സിനിമ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
സിനിമ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2016 ജൂൺ 4, ശനിയാഴ്‌ച

THE TRUMAN SHOW - റിയൽ ആയ ഒരു റിയാലിറ്റി ഷോ


പുതിയ ചില പോസ്റ്റുകളുടെ പണിയിലാണ്. അതുവരെ ചില പഴയ സിനിമാ ആസ്വാദനങ്ങൾ ( മൂവിരാഗ.കോമിൽ മുമ്പ് പ്രസിദ്ധീകരിച്ചത് ) പോസ്റ്റ്‌ ചെയ്യാം. ആദ്യം പ്രശസ്ത ഹോളിവൂഡ്‌ ചിത്രമായ THE TRUMAN SHOW




   
     The Truman Show. കേബിൾ ടിവിയും റിയാലിറ്റി ഷോയും ഒക്കെ മലയാളികള്‍ കേട്ടിട്ടു കൂടിയില്ലാത്ത തൊണ്ണൂറുകളില്‍ ഇറങ്ങിയ ഒരു ചിത്രം. യഥാർത്ഥ ജീവിതം അതേപടി കാണിക്കുന്നു എന്നവകാശപ്പെടുന്ന അനവധി മണ്ടൻ റിയാലിറ്റി ഷോകൾ നമ്മുടെ ടിവിയിൽ ഇപ്പോൾ കാണാൻ കിട്ടും. പക്ഷേ, Truman Show യുടെ പുതുമ ഇപ്പോഴും അതേപടിയുണ്ട്. സത്യം പറഞ്ഞാല്‍ ഒരു പത്തു തവണയെങ്കിലും ഈ ചിത്രം കണ്ടിട്ടുണ്ട്. അതിനു ഒരേയൊരു കാരണമേയുള്ളൂ. ആ ചിത്രം പുലർത്തുന്ന സത്യസന്ധത.  ഒരു അക്കാദമി അവാർഡ്, ഒരു ഗോൾഡൻ ഗ്ലോബ്, ഒരു ബ്രിട്ടീഷ് അക്കാദമി അവാർഡ് ഒക്കെ ലഭിച്ച ചിത്രമാണിത്. കഥ അൽപം വിശദമായി എഴുതിയിട്ടുണ്ട്. സിനിമ കണ്ടിട്ടില്ലാത്തവർക്ക് അത് ആസ്വാദനത്തിനു ഒരു തടസ്സമാവില്ല എന്ന് കരുതുന്നു. അപ്പോൾ കഥയിലേയ്ക്ക് വരാം.
ട്രൂമാൻ എന്ന നായകൻ
      The Truman Show എന്ന ലോകത്തിലെ ഏറ്റവും നീളമേറിയ റിയാലിറ്റി ഷോയിലെ നായകനാണ് Truman Burbank. ഈ ഷോ ഉണ്ടാക്കാൻ വേണ്ടി ഒരു കോർപറേഷൻ ദത്തെടുത്ത അയാളുടെ ജീവിതം തന്നെയാണ് ഷോയിൽ കാണിച്ചു കൊണ്ടിരിക്കുന്നത്. ഒരു ടെലിവിഷൻ പരിപാടിക്ക് വേണ്ടി ഉണ്ടാക്കിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഒരു സെറ്റിലാണ് അയാൾ ജനിച്ചപ്പോൾ മുതൽ ജീവിക്കുന്നത്. സീ ഹെവൻ എന്ന ഈ കൃത്രിമ പട്ടണത്തിലെ രാത്രിയും പകലും മഴയും വെയിലും എല്ലാം നിയന്ത്രിക്കുന്നത്‌ ഈ ഷോ നടത്തുന്ന കമ്പനിയാണ്. ഈ സെറ്റിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന ആയിരക്കണക്കിന് ക്യാമറകൾ ട്രൂമാനെ ഇരുപത്തിനാല് മണിക്കൂറും പിന്തുടരുന്നു, അയാൾ അറിയാതെ. കോടിക്കണക്കിനു ആൾക്കാർ ഈ പരിപാടിയിലൂടെ കഴിഞ്ഞ മുപ്പതു വർഷമായി ട്രൂമാന്റെ ജീവിതം കണ്ടുകൊണ്ടിരിക്കുന്നു. ആ മിഥ്യാലോകത്തിലെ ദിനരാത്രങ്ങൾ മാത്രമല്ല, അയാളുടെ വികാരങ്ങൾ, സന്തോഷം, ദുഃഖം ഇവയൊക്കെ തീരുമാനിക്കുന്നതും നിയന്ത്രിക്കുന്നതും ചാനൽ തന്നെ. ഈ പട്ടണത്തിൽ ട്രൂമാൻ കാണുന്ന ആൾക്കാരും സംഭവങ്ങളും ഒക്കെ കൃത്രിമമാണ്. ആയിരക്കണക്കിന് നടീനടന്മാർ അയാളോടൊപ്പം ഈ ഷോയിൽ അഭിനയിച്ചുകൊണ്ടിരിക്കുന്നു. അയാളുടെ ആത്മാർത്ഥ സുഹൃത്തുക്കൾ വരെ ചാനൽ തീരുമാനിച്ചുറപ്പിച്ച അഭിനേതാക്കളാണ്. അവരുടെ തിരക്കഥയിൽ എഴുതി വച്ചിട്ടുള്ള സംഭവങ്ങളുമായി എണ്ണയിട്ട യന്ത്രം പോലെ ആ കൃത്രിമ ലോകവും അവിടത്തെ ട്രൂമാന്റെ ജീവിതവും മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു. ചുറ്റിനും
നടക്കുന്നത് എന്താണെന്ന് അറിയാതെ നമ്മുടെ കഥാനായകനും.
പണി പാളുമ്പോൾ 

    ഒരാളെ കുറച്ചു കാലത്തേക്കും എല്ലാവരെയും കുറച്ചു കാലത്തേയ്ക്കും പറ്റിക്കാം, പക്ഷേ, എല്ലാവരെയും എല്ലാ കാലത്തും പറ്റിക്കാൻ കഴിയില്ല എന്ന് പറഞ്ഞത്‌ പോലെ ചുറ്റിനും നടക്കുന്ന അസ്വാഭാവികമായ ചില കാര്യങ്ങൾ ട്രൂമാൻ ശ്രദ്ധിച്ചു തുടങ്ങുന്നു. തന്റെ ചുറ്റിനും വളരെ കൃത്യതയോടെ ചലിച്ചു കൊണ്ടിരിക്കുന്ന ജീവിതത്തില്‍ ചില ആവര്‍ത്തനങ്ങള്‍ അയാള്‍ കണ്ടെടുക്കുന്നു. ദിവസവും ഒരേ സ്ഥലത്ത് വച്ച് ഒരേ വേഷത്തില്‍ കാണുന്ന ആള്‍ക്കാര്‍, ഒരേ രീതിയില്‍ നടക്കുന്ന സംഭവങ്ങള്‍, അങ്ങനെ അങ്ങനെ പലതും.  എത്ര കൃത്യമായാലും ഇതിന്റെ കേന്ദ്രബിന്ദു ഒരു മനുഷ്യന്‍ ആയതു കൊണ്ട് ചാനലിന്റെ തന്ത്രങ്ങള്‍ ഇടയ്ക്ക് പാളുന്നു. ചുറ്റിനും നടക്കുന്ന കാര്യങ്ങളില്‍ വിചിത്രമായ എന്തോ ഉണ്ട് എന്ന് ട്രൂമാന്‍ തിരിച്ചറിയുന്നു. അത് വിദഗ്ധമായി മറയ്ക്കാന്‍ ചാനല്‍ ശ്രമിക്കുന്നുണ്ടെങ്കിലും ( സീ ഹെവനിലെ ആകാശത്ത് നിന്ന് ഇടയ്ക്ക് ഒരു സ്പോട്ട് ലൈറ്റ് പൊട്ടി ട്രൂമാന്റെ മുന്നിൽ തന്നെ വീഴുന്ന അവസരത്തിൽ അതെന്താണെന്ന് തിരിച്ചറിയാന്‍ കഴിയാതെ നില്‍ക്കുന്ന ട്രൂമാനെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി അവര്‍ റേഡിയോയില്‍ കൂടി ഒരു വിമാനം ക്രാഷ് ലാന്‍ഡ്‌ ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്… അതിന്റെ ഭാഗങ്ങള്‍ പൊട്ടി വീഴാനിടയുണ്ട് സൂക്ഷിക്കുക എന്നൊക്കെ വാര്‍ത്ത‍ കേള്‍പ്പിക്കുന്നുണ്ട്) അത് നൂറു ശതമാനം ഫലവത്താകുന്നില്ല. അത് പോലെ തന്നെ ഫിജി സന്ദര്‍ശിക്കാനുള്ള  ട്രൂമാന്റെ പ്ലാന്‍ പൊളിക്കാന്‍ വേണ്ടി ചാനല്‍ അയാളുടെ മുന്നില്‍ കൃത്രിമമായി ഒരുപാട് തടസ്സങ്ങള്‍ സൃഷ്ടിക്കുന്നു. അതിനിടയ്ക്കാണ് അയാളുടെ സുഹൃത്തായി അഭിനയിക്കുന്ന ഒരു നടിയോട് ട്രൂമാന് പ്രേമം തോന്നുന്നത്. അങ്കലാപ്പിലായ ചാനൽ പെട്ടെന്ന് തന്നെ അവളെ നീക്കം ചെയ്യുകയാണ്. കണ്മുന്നിൽ വച്ച് ബോട്ട് മുങ്ങി കാണാതായ അയാളുടെ അച്ഛൻ ( അതും ചാനൽ ഉണ്ടാക്കിയ ട്വിസ്റ്റ്‌ തന്നെ ) ഒരിക്കൽ അബദ്ധ വശാൽ ട്രൂമാന്റെ മുന്നിൽ വന്നു ചാടുന്നു. ഉടനെ തന്നെ തെറ്റ് തിരിച്ചറിഞ്ഞ ചാനൽ അവരുടെ ആൾക്കാരെ ഉപയോഗിച്ച് ഭ്രാന്തൻ എന്ന് മുദ്രകുത്തി അയാളെ ട്രൂമാന്റെ മുന്നിൽ നിന്ന് പെട്ടെന്ന് തന്നെ നീക്കം ചെയ്യുന്നു. ഇതൊക്കെ കണ്ടു ട്രൂമാൻ ആകെ ആശയക്കുഴപ്പത്തിലാകുന്നു. തന്റെ ചുറ്റിനും ചലിച്ചു കൊണ്ടിരിക്കുന്ന ജീവിതത്തിൽ മറ്റാരുടെയോ കയ്യുണ്ടെന്നു അയാൾ സംശയിക്കുന്നു.
പുറം ലോകത്തേക്ക്

     തന്നെ വിടാതെ പിന്തുടരുന്ന ക്യാമറകളെ പറ്റിച്ചു കൊണ്ട് ഒരു ദിവസം ട്രൂമാന്‍ നിലവറയില്‍ ഒളിക്കുന്നു. അയാളെ കാണാതാവുന്നതോടു കൂടി ഈ റിയാലിറ്റി ഷോ അതിന്റെ ചരിത്രത്തിലാദ്യമായി നിര്‍ത്തി വയ്ക്കപ്പെടുന്നു. പരിപാടിയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന എല്ലാവരും ട്രൂമാനെ തിരഞ്ഞു പുറപ്പെടുന്നു. ഒരിടത്തും അയാള്‍ ഇല്ല. സെറ്റില്‍ പിടിപ്പിച്ചിരിക്കുന്ന ആയിരക്കണക്കിന് വിളക്കുകള്‍ ഉപയോഗിച്ച് ( രാത്രിയും പകലും വരെ ചാനല്‍ ആണ് നിയന്ത്രിക്കുന്നത്‌. ലൈറ്റ് ഓഫ്‌ ആക്കുമ്പോഴാണ് സീ ഹെവനില്‍ രാത്രിയാകുന്നത് ) അവര്‍ തിരച്ചില്‍ തുടങ്ങുന്നു. പണ്ട് വഞ്ചി മറിഞ്ഞു അച്ഛനെ കാണാതായതിനു ശേഷം അയാൾക്ക് വെള്ളത്തോട് ഒരു പേടി, ഒരുതരം ഫോബിയ രൂപപ്പെട്ടിരുന്നു. എന്നാൽ അതിനെ അതിജീവിച്ചു ഒരു ബോട്ടില്‍ ചക്രവാളം ലക്ഷ്യമാക്കി തുഴഞ്ഞുകൊണ്ടിരിക്കുന്ന ട്രൂമാനെ അവര്‍ കണ്ടുപിടിക്കുന്നു. ഒപ്പം തന്നെ പരിപാടിയും പുനരാരംഭിക്കുന്നു. രക്ഷപെടാനുള്ള ട്രൂമാന്റെ ശ്രമം കണ്ടു കോപാകുലനായ ഈ പരിപാടിയുടെ സംവിധായകന്‍ ക്രിസ്റ്റഫ് ഒരു കൊടുങ്കാറ്റു സൃഷ്ടിച്ചു ട്രൂമാന്റെ ബോട്ട് മറിക്കാന്‍ ഉത്തരവിടുന്നു. ട്രൂമാനെ കൊല്ലാനുള്ള നീക്കത്തെ എല്ലാവരും എതിര്‍ക്കുന്നതിനെ തുടര്‍ന്ന് ആ ഉത്തരവ് പിന്‍വലിക്കേണ്ടി വരുന്നു അവര്‍ക്ക്. എങ്ങനെയും വേറൊരു ലോകത്തെത്തണമെന്ന നിശ്ചയദാർഡ്യവുമായി തുഴയുന്ന ട്രൂമാന്റെ ബോട്ട് ഒടുവില്‍ ചക്രവാളത്തെ സ്പര്‍ശിക്കുന്നു. സ്പര്‍ശിക്കുന്നു എന്ന് പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ ആണ്. ആ പടുകൂറ്റന്‍ സെറ്റിന്റെ അതിര്‍ത്തിയാണ് അത്. ആ ബോട്ടിന്റെ മുനമ്പ്‌ പെയിന്റ് ചെയ്തു വച്ചിരിക്കുന്ന ചക്രവാളത്തെ കീറി മുറിച്ചു ഇടിച്ചു നിന്നു. അത്ഭുതപരതന്ത്രനായ ട്രൂമാന്‍ മുകളിലേക്ക് പോകുന്ന ഒരു കൂട്ടം പടിക്കെട്ടുകള്‍ കാണുന്നു. പുറത്തേയ്ക്ക് എന്നൊരു തലക്കെട്ടും അവിടെയുണ്ട്. അപ്പോഴേയ്ക്കും എല്ലാം മനസ്സിലായ ട്രൂമാന്‍ തന്നെ നിരീക്ഷിക്കുന്ന ക്യാമറകളോടും അവിടം വിട്ടു പോകാന്‍ ഉപദേശിച്ചു കൊണ്ടിരിക്കുന്ന ക്രിസ്റ്റഫിനോടും ചിരിച്ചു കൊണ്ട് വിട പറഞ്ഞിട്ട് (In case I don’t see you … good afternoon, good evening, and good night – വളരെ പ്രശസ്തമായ വരികള്‍ ആണ് ഇത് ) ആ പടികള്‍ കയറി പുറം ലോകത്ത് തന്നെ കാത്തു നില്‍ക്കുന്ന ആയിരങ്ങളുടെ അടുത്തേയ്ക്ക് മറയുന്നു.
ഒരു അസാധാരണ റിയാലിറ്റി ഷോ , ഒപ്പം കുറെ ചോദ്യങ്ങളും

     എന്തൊക്കെ പറഞ്ഞാലും ഇതൊരു ടി വി പരിപാടിയാണല്ലോ. സ്വാഭാവികമായും ഈ ഷോയുടെ റേറ്റിംഗ് നിലനിർത്താൻ വേണ്ടി ഈ ‘റിയൽ’ അല്ലാത്ത റിയാലിറ്റി ഷോയിൽ പല മസാലകളും ചാനൽ ചേർക്കുന്നുണ്ട്. ട്രൂമാന്റെ സന്തോഷം, കരച്ചിൽ , വിഭ്രാന്തി, അങ്ങനെയെല്ലാം അവർ വിറ്റു കാശാക്കുകയാണ്. അതിലെ നടീനടന്മാരെ ഉപയോഗിച്ച് ഓരോ സാഹചര്യങ്ങൾ കൃത്രിമമായി സൃഷ്ടിച്ചു അവർ അയാളെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ഒക്കെ ചെയ്യുന്നു. പറ്റുന്നിടത്തൊക്കെ അതിവിദഗ്ദ്ധമായി product placement നടത്താനും അവർ മറക്കുന്നില്ല. ട്രൂമാനും സുഹൃത്തുക്കളും ഉപയോഗിക്കുന്നതായി കാണിക്കുന്ന ഓരോ വസ്തുവും സത്യത്തിൽ അതിന്റെയൊക്കെ പരസ്യം കൂടിയാണ്. സോപ്പ് , ഡിറ്റർജന്റ് , ബിയർ തുടങ്ങി എന്തും ഏതും പണം വാങ്ങി ട്രൂമാന്റെ ജീവിതത്തിൽ അവർ തിരുകി കയറ്റുന്നു. ഇപ്പോഴത്തെ ആധുനിക റിയാലിറ്റി ഷോകളും ഈ പാറ്റേണ്‍ തന്നെയാണല്ലോ പിന്തുടരുന്നത്. മനുഷ്യന്റെ നൈസർഗിക വികാരങ്ങളോളം എളുപ്പത്തിൽ വിൽക്കാൻ പറ്റുന്ന വേറെന്തുണ്ട്‌ അല്ലേ ?
പിന്നണിയിൽ

      ഈ ചിത്രം സംവിധാനം ചെയ്തത് ഒരുപാടു തവണ അക്കാദമി അവാർഡ് നോമിനേഷനുകൾ ലഭിച്ചിട്ടുള്ള ഓസ്ട്രേലിയൻ സംവിധായകൻ Peter Weir ആണ്. The Terminal എന്ന പ്രശസ്ത ചിത്രത്തിന്റെ കഥാകൃത്തായ Andrew Niccol ആണ് ഈ ചിത്രത്തിന്റെയും കഥ എഴുതിയിരിക്കുന്നത്. കഥാനായകനായ ട്രൂമാനെ അവതരിപ്പിച്ചിരിക്കുന്നത് Jim Carrey. (ജിം കാരി എനിക്ക് അത്രയ്ക്ക് ഇഷ്ടമല്ലാത്ത ഒരു നടനായിരുന്നു . പുള്ളിയുടെ The Mask, Bruce Almighty, Ace Ventura, Batman forever മുതലായ പടങ്ങളൊക്കെ കണ്ടിട്ടുണ്ടെങ്കിലും ജിമ്മിനെ ഏറ്റവും ഇഷ്ടപ്പെട്ടത് ഈ ചിത്രത്തിലാണ്.) ഈ റിയാലിറ്റി ഷോയുടെ സംവിധായകൻ ക്രിസ്റ്റഫായി അഭിനയിച്ചിരിക്കുന്നത് Ed Haris . ഈ ചിത്രത്തിന്റെ നിർമാണത്തിൽ കൗതുകകരമായ ചില കാര്യങ്ങളുണ്ട്‌. ഇതൊരു ടി വി ഷോ ആണെന്ന മുന്നറിയിപ്പ് തരാൻ വേണ്ടി വിചിത്രമായ പല ക്യാമറ ആംഗിളുകളും ഫിൽറ്ററുകളും ഒക്കെ ഉപയോഗിച്ചിട്ടുണ്ട്. സീ ഹെവൻ എന്ന പട്ടണം കാണിക്കുമ്പോഴും ഔട്ട്‌ ഡോർ സീനുകളിലും എല്ലാം വളരെ പ്രകാശമാനമായ ദൃശ്യങ്ങളാണ് ഉള്ളത്. മനഃപൂർവം അവർ കൂടുതൽ ലൈറ്റ് കൊടുത്താണ് അത് ചിത്രീകരിച്ചിരിക്കുന്നത്. നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത് ഒരു ടി വി ഷോ ആണെന്ന് ഓർത്താൽ മാത്രമേ ആ കൃത്രിമമായ സൂര്യപ്രകാശവും നിലാവും ഒക്കെ പിടികിട്ടൂ. ഒടുവിലത്തെ രംഗങ്ങളിൽ എന്നാൽ ഇതുപേക്ഷിച്ചു വളരെ സ്വാഭാവികമായ ലൈറ്റ് കൊടുത്തിട്ടുണ്ട്‌. അതുപോലെ തന്നെയാണ് ആകാശത്തിന്റെയും കടലിന്റെയും ഒക്കെ നിറവും. ചിത്രത്തിന്റെ കഥാകൃത്തായ Peter Weir രസകരമായ ഒരു സംഗതി ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. ഈ ചിത്രം പ്രദർശിപ്പിക്കുന്ന തീയറ്ററുകളിൽ ഒരു രഹസ്യ ക്യാമറ പിടിപ്പിക്കുന്നതായിരുന്നു അത്. ചിത്രത്തിന്റെ ഇടയിൽ പെട്ടെന്ന് ആ ക്യാമറയിൽ നിന്നുള്ള കാണികളുടെ ദൃശ്യം ഇട്ടുകൊണ്ട്‌ അവരെ കൂടുതൽ വിഭ്രമിപ്പിക്കുക എന്നതായിരുന്നു ഉദ്ദേശം. എന്നാൽ അന്നത്തെ സാങ്കേതികമായ വെല്ലുവിളികളെ തുടർന്നു അവർ അത് ഉപേക്ഷിക്കുകയായിരുന്നു.
Truman Show ഉയർത്തുന്ന ചിന്തകൾ , ചോദ്യങ്ങൾ

      നമ്മുടെ ദേശീയ ചാനലുകളിലും മലയാളം ചാനലുകളിലും വരുന്ന സീരിയലുകൾ ശ്രദ്ധിച്ചിട്ടില്ലേ. എല്ലാവരും അതിനെ കുറ്റം പറയുമെങ്കിലും നാലഞ്ച് എപ്പിസോഡുകൾ കണ്ടാൽ ഒരു സാധാരണ പ്രേക്ഷകനെ അതിന്റെ അടിമയാക്കുന്ന എന്തോ ഒരു വിദ്യ അതിലുണ്ട്. എന്താണത് ? ഉത്തരം ലളിതമാണ്. ഒരു സാധാരണ മനുഷ്യന്റെ ഉള്ളിലുള്ള ദുര, അസൂയ, പ്രേമം, സന്തോഷം മുതലായ വികാരങ്ങൾ തന്നെയാണ് അവർ ഉപയോഗിക്കുന്നത്. സ്ഥിരമായി അത്തരം സീരിയലുകൾ കാണുന്ന ഒരാളുടെ ജീവിതത്തെ അത് കുറെയൊക്കെ സ്വാധീനിക്കും എന്നത് ഒരു വസ്തുതയാണ്. ആ ഒരർത്ഥത്തിൽ ടി വി ആധുനിക സമൂഹത്തെ പല രീതിയിലാണ് വശംവദരാക്കുന്നത്. ഇതിന്റെ ഒരു മികച്ച മാതൃകയാണ് ഈ സിനിമ. യാഥാർത്ഥ്യവും കള്ളത്തരവും തിരിച്ചറിയാൻ വയ്യാത്ത ഒരു മനോനിലയിൽ നമ്മളെ എത്തിക്കാൻ ഇത്തരം ശീലങ്ങൾക്കു സാധിക്കും . സത്യസന്ധമായി ഒരു നിമിഷം സ്വയം വിലയിരുത്തൂ. എപ്പോഴെങ്കിലും ഒരിക്കൽ നിങ്ങൾക്കും ഇത് പറ്റിയിട്ടില്ലേ ?
വാൽകഷണം

     ഈ ചിത്രം പോലെ തന്നെയുള്ള വേറെയും ചില സിനിമകളുണ്ട്. EdTv, The Secret Cinema തുടങ്ങി ഒരുപിടി ചിത്രങ്ങൾ. പക്ഷേ, അവയ്ക്കൊന്നും ട്രൂമാൻ ഷോയുടെ അടുത്തെങ്ങും എത്താൻ പറ്റിയിട്ടില്ല. ഇതറിഞ്ഞിട്ടാണോ എന്തോ നമ്മുടെ കൊച്ചു മലയാളത്തിലും ഉണ്ടായി ഒരു പടം. തത്സമയം ഒരു പെണ്‍കുട്ടി. സത്യം പറഞ്ഞാൽ EdTv യുമായിട്ടാണ് ഈ ചിത്രത്തിന് സാദൃശ്യം. പക്ഷേ, ആകെപ്പാടെ കണ്‍ഫ്യൂഷനിൽ ആയ അതിന്റെ അണിയറക്കാർ EdTv യും Truman Show യും ഒക്കെ മാറിമാറി ഉപയോഗിക്കുന്നത് കണ്ടു. എന്നാൽ മലയാളികളെ ആരും അങ്ങനെ കുറച്ചു കാണണ്ട. ഒരു സിനിമയോ സീരിയലോ അല്ലെങ്കിലും ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങൾ പച്ചയായി കാണിച്ചു പല കാര്യങ്ങളും പഠിപ്പിക്കുന്ന ഒരു പരിപാടി പണ്ട് സൂര്യാ ടി വി തുടങ്ങി വച്ചിട്ടുണ്ട്. “തരികിട”. പത്തു കിലോ അരിയും ഒരു പവൻ തങ്കം പൂശിയ മോതിരവും കമ്മലും ഒക്കെ കൊടുത്തു ആൾക്കാരെ മണിയടിച്ചു ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്ന നമ്മുടെ സ്വന്തം ഷോ.


