2012, ഫെബ്രുവരി 23, വ്യാഴാഴ്‌ച

ഡേറ്റാ സെന്റര്‍ ആര് നടത്തിയാലും നമുക്കെന്ത് ?     കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാരിന്റെ ഡേറ്റാ സെന്റര്‍ നടത്തിപ്പ് റിലയന്‍സിനു കൈമാറിയതിനെ പറ്റി സി ബി ഐ അന്വേഷിക്കും എന്ന് ഇന്ന് വാര്‍ത്ത വന്നല്ലോ. അച്യുതാനന്ദന്‍ പതിവ് പോലെ ഇതിനെ സ്വാഗതം ചെയ്യുകയും തന്റെ ഭരണത്തിനും മുമ്പ് കോണ്‍ഗ്രസ്‌ ഒരിക്കല്‍ ഇത് ടാറ്റയെ ഏല്‍പ്പിച്ചതും അന്വേഷിക്കണം എന്നൊക്കെ പറഞ്ഞു ഇതിനെ സ്വാഗതം ചെയ്തിട്ടുണ്ട്. ചുരുക്കി പറഞ്ഞാല്‍ ഇത് വെറുമൊരു രാഷ്ട്രീയ പ്രശ്നമായി മാറിയിരിക്കുന്നു. എന്താണ് ഈ സംഭവത്തിന്റെ ഗൌരവം എന്ന് മനസ്സിലാക്കാതെ പല സഖാക്കളും അഭിപ്രായങ്ങള്‍ തട്ടി മൂളിച്ചു കൊണ്ടിരിക്കുമ്പോള്‍ ഡേറ്റാ സെന്റര്‍ എന്ന് വച്ചാല്‍ സത്യത്തില്‍ എന്താണെന്ന്  മനസ്സിലാക്കുന്നത് നന്നായിരിക്കും.

എന്താണ് ഡേറ്റാ സെന്റര്‍ ? 

ഡേറ്റാ സെന്റര്‍ എന്ന് പറയുന്നത് ഒരു സോഫ്റ്റ്‌വെയര്‍ സിസ്ടെത്തിന്റെ ഹൃദയമാണ്. അതായതു നിങ്ങള്‍ ഒരു ഓഫീസ് സങ്കല്‍പ്പിക്കുക. അവിടെ നടക്കുന്ന വ്യവഹാരങ്ങളുടെ രേഖകള്‍ ആണ് അവിടത്തെ ഫയലുകളില്‍ ഉള്ളത്. എന്ത് സംഭവത്തിന്റെ ചരിത്രം  നോക്കണമെങ്കിലും  ഈ രേഖകള്‍ ആണ് ആധാരം. അപ്പോള്‍ അതീവ ശ്രദ്ധയോടെ സൂക്ഷിച്ചു വയ്ക്കേണ്ട വിലപ്പെട്ട ഒരു വസ്തുവാണ് ഇത്. അത് പോലെ തന്നെയാണ് ഇവിടെയും. നിങ്ങള്‍ക്കറിയാം ഇപ്പോള്‍ പല സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റുകളും  കമ്പ്യൂട്ടര്‍ വല്‍ക്കരിക്കുകയാണല്ലോ. അതായത് കേരളത്തിലെ ഇതു ജില്ലയിലെ, ഏതു താലൂക്കിലെയും പഞ്ചായത്തിലെയും വാര്‍ഡിലെയും വിവരങ്ങള്‍ ഒരു വിരല്‍ തുമ്പില്‍ എത്തിക്കുക എന്നതാണ് ഇതിന്റെയൊക്കെ ഉദ്ദേശം. എന്നാല്‍ ഇങ്ങനെ പലരും അയക്കുന്ന വിവരങ്ങള്‍ ഒടുവില്‍ എവിടെയാണ് പോയി ഇരിക്കുന്നതെന്നറിയാമോ ? ഇതെല്ലാം ശേഖരിക്കപ്പെടുന്നത്‌ ഒരു സെന്‍ട്രല്‍ സെര്‍വര്‍ എന്ന് വിളിക്കപ്പെടുന്ന ശക്തിയും മെമ്മറിയും കൂടിയ ഒരു കമ്പ്യൂട്ടറില്‍ ആണ്. അതായതു കേരളത്തിലെ മുഴുവന്‍ വിവരങ്ങളും ശേഖരിച്ചിരിക്കുന്ന ഒരേ ഒരു സ്ഥലം. ബാക്കിയുള്ള എല്ലാ കമ്പ്യൂട്ടറുകളും ഇതില്‍ നിന്നാണ് വിവരം എടുക്കുന്നതും ശേഖരിച്ചു വയ്ക്കുന്നതും. ഇത്തരത്തിലുള്ള ഒന്നില്‍ കൂടുതല്‍ ഡേറ്റാ സെര്‍വറുകള്‍ വച്ചിരിക്കുന്ന ഒരു കേന്ദ്രത്തെ ആണ് ഡേറ്റാ സെന്റര്‍ എന്ന് വിളിക്കുന്നത്‌ എന്ന് ലളിതമായി പറയാം. ഒറാക്കിള്‍, മൈക്രോസോഫ്ട്‌ എസ് ക്യൂ എല്‍ സെര്‍വര്‍, മൈ എസ് ക്യു എല്‍ മുതലായ ഏതെങ്കിലും സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാവും സാധാരണ ഈ ഡേറ്റാ മാനേജ് ചെയ്യുന്നത്. ഏതു കമ്പനി ആയാലും അവരുടെ ഡേറ്റാ സെന്ററുകള്‍ വളരെ സുരക്ഷിതമായി ആണ് സൂക്ഷിക്കുന്നത്. ഇരുപത്തി നാല് മണിക്കൂറും കാവലുള്ള, അത്യന്താധുനിക നിരീക്ഷണ സംവിധാനങ്ങള്‍ ഉള്ള കെട്ടിടങ്ങളില്‍ ആണ് ഇവ പ്രവര്‍ത്തിക്കുന്നത്. വെള്ളപ്പൊക്കം, തീ പിടിത്തം മുതലായവ നേരിടാനുള്ള സംവിധാനങ്ങള്‍, ഇരുപത്തി നാല് മണിക്കൂറും തടസ്സമില്ലാത്ത വൈദ്യുത സംവിധാനം , രണ്ടില്‍ കൂടുതല്‍ തട്ടുകള്‍ ഉള്ള access management തുടങ്ങി പൊന്നു പോലെ സൂക്ഷിക്കപ്പെടുന്ന സംവിധാനമാണ് ഡേറ്റാ സെന്റര്‍. മിക്ക അന്താരാഷ്‌ട്ര കമ്പനികളും അവരുടെ ഡേറ്റാ സെന്റര്‍ സ്ഥാപിച്ചിരിക്കുന്നത് ഹൂസ്ടന്‍ , ഫ്ലോറിഡ മുതലായ അമേരിക്കന്‍ നഗരങ്ങളില്‍ ആണ്. ഞാന്‍ ജോലി ചെയ്തിരുന്ന ഒരു കമ്പനി ഒരിക്കല്‍ ഇന്ത്യയിലെ അവരുടെ ആദ്യ ഡേറ്റാ സെന്റര്‍ തുടങ്ങാന്‍ തീരുമാനിച്ചു. ഒരു വര്‍ഷത്തോളം നീണ്ട തയ്യാറെടുപ്പുകള്‍ക്ക് ശേഷം അവര്‍ അതില്‍ നിന്ന് പിന്മാറി. ഡേറ്റാബേസ് മാനേജ്‌മന്റ്‌ ടീമില്‍ ഉണ്ടായിരുന്നത് കൊണ്ട് ഞാന്‍ അവിടെ പരിചയമുള്ള ഒരാളോട് അതിന്റെ കാരണം അന്വേഷിച്ചു. അദ്ദേഹം ഒരു അമേരിക്കന്‍ ആയിരുന്നു. പുള്ളി പറഞ്ഞത് പല കാരണങ്ങള്‍ കൊണ്ടാണ് ഇന്ത്യയില്‍ ഇത് വേണ്ട എന്ന് തീരുമാനിച്ചതത്രെ. അതായതു ഇന്ത്യയിലെ സ്ഥിരതയില്ലാത്ത വൈദ്യുത സംവിധാനങ്ങള്‍, കലാപങ്ങളും പൊടുന്നനെയുള്ള ബന്ദുകളും രാഷ്ട്രീയ കലാപങ്ങളും മറ്റും കൊണ്ട് അരക്ഷിതമായ അന്തരീക്ഷം , നൂറു ശതമാനം കൃത്യത പ്രതീക്ഷിക്കാന്‍  പറ്റാത്ത ഇന്റര്‍നെറ്റ്‌, എന്നിങ്ങനെ ഒട്ടനവധി കാരണങ്ങള്‍ അദ്ദേഹം നിരത്തി. ഞാന്‍ കുറെയൊക്കെ തര്‍ക്കിച്ചു നില്‍ക്കാന്‍ നോക്കിയെങ്കിലും ഒടുവില്‍ അടിയറവു പറയേണ്ടി വന്നു. പുള്ളി പറഞ്ഞത് ഇതാണ്. മകനെ. നമ്മള്‍ ഒട്ടനവധി കമ്പനികളുടെ ഡേറ്റാ  ആണ് സൂക്ഷിക്കുന്നത്. അതായത് അവരുടെ ബിസിനെസ്സ് മുഴുവനായി തന്നെ എന്ന് വേണമെങ്കില്‍ പറയാം. അപ്പോള്‍ അതിന്റെ സുരക്ഷിതത്വം ഉറപ്പു വരുത്തേണ്ടത് നമ്മുടെ കടമയാണ്. നിങ്ങള്‍ക്ക് ഉറപ്പുണ്ടോ അത് അവിടെ സാധ്യമാണെന്ന് ? എന്നിങ്ങനെ ആയിരുന്നു അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍.


എന്തുകൊണ്ട് ഇത്രയും പ്രാധാന്യം ?  


     നിങ്ങള്‍ക്ക് ഒരു ബാങ്കില്‍ അക്കൗണ്ട്‌ ഉണ്ടെന്നു വയ്ക്കുക . നിങ്ങളുടെ ബാങ്ക് ബാലന്‍സ് , മറ്റു പണമിടപാടുകള്‍ മുതലായവ ബാങ്കിന്റെ സെര്‍വറില്‍ ആണ് സൂക്ഷിക്കപ്പെടുന്നത്. ഈ സെര്‍വര്‍ ഉപയോഗിക്കാന്‍ ആ സെര്‍വര്‍ മാനേജ് ചെയ്യുന്നവര്‍ക്കോ അതിലേക്കു ലോഗിന്‍ ചെയ്യാന്‍ അധികാരമുള്ളവര്‍ക്കോ സാധിക്കും. അതായത് നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ നിങ്ങള്‍ ഒരാള്‍ മാത്രമല്ല കാണുന്നതെന്ന് ചുരുക്കം. സര്‍ക്കാരിന്റെ ഒരു ഡേറ്റാ സെന്ററില്‍ സ്വാഭാവികമായും സൂക്ഷിക്കാനിടയുള്ള വിവരങ്ങള്‍ എന്തൊക്കെയാവാം എന്ന് നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ. ജാതി / മതം തിരിച്ചുള്ള ജനസംഖ്യ വിവരങ്ങള്‍, സാമ്പത്തിക അടിസ്ഥാനത്തിലുള്ള പട്ടികകള്‍ , നികുതി അടയ്ക്കുന്നവരുടെ വിവരങ്ങള്‍, സ്വത്തു വിവരങ്ങള്‍, എന്നിങ്ങനെ വളരെയധികം സെന്‍സിറ്റീവ് ആയ, തൊട്ടാല്‍ പൊട്ടുന്ന വിവരങ്ങള്‍ ആണ് ഇവിടെ വന്നു ചേരുന്നത്. അതിന്റെ സൂക്ഷിപ്പധികാരം ഒരു സ്വകാര്യ കമ്പനിയെ ഏല്‍പ്പിച്ചാല്‍ എന്ത് സംഭവിക്കാം എന്ന് ഇന്ത്യയില്‍ ഇത് വരെ സംഭവിച്ചിട്ടുള്ള ചരിത്രം അറിയാവുന്ന ഏതൊരാള്‍ക്കും മനസ്സിലാവും. സര്‍ക്കാരിന്റെ രഹസ്യ വിവരങ്ങള്‍ വരെ ചോരുന്ന നമ്മുടെ ഭാരതത്തില്‍ ഇത്തരം സ്ഥിതി വിവര കണക്കുകള്‍ അപകടകരമായ കൈകളില്‍ എത്തിച്ചേര്‍ന്നാല്‍ എന്ത് സംഭവിക്കാം ? ദുഖകരമായ ഒരു സംഗതി എന്താണെന്ന് വച്ചാല്‍ വിവര സുരക്ഷയെ പറ്റിയല്ല ഇപ്പോഴത്തെ ചര്‍ച്ച എന്നതാണ്. ടി സി എസ്സിനും എച് സി എല്ലിനും റിലയന്‍സിനും തമ്മില്‍ നടന്ന ടെണ്ടര്‍ ലേലത്തിനെ പറ്റിയാണ് ഇപ്പോഴത്തെ ചര്‍ച്ച. കേന്ദ്ര സര്‍ക്കാരിന്റെ ആധാര്‍ പദ്ധതി ജനങ്ങളുടെ വിവര ശേഖരണം നടത്തി അതുപയോഗിച്ചു അവരെ ചാപ്പ കുത്താന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് അക്രോശിച്ച വി എസ് അച്യുതാനന്ദനോ അതിവേഗം ബഹുദൂരം യാത്ര ചെയ്യുന്ന ഉമ്മന്‍ ചാണ്ടിയോ ഇവിടത്തെ പ്രകടമായ സുരക്ഷ പാളിച്ചയെ പറ്റി മിണ്ടുന്നില്ല. 


നമ്മുടെ സ്ഥാപനങ്ങള്‍ എന്ത് ചെയ്യുന്നു ? 


