2013, മാർച്ച് 26, ചൊവ്വാഴ്ച

സുകുമാരിയമ്മയ്ക്കു ആദരാഞ്ജലികൾ

       


      അങ്ങനെ സുകുമാരിയും പോയി. മലയാള സിനിമയിൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം ചെന്ന നടിമാരിൽ ഒരാൾ  ആയിരുന്നു സുകുമാരിയമ്മ എന്ന് സ്നേഹത്തോടെ എല്ലാവരും വിളിക്കുന്ന സുകുമാരി. മലയാളത്തിൽ അമ്മ വേഷങ്ങൾ ചെയ്യുന്നതിൽ എനിക്കിഷ്ടപ്പെട്ട രണ്ടേ രണ്ടു പേരേയുള്ളൂ. ഒന്ന് മരിച്ചു പോയ നടി  മീന . പിന്നൊന്ന് സുകുമാരി. അമ്മ വേഷങ്ങൾ മാത്രമല്ല രസകരമായ മറ്റനേകം കഥാപാത്രങ്ങളും അസൂയാവഹമായ രീതിയിൽ സുകുമാരി അവതരിപ്പിച്ചു. ഡിക്കമ്മായിയെ ഒക്കെ എങ്ങനെ മറക്കാനാ അല്ലേ . ആദരാഞ്ജലികൾ !!

2013, മാർച്ച് 21, വ്യാഴാഴ്‌ച

ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ജനിക്കുന്നു - ഭാഗം 33
     നേരം പുലര്‍ന്നത് അവര്‍ അറിഞ്ഞില്ല. ഉറങ്ങാന്‍ കിടന്നുവെങ്കിലും ഇടയ്ക്കിടയ്ക്ക് മെസ്സേജുകള്‍ അയച്ചു കൊണ്ടിരുന്നു  രണ്ടു പേരും. ഒടുവില്‍ ഇടയ്ക്കെപ്പോഴോ ഉറക്കത്തിലേയ്ക്കു വഴുതി വീണു ബൈജു . നേരം പുലര്‍ന്നു . കുറെ കാലത്തിനു ശേഷം ഇത്രയും   സമാധാനത്തോടെ ഉറങ്ങുന്നത് ഇപ്പോഴാണ്.  പെയ്യാന്‍ വെമ്പി നിന്ന ഒരു പെരുമഴ പെയ്തു തീര്‍ന്ന പോലെ . ഈ വാര്‍ത്ത ആരോടെങ്കിലും വിളിച്ചു കൂവണം എന്നൊക്കെ അവനു തോന്നി . പക്ഷെ എങ്ങനെ പറയും . രഹസ്യമായ ഒരു സന്തോഷം ഉള്ളില്‍ നിറഞ്ഞു കവിഞ്ഞു കൊണ്ടിരിക്കുന്നത് മൂലം ഇരിക്കാനും നില്‍ക്കാനും വയ്യാത്ത ഒരു അവസ്ഥയിലാണ് ബൈജു. പക്ഷെ ചിന്നു നേരെ തിരിച്ചാണ് . എന്തെങ്കിലും സന്തോഷ വാര്‍ത്ത കേട്ടാല്‍ പിന്നെ അവളെ പിടിച്ചാല്‍ കിട്ടില്ല. കൂര്‍ക്കം വലിച്ചു കിടന്നുറങ്ങിക്കളയും. അവളും കുറച്ചു കാലം കൂടി ഉറങ്ങുന്നതല്ലേ  എന്ന് കരുതി ബൈജു മെസ്സേജ് ഒന്നും അയക്കാന്‍ പോയില്ല . അത്ഭുതം എന്ന് പറയട്ടെ . കുറച്ചു കഴിഞ്ഞപ്പോ അതാ വരുന്നു ചിന്നുവിന്‍റെ  മെസ്സേജ്. ഉച്ച കഴിഞ്ഞു ഒരു മൂന്നു മണി ആകുമ്പോ കാണാം എന്ന് പറഞ്ഞിട്ട് . സന്തോഷം കാരണം ഉറങ്ങാന്‍ പറ്റുന്നില്ല എന്നൊക്കെ പറഞ്ഞു അവള്‍ വിളിക്കുകയും ചെയ്തു. ബൈജു പഴ്സ് തപ്പി നോക്കി . കയ്യില്‍ കാശൊന്നുമില്ല .  സാരമില്ല . ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉരയ്ക്കാം  . അല്ലെങ്കിലും എന്തേലും നല്ല കാര്യം നടക്കുമ്പോ കയ്യില്‍ അഞ്ചിന്‍റെ പൈസ കാണില്ല .അങ്ങനെ ഇരുന്നും ഉറങ്ങിയും എണീറ്റ്‌ നിന്നും നേരം വെളുപ്പിച്ചു. സന്തോഷം വന്നാലും ഉറങ്ങാൻ പറ്റില്ല എന്ന് പറയുന്നത് ശരിയാ . 


     ഉച്ചയ്ക്ക് ശേഷം വിർജിനിയ റെസ്റ്റൊ  ബാറിൽ കാണാൻ അവർ തീരുമാനിച്ചു. ഒരു മണി കഴിഞ്ഞപ്പോ തന്നെ ബൈജു അവിടെയെത്തി. ചിന്നു പി ജിയിൽ നിന്ന് ഇറങ്ങിയിട്ടുണ്ട് . അഞ്ചു മിനിട്ടിനകം ഇതും എന്ന് അവളുടെ മെസ്സേജ് വന്നിട്ടുണ്ട്. നല്ല വെയിലത്താണ് നിൽക്കുന്നതെങ്കിലും അവനു ആകെപ്പാടെ ഒരു കുളിരാണ് തോന്നിയത്. പത്തു മിനിറ്റ് കഴിഞ്ഞപ്പോ അതാ വരുന്നു അവൾ. കറുത്ത ടോപ്പും കറുത്ത ജീൻസും ഒരു കറുത്ത കണ്ണടയും എന്ന് വേണ്ട ആകെ ഒരു കറുപ്പ് മയം .  ആരും കണ്ണ് വയ്ക്കാതിരിക്കാൻ വേണ്ടി നല്ല ചൊമല നിറത്തിൽ  ലിപ്സ്റ്റിക് ഉരച്ചിട്ടുണ്ട്. 'അല്ല മകളേ .. ഇതെന്താ ദുഖാചരണം  ആണോ ? അല്ല. ആകെപ്പാടെ ഒരു കറുപ്പ് മാത്രമേ കാണാനുള്ളൂ. അതുമല്ല നീ ഈ ചുണ്ടിൽ  എന്ത് കുന്തമാ തേച്ചു പിടിപ്പിച്ചിരിക്കുന്നത് ?" അവൻ ചോദിച്ചു. അത് കേട്ട് ലവൾ ഒന്ന് ചിരിച്ചു. എന്നിട്ട് ചെറിയ നാണത്തോടെ തല താഴ്ത്തി പതിയെ പറഞ്ഞു .'  ഭരണമൊക്കെ ഗല്യാണം കഴിഞ്ഞു മതി ട്ടാ " എന്ന്. ലതോടെ ലവനും നാണിച്ചു തല താഴ്ത്തി. എന്നിറ്റു പതുക്കെ നാട്ടിൽ കള്ളുഷാപ്പിൽ ചില അപ്പാപ്പന്മാർ കയറുന്നത് പോലെ ചുറ്റിനും മ്ലാവി  നോക്കി രണ്ടു പേരും കൂടി അകത്തേക്ക് കയറി. ഇതൊരു ലൗഞ്ച്  റെസ്റ്റൊറൻറ്റ് ആണ്. മുമ്പ് പല തവണ വന്നിട്ടുണ്ടെങ്കിലും ഇപ്പോൾ അതിനു ആകെപ്പാടെ ഒരു പുതു നിറം പോലെ. അല്ലെങ്കിലും പ്രേമം മൂക്കുമ്പോൾ പല തവണ അവർക്ക്  രണ്ടിനും അതൊക്കെ തോന്നിയിട്ടുണ്ട്. മുകളിൽ  തൂക്കിയിട്ടിരിക്കുന്ന മുള  കൊണ്ടുള്ള ചെറിയ വിളക്കുകളിൽ നിന്ന് നീലയും പച്ചയും നിറത്തിലുള്ള അരണ്ട വെളിച്ചം ചിതറി വീഴുന്നു. നടുവിലായി സ്ഫടികം പാകിയ തറയിൽ അത് പ്രതിഫലിക്കുന്നുണ്ട് . ചുറ്റിനും ചെറിയ മുളം കൂടുകളിൽ ഒളിപ്പിച്ചു വച്ച വിളക്കുകൾ പരത്തുന്ന നേരിയ പ്രകാശവും ഉണ്ട്. ലൗഞ്ചുകൾക്കിടയിൽ നടുക്കായി ചെറിയ ഉരുളിയിൽ മഞ്ചാടി നിരത്തി അതിൽ വെള്ളം ഒഴിച്ച് വച്ചിട്ടുണ്ട്. കുഞ്ഞു കുഞ്ഞു ജലധാരാ യന്ത്രങ്ങൾ അവിടവിടായി ഉണ്ട്. ചുരുക്കി പറഞ്ഞാൽ  പണ്ടത്തെ ജോസ് പ്രകാശ്‌ നടത്തിയിരുന്ന കൊള്ള  സംഘങ്ങളുടെ ഓഫീസ് പോലുള്ള ഒരു സെറ്റപ്പ്. അങ്ങേയറ്റത്തെ ഒരു മൂലയിൽ അലങ്കരിച്ചു വച്ചിരിക്കുന്ന ഒരു മുളങ്കാടിന്  സമീപത്തായി അവർ ഇരുന്നു. അപ്പുറത്തെ മൂലകളിൽ ഒക്കെ അപ്പുറത്തെ വിമൻസ് കോളേജിലെ പിള്ളേർ ബോയ്‌ ഫ്രണ്ട്സ്മായി വന്നിരിപ്പുണ്ട്. അടക്കിയ ശബ്ദത്തിലുള്ള ചെറിയ ചിരിയും കിലുക്കവും ഒക്കെ കേൾക്കാം. അവരും മുഖത്തോടു  മുഖം നോക്കി. സാർ എന്നൊരു വിളി കേട്ടാണ് രണ്ടു പേരും ഞെട്ടിയുണർന്നത് . ഒരു ചൈനീസ് മുഖം നീണ്ടു വരുന്നു. അവിടത്തെ ബെയറർ ആണ്. ഓർഡർ എടുക്കാൻ വന്നതാ . അല്ലെങ്കിലും ബാംഗ്ലൂർ ഉള്ള ചൈനീസ് ഈറ്റിംഗ്  ജോയിന്ടുകളിൽ ഉള്ള ഡ്യൂപ്ലിക്കേറ്റ്‌ ചൈനാക്കാർ ആണ്. നോർത്ത്‌ ഈസ്റ്റിലുല്ല പാവങ്ങൾ ആണ് ഈ പണി ഒക്കെ എടുക്കുന്നത്. ഒരു ചില്ലി ചിക്കൻ, മെക്സിക്കൻ ബ്രെഡ്‌ , സിസ്സ്ലർ , ഒരു ഗ്ലാസ്‌ റെഡ് വൈൻ , ഒരു ബ്ലൂ ജെനി മോക്ക് ടയിൽ ഒക്കെ ലവൾ ഓർഡർ ചെയ്തു. എന്നിട്ട് പതുക്കെ പറഞ്ഞു 'അവൻ ഇതൊക്കെ കൊണ്ട് വരാൻ മിനിമം ഒരു മണിക്കൂറ എടുക്കും. അത് വരെ സ്വസ്ഥമായി ഇരിക്കാമല്ലോ ' എന്നിട്ട് ചെറിയ ശബ്ദത്തിൽ കിക്കിക്കീ എന്ന് ചിരിച്ചു. 'ഹോ നിന്റെ ഒരു ബുദ്ധി ' എന്ന് പറഞ്ഞു ബൈജു അവളുടെ കൈ പിടിച്ചു ഒരു ഷേക്ക്‌ ഹാൻഡ്‌ കൊടുത്തു. 


