2011, ജൂലൈ 24, ഞായറാഴ്‌ച

ചില വന്‍ സിനിമാ "സംഗതികള്‍" - വീണ്ടും ഒരു പഠനം .. ഹി ഹി

      നേരത്തെ എഴുതിയ സിനിമാ ഗവേഷണ സീരീസിലേക്ക് ഒരു പോസ്റ്റ്‌ കൂടി. ആദ്യത്തെ പോസ്റ്റ്‌ സിനിമയില്‍ ആവര്‍ത്തിച്ചു വരുന്ന കഥാപാത്രങ്ങളെ പറ്റിയുള്ളതായിരുന്നെങ്കില്‍ ഇത്തവണ ചില വസ്തു 'വഹകളെ" പറ്റിയാണെന്ന് മാത്രം. സ്ഥിരമായി ഇത്തരം വിഷയങ്ങളെ പറ്റി എഴുതി ബോര്‍ അടിപ്പിക്കാന്‍ തല്പര്യമില്ലാട്ടോ. പക്ഷെ ഇതൊക്കെ അന്യം നിന്ന് പോകരുതല്ലോ. ആ ഒരു വിഷമം സഹിക്ക വയ്യാതെയാണ് ഇതൊക്കെ എഴുതുന്നത്‌. സദയം ക്ഷമിക്കുക. 

കോട്ടിട്ട ഡോക്ടര്‍ -

ഞാന്‍ പണ്ട് ബാന്‍ഗ്ലൂര്‍ വന്നതിനു ശേഷമാണ് കോട്ടിട്ട ഡോക്ടര്‍മാരെ കാണാന്‍ തുടങ്ങിയത്. ഇവിടെയുള്ള ഡോക്ടര്‍മാര്‍ കോട്ടിടുന്നതിനു ഒരു കാരണമുണ്ട്. അത് ഊരി വച്ചാല്‍ നമ്മുടെ നാട്ടിലെ കമ്പൌന്ടെര്‍ നെ പോലെ ആണ് അവര്‍ ഇരിക്കുന്നത്. കോട്ട് കണ്ടിട്ടാണ് ശരിക്കും പറഞ്ഞാല്‍ ഡോക്ടര്‍ നെ തിരിച്ചറിയുന്നത്‌. നമ്മുടെ നാട്ടിലുള്ള ഡോക്ടര്‍മാര്‍ കോട്ട് ഇടാറില്ല. അല്ലാതെ തന്നെ അവരെ ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാന്‍ സാധിക്കും. പക്ഷെ മലയാള സിനിമയില്‍ കോട്ട് ഇടാത്ത ഡോക്ടര്‍മാര്‍ വിരളമാണ്. 

ടൈ കെട്ടിയിട്ടു ഇന്റര്‍വ്യൂ നു പോകുന്നത് -നമ്മുടെ നാട്ടില്‍ പ്രൊഫഷണല്‍ ആയി ഡ്രസ്സ്‌ ചെയ്യുന്നവര്‍ വളരെ ചുരുക്കമാണ്. നമ്മുടെ നാട്ടിലെ ആള്‍ക്കാരെ അവരുടെ വേഷം കണ്ടിട്ട് മാത്രം തിരിച്ചറിയാന്‍ വളരെ പ്രയാസമാണ്. എത്ര വലിയ പദവിയിലിരിക്കുന്നവരും വളരെ സിമ്പിള്‍ ആയിട്ടാണ് നടക്കുന്നത്. മാത്രമല്ല കോട്ടും ടൈയും ഒക്കെ കെട്ടി നടക്കുന്നവരെ കണ്ടാല്‍ മലയാളി അവനെ ഒറ്റയടിക്ക് ജാഡ എന്ന് എഴുതി തള്ളും. എല്‍ കെ ജിയിലും യൂ കെ ജി യിലും പഠിക്കുന്ന പൊടി പിള്ളേരും എം ബി എ യ്ക്ക് പഠിക്കുന്ന കുട്ടികളുമാണ് നമ്മുടെ നാട്ടില്‍ കൊട്ടും ടൈയും ഇട്ടു പേരുദോഷം കേള്‍പ്പിക്കാതെ നടക്കുന്നത്. പക്ഷെ മലയാള സിനിമയില്‍ ഇപ്പോഴും ഒരു ചെറിയ ജോലിക്ക് ഉള്ള ഇന്റര്‍വ്യൂവിനു പോലും ഉദ്യോഗാര്‍ഥികള്‍ ടൈ ഒക്കെ കെട്ടി കുട്ടപ്പനായിട്ടാണ് വരുന്നത്. എന്താ അല്ലേ !

ബോംബ്‌ - 

മലയാള സിനിമയില്‍ കാലാ കാലങ്ങളായി പല മാറ്റങ്ങളും വന്നുവെങ്കിലും ഇത് വരെ നിലവാര തകര്‍ച്ച ഉണ്ടാകാത്ത ഒരു വസ്തുവാണ് ബോംബ്‌.  പണ്ടത്തെയും ഇപ്പോഴത്തെയും സിനിമകളില്‍ ഉപയോഗിക്കുന്ന ബോംബിന്റെ ഷേപ്പിനു വലിയ മാറ്റമൊന്നും വന്നിട്ടില്ല. നാട്ടില്‍ പാക്കരന്‍ ചേട്ടന്റെ ചായക്കടയില്‍ പഴം പൊരി പൊതിഞ്ഞു തരുന്നത് പോലെ എന്തോ സാധനം ഒരു കറുത്ത പേപ്പറില്‍ പൊതിഞ്ഞു ഒന്ന് രണ്ടു LED ലൈറ്റ് കത്തിച്ചു വയ്ക്കും. ഒരു വാച്ചോ ടൈം പീസോ കൂടെ ഒട്ടിച്ചു വച്ചാല്‍ അത് ടൈം ബോംബ്‌ ആയി. നമ്മുടെ കലാ സംവിധായകര്‍ പാവങ്ങളാണെന്നു  തോന്നുന്നു. ജീവിതത്തില്‍ അവര്‍ ശരിക്കുള്ള ബോംബ്‌ കണ്ടിട്ടുണ്ടാവില്ല. അതൊക്കെ ബോളിവുഡ്.
അവന്മാര്‍ യഥാര്‍ത്ഥ ബോംബ്‌ ആണ് ഉപയോഗിക്കുന്നത്

