും



     ചന്ദ്രശേഖരന്‍ വധത്തിനെ പറ്റി ലാല്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ക്കെതിരെ നമ്മുടെ നാട്ടിലെ ജനങ്ങള്‍ ആഞ്ഞടിക്കുന്നത് ഇന്നലെ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലെ കാഴ്ചയായിരുന്നു. ഇതേ സംഭവത്തില്‍ താനോ സുഗതകുമാരിയോ മിണ്ടാതിരുന്നത് പ്രതികരിക്കാനുള്ള ഭയം കൊണ്ടാല്ലെന്നോ മറ്റോ ശ്രീ ഓ എന്‍ വി കുറുപ്പ് ഇന്നലെ ടി വിയില്‍ സംസാരിക്കുന്നതു കണ്ടു. കേരളത്തിലെ സാംസ്കാരിക നായകന്മാര്‍ ഈ വിഷയത്തില്‍ പ്രതികരിക്കാതിരിക്കുന്നത് അവരുടെ കള്ളത്തരം ആണെന്ന മട്ടിലും കുറെ അഭിപ്രായങ്ങള്‍ കേട്ടു.

      ഇത്രയും കണ്ടപ്പോള്‍ എനിക്കൊരു സംശയം. ഇത്തരം വിഷയങ്ങളില്‍ പ്രതികരിക്കാന്‍ വേണ്ടി ഒരു ഗ്രൂപ്പ്‌ ഉണ്ടോ ? എന്ത് കാര്യം ഉണ്ടായാലും സാംസ്കാരിക നായകന്മാര്‍ പ്രതികരിച്ചിരിക്കണം എന്ന  നിയമം ആരുണ്ടാക്കി ? എന്ത് കാര്യത്തിനും മറ്റുള്ളവരുടെ മേല്‍ കുറ്റം ചാരി രക്ഷപ്പെടുന്ന ശരാശരി മലയാളിയുടെ മനശാസ്ത്രമാണ് ഇവിടെ വെളിവാകുന്നത്. മുഖത്ത് ഒട്ടനവധി വെട്ടേറ്റു ഒരാള്‍ മരിച്ചു എന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ ഒരു സാധാരണക്കാരന് ഉണ്ടാവുന്ന ഭയപ്പാടു മാത്രമേ ലാല്‍ എഴുതിയ കുറിപ്പില്‍ എനിക്ക് കാണാന്‍ സാധിക്കുന്നുള്ളൂ. തന്റെ വേവലാതിയുടെ അവസാനം നമ്മുടെ നാട് ഇങ്ങനെ പേടിപ്പിക്കുന്ന ഒരു സ്ഥലമായി മാറിയോ എന്ന ആശങ്ക അദ്ദേഹം പങ്കു വയ്ക്കുന്നു. അല്ലെങ്കില്‍ നിങ്ങള്‍ തന്നെ ഇത് വായിച്ചു നോക്കൂ. 





      മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മിണ്ടാതിരുന്ന ഒരാള്‍ ഈ പറയുന്നത് വെറും കള്ളത്തരമല്ലേ എന്ന് ചില പ്രതികരണങ്ങള്‍ കണ്ടു. സ്വന്തം ചേട്ടന്‍ പ്യാരിലാലിന്റെ സ്വത്തു അടിച്ചു മാറ്റാന്‍ ശ്രമിച്ച നരാധമന്‍ ലാല്‍ ഇങ്ങനെ പറയരുത് എന്നൊക്കെ അഴീക്കോടിനെ മുന്‍ നിര്‍ത്തി പ്രതികരിച്ചവരും ഉണ്ട്. ഇതൊക്കെ നമ്മുടെ ഹിപ്പോക്രസി മാത്രമാണ്. സ്വന്തം വികാരം ലാല്‍ തുറന്നു പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്.സത്യത്തില്‍ ചന്ദ്രശേഖരന്‍ വധത്തില്‍ ഏറ്റവും മനുഷ്യത്വ രഹിതമായ പ്രതികരണങ്ങള്‍ ഉണ്ടായത് കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി സെക്രട്ടറിയില്‍ നിന്നാണ്. മരിച്ചു പോയ ആ മനുഷ്യന്‍ വെറും കുലംകുത്തി മാത്രം ആണ് എന്ന് പറയണമെങ്കില്‍ അദ്ദേഹത്തിന്റെ ചിന്ത എങ്ങനെയാണ് പോകുന്നതെന്ന് കൂടി നോക്കണം. പാര്‍ട്ടിയോടുള്ള അദ്ദേഹത്തിന്റെ ആത്മാര്‍ഥത ആയിരിക്കാം ഒരുപക്ഷെ ഇങ്ങനെ പറയിക്കുന്നത്. പക്ഷെ ആ വാചകങ്ങളിലെ ക്രൂരതയെ പറ്റിഎന്തുകൊണ്ട് മുകളില്‍ പറഞ്ഞവര്‍ ആക്ഷേപിക്കുന്നില്ല ?

ഇതിന്റെ കാരണം അവര്‍ക്കറിയാം. തടി കേടാവും എന്നത് തന്നെ. മോഹന്‍ ലാല്‍ എന്ന വെറും ഒരു നടനെ പറ്റി  പറയുന്നത് പോലല്ല ഒരു രാഷ്ട്രീയ നേതാവിനെ കുറ്റപ്പെടുത്തുന്നത്.അത് പോലെ തന്നെ പാര്‍ട്ടിയിലെ പുതിയ മശീഹ ആയ അച്ചുതാനന്ദന്‍. ഈ വിഷയം കൊണ്ട് ഏറ്റവും കൂടുതല്‍ മുതലെടുക്കാന്‍ ശ്രമിക്കുന്ന ഒരു കള്ളനാണയം മാത്രമാണ് വി എസ. സ്വന്തം മകന്റെ കേസ് വാര്‍ത്തകളില്‍ നിന്ന് കുറച്ചു കാലത്തേക്കെങ്കിലും മാറ്റി നിര്‍ത്താനുള്ള ഒരു ശ്രമം മാത്രമാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. സത്യം പറഞ്ഞാല്‍ അദ്ദേഹവുമായി താരതമ്യം ചെയ്‌താല്‍ പിണറായി ആണ് മാന്യന്‍. സ്വന്തം അഭിപ്രായം,അതെത്ര ക്രൂരമായാലും തുറന്നു പറയാന്‍ അദ്ദേഹം മടിച്ചില്ല. ഫേസ് ബുക്കില്‍ ഇത് പോലുള്ള അനവധി സഖാക്കള്‍ രാഷ്ട്രീയം പറയുന്നതും കണ്ടു. അതി ക്രൂരമായ ഒരു കൊലയെ പറ്റിയുള്ള ഒരു സാധാരണ മലയാളിയുടെ ചിന്തകളും ആശങ്കകളും ഞെട്ടലും ഒക്കെ തന്നെയാണ് ലാല്‍ പ്രകടിപ്പിച്ചിരിക്കുന്നത്. അത് മറ്റാരുടെ പ്രതികരണത്തെക്കാളും മുകളില്‍ തന്നെയാണ്. അദ്ദേഹത്തിന് അഭിനന്ദനങ്ങള്‍.

2012 ഏപ്രിൽ 8, ഞായറാഴ്‌ച

സഖാവിന്റെ സാലറി - സി പി എമ്മിന് അഭിവാദ്യങ്ങള്‍


    തികച്ചും ഒരു പിന്തിരിപ്പന്‍ പാര്‍ട്ടി ആണെന്ന് ഞാന്‍ വിശ്വസിക്കുന്ന കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി അവരുടെ പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച ഒരു പ്രമേയം എല്ലാ പാര്‍ടികളുടെയും കണ്ണ് തുറപ്പിക്കേണ്ട ഒന്നാണ്. ശരിക്കും നവീനവും കാലികവുമായ ഒരു തീരുമാനം. അതായതു അവരുടെ മുഴുവന്‍ സമയ പ്രവര്‍ത്തകര്‍ക്ക് ശമ്പളം കൊടുക്കാനുള്ള തീരുമാനം. വലതു പക്ഷ പത്രമായ മനോരമയുടെ അഭിപ്രായത്തില്‍ പ്രതിഫലം  ഇല്ലാതെ പാര്‍ട്ടി ദൌത്യം ഏറ്റെടുക്കാനൊന്നും ആളെ കിട്ടാത്ത അവസ്ഥയില്‍ ആണ് പാര്‍ടി ഇങ്ങനെ ഒരു പദ്ധതി പ്ലാന്‍ ചെയ്യുന്നതെന്നറിയുന്നു. ഇപ്പോള്‍ തന്നെ അവരുടെ മുഴുവന്‍ സമയ പ്രവര്‍ത്തകര്‍ക്ക് അലവന്‍സ് എന്ന പേരില്‍ പാര്‍ട്ടി പണം കൊടുക്കുന്നുണ്ട്. ഏരിയ സെക്രട്ടറിക്ക് 125 രൂപയും ലോക്കല്‍ കമ്മിറ്റി സെക്രട്ടറി / അംഗം എന്നിവര്‍ക്ക് മാസം മൂവായിരം രൂപ പാര്‍ട്ടി കൊടുക്കുന്നുണ്ട്. കോടികളുടെ ആസ്തി ഉള്ള നവ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിക്ക് ഇതൊന്നും ഒരു ബാധ്യത സൃഷ്ടിക്കില്ല എന്ന് തോന്നുന്നു. ഭാരതത്തില്‍ രണ്ടേ രണ്ടു സംസ്ഥാനങ്ങളില്‍ മാത്രം സ്വാധീനം ഉള്ള കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിക്ക് കോണ്‍ഗ്രസ്‌ പോലെയോ ബി ജെ പി പോലെയോ ഉള്ള ദേശീയ പാര്‍ടികളുടെ ഒരു പ്രശ്നങ്ങളും ബാധകമല്ല തന്നെ. പ്രവര്‍ത്തകരില്‍ നിന്ന് ലെവി പിരിച്ചു വന്ന ഒരു പാര്‍ടി ആണ് കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി. എന്നാല്‍ ഇന്ന് ലെവി തരില്ലെന്ന് മാത്രമല്ല അങ്ങോട്ട്‌ പണം കൊടുക്കുകയും വേണം എന്ന ഗതികേടിലാണ് അവര്‍.

    ഇത് സത്യം പറഞ്ഞാല്‍ വിപ്ലവകരമായ ഒരു തീരുമാനമാണെന്ന് പറയാതെ വയ്യ. പാര്‍ട്ടിക്ക് വേണ്ടി സ്വന്തം സുഖങ്ങള്‍ വേണ്ടെന്നു വയ്ക്കുന്നവരുടെയും പാര്‍ട്ടിക്ക് വേണ്ടി ജീവിക്കുകയും ചെയ്യുന്ന ( അങ്ങനെ ഒരു ന്യൂനപക്ഷമെങ്കിലും ഉണ്ട് ) ചെയ്യുന്നവരുടെ ജീവിതം കാക്കേണ്ട ബാധ്യത പാര്‍ട്ടിക്കുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകര്‍ മാത്രമല്ല നമ്മുടെ ജന പ്രതിനിധികള്‍ക്കും ഇത് ബാധകമാണ്. അവര്‍ക്ക് പ്രീമിയം സാലറി തന്നെ കൊടുക്കണം. അതോടൊപ്പം തന്നെ അവര്‍ സ്വന്തം ജോലി മര്യാദക്ക് ചെയ്യുന്നു എന്ന് ഉറപ്പു വരുത്താനുള്ള സിസ്ടവും വേണം. ജനങ്ങള്‍ക്ക്‌ വേണ്ടി എന്തോ ഔദാര്യം ചെയ്യുന്നെന്ന വ്യാജേന അവരെ കൊള്ളയടിക്കുന്ന കള്ളന്മാരെ നമുക്ക് വേണ്ട. ഒരു വരുമാനം ഇല്ലാത്തത് കൊണ്ട് രാഷ്ട്രീയത്തിലേക്ക് വരാന്‍ മടിച്ചു നില്‍ക്കുന്ന കഴിവുള്ള യുവാക്കളെ ആകര്‍ഷിക്കാനെങ്കിലും ഇത് ഉപകരിക്കും. മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രിയുടെ പേരില്‍ നടക്കുന്ന നാണം കേട്ട ചര്‍ച്ചകള്‍ ശ്രദ്ധിച്ചാലറിയാം. ജനങ്ങള്‍ക്ക്‌ എന്തെങ്കിലും ഉപകാരമുള്ള കാര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ ഞങ്ങള്‍ക്കൊരു മന്ത്രിയെ വേണം എന്നല്ല അവരുടെ വാദം. അനൂപ്‌ ജേക്കബിന്റെ കാര്യത്തിലാണെങ്കില്‍ ജനങ്ങളോട് പറഞ്ഞ വാക്ക് പാലിക്കാനും മഞ്ഞളാംകുഴി അലിയുടെ കാര്യത്തിലാണെങ്കില്‍ ലീഗിന്റെ ഭൂരിപക്ഷ വാദം വക വച്ച് കൊടുക്കാനും വേണ്ടിയാണ് ഈ അഞ്ചാം മന്ത്രി. ഭാരതത്തിലെ തെരഞ്ഞെടുപ്പു എപ്പോഴും വികാര പരമായ വസ്തുതകളെ അടിസ്ഥാനമാക്കിയാണ് നടക്കുന്നത്. ജാതി , മതം മുതലായവ. എന്തുകൊണ്ട് നമുക്ക് നമ്മളെ ഭരിക്കാന്‍ വേണ്ടി വിദ്യാഭ്യാസ യോഗ്യത ഉള്ള ആള്‍ക്കാരുടെ ഒരു കണ്‍സോര്‍ഷ്യം പോലൊരെണ്ണം ഉണ്ടാക്കിക്കൂടാ ? ഇപ്പോഴത്തെ പോലെ കുറെ കള്ളന്മാരും ഒട്ടും സുതാര്യമല്ലാത്ത ഒരു ഭരണ വ്യവസ്ഥയും കൊണ്ട് ഭാരതം എത്രകാലം മുന്നോട്ടു പോകും ?