     അവൻ തൊട്ടതു അവളുടെ കയ്യിലായിരുന്നെങ്കിലും ആളുടെ ഹൃദയത്തിലാണ് അത് കൊണ്ടത്‌. .  അവളുടെ മുഖത്ത് ആയിരം നക്ഷത്രങ്ങൾ  വിരിഞ്ഞു. തലയിൽ  നിന്ന് ഒരു കിളി പറന്നു പോയത് പോലെ അവൾക്കു തോന്നി. ഒരു ഹിസ്റ്റീരിയയിൽ എന്ന പോലെ ചിന്നു അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു. അവൻ അവളെ മാറിൽ ചേർത്തു . ഇപ്പൊ അവന്റെ ചെവിയിൽ  നിന്നും ഒരു കിളി പറന്നു പോയി. വേറെയേതോ ലോകത്തെത്തിയത്  പോലെ അവർക്ക്  തോന്നി. അവളുടെ മുടിയിഴകളിൽ ബൈജു തലോടി. ആദ്യത്തെ തലോടലിൽ ഒരു സ്ലൈഡ്, രണ്ടാമത്തേതിൽ ഒരു ക്ലിപ്പ് ഇതൊക്കെ ഊരി  വന്നപ്പോ ചിന്നു കൈ പിടിച്ചു മാറ്റി. എന്ന് മാത്രമല്ല അവനിട്ടൊരു ചവിട്ടും കൊടുത്തു . ടാക് എന്നൊരു ശബ്ദം. അവർ അകന്നു മാറി. ഏതോ ഒരു യോ യോ. അവൻ അവരുടെ നേരെ വന്നിട്ട് വളഞ്ഞു പുറകിലത്തെ വാതിൽ  തുറന്നു അകത്തേക്ക് പോയി. പുറത്തേക്കുള്ള വഴി ആയിരിക്കും. ബൈജു സ്വയം പറഞ്ഞു . അപ്പൊ അതാ വീണ്ടും ലവൻ  തിരിച്ചു വരുന്നു. അഞ്ചു മിനിറ്റ് കഴിഞ്ഞില്ല. വേറൊരുത്തൻ  വരുന്നു. അവനും വാതിൽ തുറന്നു പുറത്തു പോയി. കുറച്ചു കഴിഞ്ഞു തിരിച്ചു വന്നു. എപ്പോ അവര്ക്ക് കാര്യങ്ങൾ ഏറെക്കുറെ പിടികിട്ടി . ടോയിലറ്റിന്റെ അടുത്താണ് തങ്ങൾ  ഇരിക്കുന്നതെന്ന്.  പണി പാലും വെള്ളത്തിൽ കിട്ടി.  

     തിന്നും കുടിച്ചും സമയം പോയതറിഞ്ഞില്ല . ഇടയ്ക്കിടയ്ക്ക് ചിന്നു അവന്റെ നെഞ്ചത്തോട്ടു ചായുന്നുണ്ടായിരുന്നു. ഇടയ്ക്കെപ്പോഴോ അവൾ ചോദിച്ചു. കല്യാണം കഴിഞ്ഞിട്ട് നമ്മൾ എവിടെ താമസിക്കും ? ഇവിടെ അടുത്തെങ്ങാനും മതി . ഇവിടെയല്ലേ നമ്മൾ കറങ്ങി നടന്നിരുന്നത്. ഇവിടെ മതി. 'എല്ലാം നിന്റെ ഇഷ്ടം ' അവൻ പറഞ്ഞു. ' നമുക്ക് ഒരു കുഞ്ഞു ഉണ്ടാകുമ്പോ ആണാണെങ്കിൽ കൃഷ്ണന്റെ പേരിടണം ' പെട്ടെന്ന് അവൾ പറഞ്ഞു. അത് കേട്ട് അവൻ ആദ്യം ഒന്ന് അമ്പരന്നു. എന്നിട്ട് ചിരിച്ചു. 'അപ്പൊ അത് വരെ നീ ചിന്തിച്ചോ ? " അവൻ ചോദിച്ചു. 'പിന്നെ.. ഞാൻ കൃഷ്ണനോട് നേർച്ച  നേർന്നിട്ടാ  ഇപ്പൊ ഇങ്ങനെയൊക്കെ.. " അവൾ ഇടറിയ ശബ്ദത്തിൽ പറഞ്ഞു. 'അതിനെന്താ.. നമുക്ക് എന്ത് വേണേലും ചെയ്യാം. ഇതൊന്നു നടന്നാൽ മതി. ഒരു കാര്യം ചെയ്യാം. പെണ്‍കുട്ടി ആണെങ്കിൽ  രാധ എന്നിടാം." അവനും പറഞ്ഞു.  വരുന്ന വെള്ളിയാഴ്ച വീട്ടിൽ  ചെല്ലാൻ പറഞ്ഞിട്ടുണ്ട്. "നമുക്ക് ഒരുമിച്ചു പോയാലോ ? " അവൾ ചോദിച്ചു. അങ്ങനെ അവിടിരുന്നു തന്നെ രണ്ടു ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു. 

