2010, സെപ്റ്റംബർ 23, വ്യാഴാഴ്‌ച

മമ്മൂട്ടി.. വല്ല കാര്യവുമുണ്ടായിരുന്നോ ഇങ്ങനെ പറയിക്കാന്‍...

     നിങ്ങള്‍ അറിഞ്ഞില്ലേ നമ്മുടെ സൂപ്പര്‍ സ്റ്റാര്‍ മമ്മുക്കയെ പറ്റി ഒരു നിര്‍മാതാവിന്റെ അഭിപ്രായം ? 
മമ്മുട്ടി വന്‍ അഹങ്കാരി ആണെന്നും അഭിനയിക്കാന്‍ അറിയാത്തവനും ആണെന്ന് വന്ദേമാതരം എന്ന തമിഴ് സിനിമയുടെ നിര്‍മാതാവായ ഹെന്‍ട്രി അഭിപ്രായപ്പെട്ടിരിക്കുന്നു. കോടികള്‍ മുടക്കി നിര്‍മിച്ച ഈ ചിത്രത്തിലെ പല രംഗങ്ങളും മുറിച്ചു മാറ്റേണ്ടി വന്നുവത്രേ. എന്താ കാരണം എന്നറിയാമോ ? മമ്മുക്ക ആ ആക്ഷന്‍ സീനുകളൊക്കെ അഭിനയിച്ചു കുളമാക്കിയത്രേ. മമ്മൂട്ടിയുടെ അഹങ്കാരവും കഴിവുകേടും കൊണ്ട്  തനിക്കു നഷ്ടം ഉണ്ടായെന്നാണ് ചേട്ടന്‍ പറയുന്നത്. മമ്മൂട്ടിയെ വച്ച് ഇനി പടം എടുക്കാന്‍ താനില്ല എന്നും പുള്ളി പ്രസ്താവിച്ചു. എന്തായാലും ആക്ഷന്റെ കാര്യത്തില്‍ 
അര്‍ജുന്റെ ഒപ്പം പിടിച്ചു നിക്കാന്‍ മമ്മൂട്ടിക്ക് പറ്റും എന്ന് സത്യം പറഞ്ഞാല്‍ എനിക്കും തോന്നുന്നില്ല. തന്റെ ദേഹത്തിനു ചതവ് പറ്റുന്ന രീതിയില്‍ മമ്മുക്ക ഇത് വരെ ഒരു പടത്തിലും അഭിനയിച്ചു കണ്ടിട്ടില്ല. എന്തിനു, നടിമാരെ പുള്ളി തൊട്ടു നോക്കുക പോലും ചെയ്യാറില്ല. നായികയെ കെട്ടിപ്പിടിച്ചു 
കിടക്കയിലേക്ക് മറിഞ്ഞു വീഴുന്ന ഒരു രംഗം പോലും പുള്ളി അഭിനയിച്ചു കണ്ടിട്ടില്ല.

അപ് അപ് അപ് 

 

തൊട്ടു തൊട്ടില്ല. തൊട്ടു തൊട്ടില്ല.. പൂവിട്ടുവല്ലോ മേലാകെ ..

അപ്പനും മോളെയും പോലെ ഉണ്ട് അല്ലേ ?

ഇനി ഖുശ്ബു, ഷക്കു മുതലായ ഇരുത്തം വന്ന നടിമാരുടെ ഒപ്പം ഈ ചേട്ടന്‍ അഭിനയിക്കാത്തത് അവര്‍ ദേഹത്ത് മറിഞ്ഞു വീണു തനിക്കു വല്ലതും പറ്റിയാലോ എന്ന പേടി കൊണ്ടാണോ എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. മൌനം സമ്മതം എന്നൊരു തമിള്‍ സിനിമ ഉണ്ട്. അതിലെ ഒരു പാട്ടുണ്ട്. ഒരു രാജ വന്താനാ .. എന്ന് തുടങ്ങുന്ന ഒരു ഗാനം. അതില്‍ അമലയുടെ ഒപ്പം പുള്ളി കാഴ്ച വച്ചിട്ടുള്ള അഭിനയം ( ? ) കണ്ടു നോക്കണം. പ്രേമ പരവശയായി നില്‍ക്കുന്ന അമലയുടെ ചുറ്റിനും നടക്കുന്ന ഒരു രംഗം ആണ്. അത് കണ്ടാല്‍ ഓര്‍മ വരുന്നത് വില്ലേജ് ഓഫീസില്‍ നിന്നു ചങ്ങലയുമായി വസ്തു അളക്കാന്‍ വരുന്നതാണ്. ഓരോ മൂലയ്ക്ക് പോയി ആങ്കര്‍ ചെയ്തിട്ട് അവിടെ നിന്നു അമലയുടെ ദേഹത്ത് തൊടാതെ വന്‍ പ്രകടനം. ഭാവങ്ങള്‍ വാരി വിതറി അത് നശിപ്പിച്ചു പണ്ടാരമടക്കി. എന്തൊക്കെ പറഞ്ഞാലും ഇത് മമ്മൂട്ടിയുടെ ഒരു പരിമിതി തന്നെയാണ്. തന്നിലെ നടനെ വ്യക്തി ഭരിക്കാന്‍ വരുന്നത് കൊണ്ടാണ് ആ കഥാപാത്രത്തില്‍ മമ്മൂട്ടി എന്ന മനുഷ്യന്‍ ആധിപത്യം സ്ഥാപിക്കുന്നത്. 

