2011, ഒക്‌ടോബർ 30, ഞായറാഴ്‌ച

ജോര്‍ജ് / ഗണേശന്‍ / അച്യുതാനന്ദന്‍ - ആരാണ് വിശുദ്ധന്‍ ?

   


 പി സി ജോര്‍ജ് ആണല്ലോ ഇപ്പൊ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന താരം. ഒപ്പം ഗണേശനും. പതിവ് പോലെ ഉമ്മന്‍ ചാണ്ടി പുലിവാല് പിടിച്ചു നില്‍പ്പുണ്ട്. ജോര്‍ജിന്റെയും ഗണേഷിന്റെയും ചെയ്തികളുടെ ശരി തെറ്റുകള്‍ അന്വേഷിക്കുകയല്ല ഇവിടെ. അവര്‍ ചെയ്തതിനെ ഏതു ഭാഷയില്‍ ന്യായീകരിച്ചാലും ചെയ്തത് തെറ്റല്ലാതാകുന്നില്ല. പക്ഷെ ഈ വിഷയത്തില്‍ വിവാദമുയര്‍ത്തി ഇടതുപക്ഷം നാട്ടിലാകെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. മാത്രമല്ല അച്യുതാനന്ദനെ ഇങ്ങനെ ഒക്കെ പറയാന്‍ പാടുണ്ടോ ? ജോര്‍ജ് ഇപ്പറഞ്ഞത്‌ കേരളത്തിലെ സ്ത്രീകളെ മുഴുവന്‍ അപമാനിക്കലല്ലേ തുടങ്ങിയ അനേകം ചോദ്യങ്ങള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ്‌ സൈറ്റുകളില്‍ നിറഞ്ഞു കവിയുന്നു. ഞാന്‍ കണ്ട മിക്ക വാദ പ്രകടനങ്ങളിലും അച്യുതാനന്ദനെ ഒരു ഹീറോ ആയി വിശേഷിപ്പിച്ചത്‌ കണ്ടപ്പോള്‍ ഒരു ആന്റി കമ്മ്യൂണിസ്റ്റ്‌ എന്ന നിലയില്‍ ഈ സംഭവത്തെ ഒന്ന് പുനര്‍ വായന ചെയ്യാനാണ് ഞാന്‍ ശ്രമിക്കുന്നത്. 

    വെറും ഒരു കവല പ്രസംഗം ഉണ്ടാക്കിയ പ്രശ്നങ്ങള്‍ ആണ് ഇപ്പോള്‍ കേരളം കണ്ടു കൊണ്ടിരിക്കുന്നത്. ആ വീഡിയോ കണ്ടാല്‍ തന്നെ അറിയാം അതൊരു ലോക്കല്‍ സ്റ്റേജില്‍ സാധാരണ ആള്‍ക്കാരെ ഉദ്ദേശിച്ചു സംഘടിപ്പിച്ചിരിക്കുന്നതാണെന്ന്. പക്ഷെ അത് കൊണ്ടൊന്നും അവര്‍ പറഞ്ഞത് ലഘുവായിട്ടെടുക്കാന്‍ പറ്റില്ല. പക്ഷെ നാട്ടിന്‍പുറങ്ങളില്‍ ഉള്ളവര്‍ക്കറിയാം ഇത്തരം വേദികളുടെ സ്വഭാവം. സമൂഹത്തിന്റെ താഴേക്കിടയിലുള്ളവരുടെ കയ്യടി ലക്ഷ്യമാക്കി മാത്രം സംഘടിപ്പിക്കുന്ന ഒന്നാം തരം രാഷ്ട്രീയ യോഗങ്ങളാണ് ഇവ. പാര്‍ട്ടി ഭേദമെന്യേ എല്ലാ നേതാക്കളും ഇത്തരം വില കുറഞ്ഞ ഭാഷ തന്നെയാണ് ഇത് പോലുള്ള യോഗങ്ങളില്‍ ഉപയോഗിക്കുക. അതുകൊണ്ട് ഗണേഷ് അല്ലെങ്കില്‍ പി സി ജോര്‍ജ് ഉപയോഗിച്ച ഭാഷയില്‍ വലിയ അത്ഭുതമൊന്നും എനിക്ക് തോന്നുന്നില്ല. ചിലപ്പോള്‍ ഇടതു പക്ഷത്തെ ഒരു നേതാവ് ഇത് പോലുള്ള യോഗങ്ങളില്‍ സംസാരിക്കുന്നതു ഇതിലും മ്ലേച്ചമായ ഭാഷ ഉപയോഗിച്ചാവും.  അതവിടെ നില്‍ക്കട്ടെ. നമുക്ക് കുറച്ചൊന്നു തിരിച്ചു പോകാം. ഈ സംഭവത്തില്‍ സി പി എം പ്രതികരിച്ചത് വച്ച് നോക്കുമ്പോള്‍ അവര്‍ ആരുടെ നേരെയും ഇത്തരം ഭാഷ ഉപയോഗിച്ചിട്ടില്ല എന്നാണു ഒരാള്‍ക്ക്‌ തോന്നുക. മാത്രമല്ല സഭ്യമായ പെരുമാറ്റത്തെ പറ്റി അവരുടെ നേതാക്കള്‍ വാ തോരാതെ സംസാരിക്കുകയും ചെയ്യുന്നു. ഈ അവസരത്തില്‍ ചരിത്രം പരിശോധിക്കുന്നത് ഉചിതമായിരിക്കും. വസ്തുതകളെ അധികരിച്ച് മാത്രം ചിന്തിക്കാന്‍ ഞാന്‍ അപേക്ഷിക്കുന്നു.


ഇടതു പക്ഷവും അച്യുതാനന്ദനും എന്തിനു നമ്മള്‍ ജനങ്ങള്‍ തന്നെയും മറന്നു പോയ ചില സംഗതികളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കാം.  

1 . സന്ദീപ്‌ ഉണ്ണികൃഷ്ണന്റെ വീട്ടില്‍ അച്യുതാനന്ദന്റെ പ്രകടനം - സ്വന്തം മകന്റെ മരണത്തില്‍ സമനില നശിച്ച ഒരു അച്ഛന്‍ ചിലപ്പോ പല രീതിയിലും പൊട്ടിത്തെറിച്ചു എന്ന് വരും.
സന്ദീപിന്റെ ശവ സംസ്കാര ചടങ്ങുകളില്‍ കേരള സര്‍ക്കാരിനെ പ്രതിനിധീകരിച്ചു ആരും പങ്കെടുത്തിരുന്നില്ല. ചടങ്ങുകള്‍ കഴിഞ്ഞു നാല് ദിവസം കഴിഞ്ഞു വെറും ഒരു വഴിപാടു തീര്‍ക്കാനെന്നോണം അവിടെയെത്തിയ വി എസ്സിനോടും കൊടിയെരിയോടും ശ്രീ ഉണ്ണികൃഷ്ണന്‍ പൊട്ടിത്തെറിച്ചു. അവരെ വീട്ടില്‍ കയറ്റാന്‍ അദ്ദേഹം സമ്മതിച്ചില്ല. കേരളത്തിലെ ഒരു രാഷ്ട്രീയക്കാരനും വീട്ടില്‍ കയറണ്ട എന്നാണു അദ്ദേഹം ബഹളം വച്ചത്. മകന്‍ നഷ്ടപ്പെട്ട ഒരു പിതാവ് മാത്രമല്ല ആത്മാഭിമാനം നഷ്ടപ്പെട്ടിട്ടില്ലാത്ത ഒരു പഴയ സൈനികന്‍ കൂടിയാണ് അദ്ദേഹം. ഇതിനെ പറ്റി വി എസ് പറഞ്ഞത് അത് മേജര്‍ സന്ദീപ്‌ ഉണ്ണികൃഷ്ണന്റെ വീടല്ലെങ്കില്‍ ഒരു പട്ടിയും തിരിഞ്ഞു നോക്കില്ല എന്നാണ്. വളരെയധികം വിവാദങ്ങള്‍ ക്ഷണിച്ചു വരുത്തിയ ഈ പ്രസ്താവന പിന്‍വലിക്കില്ല എന്നും താന്‍ മാപ്പ് പറയില്ല എന്നും വി എസ് പ്രഖ്യാപിച്ചുവെങ്കിലും വര്‍ധിച്ച ജന രോഷത്തെ തുടര്‍ന്ന് ഡിസംബറില്‍ പ്രകാശ്‌ കാരാട്ടും അച്യുതാനന്ദനും ഈ സംഭവത്തില്‍ മാപ്പ് പറഞ്ഞു. ഉണ്ണികൃഷ്ണന്‍ എന്തോ പറയട്ടെ, ഉത്തരവാദിത്വമുള്ള ഒരു നേതാവ് എന്ന നിലയിലെങ്കിലും ഒരാള്‍ ഇങ്ങനെയാണോ  പ്രതികരിക്കേണ്ടത് എന്ന് ദുശ്ശു സംശയിക്കുന്നു. സന്ദീപിനെ പറ്റിയുള്ള വികി ലേഖനത്തില്‍ ഇപ്പോഴും ഈ പരാമര്‍ശങ്ങള്‍ നിങ്ങള്‍ക്ക് കാണാം. അതുമായി ബന്ധപ്പെട്ട ചില വീഡിയോകളും താഴെ 
ലതിക സുഭാഷിനെ പറ്റി പറഞ്ഞത് -
എതിര്‍ സ്ഥാനാര്‍ഥിയായ ലതിക സുഭാഷിനെ പറ്റി ഇദ്ദേഹം പറഞ്ഞതാണ്. അവര്‍ 'വേറെ' രീതിയില്‍ പ്രശസ്തയാണെന്നു എല്ലാവര്‍ക്കും അറിയാം. താന്‍ അത് പറയേണ്ട കാര്യമില്ലല്ലോ എന്ന്. 
സ്ത്രീകളെ ബഹുമാനിക്കാന്‍ എതിരാളികളെ ഉപദേശിക്കുന്ന അദ്ദേഹം ഒരു പ്രകോപനവും കൂടാതെ ആണ് ഇങ്ങനെ വിളിച്ചു കൂവിയത്. 

സന്തോഷ്‌ മാധവനെ പറ്റി - 
 സന്തോഷ്‌ മാധവനെ പറ്റി വളരെ തറയായി അദ്ദേഹം സംസാരിക്കുന്നത് ഇവിടെ കാണാം. സന്തോഷ്‌ മാധവന്‍ ചിത്രീകരിച്ച നീല കാസറ്റുകളെ പറ്റിയുള്ള അദ്ദേഹത്തിന്റെ പരാമര്‍ശം ശ്രദ്ധിക്കുക. 


പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ അച്യുതാനന്ദന്‍ നടത്തിയ ഒരു പരാമര്‍ശം : 


    ഉമ്മന്‍ ചാണ്ടി എന്ന പേര് അക്ഷരം മാറ്റി വിളിച്ചു എന്നും തികഞ്ഞ അശ്ലീലമായ ചില പ്രയോഗങ്ങള്‍ അച്യുതാനന്ദന്‍ നടത്തി എന്നും കെ എം മാണി പ്രസംഗിക്കുന്നത്  ഇവിടെ കാണാം. പക്ഷെ അതിനെതിരെ അച്യുതാനന്ദന്‍ പ്രതികരിച്ചിട്ടില്ല. മാത്രമല്ല ഈ വീഡിയോയില്‍ തന്നെ സുധാകരന്‍ പ്രസംഗിക്കുന്നത്  നോക്കൂ. ഇതൊന്നും അശ്ലീമല്ലെങ്കില്‍ പിന്നെന്താണ് ? എന്തിനു അച്യുതാനന്ദനെ മാത്രം പറയണം. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും മോശമല്ല. പ്രശസ്തനായ മറ്റൊരു നേതാവാണ്‌ എം വി ജയരാജന്‍. ജഡ്ജിമാരെ പറ്റി അദ്ദേഹം പറയുന്നത് ശ്രദ്ധിക്കൂ. റോഡ്‌ സൈഡില്‍ പൊതു യോഗങ്ങള്‍ മൂലം ഉണ്ടാവുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടി അത് നിരോധിച്ച ഹൈ കോടതിയുടെ ജട്ജുമാരെ ശ്രീ ജയരാജന്‍ ശുംഭന്‍ എന്നാണ് അഭിസംബോധന ചെയ്തിരിക്കുന്നത്.  എന്നാല്‍ സംഗതി തിരിച്ചടിക്കും എന്ന് പേടിയായപ്പോള്‍ ശുംഭന്‍ എന്ന വാക്കിനു തന്നെ പുതിയ അര്‍ഥങ്ങള്‍ കണ്ടു പിടിച്ചു രക്ഷപ്പെടാന്‍ ശ്രമിക്കുകയാണദ്ദേഹം .

കോഴിക്കോട് പോലീസ് വെടിവയ്പ്പിലെ കഥാ നായകന്‍ രാധ കൃഷ്ണ പിള്ളയെ റോഡില്‍ കണ്ടാല്‍ തല്ലണം എന്ന് ജയരാജന്‍ അണികളെ ഉപദേശിക്കുന്നത് ഇവിടെ കാണാം. 

പിണറായി വിജയനും മോശക്കാരനല്ല. താമരശ്ശേരി ബിഷപ്‌ ആയിരുന്ന പോള്‍ ചിറ്റിലപ്പള്ളിയെ നികൃഷ്ട ജീവി എന്ന് വിശേഷിപ്പിച്ച മഹാനാണദ്ദേഹം. വളരെയധികം എതിര്‍പ്പുകള്‍ വിളിച്ചു വരുത്തിയ ഈ പരാമര്‍ശം പിന്‍വലിക്കാനോ മാപ്പ് പറയാനോ നാളിതു വരെ പിണറായി തയ്യാറായിട്ടില്ല. 


ഇങ്ങനെ പോകുന്നു ഇവരുടെ വീര ഗാഥകള്‍. രജനി എന്ന വനിതയെ ശാരീരികമായി കയ്യേറ്റം ചെയ്തു എന്ന ജോര്‍ജിന്റെ വാര്‍ത്ത‍ ഏറ്റവും വൃത്തികെട്ട രീതിയില്‍ ചര്‍ച്ച ചെയ്തത് കൈരളി വാര്‍ത്തകള്‍ ആണ്. രാവിലെ മുതല്‍ രജനിയുടെ ദൃശ്യങ്ങളും ജോര്‍ജിന്റെ പ്രസംഗത്തിന്റെ ദൃശ്യങ്ങളും മാറി മാറി കാണിച്ചു കൊണ്ടിരിക്കുകയാണ് കൈരളി. മറ്റു ചാനലുകള്‍ അക്കാര്യത്തില്‍ മിതത്വം പാലിക്കുമ്പോള്‍ ഇത്തരം ദൃശ്യങ്ങള്‍ വഴി ഒരു സഹതാപ തരംഗം ഉണ്ടാക്കാനാണ് കൈരളിയുടെ ശ്രമം. ജോര്‍ജ് തന്റെ പ്രസംഗത്തിലൂടെ ആ പാവം യുവതിയുടെ പേര് വിവാദത്തിലേക്ക് വലിച്ചിഴക്കുന്നത് പോലെ തന്നെയാണ് വാര്‍ത്തയില്‍ ഇത് ആഘോഷിക്കുന്നതും. സഭയില്‍ നടത്തുന്ന ശാരീരികമായ അഭ്യാസങ്ങള്‍ ഇപ്പോഴും ന്യായീകരിക്കാറുള്ള ഒരു പാര്‍ട്ടി ആണ് സി പി എം. ഇപ്പറഞ്ഞതെല്ലാം കോണ്‍ഗ്രസിനെ ന്യായീകരിക്കാനല്ല. പി സി ജോര്‍ജ് പണ്ടേ ഇത്തരം അസഭ്യ വാക്കുകളുടെ പ്രയോഗം കൊണ്ടും തന്റെ സ്ഥാനത്തിനു ചേരാത്ത പെരുമാറ്റം കൊണ്ടും കുപ്രസിധനാണ്. ഗണേഷിന്റെ അടുത്ത് നിന്ന് ഒരു പരിധി വരെ ജനങ്ങള്‍ ഇത്തരം ഒരു പെരുമാറ്റം പ്രതീക്ഷിച്ചിരുന്നില്ല എന്ന് തോന്നുന്നു. പക്ഷെ ഇതിനേക്കാള്‍ ഒക്കെ അപലപനീയമാണ് തങ്ങള്‍ ഇത് വരെ ചെയ്തതെല്ലാം ശരിയെന്നുള്ള ഇടതു പക്ഷത്തിന്റെ ഭാവവും പ്രതികരണങ്ങളും. ഈയടുത്ത കാലത്ത് കടകംപള്ളി സുരേന്ദ്രന്‍ ഓര്‍ക്കാതെ നിയമസഭയില്‍ കയറിയത് പാര്‍ട്ടി ചര്‍ച്ച ചെയ്തു പോലുമില്ല. താന്‍ ഇരിക്കേണ്ടത് എവിടെയാണെന്നോ നിയമ സഭ എന്താണെന്നോ ഒരു ബോധവുമില്ലാത്ത ഒരാള്‍ തങ്ങളുടെ പാര്‍ട്ടിയില്‍ ഉണ്ടെന്നത് അവര്‍ക്ക് ഒരു പ്രശ്നമല്ല. പക്ഷെ ഇതേ പ്രവൃത്തി ഒരു ഭരണകക്ഷി ക്കാരന്‍ ചെയ്തിരുന്നെങ്കില്‍ കളി മാറിയേനെ. മാത്രമല്ല അച്യുതാനന്ദന്‍ ബാക്കിയുള്ളവരെ അഴിമതിക്കാര്‍ എന്ന് വിളിക്കുകയും അവരെ തുരുങ്കിലടയ്ക്കുകയും ചെയ്യും എന്നൊക്കെ ഭീഷണി മുഴക്കുമ്പോഴും സ്വന്തം മകനായ അരുണ്‍ കുമാറിന്റെ കേസില്‍ കാണിക്കുന്ന അപകടകരമായ മൌനം അദ്ദേഹത്തിന്റെ വിശ്വാസ്യതയില്‍ വിള്ളല്‍ വീഴിച്ചിരിക്കുന്നു.
ഇടതു പക്ഷം വര്‍ഷങ്ങളായി തുടര്‍ന്ന് വരുന്ന ഇത്തരം ഇരട്ട താപ്പുകള്‍ ശരിക്കും ലജ്ജാകരമാണ്. ഞാന്‍ നിര്‍ത്തുന്നു. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി അനുഭാവികള്‍ക്ക് തങ്ങളുടെ തെറി താഴെ രേഖപ്പെടുത്താവുന്നതാണ് 

