2010, ഏപ്രിൽ 11, ഞായറാഴ്‌ച

ഒരു സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ജനിക്കുന്നു - ഭാഗം 10







കഴിഞ്ഞ ഭാഗം 


ഹോ. നാളെയാ ജോയിന്‍ ചെയ്യേണ്ടത്. ഇന്ന് തന്നെ പോയി മുടി ഒക്കെ ഒന്ന് വെട്ടിച്ചു സുന്ദരനാവണം. ബാര്‍ബര്‍ ഷോപ്പില്‍ പോയി. അവനാണെങ്കില്‍ കന്നഡ അല്ലാതെ വേറൊരു വസ്തു അറിയില്ല. അവിടെ വെട്ടല്ലേ വെട്ടല്ലേ എന്ന് പറഞ്ഞു തീരുന്നതിനു മുമ്പ് തന്നെ എല്ലാം കഴിഞ്ഞു. ഉറക്കത്തില്‍ എലി കടിച്ച പോലെ ആയി തല. വീട്ടില്‍ പോയി മഹേഷിനെ കൊണ്ടു ഒന്ന് കൂടി കത്രിക വപ്പിച്ചു. ഇപ്പൊ തരക്കേടില്ല. മെഗാ മാര്‍ട്ടില്‍ പോയി പുതിയ ട്രൌസര്‍ ഷര്‍ട്ട് ഒക്കെ വാങ്ങി. പൈസ ഇല്ലാതിരുന്നത് കാരണം സോള്‍ പൊട്ടിയിട്ടും ഇട്ടു കൊണ്ടു നടന്ന ഷൂ എടുത്തു വലിച്ചെറിഞ്ഞു. ബ്രിഗേഡ് റോഡില്‍ പോയി പുതിയ ഒരു ജോഡി വാങ്ങി. ദേഹത്തടിക്കാന്‍ പെര്‍ഫ്യൂം പൌഡര്‍ ഒക്കെ വാങ്ങി.




പ്രഭാതം പൊട്ടി വിരിഞ്ഞു. രാവിലെ കുളിച്ചു റെഡി ആയി ഓഫീസില്‍ എത്തി. ഇത് ഒരു അമേരിക്കന്‍ കമ്പനി ആയതു കാരണം എല്ലാവരും casual wear ലാണ്. ബൈജു മാത്രം ആകെ എയര്‍ പിടിച്ചു നില്‍ക്കുകയാണ്. മുടക്കിയ പൈസ ഒക്കെ വേസ്റ്റ് ആയി. ഇവന്‍മാര്‍ മര്യാദക്ക് തുണി ഉടുക്കാത്ത ആള്‍ക്കാര്‍ ആണെന്ന് തോന്നുന്നു. നാളെ ആകെ കോലം കെട്ടി വരാം. പഴയ മലയാളം പടത്തിലൊക്കെ ഇന്റര്‍വ്യൂ സീന്‍ കാണിക്കുന്ന പോലെ. വെറുതെ ടൈ ഒക്കെ വലിച്ചു കെട്ടി.. മോശമായിപോയി.




    അവര്‍ തന്ന ഫോം ഒക്കെ ഫില്‍ ചെയ്തു കൊടുത്തു. വെല്‍ക്കം എബോര്‍ഡ് എന്നൊക്കെ പറഞ്ഞു അവര്‍ ക്ഷണിച്ചു. അകത്തു ചെന്നിട്ടു ഒരു ബാഗും കുറച്ചു പേപ്പര്‍, പേനനോട്ട് ബുക്ക്‌ ഒക്കെ എടുത്തു തന്നു. കൊള്ളാം. നല്ല ബാഗ്‌. നാട്ടില്‍ ചെന്നിട്ടു വീട്ടില്‍ റബ്ബര്‍ വെട്ടാന്‍ വരുന്ന ജോസിനു കൊടുക്കാം. ശിവകാശിയിലോ മറ്റോ ഉണ്ടാക്കിച്ചതാണെന്ന് തോന്നുന്നു. വൃത്തികെട്ട സാധനം. അതിന്‍റെ കൂട്ടത്തില്‍  ഒരു മഞ്ഞ കളറിലുള്ള ഒരു ചെറിയ ബൂക്കുമുണ്ട്. പക്ഷെ അത് അത്ര പോര. കവര്‍ ഒന്നുമില്ല. കുറച്ചു മഞ്ഞ പേപ്പര്‍ അറ്റത്ത്‌ അല്പം പശ തേച്ചു വച്ചിട്ടുണ്ട്. അതില്‍ പിടിച്ചു വലിച്ചാല്‍ ഓരോന്നായി ഇളകി വരികയും ചെയ്യുന്നു. കമ്പനിയുടെ പേരെഴുതിയ ഒരു കുപ്പിയും കപ്പും കിട്ടി. ലക്ഷണം കണ്ടിട്ട് വെള്ളം കുറെ കുടിക്കേണ്ടി വെറും എന്നാ തോന്നുന്നത്. 




