വിദ്യാഭ്യാസം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
വിദ്യാഭ്യാസം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2014 ജനുവരി 30, വ്യാഴാഴ്‌ച

മോംഗോ ഡിബിയും ആധാറും പിന്നെ കുറെ മണ്ടത്തരങ്ങളും



ആമുഖം -

     ഈ പോസ്റ്റിനു ഒരു ആമുഖം ആവശ്യമുണ്ട്.  ഇക്കണോമിക് ടൈംസ്‌ പത്രത്തിൽ വന്ന ഒരു വാർത്തയെ  പറ്റിയാണ് ഈ പോസ്റ്റ്‌. ആധാർ പ്രൊജക്റ്റിനു ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ അമേരിക്കൻ ചാര ഏജൻസി ആയ സി ഐ എ സ്ഥാപിച്ച ഒരു കമ്പനി ഉണ്ടാക്കുന്നതാണ്, അതുകൊണ്ട് സ്വാഭാവികമായും ഭാരതത്തിന്റെ ജനസംഖ്യാ കണക്കുകൾ അവരുടെ കയ്യിൽ എത്തും എന്ന ആശങ്കകൾ വ്യക്തമായി വിവരിക്കുന്ന ഒരു വാർത്ത‍. സി പി എം അവരുടെ വെബ്‌സൈറ്റിൽ ഇതിനെതിരെ പോസ്റ്റ്‌ ഇട്ടു. ഇങ്ങനത്തെ വാർത്തകൾ മലയാളത്തിൽ പരിഭാഷപ്പെടുത്തുന്ന ദേശാഭിമാനി സഖാക്കൾക്കായി അത് വീണ്ടും പബ്ലിഷ് ചെയ്തു. പണ്ട് hot dog എന്നത് ചൂടൻ പട്ടി എന്ന് വിവർത്തനം ചെയ്തു ചരിത്രം സൃഷ്ടിച്ച അവർ ഇത്തവണ തെറ്റൊന്നും കൂടാതെ ആ ആശങ്ക സഖാക്കളിലേക്ക് പകർന്നു. മാധ്യമത്തിലും ഈ വാർത്ത‍ ചലനങ്ങൾ സൃഷ്ടിച്ചു. സത്യം പറഞ്ഞാൽ ഈ വാർത്തക്ക് കീഴിൽ ഉള്ള കമന്റുകളാണ് ഇങ്ങനെ ഒരു പോസ്റ്റ്‌ ഇടാൻ എന്നെ പ്രേരിപ്പിച്ചത്.രാജ്യത്തിന്റെ രഹസ്യങ്ങൾ വിൽപ്പനക്ക്, ഭാരതത്തിന്റെ സുരക്ഷ നഷ്ടപ്പെട്ടു, സോണിയ ഗാന്ധി രാജ്യത്തെ ഒറ്റിക്കൊടുത്തു എന്ന് തുടങ്ങി രാജ്യത്തെ മുസ്ലിം സമുദായ അംഗങ്ങളുടെ കണക്കെടുക്കാൻ വേണ്ടി മാത്രമാണ് ആധാർ എന്ന് വരെ അഭിപ്രായങ്ങൾ കണ്ടു. ബാലിശമെന്നു തോന്നുമെങ്കിലും ഇപ്പോൾ തന്നെ പല രീതിയിലും അരക്ഷിതത്വം അനുഭവിക്കുന്ന മുസ്ലീം സമുദായത്തിലെ അംഗങ്ങൾ ഇങ്ങനെ ആശങ്കപ്പെട്ടത്തിൽ അത്ഭുതമില്ല. വർഷങ്ങളായി ഡാറ്റാബേസ് പ്രോഗ്രാമിംഗ് ചെയ്യുകയും കഴിഞ്ഞ രണ്ടു വർഷത്തോളമായിമോംഗോ ഡി ബി ഉപയോഗിക്കുകയും ചെയ്യുന്ന ഒരാളെന്ന നിലക്ക്  ആധാർ പോലെ ഒരു പ്രോജക്ടിൽ എങ്ങനെയാണ് വിവര ശേഖരണവും അതിന്റെ സൂക്ഷിപ്പും നടക്കുന്നതെന്ന് ലളിതമായ ഭാഷയിൽ വിവരിക്കാനുള്ള ഒരു ശ്രമമാണ് ഈ പോസ്റ്റ്‌. സോഫ്റ്റ്‌വെയർ പ്രോഗ്രാമിംഗ് പഠിച്ചിട്ടില്ലാത്തവരെ ഉദ്ദേശിച്ചാണ് ഇത് എഴുതുന്നത്‌. അതുള്ളവർക്കും വായിക്കാം. തെറ്റുകൾ ചൂണ്ടിക്കാട്ടാം.

എന്താണ് ഡാറ്റാബേസ് ? 

     എന്തെങ്കിലും ഒരു പ്രത്യേക  ക്രമത്തിൽ അടുക്കിസൂക്ഷിച്ചിരിക്കുന്ന വിവര ശേഖരമാണ് ഡാറ്റാബേസ്. ഉദാഹരണത്തിനു 04712424595 എന്നത് എന്താണ് സൂചിപ്പിക്കുന്നത് ? ഒന്നും പിടി കിട്ടുന്നില്ല അല്ലേ ? പക്ഷെ STD Code - 0471 , Number - 2424595 എന്ന് മാറ്റിയെഴുതിയപ്പോൾ അതിനൊരു അർഥം വന്നു. നിങ്ങളുടെയൊക്കെ വീട്ടിൽ ഉപയോഗിക്കുന്ന ഫോണ്‍ ബുക്ക്‌ മിക്കവാറും ഇതുപോലെയൊക്കെ തന്നെയായിരിക്കും നമ്പറുകൾ എഴുതുന്നത്‌. ആ ഫോണ്‍ ബുക്ക്‌ ഒരു ഡാറ്റാബേസ് ആണ്. ഇത് കമ്പ്യൂട്ടറിന്റെ ഭാഷയിലേക്ക് മാറ്റുമ്പോൾ ഇതുപോലെയാകും :

Name
STD Code
Phone Number
Kiran
011
32663535
Madhu
080
453242345
Priya
022
9824242
Ravi
040
121413

Excel പോലുള്ള ഓഫീസ് ആപ്ലിക്കേഷനുകളിലുംനിങ്ങൾക്ക് ഇത് പോലുള്ള വിവരങ്ങൾ സൂക്ഷിക്കാവുന്നതാണ്. ഒരു ഓഫീസിലെ ദൈനംദിന പ്രവർത്തനങ്ങൾ,ബാങ്കിലേത് പോലുള്ള പണമിടപാടുകൾ, നിങ്ങൾ ഒരു ഫോണ്‍ കാൾ ചെയ്യുമ്പോൾ അതിന്റെ വിശദാംശങ്ങൾ തുടങ്ങി ഒട്ടനവധി പ്രധാനപ്പെട്ട വിവരങ്ങൾ ഡാറ്റാബേസ് സോഫ്റ്റ്‌വെയറുകളിൽ ശേഖരിച്ചു വയ്ക്കുന്നു. ഒരു സോഫ്റ്റ്‌വെയർ സിസ്റ്റത്തിൽ ഏറ്റവും നിർണായകമായ ഒരു ഘടകമാണ് ഡാറ്റാബേസ്. SQL ( Structured Query Language ) എന്ന ഭാഷയിൽ എഴുതുന്ന കമാന്റുകൾ ഉപയോഗിച്ച് ഡാറ്റാബേസിൽ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങൾ വിശകലനം ചെയ്യാൻ സാധിക്കും. പ്രവർത്തന മേഖലയുടെ സ്വഭാവം അനുസരിച്ച് നമ്മൾ ശേഖരിക്കുന്ന ഡാറ്റായുടെ വലിപ്പവും കൂടും. ഉദാഹരണത്തിന്, നിങ്ങൾ ഒരു ഫോണ്‍ കാൾ ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നത്‌ ?കോൾ കണക്ട് ചെയ്യുമ്പോൾ തന്നെ ആരെയാണോ നിങ്ങൾ വിളിക്കുന്നത്‌, അയാളുടെ പേര്, നമ്പർ, കാൾ സ്റ്റാർട്ട്‌ ചെയ്ത സമയം എന്നിവ സേവ് ആകും. ഇടയ്ക്കു വച്ച്കോൾ നിന്ന് പോയാലോ ഡിസ്കണക്ട് ചെയ്താലോ ഉടൻ തന്നെകോൾഅവസാനിച്ച സമയം, എത്ര സമയം സംസാരിച്ചു, ചാർജ് എത്രയായി തുടങ്ങിയ വിവരങ്ങളും സേവ് ആകുന്നു. ഇനി ഭാവിയിൽ എപ്പോൾ വേണമെങ്കിലും ആ വിവരങ്ങൾ വീണ്ടെടുക്കാനും കഴിയും. Microsoft SQL Server , Oracle , MySQL തുടങ്ങിയവയാണ് വ്യാപകമായി ഉപയോഗിച്ച് വരുന്ന ഡാറ്റാബേസ് സോഫ്റ്റ്‌വെയറുകൾ. 

