Thursday, May 6, 2010

ഒരു സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ജനിക്കുന്നു - ഭാഗം 14

കഴിഞ്ഞ ഭാഗം ഇവിടെ
     
     നേരം വെളുത്തു. മിടിക്കുന്ന ഹൃദയവുമായി ബൈജു ഓഫീസിലേക്ക് തിരിച്ചു. ഒരുപാടു നേരത്തെ ആയോ എന്നൊരു സംശയം. എന്തായാലും ചിന്നു അവിടുണ്ട്. രാവിലെ തന്നെ ചെന്ന് പറഞ്ഞേക്കാം. ടെന്‍ഷന്‍ അടിച്ചു ഇവിടെ ഇരിക്കാന്‍ വയ്യ. 'ഹി ചിന്നു , എന്തൊക്കെ ഉണ്ട് ?' ബൈജു ചോദിച്ചു. ചിന്നു മുഖത്തേക്ക് നോക്കി. 'എന്താ പതിവില്ലാതെ രാവിലെ ? അന്നത്തെ പോലെ വല്ലതും പറയാനുള്ള തയ്യാറെടുപ്പാണോ ? ' അത് വരെ സംഭരിച്ചിരുന്ന ധൈര്യം ചോര്‍ന്നു പോകുന്നത് പോലെ ബൈജുവിന് തോന്നി. പക്ഷെ അങ്ങനെ ഇരുന്നിട്ട് കാര്യമില്ല. 'ചിന്നു. അന്ന് ഞാന്‍ ശരിക്കും സീരിയസ് ആയാണ് അത് പറഞ്ഞത്. ചിന്നു അത് എങ്ങനെ എടുത്തു എന്ന് എനിക്കറിയില്ല. പക്ഷെ ഇപ്പോഴും എനിക്ക് അത് തന്നെയേ പറയാനുള്ളൂ. എനിക്ക് ചിന്നുവിനെ മിസ്സ്‌ ചെയ്യുന്നത് പോലൊരു തോന്നല്‍ ' എങ്ങനെയോ ഇത്രയും പറഞ്ഞിട്ട് ബൈജു സ്വന്തം സീറ്റിലേക്ക് പോയി. ചിന്നുവിന്‍റെ മുഖത്ത് നോക്കിയില്ല. അവള്‍ അപ്പോള്‍ തന്നെ നോ എന്ന് പറഞ്ഞാലോ എന്നുള്ള ഭയം. അല്ലെങ്കില്‍ അവള്‍ ഇപ്പോള്‍ എങ്ങനെ പ്രതികരിക്കും എന്ന പേടി. അതാണ് ബിജുവിനെ വേഗം തിരിഞ്ഞു നടക്കാന്‍ പ്രേരിപ്പിച്ചത്. ഉച്ചക്ക് കഴിക്കാന്‍ പോയപ്പോളും വൈകിട്ട് ചായ കുടിക്കാന്‍ കഫെറെരിയയില്‍  പോയപ്പോഴും ചിന്നുവിനെ കണ്ടെങ്കിലും ബൈജു മാറി നടന്നു.