     രണ്ടു ദിവസം കൊണ്ടേ induction കഴിയു എന്ന് അവര്‍ പറഞ്ഞു. അങ്ങനെ ആവട്ടെ എന്ന് ബൈജുവും പറഞ്ഞു. രണ്ടു ദിവസത്തെ പരിപാടി കഴിഞ്ഞപ്പോ ബൈജുവിന് ഒരു കാര്യം മനസ്സിലായി. ഇത് ഒരു നടക്കു പോവില്ല എന്ന്. മാനേജര്‍ ഇരിക്കുന്നത് അമേരിക്കയിലാണ്. ബാക്കി ടീമുകള്‍ കാലിഫോര്‍ണിയലണ്ടന്‍ ബിജിംഗ് മുതലായ സ്ഥലങ്ങളില്‍ അപ്പൊ എങ്ങനെ വര്‍ക്ക്‌ ചെയ്യും ഈശ്വരാ. ഇനി ഇവന്മാര്‍ എന്നെയും അങ്ങോട്ട്‌ വല്ലതും അയക്കുമോ . ഇല്ല. അത് അപ്പൊ തന്നെ ചീറ്റി. എല്ലാ മീറ്റിങ്ങും വീഡിയോ കൊണ്ഫെരെന്‍സിംഗ്കോണ്‍ഫറന്‍സ് കാള്‍ മുതലായവയിലൂടെ ആണത്രേ. ശരി. നോക്കാം.




     induction കഴിഞ്ഞു. നാളെ ആണ് ആദ്യ ടീം മീറ്റിംഗ്. കുറച്ചു ടെലിഫോണ്‍ നമ്പറുകള്‍ തന്നു. അതും കൊണ്ടു ഓഫീസില്‍ ചെന്നു. അടുത്തിരിക്കുന്നവരെ പരിചയപ്പെട്ടു. അവിടത്തെ ഒരു സിസ്റ്റം എന്താന്നു വച്ചാല്‍ വര്‍ക്ക്‌ ഫ്രം ഹോം ഓപ്ഷന്‍ ഉള്ള കാരണം എല്ലാവനും എന്നും ഓഫീസില്‍ ഉണ്ടാവണം എന്നില്ല. മിക്കവാറും വീട്ടില്‍ തന്നെ ഇരുന്നാ പണി. അടുത്തിരിക്കുന്ന ചേട്ടന്‍ ഒരു തമിഴന്‍ ആണ്. ബൈജു കേരളത്തില്‍ നിന്ന എന്നറിഞ്ഞപ്പോ അവനു സന്തോഷമായി. അവന്‍ പറഞ്ഞു ഇവിടെ നോര്‍ത്ത് ഇന്ത്യന്‍സിന്‍റെ കളി ആണ് . ഇവന്‍ മാത്രമാണ് ആകെ ഒരു സൌത്ത് ഇന്ത്യന്‍ എന്ന്.  MNC ആണെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല. പൊളിറ്റിക്സ് ന്‍റെ കാര്യം പറഞ്ഞാല്‍ അസെമ്ബ്ലിയെക്കാള്‍ കഷ്ടം ആണ് എന്നൊക്കെ അവന്‍ പറഞ്ഞു. രാത്രി പത്തു മണിക്കാണ് മീറ്റിംഗ്. പന്ത്രണ്ടു മണി വരെ ഉണ്ട്. വീട്ടില്‍ ഇന്റര്‍നെറ്റ്‌ ഒന്നുമില്ലാത്തത് കൊണ്ടു ഓഫീസില്‍ ഇരുന്നു അറ്റന്‍ഡ് ചെയ്യാം എന്ന് ബൈജു തീരുമാനിച്ചു. ഏഴു മണി ആയപ്പോ തന്നെ ബൈജു പുറത്തു ജോര്‍ജ് ചേട്ടന്‍റെ മെസ്സില്‍ പോയി ചോറും മീന്‍ കറിയും ഒക്കെ കഴിച്ചിട്ട് വന്നു. ഓഫീസില്‍ ആരുമില്ല. എല്ലാവനും വീട്ടില്‍ പോയി. പിന്നൊരു കാര്യമുണ്ട്. നമ്മളെ പോലല്ല. എല്ലാവനും കെട്ടിപെണ്ണും പിടക്കോഴിയും ഒക്കെ ഉള്ളവരാ.