     അങ്ങനെ വെള്ളിയാഴ്ച വന്നെത്തി. പല്ലുവേദന എന്ന് പറഞ്ഞു ബൈജുവും തലവേദന എന്ന് പറഞ്ഞു ചിന്നുവും ഓഫീസിൽ നിന്ന് നേരത്തെയിറങ്ങി. കൃത്യം ഏഴു മണിയായപ്പോൾ രണ്ടു പേരും മടിവാലയിൽ എത്തി . എട്ടിനാണ് ബസ്. നാട്ടിലുള്ള സകലമാന മലയാളികളും അവിടെ നില്പ്പുണ്ട്. ചെവിയിൽ ഓരോന്നും തിരുകി വച്ച് വെറ്റിലയിൽ ചുണ്ണാമ്പു  തേയ്ക്കുന്നത് പോലെ മൊബൈൽ ഉരച്ചു  കൊണ്ട് ബാഗും വലിച്ചു നടപ്പുണ്ട് ചിലർ . ബർമൂദയും അതിനേക്കാൾ കുട്ടി നിക്കറും ഇട്ടു ചിലർ  എന്നിങ്ങനെ കേരളത്തിന്റെ ഒരു പരിശ്ചേദം തന്നെ അവിടുണ്ട്. അതാ വരുന്നു അനൌണ്‍സ്മെൻറ് . എട്ടിനുള്ള ബസ്‌ അര മണിക്കൂറ ലേറ്റ് ആണെന്ന്. എട്ടിന്റെ പണി തന്നെ കിട്ടി. ചിന്നു ഭക്ഷണം ഒന്നും കഴിച്ചിട്ടില്ല . ബസ്സിൽ കയറുമ്പോൾ വാള്  പണിയും എന്ന് പറഞ്ഞിട്ടാണ് അവൾ കഴിക്കാഞ്ഞത്. പക്ഷെ അവളുടെ മുഖം കണ്ടാലറിയാം ആകെ കരിഞ്ഞുണങ്ങിയുളള നിൽപ്പാണെന്ന് . അവൻ ഒന്നും മിണ്ടാൻ പോയില്ല. അടുത്തുള്ള മാസ്സ് ഹോട്ടലിൽ നിന്ന് രണ്ടു റൊട്ടി വാങ്ങി ബാഗിൽ വച്ചു . 

    ഒടുവിൽ  ഒൻപത്  മണിയായപ്പോൾ വണ്ടി വിട്ടു . ഒത്ത നടുക്കായിട്ടാണ് അവന്റെ സീറ്റ്. തൊട്ടു മുന്നിലത്തെ സീറ്റിൽ ചിന്നു. രണ്ടു പേർക്കും  അടുത്തടുത്ത സീറ്റ് എടുക്കാം എന്ന് വിചാരിച്ചെങ്കിലും കല്യാണം കഴിഞ്ഞു മതി അതൊക്കെ എന്ന് ചിന്നു ഉപദേശിച്ചതിൻ  പ്രകാരം ഒടുവിൽ  ഇങ്ങനെ ആക്കിയതാ . ബസ്‌ ഡ്രൈവർക്ക് ആൾക്കാരോട്  എന്തോ വൈരാഗ്യം ഉണ്ടെന്നു തോന്നുന്നു. അങ്ങേർ  വണ്ടി വിട്ട ഉടൻ തന്നെ സന്തോഷ്‌ പണ്ഡിറ്റ്‌ ന്റെ കൃഷ്ണനും രാധയും ഡി വി ഡി എടുത്തു വച്ചു . പക്ഷെ പുറകിലത്തെ സീറ്റിൽ ഇരുന്ന രണ്ടാമത്തെ ഡ്രൈവർ  വന്നു പുളിച്ച ചീത്ത വിളിച്ചു പടം മാറ്റിച്ചു . അടുത്ത ഡിസ്ക് ഇട്ട ഉടൻ തന്നെ എല്ലാവരും കൈയ്യടിച്ചു . സന്തോഷ്‌ പണ്ഡിറ്റ്‌ നു നല്ല ആരാധക വൃന്ദം ഉണ്ടെന്നു തോന്നുന്നു. ചിന്നു തിരിഞ്ഞു നോക്കി അവനെ നോക്കി ചിരിച്ചു. വേറെ ഏതോ പടം ഇട്ടിട്ടുണ്ട്. ഏതാണാവോ . ഈശ്വരാ.. ട്രിവാണ്ട്രം  ലോഡ്ജ്. ഇതിപ്പോ ബാലൻ  കെ നായർ  റേപ് ചെയ്യാൻ ഓടിച്ചപ്പോ രക്ഷപ്പെടാൻ ചെന്ന് കയറിയത് ടി ജി രവിയുടെ വീട്ടിലാണെന്ന് പറഞ്ഞ പോലായി. 'മോളെ . ചെവി പൊത്തിക്കോ . നല്ല പുളിച്ച തെറി വരുന്നുണ്ട് " എന്ന് അവൻ ചിന്നുവിനൊരു മെസ്സേജ് അയച്ചു. 'എനിക്ക് വിശക്കുന്നു' എന്നൊരു മെസ്സേജ് തിരിച്ചും കിട്ടി. അവൻ ബാഗിൽ നിന്ന് റൊട്ടി കവർ  പുറത്തെടുത്തു. സീറ്റിന്റെ സൈഡിൽ കൂടി അവൻ ആ കവർ  നീട്ടി. അവൾ അനങ്ങുന്നില്ല . രണ്ടാമതും നീട്ടി. 'ഹയ്യോ' എന്തോ വിരലിൽ കുത്തിയ പോലെ. അവൻ നോക്കി. ചെറുതായി രക്തം പൊടിയുന്നുണ്ട്. ചിന്നു വിളറിയ മുഖത്തോടെ തിരിഞ്ഞു നോക്കുന്നത് ആ അരണ്ട വെളിച്ചത്തിലും അവൻ കണ്ടു. 'അയ്യോ. സോറി ബൈജു.. ചിലപ്പോ ഒക്കെ ബസ്സിൽ പോകുമ്പോ പുറകിൽ  ആണുങ്ങൾ ആരേലും ഇരുന്നു ഞോണ്ടിയാൽ  പിന്നു വച്ച് കുത്തിയാൽ മതി എന്ന് ആൻറി  പറഞ്ഞു തന്നിട്ടുണ്ട്. ഒരിക്കൽ ഞാൻ കുത്തിയിട്ടുമുണ്ട് . ഇപ്പൊ ആ ഓർമയിൽ ഓർക്കാതെ  ചെയ്തതാ. സോറി ബൈജു... :( " എന്നൊക്കെ പറഞ്ഞു അതാ വരുന്നു ഒരു മെസ്സേജ്. അപ്പോഴാണ്‌ അവനു കാര്യം പിടി കിട്ടിയത്. എന്തായാലും അവൻ കൊടുത്ത റൊട്ടി അവൾ കടിച്ചു മുറിച്ചു കഴിക്കുന്നത്‌ ബൈജു കണ്‍ കുളിർക്കെ കണ്ടു. റൊട്ടിയും അകത്താക്കി ഒരു കുപ്പി വെള്ളവും കുടിച്ചിട്ട് അവൾ പതുക്കെ സീറ്റ് പുറകിലേക്ക് ചാരി. വശത്ത് കൂടി കൈ പുരകിലെക്കിട്ടു അവനെ തൊട്ടു അവൾ. 'ഇന്നിനി എനിക്ക് ഉറക്കം വരില്ല ബൈജു. I am so happy. ഇത്രയും caring ആയ ഒരാളെ കിട്ടാൻ ഞാൻ എന്താണ് ചെയ്തത്.. Luv you so much... ഉമ്മ ... ' എന്നൊക്കെ പറഞ്ഞു അവൾ മെസ്സേജ് അയച്ചു. അവനും ഉറങ്ങിയില്ല . കുറെ നേരം സ്ക്രീനിലെ തെറി വിളി, സോറി , സിനിമ കണ്ടിരുന്നു. പിന്നീട് കണ്ണുകള പാതി അടച്ചു സീറ്റിലേക്ക് ചാരിയിരുന്നു അവൻ. അവളും. 