2011, ഒക്‌ടോബർ 26, ബുധനാഴ്‌ച

ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ജനിക്കുന്നു - ഭാഗം 26     രാവിലെ തന്നെ ട്രെയിന്‍ എത്തി. ചിന്നു മിടിക്കുന്ന ഹൃദയത്തോടെ പുറത്തിറങ്ങി. പുറത്തു അച്ഛന്‍ കാറുമായി കാത്തു നില്‍പ്പുണ്ട്.  എല്ലാ തവണയും നാട്ടില്‍ വരുന്നത് പോലെയല്ലല്ലോ ഇന്ന്. അവള്‍ പതിയെ ബാഗ് കാറിന്റെ ഡിക്കിയില്‍ കൊണ്ടു വച്ചു. 'എന്താടീ..യാത്രയൊക്കെ എങ്ങനിരുന്നു ? " അച്ഛന്‍ ചോദിച്ചു. "സുഖമായിരുന്നു അച്ഛാ.. അച്ഛന്‍ എപ്പോ വന്നു ? " അവള്‍ ചോദിച്ചു. "ഞാന്‍ വന്നിട്ട് പത്തു മിനിറ്റ് ആയി. എനിക്കറിയാമായിരുന്നു ഇത് ലേറ്റ് ആവും ന്ന് "  അച്ഛന്‍ പറഞ്ഞു. 'ഹോ. ഈ അച്ഛന്റെ ഒരു ബുദ്ധി.. " ചിന്നു ചിരിച്ചു കൊണ്ടു പറഞ്ഞു. ഔപചാരികത ഒന്നുമില്ലാതെയാണ് അച്ഛന്‍ അവളോട്‌ സംസാരിക്കുന്നത്. കാര്‍ വിട്ടു. നഗരം ഉണര്‍ന്നു വരുന്നു. റോഡില്‍ പത്രക്കാരും രാവിലെ എണീറ്റ്‌ പണിക്കു പോകുന്ന തൊഴിലാളികളും ഒക്കെയുണ്ട്.   വീട്ടിലെത്തി. അമ്മ പുറത്തിരിപ്പുണ്ട്. എന്താ അച്ഛനും മോളും കൂടി ഇത്രയും താമസിച്ചത് ? ഞാന്‍ വിളിക്കാന്‍ തുടങ്ങുകയായിരുന്നു. അമ്മ പറഞ്ഞു. പക്ഷെ ചിന്നുവിന്റെ ഉള്ളില്‍ ഒരു പെരുമ്പറ മുഴങ്ങുന്നുണ്ടായിരുന്നു. ഇതെങ്ങനെ പറയും. ഒരു തുടക്കം കിട്ടണമല്ലോ. അച്ഛന്‍ എന്തൊക്കെയോ ചോദിക്കുന്നുണ്ട്. അവള്‍ തിരിച്ചും മറിച്ചും മറുപടി പറയുന്നത് കേട്ടിട്ട് അച്ഛന്‍ തിരിഞ്ഞു നോക്കി. 'എന്ത് പറ്റി നിനക്ക് ? സുഖമില്ലേ ? എന്താ പുറകില്‍ പോയി ഇരിക്കുന്നത് ? സാധാരണ നീ മുന്നില്‍ വന്നു ഞെളിഞ്ഞിരിക്കുന്നതാണല്ലോ.. " അച്ഛന്‍ ചോദിച്ചതൊന്നും അവള്‍ കേട്ടില്ല. വീണ്ടും ചോദിച്ചപ്പോള്‍ അവള്‍ എന്തോ പിറുപിറുത്തു. 'നല്ല തലവേദന അമ്മേ.. ഒന്ന് കിടക്കട്ടെ' ഇത്രയും പറഞ്ഞിട്ട് ചിന്നു മുകളിലത്തെ മുറിയിലേക്ക് പോയി. ഡ്രസ്സ്‌ മാറിയിട്ട് അവള്‍ കിടക്കയിലേക്ക് വീണു. എങ്ങനെ പറയും ? അച്ഛനും അമ്മയും വളരെ സ്നേഹത്തോടെ രാവിലെ തൊട്ടു നോക്കി ഇരിക്കുകയാണ്. എന്തോ. അവള്‍ പഴയ കാര്യങ്ങള്‍ ഒക്കെ ഓര്‍ത്തു. ചിന്നു എം സി എ പഠിക്കാന്‍ പോയപ്പോള്‍ ആണ് അവളുടെ അച്ഛന്റെ ഏറ്റവും അടുത്ത ഒരു ഫ്രണ്ട് ന്റെ മകള്‍ ഒരു പയ്യന്റെ ഒപ്പം ഇറങ്ങി പോയത്. അന്ന് ആ അങ്കിള്‍ വീട്ടില്‍ വന്നത് ചിന്നു ഓര്‍ത്തു. ആകെ തളര്‍ന്നു വിഷമിച്ചു വന്ന അദ്ദേഹത്തെ ചിന്നുവിന്റെ അച്ഛനായിരുന്നു സമാധാനിപ്പിച്ചത്. അന്ന് ആ അങ്കിള്‍ പോയ ശേഷം ചിന്നു കേള്‍ക്കെ അവളോട്‌ അച്ഛനും അമ്മയും പറഞ്ഞു.. ചിന്നു ഒരിക്കലും ഇങ്ങനൊന്നും ആവില്ല എന്നതാണ് ആശ്വാസം എന്ന്.  അതൊക്കെ ഒരു സിനിമ കാണുന്നത് പോലെ ചിന്നുവിന്റെ മനസ്സില്‍ തെളിഞ്ഞു വന്നു. എങ്ങനെ തുടങ്ങണം. എന്ത് പറയണം എന്നറിയില്ല. എന്തായാലും അച്ഛന്‍ ചിലപ്പോ പുറത്തു പോകും. അപ്പൊ അമ്മയോട് സൂചിപ്പിക്കാം. ഇത് വരെ സംഭരിച്ചു വച്ചിരുന്ന ധൈര്യം ഒക്കെ ചോര്‍ന്നു പോയിരിക്കുന്നു. 

    ഒരുവിധത്തില്‍ അവിടുന്നെഴുനേറ്റു. ഒരു കുളി പാസ്സാക്കി. താഴേക്കു ഇറങ്ങി ചെന്നു. അമ്മ ഭക്ഷണം എടുത്ത് വച്ചിട്ടുണ്ട്. ദോശയും ചട്നിയും. അവള്‍ക്കു ഏറ്റവും ഇഷ്ടപ്പെട്ട ബ്രേക്ക്‌ ഫാസ്റ്റ് ആണ്.  എന്നും അതിന്റെ മേല്‍ ചാടി വീഴാറുള്ള ചിന്നു ഇന്ന് അത് കണ്ടിട്ട് ഒന്നും മിണ്ടിയില്ല. മാത്രമല്ല അവളുടെ കണ്ണുകള്‍ ചെറുതായി നിറഞ്ഞു. എന്താ മോളെ ? എന്ത് പറ്റി ? സുഖമില്ലേ ? അമ്മ ചോദിച്ചു. അവള്‍ ഒന്നും മിണ്ടിയില്ല. 'ഇല്ല കുഴപ്പമൊന്നുമില്ല അമ്മേ. ചൂട് വെള്ളത്തില്‍ കുളിച്ചത് കൊണ്ട് കണ്ണ് നിറഞ്ഞത. സാരമില്ല" എന്നൊക്കെ എന്തൊക്കെയോ ചിന്നു പറഞ്ഞു. എന്നിട്ട് പതിയെ ദോശ മുറിച്ചു ചട്നിയില്‍ മുക്കി കഴിക്കാന്‍ തുടങ്ങി. 'എന്നത്തേയും പോലെ ഇങ്ങനിരിക്കാതെ രാവിലെ തന്നെ ബ്യൂട്ടി പാര്‍ലറില്‍ ഒക്കെ ഒന്ന് പോയിട്ട് വാ കേട്ടോ. ഉച്ച കഴിഞ്ഞു നിന്നെ കാണാന്‍ ഒരാള് വരുന്നുണ്ട് " ദോശ ചുട്ടുകൊണ്ടിരിക്കുന്നതിനിടയില്‍ അമ്മ പറഞ്ഞു. ഒരു വെള്ളിടി പോലെയാണ് ആ വാക്കുകള്‍ ചിന്നുവിന്റെ ചെവിയില്‍ വീണത്‌. അവളുടെ മുഖം വിളറി വെളുത്തു. കണ്ണുകളില്‍ നിന്ന് ധാരയായി കണ്ണീര്‍ ഒഴുകി. പുറം തിരിഞ്ഞു നില്‍ക്കുകയായിരുന്ന അമ്മ അത് കണ്ടില്ല. പെട്ടെന്ന് തന്നെ ടവല്‍ എടുത്തു അവള്‍ മുഖം തുടച്ചു. എന്നിട്ട് ഇടറിയ ശബ്ദത്തില്‍ ചോദിച്ചു.'എന്താ അമ്മേ നേരത്തെ പറയാതിരുന്നത് ? എന്നോട് ആരും പറഞ്ഞില്ലല്ലോ ' എന്നൊക്കെ അവള്‍ പറഞ്ഞു. 'അതിനെന്തിനാ നേരത്തെ തന്നെ ഇതൊക്കെ പറയുന്നത് ? നീ എന്തായാലും വരും എന്ന് പറഞ്ഞിരുന്നല്ലോ. നല്ല ആള്‍ക്കാരാണ്. പയ്യന്‍ ബാന്‍ഗ്ലൂര്‍ തന്നെ ജോലി ചെയ്യുകയാണ്. ഇന്റല്‍ എന്നൊരു കമ്പനിയില്‍ ആണ്. അവന്റെ സഹോദരി അവിടെ കല്യാണമൊക്കെ കഴിച്ചു സെറ്റില്‍ട് ആണ്. നടക്കുകയാണെങ്കില്‍ നല്ലതല്ലേ. ജാതകം നോക്കിയപ്പോ ഏഴു പൊരുത്തം ഉണ്ട്. നോക്കിക്കോളാനാണ് ആ പണിക്കര്‍ പറഞ്ഞത്. വേറൊരു പ്രൊപോസല്‍ കൂടി വന്നിട്ടുണ്ട്. അതിന്റെ ജാതകം കൂടി ഒന്ന് നോക്കാനാണ് അച്ഛന്‍ പോയിരിക്കുന്നത്. ചേരുമെങ്കില്‍ നീ നാളെ തിരികെ പോകുന്നതിനു മുമ്പ് അവരോടും കൂടി വന്നു കാണാന്‍ പറയാം. അമ്മ അവിടെ ആരോടെന്നില്ലാതെ പറഞ്ഞു കൊണ്ടിരിക്കുകയാണ്. 'എന്താ അമ്മേ.. എന്നെ കെട്ടിച്ചു വിടാന്‍ ഇത്രയ്ക്കു തിടുക്കമായോ ? " അവള്‍ ചോദിച്ചു. ചിന്നുവിന്റെ ചോദ്യവും ഇടറിയ ശബ്ദവും വിളറിയ മുഖവും ഒക്കെ കണ്ടു അമ്മയ്ക്ക് പേടിയായി. നിന്റെ പ്രായത്തിലുള്ളവര്‍ക്കൊക്കെ കുട്ടികളായി. നിന്റേതു നടക്കാതിരുന്നാല്‍ നമുക്ക് പിന്നെ വിഷമം ആവില്ലേ ? ഇത് എങ്ങനെയും നടക്കാന്‍ പ്രാര്‍ത്ഥിക്കൂ. അമ്മ പറഞ്ഞു. ദോശ ഒരുവിധം തീര്‍ത്തതിനു ശേഷം അവള്‍ മുകളിലത്തെ മുറിയിലേക്ക് പോയി. മൊബൈലില്‍ ഒരു മെസ്സേജ് വന്നു കിടപ്പുണ്ട്. 'എന്തായി? എത്തിയോ ? ' ബൈജു അയച്ചതാണ്.  'എത്തി' അവള്‍ മറുപടി അയച്ചു. ഉടന്‍ വരുന്നു അടുത്തത് 'എനി പ്രോബ്ലം ? ' ചിന്നുവിന്റെ ഒരു വാക്കിലുള്ള മെസ്സേജുകള്‍ കണ്ടാല്‍ ബിജുവിന് ടെന്‍ഷന്‍ കയറും. അങ്ങനെ അയച്ചതാവും. ചിന്നു അതിനു മറുപടി അയച്ചില്ല. ഒരു കാര്യം ചെയ്യാം. ബ്യൂട്ടി പാര്‍ലറില്‍ പോകുമ്പോ വിളിക്കാം. അവിടെ പോയിട്ട് കാര്യമായി ഒന്നും ചെയ്യാനില്ല. മുടി ഒന്ന് വെട്ടി ശരിയാക്കണം. മുഖത്തെ ചെറിയ സ്കാര്‍സ് ഒക്കെ കളയണം. അത്രേയുള്ളൂ. 

    പന്ത്രണ്ടു മണി ആയപ്പോ ചിന്നു അവിടുന്ന് ഇറങ്ങി. വീട് കഴിഞ്ഞു കുറച്ചായപ്പോ ഫോണ്‍ എടുത്തു. ബൈജു ഒരു റിംഗ് കേട്ടപ്പോ തന്നെ ഫോണ്‍ എടുത്തു. പാവം ടെന്‍ഷന്‍ ആയിട്ടുണ്ടാവും.  ചിന്നു വിഷമത്തോടെ പറഞ്ഞു.. 'ബൈജു എല്ലാം കഴിഞ്ഞു. ഇന്ന് ആരോ പെണ്ണ് കാണാന്‍ വരുന്നെന്നു' അവള്‍ക്കു ആ വാചകം മുഴുമിക്കാനായില്ല. അപ്പോഴേക്കും ചിന്നു വിതുമ്പി പോയി. അങ്ങേ തലയ്ക്കല്‍ നിന്നൊന്നും കേള്‍ക്കാനില്ല. ബൈജു ആകെ തകര്‍ന്നു നില്‍ക്കുകയാവും. മുക്കിയും മൂളിയും അവള്‍ ഉള്ള കാര്യം പറഞ്ഞു. ഒടുവില്‍ എല്ലാം കേട്ടതിനു ശേഷം ബൈജു പറഞ്ഞു  ' ഒരു കാര്യം ചെയ്യൂ. കണ്ടിട്ട് ഇഷ്ടപ്പെട്ടില്ല എന്ന് പറയ്‌. ബാക്കി പിന്നെ നോക്കാം. നമ്മുടെ കാര്യം തല്ക്കാലം മിണ്ടണ്ട. ഇപ്പൊ പറഞ്ഞാല്‍ അത് ചിലപ്പോ വഴക്കാവും. 'അപ്പൊ അവര്‍ക്ക് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞാലോ ബൈജൂ ? " അവള്‍ ചോദിച്ചു. 'ഹേയ്. അങ്ങനെ ആയാലും നിനക്കിഷ്ടമില്ലാതെ നിന്റെ അച്ഛനും അമ്മയും സമ്മതിക്കുമോ ? " അവന്റെ മറുചോദ്യം.  അത് കേട്ട് ചിന്നു ഒരു നിമിഷം നിന്നു. സത്യം പറഞ്ഞാല്‍ അങ്ങനെ ഉറപ്പില്ല. അച്ഛന്‍ ചിലപ്പോ വാശി പിടിച്ചു നടത്തിക്കും. അവള്‍ ഓര്‍ത്തു. എന്ത് വന്നാലും സമ്മതിക്കണ്ട. ഇഷ്ടമായില്ല എന്ന് തന്നെ പറയാം. അവള്‍ തീരുമാനിച്ചു. 'അങ്ങനെ തന്നെ ചെയ്യാം ബൈജു' അവള്‍ പറഞ്ഞു. 'എപ്പോഴാ അവര്‍ വരുന്നത്? " ബൈജു ചോദിച്ചു. ശബ്ദത്തില്‍ ധൈര്യം ഉണ്ടെങ്കിലും അവന്റെ ഉള്ളില്‍ നേരിയ ഭയമുണ്ട്. "ഞാന്‍ ഗുരുവായൂരപ്പനോട് പ്രാര്‍ത്ഥിക്കാം ചിന്നൂ. നീ ധൈര്യമായി ഇരിക്കൂ. പറ്റുമെങ്കില്‍ പോകുന്ന വഴിയില്‍ ഏതേലും അമ്പലം കണ്ടാല്‍ ഒന്ന്  പ്രാര്‍ഥിച്ചോളു എന്നവന്‍ പറഞ്ഞു. അതൊക്കെ കേട്ടപ്പോ ചിന്നുവിന് കുറച്ചു ധൈര്യം ആയി. "ശരി. എന്തായാലും ദൈവം രക്ഷിക്കും" അവളും പറഞ്ഞു. പിന്നെ വിളിക്കാം എന്ന് പറഞ്ഞിട്ട് അവള്‍ ഫോണ്‍ കട്ട്‌ ചെയ്തു. 

     തിരികെ വന്നു ഊണ് കഴിച്ചു എന്ന് വരുത്തി. ഏതു ഡ്രസ്സ്‌ ഇടണം എന്നൊക്കെ അമ്മ പറയുന്നുണ്ടായിരുന്നു. കുറച്ചു കഴിഞ്ഞപ്പോ ചേച്ചി വിളിച്ചു. ഡീ. നന്നായി ഒരുങ്ങി നിന്നോ ട്ടാ. വരുന്നത് നല്ല ആള്‍ക്കാരാണ്. നടന്നാല്‍ നിന്റെ ഭാഗ്യം. എല്ലാത്തിനും ഉം എന്ന് മൂളിയിട്ട് പാവം ചിന്നു ഫോണ്‍ വച്ചു. രണ്ടര ആയപ്പോ അവരെത്തി. പയ്യനും അങ്ങേരുടെ അനിയത്തിയും. അനിയത്തിക്ക് രണ്ടു കുട്ടികളുണ്ട്. ഒരെണ്ണം തോളത്തും ഒരെണ്ണം താഴെയും. കാണാന്‍ നല്ല സ്മാര്‍ട്ട്‌ അയ പയ്യനും സഹോദരിയും. അര മണിക്കൂര്‍ താമസിച്ചതില്‍ അവര്‍ ക്ഷമാപണം പറഞ്ഞു. ബ്ലോക്കില്‍ കുടുങ്ങിയതാണത്രെ. അതൊക്കെ കേട്ടതും അച്ഛന്റെ മുഖം വിടരുന്നത് അവള്‍ കണ്ടു. കുറച്ചു നേരത്തെ സംസാരത്തിന് ശേഷം അമ്മ അകത്തേക്ക് വന്നു. എന്നിട്ട് ചായ അമ്മ തന്നെ എടുത്തു വിതരണം ചെയ്തു. 'ചിന്നൂ. വന്നേയ്ക്കു .' അമ്മ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു. വിറയ്ക്കുന്ന കാലുകളും അതിനെക്കാള്‍ വിറയ്ക്കുന്ന ഹൃദയവുമായി അവള്‍ സ്വീകരണ മുറിയിലേക്ക് ചെന്നു. 'എപ്പോ വന്നു ? എങ്ങനെ ഉണ്ട് ബംഗ്ലൂരിലെ ജീവിതം ? " എന്നൊക്കെ ആ ചേച്ചി ചോദിച്ചു. ചിന്നു എന്തൊക്കെയോ മണ്ടന്‍ മറുപടി പറഞ്ഞു. ചിന്നുവിന്റെ വിറയല്‍ കണ്ടപ്പോ അച്ഛന്‍ പറഞ്ഞു എന്നാല്‍ പിന്നെ അവര്‍ തമ്മിലെന്തെങ്കിലും സംസാരിക്കണമെങ്കില്‍ സംസാരിച്ചോട്ടെ ന്നു. മുകളിലേക്ക് പൊയ്ക്കോളാന്‍ അമ്മ കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു. പയ്യനോട് മുകളിലേയ്ക്ക് ചെന്നോ എന്ന് അച്ഛന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു. പയ്യന്‍ ആളല്പം കടുപ്പം ആണെന്ന് തോന്നുന്നു. അധികം ഒന്നും ചിരിക്കാതെ അങ്ങേര്‍ മുകളിലേക്ക് പോയി. ചിന്നുവും മനസ്സില്ലാ മനസ്സോടെ അങ്ങേരുടെ പുറകെ പോയി.