വൈകിട്ട് ജോലി നേരത്തെ തീര്‍ത്തു ബൈജു വീട്ടിലെത്തി. ടി വി വച്ച് നോക്കി. അതില്‍ യാത്രക്കാരുടെ ശ്രദ്ധക്ക് എന്ന പടം. ജയറാം സൌന്ദര്യയുടെ കല്യാണ നിശ്ചയത്തിന്റെ വാര്‍ത്ത‍ കേട്ടിട്ട് വീട്ടില്‍ വന്നു ആകെ വട്ടായി ഇരിക്കുന്ന ഭാഗമാണ് ഇപ്പൊ കാണിച്ചു കൊണ്ടിരിക്കുന്നത്. അവന്‍മാര്‍ക്ക് അത് കാണിക്കാന്‍ കണ്ട സമയം. പുല്ല്. ടി വി ഓഫ്‌ ആക്കി. കുറച്ചു നേരം ഒറ്റയ്ക്ക് ഇരുന്നു. പുറത്തൊക്കെ ഒന്ന് കറങ്ങി വന്നു. ആകെ ഒരു ടെന്‍ഷന്‍. ഇരിപ്പുറക്കുന്നില്ല. അതാ ഫോണ്‍ അടിക്കുന്നു. ആരാണോ  ആവോ സമയത്ത് .. പരിചയം ഇല്ലാത്ത ഒരു നമ്പര്‍ . 'ഹലോ ബൈജു' അപ്പുറത്ത് ഒരു പെണ്ണിന്‍റെ ശബ്ദം. വല്ല ക്രെഡിറ്റ്‌ കാര്‍ഡ്‌ കമ്പനികളും ആയിരിക്കും. ഇവളെ ഇന്ന് ഞാന്‍.. ബൈജുവിന് കലി വന്നു. 'യെസ്. വെരി മച് ഹിയര്‍ ' എന്ന് ബൈജു ഒച്ചയെടുത്തു. അപ്പുറത്തെ സ്ത്രീ ശബ്ദം ഒന്ന് താഴ്ന്നു. 'ഞാന്‍ ചിന്നുവാണ്' . നിന്ന നില്‍പില്‍ ഭൂമി പിളര്‍ന്നു താഴേക്ക്‌ പോകുന്ന പോലെ ബൈജുവിന് തോന്നി. 'ഹേ ചിന്നു. എനിക്ക് തോന്നി ഏതോ മാര്‍ക്കറ്റിംഗ് കാള്‍ ആണെന്ന്. സോറി' ബൈജു പറഞ്ഞു. 'അത് സാരമില്ല. ബൈജു രാവിലെ പറഞ്ഞത് കാര്യമായിട്ടാണോ ? ' ചിന്നു ചോദിച്ചു. 'അതെ. ശരിക്കും. എന്താ അങ്ങനെ ചോദിച്ചത് ? ' ബൈജു മറുപടി പറഞ്ഞു. 'എന്നെ പേടിപ്പിക്കരുത്' അവള്‍ വീണ്ടും. 'എന്തിനാ ചിന്നു പേടിക്കുന്നത് ?' ബൈജു ചോദിച്ചു. 'അല്ല .. ഇത് നടക്കില്ല ബൈജു. സോറി' അവള്‍ പറഞ്ഞു. 'എന്താ ' ബൈജു ചോദിച്ചു. അവന്‍റെ ശബ്ദത്തില്‍ ഒരു വിറയല്‍ ഉണ്ടായിരുന്നു. 'അല്ല എന്‍റെ വീട്ടുകാര്‍ ഈ കല്യാണത്തിന് സമ്മതിക്കില്ല. മാത്രമല്ല നാളെ എന്നെ പെണ്ണ് കാണാന്‍ ഒരാള്‍ വരുന്നുണ്ട് . സോറി. ഇത് മറന്നേക്കു' ഇത്രയും പറഞ്ഞിട്ട് അവള്‍ ഫോണ്‍ വച്ചു. ആകെ തളരുനന്തു പോലെ തോന്നി ബൈജുവിന്. അവന്‍ അറിയാതെ അവിടെ ഇരുന്നു പോയി. കുറച്ചു നേരത്തേക്ക് ചുറ്റിനും നടക്കുന്നതൊന്നും ബൈജു കാണുന്നുണ്ടായിരുന്നില്ല. ആരോ വാതിലില്‍ മുട്ടുന്ന ശബ്ദം കേട്ടാണ് ബൈജു ഉണര്‍ന്നത്. മഹേഷ്‌ ആണ്. ബൈജുവിന്‍റെ മുഖത്ത് നോക്കിയതും മഹേഷിനു കാര്യം മനസ്സിലായി. 'എന്തായെടാ  ? നീ പറഞ്ഞോ ? ' മഹേഷ്‌ ചോദിച്ചു. 'ഉവ്വ്. ചോദിച്ചു. പക്ഷെ അത് നടക്കില്ലെടാ' ബൈജു ഇടറുന്ന ശബ്ദത്തോടെ പറഞ്ഞു. 'എന്താ അവള്‍ നിന്നെ ഇഷ്ടമല്ലെന്നു പറഞ്ഞോ ? ' മഹേഷ്‌ ചോദിച്ചു. 'അങ്ങനെ പറഞ്ഞില്ല. പക്ഷെ കല്യാണം നടക്കില്ല എന്ന് പറഞ്ഞു. വീട്ടുകാര്‍ സമ്മതിക്കില്ല എന്ന്' ഇത് കേട്ടിട്ട് മഹേഷ്‌ ചിരിച്ചു. എന്നിട്ട് പറഞ്ഞു  ' ഡാ പുല്ലേ. അവള്‍ക്കു നിന്നെ ഇഷ്ടമാണ് എന്നത് മൂന്നു തരം. അല്ലെങ്കില്‍ അവള്‍ ഇപ്പൊ തന്നെ കല്യാണം വരെ ഒന്നും കടന്നു ആലോചിക്കില്ല. നീ ധൈര്യമായിട്ടിരിക്ക്. അവള്‍ നിന്നിലേക്ക്‌ തന്നെ തിരിച്ചു വരും. " .
'ഇല്ല ഒന്നും നടക്കില്ല' ബൈജു തുടര്‍ന്നു. 'ഡേ. നീ വെറുതെ ഒരു നിരാശ കാമുകന്‍ കളിക്കല്ലേ. നിന്നോട് ഞാന്‍ ആദ്യമേ പറഞ്ഞതാ ഇതൊക്കെ. കൂള്‍ ഡൌണ്‍. ' മഹേഷ്‌ ശാസിച്ചു. ബൈജു കിടക്കയിലേക്ക് വീണ്ടും മറിഞ്ഞു 
അടുത്ത ഭാഗം 