കാലം വരുത്തിയ മാറ്റം 

പണ്ടൊക്കെ ഒരു ജി ബി ഉള്ള ഒരു ഡാറ്റാബേസ് ഒരു അപൂർവ സംഭവം ആയിരുന്നു. വിരലിലെണ്ണാവുന്നവർ മാത്രം കമ്പ്യൂട്ടർ ഉപയോഗിച്ചിരുന്ന അക്കാലത്ത് അതിൽ ശേഖരിക്കപ്പെടുന്ന ഡാറ്റായും അത്രയേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇന്ന് അങ്ങനെയല്ല. മൊബൈൽ ഫോണ്‍ , ടാബ്ലെറ്റ്സ്, ലാപ്ടോപ് / ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകൾ തുടങ്ങി ഒട്ടനവധി മാർഗങ്ങൾ ഉപയോഗിച്ച് കോടിക്കണക്കിനു ആൾക്കാർ പല തരത്തിലുമുള്ള കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നു. ഫേസ്ബുക്ക്‌ , ട്വിറ്റെർ തുടങ്ങി സോഷ്യൽ നെറ്റ് വർക്കിംഗ്‌ പ്ലാറ്റ്ഫോമുകൾ വഴി ഓരോ നിമിഷവും ടണ്‍ കണക്കിന് വിവരങ്ങളാണ് വിവിധ ഡാറ്റാബേസ് സെർവറുകളിലേയ്ക്കു എത്തുന്നത്‌. ഡാറ്റാ എന്നത് ബിഗ്‌ ഡാറ്റാ  എന്ന് പുനർ നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു. ഒരു നിമിഷം തന്നെ കോടിക്കണക്കിനു റ്റെക്സ്റ്റും ചിത്രങ്ങളും വീഡിയോകളും മറ്റുമാണ് ഇന്റർനെറ്റിൽ കൈമാറ്റം ചെയ്യപ്പെടുന്നത്.ഇത്രയും വലിയ വിവര ശേഖരത്തിൽ നിങ്ങൾക്ക് വേണ്ട സംഗതികൾ എങ്ങനെയാണ് കമ്പ്യൂട്ടർ ഇത്രയും വേഗം  അന്വേഷിച്ചു കണ്ടുപിടിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ ? ലളിതമായ ഒരു ഉദാഹരണം പറയാം. നിങ്ങളുടെ കമ്പ്യൂട്ടറിൽ ഒരു ചിത്രം സേവ് ചെയ്തു വച്ചിട്ടുണ്ട് എന്ന് വിചാരിക്കുക. ഫയൽ നെയിം നിങ്ങളുടെ പേര് തന്നെയാണ്. കുറച്ചു കാലം കഴിഞ്ഞു ഈ ഫയൽ എവിടെയാണ് സേവ് ചെയ്തത് എന്ന് നിങ്ങൾ  മറന്നു പോയി എന്നിരിക്കട്ടെ. ആ ഒരു സിംഗിൾ ഫയൽ കണ്ടു പിടിക്കാൻ നിങ്ങളുടെ വിൻഡോസ്‌ സെർച്ച്‌ എത്ര സമയം പ്രവർത്തിക്കുന്നു എന്ന് കണ്ടിട്ടില്ലേ ?  ഇതേ സ്ഥാനത്ത്  ബില്യൻ കണക്കിന് വിവരങ്ങൾ ഉള്ളപ്പോൾ എന്താവും സ്ഥിതി എന്ന് ഓർത്തു നോക്കൂ.

ബിഗ്‌ ഡാറ്റാബേസ് 

    ഗൂഗിളിനാണ് ആദ്യം ഇതിനൊരു പരിഹാരം കണ്ടു പിടിക്കേണ്ടി വന്നത്. കാരണം അവരുടെ കൂറ്റൻ വിവര ശേഖരം തന്നെയാണ് . അവർ നടത്തിയ ഗവേഷണങ്ങളുടെ ഫലമായി ഉണ്ടായതാണ് ബിഗ്‌ ടേബിൾ എന്ന ആശയം. അവരുടെ ക്രോളർ പ്രോഗ്രാമുകൾ ലോകത്തെ പുതിയതും പഴയതുമായ വെബ്‌ സൈറ്റുകളിൽ കയറിയിറങ്ങി വിവരങ്ങൾ ശേഖരിച്ചു അതിന്റെ ഒരു ഇൻടെക്സ്‌ തയ്യാറാക്കി സൂക്ഷിക്കുന്നു. നിങ്ങൾ സെർച്ച്‌ ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് ഇവിടെ കാണാം. ഒരു ഇ-മെയിൽ അയക്കുമ്പോൾ ഇതാണ് പുറകിൽ നടക്കുന്നത്.  ഈ വിവരങ്ങൾ സൂക്ഷിച്ചു വയ്ക്കാൻ  ഗൂഗിൾ നടത്തി വരുന്ന ഡാറ്റാ സെന്റർ കണ്ടു നോക്കൂ 

      ബിഗ്‌ ടേബിൾ അടിസ്ഥാനമാക്കി പിന്നീട് വികസിപ്പിക്കപ്പെട്ട ഡാറ്റാബേസ് സോഫ്റ്റ്‌വെയറുകളാണ് ഇപ്പോൾ ലോകത്തെ വമ്പൻ കമ്പനികളെ സഹായിക്കുന്നത്. Hadoop, Mongo DB, Cassandra, Couch DB ഇവയാണ് ഇതിലെ മുൻ നിരക്കാർ. ഇതിൽ മിക്കവയും ഓപ്പണ്‍ സോഴ്സ് ആണ്. ഓപ്പണ്‍ സോഴ്സ് എന്ന് വച്ചാൽ, ലളിതമായി പറഞ്ഞാൽ ,  ആ സോഫ്റ്റ്‌വെയർ പ്രോഗ്രാമിന്റെ കോഡ് നിങ്ങൾക്ക് ലഭിക്കും എന്നാണർത്ഥം. ആ കോഡ് നിങ്ങൾക്ക് വായിച്ചു നോക്കാം, നിങ്ങളുടേതായ രീതിയിൽ അതിൽ മാറ്റങ്ങൾ വരുത്താം, സൌജന്യമായി തന്നെ അത് മറ്റുള്ളവർക്കും വിതരണം ചെയ്യാം. കൂടുതൽ മനസ്സിലാകണമെങ്കിൽ ഈ ലിങ്ക് വായിച്ചു നോക്കുക
മൈക്രോസോഫ്ട്‌ പോലുള്ള കമ്പനികൾ പുറത്തിറക്കുന്ന സോഫ്റ്റ്‌വെയറുകൾ ഒന്നും സൌജന്യമല്ല. ലൈസൻസ് കാശു കൊടുത്തു വാങ്ങി ഉപയോഗിക്കേണ്ട സോഫ്റ്റ്‌വെയർ ഉത്പന്നങ്ങളാണ് അവരൊക്കെ വിൽക്കുന്നത് . അതുകൊണ്ട് തന്നെ മുതൽ മുടക്കില്ലാതെ കമ്പ്യൂട്ടറൈസേഷൻ  ചെയ്യാനുദ്ദേശിക്കുന്നവർക്ക് ഇത്തരം സൗജന്യ ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്‌വെയറുകൾ ഒരു അനുഗ്രഹമാണ്. ( കമെർസ്യൽ സോഫ്റ്റ്‌വെയറുകൾ അവരുടെ കോഡ് പബ്ലിഷ് ചെയ്യാത്തത് കൊണ്ട് അത് വാങ്ങരുതെന്നും , പണം കൊടുത്തു അത് വാങ്ങുന്നവനു അതിന്റെ കോഡും കൊടുക്കണം എന്നൊരു വാദം ഓപ്പണ്‍ സോഴ്സിനെ അനുകൂലിക്കുന്നവർ ഉയർത്തുന്നുണ്ട്. ഒരു കാർ വാങ്ങുമ്പോ അതെങ്ങനെ ഉണ്ടാക്കാം എന്നുള്ള വിവരം കൂടി കൊടുക്കണം എന്ന് പറയുന്നത് പോലുള്ള ഒരു ബോറൻ വാദമാണ് ഇത്. അതവിടെ നിൽക്കട്ടെ. നീണ്ട ഒരു ചർച്ച ആവശ്യമുള്ള ഒരു വിഷയമാണത് )