എന്തായാലും കൂടുതല്‍ ദീര്‍ഘിപ്പിക്കുന്നില്ല. സി പി എമ്മിന് അഭിവാദ്യങ്ങള്‍!!

2012 മാർച്ച് 25, ഞായറാഴ്‌ച

ക്ഷൌരത്തിന്റെ പരിണാമം, മലയാളിയുടെയും : ചില "മുടിഞ്ഞ" ചിന്തകള്‍




     ഇപ്പൊ മുടി വെട്ടിച്ചിട്ടു വന്നതേ ഉള്ളൂ. പതിവില്‍ നിന്ന് വ്യത്യസ്തമായി ഇന്ന് ബി ടീ എം ലേഔട്ടില്‍ ഉള്ള ഒരു സലൂണില്‍ ആണ് പോയത്. സാധാരണ ഇവിടെ അടുത്തുള്ള ഒരു കന്നടക്കാരന്റെ ബാര്‍ബര്‍ ഷോപ്പില്‍ ആണ് മുടി വെട്ടാറുള്ളത്. അവനാണെങ്കില്‍ കന്നഡ അല്ലാതെ ഒരു വസ്തു അറിയില്ല. അതുകാരണം ഉണ്ടാകുന്ന ഒരു കമ്യൂണിക്കേഷന്‍ പ്രോബ്ലം ഇത്തവണ  ഉണ്ടായില്ല. ഇവന്‍ ഒരു ബംഗാളി ആയിരുന്നത് കൊണ്ട് ഹിന്ദി മനസ്സിലാവും. അങ്ങനെ കുറേക്കാലം കൂടി മുടിയും മീശയുമൊക്കെ അളവനുസരിച്ച് വെട്ടി തന്നു. അവന്‍ മുന്നില്‍ ടി വിയില്‍ കാണിച്ചു കൊണ്ടിരിക്കുന്ന ഹിന്ദി സിനിമയില്‍ ഇടയ്ക്ക് നോക്കും. തമാശ വരുമ്പോ ചിരിക്കും. അടി നടക്കുമ്പോള്‍ വെട്ടു നിര്‍ത്തിയിട്ടു അതിലേക്കു കണ്ണ് തള്ളി നോക്കും. ഞാന്‍ നോക്കിയപ്പോ ദേ ദനാ ദന്‍ ആണ് പടം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രം.  നമ്മുടെ മുടി വെട്ടുകാരന്‍ അങ്കലാപ്പിലായി. കാരണം, അവന്‍ ഒരു വെട്ടു വെട്ടാന്‍ വേണ്ടി തിരിയുമ്പോഴേയ്ക്കും കഥ കൈവിട്ടു പോകും. അങ്ങനെ മുക്കിയും മൂളിയും ഒരു വിധത്തില്‍ അവന്‍ വെട്ടി തീര്‍ത്തു. തിരികെ വന്നു കുളിച്ചു കുറച്ചു നേരം വിശ്രമിക്കാം എന്ന് കരുതി ഒന്ന് കിടന്നു. അപ്പോള്‍ മനസ്സിലേയ്ക്ക് ഓടിയെത്തിയ ചില ചിന്തകള്‍

അല്പം ചരിത്രം 

    ഓര്‍മ വയ്ച്ചതിനു ശേഷം ഞാന്‍ ആദ്യമായി കാണുന്ന ബാര്‍ബര്‍ നാട്ടിലെ ഭാര്‍ഗവന്‍ മൂത്താന്‍ ആണ്. മൂത്താന്‍ വീട്ടില്‍ വന്നു നമ്മള്‍ പിള്ളേരുടെ ഒക്കെ മുടി വെട്ടും. അതാണ്‌ നാട്ടിലെ പതിവ്. കൊച്ചു കുട്ടികള്‍ ഉള്ള വീട്ടില്‍ മൂത്താന്‍ വന്നു മുടി വെട്ടി കൊടുക്കും. ഇന്ന് നാട്ടിലുള്ള മുതിര്‍ന്ന പലരും ഭാര്‍ഗവന്‍ മൂത്താന്റെ കത്രികയുടെ സുഖം അറിഞ്ഞവരാണ്. ഭാര്‍ഗവന്‍ മൂത്താന് കവലയില്‍ ഒരു ചെറിയ പീടികയും ഉണ്ട്. സ്റ്റാര്‍ സലൂണ്‍ എന്ന് അവിടെ എഴുതി വച്ചിട്ടുണ്ട്. കടയിലേക്ക് കയറാന്‍ വേണ്ടി ചില്ലിട്ട ഒരു ഹാഫ് ഡോര്‍ ഉണ്ട്. അതില്‍ Welcome എന്ന് വരച്ചു വച്ചിട്ടുണ്ട്. അന്നൊക്കെ ഹാഫ് ഡോറുകള്‍ സിനിമയില്‍ മാത്രമേ കണ്ടിട്ടുള്ളൂ. അതുകൊണ്ട് അന്ന് ആ ഡോര്‍ തുറന്നു അകത്തു കയറാന്‍ ഞങ്ങള്‍ക്ക് ഒരു ആഗ്രഹമുണ്ടായിരുന്നു. പക്ഷെ കുട്ടികള്‍ അല്ലേ..പൊക്കം കുറവായത് കാരണം ആ ഡോറിന്റെ അടിയില്‍ കൂടി തന്നെ ഞങ്ങള്‍ അകത്തു കടന്നിരുന്നു. കടയുടെ അകം അലങ്കരിക്കാന്‍ വേണ്ടി കട നിറയെ അന്നത്തെ പ്രശസ്ത നാടക പോസ്ടറുകള്‍ ഒട്ടിച്ചു വച്ചിട്ടുണ്ട്. നികുംഭില, ശകുന്തള അങ്ങനെ അന്നത്തെ പ്രശസ്ത ബാലെകള്‍, നൃത്ത നാടകങ്ങള്‍ മുതലായവയുടെ പരസ്യങ്ങള്‍. കറക്കമൊന്നുമില്ലാത്ത സാധാരണ കസേര. ഫാന്‍ ഒന്നുമില്ല. ഒരു വശത്തായി വെട്ടിയ മുടി തൂത്തു വാരിയിട്ടിട്ടുണ്ട്. അത് പുള്ളി ഒരു പേപ്പര്‍ കൊണ്ട് അടച്ചു വയ്ക്കും. ഉപയോഗിച്ച് തേഞ്ഞ ഒന്ന് രണ്ടു കത്രികകള്‍ , ചീപ്പുകള്‍ , അന്നത്തെ പ്രശസ്തമായ കുട്ടിക്കൂറ പൌഡര്‍ , ഷേവ് ചെയ്തിട്ട് മുഖത്ത് ചെറിയ മുറിവുകളോ പോറലുകളോ ഉണ്ടായാല്‍ തടയുവാനുള്ള ആലത്തിന്റെ ചെറിയ കട്ട. തീര്‍ന്നു. ഇത്രയുമാണ് ആ കടയിലെ പണിയായുധങ്ങള്‍. അന്നത്തെ പ്രശസ്ത സിനിമാ മാസികയായ നാനയുടെ ചില കോപ്പികള്‍ , ശിവകാശിയില്‍ അടിച്ചു വിതരണം ചെയ്തിരുന്ന മലയാള സിനിമ നോട്ടീസുകള്‍ മുതലായവ ഉണ്ടാവും. കസ്ടമേഴ്സിനു വായിക്കാന്‍. കത്തിക്ക് മൂര്‍ച്ച കൂട്ടാന്‍ വേണ്ടി മൂത്താന്‍ ഒരു ചെറിയ കല്ലില്‍ കത്തി ഉരച്ചു മിനുസപ്പെടുത്തുന്നതും ആ കത്രികയുടെ പ്രയോഗവും ഒക്കെ ഞങ്ങള്‍ കുട്ടികള്‍ക്ക് ഒരു കൌതുകം ആയിരുന്നു.


    ഹൈ സ്കൂളില്‍ എത്തിയപ്പോഴേയ്ക്കും മൂത്താന്റെ കടയെ വെല്ലുന്ന രീതിയില്‍ പുതിയ ഒരു ബാര്‍ബര്‍ ഷോപ്പ് നാട്ടില്‍ തുടങ്ങി. സലൂണ്‍ എന്നോ ബാര്‍ബര്‍ ഷോപ്പ് എന്നോ വിളിക്കുന്നതിനു പകരം ആദ്യമായി നമ്മുടെ നാട്ടില്‍ ഒരു 'ഹെയര്‍ ഡ്രെസിംഗ് ഷോപ്പ് ' വന്നു. ചുവന്ന നിറത്തിലുള്ള കറങ്ങുന്ന കസേര, ഫാന്‍, നെടു നീളന്‍ നില കണ്ണാടികള്‍, കുട്ടിക്കൂറയ്ക്കും ലോഷനും പകരം പല നിറത്തിലും പേരിലും ഉള്ള സൌന്ദര്യ വര്‍ദ്ധക വസ്തുകള്‍, ഓള്‍ഡ്‌ സ്പൈസ് മുതലായവ. ഗള്‍ഫില്‍ ജോലിയെടുത്തിരുന്ന രണ്ടു സഹോദരങ്ങള്‍ നാട്ടില്‍ വന്നു അതേ മോഡലില്‍ തുടങ്ങിയ കടയാണ്. ഇത് വന്നതോടെ മൂത്താനെ പോലുള്ളവരുടെ കച്ചവടം കുത്തനെ ഇടിഞ്ഞു. പിന്നെ പിന്നെ ഈ ഷോപ്പ് വളര്‍ന്നു ജെന്റ്സ് ബ്യൂട്ടി പാര്‍ലര്‍ ആയി. അതോടൊപ്പം കടയുടെ ചിത്രം തന്നെ ആകെ മാറി. വന്‍ ലൈറ്റുകളും എയര്‍ കണ്ടീഷണറും ഒക്കെയായി ബാര്‍ബര്‍ ഷോപ്പിന്റെ ചരിത്രം തന്നെ അവര്‍ മാറ്റിയെഴുതി.