പാവം പൌരന്റെ നികുതി പണം ഉപയോഗിച്ച് സര്‍ക്കാര്‍ സ്ഥാപിച്ച ഒരുപാട് സാങ്കേതിക സ്ഥാപനങ്ങള്‍ ഇവിടെയുണ്ട്. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍ , സി ഡാക് തുടങ്ങി അനവധി സ്ഥാപനങ്ങള്‍. ഒരു ഡേറ്റാ സെന്റര്‍ മര്യാദയ്ക്ക് നടത്താനുള്ള അറിവ് ഇവന്മാര്‍ക്കൊന്നുമില്ലെങ്കില്‍ പിന്നെ എന്ത് കോക്കനട്ട് ആണ് ഇവരൊക്കെ ചെയ്തുകൊണ്ടിരിക്കുന്നത് ? എന്തുകൊണ്ട് നമുക്ക് എല്ലാത്തിനും സ്വകാര്യ കമ്പനികളെ ആശ്രയിക്കേണ്ടി വരുന്നു ? എവിടെയാണ് ലൂപ് ഹോള്‍ ? എന്നിങ്ങനെ ചില സംശയങ്ങള്‍ എനിക്കുണ്ട്. എവിടെ നിന്നെങ്കിലും ഉത്തരം കിട്ടുമോ ആവോ


വാല്‍ക്കഷണം .. സുരക്ഷയെക്കുറിച്ച്  -അല്ലെങ്കിലും വിവര സുരക്ഷ എന്നത് ഇന്ത്യയില്‍ ഒരു വന്‍ തമാശ മാത്രമാണ്. ഇന്ത്യയ്ക്ക് പുറത്തുള്ള ഒട്ടനവധി രാജ്യങ്ങളുടെ ഡേറ്റ പ്രോസസ്സിംഗ് നടക്കുന്ന ഒരു സ്ഥലമാണ് ബാന്‍ഗ്ലൂര്‍. വൈറ്റ് ഹൌസിലെ ചില ഓഫീസുകളുടെ ബാക്ക് ഓഫീസ് ജോലികള്‍ ചെയ്യുന്നത് ഇവിടെയാണ്‌. കൂടാതെ സിറ്റി ബാങ്ക്, ഡോയിഷ് ബാങ്ക് , തുടങ്ങി ലോകത്തെ ഒന്നാം നിര ബാങ്കുകളുടെ ജോലികളും ഇവിടെ നടക്കുന്നു. ഇവരുടെയൊക്കെ ഇവിടത്തെ ഓഫീസുകളിലെ സുരക്ഷാ സംവിധാനങ്ങള്‍ ഒക്കെ നിങ്ങള്‍ ഒരിക്കല്‍ കണ്ടു നോക്കണം. ഭൂമിയുടെ മറുവശത്തിരുന്ന് ഇവിടത്തെ സംവിധാനങ്ങള്‍ നിയന്ത്രിക്കാനുള്ള സാങ്കേതിക വിദ്യ ഇപ്പോള്‍ ലഭ്യമാണ്. ഇവിടെയുള്ള ഓഫ്‌ ഷോര്‍ കേന്ദ്രങ്ങളില്‍ ഇരുപത്തി നാല് മണിക്കൂറും കാവലും , സി സി ടി വി സംവിധാനവും എല്ലാം ഉണ്ട്. കഴിഞ്ഞ പത്തു വര്‍ഷത്തെ വരെ background checking കഴിഞ്ഞിട്ടാണ് ഓരോ ജീവനക്കാരനും പ്രോജക്ടില്‍ പ്രവേശിക്കുന്നത്. ഓഫീസില്‍ ഒരു വാതിലില്‍ ഒരു സമയം ഒരാള്‍ക്ക്‌ മാത്രമേ തന്റെ കാര്‍ഡ്‌ ഉപയോഗിച്ച് കയറാന്‍ പറ്റൂ. ഒരാള്‍ കാര്‍ഡ്‌ swipe ചെയ്തതിനു ശേഷം അയാളുടെ വാലില്‍ തൂങ്ങി വേറൊരാള്‍ കയറുന്നത് തടയാന്‍ Turn Style മിക്കയിടത്തും സ്ഥാപിച്ചിട്ടുണ്ട്.


ക്യാമറ ഉള്ള മൊബൈല്‍ ഫോണുകള്‍, മെമ്മറി ഉപകരണങ്ങള്‍, ക്യാമറ തുടങ്ങി ഒരുവിധമുള്ള ഒരു സാധനവും അകത്തു കൊണ്ട് പോകാന്‍ പറ്റില്ല. എന്തിനേറെ പറയുന്നു. ഒരിക്കല്‍ ഒരു ബിസ്ലേരി ബോട്ടില്‍ അകത്തേക്ക് കൊണ്ട് പോയ എന്നെ തടഞ്ഞു നിര്‍ത്തി അതിന്റെ ലേബല്‍ ഇളക്കി മാറ്റിയിട്ടാണ് സെക്യൂരിറ്റി അകത്തേയ്ക്ക് വിട്ടത്. അത്രയ്ക്ക് പ്രാധാന്യമാണ് ഡേറ്റായ്ക്ക് ഉള്ളത്. നമ്മുടെ ഇവിടത്തെ വിഷയം വിവര സുരക്ഷയാണ്.. അല്ലാതെ ടെണ്ടറിലെ വില വ്യത്യാസമല്ല. 

2012, ഫെബ്രുവരി 21, ചൊവ്വാഴ്ച

ജെയിംസ്‌ ബോണ്ടന്റെ ഒരു ദിവസം .. കഷ്ട കാലം വരുമ്പോള്‍
     പത്തു മണിയായല്ലോ കര്‍ത്താവേ .. ഒന്‍പതു മണിക്ക് ഓഫീസില്‍ കയറിയില്ലെങ്കില്‍ ആബ്സന്റ് മാര്‍ക്ക്‌ ചെയ്യുമെന്നാണ് മാഡം ക്യൂ പറഞ്ഞിരിക്കുന്നത്. അവരെ ക്യൂ എന്നല്ല വിളിക്കേണ്ടത് .. എട്ടു മണിയുടെ ബസ്‌ മിസ്സായാല്‍ എട്ടിന്റെ പണി കിട്ടും. ഒരു വിധത്തില്‍ ഒന്‍പതിന് തന്നെ എത്തിപ്പറ്റി. ബോണ്ട്‌ ഇന്‍ എന്ന ബോര്‍ഡ്‌ ഓണ്‍ ചെയ്തിട്ട് മുറിയില്‍ കയറി ഇരുന്നു. ഇന്ന് എന്തെങ്കിലും പണി കാണുമോ എന്തോ. സാമ്പത്തിക മാന്ദ്യം തുടങ്ങിയേ പിന്നെ മുകളിലുള്ളവരുടെ ഓര്‍ഡര്‍ ഇല്ലാതെ ഒരു പ്രശ്നത്തിലും കയറി ഇടപെടരുതെന്ന് പറഞ്ഞിട്ടുണ്ട്. കാശ് കിട്ടുന്ന പണി ചെയ്‌താല്‍ മതി പോലും. ഇങ്ങനെ പോയാല്‍ വെറുതെയിരുന്നു വെറുതെയിരുന്നു ഇത്രയും കാലം കൊണ്ട് ഉണ്ടാക്കിയ സകല പേരും കളയുമെന്നാ തോന്നുന്നത്. മെയില്‍ തുറന്നു നോക്കട്ടെ. ഓഹോ. ഇന്നും കൊക്ക കോള ലോട്ടറി അടിച്ചിട്ടുണ്ട്. ഇവന്മാര്‍ക്ക് ഇത് നിര്‍ത്താറായില്ലേ ? ഒരിക്കല്‍ ഇതിനു മറുപടി അയച്ചു പി എഫില്‍ നിന്ന് ലോണ്‍ എടുത്തു വച്ചിരുന്ന മൂന്നു ലക്ഷം പോയിക്കിട്ടിയതാ. അതിനു ശേഷം ഇത് കണ്ടാലേ പേടിയാണ്. സാക്ഷാല്‍ ബോണ്ടിനെ പറ്റിച്ചതില്‍ സന്തോഷം എന്നൊക്കെ പറഞ്ഞിട്ട് അവന്മാരുടെ സംഘത്തിന്റെ മെയിലും അന്ന് വന്നിരുന്നു. കാശ് പോയതിനേക്കാള്‍ വിഷമമായത് അവന്മാര്‍ക്ക് ആളിനെ പിടികിട്ടിയല്ലോ എന്നോര്‍ത്തപ്പോഴാണ്. ആളെ തിരിച്ചറിയാതിരിക്കാന്‍ വേണ്ടി മുഖത്ത് രണ്ടു ഉണ്ണിയും ഒട്ടിച്ചു വച്ച് താടി ഒക്കെ വച്ചാണ് പോയത്. എന്നിട്ടും ശവികള്‍ കണ്ടുപിടിച്ചു കളഞ്ഞു. എന്തായാലും അത് പോട്ടെ. ആ തട്ടിപ്പില്‍ തല വച്ച് എന്നെങ്ങാനും ഇവിടെ അറിഞ്ഞാല്‍ ഇവിടത്തെ പണി പോകും. കഴിഞ്ഞ തവണ അന്വേഷണത്തിന് പോയപ്പോ റോഡ്‌ സൈഡില്‍ നിന്ന ഒരുത്തിയെ വളയ്ക്കാന്‍ ശ്രമിച്ചിട്ട് ഒടുവില്‍ അവള്‍ പേഴ്സ് അടിച്ചു കൊണ്ട് പോയപ്പോ എന്റെ ഇന്‍ക്രിമെന്റ് കട്ട്‌ ചെയ്ത ചെറ്റകളാണ് ഇവിടെ ഇരിക്കുന്നത്.

    ഇനിയുള്ള കാലം പിടിച്ചു നില്‍ക്കുന്നത് അത്ര എളുപ്പമല്ല എന്നാ തോന്നുന്നത്. മുമ്പൊക്കെ കേസ് തെളിയിക്കാന്‍ വേണ്ടി ഓടിച്ചു നടക്കാന്‍ ഓസ്ടിന്‍ മാര്‍ട്ടിനും ബി എം ഡബ്ല്യുവും ഒക്കെ കിട്ടിയിരുന്നിടത്ത് ഇപ്പൊ ചെലവു ചുരുക്കലിന്റെ പേരും പറഞ്ഞു ഇന്ത്യയില്‍ നിന്നോ മറ്റോ ഇറക്കുമതി ചെയ്യുന്ന അംബാസ്സഡര്‍ കാര്‍ എടുത്തോളാനാണ് പറയുന്നത്. അതവിടെ ഇന്ത്യാക്കാര്‍ക്ക് പോലും വേണ്ടാഞ്ഞിട്ടു കയറ്റി അയക്കുന്നതാണത്രെ. ചിലപ്പോ ശരിയായിരിക്കും. കഴിഞ്ഞാഴ്ച ടി വിയില്‍ സി ഐ ഡി മൂസ എന്നൊരുത്തന്‍ ഇതിനെക്കാള്‍ ബെസ്റ്റ് കാറില്‍ വിലസി നടക്കുന്നത് കണ്ടല്ലോ. വേറൊരു പ്രശ്നം എന്താന്നു വച്ചാല്‍ ഇവന്മാരുടെ ലാബ്‌ അടച്ചു പൂട്ടിയതാണ്. പണ്ടൊക്കെ വാച്ചിലും, സോക്സിലും എന്തിനു അണ്ടര്‍ വെയറില്‍ വരെ ബോംബും റോക്കറ്റും ഒക്കെ പിടിപ്പിച്ചു തരാന്‍ ആളുണ്ടായിരുന്നു. ഇനി എല്ലാം കൈവിട്ട കളിയാണ്. കഴിഞ്ഞ തവണ ഒരു ഓപെറേഷന് പോയപ്പോള്‍ കയ്യിലിരുന്ന മുട്ടന്‍ സ്പൈ ക്യാമറ കണ്ടിട്ട് സഹതാപം തോന്നി ഒരു ഗുണ്ട സ്വന്തം ഷര്‍ട്ടിന്റെ ബട്ടണില്‍ ഒളിച്ചു വച്ചിരുന്ന ഒരു ക്യാമറ അഴിച്ചു തന്നു. എന്നിട്ട് അവന്‍ കരഞ്ഞ കരച്ചില്‍. ഹോ. ഓര്‍ത്താല്‍ നമുക്കും കരച്ചില്‍ വരും. ഒടുവില്‍ അവനെ വെടി വയ്ക്കാതെ വെറുതെ വിട്ടു. ഒന്നുമല്ലെങ്കിലും ഇവിടെയിരിക്കുന്നവരെക്കാള്‍ മനസാക്ഷി ഉണ്ട് അവന്.

     പണ്ടൊക്കെ പെണ്ണുങ്ങളെ കിട്ടാനും ഒരു വിഷമവുമില്ലായിരുന്നു. ബോണ്ട്‌ ഇപ്പൊ പാപ്പര്‍ ആണെന്ന് അവളുമാര്‍ക്കും മനസ്സിലായി. മുമ്പൊക്കെ അവളുമാരുടെ മുന്നില്‍ കൂടി മസിലും പെരുപ്പിച്ചു നടന്നാല്‍ തന്നെ ആരെങ്കിലും വീഴുമായിരുന്നു. പക്ഷെ ഇപ്പൊ അതല്ല സ്ഥിതി. ആറു മാസം മുമ്പ് നടന്ന കാര്യം ഓര്‍ത്താല്‍ തന്നെ തൊലിയുരിയുന്ന പോലെ തോന്നും. ഒരുത്തിയെ രാത്രി റൂമിലേക്ക്‌ പോകാം എന്ന് പറഞ്ഞു വിളിച്ചപ്പോ അവള്‍ പറയുകയാണ്‌. അവിടെ ചെന്നിട്ടു മാര്‍ട്ടിനി വേണം , കലക്കരുത്, ഇളക്കരുത് എന്നൊക്കെ പറഞ്ഞാല്‍ അതിന്റെ പൈസ താന്‍ തന്നെ കൊടുത്തോണം. എന്റെ കയ്യില്‍ പൈസ ഇല്ലെന്നൊക്കെ. ഒന്നോര്‍ത്താല്‍ അവള്‍ പറഞ്ഞതും ശരിയാണ്. മാര്‍ട്ടിനിയും വോഡ്കയും പോയിട്ട് ഒരു പെഗ് ഓ പി ആറോ ഓ സി ആറോ കണ്ട കാലം മറന്നു. സത്യം പറഞ്ഞാല്‍ അന്ന് അവളെ മണിയടിച്ചു ഒരെണ്ണം ഒപ്പിക്കാം എന്ന് വിചാരിച്ചതാ. അല്ലെങ്കിലും കണ്ടക ശനി കൊണ്ടേ പോകൂ. നമ്മുടെ ദാരിദ്ര്യം എല്ലാവരും അറിഞ്ഞു. എന്നിട്ട് അന്ന് ആ തള്ള പറയുന്ന കേട്ടു ബോണ്ടിന്റെ പിക്ക് അപ്പ്‌ ഒക്കെ പോയി, ഇപ്പൊ പെണ്ണുങ്ങളെ വളച്ചു കേസിന് തുമ്പുണ്ടാക്കാന്‍ ഒന്നും അങ്ങേര്‍ക്കു കഴിവില്ല എന്നൊക്കെ. അവര്‍ മിക്കവാറും എന്നെകൊണ്ട്‌ തള്ളയ്ക്കു വിളിപ്പിക്കും എന്നാ തോന്നുന്നത്. ഇങ്ങനെ മാന്യനായി ജീവിചിറ്റൊന്നും ഒരു കാര്യവുമില്ല. കഴിഞ്ഞ തവണ പണിക്കരെ കണ്ടപ്പോ അങ്ങേര്‍ പറഞ്ഞതാ മൂലത്തില്‍ വ്യാഴം നില്‍ക്കുന്നത് കാരണം പണി വരുന്ന വഴി അറിയില്ല എന്നൊക്കെ. എന്തായാലും ഒന്ന് കരുതിയിരിക്കണം.