പത്രക്കാര്‍ - 

സത്യം പറയാമല്ലോ. ഇതാണ് ഏറ്റവും വലിയ തമാശ. ലോകത്തുള്ള പത്ര പ്രവര്‍ത്തകര്‍ മൊത്തം അടിമുടി മാറിയിട്ടും നമ്മുടെ സിനിമ പത്ര പ്രവര്‍ത്തകര്‍ ഇപ്പോഴും പതിനേഴാം നൂറ്റാണ്ടിലാണ് ജീവിക്കുന്നത്. ആണായാലും പെണ്ണായാലും ഒരു ഖാദി ജൂബ, ചുരിദാര്‍ ഇതാവും വേഷം. ഇപ്പോഴും അവര്‍ നോട്ട് കുറിച്ചെടുക്കുന്നത് ചെറിയ പുസ്തകത്തിലാണ്. മാത്രമല്ല എഴുതുന്നതെല്ലാം
'ആര്‍ട്ടിക്കിളും'. ഒരു വോയിസ്‌ റെക്കോര്‍ഡേര്‍ കൊണ്ട് നടക്കുന്ന ഒരു പത്രക്കാരനെ കാണാന്‍ കൊതിയാവുന്നു. അടുത്ത തമാശ എന്താന്നു വച്ചാല്‍ പത്രത്തിന്റെ എം ഡി സ്വയം ന്യൂസ്‌ ഡെസ്ക്കിലോക്കെ ഇറങ്ങി നടക്കുന്നത് കാണാം. എല്ലാത്തിലും കയറി കൈ വയ്ക്കും. എഡിറ്റര്‍ എന്ന് പറയുന്നവന്‍ അങ്ങേരുടെ ഒപ്പം ഉണ്ടാവുകയും ചെയ്യും. പിന്നത്തേതു പത്രത്തിന്റെ പേജ് സെറ്റിംഗ് ആണ്. QuarkXPress പോലുള്ള സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ച് പത്രത്തിന്റെ ഒരു മൊത്തം പേജ് ഡിസൈന്‍ ചെയ്തെടുക്കുന്ന കാലഘട്ടത്തില്‍ ആണ് നമ്മള്‍ ജീവിക്കുന്നത്. എന്നിട്ട് നേരിട്ട് അതില്‍ നിന്ന് പ്ലേറ്റ് ഉണ്ടാക്കിയെടുക്കാന്‍ പറ്റും. പക്ഷെ മലയാള സിനിമയില്‍ ഇപ്പോഴും പണ്ടത്തെ പോലെ ഓരോ കട്ടിംഗ് ആയി കൊണ്ട് വന്നു ഒട്ടിച്ചു ചേര്‍ക്കുന്ന ടെക്നോളജി ആണ്. പഴയ ഒരു പത്രപ്രവര്‍ത്തകന്‍ ആയ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത പത്രത്തില്‍ പോലും ഇതായിരുന്നു സ്ഥിതി. 

സൈക്യാട്രിസ്ടിന്റെ താടി -

ഡോക്ടര്‍ പി എം മാത്യു വെല്ലൂര്‍ ആണെന്ന് തോന്നുന്നു ഇത് പോപ്പുലര്‍ ആക്കിയത്. അദ്ദേഹമാണല്ലോ ഒരു ശരാശരി മലയാളിയുടെ മനസ്സിലെ മാതൃക മനോരോഗ വിദഗ്ധന്‍.  ബുള്‍ഗാന്‍ വയ്ക്കാത്ത ഒരു സൈക്യാട്രിസ്ടിനെ ഇപ്പൊ നമുക്ക് സങ്കല്‍പ്പിക്കാന്‍ പോലും പറ്റില്ല. അപ്പൊ പിന്നെ സിനിമാക്കാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല അല്ലേ. ചിലപ്പോ ഈ താടി കൊണ്ടാവും അവര്‍ മേച്ചുരിറ്റി തോന്നിക്കുന്നതു. ചതിക്കാത്ത ചന്തുവില്‍ ജയസൂര്യ പറയുന്ന പോലെ ഡോണ്ട് ടച് മൈ മെച്ചുരിറ്റി 

സര്‍ദാര്‍ജി : കോലം കെട്ടിച്ചത് -പഞ്ചാബികളെ പറ്റി പണ്ട് എനിക്ക് ഒരുപാട് തെറ്റിധാരണകള്‍ ഉണ്ടായിരുന്നു. സിംഗ് എന്ന് പേരുള്ള എല്ലാവരും ടര്‍ബന്‍ വയ്ക്കും , പഞ്ചാബികള്‍ എല്ലാം സിംഗ് ആണ്, സര്‍ദാര്‍ എന്ന് വച്ചാല്‍ സിംഗ് ആണ് അങ്ങനെ അങ്ങനെ. മാത്രമല്ല അവരുടെ വേഷ വിധാനവും. ഒരുമാതിരി പാകിസ്താന്‍കാര്‍ ഇടുന്ന പോലുള്ള അയഞ്ഞ കുപ്പായവും ഒരു ഷേപ്പില്ലാത്ത തലപ്പാവും വച്ചാണ് സര്‍ദാര്‍ജിമാരെ മലയാള സിനിമയില്‍ ഞാന്‍ കണ്ടിട്ടുള്ളത്. പ്രേം നസീര്‍ സി ഐ ഡി നസീറില്‍ ഉപയോഗിച്ച ഈ വേഷം തന്നെയാണ് സത്യത്തില്‍ പഞ്ജാബി ഹൌസ് എന്ന ചിത്രത്തില്‍ വരെ ഉപയോഗിച്ചിരിക്കുന്നത്. ട്രക്ക് ഓടിക്കുന്ന പഞ്ചാബികള്‍ , ധാബ നടത്തുന്നവര്‍ മുതലായവര്‍ ഈ വേഷം തന്നെയാണ് ഉപയോഗിക്കുന്നതെന്ന് സമ്മതിക്കുന്നു. പക്ഷെ ആഡ്യന്‍മാരായ പഞ്ചാബികള്‍ യഥാര്‍ത്ഥത്തില്‍ വളരെ സ്മാര്‍ട്ട്‌ ആയിട്ടാണ് ഡ്രസ്സ്‌ ചെയ്യുന്നത്. പഞ്ചാബി ഹൌസ് എന്ന ചിത്രത്തിലെ കഥാപാത്രങ്ങള്‍ വന്‍ വ്യവസായികളും ധനികരും ആയിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. പക്ഷെ അവരുടെ വേഷം നോക്കൂ. തല്ലിപ്പൊളി കളറുകളില്‍ ഉള്ള കുറെ ജൂബകളും വെട്ടി ഒട്ടിച്ച പോലുള്ള ടര്‍ബനുകളും. മൊട്ടു സൂചി കുത്തി വച്ചുണ്ടാക്കിയതാണോ എന്ന് സംശയമുണര്‍ത്തുന്നതായിരുന്നു ആ തലപ്പാവുകള്‍. കൊച്ചിയിലുള്ള പഞ്ചാബികള്‍ ആരും അത് കാണാഞ്ഞത് റാഫി മെക്കാര്‍ട്ടിന്റെ ഭാഗ്യം.