കാലം നടത്തിയ മാറ്റങ്ങള്‍

    മുകളില്‍ പറഞ്ഞ പോലെ ബാര്‍ബര്‍ ഷോപ്പ് എന്ന സങ്കല്‍പം തന്നെ ഇന്ന് കേരളത്തില്‍ ഒരുപാടു തവണ മാറ്റിയെഴുതപ്പെട്ടിരിക്കുന്നു. ഒപ്പം ക്ഷുരകന്‍മാരുടെ സാമൂഹ്യ സ്ഥിതിയും. പണ്ട് ഒരുപാടു അവഗണനകളും അധിക്ഷേപങ്ങളും ഏറ്റു വാങ്ങി കിടന്ന ഒരു സമൂഹം ഇന്ന് ആ കെട്ടുപാടുകള്‍ വിട്ടു അഭിമാനത്തോടെ അവരുടെ ജോലി ചെയ്യുന്നത് ആണ് കാണാന്‍ കഴിയുന്നത്‌. എനിക്കിപ്പോഴും ഓര്‍മയുണ്ട് ... ഒരിക്കല്‍ ഒരു അപ്പൂപ്പന്‍ ബാര്‍ബറെ കൊണ്ട് സ്വന്തം കക്ഷം  ഷേവ് ചെയ്യിക്കുന്നത്. എന്നാല്‍ അതേ ബാര്‍ബര്‍ തന്നെ കുറച്ചു വര്‍ഷത്തിനു ശേഷം എന്റെ തന്നെ മുന്നിലിരുന്നു വേറൊരാളോട് അതൊന്നും ചെയ്യാന്‍ പറ്റില്ല എന്ന് തറപ്പിച്ചു പറയുന്നതും കണ്ടു. ഒരു കണക്കിന് കേരളത്തിന്റെ മാറിയ സാമൂഹ്യ ജീവിതത്തിന്റെ ഒരു നേര്‍ക്കാഴ്ച ആണ് ഓരോ ബാര്‍ബര്‍ ഷോപ്പും ഓരോ ബാര്‍ബറും എന്ന് പറയാം. സ്വന്തം ജോലി എന്താണ് എന്ന് സ്വയം നിര്‍വചിക്കാനും അതിനനുസരിച്ച് ഡിമാന്റ് ചെയ്യാനും ഒരു തൊഴില്‍ സമൂഹം സ്വയം പഠിച്ചു എന്നത് ഒരു ചില്ലറ കാര്യമല്ല. അതറിയണമെങ്കില്‍ നിങ്ങള്‍ കേരളം വിട്ടുള്ള സംസ്ഥാനങ്ങളിലെ ബാര്‍ബര്‍മാരെ നോക്കണം. വീട്ടില്‍ പോയി പ്രമാണിമാര്‍ക്ക് ക്ഷൌരം ചെയ്തു കൊടുക്കുന്ന ഒരാളെ പോലും ഇന്ന് കേരളത്തില്‍ കാണാന്‍ കിട്ടില്ല എന്നാണു എന്റെ വിശ്വാസം. ബാര്‍ബര്‍ ഷോപ്പില്‍ പൊയ്ക്കൊണ്ടിരുന്ന മലയാളിയുടെ ശീലങ്ങളും മാറിയിരിക്കുന്നു. ഏതെങ്കിലും ഷോപ്പില്‍ പോയി ബാര്‍ബറുടെ മുന്നില്‍ തലയും കുനിച്ചിരുന്നു മുടി വെട്ടി തിരിച്ചു വന്നിരുന്ന പഴയ മലയാളി അല്ല ഇന്നത്തെ മലയാളി. ബ്യൂട്ടി പാര്‍ലറില്‍ പോയിരുന്ന സ്ത്രീകളെ പരിഹാസത്തോടെ കണ്ടിരുന്ന പണ്ടത്തെ പുരുഷന്മാര്‍ ഇന്ന് പരസ്യമായി ജെന്റ്സ് പാര്‍ലറുകളിലും സ്പാകളിലും പോകുന്നു. സ്വന്തം സൌന്ദര്യത്തെ പറ്റി വ്യാകുലപ്പെടുന്നു. മുടി ഇല്ലാത്തവര്‍ ഗള്‍ഫ്‌ ഗേറ്റ് പോലുള്ള കമ്പനികളുടെ വിഗ്ഗുകള്‍ വച്ച് പിടിപ്പിക്കുന്നു. സുന്ദരനാകുന്നു. ഇതെല്ലാം മാറുന്ന മലയാളിയുടെ പരിശ്ചേദം ആണ്. സ്വന്തം കപട വ്യക്തിത്വം വിട്ടു പുറത്തു വരാന്‍ തയ്യാറുള്ള പുതിയ മലയാളി സമൂഹത്തെ വേണം ഇത്തരം ബ്യൂട്ടി പാര്‍ലറുകള്‍ നാം കാണേണ്ടത്.

കുലത്തൊഴില്‍ കുലത്തൊഴില്‍ അല്ലാതാകുമ്പോള്‍ 


    ശ്രദ്ധേയമായ മറ്റൊരു കാര്യമുണ്ട്. നശിച്ച ജാതി വ്യവസ്ഥ കാരണം സ്വാമി വിവേകാനന്ദന്‍ ഒരു കാലത്ത് കേരളത്തെ വിശേഷിപ്പിച്ചത്‌ ഭ്രാന്താലയം എന്നാണ്.  അങ്ങനെ ഒരു സ്ഥലത്ത് ഏറ്റവും കൂടുതല്‍ കുത്തുവാക്കുകള്‍ കേട്ട് കിടന്ന ഒരു ജാതിയാണ് ക്ഷുരകന്മാരുടെത്. ഉയര്‍ന്ന ജാതിയില്‍ പോലുമുള്ള ആള്‍ക്കാര്‍ അവരുടെ ഇടയില്‍ തന്നെയുള്ള ബാര്‍ബര്‍മാരെ വേറെ പേരിട്ടു മാറ്റി നിര്‍ത്തി. നായര്‍ സമുദായത്തിലെ വിളക്കിത്തല നായര്‍ ഉദാഹരണം. അന്യ സമുദായങ്ങളും മോശമല്ല. മുസ്ലീങ്ങള്‍ അവരുടെ ഇടയിലെ ബാര്‍ബറെ ഒസ്സാന്‍ എന്ന് വിളിച്ചു. ഒസ്സാന് മുടി വെട്ടല്‍ മാത്രമല്ല പണി. സുന്നത്ത് കര്‍മം നിര്‍വഹിക്കുന്നതും ഒസ്സാനാണ്. പണ്ടൊക്കെ ഒരു പണിയും ചെയ്യാതെ ഉഴപ്പി നടക്കുന്നവരോട് തനിക്കു പോയി ചെരച്ചു കൂടെടോ എന്നാണ് ആള്‍ക്കാര്‍ ചോദിക്കാറുണ്ടായിരുന്നത് . ഷേവ് ചെയ്യാന്‍ വേണ്ടി സോപ്പ് ഇടുന്നത് കാലക്രമേണ മണിയടിയുടെ പര്യായമായും ആളുകള്‍ വിളിച്ചു. എന്നാല്‍ ഇന്ന് അത് കുറെയേറെ മാറിയിരിക്കുന്നു. ഒരു കുലത്തൊഴില്‍ എന്ന രീതിയില്‍ നിന്ന് എല്ലാ ജാതിയിലും ഉള്ള ആളുകള്‍ ചെയ്യുന്ന ഒരു തൊഴില്‍ ആയി ഇത് മാറിയിരിക്കുന്നു. അതായതു ഒരു തൊഴിലിന്റെയെങ്കിലും തൊട്ടു കൂടായ്മ മാറിയിരിക്കുന്നു എന്ന് ചുരുക്കം. ഇതിനെ വളരെ പോസിറ്റീവ് ആയ ഒരു നേട്ടമായാണ് നമ്മള്‍ കാണേണ്ടത്. പ്രത്യേകിച്ച് നമ്മുടെ തൊട്ടടുത്ത അയാള്‍ സംസ്ഥാനങ്ങള്‍ ആയ തമിഴ്നാട്ടിലും കര്‍ണാടകയിലും ഇതേ ജാതിക്കാരെ ട്രീറ്റ്‌ ചെയ്യുന്നത് വച്ച് നോക്കുമ്പോള്‍.

ബാര്‍ബര്‍ ഷോപ്പിന്റെ രാഷ്ട്രീയം 


    കുറച്ചു വര്‍ഷം മുമ്പ് ടി വി ചന്ദ്രന്റെ ഒരു ചിത്രം കണ്ടത് ഓര്‍ക്കുന്നുണ്ടോ ? മമ്മൂട്ടി നായകനായ ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം എന്ന സിനിമ. ഒരു ബാര്‍ബര്‍ ആയ കമ്മ്യൂണിസ്റ്റ്‌ ആണ് കഥാനായകന്‍. അയാളുടെ വീക്ഷണത്തില്‍ കേരളത്തിന്റെ ചരിത്രത്തിലേയ്ക്ക് തിരിഞ്ഞു നോക്കുകയാണ് ഈ ചിത്രത്തില്‍. ഒരു കണക്കിന് ബാര്‍ബര്‍ ഷോപ്പുകളും ചായക്കടകളും ആണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്തിരുന്ന സ്ഥലങ്ങള്‍. 'രാഷ്ട്രീയം പറയരുത്' എന്ന ബോര്‍ഡ് വച്ചിരുന്ന രണ്ടേ രണ്ടു സ്ഥലങ്ങള്‍ ഇതായിരുന്നു. ദിന പത്രങ്ങള്‍ വായിക്കുകയും കേരളത്തിന്റെ സമകാലിക രാഷ്ട്രീയത്തെ പറ്റി ആധികാരികമായി സംസാരിക്കാന്‍ കഴിവുള്ള ബാര്‍ബര്‍മാര്‍ വളരെ കോമണ്‍ ആയിരുന്നു. ശ്രീനിവാസന്റെ ചില ചിത്രങ്ങളില്‍ കാണിക്കുന്നത് പോലെ അന്താരാഷ്‌ട്ര വിഷയങ്ങളെ പറ്റി വരെ ആഴത്തില്‍ അറിയാമായിരുന്ന ക്ഷുരകന്മാര്‍ നമ്മുടെയിടയില്‍ ജീവിച്ചിരുന്നു. പത്രങ്ങളും ആനുകാലികങ്ങളും വായിക്കാന്‍ വേണ്ടി ഇത്തരം കടകള്‍ സന്ദര്‍ശിക്കുന്ന പലരും ഉണ്ടായിരുന്നു. മുടി വെട്ടുന്നതിനിടയിലുള്ള ഇടവേളയില്‍ ഇടപാടുകാരനുമായി ഇതൊക്കെ സംസാരിച്ചു സമയം പോക്കുന്നവരായിരുന്നു ഈ പഴയ തലമുറയില്‍ പെട്ട ബാര്‍ബര്‍മാര്‍. മാത്രമല്ല നാട്ടിലെ ഒരുവിധമുള്ള എല്ലാവരുടെയും തലയിലും താടിയിലും കൈ വയ്ക്കുന്നവര്‍ എന്ന നിലയില്‍ ജനങ്ങളുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്നവര്‍
ആയിരുന്നു അവരില്‍ പലരും. കൂടാതെ തലമുറ തലമുറയായി കൈമാറി കിട്ടി കട നടത്തുന്നവരായിരുന്നു അവരില്‍ പലരും. പക്ഷെ അതെപ്പോഴോ മുറിഞ്ഞു. ഈ തൊഴില്‍ എങ്ങനെയൊക്കെ ചെയ്താലും സമൂഹത്തില്‍ നിന്ന് അവജ്ഞ മാത്രമേ ഉണ്ടാവു എന്ന് തോന്നിയിട്ടോ എന്തോ പുതിയ തലമുറയെ സ്കൂളില്‍ വിട്ടു പഠിപ്പിക്കാന്‍ ആണ് അവരില്‍ പലരും പിന്നീട് ശ്രമിച്ചത്. ഭാര്‍ഗവന്‍ മൂത്താന്റെ രണ്ടാം തലമുറ ഈ പണിയേ വേണ്ടാ എന്ന് വച്ച് ഗള്‍ഫില്‍ പോയി.

    കേരളത്തിലെ എല്ലാ ബാര്‍ബര്‍ ഷോപ്പിലും കണ്ടിരുന്ന ഒരു ബോര്‍ഡ് ഉണ്ട് .കേരള ബാര്‍ബര്‍ അസോസിയേഷന്‍ എല്ലാ വര്‍ഷവും പുറത്തിറക്കുന്ന റേറ്റ് കാര്‍ഡ്‌. കട്ടിംഗ് - 10 രൂപ , ഷേവിംഗ് - 20 രൂപ എന്നിങ്ങനെ ഓരോ ജോലിക്കുമുള്ള വില വിവര പട്ടിക. ഇത്രയും വര്‍ഷമായിട്ടും വേറൊരു സംഘടനയുടെ ഒരു ബോര്‍ഡ്‌ ഞാന്‍ ആ സ്ഥാനത്ത് കണ്ടിട്ടില്ല. അത്രയ്ക്ക്  കെട്ടുറപ്പുള്ള ഒരു സംഘടനയാണ്. രാഷ്ട്രീയപരമായി ഇടപെടാതെ  സ്വന്തം അംഗങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരേ ഒരു സംഘടന ആണ് ഇതെന്ന് തോന്നുന്നു. കേരളത്തിലെ വര്‍ധിച്ചു വരുന്ന ജീവിത ചിലവിന്റെ ഒരു ട്രെന്‍ഡ് കാണണമെങ്കില്‍ ഈ റേറ്റ് കാര്‍ഡിന്റെ പല വര്‍ഷങ്ങളിലെ പതിപ്പുകള്‍ എടുത്തു നോക്കിയാല്‍ മതിയാവും. വലിയ തത്വങ്ങള്‍ പറഞ്ഞു നടക്കുന്ന പല സംഘടനകള്‍ക്കും ഒരു മാതൃകയാണ് ഇത്.