     പത്തു മണി ആയി. അവര്‍ തന്ന ബ്രിഡ്ജ് നമ്പര്‍ ഡയല്‍ ചെയ്തു. "വെല്‍ക്കം ടു എനി ടൈം കോണ്‍ഫറന്‍സ് സിസ്റ്റം. പ്ലീസ് ഡയല്‍ യുവര്‍ കോണ്‍ഫറന്‍സ് കോഡ് എന്ന് ഒരു മദാമ്മ പറയുന്നത് കേള്‍ക്കാം. ബൈജു കോഡ് ഡയല്‍ ചെയ്തു. പ്ലീസ് സെ യുവര്‍ നെയിം ആന്‍ഡ്‌ പ്രസ്‌ #' എന്ന് വീണ്ടും. 'ബൈജു ഹീയര്‍' എന്ന് പറഞ്ഞിട്ട് ഹാഷ് ബട്ടണ്‍ പ്രസ്‌ ചെയ്തു. 'you will now be placed into the conferensing. Thank you' എന്ന് പറഞ്ഞിട്ട് കാള്‍ കണക്ട് ആയി. ആകെ ഒരു ബഹളമാണ്. ആരൊക്കെയോ വായിട്ടലക്കുന്നുണ്ട്. ഒരു ബീപ് ശബ്ദത്തിനു ശേഷം 'ബൈജു ഹിയര്‍ എന്ന് പറഞ്ഞത് ഉറക്കെ കേട്ടു. 'who's just joined ?' എന്ന് മദാമ്മ ചോദിച്ചു. ബൈജുവിന് അത് എന്താന്നു മനസ്സിലായില്ല. അവര്‍ വീണ്ടും ചോദിക്കുകാ. അപ്പൊ ആരോ പറഞ്ഞു ' I think that was Baiju' എന്ന്. അയ്യോ. അപ്പൊ എന്നോടായിരുന്നോ ചോദ്യം .. 'അതെ ബൈജു ഫ്രം ബാംഗ്ലൂര്‍ ഹിയര്‍ '  എന്ന് ബൈജു അലറി. 'കാന്‍ യു പ്ലീസ് അഡ്ജസ്റ്റ് യുവര്‍ വോള്യം ? " എന്ന് മദാമ്മ മൊഴിഞ്ഞു. ശബ്ദം കുറച്ചു കൂടിപോയി എന്ന് തോന്നുന്നു.  സോറി പറഞ്ഞിട്ട് ബൈജു അത് ശരിയാക്കി വച്ചു. അങ്ങനെ മീറ്റിംഗ് തുടങ്ങി. ഒരു സായിപ്പു ആണ് ഇപ്പൊ സംസാരിക്കുന്നത്. അദ്ദേഹം ആണ് ഈ പ്രൊജക്റ്റ്‌ ന്‍റെ പ്രോഗ്രാം മാനേജര്‍. പഴയ കമ്പനിയില്‍ തമിഴ്തെലുഗുമല്ലു വെര്‍ഷന്‍ ഇംഗ്ലീഷ് ടയലോഗ്സ് കേട്ടു ശീലിച്ച കാരണം ഇത് ഒരു വസ്തു മനസ്സിലാകുന്നില്ല. ഇത് പ്രശ്നമാവും എന്നാ തോന്നുന്നത്. അതിനിടക്ക് ഒരു പട്ടി കുറയ്ക്കുന്ന ശബ്ദം. എല്ലാവരും ഞെട്ടി. സായിപ്പു കൂള്‍ ആയി പറഞ്ഞു. 'Sorry guys.. That was my Hazer'. പിന്നെ പട്ടിയുടെ അനക്കം ഒന്നുമില്ല.  അയാള്‍ അതിന്‍റെ വായില്‍ തുണി തിരുകി എന്നാ തോന്നുന്നത്. ഇങ്ങനെ ആണെങ്കില്‍ വീട്ടിലിരുന്നു ഇത് അറ്റന്‍ഡ് ചെയ്യുന്ന പരിപാടി ഉപേക്ഷിക്കേണ്ടി വരും.  നമ്മുടെ റൂമിന്‍റെ അടുത്താ ബാംഗളൂര്‍ലെ എല്ലാ പട്ടികളും തമ്പടിച്ചിരിക്കുന്നത്. ഇരുപത്തി നാല് മണിക്കൂറും പട്ടിയുടെ കുര ഉള്ള ഇന്ത്യയിലെ ഏക സ്ഥലം ആണ് പതിനൊന്നാം ക്രോസ്.  അങ്ങനെ മീറ്റിംഗ് കഴിയാറായി. ഇപ്പൊ ഒരു മദാമ്മ ആണ് ലൈനില്‍. ആര്‍ക്കെങ്കിലും എന്തെങ്കിലും ചോദിക്കാനുണ്ടോ എന്ന് അവര്‍ ചോദിച്ചു.  'Baiju.. Do you have any question ? " അയ്യോ.. ഇവര്‍ക്കേന്റെ പേരൊക്കെ അറിയാമോ. 'Nothing . Thanks ' എന്ന് ബൈജു പറഞ്ഞു.  കുറച്ചു ഇംഗ്ലീഷ് ഒക്കെ പഠിക്കണമല്ലോ. സായിപ്പന്മാരുടെ ഇംഗ്ലീഷ് ഒക്കെ. സ്ഥിരമായി വ്യാജ DVD വാങ്ങിക്കുന്ന കാക്കയുടെ ഫുട്പാത്ത് ഷോ റൂമില്‍ നിന്ന് കുറച്ചു ഇംഗ്ലീഷ് പടം ഒക്കെ വാങ്ങി സബ് ടൈറ്റില്‍ ഇട്ടു പഠിക്കണം. അങ്ങനെ ആദ്യ മീറ്റിംഗ് കഴിഞ്ഞു. പന്ത്രണ്ടു മണിക്ക് തന്നെ അവസാനിച്ചു. പഴയ കമ്പനിയില്‍ ആണെങ്കില്‍ രണ്ടു മണിക്കൂര്‍ പറഞ്ഞു തുടങ്ങുന്ന മീറ്റിംഗ് പലതും നാല് മണിക്കൂര്‍ കഴിഞ്ഞ തീരുന്നത്. ഇവന്‍മാര്‍ അത് പോലല്ല എന്ന് തോന്നുന്നു. കൊള്ളാം . 