MS Paint -

പടം വരയ്ക്കുന്നതിനു വേണ്ടി വിന്‍ഡോസ്‌ തരുന്ന ഒരു ടൂള്‍ ആണ് പെയിന്റ്. പക്ഷെ നമ്മുടെ സിനിമകളില്‍ ഇത് പ്രതിയുടെ ബ്ലഡ്‌ ടെസ്റ്റ്‌ റിസള്‍ട്ട്‌ കാണിക്കാനും മറ്റുമാണ് ഉപയോഗിക്കുന്നത്. പവര്‍ പോയിന്റ്‌ , വേര്‍ഡ്‌ ഒക്കെ ഇങ്ങനെ മൈക്രോസോഫ്ട്‌ മനസ്സില്‍ പോലും വിചാരിച്ചിട്ടില്ലാത്ത കാര്യങ്ങള്‍ക്കാണ് നമ്മുടെ സിനിമാക്കാര്‍ ഉപയോഗിക്കുന്നത്. ഷാജി കൈലാസ് ആണ് ഇതിനു തുടക്കമിട്ടത്. ഈ അടുത്തകാലത്ത്‌ ഭഗവാന്‍ എന്നൊരു പടം ഇറങ്ങിയല്ലോ. അതില്‍ ലാലേട്ടന്‍ ഒരു യു എസ് ബി ഡ്രൈവ് ലാപ്ടോപില്‍ കുത്തിയിട്ട് ഗൂഗിള്‍ മാപ് എടുത്തു കുറെ ബോംബ്‌ ഡിഫ്യൂസ് ചെയ്യുന്നത് കണ്ടു. എന്തെളുപ്പം അല്ലേ ?  മലപ്പുറം ഹാജി മഹാനായ ജോജിയില്‍ ഞാന്‍ രാവിലെ തോക്കുമെടുത്ത് പോയി പത്തു മുപ്പതു ചൈനാക്കാരെ വെടി വച്ച് കൊന്നു എന്ന് ജഗതി പറയുന്ന പോലെ. വല്ലവന് പുല്ലുമായുധം. 

പോലീസ് സ്റേഷന്‍ -


വെറും പോലീസ് സ്റേഷന്‍ അല്ല. മമ്മുക്കയും ലാലേട്ടനും ഷിറ്റ് ഗോപിയെട്ടനും ഒക്കെ എസ് ഐ ആയി ജോലി ചെയ്യുന്ന സ്റെഷനും ലോക് അപ്പും ഒക്കെ ഒന്ന് കാണണം. ഗോള്‍ഡ്‌ പ്ലേറ്റ് ചെയ്ത പോലിസ് ലോഗോ , വൃത്തിയുള്ള ഡിസൈനര്‍ സ്റെഷനുകള്‍. എന്തിനു ഏതോ ഒരു പടത്തില്‍, നരിമാന്‍ ആണെന്ന് തോന്നുന്നു. ലോക്ക് അപ്പിന്റെ ഭിത്തി മുഴുവന്‍ പോലീസ് , പോലീസ് എന്ന് എഴുതി വച്ചിരിക്കുന്നു. പണ്ട് സിനിമയില്‍ കുട്ടികളുടെ റൂം കാണിക്കുമ്പോ അതിന്റെ ഭിത്തിയില്‍ അക്ഷരങ്ങള്‍ ഒക്കെ എഴുതി വയ്ക്കുന്നത് കണ്ടിട്ടുണ്ട്. അതിനു ശേഷം ഇപ്പോഴാണ് ഇതൊക്കെ കാണുന്നത്. 

മുണ്ടുടുത്ത സ്കൂള്‍ മാഷ്‌ -മുണ്ടുടുത്ത സ്കൂള്‍ മാഷുമാരെ കണ്ടു മടുത്തു. പാന്റ്സ് ഇട്ടതു കൊണ്ടോ ചുരിദാര്‍ ഇട്ടതു കൊണ്ടോ ആ കഥാപാത്രത്തിന് എന്ത് മാറ്റമാണോ സംഭവിക്കുക. വര്‍ഷങ്ങളായി മലയാള സിനിമയിലെ സ്കൂള്‍ അധ്യാപകര്‍ മുണ്ട് മാത്രം ഇടുന്നതിനു സ്കൂള്‍ ടീച്ചേര്‍സ് പ്രധിഷേധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അടുത്ത കാലത്തു നമ്മുടെ ബേബി സൂപ്പര്‍ സ്റ്റാര്‍ അഭിനയിച്ച ചിത്രത്തില്‍ പോലും പാട്ട് സീനില്‍ മാത്രമാണ് അങ്ങേര്‍ക്കു പാന്റ്സ് അല്ലെങ്കില്‍ ലോങ്ങ്‌ കുര്‍ത്ത ഒക്കെ ഇടാന്‍ അവസരം കിട്ടിയത്. എന്റെ അറിവില്‍ പാന്റ്സ് ഇട്ടു ഒരു സ്കൂള്‍ മാഷിന്റെ കഥാപാത്രം അവതരിപ്പിക്കാന്‍ സുവര്‍ണാവസരം ലഭിച്ച ഒരു നടന്‍ നമ്മുടെ ലാലേട്ടന്‍ ആണ്. ദൂരെ ദൂരെ ഒരു കൂട് കൂട്ടാം എന്ന പടത്തില്‍ ലാലേട്ടന്‍ തയ്യല്‍ക്കടയിലെ കട്ടിംഗ് വേസ്റ്റ് കൊണ്ട് തുന്നിയ ഒരു വേഷത്തില്‍ വന്നത് ഓര്‍മയില്ലേ ? കോളേജ് അധ്യാപകര്‍ക്ക് മാത്രമാണ് മലയാള സിനിമയില്‍  പാന്റ്സ് ഇട്ടു നടക്കാന്‍ അവകാശമുള്ളത്. ഇത് തികഞ്ഞ അവഗണനയാണ്. വിവേചനമാണ്. 
മാഷന്മാരെ പ്രതികരിക്കൂ.

നാട്ടിന്‍പുറത്തെ ചായക്കട -

പണ്ട് തൊട്ടേ നടന്‍ ചായക്കടകള്‍ ആകെ അലങ്കോലമായിട്ടാണ് നമ്മുടെ സിനിമകളില്‍ കാണിച്ചിട്ടുള്ളത്. ചെറിയ ഒരു കണ്ണാടി അലമാര, ചൂട് ആവി പറക്കുന്ന സമോവര്‍, ഈച്ചയാര്‍ക്കുന്ന ഒരു പാത്രത്തില്‍ വടയും മറ്റു 'കടികളും'. ലുങ്കി ഉടുത് നില്‍ക്കുന്ന കടക്കാരനും അടുക്കളയില്‍ നിന്ന് എത്തി നോക്കുന്ന അങ്ങേരുടെ ഭാര്യയും ഇളയ മകളും. സോറി. റേഡിയോയുടെ കാര്യം വിട്ടു പോയി. ഇരുപത്തി നാല് മണിക്കൂറും ഓണ്‍ ആയി ഇരിക്കുന്ന ഒരു റേഡിയോയും അവിടെ ഉണ്ട്. എന്നാല്‍ ഇപ്പൊ നാട്ടിന്‍പുറത്ത് പോയി നോക്കൂ. ടി വി ഇല്ലാത്ത ഒരു ചായക്കടയും നിങ്ങള്‍ക്ക് കാണാന്‍ പറ്റില്ല. ഗ്യാസ് സ്ടവ് ഒക്കെ സാധാരണം. പക്ഷെ ഇത് മാറ്റണം എന്ന് എനിക്ക് വലിയ ആഗ്രഹമില്ല. ഒട്ടനവധി ചെറു പട്ടണങ്ങള്‍ നിറഞ്ഞ കേരളത്തില്‍ നിന്ന് മാഞ്ഞു പോയ ഇത്തരം കാഴ്ചകള്‍ സിനിമയില്‍ എങ്കിലും കാണാന്‍ പറ്റുന്നുണ്ടല്ലോ.