     ലോകത്ത് ഏറ്റവും വേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്ന ഒരു വസ്തുവാണ് മലയാളി. അനുദിനം, അനുനിമിഷം മലയാളി അടിമുടി മാറിക്കൊണ്ടിരിക്കുന്നു. ഇങ്ങനെ പ്രകാശ വേഗത്തില്‍ മാറ്റം സംഭവിക്കുന്ന മലയാളിയെ ഏറ്റവും എളുപ്പം ചേര്‍ത്ത് വായിക്കാന്‍ പറ്റുന്ന ഒന്നാണ് ബാര്‍ബര്‍ ഷോപ്പും ക്ഷുരകന്‍മാരുടെ ജീവിതവും. മലയാളി സമൂഹത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന എന്തിന്റെയും ഏതിന്റെയും മാതൃകകള്‍ ഒരു ബാര്‍ബര്‍ ഷോപ്പില്‍ കാണാന്‍ പറ്റും. ഉദാഹരണത്തിന് നമ്മുടെ ജീവിത രീതിയില്‍ വന്ന മാറ്റം. പണ്ടൊക്കെ ഹെയര്‍ ഡൈ എന്ന് പറഞ്ഞാല്‍ ഒന്നുകില്‍ കാലി മെഹന്ദി അല്ലെങ്കില്‍ ഗോദ്റെജ് ഹെയര്‍ ഡൈ. പക്ഷെ ഇപ്പൊ നോക്കൂ. മിക്ക ഷോപ്പുകളിലും Revlon , Garnier തുടങ്ങിയ ആഗോള ബ്രാന്‍ഡുകള്‍ ആണ് ഉപയോഗിക്കുന്നത്. ആലം എന്ന് പറയുന്ന സാധനം അങ്ങാടി കടകളില്‍ മാത്രം കിട്ടുന്ന ഒരു വസ്തുവായി ചുരുങ്ങി. കുട്ടിക്കൂറയ്ക്ക് പകരം യാര്‍ഡ്‌ലിയും അത് പോലുള്ള സാധനങ്ങളും സ്ഥാനം പിടിച്ചിരിക്കുന്നു. എന്തിനു മലയാളിയുടെ വളര്‍ച്ച പ്രാപിച്ച ലൈംഗികതയ്ക്ക് വരെ ഇവിടെ ഉദാഹരണം കാണാം. പണ്ടൊക്കെ ബാര്‍ബര്‍ ഷോപ്പില്‍ നിങ്ങള്‍ ഇരിക്കുന്ന കസേരയ്ക്കു അഭിമുഖമായി നടിമാരുടെയും മറ്റും അര്‍ദ്ധ നഗ്ന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമായിരുന്നു. മുടി വെട്ടുമ്പോള്‍ തല അനക്കാതെ ഇരിക്കാനുള്ള ഒരു ചെപ്പടി വിദ്യ. ആ ചിത്രങ്ങള്‍ക്ക് കാലാ കാലങ്ങളില്‍ മാറ്റം സംഭവിക്കുകയും ഒടുവില്‍ അത് അപ്രത്യക്ഷമാവുകയും ചെയ്തു. ഇങ്ങനത്തെ ചെറിയ പടങ്ങള്‍ കൊണ്ടൊന്നും മലയാളിയെ പിടിച്ചിരുത്താന്‍ പറ്റില്ല എന്ന തിരിച്ചറിവ് തന്നെയാവണം കാരണം :)


ഒരു പിന്‍ കുറിപ്പ് കൂടി 


     ബാര്‍ബര്‍, ക്ഷുരകന്‍ എന്നൊക്കെ ഇവിടെ ഉപയോഗിച്ചിരിക്കുന്നത് ഈ തൊഴില്‍ ചെയ്യുന്നവരെയോ അല്ലെങ്കില്‍ ചില സമുദായങ്ങളെ കളിയാക്കാനോ വേണ്ടിയല്ല. അതൊഴിവാക്കി ഈ പോസ്റ്റിനു പൂര്‍ണത ഉണ്ടാവില്ല എന്നത് കൊണ്ട് മാത്രമാണ്. ഈ ബ്ലോഗിന്റെ സ്ഥിരം വായനക്കാര്‍ ആയ സുഹൃത്തുക്കളെ ഉദ്ദേശിച്ചല്ല ഈ കുറിപ്പ്. അവര്‍ക്ക് ഇത് ഏത് സെന്‍സില്‍ ആണ് എഴുതിയിരിക്കുന്നത് എന്ന് പറയാതെ തന്നെ മനസ്സിലാവും. എന്നാല്‍ എന്തും ഏതും ജാതിയുമായി ബന്ധിപ്പിച്ചു വഷളാക്കുന്ന ചില തല്ലിപ്പൊളികളും ഇവിടെയുണ്ട്. അവരെ ഉദ്ദേശിച്ചു , അവരെ മാത്രം ഉദ്ദേശിച്ചാണ് ഈ കുറിപ്പ്.

2012 മാർച്ച് 23, വെള്ളിയാഴ്‌ച

വളരെ വളരെ 'വില പിടിച്ച' ഒരു നഗരം




 ഇത് ബാന്‍ഗ്ലൂര്‍ മലയാളികള്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്ന ഒരു പോസ്റ്റ്‌ ആണ്. എന്തിനും ഏതിനും പ്രതികരിക്കുന്ന ആള്‍ക്കാരുടെ നാടായ കേരളത്തില്‍ നിന്ന് ഒരു മലയാളി ഇവിടെ വന്നാല്‍ പ്രതികരണം പോയിട്ട് ഒരു വികാരവുമില്ലാതെ ജീവിക്കുന്നത് കാണണമെങ്കില്‍ ബാംഗ്ലൂര്‍ വന്നു നോക്കണം. ഇത് പോലെ ഒരു വ്യവസ്ഥയുമില്ലാത്ത ഒരു സംസ്ഥാനം ചിലപ്പോ ഇന്ത്യാ മഹാരാജ്യത്ത് തന്നെ കാണില്ല. സാധനങ്ങളുടെ വില നിയന്ത്രിക്കാന്‍ ആരുമില്ലാത്ത , അക്ഷരാര്‍ത്ഥത്തില്‍ ചോദിക്കാനും പറയാനും ആരുമില്ലാത്ത ഒരു കോസ്മോപൊളിറ്റന്‍ സിറ്റി. എം ആര്‍ പിയെക്കാള്‍ ഒരു പൈസ പോലും കൂടുതല്‍ വാങ്ങാന്‍ പാടില്ല എന്നാണല്ലോ നിയമം. എന്നാല്‍ ഇവിടെ എല്ലാത്തിനും എം ആര്‍ പിയെക്കാള്‍ വില കൂടുതല്‍ ആണ്. ഒരു പാക്കറ്റ് സിഗരറ്റിനു രണ്ടോ മൂന്നോ രൂപ കൂടുതല്‍ വാങ്ങും. ചോദിച്ചാല്‍ ഇവിടെ അങ്ങനെയാണ്, വേണമെങ്കില്‍ വാങ്ങിച്ചാല്‍ മതി എന്ന് പറയും. നിങ്ങള്‍ക്ക് വേറെ ഓപ്ഷന്‍ ഒന്നുമില്ല. എല്ലാ കടക്കാരും ഒരുമിച്ചുള്ള പരിപാടിയാണ്. ശീതള പാനീയങ്ങള്‍ക്കെല്ലാം വില കൂടുതല്‍. ഓട്ടോ ചാര്‍ജ് മിനിമം ഇരുപതു രൂപയാണ്. ഇത് സര്‍ക്കാര്‍ അംഗീകരിച്ചതാണ് കേട്ടോ. ഇതിന്റെ കാരണം കേട്ടാല്‍ ചിരി വരും. സിറ്റിയില്‍ ആയിരക്കണക്കിന് ഓട്ടോകള്‍ക്ക് സര്‍ക്കാര്‍ ലൈസന്‍സ് കൊടുത്തു. അങ്ങനെ ഒട്ടോകളുടെ എണ്ണം യാത്രക്കാരെക്കാള്‍ കൂടി. സ്വാഭാവികമായും അവന്മാരുടെ ലാഭം കുറഞ്ഞു. അപ്പോള്‍ അവര്‍ പുതിയ വാദവുമായി വന്നു. ചാര്‍ജ് കൂട്ടണമെന്ന് പറഞ്ഞിട്ട്. സര്‍ക്കാര്‍ ഉടന്‍ തന്നെ ഇരുപതു രൂപയാക്കി കൊടുത്തു. ഒരു പക്ഷികുഞ്ഞു പോലും പ്രതികരിച്ചില്ല. ഈ ഇരുപതു രൂപ എന്നത് വെറും പേരിനു മാത്രമാണ്. അനൌദ്യോഗികമായി ഇത് മുപ്പതു രൂപയാണ്. മാത്രമല്ല അവര്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തേക്ക് മാത്രമേ സവാരി വരികയും ഉള്ളൂ.  ഇത് കൊണ്ടുണ്ടായ ഒരേ ഒരു ഗുണം എന്താന്നു വച്ചാല്‍ ആള്‍ക്കാര്‍ ഓട്ടോക്ക് പകരം വേറെ വഴികള്‍ കണ്ടു പിടിച്ചുപയോഗിക്കാന്‍ തുടങ്ങി എന്നതാണ്. അതായത് സൈക്കിള്‍ , ബസ്‌ തുടങ്ങിയവ. വീട്ടു വാടകയുടെ കാര്യമാണെങ്കില്‍ പറയണ്ട. അമേരിക്കന്‍ മാര്‍ക്കറ്റ്‌ ഹൈ ആയാല്‍ ഇവിടത്തെ വാടകയും കൂടും. പട്ടിക്കൂട് പോലുള്ള വീട്ടിനു പോലും ഒന്‍പതിനായിരം മുതല്‍ പതിനായിരം വരെ കൊടുക്കണം. അതായതു 1  BHK വീടിന്. നല്ല ഒരു രണ്ടു ബെഡ് റൂം വീട് പന്ത്രണ്ടായിരത്തില്‍ കുറഞ്ഞു കിട്ടില്ല.അത് പോലെ തന്നെ കൈക്കൂലി. പൈസ ഇറക്കാതെ ഒരു കാര്യം ഇവിടെ നടക്കില്ല. നിയമപരമായി നിങ്ങളുടെ കയ്യില്‍ എന്ത് രേഖയുണ്ടെങ്കിലും ഏറ്റവും പ്രധാനപ്പെട്ട 'രേഖ' ഇല്ലാത്ത കാര്യം നടക്കില്ല. പണത്തിനു വേണ്ടി ഇതു ലെവല്‍ വരെ താഴാനും ഇവിടെ ഒരുത്തനും മടിയില്ല. ഇവിടെ ഹൈ കോടതിയില്‍ വക്കീലന്മാര്‍ എല്ലാവരും കൂടി ഒരു പാവത്തിനെ തല്ലി കൊന്നത് പത്രത്തില്‍ വായിച്ചിരിക്കുമല്ലോ. രാഷ്ട്രീയക്കാര്‍ എല്ലാം ഗുണ്ടകളെ പോലെയാണ് പെരുമാറുന്നത്. അധികാരം പണം ഉണ്ടാക്കാന്‍ വേണ്ടി മാത്രം ഉപയോഗിക്കുന്ന നേതാക്കള്‍ വേറെ കാണില്ല. ഇവിടെ നടക്കുന്ന എല്ലാ വികസനവും പണം ഉണ്ടാക്കാന്‍ ഉള്ള കുറുക്കു വഴികള്‍ മാത്രമാണ്. മാത്രമോ അധികാരത്തിനു വേണ്ടിയുള്ള കടിപിടികള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാവുമല്ലോ. യെദിയൂരപ്പ അഴിമതി കേസില്‍ പുറത്തായപ്പോള്‍ പറഞ്ഞ എക്സ്ക്യൂസ് കേട്ടില്ലേ. ദേവെഗൌഡ ഉണ്ടാക്കിയതിന്റെ ആയിരത്തി ഒന്നുപോലും ഞാന്‍ ഉണ്ടാക്കിയിട്ടില്ല. ഞാന്‍ നിരപരാധി ആണെന്ന്. ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ആയിരുന്ന ദേവെഗൌഡയും മക്കളും കൂടി ഉണ്ടാക്കിയ സ്വത്തിന്റെ വിവരങ്ങള്‍ കേട്ടാല്‍ നിങ്ങളുടെ കണ്ണ് തള്ളും. മാണ്ട്യയുടെ ഭൂരിഭാഗം പ്രദേശങ്ങളും അവരുടെ കയ്യിലാണ്. കുറച്ചു കാലം കൂടി അങ്ങേര്‍ പ്രധാനമന്ത്രി ആയിരുന്നുവെങ്കില്‍ ഇന്ത്യയുടെ പകുതിയും അവര്‍ കൈക്കലാക്കിയേനെ. പക്ഷെ എന്നിട്ടും കുമാര സ്വാമി ഒക്കെ ഇപ്പോഴും ശക്തനായ നേതാവാണ്‌. അങ്ങനെ ചൂഷണത്തിന്റെ ഒട്ടനവധി കഥകള്‍ പേറുന്ന ഒരു നഗരമാണ് ബാംഗ്ലൂര്‍. നിങ്ങള്‍ക്കും ഇത് പോലുള്ള അനുഭവങ്ങള്‍ ഉണ്ടെങ്കില്‍ പങ്കു വയ്ക്കൂ.