എന്തുകൊണ്ട് ആധാറിൽ ഇതുപയോഗിക്കുന്നു ?


സൌജന്യമാണ് എന്നത് മാത്രമല്ല, വളരെ ബ്രഹത്തായ ഡാറ്റാ ഏറ്റവും വേഗതയിലും കൃത്യതയോടെയും കൈകാര്യം ചെയ്യാൻ കഴിവുള്ള  ഒരു ബിഗ്‌ ഡേറ്റ സോഫ്റ്റ്‌വെയർ ആണ് മൊംഗൊ ഡി ബി. വ്യാവസായിക ആവശ്യത്തിനായുള്ള ലൈസൻസ് സൌജന്യമാണ്. സപ്പോർട്ട് സേവനങ്ങളിലൂടെയും മറ്റുമാണ് അവർ വരുമാനം ഉണ്ടാക്കുന്നത്‌. 10 G എന്നായിരുന്നു ഈ കമ്പനിയുടെ ആദ്യത്തെ പേര്. ഈയിടെ മോംഗോ ഡി ബി എന്ന് അവർ പേര് മാറ്റുകയുണ്ടായി. ലിനക്സ്‌ , വിൻഡോസ്‌ , സോളാരിസ് , മാക്‌ ബേസുകളിൽ പ്രവർത്തിക്കുന്ന മൊംഗൊ പതിപ്പുകൾ ലഭ്യമാണ്. JSON ( Java Script Object Notation ) എന്ന ഒരു ഫോർമാറ്റിൽ ആണ് ഇത്തരം fluidic data സൂക്ഷിക്കപ്പെടുന്നത്. ലിനക്സ്‌ പോലുള്ള ഒരു സൗജന്യ ഓപ്പറേറ്റിംഗ് സിസ്റ്റവും അപാഷെ പോലുള്ള ഒരു വെബ്‌ സെർവറും മുകളിൽ പറഞ്ഞ ഏതെങ്കിലും ഒരു ഡാറ്റാബേസ് സോഫ്റ്റ്‌വെയറും  ഒക്കെ വച്ച് അത്യധികം ശക്തിയുള്ള ഒരു  സംഗതി വളരെയെളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാം. Raspberry Pi പോലുള്ള കുഞ്ഞൻ  കമ്പ്യൂട്ടർ മുതൽ നൂറു കണക്കിന് നോഡുകൾ ഉള്ള ഒരു distributed database farm വരെ ഇതിൽ ചെയ്യാം. ഹാർഡ്‌വെയർ വാങ്ങുന്ന ചെലവു മാത്രം മതി. ഇത്രയും നല്ല പ്രകടനം തരുന്ന ഇത് പോലുള്ള ഒരു സോഫ്റ്റ്‌വെയർ ഉണ്ടാക്കിയെടുക്കണമെങ്കിൽ , വേണമെങ്കിൽ നമുക്കും പറ്റും എന്നൊരു വാദത്തിനു പറയാം. പക്ഷെ കുറഞ്ഞത്‌ രണ്ടു വർഷം സമയവും ലക്ഷക്കണക്കിന്‌, ചിലപ്പോ കോടി കണക്കിന് മുതൽമുടക്ക് അത്തരം ഒരു സോഫ്റ്റ്‌വെയർ നിർമിക്കാൻ തന്നെ ചെലവാകും. എങ്കിൽ തന്നെയും അത് എത്രത്തോളം വിജയകരമാകും എന്ന് ഉറപ്പിച്ചു പറയാനും പറ്റില്ല. അതുകൊണ്ട് ആധാർ ടീം എളുപ്പവും പ്രായോഗികവും ആയ വഴി തെരഞ്ഞെടുത്തു എന്ന് പറയാം.

എന്താണിതിലെ സുരക്ഷാ പ്രശ്നം ?