     രാവിലെ സമയത്ത് തന്നെ ബസ്‌ സ്ഥലത്തെത്തി. അവൾ അവന്റെ മുഖത്ത് നോക്കി ഒരു പുഞ്ചിരി സമ്മാനിച്ച ശേഷം സ്റ്റോപ്പിൽ ഇറങ്ങി. അടുത്ത സ്റ്റോപ്പിൽ അവനും. വീട്ടില് ചെന്നിട്ടും ബൈജു നിഗൂഡമായ ഒരു സന്തോഷത്തിലായിരുന്നു. അടുത്തയാഴ്ച കാര്യങ്ങൾക്കെല്ലാം ഒരു നീക്ക് പോക്കുണ്ടാവുമല്ലോ. അതോടെ കല്യാണം നടക്കാത്തതിൽ അമ്മയുടെയും അച്ഛന്റെയും വിഷമവും ഒന്ന് ശമിക്കും. എല്ലാം ഒടുവിൽ  നേരെയാവാൻ പോകുന്നു. അന്ന് ബൈജു നാട്ടിലെ കാവിൽ പോയി മനം നിറഞ്ഞു പ്രാർഥിച്ചു . തങ്ങളോടൊപ്പം നിന്നതിനു എല്ലാ ദൈവങ്ങളോടും അവൻ നന്ദി പറഞ്ഞു. രാത്രിയായതോന്നും അവൻ അറിഞ്ഞില. പകല ഓടി പോയത് പോലെ അവനു തോന്നി. അത്താഴം കഴിഞ്ഞു കട്ടിലിലേയ്ക്ക് ചാഞ്ഞു. അതാ ഫോണ്‍ റിംഗ് ചെയ്യുന്നു. ചിന്നു ആണല്ലോ. അവൾ എങ്ങനെ ഈ സമയത്ത് .. എന്നൊക്കെയുള്ള സംശയത്തോടെ അവൻ ഫോണ്‍ എടുത്തു. 'ഉറങ്ങിയോ ? " അടഞ്ഞ ശബ്ദത്തിൽ അവൾ. 'ഡീ. നീ എങ്ങനെ ഈ സമയത്ത് ? " അവൻ ചോദിച്ചു. 'അതേയ്. ഞാൻ മുകളിലത്തെനിലയിൽ ആണ്. പുതപ്പിനകത്താ .. ' ചിന്നു ചിരിച്ചുകൊണ്ട് പറഞ്ഞു. 'ഇന്ന് നമുക്ക് ഉറങ്ങണ്ട.. രാവിലെ വരെ സംസാരിക്കാം.' അവൾ തുടർന്നു . 'ശരി ഡിയർ ... ' അവനും പറഞ്ഞു.. ആകാശത്ത് ഉദിച്ചു നില്ക്കുന്ന ചന്ദ്രന്റെ നിലാവ് ജനലിൽ കൂടി അകത്തേക്ക് വീഴുന്നുണ്ട്‌. ആ വശത്തേക്ക് ചരിഞ്ഞു കിടന്നു അവൻ ഫോണ്‍ ചെവിയോടു ചേർത്തു ..

2013, മാർച്ച് 14, വ്യാഴാഴ്‌ച

പുതുമയുടെ ഷട്ടര്‍ തുറക്കുമ്പോള്‍     കുറച്ചു കാലം കൂടി ഒരു സിനിമ കാണാന്‍ പോയി. ബാംഗ്ലൂരിലെ മലയാളം സിനിമ കളിക്കുന്ന ഏറ്റവും പഴക്കം ചെന്ന ഒരു തീയറ്ററായ സംഗീതില്‍ ആണ് ഷട്ടര്‍ കണ്ടത് . പടത്തിനെ പറ്റി  പറയുന്നതിന് മുമ്പ് എന്തൊക്കെ ത്യാഗം സഹിച്ചാണ് ഈ ചിത്രം കണ്ടതെന്ന് നിങ്ങള്‍ കൂടി അറിയണം. ആകെപ്പാടെ പൊട്ടി പൊളിഞ്ഞു  പുറം ഭിത്തിയിലാകെ ആലും  കുറ്റിചെടികളും കിളിച്ചു നില്‍ക്കുന്ന ഒരു കെട്ടിടം ആണ്. പണ്ടത്തെ ഒരു മള്‍ടിപ്ലെക്സ്. എന്ന് വച്ചാല്‍ അതില്‍ ഒരു ചെറിയ തീയറ്റര്‍ കൂടിയുണ്ട് . സന്ദീപ്‌ എന്ന് പറഞ്ഞിട്ട് . അവിടെ ഒന്നുകില്‍ ഹിന്ദി അല്ലെങ്കില്‍ ഏതേലും തുണ്ട് പടം ഒക്കെയാണ് കാണിച്ചു കൊണ്ടിരുന്നത് . ഈയിടെയായി അതിലും മലയാളം കാണിച്ചു തുടങ്ങിയിട്ടുണ്ട് . എന്തായാലും ഇവിടെ പടം കാണാന്‍ പോവുകയാണെങ്കില്‍ കയ്യില്‍ ഒരു ലക്ഷ്മണ രേഖ ( എലിയെ കൊല്ലാന്‍ ), രണ്ടു മീറ്റര്‍ കൊതുക് വല ( കൊതുക് കടിക്കാതിരിക്കാന്‍ ), കുറച്ചു ആന്‍റി സെപ്റ്റിക് ലോഷന്‍ ( എലി കടിച്ചാല്‍ പുരട്ടാന്‍ ) ഇതൊക്കെ കൊണ്ട് വേണം പോകാന്‍.. .... ഹെല്‍മറ്റ് വയ്ക്കുന്നതും നല്ലതാണ്. കേവലം ഒരു സിനിമ കാണാന്‍ വേണ്ടി നശിപ്പിക്കാനുല്ലതല്ല ജീവിതം എന്നേ  എനിക്ക് പറയാനുള്ളൂ .

     ഒരു ടിപ്പിക്കല്‍ ഗള്‍ഫ്‌ മലയാളിയായ റഷീദ് , അയാളുടെ സുഹൃത്തായ സുര എന്ന ഓട്ടോ ഡ്രൈവര്‍ , റഷീദിന്‍റെ ഭാര്യ , മകള്‍, ഒരു തെരുവ് വേശ്യ ( ലൈംഗിക തൊഴിലാളി എന്നും പറയാം ) ആയ  പേര് പറയാത്ത ഒരു പെണ്ണ് , ഒരു ചലച്ചിത്ര സംവിധായകനായ മനോഹരന്‍ - പിന്നെ ഇവരുടെയെല്ലാം ജീവിതത്തിലെ മറക്കാനാവാത്ത ഒരു രാത്രിയും . അതാണ്‌ ഒറ്റ വാക്കില്‍ ഷട്ടര്‍ എന്ന ചിത്രം. റഷീദിന് വീട്ടു മുറ്റത്ത്‌  തന്നെ മൂന്നു മുറി പീടിക ഉണ്ട്. ഇതൊരു ഗള്‍ഫ് മലയാളിയെയും പോലെ ഭാവിയിലേക്ക് ഒരു നിക്ഷേപം . ലഹരി മൂത്തിരിക്കുന്ന ഒരു രാത്രിയില്‍ ഒരു രസത്തിനു വേണ്ടി റോഡില്‍ നിന്ന് ഒരു പെണ്ണിനേയും കൂട്ടി ആഘോഷത്തിനെത്തുന്ന റഷീദ്നെ കട മുറിയില്‍ ആക്കി അത് പുറത്തു നിന്ന് പൂട്ടി സുര ഭക്ഷണം വാങ്ങാന്‍ പോകുന്നു. അപ്രതീക്ഷിതമായി ഒരു ചെറിയ പെറ്റി  കേസില്‍ സുര പോലീസ് പിടിയിലാകുന്നതോടെ റഷീദും ആ പെണ്ണും കട മുറിയില്‍ അകപ്പെടുന്നു. സംഘര്‍ഷം നിറഞ്ഞ ഒരു രാത്രി അവിടെ തുടങ്ങുന്നു . കടയുടെ പുറകില്‍ ഒരു ചെറിയ വെന്‍റ്റിലേറ്റര്‍ ഉണ്ട്. ആ ചെറിയ ജാലകത്തിലൂടെ റഷീദിന് സ്വന്തം വീട്ടില്‍ നടക്കുന്നതും കാണാം. കുറ്റബോധവും ഭയവും അയാളെ ജീവനോടെ ദഹിപ്പിക്കുന്നു. ഏതായാലും നേരം വെളുക്കുമ്പോള്‍ അവസാനിക്കും എന്ന് കരുതുന്ന സമ്മര്‍ദ്ദം അടുത്ത പകലിലേയ്ക്കും പിന്നത്തെ രാത്രിയിലെയ്ക്കും നീളുന്നു. ആര്‍ക്കും പ്രതീക്ഷിക്കാനാവാത്ത സംഭവങ്ങളിലൂടെ അത് നമ്മളിലെയ്ക്കും പടരുന്നു. കഥ മുഴുവന്‍ പറയുന്നില്ല. പറ്റുമെങ്കില്‍ കണ്ടു നോക്കൂ 

     ലോകം മാറുന്നതിനേക്കാള്‍  വേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്ന മലയാളിയുടെയും സമകാലിക കേരളത്തിന്‍റെയും ചിത്രം ഇത്രയും നന്നായി വരച്ചു കാട്ടിയ ഒരു ചിത്രം അടുത്ത കാലത്തൊന്നും വന്നിട്ടില്ല. മലയാളിയുടെ മദ്യപാനം , മൊബൈല്‍ ഫോണ്‍ , സാഹസികമായ വിനോദങ്ങള്‍ എല്ലാം ഈ ചിത്രത്തിന്‍റെ പശ്ചാത്തലത്തില്‍ ഉണ്ട്.  ഈ ചിത്രത്തിലെ ഏറ്റവും ആകര്‍ഷകമായ പ്രകടനം കാഴ്ച വച്ചിട്ടുള്ളത് സുരയുടെ വേഷം ചെയ്ത വിനയ് ഫോര്‍ട്ടും ആ തെരുവ് പെണ്ണിന്‍റെ  വേഷം അഭിനയിച്ച സജിത മഠത്തില്‍ എന്നിവരാണ്. അശ്ലീലത്തിലേയ്ക്ക് വഴുതി വീഴാന്‍ സാധ്യതയുള്ള ഒരുപാട് സാഹചര്യങ്ങള്‍ കഥയിലുണ്ടെങ്കിലും അതൊന്നുമില്ലാതെ അതി മനോഹരമായി സംവിധായകന്‍ കൈകാര്യം ചെയ്തിട്ടുണ്ട്.  സംഗതി കുടുംബം ഒരു ക്ഷേത്രം എന്ന് പറയാനാണ് സംവിധായകന്‍ ശ്രമിക്കുന്നതെങ്കിലും ഒരു ഗുണപാഠ ചിത്രമൊന്നുമായിട്ടല്ല അത് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്‌. ...