2016 മേയ് 30, തിങ്കളാഴ്‌ച

സ്വർഗ്ഗത്തിലേയ്ക്കുള്ള വഴിയിൽ ഒരു സ്കൂൾ ബസ്‌

     

     കുറച്ചു നാൾ മുമ്പുണ്ടായ ഒരു സംഭവമാണ്.  ഒരു ഗവേഷണ വിദ്യാർഥിനി തന്റെ പഠനങ്ങളുടെ ഭാഗമായി ഇവിടെ ബാംഗ്ലൂരിലെ സ്കൂളുകളിൽ ഒരു സർവേ നടത്തി. കുട്ടികൾക്ക് സ്കൂളിൽ ഏറ്റവും ഇഷ്ടമുള്ളതും സ്കൂളിൽ അവർ ഏറ്റവും വെറുക്കുന്നതുമായ കാര്യങ്ങൾ എന്തൊക്കെ, അവർക്ക് ഏറ്റവും ഇഷ്ടമുള്ള ടീച്ചർമാർ , വീട്ടിൽ ഏറ്റവും ഇഷ്ടമുള്ളത് അച്ഛനാണോ അമ്മയാണോ എന്നൊക്കെ തുടങ്ങി സ്ഥിരം കുറെ ക്ലീഷേ ചോദ്യങ്ങളായിരുന്നു അവൾ കരുതിയിരുന്നത്. ടീച്ചർമാർ വഴി അത് ഓരോ ക്ലാസ്സുകളിലും വിതരണം  ചെയ്തു കുഞ്ഞുങ്ങളെ കൊണ്ട് പൂരിപ്പിച്ചു വാങ്ങി. നല്ല കയ്യക്ഷരത്തിൽ മിക്ക കുട്ടികളും ഒരേ ഉത്തരങ്ങൾ തന്നെയാണ് എഴുതിയിരുന്നത്. ഭൂരിഭാഗം കുട്ടികളും സന്തോഷത്തോടെ പഠിക്കുന്ന ഒരു നല്ല വിദ്യാലയത്തിന്റെ ചിത്രം ആ കടലാസുകളിൽ നിന്നവൾക്ക് കിട്ടി. അതുംകൊണ്ട് അവൾ ഗൈഡിന്റെ അടുത്തെത്തി. ചൈൽഡ് സൈക്കോളജിയിൽ ഡോക്ടറേറ്റ് എടുത്ത  അദ്ദേഹം അത് സ്വീകരിച്ചില്ല.  കുട്ടികളുടെ പേരും ക്ലാസ്സും ഒക്കെ ഒഴിവാക്കി ചോദ്യങ്ങൾക്കുള്ള ഉത്തരം മാത്രം കടലാസ്സിൽ എഴുതി വാങ്ങാൻ അദ്ദേഹം ഉപദേശിച്ചു. അവൾ അടുത്ത ദിവസം അത് പരീക്ഷിച്ചു. ഫലം ഞെട്ടിപ്പിക്കുന്നതായിരുന്നു. തലേ ദിവസത്തെ മനോഹരമായ സ്കൂൾ ചിത്രം പാടെ ഇല്ലാതായിരുന്നു. ദേവതയെ പോലുള്ള ടീച്ചർമാരുടെ സ്ഥാനത്ത് പിശാചുക്കളുടെ മുഖഭാവമുള്ള ഭീകര രൂപികൾ, തലപ്പത്ത് ഹെഡ് മിസ്ട്രസ്സ് തുടങ്ങി വെറുക്കപ്പെട്ടവരുടെ ഒരു നീണ്ട ലിസ്റ്റ്. ഇഷ്ടമുള്ളവരുടെ പെരെഴുതാനുള്ള കോളം മിക്കതിലും ഒഴിഞ്ഞു കിടന്നു. അവളെ പാടെ അമ്പരപ്പിച്ച ചില മറുപടികളും ഉണ്ടായിരുന്നു. പത്തു ശതമാനത്തോളം കുട്ടികൾ അവർക്ക് ഏറ്റവും ഇഷ്ടമില്ലാത്തവരുടെ ലിസ്റ്റിൽ സ്വന്തം അച്ഛന്റെയും അമ്മയുടെയും പേരുകളാണ് എഴുതിയിരുന്നത്. ചിലതിൽ അത് മുത്തശ്ശൻ , മുത്തശ്ശി, അങ്കിൾ തുടങ്ങി ഒരുപാട് പേരുടെ നീണ്ട ലിസ്റ്റായി മാറിയിരുന്നു. ഏറ്റവും ഇഷ്ടപ്പെട്ട ദിവസം എന്നതിൽ പിറന്നാൾ എന്ന് മാത്രമല്ല സ്വന്തം ഡാഡി മരിക്കുന്ന ദിവസം എന്ന് വേറെ എഴുതിയ കുട്ടികൾ ആ കൂട്ടത്തിൽ ഉണ്ടായിരുന്നു. മാലാഖമാരെ പോലെ തോന്നിപ്പിക്കുന്ന കുഞ്ഞുങ്ങൾ ദിവസവും കടന്നു പോകുന്ന സമ്മർദ്ദം, ശാരീരികവും മാനസികവുമായ പീഡനങ്ങൾ ഇതൊക്കെ  എത്രത്തോളമുണ്ട് എന്നതിന്റെ ഒരു നേർചിത്രമായിരുന്നു ആ സർവേ റിപ്പോർട്ട്‌.  കുറച്ചു നാളുകൾക്കു ശേഷം അവിടെ ഒരു കുട്ടി സ്കൂളിന്റെ മുകളിലത്തെ നിലയിൽ നിന്ന് താഴേയ്ക്ക് ചാടി ആത്മഹത്യ ചെയ്തു. രോഷാകുലരായ രക്ഷിതാക്കൾ സ്കൂൾ അടിച്ചു തകർത്തു. അദ്ധ്യാപകരെ കയ്യേറ്റം ചെയ്തു. ഒടുവിൽ ആ അദ്ധ്യായന വർഷം തന്നെ സ്കൂൾ പൂട്ടി.

      റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ സ്കൂൾ ബസ്സ്‌ ഇന്നലെ കണ്ടുകൊണ്ടിരുന്നപ്പോൾ ഈ ഓർമ്മകൾ ഒക്കെ മനസ്സിലേയ്ക്ക് ഓടി വന്നു. നോട്ട്ബുക്ക് എന്ന ചിത്രത്തിന് ശേഷം റോഷനും , എന്റെ വീട് അപ്പൂന്റെം , നോട്ട് ബുക്ക് എന്നീ ചിത്രങ്ങൾക്ക് ശേഷം ബോബി - സഞ്ജയും ഈ വിഷയത്തിൽ അവതരിപ്പിക്കുന്ന ഒരു മനോഹര ചിത്രമാണ്‌ സ്കൂൾ ബസ്സ്‌. കൊച്ചിയിലെ ഒരു വമ്പൻ സ്കൂളിൽ പഠിക്കുന്ന അജോയ് എന്ന പന്ത്രണ്ടു വയസ്സുള്ള ഒരു കുട്ടിയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. കൊച്ചിയിലെ ബിസിനസ്സുകാരനായ ദമ്പതികളുടെ മകനായ അജോയ്ക്ക് ഒരു അനുജത്തിയുമുണ്ട്. സ്വത്തിനു വേണ്ടി സ്വന്തം ജ്യേഷ്ഠ സഹോദരനുമായി കലഹത്തിലാണ് അവന്റെ അച്ഛൻ. ഒരു ബൗട്ടിക് നടത്തുന്ന അമ്മ സമയം കിട്ടുമ്പോഴൊക്കെ അവരോടു സ്നേഹം കാണിക്കാറുണ്ടെങ്കിലും അച്ഛൻ അവർക്ക് ഭയമുള്ള , അകലത്തിൽ നിൽക്കുന്ന ഒരാളാണ്. ഒരു ദിവസം സ്കൂളിൽ വച്ച് അജോയ് കൂട്ടുകാരനായ നവനീതുമൊത്ത് ഒരു കുസൃതിയൊപ്പിക്കുന്നതിനിടയിൽ നവനീത് ഒരു അപകടത്തിൽ പെടുന്നു. രക്ഷിതാക്കളുമായി അടുത്ത ദിവസം വരണമെന്ന നിർദേശവും ഡയറിയിൽ എഴുതി ടീച്ചർ അവനെ വീട്ടിലയക്കുന്നു. അച്ഛനെ മരണത്തിനു തുല്യം ഭയക്കുന്ന അജോയ് മറ്റു വഴിയില്ലാതെ ചില കള്ളങ്ങൾ പറഞ്ഞു അടുത്ത ദിവസം സ്കൂളിൽ പോകുന്നില്ല. അവന്റെ അനുജത്തിയും അവനെ സഹായിക്കുന്നു. എന്നാൽ അപ്രതീക്ഷിതമായി പിടിക്കപ്പെട്ട അജോയ് എല്ലാവരിൽ നിന്നും ഓടി രക്ഷപ്പെടുന്നു. അവനെ തേടിയുള്ള യാത്രയാണ്‌ ചിത്രത്തിന്റെ അടുത്ത പാതി പറയുന്നത്. ത്രസിപ്പിക്കുന്ന ഒരുപാടു രംഗങ്ങളിലൂടെ ചിത്രം അവസാനിക്കുന്നു.


     മുകളിലത്തെ രണ്ടു പാരഗ്രാഫുകൾ  വായിച്ചപ്പോൾ നിങ്ങൾക്ക് തോന്നിയിട്ടുണ്ടാവും ഇതിൽ എന്താ ഇത്ര മഹത്തരമായിട്ടുള്ളതെന്ന്. ശരിയാണ്. ഒരു സാരോപദേശ ചിത്രത്തിന്റെ കഥ തന്നെയാണ്. പക്ഷെ അത്തരം സിനിമകളിൽ നിന്ന് ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്നത് ഇതിന്റെ പരിചരണമാണ്. റോഷൻ ആൻഡ്രൂസ് എന്ന സംവിധായകന്റെ പ്രതിഭ ചിത്രത്തിലുടനീളം തെളിഞ്ഞു നിൽക്കുന്നത് നിങ്ങൾക്ക് കാണാം. ബോബി - സഞ്ജയ്‌ എഴുതിയ ചില സംഭാഷണങ്ങളും ചില അപൂർവ്വം ക്ലീഷേ രംഗങ്ങളും ഇത്രയും മികച്ചതാക്കിയത് അദ്ദേഹത്തിന്റെ കഴിവായി വേണം കാണാൻ ( ബോബി - സഞ്ജയ്‌ കൂട്ടുകെട്ടിൽ നിന്ന് ഇത്രയുമൊന്നും കിട്ടിയാൽ പോര. അതുകൊണ്ട് സ്നേഹത്തോടെ അവരെ ഒഴിവാക്കുന്നു ) . അജോയെ അവതരിപ്പിക്കുന്ന മാസ്റ്റർ ആകാശ് മുരളീധരൻ , അവന്റെ കുസൃതിയായ അനുജത്തിയുടെ വേഷം ചെയ്ത , റോഷന്റെ മകളായ ആൻജലീനാ റോഷൻ , മാസ്റ്റർ മിനോൺ തുടങ്ങി ഒരു പറ്റം കുട്ടികളുടെ വളരെ ഒറിജിനൽ ആയ പ്രകടനമാണ് ഈ ചിത്രത്തെ ജീവസ്സുറ്റതാക്കുന്നത്. അത് പോലെ തന്നെ പ്രത്യേക പരാമർശം അർഹിക്കുന്നതാണ് ജയസൂര്യ അവതരിപ്പിച്ച ജൊസഫ് , അപർണ ഗോപിനാഥ് അവതരിപ്പിച്ച അപർണ ജൊസഫ്  , കുഞ്ചാക്കോ ബോബൻ അവതരിപ്പിച്ച സബ് ഇൻസ്പെക്ടർ ഗോപൻ എന്നിവർ. കുട്ടികളുടെ ഈ ചിത്രത്തിൽ ഇമേജ് നോക്കാതെ പക്വതയുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇവർ മൂന്നു പേർക്കും അഭിനന്ദനങ്ങൾ. അതുപോലെ തന്നെ നന്ദു , സുധീർ കരമന, ഫോറസ്റ്റ് ഓഫീസറെയും അജോയുടെ വീട്ടിലെ ജോലിക്കാരിയുടെയും വേഷം അവതരിപ്പിച്ചവർ ( പേരറിയില്ല ) വളരെ തന്മയത്വത്തോടെ തങ്ങളുടെ ജോലി ചെയ്തിട്ടുണ്ട്. PK, 3 Idiots തുടങ്ങിയ വമ്പൻ ഹിറ്റുകൾക്ക് വേണ്ടി ക്യാമറ ചലിപ്പിച്ച  പ്രശസ്ത ബോളിവുഡ് സിനിമാട്ടോഗ്രാഫർ  സി കെ മുരളീധരൻ ആണ് ചിത്രത്തിന്റെ ഡയറക്ടർ ഓഫ് ഫോട്ടോഗ്രഫി .  രണ്ടാം പകുതിയിലെ കാടിന്റെ വന്യ ഭംഗി മുഴുവൻ ഒട്ടും ചോരാതെ അദ്ദേഹം ഒപ്പിയെടുത്തിട്ടുണ്ട്. വിവേക് ഹർഷന്റെ എഡിറ്റിംഗ്, ഗോപീ സുന്ദറിന്റെ ജീവൻ തുടിക്കുന്ന പശ്ചാത്തല സംഗീതം എന്നിവയും നന്നായിട്ടുണ്ട്.


     കുട്ടികളെ ജീവന് തുല്യം സ്നേഹിച്ചിട്ടും ലാളന കൊണ്ട് അവർ വഷളായി പോയാലോ എന്ന പേടി കാരണം വലിഞ്ഞു കെട്ടിയ മുഖവുമായി ജീവിക്കുന്ന ഒരു അച്ഛനാണോ നിങ്ങൾ ? എങ്കിൽ തീർച്ചയായും ഈ ചിത്രം കാണണം. ഒരിക്കലെങ്കിലും മക്കളെ മടിയിൽ വിളിച്ചിരുത്തി അവരുടെ സന്തോഷവും ദുഖവും പേടിയും ആഹ്ലാദവും ഒക്കെ മനസ്സിലാക്കാൻ ശ്രമിച്ചിട്ടില്ലാത്ത ഒരു അച്ഛനാണോ നിങ്ങൾ ? അങ്ങനെയാണെങ്കിലും ഈ ചിത്രം തീർച്ചയായും കാണണം. നിങ്ങളുടെ കുഞ്ഞുങ്ങളെ കുറച്ചു കൂടി നന്നായി സ്നേഹിക്കാൻ ഒരുപക്ഷെ ഈ ചിത്രം നിങ്ങളെ  പ്രേരിപ്പിക്കും. കുറച്ചു കൂടി നല്ല ഒരു അച്ഛനും അമ്മയുമാവാനും. ഈ അടുത്ത കാലത്ത് വന്ന ഏറ്റവും നല്ല കുടുംബ ചിത്രങ്ങളിലൊന്ന് കാണാൻ ദുഷ് നിങ്ങളെ സ്ട്രോങ്ങ്‌ ആയി ശുപാർശ ചെയ്യുന്നു.




2015 മേയ് 10, ഞായറാഴ്‌ച

സൽമാനും സാൽവേയും കോടതിയും നീതിയും



 അങ്ങനെ കോടതി സൽമാൻ ഖാന് ജാമ്യം അനുവദിച്ചു. പത്രങ്ങളിലും ചാനലുകളിലും സോഷ്യൽ മീഡിയയിലുമൊക്കെ വിവാദംകൊഴുക്കുന്നു. ടൈംസ്‌ നൗ ചാനലിൽ അർണബ് ഗോസ്വാമി  കുറെ ആളെയും കൂട്ടി നല്ലത് പോലെ ബഹളം വയ്ക്കുന്നുണ്ട്‌. വിഷയങ്ങൾ പലതാണ്
  • സൽമാന് എന്തുകൊണ്ട് ഇത്രയും ചെറിയ ശിക്ഷ ?
  • സൽമാന് എന്തുകൊണ്ട് ഇത്രയും വലിയ  ശിക്ഷ ? എത്രയോ നല്ല കാര്യങ്ങൾ ചെയ്യുന്ന ഒരാളെ എങ്ങനെ ശിക്ഷിക്കാൻ കഴിയും ?
  • റോഡിൽ കിടന്നുറങ്ങിയവരെ എന്തുകൊണ്ട് ശിക്ഷിച്ചില്ല ?
  • ഹരീഷ് സാൽവെയെ പോലുള്ള വക്കീലന്മാരല്ലേ യഥാർത്ഥ ക്രിമിനലുകൾ ?
  • ബോളിവുഡിലുള്ള എല്ലാവരും എന്തുകൊണ്ട് അയാളെ പിന്താങ്ങുന്നു ?
  • വിചാരണയ്ക്ക് പതിമൂന്നു വർഷവും ജാമ്യത്തിന് വെറും ഇരുപത്തി നാല് മണിക്കൂറും - ഇതെന്തു നീതി ?

സംഗതി ഉഗ്രൻ ചോദ്യങ്ങളാണെങ്കിലും ഇതിന്റെയൊക്കെ ഉത്തരങ്ങൾ വളരെ ലളിതമാണ് . അതും ഒരു ചോദ്യോത്തരം ശൈലിയിൽ പറയാം

1. റോഡ്‌ ഉറങ്ങാനുള്ള സ്ഥലമാണോ ? -
    ശരിക്ക് പറഞ്ഞാൽ മരിച്ചവർ റോഡിലല്ല , ഫുട് പാത്തിലാണ് കിടന്നുറങ്ങിയിരുന്നത്.  പക്ഷെ റോഡും ഫുട്പാത്തുമൊന്നും മനുഷ്യന് കിടന്നുറങ്ങാനുള്ള സ്ഥലങ്ങളല്ല. എന്നിട്ടും എന്തുകൊണ്ട് ഇന്ത്യയിൽ  എല്ലാ രാത്രികളിലും തെരുവോരങ്ങളിൽ ലക്ഷങ്ങൾ പായ വിരിക്കുന്നു എന്നത് ഒറ്റ വാക്കിൽ മറുപടി തരാൻ പറ്റുന്ന കാര്യമല്ല. പരിഷ്കൃത രാജ്യങ്ങളിലുള്ള പോലെ തൊഴിലും വരുമാനവുമില്ലാത്ത പൗരന്മാരെ സംരക്ഷിക്കുന്നതിന് നമുക്കൊരു സിസ്റ്റം ഇല്ല. എന്തുകൊണ്ടില്ല ? നമ്മുടെ വമ്പൻ ജനസംഖ്യ തന്നെയാണ് കാരണം. അല്ലെങ്കിൽ ഇത്രയും വലിയ മനുഷ്യ വിഭവ ശേഷി കാര്യക്ഷമമായി ഉപയോഗിക്കാൻ നമുക്കുള്ള കഴിവുകേട് അല്ലെങ്കിൽ അറിവില്ലായ്മ. അഭിജീതും മേജർ രവിയുമൊക്കെ പറയുന്നത് പോലെ ഒറ്റദിവസം കൊണ്ട് പരിഹരിക്കാവുന്ന കാര്യമല്ല ഇത്.