    വക്കീല്‍ വിളിക്കുന്നുണ്ട്. ഹോ . ഇന്ന് സെഷന്‍സ് കോടതിയില്‍ കേസ് ഉണ്ട്. കഴിഞ്ഞ മാസം ഒരു ഗുണ്ടനെ വെടി വച്ച് കൊന്നതിനാണ്. അവന്റെ കാറ്റ് പോയതിനു ശേഷമാണ് അവന്‍ ഗുണ്ടയല്ല, അവനാണ് വാദി എന്ന് മനസ്സിലായത്‌. അബദ്ധം പറ്റി എന്ന് പറഞ്ഞാല്‍ മതിയല്ലോ. ഇവിടത്തെ കുറെ ചാരന്മാര്‍ പറഞ്ഞത് കേട്ടിട്ടാണ് അവനെ തട്ടിയത്. ഒടുവില്‍ പണി കിട്ടിയപ്പോ അവന്മാര്‍ ആരുമില്ല. എല്ലാം സഹിക്കാന്‍ ബോണ്ടന്റെ ജന്മം ഇനിയും ബാക്കി. ഇളയ കുഞ്ഞിനെ എല്‍ കെ ജിയില്‍ ചേര്‍ക്കേണ്ട സമയമായി. ബോണ്ടിന്റെ കുട്ടിയായത് കൊണ്ട് ആരും അഡ്മിഷന്‍ തരുന്നില്ല. നമ്മുടെ കഷ്ടപ്പാട് എല്ലാവനും അറിഞ്ഞു എന്ന് തോന്നുന്നു.എന്നാലും മനസ്സിലാക്കാത്തവരുണ്ട്‌. ഒരിക്കല്‍ ടി വി കണ്ടു കൊണ്ടിരുന്നപ്പോ ഏതോ ഹിന്ദി സിനിമയില്‍ കയറില്‍ തൂങ്ങിയും തല കുത്തി നിന്നും ഒക്കെ സ്ടണ്ട് നടത്തുന്ന ഒരുത്തനോട്‌ നായകന്‍ ചോദിക്കുന്നത് കേട്ടു നീയാരാടാ ജെയിംസ്‌ ബോണ്ട്‌ ആണോ എന്ന്. അത് കേട്ടിട്ട് സത്യം പറഞ്ഞാല്‍ ചിരിയാണ് വന്നത്. ഇവിടത്തെ സ്ഥിതി അവനറിയില്ലല്ലോ. വെടി വയ്ക്കാനുള്ള ഉണ്ട വരെ ഇപ്പൊ റേഷന്‍ ആണ്. ആറെണ്ണം കിട്ടും. അതില്‍ കൂടുതല്‍ വില്ലന്മാര്‍ വന്നാല്‍ പിന്നെ ഭാര്യക്കും മക്കള്‍ക്കും എല്‍ ഐ സി കിട്ടും എന്ന് സമാധാനിച്ചു കൊണ്ട് കണ്ണടച്ചാല്‍ മതി. വേറെ ഒരു കൊച്ചു പിച്ചാത്തി പോലും ആയുധമായി ഈ തെണ്ടികള്‍ തരൂല. ഇന്ത്യയില്‍ മുഴുവന്‍ ഇപ്പൊ ബോണ്ടിനെ വെല്ലുന്ന ആള്‍ക്കാരാണെന്ന് തോന്നുന്നു. ഇന്നാളൊരിക്കല്‍ ചിട്ടി എന്ന് പറഞ്ഞിട്ടൊരുത്തന്‍ ഒരു പ്രദേശം മുഴുവന്‍ തകര്‍ത്തു തരിപ്പണമാക്കുന്നത് കണ്ടു. അത് കഴിഞ്ഞു രണ്ടു മാസം കഴിഞ്ഞില്ല. വേറൊരുത്തന്‍ റാ വണ്‍ എന്നൊക്കെ പേരിട്ടു വന്നിട്ട് ഇതേ പരിപാടി ചെയ്യുന്നത് കണ്ടു. ഇവന്മാരൊക്കെ ഇങ്ങനെ തുടങ്ങിയാല്‍  ബോണ്ട്‌, സൂപ്പര്‍ മാന്‍ , ഡിങ്കന്‍ എന്നൊക്കെ പറഞ്ഞു നടക്കുന്നവര്‍ എങ്ങനെ ജീവിക്കും എന്ന് ഇവന്മാര്‍ ഓര്‍ക്കണ്ടേ. കണ്ണില്‍ ചോരയില്ലാത്തവന്മാര്‍.


    ഇന്നെങ്കിലും ആറു മണിക്ക് ഇറങ്ങാം എന്ന് കരുതിയതാ. കഴിഞ്ഞ മാസം ഒരു കേസിന്റെ പുറകെ പോയി അവന്മാരുടെ ചവിട്ടു വാങ്ങിച്ചതില്‍ പിന്നെ നടുവിനൊരു പിടിത്തം. കോട്ടക്കലിന്റെ ഒരു ബ്രാഞ്ച് ഇവിടെ അടുതെങ്ങാണ്ടോ ഉണ്ട്. അവിടെ കൊണ്ട് പോയി ഒന്ന് പിഴിച്ചില്‍ നടത്തണം. ഇപ്പോഴാണോര്‍ത്തത് .. കോട്ട് അളക്കാന്‍ കൊടുത്തിരിക്കുകയാണ്. പോകുന്ന വഴിക്ക് അതും വാങ്ങിയെച്ചു ചെല്ലണം. അല്ലെങ്കില്‍ ഏലിയാമ്മ കൈ വയ്ക്കും. എന്തിനാ വെറുതെ എന്നും കുടുംബത്ത് ചെന്ന് വഴക്കുണ്ടാക്കുന്നത്. അപ്പ ശരി. ഇറങ്ങിയെക്കാം.


വാല്‍ക്കഷണം 
ബോണ്ടിന്റെ ഒരു പടത്തിന്റെ റിവ്യൂ.. പണ്ടെഴുതിയത്
 ഞാന്‍ ബോണ്ട്. പൂജ്യം പൂജ്യം ഏഴ്.. ഹല്ലാ പിന്നെ..

2012, ഫെബ്രുവരി 17, വെള്ളിയാഴ്‌ച

ട്രുമാന്‍ ഷോ അഥവാ തത്സമയം ഒരു പെണ്‍കുട്ടി    ജിം കാരി എനിക്ക് അത്രയ്ക്ക് ഇഷ്ടമല്ലാത്ത ഒരു നടനാണ്‌. പുള്ളിയുടെ The Mask, Bruce Almighty, Ace Ventura, Batman forever മുതലായ പടങ്ങളൊക്കെ കണ്ടിട്ടുണ്ടെങ്കിലും ജിമ്മിനെ ഏറെയിഷ്ടമായതും അദ്ദേഹത്തിന്റെ അഭിനയ പാടവം കണ്ടതും ഈ ചിത്രത്തിലാണ്. The Truman Show. സത്യം പറഞ്ഞാല്‍ ഒരു പത്തു തവണയെങ്കിലും ഞാന്‍ ഈ ചിത്രം കണ്ടിട്ടുണ്ട്. എന്നിട്ടും ഇന്നലെ സീ ടി വിയില്‍ ഈ പടം വന്നപ്പോള്‍ ഉറക്കമൊഴിച്ചിരുന്നു കണ്ടതിനു ശേഷമാണ് ഉറങ്ങിയത്.  റിയാലിറ്റി ഷോ എന്നത് മലയാളികള്‍ കേട്ടിട്ട് കൂടിയില്ലാത്ത തൊണ്ണൂറുകളില്‍ ഇറങ്ങിയ ഒരു ചിത്രമാണ് ഇത്. ഇപ്പൊ ഇത് എഴുതാന്‍ കാരണം "തത്സമയം ഒരു പെണ്‍കുട്ടി" എന്ന ചിത്രത്തെ പറ്റി വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകളാണ്. ഹോളിവുഡ് ചിത്രങ്ങള്‍ അടിച്ചു മാറ്റുന്ന എല്ലാവരും പറയുന്ന പോലെ ഇതൊരു വന്‍ സംഭവമാണെന്ന രീതിയില്‍ രാജീവ് സംസാരിക്കുന്നുണ്ട്. പക്ഷെ ട്രൂമാന്‍ ഷോ എന്ന ചിത്രത്തിന്റെ കഥയുമായി "അത്ഭുതകരമായ" സാദൃശ്യം പുലര്‍ത്തുന്ന ഒരു ചിത്രമാണ് രാജീവിന്റെത് എന്നാണു എനിക്ക് തോന്നുന്നത്. അതവിടെ നില്‍ക്കട്ടെ. നമുക്ക് കഥയിലേക്ക്‌ വരാം.

ട്രുമാന്‍ എന്ന നായകന്‍ -


Truman Burbank എന്ന നമ്മുടെ കഥാ നായകനെ അവതരിപ്പിക്കുന്നത്‌ ജിം. രാവിലെ വീട്ടില്‍ നിന്ന് കുളിച്ചു കുട്ടപ്പനായി ഓഫീസിലേയ്ക്ക് പോകുന്ന ട്രൂമാനെ കാണിച്ചു കൊണ്ടാണ് കഥ തുടങ്ങുന്നത്. തെരുവില്‍ കാണുന്നവരോടൊക്കെ തമാശ പറഞ്ഞു വളരെ പ്രസന്ന വദനനായി ജീവിക്കുന്ന ഒരാള്‍ ആണ് ട്രൂമാന്‍. സീ ഹെവന്‍ എന്ന ഒരു മനോഹരമായ ടൌണ്‍ഷിപ്പില്‍ ആണ് അയാള്‍ താമസിക്കുന്നത്. ഒരിക്കല്‍ വിനോദത്തിനു മീന്‍ പിടിക്കാന്‍ അച്ഛനോടൊപ്പം പോയ ട്രൂമാന്‍ ഒരു കൊടുങ്കാറ്റില്‍ വഞ്ചി മറിഞ്ഞു സ്വന്തം മുന്നില്‍ വച്ച് അച്ഛന്‍ മുങ്ങി താഴുന്നത് കാണുന്നു. ആ സംഭവത്തെ തുടര്‍ന്ന് ട്രൂമാന് വെള്ളത്തോട് ഒരു ഭീതി, ഒരു ഫോബിയ പോലെ രൂപപ്പെടുന്നു. 
പക്ഷെ സ്വന്തം ഭാര്യയോടൊപ്പം വളരെ സന്തോഷത്തോടു കൂടി അയാള്‍ ജീവിച്ചു പോന്നു. മുപ്പതു വയസ്സ് വരെ വളരെ സ്മൂത്ത്‌ ആന്‍ഡ്‌ പെര്‍ഫെക്റ്റ്‌ ആയി പൊയ്ക്കൊണ്ടിരുന്ന അയാളുടെ ജീവിതത്തില്‍പെട്ടെന്ന് ഓരോ വിചിത്രമായ സംഭവങ്ങള്‍ ഉണ്ടാവാന്‍ തുടങ്ങുന്നു. തന്റെ ചുറ്റിനും വളരെ കൃത്യതയോടെ ചലിച്ചു കൊണ്ടിരിക്കുന്ന ജീവിതത്തില്‍ ചില ആവര്‍ത്തനങ്ങള്‍ അയാള്‍ ശ്രദ്ധിക്കാന്‍ തുടങ്ങുന്നു. ദിവസവും ഒരേ സ്ഥലത്ത് വച്ച് ഒരേ വേഷത്തില്‍ കാണുന്ന ആള്‍ക്കാര്‍, ഒരേ രീതിയില്‍ നടക്കുന്ന സംഭവങ്ങള്‍, അങ്ങനെ അങ്ങനെ. ഇതിന്റെയെല്ലാം ഉച്ചസ്ഥായിയില്‍ എന്ന പോലെ ഒരിക്കല്‍ കണ്‍ മുന്നില്‍ നിന്ന് കാണാതായ സ്വന്തം അച്ഛനെ ഒരു ഭ്രാന്തനെ പോലെ അയാള്‍ വഴിയില്‍ കണ്ടു മുട്ടുന്നു. പക്ഷെ പെട്ടെന്ന് തന്നെ രണ്ടു പേര്‍ വന്നു ബലമായി പപ്പയെ പിടിച്ചു ഒരു ബസ്സില്‍ കയറ്റിക്കൊണ്ടു പോകുന്നു. അങ്ങനെയങ്ങനെ ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളുമായി ട്രൂമാന്‍ തികഞ്ഞ ആശയ കുഴപ്പത്തിലാകുന്നു.