 അതേ സമയം ലാലേട്ടന്‍ ശിക്കാരില്‍ നമ്മുടെ യുവ നടന്മാര്‍ തോറ്റു പോകുന്ന രീതിയില്‍ ആക്ഷന്‍ ചെയ്തിട്ടുമുണ്ട്.  മാത്രമല്ല ചോട്ടാ മുംബൈ എന്ന പടത്തില്‍ ഷക്കു ചേച്ചിയോടൊപ്പം ലാലേട്ടന്‍ അഭിനയിക്കുകയും ചെയ്തു ( ഇതിനു വളരെ മുമ്പ് ഷക്കു ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു ലാലേട്ടന്റെ ഒപ്പം ഒരു പടതിലെങ്കിലും അഭിനയിക്കാന്‍ താല്പര്യം ഉണ്ടെന്നു. അന്ന് എല്ലാവരും പുള്ളിക്കാരിയുടെ അതിമോഹം എന്ന് പറഞ്ഞു കളിയാക്കി. ). ഞാന്‍ ഒരു ലാലേട്ടന്‍ ഫാന്‍ ആയതു കൊണ്ടാണ് ഇങ്ങനെ പറയുന്നതെന്ന് നിങ്ങള്ക്ക് തോന്നിയെങ്കില്‍ തെറ്റി. മമ്മുക്കയുടെ പടത്തിനു കൂവുമെങ്കിലും ലാലേട്ടന്റെ പടത്തിനു ആദ്യ ദിവസം തന്നെ പോവുമെങ്കിലും ഞാന്‍ ഒരു ലാലേട്ടന്‍ ഫാന്‍ അല്ലേയല്ല. താഴത്തെ പടങ്ങള്‍ ഒന്ന് നോക്കു. 

സ്നേഹയുടെ മുഖത്തേക്ക് നോക്കു. അതാണ്‌ കെമിസ്ട്രി 
ഹമ്മേ ..!!
     എനിക്കിത് വരെ മനസ്സിലാകാത്ത ഒരു കാര്യം ഉണ്ട്. മലയാള സിനിമയിലെ മാത്രമല്ല ശരാശരി മലയാളി പെണ്ണുങ്ങളുടെ മനസ്സിലെ പൌരുഷത്തിന്റെ പ്രതീകം ആണ് മമ്മൂട്ടി എന്ന് പല സര്‍വേകളും രേഖപ്പെടുത്തിയിട്ടുണ്ട്. പലരും പറഞ്ഞു നടക്കുന്നുമുണ്ട്. ഗൌരവം മാത്രമല്ല, പ്രേമം, കരച്ചില്‍, ഭയം അങ്ങനെ എല്ലാം മാനുഷികമായ വികാരങ്ങള്‍ ആണ്. അല്ലാതെ ദേഹം കേടാക്കാതെ , അനക്കാതെ കൂളിംഗ് ഗ്ലാസ് വച്ച്  നടക്കുന്നതാണോ പൌരുഷം ?
 അങ്ങനെ ആണെങ്കില്‍ അതിനേക്കാള്‍ അത് ചേരുന്നത് നമ്മുടെ ബേബി സൂപ്പര്‍ സ്റ്റാര്‍ ആയ പ്രിഥ്വിരാജിനല്ലേ ? അവന്‍ തന്നെ അത് സ്വയം പറഞ്ഞു നല്ല പബ്ലിസിറ്റി കൊടുക്കുന്നുമുണ്ട്‌. ഉള്ള സത്യം പറയാമല്ലോ ഇത് വരെ കണ്ട നടന്മാരില്‍ അങ്ങനെ ഒരു  ഫീല്‍ ഉണ്ടാക്കാന്‍ കഴിവുള്ള നടന്‍മാര്‍ ചുരുക്കമായിരുന്നു. സത്യന്‍, ജയന്‍, രതീഷ്‌, ജനാര്‍ദനന്‍ , പ്രതാപ ചന്ദ്രന്‍ തുടങ്ങിയ പഴയ നടന്മാര്‍. അതേ സമയം നമ്മുടെ പുതു തലമുറ നടന്മാരില്‍ അങ്ങനെ എത്ര പേര്‍ ഉണ്ട് ? കൂടുതലൊന്നും ആലോചിക്കണ്ട. വെറും ഒരു മന്ത്രി വേഷം ഭംഗിയായി അവതരിപ്പിക്കാന്‍ കഴിവുള്ള എത്ര പേര്‍ ? ഒരു ഡി അയി ജി റോള്‍ അഭിനയിക്കാന്‍ ആരുണ്ട്‌ ? അങ്ങനെ ഒന്ന് ചിന്തിച്ചു നോക്കു. എനിക്കാരെയും കിട്ടുന്നില്ല. നിങ്ങള്‍ കണ്ടു പിടിക്കു. 