 2. എന്തുകൊണ്ട് ഇത്രയും താമസം ? - കോടതിക്ക് ഈ ഒരു കേസ് മാത്രമല്ല നോക്കാനുള്ളത് എന്നാണ് ഇതിന്റെ മറുപടി. അമ്പതു ലക്ഷത്തോളം കേസുകളാണ് നമ്മുടെ കോടതികളിൽ കെട്ടികിടക്കുന്നത്. എന്തുകൊണ്ട് കോടതി നടപടികൾ ഇങ്ങനെ ഇഴഞ്ഞു നീങ്ങുന്നു എന്ന് പരിശോധിച്ചാൽ രണ്ടുണ്ട് കാരണം. ഒന്നാമത്തേത് വെറുതെ ഒരു കാര്യവുമില്ലാതെ ആൾക്കാർ കൊടുത്തിരിക്കുന്ന കേസുകൾ. അതായത് , താരതമ്യേന അപ്രധാനമായ വിഷയങ്ങൾ ഉയർത്തിയുള്ള പൊതു താല്പര്യ ഹർജികൾ , വ്യക്തി വൈരാഗ്യം  കൊണ്ട് മാത്രം നടത്തുന്ന കേസുകൾ തുടങ്ങി ആവശ്യത്തിൽ കൂടുതൽ അനാവശ്യമായ കാര്യങ്ങൾ ചർച്ച ചെയ്യുന്ന ഒരു സ്ഥലം കൂടിയാണ് നമ്മുടെ കോടതികൾ. ഇത്രയും വലിയ ലോഡ് കൈകാര്യം ചെയ്യാൻ ആനുപാതികമായ അളവിൽ കോടതികളും ജഡ്ജുകളും നമുക്കില്ല എന്നത് വേറൊരു കാര്യം. ഇനിഇതെല്ലാം ഉണ്ടെങ്കിൽ തന്നെയും ഒരു കേസ് വർഷങ്ങളോളം വലിച്ചു നീട്ടിക്കൊണ്ടു പോകാൻ കഴിവുള്ള ഒരു വക്കീലിന് കഴിയും. വെറുതെ അവധി ചോദിക്കുക, കേസ് വഴിതിരിച്ചു വിടുക, കിട്ടാൻ വിഷമമുള്ള ചില വിവരങ്ങൾ ചോദിക്കുക, അത് ഹാജരാക്കാനുള്ള സമയം ചോദിക്കുക തുടങ്ങി നിയമപരമായ ഒരുപാടു വഴികൾ നമ്മുടെ മുന്നിലുണ്ട്.
ഇപ്പൊ ഈ കാലതാമസം എങ്ങനെയുണ്ടായി എന്ന് മനസ്സിലായില്ലേ ?

3. ഇത്രയും ചെറിയ ശിക്ഷ ? - പണ്ട് ബ്രിട്ടീഷുകാർ ഉണ്ടാക്കിയ നിയമങ്ങളെ ഒരു ഇന്ത്യൻ പെയിന്റ് അടിച്ചു ഉണ്ടാക്കിയതാണ് നമ്മുടെ പീനൽ കോഡ്. കാലാകാലങ്ങളായി പരിഷ്കരിക്കാതിരുന്ന ഒരുപാടു നിയമങ്ങൾ ഇപ്പോഴും നിലവിലുള്ള ഒരു രാജ്യമാണ് ഭാരതം. ട്രാഫിക്‌ നിയമങ്ങൾ വായിച്ചു നോക്കൂ. പല കുറ്റങ്ങൾക്കും ഇപ്പോഴും ചെറിയ ഫൈൻ അടച്ചു നമുക്ക് ശിക്ഷയിൽ നിന്നൊഴിവാകാം. ഫുട്ട്പാത്തിൽ കൂടി വണ്ടിയോടിക്കുന്നതിനു വെറും നൂറു രൂപയാണ് ഫൈൻ. "First Offence: Fine up to Rs. 2000 or Imprisonment up to 6 months or both. Subsequent Offence: Fine up to Rs. 3000 or Imprisonment up to 2 yrs or both" - ഇതാണ് മദ്യപിച്ചു വണ്ടിയോടിക്കുന്നതിനു ഇപ്പോൾ നിലവിലുള്ള ശിക്ഷ. 1989 -ൽ ആണ് ഇത് അവസാനമായി പരിഷ്കരിച്ചത്. അപ്പോൾ ഈ ശിക്ഷയിൽ അത്ഭുതപ്പെടാനൊന്നുമില്ല. എത്ര ക്രൂരകൃത്യം ചെയ്താലും നമ്മുടെ നിയമം പലപ്പോഴും വിചിത്രമാം വിധം തലോടുകയാണ് ചെയ്യുക. ദൽഹിയിലെ ക്രൂരമായ ബലാൽസംഗത്തിലും ഗൊവിന്ദചാമിക്ക് കൊടുത്ത ശിക്ഷയിലുമൊക്കെ ഇത് നമ്മൾ കണ്ടു. അത് കോടതി നടത്തിയ പക്ഷപാതമൊന്നുമല്ല. ജഗതി പറയുന്നത് പോലെ നമുക്ക് അതിനുള്ള വകുപ്പില്ല.

4.  Being Human Or Inhuman ?

അബദ്ധങ്ങൾ ആർക്കും പറ്റാം, അതിനു ഇത്രയും വലിയ ശിക്ഷയോ എന്ന് സൽമാൻ ഫാൻസ്‌ അലമുറയിടുന്നത് നമ്മൾ കണ്ടു. കണ്ണ് കാണാൻ കഴിയാത്ത ഒരാൾ ഒരു വാഹനം ഓടിച്ചാൽ എന്ത് സംഭവിക്കും ? അത് എവിടെയെങ്കിലും പോയിടിക്കും. അതുപോലെ തന്നെയാണ് മദ്യപിച്ചു വണ്ടിയോടിക്കുമ്പോഴും. രാവിലെ രണ്ടേ മുക്കാൽ വരെ ജൂഹുവിലുള്ള മാരിയറ്റ് ഹൊട്ടലിലിരുന്നു മദ്യപിക്കുകയായിരുന്ന സൽമാൻ ഖാൻ ഒപ്പമുള്ളവരുടെ മുന്നറിയിപ്പ് എല്ലാം അവഗണിച്ച് വണ്ടിയോടിച്ച സൽമാൻ ഖാൻ നടത്തിയ കൊലപാതകമാണ് ഇത്. വെറുമൊരു അപകടം എന്ന് പറഞ്ഞു ഇതിനെ കാണാൻ ബോളിവുഡിലുള്ള , സാമൂഹ്യ ബോധം തൊട്ടു തീണ്ടിയിട്ടില്ലാത്ത കുറെ ജീവികൾക്ക് മാത്രമേ കഴിയൂ. അതിനു കാരണമുണ്ട്. ബോളിവുഡിലെ ഏറ്റവും ശക്തനായ ഒരാളാണ് സൽമാൻ. അയാളെ പിണക്കിയിട്ടു അവിടെ നിലനിൽക്കാൻ കഴിയില്ല എന്നതിന് വിവേക് ഒബറോയിയെ പോലെ ജീവിക്കുന്ന ഉദാഹരണങ്ങൾ ഒരുപാടുണ്ട്. അതൊക്കെ പോട്ടെ, സാമാന്യ ബുദ്ധി എന്നൊന്നുണ്ടല്ലോ. അത് വച്ച് ഒന്ന് ചിന്തിച്ചു നോക്കൂ. 2002 ലാണ് ഖാൻ ഐശ്വര്യാ റായിയുമായി പിരിയുന്നത്. അതേ വർഷം തന്നെയാണ് ഈ അപകട / കൊലപാതകവും നടക്കുന്നത്. ആരാധകർ എന്ന് പറയുന്ന ഈ വിഡ്ഢികൾ അവകാശപ്പെടുന്നത് പോലെ അതിനു ശേഷം കുറ്റബോധത്തിൽ നീറി നീറി നടക്കുകയായിരുന്നില്ല സൽമാൻ ഖാൻ. ഐശ്വര്യയെ തന്നെ കുറെ ഭീഷണിപ്പെടുത്തി. ഐശ്വര്യയുടെ പൂർവ കാമുകനായ വിവേക് ഒബറോയിക്ക് പണി കൊടുത്തു. കത്രീന കൈഫ്‌, സംഗീത ബിജലാനി, സോമി അലി തുടങ്ങിയ ബോളിവുഡ് സുന്ദരിമാരുമായി  അടിച്ചുപൊളിക്കുകയായിരുന്നു ഖാൻ.  അതിനിടെ , 2006 ലാണ് രാജസ്ഥാനിൽ ഷൂട്ടിങ്ങിനിടെ നായാട്ടിനിറങ്ങിയഈ ചേട്ടൻ വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ചിങ്കാരയെ കൊന്നതിനു പിടിയിലായത് . ജാമ്യത്തിലിറങ്ങിയെങ്കിലും ആ കേസും ഇപ്പോൾ നിലവിലുണ്ട്.  

    ഈ കൊട്ടിഘോഷിക്കപ്പെടുന്ന ചാരിറ്റി പ്രവർത്തനങ്ങൾ എങ്ങനെയാണ് തുടങ്ങിയതെന്ന് നിരീക്ഷിക്കൂ. കൌതുകകരമാണ് അത്. 2011 ലാണ് ഇതിന്റെ തുടക്കം. സൽമാന്റെ അച്ഛനായ സലിം ഖാന്റെ ആശയമാണ് ഇത്. വളരെയധികം നശിപ്പിക്കപ്പെട്ട തന്റെ മകന്റെ പ്രതിശ്ചായ നന്നാക്കിയെടുക്കുക, അത് ഈ കേസിന്റെ വിജയത്തിനായി ഉപയോഗിക്കുക എന്ന വളരെ ലളിതമായ ഒരു ലക്ഷ്യമാണ്‌ ഇതിന്റെ പുറകിലുള്ളത്‌. ലോകത്തെ മികച്ച കോർപറേറ്റുകൾ എല്ലാം ചെയ്യുന്ന ഒരു തക്കിടി വിദ്യ. നികുതി ലാഭിക്കുക, സമൂഹത്തിൽ കുറച്ചു കൂടി സ്വീകാര്യത കിട്ടുക എന്ന ലക്ഷ്യങ്ങൾ നേടാൻ വേണ്ടി നല്ല പി ആർ കമ്പനികൾ എല്ലാവരും ഇത് ചെയ്യാറുണ്ട്. ഒരു പ്രദേശത്തെ ദാഹജലം മുഴുവൻ ഊറ്റിയെടുക്കുന്ന മിനറൽ വാട്ടർ ഫാക്ടറി നടത്തുന്ന പെപ്സിക്കോ ഹോൾഡിംഗ്സ് അവരുടെ വെള്ള കുപ്പികളിൽ മഴവെള്ള സംഭരണത്തെ പറ്റിയുള്ള ബോധവൽക്കരണ സന്ദേശങ്ങൾ അച്ചടിക്കുന്നത് പോലെ.  ഒരു ചിത്രത്തിന് തന്നെ മുപ്പതു കോടിയോളം രൂപയും ലാഭ ശതമാനവും പ്രതിഫലമായി ലഭിക്കുന്ന സൽമാനെ പോലെയുള്ള ഒരു കൂറ്റൻ താരം എത്ര രൂപയാണ് ഇതിൽ ചെലവാക്കിയിരിക്കുന്നതെന്ന് നിങ്ങളുടെ മഞ്ഞ കണ്ണട ഊരി വച്ചിട്ട് നോക്കിയാൽ മനസ്സിലാകും ഇതിലെ പൊള്ളത്തരം. ഇന്ത്യയിൽ ഇപ്പോഴും ഇത്തരം വിദ്യകൾ വിജയകരമായ ഒരു തന്ത്രമാണെന്ന് അറിയാവുന്ന സലിം ഖാൻ നടപ്പിലാക്കിയ ഈ പ്ലാൻ ഒരു പരിധി വരെ വിജയം തന്നെയാണ് എന്നാണു ഇതിനെ മുൻനിർത്തി ഈ താരത്തിന്റെ ഫാൻസ്‌ എന്ന് വിളിക്കുന്ന വിഡ്ഢികൾ തെളിയിച്ചു കൊണ്ടിരിക്കുന്നത്.

     ഇനി ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നതാണ് ഒരാളെ വെള്ള പൂശുന്നതിലുള്ള യോഗ്യതയെങ്കിൽ ബോംബെ അധോലോകം ഭരിച്ചിരുന്ന വരദ രാജ മുദലിയാർ തൊട്ട് അരുണ്‍ ഗാവലി വരെ അതിനു അർഹരാണ്.  കുറെ തട്ട് പൊളിപ്പൻ കച്ചവട സിനിമകളിൽ അഭിനയിച്ചു ഹീറോ ആയി എന്നതോ , ഇത് പോലെ കുറെ സഹായ പ്രവർത്തനങ്ങൾ നടത്തി അത് വിളിച്ചു കൂവി അടുത്ത മഹാത്മജി ആകാൻ നോക്കുന്നതോ ഒന്നും ചെയ്ത കുറ്റത്തിന്റെ കാഠിന്യം കുറയ്ക്കുന്നില്ല. ആ അപകടത്തിൽ പരിക്ക് പറ്റിയവർ ഇപ്പോഴും പറയത്തക്ക ഒരു സഹായവും ലഭിക്കാതെ അലഞ്ഞു തിരിഞ്ഞു നടപ്പുണ്ട്. 


ഹരീഷ് സാൽവെയും പണക്കാരന്റെ നീതിയും -


     സൽമാനെ പോലെയുള്ള ഒരു ക്രിമിനലിനെ രക്ഷപ്പെടുത്തിയ വക്കീലാണ് യഥാർത്ഥ വില്ലൻ , ഇവനെയൊക്കെ വെടി വച്ച് കൊല്ലണം എന്നൊക്കെ നമ്മുടെ സോഷ്യൽ മീഡിയ വിദ്വാന്മാർ നിലവിളിച്ചു നടക്കുന്നത് കണ്ടു. ഒരു തവണ കോടതിയിൽ പ്രത്യക്ഷപ്പെടുന്നതിനു മുപ്പതു ലക്ഷം രൂപ വാങ്ങുന്ന ഒരു ക്രിമിനൽ വക്കീലാണ് ഹരീഷ്. അയാൾ ഒരു പ്രൊഫെഷണലാണ്. തനിക്കു പണം തന്നുകേസ് ഏൽപ്പിക്കുന്ന ഒരു കക്ഷിയെ അയാളുടെ ആവശ്യങ്ങൾ സാധിച്ചു കൊടുക്കുക എന്നതാണ് ഒരു വക്കീൽ എന്ന നിലയിൽ അയാളുടെ  ജോലി. അത് ഭംഗിയായി, വിജയകരമായി അയാൾ ചെയ്യുന്നു. 
ഇതിൽ ഹരീഷ് സാൽവെ അല്ല വില്ലൻ. നിർഭാഗ്യകരമെങ്കിലും നമ്മുടെ നിയമമാണ് ഇതിൽ കുറ്റവാളി. സൽമാൻ ഖാൻ ചെയ്ത പോലുള്ള അതേ കുറ്റകൃത്യം ചെയ്ത ഒരു സാധാരണക്കാരനെയും ഇതേ രീതിയിൽ രക്ഷപ്പെടുത്താൻ കഴിയും. മേൽപറഞ്ഞതു പോലെ നിലവിലുള്ള നിയമത്തിലെ ലൂപ് ഹോളുകൾ എങ്ങനെ നമുക്ക് അനുകൂലമായി ഉപയോഗിക്കാം എന്ന് അറിവുള്ള ഒരു വക്കീൽ വേണമെന്ന് മാത്രം. അല്ലാതെ ഇതിൽ പണം കൂടുതലുള്ളത് കൊണ്ട് മാത്രം ഈ പ്രതിയെ വേറെ രീതിയിൽ പരിഗണിക്കുന്നു എന്നൊരു കോടതിയും പറഞ്ഞിട്ടില്ല. പനമുണ്ടായാലും ഇല്ലെങ്കിലും ഒരു കുറ്റകൃത്യം ചെയ്ത പ്രതി നിയമത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടുന്നതും അതേ നിയമത്തിലെ നൂലാമാലകൾ ഉപയോഗിച്ചാണ് എന്നത് ഒരു വിരോധാഭാസമാണ്. 

ചുരുക്കി പറഞ്ഞാൽ -

   അതിശയകരമായ ഒരു സംഗതിയും ഇവിടെ സംഭവിച്ചിട്ടില്ല. ഇപ്പോഴും വളർന്നു കൊണ്ടിരിക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ. ലോകത്തിലെ ഏറ്റവും മഹത്തായ രാജ്യമാണ് എന്നൊക്കെ സ്വയം പൊങ്ങച്ചം പറഞ്ഞു നടക്കുമെങ്കിലും പല കാര്യങ്ങളിലും ഇപ്പോഴും നൂറ്റാണ്ടുകൾ പുറകിൽ തന്നെ നിൽക്കുന്ന ഒരു രാജ്യമാണ് ഭാരതം. ജുഡീഷ്യറിയുടെ പ്രശ്നമല്ല ഇത്. നിയമ നിർമാണം വേണ്ട രീതിയിൽ നടത്തേണ്ട സഭകളുടെ പ്രശ്നമാണ് ഇത്. പക്ഷെ അവിടെ ഇരിക്കുന്നത് നമ്മൾ തന്നെ തെരഞ്ഞെടുത്ത നമ്മുടെ പ്രതിനിധികൾ തന്നെയല്ലേ ? എങ്കിലും,  ഇതൊക്കെ മാറും. നമ്മളും നന്നാവും. അതിനു ഭാരതത്തിലെ ഭൂരിഭാഗം ജനങ്ങളും വിദ്യാഭ്യാസവും വിവരവും ഉള്ളവരായി മാറണം. പക്ഷെ സമയമെടുക്കും. അത് വരെ കാത്തിരിക്കുക തന്നെയേ നിവൃത്തിയുള്ളൂ. ക്രൂരമെങ്കിലും ഇതാണ് വസ്തുത.








2013 ഡിസംബർ 21, ശനിയാഴ്‌ച

ദൃശ്യം - റിവ്യൂ


    മോഹൻ ലാലിന്റെ ക്രിസ്തുമസ് ചിത്രം ദൃശ്യം കണ്ടു. സത്യത്തിൽ ഇത് സംവിധായകനായ ജിത്തു ജോസഫിന്റെ മാത്രം ചിത്രമാണ്. കൊഴിഞ്ഞു വീഴുന്ന വർഷത്തെ അവസാനത്തെ സൂപ്പർ ഹിറ്റ്‌ സിനിമ  തന്നെയാവും ദൃശ്യം എന്ന് ഉറപ്പിച്ചു പറയാം. മെമ്മറീസിന്റെ വിജയം വെറും ചക്ക വീണതായിരുന്നില്ല എന്ന് ഈ ചിത്രത്തിലൂടെ ജിത്തു തെളിയിച്ചു.

   ഇടുക്കി ജില്ലയിലെ രാജാക്കാട് എന്ന മലയോര ഗ്രാമത്തിൽ കേബിൾ ടി വി സർവീസ് നടത്തുന്ന ജോർജ് കുട്ടിയുടെയും ( ലാൽ ) അയാൾ ജീവനേക്കാൾ സ്നേഹിക്കുന്ന കുടുംബത്തെയും അവിചാരിതമായി അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന ദുരന്തത്തിന് മുകളിലൂടെ നടന്നു പോകാൻ ആ കുടുംബം നടത്തുന്ന സമരത്തിന്റെയും സംഘർഷം നിറഞ്ഞ കഥയാണ് ദൃശ്യം പറയുന്നത്. ഒരു സിനിമാ ഭ്രാന്തൻ കൂടിയായ ജോർജ് കുട്ടി ഒരനാഥനാണ്.  നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ജോർജ് കുട്ടിയുടെ ഭാര്യയാണ് പത്താം ക്ലാസ്സിൽ തോറ്റ റാണി ( മീന ).
സ്കൂൾ വിദ്യാർഥിനികളായ രണ്ടു മക്കളും അടങ്ങുന്നതാണ് അയാളുടെ കുടുംബം. പ്രകൃതി രമണീയമായ ആ ഗ്രാമത്തിലെ ശാന്തമായ അവരുടെ ജീവിതത്തിലേയ്ക്ക് ക്ഷണിക്കാതെ എത്തുന്ന അഥിതിയാണ് വരുണ്‍ ( റോഷൻ ).  ഒരു രാത്രിയിൽ ഇരുട്ടിലൂടെ അവരുടെ മുന്നിലേക്ക്‌ നടന്നെത്തുന്ന റോഷൻ ആ രാത്രി കൊണ്ട് അവരുടെ നാലുപേരുടെയും വിധി മാറ്റിയെഴുതുന്നു. ത്രില്ലടിപ്പിക്കുന്ന ഒരു രണ്ടാം പകുതി ഒട്ടനവധി കലക്കം മറിച്ചിലുകൾക്ക് ശേഷം മനോഹരമായ ഒരു പരിസമാപ്തിയിൽ പൂർണമാകുന്നു.

    ജിത്തുവിന്റെ ഡിറ്റക്റ്റീവ്, മെമ്മറീസ് എന്നീ മുൻ ചിത്രങ്ങൾ പോലെ തന്നെ ഒരു ത്രില്ലർ ആണ് ദൃശ്യവും. പളുങ്ക് , കാഴ്ച മുതലായ ചിത്രങ്ങളിൽ നാം കണ്ട മലയോര കുടുംബത്തിന്റെ ഒരു കുഴഞ്ഞു മറിഞ്ഞ രൂപമാണ് ഈ ചിത്രത്തിലെ ആദ്യ അര മണിക്കൂർ അവതരിപ്പിക്കുന്നത്‌. മലയോരത്തെ നിഷ്കളങ്കനായ നായകനെ അവതരിപ്പിക്കാൻ ഒരുപാടു സമയം പാഴാക്കി കളഞ്ഞു. നന്മ നിറഞ്ഞ ഗ്രാമത്തെ അവതരിപ്പിക്കാൻ ഉപയോഗിക്കുന്ന സ്ഥിരം സംഗതികളായ ചായക്കട, പോലീസ് സ്റ്റേഷൻ , നന്മ മാത്രം പറയുന്ന ഗ്രാമീണർ എന്നിങ്ങനെ പലരെയും നല്ല ഒന്നാം നമ്പർ സുവിശേഷ പ്രസംഗത്തിന്റെ അകമ്പടിയോടെ വലിച്ചു നീട്ടി കാണിച്ചിട്ടുണ്ട്. അങ്ങനെ വിരസമായ രംഗങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും വലിഞ്ഞിഴഞ്ഞു നീങ്ങുന്ന കഥയിലേക്ക്‌ വരുണ്‍ കയറി വരുന്നു. അതാണ്‌ കഥയിലെ വഴിത്തിരിവ്. വളരെ സാധാരണമായ അവരുടെ കുടുംബ ജീവിതം ആരും പ്രതീക്ഷിക്കാത്ത തലങ്ങളിലേക്ക് എടുത്തെറിയപ്പെടുന്നത്  ത്രസിപ്പിക്കുന്ന രീതിയിൽ പറഞ്ഞു പോവുകയാണ് പിന്നെ.  രണ്ടാം പകുതിക്കു കുറച്ചു കൂടി മൂർച്ച കിട്ടാൻ വേണ്ടി ജിത്തു ആദ്യ പകുതി മനപൂർവം ഇഴപ്പിച്ചതാണോ എന്നും ഒരു സംശയം ഇല്ലാതില്ല.