പൊട്ടി പൊളിഞ്ഞ കെട്ടിടം അല്ലെങ്കില്‍ അടച്ചു പൂട്ടിയ ഓട്ടു കമ്പനി -


     മിക്ക പടങ്ങളുടെയും ക്ലൈമാക്സ്‌ എടുക്കാന്‍ പണ്ട് ഉപയോഗിച്ചിരുന്ന ഒരു സ്ഥലമായിരുന്നു ഓട്ടു കമ്പനി. എനിക്ക് തോന്നുന്നു മലയാള സിനിമ കളറില്‍ ആയതിനു ശേഷമാണ് സിനിമാക്കാര്‍ ഈ ഓട്ടു കമ്പനിയില്‍ കണ്ണ് വച്ചതെന്ന്.  ഓട്ടു കമ്പനിയില്‍ വച്ച്  അടി കൂടുന്ന ഒരു ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് സിനിമയും എനിക്ക് ഓര്‍മ വരുന്നില്ല. ജയനും മധുവും ജോസ് പ്രകാശും ഒക്കെ ആയിരുന്നു ഇതിന്റെ ആശാന്മാര്‍. നാടോടിക്കാറ്റില്‍ ദാസനും വിജയനും അടി വച്ചതും മറ്റൊരിടത്തല്ല. ഇത് പിന്നെ പതിയെ പൊളിഞ്ഞ കെട്ടിടത്തിനു വഴിമാറി. ഇപ്പോഴത്തെ മിക്ക പടങ്ങളുടെയും ക്ലൈമാക്സ്‌ കൊച്ചിയിലെ പൊളിഞ്ഞ കെട്ടിടങ്ങളില്‍ വച്ചാണ് ചിത്രീകരിച്ചിട്ടുള്ളത്. ഈയിടയ്ക്ക് എ വെട്നെസ് ഡേ എന്ന ചിത്രത്തില്‍ നസീറുദ്ദീന്‍ ഷാ ഇത്തരം ഒരു കെട്ടിടത്തില്‍ കയറി ഇരിക്കുന്നത് കണ്ടു.
ഇപ്പൊ എനിക്ക് ഓര്‍മ വരുന്ന വേറൊരു രസമുള്ള സംഗതി ഉണ്ട്. മാന്നാര്‍ മത്തായി സ്പീക്കിങ്ങില്‍ ഇന്നസന്‍റ് പറയുന്നത്. അതിന്റെ ക്ലൈമാക്സ്‌ പണി നടന്നു കൊണ്ടിരിക്കുന്ന ഒരു കെട്ടിടത്തില്‍ വച്ചാണ് ഷൂട്ട്‌ ചെയ്തത്. അപ്പൊ മത്തായിച്ചന്‍ ചോദിക്കുന്നതാണ് ഈ കെട്ടിടം ആരാ ഇങ്ങനെ പൊളിച്ചിട്ടതെന്നു .. ഹി ഹി.

കുറ്റാന്വേഷണ വിദഗ്ധന്‍ / കമാണ്ടോസ് -


ഹോ. ഇത് വന്‍ തമാശയാണ്. നമ്മുടെ ചിത്രങ്ങളിലെ കമാണ്ടോകളുടെ വേഷം കണ്ടാലുണ്ടല്ലോ ചിരിച്ചു ചിരിച്ചു മണ്ണ് കപ്പും. ദേഹം മുഴുവന്‍ എന്തൊക്കെയോ  വച്ച് കെട്ടിയാണ് ഇവര്‍ നടക്കുന്നത്.
മോസ്റ്റ്‌ മോഡേണ്‍ കമാണ്ടോകള്‍ മാക്സിമം പോയാല്‍ ഒരു ബ്ലൂടൂത്ത് ഹെഡ് സെറ്റ് ഉപയോഗിക്കും.
ബാബാ കല്യാണിയില്‍ ഉള്ളവരാണ് ബഹു രസം. കണ്ടാല്‍ പ്ലംബിംഗ് പണിക്കാരോ എലെക്ട്രീഷ്യന്‍ ആണെന്നോ മറ്റുമേ മേജര്‍ രവി പോലും പറയൂ. വയറിനു ചുറ്റും സ്ക്രെവ് ഡ്രൈവറും പേന കത്തിയും മറ്റുമാണ്. പണ്ടത്തെ ലാട വൈദ്യന്മാര്‍ ഇടുന്ന ടൈപ്പ് സാധനം. നദിയ കൊല്ലപ്പെട്ട രാത്രിയും തരക്കേടില്ല.

ഫോട്ടോഗ്രാഫര്‍ -


മുകളില്‍ പറഞ്ഞത് തന്നെ. ഒറ്റ വ്യത്യാസം. അരയില്‍ ഒരു പൌച് അല്ലെങ്കില്‍ ഒരു ഓവര്‍ കോട്ട്. ഇതുണ്ടാവും എന്ന് മാത്രം.

    തല്‍ക്കാലം ഇത്രയും കൊണ്ട് നിര്ത്തുന്നു. പക്ഷെ ഈ ഗവേഷണം തുടരും. മുതല്‍ സന്ധിക്കും വരേയ്ക്കും വിടയ് ശൊല്‍വത് ഉങ്കള്‍ ദുശു

2011, ജൂലൈ 23, ശനിയാഴ്‌ച

'ആദായ' നികുതി റെയ്ഡ് - കൂട്ടി വായിക്കേണ്ട ചില കാര്യങ്ങള്‍

     

     നമ്മുടെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയുടെയും മോഹന്‍ ലാലിന്റെയും വീട്ടില്‍ നടക്കുന്ന റെയ്ദിനേ പറ്റി വാര്‍ത്തകള്‍ വന്നു കൊണ്ടിരിക്കുകയാണല്ലോ. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ കണ്ടത് പോലുള്ള അറയും നിധിയും ഒക്കെ ഇവരുടെ വീട്ടില്‍ ഉണ്ടെന്ന മട്ടില്‍ ആണ് മാധ്യമങ്ങള്‍ വാര്‍ത്ത‍ കൊടുത്തു കൊണ്ടിരിക്കുന്നത്. കേട്ടിടത്തോളം എന്തൊക്കെയോ ക്രമക്കേടുകള്‍ കണ്ടു പിടിച്ചിട്ടുമുണ്ട്. എന്ത് കൊണ്ടാണ് നമ്മുടെ നാട്ടിലെ പണക്കാര്‍ വന്‍ തോതില്‍ നികുതി വെട്ടിക്കുന്നത് എന്ന് ആലോചിച്ചിട്ടുണ്ടോ ? സര്‍ക്കാരിനെ പറ്റിക്കുക എന്നത് അല്ല പലപ്പോഴും അതിന്റെ പ്രാഥമിക ഉദ്ദേശം. 