In-Q-Tel എന്ന കമ്പനി മൊംഗൊ ഡി ബിയിൽ ഇൻവെസ്റ്റ്‌ ചെയ്തിരിക്കുന്ന ഒരു കമ്പനിയാണ്. ഇത് ഒരു CIA സ്പോണ്‍സേർഡ് കമ്പനി ആണെന്നതാണ് ഈ വിവാദങ്ങൾക്ക് എല്ലാം കാരണം. മാത്രമല്ല മൊംഗൊയുടെ സി ഇ ഓ ആയ മാക്സ് ഡൽഹിയിൽ വന്നു ആധാറുമായി ബന്ധപ്പെട്ട ഒരു കരാർ ഒപ്പിടുകയും ചെയ്തിട്ടുണ്ട്. ഈ കരാർ എന്താണ് എന്നതിന്റെ വിശദാംശങ്ങൾ ലഭ്യമല്ല. പക്ഷെ നമ്മുടെ വിവര സുരക്ഷയ്ക്ക് ഈ സംഗതിയുമായി വലിയ ബന്ധം ചിന്തിക്കേണ്ട കാര്യമില്ല. ഇതൊന്നുമല്ല നമ്മൾ ഉപയോഗിക്കുന്നതെങ്കിൽ തന്നെയും വിവര സുരക്ഷ എന്നത് തീർത്തും വേറിട്ടതും പ്രധാനപ്പെട്ടതുമായ ഒരു കാര്യമാണ്. ഡേറ്റ കൈമാറ്റം ചെയ്യപ്പെടുന്ന നെറ്റ് വർക്കുകൾ, സൂക്ഷിക്കപ്പെടുന്ന കമ്പ്യൂട്ടറുകൾ, ഇവ ശേഖരിച്ചു വച്ചിരിക്കുന്ന ഡിസ്ക്കുകൾ അല്ലെങ്കിൽ storage servers എന്നിവയിൽ നിന്നൊക്കെ ഇത് കൈമോശം വരാനുള്ള സാധ്യത ഏറെയാണ്‌. അല്ലെങ്കിൽ, നിങ്ങൾ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന ഒരു ചെറിയ കോഡ് മോഡ്യൂൾ കൊണ്ട് നിങ്ങളുടെ കമ്പ്യൂട്ടറിലെ വിവരങ്ങൾ ഇന്റർനെറ്റ്‌ വഴി ആരും അറിയാതെ ദൂരെയുള്ള ഒരു സ്ഥലത്തേയ്ക്ക് അയച്ചു കൊടുക്കാൻ പറ്റും.  അങ്ങനെ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന കമ്പ്യൂട്ടറുകളിലെ വിവരങ്ങൾ മോഷണം പോകാതെ സൂക്ഷിക്കണമെങ്കിൽ തക്കതായ security audit നടത്തുകയും വേണ്ട സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ആണ് വേണ്ടത്. മൊംഗൊ ഒരു ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്‌വെയർ  ആണല്ലോ. നിങ്ങൾ ഉപയോഗിക്കാൻ പോകുന്ന കോപ്പിയുടെ ഒരു കോഡ് പരിശോധിച്ചാൽ അതിൽ ഒളിഞ്ഞിരിക്കുന്ന എന്തെങ്കിലും ചാര പ്രോഗ്രാമുകൾ ഉണ്ടോ എന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. നിങ്ങളുടെ സെർവർ മഷീനുകൾ ആരൊക്കെയാണ് ഉപയോഗിക്കുന്നത്, എവിടെ നിന്നൊക്കെ , ആരൊക്കെ അതിൽ വിവരങ്ങൾ ചേർക്കുകയും എടുക്കുകയും ചെയ്യുന്നു എന്നൊക്കെ വളരെ എളുപ്പത്തിൽ നിരീക്ഷിക്കാൻ പറ്റും. കേട്ടിടത്തോളം വളരെ പ്രൊഫെഷണൽ ആയി ഒരു secure data center പ്ലാനിംഗ് ഈ പ്രൊജക്റ്റിനു വേണ്ടി നടക്കുന്നുണ്ട്. peta bytes കണക്കിന് ഡേറ്റ സൂക്ഷിക്കാൻ കഴിവുള്ള ഒരു ഡേറ്റ സെന്റർ നമ്മൾ ഉണ്ടാക്കാനും തുടങ്ങിയിട്ടുണ്ട്. ചുരുക്കി പറഞ്ഞാൽ , ഇത്തരം ഓഫു സോഫ്റ്റ്‌വെയർ ഉപയോഗിച്ചത് കൊണ്ട് മാത്രം ആരും നമ്മുടെ വിവരങ്ങൾ മോഷ്ടിച്ച് കൊണ്ട് പോകില്ല. എത്ര സുരക്ഷിതമായ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചാലും , നിങ്ങളുടെ നെറ്റ് വർക്കിന്റെ സുരക്ഷയാണ് പ്രധാനം. നിർഭാഗ്യവശാൽ ഇന്ത്യയിൽ ഇത്തരം ദേശീയ പ്രാധാന്യമുള്ള പല പ്രോജക്ടുകളും വളരെയധികം ബാലിശമായിട്ടാണ് കൈകാര്യം ചെയ്തു വരുന്നത്  ( ഇൻകം ടാക്സ് ഡിപാർട്ട്മെന്റ്  , പാസ്പോർട്ട്‌ സേവ തുടങ്ങി അപവാദങ്ങൾ ഇല്ലെന്നല്ല ) വോട്ടർ ഐ ഡി പ്രോജക്റ്റ് തന്നെ ഉദാഹരണം. ഈ പ്രോജക്ടിൽ ജോലി ചെയ്തിരുന്ന പലരും ഓഫീസിൽ ഇരുന്നു സിനിമ ഒക്കെ ഡൌണ്‍ലോഡ് ചെയ്ത ശേഷം വോട്ടർമാരുടെ വിവരങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്കുകളിൽ തന്നെ അത് കോപ്പി ചെയ്തു വീട്ടിലൊക്കെ കൊണ്ട് പോയിരുന്നത് ഞാൻ നേരിട്ട് കണ്ടിട്ടുള്ളതാണ്. നന്ദൻ നിലെക്കനി വിവരമുള്ള ആളായത് കൊണ്ട് അത്യാവശ്യം സിസ്റ്റമാറ്റിക് ആയിട്ടാണ് ആധാർ ഡിസൈൻ ചെയ്തിരിക്കുന്നത്. ചെറിയ പ്രശ്നങ്ങൾ ഒക്കെ ഉണ്ടാവുമായിരിക്കും. ഓർക്കുക , ലോകത്ത് വികസിത രാജ്യങ്ങൾ ബില്യൻ കണക്കിന് ഡോളർ ചെലവാക്കി ചെയ്ത ഒരു സംഭവമാണ് അതിന്റെ ഒരു ചെറിയ ശതമാനം മാത്രം ബജറ്റ് കൊണ്ട് ഇന്ത്യ പോലുള്ള ഒരു രാജ്യത്തു നമ്മൾ നടപ്പിലാക്കുന്നത്. സോഫ്റ്റ്‌വെയറിൽ ജോലി ചെയ്യുന്ന ഒരാളെന്ന നിലക്ക് ഇതിലെ കടുത്ത സാങ്കേതിക വെല്ലുവിളികൾ എത്രത്തോളം ഉണ്ട് എന്ന് എനിക്ക് നല്ലത് പോലെ അറിയാം. ഈ സാഹചര്യത്തിൽ അദ്ദേഹവും ടീമും അഭിനന്ദനം അർഹിക്കുന്ന പ്രകടനം തന്നെയാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

വാൽക്കഷണം 

CPM ഇപ്പോഴും പതിനേഴാം നൂറ്റാണ്ടിൽ തന്നെയാണ് നിൽക്കുന്നത്. ഇന്ത്യയിലെ കാനേഷുമാരി കണക്കുകൾ കിട്ടാൻ ഇത്രയും ബുദ്ധിമുട്ടേണ്ട ഒരു കാര്യവുമില്ല. ഏതു വില്ലേജ് ഓഫീസിൽ ചെന്ന് പത്തോ നൂറോ കൊടുത്താലും പയറ് പോലെ കിട്ടുന്ന കാര്യം മാത്രമാണ് അത്.. ഹി ഹി 

2012 മേയ് 10, വ്യാഴാഴ്‌ച

എന്താണ് ആ മാനേജര്‍ ചെയ്ത കുറ്റം ?



     അങ്ങനെ കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു ബാങ്ക് മാനേജര്‍ വായ്പ നിഷേധിച്ചതിന്റെ പേരില്‍ ജയിലില്‍ ആയി. ലോണ്‍ കിട്ടാത്തതിന്റെ പേരില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിനി ആയ ഗോപിക ആത്മഹത്യ ചെയ്ത കേസില്‍ ആണ് എച് ഡി എഫ് സി ബാങ്ക് ശാസ്ത്രി റോഡ്‌ മാനേജര്‍ ജോബി അറസ്റ്റിലായത്. ഇന്ന് പത്രം വായിച്ചപ്പോഴാണ് ഈ സംഭവം നടന്നത് എച് ഡി എഫ് സി ബാങ്കില്‍ ആണെന്ന് മനസ്സിലായത്‌. ഈ സംഭവത്തിന്റെ ചര്‍ച്ച ചെയ്യപ്പെടാത്ത ഒരു വശം അവതരിപ്പിക്കാന്‍ ശ്രമിക്കുകയാണിവിടെ 

ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങള്‍ -
     ഗോപിക ആത്മഹത്യ ചെയ്തത് നിര്‍ഭാഗ്യകരമായ ഒരു സംഭവം തന്നെ. പക്ഷെ അതിനു ഇപ്പറഞ്ഞ മാനേജര്‍ മാത്രമാണോ ഉത്തരവാദി ? നമ്മുടെ ദേശസാല്‍കൃത ബാങ്കുകള്‍ എന്തുകൊണ്ട് ഗോപികയുടെ രക്ഷക്കെത്തിയില്ല ? അവിടെ ഗോപിക അപേക്ഷിച്ചിരുന്നോ ? അല്ലെങ്കില്‍ അവിടെയൊക്കെ എന്ത് സംഭവിച്ചു ? ഒടുവില്‍ ഒരു സ്വകാര്യ ബാങ്കിനെ എന്തുകൊണ്ട് അവര്‍ക്ക് ആശ്രയിക്കേണ്ടി വന്നു എന്ന ചോദ്യങ്ങളോ അതിനുള്ള ഉത്തരങ്ങളോ എവിടെയും കണ്ടില്ല.വിദ്യാഭ്യാസ ലോണുകളുടെ അപേക്ഷകള്‍ നിരസിക്കുന്നതും അതിന്റെ പേരിലുള്ള പ്രശ്നങ്ങളും ഇപ്പോള്‍ ഒരു വാര്‍ത്ത‍ അല്ലാതായി മാറിയിരിക്കുന്നു. പ്രവേശന പരീക്ഷ എഴുതി റാങ്ക് ലിസ്റ്റില്‍ വന്നിട്ടും ഫീസ്‌ താങ്ങാന്‍ കഴിയാത്ത ഒരു അവസ്ഥയില്‍ ആണോ ഗോപിക ലോണിനു അപേക്ഷിച്ചത് ? അതോ പുറത്തെ ഏതെങ്കിലും വിദ്യാഭ്യാസ കച്ചവട സ്ഥാപനത്തില്‍ പോയി പഠിക്കാനായിരുന്നോ ഈ വായ്പ ?


എന്തുകൊണ്ട് വിദ്യാഭ്യാസ വായ്പ ?
    എപ്പോഴാണ് ഒരു കുട്ടിക്ക് വിദ്യാഭ്യാസ വായ്പ എടുക്കേണ്ടി വരുന്നത് ? കനത്ത ഫീസ്‌ ഉള്ള എന്തെങ്കിലും കോഴ്സ് പഠിക്കേണ്ടി വരുമ്പോള്‍. അല്ലേ ? ഇത് ഏതൊക്കെ സാഹചര്യങ്ങളില്‍ സംഭവിക്കാം ? മെറിറ്റ്‌ അടിസ്ഥാനത്തില്‍ ഉള്ള മിക്ക കോഴ്സുകളിലും ഫീസ്‌ താരതമ്യേന കുറവാണ്. കഴിവിന്റെ അടിസ്ഥാനത്തില്‍ അതില്‍ കടന്നു കൂടാന്‍ പറ്റാതെ വരുമ്പോള്‍ ആണ് അടുത്ത വഴിയെ പറ്റി ആലോചിക്കുന്നത്. നിങ്ങള്‍ക്കറിയാം നമ്മുടെ സ്വാശ്രയ കോളജുകളിലെ ഫീസ്‌ ഘടനയെക്കുറിച്ച്. സ്വാഭാവികമായും വന്‍ പണ ചെലവ് വേണ്ടി വരുന്ന അവസ്ഥയില്‍ ഒരു ലോണിനെ പറ്റി ചിന്തിക്കും. മറ്റുള്ള വായ്പകളെ അപേക്ഷിച്ച് വിദ്യാഭ്യാസ വായ്പയുടെ പ്രത്യേകത എന്താണെന്ന് വച്ചാല്‍ പലിശ കുറവും വായ്പ തിരിച്ചടയ്ക്കാനുള്ള കാലാവധി കൂടുതലും ആണ്. അതായതു നിങ്ങള്‍ പഠിച്ചു ഒരു ജോലി വാങ്ങി അതില്‍ നിന്നുള്ള വരുമാനം കൊണ്ട് ലോണ്‍ തിരിച്ചടയ്ച്ചു തുടങ്ങാവുന്ന രീതിയില്‍ ആണ് മിക്ക വിദ്യാഭ്യാസ വായ്പകളും. ഒരു ലോണ്‍ എടുക്കുന്നതിന്റെ ബുദ്ധിമുട്ടുകള്‍ നിങ്ങള്‍ക്കറിയാം. ലോണ്‍ തിരിച്ചടയ്ക്കും എന്ന് എത്ര ഉറപ്പുള്ള ആളാണെങ്കിലും നൂലാമാലകള്‍ ഏറെയാണ്‌. ദേശീയ ബാങ്കുകളില്‍ പലതും കടുത്ത നിയന്ത്രണങ്ങള്‍ക്ക് വിധേയമായാണ് വായ്പകള്‍ ഇഷ്യൂ ചെയ്യുന്നത്.


എന്തിന്റെ അടിസ്ഥാനത്തില്‍ ആണ് വായ്പ അനുവദിക്കുന്നത് ?
    മറ്റേതൊരു വായ്പയും പോലെ കടുത്ത നിബന്ധനകള്‍ക്ക് വിധേയമായാണ് ഇതും അനുവദിക്കുന്നത്. ആകെ ഒരു വ്യത്യാസം എന്നത് തിരിച്ചടവിന്റെ രീതിയില്‍ ആണ്. മേല്‍പറഞ്ഞത്‌ പോലെ അതിനു ഒരുപാടു കാലാവധി ലഭിക്കും. വിദ്യാഭ്യാസ വായ്പ കൊടുക്കുമ്പോള്‍ അപേക്ഷകന്‍ എന്ത് പഠിക്കാനാണ് ഈ വായ്പ എടുക്കുന്നത് ? അതിനു എത്രത്തോളം തൊഴില്‍ സാധ്യത ഉണ്ട് ? അത് വഴി അയാള്‍ ഈ വായ്പ തിരിച്ചടക്കാനുള്ള സാധ്യത എത്രയുണ്ട് എന്നതൊക്കെ പരിഗണിക്കപ്പെടും. അതായത് , എന്ത് കോഴ്സ് പഠിക്കാനും ലോണ്‍ വേണം എന്ന് പറഞ്ഞു ചെന്നാല്‍ കൊടുക്കേണ്ട ബാധ്യത ബാങ്കിന് ഇല്ല എന്നര്‍ത്ഥം. വിപണിയില്‍ പ്രിയമുള്ള സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്ക് ബാങ്ക് അങ്ങോട്ട്‌ ചെന്ന് ലോണ്‍ ഓഫര്‍ ചെയ്യാറുണ്ട്. ഐ ഐ എം , ഐ ഐ ടി മുതലായ ഇടങ്ങളില്‍ ഏകദേശം നൂറു ശതമാനം വിദ്യാര്‍ത്ഥികളും ലോണില്‍ തന്നെ ആണ് പഠിക്കുന്നത്.

എന്തുകൊണ്ട് ജോബി കുറ്റക്കാരന്‍ അല്ല 
     എന്റെ ഒരു സുഹൃത്തിന്റെ ഭാര്യ ഈയിടെ നമ്മുടെ ഒരു ന്യൂ ജെനെറേഷന്‍ ബാങ്കില്‍ ജോലിക്ക് ചേര്‍ന്നു. കൃത്യം ഒരു മാസം ആയപ്പോള്‍ പുള്ളിക്കാരി രാജി വച്ചു. അവര്‍ പറഞ്ഞാണ് ഇത്തരം ബാങ്കുകളിലെ അതി കഠിനമായ തൊഴില്‍ സാഹചര്യങ്ങളെ പറ്റി ഒരു ഐഡിയ കിട്ടിയത്. കടുത്ത മത്സരം നില നില്‍ക്കുന്ന ഇന്ത്യന്‍ ബാങ്കിംഗ് മേഖലയില്‍ അത് മൂലമുള്ള തൊഴില്‍ സമ്മര്‍ദ്ദവും വളരെ കൂടുതലാണ്. ഒരു തരത്തിലും ഉപഭോക്താക്കളെ ബഹുമാനിക്കാത്ത നമ്മുടെ ദേശ സാല്‍കൃത ബാങ്കുകള്‍ പോലെയല്ല ഇത്തരം സ്വകാര്യ ബാങ്കുകള്‍. കസ്റ്റമര്‍ എന്തെങ്കിലും സൌന്ദര്യ പിണക്കത്തിന് ചെറിയ ഒരു പരാതി കൊടുത്താല്‍ ആരുടേയും പണി പോകുന്ന തരത്തിലാണ് ഇവിടത്തെ തൊഴിലുകള്‍. കസ്റ്റമര്‍ ഈസ്‌ കിംഗ്‌ എന്ന മട്ടില്‍ തന്നെ ഡീല്‍ ചെയ്യുന്ന ബാങ്കുകളില്‍ രാവിലെ എട്ടു മണി മുതല്‍ വൈകിട്ട് എട്ടു മണി വരെ നീണ്ടു നില്‍ക്കുന്ന തൊഴില്‍ സമയം ആണുള്ളത് . എപ്പോഴും ചിരിച്ച മുഖവുമായി സ്വന്തം പ്രശ്നങ്ങള്‍ ഒന്നും പുറത്തു പറയാന്‍ സാധിക്കാതത്ര സമ്മര്‍ദ്ദത്തില്‍ ആണ് പലപ്പോഴും ഇത്തരം ബാങ്കുകളിലെ ജീവനക്കാര്‍ ജോലി ചെയ്യുന്നത്. ജോലിക്ക് ഒരു സുരക്ഷിതത്വവും ഇല്ലാത്ത ഒരു ജോലി സാഹചര്യത്തില്‍ റിസ്ക്‌ എടുക്കാന്‍ എത്രത്തോളം അവര്‍ തയ്യാറാകും എന്നത് ചിന്തിക്കാവുന്നതാണ്. തിരിച്ചടയ്ക്കാത്ത ഒരു വായ്പക്ക് സമാധാനം പറയേണ്ടത് മാനേജര്‍ ആണ്. ഇത്തരം ബാങ്കുകള്‍ക്ക് ഒരു ചെറിയ വായ്പ പോലും ഉപേക്ഷിക്കാനുള്ള സാഹചര്യമല്ല ഇപ്പോഴുള്ളത്. ഗുണ്ടകളെ ഉപയോഗിച്ചും മറ്റും അവര്‍ മുടക്കിയ പൈസ തിരിച്ചു പിടിക്കാന്‍ തുനിയുന്നത് ഇതുകൊണ്ടാണ്. ഈ ആത്മഹത്യയുടെ പേരില്‍ ജോബിയുടെ ഭാവി വെള്ളത്തിലായി എന്നത് മാത്രമാണ് ഇപ്പൊ സംഭവിച്ചിരിക്കുന്നത് 