കൃത്രിമമായ ഒരു ലോകം - 

ഇതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. അത് മറ്റൊന്നുമല്ല ..ട്രൂമാന്‍ താമസിക്കുന്ന സീ ഹെവന്‍ എന്ന ടൌണ്‍ ആണ്. ആ ചെറിയ പട്ടണവും അതിലെ ആള്‍ക്കാരും ചുറ്റിനും ഉള്ള കടലും , ചക്രവാളവും എന്തിനു മഴയും കാറ്റും വെയിലും പോലും കൃത്രിമമാണ്. ലോകത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയ്ക്ക് വേണ്ടി ഉണ്ടാക്കിയ ലോകത്തിലെ ഏറ്റവും വലിയ പടുകൂറ്റന്‍ സെറ്റിലാണ് ട്രൂമാന്റെ ജീവിതം. സെറ്റിലാകെ ഒളിപ്പിച്ചു വച്ചിരിക്കുന്ന ആയിരക്കണക്കിന്  ക്യാമറകള്‍ അയാളെ പിന്തുടരുകയും ഇരുപത്തി നാല് മണിക്കൂറും സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുകയുമാണ്. The truman show എന്ന ലോകത്തിലെ ഏറ്റവും നീളമേറിയ റിയാലിറ്റി ഷോ. ജനനം മുതല്‍ കഴിഞ്ഞ മുപ്പതു വര്‍ഷം വരെയുള്ള അയാളുടെ ജീവിതം പുറം ലോകത്തിലുള്ള എല്ലാവരും കണ്ടു കഴിഞ്ഞു. ഇപ്പോഴും കണ്ടു കൊണ്ടിരിക്കുന്നു. ലോകത്തിലാദ്യമായി ഒരു കോര്‍പ്പറേഷന്‍ ദത്തെടുത്ത ഒരു കുട്ടിയാണ് ട്രുമാന്‍. അന്ന് മുതലുള്ള അയാളുടെ ജീവിതം നിയന്ത്രിക്കുന്നത്‌ ആ ചാനല്‍ ആണ്. അയാളുടെ വികാരങ്ങള്‍, സന്തോഷം, ദുഃഖം എല്ലാം അവര്‍ നിയന്ത്രിക്കുന്നു. ട്രൂമാന്റെ ഓരോ ചെറിയ ചലനം പോലും അവരുടെ ഇഷ്ടത്തിനനുസരിച്ചാണ് നടക്കുന്നത്. ട്രൂമാന്റെ ജീവിതത്തില്‍ നടന്ന/നടക്കുന്ന ഓരോ സംഭവങ്ങളും കെട്ടിച്ചമച്ചതാണ്. അയാളുടെ അച്ഛന്റെ തിരോധാനം വരെ. അത് കൃത്രിമമായി സൃഷ്ടിച്ചു അയാളുടെ യഥാര്‍ത്ഥ വികാരങ്ങള്‍ പുറം ലോകത്തിനു വില്‍ക്കുകയാണ് ചാനല്‍ ചെയ്തു കൊണ്ടിരിക്കുന്നത്. അയാളുടെ ബന്ധുക്കള്‍, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ എന്ന് വേണ്ട അയാള്‍ ജീവിതത്തില്‍ കാണുന്ന ഓരോ ആളും പ്രൊഫെഷണല്‍ നടന്മാരോ നടികളോ ആണ്. ആത്മാര്‍ത്ഥ സുഹൃത്തായി ചാനല്‍ അവതരിപ്പിക്കുന്ന മാര്‍ലന്‍ സഹിതം. സീ ഹെവന്‍ എന്ന കൃതിമ പട്ടണം 


പണി പാളുന്നു -

പക്ഷെ എത്ര പെര്‍ഫെക്റ്റ്‌ ആയിരുന്നാലും ഇതിന്റെ കേന്ദ്രബിന്ദു ഒരു മനുഷ്യന്‍ ആയതു കൊണ്ട് ചാനലിന്റെ തന്ത്രങ്ങള്‍ ഇടയ്ക്ക് പാളുന്നു. ചുറ്റിനും നടക്കുന്ന കാര്യങ്ങളില്‍ വിചിത്രമായ എന്തോ ഉണ്ട് എന്ന് ട്രൂമാന്‍ തിരിച്ചറിയുന്നു. അത് വിദഗ്ധമായി മറയ്ക്കാന്‍ ചാനല്‍ ശ്രമിക്കുന്നുണ്ടെങ്കിലും അത് നൂറു ശതമാനം ഫലവത്താകുന്നില്ല. സീ ഹെവനിലെ ആകാശത്ത് നിന്ന് ഇടയ്ക്ക് ഒരു സ്പോട്ട് ലൈറ്റ് പൊട്ടി വീഴും. അതെന്താണെന്ന് തിരിച്ചറിയാന്‍ കഴിയാതെ നില്‍ക്കുന്ന ട്രൂമാന്‍ കേള്‍ക്കാന്‍ വേണ്ടി അവര്‍ റേഡിയോയില്‍ കൂടി ഒരു വിമാനം ക്രാഷ് ലാന്‍ഡ്‌ ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്... അതിന്റെ ഭാഗങ്ങള്‍ പൊട്ടി വീഴാനിടയുണ്ട് സൂക്ഷിക്കുക എന്നൊക്കെ വാര്‍ത്ത‍ കേള്‍പ്പിക്കുന്നു. അത് പോലെ തന്നെ ഫിജി സന്ദര്‍ശിക്കാന്‍ പ്ലാന്‍ ചെയ്യുന്ന ട്രൂമാന്റെ പ്ലാന്‍ പൊളിക്കാന്‍ വേണ്ടി ചാനല്‍ അയാളുടെ മുന്നില്‍ പ്ലാന്‍ ചെയ്ത ഒരു പാട് തടസ്സങ്ങള്‍ സൃഷ്ടിക്കുന്നു. ട്രൂമാന്റെ സുഹൃത്ത്‌  ആയി വരാന്‍ വേണ്ടി ഒരു കഥാപാത്രത്തെ ചാനല്‍ സൃഷ്ടിക്കുന്നുണ്ടെങ്കിലും ആ നടിക്ക് അയാളോട് പ്രണയം തോന്നുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാവുന്നു. ചുറ്റിനും നടക്കുന്ന കാര്യങ്ങളുടെ നിജ സ്ഥിതി അയാളോട് തുറന്നു പറയാന്‍ ശ്രമിക്കുന്ന നടിയെ അവര്‍ വിദഗ്ധമായി നീക്കം ചെയ്യുന്നു. 

Product Placement -
ഒരാളുടെ നിത്യ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങളില്‍ എങ്ങനെ പരസ്യം തിരുകി കയറ്റാം എന്ന്  ചിത്രം നമുക്ക് കാട്ടി തരുന്നു. ഉദാഹരണത്തിന് ചില രംഗങ്ങള്‍.. മെരില്‍  ഷോപ്പിംഗ്‌ കഴിഞ്ഞു തിരികെ വന്നിട്ട് ഇന്ന് എന്തൊക്കെ വാങ്ങി എന്ന് പറയുന്ന സീനുകള്‍. ഒരു സോപ്പ് അല്ലെങ്കില്‍ ഡിറ്റര്‍ജന്റ്റ് വാങ്ങി എന്ന് വെറുതെ പറയുകയല്ല അതിന്റെ ഗുണഗണങ്ങള്‍ വര്‍ണിക്കുകയും ചെയ്യുന്നുണ്ട് അവള്‍. മാര്‍ലോനുമായി സായാഹ്നം ചെലവിടുന്ന സീനില്‍ മര്‍ലോണ്‍ ഒരു ബിയര്‍ പൊട്ടിക്കുന്നുണ്ട്. എന്നിട്ട് ആരോടെന്നില്ലാതെ പറയും... ഇതാണ് മോനെ ബിയര്‍ എന്ന്. 
ട്രുമന്‍ വഴിയില്‍ വച്ച് കണ്ടു മുട്ടുന്ന രണ്ടു പേര്‍ അയാളെ ഒരു പരസ്യ ബോര്‍ഡിന്‍റെ മുന്നിലേക്ക്‌ വലിച്ചു നിര്‍ത്തി വെറുതെ സുഖ വിവരം അന്വേഷിക്കുന്ന സീനുകള്‍. അങ്ങനെയങ്ങനെ വിദഗ്ധമായി ഇഴുകി ചേര്‍ത്ത പരസ്യങ്ങള്‍ നിറഞ്ഞ ഒന്നാണ് ട്രൂമാന്റെ ജീവിതം.

പുറം ലോകത്തിലേയ്ക്ക് -

ഒരു ദിവസം തന്നെ വിടാതെ പിന്തുടരുന്ന ക്യാമറകളെ പറ്റിച്ചു കൊണ്ട് ട്രൂമാന്‍ നിലവറയില്‍ ഒളിക്കുന്നു. ട്രൂമാനെ കാണാന്‍ ഇല്ലാത്തതുകൊണ്ട് പരിപാടി അതിന്റെ ചരിത്രത്തിലാദ്യമായി നിര്‍ത്തി വയ്ക്കപ്പെടുന്നു. പരിപാടിയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന എല്ലാവരും ട്രൂമാനെ തിരഞ്ഞു പുറപ്പെടുന്നു. ഒരിടത്തും അയാള്‍ ഇല്ല. ഒടുവില്‍ അവര്‍ സെറ്റില്‍ പിടിപ്പിച്ചിരിക്കുന്ന ആയിരക്കണക്കിന് വിളക്കുകള്‍ ഉപയോഗിച്ച് ( രാത്രിയും പകലും വരെ ചാനല്‍ ആണ് നിയന്ത്രിക്കുന്നത്‌. ലൈറ്റ് ഓഫ്‌ ആക്കുമ്പോഴാണ് സീ ഹേവനില്‍ രാത്രിയാകുന്നത് ) അവര്‍ തിരച്ചില്‍ തുടങ്ങുന്നു. തന്റെ ഫോബിയയെ അതി ജീവിച്ചു ഒരു ബോട്ടില്‍ ചക്രവാളം ലക്ഷ്യമാക്കി തുഴഞ്ഞു     കൊണ്ടിരിക്കുന്ന ട്രൂമാനെ അവര്‍ കണ്ടുപിടിക്കുന്നു. ഒപ്പം തന്നെ പരിപാടിയും പുനരാരംഭിക്കുന്നു. 
രക്ഷപെടാനുള്ള ട്രൂമാന്റെ ശ്രമം കണ്ടു കോപാകുലനായ സംവിധായകന്‍ ക്രിസ്റൊഫ് ഒരു കൊടുംകാറ്റു സൃഷ്ടിച്ചു ട്രൂമാന്റെ ബോട്ട് മറിക്കാന്‍ ഉത്തരവിടുന്നു. പരിപാടി കണ്ടു കൊണ്ടിരിക്കുന്ന ലക്ഷക്കണക്കിന്‌ പ്രേക്ഷകരുടെ മുന്നില്‍ വച്ച് ട്രൂമാനെ കൊല്ലാനുള്ള നീക്കത്തെ എല്ലാവരും എതിര്‍ക്കുന്നതിനെ തുടര്‍ന്ന് ആ ഉത്തരവ് പിന്‍വലിക്കേണ്ടി വരുന്നു അവര്‍ക്ക്. എങ്ങനെയും വേറൊരു ലോകത്തെത്തണമെന്ന നിശ്ചയദാര്‍ട്യവുമായി തുഴയുന്ന ട്രൂമാന്റെ ബോട്ട് ഒടുവില്‍ ചക്രവാളത്തെ സ്പര്‍ശിക്കുന്നു. സ്പര്‍ശിക്കുന്നു എന്ന് പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ ആണ്. ആ പടുകൂറ്റന്‍ സെറ്റിന്റെ അതിര്‍ത്തിയാണ് അത്. ആ ബോട്ടിന്റെ മുനമ്പ്‌ പെയിന്റ് ചെയ്തു വച്ചിരിക്കുന്ന ചക്രവാളത്തെ കീറി മുറിച്ചു. അത്ഭുത പരതന്ത്രനായ ട്രൂമാന്‍ മുകളിലേക്ക് പോകുന്ന ഒരു കൂട്ടം പടിക്കെട്ടുകള്‍ കാണുന്നു. പുറത്തേയ്ക്ക് എന്നൊരു തലക്കെട്ടും അവിടെയുണ്ട്. അപ്പോഴേയ്ക്കും എല്ലാം മനസ്സിലായ ട്രൂമാന്‍ തന്നെ നിരീക്ഷിക്കുന്ന ക്യാമറകളോടും അവിടം വിട്ടു പോകാന്‍ ഉപദേശിച്ചു കൊണ്ടിരിക്കുന്ന ക്രിസ്റൊഫിനോടും ചിരിച്ചു കൊണ്ട് വിട പറഞ്ഞിട്ട് (In case I don't see you ... good afternoon, good evening, and good night - വളരെ പ്രശസ്തമായ വരികള്‍ ആണ് ഇത് )  ആ പടികള്‍ കയറി പുറം ലോകത്ത് തന്നെ കാത്തു നില്‍ക്കുന്ന ആയിരങ്ങളുടെ അടുത്തേയ്ക്ക് മറയുന്നു. 

ചക്രവാളത്തിന്റെ മുനമ്പില്‍ 

പുറം ലോകത്തേയ്ക്ക് 
എല്ലാവര്‍ക്കും നന്ദി. വളരെ പ്രശസ്തമായ ക്ലൈമാക്സ്‌ സീന്‍ 

Truman Show നല്‍കുന്ന പാഠങ്ങള്‍ -

വെറും ഒരു വിനോദ ചിത്രം എന്നതിലുപരി നമ്മുടെ മനസാക്ഷിയോട് ഒരുപാടു ചോദ്യങ്ങള്‍ ചോദിക്കുന്ന ഒരു ചിത്രമാണ് ഇത്. ട്രൂമാന്‍ എന്ന ഒരു മനുഷ്യനെ മുന്നില്‍ നിര്‍ത്തി ചാനല്‍ കാണിക്കുന്ന അതെ വിദ്യകള്‍ തന്നെയല്ലേ നമ്മുടെ ചാനലുകളും പ്രേക്ഷകരെ പറ്റിക്കാന്‍ ചെയ്യുന്നത്. ഐഡിയ സ്റാര്‍ സിംഗറിലും മറ്റും നമ്മള്‍ കാണാറുള്ള കണ്ണീര്‍ പ്രയോഗങ്ങള്‍ എങ്ങനെ ഉണ്ടായി എന്ന് ഈ ചിത്രം കണ്ടാല്‍ പിടി കിട്ടും. കച്ചവടത്തിലൂന്നിയ ഈ ലോകത്തില്‍ മനുഷ്യന്റെ നൈസര്‍ഗിക വികാരങ്ങളോളം കച്ചവടമൂല്യമുള്ള വേറെന്താണ് ഉള്ളത് അല്ലെ ?