.  സദാചാരം എന്ന് പറയുന്നത് സാഹചര്യങ്ങളെ കൂടി ആശ്രയിച്ചാണിരിക്കുന്നത് എന്നാണു എന്‍റെ  വിശ്വാസം. ജഗതി ശ്രീകുമാര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട് സെക്സ് എന്ന് പറയുന്നത് വിശപ്പ്‌ പോലെയാണ് എന്ന്.  വിശക്കുമ്പോള്‍ ആഹാരം തേടി പോകുന്നത് പോലെ മാത്രമാണ് ഇതിന്‍റെയൊക്കെ  പുറകെ മനുഷ്യന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ ചിത്രത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ അത് കാണാന്‍ കഴിയും. സന്ധ്യക്ക്‌ സുഹൃത്തുക്കളോടൊപ്പം ഒന്ന് മിനുങ്ങാന്‍ പുറത്തിറങ്ങുന്ന റഷീദ് ബസ്‌ സ്റ്റോപ്പില്‍ ഒറ്റയ്ക്ക് കസ്റ്റമേഴ്സ്നെ പ്രതീക്ഷിച്ചു നില്‍ക്കുന്ന പെണ്ണിനെ കാണുന്ന ഒരു സീനുണ്ട്. ഓട്ടോയില്‍ അത് വഴി പോകുന്ന അയാള്‍ അവളെ കടന്നു പോയതിനു ശേഷം ഒന്ന് സംശയിച്ചു തല വെളിയിലിട്ടു തിരിഞ്ഞു നോക്കുകയാണ്. ഒന്ന് രണ്ടു തവണ തിരിഞ്ഞു നോക്കിയ ശേഷം ഓട്ടോ നിര്‍ത്തിച്ചിട്ട് അയാള്‍ സുരയെ പറഞ്ഞു വിടുന്നു. ഇത്തരം വിഷയങ്ങളില്‍ അത്യാവശ്യം താല്പര്യം ഒക്കെയുള്ള സുര വില പേശല്‍ ഒക്കെ നടത്തി പുള്ളിക്കാരിയെ വിളിച്ചു ഓട്ടോയില്‍ കയറ്റുന്നു. ഇത്തരം ഒരു ദൃശ്യം ഒരിക്കല്‍ ഞാന്‍ കൊച്ചിയില്‍ വച്ച് നേരിട്ട് കണ്ടിട്ടുണ്ട് . അന്ന് അവിടെ ജോയ് മാത്യുവും ഉണ്ടായിരുന്നോ എന്ന് ഞാന്‍ ഒരിട സംശയിച്ചു. അത്രയ്ക്ക് മനോഹരമായി അദ്ദേഹം അത് ചിത്രീകരിച്ചിട്ടുണ്ട് . കേരളത്തിന്‌ പുറത്തു താമസിക്കുന്ന ഒരു മലയാളി എന്ന നിലയ്ക്ക് ഇടയ്ക്ക് നാട്ടില്‍ പോകുമ്പോള്‍ പലയിടത്ത്  നിന്നും തെന്നിയുംതെറിച്ചും ഞാന്‍ തന്നെ കേട്ടിട്ടുള്ള  വാചക ശകലങ്ങള്‍ പലതും ഈ ചിത്രത്തില്‍ തന്മയത്തത്തോടെ ഉപയോഗിച്ചിട്ടുണ്ട് . മാത്രമല്ല യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള പ്രകാശ വിന്യാസം , ശബ്ദങ്ങള്‍ എന്നിങ്ങനെ നമ്മുടെയൊക്കെ ദൈനംദിന ജീവിതത്തില്‍ കാണുന്നതും കേള്‍ക്കുന്നതിലും അല്ലാതതായി ഒന്നും ഈ ചിത്രത്തിലില്ല . 