     മുകളില്‍ ഒരു ലിവിംഗ് റൂം ഉണ്ട്. അവിടെ സോഫയില്‍ അഭിമുഖമായി അവര്‍ ഇരുന്നു. 'എവിടെയാ ജോലി ചെയ്യുന്നത് ? " അങ്ങേര്‍ ചോദിച്ചു. ചിന്നു കമ്പനിയുടെ പേര് പറഞ്ഞു. 'എവിടെയാ ക്യാമ്പസ്‌ ? " അവള്‍ പറഞ്ഞു ഹെബ്ബാളിനു അടുത്താണ്. മാന്യത എംബസി പാര്‍ക്ക്‌ എന്ന് പറയും. അപ്പൊ അങ്ങേര്‍ പറഞ്ഞു "എനിക്കറിയാം. ഏതു ടെക്നോളജിയില്‍ ആണ് വര്‍ക്ക്‌ ചെയ്യുന്നത് ? " അവള്‍ പറഞ്ഞു 'ഡോട്ട് നെറ്റ് '. 'ഏതു വെര്‍ഷന്‍ ആണ് നിങ്ങള്‍ ഇപ്പൊ യൂസ്  ചെയ്യുന്നത് ? എങ്ങനെയുണ്ട് പ്രൊജക്റ്റ്‌ ? എന്തൊക്കെ ചെയ്യാനുണ്ട് ? " അങ്ങനെ ഒരു പത്തു ചോദ്യം അങ്ങേര്‍ ഒറ്റ ശ്വാസത്തില്‍ ചോദിച്ചു. ചോദിച്ചതില്‍ ചിലതൊക്കെ ചിന്നു മറുപടി പറഞ്ഞു. അങ്ങേരും ജാവയില്‍ ആണ് വര്‍ക്ക് ചെയ്യുന്നത്. എന്താണ് കരിയര്‍ പ്ലാന്‍ ? ഇപ്പൊ കുറച്ചു വര്‍ഷമായില്ലേ ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് . ലീഡ് ആകേണ്ട സമയമൊക്കെ ആയല്ലോ " എന്നൊക്കെ അയാള്‍ സ്വയം പറഞ്ഞു. ചിന്നു അതിനു മറുപടി പറഞ്ഞില്ല. എങ്ങനെയെങ്കിലും ഇതൊന്നു കഴിഞ്ഞു കിട്ടിയാല്‍ മതിയായിരുന്നു എന്ന് പ്രാര്‍ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു  അവള്‍. ലാലേട്ടന്‍ പറഞ്ഞ പോലെ EJB യില്‍ തുടങ്ങി കോര്‍ ജാവയിലൂടെ പല പല മേഖലകളിലൂടെ അങ്ങേരുടെ ചോദ്യങ്ങള്‍ നീണ്ടു. ഒടുവില്‍ ചിന്നുവിന് എന്തെങ്കിലും ചോദിക്കാനുണ്ടോ എന്ന് ചോദിക്കുക പോലും ചെയ്യാതെ അങ്ങേര്‍ അഭിമുഖം അവസാനിപ്പിച്ചു. തിരികെ താഴെ വന്നിരുന്ന പയ്യനോട് 'എല്ലാം സംസാരിച്ചോ ? " എന്ന് അച്ഛന്‍ തമാശയായി ചോദിച്ചു. അങ്ങേര്‍ ഗൌരവം വിടാതെ തന്നെ 'ടെക്നിക്കലി അത്ര മോശമല്ല ? " എന്ന് മറുപടി പാസ്സാക്കി. അത് കേട്ട് അച്ഛന്റെ കണ്ണ് തള്ളുന്നത് ചിന്നു വ്യക്തമായി കണ്ടു. അമ്മയുടെ മുഖത്തും ഒരു അമ്പരപ്പ് പടര്‍ന്നു. 

     അവര്‍ ഇറങ്ങിയ ശേഷം അമ്മ ചിന്നുവിനോട് പറഞ്ഞു ..' കൊള്ളാം അല്ലെ ? നീ എന്ത് പറയുന്നു ? അയാള്‍ എന്താ നിന്നോട് ചോദിച്ചത് ? "  ഇത് കാത്തിരിക്കുകയായിരുന്നു ചിന്നു. 'ലയെര്‍ കംപോനെന്റ്സ് എങ്ങനെയാ നിങ്ങളുടെ പ്രോജെക്ടില്‍ യൂസ് ചെയ്യുന്നത് ? ബീന്‍സ് ഒക്കെ ഇപ്പോഴും യൂസ് ചെയ്യുന്നുണ്ടോ ? വെബ്‌ 2  ആണോ ലേറ്റസ്റ്റ് ആണോ നിങ്ങളുടെ സ്റ്റാന്‍ഡേര്‍ഡ് ? " ഇങ്ങനെയൊക്കെയ അങ്ങേര്‍ ചോദിച്ചത് അമ്മേ. അവള്‍ പറഞ്ഞു. അമ്മയ്ക്ക് ഒരു വസ്തു മനസ്സിലായില്ല. 'അപ്പൊ പേര്‍സണല്‍ ആയിട്ടൊന്നും ചോദിച്ചില്ലേ? " അമ്മ വീണ്ടും ചോദിച്ചു. "തിരികെ വന്നപ്പോ അമ്മ അങ്ങേരുടെ മറുപടി ശ്രദ്ധിച്ചില്ലേ ? അയാള്‍ക്ക് ടെക്നോളജി മാത്രമേ ഇഷ്ടമുള്ളൂ" അവള്‍ വെറുപ്പോടെ പറഞ്ഞു. "പക്ഷെ നല്ല ആള്‍ക്കാരാ അവര്‍. നല്ല പൈസ ഉണ്ട്. വലിയ കുടുംബമാണ്. അയാളുടെ അനിയത്തിയെ കല്യാണം കഴിച്ചയാള്‍ യൂ ക്കെയിലാണ്." എന്നൊക്കെ അമ്മ പറഞ്ഞു. 'അപ്പൊ അമ്മയ്ക്ക് അങ്ങേരെ കണ്ടിട്ട് ഒന്നും തോന്നിയില്ലേ ? " ചിന്നു ചോദിച്ചു. അത് കേട്ടുകൊണ്ട് അച്ഛന്‍ ഉള്ളിലേക്ക് വന്നു. "അവന്‍ വലിയ ജാഡ ആണെന്ന് തോന്നുന്നു. നിനക്ക് ഇഷ്ടപ്പെട്ടോ ?" അച്ഛന്‍ ചോദിച്ചു. "ഇല്ല. എനിക്കൊട്ടും ഇഷ്ടമായില്ല" അവള്‍ കടുപ്പിച്ചു പറഞ്ഞു. "സാരമില്ല. മറ്റേ ജാതകം ചേരുന്നുണ്ട്. അവരോടു നാളെ വരാന്‍ പറയാം " അച്ഛന്‍ പറഞ്ഞു. മുകളിലേക്ക് ചെന്ന ചിന്നു അപ്പൊ തന്നെ ബിജുവിന് മെസ്സേജ് അയച്ചു "അത് ചീറ്റി. പക്ഷെ വേറൊരെണ്ണം കൂടിയുണ്ട് നാളെ" എന്ന്. വിഷമിച്ചിരിക്കുന്ന ഒരു സ്മൈലിയുടെ പടമുള്ള മെസ്സേജ് തിരികെ വന്നു. അത് കണ്ടു ചിന്നുവിനും വിഷമമായി. പക്ഷെ അവള്‍ക്ക് ഇപ്പൊ എന്തോ ധൈര്യം വന്നത് പോലെ തോന്നി. "സമാധാനമായിരിക്കൂ ബൈജൂ" എന്ന് പറഞ്ഞു അവള്‍ മറുപടി അയച്ചു. അടുത്ത ദിവസമായി. അവര്‍ പതിനൊന്നു മണിക്ക് വരും എന്നറിയിച്ചിട്ടുണ്ട്. വൈകിട്ട് അഞ്ചു മണിക്കാണ് ചിന്നുവിന്റെ ട്രെയിന്‍. അതുകൊണ്ട് നേരത്തെയാക്കിയതാണ്. 

     കൃത്യം പതിനൊന്നു മണിയായി. ചിന്നു ഇടയ്ക്കിടയ്ക്ക് ജനാലയിലൂടെ പുറത്തേക്കു നോക്കുന്നുണ്ട്. അമ്മയും പുറത്തു പോയി ഗേറ്റിലേയ്ക്ക് നോക്കുന്നുണ്ട്. അവര്‍ വരല്ലേ എന്ന് പ്രാര്‍ഥിച്ചു കൊണ്ടാണ് ചിന്നു നോക്കുന്നതെങ്കില്‍ അമ്മ നോക്കുന്നത് മറിച്ചാണെന്ന ഒരു വ്യത്യാസം മാത്രമേ ഉള്ളൂ .കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു ബൈക്ക് അവിടെ വന്നു നിന്നു. രണ്ടു പേരുണ്ട്. പയ്യന് ബിസിനസ്‌ ആണെന്നാണ് പറഞ്ഞത്. പുറകിലിരിക്കുന്നയാളിനെ കണ്ടാല്‍ ഒരു ബിസിനസ്‌ നടത്തുന്നയാളിന്റെ ലുക്ക്‌ ഒന്നുമില്ല. അമ്മ പറഞ്ഞു..''അവരാണെന്ന് തോന്നുന്നു' എന്നിട്ട് മുറ്റത്തേക്ക് ഇറങ്ങി. അതെ അവര്‍ തന്നെ. രണ്ടു പേരെയും അമ്മയും അച്ഛനും കൂടി സ്വീകരിച്ചു. പയ്യന്റെ ഒപ്പം വന്നയാള്‍ പരിചയപ്പെടുത്തി. പയ്യനും പുള്ളിയുടെ ആത്മാര്‍ത്ഥ സുഹൃത്തും ആണ് വന്നിരിക്കുന്നത് . പയ്യന് രണ്ടു ബസ്‌ സ്വന്തമായുണ്ട്.  മാത്രമല്ല പയ്യന്‍ പാരമ്പര്യമായി നല്ല പണക്കാരന്‍ ആണെന്ന് സുഹൃത്ത്‌ വിശദീകരിച്ചു. പയ്യന്റെ ചേട്ടന്‍ ദുബായില്‍ സൂപ്പര്‍ മാര്‍ക്കറ്റ്‌ നടത്തുകയാണ്. അച്ഛന് ഇവിടെ കോണ്ട്രാക്ടര്‍ ആണെന്നുമൊക്കെ പുള്ളി പറഞ്ഞു. നല്ല ഒന്നാംതരം പൊങ്ങച്ചക്കാര്‍   ആണെന്ന് തോന്നുന്നു. പാവം ചിന്നു പേടിച്ചു അകത്തെ മുറിയില്‍ ചായയുമായി നില്‍ക്കുകയാണ്. അമ്മ വിളിച്ചാലുടനെ ചെല്ലണം. എന്തായാലും ഇതൊന്നടങ്ങിയ ശേഷം നമ്മുടെ കാര്യം പറയണം. ഇനി വച്ച് താമസിപ്പിച്ചാല്‍ പറ്റില്ല എന്ന് ബൈജു പറയുന്നത് എന്തുകൊണ്ടാണെന്ന് ചിന്നുവിന് ഇപ്പൊ പിടി കിട്ടി. 'ചിന്നൂ' ..വിളി വന്നു. 

    ചിന്നു മുറിയിലേക്ക് ചെന്നു. ചായ വച്ചു പിറകിലേക്ക് മാറി. അച്ഛന്‍ അവളോട്‌ അവിടെ നില്ക്കാന്‍ പറഞ്ഞു. പയ്യന്‍ ഒന്നും മിണ്ടുന്നില്ല. കൂട്ടുകാരന്‍ നിര്‍ത്താതെ സംസാരിച്ചുകൊണ്ടിരിക്കുകയാണ്.
വലിയ വിദ്യാഭ്യാസം ഒന്നും ഉള്ളതാണെന്ന് തോന്നുന്നില്ല. 'ഐ ടി ആണല്ലേ ? ' അവന്റെ ബോറന്‍ ചോദ്യം. ചിന്നു അതെ എന്ന് പറഞ്ഞു. "ബാന്‍ഗ്ലൂര്‍ എവിടായിട്ടു വരും ? ഞാന്‍ പണ്ട് ടൂറിനു ബംഗ്ലൂര്‍ വന്നിട്ടുണ്ട് " എന്നൊക്കെ അവന്‍ വച്ചു താങ്ങുകയാണ്. ചിന്നുവിനെ മറുപടി പറയാന്‍ പോലും അനുവദിച്ചില്ല. അവന്റെ ചോദ്യത്തിന്റെ പോക്ക് കണ്ടപ്പോ അച്ഛന് എന്തോ പന്തികേട്‌ തോന്നി. ഇനി അവര്‍ എന്തെങ്കിലും സംസാരിച്ചോട്ടെ അല്ലേ എന്ന് അച്ഛന്‍ കൂട്ടുകാരനോട് ചോദിച്ചു. 'അതെയതെ. ജയാ നിനക്കെന്തെങ്കിലും സംസരിക്കണ്ടേ ? " എന്ന് അവന്‍ ചിരിച്ചുകൊണ്ട് പയ്യനോട് ചോദിച്ചു. പയ്യനും തലയാട്ടി. ഇന്നലത്തെ പോലെ രണ്ടു പേരെയും മുകളിലത്തെ മുറിയിലേക്ക് വിട്ടു. ഇന്നലെ വന്ന പയ്യനെ പോലെ അല്ല ഇങ്ങേര്‍. കുറച്ചു ഗൌരവക്കാരനാണ്‌. 'അല്ല . ഈ ഐ ടി എന്ന് പറയുമ്പോ എന്ത് ജോലിയാണ് ചിന്നു ചെയ്യുന്നത് ? " അയാള്‍ തുടങ്ങി. 'ഞാന്‍ ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആയിട്ടാണ് വര്‍ക്ക്‌ ചെയ്യുന്നത്" എന്ന് ചിന്നു ഒരുവിധം പറഞ്ഞൊപ്പിച്ചു. എങ്ങനെയെങ്കിലും ഇതൊന്നു കഴിഞ്ഞു കിട്ടിയിരുന്നെങ്കില്‍ എന്ന് അവള്‍ ഉള്ളില്‍ പ്രാര്‍ഥിക്കുകയായിരുന്നു. അതാ അവന്റെ അടുത്ത ചോദ്യം. 'സാലറി ഒക്കെ എങ്ങനെ ? നല്ല പേ ഒക്കെ ഉണ്ടോ ? " അത് കേട്ടതും ഉള്ളില്‍ ചൊറിഞ്ഞു വന്നെങ്കിലും ചിന്നു വെറുതെ തലയാട്ടിയതേ ഉള്ളൂ. എനിക്ക് രണ്ടു ബസ്‌ ഉണ്ട്. നിങ്ങളുടെ റൂട്ടില്‍ ഓടുന്നതാണ് ഒരെണ്ണം. മറ്റേതു ടൂറിസ്റ്റ് ബസ്‌ ആണ്. ഒരെണ്ണം കൂടി ഉടനെ വരുന്നുണ്ട്. എന്നൊക്കെ അയാള്‍ പറഞ്ഞു. അപ്പൊ കൂട്ടുകാരന്‍ മാത്രമല്ല ഇങ്ങേരും മോശമല്ല. കുറച്ചു വാചകം കൂടി അടിച്ച ശേഷം അങ്ങേര്‍ സംസാരം നിര്‍ത്തി. രണ്ടെണ്ണവും ഉടന്‍ തന്നെ ഇറങ്ങി. പിറകെ അറിയിക്കാം എന്ന് പറഞ്ഞിട്ട്. അച്ഛനും അമ്മയും എന്ത് പറയുന്നു എന്നറിയാന്‍ ചിന്നു കാതോര്‍ത്തു. അച്ഛന്‍ പറയുകയാണ്‌ .' ഇത് എന്തായാലും വേണ്ട. അവന്റെ കൂട്ടുകാരന്‍ എന്ന് പറയുന്നവന്‍ ചോദിക്കുകയാണ് ഇവിടെ പറമ്പില്‍ തെങ്ങെത്രയുണ്ട് ? വരുമാനം ഒക്കെ എത്ര കിട്ടും എന്നൊക്കെ. മാത്രമല്ല പയ്യന്റെ അനിയത്തിയെ കല്യാണം കഴിപ്പിച്ചു വിട്ടപ്പോ സ്ത്രീധനം എത്ര കൊടുത്തു എന്നൊക്കെ അവന്‍ ഈ ചെറിയ ഗ്യാപ്പില്‍ സൂചിപ്പിച്ചുവത്രെ. ഇനിയും അവന്‍ വല്ലതും ചോദിച്ചിരുന്നെങ്കില്‍ ഞാന്‍ അവനെ തല്ലിയേനെ എന്നൊക്കെ അച്ഛന്‍ പറഞ്ഞു. അമ്മയ്ക്ക് കുറച്ചു വിഷമം ആയി. രണ്ടു ആലോചനയും ചീറ്റിയല്ലോ. എന്നാല്‍ ഇതൊക്കെ കേട്ട് ചിന്നുവിന്റെ മനം കുളിര്‍ത്തു. ഗുരുവായൂരപ്പന്‍ തുണച്ചു.അപ്പൊ തന്നെ മുകളില്‍ ചെന്നു ബൈജൂനു ഒരു മെസ്സേജ് വിട്ടു ചിന്നു. 

      ഇന്ന് ദീപാവലി ആണ് . സാധാരണ അന്നൊക്കെ വീട്ടില്‍ ഉണ്ടാവാറുണ്ട് ചിന്നു. ഇന്ന് അമ്മയും അച്ഛനും മാത്രം വീട്ടിലുള്ളത് കൊണ്ട് കുറച്ചു വിളക്ക് മാത്രമേ കത്തിക്കുന്നുള്ളൂ. നാലര ആയപ്പോ ചിന്നു ഇറങ്ങി. അച്ഛന്‍ സ്റെഷനില്‍ കൊണ്ട് വിട്ടു. കൃത്യ സമയത്ത് തന്നെ ട്രെയിന്‍ വന്നു. കുറച്ചു ദൂരം ചെന്നപ്പോ ബൈജുവിന്റെ വിളി വന്നു. അവനും ബസ്സില്‍ കയറി അത്രേ. അടുത്ത് ആരും വരാത്തത് കൊണ്ട് കുറച്ചു നേരം സംസാരിക്കാം എന്ന് ചിന്നു കരുതി. എന്തായാലും ഉടനെ തന്നെ ഇത് വീട്ടില്‍ പറയണം. ചിന്നു അവനോടു പറഞ്ഞു. 'അത് ശരി. നിനക്ക് പേടിയായിട്ടല്ലേ ഉടനെ പറയണ്ട എന്നൊക്കെ പറഞ്ഞത് ? " ബിജുവിന് ദേഷ്യം വന്നു. 'അതെ. ധൈര്യം ഇപ്പോഴും അത്രയ്ക്ക് വന്നിട്ടില്ല. പക്ഷെ എനിക്ക് പേടിയാകുന്നു. ഇത് പോലെ വല്ല ആലോചനയും വന്നു ഉറപ്പായാല്‍ എന്ത് ചെയ്യും ? " എന്നൊക്കെ ചിന്നു സ്വയം പറഞ്ഞു. ബൈജു അവളെ സമാധാനിപ്പിച്ചു. 