തത്സമയം ഒരു പെണ്‍കുട്ടി എന്താണ് പറയാന്‍ ഉദ്ദേശിക്കുന്നതെന്ന് ഒരു ചെറിയ ഹിന്റ് കിട്ടിയില്ലേ  ? ഇനി നമുക്ക് കാത്തിരുന്നു കാണാം 

2012, ഫെബ്രുവരി 13, തിങ്കളാഴ്‌ച

ഓരോരോ ആഗ്രഹങ്ങളേ .- ചില മാട്രിമോണി ചിന്തകള്‍
     കുറച്ചു കാലമായി പെണ്ണ് കിട്ടാതെ കണ്ട മാട്രിമോണി സൈറ്റുകളില്‍ കിടന്നു ചുറ്റിത്തിരിയാന്‍ തുടങ്ങിയിട്ട്. കുജന്‍ മൂലത്തിലും ശനി ഗുരുവായിട്ടും ഒക്കെ നില്‍ക്കുന്നത് കൊണ്ട് ഒന്നും ഒരു കരയ്ക്കടുക്കുന്നില്ല. എന്തായാലും അതുകൊണ്ട് ഒരു ഗുണമുണ്ടായി. കുറെ പാഠങ്ങള്‍ പഠിച്ചു. സത്യം പറഞ്ഞാല്‍ ഈ  മാട്രിമോണി സൈറ്റ് ഒരു സര്‍വകലാശാലയാണ്. ശ്രീ ബുദ്ധന്‍ പണ്ട് പറഞ്ഞിട്ടില്ലേ ആഗ്രഹങ്ങളാണ് എല്ലാവരുടെയും ഏറ്റവും വലിയ വെല്ലുവിളിയെന്ന്. ഈ സൈറ്റില്‍ പലരും ഇട്ടിരിക്കുന്ന partner preference വായിച്ചു കഴിഞ്ഞാല്‍ ഇത് നിങ്ങള്‍ക്ക് മനസ്സിലാവും. ഇക്കാര്യത്തില്‍ ആണുങ്ങളും പെണ്ണുങ്ങളും തമ്മില്‍ ആനയും ആടും തമ്മിലുള്ള വ്യത്യാസമുണ്ട്. പെണ്‍ പിള്ളേരുടെ  പ്രൊഫൈലില്‍ കോമണ്‍ ആയി ഏറ്റവും കൂടുതല്‍ കാണുന്നത് caring  ആയ ഒരു ഭര്‍ത്താവിനെ വേണം എന്നാണ്. എന്നാല്‍ വേറെ ചിലര്‍ക്ക് കാണാന്‍ കൊള്ളാവുന്ന അത്യാവശ്യം വിദ്യാഭ്യാസമുള്ള ഒരു ഭര്‍ത്താവിനെ കിട്ടിയാല്‍ മതിയെന്നാണ്. caring ന്റെ കാര്യത്തില്‍ അവരും മോശമല്ല. അത് മസ്റ്റ്‌ ആണ്. മേല്പറഞ്ഞ പോലെ ചെറിയ പ്രായമുള്ളവരുടെ preference list വളരെ നീണ്ടതായിരിക്കും. അതായതു അത്യാവശ്യം പാടുകയും ഡാന്‍സ് ചെയ്യുകയും എന്നാല്‍ നല്ല വിദ്യാഭ്യാസവും ജോലിയും ഉള്ള പെണ്‍കുട്ടി വേണം, കള്ള് കുടിക്കാത്ത, സ്വന്തമായി വീടും ഉഗ്രന്‍ ജോലിയും ഒക്കെ ഉള്ള പയ്യന്‍ വേണം .. എന്നിങ്ങനെ..പക്ഷെ പ്രായം മൂക്കുംതോറും അത് ചെറുതായി ചെറുതായി വരും. ഒടുവില്‍ ആണിന്റെയോ പെണ്ണിന്റെയോ ഷേപ്പിലുള്ള ആരെയെങ്കിലും കിട്ടിയാല്‍ മതി എന്നാവും. അത് പോലെ തന്നെ രസകരമായ വേറൊരു സംഗതി അവനവനെ പറ്റി എഴുതി പിടിപ്പിച്ചിരിക്കുന്നതാണ്. താന്‍ ഒരു സംഭവമാണെന്ന് അവകാശപ്പെടുന്നവര്‍ തുടങ്ങി നമ്മുടെ ബ്ലോഗര്‍മാര്‍ എഴുതുന്ന പോലെ താന്‍ വെറും ഒരു പാവമാണെന്ന് സ്വയം അടിച്ചു വിടുന്നവരും ഉണ്ട്. അങ്ങനെയങ്ങനെ മാട്രിമോണി സൈറ്റുകളിലൂടെ ഒരു ഭ്രാന്തനെ പോലെ അലഞ്ഞു തിരിഞ്ഞു നടന്ന ഉസ്താദ് തീസ് മാര്‍ ഖാന്റെ അനുഭവങ്ങളിലൂടെ ഒരു യാത്ര...


( മൂത്ത് നരച്ചിട്ടും , ആഞ്ഞു ശ്രമിച്ചിട്ടും കല്യാണം നടക്കാത്തത്തിലുള്ള നിരാശ കൊണ്ട് ഞാന്‍ എഴുതുന്നതാണെന്ന് ആരെങ്കിലും പറഞ്ഞു നടന്നാല്‍ അവര്‍ക്ക് എട്ടിന്റെ പണി തരും എന്ന് കൂടി പറഞ്ഞു കൊള്ളട്ടെ.. )


രസകരമായ  ചില സ്വയം പൊക്കലുകള്‍ ( S.P. എന്ന് ചുരുക്കി പറയും )

She is God fearing, down to earth and very calm in nature, with good sense of humor and is searching for a loving and caring life partner
- ഇത് വളരെ കോമണ്‍ ആയ ഒരു പ്രയോഗമാണ്. 

Confident & Independent- fun loving & warm hearted...
- വളരെ ചുരുക്കി കാര്യം പറഞ്ഞു അല്ലേ ?

I am god fearing person, and a great believer in destiny. Very much independent and confident 
- നേരത്തെ പറഞ്ഞ പോലെ തന്നെ..

She is a loving and caring person and has great value for family relationships.
- കുടുംബ സ്ത്രീ 
She is intelligent, smart and good looking. She was brought up in a loving and caring environment, with good living standards., and family values.
- സൗന്ദര്യവും ബുദ്ധിയും എല്ലാം തികഞ്ഞ കുടുംബത്തില്‍ പിറന്ന പെണ്ണ്. good living standards എന്ന് പറഞ്ഞിരിക്കുന്നത് എന്തിനാണെന്നറിയാമോ ? തിരിച്ചു പ്രതീക്ഷിക്കുന്നതും അതൊക്കെത്തന്നെയാണ് എന്ന് .

I am smart, confident and ambitious. Others say that I am self reliant, independent and able to take decisions. I wish to work after marriage also. I am looking for a partner who is caring, loving, matured and gives importance to relationships.
 - പുള്ളിക്കാരി പറയണ കണ്ടാ.. തന്റെ കാര്യം സ്വയം നോക്കാന്‍ കഴിവുള്ള ഒരാളാണ് താന്‍ എന്ന് സ്വയം അവകാശപ്പെടുകയാണ് ചേച്ചി.

I am a simple girl with not too many expectations of life and the guy I marry. I take life and relationships seriously, but take time to enjoy things around me. Looking for a guy with a strong value system and who will walk with me through the journey of life..
- എല്ലാം നല്ലത് പോലെയൊക്കെ നടക്കുമെന്ന് വലിയ പ്രതീക്ഷയൊന്നുമില്ലാത്തയാളാണ് പുള്ളിക്കാരി. തന്നെ നേരായ വഴിക്ക് നടത്തുന്ന ഒരാളെ ആണ് പ്രതീക്ഷിക്കുന്നത് 


Hi, I am a simple and honest person who searches for happiness in the little things in life. I have lived in Delhi with my parents since childhood and am currently working in Shimla. My father, a doctor is retired from govt. service and my mother is a retd central govt employee. Regarding my education, I am an MBBS graduate and an MBA post grad. from one of the top Business schools in India. An ardent follower of the expression ‘live & let live’, I don’t judge others. I enjoy watching movies & travel channels, reading novels, playing online games, and spending time with friends. Am looking for a partner who is well-educated, understanding in nature and who will be a good friend to share the ups and downs in life.

Thanks for stopping by & good luck in your partner search :)
- എങ്ങനെയുണ്ട് ? ചിരിക്കണ്ട.. അടുത്തത് വായിച്ചു നോക്കൂ.


    Iam a smart, confident and down-to-earth person who loves to decipher the poetry in life and nature. Not exactly an introvert, yet not a full-fledged extrovert! I can proudly say that I have a great sense of humour (No exaggeration, trust me!) and manage to see the lighter side of life. Books are the love of my life, with a capability to read on and on and on. In short Literature interests me apart from music and nature. I love animals. As of now, my work occupies the major portion of my life. 


Well, regarding my partner expectations...... what do I say? Iam a thorough romantic at heart expecting a fairytale prince to come by and sweep me off my feet :). Anyways, if am to employ a more practical outlook, I would like a very down to earth guy who values emotions and does not fear to express them when required. his confidence and his sense of humour should be the reason for the relationship to work. However cliche it might sound, am looking for somebody with whom my wavelength matches, with whom I can spend long long hours without realising when minutes became hours, hours became days and days became months... With whom I can look forward to an exciting and humorous conversation. looking for that best friend I have been missing all my life!

Would prefer somebody working in US. 


I know, if u have stumbled upon my profile, definitely you are searching for your soulmate too....... :) So, Wish u All the Best !!!


- കലക്കി. പക്ഷെ ഇത് പോലുള്ള ഒരു ആണിനെ കിട്ടാന്‍ പ്രയാസമായിരിക്കും. പണി കിട്ടാതിരുന്നാല്‍ കൊള്ളാം. 


Hi..Tough job to define yourself because usually people judge you on their own experience but still what i feel about myself can explain. I am a girl who want to live every moment of my life,Self dependent.Very close to my family.Will expect the person who will come in my life to respect my family and he can expect the same from me. I am self dependent girl and dont want to entertain dowry.So people who expects dowry I request them to excuse us.

- ഇതും ഏകദേശം അതുപോലെയൊക്കെ തന്നെ 

About my daughter, She spend her childhood in Saudi Arabia and later completed her schooling in a central syllabus school. she is a frank outgoing person. she loves reading, listening to music and hanging out with friends... she can adapt easily to any kind of atmosphere. she also loves travelling to different places and taking long walks.. she is modern yet holds on to the traditional values imbibed from within the family...

-  ഈ outgoing എന്ന് വച്ചാല്‍ എന്താണോ ആവോ. പുറത്തൊക്കെ കറങ്ങി നടക്കുന്നത് എന്നാണാവോ ? outspoken എന്ന് പറഞ്ഞിരുന്നേല്‍ ആനക്കാട്ടില്‍ ഈപ്പച്ചന്‍ ചേട്ടനോട് ചോദിക്കാമായിരുന്നു. ഹി ഹി 

ഇനി..വരനെ പറ്റിയുള്ള expectations -

പയ്യന്‍ എന്തായാലും loving & caring ആയിരിക്കണം എന്നുള്ളത് must ആണ്. humour sense വേണമെന്നും ചിലര്‍ക്ക് ആഗ്രഹമുണ്ട്. തമാശയൊക്കെ പറഞ്ഞിരിക്കാനായിരിക്കും. പക്ഷെ ഇതൊന്നും അത് കൊണ്ട് നില്‍ക്കുന്നില്ല. ചിലരുടെയൊക്കെ അക്രമ ആഗ്രഹങ്ങള്‍ ഒന്ന് വായിച്ചു നോക്കാം. 

We are looking for a well natured and educated boy from a good family preferably Thrissur and Ernakulam
- ഇത് വടക്കോട്ടുള്ള കുട്ടികളുടെ സ്ഥിരം വാചകം ആണ്. തെക്കോട്ട്‌ പോയി കല്യാണം കഴിക്കാന്‍ അവര്‍ക്ക് പേടിയാണ്. എന്ത് ചെയ്യുമെന്ന് പറ. തെക്കുള്ളവര്‍ എന്ത് ചെയ്യും The boy should have CHOVA DOSHAM in 7th or 8th house, as she have CHOVA in 7th house. The boy should also hail from a good traditional family. Boys working in Chennai, Dubai or UK are more preferred
- ജാതക പ്രശ്നത്തില്‍ വീണു പോയ ഏതോ ഒരു പാവമാണ്. പക്ഷെ എങ്കിലും പുള്ളിക്കാരി ബാക്കി ആവശ്യങ്ങള്‍ ഒന്നും വിട്ടു പിടിക്കുന്നില്ല. ചെന്നയിലോ ദുബായിലോ യൂ കെയിലോ ഉള്ള ഒരു ചൊവ്വ ദോഷക്കാരനെ ആണ് പുള്ളിക്കാരി നോക്കുന്നത്.


Bharani, chitira, pooram pooyam, uthratathi, anizham, these stars won't match
- ഒറ്റ വരി. അതായതു നക്ഷത്രം ചേരാത്തത് കൊണ്ട് നക്ഷത്രമെണ്ണിയ ആരോ ഇട്ടതാണ് 

Should be having good culture, and should be from a good family. A person with good humour sense and simplicity is preferred. Should be having a permanent job. A minimum height of 170cms is expected.
- പട്ടാളത്തില്‍ ആളിനെ എടുക്കുന്നത് പോലെ.. ഹി ഹി


ഇങ്ങനെ പോകുന്നു കഥ. ഇതില്‍ പറഞ്ഞിരിക്കുന്ന പല സംഗതികളും യഥാര്‍ത്ഥ പ്രൊഫൈലുകളില്‍ നിന്നെടുതിട്ടുള്ളതാണ്. എഡിറ്റ്‌ ചെയ്തിട്ടുണ്ടെന്ന് മാത്രം. ഇത് ആരെയും കളിയാക്കാനോ ഒന്നും ചെയ്തതല്ല. രസകരമായ ചില സംഭവങ്ങള്‍ പങ്കു വച്ചു എന്ന് മാത്രം. 
ഇങ്ങനെ ഒക്കെ നിബന്ധനകള്‍ വച്ചിട്ടുള്ളത് കൊണ്ടല്ല പലപ്പോഴും ഒരാളുടെ വിവാഹം സമയത്ത് നടക്കാത്തത്. അതിനു മറ്റനേകം ഘടകങ്ങളും യോജിക്കണം. അതുകൊണ്ട് ഇത് ഒരു തമാശയായി മാത്രം കണ്ടാല്‍ മതി. ഇത്  പെണ്‍കുട്ടികളുടെ മാത്രം പ്രോഫിലുകള്‍ ആണ് ചര്‍ച്ച ചെയ്തിട്ടുള്ളത്. ആണുങ്ങളുടേതു പിന്നെ വരും. അതുകൊണ്ട് വേണ്ടത് പെട്ടെന്ന് ചെയ്തോ. 