പിന്നണിയിലുള്ളവരെ കുറിച്ച് കൂടി അല്പം 

    ഒരാഴ്ച മുമ്പ് രാത്രി ഞാന്‍ വീട്ടിലിരുന്നു ഒരു സുഹൃത്തിനോടൊപ്പം മോഹന്‍ സംവിധാനം ചെയ്ത മുഖം എന്ന ചിത്രം കാണുകയായിരുന്നു . അതിന്‍റെ   തുടക്കത്തില്‍ ഒരു കൊലപാതക രംഗമുണ്ട്. ദൂരെ ഒരു കെട്ടിടത്തിന്‍റെ മുകളില്‍ നിന്നും ഒരു ജനലിലൂടെ വെടി  വച്ചു ഒരു സ്ത്രീയെ കൊലപ്പെടുത്തുന്നതാണ് സംഭവം. എവിടെ നിന്നാണ് വെടി  വച്ചത് എന്നറിയാതെ കുഴങ്ങുന്ന പോലീസ്  സംഭവ സ്ഥലം പരിശോധിക്കുന്ന ഒരു സീന്‍ ഉണ്ട്. ചുമരില്‍ തറഞ്ഞിരിക്കുന്ന വെടിയുണ്ടയില്‍ നിന്ന് നേരെ എതിരിനുള്ള ഭിതിയിലെയ്ക്ക്‌ , പിന്നീട് ജനാലയിലേയ്ക്ക്‌ , പിന്നീട് അതിനു പുറത്തുള്ള കെട്ടിടത്തിലെയ്ക്ക് നീളുന്ന അന്വേഷകന്‍റെ  നോട്ടം , പിന്നീട് എന്തോ മനസ്സിലായത്‌ പോലുള്ള അയാളുടെ മുഖഭാവം, ഒരു സംഭാഷണം പോലുമില്ല എന്നോര്‍ക്കണം . ആ രംഗം കണ്ടുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ ഓര്‍ത്തു എന്ത് മാത്രം ആലോചിച്ചാവും  അത് എഴുതിയിട്ടുണ്ടാവുക എന്ന്. ഷട്ടറിലെ പല രംഗങ്ങളും ഇതേ ചിന്ത മനസ്സിലേയ്ക്ക് കൊണ്ടുവന്നു.  ഈ അടുത്ത കാലത്ത് ഇറങ്ങിയ പല ചിത്രങ്ങളിലും കാണപ്പെടുന്ന പുറം മോടി  ഈ ചിത്രത്തിനില്ല . പക്ഷെ കരുത്തുള്ള ഒരു ഉള്‍ക്കാമ്പ് ഇതിന്‍റെ  കഥയ്ക്കുണ്ട്. ജോണ്‍ എബ്രഹാമിന്‍റെ  പ്രശസ്തമായ അമ്മ അറിയാന്‍ എന്നാ ചിത്രത്തിലെ നായകനായ ജോയ് മാത്യു വര്‍ഷങ്ങള്‍ക്കു ശേഷം സ്വയം എഴുതി സംവിധാനം ചെയ്ത ഈ ചിത്രം ഒരു തരത്തില്‍ മാറിയ മലയാള സിനിമയുടെയും ആസ്വാദന രീതിയുടെയും കൂടി തെളിവാണ്. അരവിന്ദനും ജോണും മറ്റും നിര്‍വചിച്ച മന്ദഗതിയിലുള്ള കഥ പറച്ചില്‍ അത്തരം ഒരു ഗ്രൂപ്പില്‍ അംഗമായിരുന്ന ജോയ് സ്വയം മറന്നതോ അതോ കാലത്തിനനുസരിച്ച് അദ്ദേഹം സ്വന്തം അഭിരുചികളും മാറ്റിയെഴുതിയതാണോ. അറിയില്ല . പക്ഷെ എല്ലാതരം പ്രേക്ഷകരെയും ത്രസിപ്പിക്കുന്ന രീതിയില്‍ ഈ കഥ പറയാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരിക്കുന്നു.  ഒട്ടും പ്രവചനീയമല്ലാത്ത വഴിത്തിരിവുകളിലൂടെ പോകുന്ന കഥ അതിനേക്കാള്‍ മനോഹരമായ ഒരു ക്ലൈമാക്സില്‍ അവസാനിക്കുന്നു. കോഴിക്കോടിന്‍റെ  പശ്ചാത്തലത്തില്‍ നമ്മള്‍ കണ്ട പല ചിത്രങ്ങളെയും പോലെയല്ല ഷട്ടര്‍.. ഇരുളും വെളിച്ചവും കലര്‍ന്ന ദൃശ്യങ്ങളിലൂടെ മനുഷ്യന്‍റെ  തന്നെ നന്മയും തിന്മയും ആണ് ചിത്രം കാട്ടിത്തരാന്‍ ശ്രമിക്കുന്നത്.       ഇതിലെ അഭിനേതാക്കളെ കുറിച്ച് കൂടി പറഞ്ഞില്ലെങ്കില്‍ ഇത് പൂര്‍ണമാവില്ല . എല്ലാവരും പറയുന്നത് പോലെ ലാല്‍ തന്‍റെ ഏറ്റവും മികച്ച പ്രകടനം കാഴ്ച വച്ചു  എന്ന് പറയാനാവില്ല .ഒഴി മുറിയില്‍ ഇതിനേക്കാള്‍ സങ്കീര്‍ണമായ  ഒരു കഥാപാത്രത്തെ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട് ലാല്‍. ഒരു മിമിക്രി താരം , അല്ലെങ്കില്‍ തികഞ്ഞ കച്ചവട സിനിമകളുടെ നിര്‍മാതാവും സംവിധായകനും എന്ന നിലയില്‍ നിന്ന് ലക്ഷണമൊത്ത ഒരു അഭിനേതാവ് എന്ന നിലയിലേയ്ക്ക് ലാല്‍ വളര്‍ന്നിരിക്കുന്നു എന്ന് നിസ്സംശയം പറയാം. ഇതിലെ ഏറ്റവും നല്ല പ്രകടനം സുരയെ അവതരിപ്പിച്ച വിനയ് ഫോര്‍ട്ടിന്‍റെയും പെണ്ണിനെ അവതരിപ്പിച്ച സജിതയുമാണ്‌. നടത്തിയിരിക്കുന്നത്. മുമ്പ് അല്ലറ ചില്ലറ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള വിനയ്ന്‍റെ  അഭിനയ ജീവിതത്തില്‍ കിട്ടാവുന്ന ഏറ്റവും നല്ല വേഷങ്ങളിലൊന്നാവും ഈ ചിത്രം. സ്വന്തം ശരീര ഭാഷയില്‍ തന്നെ പ്രകടമാണ് വിനയ് എടുത്ത പ്രയത്നം. അഭിനന്ദനങ്ങള്‍. . അത് പോലെ തന്നെ സജിത മഠത്തില്‍.. .കഴിഞ്ഞ വര്‍ഷത്തെ സിനിമ അവാര്‍ഡ്‌ നിര്‍ണയത്തില്‍ ഏറ്റവും ഉയര്‍ന്നു കേട്ട ഒരു പേരായിരുന്നു സജിതയുടെത്. അവര്‍ക്ക് അവാര്‍ഡ്‌ കൊടുക്കാന്‍ ഗണേഷ് കുമാര്‍ വാദിച്ചത് നിങ്ങള്‍ക്ക്  ഓര്‍മയുണ്ടാവുമല്ലോ. അന്നത്തെ വിവാദങ്ങള്‍ക്ക് ഒരു മറുപടി ആയിട്ടാണ് ഈ ചിത്രത്തിലെ സജിതയുടെ മിന്നുന്ന പ്രകടനത്തെ കാണേണ്ടത്. തരം  താണ രീതിയിലുള്ള ഒരു നോട്ടം പോലുമില്ലാതെ , എന്നാല്‍ അത്യന്തം സ്വാഭാവികതയോടെ സജിത ആ കഥാപാത്രത്തെ മനോഹരമാക്കി. സ്വന്തം ശബ്ദം തന്നെയാണ് ഉപയോഗിച്ചിരിക്കുന്നതെങ്കില്‍ സജിത പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു. നമ്മുടെയെല്ലാം പ്രിയങ്കരനായ ശ്രീനിവാസന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.തഴക്കവും പഴക്കവും വന്ന ലാലിന്‍റെയും  ശ്രീനിവാസന്‍റെയും  പ്രകടനങ്ങളെ നിഷ്പ്രഭമാക്കുന്ന രീതിയിലുള്ള അഭിനയമാണ് മേല്പറഞ്ഞ രണ്ടു പേരും കാഴ്ച വച്ചിരിക്കുന്നത്. ഒന്നോ രണ്ടോ ചെറിയ രംഗങ്ങളില്‍ വന്നു പോകുന്ന അഗസ്റ്റിനെയും കണ്ടു. പരിക്ഷീണമായ മുഖത്തോടു  കൂടി അഭിനയിക്കുന്ന അദ്ദേഹം ഒരു ചെറു വേദന ഉണ്ടാക്കി. പണ്ട് പക്ഷാഘാതം വന്ന ശേഷം ഭരത് ഗോപി അഭിനയിച്ച പല കഥാപാത്രങ്ങളെയും അദ്ദേഹം ഓര്‍മിപ്പിച്ചു.  എനിക്കേറ്റവും ഇഷ്ടമുള്ള നടന്മാരില്‍ ഒരാളാണ് അദ്ദേഹം. പൂര്‍വാധികം ആരോഗ്യത്തോടെ അദ്ദേഹം തിരിച്ചു വരട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. 

     ഈ ചിത്രം നിങ്ങള്‍ കാണണം. ട്രാഫിക്‌ തുടങ്ങി വച്ച നവോഥാന സിനിമയുടെ പുതിയ ഒരു വഴിത്തിരിവ് കൂടിയാണ് ഷട്ടര്‍.. ... അത് പോലെ തന്നെ ട്രാഫിക്‌ തുടങ്ങി മലയാളത്തില്‍ ഇത് വരെ വന്ന പുതിയ ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ തല പുകച്ചു എടുത്തിരിക്കുന്ന ചിത്രം തന്നെ ഷട്ടര്‍ എന്ന് എനിക്ക് തോന്നുന്നു. ഇപ്പറഞ്ഞ ചിത്രങ്ങളില്‍ ഒക്കെ ഉള്ള പോലെ നിയതവും നേര്‍ രേഖയിലുള്ളതുമായ ഒരു കഥ അല്ല ഈ ചിത്രം പറയുന്നത്. നിങ്ങള്‍ക്ക്  വേണമെങ്കില്‍ വിയോജിക്കാം. പക്ഷെ എന്‍റെ  വോട്ട് ഈ ചിത്രത്തിന് തന്നെ കൊടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇതിനു കിട്ടേണ്ട അംഗീകാരം ഇത്തവണത്തെ അവാര്‍ഡ്‌ കമ്മിറ്റി കൊടുത്തിട്ടുമില്ല എന്ന് പറയാതെ വയ്യ. 

വാല്‍ക്കഷണം 
     ചിത്രത്തിന്‍റെ  അവസാന രംഗത്തില്‍ മനോഹരന് കുറച്ചു പൈസയുമായി വരുന്ന പെണ്ണ് അയാളോട് പറയുന്ന ഒരു വാചകം ഉണ്ട്. 'ഇങ്ങള്‍ക്ക്‌ വേണ്ടി ഞാന്‍ ഒരു ഷര്‍ട്ട് വാങ്ങീരുന്നു. അത് ഇന്നലെ വേറൊരാള്‍ക്ക് കൊടുക്കേണ്ടി വന്നു' എന്ന്. വെള്ളയില്‍ ചുവന്ന പൂക്കളുള്ള ഒരു ഷര്‍ട്ടല്ലേ അതെന്ന മനോഹരന്‍റെ അങ്ങോട്ടുള്ള ചോദ്യം കേട്ടിട്ട് ഒട്ടൊന്നു അമ്പരന്നെങ്കിലും നിലത്തു നോക്കിക്കൊണ്ട്‌ ചെറിയ നാണത്തോടെ അവള്‍ പറയുന്നു. 'അതെ. പക്ഷെ പൂക്കള്‍ ഞാന്‍ ആര്‍ക്കും കൊടുത്തിട്ടില്ല ' എന്ന്. ഈയടുത്ത കാലത്തൊന്നും പ്രണയം ഓരോ വാക്കിലും തുളുമ്പി നില്‍ക്കുന്ന ഇത്രയും മനോഹരമായ ഒരു രംഗം കണ്ടിട്ടില്ല . 