     ബൈജുവിന്റെ ബസ്‌ നല്ല സ്പീഡില്‍ നീങ്ങുകയാണ്. അടുത്ത സീറ്റില്‍ ഒരു പ്രായമായ അങ്കിള്‍ ഉണ്ട്.  അതുകാരണം അവനു അധികം സംസാരിക്കാനും പറ്റുന്നില്ല. കുറച്ചു കഴിഞ്ഞപ്പോ അതാ വരുന്നു ചിന്നുവിന്റെ മെസ്സേജ്. 'എനിക്കിപ്പോ ഒരു guilty feeling ബൈജൂ. ഞാന്‍ അവരെയൊക്കെ പറ്റിക്കുകയല്ലേ എന്നൊരു ഫീലിംഗ്." അത് കണ്ടിട്ട് എന്ത് തിരികെ അയക്കണം എന്നോര്‍ത്ത് ബൈജു കുറച്ചു നേരമിരുന്നു. ഡിന്നര്‍ കഴിക്കാന്‍ ബസ്‌ ഒരിടത്ത് നിര്‍ത്തി. അവന്‍ ചിന്നുവിനെ വിളിച്ചു. 'എന്താ ചിന്നു ഇപ്പൊ ഒരു വിഷമം. ഈ ടോപ്പിക്ക് നമ്മള്‍ കുറെ തവണ ഡിസ്കസ് ചെയ്തതല്ലേ ? നീ ഇപ്പൊ ഏതെങ്കിലും ഒരാളിന്റെ ഒപ്പം സ്കൂളിലോ കൊളജിലോ പഠിക്കുമ്പോ ഇറങ്ങി പോകുന്ന പോലെയാണോ ഇത് ? നമ്മള്‍ matured ആയ രണ്ടു പേരല്ലേ ?  മാത്രമല്ല കുറച്ചു കാലമായി ജോലി ചെയ്തു ഇനി സെറ്റില്‍ ചെയ്യേണ്ട സമയമായ രണ്ടു പേര്‍. ഇപ്പൊ എന്താ നിനക്ക് മറിച്ചു തോന്നുന്നത് ? അതോ അവരൊക്കെ പറയുന്ന പോലെ ഏതെങ്കിലും ഹൈ പ്രൊഫൈല്‍ ആളിനെ കെട്ടാന്‍ നിനക്കും ആഗ്രഹം തോന്നിയോ ? " അവന്‍ ചോദിച്ചു. എന്നാല്‍ അതിന്റെ മറുപടി ചിന്നുവിന്റെ ഒരു കരച്ചില്‍ ആയിരുന്നു. പറഞ്ഞത് കുറച്ചു കൂടിപോയെന്നു അവനു തോന്നി. പക്ഷെ അവന്റെ ഉള്ളിലുള്ള വിഷമം ആണ് അപ്പൊ ബൈജുവിന്റെ കൊണ്ട് അങ്ങനെ പറയിച്ചത്. സോറി എന്ന് പറഞ്ഞു ചിന്നുവിന്റെ ഒരു മെസ്സേജ് വന്നു. സോറി മാത്രമല്ല ബൈജുവിനുള്ള പണിയും അതിലുള്ളില്‍ ഉണ്ടായിരുന്നു. 'അപ്പൊ ഇങ്ങനെയൊക്കെയാണ് ബൈജു എന്നെ പറ്റി വിചാരിച്ചിരിക്കുന്നതല്ലേ ? എല്ലാ തവണത്തെയും  പോലെ ഇത്തവണയും ഞാന്‍ സോറി പറഞ്ഞേക്കാം. തീര്‍ന്നല്ലോ" എന്ന് വേണ്ട അവളുടെ വിഷമം മുഴുവന്‍ ആ മെസ്സേജില്‍ ഉണ്ടായിരുന്നു. അത് കണ്ടു ബൈജുവിന് വിഷമമായി. ഡീ ഞാന്‍ അങ്ങനെ ഉദ്ദേശിച്ചതല്ല. നീ ഫീല്‍ ആകാതെ. ഇന്ന് ദീപാവലിയല്ലേ. കരയല്ലേ എന്നൊക്കെ പറഞ്ഞു ബൈജു അവളെ സമാധാനിപ്പിച്ചു. കുറച്ചു കഴിഞ്ഞപ്പോ പതിവ് പോലെ ചിന്നു കരച്ചില്‍ നിര്‍ത്തി. 'പോട്ടെ ചക്കരേ.. ദീപാവലി സ്വീറ്റ്സ് കൊണ്ട് വന്നോ ? അവിടെ മഴയുണ്ടോ " എന്നൊക്കെ ഓരോ മണ്ടന്‍ ചോദ്യങ്ങള്‍ ചോദിച്ചു ബൈജു അവളെ ഒരുവിധത്തില്‍ ചിരിപ്പിച്ചു. നിര്‍ത്തിയിട്ട ബസ്സില്‍ ഉണ്ടായിരുന്ന എല്ലാവരും ആഹാരം കഴിച്ചു തിരികെ കയറിയിരിക്കുന്നു. അടുത്ത സീറ്റിലെ അങ്കിള്‍ വിന്‍ഡോയിലൂടെ ബൈജുവിന്റെ സംസാരമൊക്കെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഒരു ചമ്മിയ മുഖവുമായി ബൈജു തിരിച്ചു സീറ്റില്‍ വന്നിരുന്നു. 'എന്താ മോനെ ? ആകെ പ്രശ്നത്തിലാണെന്ന് തോന്നുന്നു. എന്ത് പറ്റി ? എന്തെങ്കിലും ഉപദേശം വേണോ ? " അങ്കിള്‍ ചോദിച്ചു. 'ഹേ ഇല്ല അങ്കിളേ .. തല്ക്കാലം എനിക്ക് മാനേജ് ചെയ്യാവുന്നതേ ഉള്ളൂ " എന്ന് അവന്‍ ഒരു ചെറു  ചിരിയോടെ തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു. ഗുഡ് ലക്ക് എന്ന് പറഞ്ഞിട്ട് അങ്കിള്‍ സീറ്റ് പുറകോട്ടേയ്ക്കാക്കി ബ്ലാങ്കറ്റ് പുതച്ചു കിടന്നു. ടി വിയില്‍ വിജയിന്റെ ശിവകാശി ഓടുന്നുണ്ട്. വിജയ്‌ എന്തൊക്കെയോ എടുത്തിട്ട് പൊട്ടിക്കുന്നു.. പൂത്തിരി കത്തിക്കുന്നു എന്ന് വേണ്ട ആകെപ്പാടെ ബഹളമാണ്. ഇന്ന് ആരെയും ഉറക്കില്ല എന്ന വാശിയോടെയാണ് അവന്മാര്‍ ആ പടം ഓടിക്കുന്നത്. കുറെ പാവങ്ങള്‍ ഉറക്കം പോയ വിഷമത്തില്‍ പടം കണ്ടിരിപ്പുണ്ട്. പടക്കം മാത്രമല്ല. വിജയ്‌ ഇടയ്ക്ക് ഒരു വെല്‍ഡിംഗ് യൂണിറ്റ് കൊണ്ട് വന്നു എന്തൊക്കെയോ വെല്‍ഡ് ചെയ്യുന്നുമുണ്ട്. ബൈജുവും സീറ്റ് പുറകിലെയ്ക്കാക്കി വിന്‍ഡോയിലൂടെ പുറത്തേക്കു നോക്കി. പാലക്കാട്‌ കഴിഞ്ഞു. പച്ചപ്പ്‌ നിറഞ്ഞ ഭംഗി ചെറിയ അരണ്ട വെളിച്ചത്തില്‍ കാണാന്‍ പറ്റുന്നുണ്ട്. അങ്ങ് ദൂരെ ചെറിയ മത്താപ്പുകള്‍ പൊങ്ങി വന്നു പല നിറങ്ങളില്‍ പൊട്ടി ചിതറുന്നത്‌ കാണാം.  റോഡിന്റെ വശങ്ങളിലുള്ള വീടുകളുടെ മുറ്റത്ത്‌ ദീപങ്ങള്‍ പ്രകാശിക്കുന്നു. മയക്കം കണ്ണുകളിലേയ്ക്ക് പടര്‍ന്നിരിക്കുന്നു. അതിലേതോ വീട്ടിന്റെ മുറ്റത്ത്‌ വേറൊരു വിളക്ക് പോലെ ചിന്നു നില്‍ക്കുന്നത് ബൈജു കണ്ടു.. ദൂരെ ചിന്നുവും പ്രകാശം നിറഞ്ഞ വിളക്കുകള്‍ സ്വപ്നത്തില്‍ കണ്ടു മയങ്ങുന്നുണ്ടായിരുന്നു ...

2011, ഒക്‌ടോബർ 22, ശനിയാഴ്‌ച

വീണ്ടും ഞാന്‍ !!!

കഴിഞ്ഞ ആഴ്ച കേരളകൗമുദി വാരികയിലെ വെബ്‌ സ്കാന്‍ ഈ ബ്ലോഗിനെ പറ്റിയായിരുന്നു എന്ന് ഞാന്‍ സ്വയം പൊക്കി പറഞ്ഞിരുന്നത് കണ്ടു കാണുമല്ലോ. വീണ്ടും എന്നെക്കൊണ്ടത് ചെയ്യിക്കാന്‍ ഈ ബ്ലോഗിലെ ഒരു പോസ്റ്റ്‌ ഈ ആഴ്ചയിലെ വെബ്‌ സ്കാനിലും വന്നിരിക്കുന്നു. !!


ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ജനിക്കുന്നു എന്ന എന്റെ ഏറ്റവും ജനപ്രിയമായ ( അടുത്ത ഭാഗം ഇടാം എന്ന് പറഞ്ഞിട്ട് ഇടാത്തതിന് കുറെ തെറി കിട്ടുന്നുണ്ടെങ്കിലും ) പരമ്പരയുടെ മൂന്നാം ഭാഗത്തിലെ ഒരു സംഗതിയാണ് ഇതില്‍ വന്നിരിക്കുന്നത്. ഈ പാവം ബ്ലോഗിനെ വീണ്ടും പരിഗണിച്ച ശ്രീലത പിള്ളയ്ക്കും കേരള കൌമുദി വാരികയ്ക്കും ഒരിക്കല്‍ കൂടി നന്ദി. 


ലിങ്ക് ക്ലിക്കിയാല്‍ ഇത് വരെ വന്ന കഥ മുഴുവന്‍ വായിക്കാം. അടുത്ത എപിസോഡ് ഉടന്‍ വരുന്നുണ്ട് 


യാത്ര - പച്ച വെളിച്ചം തെളിയുമ്പോള്‍

     

     ഒരുവിധം ബസ്സില്‍ കയറിപ്പറ്റി. അല്ലെങ്കിലും ഈ ബനശങ്കരി ഒരു തിരക്ക് പിടിച്ചയിടമാണ്. ബാന്‍ഗ്ലൂര്‍ വന്നിട്ട് വര്‍ഷങ്ങള്‍ പലതായെങ്കിലും ഇവിടത്തെയും കെ ആര്‍ മാര്‍ക്കെറ്റിലെയും തിരക്ക് ഇത് വരെ കുറഞ്ഞു കണ്ടിട്ടില്ല. ബസ്സിനകത്ത് ഭൂരിഭാഗവും ഗ്രാമീണരാണ്. നഗരത്തിനു പുറത്തുള്ള ഹള്ളികളില്‍ നിന്ന് കൃഷി ചെയ്ത സാധനങ്ങള്‍ വിറ്റു പൈസയുമായി പോകാന്‍ വന്ന തനി നാട്ടിന്‍പുറത്തുകാര്‍. ചിലരുടെ കയ്യില്‍ ഏതൊക്കെയോ ചെടികളുടെ ഇല ചെറിയ കുട്ടകളില്‍ നിറച്ചതുണ്ട്. ബസ്സിന്റെ മുന്നില്‍ ഡ്രൈവറുടെ ഇടതു വശത്ത് ഒന്ന് രണ്ടു വാഴ തൈകള്‍ വച്ചിരിക്കുന്നത് കണ്ടു. മിക്കവാറും ഏതെങ്കിലും കല്യാണത്തിന് അലങ്കാരത്തിനായിരിക്കും. നമ്മുടെ നാട് പോലല്ല ഇവിടെ. അവിടത്തെ പോലെ പരിഷ്കാരി കര്‍ഷകരൊന്നുമല്ല ഇവിടത്തുകാര്‍. പാളത്താറും ഉടുത്തു പുകയിലയും ചവച്ചു എണ്ണ തേയ്ക്കാത്ത പാറിപ്പറക്കുന്ന മുടിയുമായി വലിഞ്ഞു മുറുകിയ മുഖത്തോടെ നില്‍ക്കുന്ന ആളുകള്‍. ഒരു കമ്പിയില്‍ ഒരുവിധം പിടിത്തം കിട്ടി. ഭര്‍ത്താവിനു ഇന്ന് നേരത്തെ ഓഫീസില്‍ പോകണമായിരുന്നത് കൊണ്ട് മോളെ സ്കൂളില്‍ വിടുന്ന ജോലി ഇന്ന്  ഏല്‍പ്പിച്ചിട്ട് പോയതാണ്. ശിഖയാണെങ്കില്‍ വന്‍ കുസൃതിയും ആണ്. അവളെ ഒരുക്കുന്നതിന് തന്നെ വേണം ഒരു മണിക്കൂര്‍. ശേഖറിനാനെങ്കില്‍ ചിലപ്പോ ഭ്രാന്തു പിടിക്കും. അല്ല. ശേഖറിനെ പറഞ്ഞിട്ട് കാര്യമില്ല. സാമ്പത്തിക മാന്ദ്യം വന്നതിനു ശേഷം ആരുടെയൊക്കെയോ ജോലി പോയെന്നു ഇന്നലെ കൂടി ശേഖര്‍ പറഞ്ഞു. അവള്‍ക്കു മൂന്നു വയസ്സെങ്കിലും ആയെങ്കില്‍ എനിക്കും കൂടി ജോലിക്ക് പോകാമായിരുന്നു. അത്രയ്ക്ക് ചെലവാണ് ഇവിടെ.  അങ്ങോട്ട്‌ ഓട്ടോയില്‍ പോയിട്ട് തിരികെ ബസ്സില്‍ വരാം എന്ന് കരുതിയത്‌ നന്നായി. വൈകിട്ട് മോളെ വിളിക്കാന്‍ പോകുമ്പോഴും ബസ്സില്‍ പോകാം. തിരികെ വരുമ്പോ എന്തായാലും ഓട്ടോ പിടിക്കേണ്ടി വരും. ഇങ്ങനെയൊക്കെ സേവ് ചെയ്താലേ ജീവിക്കാന്‍ പറ്റൂ. പല തുള്ളി പെരുവെള്ളം. 

    ഭാഗ്യം. ഒരു സീറ്റ് കിട്ടി. ബസ് കുറച്ചു ദൂരം കൂടി മുന്നോട്ടു പോയി ഒരു ചെറിയ ചന്തയുടെ അടുത്തെത്തി. അതോടെ ബസ്സിലെ തിരക്ക് തീര്‍ന്നു. ആ പാവങ്ങള്‍ വട്ടിയും കുട്ടയും എല്ലാം എടുത്തിട്ട് ഇറങ്ങി. ആദ്യം ഒരു അസൌകര്യമായി തോന്നിയെങ്കിലും ഇപ്പൊ വാണിക്ക് അവരോടു പാവം തോന്നി. എത്ര കഷ്ടപ്പെട്ടാണ് അവര്‍ ജീവിക്കുന്നത്. അടുത്ത സ്റ്റോപ്പില്‍ വാണിയുടെ അടുത്തിരുന്ന സ്ത്രീ ഇറങ്ങി. വാണി ബാഗ് അങ്ങോട്ട്‌ നീക്കി വയ്ക്കാന്‍ ശ്രമിക്കുമ്പോഴാണ് പെട്ടെന്ന് ആരോ അവളുടെ മേലേയ്ക്കു മറിഞ്ഞു വീണത്‌. 'സോറി' എന്ന് ആ സ്ത്രീ പറഞ്ഞു. വാണിക്ക് പെട്ടെന്ന് ദേഷ്യം വന്നുവെങ്കിലും അവരുടെ മുഖത്തേക്ക് നോക്കിയപ്പോ അത് പ്രകടിപ്പിക്കാന്‍ തോന്നിയില്ല. നല്ല ആഭിജാത്യമുള്ള ഒരു സ്ത്രീ. 'ബസ്‌ ബ്രേക്ക്‌ ചെയ്തതാണ് ' എന്നവര്‍ ശുദ്ധമായ ഇംഗ്ലീഷില്‍ പറഞ്ഞു. സാരമില്ല എന്ന് വാണിയും പറഞ്ഞു. അവര്‍ അടുത്ത് ഒതുങ്ങി ഇരുന്നു. വാണി ഇടം കണ്ണിട്ടു അവരെ നോക്കി. വില കൂടിയ ഒരു സാരി ആണ് ഉടുത്തിരിക്കുന്നത്. അതിനു ചേര്‍ന്ന ആഭരണങ്ങളും. 
കയ്യില്‍ എന്തൊക്കെയോ പൊതികളും ഉണ്ട്. വെളുത്ത ചില മുടിയിഴകളും അങ്ങിങ്ങായി ഉണ്ട്. 

     ഇനി ഒരു അര മണിക്കൂര്‍ കൂടി വേണം വീട്ടിലെത്താന്‍. ദൂരം കുറച്ചേയുള്ളൂവെങ്കിലും നഗരത്തിലെ നശിച്ച ട്രാഫിക് കാരണം ഉടനെയൊന്നും എത്തില്ല. വാണി അടുത്തിരുന്ന സ്ത്രീയോട് കുശല പ്രശ്നങ്ങള്‍ ഒക്കെ നടത്തി. മോളെ സ്കൂളില്‍ വിട്ട് വരികയാണെന്ന് പറഞ്ഞു തുടങ്ങിയ വാണി പിന്നെ സ്കൂളിലെ അഡ്മിഷന്‍ പ്രശ്നങ്ങളെപറ്റിയും കനത്ത ഫീസിനെ പറ്റിയുമൊക്കെ വാചാലയായി. അവര്‍ അത് കേട്ട് മന്ദഹസിച്ചതല്ലാതെ അഭിപ്രായമൊന്നും പറഞ്ഞില്ല. വാണി പറഞ്ഞതിനൊക്കെ നിശബ്ദമായി അവര്‍ തലയാട്ടി. മോളെ ഇവിടത്തെ കോളേജില്‍ തന്നെ പഠിപ്പിക്കണം. ഇവിടെ പഠിച്ചു കഴിഞ്ഞാല്‍ കുട്ടികള്‍ക്ക് നല്ല എക്സ്പോഷര്‍ കിട്ടും. പിന്നെ അവരുടെ ഫ്യൂച്ചറില്‍ അത് ഗുണം ചെയ്യും. താനൊക്കെ നാട്ടിന്‍പുറത്തെ സാധാരണ സര്‍ക്കാര്‍ പള്ളിക്കൂടത്തില്‍ പഠിച്ചത് കാരണം ഇപ്പോഴും അനുഭവിക്കുകയാണ്. മോള്‍ക്കെങ്കിലും അതൊന്നും വരരുത് എന്നാണു തന്റെയാഗ്രഹം എന്നൊക്കെ വാണി പറഞ്ഞു. അവരും അത് ശരി വച്ചു. ഇപ്പൊ മോള്‍ പഠിക്കുന്നത് അത്രയ്ക്ക് നല്ല സ്കൂളില്‍ അല്ല . കൊള്ളാം എന്നേയുള്ളൂ. അടുത്ത വര്‍ഷമെങ്കിലും അവളെ ഡല്‍ഹി പബ്ലിക്‌ സ്കൂളില്‍ ചേര്‍ക്കണം. അവിടെ ചെന്നാല്‍ മോള്‍ക്ക്‌ യൂറോപ്യന്‍ ഇംഗ്ലീഷ് ഒക്കെ എഴുതാനും പറയാനും ഉള്ള ഒരു കഴിവൊക്കെ ഉണ്ടാവും. താനും കൂടി ജോലിക്ക് പോയിട്ട് വേണം. വന്‍ പണചെലവാണ് എന്നൊക്കെയുള്ള തന്റെ ആശങ്കകളും വാണി പങ്കു വച്ചു. 