    മനുഷ്യ മനസ്സിന്റെ സങ്കീർണതകൾ വിചിത്രം തന്നെയാണ്. മനസ്സ് നമ്മളെക്കൊണ്ട് എപ്പോൾ എന്തൊക്കെ ചെയ്യിക്കും എന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ല. ഒരിക്കലും തന്നെക്കൊണ്ട് ചെയ്യാൻ കഴിയില്ല എന്ന് വിചാരിക്കുന്ന പല കാര്യങ്ങളും സാഹചര്യങ്ങളും പരിഭ്രാന്തമായ മനോനിലയും നിങ്ങളെക്കൊണ്ട് ചെയ്യിക്കും. അതുപോലെയാണ് ഈ കുടുംബം എത്തിപ്പെടുന്ന പ്രതിസന്ധിയും അവരുടെ പ്രതിരോധവും. പക്ഷെ  "There is no such thing as a perfect crime" എന്ന്. കേട്ടിട്ടില്ലേ ? അത് പോലെ വിട്ടു പോയ അല്ലെങ്കിൽ അവിടവിടെ ചിതറി കിടക്കുന്ന പൊട്ടും പൊടിയും വച്ച് ഒരു ചോദ്യത്തിന് ഉത്തരം കണ്ടുപിടിക്കാൻ ശ്രമിക്കുന്ന അന്വേഷകരും അവരുടെ വലയിൽ പെടാതിരിക്കാൻ സ്വയം ഉത്തരങ്ങൾ മെനഞ്ഞെടുക്കുന്ന ഇരയുടെയും ഒരു കഥയാണ്‌ ദൃശ്യം. സൂക്ഷിച്ചു നോക്കിയാൽ ഷട്ടറിൽ ജോയ് മാത്യു പരീക്ഷിച്ച ചില കഥാപരമായ ടെക്നിക്കുകൾ ഇതിൽ ജിത്തു ഉപയോഗിച്ചിട്ടുണ്ടെന്ന് തോന്നുന്നു. എന്തായാലും ഇത് സംവിധായകന്റെ ചിത്രം തന്നെയാണ്. കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന കലാകാരന്മാർ നമ്മുടെ സിനിമയിൽ കുറഞ്ഞു വരികയാണല്ലോ.

    അഭിനേതാക്കളുടെ പ്രകടനം പറയുകയാണെങ്കിൽ ആദ്യം പറയേണ്ട പേര് കലാഭവൻ ഷാജോണിന്റെയാണ്. സ്ഥിരം തമാശ വേഷങ്ങൾ വിട്ടു ഒരു തനി വില്ലൻ വേഷം തന്മയത്വത്തോടെ ഷാജോണ്‍ ഉജ്ജ്വലമാക്കി. ചില രംഗങ്ങളിൽ , ചിത്രം കാണുന്ന ഏതൊരാളിലും അസ്വസ്ഥതയുണ്ടാക്കുന്ന വിധം ഒരു വികാരം സൃഷ്ടിക്കാൻ ഷാജോണിനു കഴിഞ്ഞു. ജിത്തുവിന്റെ മുൻ ചിത്രമായ മൈ ബോസ്സിൽ ഒരു രസകരമായ കഥാപാത്രത്തെ അവതരിപ്പിച്ച ഷാ ജോണ്‍ തന്നെ ഇതിൽ നേരെ വിപരീത ദിശയിലുള്ള ഒരു കഥാപാത്രത്തെ അനശ്വരമാക്കി. പിന്നെ എന്നെ ആകർഷിച്ചത് ആശാ ശരത്തിന്റെ അഭിനയമാണ്. ഏഷ്യാനെറ്റിലെ കണ്ണീർ സീരിയലുകളുടെ പരസ്യത്തിൽ കണ്ട പരിചയം മാത്രമാണ് അവരോടുള്ളത്. മലയാള സിനിമയ്ക്ക് സധൈര്യം ഉപയോഗിക്കാവുന്ന ഒരു കഴിവുറ്റ നടി തന്നെയാണ് ആശ എന്ന് ദൃശ്യത്തിന്റെ രണ്ടാം പകുതി കണ്ട ഏതൊരാൾക്കും മനസ്സിലാകും. അത് പോലെ തന്നെ ജോർജ് കുട്ടിയുടെ മക്കളെ അവതരിപ്പിച്ച പെണ്‍കുട്ടികൾ , പ്രത്യേകിച്ച് ആ കൊച്ചു കുട്ടി. വളരെ മികച്ച അഭിനയം.

    മോഹൻ ലാലിനെ പറ്റി ഒന്നും പറയാനില്ലേ എന്ന് ഇപ്പോൾ ഇത് വായിക്കുന്നവർക്ക് തോന്നുന്നുണ്ടാവും. ഇന്ത്യയിലെ ഏറ്റവും മികച്ച നടന്മാരിലൊരാൾ ചില രംഗങ്ങളിലെങ്കിലും മുടന്തുന്നത് ഈ ചിത്രത്തിൽ കാണാം. ചിലപ്പോ അദ്ദേഹത്തിന് താല്പര്യമില്ലാത്ത ഒരു രംഗം ആർക്കോ വേണ്ടി അഭിനയിച്ചു തീർക്കുന്നത് പോലെയും തോന്നി. എന്നാൽ, അതേ സമയം തന്നെ ചില രംഗങ്ങളിൽ പഴയ ലാൽ അസാമാന്യമായ മെയ് വഴക്കത്തോടെ ചിറകു വിരിക്കുന്നതും കാണാം. ഉദാഹരണം, ഭാര്യയിൽ നിന്ന് തലേന്ന് രാത്രിയിൽ നടന്ന സംഭവങ്ങൾ കേട്ടതിനു ശേഷം ഇനിയെന്ത് എന്ന ആശയക്കുഴപ്പവും ഒരു തരം അരക്ഷിതത്വ ബോധവും നിഴലിക്കുന്ന ഒരു മുഖഭാവത്തോടെ നിൽക്കുന്ന അദ്ദേഹത്തിന്റെ ഒരു പ്രകടനമുണ്ട്. അത് പോലെ തന്നെ ചിത്രത്തിലുടനീളം അദ്ദേഹം നില നിർത്തുന്ന ആ തുടർച്ച ലാലിലെ അതുല്യ നടൻ ഇപ്പോഴും മരിച്ചിട്ടില്ല എന്നതിന്റെ സൂചനയാണ്.

    പിന്നെ ഇതിൽ എടുത്തു പറയേണ്ട പേര് വേറൊരു നടന്റെയാണ്. മുല്ലപൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാമൊരു സൌരഭ്യം എന്ന ചൊല്ല് എത്ര സത്യമാണെന്ന് ആ നടന്റെ അഭിനയം കണ്ടപ്പോ പിടി കിട്ടി. ആലോചിച്ചു ബുദ്ധി മുട്ടണ്ട. പെരുമ്പാവൂരിൽ നിന്നും ജയറാമിന് ശേഷം വന്ന അടുത്ത വാഗ്ദാനം. ആന്റണി പെരുമ്പാവൂർ ആണ് ആ താരം. ദോഷം പറയരുതല്ലോ. തരക്കേടില്ലാതെ ആന്റണി അത് അഭിനയിച്ചിട്ടുണ്ട്. പക്ഷെ ആ കഥാപാത്രത്തെ ആദ്യ രംഗത്ത്‌ അവതരിപ്പിച്ചിരിക്കുന്നത് കഥയിൽ എന്തോ പ്രാധാന്യമുള്ള ഒരാൾ ആണെന്ന സൂചന നൽകിക്കൊണ്ടാണ്. എന്നാൽ അങ്ങേർ വന്നത് പോലെ തന്നെ അപ്രത്യക്ഷമാവുകയാണ്.


ക്രിസ്തുമസ് / ന്യൂ ഇയർ അവധിക്കു നാട്ടിൽ പോകാൻ തയ്യാറെടുക്കുന്നതിനിടയിലും ഇത് എഴുതാം എന്ന് വിചാരിച്ചത് ഈ ചിത്രതോടുള്ള ഇഷ്ടം കൊണ്ട് തന്നെയാണ്. ഈ സിനിമ ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ല. മലയാളം മര്യാദക്കറിയാത്ത എന്റെ പ്രിയപ്പെട്ട ഭാര്യ പോലും ബാക്കിയുള്ളവരുടെ ഒപ്പം കയ്യടിച്ചാണ് ഇതിലെ ക്ലൈമാക്സ്‌ രംഗത്തെ അഭിനന്ദിച്ചത്. അവിടെ അന്ന് മുഴങ്ങി കേട്ട കയ്യടികൾ ഇനിയും ഇത് പോലെയുള്ള നല്ല ചിത്രങ്ങളുമായി വരാൻ ജിത്തുവിന് പ്രചോദനമാകട്ടെ എന്ന് ആഗ്രഹിക്കുന്നു.

2013 ഓഗസ്റ്റ് 25, ഞായറാഴ്‌ച

മെമ്മറീസ്



കേരളത്തെ ഇളക്കി മറിച്ച ഒരുപാട് സംഭവങ്ങൾ നടന്നിട്ടും മിണ്ടാതിരുന്ന താൻ എന്താ ഇപ്പൊ എഴുതിക്കൊണ്ട് വന്നിരിക്കുന്നത് എന്ന് ചോദിക്കരുത്. ഇന്നലെ ഒരു പടം കണ്ടു. ചുമ്മാ ഒരു റിവ്യൂ ഇട്ടേക്കാം എന്ന് കരുതി . ഡിടക്റ്റീവ്  എന്ന ഒരു കുറ്റാന്വേഷണ ചിത്രം എടുത്തു ഹരിശ്രീ കുറിച്ച ജിത്തു ജോസഫ്‌ പിന്നീട് സംവിധാനം ചെയ്ത അന്വേഷണ ചിത്രമാണ് മെമ്മറീസ്.

എന്തെരാണ് കഥ ?
കോട്ടയം , പീരുമേട് , തിരുവല്ല ഭാഗങ്ങളിൽ കറങ്ങിനടന്ന് ആൾക്കാരെ തല്ലിക്കൊന്നു കെട്ടിത്തൂക്കുന്ന ഒരു സീരിയൽ കില്ലർ ആണ് കഥയിലെ വില്ലൻ . കൊന്നു കുരിശിൽ തറച്ചത് പോലെ നിർത്തും എന്ന് മാത്രമല്ല അവന്മാരുടെ ഒക്കെ നെഞ്ചത്ത്‌ ആരാമിയ ഭാഷയിൽ എന്തൊക്കെയോ കുത്തി കുറിച്ച് വയ്ക്കുകയും ചെയ്യും. അങ്ങേരുടെ കയ്യക്ഷരം അത്രയ്ക്ക് നല്ലതായത്‌ കൊണ്ട് പോലീസുകാർക്ക്  ഒന്നും പിടികിട്ടിയില്ല. കില്ലർ ആണേൽ ഓടി നടന്നു തോട്ടുവക്കത്തും റോഡ്‌ സൈഡിലും ഒക്കെ സ്വന്തം റിയാലിറ്റി ഷോ തുടർന്നുകൊണ്ടേയിരുന്നു.

ദാ വരുന്നു നമ്മുടെ ജെയിംസ്‌ ബോണ്ട്‌ 
സാധാരണ ഇത്തരം സാഹചര്യങ്ങളിൽ ഡൽഹിയിൽ നിന്നും ആന്റി ടെററിസ്റ്റ് സ്ക്വാഡിൽ തകർത്ത് ജോലി ചെയ്തുകൊണ്ടിരിക്കുന്ന ഏതെങ്കിലും സുരേഷ് ഗോപി ആയിരിക്കും കേസ് തെളിയിക്കാൻ വരുന്നത്. എന്നാൽ ഇപ്പൊ മുംബയിലും മറ്റും തീവ്രവാദികളുടെ ശല്യം അധികരിച്ചിരിക്കുന്നതിനാൽ എല്ലാവരും ബിസി ആണെന്ന് തോന്നുന്നു. എന്നാൽ പിന്നെ നാട്ടിൽ നിന്ന് തന്നെ ആരെയെങ്കിലും തപ്പിയെടുക്കാം എന്ന് വിചാരിച്ചാൽ സോളാർ , ജോപ്പൻ , സരിത , സമരം ഒക്കെ കാരണം നാട്ടിലും ആരെയും എടുക്കാനില്ല.കീർത്തിചക്രയിൽ സംഭവിച്ച പോലെ ഭാര്യയേയും മകളെയും ആരാണ്ടോ വെടി വച്ച് കൊന്നതിന്റെ കലിപ്പിൽ ഫുൾടൈം വെള്ളമടിച്ചു നടക്കുന്ന, എന്നാൽ ഭയങ്കര ബുദ്ധിമാനായ ഒരു മിനി ഷെർലക് ഹോംസ് ആണ് നമ്മുടെ നായകൻ . അത് വെറുതെ പറഞ്ഞതല്ല കേട്ടോ. ഹോംസ് കുറ്റം തെളിയിക്കാൻ ഉപയോഗിക്കുന്ന ചില വിദ്യകൾ ഈ ചേട്ടനും കാണിക്കുന്നുണ്ട്. എന്തായാലും അങ്ങേരുടെ വിഷമങ്ങളും കുടുംബ ജീവിതത്തിലെ ട്രാജഡികളും എല്ലാം കുടിച്ചു തീർക്കുന്ന നമ്മുടെ നായകൻറെ ദുരന്ത ജീവിതം ആണ് പടത്തിന്റെ ആദ്യ പകുതി.തദ്വാരാ ഒട്ടനവധി കുപ്പികളും നിറഞ്ഞതും ഒഴിഞ്ഞതുമായ ഗ്ളാസ്സുകളും പിന്നെ വെള്ളമടിച്ചാൽ തട്ടിപോകും ഇന്ന മുന്നറിയിപ്പും കൊണ്ട് സമൃദ്ധമാണ് ചിത്രം

ആകെപ്പാടെ ഒരു ജഗപൊക 

ഇനിയങ്ങോട്ട് വൻ കേസ് അന്വേഷണം ആണ്. വെള്ളമടിച്ചു നടന്ന ഒരുത്തനെ പിടിച്ചു ഒരു ഉത്തരവാദിത്വം ഏൽപ്പിച്ച് കൊടുക്കുമ്പോൾ ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും ഇവിടെയും സംഭവിക്കുന്നു . പുല്ലു പോലെ പുള്ളി ക്ളൂ കണ്ടുപിടിക്കുന്നതും അത് കണ്ടിട്ട് കണ്ണുകടി കൊണ്ട് ഒപ്പമുള്ള വേറെ പോലീസുകാർ പാര പണിയുന്നതും ഒക്കെയുണ്ട്. പക്ഷെ നമ്മുടെ നായകന് ഇതൊന്നും കാര്യമാക്കാതെ ക്ളൂകൾ കണ്ടുപിടിച്ചു മുന്നേറുന്നു. പക്ഷെ കില്ലർ ആരാ മോൻ. ഇതിനിടയ്ക്കും ലവൻ വേണ്ട പണി ഒപ്പിക്കുന്നുണ്ട്. ആകാംക്ഷ കൊണ്ട് പ്രേക്ഷകരുടെ പണ്ടാരമടങ്ങണ്ട എന്ന് വിചാരിച്ചിട്ട് ഇടയ്ക്ക് കില്ലർ മുഖംമൂടി ഇട്ടു വരുന്നുണ്ട്. പക്ഷെ മുഖംകൂടി കണ്ടാൽ തിരിച്ചറിയാനുള്ള പ്രായം നമ്മുടെ നായകനില്ലാത്തത് കാരണം താടിക്കിട്ടൊരു തട്ടും കൊടുത്തിട്ട് കില്ലർ അവന്റെ പാട്ടിനു പോകുന്നുണ്ട് . അങ്ങനെ ഒടുവിൽ വേറെ ആരും നടന്നിട്ടില്ലാത്ത വഴികളിലൂടെ ഒക്കെ ഒരു കള്ളു കുടിയനെ പോലെ നടന്നു നമ്മുടെ താരം കേസ് തെളിയിക്കുന്നു. ശിഷ്ടം ശുഭം

സംഗതി തരക്കേടില്ല 
വീടിന്റെ വെന്റിലേഷനിൽ കൂടി കുഴലിട്ടു ഉറങ്ങി കിടക്കുന്ന ഒരു പെണ്ണുമ്പിള്ളയുടെ വായിൽ പാഷാണം കലക്കിയൊഴിചു കൊല്ലുന്നതിന്റെ കഥ പറഞ്ഞ ഡിറ്റക്റ്റീവ് എന്ന പടം വച്ച് നോക്കുമ്പോൾ ഇത് ഭേദമാണ്. പക്ഷെ  ജിത്തുവിന്റെ ഒരു രീതി വച്ച് നോക്കുമ്പോൾ അങ്ങേരുടെ കഥകളിലെ വില്ലന്മാർ ഒക്കെ വെറും തൊട്ടാവാടികൾ ആണെന്ന് തോന്നുന്നു. നിസ്സാര കാര്യത്തിനു ആളെ തട്ടിക്കളയുന്ന പാവങ്ങൾ. ഇതിലും അത് പോലെ തന്നെ. ഒരു കൊലപാതകം , അതും സീരിയൽ കില്ലിംഗ് നടത്താൻ വേണ്ടി എന്തു മാങ്ങാത്തൊലി ആണ് അവിടെ സംഭവിച്ചതെന്ന് ഇപ്പോഴും എനിക്ക് പിടികിട്ടിയിട്ടില്ല. പിന്നെ ആകെ മൊത്തം ഒരു ആനച്ചന്തം ചിത്രത്തിനുണ്ട്. രാജുവേട്ടൻ ഒരു നടന എന്ന നിലയിൽ ഒരുപാടു മുന്നേറിയിരിക്കുന്നു. പക്ഷെ സ്പിരിറ്റ്‌, ഹലോ, നമ്പർ ട്വന്റി മദ്രാസ്‌ മെയിൽ എന്ന ചിത്രങ്ങളിലൊക്കെ ലാലേട്ടൻ അവതരിപ്പിച്ച തന്മയത്വമുള്ള ഒരുപാടു കുടിയന്മാരുടെ ഏഴയലത്ത് പോലും രാജുവിന്റെ അഭിനയം എത്തുന്നില്ല്ല എന്നത് വേറെ കാര്യം. പക്ഷെ അത്രത്തോളം ഇല്ലെങ്കിലും അതിന്റെ അടുത്തെങ്കിലും എത്താൻ പ്രിഥ്വിക്ക് കഴിയും എന്ന് എനിക്ക് തോന്നുന്നു .

അപ്പ ശരി . ഇനി ഞാൻ ചെന്നൈ എക്സ്പ്രസ്സ്‌ കണ്ടെച്ചും വരാം . റ്റാ റ്റാ 

2013 ഏപ്രിൽ 16, ചൊവ്വാഴ്ച

ആസ്വാദനത്തിനു ഒരു ആമേൻ ...



     ആമേൻ കണ്ടു. രണ്ടാഴ്ച മുമ്പ് നഗരത്തിൽ ഒരു മൾട്ടിപ്ലെക്സിൽ വച്ച് . സത്യം പറഞ്ഞാൽ പടം പകുതി കഴിഞ്ഞപ്പോ മായാവിയിൽ സ്രാങ്ക് പറയുന്ന ഡയലോഗ് ആണ് ഓർമ വന്നത്‌ . ഓർമയില്ലേ  ?  "  ഇതിപ്പോ  എനിക്ക് വട്ടായതാണോ അതോ നാട്ടുകാർക്ക്  മുഴുവൻ വട്ടായതാണോ " . എന്ന് വച്ചാൽ , പടം കണ്ടുകൊണ്ടിരിക്കുന്ന ചിലർ  ചിരിക്കുന്നുണ്ട്, ചിലർ തെറി വിളിക്കുന്നുണ്ട്, ചിലർ കൊഴുക്കട്ട വിഴുങ്ങിയ പോലെയും ഇരിക്കുന്നുണ്ട്‌... . അങ്ങനെ തികഞ്ഞ ആശയക്കുഴപ്പത്തിൽ നമ്മളെ വിട്ടുകൊണ്ട് ചിത്രം അവസാനിച്ചു .  നല്ല പടം ആണെന്ന് ഞാൻ പറഞ്ഞത് കേട്ടിട്ട് ഒപ്പം വന്ന ഒരു സുഹൃത്തും ഭാര്യയം മുഖത്ത് ദയനീയമായി നോക്കി .  വേറെ രണ്ടു പേർ ഇടവേള ആയപ്പോ തീയറ്റർ വിട്ടോടി . അന്ന് രാത്രി തിരികെ വന്നതിനു ശേഷം ഉള്ള പ്രധാന ചർച്ച എന്തായിരുന്നു എന്നറിയാമോ ? പടം ശരിക്കും കൊള്ളാമോ അതോ എല്ലാം വെറും ഒരു തോന്നൽ ആയിരുന്നോ എന്നതു. പിന്നെ പിന്നെ പടത്തിനെ പറ്റി  റിവ്യൂകൾ വരാൻ തുടങ്ങി . എല്ലാത്തിലും നല്ല ഉഗ്രൻ അഭിപ്രായം. വീണ്ടും കൻഫൂഷൻ .. !!

അപ്പൊ എന്താണ് ഈ ആസ്വാദന നിലവാരം ?