2013, മാർച്ച് 13, ബുധനാഴ്‌ച

ഇന്നൊരു സുദിനം


     സത്യം പറഞ്ഞാല്‍ സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ പറ്റുന്നില്ല. എന്തൊക്കെയാണ് കേള്‍ക്കുന്നത് അല്ലേ  ? കുറച്ചു കാലമായി ഒന്നും എഴുതാതിരുന്ന ഒരാളെ പ്രചോദിപ്പിക്കുന്ന എന്തൊക്കെ വിഷയങ്ങളാണ് മുന്നില്‍.. .. ഗണേഷ് കുമാറിനു കിട്ടിയ അടി, രാം സിംഗ് എന്ന നിരപരാധിയുടെ ആത്മഹത്യ,  പി സി ജോര്‍ജിന്‍റെ  കുട്ടി , ബാലകൃഷ്ണപിള്ളയുടെ മകനെ കണ്ടെത്തല്‍ , അമൃതയുടെ കരാട്ടെ കളി,പഴയ പോപ്പിന്‍റെ  രാജി. പുതിയ പോപ്പിന്‍റെ  തെരഞ്ഞെടുപ്പിന്‍റെ  ഭാഗമായുള്ള കറുത്ത പുകയും വെളുത്ത പുകയും ,  മദനിയുടെ കരച്ചില്‍,  ബിട്ടി മൊഹന്തി തുടങ്ങി ഇന്നിതാ ഇറ്റലി നമ്മളെ ഫൂളാക്കിയത് വരെയെത്തി നില്‍ക്കുന്നു കഥകള്‍.ഓരോന്നായി ഓര്‍ത്തെടുക്കട്ടെ.

ഗണേഷിനു കിട്ടിയ അടി 

സത്യത്തില്‍ ഇത് ഗണേഷിന്‍റെ കഥയല്ല . പി സി ജോര്‍ജ് എന്ന മഹാത്മാവിന്‍റെ കഥയാണ്‌.പീ സി ജോര്‍ജ് എന്ന മഹാനായ ജന നേതാവ് നടത്തിയ ഒരു വെളിപ്പെടുത്തല്‍ ആണ് ഈയടുത്ത കാലത്ത് കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ചത് . ചുറ്റിനും പോലീസുകാര്‍ കാവല്‍ നില്‍ക്കുന്ന ഒരു മന്ത്രി മന്ദിരത്തില്‍ കയറി മന്ത്രിയുടെ കാമുകീ ഭര്‍ത്താവു മന്ത്രിയെമര്‍ദിച്ചു  എന്ന  വാര്‍ത്ത മംഗളം എന്ന മഹത്തായ പത്രമാണ്‌ കണ്ടെത്തിയത്. ഇനി അത് വായിച്ചിട്ടാരെങ്കിലും  ഇത്രയും നിഷ്കളങ്കരായ നമ്മളെ ആരെയെങ്കിലും ജനങ്ങള്‍ തെറ്റിദ്ധരിച്ചാലോ എന്ന സന്ദേഹം കാരണം ഉറക്കം നഷ്ടപ്പെടും എന്ന അവസ്ഥയിലെത്തിയപ്പോഴാണ് പാവം ജോര്‍ജ് ഇത് പറഞ്ഞു പോയത്. കറണ്ട് പോയതിന്‍റെ  പേരില്‍ ഇലെക്ട്രിസിറ്റി  ഓഫീസില്‍ അദ്ദേഹം നടത്തിയ ഒരു തിറയാട്ടം പണ്ട് യൂടൂബില്‍ കണ്ടിട്ടുണ്ട്. ആ തെറ്റിധാരണ മാറിയത് ഇപ്പോഴാണ്. ഇത്രയും നല്ല ഉദ്ദേശത്തോടു കൂടി അദ്ദേഹം നടത്തിയ ഒരു വെളിപ്പെടുത്തല്‍ കേരള സമൂഹം എങ്ങനെ ആണ് എടുത്തതെന്ന് നമ്മള്‍ കണ്ടു. അതവിടെ നില്‍ക്കട്ടെ. നമ്മളോടൊക്കെ ദൈവം ചോദിച്ചോളും. അതുകഴിഞ്ഞ് എണീറ്റ്‌ നില്‍ക്കാന്‍ ശേഷിയില്ലാത്ത ഗൌരിയമ്മയും ലോനപ്പന്‍ നമ്പാടനും ആ പാവത്തിനെ പറഞ്ഞതോ അങ്ങേര്‍ക്കു പണ്ട് ഒരു സെറ്റപ്പില്‍ ഒരു കുട്ടിയുണ്ടായിരുന്നെന്ന് . 

ഗണേഷിനു  കിട്ടിയ രണ്ടാമത്തെ അടി 

     ഗണേഷിനു  കിട്ടിയ രണ്ടാമത്തെ അടി എന്താണെന്നല്ലേ ? മറ്റൊന്നുമല്ല. സ്വന്തം അച്ഛനും സര്‍വോപരി കേരള കോണ്‍ഗ്രസ്‌ ( ബാ ക്രി ) ഗ്രൂപ്പ്‌ ഉടമയുമായ ബാലകൃഷ്ണ പിള്ളയദ്യം  തക്കം നോക്കി തന്നെ കൊടുത്തു അടി. പ്രവര്‍ത്തി പരിചയത്തിനു പകരം വയ്ക്കാന്‍ മറ്റൊന്നുമില്ലെന്നു പിള്ള തെളിയിച്ചു . ഒരു ഉപാധിയുമില്ലാതെ മകനെ സ്വന്തം കാല്‍ക്കല്‍ വരുത്തിച്ചു പിള്ള വീണ്ടും മഹാനായി. മാത്രമല്ല പൊതു ശത്രുവായ ജോര്‍ജിനെതിരെ രണ്ടു പേരും യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. 

ലേഡി ടാര്‍സന്‍ 

എന്തൊക്കെയായിരുന്നു അമൃതയെ പറ്റി  പാണന്മാര്‍ പാടി നടന്നത്. പെണ്‍ പുലി , പെണ്‍  സിംഹം തുടങ്ങി എല്ലാ ആണ്‍ മൃഗങ്ങളെയും പെണ്ണുങ്ങളുടെ പേര് വിളിച്ചു അവര്‍ അമൃതയ്ക്ക് ചാര്‍ത്തി കൊടുത്തു. ഞാന്‍ ഒരു സംഭവം ആണെന്ന് പുള്ളിക്കാരിയും കിട്ടുന്ന സ്ഥലങ്ങളിലൊക്കെ സൂചിപ്പിച്ചു. ഒടുവില്‍ പോലീസ് ക്യാമറ തപ്പി നോക്കിയപ്പോഴോ .. ആട് കിടന്നിടത്ത് പൂട പോലുമില്ല എന്ന അവസ്ഥയിലായി. പക്ഷെ അമൃത അവരെ തല്ലിയ  വാര്‍ത്തയ്ക്കു കിട്ടിയതിന്‍റെ പകുതിയുടെ പകുതി വാര്‍ത്താ പ്രാധാന്യം ഈ ഒരു കണ്ടെത്തലിനു കിട്ടിയില്ല .

മഹാ മിടുക്കന്‍ 

ഉള്ളതില്‍ മിടുക്കന്‍ ലവനാണ്. ഓടീഷയില്‍  നിന്ന് വന്നു ഇത്രയും കാലം നമ്മളെയെല്ലാം പറ്റിച്ചു ഇവിടെ സുഖമായി ജീവിച്ച ഈ ചേട്ടന്‍ ആരാണെന്ന് പറയേണ്ടതില്ലല്ലോ അല്ലെ . കൂടുതല്‍ എഴുതുന്നില്ല . അദ്ദേഹത്തിന്‍റെ കഥയൊന്നും അങ്ങനെയിങ്ങനെ ഒരു വരിയില്‍ എഴുതാന്‍ പറ്റുന്നതല്ല.  