     ഹെന്‍ട്രി അങ്ങനെ നമുക്ക് ചിന്തിക്കാന്‍ പുതിയ ഒരു വിഷയം ഇട്ടു തന്നതാണെന്ന് വിചാരിച്ചാല്‍ മതി. പുള്ളി എങ്ങനേലും ജീവിച്ചു പൊയ്ക്കോട്ടേ. നമ്മുടെ നടന്‍ വിജയ കുമാറിന്റെ അപ്പന്‍ ആണ് ഹെന്‍ട്രി. വിജയകുമാര്‍ ഇപ്പൊ പല പോലിസ് കേസിലും പെട്ട് ആകെ കുഴഞ്ഞു മറിഞ്ഞു നടക്കുകയാണല്ലോ. അപ്പോഴാണ്കൂ നിന്‍ മേല്‍ കുരു പോലെ കഷ്ടപ്പെട്ട് നിര്‍മിച്ച ഒരു പടം മമ്മുക്ക അഭിനയിച്ചു കുളമാക്കിയത് . എങ്ങനെ ദേഷ്യം വരാതിരിക്കും. ഈ ചേട്ടനാണ് പണ്ട് യവനിക എന്ന പടം എടുത്തത്‌. അഹങ്കാരം തോറ്റു തീണ്ടിയില്ലാത്ത മമ്മുക്ക ആയിരുന്നു അതിലെ നായകന്‍. ഇനി പുള്ളിക്ക് വിലക്ക് വരുമായിരിക്കും. കുറച്ചു നാള്‍ മുമ്പ് വിനയന്‍ ഇതേ അഭിപ്രായം മമ്മൂട്ടിയെ പറ്റി അടിച്ചിരുന്നു. എന്താണാവോ സത്യം. ഇവരുടെ ഒക്കെ ഉള്ളിലിരുപ്പ് പാവം നമുക്ക് എങ്ങനെ അറിയാം. എന്തായാലും മലയാള സിനിമ കീ ജയ് 

2010, സെപ്റ്റംബർ 20, തിങ്കളാഴ്‌ച

ഇവനൊക്കെ ഇതൊന്നും കിട്ടിയാല്‍ പോര

     എന്തായാലും ഇത് ഒടുക്കലത്തെ തമാശ ആയി പോയി. ദൈവം എന്നൊരാള്‍ ഉണ്ട് എന്ന് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുന്നു . ഇവനൊക്കെ ഇതൊന്നും കിട്ടിയാല്‍ പോര. സോറി. എന്താണെന്ന് പറഞ്ഞില്ല അല്ലേ . ഇപ്പൊ തന്നെ നിങ്ങള്‍ അറിഞ്ഞിരിക്കും ചിലപ്പോള്‍. എന്തായാലും കഥ പറയാം. 


     
ഈ കഥയിലെ പ്രധാന കഥാപാത്രത്തിന്റെ പേരാണ് രൂപേഷ് പോള്‍. കുറച്ചു കാലം മുമ്പ് ഇദ്ദേഹം ഒരു സിനിമ എടുത്തിട്ടുണ്ട്. മൈ മദേര്‍സ് ലാപ്ടോപ് എന്നൊരു പടം. സുരേഷ് ഗോപി , പത്മ പ്രിയ തുടങ്ങിയവര്‍ അഭിനയിച്ച ഒരു ഉത്തരാധുനിക ചലച്ചിത്രം. ഇന്ദു മേനോന്‍ എഴുതിയ കഥയാണ്. അമ്മയോട് സ്നേഹം മൂത്ത് കാമുകിയെ അമ്മയെ പോലെ കാണുന്ന , അതോ അങ്ങനെ എന്തോ ആണ് കഥ.  സത്യം പറയാമല്ലോ ഇത് കണ്ടാല്‍ നിങ്ങള്‍ ഈ പടം എടുത്തവന്റെ അമ്മക്ക് വിളിക്കും. അത്രയ്ക്ക് വിശേഷപ്പെട്ട രീതിയില്‍ ആണ് ഈ ചിത്രം എടുത്തിരിക്കുന്നത്. ഒരിക്കല്‍ മോസര്‍ ബയെറിന്റെ ഏതോ ഡി വി ഡി വാങ്ങിച്ചപ്പോ ഈ പടം ഫ്രീ ആയി കിട്ടി. അങ്ങനെ കണ്ടതാണ്.
ഉള്ളത് പറഞ്ഞാല്‍ എനിക്കൊരു വസ്തു മനസ്സിലായില്ല. അത്രയ്ക്ക് ദുര്‍ഗ്രാഹ്യമായ അവതരണം.. ഇത്രയ്ക്കു കൃത്രിമത്വം നിറഞ്ഞ സംഭാഷണങ്ങള്‍ മുമ്പ് ഞാന്‍ ആകാശ ഗോപുരത്തില്‍ മാത്രമേ കണ്ടിട്ടുള്ളു. എന്തിനേറെ പറയുന്നു. പടം എട്ടു നിലയില്‍ പൊട്ടി. അതിനു ഇദ്ദേഹം ഇനി മലയാളി പ്രേക്ഷകരെ പറയാന്‍ ബാക്കിയൊന്നുമില്ല. മലയാളികള്‍ക്ക് ആസ്വാദന ശേഷി ഇല്ല , പുതുമകളെ അങ്ങീകരിക്കില്ല എന്നൊക്കെ പറഞ്ഞിട്ട് വന്‍ വാക്ക് പയറ്റ് .