കാബ് കിട്ടി. വീട്ടില്‍ എത്തി.  ഈശ്വരനോട് നന്ദി പറഞ്ഞു. എല്ലാം നല്ലത് പോലെ വരനെ ഭഗവാനേ എന്നൊക്കെ പ്രാര്‍ത്ഥിച്ചു. കുളിച്ചിട്ടു വന്നു കിടന്നു. വീട്ടിലാണെങ്കില്‍ പൊരിഞ്ഞ കല്യാണ ആലോചനകള്‍ തുടങ്ങി.പത്രത്തില്‍ പരസ്യം കൊടുത്തിട്ടുണ്ട്‌. എഴുപത്തെട്ടു മോഡല്‍ ടാറ്റാ ലോറി ഒരെണ്ണം വില്‍ക്കാനുണ്ട് എന്ന് പറയണ പോലെ ബൈജു, 28, MCA, MNC, ബാംഗ്ലൂര്‍ എന്നൊരു രണ്ടു വരി പരസ്യം കൊടുത്തു അച്ഛന്‍. ആരൊക്കെയോ വിളിക്കുന്നുമുണ്ട്. പക്ഷെ ജാതകത്തില്‍ മൂലത്തില്‍ ശുക്രന്‍ ഉദിച്ചു നില്‍ക്കുന്ന കാരണം ഒന്നും അങ്ങട് ശരിയാവുന്നില്ല.  



ഉറക്കം ശക്തമായി വന്നെങ്കിലും ബൈജുവിന്‍റെ മനസ്സിലേക്ക് ഒരു ചോദ്യം വീണ്ടും വീണ്ടും കയറി വന്നു.. 'എന്തിനായിരിക്കും ആ മഞ്ഞ കടലാസ് ഉള്ള ബുക്ക്‌ ? "

അടുത്ത ഭാഗം 



4 അഭിപ്രായങ്ങൾ:

  1. അണ്ണാ,
    ഇതിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരുമായി ബന്ധമുണ്ടോ..??
    താങ്ങളുടെയോ സുഹൃത്തുക്കളുടെയോ ജീവിതത്തില്‍ നിന്നും ചീന്തിയെടുത്ത ഒരു എടാണോ ഈ കഥ?

    മറുപടിഇല്ലാതാക്കൂ
  2. ഇപ്പോള്‍ ഫോണ്ട് ശരിയായല്ലോ!നല്ല വിവരണം.തുടര്‍ന്നും എഴുതൂ...

    മറുപടിഇല്ലാതാക്കൂ
  3. "ഒരു മഞ്ഞ കളറിലുള്ള ഒരു ചെറിയ ബൂക്കുമുണ്ട്" - ലത് കലക്കി.!!!!!

    ബാകി വേഗം പോരട്ടെ....

    മറുപടിഇല്ലാതാക്കൂ