ഇനി എനിക്ക് പറയാനുള്ളത് 

ഈ സംഭവങ്ങളില്‍ യഥാര്‍ത്ഥ ഹീറോകള്‍  ആരാണെന്ന് അറിയാമോ ? മറ്റാരുമല്ല. നമ്മുടെ മാധ്യമങ്ങള്‍ തന്നെയാണ്. പത്ര പ്രവര്‍ത്തനത്തിന്‍റെ  നിര്‍വചനം പോലുമറിയാത്ത ഏത്  വിവരം കെട്ടവനും  പണിയെടുക്കാവുന്ന ഒരു മേഖലയാണ് മലയാള മാധ്യമ സ്ഥാപനങ്ങള്‍. .നാറിയ സീരിയലുകളും തരം  താണ കുറ്റാന്വേഷണ പരിപാടികളും റിയാലിറ്റി ഷോകളും കൊണ്ട് ഇപ്പോള്‍ തന്നെ മലീമസമായ നമ്മുടെ ചാനലുകളില്‍ ഇതൊന്നും ഒരു വാര്‍ത്തയേ അല്ല.   ഗണേഷ് കുമാര്‍ സ്വന്തം കഴിവ് തെളിയിച്ച ഒരു മന്ത്രിയാണ്. കേരളത്തില്‍ പല പുതിയ പദ്ധതികളും കൊണ്ട് വന്നു വിജയിപ്പിച്ച ഒരു നേതാവ് ആണ് അദ്ദേഹം. അദ്ദേഹത്തിന്‍റെ  സ്വകാര്യ ജീവിതം ചുരണ്ടിയെടുത്ത് സമൂഹത്തില്‍ വാര്‍ത്തയാക്കാനും വിഴുപ്പലക്കാനും നമ്മുടെ മാധ്യമങ്ങള്‍ മത്സരിക്കുകയായിരുന്നു. മന്ത്രി സമൂഹത്തിനു മുഴുവന്‍ മാതൃക ആകേണ്ട ഒരാളാണെന്നും അദ്ദേഹം ഇങ്ങനെ ചെയ്യാന്‍ പാടില്ല എന്നുമൊക്കെയുള്ള ഉപദേശങ്ങള്‍ നല്‍കാന്‍ അവര്‍ മത്സരിക്കുകയായിരുന്നു. എന്നാല്‍ ഇതുവരെ പൊതുജനത്തിന് അറിയാത്ത കഥകള്‍ ആരാണ് ഇങ്ങനെ ചര്‍ച്ചക്ക് വയ്ച്ചത്‌ എന്ന് എല്ലാവരും മറന്നു. ഏറ്റവും വലിയ തമാശ കണ്ടത് കൈരളി ചാനലില്‍ ആണ്. അവരുടെ വാര്‍ത്തയില്‍ മന്ത്രിയുടെ കവിളിനു ചുറ്റും ഒരു ചുവന്ന വൃത്തം വരച്ചിട്ടു അടി കൊണ്ട പാട് ആയി വാര്‍ത്തയില്‍ കാണിക്കുന്നത് കണ്ടു . ഒരു സംശയം മാത്രം. കേരളത്തില്‍ ആരാണ്  ഇത് വരെ  ജീവിതത്തില്‍ ഒരു മന്ത്രിയെ മാതൃക ആക്കിയിരിക്കുന്നതെന്ന്.ഇരുപത്തി നാല് മണിക്കൂറും അവിഹിത ബന്ധങ്ങളുടെയും പരസ്ത്രീ ഗമനത്തിന്‍റെയും കഥകള്‍ പറയുന്ന ഈ ചാനലുകള്‍ക്ക് ഇങ്ങനത്തെ ഉപദേശങ്ങള്‍ നല്‍കാനുള്ള ധാര്‍മിക ബാധ്യത ഉണ്ടോ എന്ന നിസ്സാര ചോദ്യത്തിന് ഒരു ഉത്തരം ആര് തരും ?

ഏറ്റവും ചീഞ്ഞ പരിപാടി കണ്ടത് ഇന്നലെയാണ്. ഡല്‍ഹി പീഡന കേസിലെ ഒന്നാം പ്രതി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് ചാനലുകളില്‍ വന്ന ചര്‍ച്ചകള്‍. .തീഹാര്‍ ജയില്‍ അധികൃതര്‍ക്ക് വന്ന വീഴ്ച, കൊലപാതകം, എന്ന് തുടങ്ങി ഒട്ടേറെ പരാതികള്‍. .. . ഒരു തടവ്‌ പ്രതി മരിക്കാതിരിക്കണമെങ്കില്‍ എന്ത് ചെയ്യണം ? ഇരുപത്തി നാല് മണിക്കൂറും അവനു കാവല്‍ കൊടുക്കണോ ? ഒരു പെണ്‍കുട്ടിയെ ഇതിലും ക്രൂരമായി ഒരാള്‍ക്കും കൊല്ലാന്‍ കഴിയില്ല. അങ്ങനെ ഒരാള്‍ അവിടെ തൂങ്ങി മരിച്ചെങ്കില്‍ അത് കുറ്റബോധം കൊണ്ടല്ല . മറിച്ചു  സമൂഹത്തിലേക്കു ഇറങ്ങി ചെല്ലേണ്ട ഒരു സാഹചര്യം ഉണ്ടായാല്‍ അവിടെ കിട്ടാന്‍ പോകുന്ന ശിക്ഷയെ കുറിച്ചുള്ള പേടി മാത്രമാണ് കാരണം. കഴിഞ്ഞയാഴ്ച കേരളത്തില്‍ മൂന്നു വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ പ്രതിയുടെ ദൃശ്യം ടിവിയില്‍ കണ്ടവര്‍ക്ക് അത് മനസ്സിലാകും. അയാളുടെ ഭീതി നിറഞ്ഞ മുഖത്ത് കാണാന്‍ കഴിഞ്ഞത് പേടി മാത്രമാണ്. ജനങ്ങള്‍ തല്ലിക്കൊല്ലുമോ  എന്ന പേടി. ഇടതു പക്ഷം ഈ സംഭവത്തെ കണ്ടത് വലതു പക്ഷത്തിന്‍റെ  വീഴ്ചയായാണ് . മരിച്ചയാളുടെ മനുഷ്യാവകാശത്തെ കുറിച്ചുള്ള ചര്‍ച്ചകളും നടന്നു. മനുഷ്യാവകാശത്തെ പറ്റി  ഘോരഘോരം പ്രസംഗിക്കുന്നവര്‍ 16 വര്‍ഷങ്ങള്‍ക്കു മുമ്പ്   ഇതേ  തീഹാര്‍ ജയിലില്‍ കൊല്ലപ്പെട്ട രാജന്‍ പിള്ളയെ മറന്നു. ആ വാര്‍ത്തകള്‍ ഒന്ന് കൂട് വായിച്ചു നോക്കുന്നതും ഈയടുത്ത കാലത്ത് ആ കേസില്‍ വന്ന കോടതി വിധിയും ഒന്ന് കണ്ടു നോക്കുക. 

ഒരു കാര്യം കൂടി പറഞ്ഞു അവസാനിപ്പിക്കാം. ഒരു പീടനമോ മരണമോ ഉണ്ടാകുമ്പോള്‍ കൂടി നിന്ന് മെഴുകു തിരി കത്തിച്ചത് കൊണ്ടോ കൂട്ടയോട്ടം നടത്തിയത് കൊണ്ടോ ഫേസ് ബുക്ക്‌ കൂട്ടായ്മ ഉണ്ടാകിയത് കൊണ്ടോ ഒരു പോസ്റ്റ്‌ ഇട്ടതു കൊണ്ടോ രാജ്യം മാറാന്‍ പോകുന്നില്ല . എന്ത് മാറ്റം ഉണ്ടാകണമെങ്കിലും അത് ഉണ്ടാക്കേണ്ടത് ഒരു വ്യക്തിയുമാണ്. അല്ലാതെ നിങ്ങളുടെ നേതാവ് മാറിയത് കൊണ്ടോ നിങ്ങളെ ഭരിക്കുന്ന പാര്‍ട്ടി മാറിയത് കൊണ്ടോ നിങ്ങള്‍ രക്ഷപെടില്ല . ഭാരതത്തില്‍ നിങ്ങള്‍ ജീവിക്കുന്നത് മറ്റുള്ളവരുടെ ഔദാര്യത്തിലാണ്. അല്ലാതെ ജീവിക്കാനുള്ള നിങ്ങളുടെ അവകാശം സംരക്ഷിതമല്ല ഇവിടെ . ഒരു ഭാരതീയന്‍ എവിടെ പോയി കൊല്ലപ്പെട്ടാലും നമുക്ക് അത് കേവലം വാര്‍ത്ത മാത്രമാണ്. പക്ഷെ മറ്റുള്ള രാജ്യങ്ങളെ നോക്കൂ. ഒരു അമേരിക്കന്‍ പൌരന്‍ എവിടെയെങ്കിലും പോയി എന്തെങ്കിലും അപകടത്തില്‍ പെട്ടാല്‍ അവര്‍ എങ്ങനെ ആണ് പെരുമാറുന്നത് എന്ന് മാത്രം നോക്കിയാല്‍ മതി. നമ്മുടെ രാജ്യം മഹത്തായ ഒരു രാജ്യമാണ്, അഹിംസ ആണ് നമ്മുടെ ശക്തി എന്നൊക്കെ നമ്മള്‍ ഒരു സമാധാനത്തിനു വേണ്ടി വെറുതെ പറഞ്ഞു നടക്കുന്നതാണ്. ശക്തിയുള്ളവനേ സമാധാനം ഉറപ്പു വരുത്താന്‍ കഴിയൂ എന്ന് ചാണക്യന്‍ പറഞ്ഞിട്ടുണ്ട്. അപ്പൊ , അത് കൊണ്ട് നമുക്ക് ഇങ്ങനെ ബാക്കിയുള്ളവന്റെ കഥകളും ചര്‍ച്ച ചെയ്തു പാട്ടും പാടി സിനിമയും കണ്ടു സന്തോഷത്തോടെ ജീവിക്കാം . നിങ്ങള്‍ വാര്‍ത്തയില്‍ പെടാത്തിടത്തോളം കാലം ഇത്രയും സ്വാതന്ത്ര്യത്തോടെ ജീവിക്കാന്‍ പറ്റുന്ന വേറൊരു രാജ്യം ലോകതുണ്ടാവില്ല . മേരാ  ഭാരത്‌ മഹാന്‍