    സന്തോഷ്‌ പണ്ഡിറ്റ്‌ എട്ടു കൂട്ടം കാര്യങ്ങൾ ഒറ്റയ്ക്ക് ചെയ്തു സാധനമായ കൃഷ്ണനും രാധയും ഇറങ്ങിയ സമയത്ത് മാധ്യമങ്ങളിൽ വന്ന ചർച്ചകൾ നിങ്ങൾ ശ്രധിച്ചിട്ടുണ്ടാവും. റിപ്പോർട്ടർ ചാനലിൽ പ്രശസ്ത സിനിമാ ഗവേഷകനായ ശ്രീ വെങ്കടെശ്വരൻ മാത്രമാണ് ഇതിൽ യുക്തിസഹമായ ഒരു അഭിപ്രായ പ്രകടനം നടത്തിയത്‌ . അദ്ദേഹം ചോദിച്ചത് ഇതാണ്‌ . അതായത് , ഇവിടെ നമ്മൾക്ക് അസഹനീയം എന്ന് നാം പറയുന്നത് മികച്ചത് എന്ന് നമ്മള്ക്ക് തോന്നിയ ചിത്രങ്ങളുമായി ഇതിനെ താരതമ്യം ചെയ്തിട്ടാണല്ലൊ. പക്ഷെ ഈ മികച്ച ചിത്രങ്ങൾ വേറൊരു രാജ്യത്തുള്ളവർ എങ്ങിനെ ആയിരിക്കും വിലയിരുത്തുന്നത് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ എന്നു. പക്ഷെ സന്തോഷിനെ തെറി വിളിക്കാനുള്ള ജനക്കൂട്ടത്തിന്റെ തത്രപ്പാടിൽ അദ്ദേഹത്തിന്റെ വാക്കുകൾ  മുങ്ങിപ്പൊയി. സോഷ്യൽ മീഡിയയുടെ വളർച്ചയോടൊപ്പം വളർന്ന  ഒന്നാണ് ഓണ്‍ലൈൻ നിരൂപകരുടെ എണ്ണവും .  ഇതു ചിത്രത്തെ പറ്റിയും എന്ത് അഭിപ്രായവും ആർക്കും  വിളിച്ചു പറയാം . എന്തൊക്കെ പറഞ്ഞാലും ഒരു നല്ല ശതമാനം ആൾക്കാരെ ഇത്തരം സൈറ്റുകളിൽ വരുന്ന സൊ കാൾഡ് നിരൂപണങ്ങൾ സ്വാധീനിക്കുന്നു എന്നതൊരു വസ്തുതയാണ്‌ . അമേൻ എന്ന ചിത്രത്തെ പറ്റി  ഇവരൊക്കെ പറഞ്ഞു വിട്ട സംഗതികൾ പല ചോദ്യങ്ങളും ഉയർത്തുന്നു . ആരാണ് ആസ്വാദനം എന്നത് നിർവചിച്ചിരിക്കുന്നത് ? എന്താണത് ? 

ഒരു സിനിമയുടെ പ്രധാന നിര്മാണ സാമഗ്രികൾ അതിന്റെ കഥ, അഭിനേതാക്കൾ, സംഗീതം , ചിത്രീകരണം, സംവിധാനം എന്നിവയാണ്. സത്യം പറഞ്ഞാൽ  സിനിമ സംവിധായകന്റെ മാത്രം കലയാണ്‌ . ഒരു സംവിധായകൻ അവന്റെ മനസ്സിൽ അവൻ സ്വകാര്യമായി  കാണുന്ന ഒരു സ്വപ്നം മറ്റുള്ളവരെ കാണിക്കാൻ  ഉപയോഗിക്കുന്ന ഘടകങ്ങൾ മാത്രം, അത് മാത്രമാണ് ബാക്കിയെല്ലാം. നല്ല കഥ എന്നത് യൂണിവേർസൽ ആയ ഒരു സംഗതി ആണ്‌ . സൂക്ഷമായി നോക്കിയാൽ  ലോകത്തിലെ നല്ല സിനിമകളുടെ കഥകള എല്ലാം എന്തെങ്കിലും സമാനതകൾ പേറുന്നു എന്നതൊരു വസ്തുതയാണ്‌ .  പക്ഷെ ബാക്കിയുള്ളവയെല്ലാം അതിന്റെ സൌന്ദര്യ പരമായ തലങ്ങളിൽ ആപേക്ഷികം മാത്രമാണ്‌ . എന്റെ ഭാര്യ കേരളത്തിന്‌ പുറത്തു ജനിച്ചു വളർന്നതാണ് . അവളുടെ ദൃഷ്ടിയിൽ മലയാളത്തിൽ കണ്ടുകൊണ്ടിരിക്കാവുന്ന ഒരേയൊരു നടന പ്രിഥ്വിരാജ് മാത്രമാണ്‌ . He is the only good looking hero in malayalam എന്നാണ് ലവൾ പറഞ്ഞത്‌ . പക്ഷെ പറഞ്ഞത് ഒരു ഡൈ ഹാർഡ് ലാലേട്ടൻ ഫാൻ ആയ എന്നോട് ആയതു കൊണ്ട് ഞാൻ പറഞ്ഞു മോളെ നമ്മൾ മലയാളികൾ ഗ്ളാമർ അല്ല നോക്കുന്നത് , അഭിനയ ശേഷി ആണെന്നൊക്കെ . അല്ല, അവളെ പറഞ്ഞിട്ട് കാര്യമില്ല ഹിന്ദി സിനിമ കണ്ടു വളർന്ന എല്ലാവര്ക്കും ഉണ്ട് ഈ അസുഖം. പിന്നെ അവന്മാര് ഇപ്പൊ തെലുങ്കും മലയാളവും ഒക്കെ റീമേക്ക് ചെയ്ത് ആകെ അലമ്പായി ഇരിക്കുന്നത് കൊണ്ട് അതൊക്കെ പറഞ്ഞു അവളുടെ വായടപ്പിച്ചു . പക്ഷെ ഇതിലെ പോയിന്റ് എന്താണെന്ന് വച്ചാൽ ആ സൌന്ദര്യ ബോധത്തിന്റെ വ്യത്യാസമാണ്. ലാലേട്ടന്റെ മുഖം കണ്ടു കണ്ടു നമ്മൾ ഇഷ്ടപ്പെട്ടതാണ് . അല്ലാതെ ഒറ്റ കാഴ്ചയിൽ ഒരാളെ ആകർഷിക്കുന്ന ആകാര സൌഷ്ടവം ഒന്നും അദ്ദേഹത്തിനില്ല . അപ്പൊ  ചോദിക്കാം  എന്നാൽ മമ്മൂട്ടിയോ എന്നു. സത്യം പറഞ്ഞാൽ ഇപ്പോൾ മലയാളത്തിലെ ഏറ്റവും സുന്ദരനായ നടൻ പ്രിഥ്വി തന്നെയാണ്‌ . പക്ഷെ എന്തുകൊണ്ട് മലയാളികൾ അയാളെ അംഗീകരിച്ചില്ല എന്നതിന്റെ ഉത്തരം അന്വേഷിച്ചാൽ മനസ്സിലാവും മലയാളിയുടെ ആസ്വാദന നിലവാരത്തിന്റെ പൊള്ളത്തരം . അതിനു ഒരു കാരണമേ ഉളളൂ . സ്വന്തം കരിയറിന്റെ തുടക്കത്തിൽ  പ്രിഥ്വി  അഹങ്കാരത്തോടെ വിളിച്ചു കൂവിയ ചിലത് മാത്രമാണ് അതിന്റെ കാരണം . അല്ലാതെ അയാൾ ചെയ്യുന്ന ജോലിയുടെ നിലവാരം മാത്രം വിലയിരുത്തിയാൽ ഇപ്പോൾ മലയാളത്തിൽ ഫഹദ് ഉൾപ്പെടെയുള്ള എല്ലാവരുടെയും മുകളിൽ  നില്ക്കും പ്രിഥ്വി . അപ്പോൾ ഒരു താരത്തിന്റെ സ്വഭാവ ഗുണവും നമ്മൾക്ക്  വിഷയമാണ്‌  അല്ലേ  ?  ഇപ്പോൾ ഈയിടെ ഗണേഷ് കുമാറിന്റെ കാര്യത്തിലും നമ്മൾ അത് കണ്ടു . അപ്പോൾ മലയാളിയുടെ ആസ്വാദന നിലവാരത്തെ ഇങ്ങനെ പല പല കാര്യങ്ങൾ സ്വാധീനിക്കുന്നു എന്ന് പറയേണ്ടി വരുന്നു. അതായതു നല്ലത് എന്ന് നമ്മൾ പറഞ്ഞാൽ എല്ലാം കൊണ്ടും നല്ലത് , അല്ലെങ്കിൽ ഏറ്റവും സമർത്ഥമായി കള്ളത്തരങ്ങൾ  മറച്ചു വച്ചിട്ടുള്ള എന്തോ ഒന്ന് എന്ന് വേണം മനസിലാക്കാൻ . 

അപ്പൊ പറയാൻ വന്നത് എന്തെന്നാൽ .. 

ഇത്രയും നീണ്ട മുഖവുര എന്തിനായിരുന്നു എന്ന് നിങ്ങള്ക്ക് മനസ്സിലാവണമെങ്കിൽ ആദ്യം ഈ ചിത്രം കാണേണ്ടതുണ്ട് . കാക്കനാടന്റെ ഒറോത , പൊങ്കുന്നം വർക്കി , മുട്ടത്തു വർക്കി എന്നിവരുടെ ചില രചനകൾ , എന്ന് തുടങ്ങി മഞ്ഞ മുങ്ങിയ പഴയ ക്രിസ്തീയ അന്തരീക്ഷത്തിലുള്ള പ്രേമ കഥകൾ  കണ്ടിട്ടും കേട്ടിട്ടും ഉള്ളവർക്ക് പെട്ടെന്ന് തന്നെ co-relate ചെയ്യാൻ പറ്റുന്ന ഒരു കഥ പറച്ചിൽ ആണ് അമേൻ അനുവർത്തിക്കുന്നത് . ആപത്ത് ഘട്ടങ്ങളിൽ മാലാഘമാർ വഴി കാണിക്കുകയും പുണ്യാളൻ കുതിര മേൽ വന്നു ശത്രുവിനെ കൊന്നു നിന്റെ രക്ഷിക്കുകയും ചെയ്യും എന്ന ഒരു മിത്തിൽ ഊന്നിയ ഒരു കഥ . ഒരു മുത്തശ്ശി കഥ പറയുന്ന ലാഘവത്തോടെ പറഞ്ഞിരിക്കുന്ന ഒരു ചിത്രമാണ്‌ ആമെൻ. ചില പ്രധാന രംഗങ്ങൾ വലിച്ചു നീട്ടി അതി നാടകീയവും വിരസവും ആക്കി എന്നതൊഴിച്ചാൽ മലയാളത്തിൽ അടുത്ത കാലത്ത് വന്ന ഏറ്റവും ലക്ഷണമൊത്ത ന്യൂ ജെനറേഷൻ ചിത്രമാണ് ആമെൻ. കുമരങ്കരി  എന്ന  സാങ്കൽപ്പിക ഗ്രാമത്തിന്റെയും അവിടത്തെ പ്രജകളുടെ പച്ചയായ ജീവിതത്തെയും ഒട്ടും കടുതതല്ലാത്ത നിറങ്ങളിൽ കാണാം ഇതിൽ. ചിത്രത്തിന്റെ ഓരോ സീനിലും കുമരംകരി  നിറഞ്ഞു തുളുമ്പുന്നു .  ചുരുക്കം ചില സന്ദർഭങ്ങളിലെങ്കിലും അങ്ങനെ ഒരു ഗ്രാമത്തിൽ ജീവിക്കാൻ നിങ്ങൾ ആഗ്രഹിക്കാതിരിക്കില്ല. അഭിനന്ദൻ രാമാനുജൻ ക്യാമറ കൊണ്ട് എഴുതിയ ഒരു കവിത പോലെയാണ് ഈ ചിത്രം. അത്രയ്ക്ക് മനോഹരമായിട്ടാണ് ആലപ്പുഴ ഈ ചിത്രത്തിൽ അവതരിപ്പിചിരിക്കുന്നതു. അത് പോലെ തന്നെ യാഥാർത്ഥ്യവും സങ്കല്പവും തമ്മിലുള്ള അതിരുകൾ നേർത്ത്  ഇല്ലാതാകുന്നത് പോലെയാണ് കഥ പറച്ചിൽ. അതിന്റെ മുഴുവൻ ക്രെഡിറ്റും ലിജോക്ക് തന്നെ കൊടുക്കണം.  ഇതിലെ പല സംഭാഷണങ്ങളും മരിച്ചു പോയ എം പി നാരായണ പിള്ള എന്ന നാണപ്പനെയും വി കെ എന്നിനെയും മറ്റും ഒർമിപ്പിചു. എന്തായാലും ചിത്രത്തെ കുറിച്ച് കൂടുതൽ പറയാൻ ഞാൻ അഗ്രഹിക്കുന്നില്ല. കാരണം നമ്മുടെ വിഷയം ഈ ചിത്രമല്ല. മറിച്ചു ഇത് മുന്നോട്ടു വയ്ക്കുന്ന തുറന്നു പറച്ചിൽ ആണ് . കളങ്കമില്ലാത്ത കുറെ മനുഷ്യരുടെ അതിലും നിർമലമായ ജീവിതം ഇതിലും മനോഹരമായി പറയാനാവില്ല . മാത്രമല്ല നല്ല റിവ്യൂകൾ ഈ ചിത്രത്തെ പറ്റി  ഒരുപാടു വന്നു കഴിഞ്ഞിരിക്കുന്നു. 

വാല്ക്കഷണം :

ഭദ്രൻ സംവിധാനം ചെയ്ത ഉടയോൻ  ഏകദേശം ഇത് പോലുള്ള ഒരു കഥ പറച്ചിൽ ഉപയോഗിച്ച ഒരു ചിത്രമാണ് . പക്ഷെ വരണ്ടുണങ്ങിയ ഒരു അന്തരീക്ഷം ആണ് ആ ചിത്രത്തിൽ. മണ്ണിനോടുള്ള മനുഷ്യന്റെ ഒരിക്കലും അടങ്ങാത്ത ആർത്തിയാണ് ഉടയോന്റെ പ്രമേയം. പക്ഷെ പടം എടുത്തു വന്നപ്പോ ഒരു മാതിരി ചവിട്ടു നാടകം പോലെയായി . ഇത് കണ്ടിട്ട് നമ്മുടെ രണ്ടു സുഹൃത്തുക്കൾ രാത്രി ബൈക്കിൽ വീട്ടില് പോകുന്ന വഴി പോലീസ് പിടിച്ചു. പടം കണ്ടിട്ട് വരുന്നതാണെന്ന് തെളിയിക്കാൻ ടിക്കറ്റ്‌ ചൊദിചു. പക്ഷെ അത് കളഞ്ഞു പോയത് കാരണം അവന്മാര് ബബ്ബബ്ബ പറഞ്ഞു . അപ്പൊ പോലീസ് ചോദിച്ചു ഏതു  പടത്തിനാ പോയതെന്ന് . ഉടയോൻ എന്ന് കേട്ടതും പോലീസ് അവരെ വെറുതെ വിട്ടു. കാരണം എന്താന്നറിയാമോ . അവർക്കുള്ള  ശിക്ഷ കിട്ടിക്കഴിഞ്ഞിരിക്കുന്നു എന്നു. ഹി ഹി 

2013 മാർച്ച് 26, ചൊവ്വാഴ്ച

സുകുമാരിയമ്മയ്ക്കു ആദരാഞ്ജലികൾ

       


      അങ്ങനെ സുകുമാരിയും പോയി. മലയാള സിനിമയിൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം ചെന്ന നടിമാരിൽ ഒരാൾ  ആയിരുന്നു സുകുമാരിയമ്മ എന്ന് സ്നേഹത്തോടെ എല്ലാവരും വിളിക്കുന്ന സുകുമാരി. മലയാളത്തിൽ അമ്മ വേഷങ്ങൾ ചെയ്യുന്നതിൽ എനിക്കിഷ്ടപ്പെട്ട രണ്ടേ രണ്ടു പേരേയുള്ളൂ. ഒന്ന് മരിച്ചു പോയ നടി  മീന . പിന്നൊന്ന് സുകുമാരി. അമ്മ വേഷങ്ങൾ മാത്രമല്ല രസകരമായ മറ്റനേകം കഥാപാത്രങ്ങളും അസൂയാവഹമായ രീതിയിൽ സുകുമാരി അവതരിപ്പിച്ചു. ഡിക്കമ്മായിയെ ഒക്കെ എങ്ങനെ മറക്കാനാ അല്ലേ . ആദരാഞ്ജലികൾ !!

2013 മാർച്ച് 14, വ്യാഴാഴ്‌ച

പുതുമയുടെ ഷട്ടര്‍ തുറക്കുമ്പോള്‍



     കുറച്ചു കാലം കൂടി ഒരു സിനിമ കാണാന്‍ പോയി. ബാംഗ്ലൂരിലെ മലയാളം സിനിമ കളിക്കുന്ന ഏറ്റവും പഴക്കം ചെന്ന ഒരു തീയറ്ററായ സംഗീതില്‍ ആണ് ഷട്ടര്‍ കണ്ടത് . പടത്തിനെ പറ്റി  പറയുന്നതിന് മുമ്പ് എന്തൊക്കെ ത്യാഗം സഹിച്ചാണ് ഈ ചിത്രം കണ്ടതെന്ന് നിങ്ങള്‍ കൂടി അറിയണം. ആകെപ്പാടെ പൊട്ടി പൊളിഞ്ഞു  പുറം ഭിത്തിയിലാകെ ആലും  കുറ്റിചെടികളും കിളിച്ചു നില്‍ക്കുന്ന ഒരു കെട്ടിടം ആണ്. പണ്ടത്തെ ഒരു മള്‍ടിപ്ലെക്സ്. എന്ന് വച്ചാല്‍ അതില്‍ ഒരു ചെറിയ തീയറ്റര്‍ കൂടിയുണ്ട് . സന്ദീപ്‌ എന്ന് പറഞ്ഞിട്ട് . അവിടെ ഒന്നുകില്‍ ഹിന്ദി അല്ലെങ്കില്‍ ഏതേലും തുണ്ട് പടം ഒക്കെയാണ് കാണിച്ചു കൊണ്ടിരുന്നത് . ഈയിടെയായി അതിലും മലയാളം കാണിച്ചു തുടങ്ങിയിട്ടുണ്ട് . എന്തായാലും ഇവിടെ പടം കാണാന്‍ പോവുകയാണെങ്കില്‍ കയ്യില്‍ ഒരു ലക്ഷ്മണ രേഖ ( എലിയെ കൊല്ലാന്‍ ), രണ്ടു മീറ്റര്‍ കൊതുക് വല ( കൊതുക് കടിക്കാതിരിക്കാന്‍ ), കുറച്ചു ആന്‍റി സെപ്റ്റിക് ലോഷന്‍ ( എലി കടിച്ചാല്‍ പുരട്ടാന്‍ ) ഇതൊക്കെ കൊണ്ട് വേണം പോകാന്‍.. .... ഹെല്‍മറ്റ് വയ്ക്കുന്നതും നല്ലതാണ്. കേവലം ഒരു സിനിമ കാണാന്‍ വേണ്ടി നശിപ്പിക്കാനുല്ലതല്ല ജീവിതം എന്നേ  എനിക്ക് പറയാനുള്ളൂ .

     ഒരു ടിപ്പിക്കല്‍ ഗള്‍ഫ്‌ മലയാളിയായ റഷീദ് , അയാളുടെ സുഹൃത്തായ സുര എന്ന ഓട്ടോ ഡ്രൈവര്‍ , റഷീദിന്‍റെ ഭാര്യ , മകള്‍, ഒരു തെരുവ് വേശ്യ ( ലൈംഗിക തൊഴിലാളി എന്നും പറയാം ) ആയ  പേര് പറയാത്ത ഒരു പെണ്ണ് , ഒരു ചലച്ചിത്ര സംവിധായകനായ മനോഹരന്‍ - പിന്നെ ഇവരുടെയെല്ലാം ജീവിതത്തിലെ മറക്കാനാവാത്ത ഒരു രാത്രിയും . അതാണ്‌ ഒറ്റ വാക്കില്‍ ഷട്ടര്‍ എന്ന ചിത്രം. റഷീദിന് വീട്ടു മുറ്റത്ത്‌  തന്നെ മൂന്നു മുറി പീടിക ഉണ്ട്. ഇതൊരു ഗള്‍ഫ് മലയാളിയെയും പോലെ ഭാവിയിലേക്ക് ഒരു നിക്ഷേപം . ലഹരി മൂത്തിരിക്കുന്ന ഒരു രാത്രിയില്‍ ഒരു രസത്തിനു വേണ്ടി റോഡില്‍ നിന്ന് ഒരു പെണ്ണിനേയും കൂട്ടി ആഘോഷത്തിനെത്തുന്ന റഷീദ്നെ കട മുറിയില്‍ ആക്കി അത് പുറത്തു നിന്ന് പൂട്ടി സുര ഭക്ഷണം വാങ്ങാന്‍ പോകുന്നു. അപ്രതീക്ഷിതമായി ഒരു ചെറിയ പെറ്റി  കേസില്‍ സുര പോലീസ് പിടിയിലാകുന്നതോടെ റഷീദും ആ പെണ്ണും കട മുറിയില്‍ അകപ്പെടുന്നു. സംഘര്‍ഷം നിറഞ്ഞ ഒരു രാത്രി അവിടെ തുടങ്ങുന്നു . കടയുടെ പുറകില്‍ ഒരു ചെറിയ വെന്‍റ്റിലേറ്റര്‍ ഉണ്ട്. ആ ചെറിയ ജാലകത്തിലൂടെ റഷീദിന് സ്വന്തം വീട്ടില്‍ നടക്കുന്നതും കാണാം. കുറ്റബോധവും ഭയവും അയാളെ ജീവനോടെ ദഹിപ്പിക്കുന്നു. ഏതായാലും നേരം വെളുക്കുമ്പോള്‍ അവസാനിക്കും എന്ന് കരുതുന്ന സമ്മര്‍ദ്ദം അടുത്ത പകലിലേയ്ക്കും പിന്നത്തെ രാത്രിയിലെയ്ക്കും നീളുന്നു. ആര്‍ക്കും പ്രതീക്ഷിക്കാനാവാത്ത സംഭവങ്ങളിലൂടെ അത് നമ്മളിലെയ്ക്കും പടരുന്നു. കഥ മുഴുവന്‍ പറയുന്നില്ല. പറ്റുമെങ്കില്‍ കണ്ടു നോക്കൂ 

     ലോകം മാറുന്നതിനേക്കാള്‍  വേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്ന മലയാളിയുടെയും സമകാലിക കേരളത്തിന്‍റെയും ചിത്രം ഇത്രയും നന്നായി വരച്ചു കാട്ടിയ ഒരു ചിത്രം അടുത്ത കാലത്തൊന്നും വന്നിട്ടില്ല. മലയാളിയുടെ മദ്യപാനം , മൊബൈല്‍ ഫോണ്‍ , സാഹസികമായ വിനോദങ്ങള്‍ എല്ലാം ഈ ചിത്രത്തിന്‍റെ പശ്ചാത്തലത്തില്‍ ഉണ്ട്.  ഈ ചിത്രത്തിലെ ഏറ്റവും ആകര്‍ഷകമായ പ്രകടനം കാഴ്ച വച്ചിട്ടുള്ളത് സുരയുടെ വേഷം ചെയ്ത വിനയ് ഫോര്‍ട്ടും ആ തെരുവ് പെണ്ണിന്‍റെ  വേഷം അഭിനയിച്ച സജിത മഠത്തില്‍ എന്നിവരാണ്. അശ്ലീലത്തിലേയ്ക്ക് വഴുതി വീഴാന്‍ സാധ്യതയുള്ള ഒരുപാട് സാഹചര്യങ്ങള്‍ കഥയിലുണ്ടെങ്കിലും അതൊന്നുമില്ലാതെ അതി മനോഹരമായി സംവിധായകന്‍ കൈകാര്യം ചെയ്തിട്ടുണ്ട്.  സംഗതി കുടുംബം ഒരു ക്ഷേത്രം എന്ന് പറയാനാണ് സംവിധായകന്‍ ശ്രമിക്കുന്നതെങ്കിലും ഒരു ഗുണപാഠ ചിത്രമൊന്നുമായിട്ടല്ല അത് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്‌. ...