6 comments:

 1. പതിനാലാം ഭാഗമായി അല്ലേ......മുന്‍പുള്ള ഭാഗങ്ങള്‍ ആദ്യം വായിച്ചിട്ട് ഇത് വായിക്കാം....അതാ അതിന്‍റെ ഒരു ഭംഗി.......

  ReplyDelete
 2. ഇതൊരു സസ്പെന്‍സ് ത്രില്ലര്‍ ആക്കാനുള്ള പരിപാടി ആണോ ദുശശനാ!! എന്തായാലും നല്ല ഫ്ലോ നടക്കട്ടെ !! keep writing :)

  ReplyDelete
 3. ഈ software engineer ജനിക്കുന്നതെങ്ങനെയാണെന്നറിയില്ലെങ്കിലും, മരിക്കുന്നത്‌ നാട്ടുകാരുടെ കയ്യ് കൊണ്ട്‌ തന്നെയാവും......

  ReplyDelete
 4. ഹോ...ബാകി വേഗം പറ ആശാനെ.

  പിന്നെ "കഴിഞ്ഞ ഭാഗം ഇവിടെ ' അത് പോസ്റ്റിന്റെ മുകളില്‍ കൊടുത്താല്‍ നന്നായിരുന്നു.

  ReplyDelete
 5. നന്ദി ക്യാപ്ടാ .. വളരെ നല്ല സജെഷന്‍. ഞാന്‍ ഏറ്റു.

  ReplyDelete
 6. ഹോ തോറ്റു ഞാന്‍..
  ഇനി ഇതിന്റെ ബാക്കി വായിക്കാതെ ഒരു സമാധാനവുമില്ല..
  പിന്നെ കുറേനാള്‍ ഈ മഹേഷിന്റെ ജോലി ഞാനും നോക്കിയതാ
  ഒത്തിരി ട്രയല്‍സിനൊടൂവില്‍ പെണ്ണ് ഓക്കേ പറഞ്ഞപ്പോ ബൈജു പറയുവാ.."ഞാന്‍ എന്റെ അമ്മയ്യോടു കൂടി ഒന്നാലോചിച്ചോട്ടെ.." എന്ന്...

  ReplyDelete