     അങ്ങനെ പടം പൊട്ടി പുള്ളി പ്രതിസന്ധിയില്‍ ആയപ്പോ പുള്ളിക്ക് വിവരം വച്ചു. അല്ലെങ്കിലും അറിയാത്ത പിള്ള ചൊറിയുമ്പോ ആണല്ലോ അറിയുന്നത്. ഇങ്ങനെ ഗമ പറഞ്ഞിരുന്നാല്‍ ജീവിക്കാന്‍ പറ്റില്ല എന്ന്. അങ്ങനെ അദ്ദേഹം രണ്ടു കൂട്ടുകാരെ സംഘടിപ്പിച്ചു . എന്നിട്ടൊരു തമിള്‍ പടം നിര്‍മിച്ചു സംവിധാനം ചെയ്യാന്‍ പോയി. പുള്ളി പണ്ട് പറഞ്ഞ കാര്യങ്ങള്‍ ഒക്കെ സൌകര്യ പൂര്‍വ്വം മറന്നിട്ടു ഒന്നാംതരം ഒരു തട്ട് പൊളിപ്പന്‍ പടം . 


     ഇനി ആണ് തമാശ. സഹ നിര്‍മാതാവായ അംജദ് തന്നെ തട്ടിക്കൊണ്ടു പോയി ഇരുപതു ലക്ഷം രൂപ കൈക്കലാക്കി എന്ന് രൂപേഷ് ഇപ്പൊ വാര്‍ത്ത‍ സമ്മേളനത്തില്‍ പ്രസ്താവിച്ചിരിക്കുന്നു.
തന്റെ നഗ്ന ചിത്രങ്ങള്‍ എടുത്തു അത് വച്ചു കഴിഞ്ഞ ഒരു വര്‍ഷമായി ബ്ലാക്ക്‌ മെയില്‍ ചെയ്യുകയായിരുന്നു. അതുകൊണ്ടാണ് പരാതി പെടാത്തത് എന്നും രൂപേഷ് പറയുന്നു.
കോണ്‍ഗ്രസ്‌ നേതാവ് ദീപ്തി മേരി വര്‍ഗീസ്‌ ആണ് ഇയാളെ പരിചയപ്പെടുത്തി തന്നതെന്ന്  രൂപേഷ് പറഞ്ഞെങ്കിലും ദീപ്തി അതിനോട് പ്രതികരിച്ചിട്ടില്ല. ഈ തട്ടിക്കൊണ്ടു പോകലില്‍ ഉള്‍പ്പെട്ട ഒരാള്‍ കുമകുമ പൂ കടത്തു കേസില്‍ പോലീസ് പിടിയില്‍ ആയപ്പോഴാണ് ഈ കഥ ഒക്കെ വെളിച്ചത് വന്നത്. 


     എന്തായാലും ഈ കഥ എനിക്കിഷ്ടപെട്ടു. രൂപെഷിനോട് സഹതാപം ഉണ്ട്. പക്ഷെ പണ്ട് പുള്ളി അടിച്ച ബുദ്ധി ജീവി ഡയലോഗുകള്‍ക്ക് ഒരു തിരിച്ചടി കിട്ടിയ പോലെ ആണ് ഞാന്‍ ഈ സംഭവത്തിനെ കാണുന്നത്. എല്ലാവര്‍ക്കും ഇതൊരു പടം ആയിരിക്കട്ടെ. സംവിധായകന്മാര്‍ക്ക് മാത്രമല്ല വാളയാര്‍ ചെക്ക്പോസ്ടിനു ഇപ്പുറത്ത് നിന്നു കുടുംബ സ്ത്രീ കളിക്കുകയും അപ്പുറത്ത് പോയി കുടുംബം കലക്കുകയും ചെയ്യുന്ന മലയാളി നടീ രത്നങ്ങള്‍ക്കും ...
2010, സെപ്റ്റംബർ 14, ചൊവ്വാഴ്ച

