2010, ഓഗസ്റ്റ് 12, വ്യാഴാഴ്‌ച

ഐസ് മുട്ടായി



     ഇപ്പോഴുള്ള പിള്ളേര്‍ക്ക് ഇത് വല്ലതും അറിയാമോ എന്തോ. ഐസ് മുട്ടായി എന്ന് വച്ചാല്‍ എന്താ എന്ന്. വെള്ള നിറത്തിലുള്ള തീരെ കനം കുറഞ്ഞ ഒരു കടലാസ്സില്‍ പൊതിഞ്ഞാണ് ഇത് വരുന്നത്. ഏതോ ഒരു പേരറിയാത്ത മരത്തിന്‍റെ തടി ചീകിയെടുത്ത ഒരു കോലും. ചുവപ്പ് ( ചൊമല എന്ന് കോട്ടയം ഭാഷയില്‍ പറയും ), മഞ്ഞ , പച്ച , ഓറഞ്ച് തുടങ്ങിയ ഞെട്ടിക്കുന്ന നിറങ്ങളില്‍ ആണ് ഇത് വരുന്നത്. നമ്മുടെ കയ്യില്‍ എത്തുമ്പോഴേക്കും അതിന്‍റെ നിറം പൊതിഞ്ഞിരിക്കുന്ന കടലാസിലേക്കും ആ കമ്പിലേക്കും പടര്‍ന്നു ആകെ വര്‍ണ ശബളമായിട്ടാവും കിട്ടുക. ലോക്കല്‍ ആയി ഉണ്ടാക്കുന്ന ഒരു ഐറ്റം ആണല്ലോ ഇത്. തോട്ടിലെയും ആറ്റിലെയും മറ്റും വൃത്തിഹീനമായ വെള്ളത്തില്‍ ആണ് ഇത് ഉണ്ടാക്കുന്നത്. മധുരം കിട്ടാന്‍ സാക്കറിന്‍ ആണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് ഇത് കഴിക്കരുതെന്ന് വീട്ടുകാരുടെയും ടീച്ചര്‍മാരുടെയും മറ്റും നിര്‍ദേശം ഉണ്ടായിരുന്നു. എന്നാലും ഊണ് കഴിക്കാന്‍ പോകുമ്പോ ഒളിച്ചു പോയി ഇത് വാങ്ങി കഴിക്കും. 


      ഞങ്ങള്‍ സ്കൂളില്‍ പഠിക്കുമ്പോ സ്ഥിരം കഴിക്കുമായിരുന്നു. അമ്പതു പൈസ ആയിരുന്നു അന്ന് ഒരു ഐസ് സ്ടിക്കിനു. ഇപ്പൊ ഇരുപതു രൂപ എങ്കിലും കൊടുക്കാതെ കിട്ടില്ല. തമിഴന്‍മാര്‍ ആയിരുന്നു പണ്ട് ഈ കച്ചവടം പ്രധാനമായും ചെയ്തിരുന്നത്. ഇപ്പൊ തറവാടികളായ ഐസ് ക്രീം കമ്പനികളും ഇത് ഉണ്ടാക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഒരു പെട്ടിയില്‍ ഐസ് സ്ടിക് നിറച്ചു ഒരു മണി മുട്ടി ആണ് ഇവര്‍ വരുന്നത്. ചില കച്ചവടക്കാര്‍ പൈസക്ക് പകരം പഴയ നോട്ബൂക്, പഴയ വസ്ത്രങ്ങള്‍ മുതലായവയ്ക്ക് പകരമായും ഐസ് ഫ്രൂട്ട് കൊടുക്കുമായിരുന്നു. അതിനുള്ള അമ്പതു പൈസ അന്ന് എങ്ങനെ ആണ് സംഘടിപ്പിക്കുന്നത് എന്നറിയാമോ ? ഓണത്തിനും വിഷുവിനും മറ്റും അമ്മമ്മ, കൊച്ചച്ചന്മാര്‍ , കുഞ്ഞമ്മമാര്‍ ഒക്കെ തരുന്ന ചെറിയ ചെറിയ പോക്കറ്റ് മണീസ് കൂട്ടി വച്ചിട്ടാണ് വര്‍ഷം മുഴുവന്‍ ഐസ് ഫ്രൂട്ട് കഴിക്കുന്നത്‌. ആരെങ്കിലും പത്തു രൂപ , അഞ്ചു രൂപ ഒക്കെ തന്നാല്‍ പിന്നെ ആകെ വട്ടാകും. കൊച്ചു ക്ലാസ്സില്‍ ആയിരിക്കുമ്പോ പത്തു രൂപ എന്ന് വച്ചാല്‍ ഒരു വലിയ ഭയങ്കര തുക ആയിട്ടാണ് തോന്നുക. അതെങ്ങനെ ചിലവാക്കി തീര്‍ക്കും , എത്ര ഐസ് ഫ്രൂട്ട് വാങ്ങിച്ചാല്‍ ഈ പൈസ തീരും എന്നൊക്കെ ഓര്‍ത്തു അന്ന് കുറെ ദിവസം ഉറങ്ങാതെ കിടന്നിട്ടുണ്ട്. 