വാലറ്റം -
ഇനി ഏറ്റവും വലിയ തമാശ.. നമ്മള്‍ ഫ്ലിപ്പ് കാര്‍ട്ടിലും ഈ ബേയിലും ഒക്കെ ഷോപ്പ് ചെയ്യുമ്പോ ഒരു വശത്തായി പരസ്യം കാണിക്കുന്നത് കണ്ടിട്ടില്ലേ ? താഴെ ശ്രദ്ധിക്കൂ..ഇനി ഇത് കണ്ടിട്ട് സ്ത്രീ ഒരു വില്പന ചരക്കാണെന്നും പറഞ്ഞു ഏതെങ്കിലും ഫെമിനിസ്റ്റുകള്‍ വന്നു എന്റെ കുത്തിനു പിടിക്കുമോ എന്തോ. അങ്കിള്‍ ഐ ആം ദി സോറി. 

2012, ഫെബ്രുവരി 7, ചൊവ്വാഴ്ച

കിളിരൂരും സൂര്യനെല്ലിയും - ആരാണ് പീഡിപ്പിക്കപ്പെട്ടത് ?

     


      ഇന്നലെ വന്ന കിളിരൂര്‍ കേസ് വിധി മാത്രമല്ല ഈ പോസ്റ്റ്‌ എഴുതാന്‍ പ്രേരിപ്പിച്ചത്. മറിച്ചു പത്രത്തില്‍ കണ്ട വേറൊരു വാര്‍ത്തയാണ്. മുന്‍പ് വാര്‍ത്തകളിലെ താരമായിരുന്ന സൂര്യനെല്ലി പെണ്‍ വാണിഭ കേസിലെ പെണ്‍കുട്ടി രണ്ടേ കാല്‍ ലക്ഷം രൂപയോളം വരുന്ന ഒരു തിരിമറി കേസില്‍ അറസ്റ്റിലായി എന്ന വാര്‍ത്ത. 2010-11 കാലയളവില്‍ ചങ്ങനാശേരി സെയില്‍സ് ടാക്സ് ഓഫീസില്‍ ജോലി ചെയ്യവേയാണ് തിരിമറി നടത്തിയത്. സെയില്‍സ് ടാക്സ് ഓഫീസില്‍ നടത്തിയ ഓഡിറ്റിലാണ് തിരിമറി കണ്ടെത്തിയത്. തിരിമറി കണ്ടെത്തിയതിനെ തുടര്‍ന്ന്‌ തുക തിരിച്ചടച്ചിരുന്നു. എന്നാല്‍ കേസ് നിലനില്‍ക്കുന്നുണ്ടെന്ന് കാണിച്ചാണ് അറസ്റ്റ്. 

     ഈയടുത്ത് വന്നുകൊണ്ടിരുന്ന വാര്‍ത്തകളില്‍ എല്ലാം ഈ പെണ്‍ വാണിഭ കേസിലെ നായികമാരെ പാവങ്ങളായും അവരെ 'പീഡിപ്പിച്ച' ആണുങ്ങള്‍ എല്ലാം മൃഗങ്ങള്‍ ആണെന്നും മട്ടിലാണ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്‌. ഇവരെപറ്റി വളരെയധികം വായിച്ചിട്ടുണ്ടെങ്കിലും ഒരിക്കല്‍ പോലും രക്ഷപെടാന്‍ പറ്റാത്ത രീതിയില്‍ ഉള്ള ഒരു അന്തരീക്ഷത്തില്‍ അകപ്പെട്ടു വേറെ വഴിയില്ലാതെ പീഡനത്തിന് വഴങ്ങി കൊടുക്കേണ്ടി വന്നിട്ടുള്ള പച്ചപാവങ്ങള്‍ ആയി ഇവരെ കാണാന്‍ സത്യം പറഞ്ഞാല്‍ എനിക്ക് കഴിഞ്ഞിട്ടില്ല. അത് ചിലപ്പോള്‍ എന്റെ ക്രൂരമായ മനസ്സായിരിക്കും. പക്ഷെ യുക്തിപരമായി ചിന്തിച്ചാല്‍ ആ പെണ്‍കുട്ടികളുടെ ഭാഗത്തും തെറ്റില്ലേ ? ഏതു പ്രലോഭനത്തിലും വീണു പോയി തെറ്റുകള്‍ക്ക് മൌന സമ്മതം നല്‍കുന്നവരും തെറ്റുകാരല്ലേ ? അതില്‍ ഒരു വിഭാഗത്തെ മാത്രം പ്രതി കൂട്ടില്‍ നിര്‍ത്തുന്നതില്‍ എന്താണര്‍ത്ഥം ? ഞാന്‍ പീഡിപ്പിച്ചവരെ ന്യായീകരിക്കുകയല്ല. പക്ഷെ യഥാര്‍ത്ഥത്തില്‍ തെറ്റ് ചെയ്തത് ആരാണ് ? കേരളത്തില്‍ റിപ്പോര്‍ട്ട്‌ ചെയ്ത മിക്ക വാണിഭ കേസുകളിലും ശ്രദ്ധിച്ചാലറിയാം. സീരിയലില്‍ അഭിനയിക്കുക, പണം സമ്പാദിക്കുക, ആഭരണങ്ങള്‍ സമ്പാദിക്കുക മുതലായ ആഗ്രഹങ്ങളില്‍ വീണു പോയവര്‍ തന്നെയാണ് മിക്കതിലെയും നായികമാര്‍. ഈയടുത്ത കാലത്ത് വന്ന ഒരു വാര്‍ത്ത‍ എല്ലാവരും കണ്ടിട്ടുണ്ടാവും. സീരിയല്‍ നായിക നടി ആയിരുന്ന പ്രിയങ്കയുടെ മരണ വാര്‍ത്ത‍ . ടെലി ഫിലിം സംവിധായകനായ ഒരാളുടെ 'ചൂണ്ടയില്‍' കുരുങ്ങി ഒടുവില്‍ ആത്മഹത്യ ചെയ്യേണ്ടി വന്ന ഒരു നടി. മരിക്കുമ്പോള്‍ പ്രിയങ്ക രണ്ടു മാസം ഗര്‍ഭിണി ആയിരുന്നുവെന്നാണ് പത്ര വാര്‍ത്തകള്‍. റഹിം പ്രിയങ്കയെ വഞ്ചിക്കുകയും ഉപേക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്തു എന്നൊക്കെ പറഞ്ഞു പ്രിയങ്കയുടെ അമ്മയുടെ പതം പറച്ചിലുകള്‍ വാര്‍ത്താ പ്രാധാന്യം നേടി. പക്ഷെ ഭാര്യയും നാല് കുട്ടികളുമുള്ള മധ്യ വയസ്കനായ ഒരാള്‍ പരസ്യമായി അവളെ കൊണ്ട് നടന്നത് ആ അമ്മ അറിഞ്ഞില്ലെന്നോ അല്ലെങ്കില്‍ അതിനു മൌന സമ്മതം കൊടുത്തു എന്നതോ ഒരു തെറ്റല്ലേ  ? അത്ര പോലും മനസ്സിലാക്കാനോ മകളെ തിരുത്താനോ കഴിയാതിരുന്ന ഒരമ്മ എന്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ വിലപിക്കുന്നത് ? 

     പലരും പറയുന്നത് കേട്ടു , വീട്ടിലെ ബുദ്ധിമുട്ടുകള്‍ കൊണ്ട് ഈ വഴിയിലേക്ക് അവര്‍ വീണു പോയതാണെന്ന്. നമ്മുടെ നാട്ടില്‍ പാവപ്പെട്ട കുടുംബങ്ങളിലെ , അതായതു പട്ടിണി പാവങ്ങള്‍ ഉള്‍പ്പെടെ ഉള്ള വീട്ടിലെ ഒരുപാടു പാവം പെണ്‍കുട്ടികള്‍ മാന്യമായി തൊഴിലെടുത്ത് ജീവിക്കുന്നുണ്ട്. അവരെ അപമാനിക്കുന്നതിനു തുല്യമാണ് ഇങ്ങനത്തെ പ്രസ്താവനകള്‍. ബലമായി തടവില്‍ വച്ച് പീഡിപ്പിച്ചു എന്ന വാദത്തിന്റെ പൊള്ളത്തരം കുറഞ്ഞത്‌ സൂര്യ നെല്ലി പെണ്‍കുട്ടിയുടെ കാര്യത്തിലെങ്കിലും നമ്മള്‍ കണ്ടതാണ്. ആ കുട്ടിക്ക് രക്ഷപ്പെടാന്‍ പല സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടും രക്ഷപ്പെടാന്‍ ശ്രമിച്ചിട്ടില്ല എന്ന് കോടതി വരെ കണ്ടെത്തിയിരുന്നു. മേല്പറഞ്ഞ പത്ര വാര്‍ത്ത ശ്രദ്ധിച്ചാലറിയാം ആ കുട്ടിയുടെ പശ്ചാത്തലം.  നമ്മുടെ മാധ്യമങ്ങള്‍ പറയുന്ന തരം പീഡനങ്ങള്‍ കേരളത്തില്‍ അല്ല നടക്കുന്നത്. ജാതി വ്യവസ്ഥ കൊടി കുത്തി വാഴുന്ന ഉത്തരേന്ത്യയില്‍ അതുണ്ട്. ജന്മിമാരും ജമീന്ദാര്‍മാരും തങ്ങളുടെ ജോലിക്കാരുടെ സ്ത്രീകളെ ബലമായി ആക്രമിക്കാറുണ്ട്. പലപ്പോഴും അച്ഛന്റെയും അമ്മയുടെയും മുന്നില്‍ വച്ച് പോലും ബലാല്‍സംഗം ചെയ്തതിനു ശേഷം കൊന്നു പട്ടിയെ പോലെ വലിച്ചെറിയുന്നുണ്ട്. ഇപ്പോഴും. ഭന്‍വാരി ദേവിയുടെ കേസ് തന്നെ ഏറ്റവും നല്ല ഉദാഹരണം. അത്തരം വ്യക്തമായ മനുഷ്യാവകാശ ലംഘനങ്ങളുടെ കഥകള്‍ ഇത് പോലുള്ള വാണിഭങ്ങളുമായി ചേര്‍ത്ത് വായിക്കുന്നത് തന്നെ തെറ്റാണ്. 

     കേരളത്തിലെ പെണ്‍ വാണിഭ കഥകളിലെ നായകന്മാരെ ന്യായീകരിക്കുകയല്ല ഞാന്‍. പക്ഷെ ഇരയായവര്‍ക്കും അതില്‍  കൂട്ടുത്തരവാദിത്വമുണ്ട്   എന്ന് പറയുക തന്നെ വേണം. നമ്മുടെ നിയമങ്ങള്‍ സ്ത്രീകള്‍ക്ക് നല്‍കുന്ന പ്രത്യേക അവകാശങ്ങളുടെ നഗ്നമായ ദുരുപയോഗം തന്നെയാണ് ഈ കേസുകളില്‍ പലതിലും നടന്നിട്ടുള്ളത്. അതിനെ എന്ത് പേരിട്ടു വിളിച്ചാലും ശരി. നമ്മള്‍ സമ്മതിക്കാതെ വേറൊരാള്‍ക്ക് നമ്മളെ പറ്റിക്കാന്‍ കഴിയില്ല. നടന്നടുക്കുന്നത് ഒരു കെണിയിലേക്കാണ് എന്ന് തിരിച്ചറിയാനുള്ള കഴിവ് മാതാ പിതാക്കള്‍ വേണം മക്കളില്‍ ഉണ്ടാക്കിയെടുക്കേണ്ടത്. അത് ചെയ്യാതെ എന്റെ കുട്ടിയെ പറ്റിച്ചു എന്ന് ഇപ്പോള്‍ വിലപിച്ചിട്ട് കാര്യമില്ല. തൊണ്ണൂറു ശതമാനം കേസുകളിലും അറിഞ്ഞു കൊണ്ട് കെണിയിലേക്കു വീണവരാണ് അപകടത്തില്‍ പെട്ടതും. കേരളത്തിലെ കുടുംബങ്ങളുടെ ഓര്‍ഗാനിക് ഘടന തന്നെ മാറിക്കഴിഞ്ഞിരിക്കുന്നു. അണുകുടുംബങ്ങളില്‍ പലതിലും തങ്ങളുടെ മക്കള്‍ എന്താണ് ചെയ്യുന്നതെന്ന് തീര്‍ത്തും അന്ധരായ മാതാ പിതാക്കള്‍ ആണുള്ളത്. ശ്രദ്ധിച്ചാലറിയാം. നിങ്ങളുടെ അച്ഛനമ്മമാര്‍ക്ക് നിങ്ങള്‍ക്ക് വരാന്‍ പോകുന്ന ഒരു ചെറിയ ജലദോഷത്തെ പോലും തിരിച്ചറിയാനുള്ള ശേഷിയുണ്ടായിരുന്നു. നിങ്ങള്‍ പൊയ്ക്കൊണ്ടിരിക്കുന്ന പാതയിലെ കള്ളി മുള്ളുകളെയും കൂര്‍ത്ത കരിങ്കല്ലുകളെയും പറ്റി മുന്നറിയിപ്പ് തരാനുള്ള കഴിവുണ്ടായിരുന്നു. എന്നാല്‍ ആ കഴിവ് നിങ്ങള്‍ക്കുണ്ടോ ? സത്യസന്ധമായി ചിന്തിച്ചു നോക്കൂ. ഇല്ല എന്ന് തന്നെയായിരിക്കും ഉത്തരം. 

     ഇതൊക്കെ ഇനിയും കേരളത്തില്‍ നടക്കും. കിളിരൂരും സൂര്യനെല്ലിയും ആവര്‍ത്തിക്കും. ഭൌതിക സുഖങ്ങളോട് ആര്‍ത്തിയുള്ള പെണ്‍കുട്ടികള്‍ ഇനിയും ഇത്തരം വലകളിലേക്ക് സ്വയം വീണു കൊടുക്കും. അവസാനം അതില്‍ നിന്ന് രക്ഷപ്പെടാന്‍ വയ്യാത്ത വിധം കേട്ടു മുറുകുമ്പോള്‍ അത് വരെ സഹകരിച്ചവരെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയോ അല്ലെങ്കില്‍ അവരെ ഭീഷണിപ്പെടുത്തി പണം വാങ്ങി മിണ്ടാതിരിക്കുകയോ ചെയ്യും. നമ്മുടെ മാധ്യമങ്ങള്‍ അവരെ ദുഖപുത്രിമാരാക്കും. നായകന്മാരെ വില്ലന്മാരാക്കും. ഈ വാര്‍ത്ത‍ അവരും ഞാനും നിങ്ങളും താല്പര്യത്തോടെ വായിക്കും. കുറച്ചു കാലത്തെ ഒച്ചപ്പാടുകള്‍ക്ക് ശേഷം അത് കെട്ടടങ്ങും.  