2010, സെപ്റ്റംബർ 10, വെള്ളിയാഴ്‌ച

ശ്രീകണ്ഠന്‍ നായര്‍ പടിയിറങ്ങുമ്പോള്‍

     അങ്ങനെ ഏഷ്യാനെറ്റിന്‍റെ ജീവനായ ഒരാള്‍ കൂടി പടിയിറങ്ങുന്നു. ശ്രീകണ്ഠന്‍ നായര്‍. ഏഷ്യാനെറ്റിലെ അനേകം ജനപ്രിയ പരിപാടികളുടെ തലച്ചോറായ ശ്രീകണ്ഠന്‍ നായരുടെ അഭാവം ഏഷ്യാനെറ്റ്‌ നു ഒരു വന്‍ നഷ്ടം ആകാന്‍ സാധ്യത ഉണ്ട്. ഐഡിയ സ്റാര്‍ സിങ്ങര്‍ എന്ന ഏഷ്യാനെറ്റിന്‍റെ എക്കാലത്തെയും വലിയ ജനപ്രിയ പരിപാടിക്ക് പിറകില്‍ ഇദ്ദേഹത്തിന്‍റെ ആശയങ്ങള്‍ക്ക് വലിയ സ്ഥാനമുണ്ട്. പണ്ട് സനല്‍ പോറ്റി ഏഷ്യാനെറ്റില്‍ നിന്ന് ചാടി പോയത് വന്‍ വാര്‍ത്ത‍ ആയിരുന്നു. എന്നാല്‍ ഇന്ന് നികേഷ് കുമാറിനെ പോലുള്ള  പ്രശസ്തര്‍ പലരും ചാടി കളിക്കുന്നുണ്ട്. മാജിക് മീഡിയ എന്ന സ്വന്തം കമ്പനിയുടെ പേരില്‍ വിനോദ പരിപാടികള്‍ നിര്‍മിച്ചു ചാനലുകള്‍ക്ക് വില്‍ക്കാന്‍ ആണ് ഉദ്ദേശിക്കുന്നതെന്നാണ് ശ്രീകണ്ഠന്‍ നായര്‍
മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത്. എന്നാല്‍ അതല്ല സത്യം. മനോരമ അടുത്ത വിഷുവോട് കൂടി ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന വിനോദ ചാനലിന്‍റെ ചുമതല ഇദ്ദേഹം ഏറ്റെടുത്തു കഴിഞ്ഞു. 


     എന്‍റെ അഭിപ്രായത്തില്‍ രാജ്ദീപ്സര്‍ദേശായിയെ പോലെയോ ബര്‍ക്ക ദത്തിനെ പോലെയോ ഒരു പ്രൊഫെഷണല്‍ ഒന്നുമല്ല ഇദ്ദേഹം. അത് കൊണ്ട് തന്നെ കെ പി മോഹനനോ ( ഇപ്പൊ തന്നെ ജയ്ഹിന്ദ് ചാനലിലേക്ക് പോയിക്കഴിഞ്ഞിരിക്കുന്നു ) ടി എന്‍ ഗോപകുമാറോ പോകുന്നത് പോലല്ല ശ്രീകണ്ഠന്‍ നായരുടെ മാറ്റം. ജനങ്ങളെ ആകര്‍ഷിക്കാന്‍ പോന്ന പൈങ്കിളി പരിപാടികള്‍ ഏറ്റവും വൃത്തിയായി ഉണ്ടാക്കാന്‍ അറിയാവുന്ന ഒരാള്‍. അതാണ് ശ്രീകണ്ഠന്‍ നായര്‍. നമ്മള്‍ തമ്മില്‍ കണ്ണാടിയേക്കാള്‍ പോപ്പുലര്‍ ആണ്. കാരണം അതില്‍ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളും പങ്കെടുക്കുന്ന പ്രശസ്തരും തന്നെ. എന്നാല്‍ നാളിതു വരെ  നമ്മള്‍ തമ്മില്‍ ചര്‍ച്ച ചെയ്ത വിഷയങ്ങള്‍ സമൂഹത്തില്‍ എന്ത് സംഭാവന ചെയ്തു എന്ന് പരിശോധിച്ചാല്‍ അറിയാം അതിന്‍റെ വ്യത്യാസം . ഗോപകുമാര്‍ പ്രത്യേകിച്ച് ഒരു ഭാവവും കൂടാതെ വര്‍ഷങ്ങളായി അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു പരിപാടി  ആണ് കണ്ണാടി. അതുകൊണ്ടാവം ആരും അത് അത്ര കര്യമാക്കാത്തത്. അത് പോലെ തന്നെ ആണ് സ്റ്റാര്‍ സിങ്ങര്‍. അമൃത ടി വി ആണ് മലയാളത്തില്‍ ഹിറ്റ്‌ ആയ ഒരു സംഗീത റിയാലിറ്റി ഷോ തുടങ്ങിയത്. അത് ക്ലിക്കാവുകയും ചെയ്തു. എന്നാല്‍ അതിന്‍റെ ചുവടു പിടിച്ചു തുടങ്ങിയ സ്റ്റാര്‍ സിങ്ങര്‍ എല്ലാ ടി വി റികോര്‍ഡുകളെയും കടത്തി വെട്ടി ഹിറ്റ്‌ ആവാന്‍ കാരണം അതില്‍ കലര്‍ത്തിയ ജനപ്രിയ എലെമെന്റുകള്‍ ആണ്. ഒരു ഉളുപ്പുമില്ലാതെ വളിപ്പ് പറയുന്ന ജട്ജുകളും ദ്വയാര്‍ത്ഥ പ്രയോഗങ്ങളും എലിമിനേഷന്‍ റൌണ്ട് എന്ന പേരില്‍ നടത്തുന്ന കരച്ചില്‍ മേളകളും ആണ് ഈ പരിപാടിയെ ഹിറ്റ്‌ ആക്കിയത്. മുമ്പേ തന്നെ സീരിയലുകളില്‍ കൂടി കേരളത്തിലെ ടി വി പ്രേക്ഷകരെ കണ്ടിഷന്‍ ചെയ്തു വച്ചതിന്‍റെ ഗുണഫലം കൊയ്യുകയായിരുന്നു ഏഷ്യാനെറ്റ്‌. ഇതില്‍  രണ്ടിലും ശ്രീകണ്ഠന്‍ നായരുടെ പങ്കാളിത്തവും സംഭാവനകളും ചാനലുകളിലെ ഒരു അന്തപുര സംസാരമാണ്. പണ്ടേ തന്നെ പൈങ്കിളി സാഹിത്യം കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ ഏറ്റവും വിജയകരമായി വിറ്റു കാശാക്കിയ പാരമ്പര്യം ഉള്ള മനോരമക്ക് പറ്റിയ ആളിനെ തന്നെയാണ് എന്തായാലും കിട്ടിയിരിക്കുന്നത്. ചക്കിക്കൊത്ത ചങ്കരന്‍. !!