.  സദാചാരം എന്ന് പറയുന്നത് സാഹചര്യങ്ങളെ കൂടി ആശ്രയിച്ചാണിരിക്കുന്നത് എന്നാണു എന്‍റെ  വിശ്വാസം. ജഗതി ശ്രീകുമാര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട് സെക്സ് എന്ന് പറയുന്നത് വിശപ്പ്‌ പോലെയാണ് എന്ന്.  വിശക്കുമ്പോള്‍ ആഹാരം തേടി പോകുന്നത് പോലെ മാത്രമാണ് ഇതിന്‍റെയൊക്കെ  പുറകെ മനുഷ്യന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ ചിത്രത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ അത് കാണാന്‍ കഴിയും. സന്ധ്യക്ക്‌ സുഹൃത്തുക്കളോടൊപ്പം ഒന്ന് മിനുങ്ങാന്‍ പുറത്തിറങ്ങുന്ന റഷീദ് ബസ്‌ സ്റ്റോപ്പില്‍ ഒറ്റയ്ക്ക് കസ്റ്റമേഴ്സ്നെ പ്രതീക്ഷിച്ചു നില്‍ക്കുന്ന പെണ്ണിനെ കാണുന്ന ഒരു സീനുണ്ട്. ഓട്ടോയില്‍ അത് വഴി പോകുന്ന അയാള്‍ അവളെ കടന്നു പോയതിനു ശേഷം ഒന്ന് സംശയിച്ചു തല വെളിയിലിട്ടു തിരിഞ്ഞു നോക്കുകയാണ്. ഒന്ന് രണ്ടു തവണ തിരിഞ്ഞു നോക്കിയ ശേഷം ഓട്ടോ നിര്‍ത്തിച്ചിട്ട് അയാള്‍ സുരയെ പറഞ്ഞു വിടുന്നു. ഇത്തരം വിഷയങ്ങളില്‍ അത്യാവശ്യം താല്പര്യം ഒക്കെയുള്ള സുര വില പേശല്‍ ഒക്കെ നടത്തി പുള്ളിക്കാരിയെ വിളിച്ചു ഓട്ടോയില്‍ കയറ്റുന്നു. ഇത്തരം ഒരു ദൃശ്യം ഒരിക്കല്‍ ഞാന്‍ കൊച്ചിയില്‍ വച്ച് നേരിട്ട് കണ്ടിട്ടുണ്ട് . അന്ന് അവിടെ ജോയ് മാത്യുവും ഉണ്ടായിരുന്നോ എന്ന് ഞാന്‍ ഒരിട സംശയിച്ചു. അത്രയ്ക്ക് മനോഹരമായി അദ്ദേഹം അത് ചിത്രീകരിച്ചിട്ടുണ്ട് . കേരളത്തിന്‌ പുറത്തു താമസിക്കുന്ന ഒരു മലയാളി എന്ന നിലയ്ക്ക് ഇടയ്ക്ക് നാട്ടില്‍ പോകുമ്പോള്‍ പലയിടത്ത്  നിന്നും തെന്നിയുംതെറിച്ചും ഞാന്‍ തന്നെ കേട്ടിട്ടുള്ള  വാചക ശകലങ്ങള്‍ പലതും ഈ ചിത്രത്തില്‍ തന്മയത്തത്തോടെ ഉപയോഗിച്ചിട്ടുണ്ട് . മാത്രമല്ല യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള പ്രകാശ വിന്യാസം , ശബ്ദങ്ങള്‍ എന്നിങ്ങനെ നമ്മുടെയൊക്കെ ദൈനംദിന ജീവിതത്തില്‍ കാണുന്നതും കേള്‍ക്കുന്നതിലും അല്ലാതതായി ഒന്നും ഈ ചിത്രത്തിലില്ല . 

പിന്നണിയിലുള്ളവരെ കുറിച്ച് കൂടി അല്പം 

    ഒരാഴ്ച മുമ്പ് രാത്രി ഞാന്‍ വീട്ടിലിരുന്നു ഒരു സുഹൃത്തിനോടൊപ്പം മോഹന്‍ സംവിധാനം ചെയ്ത മുഖം എന്ന ചിത്രം കാണുകയായിരുന്നു . അതിന്‍റെ   തുടക്കത്തില്‍ ഒരു കൊലപാതക രംഗമുണ്ട്. ദൂരെ ഒരു കെട്ടിടത്തിന്‍റെ മുകളില്‍ നിന്നും ഒരു ജനലിലൂടെ വെടി  വച്ചു ഒരു സ്ത്രീയെ കൊലപ്പെടുത്തുന്നതാണ് സംഭവം. എവിടെ നിന്നാണ് വെടി  വച്ചത് എന്നറിയാതെ കുഴങ്ങുന്ന പോലീസ്  സംഭവ സ്ഥലം പരിശോധിക്കുന്ന ഒരു സീന്‍ ഉണ്ട്. ചുമരില്‍ തറഞ്ഞിരിക്കുന്ന വെടിയുണ്ടയില്‍ നിന്ന് നേരെ എതിരിനുള്ള ഭിതിയിലെയ്ക്ക്‌ , പിന്നീട് ജനാലയിലേയ്ക്ക്‌ , പിന്നീട് അതിനു പുറത്തുള്ള കെട്ടിടത്തിലെയ്ക്ക് നീളുന്ന അന്വേഷകന്‍റെ  നോട്ടം , പിന്നീട് എന്തോ മനസ്സിലായത്‌ പോലുള്ള അയാളുടെ മുഖഭാവം, ഒരു സംഭാഷണം പോലുമില്ല എന്നോര്‍ക്കണം . ആ രംഗം കണ്ടുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ ഓര്‍ത്തു എന്ത് മാത്രം ആലോചിച്ചാവും  അത് എഴുതിയിട്ടുണ്ടാവുക എന്ന്. ഷട്ടറിലെ പല രംഗങ്ങളും ഇതേ ചിന്ത മനസ്സിലേയ്ക്ക് കൊണ്ടുവന്നു.  ഈ അടുത്ത കാലത്ത് ഇറങ്ങിയ പല ചിത്രങ്ങളിലും കാണപ്പെടുന്ന പുറം മോടി  ഈ ചിത്രത്തിനില്ല . പക്ഷെ കരുത്തുള്ള ഒരു ഉള്‍ക്കാമ്പ് ഇതിന്‍റെ  കഥയ്ക്കുണ്ട്. ജോണ്‍ എബ്രഹാമിന്‍റെ  പ്രശസ്തമായ അമ്മ അറിയാന്‍ എന്നാ ചിത്രത്തിലെ നായകനായ ജോയ് മാത്യു വര്‍ഷങ്ങള്‍ക്കു ശേഷം സ്വയം എഴുതി സംവിധാനം ചെയ്ത ഈ ചിത്രം ഒരു തരത്തില്‍ മാറിയ മലയാള സിനിമയുടെയും ആസ്വാദന രീതിയുടെയും കൂടി തെളിവാണ്. അരവിന്ദനും ജോണും മറ്റും നിര്‍വചിച്ച മന്ദഗതിയിലുള്ള കഥ പറച്ചില്‍ അത്തരം ഒരു ഗ്രൂപ്പില്‍ അംഗമായിരുന്ന ജോയ് സ്വയം മറന്നതോ അതോ കാലത്തിനനുസരിച്ച് അദ്ദേഹം സ്വന്തം അഭിരുചികളും മാറ്റിയെഴുതിയതാണോ. അറിയില്ല . പക്ഷെ എല്ലാതരം പ്രേക്ഷകരെയും ത്രസിപ്പിക്കുന്ന രീതിയില്‍ ഈ കഥ പറയാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരിക്കുന്നു.  ഒട്ടും പ്രവചനീയമല്ലാത്ത വഴിത്തിരിവുകളിലൂടെ പോകുന്ന കഥ അതിനേക്കാള്‍ മനോഹരമായ ഒരു ക്ലൈമാക്സില്‍ അവസാനിക്കുന്നു. കോഴിക്കോടിന്‍റെ  പശ്ചാത്തലത്തില്‍ നമ്മള്‍ കണ്ട പല ചിത്രങ്ങളെയും പോലെയല്ല ഷട്ടര്‍.. ഇരുളും വെളിച്ചവും കലര്‍ന്ന ദൃശ്യങ്ങളിലൂടെ മനുഷ്യന്‍റെ  തന്നെ നന്മയും തിന്മയും ആണ് ചിത്രം കാട്ടിത്തരാന്‍ ശ്രമിക്കുന്നത്. 



      ഇതിലെ അഭിനേതാക്കളെ കുറിച്ച് കൂടി പറഞ്ഞില്ലെങ്കില്‍ ഇത് പൂര്‍ണമാവില്ല . എല്ലാവരും പറയുന്നത് പോലെ ലാല്‍ തന്‍റെ ഏറ്റവും മികച്ച പ്രകടനം കാഴ്ച വച്ചു  എന്ന് പറയാനാവില്ല .ഒഴി മുറിയില്‍ ഇതിനേക്കാള്‍ സങ്കീര്‍ണമായ  ഒരു കഥാപാത്രത്തെ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട് ലാല്‍. ഒരു മിമിക്രി താരം , അല്ലെങ്കില്‍ തികഞ്ഞ കച്ചവട സിനിമകളുടെ നിര്‍മാതാവും സംവിധായകനും എന്ന നിലയില്‍ നിന്ന് ലക്ഷണമൊത്ത ഒരു അഭിനേതാവ് എന്ന നിലയിലേയ്ക്ക് ലാല്‍ വളര്‍ന്നിരിക്കുന്നു എന്ന് നിസ്സംശയം പറയാം. ഇതിലെ ഏറ്റവും നല്ല പ്രകടനം സുരയെ അവതരിപ്പിച്ച വിനയ് ഫോര്‍ട്ടിന്‍റെയും പെണ്ണിനെ അവതരിപ്പിച്ച സജിതയുമാണ്‌. നടത്തിയിരിക്കുന്നത്. മുമ്പ് അല്ലറ ചില്ലറ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള വിനയ്ന്‍റെ  അഭിനയ ജീവിതത്തില്‍ കിട്ടാവുന്ന ഏറ്റവും നല്ല വേഷങ്ങളിലൊന്നാവും ഈ ചിത്രം. സ്വന്തം ശരീര ഭാഷയില്‍ തന്നെ പ്രകടമാണ് വിനയ് എടുത്ത പ്രയത്നം. അഭിനന്ദനങ്ങള്‍. . 



അത് പോലെ തന്നെ സജിത മഠത്തില്‍.. .കഴിഞ്ഞ വര്‍ഷത്തെ സിനിമ അവാര്‍ഡ്‌ നിര്‍ണയത്തില്‍ ഏറ്റവും ഉയര്‍ന്നു കേട്ട ഒരു പേരായിരുന്നു സജിതയുടെത്. അവര്‍ക്ക് അവാര്‍ഡ്‌ കൊടുക്കാന്‍ ഗണേഷ് കുമാര്‍ വാദിച്ചത് നിങ്ങള്‍ക്ക്  ഓര്‍മയുണ്ടാവുമല്ലോ. അന്നത്തെ വിവാദങ്ങള്‍ക്ക് ഒരു മറുപടി ആയിട്ടാണ് ഈ ചിത്രത്തിലെ സജിതയുടെ മിന്നുന്ന പ്രകടനത്തെ കാണേണ്ടത്. തരം  താണ രീതിയിലുള്ള ഒരു നോട്ടം പോലുമില്ലാതെ , എന്നാല്‍ അത്യന്തം സ്വാഭാവികതയോടെ സജിത ആ കഥാപാത്രത്തെ മനോഹരമാക്കി. സ്വന്തം ശബ്ദം തന്നെയാണ് ഉപയോഗിച്ചിരിക്കുന്നതെങ്കില്‍ സജിത പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു. നമ്മുടെയെല്ലാം പ്രിയങ്കരനായ ശ്രീനിവാസന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.തഴക്കവും പഴക്കവും വന്ന ലാലിന്‍റെയും  ശ്രീനിവാസന്‍റെയും  പ്രകടനങ്ങളെ നിഷ്പ്രഭമാക്കുന്ന രീതിയിലുള്ള അഭിനയമാണ് മേല്പറഞ്ഞ രണ്ടു പേരും കാഴ്ച വച്ചിരിക്കുന്നത്. ഒന്നോ രണ്ടോ ചെറിയ രംഗങ്ങളില്‍ വന്നു പോകുന്ന അഗസ്റ്റിനെയും കണ്ടു. പരിക്ഷീണമായ മുഖത്തോടു  കൂടി അഭിനയിക്കുന്ന അദ്ദേഹം ഒരു ചെറു വേദന ഉണ്ടാക്കി. പണ്ട് പക്ഷാഘാതം വന്ന ശേഷം ഭരത് ഗോപി അഭിനയിച്ച പല കഥാപാത്രങ്ങളെയും അദ്ദേഹം ഓര്‍മിപ്പിച്ചു.  എനിക്കേറ്റവും ഇഷ്ടമുള്ള നടന്മാരില്‍ ഒരാളാണ് അദ്ദേഹം. പൂര്‍വാധികം ആരോഗ്യത്തോടെ അദ്ദേഹം തിരിച്ചു വരട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. 

     ഈ ചിത്രം നിങ്ങള്‍ കാണണം. ട്രാഫിക്‌ തുടങ്ങി വച്ച നവോഥാന സിനിമയുടെ പുതിയ ഒരു വഴിത്തിരിവ് കൂടിയാണ് ഷട്ടര്‍.. ... അത് പോലെ തന്നെ ട്രാഫിക്‌ തുടങ്ങി മലയാളത്തില്‍ ഇത് വരെ വന്ന പുതിയ ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ തല പുകച്ചു എടുത്തിരിക്കുന്ന ചിത്രം തന്നെ ഷട്ടര്‍ എന്ന് എനിക്ക് തോന്നുന്നു. ഇപ്പറഞ്ഞ ചിത്രങ്ങളില്‍ ഒക്കെ ഉള്ള പോലെ നിയതവും നേര്‍ രേഖയിലുള്ളതുമായ ഒരു കഥ അല്ല ഈ ചിത്രം പറയുന്നത്. നിങ്ങള്‍ക്ക്  വേണമെങ്കില്‍ വിയോജിക്കാം. പക്ഷെ എന്‍റെ  വോട്ട് ഈ ചിത്രത്തിന് തന്നെ കൊടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇതിനു കിട്ടേണ്ട അംഗീകാരം ഇത്തവണത്തെ അവാര്‍ഡ്‌ കമ്മിറ്റി കൊടുത്തിട്ടുമില്ല എന്ന് പറയാതെ വയ്യ. 

വാല്‍ക്കഷണം 
     ചിത്രത്തിന്‍റെ  അവസാന രംഗത്തില്‍ മനോഹരന് കുറച്ചു പൈസയുമായി വരുന്ന പെണ്ണ് അയാളോട് പറയുന്ന ഒരു വാചകം ഉണ്ട്. 'ഇങ്ങള്‍ക്ക്‌ വേണ്ടി ഞാന്‍ ഒരു ഷര്‍ട്ട് വാങ്ങീരുന്നു. അത് ഇന്നലെ വേറൊരാള്‍ക്ക് കൊടുക്കേണ്ടി വന്നു' എന്ന്. വെള്ളയില്‍ ചുവന്ന പൂക്കളുള്ള ഒരു ഷര്‍ട്ടല്ലേ അതെന്ന മനോഹരന്‍റെ അങ്ങോട്ടുള്ള ചോദ്യം കേട്ടിട്ട് ഒട്ടൊന്നു അമ്പരന്നെങ്കിലും നിലത്തു നോക്കിക്കൊണ്ട്‌ ചെറിയ നാണത്തോടെ അവള്‍ പറയുന്നു. 'അതെ. പക്ഷെ പൂക്കള്‍ ഞാന്‍ ആര്‍ക്കും കൊടുത്തിട്ടില്ല ' എന്ന്. ഈയടുത്ത കാലത്തൊന്നും പ്രണയം ഓരോ വാക്കിലും തുളുമ്പി നില്‍ക്കുന്ന ഇത്രയും മനോഹരമായ ഒരു രംഗം കണ്ടിട്ടില്ല . 

2012 മേയ് 6, ഞായറാഴ്‌ച

ഗ്രാന്‍ഡ്‌ മാസ്റ്റര്‍ - റിവ്യൂ



    അങ്ങനെ ഇന്ന് ബാന്‍ഗ്ലൂര്‍ ഗോപാലന്‍ മാളില്‍ പോയി ഗ്രാന്‍ഡ്‌ മാസ്റ്റര്‍ കണ്ടു. അത്യാവശ്യം കുഴപ്പമില്ലാത്ത റിവ്യൂകള്‍ കണ്ടിട്ടാണ് ചിത്രത്തിന് പോയത്. അഗതാ ക്രിസ്ടിയുടെ ABC Murders ചൂണ്ടിയാണ് ഉണ്ണിയേട്ടന്‍ ഈ കഥ ഒപ്പിച്ചതെന്നും കേട്ടു. അങ്ങനെയാണ് ഇത് കാണാന്‍ തീരുമാനിച്ചത്. ചിത്രം കൊള്ളാം. പ്രമാണിയിലും സ്മാര്‍ട്ട്‌ സിറ്റിയിലും ഒക്കെ കാണാതിരുന്ന ഒരു മികവു തീര്‍ച്ചയായും ഈ ചിത്രത്തില്‍ ഉണ്ണികൃഷ്ണന്‍ കാണിക്കുന്നുണ്ട്. 
പക്ഷെ അതേ സമയം തന്നെ ഒരുപാടു പാളിച്ചകളും ഉള്ള ഒരു ചതുരംഗ കളിയാണ് ഈ ചിത്രം. 

എന്താണ് കഥ ?
     മെട്രോ നഗരങ്ങളിലെ സുരക്ഷക്കായി രൂപീകരിച്ചിട്ടുള്ള സെല്ലിന്റെ ( ഇങ്ങനത്തെ ഒരു സാധനം നമ്മുടെ എല്ലാ ക്രൈം ത്രില്ലറുകളിലും കാണും. ) തലവന്‍ ആണ് ഒരു നല്ല ചെസ്സ്‌ കളിക്കാരന്‍ കൂടിയായ ചന്ദ്രശേഖരന്‍. വിവാഹ മോചനം നേടി ഒറ്റയ്ക്ക് താമസിക്കുന്ന ചന്ദ്രശേഖരന്‍ ഡിപ്പാര്‍ട്ട്മെന്റിലെ ഒരു ബുദ്ധി രാക്ഷസന്‍ ആണ്. സ്വന്തം ജീവിതത്തെയും ചതുരംഗ പലകയിലെ കറുപ്പും വെളുപ്പും ചതുരങ്ങള്‍ പോലെയാണ് അയാള്‍ കാണുന്നത്. എല്ലാം ഒരു ഗെയിം പോലെയും. അങ്ങനെ ഒരു ഒറ്റയാന്‍ ജീവിതം നയിക്കുന്ന ചന്ദ്രശേഖരന്റെ മുന്നില്‍ പ്രത്യക്ഷപ്പെടുന്ന ബുദ്ധിമാനായ ഒരു കൊലയാളി. കൊലപാതകം നടക്കാന്‍ പോകുന്ന ദിവസത്തെയും സ്ഥലത്തെ പറ്റിയും വ്യക്തമായ സൂചനകള്‍ ചന്ദ്രശേഖരന് കൊടുത്തിട്ട് തന്റെ കൃത്യം നിര്‍വഹിക്കുന്ന ഒരു അതി ബുദ്ധിമാന്‍. മാത്രമല്ല കൊല നടത്തിയതിനു ശേഷം അയാള്‍ അവിടെ മനപൂര്‍വം ചില സൂചനകള്‍ അവശേഷിപ്പിക്കുന്നു. മരിച്ചവരുടെ പേരിന്റെ ആദ്യാക്ഷരങ്ങള്‍ എ , ബി, സി എന്നിങ്ങനെ തുടര്‍ച്ചയായാണ് വരുന്നത്. കൊല നടക്കുന്ന സ്ഥലങ്ങളില്‍ അയാള്‍ ഉപേക്ഷിച്ചു പോകുന്ന അക്ഷര മാല പുസ്തകങ്ങളില്‍ ആ അക്ഷരം അയാള്‍ മാര്‍ക്ക്‌ ചെയ്യുന്നുണ്ട്. ഇരുളില്‍ മറഞ്ഞിരുന്നു കൊണ്ട് അരണ്ട വെളിച്ചത്തില്‍ കൌശലവും വെറിയും നിറഞ്ഞ ഒരു ചതുരംഗ പലകയിലേക്ക് ജീവിതത്തിലെ ഏറ്റവും വലിയ ഗെയിം കളിയ്ക്കാന്‍ ചന്ദ്രശേഖറിനെ അയാള്‍ വെല്ലുവിളിക്കുന്നു. കാലാളുകളെ ഉന്തിയുന്തിയുള്ള അവരുടെ കളിയാണ് ഈ ചിത്രത്തിന്റെ കഥ. ഒടുവില്‍ ചെക്ക്‌ മേറ്റ്‌ വിളിക്കുന്നിടത്ത് ചന്ദ്രശേഖര്‍ കഥ അവസാനിപ്പിക്കുന്നു. 