ഇന്ത്യയിലെ ടാക്സിംഗ് സിസ്റ്റം ഒരു ത്രിതല സംവിധാനമാണ്. കേന്ദ്ര, സംസ്ഥാന ഗവണ്മെന്റുകളും ലോക്കല്‍ ബോഡികളും ആണ് ടാക്സ് പിരിക്കുന്നത്. പലപ്പോഴും ഒരു വരുമാനത്തിന് മേല്‍ പല തവണ ടാക്സ് ചെയ്യുന്ന ഒരു അസംബന്ധ സിസ്റ്റം ആണ് ഇന്ത്യയില്‍ ഉള്ളത്. താഴെ കാണിച്ചിരിക്കുന്ന നിരക്കുകള്‍ പുതിയതാണോ എന്നറിയില്ല. പക്ഷെ ഇങ്ങനെ ആണ് വ്യക്തിഗത നികുതി പിരിക്കുന്നത്. 

  • 0-100,000- No tax needed
  • 1, 00,000-1, 50,000- 10 %
  • 1, 50,000-2, 50,000- 20 %
  • 2,50,000 and above- 30 %
എട്ടര ലക്ഷത്തിനു മേല്‍ വരുമാനമുണ്ടെങ്കില്‍ ഒരു പത്തു ശതമാനം കൂടി പിടിക്കും. ഇതിനേക്കാള്‍ കിരാതമാണ് സേല്‍സ് ടാക്സ്, കസ്റംസ് ഡ്യൂട്ടി മുതലായവ. നിങ്ങള്‍ കടയില്‍ നിന്ന് വാങ്ങുന്ന ഒരു ചെറിയ തീപ്പെട്ടിയില്‍ പോലും പല ഘട്ടങ്ങളിലായി കുറഞ്ഞത്‌ മൂന്നു തവണയെങ്കിലും നികുതി ഈടാക്കപ്പെടുന്നുണ്ട്. പലപ്പോഴും പുതിയ വരുമാന മാര്‍ഗങ്ങള്‍ ഉണ്ടാക്കുന്നതിനു പകരം  നികുതി ദായകനെ മാക്സിമം പിഴിയുന്ന ഒരു രീതിയാണ് വര്‍ഷങ്ങളായി മാറി മാറി വരുന്ന സര്‍ക്കാരുകള്‍ തുടര്‍ന്ന് വന്നിട്ടുള്ളത്. സാലറീഡ് ക്ലാസ്സ്‌ ആണ് കൃത്യമായി നികുതി കൊടുക്കുന്നത്. കാരണം അവരുടെ വരുമാനത്തിന് കൃത്യമായ രേഖകള്‍ ഉണ്ടെന്നത് തന്നെ. ആ പാവങ്ങള്‍ ഓരോ പ്ലാനുകളില്‍ ഇന്‍വെസ്റ്റ്‌ ചെയ്തും മറ്റുമാണ് ഉള്ള വരുമാനം പോകാതെ നോക്കുന്നത്. എന്നിട്ടോ. 
എന്റെ ഒരു സുഹൃത്ത്‌ പറഞ്ഞത് പോലെ നമ്മള്‍ റോഡ്‌  ടാക്സ് കൊടുക്കുകയും അതെ സമയം ആ റോഡില്‍ കൂടി സഞ്ചരിക്കാന്‍ ടോള്‍ കൊടുക്കുകയും ചെയ്യുന്ന ഒരു അവസ്ഥ ഇവിടെ ഉണ്ട്. 
80 C യുടെ പരിധിയില്‍ വരുന്ന എല്ലാ പ്ലാനുകളും നിങ്ങളുടെ നിക്ഷേപം ഒരു വലിയ കാലത്തേക്ക് കൈവശം വയ്ക്കുന്ന രീതിയിലുള്ളതാണ്‌. ഇന്ദിര വികാസ് പത്ര അടക്കം. അതില്‍ നിന്നുള്ള വരുമാനവും സര്‍ക്കാരിനു കിട്ടും.


     നികുതി കൊടുക്കാന്‍ താല്പര്യമുള്ളവരെ പോലും വെറുപ്പിക്കുന്ന രീതിയിലുള്ള സിസ്റ്റം ആണ് ഇവിടത്തേത്‌.  പണമുണ്ടാക്കുന്നത് ഇന്ത്യയില്‍ ഒരു ക്രൈം ആണ്. അതെങ്ങനെ, പണമുള്ളവന്‍ അത് ബാക്കിയുള്ളവരെ കൊള്ളയടിച്ചാണ് ഉണ്ടാക്കുന്നതെന്നല്ലേ രാഷ്ട്രീയക്കാര്‍ ജനങ്ങളെ പറഞ്ഞു പഠിപ്പിച്ചിരിക്കുന്നത്. പണമുള്ളവനും അത് കഷ്ടപ്പെട്ട് തന്നെയാണ് ഉണ്ടാക്കുന്നത്‌. അത് കൊണ്ട് എന്ത് സംഭവിച്ചു ? പാവങ്ങള്‍ക്ക് പണമുണ്ടാക്കാനുള്ള വഴികള്‍ തെളിയിച്ചു കൊടുക്കാതെ രാഷ്ട്രീയക്കാരും സര്‍ക്കാരുകളും പണക്കാര്‍ക്ക് ഒപ്പം നിന്നു. ഒരു രാജ്യത്തിലെ  ഓഹരി കമ്പോളത്തിന്റെ നാല്പതു ശതമാനം നിയന്ത്രിക്കുന്ന രീതിയിലേക്ക് അംബാനി സഹോദരങ്ങള്‍ വളര്‍ന്നത്‌ ഉദാഹരണം. ബാക്കിയുള്ള സ്വത്തിന്റെയും എണ്‍പത് ശതമാനവും കുറച്ചു വ്യക്തികളുടെ കയ്യിലാണ്. ഗോദ്റെജ് , ബജാജ് തുടങ്ങിയവര്‍. പെരെടോസ് റൂള്‍ വര്‍ക്ക് ചെയ്യുന്നത് കണ്ടോ. 

ഇങ്ങനത്തെ ഒരു പരിത സ്ഥിതിയില്‍ നമുക്ക് ഇവരെയൊക്കെ കുറ്റം പറയാന്‍ പറ്റുമോ ചേട്ടാ ?