വാല്‍കഷണം : 
ഏഷ്യാനെറ്റില്‍ അവതരിപ്പിച്ചു കൊണ്ടിരുന്ന നമ്മള്‍ തമ്മില്‍ എന്ന പരിപാടി ഇനി മുതല്‍ ജഗദിഷ് അയിരിക്കും അവതരിപ്പിക്കുക എന്ന് ഏഷ്യാനെറ്റ്‌ അറിയിച്ചു കഴിഞ്ഞു എന്ന് മാത്രമല്ല അതിന്‍റെ പരസ്യങ്ങള്‍ വരാന്‍ തുടങ്ങിയിരിക്കുന്നു.  ജഗ്ദിഷ് ഇപ്പൊ അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന പരിപാടികള്‍ പലതും സ്വന്തം 
പാണ്ടിത്യം വിളംബാന്‍ ആണ് ഈ ചേട്ടന്‍ ഉപയോഗിക്കുന്നത്. സിനിമയില്‍ ഏറ്റവും നന്നായി ജഗദിഷ് അവതരിപ്പിച്ചിട്ടുള്ള ചുരുക്കം വേഷങ്ങള്‍ എല്ലാം ഒന്നാംതരം മണ്ടന്‍ കഥാപാത്രങ്ങള്‍ ആണ്. ഇനി അത് കണ്ടിട്ട് ആരെങ്കിലും താന്‍ ശരിക്കും ഒരു പൊട്ടന്‍ ആണെന്ന് തെറ്റിദ്ധരിച്ചാലോ എന്ന കോമ്പ്ലെക്സ് 
കൊണ്ടാണോ പുള്ളി ഈ കളി കളിക്കുന്നതെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. എന്തായാലും ഇനി നമ്മള്‍ തമ്മിലിന്‍റെ ഗതി അധോഗതി ....

2010, സെപ്റ്റംബർ 7, ചൊവ്വാഴ്ച

വെല്‍ ടണ്‍ മിസ്ടര്‍ രവി

     തികച്ചും അഭിനന്ദനീയമായ ഒരു കാര്യം. എന്തുകൊണ്ടോ ഇത് ഒരു ചര്‍ച്ച വിഷയം ആയ മട്ടില്ല. ഇക്കഴിഞ്ഞ ദിവസം കൊല്ലത്ത്‌ നടന്ന ഒരു ചടങ്ങിനെ പറ്റിയാണ് പറഞ്ഞത്. പത്മ അവാര്‍ഡ്‌ നേടിയ വ്യവസായി രവി പിള്ള നടത്തിയ ഒരു സമൂഹ വിവാഹം. വാര്‍ത്തയുടെ വിശദാംശങ്ങള്‍ പിന്നെ.
ആദ്യം ഈ കണക്കുകള്‍ കാണു.

സംഘടിപ്പിച്ചത് : രവി പിള്ള ഫൌണ്ടേഷന്‍ 
സ്ഥലം : കൊല്ലം ആശ്രമം മൈതാനത്ത് പടുതുയര്‍ത്തിയ പതിനയ്യായിരം ചതുരശ്ര അടി വിസ്തീര്‍ണം ഉള്ള കതിര്‍ മണ്ടപം . പന്തലിന്‍റെ വലിപ്പം 50000 ചതുരശ്ര അടി . ഭക്ഷണ ശാല : 25000 ചതുരശ്ര അടി 
ദമ്പതികള്‍ ആയവര്‍ : 107
പാചകക്കാര്‍ : 140
ബ്യൂട്ടിഷ്യന്മാര്‍ : 50
വിവാഹ സദ്യയില്‍ പങ്കെടുത്തത് : 15000 പേര്‍.

     ഇന്നലെ പകല്‍ പതിനൊന്നര മണിക്ക് ചടങ്ങുകള്‍ ആരംഭിച്ചു. മൃദംഗ ചക്രവര്‍ത്തി ഉമയാള്‍പുരം ശിവരാമന്‍, എം ജി ശ്രീകുമാര്‍ എന്നിവര്‍ ആണ് സംഗീത സദ്യ ഒരുക്കിയത്. അത്യന്താധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ( ജര്‍മന്‍ ഹാങ്ങര്‍ ) നിര്‍മിച്ച വിശാലമായ തൂണുകളില്ലാത്ത പന്തല്‍ ആണ് പരിപാടിക്ക് വേണ്ടി ഉണ്ടാക്കിയത്. ഹിന്ദു , ക്രിസ്ത്യന്‍, ഇസ്ലാം മത പുരോഹിതന്‍മാരുടെ കാര്‍മികത്വത്തില്‍ ചടങ്ങുകള്‍ നടന്നു. കണ്ണൂര്‍ ഒഴികെ ഉള്ള എല്ലാ ജില്ലകളില്‍ നിന്നും വധൂ വരന്മാര്‍ ഇതില്‍ പങ്കെടുത്തു. കൊല്ലം ഒഴികെയുള്ള ജില്ലകളില്‍ നിന്ന് വന്നവര്‍ക്കും കുടുംബാങ്ങള്‍ക്കും താമസിക്കാന്‍ ഹോട്ടലുകളില്‍ സൗകര്യം സൌജന്യമായി ഒരുക്കി. വിവാഹിതരാവുന്നവര്‍ക്ക് അഞ്ചു പവന്‍ സ്വര്‍ണവും ഇരുപത്തി അയ്യായിരം രൂപയും സമ്മാനിച്ചു. എല്ലാ വരന്മാര്‍ക്കും  ഗള്‍ഫില്‍ RP ഗ്രൂപ്പിന്‍റെ കമ്പനിയില്‍ ജോലിയും നല്‍കും. സ്വന്തം മകളുടെ വിവാഹം പോലെ ആണ് താന്‍ ഇതിനെ കാണുന്നതെന്നാണ് രവി പിള്ള മാധ്യമങ്ങളോട് മനസ്സ് തുറന്നത്. 
അത് വെറും വാചകമടി ആയിരുന്നില്ലെന്ന് ഇന്നലെ കൊല്ലം കണ്ട അത്യാഡംബര പൂര്‍ണമായ ചടങ്ങുകള്‍ തെളിയിച്ചു. കേന്ദ്ര മന്ത്രി വിലാസ് റാവു ദേശ്മുഖ് ആണ് ദീപം തെളിയിച്ചത്. അനേകം വിശിഷ്ട വ്യക്തികളെ കൊണ്ട് നിറഞ്ഞതായിരുന്നു പന്തലും മണ്ഡപവും. കൂടാതെ കൊല്ലത്തെ അനേകായിരങ്ങളും.

ഇനി ഇത് നടത്തിയ ഡോക്ടര്‍ രവി പിള്ളയെ പറ്റി ...
      1978 ഇല്‍ കേരളം വിട്ടു ഗള്‍ഫില്‍ ജോലി അന്വേഷിച്ചു പോയ ആയിരങ്ങളില്‍ ഒരാള്‍. മുപ്പതു വര്‍ഷം കൊണ്ട് ഗള്‍ഫ്‌ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യാക്കാരെ ജോലിക്കെടുത്ത ഒരേ ഒരു കമ്പനി ആയി അദ്ദേഹത്തിന്‍റെ NSH കോര്‍പറേഷന്‍ മാറിയത് കഠിനഅധ്വാനവും പിറന്ന നാടിനോടുള്ള സ്നേഹവും
കൊണ്ട് മാത്രമാണ്. 2.5 മില്യന്‍ ഡോളര്‍ ആസ്തിയുള്ള ഒരു കമ്പനി ആണ് ഇന്ന് ഇത്. കൊല്ലത്തെ പ്രശസ്തമായ  ഉപാസന ഹോസ്പിടല്‍ ഇദ്ദേഹത്തിന്റെ ആണ്. അവിടെ അനേകം പാവങ്ങള്‍ക്ക് സൌജന്യമായി ചികിത്സ നല്‍കുന്നുണ്ട്. പ്രവാസി ഭാരതീയ സമ്മാന്‍, പത്മ ശ്രീ എന്നിവയാല്‍ ആദരിക്കപ്പെട്ടിട്ടുള്ള ഒരു വ്യക്തിത്വം ആണ് ശ്രീ രവി. 