- ശുഭാപ്തി വിശ്വാസം തീരെയില്ലാത്ത ഒരു ക്രൂരന്‍ 

2012, ഫെബ്രുവരി 5, ഞായറാഴ്‌ച

കര്‍ത്താവ്‌ കമ്യൂണിസ്ടാവുമ്പോള്‍ - വര്‍ഗീയമായ ചില ചിന്തകള്‍അങ്ങനെ വീണ്ടും പണി കിട്ടി -  

    അങ്ങനെ ഒടുവില്‍ മഹത്തായ കേരള കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി റോയല്‍ ആയി പണി വാങ്ങിച്ചു. സത്യം പറഞ്ഞാല്‍ ഇത്തവണത്തെ പാര്‍ട്ടി സമ്മേളനങ്ങളുടെ പോസ്ടറുകളില്‍ ജീസസ് മാത്രമല്ല ഉണ്ടായിരുന്നത്. ശ്രീ നാരായണ ഗുരു, ചട്ടമ്പി സ്വാമികള്‍ , അയ്യന്‍ കാളി മുതലായവരും ഉണ്ട്. പക്ഷെ പതിവിനു വിരുദ്ധമായി ദൈവ പുത്രന്‍ എന്ന് ജനങ്ങള്‍ വിശ്വസിക്കുന്ന യേശുദേവന്റെ ചിത്രം പാര്‍ട്ടി ആദ്യമായി പ്രചാരണത്തിന് ഉപയോഗിച്ചതാണ് വിവാദമായത്.  വാര്‍ത്ത‍യായപ്പോള്‍ ചെയ്തത് ന്യായീകരിക്കാന്‍ സഖാവ് പിണറായി വിജയന്‍ തന്നെ മുന്നോട്ടു വരികയും ലോകം കണ്ട ഏറ്റവും വലിയ കമ്മ്യൂണിസ്ടുകളില്‍ ഒരാളാണ് കര്‍ത്താവ് യേശു മിശിഹ എന്ന് നമ്മെ പഠിപ്പിക്കുകയും ചെയ്തു. മാര്‍ ക്രിസോസ്ടം തിരുമേനി സഖാവിനെ ശക്തിയുക്തം പിന്താങ്ങുകയും ചെയ്തു. ക്രിസ്ത്യാനികളെക്കാള്‍ നന്നായി യേശുവിനെ മനസ്സിലാക്കിയ പിണറായിയെ പ്രശംസിക്കുകയും ചെയ്തു. എന്നാല്‍ ഇന്നത്തെ ആന്റി ക്ലൈമാക്സില്‍ കഥ നേരെ തിരിഞ്ഞു. പാര്‍ട്ടി സമ്മേളനത്തോടനുബന്ധിച്ചു പ്രദര്‍ശിപ്പിച്ച ഒരു പോസ്റര്‍ മലയാള മനോരമ കുത്തിപൊക്കി വാര്‍ത്തയാക്കി. ഡാവിഞ്ചിയുടെ പ്രശസ്തമായ അവസാനത്തെ അത്താഴത്തിന്റെ ചിത്രത്തില്‍ കര്‍ത്താവിന്റെ മുഖത്തിന്റെ സ്ഥാനത്ത് അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക് ഒബാമയുടെ മുഖം വച്ചാണ് പോസ്റര്‍ ഇറങ്ങിയത്‌. മാത്രമല്ല യേശുവിന്റെ ശിഷ്യന്മാരുടെ സ്ഥാനത്ത് രാഹുല്‍ ഗാന്ധി മുതല്‍ സോണിയ വരെയുള്ളവരും നരേന്ദ്ര മോഡി , അദ്വാനി മുതലായ സംഘ പരിവാരങ്ങളും ഉണ്ട്. ഇത് കണ്ടു പ്രകോപിതരായ ക്രൈസ്തവ സമൂഹം പാര്‍ട്ടിക്കെതിരെ തിരിഞ്ഞിരിക്കുന്നു. പക്ഷെ ഇതില്‍ പങ്കില്ല എന്ന് പാര്‍ട്ടി പ്രസ്താവിച്ചു കഴിഞ്ഞു. പാര്‍ട്ടിയുടെ നീതിമാനായ നേതാവ് വി എസ് വെറുതെയിരുന്നില്ല. ഒരു പടി കൂടി കടന്ന് മൊഹമ്മദ്‌ നബിയും ശ്രീബുദ്ധനും വിമോചന നായകരില്‍ പെടും എന്ന് അദ്ദേഹം പ്രസ്താവിച്ചിരിക്കുന്നു. മഹാ ഭാരതവും രാമായണവും വിശ്വാസികളുടെ മാത്രം സ്വത്തല്ല എന്ന് പാര്‍ട്ടി ഉറക്കെ പറയുന്നു.

അപ്പ അതാണ്‌ വിഷയം -

     എന്തുകൊണ്ട് പാര്‍ട്ടി യേശുവിനെ വച്ച് ഇപ്പോള്‍ മാര്‍ക്കറ്റ്‌ ചെയ്തു/ചെയ്യുന്നു എന്നതാണ് വിഷയം. പിണറായി പറഞ്ഞത് പോലെ യേശുദേവന്‍ പലിശക്കാരെ പള്ളിക്ക് പുറത്താക്കി, മര്‍ദിതര്‍ക്ക് വേണ്ടി പോരാടി എന്നൊക്കെ പറഞ്ഞത് ഇരുട്ട് കൊണ്ട് ഒറ്റയടക്കുന്നത് പോലെയേ ആയുള്ളൂ. അതാണ്‌ അവരുടെ വാദമെങ്കില്‍ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്‌ മനിഫെസ്ടോ എന്ന് വിളിക്കാവുന്നത് ഖുറാനെയാണ് . യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്‌ മൊഹമ്മദ്‌  നബിയും. പാവങ്ങള്‍ക്ക് നിര്‍ബന്ധമായും സക്കാത്ത് നല്‍കണം, പലിശ വാങ്ങുകയോ കൊടുക്കുകയോ ചെയ്യരുത് , അന്യന്റെ വിശപ്പ്‌ ശമിപ്പിച്ചിട്ടേ നീ ആഹാരം കഴിക്കാവൂ എന്നും നിര്‍ബന്ധിക്കുന്ന ഒരു മത ഗ്രന്ഥം ഖുര്‍ ആന്‍ ആണ് ( അത് മുസ്ലീങ്ങള്‍ എത്ര കണ്ടു പാലിക്കുന്നു എന്നത് വേറൊരു കാര്യം ). ഇത് പോലുള്ള കാര്യങ്ങള്‍ പല മത ഗ്രന്ഥങ്ങളും പറയുന്നുണ്ടെങ്കിലും ഒരു നിയമം പോലെ അത് നടപ്പിലാക്കിയിരിക്കുന്നത് ഇസ്ലാമില്‍ മാത്രമാണെന്ന് തോന്നുന്നു. ഉത്കൃഷ്ടമായ ആശയങ്ങള്‍ നടപ്പിലാക്കാന്‍ പറ്റില്ലെങ്കില്‍ അത് ഉപയോഗ ശൂന്യമായ വാചക ശകലങ്ങള്‍ മാത്രമാണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. അതുകൊണ്ട് ഖുര്‍ ആന്‍ ചെയ്തിരിക്കുന്നത് ഒരു വിപ്ലവകരമായ കാര്യമാണ്. മാത്രമല്ല യേശു ചെയ്ത പോലെ അന്നത്തെ കലാപ കലുഷിതമായ കാല ഘട്ടത്തില്‍, പ്രാകൃത ജീവിതം നയിച്ചിരുന്ന  ഒരു ജന സമൂഹത്തെ നേര്‍ വഴിക്ക് കൊണ്ട് വരാന്‍ ജീവിതം ഉഴിഞ്ഞു വച്ച ഒരാള്‍ തന്നെയാണ് നബിയും. ദൈവം അശരീരിയായി പകര്‍ന്നു കൊടുത്ത വചനങ്ങള്‍ പാഠപുസ്തകമാക്കിയ നബിയുടെ ത്യാഗമാണ് ഇന്നത്തെ ഇസ്ലാം.  ദൈവത്തിന്റെ കയ്യില്‍ നിന്ന് നേരിട്ട് കിട്ടിയെന്നു വിശ്വസിക്കപ്പെടുന്ന ഇത്തരം നിര്‍ദേശങ്ങളുടെ ക്രോഡീകരിക്കപ്പെട്ട രൂപമാണ്  ഖുര്‍ ആന്‍ എന്ന് പിന്നീട് അറിയപ്പെട്ടത്.  ഒരു തരത്തില്‍ മാതൃകാപരമായ ജീവിതത്തിന്റെ ഒരു പ്രാക്ടിക്കല്‍ ഗൈഡ് ആണ് ഖുര്‍ ആന്‍.  ഹിന്ദു മതത്തില്‍  ഭഗവത് ഗീത എന്താണോ അത്. പക്ഷെ ഒരിക്കല്‍ പോലും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഇസ്ലാമിലെ നല്ല കാര്യങ്ങളെ പ്രൊമോട്ട് ചെയ്യാന്‍ താല്പര്യം കാട്ടി കണ്ടിട്ടില്ല. ചിലപ്പോ എന്തും രാഷ്ട്രീയമായി മാത്രം കാണുന്ന പാര്‍ട്ടിയുടെ നിലപാടാവാം കാരണം. 


പാര്‍ട്ടിയുടെ പുതിയ മത ഭൌതിക വാദം - 

    എന്തായാലും ഇവിടെ പാര്‍ട്ടിയുടെ ഉദ്ദേശ ശുദ്ധിയില്‍ നമുക്ക് സംശയം തോന്നുകയാണ്. ഭൌതിക വാദത്തിന്റെ പ്രയോക്താക്കള്‍ ആയ ഒരു പാര്‍ട്ടി എന്തുകൊണ്ട് വളരെ ടിപ്പിക്കല്‍ അയ മത വാദങ്ങള്‍ പുലര്‍ത്തുന്ന കത്തോലിക്കാ സഭയെ ഇങ്ങനെ സോപ്പ് ഇടാന്‍ ശ്രമിക്കുന്നതെന്ന് ഒരു ചോദ്യം ഇവിടെ ഉയരുന്നു.  മാത്രമല്ല പിണറായി വിജയന്‍, അച്ചുതാനന്ദന്‍ മുതലായ തല മുതിര്‍ന്ന സഖാക്കള്‍ ഇതിനെ ന്യായീകരിക്കാന്‍ കഷ്ടപ്പെടുന്നത് കണ്ടിട്ട് സത്യം പറഞ്ഞാല്‍ സഹതാപം തോന്നുന്നു. പാര്‍ട്ടി സപ്പോര്‍ട്ട് ചെയ്തത് ക്രിസ്തു മതത്തെയല്ല, മരിച്ചു യേശു എന്ന വിപ്ലവകാരിയെയാണ് എന്ന് പല സഖാക്കളും ഇതിനെ വിശദീകരിച്ചു. Communism is a social, political and economic ideology that aims at the establishment of a classless, money less, stateless and revolutionary socialist society structured upon common ownership of the means of production. എന്നാണ് വിക്കി കമ്യൂണിസത്തെ നിര്‍വചിക്കുന്നത്. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന് പറഞ്ഞ മാര്‍ക്സിന്റെ ആശയങ്ങള്‍ ഇവര്‍ എങ്ങനെ ന്യായീകരിക്കും എന്നറിയില്ല. 

Religious Communism - അപ്പ ഇത് ആദ്യത്തെ സംഭവമല്ല. 