വാല്‍ക്കഷണം :
കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ ഒരു കടയില്‍ എന്തോ സാധനത്തിനു ഒരു രൂപ കൂടുതല്‍ വാങ്ങിയെന്ന് പറഞ്ഞു ഒരാള്‍ കടക്കാരനുമായി തല്ലു പിടിക്കുന്നത്‌ കണ്ടു. സത്യത്തില്‍ ആ കവറില്‍ അടിച്ച വില തെറ്റായത് കാരണം ഉണ്ടായ കണ്‍ഫ്യൂഷന്‍ ആണ്. കടക്കാരന്‍ ആ കമ്പനിയുടെ അച്ചടിച്ച നോട്ടീസ് കസ്ടമറെ കാണിക്കുന്നുണ്ടായിരുന്നു. വിലയില്‍ വന്ന ഈ അച്ചടി പിശക് ക്ഷമിച്ചു  ഒരു രൂപ കൂടുതല്‍ കൊടുത്തു സഹകരിക്കണം എന്ന്. അത് കണ്ടപ്പോള്‍ നമ്മുടെ നാട്ടുകാരെ കുറിച്ചോര്‍ത്തു അഭിമാനമാണ് തോന്നിയത്. ഇവിടെയുള്ള കഞ്ഞികള്‍ക്ക് ഇങ്ങനൊന്നും ചിന്തിക്കാനേ കഴിയില്ല. ചുമ്മാതല്ല നെപ്പോളിയന്‍  പറഞ്ഞത് ഓരോ ജനതയ്ക്കും അവര്‍ അര്‍ഹിക്കുന്ന ഭരണാധികാരിയെ മാത്രമേ കിട്ടൂ എന്ന്.

2012 മാർച്ച് 18, ഞായറാഴ്‌ച

മുല്ലപ്പെരിയാറില്‍ മുല്ലകള്‍ പൂത്തു - ഇനിയും പൊട്ടാത്ത ഒരു ഡാമും പഠിച്ച പാഠങ്ങളും

എന്റെ ഒരു പ്രിയ സുഹൃത്ത്‌ ഷമില്‍ ഈയിടയ്ക്ക് ഇട്ട ഒരു കമന്റില്‍ നമ്മുടെ മാധ്യമങ്ങളുടെ പത്ര പ്രവര്‍ത്തന രീതിയെ പറ്റി ഒരു വിമര്‍ശനം നടത്തിയിരുന്നു. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാല്‍ നമ്മുടെ മാധ്യമങ്ങളുടെയും ഓണ്‍ലൈന്‍ മീഡിയയുടെയും, എന്തിനു നമ്മുടെ തന്നെയും അവസരവാദത്തിനെ പറ്റി. അത് കണ്ടിട്ട് ആദ്യം ഒന്നും തോന്നിയില്ലെങ്കിലും പിന്നീടു ആലോചിച്ചപ്പോള്‍ തോന്നി അത് എത്രത്തോളം ശരിയാണെന്ന്. പക്ഷെ മുല്ലപ്പെരിയാര്‍ അണക്കെട്ട് എന്ന വിഷയം നമ്മള്‍ ചര്‍ച്ച ചെയ്യുന്ന രീതി കണ്ടിട്ട് അത്ഭുതവും അത് പോലെ തന്നെ ഷാമില്‍ പറഞ്ഞത് അക്ഷരം പ്രതി സത്യമാണെന്ന് തെളിയുന്നു. വാര്‍ത്തകള്‍ ഫോളോ അപ്പ്‌ ചെയ്യുന്ന കാര്യത്തില്‍ നമ്മുടെ മാധ്യമങ്ങള്‍ പൊതുവേ പിന്നോക്കമാണെന്നു ഒരു പറച്ചില്‍ ഉണ്ട്. പക്ഷെ അതിനെന്താ കാരണം ? ഇതൊക്കെ പെട്ടെന്ന് മറക്കാനുള്ള നമ്മുടെ കഴിവ് തന്നെ. അന്ന് തമിഴ് നാട് പറഞ്ഞതായിരുന്നോ ശരി എന്ന് മലയാളികള്‍ വരെ സംശയിച്ചു പോകുന്ന രീതിയില്‍ ഈ വിഷയം മറവിയിലേയ്ക്ക് എടുത്തെറിയപ്പെട്ടിരിക്കുന്നു. ഒരിട കൊണ്ട് കത്തി തീര്‍ന്ന ഒരു അമിട്ട് പോലെ അങ്ങിങ്ങായി ചെറിയ തീക്കനലുകള്‍ അവശേഷിപ്പിച്ചു കൊണ്ട് അതിന്റെ കടലാസും കത്തി തീര്‍ന്ന കരിമരുന്നും മാത്രമായി അത് മാറി. പക്ഷെ ഇതില്‍ നിന്ന് നമ്മള്‍ പല പാഠങ്ങളും പഠിച്ചു. അതിലേയ്ക്ക് പോകുന്നതിനു മുമ്പ് ഈ വിഷയം കത്തി നിന്ന കാലത്തേയ്ക്ക് ഒന്ന് തിരിഞ്ഞു നോക്കാം.


അന്ന് പ്രചരിച്ചിരുന്ന ചില മെയിലുകളും പോസ്റ്റുകളും ..


What will happen to Kerala and South India if Mullaperiyar Dam breaks?

1) Under water sea cable for internet connectivity connects India to rest of the world , thats only in Cochin. If Cochin Goes Down, South Indian IT Hub will come to a stand still. All the gateway CISCO routers , switches etc in Kakkanad will float in Arabian Ocean. IP packets from Bangalore, chennai etc will not cross the ocea...n.......
2) Cochin Refineries - Which refines petroleum products and services most of South India. If it is washed away, TamilNadu, Karnataka and Andhra has to find much more expensive options for Petroleum Refineries.
3) Kerala will be in complete darkness for ages, no TV, no Internet, no Mobile towers, once the Idukki hydro electric power plant is washed away, resulting from Mullaperiyar collapse.
4) Kerala... will be divided into 2 lands, impacting geography of India, and washing away an area of vast bio diversity, along with 30 lakh people. Serving rest of the people with food and other stuffs will be an extremely tedious task.
5) Port City of Cochin, will not be in world map anymore. Vallarpadam port will be a history, all of South India has to again depend on Colombo for Mother ships , a very expensive option.
6) Tamil Nadu will not get water for irrigation or drinking anymore, as stored water in Mullaperiyar dam will flow to the ocean, when the dam collapses.
7) Along its course, the water current will wash Idukki Dam, and many many Industries , Factories, IT Parks, Hospitals, Ports, Cochin City, temples, mosques, churches etc etc to the Arabian Ocean.
8) A disaster 180 times terrific than Hiroshima. This is not exaggeration. Spread this, my friends. Information is power. Kerala as well as Tamil Nadu are stakeholders in this issue. More than us, its normal Tamil people(excluding power-hungry politicians) who need such info. We need our brothers and sisters across the border to pressurize their own politicians to consider this as a humanitarian crisis, rather than an inter-state dispute.
 













ഇതില്‍ നിന്നൊക്കെ നാം എന്ത് പഠിച്ചു ? 



  •  ഇതില്‍ പങ്കെടുക്കാതെ മാറി നിന്ന നമ്മുടെ സിനിമാക്കാരെ നമ്മള്‍ തെറി വിളിച്ചു. പക്ഷെ സ്വന്തം കാര്യം നോക്കിയ അവരൊക്കെ മിടുക്കന്മാര്‍ ആണെന്ന് തെളിഞ്ഞു.
  • ഇവിടത്തെ സിനിമകളില്‍ വന്നു അഭിനയിച്ചു അവാര്‍ഡും പൈസയും ഉണ്ടാക്കിയ തമിഴ് നടന്മാരും ഒന്നും മിണ്ടിയില്ല. മാത്രമല്ല ശരത് കുമാര്‍ അടക്കമുള്ളവര്‍ അവിടെയിരുന്നു നമ്മളെ തെറി വിളിക്കുകയും ചെയ്തു. അവര്‍ക്ക് വല്ലതും പറ്റിയോ ? ഇല്ല. നമ്മള്‍ അങ്ങേരെ ദാണ്ടെ ഇപ്പോഴും വിളിച്ചു പടത്തില്‍ അഭിനയിപ്പിക്കുന്നു. ഇടുക്കിയില്‍ കുടിയേറിയ തമിഴന്മാര്‍ അവസരം മുതലാക്കി ഇടുക്കിയെ തമിഴ് നാടിനോട് ചേര്‍ക്കണമെന്ന് സമരം ചെയ്തു മിടുക്കന്മാരായി. 
  • ഡാമിന് വേണ്ടി ഏറ്റവും കൂടുതല്‍ കണ്ണീരൊഴുക്കിയ ജോസഫ്‌ സാറിനെ ഇപ്പൊ എവിടെ കാണാന്‍ പറ്റും ? 
  • അദ്ദേഹത്തെ അടിമുടി കളിയാക്കിയ പ്രതിപക്ഷവും ഇത് മറന്നോ ?
  • കുറെ സിനിമാക്കാര്‍ മറൈന്‍ ഡ്രൈവില്‍ പോയി മെഴുകു തിരി കത്തിച്ചു. അവരൊക്കെ ഇപ്പൊ എന്ത് ചെയ്യുന്നു ?
  • തമിഴന്മാര്‍ മണ്ടന്മാര്‍ ആണെന്ന് എല്ലാവരും പറഞ്ഞിട്ടെന്തായി ? ഒടുവില്‍ അവര്‍ പറഞ്ഞ പോലെ തന്നെ നടന്നില്ലേ ? ജയ ലളിതയുടെ പകുതി പോലും ധൈര്യമില്ലാത്ത നമ്മുടെ അഭിനവ ഗാന്ധിമാര്‍ പറഞ്ഞതില്‍ എന്താണ് നടന്നത് ?
  • ഇത്രയും വ്യക്തമായ ഭീഷണി ഉണ്ടായിട്ടും ബുദ്ധിജീവി ചമയാന്‍ വേണ്ടി ന്യൂട്രല്‍ വാദങ്ങളുമായി ബാക്കിയുള്ളവനെ കളിയാക്കുന്ന രീതിയിലുള്ള അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയ മലയാളി സഹോദരങ്ങളും ഇവിടെ ഉണ്ടെന്നു തെളിഞ്ഞു. 
  • കൂടംകുളത്തും മുല്ലപ്പെരിയാറിലും ജീവന്റെ നിര്‍വചനം രണ്ടാണെന്ന് നാം അറിഞ്ഞു. 
  • ഇവിടെ നടന്നത് ഒന്ന് മാത്രം. പരസ്യമായ മനുഷ്യാവകാശ ലംഘനം. തുടരെയുള്ള ഭൂമി കുലുക്കങ്ങള്‍ കാരണം എപ്പോള്‍ വേണമെങ്കിലും തകരാന്‍ സാധ്യതയുള്ള ഒരു ഡാമിന് കീഴെ , കുത്തിയൊലിച്ചു വരാന്‍ പോകുന്ന വെള്ളത്തിനെ പേടിച്ചു മരിച്ചു ജീവിക്കുന്ന ഒരു കൂട്ടം ജനങ്ങളുടെ ജീവന് ഒരു വിലയും ഇല്ല എന്ന മട്ടിലാണ് നമ്മുടെ ഭരണ കൂടം പെരുമാറിയത്
  • ജനങ്ങള്‍ മരിക്കും എന്ന് കേട്ടാല്‍ പോലും മുട്ട് ന്യായങ്ങള്‍ പറഞ്ഞു അത് പാടെ അവഗണിക്കാന്‍ തക്ക കല്ല്‌ പോലുള്ള മനസ്സുള്ള ഒരു കൂട്ടം മൃഗങ്ങള്‍ ആണ് നമ്മളെ ഭരിക്കുന്നതെന്ന് നാം അറിഞ്ഞു. 
  • വിവരക്കേടിന്റെയും ധാര്‍ഷ്ട്യത്തിന്റെയും മുന്നില്‍ നന്മയുടെയും സാഹോദര്യത്തിന്റെയും  കഥ പറഞ്ഞിരുന്നാല്‍ ഒടുവില്‍ നഷ്ടം മാത്രമാവും ഫലം എന്ന് പഠിച്ചു.
  • എത്ര ജീവന്‍ മരണ പ്രശ്നമായാലും ഒടുവില്‍ രാഷ്ട്രീയ ലാഭങ്ങള്‍ മാത്രമാണ് ശരി തെറ്റുകള്‍ നിശ്ചയിക്കുന്നതെന്ന് നാം കണ്ടു. 
  • ഇത്രയും കാലം നമ്മള്‍ സ്വാഗതമരുളിയ തമിഴന്മാര്‍ ഒരു അവസരം വരുമ്പോള്‍ അവരുടെ യഥാര്‍ത്ഥ സ്വഭാവം എങ്ങനെ കാണിക്കും എന്നും കണ്ടു
  • എന്തുകൊണ്ട് കാവേരി പ്രശ്നത്തില്‍ കര്‍ണാടക തമിഴ് നാടിനോട് വിട്ടു വീഴ്ച കാണിക്കുന്നില്ല എന്നതിന്റെ യഥാര്‍ത്ഥ കാരണം അനുഭവത്തിലൂടെ നമ്മള്‍ മനസ്സിലാക്കി
  • നമ്മുടെ സ്വന്തം മണ്ണില്‍ അന്യന്റെ അധികാരം മേല്‍ക്കോയ്മ നേടുന്നതും കണ്ടു. നമ്മുടെ മണ്ണിലുള്ള ഡാം പൊളിച്ചു പണിയാന്‍ അന്യന്റെ അനുവാദം വേണം. 
  • ഏറ്റവും ഉപരിയായി.. ഭാരതം എന്ന രാജ്യത്തിലെ നിയമങ്ങള്‍ അല്ല തമിഴ് നാട് എന്ന രാജ്യത്തിന് ബാധകം എന്ന ഏറ്റവും പ്രധാനപ്പെട്ട പാഠം നമ്മള്‍ എല്ലാവരും പഠിച്ചു. ഇന്ത്യന്‍ ഭരണ ഘടന എന്നത് കാശിനു കൊള്ളാത്ത കൊജ്ജാണന്‍മാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് മാത്രം ബാധകമാണ് എന്നും കണ്ടു. 
ഇങ്ങനെ പഠിച്ച പാഠങ്ങള്‍ അനവധി. ഈ പ്രശ്നം ഒരിക്കലും ചര്‍ച്ച ചെയ്യുക പോലും വേണ്ട എന്നാണു എന്റെ അഭിപ്രായം. ഡാം പൊട്ടട്ടെ. കുറെ ആള്‍ക്കാര്‍ മരിക്കട്ടെ. ആര്‍ക്കെന്തു ചേതം ?
നമുക്ക് ചര്‍ച്ച ചെയ്യാന്‍ സന്തോഷ്‌ പണ്ഡിറ്റും കാസനോവയും വെറുതെ അല്ല ഭാര്യയും പിറവം തിരഞ്ഞെടുപ്പും ഒക്കെ ഉണ്ടല്ലോ. പിന്നെന്തിനാ ഇനി വേറെ വിഷയങ്ങള്‍ കുത്തിപ്പൊക്കുന്നത് ?