എന്തുകൊണ്ട് ആതമഹത്യ ?
      ഇവിടത്തെ യഥാര്‍ത്ഥ പ്രശ്നം വായ്പ നിഷേധം അല്ല. വായ്പകളുടെ പേരില്‍ കേരളത്തില്‍ വര്‍ധിച്ചു വരുന്ന ആത്മഹത്യകള്‍ ആണ്. ഏതു സാഹചര്യത്തില്‍ ആള്‍ക്കാര്‍ ഇതിനു തുനിയുന്നു എന്നത് നമ്മുടെ സമൂഹം ചര്‍ച്ച ചെയ്യേണ്ട ഗൌരവമുള്ള ഒരു വിഷയമാണ്. മരിച്ച കുട്ടിയോടുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ട് തന്നെ പറയട്ടെ , ഈ വായ്പയുടെ കാര്യം തന്നെ എടുത്താല്‍ , ഒരു ബാങ്ക് വായ്പ നിഷേധിച്ചു എന്നതിന്റെ പേരില്‍ എല്ലാ പ്രതീക്ഷയും അവസാനിപ്പിച്ചു ഒരു കുട്ടി എന്തുകൊണ്ട് ആത്മഹത്യക്കൊരുങ്ങി എന്നാരെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? കേരളത്തില്‍ വിദ്യാഭ്യാസ വായ്പ കൊടുക്കുന്ന ഒരേ ഒരു ബാങ്ക് മാത്രമേ ഉള്ളോ ?  ഉയര്‍ന്ന  വിദ്യാഭ്യാസവും ജീവിത നിലവാരവും ഉള്ള മലയാളി എന്ത് കൊണ്ട് ഇത്തരം സാഹചര്യങ്ങളില്‍ ഒട്ടും പക്വതയില്ലാതെ ഇത്തരം തീരുമാനങ്ങളിലേക്ക് എടുത്തു ചാടുന്നു എന്നത് ഒരു വിഷയമായി ആര്‍ക്കും തോന്നുന്നില്ലേ ? ഒരു ബാങ്ക് മാനേജര്‍ അറസ്ടിലായാല്‍ തീരുന്ന പ്രശ്നമാണോ ഇത് ? ചിന്തിക്കൂ. പ്രതികരിക്കൂ 

2012 ഏപ്രിൽ 7, ശനിയാഴ്‌ച

പാഴ് സന്ദേശ റാക്കറ്റും വിവര സാങ്കേതികതയും



     ഇന്ന് മാതൃഭൂമി ഓണ്‍ലൈന്‍ പത്രത്തില്‍ കണ്ട ഒരു തലക്കെട്ടാണ് "പാഴ് സന്ദേശ റാക്കറ്റിനെതിരെ ട്വിറ്റെര്‍ നിയമ യുദ്ധത്തിന്" എന്ന്. സത്യം പറഞ്ഞാല്‍ അത് കണ്ടിട്ട് ഒന്നും മനസ്സിലായില്ല. അങ്ങനെ ആ ലിങ്ക് തുറന്നു നോക്കി. അപ്പോഴാണ്‌ മനസ്സിലായത്‌ സ്പാം മെയിലിനെ പറ്റിയാണ് പാഴ് സന്ദേശം എന്ന് ലേഖകന്‍ ഉപയോഗിച്ചിരിക്കുന്നത് എന്ന് മനസ്സിലായത്‌. ഇത് പോലെ കുറച്ചു നാളായി കണ്ടു വരുന്ന ഒരു വാക്കാണ്‌  "വിവര സാങ്കേതികത". ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്നത് മലയാളീകരിച്ചതാണ് വിവര സാങ്കേതികത എന്നത്. ഇത് പോലെ കണ്ണില്‍ കണ്ട വാക്കുകള്‍ ഒക്കെ നമ്മള്‍ മലയാളത്തിലേക്ക് മാറ്റി മാത്രമേ നമ്മള്‍ ഉപയോഗിക്കൂ. ഇക്കാര്യത്തില്‍ നമ്മള്‍ തമിഴന്മാരുടെ അപ്പനായിട്ട്‌ വരും. കമ്പ്യൂട്ടര്‍ കൊട്ടുന്ന എന്ത് ജോലിയും നമ്മള്‍ക്ക് ഐ ടി ജോലിയാണ്. നിങ്ങള്‍ കര്‍ണാടകയിലോ തമിഴ് നാട്ടിലോ പോയി നോക്കൂ. സോഫ്റ്റ്‌വെയര്‍ , ബി പി ഓ , കാള്‍ സെന്റര്‍ എന്നതൊക്കെ എന്താണെന്നും ഏതാണെന്നും അവിടത്തെ സാധാരണക്കാര്‍ക്ക് വരെ തിരിച്ചറിയാന്‍ പറ്റും. അതിനൊരു കാരണം മുന്നേ തന്നെ ഇതൊക്കെ അവിടെ സ്ഥാനം പിടിച്ചതാവാം. പക്ഷെ എങ്കിലും ചുറ്റിനും നടക്കുന്ന കാര്യങ്ങള്‍ മനസ്സിലാക്കുക എന്നത് ഭാഷാപരമായ ഒന്നല്ല. 