മോഹന്‍ ലാല്‍ - ഈ ചിത്രത്തിന്റെ ഐശ്വര്യം 

    കാസനോവയുടെ റിവ്യൂവില്‍ ഞാന്‍ ലാലേട്ടനെ പറ്റി പറഞ്ഞത് നിങ്ങള്‍ക്ക് ഒരു പക്ഷെ ഓര്‍മയുണ്ടാവും.ചീര്‍ത്ത തടിയും ക്ഷീണിച്ച കണ്ണുകളുമായി ആ ചിത്രത്തിന് തന്നെ ബാധ്യതയായ ലാലേട്ടന്റെ വേറൊരു മുഖം ആണ് ചിത്രത്തില്‍. വെറും മുഖം എന്നൊന്നും പറഞ്ഞാല്‍ പോര. അത്യന്തം ഓജസ്സും ഉന്മേഷവും തുളുമ്പുന്ന പഴയ ലാലേട്ടനെ തീര്‍ച്ചയായും ഈ സിനിമയില്‍ കാണാം. മാത്രമല്ല മെലിഞ്ഞുണങ്ങി സുന്ദരന്‍ ആയിരിക്കുന്നു അദ്ദേഹം. കമ്പനിയില്‍ അദ്ദേഹം അവതരിപ്പിച്ച വളരെ sophisticated ആയ ഒരു പോലീസ് ഓഫീസറെ ആണ് അദ്ദേഹം മോഡല്‍ ആക്കിയിരിക്കുന്നത്. വസ്ത്ര വിധാനവും, ചെറിയ നര കയറിയ ഹെയര്‍ സ്റ്റൈല്‍ , വളരെ നിയന്ത്രിതവും പക്വവുമായ ശരീര ഭാഷയും അഭിനയവും കൊണ്ട് ലാലേട്ടന്‍ പണ്ടത്തെ അദ്ദേഹത്തിന്റെ സുവര്‍ണ കാലത്തിന്റെ ഓര്‍മ്മകള്‍ ശക്തമായി തിരികെ കൊണ്ട് വരുന്നു. മാത്രമല്ല അദ്ദേഹത്തിന്റെ  അഭിനയത്തിന്  ഒരു ചുക്കും സംഭവിച്ചിട്ടില്ല എന്നും ഉള്ള ഒരു തെളിവാണ് ഈ ചിത്രത്തിലെ ഗ്രാന്‍ഡ്‌ മാസ്ടറുടെ വേഷം. ഒരു കടുത്ത ലാലേട്ടന്‍ ഫാന്‍ ആയതു കൊണ്ടല്ല പറയുന്നത്. ഈ വേഷം ഇങ്ങനെ അവതരിപ്പിക്കാന്‍ മോഹന്‍ ലാലിന് തന്നെയേ പറ്റൂ. കാസനോവയില്‍ ലാലേട്ടന്‍ ഒരു ബാധ്യത ആയിരുന്നെങ്കില്‍ ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണവും അദ്ദേഹം തന്നെ. തന്റെ പ്രായത്തിനു യോജിച്ച ഇത്തരം ഒരു കഥാപാത്രത്തെ അതിമനോഹരമായി തന്നെ അദ്ദേഹം ആവിഷ്കരിച്ചു. നരേന്‍ , ജഗതി, പ്രിയാമണി, അനൂപ്‌ മേനോന്‍ ( സത്യം പറഞ്ഞാല്‍ പരമ ബോറന്‍ അഭിനയം. സുരേഷ് ഗോപി + മോഹന്‍ ലാല്‍ + മമ്മൂട്ടി അങ്ങനെ ഒരു മിക്സ്‌ ) , ബാബു ആന്റണി. കാസനോവയില്‍ ആ കള്ളന്റെ വേഷമിട്ട അര്‍ജുന്‍ നന്ദകുമാര്‍ ( ഇവന്‍ ഒരു മുതല്‍ക്കൂട്ടാണ് ) ഇങ്ങനെ ഒരുപാടു പേര്‍ ഉണ്ടെങ്കിലും അസാമാന്യമായ സ്ക്രീന്‍ കരിസ്മ കൊണ്ട് ലാലേട്ടന്‍ ഇവരെ ഒക്കെ ബഹുദൂരം പിറകിലാക്കി  

സാങ്കേതികം 

     സാങ്കേതികം എല്ലാം പതിവ് പോലെ തന്നെ. പക്ഷെ രണ്ടു പേര്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. ഒന്ന് . ക്യാമറ.  വിനോദ് ഇല്ലംപള്ളി ആണ് ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. അത്യുഗ്രന്‍ എന്ന് തന്നെ പറയാവുന്ന രീതിയില്‍ അദ്ദേഹം തന്റെ ജോലി ചെയ്തിരിക്കുന്നു. ഒരു കുറ്റാന്വേഷണ ചിത്രം ആണ് ഇതെന്ന് തോന്നിപ്പിക്കുന്നത് അദ്ദേഹത്തിന്റെ ക്യാമറയുടെ കൂടി ഒരു മിടുക്കാണ്. രണ്ടാമത്തേത് . ജോസഫ്‌ നെല്ലിക്കന്റെ കല സംവിധാനം ആണ്. സാധാരണ ഷാജി കൈലാസ് ചിത്രങ്ങളില്‍ കാണുന്ന പോലെയുള്ള ബോറന്‍ പശ്ചാതലങ്ങള്‍ക്ക് പകരം കുറച്ചു കൂടി യാഥാര്‍ത്ഥ്യ ബോധത്തോടെ ഉള്ള അന്തരീക്ഷം ഒരുക്കുന്നതില്‍ നെല്ലിക്കന്‍ വിജയിച്ചിട്ടുണ്ട്. 

ഉണ്ണികൃഷ്ണന്‍ എന്ന സംവിധായകന്‍ 
    ഒരു സംവിധായകന്‍ എന്ന നിലയില്‍ അദ്ദേഹം ഒരിഞ്ചു പോലും മുന്നോട്ടു പോയിട്ടില്ല. പക്ഷെ ഈ തിരക്കഥയില്‍ അദ്ദേഹം നല്ലത് പോലെ പണിയെടുത്തിട്ടുണ്ട്. അതിന്റെ പച്ച മാത്രമേ ചിത്രത്തില്‍ ഉള്ളൂ. ഒരു ത്രില്ലര്‍ ഉണ്ടാക്കുന്നതില്‍ അദ്ദേഹം ചെയ്യുന്ന ഒരേ ഒരു ജോലി ഒരു ട്വിസ്റ്റ്‌ കണ്ടു പിടിക്കുക എന്നത് മാത്രമാണ്. അല്ലാതെ ഉദ്വേഗ ജനകമായി അത് എങ്ങനെ പറയാം , സ്ക്രീനില്‍ എന്തൊക്കെയാണ് വരേണ്ടത് എന്നീ കാര്യങ്ങള്‍ ഒന്നും അദ്ദേഹം ശ്രദ്ധിക്കുന്നില്ല എന്ന് തോന്നുന്നു. ഉണ്ണികൃഷ്ണന്റെ ഇത്തരം ഒരു തിരക്കഥ വേറൊരാള്‍ സിനിമ ആക്കുമ്പോള്‍ ഉണ്ടാകുന്ന വ്യത്യാസം അറിയണമെങ്കില്‍ ടൈഗര്‍ എന്ന ഒറ്റ ചിത്രം കണ്ടാല്‍ മതി. അതുകൊണ്ട് ഈ പണി അറിയാവുന്നവരെ തിരക്കഥ ഏല്‍പ്പിക്കുന്നതാവും അദ്ദേഹത്തിന്  നല്ലത് എന്ന് തോന്നുന്നു. 

മൊത്തത്തില്‍ ഇഷ്ടപ്പെട്ടത് 
ലാലേട്ടന്‍... ലാലേട്ടന്‍ ആന്‍ഡ്‌ ലാലേട്ടന്‍ ഒണ്‍ലി പിന്നെ.  പറയുകാണെങ്കില്‍ ബാബു ആന്റണി കൊള്ളാം.  
വേണ്ടായിരുന്നു എന്ന് തോന്നിയത് പ്രിയാമണി. ദേശീയ അവാര്‍ഡ്‌ കിട്ടിയ ഒരു അഭിനേത്രിക്ക് ഒന്നും ചെയ്യാനില്ലായിരുന്ന ഒരു റോള്‍ ആയിരുന്നു. അത് പോലെ തന്നെ അനൂപ്‌ മേനോന്‍. ഇത്രയും കൃത്രിമം അയ അഭിനയം സ്ഥിരമായി പുറത്തെടുത്തുകൊണ്ടിരിക്കുന്ന അനൂപിനെ എന്തിനു ഈ റോള്‍ ഏല്‍പ്പിച്ചു എന്നും തോന്നി. 

വാല്‍ക്കഷണം : 
     കൊലയാളി ഓരോ കൊലപാതകത്തിന് ശേഷവും ഒരു ആല്‍ഫബെറ്റ് ബുക്ക്‌ ഇട്ടിട്ടു പോകുന്നുണ്ട്. ആദ്യത്തെ ഇര ആലീസ് ആണ്. അവിടെ ഉപേക്ഷിച്ച പുസ്തകത്തില്‍ A for Apple എന്നത് വെട്ടി A for Alice എന്ന് എഴുതി വയ്ക്കുന്നുണ്ട്‌ അയാള്‍. സത്യം പറഞ്ഞാല്‍ ആ ഒറ്റ സീന്‍ കണ്ടപ്പോ തന്നെ എനിക്ക് കൊലയാളിയെ പിടി കിട്ടി. മാസ്റ്റര്‍ ടിന്റു മോന്‍ . എ ബി സി ഡി ഇത് വരെ പഠിക്കാന്‍ പറ്റാത്തതിലുള്ള നിരാശ കാരണം ടിന്റു ആണ് ഇതൊക്കെ ചെയ്തതെന്നാണ് ഞാന്‍ വിചാരിച്ചത്. പക്ഷെ ഒടുവില്‍ ഉണ്ണികൃഷ്ണന്‍ പറ്റിച്ചു കളഞ്ഞു 

2012 ഏപ്രിൽ 25, ബുധനാഴ്‌ച

ഫെമിനിസം : 22 ഫീമെയിലിനെ 'ഫ'യക്കുന്നതാര് ?



      ആഷിക് അബുവിന്റെ പുതിയ ചിത്രമായ 22 Female Kottayam ആണല്ലോ മലയാള സിനിമയിലെ പുതിയ ഹോട്ട് ടോപ്പിക്ക്. ഞാന്‍ ചിത്രം ഇത് വരെ കണ്ടിട്ടില്ല. പക്ഷെ ഒരുപാടു വാര്‍ത്തകളും റിവ്യൂകളും ഒക്കെ കണ്ടു. മലയാളിയുടെ സദാചാര വിചാരങ്ങള്‍ നിറഞ്ഞ ആശങ്കകളും ചിലയിടങ്ങളില്‍ കണ്ടു. 22 Female Kottayam ഇത് വരെ ഞാന്‍ കണ്ടിട്ടില്ല. ഇവിടെ ബാംഗ്ലൂര്‍ പടം ഇറങ്ങിയിട്ടുണ്ട് എന്ന് പറയുന്നത് കേട്ടു. കാണണം. ബുദ്ധിജീവികള്‍ എന്ന് നടിക്കുന്ന ചില നിരൂപകന്മാര്‍ പതിവ് പോലെ ചില ലോക സിനിമകളുടെ പേരും പറഞ്ഞു മേനി നടിക്കുന്നതും കണ്ടു. ഒരു പെണ്‍കുട്ടി ഇങ്ങനെ പ്രതികാരം ചെയ്യുമോ ? അതാണോ ഫെമിനിസം ? അല്ലെങ്കില്‍ ഫെമിനിസം എന്ന് വച്ചാല്‍ എന്താണ് എന്നിങ്ങനെ ഒരുപാടു ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന ഒരു ചിത്രമാണ്‌ 22FK എന്ന് തോന്നുന്നു. എന്തായാലും ഫെമിനിസത്തെ പറ്റിയാണ് തന്റെ ചിത്രമെന്നോ അല്ലെങ്കില്‍ പുത്തന്‍ പുതിയ ഒരു ആശയമാണ് ഈ സിനിമ എന്നോ ആഷിക് ഇത് വരെ എവിടെയും അവകാശപ്പെട്ടിട്ടില്ല. പക്ഷെ തികച്ചും പുതുമയുള്ള ഒരു ട്രീറ്റ്‌മെന്റ് ഈ ചിത്രതിനുണ്ടാവും എന്ന് സോള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍ കണ്ടതിന്റെ അടിസ്ഥാനത്തില്‍ എനിക്ക് ഊഹിക്കാനാവും. തന്റെ നായികയെ ആഷിക് ഒരു Female Fighter എന്നാണു വിശേഷിപ്പിച്ചത്‌. അപ്പൊ ഇതിനെ ഒരു ഫെമിനിസ്റ്റ് ചിത്രമായി കാണാനാവുമോ എന്നതാണ് ചോദ്യം.


      ഈ ചോദ്യത്തിനുള്ള ഉത്തരം വേറെയും പല ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കൂടിയാണ്. ഫെമിനിസം എന്ന് വച്ചാല്‍ സത്യത്തില്‍ എന്താണ് ? Feminism is a collection of movements aimed at defining, establishing, and defending equal political, economic, and social rights for women. In addition, feminism seeks to establish equal opportunities for women in education and employment. A feminist is a "person whose beliefs and behavior are based on feminism."  എന്നാണു വിക്കി ഫെമിനിസത്തെ നിര്‍വചിക്കുന്നത്. അപ്പോള്‍ സ്ത്രീകള്‍ക്ക് നേരെയുള്ള വിവേചനങ്ങള്‍ക്കെതിരെ പ്രതികരിക്കുന്ന / അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കുന്ന ഏതൊരാളും ഫെമിനിസ്റ്റ് എന്ന നിര്‍വചനത്തിനു കീഴില്‍ വരും. അപ്പൊ ആ അര്‍ത്ഥത്തില്‍ ചിത്രത്തിലെ നായികയെ നമുക്ക് ഫെമിനിസ്റ്റ് എന്ന് വിളിക്കാം. നമ്മുടെ കേരളീയ സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ വ്യഭിചരിക്കപ്പെട്ട ഒരു വാക്കാണ്‌ ഫെമിനിസം എന്നത്. കോളര്‍ വച്ച ബ്ലൌസ് ഇട്ടതും ജൂബ ഇട്ടു ബീഡിയും വലിച്ചു വെള്ളമടിച്ചും നടക്കുന്നവരാണ് നമ്മുടെ മാധ്യമങ്ങളിലും മറ്റും കണ്ടിട്ടുള്ള ഫെമിനിസ്റ്റുകള്‍. അതിനെ ഒക്കെ കളിയാക്കിക്കൊണ്ടുള്ള ഒരു പോസ്റ്റ്‌ ഈയിടെ ബെര്‍ലി ഇട്ടിരുന്നത്  വായിച്ചു. അടുത്ത കാലത്ത് ഇന്ത്യയിലെ ഏറ്റവും പോപ്പുലര്‍ അയ ഒരു ന്യൂസ്‌ പേപ്പറിന് വേണ്ടി    ന്യൂസ്‌ സ്ട്രീമിംഗ് ചെയ്യുന്ന ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ ഞാന്‍ പോയിരുന്നു. എന്റെ ഒരു സുഹൃത്തിനെ കാണാന്‍. അവിടെ ചെന്നപ്പോള്‍ കണ്ടത് പുള്ളിക്കാരി സഹ ജീവികള്‍ക്കൊപ്പം പുറത്തു പോകുന്നതാണ്. റിംഗ് റോഡിലുള്ള ഒരു പബ്ബില്‍. അവിടെ പോയി വെള്ളമടി ആണ് പരിപാടി. പാര്‍ട്ടിയിംഗ് എന്ന പേരില്‍ അവിടെ പുകവലി, വെള്ളമടി , പരദൂഷണ ചര്‍ച്ച .. അതൊക്കെയാണ്‌ നടക്കുന്നത്. ലിവിംഗ് ഫ്രീ എന്നതാണ് പോലും അവരുടെ മുദ്രാവാക്യം.വ്യക്തമായ പുരുഷാധിപത്യം നില നില്‍ക്കുന്ന ഒരു സമൂഹത്തില്‍ ഫെമിനിസത്തെ വിവിധ മേഖലകളില്‍ എങ്ങനെ കാണുന്നു എന്നത് നമുക്കൊന്ന് വിശകലനം ചെയ്തു നോക്കാം.

സാഹിത്യവും പെണ്ണെഴുത്തും - 


     ഞാന്‍ പണ്ട് പുസ്തകങ്ങള്‍ ഒക്കെ വായിച്ചു തുടങ്ങുന്ന കാലം മുതല്‍ കേള്‍ക്കുന്നതാണ് പെണ്ണെഴുത്ത്‌ എന്നത്. സ്വാഭാവികമായും ആണുങ്ങള്‍ എഴുതുന്നതില്‍ ആണുങ്ങളുടെ ഒരു ചിന്ത മാത്രമല്ലേ വരൂ. ഒരു ആണിന് പരകായ പ്രവേശം നടത്തി ഒരു സ്ത്രീയുടെ കാഴ്ചപ്പാടുകള്‍ എഴുതാന്‍ ഒരിക്കലും കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല.അപ്പോള്‍ ഒരു ആണെഴുതുന്നതില്‍ പെണ്ണിന്റെ പ്രാധാന്യം കുറഞ്ഞു പോയി എന്ന് പരിഭവിച്ചിട്ട്‌ കാര്യമില്ല. ഒരു കൌതുകത്തിന്റെ പേരില്‍ ഇപ്പറഞ്ഞ പല പെണ്ണെഴുത്തുകളും ഞാന്‍ വായിച്ചു നോക്കി. സ്ത്രീയുടെ ശക്തി കാണിക്കാനെന്ന പേരില്‍ അവളുടെ ശരീര അവയവങ്ങളുടെ പേരുകളും ജീവിതത്തിലെ സ്വകാര്യമായ  സംഗതികളും  എന്തിനു, പച്ചയായ  ലൈംഗിക വര്‍ണനകള്‍ കൊണ്ടും സമ്പന്നമാണ് സ്ത്രീയുടെ എഴുത്ത്. ഇതില്‍ എങ്ങനെയാണ് സ്ത്രീയുടെ ശക്തി വെളിവാകുന്നതെന്ന്  മനസ്സിലാകുന്നില്ല. ആണുങ്ങള്‍ എഴുതുന്നത്‌  പോലെ തങ്ങള്‍ക്കും പച്ചയായി എഴുതാന്‍ കഴിയും എന്ന് തെളിയിക്കുക മാത്രമാണ്  ഇത്തരം കഥകളുടെ ലക്ഷ്യം എന്ന് തോന്നിപ്പോകും. അല്ലാതെ ഒരു  പെണ്ണിനോട് ബഹുമാനം തോന്നിക്കുന്ന രീതിയില്‍ അവളെ അവതരിപ്പിച്ചിരിക്കുന്ന കൃതികള്‍ ഒന്നും ഇപ്പറയുന്നവരുടെ സംഭാവനയായി  കണ്ടിട്ടില്ല. മാത്രമല്ല ഇവരുമായി താരതമ്യം ചെയ്താല്‍ ആണുങ്ങളുടെതായി അത്തരം കൃതികള്‍ വന്നിട്ടുണ്ട് താനും .