   ബസ് ഓടിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ അത് ഏതോ ഒരു സിഗ്നലില്‍ നിര്‍ത്തി. ഒരു വശത്ത് മെട്രോ റയിലിന്റെ പണി നടക്കുന്നത് കാരണം ഒരു വരിയില്‍ കൂടി മാത്രമേ വാഹനങ്ങള്‍ പോകുന്നുള്ളൂ. സിഗ്നല്‍ ചുവപ്പ് കത്തി കിടക്കുകയാണ്.  ഇത്രയും നേരം വാണിയെ കേട്ട് കൊണ്ടിരുന്നതല്ലാതെ അവര്‍ അഭിപ്രായമൊന്നും പറഞ്ഞിരുന്നില്ല. എല്ലാത്തിനും മനോഹരമായി പുഞ്ചിരിക്കുക മാത്രം ചെയ്തു അവര്‍. പണ്ടൊരു അതി സുന്ദരി ആയിരുന്നിരിക്കും അവര്‍. വാണി ഓര്‍ത്തു. ഇപ്പോഴും അത്രയ്ക്കുണ്ട് അവരുടെ സൌന്ദര്യം.  ആന്റി  ഇപ്പൊ എവിടെ പോയിട്ട് വരുന്നു എന്ന് വാണി അവരോടു ചോദിച്ചു. അവര്‍ ഒരു സ്കൂളിന്റെ പേര് പറഞ്ഞു. വാണി പക്ഷെ അത് മുമ്പ് കേട്ടിട്ടുണ്ടായിരുന്നില്ല. അവിടെ ? അവള്‍ ചൊദിച്ചു. കാരണം അവര്‍ക്ക് അല്പം പ്രായമുണ്ട്. സ്കൂളില്‍ പഠിക്കുന്ന മക്കളുള്ള ഒരാളല്ല അവര്‍. ഇനി അവിടത്തെ ടീച്ചര്‍ ആണോ . വാണി മടിച്ചു മടിച്ചു ചോദിച്ചു. 'ഹേ അല്ല. ഞാന്‍ മോളെ കാണാന്‍ പോയതാ..' അവര്‍ പറഞ്ഞു. 'ഹോ അത് ശരി. മോള്‍ എന്താ അവിടെ ടീച്ചര്‍ ആണോ ? അതോ ചെറുമകള്‍ വല്ലതും ? " വാണി വീണ്ടും ചോദിച്ചു. അപ്പോഴേക്കും അവരുടെ കയ്യിലിരുന്ന പൊതികളുടെ കൂട്ടത്തില്‍ ഒരു മിട്ടായി പൊതി അവള്‍ കണ്ടു പിടിച്ചു കഴിഞ്ഞിരുന്നു. 'അല്ല മകള്‍ അവിടെ പഠിക്കുകയാണ് ' അവര്‍ തുടര്‍ന്ന് പറഞ്ഞു. 'ആദ്യം അവള്‍ ഇവിടെ അടുത്തുള്ള വേറൊരു സ്കൂളില്‍ ആയിരുന്നു. ഈയിടയ്ക്കാണ് ഈ സ്കൂളിലേക്ക് മാറ്റിയത്. ഇവിടാവുമ്പോ സംസാരിക്കാനൊക്കെ കുറച്ചു കഴിവ് വരും എന്ന് കേട്ടു. അതാ. ' അവര്‍ വിശദീകരിച്ചു. അത് കേട്ടു വാണി ഒരു നിമിഷം ആശയക്കുഴപ്പത്തിലായി. മകള്‍ ഇതു ക്ലാസിലാ അപ്പൊ ? അവള്‍ ചോദിച്ചു. 'അവള്‍ ഇപ്പൊ ഒന്നാം ക്ലാസ്സിലാണ് ' അവര്‍ മറുപടി പറഞ്ഞു. ഹോ. അപ്പൊ ലേറ്റ് മാര്യേജ് ആയിരിക്കും ചിലപ്പോ. വാണി ഒന്നും മിണ്ടിയില്ല. അങ്ങനെയാണെങ്കില്‍ എന്റെ മോള്‍ പഠിക്കുന്നിടത്തു ചേര്‍ത്ത് കൂടെ ആന്റീ ? അവിടാകുമ്പോ നല്ല കെയര്‍ ആണ്. നല്ലത് പോലെ ഭാഷ ഫ്ലുവന്റ് ആവുകയും ചെയ്യും " വാണി പറഞ്ഞു. അതിനു മറുപടിയായി അവര്‍ വീണ്ടും ഒന്ന് ചിരിച്ചതേ  ഉള്ളൂ. എന്തായാലും പരിചയപ്പെട്ടതില്‍ സന്തോഷം ആന്റി. പിന്നെയും കാണാം. എന്റെ വക ഈ ചോക്ലേറ്റ് മോള്‍ക്ക്‌ കൊടുത്തേക്കു എന്ന് പറഞ്ഞു ശിഖയ്ക്ക് കൊടുക്കാന്‍ വാങ്ങിച്ചു വച്ചതില്‍ നിന്ന് ഒരു ചോക്ലേറ്റ് എടുത്തു വാണി അവര്‍ക്ക് നേരെ നീട്ടി. അത് വാങ്ങിയിട്ട് ഒരു ചെറു ചിരിയോടെ അവര്‍ പറഞ്ഞു. 'വാണീ. നിങ്ങള്‍ വിചാരിക്കുന്ന പോലെ എന്റെ മോള്‍ ഒരു ചെറിയ കുട്ടിയല്ല. അവള്‍ക്കു ഇരുപതു വയസ്സുണ്ട്. പക്ഷെ ഒരു വ്യത്യാസം മാത്രം. വാണിയുടെ മോളുടെ അത്ര ബുദ്ധിയെ എന്റെ മോള്‍ക്കുള്ളൂ. നേരത്തെ ഞാന്‍ പറഞ്ഞില്ലേ സംസാരിക്കാന്‍ പഠിക്കാനാണ് ഈ സ്കൂളില്‍ ചേര്‍ത്തതെന്നു ... അത് ഇംഗ്ലീഷ് സംസാരിക്കാന്‍ അല്ല. എന്നെ അമ്മേ എന്ന് വിളിച്ചു സംസാരിക്കാന്‍ അവര്‍ പഠിപ്പിക്കും എന്ന് കേട്ടിട്ടാണ്. എന്തായാലും ഞാന്‍ ഒരു ആന്റി തന്നു എന്ന് പറഞ്ഞു ഇത് അവള്‍ക്കു കൊടുത്തേക്കാം. താങ്ക്സ് ' . ചുറ്റിനുമുള്ള ലോകം ഒരു നിമിഷം നിശ്ചലമായതായി വാണിയ്ക്ക് തോന്നി. സിഗ്നലില്‍ പച്ച വെളിച്ചം തെളിഞ്ഞു. ബസ് വീണ്ടും ഉരുണ്ടു തുടങ്ങി.

2011, ഒക്‌ടോബർ 21, വെള്ളിയാഴ്‌ച

ജയരാജനും ചില പഴയ ചുവപ്പന്‍ ചിന്തകളും     ജയരാജനും അച്ചുതാനന്ദനും തങ്ങളിലാരാണ് കേമന്‍ എന്ന് തോന്നിക്കുന്ന രീതിയിലുള്ള പ്രസ്താവനകളാണല്ലോ ദിവസവും ഇറക്കിക്കൊണ്ടിരിക്കുന്നത്. ജയരാജന്‍ പറഞ്ഞതിനെ വി എസ് എതിര്‍ത്തപ്പോള്‍ ശിവദാസമേനോന്‍ ചിത്രത്തിലേക്ക് വന്നു. പോലീസിനെ എവിടെ കണ്ടാലും തല്ലണം എന്ന് അങ്ങേരും ആഹ്വാനം ചെയ്തു.  തീരെ ഉളുപ്പില്ലാതെ ഓരോന്ന് വിളിച്ചു കൂവുന്നത് കൂടാതെ അതിനെ ന്യായീകരിക്കാനും ഈ സഖാക്കള്‍ കാണിക്കുന്ന വ്യഗ്രത കാണുമ്പോള്‍ സത്യം പറഞ്ഞാല്‍ ലജ്ജ തോന്നുന്നു. എന്ത് കൊണ്ടാണെന്നല്ലേ ? പറയാം. അതിനു മുമ്പ് അല്പം ഫ്ലാഷ് ബാക്ക്..


     സ്കൂളില്‍ പഠിക്കുമ്പോള്‍ ഞാന്‍ ഒരു സഖാവ് ആയിരുന്നു. ആ പാര്‍ടിയില്‍ ഞാന്‍ ചേരാന്‍ കാരണം എന്റെ ഒരു ബന്ധു കൂടിയായ നാട്ടിലെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ആയിരുന്നു. അദ്ദേഹം പറഞ്ഞത് കേട്ടിട്ട് കമ്മ്യൂണിസം എന്ന് പറയുന്നത് ചുക്കോ ചുണ്ണാമ്പോ എന്നറിയാതെ ഞാന്‍ പാര്‍ടി പ്രവര്‍ത്തകന്‍ ആയി. പക്ഷെ അച്ഛനും അമ്മയ്ക്കും അത് ഇഷ്ടമായിരുന്നില്ല. ആദ്യമായി സമരത്തില്‍ പങ്കെടുത്തത് ഇപ്പോഴും ഓര്‍മയുണ്ട്. എട്ടില്‍ പഠിക്കുന്ന എന്നോട് പത്താം ക്ലാസ്സിലെ വിനോദ് അണ്ണന്‍  വന്നു പറഞ്ഞു മോനെ ഇന്ന് സമരമാണ്. ഞങ്ങള്‍ ജാഥയായി ക്ലാസ്സില്‍ വരും . അപ്പൊ ഇറങ്ങി വരണം എന്ന്. സ്കൂളില്‍ രാവിലത്തെ ബെല്‍ അടിച്ചപ്പോ തന്നെ അവര്‍ ജാഥയായി വന്നു. ഗോപി സര്‍ ആയിരുന്നു എന്റെ ക്ലാസ്സ്‌ ടീച്ചര്‍. മുദ്രാവാക്യം വിളികള്‍ക്കിടയില്‍ വിനോദ് അണ്ണന്‍ ഇറങ്ങി വരാന്‍ ആംഗ്യം കാണിച്ചു. പക്ഷെ സര്‍ ന്റെ മുഖത്ത് നോക്കിയപ്പോ ഇറങ്ങി പോകാന്‍ ഒരു പേടിയും. പക്ഷെ അധിക നേരം പിടിച്ചു നില്‍ക്കാന്‍ പറ്റിയില്ല. ഇറങ്ങി പോകുന്നതിനിടയില്‍ സര്‍ എന്നെ ഒന്ന് നോക്കി. ഇപ്പോഴും എന്റെ ഓര്‍മയിലുണ്ട് അത്. അച്ഛന്റെ അടുത്ത സുഹൃത്തായിരുന്ന ഗോപി സര്‍ അച്ഛനോട് എന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തെ പറ്റി പറഞ്ഞു. അച്ഛനും അമ്മയും അന്ന് എന്നെ നിര്‍ത്തി പൊരിച്ചു. പിറ്റേ ദിവസം പാര്‍ട്ടിയിലെ അവിടത്തെ ബുദ്ധിജീവിയായ വിനോദണ്ണനോട് ചോദിച്ചു. ഡാ. അങ്ങേര്‍ പക്കാ കോണ്‍ഗ്രസുകാരന്‍ ആണ്, അങ്ങേര്‍ സമരം പൊളിക്കാന്‍ വേണ്ടി ചെയ്യുന്നതാ ഇതൊക്കെ. നീ അതൊന്നും മൈന്‍ഡ് ചെയ്യണ്ട. ഇതായിരുന്നു എനിക്ക് കിട്ടിയ ഉത്തരം.  അന്ന് മുതല്‍ ഞാന്‍ സ്കൂളിലെ കൂട്ടുകാരെയും അധ്യാപകരെയും രണ്ടായി തരം തിരിച്ചു. കമ്മ്യൂണിസ്ടും കോണ്‍ഗ്രസ്സും . വിപ്ലവം ജയിക്കട്ടെ, അടിമത്തം തുലയട്ടെ തുടങ്ങിയ അനേകം മുദ്രാവാക്യങ്ങള്‍ അര്‍ഥം അറിയാതെ മൂന്നു വര്‍ഷം വിളിച്ചു കൊണ്ട് നടന്നു. നാട്ടില്‍ കൂടുതലും ഉള്ളത് കമ്മ്യൂണിസ്റ്റ്‌ സഖാക്കള്‍ ആയതു കാരണം സംശയമൊന്നും ചോദിക്കേണ്ടി വന്നില്ല. പറയുന്നതില്‍ പലതിന്റെയും അര്‍ഥം മനസ്സിലായില്ലെങ്കിലും അതൊക്കെ എന്തോ വന്‍ സംഭവങ്ങള്‍ ആണെന്ന് ഒരു വിശ്വാസം നമുക്കുണ്ടായിരുന്നു. പക്ഷെ ഒരിക്കല്‍ ഒരു സമരത്തില്‍ വിനോദണ്ണന്‍ ഉള്‍പ്പെടെയുള്ള സഖാക്കള്‍ ഹെഡ് മാസ്റ്റര്‍ ആയ നടരാജന്‍ സാറിനെ മുദ്രാവാക്യങ്ങള്‍ക്കൊപ്പം കുറെ തെറിയും വിളിക്കുന്നത്‌ കണ്ടു. അതെന്തിനാ എന്ന് ചോദിച്ചപ്പോ പുള്ളി പറഞ്ഞു നടരാജന്‍ സാറിന് അഹങ്കാരം കുറച്ചു കൂടുതലാണ് നമ്മുടെ പിള്ളേരെ ക്ലാസ്സില്‍ കയറാത്തതിനു ഇറക്കി വിട്ടു എന്ന്. അപ്പൊ ഞാന്‍ ചോദിച്ചു സര്‍ ചെയ്തത് ശരിയല്ലേ എന്ന്. അപ്പൊ മിണ്ടാതെ വായടച്ചിരിക്കെടാ എന്നായിരുന്നു വിനോദണ്ണന്റെ മറുപടി .

     നാട്ടില്‍ ഞാന്‍ കണ്ട ബുദ്ധിജീവികള്‍ ഒക്കെ പാര്‍ട്ടിക്കാര്‍ ആയിരുന്നു. തടിച്ച പുസ്തകങ്ങള്‍ നിറഞ്ഞ പാര്‍ട്ടി ഓഫീസ്. ചുവന്ന ചായം പൂശിയ ഓഫീസില്‍ ലെനിന്റെയും മാര്‍ക്സിന്റെയും ചിത്രങ്ങള്‍. അവരെയൊക്കെ ആരാധനയോടെയാണ് ഞാന്‍ കണ്ടിരുന്നത്‌. അവര്‍ എന്ത് മഹത്തായ കാര്യമാണ് ചെയ്തത് എന്നറിയില്ലായിരുന്നെങ്കിലും. സമരത്തിന്‌ ശേഷം കുട്ടി സഖാക്കള്‍ പാര്‍ട്ടി ഓഫീസില്‍ ചെന്ന് നമ്മുടെ വിഭാഗത്തെ മാനേജ് ചെയ്തിരുന്ന ബാബു അണ്ണന്റെ അടുത്ത് ചെല്ലും. കോണ്‍ക്രീറ്റ് ചെയ്യാനുള്ള തട്ടടിക്കുന്ന പണി ചെയ്തിരുന്ന ബാബു അണ്ണന്‍ പണി ഒക്കെ ഉപേക്ഷിച്ചു ചിലപ്പോ അവിടുണ്ടാവും. വിനോദ് അണ്ണനോ അല്ലെങ്കില്‍ ബാക്കി നേതാക്കളോ പ്രസംഗിച്ചിരുന്ന വിഷയങ്ങള്‍ അല്ല പാര്‍ട്ടി ഓഫീസില്‍ ചര്‍ച്ച ചെയ്തിരുന്നത്. അടിപിടി കേസുകള്‍ക്ക്‌ പിടിയിലായ സഖാക്കളേ ഇറക്കി കൊണ്ട് വരാനുള്ള ആലോചനകള്‍, പാര്‍ട്ടി യോഗം നടത്തുന്നതിന്റെ ആലോചനകള്‍, നാട്ടിലെ യൂത്ത് കോണ്‍ഗ്രസ്‌ നേതാക്കന്മാരെ എങ്ങനെ നേരിടണം എന്ന ചര്‍ച്ചകള്‍ ( അതായതു അവരില്‍ ആര്‍ക്കൊക്കെ അടി കൊടുക്കണം എന്നതു ) ഇവയൊക്കെയായിരുന്നു അവിടെ നടന്നു കൊണ്ടിരുന്നത്. പാര്‍ട്ടിയുടെ തത്വങ്ങളെ പറ്റിയോ പുറം ലോകത്ത് പാര്‍ട്ടിക്ക് സംഭവിച്ചു കൊണ്ടിരിക്കുന്ന തകര്‍ച്ചകളെ പറ്റിയോ ഒരിക്കല്‍ പോലും ആരും , നേതാക്കള്‍ ഉള്‍പ്പെടെ സംസാരിച്ചു ഞാന്‍ കേട്ടിട്ടില്ല. പക്ഷെ നമ്മുടെ പാര്‍ട്ടി വിവരമുള്ള ആള്‍ക്കാര്‍ മാത്രമുള്ളതാണ് എന്നൊരു ഭാവം നമുക്കെല്ലാവര്‍ക്കും കോമണ്‍ ആയി ഉണ്ടായിരുന്നു. 