2011, ജൂലൈ 7, വ്യാഴാഴ്‌ച

മലയാള ടെലിവിഷന്‍ ചരിത്രത്തിലെ ഏറ്റവും വലിയ കോമഡി ഷോ

   

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ബോളിവുഡ് നടനാണ്‌ ഹൃതിക് റോഷന്‍. ഇന്ത്യന്‍ സിനിമ കണ്ടത്തില്‍ ഇത്രയും ഷാര്‍പ് ഫീച്ചേഴ്സ് ഉള്ള വേറൊരു നടന്‍ ഉണ്ടാവില്ല ( നമ്മുടെ രാജു മോന്‍ കേള്‍ക്കണ്ട. ). ഇത്രയും വര്‍ഷത്തിനുള്ളില്‍ ഇരുപതോളം ചിത്രങ്ങളില്‍ മാത്രമേ ഹൃതിക് അഭിനയിച്ചിട്ടുള്ളൂവെങ്കിലും പണ്ട് യുവാവായ സല്‍മാന്‍ ഖാന്‍ ഉണ്ടാക്കിയ പോലെ ഒരു തരംഗം സൃഷ്ടിക്കുകയും അത് നിലനിര്‍ത്തി പോരുകയും ചെയ്യുന്ന ഒരു യഥാര്‍ത്ഥ താരം ആണ് ഹൃതിക്.
അതി ഗംഭീരമായി നൃത്തം ചെയ്യാനുള്ള കഴിവാണ് ഹൃതികിനെ ഇത്രയും ജനപ്രീതി ഉള്ള താരമാക്കിയത്. അതോടൊപ്പം തന്നെ ഒരു നല്ല അഭിനയ പ്രതിഭയുമാണ് ഹൃതിക്. 

     ആ ഹൃതിക്കിനെ അവതരിപ്പിക്കുന്ന ഡാന്‍സ് റിയാലിറ്റി ഷോ ആണ് ജസ്റ്റ്‌ ഡാന്‍സ്. സ്റ്റാര്‍ ടി വി ആണ് ഈ പരിപാടിയുടെ നിര്‍മാതാക്കള്‍.സ്റ്റാര്‍ പണം വാരിയെറിഞ്ഞാണ് ഇത് നിര്‍മിക്കുന്നത്  നമ്മുടെ ടി വി ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കൊടുത്തുകൊണ്ട് ( കൃത്യമായി പറഞ്ഞാല്‍ ഒരു എപിസോഡ് നു രണ്ടര കോടി ) ഒരു വമ്പന്‍ പരിപാടി ആയാണ് ഇവര്‍ ഇതിനെ കാണുന്നത്. ഇതില്‍ വരുന്ന മത്സരിക്കാനെത്തുന്നവര്‍ അവരുടെ ഒരു റോള്‍ മോഡല്‍ ആയി കാണുന്നത് ഹൃതികിനെ ആണ്. അവര്‍ക്ക് ഹൃതികിനോടുള്ള ആരാധനാ എത്രയാണെന്ന് അറിയണമെങ്കില്‍ അത് കണ്ടു തന്നെ നോക്കണം. സ്വന്തം അച്ഛനേക്കാളും വലുതായിട്ടാണ് അവര്‍ ഹൃതിക് റോഷനെ കാണുന്നത്. സ്റ്റാര്‍ പണം വാരിയെറിഞ്ഞാണ് ഇത് നിര്‍മിക്കുന്നത്. ജഡ്ജസും മോശമല്ല. ഫറ ഖാന്‍ , വൈഭവി മര്‍ച്ചന്റ് എന്നിവരാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഈ ഡാന്‍സ് റിയാലിറ്റി ഷോയുടെ വിധി കര്‍ത്താക്കള്‍. ഏറ്റവും മുകളിലായി സാക്ഷാല്‍ ഹൃതിക്കും.ഇനി എന്ത് കൊണ്ടാണ് ഞാന്‍ ഇതിനെ കോമഡി ഷോ എന്ന് വിളിച്ചത് എന്ന് പറയാം. ഈ പരിപാടി മലയാളത്തില്‍ ഡബ്ബ് ചെയ്തു ഏഷ്യനെറ്റില്‍ കാണിക്കുന്നുണ്ട്. പണ്ട് സൂര്യ ടിവിയില്‍ ഇംഗ്ലീഷ് സിനിമകള്‍ മൊഴിമാറ്റം ചെയ്തു കാണിക്കുമായിരുന്നല്ലോ. അന്ന് ജാക്കി ചാനും ക്ലിന്റ് ഈസ്റ്റ്വുഡും ഒക്കെ മലയാളത്തില്‍ കരയുന്നതും തമാശ പറയുന്നതും കേട്ട് ഞാന്‍ ഒരുപാടു ചിരിച്ചിട്ടുണ്ട്. പക്ഷെ ഇതെല്ലാത്തിനെയും കടത്തിവെട്ടി. ഇതില്‍ ശബ്ദം കൊടുത്തിരിക്കുന്നവര്‍ക്ക് കൊടുക്കാന്‍ പറ്റിയ അവാര്‍ഡ്‌ ഒരെണ്ണം ഏഷ്യാനെറ്റ്‌ സ്ഥിരമുള്ള അവാര്‍ഡ്‌ നൈറ്റില്‍ ഉള്‍പ്പെടുത്തണം എന്നെനിക്കൊരു അപേക്ഷയുണ്ട്. പെര്‍ഫോമന്‍സിന് മുമ്പുള്ള അവരുടെ ശബ്ദം, ഡാന്‍സ് ചെയ്തിട്ട് കിതച്ചു കൊണ്ടുള്ള ശബ്ദം, പുറത്തായാല്‍ കരഞ്ഞു കൊണ്ടുള്ള അവരുടെ ശബ്ദം, എന്ന് വേണ്ട ഈ ഡബ്ബ് ചെയ്തവരുടെ ഒരു റിയാലിറ്റി ഷോ ആണ് ഇത്. മത്സരാര്‍ഥികളെ പുറത്താക്കുമ്പോള്‍ ഉള്ള പരുഷമായ ഫറയുടെയും വൈഭവിയുടെയും ശബ്ദമാണ് ഇതില്‍ ഏറ്റവും സൂപ്പര്‍. രണ്ടു ദിവസം മുമ്പ് യു പി ക്കാരന്‍ ആയ ഒരു പയ്യന്‍സ് ഔട്ട്‌ ആയി. അവന്‍ അവന്റെ അമ്മയെ കെട്ടി പിടിച്ചു കരയുന്നത് കണ്ടിട്ട് ചിരിച്ചു ചിരിച്ചു എന്റെ പരിപാടി തീര്‍ന്നു. ഫറയ്ക്കോ വൈഭവിക്കോ മലയാളം മനസ്സിലാവുമായിരുന്നെങ്കില്‍ അവര്‍ക്ക് ശബ്ദം കൊടുത്തവരെ അവര്‍ പണ്ടേ ചവിട്ടിക്കൂട്ടിയേനെ. ഉള്ളത് പറയാമല്ലോ ഹൃതികിന്റെത് വലിയ കുഴപ്പമില്ല. 