വാല്‍ക്കഷണം > 
തമിഴന്മാര്‍ എന്ന് പറയുന്ന വര്‍ഗം എങ്ങനെ ചിന്തിക്കുന്നു / അല്ലെങ്കില്‍ അവര്‍ എന്തുകൊണ്ട് ഇങ്ങനെയായി എന്നതിനെ പറ്റി ഞാന്‍ ഒരു പോസ്റ്റ്‌ എഴുതിക്കൊണ്ടിരിക്കുന്നുണ്ട്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അവരുടെ 'വിദഗ്ധര്‍' കണ്ടു പിടിച്ച ചില വസ്തുതകളും അഭിപ്രായങ്ങളും ഇതാ. 
വിവരക്കേടിനും മണ്ടത്തരത്തിനും മരുന്നില്ല എന്ന് ഇത് വായിച്ചാല്‍ നിങ്ങള്‍ക്ക് പിടി കിട്ടും 
കൂടാതെ സത്യത്തിന്റെ മുഖം എന്ന് പേര് കേട്ട The Hindu ദിനപത്രം ഡാം സുരക്ഷിതമാണെന്ന് പാടി പുകഴ്ത്തുന്നത് ഇവിടെ വായിക്കാം. 






2012 ഫെബ്രുവരി 23, വ്യാഴാഴ്‌ച

ഡേറ്റാ സെന്റര്‍ ആര് നടത്തിയാലും നമുക്കെന്ത് ?



     കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാരിന്റെ ഡേറ്റാ സെന്റര്‍ നടത്തിപ്പ് റിലയന്‍സിനു കൈമാറിയതിനെ പറ്റി സി ബി ഐ അന്വേഷിക്കും എന്ന് ഇന്ന് വാര്‍ത്ത വന്നല്ലോ. അച്യുതാനന്ദന്‍ പതിവ് പോലെ ഇതിനെ സ്വാഗതം ചെയ്യുകയും തന്റെ ഭരണത്തിനും മുമ്പ് കോണ്‍ഗ്രസ്‌ ഒരിക്കല്‍ ഇത് ടാറ്റയെ ഏല്‍പ്പിച്ചതും അന്വേഷിക്കണം എന്നൊക്കെ പറഞ്ഞു ഇതിനെ സ്വാഗതം ചെയ്തിട്ടുണ്ട്. ചുരുക്കി പറഞ്ഞാല്‍ ഇത് വെറുമൊരു രാഷ്ട്രീയ പ്രശ്നമായി മാറിയിരിക്കുന്നു. എന്താണ് ഈ സംഭവത്തിന്റെ ഗൌരവം എന്ന് മനസ്സിലാക്കാതെ പല സഖാക്കളും അഭിപ്രായങ്ങള്‍ തട്ടി മൂളിച്ചു കൊണ്ടിരിക്കുമ്പോള്‍ ഡേറ്റാ സെന്റര്‍ എന്ന് വച്ചാല്‍ സത്യത്തില്‍ എന്താണെന്ന്  മനസ്സിലാക്കുന്നത് നന്നായിരിക്കും.

എന്താണ് ഡേറ്റാ സെന്റര്‍ ? 

ഡേറ്റാ സെന്റര്‍ എന്ന് പറയുന്നത് ഒരു സോഫ്റ്റ്‌വെയര്‍ സിസ്ടെത്തിന്റെ ഹൃദയമാണ്. അതായതു നിങ്ങള്‍ ഒരു ഓഫീസ് സങ്കല്‍പ്പിക്കുക. അവിടെ നടക്കുന്ന വ്യവഹാരങ്ങളുടെ രേഖകള്‍ ആണ് അവിടത്തെ ഫയലുകളില്‍ ഉള്ളത്. എന്ത് സംഭവത്തിന്റെ ചരിത്രം  നോക്കണമെങ്കിലും  ഈ രേഖകള്‍ ആണ് ആധാരം. അപ്പോള്‍ അതീവ ശ്രദ്ധയോടെ സൂക്ഷിച്ചു വയ്ക്കേണ്ട വിലപ്പെട്ട ഒരു വസ്തുവാണ് ഇത്. അത് പോലെ തന്നെയാണ് ഇവിടെയും. നിങ്ങള്‍ക്കറിയാം ഇപ്പോള്‍ പല സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റുകളും  കമ്പ്യൂട്ടര്‍ വല്‍ക്കരിക്കുകയാണല്ലോ. അതായത് കേരളത്തിലെ ഇതു ജില്ലയിലെ, ഏതു താലൂക്കിലെയും പഞ്ചായത്തിലെയും വാര്‍ഡിലെയും വിവരങ്ങള്‍ ഒരു വിരല്‍ തുമ്പില്‍ എത്തിക്കുക എന്നതാണ് ഇതിന്റെയൊക്കെ ഉദ്ദേശം. എന്നാല്‍ ഇങ്ങനെ പലരും അയക്കുന്ന വിവരങ്ങള്‍ ഒടുവില്‍ എവിടെയാണ് പോയി ഇരിക്കുന്നതെന്നറിയാമോ ? ഇതെല്ലാം ശേഖരിക്കപ്പെടുന്നത്‌ ഒരു സെന്‍ട്രല്‍ സെര്‍വര്‍ എന്ന് വിളിക്കപ്പെടുന്ന ശക്തിയും മെമ്മറിയും കൂടിയ ഒരു കമ്പ്യൂട്ടറില്‍ ആണ്. അതായതു കേരളത്തിലെ മുഴുവന്‍ വിവരങ്ങളും ശേഖരിച്ചിരിക്കുന്ന ഒരേ ഒരു സ്ഥലം. ബാക്കിയുള്ള എല്ലാ കമ്പ്യൂട്ടറുകളും ഇതില്‍ നിന്നാണ് വിവരം എടുക്കുന്നതും ശേഖരിച്ചു വയ്ക്കുന്നതും. ഇത്തരത്തിലുള്ള ഒന്നില്‍ കൂടുതല്‍ ഡേറ്റാ സെര്‍വറുകള്‍ വച്ചിരിക്കുന്ന ഒരു കേന്ദ്രത്തെ ആണ് ഡേറ്റാ സെന്റര്‍ എന്ന് വിളിക്കുന്നത്‌ എന്ന് ലളിതമായി പറയാം. ഒറാക്കിള്‍, മൈക്രോസോഫ്ട്‌ എസ് ക്യൂ എല്‍ സെര്‍വര്‍, മൈ എസ് ക്യു എല്‍ മുതലായ ഏതെങ്കിലും സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാവും സാധാരണ ഈ ഡേറ്റാ മാനേജ് ചെയ്യുന്നത്. ഏതു കമ്പനി ആയാലും അവരുടെ ഡേറ്റാ സെന്ററുകള്‍ വളരെ സുരക്ഷിതമായി ആണ് സൂക്ഷിക്കുന്നത്. ഇരുപത്തി നാല് മണിക്കൂറും കാവലുള്ള, അത്യന്താധുനിക നിരീക്ഷണ സംവിധാനങ്ങള്‍ ഉള്ള കെട്ടിടങ്ങളില്‍ ആണ് ഇവ പ്രവര്‍ത്തിക്കുന്നത്. വെള്ളപ്പൊക്കം, തീ പിടിത്തം മുതലായവ നേരിടാനുള്ള സംവിധാനങ്ങള്‍, ഇരുപത്തി നാല് മണിക്കൂറും തടസ്സമില്ലാത്ത വൈദ്യുത സംവിധാനം , രണ്ടില്‍ കൂടുതല്‍ തട്ടുകള്‍ ഉള്ള access management തുടങ്ങി പൊന്നു പോലെ സൂക്ഷിക്കപ്പെടുന്ന സംവിധാനമാണ് ഡേറ്റാ സെന്റര്‍. മിക്ക അന്താരാഷ്‌ട്ര കമ്പനികളും അവരുടെ ഡേറ്റാ സെന്റര്‍ സ്ഥാപിച്ചിരിക്കുന്നത് ഹൂസ്ടന്‍ , ഫ്ലോറിഡ മുതലായ അമേരിക്കന്‍ നഗരങ്ങളില്‍ ആണ്. ഞാന്‍ ജോലി ചെയ്തിരുന്ന ഒരു കമ്പനി ഒരിക്കല്‍ ഇന്ത്യയിലെ അവരുടെ ആദ്യ ഡേറ്റാ സെന്റര്‍ തുടങ്ങാന്‍ തീരുമാനിച്ചു. ഒരു വര്‍ഷത്തോളം നീണ്ട തയ്യാറെടുപ്പുകള്‍ക്ക് ശേഷം അവര്‍ അതില്‍ നിന്ന് പിന്മാറി. ഡേറ്റാബേസ് മാനേജ്‌മന്റ്‌ ടീമില്‍ ഉണ്ടായിരുന്നത് കൊണ്ട് ഞാന്‍ അവിടെ പരിചയമുള്ള ഒരാളോട് അതിന്റെ കാരണം അന്വേഷിച്ചു. അദ്ദേഹം ഒരു അമേരിക്കന്‍ ആയിരുന്നു. പുള്ളി പറഞ്ഞത് പല കാരണങ്ങള്‍ കൊണ്ടാണ് ഇന്ത്യയില്‍ ഇത് വേണ്ട എന്ന് തീരുമാനിച്ചതത്രെ. അതായതു ഇന്ത്യയിലെ സ്ഥിരതയില്ലാത്ത വൈദ്യുത സംവിധാനങ്ങള്‍, കലാപങ്ങളും പൊടുന്നനെയുള്ള ബന്ദുകളും രാഷ്ട്രീയ കലാപങ്ങളും മറ്റും കൊണ്ട് അരക്ഷിതമായ അന്തരീക്ഷം , നൂറു ശതമാനം കൃത്യത പ്രതീക്ഷിക്കാന്‍  പറ്റാത്ത ഇന്റര്‍നെറ്റ്‌, എന്നിങ്ങനെ ഒട്ടനവധി കാരണങ്ങള്‍ അദ്ദേഹം നിരത്തി. ഞാന്‍ കുറെയൊക്കെ തര്‍ക്കിച്ചു നില്‍ക്കാന്‍ നോക്കിയെങ്കിലും ഒടുവില്‍ അടിയറവു പറയേണ്ടി വന്നു. പുള്ളി പറഞ്ഞത് ഇതാണ്. മകനെ. നമ്മള്‍ ഒട്ടനവധി കമ്പനികളുടെ ഡേറ്റാ  ആണ് സൂക്ഷിക്കുന്നത്. അതായത് അവരുടെ ബിസിനെസ്സ് മുഴുവനായി തന്നെ എന്ന് വേണമെങ്കില്‍ പറയാം. അപ്പോള്‍ അതിന്റെ സുരക്ഷിതത്വം ഉറപ്പു വരുത്തേണ്ടത് നമ്മുടെ കടമയാണ്. നിങ്ങള്‍ക്ക് ഉറപ്പുണ്ടോ അത് അവിടെ സാധ്യമാണെന്ന് ? എന്നിങ്ങനെ ആയിരുന്നു അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍.