സിനിമ  -

     സിനിമയിലെ ഫെമിനിസ്റ്റുകള്‍ വന്‍ തമാശകള്‍ ആണ്. മേല്‍ പറഞ്ഞത് പോലെ കോളര്‍ വച്ച ബ്ലൌസ് ഇട്ട പെണ്ണുങ്ങള്‍ ആണ് മിക്കവാറും സിനിമയിലെ ഫെമിനിസ്റ്റ് പ്രതിനിധികള്‍. അല്ലെങ്കില്‍ പിന്നെ പണ്ടത്തെ സിനിമകളില്‍ വത്സല മേനോന്‍ / സുകുമാരി ഒക്കെ അവതരിപ്പിച്ച സ്ലീവ് ലെസ്സ് ബ്ലൌസ് ഒക്കെ ഇട്ടു കൂളിംഗ്‌ ഗ്ലാസ്‌ വച്ച അവതാരങ്ങള്‍. ഇപ്പൊ പൊന്നമ്മ ബാബു ഇതൊക്കെ പരീക്ഷിക്കുന്നുണ്ട്.  പിന്നുള്ളത് പോലീസ് വേഷങ്ങളില്‍ ആണ്. വാണി വിശ്വനാഥ്  അവതരിപ്പിച്ചിട്ടുള്ളത് പോലുള്ള കഥാപാത്രങ്ങള്‍. വെറുതെ തൊട്ടതിനും പിടിച്ചതിനും ബഹളം വയ്ക്കുന്ന ജീവികള്‍. രഞ്ജിത്ത് അവതരിപ്പിച്ചിട്ടുള്ള  മിക്ക സ്ത്രീ കഥാപാത്രങ്ങളും (കൂടുതലും രേവതിയും ഖുശ് ബുവും  അവതരിപ്പിച്ചിട്ടുള്ളത് ) ഒക്കെ വെറും കപട വ്യക്തിത്വങ്ങള്‍ മാത്രമായാണു എനിക്ക് തോന്നിയിട്ടുള്ളത്. പിന്നെ മറ്റുള്ളവര്‍ എഴുതുന്നത്‌ വച്ച്  നോക്കുമ്പോള്‍ തമ്മില്‍ ഭേദം അങ്ങേരുടെ കഥകളിലെ സ്ത്രീകള്‍ തന്നെയാണ് എന്നത് വാസ്തവം . പലേരി മാണിക്യത്തിലെ ഗൌരി മുജ്ഞാല്‍ അവതരിപ്പിച്ച കഥാപാത്രത്തെ പോലെ ആണ്‍ പെണ്‍ സൗഹൃദം വളരെ "ഉയര്‍ന്ന" തലത്തില്‍ കൊണ്ട് നടക്കുന്ന ഹൈ പ്രൊഫൈല്‍ കഥാപാത്രങ്ങളും റോക്ക്പ ആന്‍ഡ്‌ റോളില്‍ പച്ചയ്ക്ക് ഡയലോഗ് ഫിറ്റ്‌ ചെയ്യുന്ന ശ്വേത മേനോന്റെ പോലെയുള്ള കഥാപാത്രങ്ങളും അങ്ങോര്‍ എഴുതിയിട്ടുണ്ട്. ഇത് പോലെ തന്നെ pseudo feminists ആണ് ലോഹിത ദാസ്‌ അവതരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങള്‍. ഏറ്റവും നല്ല ഉദാഹരണം കന്മദത്തിലെ മഞ്ജു വാര്യര്‍ അവതരിപ്പിച്ച ഭാനു എന്ന കഥാപാത്രം. ഒരു വെട്ടുകത്തിയും അരയില്‍ തിരുകി കരിങ്കല്ല് പോലെ ഉറച്ച മനസ്സുമായി ഒരു ഒത്ത ആണിനെ പോലെ ജീവിക്കുന്ന ഭാനു ഒടുവില്‍ വിശ്വനാഥന്റെ ആലിംഗനത്തില്‍ ഒരു മഞ്ഞു കട്ട പോലെ അലിയുകയാണ്. വികാരങ്ങള്‍ വിചാരങ്ങളെ ഭരിക്കുന്ന ഒരു പെണ്ണിന്റെ മനസ്സ് അവിടെ വെളിവാക്കുകയാണ് ലോഹിതദാസ് ചെയ്തത് . സിനിമയിലെ അലറുന്ന പെണ്‍ കഥാപാത്രങ്ങളെ പലപ്പോഴും നീയൊരു വെറും പെണ്ണാണ് എന്ന് വിളിച്ചു തറയിലേക്കു കൊണ്ട് വരുന്ന നായക കഥാപാത്രങ്ങള്‍ കൊണ്ട് സമ്പന്നമാണ് മലയാള സിനിമ. ഇത് ഏറ്റവും കൂടുതല്‍ അനുഭവിച്ച ഒരു നടി ആണ് വാണി വിശ്വനാഥ് .പുള്ളിക്കാരി യൂണിഫോം ഇട്ടു വരുന്നത് കണ്ടാല്‍ മതി, അപ്പൊ തന്നെ മമ്മൂട്ടി വന്നു തെറി പറയും. ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ പറഞ്ഞാല്‍ ഒരു ടിപ്പിക്കല്‍ മലയാളി ആണിന്റെ മനസ്സിന്റെ നേര്‍ കാഴ്ച ആണ് നമ്മുടെ സിനിമയും.

സാമൂഹികം / വസ്ത്ര ധാരണം / സോഷ്യലൈസിംഗ് 

എല്ലാ ചാനലുകളും കൂടി ചര്‍ച്ച ചെയ്തു വഷളാക്കിയ ഒരു വിഷയമാണ് ഇത്. ഈയിടയ്ക്ക് slut walk നടന്നതൊക്കെ നിങ്ങള്‍ക്ക് ഓര്‍മയുണ്ടാവുമല്ലോ. അതിനെ പറ്റി മുന്നേ എഴുതിയ ഒരു പോസ്റ്റ്‌ വായിക്കാന്‍ താല്പര്യപ്പെടുന്നു. 


ജീവിതം / തൊഴില്‍

    പലപ്പോഴും കണ്ടിട്ടുണ്ട് നമ്മുടെ കുടുംബ ജീവിതത്തില്‍ സ്ത്രീയുടെ ജോലി ഭാരത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍. പ്രത്യേകിച്ച് ജോലിയുള്ള സ്ത്രീകളുടെ കാര്യത്തില്‍. ഒരു ദിവസം മൂന്നും നാലും ഷിഫ്റ്റ്‌ ജോലി ചെയ്യുന്നവരാണ് അവര്‍. രാവിലെ കുട്ടികളെ ഒരുക്കുക. ഭര്‍ത്താവിനും തനിക്കും വേണ്ടി ഭക്ഷണം ഉണ്ടാക്കുക. പിന്നെ ഓഫീസില്‍ പോയി ജോലിയെടുക്കുക. തിരികെ വന്നിട്ട് വീണ്ടും മക്കളുടെ ഭക്ഷണം, അവരെ പഠിപ്പിക്കല്‍ , ഭര്‍ത്താവിനു ഭക്ഷണം എടുത്തു കൊടുക്കല്‍ തുടങ്ങി ഒരു കൂട്ടം ജോലികളുടെ ഇടയില്‍ കറങ്ങുന്നതാണ് സ്ത്രീയുടെ ജീവിതം. ഇവിടെ ഫെമിനിസ്റ്റുകള്‍ പറയുന്നതിനോട് ഞാന്‍ ഒരു പരിധി വരെ യോജിക്കുന്നു. പാശ്ചാത്യ സംസ്കാരത്തില്‍ നിന്ന് വ്യത്യസ്തമായി ഇവിടെ പുരുഷന്‍ പുറത്തു പോയി ജോലി എടുക്കുന്ന ഒരാള്‍ മാത്രമാണ്. ബാക്കിയുള്ള ഒരു ജോലി ഭാരം ഷെയര്‍ ചെയ്യാനും അവന്‍ തയ്യാറല്ല, അല്ലെങ്കില്‍ അങ്ങനെ ചെയ്യുന്ന ഒരാളെ പെണ്‍കോന്തന്‍ എന്ന് വിളിച്ചു കളിയാക്കുന്ന ഒരു സമൂഹം ആണ് നമ്മുടേത്‌. ഒരു ദിവസം ഒരു സാധാരണ സ്ത്രീ കടന്നു പോകുന്ന സങ്കീര്‍ണതകള്‍ അതേ ക്ഷമയോടെ ഒരു ആണിന് ഒരിക്കലും നേരിടാന്‍ കഴിയില്ല എന്നാണു എന്റെ അഭിപ്രായം ( ആണ്‍ വായനക്കാര്‍ തല്ലരുത് ).



22 / Female / Kottayam ചര്‍ച്ച ചെയ്യുന്നതെന്ത് ?


ഈ ഭാഗം വായിക്കുന്നതിനു മുമ്പ് നമ്മുടെ ബ്ലോഗിന്റെ ഒരു പ്രിയപ്പെട്ട വായനക്കാരന്‍ ശ്രീ ജിബിന്‍ എനിക്കയച്ച ഒരു ഇ-മെയിലിന്റെ ചില ഭാഗങ്ങള്‍ നിങ്ങള്‍ വായിക്കുക .



I’m sending you this mail to share my personal views regarding a movie which I saw few days back. The movie is none other than the new trend setter in Malayalam movie industry, “Twenty Two – Female – Kottayam” (22FK). The movie is a sign of the revolution happening in the Malayalam movie industry and is undoubtedly a different approach. The overall make, direction, cast and crew were superb and the exceptional performance of Rima and Asif are laudable. Above all, they dared to expose several aspects which are considered as taboo in our society. Pre-marital sex relationship, women abuse, sex-trafficking etc. are some among those, which are not commonly featured in Malayalam movies. It is really helpful in creating awareness among the youngsters not to fall in such traps. The screenwriter deserves the full credit of it.

But I like to express two points which I found misleading and exaggerated (from my perception) in this movie.


Conveying the sex-relationship as a simple/silly/common thing.

A research study carried out in European countries found that, the female cartoon characters are inversely influencing the girl kids. These characters like Mermaid, Barbie etc. are featured of having adventures by absconding from home. It was the main reason for the numerous girl child missing cases over there.

I feel the same is going to happen here, in our society, but in a much drastic manner.

1.      I felt shocked by watching the scene in which Rima (Tesa) telling Asif (Cyril) that I’m not a Virgin.    It was presented in a very simple manner as if it’s not significant for human life at all.
2.      Another scene in which the girls’ commenting about the hero’s butt was so terrible.
3.      After being brutally raped, she was becoming normal as if nothing happened to her.
4.      Above all, for having her revenge, she is again committing sex with another pimp (Mr. D.K.)

In short, this movie conveys, she is been in relationship with four persons for six times!

We may say that film is a replica of life, and I agree that these things are happening in real life too, but there are certain aspects or limits which we should consciously avoid from the common audience.

In the theater, 80% of the viewers were women audience, they too falling under the age of 25 and below. Even there were several school students too (in uniform). I wonder, how these scenes are affecting them and what message it conveys to them. I’m afraid, after watching this movie, at least 10% of them might had a feeling that having these kind of close relationship is of no harm at all. These sort of wrong ideologies are the main reason for the failure and imbalance of relationships in the western countries. I’m very much worried that whether we are also going in that same path?

If you agree with my views, I request want you to write an article about these potentially catastrophic elements.

    ജിബിന്‍ എഴുതിയ ഈ മെയിലിലെ ആശങ്ക നിങ്ങളില്‍ പലര്‍ക്കും ഉണ്ടെന്നു എനിക്കറിയാം. ഈ മെയില്‍ ഞാന്‍ എന്റെ ഒരു സുഹൃത്തിനെ ആണ് ആദ്യം കാണിച്ചത്. അവന്‍ ഇത് കണ്ടു വെറുതെ ചിരിച്ചു തള്ളി. ജിബിനെ കുറെ കളിയാക്കി. നമ്മളൊക്കെ ഏതോ ഡാര്‍ക്ക്‌ ഏജില്‍ ആണ് ഇപ്പോഴും, ലോകം മാറിക്കൊണ്ടിരിക്കുകയാണ്. These kinda things are happening around man എന്നൊക്കെ പറഞ്ഞു അവന്‍ കളിയാക്കി. ഒരു നിമിഷം അവന്‍ പറയുന്നത് ശരിയാണ് എന്നെനിക്കും തോന്നി എന്നത് സത്യമാണ്. പക്ഷെ പിന്നീട് ആലോചിച്ചപ്പോഴാണ് അതല്ല ശരി എന്ന് മനസ്സിലായത്‌. ഇപ്പോഴത്തെ ന്യൂ ജെനറേഷന്‍ ചിത്രങ്ങളുടെ സ്ഥിരം ചേരുവ ആണ് വിവാഹേതര ബന്ധങ്ങള്‍, വ്യഭിചാരം, തുറന്ന സംഭാഷണങ്ങള്‍ മുതലായവ. ഇപ്പറയുന്നതൊക്കെ  നമ്മുടെ സൊസൈറ്റിയില്‍ സംഭവിക്കുന്നുണ്ട്. പക്ഷെ അത് മാത്രമാണോ ജീവിതം ? ഇങ്ങനത്തെ മിക്ക ചിത്രങ്ങളിലും ഒരു taboo ബ്രേക്ക്‌ ചെയ്യുന്നതിലുപരി കുത്തഴിഞ്ഞ ജീവിതത്തിന്റെ ആഘോഷം മാത്രമാണ് കാണാനുള്ളത്. ഒരു ആണും പെണ്ണും കൂടി ഒരുമിച്ചു നടക്കാന്‍ തന്നെ ബുദ്ധിമുട്ടുള്ള കേരളീയ സമൂഹത്തില്‍ നമ്മള്‍ ഇപ്പോഴും പാലിക്കുന്ന ചില നിയന്ത്രണങ്ങള്‍ കൊണ്ടാണ് കൂടുതല്‍ പ്രശ്നങ്ങളും ഒഴിവാകുന്നത് എന്നാണു എന്റെ അഭിപ്രായം. അപ്പോള്‍ നിങ്ങള്‍ ചോദിച്ചേക്കും നമ്മുടെ നാട്ടില്‍ ഇടയ്ക്കിടയ്ക്ക് പുറത്തു വരുന്ന പെണ്‍ വാണിഭ , കൂട്ട ബലാത്സംഗ കഥകളെ കുറിച്ച്. പക്ഷെ അതൊഴിച്ചാല്‍ ഒരു പെണ്ണിന് വേണ്ടി നടക്കുന്ന Planned crimes കേരളത്തില്‍ കുറവാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ വച്ച് നോക്കുമ്പോള്‍. അങ്ങനത്തെ ഒരു സമൂഹത്തിനു മുമ്പില്‍ വച്ച് കൊടുക്കുന്ന ഇത്തരം ചിന്തകള്‍ എങ്ങനെ ആയിരിക്കും തിരിച്ചു പ്രവര്‍ത്തിക്കുക എന്നത് ചിന്തിക്കേണ്ട ഒരു വിഷയമാണ്. ഇങ്ങനെയൊക്കെ ആയാലും മലയാളിയുടെ സദാചാര ബോധം എന്നത് തികച്ചും കപടമായ ഒന്നാണെന്ന് പറയാതെ വയ്യ. അടക്കിപ്പിടിച്ച ഇത്തരം വികാരങ്ങള്‍ തന്നെ വഴി വിട്ട ജീവിതത്തിലേക്ക് പലരെയും നയിക്കുന്നതും .

     നമുക്ക് ഈ ചിത്രത്തിലേയ്ക്കു തിരികെ വരാം. മുന്നേ പറഞ്ഞല്ലോ. ചിത്രം ഞാന്‍ ഇത് വരെ കണ്ടിട്ടില്ല. പക്ഷെ പല റിവ്യൂകളും വായിച്ചിട്ട് മനസ്സിലായത് ഒരു പ്രതികാര കഥ ആണെന്നാണ്‌. ഈ ചിത്രം അവതരിപ്പിക്കുന്ന female fighter ഒരു ഫെമിനിസ്റ്റ് ആണെന്നാണ് പലരും ധരിച്ചിരിക്കുന്നത്‌. അങ്ങനത്തെ ഒരു മുന്‍വിധിയോടെ എഴുതിയിട്ടുള്ള റിവ്യൂകള്‍  ആണ് പലതും. പിന്നെ, മുകളില്‍ ജിബിന്‍ പറഞ്ഞിരിക്കുന്ന പൊയ്ന്റുകളെ കുറിച്ചാണെങ്കില്‍, പെണ്ണുങ്ങള്‍ ഒരു പയ്യന്റെ ആസനത്തെ പറ്റി കമന്റ്‌ അടിക്കുന്നത് കേട്ടിട്ട് അത്ഭുതം തോന്നേണ്ട കാര്യമില്ല. ഇപ്പോഴത്തെ പെണ്ണുങ്ങള്‍ അടിച്ചു വിടുന്ന ഓരോ കമന്റുകള്‍ കേട്ടാല്‍ നമ്മളൊക്കെ വീണ്ടും സ്കൂളില്‍ പോയി പഠിച്ചു വരേണ്ടി വരും. എല്ലാം വിളഞ്ഞ വിത്തുകള്‍ ആണ് :) . അത് പോലെ തന്നെ വിര്‍ജിനിറ്റിയുടെ കാര്യവും. ഇവിടെ ബാംഗ്ലൂര്‍ ഞാന്‍ വര്‍ഷങ്ങളായി കാണുന്നു പല തരത്തിലുള്ള ലിവ് ഇന്‍ റിലെഷനുകള്‍. നോര്‍ത്തില്‍ നിന്ന് ഇവിടെ വന്നു താമസിക്കുന്ന ഒന്ന് രണ്ടു പേരെ എനിക്ക് നേരിട്ടറിയാം. ഒരാളിന്റെ വീട്ടില്‍ ഇതൊന്നും അറിയില്ല. അവള്‍ ഇവിടെ വന്നു പരിചയപ്പെട്ട ഒരു പയ്യനുമായി ഒരുമിച്ചു താമസിക്കുകയാണ്. കഴിഞ്ഞ രണ്ടു വര്‍ഷമായി. പക്ഷെ ഈയിടക്ക് എന്തോ സംഭവിച്ചു അവര്‍ സ്പ്ലിറ്റ് ആയി. നിങ്ങള്‍ വിശ്വസിക്കില്ല. വെറും ഒരു മാസത്തിനുള്ളില്‍ അവള്‍ക്കു വേറെ പാര്‍ട്ട്ണറെ കിട്ടി. മറ്റേ കുട്ടിയുടെ വീട്ടില്‍ ആണെങ്കില്‍ ഈ കഥകളൊക്കെ അറിയാം. മകള്‍ ഒരു പയ്യനുമായി ജീവിക്കുന്ന കാര്യമൊക്കെ. അവര്‍ക്ക് അതൊരു വിഷയമല്ല. നമ്മുടെ നാട്ടില്‍ നിന്ന് തികച്ചും സാധാരണ സാഹചര്യങ്ങളില്‍ ജനിച്ചു വളര്‍ന്ന കുട്ടികളില്‍ ചിലരും ഇത്തരം പരിപാടികള്‍ ഇവിടെ കാണിക്കുന്നുവെന്നത് സത്യമാണ്. ചിലരെയൊന്നും കണ്ടാല്‍ മലയാളി ആണെന്ന് ഒരിക്കലും നിങ്ങള്‍ പറയില്ല. ഒരു തരം ഡബിള്‍ ലൈഫ് നയിക്കുന്ന പെണ്‍കുട്ടികളും ഉണ്ട്. ഈ ചിത്രത്തില്‍ കോട്ടയത്തെ പെണ്‍കുട്ടികള്‍ ഇവിടെ വന്നു നഴ്സിംഗ് പഠനത്തോടൊപ്പം ശരീരം വിറ്റു കാശുണ്ടാക്കുന്നതായും ഒരു സംഭാഷണം ഉണ്ടെന്നു പറയുന്നത് കേട്ടു. ഇത് നാട്ടില്‍ വന്‍ വാര്‍ത്ത‍ ആയി. പക്ഷെ ഉള്ളത് പറഞ്ഞാല്‍ അത്തരം അഭിപ്രായങ്ങള്‍ ഞാന്‍ ഇവിടെ പല തവണ പലയിടത്ത് നിന്നും കേട്ടിട്ടുണ്ട്. അത് എങ്ങനെ രൂപപ്പെട്ടു എന്ന് എനിക്കറിയില്ല. മാത്രമല്ല അത് കോട്ടയത്തെ കുട്ടികളെ പറ്റി മാത്രം എങ്ങനെ വന്നു എന്നും അറിയില്ല. കോട്ടയത്ത്‌ നിന്നായിരുന്നു പണ്ട് കൂട്ടത്തോടെ പെണ്‍കുട്ടികള്‍ നഴ്സിംഗ് പഠന മോഹവുമായി ഇവിടെ വന്നു കൊണ്ടിരുന്നത്. ഒരു പക്ഷെ അതുകൊണ്ടായിരിക്കാം ഇങ്ങനെ. ഇവിടെ ജനിച്ചു വളര്‍ന്ന കുട്ടികളെ വിവാഹം കഴിക്കാന്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്ന ആണുങ്ങളും ഉണ്ട്. ഇതൊക്കെ കണ്ടതിനു ശേഷം അവര്‍ക്ക് ഉള്ളില്‍ അങ്ങനെ ഒരു വിചാരം രൂപപ്പെടുന്നതാണെന്നു തോന്നുന്നു. പക്ഷെ നഗരത്തിലുള്ള കുട്ടികളെല്ലാം പിഴച്ചതും നാട്ടിന്‍പുറത്ത് ജനിച്ചവര്‍ എല്ലാം പുണ്യവതികള്‍ എന്നൊന്നും എനിക്കഭിപ്രായമില്ല. നല്ലതും ചീത്തയും എല്ലായിടത്തും ഉണ്ട്. എനിക്ക് ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്ത കാര്യങ്ങള്‍ ആണ് ഈ നഗരത്തില്‍ ആദ്യമായി വന്നപ്പോ കണ്ടത്. പക്ഷെ ഇപ്പൊ എനിക്ക് തോന്നുന്നു അതാണ്‌ ശരിയെന്ന്. എന്തൊക്കെ പറഞ്ഞാലും ഒടുവില്‍ ഇത് രണ്ടു പേരുടെ മാത്രം ജീവിതമാണല്ലോ. അത് നന്നായാലും നശിച്ചാലും അവര്‍ തന്നെയാണ് ഉത്തരവാദികള്‍. പക്ഷെ നമ്മുടെ നാട്ടില്‍ ഇതൊന്നും വരണം എന്ന് എനിക്കഭിപ്രായമില്ല ( വരില്ല, അത് വേറെ കാര്യം. നമ്മളൊക്കെ ആരാ മൊതല് ). 

വാല്‍ക്കഷണം : 

     22 F.K പറയുന്നതിനേക്കാള്‍ സെന്‍സിറ്റീവ് ആയ വിഷയങ്ങള്‍ നമ്മുടെ മലയാള സിനിമ വര്‍ഷങ്ങള്‍ക്കു മുമ്പ് ചര്‍ച്ച ചെയ്തിട്ടുണ്ട്. മോഹന്‍ സംവിധാനം ചെയ്ത രണ്ടു പെണ്‍കുട്ടികള്‍ ആണ് ഇന്ത്യയില്‍ തന്നെ ലെസ്ബിയനിസം വിഷയമാക്കിയ ആദ്യ ചിത്രം. ഒരിടത്തൊരു ഫയല്‍വാന്‍ ,തകര, രതി നിര്‍വേദം തുടങ്ങി എത്ര ചിത്രങ്ങള്‍. അതുകൊണ്ട് ഈ ചിത്രം കാണാനുള്ള പക്വത മലയാളിക്ക് ഇല്ല എന്ന് പറയാന്‍ പറ്റില്ല. ഇവിടത്തെ വിഷയം ഈ ചിത്രം മുന്നോട്ടു വയ്ക്കുന്ന പ്രലോഭനങ്ങള്‍ ആണ്. സുരക്ഷിതമായ വിഷയങ്ങള്‍ എടുത്തു കളിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ സീനിയര്‍ സിനിമാക്കാരുടെ മുന്നില്‍ വിഷയത്തിന്റെ വ്യാപ്തി കൊണ്ടും അത് മറയില്ലാതെ അവതരിപ്പിക്കാന്‍ കാണിച്ച ധൈര്യം കൊണ്ടും ആഷിക് ഒരു പടി മുകളില്‍ നില്‍ക്കുന്നു. നൂറു ശതമാനം സത്യമായ കാര്യങ്ങള്‍ ആണെങ്കിലും നമ്മുടേത്‌ പോലുള്ള ഒരു ചെറിയ സമൂഹത്തില്‍ ഇതൊക്കെ വേണോ എന്നൊരു ചോദ്യം മാത്രം അവശേഷിക്കുന്നു.