     ചുരുക്കി പറഞ്ഞാല്‍ ഏറ്റവും വലിയ ഡാന്‍സ് ഷോ ആക്കാന്‍ ആണ് സ്റ്റാര്‍ ശ്രമിക്കുന്നുവെങ്കിലും ഫലത്തില്‍ ഇതൊരു കോമഡി ഷോ ആണ്. മലയാളത്തില്‍. ഇതേ പരിപാടി തമിഴില്‍ കാണിക്കുന്നുണ്ടത്രെ. അത് എന്തായാലും ഇതിനെക്കാള്‍ കോമഡി ആയിരിക്കും. പറ്റുമെങ്കില്‍ ഒരു എപിസോഡ് കണ്ടു നോക്ക്. ഒന്നില്‍ കൂടുതല്‍ കാണുവാന്‍ ഉള്ള കപ്പാസിറ്റി ഉണ്ടെങ്കില്‍ വീണ്ടും കണ്ടോ.. ഹി ഹി. 

2011, ജൂലൈ 3, ഞായറാഴ്‌ച

ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ജനിക്കുന്നു - ഇത് വരെ

    കുറച്ചു നാളായി വിചാരിക്കുന്നു ഇതെല്ലാം കൂടി തുന്നിക്കൂട്ടി ഒറ്റ ഫയല്‍ ആക്കണമെന്ന്. ഈ സീരീസിന്റെ പല വായനക്കാര്‍ക്കും ഇത് വരെയുള്ള കഥ വായിക്കാന്‍ എളുപ്പമാവും. അതിന്റെ മുന്നോടിയായി എല്ലാ ഭാഗങ്ങളും കോപ്പി പേസ്റ്റ് ചെയ്തു ഒരു ഡോക്യുമെന്റ് ഉണ്ടാക്കി. ഇതിലെ അക്ഷരതെറ്റുകള്‍ എല്ലാം ഒന്നും തിരുത്തിയിട്ടില്ല. സദയം ക്ഷമിക്കുക. അത് വഴിയെ ചെയ്യാം. 
താഴെ കാണുന്ന ചിത്രത്തില്‍ വിറയ്ക്കുന്ന കയ്യോടെ ഇവിടെ ക്ലിക്ക് ചെയ്യൂ. വായിക്കൂ. 
ഇത് വരെയുള്ള 25 ഭാഗങ്ങള്‍ ലഭ്യമാണ് 

2011, ജൂലൈ 2, ശനിയാഴ്‌ച

കാജല്‍... ഒടുവില്‍ നീയും ?

അറിഞ്ഞില്ലേ കാജല്‍ അഗര്‍വാള്‍ ഉണ്ടാക്കിയ പുകിലുകള്‍ ? കാജലിനെ അറിയില്ലേ ? മലയാളമടക്കം എല്ലാ ദക്ഷിണേന്ത്യന്‍ ഭാഷകളിലും സൂപ്പര്‍ ഹിറ്റ്‌ ആയ തെലുങ്ക് ചിത്രം മഗധീരയിലെ നായിക. ക്യോ ഹോഗയാ നാ എന്ന ഹിന്ദി ചിത്രത്തിലൂടെ വന്നെങ്കിലും  അത് ക്ലിക്ക് ആവാത്തത് കൊണ്ട് തെലുങ്കില്‍ ഭാഗ്യം പരീക്ഷിച്ചതാണ് കാജല്‍. തെലുങ്കില്‍ വന്‍ വിജയമായതിനെ തുടര്‍ന്ന് തമിഴിലും അഭിനയിച്ചു കാജല്‍. ഇങ്ങനെ എല്ലാ നേട്ടവും ഉണ്ടാക്കിയിട്ട് ഒടുവില്‍ പുള്ളിക്കാരി ഇപ്പൊ ഒരു ഹിന്ദി ചിത്രത്തില്‍ ചാന്‍സ് കിട്ടിയപ്പോ പറഞ്ഞതാണ്..'ഇത്രയും ദക്ഷിണേന്ത്യന്‍ ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും ഞാന്‍ ഇപ്പോഴും ഒരു തെന്നിന്ത്യന്‍ താരമല്ല എന്ന്." ഈ പ്രസ്താവനക്കെതിരെ തെലുങ്ക്‌ സിനിമ പ്രവര്‍ത്തകര്‍ ആഞ്ഞടിച്ചു. ഒടുവില്‍ പുള്ളിക്കാരി ആ അഭിമുഖം നടത്തിയ പത്രത്തെ പഴിചാരി രക്ഷപെട്ടു. 


     സിനിമയില്‍ സാധാരണ കണ്ടു വരുന്ന ഒരു സംഗതിയാണ് ഇത്. ആദ്യം ആരുടെയെങ്കിലും കാലു പിടിച്ചു ഒരു സിനിമയില്‍ അഭിനയിക്കും. എന്നിട്ട് പിന്നെ പ്രശസ്തനാവുമ്പോള്‍ ഈ ചെറിയ റോള്‍ ആരും എവിടെയും പറയില്ല. അതെ സമയം പല വന്‍ താരങ്ങളും ആദ്യമായി വെള്ളിത്തിരയില്‍ വന്നത് തമിഴിലും മലയാളത്തിലും തെലുങ്കില്‍ കൂടിയും ആണെന്ന് ഓര്‍ക്കണം. അസിന്‍, ഐശ്വര്യാ റായി, സുഷ്മിത സെന്‍ മുതലായവര്‍ ഉദാഹരണം. എന്ത് തന്നെയായാലും വന്ന വഴി മറക്കുന്നത് അത്ര നല്ലതല്ലല്ലോ.  അപ്പൊ ദുശാസ്സനനു   തോന്നി ഈ പരിപാടി ചെയ്തിട്ടും ഒളിച്ചു നടക്കുന്ന ചിലരെയൊക്കെബാക്കിയുള്ളവര്‍ക്ക് കൂടി ചൂണ്ടി കാണിച്ചാലോ എന്ന്. ദാ കണ്ടോ .. 


ഈയടുത്ത കാലത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ചാ വിഷയമായ ഒരു റീമേക്ക് ആണ് നീലതാമര .
ഒരു കണക്കിന് ഇപ്പോഴത്തെ റീമേക്ക് ട്രെന്‍ഡിനു തന്നെ തുടക്കം കുറിച്ച ഒരു ചിത്രം. ഇതില്‍ അഭിനയിച്ചുതു മുഴുവന്‍ പുതുമുഖങ്ങള്‍ ആണ്. വളരെ കഠിനമായ ഒരു തെരഞ്ഞെടുക്കല്‍ പ്രക്രിയയിലൂടെ സാക്ഷാല്‍ എം ടി നേരിട്ടാണ് ഇതിലെ അഭിനേതാക്കളെ തെരഞ്ഞെടുത്തത്. കുട്ടിമാളുവിന്റെ കാമുക വേഷം അഭിനയിച്ച കൈലാഷ് അതിലൊരാളാണ്. മുണ്ട് മടക്കി കുത്തി സ്വാഭാവികമായി നടക്കാനുള്ള കഴിവുള്ള ഒരു പയ്യനെ അന്വേഷിച്ചു നടന്ന ലാല്‍ ജോസും എം ടിയും തന്നെ ബോധിച്ചതിനെ തുടര്‍ന്ന് സെലക്ട്‌ ചെയ്യുകയായിരുന്നുവെന്നും ഒരു എം ടി ചിത്രത്തില്‍ തന്നെ തുടക്കം കുറിക്കാന്‍ പറ്റിയത് മഹാ ഭാഗ്യമാണെന്നും പയ്യന്‍സ് പല അഭിമുഖങ്ങളിലും വച്ച് താങ്ങി.  എന്നാല്‍ ദുശു നടത്തിയ അന്വേഷണം സത്യം പുറത്തു കൊണ്ട് വന്നു :)