അങ്ങനെ സ്കൂള്‍ വിദ്യാഭ്യാസം മുടിച്ചതുക്കപ്പുറം കാളേജില്‍ ചേര്‍ന്നു.പിടിച്ചതിനേക്കാള്‍ വലുതാണ്‌ അളയില്‍ എന്ന് അവിടെ ചെന്നപ്പോഴാണ് മനസ്സിലായത്. കോളേജില്‍ കെ എസ് യു ഒരു നിശബ്ദ പാര്‍ട്ടി ആയിരുന്നു. എസ് എഫ് ഐ യുടെ ആധിപത്യമായിരുന്നു അവിടെ. അവരോടു ആകെ പിടിച്ചു നില്‍ക്കുന്നത് എ ബി വി പി മാത്രമായിരുന്നു. അവര്‍ തമ്മിലുള്ള തല്ല് ഇടയ്ക്കിടെ അവിടെ ഉണ്ടാകുമായിരുന്നു. അങ്ങനെയിരിക്കെ അവിടെ ലോക്കല്‍ യൂത്ത് കോണ്‍ഗ്രസ്‌ പാര്‍ട്ടി പുനസംഘടിപ്പിച്ചു. അതില്‍ ഉശിരുള്ള ഒരു നേതാവ് വന്നു. അങ്ങേര്‍ കോളേജില്‍ നിന്ന് കുറച്ചു കെ എസ് യു പിള്ളേരെ തെരഞ്ഞെടുത്തു വമ്പന്‍ പ്ലാനിംഗ് തുടങ്ങി. ഒരാഴ്ചയ്ക്കകം അതിന്റെ ഫലം കണ്ടു. അവര്‍ എസ് എഫ് ഐയ്ക്ക് നേരെ ശക്തമായി തിരിച്ചടിക്കാന്‍ തുടങ്ങി. നമ്മുടെ പാര്‍ട്ടിയും വെറുതെയിരുന്നില്ല. അവിടത്തെ ലോക്കല്‍ സി ഐ ടി യു , ഡി വൈഎഫ് ഐ ചേട്ടന്മാരെ വിവരമറിയിച്ചു. അവരില്‍ കുറെ പേര്‍ ഉച്ച സമയത്ത് കോളേജില്‍ വന്നു നമ്മുടെ നേതാക്കന്മാരെ ഒക്കെ വിളിച്ചു കൊണ്ട് പോയി കോളേജിനു പുറകില്‍ ഉള്ള പറമ്പില്‍ പോയിരുന്നു വന്‍ യോഗം കൂടി. നമ്മളെ പോലെയുള്ള അണികളെ ഒന്നും എന്താണ് തീരുമാനം എന്നറിയിച്ചില്ല.അടുത്ത ദിവസം കോളേജില്‍ പോകുന്ന വഴി അവിടത്തെ നേതാവായിരുന്ന ശ്രീകുമാര്‍ അണ്ണന്‍ പറഞ്ഞു മക്കളെ ഇന്ന് സമരമുണ്ട്. മാത്രമല്ല വിദ്യാഭ്യാസ ബന്ദു നടത്താനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. അതുകൊണ്ട് കോളേജിലെ സമരത്തിന്‌ ശേഷം നമുക്ക് പുറത്തു പോയി ട്യൂട്ടോറിയല്‍ കോളേജ് ഒക്കെ അടപ്പിക്കണമെന്ന്.അങ്ങനെ ഞങ്ങള്‍ വിജയകരമായി സമരം നടത്തി കോളേജ് അടപ്പിച്ചു. അതായതു കൂട്ട മണി അടിപ്പിച്ചു പിള്ളേരെ മുഴുവന്‍ പുറത്താക്കി.  എന്നിട്ട് പുറത്തേക്കു നീങ്ങി. എന്നാല്‍ അപ്പോള്‍ നാടകീയമായ ഒരു കാര്യം സംഭവിച്ചു. കെ എസ് യുവിന്റെ അവിടത്തെ നേതാവായ മണികണ്ഠന്‍ നമ്മുടെ ജാഥയുടെ മുന്നിലേക്ക്‌ ചാടി വീണു. പണ്ട് പൂച്ചയെ പോലിരുന്ന അവനു എന്തോ ജീവന്‍ വച്ചത് പോലെ തോന്നി. പക്ഷെ നമ്മുടെ നേതാക്കള്‍ ഇതൊക്കെ എത്ര കണ്ടതാ. അവനെ വിരട്ടിയോടിച്ചു. എന്നിട്ട് വീണ്ടും മുന്നോട്ട്. ഗേറ്റ് എത്താറായി. പെട്ടെന്ന് ഒരു കൂട്ടം ഖാദര്‍ ധാരികള്‍ മുന്നില്‍ ചാടി വീണു. റോഡ്‌ ടാര്‍ ചെയ്യാനായി അടുത്ത് മെറ്റല്‍ ഇറക്കിയിട്ടിട്ടുണ്ടായിരുന്നു. അതെടുത്തു നമ്മുടെ നേരെ ശക്തമായി ഏറു തുടങ്ങി. നമ്മുടെ പാര്‍ട്ടിക്കാര്‍ തിരിച്ചും എറിഞ്ഞു. താരതമ്യേന പുതുമുഖങ്ങളായ നമ്മള്‍ കുട്ടികള്‍  പേടിച്ച് അയ്യോ എന്ന് വിളിച്ചുകൊണ്ടു  പുറകിലേക്കോടി. അടുത്തുള്ള ഒരു മണ്‍തിട്ടയില്‍ കയറി നിന്ന് അടി കാണാന്‍ തുടങ്ങി. ജീവിതത്തിലാദ്യമായാണ്  ഒരു അടി നേരില്‍ കാണുന്നത്. എന്റെ ഒപ്പമുള്ള ഹരി അതിനിടക്ക് പറയുന്നുണ്ട്..'ഡാ ..ഞാന്‍ ഇത് നിര്‍ത്തുകയാണ് കേട്ടോ. അടിക്കൊന്നും ഞാനില്ല. വീട്ടിലറിഞ്ഞാല്‍ പ്രശ്നമാ ". അപ്പൊ ഞാന്‍ വലിയ ഗമയില്‍ അവനോടു വായടച്ചിരിക്കാന്‍  പറഞ്ഞു. മാത്രമല്ല മുന്നില്‍ നിന്ന് അവര്‍ക്ക് നേരെ തരിച്ചു കല്ലെറിയുന്ന വിനോദ് അണ്ണനെ ( സ്കൂളില്‍ ഉണ്ടായിരുന്ന അതെ കക്ഷി ) ആരാധനയോടെ നോക്കുകയും ചെയ്തു. പത്തു മിനിട്ടോളം കല്ലേറ് നീണ്ടു നിന്നു. പെട്ടെന്നാണ് വിനോദ് അണ്ണന്‍ ഷര്‍ട്ടിന്റെ ഉള്ളില്‍ നിന്നും ഒരു വടി വാള്‍ പുറത്തെടുത്തത്. അത് കണ്ടപ്പോഴേക്കും നമ്മുടെ ശ്വാസം നിന്നു പോയി. പുള്ളി അതെടുത്തു വീശാന്‍ തുടങ്ങിയതും എതിരാളികള്‍ പിന്നോട്ട് നീങ്ങി. നോക്കിയപ്പോ വിനോദ് അണ്ണന്‍ മാത്രമല്ല നമ്മുടെ എല്ലാ നേതാക്കളുടെ കയ്യിലും ഉണ്ട് ഓരോ ആയുധം. വാള്‍, സൈക്കിള്‍ ചെയിന്‍ , ഇടിക്കട്ട മുതലായവ. അതോടെ നമ്മള്‍ തിരിഞ്ഞോടി. ചുരുക്കി പറഞ്ഞാല്‍ അന്നത്തെ അടിയില്‍ നമ്മള്‍ തന്നെ ജയിച്ചു. അന്ന് വൈകിട്ട് വിനോദ് അണ്ണനെ കണ്ടപ്പോ ഞങ്ങള്‍ വാളിന്റെ കാര്യമൊക്കെ ചോദിച്ചു. അപ്പൊ അങ്ങേര്‍ പറഞ്ഞു. മോനെ ഇത് സ്വയം രക്ഷക്കുള്ളതാണ്. ഇതൊക്കെ ഇതിന്റെ ഭാഗമാണ് എന്നൊക്കെ. കെ എസ് യു വെറുതെയിരുന്നില്ല. അവരും ആയുധങ്ങള്‍ ഇറക്കി. ഒരു ദിവസം വഴക്ക് മൂത്ത് അവിടെ ഒരു വെട്ടു നടന്നു. അതോടെ കോളേജ് ഒരു മാസത്തേക്ക് അടച്ചിട്ടു. 

രാഷ്ട്രീയത്തിന്റെ വേറൊരു മുഖം ഞാന്‍ കണ്ടത് അപ്പോഴാണ്‌. എതിരാളിയെ നിശബ്ദനാക്കുക എന്നതായിരുന്നു പാര്‍ട്ടിയുടെ മുദ്രാവാക്യം. എസ് എഫ് ഐ മാത്രമല്ല സി പി എം വിടുന്നവര്‍ക്കും ഡി വൈ എഫ് ഐ വിടുന്നവര്‍ക്കും ഒരേ ഗതിയായിരുന്നു. അവരെ ആക്രമിക്കുക, ഒറ്റപ്പെടുത്തുക എന്ന് നേതാക്കള്‍ പച്ചയായി പ്രസംഗിക്കാനും പ്രവര്‍ത്തിക്കാനും മടിച്ചിരുന്നില്ല. ഞങ്ങളുടെ വീട്ടിനടുത്തുള്ള ഒരു സി പി എം പ്രവര്‍ത്തകന്‍ പാര്‍ട്ടി മാറിയതിനു പുറത്തു നിന്നു ഗുണ്ടകളെ കൊണ്ട് വന്നു പട്ടാപ്പകല്‍ വെട്ടി കൊല്ലിച്ചു. അതിനെ പറ്റി ഒരു ലോക്കല്‍ സഖാവ് ഇങ്ങനെയാണ് പറഞ്ഞത് . 'ഇവനൊക്കെ ഇങ്ങനെ മറുപടി കൊടുത്തില്ലെങ്കില്‍ പാര്‍ട്ടിയിലുള്ള വേറെ ചില തന്തയില്ലാത്തവന്മാരും ഇതേ പരിപാടി ചെയ്യും' എന്ന്. അങ്ങേരുടെ മറുപടി കേട്ട് ഞാന്‍ സത്യത്തില്‍ ഞെട്ടി. പക്ഷെ ചേട്ടന്‍ വെറുതെ പറയുകയായിരുന്നില്ല. പാര്‍ട്ടി മാറുന്നവരെയൊക്കെ തെരഞ്ഞു പിടിച്ചു ഇത് പോലെ കൈകാര്യം ചെയ്യുന്നുണ്ടായിരുന്നു. നേതാക്കന്മാരെ പറ്റിയുണ്ടായിരുന്ന സകല ധാരണകളും കുറച്ചു കാലം കൊണ്ട് മാറിക്കിട്ടി. എല്ലാ നേതാക്കളുടെയും ഭാര്യമാര്‍ക്കും മക്കള്‍ക്കും അടുത്തുള്ള സഹകരണ സ്ഥാപനങ്ങളിലും സ്ചൂളിലും ബാങ്കിലും ഒക്കെ സ്വാധീനം ഉപയോഗിച്ച് അവര്‍ ജോലി വാങ്ങി കൊടുക്കും. എന്നിട്ട് ജനങ്ങള്‍ക്ക്‌ വേണ്ടി ജീവിതം സമര്‍പ്പിച്ചത് പോലെ അഭിനയിക്കും.  ശരിക്കും അഭിനയം തന്നെയായിരുന്നു അവര്‍ ചെയ്തുകൊണ്ടിരുന്നത് . ഇവരെയൊക്കെ വിശ്വസിച്ചു ജീവിതം നശിപ്പിച്ച കുറെ പാവങ്ങളും നമ്മുടെ നാട്ടിലുണ്ടായിരുന്നു. 

    ഇതോടെ നമ്മുടെ നേതാക്കളെ പറ്റിയുള്ള ധാരണ ആകെ മാറി മറിഞ്ഞു. എന്താണ് കമ്മ്യൂണിസം എന്ന് ഞാന്‍ ചിന്തിക്കാന്‍ തുടങ്ങിയത് അപ്പോഴാണ്‌. സ്വാഭാവികമായും നാട്ടിലെ സഖാക്കളോട് ചോദിച്ചു. വിരലില്‍ എണ്ണാവുന്നവര്‍ക്ക്  മാത്രമേ അതിനെക്കുറിച്ച് ചെറിയ ഒരു ഐഡിയ എങ്കിലും ഉണ്ടായിരുന്നുള്ളൂ. അവര്‍ ഇങ്ങനെയാണ് പറഞ്ഞത്. ഒരു കമ്പനി നടത്തുന്ന മുതലാളിയുടെ മുടക്ക് മുതല്‍ കഴിഞ്ഞാല്‍ ലാഭം എന്ന് പറഞ്ഞു ലഭിക്കുന്നത് മുഴുവന്‍ തൊഴിലാളിയുടെ അവകാശമാണ് എന്ന്. അതായതു അവന്റെ അധ്വാനമാണല്ലോ അവിടെ ഉത്പന്നമായി മാറുന്നത്. എനിക്കും അത് ശരിയാണെന്ന് തോന്നി. തൊഴിലാളിയുടെ വിയര്‍പ്പു കൊണ്ട് സുഖ ജീവിതം നയിക്കുന്ന ഒരാളാണ് മുതലാളി. കൊള്ളാം. നല്ല ആശയം തന്നെ. വീണ്ടും പാര്‍ടിയോട് ഒരു സ്നേഹം തോന്നി. ഫാക്ടറി പടിക്കല്‍ സമരം നടത്തുന്ന സഖാക്കന്മാരോട് ബഹുമാനം തോന്നി. നാട്ടില്‍ കശുവണ്ടി ഫാക്ടറി നടത്തിയിരുന്ന മൊയ്തീന്‍ കണ്ണ് റാവുത്തരെ ജോസ് പ്രകാശിന്റെയും ടി ജി രവിയുടെയും രൂപത്തില്‍ ഞാന്‍ കാണാന്‍ തുടങ്ങി. 

എന്നാല്‍ ഈ സങ്കല്പത്തിന്റെ പൊള്ളത്തരം മനസ്സിലാക്കാന്‍ പിന്നെയും സമയമെടുത്തു.മുതലാളി എന്ന് പറയുന്നവന്‍ ജനിച്ചപ്പോ തന്നെ വായില്‍ വെള്ളി കരണ്ടിയുമായി ജനിച്ച ഒരാളാണ്, അവന്‍ ഒരിക്കലും വിയര്‍പ്പിന്റെ വില അറിഞ്ഞിട്ടില്ല. മുതലാളി എന്ന് പറഞ്ഞാല്‍ ചൂഷകനാണ് എന്നൊക്കെ തന്നെ ഞാന്‍ വിശ്വസിച്ചു. കുറച്ചു കൂടി വലുതായപ്പോള്‍ ഞാനും കേരളത്തിലെ മറ്റൊരു തൊഴില്‍ രഹിതന്‍ ആയി പുറത്തിറങ്ങി. എന്നിട്ട് ജോലി കണ്ടു പിടിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. പഠിച്ചതിനൊക്കെ നല്ല ബെസ്റ്റ് മാര്‍ക്ക്‌ ആയതു കാരണം ഭാവി ആകെ ഇരുട്ടിലായി തോന്നി. അപ്പൊ ആരോ പറഞ്ഞു വല്ല കമ്പനിയിലും ജോലി അന്വേഷിക്കാന്‍. പക്ഷെ ഏതു കമ്പനിയില്‍ ? എങ്കില്‍ ഒരു കാര്യം ചെയ്യാം. ബിരുദം നേടി പുറത്തിറങ്ങുന്ന എല്ലാ മലയാളികളെയും പോലെ പി എസ് സി ടെസ്റ്റ്‌ എഴുതാന്‍ തീരുമാനിച്ചു. പഠനം തുടങ്ങി. ആദ്യം കോച്ചിങ്ങിനൊന്നും പോകാതിരുന്നത് കൊണ്ട് വളരെ കൂള്‍ ആയി പോയി ടെസ്റ്റ്‌ എഴുതി. ഒന്നും കരയ്ക്കടുക്കാതിരുന്നപ്പോള്‍ ഒരു സ്ഥലത്ത് കോച്ചിംഗ് നു ചേര്‍ന്നു. അപ്പോഴാണ്‌ കളി മനസ്സിലായത്‌. ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും പരിഷ്കരിക്കാത്ത സംവരണ നിയമങ്ങളും മറ്റു നൂലാമാലകളും കാരണം ജോലി കിട്ടുന്നതും ലോട്ടറി അടിക്കുന്നതും ഒരുപോലെയാണെന്ന്. അങ്ങനെ പരിപാടി നിര്‍ത്തി ഞാന്‍ കമ്പ്യൂട്ടര്‍ പഠിക്കാന്‍ പോയി. ദൈവ കാരുണ്യത്താല്‍ ഒരു സ്ഥലത്ത് ജോലിയും കിട്ടി. അത് വളരെ ചെറിയ ഒരു കമ്പനി ആയിരുന്നു. അതിന്റെ വളര്‍ച്ചയും അതിന്റെ ഉടമ അതിനു വേണ്ടി കഷ്ടപ്പെട്ടതും വളരെ അടുത്ത് നിന്ന് കാണാന്‍ എനിക്ക് പറ്റി. മുതലാളിമാരെ പറ്റിയുള്ള ധാരണകള്‍ അപ്പൊ കുറച്ചു മാറാന്‍ തുടങ്ങി. കുറച്ചു കൂടി കഴിഞ്ഞപ്പോഴാണ് മുകളില്‍ പറഞ്ഞ മാര്‍ക്സിയന്‍ ദര്‍ശനങ്ങളുടെ പൊള്ളത്തരം മനസ്സിലായത്‌. ആയിടക്കു അവിടെ ഒരു കമ്മ്യൂണിസ്റ്റ്‌ അനുഭാവി ജോയിന്‍ ചെയ്തു. ഇടയ്ക്ക് സമയം കിട്ടുമ്പോ അവന്‍ താഴ്ന്ന ശബ്ദത്തില്‍ പറയും. ഇതിന്റെ ഉടമ അന്യായമായി പണം ഉണ്ടാക്കുകയാണ്. നമ്മളെയൊക്കെ ചൂഷണം ചെയ്യുകയാണ് എന്നൊക്കെ. സത്യം പറഞ്ഞാല്‍ അപ്പൊ അത് കേട്ടപ്പോ എനിക്ക് ചൊറിഞ്ഞു വന്നു . എന്നാ പിന്നെ നിനക്ക് ഇത് പോലൊരെണ്ണം നടത്തി വിജയിപ്പിക്കരുതോ ? എന്നിട്ട് ആള്‍ക്കാര്‍ക്ക് ന്യായമായ ശമ്പളം കൊടുത്തു കമ്പനി നടത്തിക്കൂടെ എന്നൊക്കെ ഞാന്‍ ചോദിച്ചു. അതിനു അവന്‍ തന്ന മറുപടി കേട്ടപ്പോ എനിക്കൊരു കാര്യം മനസ്സിലായി. ഇവന്മാരുടെ അസുഖം വേറെയാണെന്നു. ഒരുത്തന്‍ കഷ്ടപ്പെട്ട് പണം ഉണ്ടാക്കിയാല്‍ അവനെ തകര്‍ക്കുക. സമത്വം എന്നതിന് എല്ലാവരെയും പട്ടിണി പാവങ്ങളാക്കുക എന്നതാണ് കമ്യൂണിസ്റ്റുകാരന്റെ നിര്‍വചനം. ആര് പണമുണ്ടാക്കിയാലും അതിനു വിയര്‍പ്പിന്റെ മണം തന്നെയാണുള്ളത്. ഇവരുടെ തത്വങ്ങള്‍ കാരണം നന്നായ ഒരു സമൂഹവും ഇന്ന് നിലവിലില്ല. 
അധ്വാനത്തിന്റെ വില പറഞ്ഞു നടക്കുന്ന വിപ്ലവ പാര്‍ടിയില്‍ സ്വന്തം കഴിവ് കൊണ്ടോ കഷ്ടപ്പെട്ടോ പണമുണ്ടാക്കിയ ഒരാള്‍ പോലുമില്ല. നമ്മുടെ നാട്ടില്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ കൂടിയ ഡിഗ്രിയിലുള്ള ഒന്നാണ് വലിയ കമ്മ്യൂണിസ്റ്റ്‌ രാജ്യം എന്നറിയപ്പെടുന്ന ചൈന നടത്തിക്കൊണ്ടിരിക്കുന്നത്. പ്രതികരിക്കാന്‍ ഉള്ള അവകാശം പോലും നഷ്ടപ്പെട്ട , കഴുതയെ പോലെ ജോലി ചെയ്യുന്ന ഒരു കൂട്ടം മനുഷ്യ ജീവികള്‍. അതൊക്കെ പോട്ടെ. കേരളത്തിലെ ഇപ്പറയുന്ന പ്രമുഖ നേതാക്കളെ നമുക്കൊന്ന് നിരീക്ഷിക്കാം. 