     ഇങ്ങനൊരു പോസ്റ്റ്‌ എഴുതണം എന്ന് വിചാരിച്ചതല്ല. എന്നാല്‍ ബാങ്ങ്ലൂരില്‍ നിന്ന് ഇന്നലെ കൊല്ലത്ത്‌ വന്നിറങ്ങിയപ്പോള്‍ കണ്ട കാഴ്ചകളും ആള്‍ക്കാരുടെ അഭിപ്രായവും ആണ് ഇതെഴുതാന്‍ പ്രേരിപ്പിച്ചത്. അഴകിയ രാവണന്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച ശങ്കര്‍ ദാസ്‌ എന്ന പുതു പണക്കാരന്‍ സ്വന്തം നാട്ടില്‍ ആളാവാന്‍ വേണ്ടി സമൂഹ വിവാഹം നടത്താന്‍ ശ്രമിക്കുന്നതിനോടാണ് ചില ആളുകള്‍ ശ്രീ രവി പിള്ളയുടെ ഈ ഉദ്യമത്തെ ഉപമിച്ചത്. ഈ ചടങ്ങിനു സംഘാടകര്‍ നല്‍കിയ പബ്ലിസിറ്റി ആവും ഇവരെ കൊണ്ടൊക്കെ ഇങ്ങനെ പറയിക്കാന്‍ പ്രേരിപ്പിച്ചത്.നല്ല ഒരു കാര്യം നാട്ടില്‍ ആര് ചെയ്താലും അതിനെയൊക്കെ പറ്റി ഇത്ര ലാഘവത്തോടെ അഭിപ്രായങ്ങള്‍ പറയാനും ഗോസ്സിപ്പുകള്‍ പരഞ്ഞുണ്ടാക്കാനും മലയാളിക്ക് മാത്രമേ പറ്റൂ. ഒരു വ്യക്തി, അയാള്‍ ഏതു ലക്‌ഷ്യം വച്ചായാലും സ്വന്തമായി അധ്വാനിച്ചു ഉണ്ടാക്കിയ പണം മുടക്കി 214 യുവതീ യുവാക്കള്‍ക്ക് ജീവിതം ഉണ്ടാക്കി കൊടുത്തതിനെ  
ഒരു നിമിഷം അംഗീകരിക്കാനുള്ള മടി മലയാളിക്ക് ജന്മ സിധമായി കിട്ടുന്നതാണ്. ഇത്രയും പേരെ വെറുതെ വിവാഹം കഴിപ്പിച്ചു വിടുക മാത്രമല്ല സ്വന്തം കമ്പനിയില്‍ ജോലിയും കൊടുത്തു അവര്‍ക്ക് ജീവിതത്തില്‍ സ്വയം പര്യാപ്തത ഉണ്ടാക്കാനുള്ള ഒരു വലിയ ശ്രമം എന്തൊക്കെ പറഞ്ഞാലും അമ്ഗീകരിക്കപെടെണ്ടതും 
ആദരിക്കപ്പെടെണ്ടതും ആണ്. ഇപ്പറയുന്നവര്‍  ഇത്രയും കാലം കൊണ്ട് താന്‍ ജീവിച്ച സമൂഹത്തിനു എന്ത് സംഭാവന ചെയ്തു എന്ന് ഒരു നിമിഷം ചിന്തിച്ചു നോക്ക്. അപ്പോള്‍ മനസ്സിലാവും പറയുന്ന വാക്കുകളുടെ പൊള്ളത്തരം. എന്തായാലും ശ്രീ രവി പിള്ളയ്ക്കും പരിപാടിയില്‍ ഉടനീളം  അദ്ദേഹത്തോടൊപ്പം താങ്ങായി നിന്ന അദ്ദേഹത്തിന്‍റെ കുടുംബങ്ങള്‍ക്കും അഭിനന്ദനങ്ങള്‍. നല്ല ഒരു മാതൃക കാട്ടി നിങ്ങള്‍ ജീവിതം അര്‍ത്ഥ പൂര്‍ണം ആക്കിയിരിക്കുന്നു. ഇത് തുടരുക. 

വാല്‍കഷണം : ഇന്നത്തെ പണിമുടക്കിന് അഭിവാദ്യം അര്‍പ്പിച്ചു കൊണ്ട് കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ ബീവറേജസ് ഷോപ്പുകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കുന്നത് കണ്ടു. അധ്വാനത്തെ ഇത്രയും വില കല്‍പ്പിക്കാത്ത ഒരു സമൂഹം സ്വന്തം നാട്ടില്‍ ആധിപത്യം സ്ഥാപിച്ചിരിക്കുന്നത് എന്നെ വ്യാകുലപ്പെടുതുന്നു. പൊരിച്ച കോഴിയും മദ്യവുമായി മലയാളി മടി ആഘോഷിക്കുകയാണ്. അല്ലെങ്കിലും മലയാളി എന്നും അങ്ങനെ ആയിരുന്നു. ഒരു കംഫര്‍ട്ട് സോണ്‍ വിട്ടു മലയാളി പുറത്തിറങ്ങിയിട്ടില്ല. ഭാരതത്തിലെ മറ്റു സംസ്ഥാനങ്ങളിലെ ജനങ്ങള്‍ അനുഭവിച്ച ഒന്നും മലയാളി അനുഭവിച്ചിട്ടില്ല. മേല് നോവാത്ത രീതിയിലുള്ള പ്രതികരണങ്ങള്‍ കൊണ്ട് അവന്‍ സമയം പോക്കുന്നു. ആര്‍ക്കും ഒരു ഉപകാരം ഇല്ലാത്ത, മാനവ ശേഷി വൃഥാവിലാക്കുന്ന പ്രകടനങ്ങള്‍. അന്യ ദേശത്ത് പോയി കുറെ പാവങ്ങള്‍ വിയര്‍പ്പൊഴുക്കുന്നത്‌ കൊണ്ട്
അവന്‍ ഞെളിഞ്ഞു നടക്കുന്നു. എന്തെങ്കിലും നല്ല കാര്യം ചെയ്യുന്നവനെതിരെ കല്ലേറും. എന്തിനു ഭരിക്കുന്നവരെ കുറ്റം പറയണം. ഓരോ ജനതക്കും അവര്‍ അര്‍ഹിക്കുന്ന ഭരണാധികാരികളെയേ  കിട്ടൂ എന്ന് പണ്ട് ആരോ പറഞ്ഞിട്ടുണ്ട്