     സര്‍ക്കാര്‍ സ്കൂള്‍ ആയതു കൊണ്ട് പല തരത്തിലുള്ള സാഹചര്യങ്ങളില്‍ നിന്നു വരുന്നവര്‍ ആവും നമ്മുടെ കൂട്ടുകാര്‍. അതില്‍ നല്ല കുടുംബങ്ങളില്‍ നിന്നു വരുന്നവരുണ്ട്‌, തീരെ ദരിദ്ര കുടുംബങ്ങളില്‍ നിന്നു വരുന്നവര്‍ ഉണ്ട്. സ്വന്തമായി കൂലി പണി ഒക്കെ എടുത്തു പഠിക്കാന്‍ വരുന്നവര്‍ ഉണ്ട്. എന്നാല്‍ ഇത്തരം എല്ലാവരെയും ഒന്നിപ്പിക്കുന്ന ഒരു പൊതു ഘടകം ആയിരുന്നു സ്കൂള്‍ വാതില്‍ക്കല്‍ കിട്ടുമായിരുന്ന ഐസ് മുട്ടായി. അത് പറഞ്ഞപ്പോഴാണ്, സ്കൂള്‍ വാതില്‍ക്കല്‍ ഐസ് മിട്ടായി മാത്രമല്ല കിട്ടുന്നത്. ഉപ്പിലിട്ട മാങ്ങാ, നെല്ലിക്ക ( ശീമ നെല്ലിക്ക എന്ന് വിളിക്കുന്ന ചുവന്ന ഇനവും സായിപ്പു നെല്ലിക്ക എന്ന് വിളിക്കുന്ന വെളുത്തതും ) , അവലോസുണ്ട, അരിയുണ്ട, മുറുക്ക് എന്നിങ്ങനെ ഒരുപാടു സാധനങ്ങള്‍ ഉന്തു വണ്ടികളില്‍ വില്‍പ്പനക്കുണ്ടായിരുന്നു. എന്നാല്‍ ഐസ് മിട്ടായി തന്നെ ആയിരുന്നു അതില്‍ കേമന്‍. 

     രാവിലെ നാല് മണിക്ക് എഴുനേറ്റു റബ്ബര്‍ ടാപ്പിംഗ് നു പോയിട്ട് സ്കൂളില്‍ വരികയും വൈകിട്ട് സ്കൂള്‍ വിട്ടാല്‍ ഒരു ഹോട്ടെലില്‍ പോയി പാതിര വരെ പൊറോട്ട അടിക്കാന്‍ പോവുകയും ചെയ്യുന്ന ഒരു സുഹൃത്ത്‌ ഉണ്ടായിരുന്നു. പാവം അവന്‍റെ കണ്ണുകള്‍ ഉച്ച കഴിഞ്ഞുള്ള ക്ലാസ്സുകളില്‍ ഇരിക്കുമ്പോ എന്നും അടഞ്ഞിരിക്കും. ഉറക്കം വന്നിട്ട്. അതിനു അവനു ടീച്ചര്‍മാരുടെ കയ്യില്‍ നിന്നു അടിയും കിട്ടും. അവനെ ടീച്ചര്‍ നോക്കുമ്പോ ഉറക്കത്തില്‍ നിന്നു വിളിച്ചുണര്‍ത്തുന്നതിന് പകരമായി അവന്‍ എനിക്ക് പല തവണ മഞ്ഞ നിറത്തിലുള്ള ഐസ് മിട്ടായി വാങ്ങി തന്നിട്ടുണ്ട്. ഇപ്പൊ അവന്‍ എവിടെയാണാവോ. ചിലപ്പോഴൊക്കെ ടീച്ചര്‍ പുറത്തു പോവുമ്പോള്‍ എല്ലാവരോടും മിണ്ടാതിരിക്കാന്‍ പറഞ്ഞിട്ട് പോകും. 
മിണ്ടുന്നവരുടെ പേരെഴുതി വയ്ക്കേണ്ട ചുമതല ക്ലാസ്സ്‌ ലീഡര്‍ക്കാണ്. നമ്മള്‍ ആരാ പുള്ളികള്‍. സംസാരിച്ചിട്ടു ലീഡര്‍ക്കു ഐസ് മിട്ടായി വാങ്ങിച്ചിട്ട് അത് ഒതുക്കും.ജീവിതത്തില്‍ അങ്ങനെ ഞാന്‍ ആദ്യമായി കൊടുത്ത കൈക്കൂലി ആ ഐസ് മിട്ടായി ആയിരുന്നു. 