അച്യുതാനന്ദന്‍ : 


സമകാലിക കേരളത്തിലെ മശീഹ എന്നറിയപ്പെടുന്ന അച്യുതാനന്ദന്‍ ശരിക്കും ഒരു കള്ള നാണയമാണ്. എന്ന് വച്ചാല്‍ ശരിക്കും ഒരു കള്ളന്‍. സ്വന്തം ഇമേജ് അല്ലാതെ വേറൊരു പ്രയോരിറ്റി അദ്ദേഹത്തിനില്ല. മൂന്നാര്‍  സമരത്തിലൂടെ കൂടെ നില്‍ക്കുന്നവരുടെ കാലു വാരുന്നത് തുടങ്ങി വച്ച വി എസ് പിന്നീട് പല തവണ അത് തെളിയിച്ചു. സ്വന്തം മകന്‍ അരുണ്‍ കുമാറിന്റെ കാര്യത്തില്‍ വി എസ് നടത്തിയ മലക്കം മറിച്ചിലുകള്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി പ്രവര്‍ത്തകര്‍ കണ്ടിട്ടില്ലെങ്കിലോ അതവര്‍ക്ക് മനസ്സിലായിട്ടില്ലെങ്കിലോ വെറും കുറച്ചു മണ്ടന്മാരുടെ കൂട്ടം മാത്രമാണ് കേരളത്തിലെ സി പി എം എന്ന് തുറന്നു പറയേണ്ടി വരും. കോടതി വരെ കണ്ടു പിടിച്ച സത്യം മറ്റുള്ളവരെ കോടതി കയറ്റാന്‍ ഓടി നടക്കുന്ന അദ്ദേഹം മനപൂര്‍വം മറന്നതാവുമോ ?


എം വി ജയരാജന്‍ -


എന്ത് തൊട്ടിത്തരവും വിളിച്ചു പറയാനുള്ള ഒരു നാവ് ആണ് ഇദ്ദേഹത്തിന്റെ പ്രധാന ആയുധം. അല്ലെങ്കിലെ പത്തു പൈസയുടെ വിവരം തൊട്ടു തീണ്ടിയിട്ടില്ലാത്ത സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരെ ഓരോന്ന് പറഞ്ഞിളക്കുന്ന ഇത് പോലുള്ള വിവരമില്ലാത്ത നേതാക്കന്മാര്‍ മലയാളികള്‍ക്ക് പൊതുവേ തന്നെ നാണക്കേടാണ്. ജഡ്ജിയെ ശുംഭന്‍ എന്ന് വിളിക്കുക, പോലീസിനെ തല്ലാന്‍ അണികളെ ആഹ്വാനം ചെയ്യുക എന്ന് വേണ്ട സകല പരിപാടികളും ഇങ്ങേരുടെ കയ്യിലുണ്ട്


പിണറായി 
കേരളത്തില്‍ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച ഇദ്ദേഹത്തെ പറ്റി എന്തുകൊണ്ട് ഇത്രയും ആരോപണങ്ങള്‍  എന്ന് സ്വയം ചോദിച്ചു നോക്കിയാല്‍ മാത്രം മതി. വേറൊന്നും പറയാനില്ല.


ടി വി രാജേഷ്‌ 


എസ് എഫ് ഐയില്‍ പണ്ട് ഞാന്‍ കണ്ട ചില നേതാക്കന്മാരെ ആണ് രാജേഷിന്റെ മിന്നുന്ന പ്രകടനം കണ്ടപ്പോ ഓര്‍മ വന്നത് .വിദ്യാര്‍ഥി സമരങ്ങളില്‍ ചെന്ന് പോലീസിനെ വെല്ലു വിളിക്കുകയും പാവപ്പെട്ട സഹപ്രവര്‍ത്തകരെ തല്ലു കൊള്ളിക്കുകയും ചെയ്യാന്‍ ധൈര്യമുണ്ടായിരുന്ന ഈ നേതാവ് പൊട്ടികരഞ്ഞതിനു വിശദീകരണമായി പറഞ്ഞ വാചകങ്ങള്‍ കേട്ടാല്‍ സത്യം പറഞ്ഞാല്‍ നമ്മള്‍ പൊട്ടി ചിരിച്ചു പോകും. അനേകം മനുഷ്യരെ സ്വഭാവ ഹത്യ നടത്തിയിട്ടുള്ള ഈ പാര്‍ട്ടിയിലെ ഗര്‍ജിക്കുന്ന യുവനേതാവ് ഇത്രയൊക്കെയേ ഉള്ളൂ എന്ന് സ്വയം തെളിയിച്ചു.


പ്രകാശ്‌ കാരാട്ട് -


പാര്‍ട്ടിയിലെ ബുദ്ധിജീവി. ഒരു സര്‍ക്കാര്‍ ജോലി ചെയ്യുന്ന പോലെ പണിയെടുക്കുന്ന ഒരു മനുഷ്യന്‍ ആയിട്ടാണ് എനിക്ക് ഇങ്ങേരെ പറ്റി തോന്നിയിട്ടുള്ളത്. പാര്‍ടിയിലെ അറിയപ്പെടുന്ന ഒരു ദന്തഗോപുര വാസി. ഇനിയുമുണ്ട് അനേകം പേര്‍. പക്ഷെ കൂടുതല്‍ നീട്ടുന്നില്ല. അവരൊന്നും ഒരു വിമര്‍ശനം അര്‍ഹിക്കുന്ന നിലവാരം പോലുമില്ലാത്ത നേതാക്കളാണ്. ഈയിടക്ക് അവരില്‍ ചിലര്‍ അമേരിക്കയുടെ പതനത്തെ പറ്റി വീമ്പടിക്കുന്നത് കണ്ടു. അധീശത്വത്തിന്റെ പതനം , മുതലാളിത്ത സാമ്രാജ്യത്ത ശക്തികളുടെ പതനം എന്നിങ്ങനെ പാര്‍ട്ടിയിലെ ബുദ്ധി ജീവികള്‍ വിശദീകരിക്കുന്നത് കണ്ടു. ഞാന്‍ ചില കാര്യങ്ങള്‍ ചോദിക്കട്ടെ ? അമേരിക്ക സ്വന്തം പൌരന്മാരെ എങ്ങനെയാണ് ട്രീറ്റ് ചെയ്തിരുന്നതെന്ന് നിങ്ങള്‍ക്കറിയാമോ ? ഒരു അമേരിക്കന്‍ പൌരന്‍ ലോകത്തെവിടെയെങ്കിലും പോയി അവിടെ വച്ച് അവനു എന്തെങ്കിലും സംഭവിച്ചാല്‍ അമേരിക്ക ശക്തമായി തിരിച്ചടിക്കും. 
ജനങ്ങളുടെ ബേസിക് ആവശ്യങ്ങള്‍ സ്വന്തം ഉത്തരവാദിത്വമായിട്ടെടുതിരുന്ന ഒരു രാജ്യമാണ്. സോഷ്യല്‍ സെക്യൂരിറ്റി എന്നതിന് അതിന്റെ വാചികമായ അര്‍ഥം അവര്‍ കൊടുത്തിരുന്നില്ല എന്ന് ഇവിടത്തെ ഈ പൊട്ടന്‍ നേതാക്കന്മാര്‍ക്ക് പറയാന്‍ കഴിയുമോ ? ഇപ്പറയുന്ന പാര്‍ട്ടി വളരെ കാലം ഭരിച്ചിരുന്ന സ്ഥലങ്ങള്‍ ഇന്നെവിടെയ്ക്ക് നീങ്ങുന്നു എന്ന് നോക്കിയാല്‍ മാത്രം മതി എത്രത്തോളം കാലഹരണപ്പെട്ട ഒരു പാര്‍ടിയാണ് ഇതെന്ന തിരിച്ചറിവ് ഉണ്ടാവാന്‍. കഷ്ടം !! രണ്ടു ദിവസം മുമ്പ് പാര്‍ട്ടി പുതിയ പ്രത്യയ ശാസ്ത്ര കരടു രേഖ പാസ്സാക്കി എന്ന് വായിച്ചു. അന്ന് തുടങ്ങിയ ചിരി ഇത് വരെ നിന്നിട്ടില്ല ഒരു അറിയിപ്പ് : 
ഇത് വായിച്ചിട്ട് ഞാന്‍ ഒരു കോണ്‍ഗ്രസ്‌ അനുഭാവി ആണെന്നോ ബി ജെ പി ക്കാരന്‍ ആണെന്നോ തെറ്റി ധരിക്കരുരുത്. തല്ക്കാലം സത്യമായും എനിക്ക് ഒരു പാര്‍ട്ടിയോടും ഒരു അനുഭാവവുമില്ല. ഒരു കാര്യം മാത്രം തുറന്നു പറയാം. ഞാന്‍ ഒരു കമ്മ്യൂണിസ്റ്റ്‌ വിരോധി ആണ്. അതില്‍ ഞാന്‍ അഭിമാനിക്കുന്നു. 

2011, ഒക്‌ടോബർ 17, തിങ്കളാഴ്‌ച

പവോലി ദം - ചത്രക് - പ്രായ പൂര്‍ത്തിയായവര്‍ക്ക് മാത്രംതലക്കെട്ട്‌ കണ്ടിട്ട് നിങ്ങള്‍ക്ക് ഒന്നും മനസ്സിലായിട്ടുണ്ടാവില്ല അല്ലേ . സാരമില്ല. ഇന്ത്യന്‍ സിനിമയെ പിടിച്ചു കുലുക്കിയ ഒരു ചലച്ചിത്രത്തെയും അതിലെ നായികയെയും കുറിച്ചാണ് ഈ പോസ്റ്റ്‌. കടുത്ത അശ്ലീലം ഉള്ളതിനാല്‍ വേണമെന്നുള്ളവര്‍ മാത്രം വായിച്ചാല്‍ മതി. ശരിക്ക് പറഞ്ഞാല്‍ ഇത് വന്‍ വാര്‍ത്ത‍ പ്രാധാന്യം നേടാഞ്ഞത് എന്തുകൊണ്ടാണ് എന്ന് ഞാന്‍ അത്ഭുതപ്പെടുന്നു. അത്രയ്ക്ക് ഒരു വഴിത്തിരിവാണ് ചത്രക് എന്ന  ചിത്രം നമ്മുടെ സിനിമ ചരിത്രത്തില്‍ ഉണ്ടാക്കിയിരിക്കുന്നത് . പാത്ത് ബ്രേക്കിംഗ് എന്ന് പറയാവുന്ന ഒരു ചിത്രം. താന്‍ കുറെ നേരമായല്ലോ പറയാന്‍ തുടങ്ങിയിട്ട്. എന്തുകൊണ്ടാണ് ഇത്രയും ഒക്കെ പൊക്കി പറയുന്നതെന്ന് നിങ്ങള്‍ക്ക് തോന്നിയേക്കും. അതിലേക്കു വരാം. അതിനു മുമ്പ് കുറച്ചു ആമുഖം 


വിമുക്തി ജയസുന്ദര എന്ന ശ്രീലങ്കന്‍ സിനിമ സംവിധായകന്‍ സംവിധാനം ചെയ്ത ഒരു ബംഗാളി ചിത്രമാണ്‌ ചത്രക്. പൂനെയിലെ ഫിലിം ഇന്‍സ്ടിട്യൂട്ട്  സന്തതിയായ അദ്ദേഹം കുറച്ചു കാലം  ലോക പ്രശസ്ത പരസ്യ നിര്‍മാണ കമ്പനി ആയ ലിന്റാസില്‍ കോപ്പി റൈറ്റര്‍ ആയിരുന്നു. അദ്ദേഹത്തിന്റെ ആദ്യ ഡോകുമെന്ററി ആയ The Land of Silence നടന്നു തേഞ്ഞ വഴികളില്‍ നിന്ന് മാറി നടക്കുന്ന ഒരു സംവിധായകനെ ലോകത്തിനു കാട്ടികൊടുത്തു. ഒട്ടും ഭംഗിയില്ലാത്ത, ആരും ഉപയോഗിച്ചിട്ടില്ലാത്ത പശ്ചാത്തലങ്ങളില്‍ ആണ് അദ്ദേഹം സ്വന്തം സിനിമകള്‍ ചിത്രീകരിച്ചിരിക്കുന്നത്. ലങ്കയിലെ സിവില്‍ യുദ്ധങ്ങളുടെ ഭീകരത കാണിച്ചു കൊടുക്കുന്ന ഈ ഡോക്യു ഫിക്ഷന്‍ ചിത്രം ആയിരത്തി തൊള്ളായിരത്തി അറുപതുകളില്‍ സിനിമ നിര്‍മാണത്തിന് ഉപയോഗിച്ചിരുന്ന ഉപകരണങ്ങള്‍ കൊണ്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. ചരിത്രത്തിന്റെ കറുത്ത ചിത്രങ്ങള്‍ വരയ്ക്കാന്‍ ഇത്തരം ഒരു മാധ്യമം സ്വീകരിച്ച ഒരു കലാകാരനെ ആദ്യമായി ലോകം കണ്ടു. . വ്യക്തമായ സംഭാഷണ ശകലങ്ങള്‍ ഇല്ലാതിരുന്ന ചിത്രം വോയിസ്‌ ഓവറില്‍ കൂടിയാണ് നരേറ്റ് ചെയ്യുന്നത്. നേര്‍രേഖയില്‍ സഞ്ചരിക്കാത്ത ആഖ്യാന രീതിയില്‍ ഭൂതാവിഷ്ടമായ ഒരു കാലത്തിന്റെ കഥ പറയുന്നു ഈ ചിത്രം. The Forsaken Land എന്ന ചിത്രമായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധേയമായ വേറൊരു ചിത്രം. കാനില്‍ ക്യാമറ ഡീ യോര്‍ പുരസ്‌കാരം നേടിയ കഴിഞ്ഞ പത്തു വര്‍ഷത്തില്‍ ഏഷ്യയില്‍ നിന്നുണ്ടായ ഏറ്റവും നല്ല കലാസൃഷ്ടി ആയാണ് നിരൂപകര്‍ വിലയിരുത്തിയത് . 2011 ഇല്‍ കാനില്‍ അദ്ദേഹത്തിന്റെ സംഭാവന ആയിരുന്നു ചത്രക് ( Mushroomes ). ഇന്ത്യയില്‍ വച്ച് ചിത്രീകരിച്ച അദ്ദേഹത്തിന്റെ ആദ്യ ചിത്രമാണ് ഇത്. സുദീപ് മുഖര്‍ജി / പവോലി ദം / സുമിത് താക്കൂര്‍ മുതലായവരാണ് അഭിനേതാക്കള്‍. 


എന്താണ് ചത്രക് ? 
അര്‍ബന്‍ ഇന്ത്യയും എന്തിനു മാറിയ ഏഷ്യന്‍ ജീവിതവും തന്നെയും വേറിട്ടൊരു രീതിയില്‍ പുനര്‍വിചിന്തനം ചെയ്യുകയാണിവിടെ. ദുബായില്‍ വര്‍ഷങ്ങളോളം ജോലി ചെയ്ത ഒരു ആര്‍ക്കിടെക്റ്റ് ആയ രാഹുല്‍ തിരികെ സ്വദേശമായ കൊല്‍ക്കത്തയിലേക്ക് തിരികെ വരുന്നതോടെ ചിത്രം തുടങ്ങുന്നു. അവിടെ രാഹുലിനെ കാത്ത് സ്വന്തം കാമുകിയായ പവോലി ഉണ്ട്.  രാഹുലിന് ഒരു സഹോദരന്‍ ഉണ്ട്. പക്ഷെ ഭ്രാന്ത് പിടിച്ചു കാട്ടില്‍ ആണയാള്‍ താമസിക്കുന്നത് . സ്വന്തം സഹോദരനെ തേടി രാഹുല്‍ നടത്തുന്ന യാത്രയില്‍ ഇതള്‍ വിരിയുന്നു ഈ സിനിമ. ദുബായ് പോലുള്ള ഒരു വന്‍ നഗരത്തിലെ എസ്ടാബ്ലിഷ് ചെയ്ത ഒരു ആര്‍ക്കിടെക്റ്റ് ആയ രാഹുലിന്റെ ജീവിതം ഈ അന്വേഷണത്തോടെ അടിമുടി മാറ്റിമറിക്കപ്പെടുന്നു. കാട്ടിന്റെ വന്യമായ നിയമങ്ങള്‍ നിശ്ചയിക്കുന്ന ഒരു കാടന്‍ ജീവിതവും പ്രതീക്ഷകളും സ്വപ്നങ്ങളും കൂണ്‍ പോലെ പൂക്കുന്ന നാഗരിക ജീവിതവും നിരാശയും സ്നേഹവും ലൈംഗികതയും എല്ലാം മാറി മറിയുന്ന ഒരു യാത്രയിലേക്ക് ചിത്രം നിങ്ങളെ കൊണ്ട് പോകുന്നു. മനുഷ്യന്‍ പിറവി കൊണ്ടയിടവും അവന്‍ വളര്‍ന്നപ്പോള്‍ ചേക്കേറിയ നഗരങ്ങളും ജീവിതവും മരണവും ആണ് വിഷയമെങ്കിലും ഒരു ഡോക്യുമെന്ററി ആയി നിങ്ങള്‍ക്ക് ഇത് തോന്നില്ല. യാഥാര്‍ത്ഥ്യവും സങ്കല്പവും ഇടകലര്‍ന്ന വളരെ ക്രൂഡ് ആയ ഒരു തലത്തില്‍ നിന്ന് വേണം ഈ ചിത്രത്തെ കാണാന്‍. 


എന്താണീ ചിത്രത്തിന്റെ പ്രത്യേകത അല്ലെങ്കില്‍  ആരാണ് പവോലി ദം ? 