    മലയാളികള്‍ വലിയ വിദ്യാ സമ്പന്നരും പുരോഗമന വാദികളും ഒക്കെയാണ് എന്നാണല്ലോ വയ്പ്പ്. എന്നിട്ടും എന്തുകൊണ്ട് നമ്മള്‍ക്ക് ഈ വാക്കുകള്‍ തര്‍ജമ ചെയ്യേണ്ടി വരുന്നു ? ലോകം മുഴുവന്‍ ഉപയോഗിക്കുന്ന ഇത്തരം ചില വാക്കുകള്‍ അതേ പടി ഉപയോഗിച്ചാല്‍ എന്താണ് കുഴപ്പം ? അല്ലെങ്കില്‍ തന്നെ മലയാളം ഒരു ശുദ്ധ ഭാഷ ഒന്നുമല്ലല്ലോ. വേറെ പല ഭാഷകളില്‍ നിന്നും എടുത്തിട്ടുള്ള ഒരുപാടു വാക്കുകള്‍ നമ്മള്‍ ഇപ്പോള്‍ തന്നെ മലയാളമെന്നു കരുതി ഉപയോഗിക്കുന്നുണ്ട്. അപ്പോള്‍ എന്തിനാണ് ഇത്തരം ഒരു അഭ്യാസം ? മാതൃഭാഷയോടുള്ള സ്നേഹം ഇങ്ങനെയല്ല കാണിക്കേണ്ടത്.  നമ്മുടെ മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും പത്ര ലേഖകരും ഒരു പരിധി വരെ ഇതിനു ഉത്തരവാദികളാണ്. പ്രത്യേകിച്ച് സയന്‍സ് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍. ഞാന്‍ കുട്ടി ആയിരുന്നപ്പോള്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്‌ പ്രസിദ്ധീകരിച്ചിരുന്ന യുറീക്ക എന്നൊരു വാരികയുടെ വരിക്കാരന്‍ ആയിരുന്നു. അതില്‍ വന്നിരുന്ന പല ലേഖനങ്ങളിലും ഇങ്ങനെയായിരുന്നില്ല. ശാസ്ത്ര നാമങ്ങള്‍ , അതെത്ര സങ്കീര്‍ണമായാലും അത് അതേ പടി തന്നെ ഉപയോഗിക്കാനുള്ള പക്വത അവര്‍ കാണിച്ചിരുന്നു. കാരണം നിങ്ങള്‍ ആ വിഷയം വേറെ എന്തെങ്കിലും അന്താരാഷ്‌ട്ര ജേണലുകളില്‍ നോക്കുമ്പോള്‍ ഇംഗ്ലീഷ് തന്നെ വേണ്ടി വരും. അപ്പോള്‍ ഈ മലയാള വാക്കിന്റെ ഇംഗ്ലീഷ് പരിഭാഷ നോക്കേണ്ടി വരുന്നത് ഒഴിവാക്കാന്‍ ഇത് ഉപകരിച്ചിരുന്നു. കുട്ടികള്‍ക്ക് വേണ്ടി പ്രസിദ്ധീകരിച്ചിരുന്ന ആ വാരിക കാണിച്ചിരുന്ന അത്രയും ബോധം പോലും നമ്മുടെ ഭാഷയിലെ മുന്‍നിര മാധ്യമ സ്ഥാപനങ്ങള്‍ കാണിക്കുന്നില്ല എന്നത് ദയനീയമായ ഒരു കാര്യമാണ്. ഇന്റര്‍നെറ്റ്‌ ഇത്രയ്ക്കും ജനകീയമായി മാറിയ ഈ കാലത്ത് ഏതു വിഷയവും വെറും ഒരു ക്ലിക്ക് അകലെയാണ്. അപ്പോള്‍ നമുക്ക് കുറച്ചു വാക്കുകളെങ്കിലും ഇംഗ്ലീഷില്‍ തന്നെ പരിചയിച്ചേ പറ്റൂ. മലയാളം മീഡിയത്തില്‍ പഠിച്ചിട്ടുള്ള കുട്ടികള്‍ക്ക് ഇത് കുറച്ചു കൂടി നന്നായി മനസ്സിലാവും. പ്രകാശ സംശ്ലേഷണം, രാസ ത്വരകം, ജഡത്വം അങ്ങനെ കുറെ വിചിത്രമായ വാക്കുകള്‍ സ്കൂളില്‍ പഠിച്ചത് ഓര്‍മയില്ലേ ? അത് കഴിഞ്ഞു പ്രീ ഡിഗ്രി ( ഇന്നത്തെ പ്ലസ്‌ ടു ) ക്ക് ചെല്ലുമ്പോള്‍ അറിയാം ഇതിന്റെ ബുദ്ധിമുട്ട്. മാത്രമല്ല തുടര്‍ന്നുള്ള എല്ലാ കോഴ്സുകളിലും ഇതൊരു കീറാമുട്ടി ആയി നില്‍ക്കും. ഇപ്പോള്‍ ചിലര്‍ പറയുമായിരിക്കും പണ്ടൊക്കെ ഇത് പഠിച്ചു തന്നെയല്ലേ നമുക്ക് മഹാന്മാരായ ഗവേഷകരും മറ്റും ഉണ്ടായതു എന്ന് . പക്ഷെ അതൊക്കെ ചുരുക്കം ചില ആള്‍ക്കാര്‍ മാത്രമാമു. മാത്രമല്ല അവരുടെ സാഹചര്യങ്ങളും അങ്ങനെയായിരിക്കാം. അത് പോലല്ല സാധാരണ വീടുകളില്‍ നിന്ന് വരുന്ന കുട്ടികള്‍. സ്കൂള്‍ ഫൈനല്‍ കഴിഞ്ഞു പുറത്തിറങ്ങുന്ന അവരുടെ മുന്നില്‍ എല്ലാം പുതിയതാണ്. അപ്പോള്‍, ഞാന്‍ പറഞ്ഞു വന്ന പോയിന്റ്‌ എന്താന്നു വച്ചാല്‍ ... അത്യാവശ്യമുള്ള ഇടങ്ങളില്‍ ഇംഗ്ലീഷില്‍ ചില വാക്കുകള്‍ ( കുറഞ്ഞത്‌ ശാസ്ത്രീയ നാമങ്ങള്‍ എങ്കിലും ) പഠിക്കുന്നത് കൊണ്ട് മലയാള ഭാഷയ്ക്ക് ഒന്നും സംഭവിക്കാനില്ല എന്നതാണ്. എന്ത് പറയുന്നു ?


വാല്‍ക്കഷണം 

    ഒരിക്കല്‍ നാട്ടില്‍ നിന്ന് ഞാനും എന്റെ ഒരു സുഹൃത്തും കൂടി കാറില്‍ ബാംഗ്ലൂറിലേയ്ക്ക്
വരികയായിരുന്നു. തമിഴ് നാട്ടില്‍ കൂടി വന്നു കൊണ്ടിരുന്നപ്പോള്‍ കുറച്ചു പാട്ട് കേട്ടേക്കാം എന്ന് കരുതി റേഡിയോ വച്ചു. ഏതു ചാനല്‍ വച്ചാലും അതില്‍ ഇടയ്ക്കിടയ്ക്ക് പുള്ളി എന്ന് പറയുന്നത് കേള്‍ക്കാം. ഞാന്‍ കരുതി എന്റെ തോന്നലായിരിക്കും എന്ന്. കുറച്ചു കഴിഞ്ഞപ്പോ എന്റെ സുഹൃത്ത്‌ ചോദിച്ചു ഡേയ് എന്നതാ ഈ പുള്ളി പുള്ളി എന്ന് ഇവന്മാര്‍ പറയുന്നത് എന്ന്.  കുറച്ചു കൂടി ശ്രദ്ധിച്ചു നോക്കിയപ്പോഴല്ലേ സംഗതി പിടി കിട്ടിയത്. പോയിന്റ്‌ എന്നതിനാണ് ഇവന്മാര്‍ പുള്ളി എന്ന് പറയുന്നത്. അതായതു 91.3 എന്നതിന് തൊണ്ണൂറ്റി ഒന്ട്രു പുള്ളി മൂന്നു എന്ന്. ഇവനെയൊക്കെ എന്ത് ചെയ്യണം അല്ലെ.. 

2012 മാർച്ച് 3, ശനിയാഴ്‌ച

പത്തിലെത്തുമ്പൊ എട്ടിന്റെ പണി കിട്ടുമല്ലോ ചേട്ടാ



     ഇന്നലെ നമ്മുടെ ഒരു സുഹൃത്ത്‌ പറഞ്ഞ കഥ കേട്ടപ്പോഴാണ് ഈ ഓര്‍മ്മകള്‍ മനസ്സിലേക്ക് തികട്ടി വന്നത്. ഇപ്പോഴും ചിരിച്ചു കളിച്ചു നടക്കുന്ന പുള്ളിക്കാരി ഇന്നലെ ആകെ ഡൌണ്‍. എന്ത് പറ്റിയെന്നു ചോദിച്ചപ്പോഴല്ലെ കാര്യം പിടി കിട്ടിയത്. അവളുടെ മൂത്ത കുട്ടിയുടെ പരീക്ഷയാണത്രെ. എല്‍ കെ ജി യില്‍ പഠിക്കുന്ന കുട്ടിയാണ്. കൊച്ചു ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളുടെ മാതാ പിതാക്കളുടെ കഥ നമ്മള്‍ ഒരുപാടു കേട്ടിട്ടുണ്ട്. പക്ഷെ എന്തുകൊണ്ടാണ് അവര്‍ ഇത്രയും ചിന്താകുലരാവുന്നത് എന്ന് ഇന്നലെയാണ് സത്യം പറഞ്ഞാല്‍ എനിക്ക് പിടി കിട്ടിയത്. പെണ്ണും പിടക്കോഴിയും ഒന്നുമില്ലാത്ത എനിക്ക് ഇതൊന്നും ഒരു പ്രശ്നമല്ല എന്നൊക്കെ കവിത പറഞ്ഞെങ്കിലും ഇതിന്റെയൊക്കെ യഥാര്‍ത്ഥ ചിത്രം പറഞ്ഞപ്പോഴാണ് സംഗതിയുടെ ഗൌരവം മനസ്സിലായത്‌. ഈ പറയാന്‍ പോകുന്നത് ബാംഗ്ലൂരിലെ കാര്യങ്ങളാണെങ്കിലും കൊച്ചിയിലും തിരുവനന്തപുരത്തും സ്ഥിതി വ്യത്യസ്തമല്ല എന്നാണു കേട്ടത്.