    Religious Communism എന്നൊരു കമ്മ്യൂണിസം ഉണ്ട്. അതായതു മതപരമായ ആശയങ്ങള്‍ ചിലത് കമ്മ്യൂണിസം അഡോപ്റ്റ് ചെയ്തിട്ടുണ്ട്. എന്തിനേറെ പറയുന്നു Christian communism എന്നൊരു കമ്മ്യൂണിസം തന്നെയുണ്ട്‌. ജീസസ് ക്രൈസ്റ്റ് പഠിപ്പിച്ച ആശയങ്ങള്‍ പിന്തുടര്‍ന്നുള്ള ഒരു സിദ്ധാന്തമാണ്‌ ഇത്. വ്യതിരിക്തമായ ഒരു സാമൂഹിക വ്യവസ്ഥയുടെ വ്യത്യസ്തമായ ഒരു വകഭേദവും കൂടിയാണിത്. ലോകത്ത് മിക്കയിടത്തും അവിടത്തെ സാമൂഹ്യ വ്യവസ്ഥയുടെ ഭാഗമായും നിയന്ത്രിത ശക്തിയായും മറ്റും ഇടപെട്ടിരുന്ന സഭയുടെ ഇടപെടലുകള്‍ പ്രതിരോധിക്കാന്‍ വേണ്ടി പാര്‍ട്ടി നടത്തിയ ബുദ്ധിപരമായ ഒരു സന്ധി ആയും ഇതിനെ കാണാം എന്ന് എനിക്ക് തോന്നുന്നു. ക്യാപ്പിറ്റലിസം ഇപ്പോഴും ഒരു അപകടകാരിയായ ശത്രുവായിരുന്നു എന്ന് എപ്പോഴും ഉയര്‍ത്തിക്കാട്ടാന്‍ കമ്മ്യൂണിസവും ക്രിസ്ത്യന്‍ സഭകളും ശ്രമിച്ചിരുന്നു. ചുരുക്കി പറഞ്ഞാല്‍ മതപരമായ കാര്യങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ചൂഷണത്തെ പറ്റിയും അധ്വാനിക്കുന്നവരെ പറ്റിയും ലാഭത്തില്‍ അധിഷ്ടിതമായ കുത്തകകളെ പറ്റിയും ഈ രണ്ടു വിഭാഗങ്ങളും സാമ്യമുള്ള തത്വ സംഹിതകള്‍ പിന്തുടര്‍ന്നിരുന്നു എന്ന് കാണാം. കാബേ , ഹഗ്ഗേര്‍ട്ടി, ബ്ലോഷ് മുതലായ ക്രിസ്ത്യന്‍ കമ്യൂണിസ്റ്റുകള്‍ കമ്യൂണിസവും മത സഭകളും തമ്മിലുള്ള വിടവുകള്‍ അടയ്ക്കാന്‍ പലതും മുന്നോട്ടു കൊണ്ട് വന്ന നേതാക്കള്‍ ആണ് .പക്ഷെ കമ്മ്യൂണിസം മുന്നോട്ടു വയ്ക്കുന്ന നിരീശ്വര വാദം, മതത്തോടുള്ള എതിര്‍പ്പ്, അമേരിക്കയെ എതിര്‍ക്കുന്ന സോവിയറ്റ് റഷ്യ , ക്യൂബ, ചൈന മുതലായ കമ്മ്യൂണിസ്റ്റ്‌ രാജ്യങ്ങളോടുള്ള വിരോധം, മുതലായ കാരണങ്ങള്‍ കൊണ്ട് അത് ഇത് വരെ വിജയിച്ചിട്ടില്ല എന്ന് മാത്രം. മാര്‍ക്സിനു മുന്നും പിന്‍പും എന്ന് ഇതിനെ രണ്ടായി തിരിക്കാം. മാര്‍ക്സിന്റെ തത്വ സംഹിതകള്‍ അത്രയും ശക്തമായിരുന്നു എന്ന് ചുരുക്കം. വളരെയധികം വിശദമായ ഒരു വിഷയമാണ് ക്രിസ്ത്യന്‍ കമ്മ്യൂണിസം. അതിനെ പറ്റി കൂടുതല്‍ എഴുതി നിങ്ങളെ ബോര്‍ അടിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ല. താല്പര്യമുള്ളവര്‍ക്ക് താഴെയുള്ള രണ്ടു വിക്കി ലേഖനങ്ങള്‍ റെഫര്‍ ചെയ്യാവുന്നതാണ്. 
     ലെനിന്‍, മാര്‍ക്സ് എന്നീ രണ്ടു നേതാക്കളുടെ ആശയങ്ങള്‍ തമ്മിലുള്ള ബൌദ്ധികമായ ( ? ) പോരാട്ടവും ഏറ്റു മുട്ടലുകളും ആണ് എന്നും കമ്മ്യൂണിസം എന്ന് എനിക്ക് തോന്നുന്നു. കമ്മ്യൂണിസം മുന്നോട്ടു വയ്ക്കുന്ന പ്രായോഗികമായ വെല്ലുവിളികളും ആശയങ്ങളുടെ പെരുമഴയും ഏറ്റു വാങ്ങാന്‍ പറ്റിയ ആള്‍ക്കാര്‍ അവരുടെ അനുയായികളില്‍ എത്ര  ഉണ്ടായിരുന്നു എന്ന് സംശയിക്കുന്നു.
അതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് ഈ വിവാദത്തില്‍ നമ്മുടെ പ്രമുഖ നേതാക്കള്‍ ഒരാള്‍ പോലും ക്രിസ്ത്യന്‍ കമ്യൂണിസത്തെ പറ്റി ഒരക്ഷരം മിണ്ടാതിരുന്നത്. ഒഴുക്കന്‍ മട്ടില്‍ യേശു ഒരു വിപ്ലവകാരിയായിരുന്നു എന്ന് ആവര്‍ത്തിക്കുന്നതിനു പകരം നൂറ്റാണ്ടുകള്‍ പഴക്കമുള്ള കമ്മ്യൂണിസ്റ്റ്‌ ക്രിസ്ത്യന്‍ ആശയ സമവര്‍ത്തിത്വത്തിനെ പറ്റി ഒരാളെങ്കിലും വായ തുറക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു. 
പിണറായി വിജയന്‍, വി എസ് , ജയരാജന്‍ , എന്തിനു, പാര്‍ട്ടിയുടെ പ്രഖ്യാപിത ബുദ്ധിജീവി ആയ (?) തോമസ്‌ ഐസക് തുടങ്ങിയ നേതാക്കളുടെ രാഷ്ട്രീയവും ചരിത്രപരവുമായ ജ്ഞാനം എത്രയുണ്ടെന്നും കാലത്തെ അതിജീവിക്കുന്ന ഒരു പ്രസ്ഥാനമായി ഈ പാര്‍ട്ടിയെ കൊണ്ട് പോകാന്‍ അവര്‍ക്ക് എത്ര പ്രാപ്തിയുണ്ടെന്നും വ്യക്തമായ ഒരു ചോദ്യമുയര്‍ത്തുന്നു ഈ സംഭവം. 
 ഈ എം എസ് നമ്പൂതിരിപ്പാടിനെ ഇപ്പോഴാണ് ശരിക്കും മിസ്സ്‌ ചെയ്യുന്നത്. 

- എന്ന് വിനയത്തോടെ ഒരു കമ്മ്യൂണിസ്റ്റ്‌ വിരോധി 

    അവസാനത്തെ അത്താഴം ഇങ്ങനെ ചിത്രീകരിച്ചതില്‍ ഒരു വിശ്വാസിയും രോഷം കൊള്ളുകയോ അത് ചെയ്തവരെ കൊണ്ട് മാപ്പ് പറയിക്കുകയോ ചെയ്യേണ്ട കാര്യമില്ല എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ദൈവമേ.. ഇവര്‍ ചെയ്യുന്നതെന്താണ്‌ എന്നിവര്‍ അറിയുന്നില്ല .. അവര്‍ക്ക് മാപ്പ് നല്‍കേണമേ.. എന്ന് പ്രാര്‍ഥിച്ച ഒരു മഹാത്മാവിന്റെ അനുയായികള്‍ അങ്ങനെ ചെയ്യാന്‍ പാടില്ല. ഒരു കാര്യം കൂടി... മുകളില്‍ പറഞ്ഞിരിക്കുന്ന മതപരമായ വസ്തുതകളില്‍ എന്തെങ്കിലും പിഴവ് വന്നിട്ടുണ്ടെങ്കില്‍ ദയവു ചെയ്തു ചൂണ്ടിക്കാണിക്കാന്‍ അപേക്ഷിക്കുന്നു. ഇതില്‍ പലതും വിക്കിയും പുസ്തകങ്ങളും റെഫര്‍ ചെയ്തു കിട്ടിയിട്ടുള്ളതാണ്. തെറ്റുകള്‍ വന്നിട്ടുണ്ടെങ്കില്‍ മനപൂര്‍വമല്ല എന്ന് കരുതി ക്ഷമിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

മുമ്പ് എഴുതിയ ചില കമ്മ്യൂണിസ്റ്റ്‌ വിരുദ്ധ പോസ്റ്റുകള്‍ വീണ്ടും. 

കലിപ്പ് തീരണില്ല. അതാ.. ഹി ഹി 

2012, ഫെബ്രുവരി 2, വ്യാഴാഴ്‌ച

മല്ലു ആക്സന്റ്ആദ്യം ഇന്നലെ എന്റെ ഒരു സുഹൃത്ത്‌ ഫോര്‍വേഡ് ചെയ്തു തന്ന ഒരു ഇ-മെയില്‍ വായിക്കാം. മലയാളികളുടെ ഇംഗ്ലീഷ് ഉച്ചാരണത്തെ കളിയാക്കിക്കൊണ്ട്‌ ആരോ ഉണ്ടാക്കിയതാണ്.  

Here are some special accents only by Mallus..  You can easily find out a Mallu from his accents…
Q: Where did the Malayali study?
A: In the ko-liage.
Q: Why did the Malayali not go to ko-liage today?
A: He is very bissi.
Q: Why did the Malayali buy and air-ticket?A: To go to Thuubai, zimbly to meet his ungle in the Gelff.
Q: Why do Malayali’s go to the Gelff?
A: To yearn meney.
Q: What did the Malayali do when the plane caught fire?
A: He zimbly jembd out of the vindow.
Q: Why did the Malayali go to the concert in Rome?
A: Because he wanted to hear pope music.
Q: How does a Malayali spell moon?
A: MOON – Yem Yo yet another Yo and Yem
Q: What is Malayali management graduate called?
A: Yem Bee Yae.
Q: What does a Malayali do when he goes to America?
A: He changes his name from Karunakaran to Kevin Curren.
Q: What does a Malayali use to commute to office everyday?
A: An Oto
Q: And for cargo?
A: Loree
Q: Where does he pray?
A: Demble
Q: Who is Bruce Lee’s best friend ?
A: A Malaya-Lee of coarse.
Q: Name the only part of the werld, where Malayali’s dont werk hard?
A: Kerala
Q: Why is industrial productivity so low in Kerala?
A: Because 86% of the shift time is spent on lifting,folding and re-tying the lungi.

     ഇത് പോലുള്ള മെയിലുകള്‍ ഇപ്പൊ കുറെയായി കാണുന്നു. അപ്പോഴാണ്‌ ഞാന്‍ ഒരു കാര്യം ഓര്‍ത്തത്‌. എവിടെ ചെന്നാലും മലയാളികളുടെ ഇംഗ്ലീഷ് ഉച്ചാരണത്തെ ബാക്കിയുള്ളവന്മാര്‍ കളിയാക്കുന്നത് കേള്‍ക്കാം. സത്യം പറഞ്ഞാല്‍ അത്രയ്ക്ക് മോശമല്ല നമ്മുടെ ഇംഗ്ലീഷ്. അത്യാവശ്യം വാക്കുകള്‍ വ്യക്തമായി പറയാന്‍ മലയാളി ശ്രമിക്കുന്നുണ്ട്. ആകെയുള്ള പ്രോബ്ലം നമ്മള്‍ ഉപയോഗിക്കുന്ന വാക്കുകളാണ്. ഒരു സിടുവേഷനില്‍ ഉപയോഗിക്കേണ്ട വാക്ക് പലപ്പോഴും നമ്മള്‍ തെറ്റായിട്ടാണ് പറയുന്നത്. അതായത് I am learning driving എന്നതിന് പകരം I am studying driving എന്ന് പറയുന്ന പോലെ. എന്നാല്‍ ഇങ്ങനെ കളിയാക്കുന്നവരുടെ ഇംഗ്ലീഷ് കേട്ടാലോ ..ഇതാ കുറച്ചു ഉദാഹരണങ്ങള്‍...

ബംഗാളികള്‍  / ഗുജറാത്തികള്‍ / ഒറിയക്കാര്‍   - പൂജ്യം അഥവാ സീറോയ്ക്ക് ഇവന്മാര്‍ വിളിക്കുന്നത്‌ ജീറോ എന്നാണ്. ആദ്യം തന്നെ ഇത് പറഞ്ഞത് ഇതാണ് നിങ്ങള്‍ കേട്ടിട്ടുണ്ടാവുന്ന ഏറ്റവും കോമണ്‍ ആയ ഒരു വാക്ക് ആയതുകൊണ്ടാണ്‌. നോര്‍ത്തികള്‍ പൊതുവേ ഇത് തന്നെ പറയുന്നത്. ബംഗാളികളുടെ ഇംഗ്ലീഷ് ചൈനക്കാര്‍ ഇംഗ്ലീഷ് പറയുന്ന പോലെയാണ്. ഷ എന്നതിന് സ ആണ് ഇവന്മാര്‍ ഉപയോഗിക്കുന്നത്. അതായത് , ഇംഗ്ലീഷ് എന്നതിന് ഇന്ഗ്ളീസ്, cash എന്നതിന് കാസ് , എന്ന് വേണ്ടാ കപീഷ് എന്നതിന് കപീസ് എന്ന് വരെ ഇവന്മാര്‍ വിളിക്കും. വാക്കുകള്‍ മാക്സിമം അലമ്പാക്കി മാത്രമേ ഇവര്‍ പറയുകയുള്ളൂ. Material എന്നതിന് നമ്മള്‍ എന്ത് പറയും ? മെറ്റീരിയല്‍ എന്ന് പറയും. എന്നാല്‍ അവരോ.. മട്ടീറിയല്‍ എന്ന്. അല്ലെങ്കിലും ഹിന്‍ഗ്ലീഷ് എല്ലാവരും അംഗീകരിച്ചതാണല്ലോ. അടിച്ച വഴിയെ പോയില്ലെങ്കില്‍ പോയ വഴിയെ അടിക്കുക. 

തന്‍ഗ്ലീഷ് അഥവാ തമിഴ് ഇംഗ്ലീഷ്  - കോളേജ് എന്നതിന് കാളേജ് എന്ന് വിളിക്കുന്നതില്‍ തുടങ്ങി ആകെ തമാശയാണ് ഇവന്മാരുടെ ഇംഗ്ലീഷ്. ഫോര്‍മാറ്റ്‌ എന്നതിന് ഫാര്‍മാറ്റ്,  ഓഫീസ് എന്നതിന് ആഫീസ് , കോപ്പി എന്നതിന് കാപ്പി, കോഫി എന്നതിന് കാഫി. മുമ്പ് ഒരു കഥയില്‍ പറഞ്ഞ പോലെ guy എന്നതിന് ഗേ എന്ന് വരെ ഇവന്മാര്‍ വിളിക്കും. ഇവന്മാരുടെ ഇംഗ്ലീഷ് കാണ്ഡം കാണ്ഡമായി അങ്ങനെ കിടക്കുകയാണ്. അതുകൊണ്ട് കൂടുതല്‍ നീട്ടുന്നില്ല. ഹി ഹി. 

തെലുങ്ക് ഇംഗ്ലീഷ് - മേല്‍പ്പറഞ്ഞത്‌ തന്നെ. ഒരു മാറ്റവുമില്ല. ഒരു ലെവല്‍ താഴെ നില്‍ക്കുന്നെങ്കിലേ ഉള്ളൂ 

കന്നഡ ഇംഗ്ലീഷ് അഥവാ കന്‍ഗ്ലീഷ് - ഇവന്മാരുടെ ഇംഗ്ലീഷ് ബഹുതമാശയാണ്. ദക്ഷിണേന്ത്യയില്‍ ഒരു വിധം ന്യൂട്രല്‍ ആക്സന്റ് ഉള്ള ഒരേ ഒരു സംസ്ഥാനമാണ് കര്‍ണാടക എന്നാണു ഇവിടത്തുകാര്‍ പറഞ്ഞു നടക്കുന്നത്. എന്നിട്ടോ. അയണ്‍ ( iron ) എന്നതിന് ഐറണ്‍ എന്നാണു ഇവന്മാര്‍ പറയുന്നത്. Turning എന്നതിന് ടര്‍ണിംഗ് എന്നും. ഇവന്മാര്‍ കാറിനു മുന്നില്‍ ആരെങ്കിലും ചാടിയാല്‍ horn അടിക്കില്ല. പകരം ഹോറന്‍ അടിക്കും. 

എന്താന്നറിയില്ല. ബാക്കിയൊന്നും ഓര്‍മ വരുന്നില്ല. നിങ്ങള്‍ പറയൂ ..