ജയറാം നായകനായ പാര്‍ഥന്‍ കണ്ട പരലോകം  എന്നൊരു  ചിത്രമുണ്ട്. അനില്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. അതിന്റെ തുടക്കത്തില്‍ ഒരു വിവാഹ രംഗമുണ്ട്. ഒരു പെണ്‍കുട്ടിയെ വിവാഹ സ്ഥലത്ത് നിന്ന് ജയറാം ഇറക്കിക്കൊണ്ട് വന്നു അവളുടെ കാമുകനെ കൊണ്ട് വിവാഹം കഴിപ്പിക്കുന്ന ഒരു സീന്‍. ആ കാമുകന്റെ ചിത്രങ്ങള്‍ താഴെ കൊടുക്കുന്നു. എവിടെയെങ്കിലും കണ്ടു പരിചയമുണ്ടോ ? ( മനോരമ പത്രം ചെയ്യുന്ന പോലെ പ്രതിയുടെ മുഖത്തിന്‌ ചുറ്റും ചുവന്ന വൃത്തം വരച്ചിട്ടുണ്ട് )


ചിത്രത്തിന് കടപ്പാട് : വിക്കിപീടിയ 

ഇത്രയും പടമേ സംഘടിപ്പിക്കാന്‍ കഴിഞ്ഞുള്ളു. ഇനി ഞാന്‍ എന്തെങ്കിലും ഫോട്ടോഷോപ്പ് ട്രിക്ക് ചെയ്തതാണ് എന്ന് സംശയമുള്ളവര്‍ ദയവു ചെയ്തു ഈ പടത്തിന്റെ ഒരു സി ഡി ( കിട്ടുമെങ്കില്‍. ഒരുപാടു ഓടിയ പടമാണ്. സി ഡി വല്ലതും ബാക്കിയുണ്ടാവുമോ എന്തോ ) കണ്ടു നോക്കു. 2008 -ല്‍ ഇറങ്ങിയ ഈ ചിത്രത്തില്‍ അഭിനയിച്ച കൈലാഷ് ആണ് അടുത്ത വര്ഷം ഇറങ്ങിയ നീലത്താമരയില്‍ "പുതു"മുഖം ആയത്.


സത്യന്‍ അന്തിക്കാടിന്റെ ഭാഗ്യദേവത എന്ന ചിത്രത്തിലൂടെ പ്രശസ്തയായ നടിയാണ് കനിഹ
പിന്നീട് പഴശ്ശിരാജയിലും നമ്മള്‍ കനിഹയെ കണ്ടു. എല്ലാ അഭിമുഖങ്ങളിലും നടി പറയാറുണ്ട്‌ ഭാഗ്യദേവത ആണ് തന്റെ ആദ്യ ചിത്രമെന്ന്. 2004 - ല്‍ ഇറങ്ങിയ ഒരു ചിത്രമാണ് എന്നിട്ടും.
കലൂര്‍ ടെന്നീസിന്റെ മകന്‍ ടിനു ടെന്നീസ് ആയിരുന്നു ഈ ചിത്രത്തിലെ നായകന്‍. ഈ പോസ്ടരില്‍ ഏറ്റവും താഴെ ഇരിക്കുന്ന ആളെ പരിചയമുണ്ടോ ?


ഇതില്‍ കണ്ടിട്ട് മനസ്സിലായില്ലെങ്കില്‍ ഈ പാട്ടൊന്നു കണ്ടു നോക്കൂ. പാവം ഡിനു ആയത് കൊണ്ട് നാണക്കേടല്ലേ.. ജയറാം സത്യന്‍ അന്തിക്കാട് , മമ്മൂട്ടി, ഹരിഹരന്‍ എന്നൊക്കെ പറയുന്ന ഗമ രഞ്ജിത്ത് ലാല്‍ എന്ന് പറയുമ്പോള്‍ ഉണ്ടാവില്ല അല്ലേ 


താരം എന്ന് വച്ചാല്‍ ഇതാണ് താരം. തുളസീദാസ് ആണ് ഈ നായികയെ കണ്ടു പിടിച്ചത്. ആരാണെന്നല്ലേ ? ഗോപിക. 2002 ല്‍ തുളസിദാസ് സംവിധാനം ചെയ്ത പ്രണയമണിതൂവല്‍  എന്ന ഒരു തട്ട് പൊളിപ്പന്‍ പടം ഉണ്ട്. വിനീത് കുമാര്‍ , ജയസൂര്യ എന്നിവര്‍ ആയിരുന്നു ഇതില്‍ അഭിനയിച്ച മറ്റു താരങ്ങള്‍. ഇതിലെ ചില ദൃശ്യങ്ങള്‍ കണ്ടു നോക്കൂ.കണ്ണിനു കുഴപ്പമൊന്നുമില്ലെങ്കില്‍ നിങ്ങള്‍ക്ക് ഗോപികയെ ഈ ചിത്രങ്ങളില്‍ കാണാം. പിന്നീടാണ് പുള്ളിക്കാരി ചാന്ത്പൊട്ടിലും ഓട്ടോഗ്രാഫിലും മറ്റും അഭിനയിച്ചത്. ആദ്യമായി ചാന്‍സ് തന്ന തുളസി ദാസിനോട് ഗോപിക നന്ദി കാണിച്ചില്ല എന്ന് പറഞ്ഞുകൂടാ. സ്വന്തം കല്യാണത്തിന് ഗോപിക ക്ഷണിക്കാതിരുന്ന ഒരേയൊരു സംവിധായകന്‍ അദ്ദേഹമായിരുന്നു. വളരെ വേദനയോടെ തുളസീദാസ് അത് ഒരു അഭിമുഖത്തില്‍ ഓര്‍ക്കുകയും ചെയ്തു. 

തല്ക്കാലം ഇത്രയുമേ കിട്ടിയുള്ളൂ. ഡമ്മി ഇട്ടു നോക്കിയിട്ടുണ്ട്. ഡമ്മി ടു വാള്‍, വാള്‍ ടു ഡമ്മി ഒക്കെ നോക്കണം. വല്ല തുമ്പും കിട്ടിയാല്‍ അടുത്ത ഭാഗം ഇറക്കാം :)