വിചിത്രമായ ഒരു പേരല്ലേ ? പവോലി ഒരു ബംഗാളി നടിയാണ്. ഗൌതം ഘോഷ് , സമരേഷ് മജൂംദാറിന്റെ ഒരു നോവലിനെ ആസ്പദമാക്കി നക്സലൈറ്റ് പ്രസ്ഥാനങ്ങളെ പറ്റി എടുത്ത കാല്‍ബേല എന്നാ ചിത്രത്തിലൂടെ പ്രശസ്തയായ യുവ നടിയാണ് പവോലി. ഇറ്റാലിയന്‍ സംവിധായകനായ ഇടാലോ സ്പിനെലി സംവിധാനം ചെയ്യുന്ന ചോളി കെ പീച്ചേ ക്യാ ഹേ ( മഹാശ്വേത ദേവി എഴുതിയത് ) എന്ന ചിത്രത്തിലെ ഒരു ആദിവാസി യുവതിയുടെ വേഷം അഭിനയിക്കാന്‍ തെരഞ്ഞെടുത്തിരിക്കുന്നത് പവോലിയെയാണ്. സത്യത്തില്‍ ഈ പോസ്റ്റ്‌ പവോലിയെ പറ്റിയാണ് ആദ്യം എഴുതിയത്. പക്ഷെ ഈ ചിത്രത്തെ പറ്റിയും സംവിധായകനെ പറ്റിയും പറഞ്ഞില്ലെങ്കില്‍ ഇത് പൂര്‍ണമാവില്ല എന്ന് തോന്നി. എത്ര നഗ്നത കാണിക്കാനും മടിയില്ലാത്ത ഒരു നടി എന്ന നിലയ്ക്കാണ് പവോലി പ്രശസ്തയായത്. അപ്പൊ നിങ്ങള്‍ ചോദിച്ചേക്കും കാമസൂത്ര, ഫയര്‍ മുതലായ ചിത്രങ്ങളില്‍ പലതിലും നായികമാര്‍ തുണിയുരിഞ്ഞിട്ടുണ്ടല്ലോ എന്ന്. പ്രോതിമ ബേദി മുതല്‍ മല്ലിക ഷരാവത് വരെ നീളുന്നു ആ നിര. പക്ഷെ ചത്രക് അവതരിപ്പിക്കുന്ന ചില രംഗങ്ങളില്‍ പൂര്‍ണ നഗ്നയായും പച്ചയായ ലൈംഗിക രംഗങ്ങള്‍ അഭിനയിക്കാനും ആദ്യമായി ധൈര്യം കാണിച്ച നടിയാണ് പവോലി എന്ന് എനിക്ക് തോന്നുന്നു. ഇതിലെ വിവാദമായ രംഗങ്ങളില്‍ ക്യാമറയ്ക്ക് മുന്നില്‍ അനുബ്രത ബസുവുമായി  ലൈംഗിക ബന്ധം അതിന്റെ എല്ലാ അര്‍ത്ഥത്തിലും ആസ്വദിക്കുന്ന ഒരു കഥാപാത്രത്തെ തന്മയത്വത്തോടെ പവോലി അവതരിപ്പിച്ചു. ഇത്രയും ഞാന്‍ ഈ നടിയെ എഴുതിയത് അതൊക്കെ കണ്ടു ആരാധന മൂത്തിട്ടല്ല. പക്ഷെ ബോള്‍ഡ് എന്നവകാശപ്പെടുന്ന പല ബോളിവുഡ് നടികളെക്കാള്‍ ശരിക്കും ബോള്‍ഡ് അയ അഭിനയം കാഴ്ച വച്ച പവോലി ശരിക്ക് പറഞ്ഞാല്‍ ഇന്ത്യന്‍ സിനിമയില്‍ ഒരു വഴിത്തിരിവാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് പറയേണ്ടി വരും. ഹോളിവുഡ് ചിത്രങ്ങള്‍ ആണ് പലപ്പോഴും നമ്മള്‍ താരതമ്യത്തിനെടുക്കുന്നത്. പക്ഷെ ബോക്സ്‌ ഓഫീസ് മാത്രം ലക്ഷ്യമിടുന്ന അത്തരം ചിത്രങ്ങളേക്കാള്‍ കലാ മൂല്യമുള്ള ചിത്രങ്ങള്‍ നിര്‍മിക്കുന്ന ഫ്രഞ്ച് / ഇറ്റാലിയന്‍ ചിത്രങ്ങളില്‍ കാണിക്കുന്ന ജീവിതത്തിന്റെ രേഖ ചിത്രങ്ങള്‍ അഭിനയിക്കാന്‍ ഇന്ത്യയില്‍ നടികളെ കിട്ടാറില്ല. മിക്ക സിനിമകളും ഡ്യൂപ്പിനെ വച്ചാണ് അത് ചെയ്യുന്നത്. സ്വന്തം പേരില്‍ അത് അഭിനയിക്കാന്‍ നമ്മുടെ മുന്‍ നിര നടിമാര്‍ക്ക് ഭയമാണ് എന്ന് തോന്നുന്നു. അത് കൊണ്ടാണ് ബന്‍ഡിറ്റ് ക്യൂന്‍ എന്ന ചിത്രത്തിലെ ബലാത്സംഗ രംഗങ്ങള്‍ ഡ്യൂപ്പിനെ വച്ച് അഭിനയിപ്പിക്കേണ്ടി വന്നത്. ഇവിടെ ഈ നടി കാണിച്ച ധൈര്യം അത്രയ്ക്ക് ചര്‍ച്ച വിഷയം ആയതായി തോന്നുന്നില്ല. അതുകൊണ്ടാണ് ഇത്രയും എഴുതിയത്. 

വാല്‍ക്കഷണം 
ഇത്രയും കേട്ടിട്ട് വെറും ഒരു A പടത്തെ  പറ്റി ദുശാസ്സനന്‍ വാചാലനായി എന്ന് കരുതരുതേ. 
അതുകൊണ്ടാണ് സംവിധായകനെ പറ്റിയും കഥയെപ്പറ്റിയും ഇത്രയുമൊക്കെ ആമുഖം തന്നത്. 
ചത്രകിനെ പറ്റി നമ്മുടെ ദേശീയ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ താഴെ വായിക്കാം. ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ ഏറ്റവും ബോള്‍ഡ് അയ ചിത്രം എന്നാണു പലരും ഇതിനെ വിശേഷിപ്പിച്ചത്‌  
Is 'Chatrak' the boldest film ever made in India?
http://www.ndtv.com/
Kolkata spared Chatrak blushes

2011, ഒക്‌ടോബർ 13, വ്യാഴാഴ്‌ച

കുറച്ചു എസ് പി - ബ്ലോഗ്‌ സംബന്ധമായി ... :)   കുറച്ചു എസ് പി ( അതായതു സ്വയം പൊക്കല്‍ ) നടത്താന്‍ വേണ്ടിയാണ് ഈ പോസ്റ്റ്‌ എഴുതുന്നത്‌ :) കേരള കൌമുദി വാരികയില്‍ ശ്രീലത പിള്ള എഴുതുന്ന വെബ്‌ സ്കാന്‍ എന്ന കോളം ഇത്തവണ അവതരിപ്പിക്കുന്നത്‌ ഈ പാവം ബ്ലോഗ്‌ ആണ്. ഇന്ന് വില്പനയ്ക്കിറങ്ങിയ വാരികയുടെ പേജ് നിങ്ങള്‍ക്ക് ഇവിടെ വായിക്കാം. ലിങ്ക് വായിക്കാന്‍ പറ്റാത്തവരെ വെറുതെ വിടാന്‍ ഉദ്ദേശിക്കുന്നില്ല. പേജ് മുകളില്‍ പിക്ചര്‍ ഫോര്‍മാറ്റില്‍ കൊടുത്തിട്ടുണ്ട്‌. അതേല്‍ ക്ലിക്കി വായിക്കുക.  ഇനി ഇതൊന്നും പോരെങ്കില്‍ ശ്രീലതയുടെ ബ്ലോഗുലകം എന്ന ബ്ലോഗിലും ഒരു കോപ്പി ലഭ്യമാണ്.  എന്നെ ഇത് വരെ പ്രോത്സാഹിപ്പിച്ചവര്‍ക്കും കളിയാക്കിയവര്‍ക്കും ഗൌരവമുള്ള അഭിപ്രായങ്ങള്‍ പറഞ്ഞവര്‍ക്കും തെറ്റുകള്‍ ചൂണ്ടിക്കാണിച്ചവര്‍ക്കും  എല്ലാം എല്ലാം നന്ദി. ഈ പംക്തിയില്‍ ഈ ബ്ലോഗിനെയും പരിഗണിച്ച ശ്രീലതക്കും കേരള കൌമുദി വരികയ്ക്കും നന്ദി. എന്റെ എല്ലാ പ്രിയപ്പെട്ട വായനക്കാര്‍ക്കും നന്ദി. ഇനിയും വായന തുടരുക..

2011, ഒക്‌ടോബർ 8, ശനിയാഴ്‌ച

ടി വി ചീഞ്ഞു നാറുമ്പോള്‍

ഇക്കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് രണ്ടു ഗുണ്ടകളെ കൊലപ്പെടുത്തിയതും അവരുടെ സംഘം  മറ്റൊരു ഗുണ്ടയെ തട്ടി പ്രതികാരം ചെയ്തതും ഒക്കെ നിങ്ങള്‍ പത്രങ്ങളില്‍ വായിച്ചിരിക്കുമല്ലോ. ഇതേ വാര്‍ത്ത‍ ടിവിയില്‍ കാണാന്‍ ഇടയായി. എല്ലാ ചാന്നലുകളും ഈ വാര്‍ത്ത‍ കവര്‍ ചെയ്തത് ഒരേ രീതിയിലായിരുന്നു. ഗുണ്ടയെ വെട്ടി കൊന്നു / റിയാലിറ്റി ഷോയിലെ പെണ്‍കുട്ടിയെ ചൊല്ലിയാണ് തര്‍ക്കം ഇങ്ങനെ വിശദീകരണത്തോടൊപ്പം മരിച്ചു കിടക്കുന്ന ഗുണ്ടകളുടെ ക്ലോസ്  അപ്പ്‌  ദൃശ്യങ്ങളും പല തവണ ആവര്‍ത്തിച്ചു കാണിക്കുന്നുണ്ടായിരുന്നു. ഇത് പോലെ തന്നെ തിരുവനന്തപുരത്ത് സ്കൂള്‍ ബസ് മറിഞ്ഞു മരിച്ച കുട്ടികളുടെ മൃതദേഹങ്ങളും ചാനലുകള്‍ നന്നായി കവര്‍ ചെയ്തിരുന്നു. വാളകത്തെ സ്കൂള്‍ അധ്യാപകന്‍ വീണ്ടും മൊഴി മാറ്റിയ ദിവസം ചാനലുകളിലെ സ്ക്രോള്‍ ന്യൂസ്‌ ഇങ്ങനെയായിരുന്നു. 'അധ്യാപകന്റെ മലദ്വാരത്തില്‍ പാര കയറിയിട്ടില്ല എന്ന്" . ഇതൊക്കെ കണ്ടപ്പോള്‍ ഒരു സംശയം. എന്താണ് മലയാളി ടിവിയില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്ന്. ഹിന്ദി ചാനലുകളില്‍ വരുന്ന പല റിയാലിറ്റി ഷോകളെയും കളിയാക്കുന്നവനാണ് മലയാളി. ഇമോഷണല്‍ അത്യാചാര്‍ ഒക്കെ ഉദാഹരണം. എന്നിട്ട് നമ്മുടെ ടിവിയില്‍ വരുന്ന പരിപാടികള്‍ എന്താണെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ ? നിങ്ങള്‍ അന്തിച്ചു പോകും. അത്രയ്ക്ക് തരം താണ രീതിയിലാണ് നമ്മുടെ ചാനലുകളുടെ പ്രവര്‍ത്തനം. താഴെ എഴുതിയിരിക്കുന്നത് വായിച്ചിട്ട് നിങ്ങള്‍ ഈ പരിപാടികള്‍ ദയവു ചെയ്തു കാണാന്‍ പോകരുതെന്ന് ഒരു മുന്നറിയിപ്പോടെ ...


 മനസ്സിലൊരു മഴവില്ല് പ്രശസ്ത ഡബ്ബിംഗ് ആര്‍ടിസ്റ്റ് ആയ ഭാഗ്യലക്ഷ്മി അവതരിപ്പിക്കുന്ന പരിപാടിയാണ് . പ്രേമിച്ചു വിവാഹിതരായ ദമ്പതികളെ ഒന്നിച്ചിരുത്തിയുള്ള ഒരു ടോക്ക് ഷോ ആണ് ഇത്. അവര്‍ എങ്ങനെയാണ് രക്ഷിതാക്കളെ പറ്റിച്ചു പ്രേമിച്ചത് , കല്യാണത്തിന് എന്തൊക്കെ എതിര്‍പ്പുണ്ടായിരുന്നു , എങ്ങനെയാണ് ഒളിച്ചോടിയത്‌ ? ഇങ്ങനെയുള്ള ചോദ്യങ്ങള്‍ ആണ് പ്രധാനമായും പുള്ളിക്കാരി അതിഥികളോട് ചോദിക്കുന്നത്. ഇപ്പോള്‍ പ്രേമിച്ചു കൊണ്ടിരിക്കുന്നവര്‍ക്കും പ്രേമിച്ചു വിവാഹിതരാവാന്‍ കൊതിക്കുന്നവര്‍ക്കും ഒട്ടനവധി ടിപ്സ് ഈ പരിപാടിയില്‍ നിന്ന് സൌജന്യമായി കിട്ടും. വിവാഹത്തിന് സമ്മതിക്കാതിരുന്ന മാതാ പിതാക്കളെ ഭാഗ്യലക്ഷ്മിയും ദമ്പതിമാരും ചേര്‍ന്ന് തെറി പറയുന്ന രംഗങ്ങളും കാണാം. മാതാ പിതാക്കള്‍ക്ക് അത്രയും പക്വതയേ ഉള്ളൂ, അവരെ പറഞ്ഞിട്ട് കാര്യമില്ല, അങ്ങനെ പോകുന്നു അഭിപ്രായ പ്രകടനങ്ങള്‍. പ്രശസ്ത നടന്‍ ബാല, അശ്വമേധം ഫെയിം പ്രദീപ്‌, കവിയായ അനില്‍ പനച്ചൂരാന്‍ , ബീന ആന്റണി, അങ്ങനെ ഒട്ടനവധി പേര്‍ ഇതിനകം ഈ പരിപാടിയില്‍ പങ്കെടുത്തു കഴിഞ്ഞു 


കഥയല്ലിത് ജീവിതം 


പഴയകാല നായിക നടിയും പ്രശസ്ത ക്യാമറമാന്‍    ആയ മധു അമ്പാട്ടിന്റെ സഹോദരിയുമായ വിധുബാലയാണ് ഈ പരിപാടി അവതരിപ്പിക്കുന്നത്‌. ഇത് വന്‍ തമാശയാണ്. അടിച്ചു പിരിഞ്ഞ ദമ്പതികളെ കൊണ്ട് വന്നു അവരുടെ പ്രശ്നങ്ങള്‍ സംസാരിച്ചു ഒത്തു തീര്‍പ്പാക്കുന്നു എന്ന വ്യാജേന ആണ് ഈ പരിപാടി അവതരിപ്പിക്കുന്നത്‌. പക്ഷെ ഫലത്തില്‍ കാടും പടലും തല്ലുന്ന ഒരു ഇടപാടാണ്. സംശയ രോഗം കൊണ്ട് ഭാര്യയെ ഉപേക്ഷിച്ച ഭര്‍ത്താവ്, വിവാഹേതര ബന്ധം കൊണ്ട് ഭര്‍ത്താവിനെ ഉപേക്ഷിച്ച ഭാര്യമാര്‍, സാമ്പത്തിക തട്ടിപ്പുകള്‍ നടത്തി വീട്ടുകാരെ പുലിവാല്‌ പിടിപ്പിച്ച വീരന്മാര്‍, എന്ന് വേണ്ട എല്ലാ ഫ്രോഡുകളെയും നന്നാക്കാന്‍ വേണ്ടി ഒരു പരിപാടി. ഇതില്‍ പങ്കെടുക്കുന്നവരില്‍ നിയമ വിദഗ്ദ്ധരും ഒക്കെയുണ്ട്.  പുട്ടിനു തേങ്ങ പീര വയ്ക്കുന്നത് പോലെ അവര്‍ ഇടയ്ക്കിടക്ക് വിദഗ്ധ അഭിപ്രായങ്ങള്‍ പാസ്സാക്കും.


ഇത് കൂടാതെ ഇതേ കാറ്റഗറിയില്‍ പെടുത്താവുന്ന ഒട്ടനവധി പരിപാടികള്‍ എല്ലാ ചാനലുകളുമായി നടന്നു വരുന്നുണ്ട്. മുകളിലത്തെ രണ്ടെണ്ണം പേരെടുത്തു പറയാന്‍ തോന്നി. അത്രയേ ഉള്ളൂ. 
കിരണിലെയും ഏഷ്യാനെറ്റ്‌ പ്ലസിലെയും മിക്ക ഫോണ്‍ ഇന്‍ പ്രോഗ്രാമ്മുകളും ഇത്തരം കന്റെന്റ്റ് കൊണ്ട് സമൃദ്ധമാണ്. നമ്മുടെ ടി വി സീരിയലുകള്‍ക്കൊക്കെയും ഒരേ കഥ തന്നെയേ പറയാനുള്ളൂ. വീട്ടില്‍ വേറെ പണിയൊന്നുമില്ലാതെ ടി വി കണ്ടിരിക്കുന്ന ഒരാളിനെ ഇതൊക്കെ ചെറിയൊരളവില്‍ എങ്കിലും സ്വാധീനിക്കും. വിദേശ ചാനലുകള്‍ പേടിപ്പിക്കുന്ന ദൃശ്യങ്ങള്‍ കാണിക്കുന്നതിന് മുമ്പ് ഒരു മുന്നറിയിപ്പ് എങ്കിലും കൊടുക്കാറുണ്ട്. ഇനി വരുന്ന ദൃശ്യങ്ങള്‍ കുട്ടികളെ കാണിക്കരുത് എന്നൊക്കെ. പക്ഷെ നമുക്ക് അങ്ങനെയൊന്നുമില്ല. ടി വിയുടെ മുന്നിലിരിക്കുന്ന ഒരു കുട്ടി കാണുന്ന കൊലപാതകങ്ങളുടെയും അവിശുദ്ധ ബന്ധങ്ങളുടെയും കഥകള്‍ എണ്ണമറ്റതാണ് . ലോകത്തെ മറ്റു ഒരു ചാനലിലും കാണാന്‍ കിട്ടാത്ത ദൃശ്യങ്ങള്‍ ഒക്കെ അവര്‍ക്ക് ഇവിടെ കാണാം. ചോരയൊലിപ്പിച്ചു കിടക്കുന്ന മൃതദേഹങ്ങള്‍, കൊലപാതകത്തിന്റെ തല്‍സമയ ദൃശ്യങ്ങള്‍ അങ്ങനെ അങ്ങനെ. 

എല്ലാ കാര്യങ്ങളിലും അന്തിമ അഭിപ്രായം പറയാനുള്ള അധികാരം ചാനലുകള്‍ ബലമായി പിടിച്ചെടുത്തിരിക്കുന്നു. ചാനലുകളെ പേടിച്ചു ഭരണ വര്‍ഗം ദൂരെ മാറി നില്‍ക്കുന്നു. ആര് മണികെട്ടും എന്നതാണ് ചോദ്യം . പണ്ടൊരിക്കല്‍ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഭസ്മക്കുളത്തില്‍ ഒരു മാനസിക രോഗി ഒരാളെ മുക്കി കൊന്നത് തത്സമയം ടിവിയില്‍ കണ്ടവരാണ് നമ്മള്‍. എറണാകുളത്തു ഒരു ബസ് നിയന്ത്രണം വിട്ടു ഒരാളെ ഇടിച്ചു തെറിപ്പിക്കുന്നതും നമ്മള്‍ ടിവിയില്‍ ആണ് കണ്ടത്. എന്തിനും ഏതിനും പ്രതികരിക്കുന്ന മലയാളി ഇതൊക്കെ ടിവിയില്‍ കാണിക്കുന്നതിനെ പറ്റി ഒരക്ഷരം പറഞ്ഞില്ല എന്നത് അപകടകരമായ ഒരു സിഗ്നല്‍ ആണ് തരുന്നത് എന്ന് എനിക്ക് തോന്നുന്നു. ബാക്കി സംസ്ഥാനങ്ങളില്‍ ഉള്ളവരെ അപേക്ഷിച്ച് വിദ്യാഭ്യാസവും വിവരവും ഉള്ള മലയാളികള്‍ ഇന്ന് എവിടെ നില്‍ക്കുന്നു എന്നതിന്റെ ഒരു മുന്നറിയിപ്പ്  എന്ത് പറയുന്നു ? 

2011, ഒക്‌ടോബർ 6, വ്യാഴാഴ്‌ച

ഓം ഐം സരസ്വത്യൈ നമഃ
ഓം ഐം സരസ്വത്യൈ നമഃ
ഇന്ന് വിജയ ദശമി. അറിവിന്റെ ദേവതയായ സരസ്വതി ദേവിയെ നമിക്കുന്നു. 
കൂടുതല്‍ പഠിക്കാനും അറിയാനും കഴിവും ബുദ്ധിയും തരണേ എന്ന് പ്രാര്‍ഥിക്കുന്നു.
നല്ല ഒരു തുടക്കത്തിനു എല്ലാ പ്രിയ വായനക്കാര്‍ക്കും ആശംസകള്‍.