എന്തുകൊണ്ട് ഇത്രയും പ്രാധാന്യം ?  


     നിങ്ങള്‍ക്ക് ഒരു ബാങ്കില്‍ അക്കൗണ്ട്‌ ഉണ്ടെന്നു വയ്ക്കുക . നിങ്ങളുടെ ബാങ്ക് ബാലന്‍സ് , മറ്റു പണമിടപാടുകള്‍ മുതലായവ ബാങ്കിന്റെ സെര്‍വറില്‍ ആണ് സൂക്ഷിക്കപ്പെടുന്നത്. ഈ സെര്‍വര്‍ ഉപയോഗിക്കാന്‍ ആ സെര്‍വര്‍ മാനേജ് ചെയ്യുന്നവര്‍ക്കോ അതിലേക്കു ലോഗിന്‍ ചെയ്യാന്‍ അധികാരമുള്ളവര്‍ക്കോ സാധിക്കും. അതായത് നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ നിങ്ങള്‍ ഒരാള്‍ മാത്രമല്ല കാണുന്നതെന്ന് ചുരുക്കം. സര്‍ക്കാരിന്റെ ഒരു ഡേറ്റാ സെന്ററില്‍ സ്വാഭാവികമായും സൂക്ഷിക്കാനിടയുള്ള വിവരങ്ങള്‍ എന്തൊക്കെയാവാം എന്ന് നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ. ജാതി / മതം തിരിച്ചുള്ള ജനസംഖ്യ വിവരങ്ങള്‍, സാമ്പത്തിക അടിസ്ഥാനത്തിലുള്ള പട്ടികകള്‍ , നികുതി അടയ്ക്കുന്നവരുടെ വിവരങ്ങള്‍, സ്വത്തു വിവരങ്ങള്‍, എന്നിങ്ങനെ വളരെയധികം സെന്‍സിറ്റീവ് ആയ, തൊട്ടാല്‍ പൊട്ടുന്ന വിവരങ്ങള്‍ ആണ് ഇവിടെ വന്നു ചേരുന്നത്. അതിന്റെ സൂക്ഷിപ്പധികാരം ഒരു സ്വകാര്യ കമ്പനിയെ ഏല്‍പ്പിച്ചാല്‍ എന്ത് സംഭവിക്കാം എന്ന് ഇന്ത്യയില്‍ ഇത് വരെ സംഭവിച്ചിട്ടുള്ള ചരിത്രം അറിയാവുന്ന ഏതൊരാള്‍ക്കും മനസ്സിലാവും. സര്‍ക്കാരിന്റെ രഹസ്യ വിവരങ്ങള്‍ വരെ ചോരുന്ന നമ്മുടെ ഭാരതത്തില്‍ ഇത്തരം സ്ഥിതി വിവര കണക്കുകള്‍ അപകടകരമായ കൈകളില്‍ എത്തിച്ചേര്‍ന്നാല്‍ എന്ത് സംഭവിക്കാം ? ദുഖകരമായ ഒരു സംഗതി എന്താണെന്ന് വച്ചാല്‍ വിവര സുരക്ഷയെ പറ്റിയല്ല ഇപ്പോഴത്തെ ചര്‍ച്ച എന്നതാണ്. ടി സി എസ്സിനും എച് സി എല്ലിനും റിലയന്‍സിനും തമ്മില്‍ നടന്ന ടെണ്ടര്‍ ലേലത്തിനെ പറ്റിയാണ് ഇപ്പോഴത്തെ ചര്‍ച്ച. കേന്ദ്ര സര്‍ക്കാരിന്റെ ആധാര്‍ പദ്ധതി ജനങ്ങളുടെ വിവര ശേഖരണം നടത്തി അതുപയോഗിച്ചു അവരെ ചാപ്പ കുത്താന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് അക്രോശിച്ച വി എസ് അച്യുതാനന്ദനോ അതിവേഗം ബഹുദൂരം യാത്ര ചെയ്യുന്ന ഉമ്മന്‍ ചാണ്ടിയോ ഇവിടത്തെ പ്രകടമായ സുരക്ഷ പാളിച്ചയെ പറ്റി മിണ്ടുന്നില്ല. 


നമ്മുടെ സ്ഥാപനങ്ങള്‍ എന്ത് ചെയ്യുന്നു ? 


പാവം പൌരന്റെ നികുതി പണം ഉപയോഗിച്ച് സര്‍ക്കാര്‍ സ്ഥാപിച്ച ഒരുപാട് സാങ്കേതിക സ്ഥാപനങ്ങള്‍ ഇവിടെയുണ്ട്. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍ , സി ഡാക് തുടങ്ങി അനവധി സ്ഥാപനങ്ങള്‍. ഒരു ഡേറ്റാ സെന്റര്‍ മര്യാദയ്ക്ക് നടത്താനുള്ള അറിവ് ഇവന്മാര്‍ക്കൊന്നുമില്ലെങ്കില്‍ പിന്നെ എന്ത് കോക്കനട്ട് ആണ് ഇവരൊക്കെ ചെയ്തുകൊണ്ടിരിക്കുന്നത് ? എന്തുകൊണ്ട് നമുക്ക് എല്ലാത്തിനും സ്വകാര്യ കമ്പനികളെ ആശ്രയിക്കേണ്ടി വരുന്നു ? എവിടെയാണ് ലൂപ് ഹോള്‍ ? എന്നിങ്ങനെ ചില സംശയങ്ങള്‍ എനിക്കുണ്ട്. എവിടെ നിന്നെങ്കിലും ഉത്തരം കിട്ടുമോ ആവോ


വാല്‍ക്കഷണം .. സുരക്ഷയെക്കുറിച്ച്  -



അല്ലെങ്കിലും വിവര സുരക്ഷ എന്നത് ഇന്ത്യയില്‍ ഒരു വന്‍ തമാശ മാത്രമാണ്. ഇന്ത്യയ്ക്ക് പുറത്തുള്ള ഒട്ടനവധി രാജ്യങ്ങളുടെ ഡേറ്റ പ്രോസസ്സിംഗ് നടക്കുന്ന ഒരു സ്ഥലമാണ് ബാന്‍ഗ്ലൂര്‍. വൈറ്റ് ഹൌസിലെ ചില ഓഫീസുകളുടെ ബാക്ക് ഓഫീസ് ജോലികള്‍ ചെയ്യുന്നത് ഇവിടെയാണ്‌. കൂടാതെ സിറ്റി ബാങ്ക്, ഡോയിഷ് ബാങ്ക് , തുടങ്ങി ലോകത്തെ ഒന്നാം നിര ബാങ്കുകളുടെ ജോലികളും ഇവിടെ നടക്കുന്നു. ഇവരുടെയൊക്കെ ഇവിടത്തെ ഓഫീസുകളിലെ സുരക്ഷാ സംവിധാനങ്ങള്‍ ഒക്കെ നിങ്ങള്‍ ഒരിക്കല്‍ കണ്ടു നോക്കണം. ഭൂമിയുടെ മറുവശത്തിരുന്ന് ഇവിടത്തെ സംവിധാനങ്ങള്‍ നിയന്ത്രിക്കാനുള്ള സാങ്കേതിക വിദ്യ ഇപ്പോള്‍ ലഭ്യമാണ്. ഇവിടെയുള്ള ഓഫ്‌ ഷോര്‍ കേന്ദ്രങ്ങളില്‍ ഇരുപത്തി നാല് മണിക്കൂറും കാവലും , സി സി ടി വി സംവിധാനവും എല്ലാം ഉണ്ട്. കഴിഞ്ഞ പത്തു വര്‍ഷത്തെ വരെ background checking കഴിഞ്ഞിട്ടാണ് ഓരോ ജീവനക്കാരനും പ്രോജക്ടില്‍ പ്രവേശിക്കുന്നത്. ഓഫീസില്‍ ഒരു വാതിലില്‍ ഒരു സമയം ഒരാള്‍ക്ക്‌ മാത്രമേ തന്റെ കാര്‍ഡ്‌ ഉപയോഗിച്ച് കയറാന്‍ പറ്റൂ. ഒരാള്‍ കാര്‍ഡ്‌ swipe ചെയ്തതിനു ശേഷം അയാളുടെ വാലില്‍ തൂങ്ങി വേറൊരാള്‍ കയറുന്നത് തടയാന്‍ Turn Style മിക്കയിടത്തും സ്ഥാപിച്ചിട്ടുണ്ട്.


ക്യാമറ ഉള്ള മൊബൈല്‍ ഫോണുകള്‍, മെമ്മറി ഉപകരണങ്ങള്‍, ക്യാമറ തുടങ്ങി ഒരുവിധമുള്ള ഒരു സാധനവും അകത്തു കൊണ്ട് പോകാന്‍ പറ്റില്ല. എന്തിനേറെ പറയുന്നു. ഒരിക്കല്‍ ഒരു ബിസ്ലേരി ബോട്ടില്‍ അകത്തേക്ക് കൊണ്ട് പോയ എന്നെ തടഞ്ഞു നിര്‍ത്തി അതിന്റെ ലേബല്‍ ഇളക്കി മാറ്റിയിട്ടാണ് സെക്യൂരിറ്റി അകത്തേയ്ക്ക് വിട്ടത്. അത്രയ്ക്ക് പ്രാധാന്യമാണ് ഡേറ്റായ്ക്ക് ഉള്ളത്. നമ്മുടെ ഇവിടത്തെ വിഷയം വിവര സുരക്ഷയാണ്.. അല്ലാതെ ടെണ്ടറിലെ വില വ്യത്യാസമല്ല. 

2012 ഫെബ്രുവരി 7, ചൊവ്വാഴ്ച

കിളിരൂരും സൂര്യനെല്ലിയും - ആരാണ് പീഡിപ്പിക്കപ്പെട്ടത് ?

     


      ഇന്നലെ വന്ന കിളിരൂര്‍ കേസ് വിധി മാത്രമല്ല ഈ പോസ്റ്റ്‌ എഴുതാന്‍ പ്രേരിപ്പിച്ചത്. മറിച്ചു പത്രത്തില്‍ കണ്ട വേറൊരു വാര്‍ത്തയാണ്. മുന്‍പ് വാര്‍ത്തകളിലെ താരമായിരുന്ന സൂര്യനെല്ലി പെണ്‍ വാണിഭ കേസിലെ പെണ്‍കുട്ടി രണ്ടേ കാല്‍ ലക്ഷം രൂപയോളം വരുന്ന ഒരു തിരിമറി കേസില്‍ അറസ്റ്റിലായി എന്ന വാര്‍ത്ത. 2010-11 കാലയളവില്‍ ചങ്ങനാശേരി സെയില്‍സ് ടാക്സ് ഓഫീസില്‍ ജോലി ചെയ്യവേയാണ് തിരിമറി നടത്തിയത്. സെയില്‍സ് ടാക്സ് ഓഫീസില്‍ നടത്തിയ ഓഡിറ്റിലാണ് തിരിമറി കണ്ടെത്തിയത്. തിരിമറി കണ്ടെത്തിയതിനെ തുടര്‍ന്ന്‌ തുക തിരിച്ചടച്ചിരുന്നു. എന്നാല്‍ കേസ് നിലനില്‍ക്കുന്നുണ്ടെന്ന് കാണിച്ചാണ് അറസ്റ്റ്. 

     ഈയടുത്ത് വന്നുകൊണ്ടിരുന്ന വാര്‍ത്തകളില്‍ എല്ലാം ഈ പെണ്‍ വാണിഭ കേസിലെ നായികമാരെ പാവങ്ങളായും അവരെ 'പീഡിപ്പിച്ച' ആണുങ്ങള്‍ എല്ലാം മൃഗങ്ങള്‍ ആണെന്നും മട്ടിലാണ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്‌. ഇവരെപറ്റി വളരെയധികം വായിച്ചിട്ടുണ്ടെങ്കിലും ഒരിക്കല്‍ പോലും രക്ഷപെടാന്‍ പറ്റാത്ത രീതിയില്‍ ഉള്ള ഒരു അന്തരീക്ഷത്തില്‍ അകപ്പെട്ടു വേറെ വഴിയില്ലാതെ പീഡനത്തിന് വഴങ്ങി കൊടുക്കേണ്ടി വന്നിട്ടുള്ള പച്ചപാവങ്ങള്‍ ആയി ഇവരെ കാണാന്‍ സത്യം പറഞ്ഞാല്‍ എനിക്ക് കഴിഞ്ഞിട്ടില്ല. അത് ചിലപ്പോള്‍ എന്റെ ക്രൂരമായ മനസ്സായിരിക്കും. പക്ഷെ യുക്തിപരമായി ചിന്തിച്ചാല്‍ ആ പെണ്‍കുട്ടികളുടെ ഭാഗത്തും തെറ്റില്ലേ ? ഏതു പ്രലോഭനത്തിലും വീണു പോയി തെറ്റുകള്‍ക്ക് മൌന സമ്മതം നല്‍കുന്നവരും തെറ്റുകാരല്ലേ ? അതില്‍ ഒരു വിഭാഗത്തെ മാത്രം പ്രതി കൂട്ടില്‍ നിര്‍ത്തുന്നതില്‍ എന്താണര്‍ത്ഥം ? ഞാന്‍ പീഡിപ്പിച്ചവരെ ന്യായീകരിക്കുകയല്ല. പക്ഷെ യഥാര്‍ത്ഥത്തില്‍ തെറ്റ് ചെയ്തത് ആരാണ് ? കേരളത്തില്‍ റിപ്പോര്‍ട്ട്‌ ചെയ്ത മിക്ക വാണിഭ കേസുകളിലും ശ്രദ്ധിച്ചാലറിയാം. സീരിയലില്‍ അഭിനയിക്കുക, പണം സമ്പാദിക്കുക, ആഭരണങ്ങള്‍ സമ്പാദിക്കുക മുതലായ ആഗ്രഹങ്ങളില്‍ വീണു പോയവര്‍ തന്നെയാണ് മിക്കതിലെയും നായികമാര്‍. ഈയടുത്ത കാലത്ത് വന്ന ഒരു വാര്‍ത്ത‍ എല്ലാവരും കണ്ടിട്ടുണ്ടാവും. സീരിയല്‍ നായിക നടി ആയിരുന്ന പ്രിയങ്കയുടെ മരണ വാര്‍ത്ത‍ . ടെലി ഫിലിം സംവിധായകനായ ഒരാളുടെ 'ചൂണ്ടയില്‍' കുരുങ്ങി ഒടുവില്‍ ആത്മഹത്യ ചെയ്യേണ്ടി വന്ന ഒരു നടി. മരിക്കുമ്പോള്‍ പ്രിയങ്ക രണ്ടു മാസം ഗര്‍ഭിണി ആയിരുന്നുവെന്നാണ് പത്ര വാര്‍ത്തകള്‍. റഹിം പ്രിയങ്കയെ വഞ്ചിക്കുകയും ഉപേക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്തു എന്നൊക്കെ പറഞ്ഞു പ്രിയങ്കയുടെ അമ്മയുടെ പതം പറച്ചിലുകള്‍ വാര്‍ത്താ പ്രാധാന്യം നേടി. പക്ഷെ ഭാര്യയും നാല് കുട്ടികളുമുള്ള മധ്യ വയസ്കനായ ഒരാള്‍ പരസ്യമായി അവളെ കൊണ്ട് നടന്നത് ആ അമ്മ അറിഞ്ഞില്ലെന്നോ അല്ലെങ്കില്‍ അതിനു മൌന സമ്മതം കൊടുത്തു എന്നതോ ഒരു തെറ്റല്ലേ  ? അത്ര പോലും മനസ്സിലാക്കാനോ മകളെ തിരുത്താനോ കഴിയാതിരുന്ന ഒരമ്മ എന്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ വിലപിക്കുന്നത് ? 

     പലരും പറയുന്നത് കേട്ടു , വീട്ടിലെ ബുദ്ധിമുട്ടുകള്‍ കൊണ്ട് ഈ വഴിയിലേക്ക് അവര്‍ വീണു പോയതാണെന്ന്. നമ്മുടെ നാട്ടില്‍ പാവപ്പെട്ട കുടുംബങ്ങളിലെ , അതായതു പട്ടിണി പാവങ്ങള്‍ ഉള്‍പ്പെടെ ഉള്ള വീട്ടിലെ ഒരുപാടു പാവം പെണ്‍കുട്ടികള്‍ മാന്യമായി തൊഴിലെടുത്ത് ജീവിക്കുന്നുണ്ട്. അവരെ അപമാനിക്കുന്നതിനു തുല്യമാണ് ഇങ്ങനത്തെ പ്രസ്താവനകള്‍. ബലമായി തടവില്‍ വച്ച് പീഡിപ്പിച്ചു എന്ന വാദത്തിന്റെ പൊള്ളത്തരം കുറഞ്ഞത്‌ സൂര്യ നെല്ലി പെണ്‍കുട്ടിയുടെ കാര്യത്തിലെങ്കിലും നമ്മള്‍ കണ്ടതാണ്. ആ കുട്ടിക്ക് രക്ഷപ്പെടാന്‍ പല സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടും രക്ഷപ്പെടാന്‍ ശ്രമിച്ചിട്ടില്ല എന്ന് കോടതി വരെ കണ്ടെത്തിയിരുന്നു. മേല്പറഞ്ഞ പത്ര വാര്‍ത്ത ശ്രദ്ധിച്ചാലറിയാം ആ കുട്ടിയുടെ പശ്ചാത്തലം.  നമ്മുടെ മാധ്യമങ്ങള്‍ പറയുന്ന തരം പീഡനങ്ങള്‍ കേരളത്തില്‍ അല്ല നടക്കുന്നത്. ജാതി വ്യവസ്ഥ കൊടി കുത്തി വാഴുന്ന ഉത്തരേന്ത്യയില്‍ അതുണ്ട്. ജന്മിമാരും ജമീന്ദാര്‍മാരും തങ്ങളുടെ ജോലിക്കാരുടെ സ്ത്രീകളെ ബലമായി ആക്രമിക്കാറുണ്ട്. പലപ്പോഴും അച്ഛന്റെയും അമ്മയുടെയും മുന്നില്‍ വച്ച് പോലും ബലാല്‍സംഗം ചെയ്തതിനു ശേഷം കൊന്നു പട്ടിയെ പോലെ വലിച്ചെറിയുന്നുണ്ട്. ഇപ്പോഴും. ഭന്‍വാരി ദേവിയുടെ കേസ് തന്നെ ഏറ്റവും നല്ല ഉദാഹരണം. അത്തരം വ്യക്തമായ മനുഷ്യാവകാശ ലംഘനങ്ങളുടെ കഥകള്‍ ഇത് പോലുള്ള വാണിഭങ്ങളുമായി ചേര്‍ത്ത് വായിക്കുന്നത് തന്നെ തെറ്റാണ്. 

     കേരളത്തിലെ പെണ്‍ വാണിഭ കഥകളിലെ നായകന്മാരെ ന്യായീകരിക്കുകയല്ല ഞാന്‍. പക്ഷെ ഇരയായവര്‍ക്കും അതില്‍  കൂട്ടുത്തരവാദിത്വമുണ്ട്   എന്ന് പറയുക തന്നെ വേണം. നമ്മുടെ നിയമങ്ങള്‍ സ്ത്രീകള്‍ക്ക് നല്‍കുന്ന പ്രത്യേക അവകാശങ്ങളുടെ നഗ്നമായ ദുരുപയോഗം തന്നെയാണ് ഈ കേസുകളില്‍ പലതിലും നടന്നിട്ടുള്ളത്. അതിനെ എന്ത് പേരിട്ടു വിളിച്ചാലും ശരി. നമ്മള്‍ സമ്മതിക്കാതെ വേറൊരാള്‍ക്ക് നമ്മളെ പറ്റിക്കാന്‍ കഴിയില്ല. നടന്നടുക്കുന്നത് ഒരു കെണിയിലേക്കാണ് എന്ന് തിരിച്ചറിയാനുള്ള കഴിവ് മാതാ പിതാക്കള്‍ വേണം മക്കളില്‍ ഉണ്ടാക്കിയെടുക്കേണ്ടത്. അത് ചെയ്യാതെ എന്റെ കുട്ടിയെ പറ്റിച്ചു എന്ന് ഇപ്പോള്‍ വിലപിച്ചിട്ട് കാര്യമില്ല. തൊണ്ണൂറു ശതമാനം കേസുകളിലും അറിഞ്ഞു കൊണ്ട് കെണിയിലേക്കു വീണവരാണ് അപകടത്തില്‍ പെട്ടതും. കേരളത്തിലെ കുടുംബങ്ങളുടെ ഓര്‍ഗാനിക് ഘടന തന്നെ മാറിക്കഴിഞ്ഞിരിക്കുന്നു. അണുകുടുംബങ്ങളില്‍ പലതിലും തങ്ങളുടെ മക്കള്‍ എന്താണ് ചെയ്യുന്നതെന്ന് തീര്‍ത്തും അന്ധരായ മാതാ പിതാക്കള്‍ ആണുള്ളത്. ശ്രദ്ധിച്ചാലറിയാം. നിങ്ങളുടെ അച്ഛനമ്മമാര്‍ക്ക് നിങ്ങള്‍ക്ക് വരാന്‍ പോകുന്ന ഒരു ചെറിയ ജലദോഷത്തെ പോലും തിരിച്ചറിയാനുള്ള ശേഷിയുണ്ടായിരുന്നു. നിങ്ങള്‍ പൊയ്ക്കൊണ്ടിരിക്കുന്ന പാതയിലെ കള്ളി മുള്ളുകളെയും കൂര്‍ത്ത കരിങ്കല്ലുകളെയും പറ്റി മുന്നറിയിപ്പ് തരാനുള്ള കഴിവുണ്ടായിരുന്നു. എന്നാല്‍ ആ കഴിവ് നിങ്ങള്‍ക്കുണ്ടോ ? സത്യസന്ധമായി ചിന്തിച്ചു നോക്കൂ. ഇല്ല എന്ന് തന്നെയായിരിക്കും ഉത്തരം. 

     ഇതൊക്കെ ഇനിയും കേരളത്തില്‍ നടക്കും. കിളിരൂരും സൂര്യനെല്ലിയും ആവര്‍ത്തിക്കും. ഭൌതിക സുഖങ്ങളോട് ആര്‍ത്തിയുള്ള പെണ്‍കുട്ടികള്‍ ഇനിയും ഇത്തരം വലകളിലേക്ക് സ്വയം വീണു കൊടുക്കും. അവസാനം അതില്‍ നിന്ന് രക്ഷപ്പെടാന്‍ വയ്യാത്ത വിധം കേട്ടു മുറുകുമ്പോള്‍ അത് വരെ സഹകരിച്ചവരെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയോ അല്ലെങ്കില്‍ അവരെ ഭീഷണിപ്പെടുത്തി പണം വാങ്ങി മിണ്ടാതിരിക്കുകയോ ചെയ്യും. നമ്മുടെ മാധ്യമങ്ങള്‍ അവരെ ദുഖപുത്രിമാരാക്കും. നായകന്മാരെ വില്ലന്മാരാക്കും. ഈ വാര്‍ത്ത‍ അവരും ഞാനും നിങ്ങളും താല്പര്യത്തോടെ വായിക്കും. കുറച്ചു കാലത്തെ ഒച്ചപ്പാടുകള്‍ക്ക് ശേഷം അത് കെട്ടടങ്ങും.  

- ശുഭാപ്തി വിശ്വാസം തീരെയില്ലാത്ത ഒരു ക്രൂരന്‍