     ഇപ്പോഴൊക്കെ കുട്ടി സംസാരിച്ചു തുടങ്ങിയാല്‍ ഉടന്‍ തന്നെ പ്ലേ സ്കൂളില്‍ വിടുമല്ലോ. ഒരു വിധം നല്ല പ്ലേ സ്കൂളില്‍ ഒക്കെ കുറഞ്ഞത്‌ നാല്‍പതിനായിരം വാര്‍ഷിക ഫീസ്‌ കൊടുക്കണം. ചാത്തന്‍ പ്ലേ സ്കൂളില്‍ ഒക്കെ ഒരു ഇരുപതിനായിരം - ഇരുപത്തയ്യായിരം വരെ കുറയും. ഇത് കൂടാതെ ഇവിടത്തെ സോഫ്റ്റ്‌വെയര്‍ പാര്‍ക്കുകളില്‍ മിക്കതും ക്രഷുകള്‍ ഉണ്ട്. അവിടെ പ്രീമിയം ചാര്‍ജ് ആണ്. കെ ജി ക്ലാസ്സില്‍ എത്തുമ്പോള്‍ ഈ ചാര്‍ജ് എഴുപത്തയ്യായിരം മുതല്‍ ഒരു ലക്ഷം വരെ ആകും. അതില്‍ ഒരു നാല്‍പതിനായിരം മുതല്‍ അമ്പതിനായിരം വരെ ഡൊണേഷന്‍ ആയിരിക്കും. അതായത് അവിടെ ചേര്‍ന്നതിനു ശേഷം നിങ്ങള്‍ സ്കൂള്‍ മാറിയാല്‍ ഇത് തിരികെ കിട്ടില്ല. ഇനി മുകളിലത്തെ ക്ലാസ്സുകളിലേക്ക് പോകുന്തോറും ഫീസും സംഭാവനയും മറ്റും അന്തം വിട്ട രീതിയിലാണ്. രണ്ടു മൂന്നു ലക്ഷം ഒക്കെ ഫീസ്‌ വാങ്ങുന്ന സ്കൂളുകള്‍ ഇവിടെ കുറേയുണ്ട്. സ്വിമ്മിംഗ് പൂള്‍, പ്ലേ ഗ്രൌണ്ട് , എന്ന് തുടങ്ങി കുതിര സവാരി വരെ പഠിപ്പിക്കുന്ന സ്കൂളുകള്‍ ഉണ്ട്. എങ്ങനെയെങ്കിലും കടം വാങ്ങി കുട്ടിയെ അവിടെ ചേര്‍ത്ത് എന്ന് വയ്ക്കുക. ആനയെ വാങ്ങിയവന്റെ ഗതിയാവും. കാരണം കുട്ടിയുടെ ജീവിത രീതി എങ്ങനെയായിരിക്കണം , എന്ത് വസ്ത്രം ധരിക്കണം, എന്ത് ഭക്ഷണം കഴിക്കണം എന്നൊക്കെ മാതാ പിതാക്കളെ സ്കൂള്‍ ഉപദേശിക്കും. എന്തിനു , സ്കൂളില്‍ വരുമ്പോള്‍ സെഡാന്‍ കാറില്‍ മാത്രമേ വരാവൂ, ഇംഗ്ലീഷ് മാത്രമേ സംസാരിക്കാവൂ എന്നൊക്കെ കര്‍ശന നിര്‍ദേശങ്ങള്‍ കൊടുക്കുന്ന സ്കൂളുകളും ഉണ്ട്. അവിടത്തെ യൂണിഫോമിനു തന്നെ നല്ലൊരു തുക ചെലവാക്കേണ്ടി വരും. അമ്മയുടെയും അച്ഛന്റെയും ബാക്ക് ഗ്രൌണ്ട് ചെക്കിങ്ങും ഇന്റര്‍വ്യൂവും ഒക്കെ നടത്തുന്ന സ്കൂളുകള്‍ ധാരാളം. CBSE യും ICSE യും തുടങ്ങിയ വേര്‍തിരിവുകള്‍ വേറെ. ICSE സിലബസ് പഠിക്കുന്ന ഒരു കുട്ടിയുടെ പഠന ഭാരം എത്രയാണെന്ന് കണ്ടു തന്നെ മനസ്സിലാക്കേണ്ടതാണ്. ഒരുവിധം വിദ്യാഭ്യാസമുള്ള അച്ഛനും അമ്മയ്ക്കും പോലും സഹായിച്ചു കൊടുക്കാന്‍ പറ്റാത്തത്ര കഠിനമായ വിഷയങ്ങള്‍ ആണ് പിള്ളേര്‍ പഠിക്കുന്നത് .

    എന്നാല്‍ ഇക്കാലത്ത് ഇതൊക്കെ അവഗണിക്കാനും നിങ്ങള്‍ക്ക് ധൈര്യമുണ്ടാവില്ല. എന്റെ അമ്മാവന്‍ പറയുമായിരുന്നു ഇങ്ങനത്തെ സ്കൂളില്‍ പഠിച്ചിട്ടൊന്നുമല്ല ഞാന്‍ എഞ്ചിനീയര്‍ അയതെന്നൊക്കെ. പക്ഷെ അദ്ദേഹത്തിന്റെ മക്കളെ അവിടത്തെ ഏറ്റവും നല്ല സ്കൂളില്‍ ആണ് പഠിപ്പിക്കുന്നത്‌. അമ്മാവന്റെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇപ്പോഴത്തെ മത്സരം നിറഞ്ഞ ലോകത്ത് പിടിച്ചു നില്‍ക്കണമെങ്കില്‍ അത്യാവശ്യം മരുന്ന് ഉണ്ടായാലേ പറ്റൂ. അതുകൊണ്ട് ഒരു റിസ്ക്‌ എടുക്കാന്‍ ആരും തയ്യാറാവില്ല. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം തന്നെ വേറെയാണ് ഇപ്പൊ. നിങ്ങളുടെ കുട്ടിയുടെ കാര്യം വരുമ്പോള്‍ നിങ്ങളും ഇതൊക്കെ ഓര്‍ക്കുമായിരിക്കും അല്ലേ ?


വാല്‍ക്കഷണം :


അമേരിക്കയില്‍ ഉള്ള എന്റെ ഒരു സുഹൃത്ത്‌ ഉണ്ട്. അവനും ഞാനും നാട്ടിലെ സര്‍ക്കാര്‍ സ്കൂളില്‍ ഒരു ബെഞ്ചില്‍ ഇരുന്നാണ് പഠിച്ചത്. ഉച്ചക്കുള്ള ഇടവേളയില്‍ പുറത്തു പോയി ചെറിയ പെട്ടിക്കടയിലെ മാങ്ങയും നെല്ലിക്കയും ഒക്കെ  മുറിച്ചിട്ട ഉപ്പ് വെള്ളവും കുടിച്ചു, കബടിയും  കളിച്ചു ആഘോഷിച്ചു നടന്ന ഒരു ബാല്യകാലമായിരുന്നു നമ്മുടേത്‌. അതുപോലൊരു അനുഭവം തന്റെ കുട്ടിക്കും കൊടുക്കണം എന്ന് ആഗ്രഹമുണ്ടായിരുന്ന അവന്‍ നാട്ടിലേക്ക് വരാന്‍ പ്ലാന്‍ ഇട്ടു. അത് പറഞ്ഞത് കേട്ടിട്ട് അവന്റെ ഭാര്യ അവനെ തല്ലി കൊന്നില്ല എന്നേയുള്ളൂ. പുള്ളിക്കാരി റെഡ് കാര്‍ഡ്‌ കാണിച്ചത് കാരണം അവന്‍ ഇപ്പൊ ഗ്രീന്‍ കാര്‍ഡിന് ശ്രമിച്ചു കൊണ്ടിരിക്കുകയാണ് :)