     നാലാം ക്ലാസ്സില്‍ പഠിക്കുമ്പോ ഉണ്ടായ ഒരു സംഭവം ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു. ഒരു ഓണത്തിന്  അച്ചാമ്മയുടെ അടുത്ത് നിന്നു പത്തു രൂപ കിട്ടി. അതും കൊണ്ട് സ്കൂളില്‍ വലിയ പണക്കാരനെ പോലെ എത്തി. ഉച്ചയ്ക്ക് പതിവ് പോലെ ഐസ് മിട്ടായി അടിക്കാന്‍ വേണ്ടി ഇറങ്ങി. അപ്പൊ അതാ അപ്പുറത്ത് വേറൊരു കടയില്‍ ബൈനോക്കുലര്‍ വില്‍ക്കാന്‍ വച്ചിരിക്കുന്നു. നിങ്ങള്‍ വിചാരിക്കുന്ന പോലത്തെ ബൈനോക്കുലര്‍ അല്ല. ഇത് രണ്ടു കുഞ്ഞു ലെന്‍സ്‌ ഒക്കെ വച്ചു ഉണ്ടാക്കിയ ഒരു സാധനം. ഏതെങ്കിലും സാധനത്തിന്റെ അടുത്ത് കൊണ്ട് വച്ചു  നോക്കിയാല്‍ അതൊക്കെ അടുത്ത് കാണാം എന്നല്ലാതെ ദൂരെ ഉള്ള ഒരു സാധനവും കാണാന്‍ ശക്തി ഉള്ളതായിരുന്നില്ല അത്. പുറത്തിറങ്ങിയ എന്‍റെ കണ്ണില്‍ ആ ബൈനോക്കുലര്‍ ഉടക്കി. ഐസ് മിട്ടായി വേണോ ബൈനോക്കുലര്‍ വേണോ എന്ന വടം വലിയില്‍ ഒടുവില്‍ ബൈനോക്കുലര്‍ തന്നെ ജയിച്ചു. അങ്ങനെ ഐസ് മിട്ടായിയുടെ കൊതി ഉള്ളിലടക്കി വൈകിട്ട് വീട്ടിലേക്കു പോയി.അന്നാണ് പറവൂര്‍ ഉള്ള എന്‍റെ അമ്മായി ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന കുഞ്ഞും അമ്മാവനും ഒക്കെ വീട്ടില്‍ വന്നത്. ഓണം ആഘോഷിക്കാന്‍. ആ ചെറുക്കന്‍ എങ്ങനെയോ അലമാരക്കുള്ളില്‍ പൂഴ്ത്തി വച്ചിരുന്ന എന്‍റെ ബൈനോക്കുലര്‍ കണ്ടു പിടിച്ചു. കണ്ടതും അവന്‍ അത് കിട്ടാന്‍ വേണ്ടി ഒടുക്കലത്തെ കരച്ചില്‍ അങ്ങ് തുടങ്ങി. ആ കരച്ചില്‍ കണ്ടതും എന്‍റെ അമ്മ വന്നിട്ട് എന്താടാ കൊച്ചിനെ കരയിക്കുന്നത്‌ ? ആ സാധനം അങ്ങ് കൊടുക്കരുതോ എന്ന് ചോദിച്ചു. ആദ്യമൊക്കെ എതിര്‍ത്തെങ്കിലും ഒടുവില്‍ വീട്ടുകാര്‍ ബലമായി അത് പിടിച്ചു വാങ്ങി ആ ചെറുക്കന് കൊടുത്തു. കണ്ണ് നിറഞ്ഞു പോയി.  അന്നത്തെ ആ നിരാശ എനിക്ക് പിന്നെ വേറൊരിക്കലും ഉണ്ടായിട്ടില്ല. സത്യം.. ഐസ് മുട്ടായി വേണ്ടാന്ന് വച്ചിട്ട് ... ഇന്നും ബൈനോക്കുലര്‍ അല്ലെങ്കില്‍ ഐസ് മിട്ടായി കാണുമ്പോ ആ കഥ ഓര്‍മ വരും.

നിങ്ങള്‍ക്കുമുണ്ടോ ഐസ് മുട്ടായിയെ പറ്റിയുള്ള ഓര്‍മ്മകള്‍ ? എങ്കില്‍ വരൂ. പങ്കു വയ്ക്കൂ.. 

2 അഭിപ്രായങ്ങൾ: