2010, ഡിസംബർ 31, വെള്ളിയാഴ്‌ച

2010 - പണി കിട്ടിയവരും ഇനി കിട്ടാന്‍ പോകുന്നവരും

എല്ലാവര്‍ക്കും ദുശ്ശാസനന്റെ വക തകര്‍പ്പന്‍ പുതു വര്‍ഷ ആശംസകള്‍ !
ഇക്കൊല്ലം എന്നെ സഹിച്ച പോലെ പുതു വര്‍ഷത്തിലും എന്നെ സഹിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു 
അടുത്ത കൊല്ലമെങ്കിലും എല്ലാവരും മര്യാദക്ക് ജീവിക്കാന്‍ ശ്രമിക്കൂ ട്ടാ ..



ഞാന്‍ ഓര്‍ക്കുകയായിരുന്നു. എത്ര പേരാണ് രണ്ടായിരത്തി ഒന്‍പതില്‍ തകര്‍ത്തു വാരിയത്. എല്ലാവനും രണ്ടായിരത്തി പത്തില്‍ പണി കിട്ടി. അവരെ ഒന്ന് സ്മരിച്ചേക്കാം  അല്ലേ.

ഷക്കീല

ഹോ. എന്തായിരുന്നു പ്രതാപ കാലത്ത്. കേരളത്തിലെ സോപ്പ്, വെളിച്ചെണ്ണ വ്യവസായത്തെ താങ്ങി നിര്‍ത്തിയിരുന്ന ഒരു നടിയായിരുന്നു.ഇമേജ് മാറ്റാന്‍ വേണ്ടി തമിഴില്‍ പോയി കോമഡി ചെയ്തു നോക്കി. വീണ്ടും നവരസംഗളുമായി പുള്ളിക്കാരി തെരുവിലേക്ക് ഇറങ്ങേണ്ടി വരും എന്നാ തോന്നുന്നേ 

മറിയ, രേഷ്മ

മുകളില്‍ പറഞ്ഞത് തന്നെ 

കലാഭവന്‍ മണി

പാവം നടന്‍ പാട്ട് പാടിയെങ്കിലും ജീവിച്ചിരുന്നതാ. ഇപ്പൊ അതും കാണാനില്ല 

പാര്‍വതി ഓമന കുട്ടന്‍ - 

ഒരു വിവരവുമില്ല. 

വിധു പ്രതാപ്‌

ഹോ. എന്തായിരുന്നു പുള്ളീടെ ഡാന്‍സ്. ഇപ്പൊ പാട്ടുമില്ല ഡാന്‍സ് ഉമില്ല 

ദിലീപ് -

 ജാതക ദോഷം കൊണ്ടാണെന്ന് തോന്നുന്നു. ചേട്ടന്റെ നമ്പറുകള്‍ പലതും ഏറ്റില്ല. പക്ഷെ പുള്ളി രക്ഷപെടും. അത് ഉറപ്പാ 

മോഹന്‍ ലാല്‍ - 

ആരും എന്നെ തല്ലരുത്. പക്ഷെ ലാലേട്ടന്‍ ആകെ ഒതുങ്ങി പോയി. ഒള്ള നല്ല റോള്‍ മുഴുവന്‍ മമ്മുക്ക ടാക്സി പിടിച്ചു പോയി കൊണ്ട് പോവുകയാ വന്‍ വിജയമാകും എന്ന് വിചാരിച്ചിരുന്ന ബോട്ട് ജെട്ടിയും ( കണ്ടഹാര്‍) എട്ടു നിലയില്‍ പൊട്ടിയ സ്ഥിതിക്ക്....

ഇനി .. അടുത്ത കൊല്ലം പണി കിട്ടാന്‍ പോകുന്നവര്‍ 

പ്രിഥ്വിരാജ്

ഒന്നാം നമ്പര്‍ നമ്മുടെ രാജു മോന്‍ തന്നെ. ഇവന്‍ ഇപ്പൊ തന്നെ ഒരു ദേശീയ ദുരന്തം ആണ്. അടുത്ത കൊല്ലം മിക്കവാറും ഒതുങ്ങിക്കോളും.

ജയറാം / ജയസൂര്യ

ഇപ്പൊ അഭിനയിക്കുന്ന പോലത്തെ പടങ്ങളില്‍ തന്നെ തുടര്‍ന്നഭിനയിച്ചാല്‍ അധിക കാലം വേണ്ടി വരില്ല

മേജര്‍ രവി - 

പാവം. അക്ഷരാര്‍ഥത്തില്‍ പുള്ളിയുടെ വെടി തീര്‍ന്നിരിക്കുകയാ 

അമല്‍ നീരദ്

ഇങ്ങേര്‍ പൊട്ടി. പക്ഷെ ബാക്കിയുള്ളവര്‍ പൊട്ടുന്ന പോലല്ല. സൂപ്പര്‍ സ്ലോ മോഷനില്‍ ആണ് പൊട്ടല്‍. ഒരു വര്‍ഷം എടുക്കും കമ്പ്ലീറ്റ്‌ പൊട്ടി തീരാന്‍ 

ഇനിയും ഒരുപാടു പേരുണ്ട് .ഓര്‍മ വരുന്നില്ല. ഒന്ന് ഓര്‍മിപ്പിചെക്കണേ..
ആരാ.. ദുശ്ശാസ്സനനോ .. ഹേ.. ആ പേര് ഇവിടെ പറയണ്ട... ഹി ഹി 

2010, ഡിസംബർ 11, ശനിയാഴ്‌ച

അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍

     
       പത്മരാജന്‍ രചിച്ചു സംവിധാനം ചെയ്ത ‌ ഒരു ചിത്രമാണ് അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍. വെറും നാല്പത്തി അഞ്ചാമത്തെ വയസ്സില്‍ ഒരുപാടു കഥകള്‍ പറഞ്ഞു തീര്‍ത്തും ഒരു പാട് കഥകള്‍ പറയാതെ ബാക്കി വച്ചും നമ്മളെ വിട്ടു പോയ ആ ഗന്ധര്‍വനെ എന്തുകൊണ്ടാണ് ഇന്നും അനുവാചകന്‍ ഓര്‍ക്കുന്നത് ? അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ തന്നെ ആ ചോദ്യത്തിനുള്ള മറുപടി. നാട്ടില്‍ പോയപ്പോ ഒരു കടയില്‍ നിന്നു അതിന്റെ ഒരു ഡി വി ഡി കിട്ടി. കുറച്ചു കാലമായി നോക്കി നടക്കുകയായിരുന്നു. ഈ ചിത്രം കണ്ടിട്ടില്ലാത്തവര്‍ക്കായി ഈ കഥ പങ്കു വയ്ക്കാം എന്നു കരുതി. 


     ഒരു വിഷു തലേന്ന്  രാത്രി ഒരു ബാറില്‍ ഒരു മേശക്കു ചുറ്റും ഇരിക്കുന്ന നാല് സുഹൃത്തുക്കളില്‍ നിന്നാണ് ചിത്രം തുടങ്ങുന്നത്. സക്കറിയ ( മമ്മൂട്ടി ), ഗോപി ( നെടുമുടി വേണു ), ഹിലാല്‍
 ( അശോകന്‍ ), ജോസ് ( രാമചന്ദ്രന്‍ ). വിഷു തലേന്ന് പ്രമാണിച്ച് അവിടെ ഒരു കാബറെ നടക്കുന്നുണ്ട്. അവര്‍ തമ്മിലുള്ള നര്‍മ സംഭാഷണങ്ങളിലൂടെ എല്ലാവരും സ്ത്രീ വിഷയത്തില്‍ അല്‍പം താല്പര്യം ഉള്ളവരാണെന്ന് കാഴ്ചക്കാര്‍ക്ക് മനസ്സിലാവും. ജോസ് ഒരു വന്‍ പണക്കാരന്‍ ആണ്. വേണു ഒരു വക്കീലും ഹിലാല്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനും ആണ്. ഹിലാല്‍ ആണ് സംഘത്തിലെ ഏറ്റവും ജൂനിയര്‍. സക്കറിയക്കു പ്രത്യേകിച്ചു പണി ഒന്നുമില്ല. വെറുതെ വെള്ളമടി മാത്രം. പെണ്‍ വിഷയത്തില്‍ പുള്ളിക്കു താല്പര്യം ഇല്ല. കാബറെ കണ്ടിട്ട് എല്ലാവരും ആ നര്‍ത്തകിയുടെ സൌന്ദര്യത്തെ പറ്റി ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുകയാണ്. ഒപ്പം കുറേച്ചെ ചെലുതുന്നുമുണ്ട്. ജോസ് ഒരു ഐഡിയ പറയുന്നു. അയാള്‍ക്ക് പരിചയമുള്ള ഒരു മാളുവമ്മ
 ( സുകുമാരി ) ഉണ്ട്. സ്വന്തം വീട്ടില്‍ നല്ല കിളുന്നു പെണ്‍കുട്ടികളെ വച്ചു ബിസിനെസ്സ് ചെയ്യുന്ന ഒരു സ്ത്രീ. ജോസിനോടൊപ്പം പണ്ടെങ്ങോ സക്കറിയ അവിടെ പോയിട്ടുണ്ട്. ഇപ്പൊ തന്നെ തിരിച്ചാല്‍ നമുക്ക് മാളുവമ്മയുടെ വീട്ടില്‍ പോകാം എന്നും നാളെ ഒന്നാംതരം വിഷുക്കണി കാണാം എന്നും ജോസ് ഒരു ഓഫര്‍ വയ്ക്കുന്നു . അതോടെ എല്ലാവര്‍ക്കും താല്പര്യമായി. ചാടി എഴുനേറ്റു റെഡി ആയപ്പോ എല്ലാവരുടെയും മുന്നില്‍ ജോസ് ഒരു നിബന്ധന വച്ചു. മാളു അമ്മയുടെ അടുത്ത് പുതിയതായി ഒരു ഗൌരിക്കുട്ടി വന്നിട്ടുണ്ടത്രേ. അവള്‍ തനിക്കുള്ളതായിരിക്കും. അവിടെ ചെന്നിട്ടു പിന്നെ അതിന്റെ പേരില്‍ ഒരു അടി ഉണ്ടാവരുതെന്നും. എല്ലാവരും സമ്മതിച്ചു. അങ്ങനെ യാത്ര തുടങ്ങി. 



     അടുത്തതായി നമ്മള്‍ കാണുന്നത് ഒരു പുഴയോരത്ത് പാര്‍ക്ക്‌ ചെയ്തിരിക്കുന്ന കാര്‍ ആണ്. രാത്രി ക്ഷീണം കാരണം ജോസ് അവിടെ നിര്‍ത്തിയിട്ടു ഉറങ്ങി. ബാക്കി എല്ലാവരും നല്ല ഫിറ്റ്‌ ആയിരുന്നത് കാരണം അവരൊന്നും അത് അറിഞ്ഞത് കൂടി ഇല്ല. എല്ലാവരോടും പെട്ടെന്ന് കാറില്‍ കയറാന്‍ ജോസ് ആവശ്യപ്പെടുന്നു. അല്‍പം അഹന്തയോടെയുള്ള ജോസിന്റെ സംസാരം സക്കറിയയെ ചൊടിപ്പിക്കുന്നു. അയാള്‍ കാറില്‍ കയറാന്‍ കൂട്ടാക്കുന്നില്ല. ബാക്കിയുള്ളവരും സക്കറിയയെ അനുകൂലിക്കുന്നു. ജോസ് ദേഷ്യപ്പെട്ടു കാര്‍ വിട്ടു പോകുന്നു. എന്നാല്‍ ഇറങ്ങി തിരിച്ചിട്ടു വെറുതെയായല്ലോ എന്നു ഗോപി പരിതപിക്കുന്നു. വിഷമിക്കണ്ട എന്നും. നിങ്ങളെ ഞാന്‍ അവിടെ കൊണ്ട് പോകാം എന്നും സക്കറിയ ഉറപ്പു കൊടുക്കുന്നു. 


     ട്രെയിന്‍ പിടിച്ചു അവര്‍ അവിടെയെത്തിച്ചേര്‍ന്നു. ഒരുപാടു നടന്നിട്ട് വേണം മാളുവമ്മയുടെ വീട്ടിലെത്താന്‍. ഒരു കുന്നു കയറി ചെല്ലുമ്പോള്‍ അവര്‍ ഒരു ചെറിയ ചായക്കട കണ്ടു. 
അവിടെ ഇരിക്കുന്നവര്‍ പുതിയ അതിഥികളെ നോക്കി അര്‍ത്ഥ ഗര്‍ഭമായി ചില നോട്ടവും കമന്റുകളും ഒക്കെ പാസ്സാക്കുന്നുണ്ട്‌ . അത് കണ്ടു അവര്‍ക്ക് ഒരു പന്തികേട്‌ തോന്നാതിരുന്നില്ല. ഒടുവില്‍ അവര്‍ ആ വീട്ടിലെത്തി. മാളു അമ്മ അവിടെ ഇല്ലെങ്കിലും വേറെ ചിലര്‍ ഉണ്ടായിരുന്നു. ഉമ്മറത്ത്‌ എന്തോ എഴുതികൊണ്ടിരിക്കുന്ന ഒരാള്‍. ഊമയായ ഒരു പെണ്‍കുട്ടി. അതി സുന്ദരി ആയ വേറൊരു പെണ്ണ് .
കൂടാതെ ചില കുട്ടികളെയും അവര്‍ അവിടെ കണ്ടു. ഒരല്‍പം ദുരൂഹത തളം കെട്ടി നില്‍ക്കുന്ന അന്തരീക്ഷം. മാളു അമ്മ ഇപ്പൊ വരുമെന്നും അത് വരെ കാത്തിരിക്കൂ എന്നും ആ പെണ്‍കുട്ടി അവരോടു പറയുന്നു. പെട്ടെന്നാണ് ഒരാള്‍ അവിടേക്ക് ഓടി പാഞ്ഞു വന്നത്. എത്രയും പെട്ടെന്ന് രക്ഷപെട്ടോളാനും അല്ലെങ്കില്‍ ഇവിടെ ഇനിയും ചോര വീഴുമെന്നും അയാള്‍ അവരോടു പറയുന്നു.
മാളു അമ്മയുടെ മകന്‍ ഭാസി എന്നു പരിചയപ്പെടുത്തിയ ( ജഗതി അവതരിപ്പിക്കുന്നു ) അയാള്‍ അവിടെ നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങളെ പറ്റി ഒരു സൂചന നല്‍കുന്നു.അവിടെ ഇന്നലെ മുഴുവന്‍ വെട്ടും കുത്തും ആയിരുന്നുവെന്നും ഇനി അത് ആവര്‍ത്തിക്കാതിരിക്കാന്‍ രക്ഷപെടുക എന്നും അയാള്‍ പറഞ്ഞു. എന്നിട്ട് ഒരു നാട്ടിടവഴി കാണിച്ചു കൊടുക്കുന്നു. അത് വഴി മൂവരും രക്ഷപെടുന്നു. എന്നാല്‍ എന്തിനാണ് ഈ അക്രമം എന്നു അവര്‍ക്ക് പിടി കിട്ടുന്നില്ല.  ആ വഴിയില്‍ കുറച്ചു കൂടി മുന്നോട്ടു പോയ അവരെ ചിലര്‍ ചേര്‍ന്നു തടയുന്നു. മുസ്ലിം വേഷ ധാരികള്‍ ആയ ചിലര്‍. അവരെ കണ്ടിട്ട് ഇനി ഇവിടെ വല്ല സമുദായ ലഹളയും ആണോ നടക്കുന്നതെന്ന് അവര്‍ സംശയിച്ചു. ആ അപരിചിതര്‍ ഇവരോട് ഒരുപാടു ചോദ്യങ്ങള്‍ ചോദിക്കുന്നു. എവിടേക്ക് വന്നതായാലും ജീവന്‍ വേണമെങ്കില്‍ മര്യാദക്ക് ആ കടയില്‍ കയറി ഇരിക്കാന്‍ അവര്‍ ആജ്ഞാപിക്കുന്നു. ഇപ്പോഴും അവര്‍ക്കോ അല്ലെങ്കില്‍ ഈ ചിത്രം കാണുന്നവര്‍ക്കോ എന്താണ് സംഭവിക്കുന്നതെന്ന് പിടി കിട്ടുന്നില്ല. മൂപ്പനോട്‌ ചോദിച്ചിട്ട് ഇവരെ എന്ത് ചെയ്യണം എന്നു നോക്കാം എന്നു  സംഘം തീരുമാനിക്കുന്നു. 


     പിന്നെ നമ്മള്‍ കാണുന്നത് മൂപ്പന്‍ ( കുഞ്ഞാണ്ടി ) എന്ന ആളിന്റെ വീടാണ്. ആ നാട്ടിലെ മാപ്പിളമാരുടെ നേതാവ് ആണ് മൂപ്പന്‍. ഗൌരിക്കുട്ടിയെ ചൊല്ലി ആണ് ഈ ലഹള എന്നു അപ്പോഴാണ്‌ നമ്മള്‍ക്ക് പിടി കിട്ടുന്നത്. മാളു അമ്മയുടെ വീട്ടില്‍ വരുന്ന എല്ലാ പുതിയ പെണ്‍കുട്ടികളെയും ആദ്യം രുചി നോക്കുന്നത് മൂപ്പന്‍ ആണ് . എന്നാല്‍ ഗൌരിക്കുട്ടി ആരെയും തന്റെ ദേഹത്ത് തൊടാന്‍ അനുവദിക്കുന്നില്ല. അങ്ങനെ അവളെ മൂപ്പന്‍ അവിടെ പിടിച്ചു വച്ചിരിക്കുകയാണ് . മാളു അമ്മയുടെ ഭീഷണിക്കൊന്നും അവള്‍ വഴങ്ങുന്നില്ല. രണ്ടു ദിവസത്തേക്ക് ക്ഷമിക്കണം എന്നും അതിനുള്ളില്‍ താന്‍ അവളുടെ മനസ്സ് മാറ്റി കൊണ്ട് വരാം എന്നും മാളു അമ്മ മൂപ്പനെ ധരിപ്പിക്കുന്നു. 
ആ ഉറപ്പിന്മേല്‍ മൂപ്പന്‍ മാളു അമ്മയെയും ഗൌരിയും വിടുന്നു. പോകുന്ന വഴി ആ പിടിച്ചു വച്ചിരിക്കുന്ന മൂന്നു പേരെയും കൊണ്ട് പൊയ്ക്കോളാനും പറയുന്നു. അങ്ങനെ പോകുന്ന വഴി മൂന്നാളെയും കൂട്ടി മാളു അമ്മ വീട്ടിലേക്കു പോകുന്നു. നേരത്തെ കണ്ട വീടായിട്ടല്ല അപ്പോള്‍ അവര്‍ക്ക് തോന്നിയത്. 
എല്ലാവരും ആകെ റിലാക്സ്ഡ് ആയി. ഗോപി ആ ഊമ പെണ്‍കുട്ടിയെ ( സൂര്യ അവതിരിപ്പിക്കുന്നു )
കൂട്ടി ആഘോഷം തുടങ്ങുന്നു. സക്കറിയയും ഹിലാലും അതില്‍ നിന്നും വിട്ടു നിന്നു.


     ഇതിനിടക്ക്‌ ഹിലാല്‍ ഗൌരി കുട്ടിയെ കാണുന്നു. അവളെ കടന്നു പിടിക്കുന്ന ഹിലാലില്‍ നിന്നു കുതറി മാറിയ ഗൌരിക്ക് ഒരു കഥ പറയാനുണ്ടായിരുന്നു. അമ്മയും അച്ഛനും ഇല്ലാത്ത തന്നെ മാളു അമ്മ ചതിച്ചു ഇവിടെ കൊണ്ട് വന്ന കഥ. ഇനി മൂപ്പന്‍ ഒന്ന് കൂടി വന്നാല്‍ അയാളെ താന്‍ കൊല്ലും എന്നു അവള്‍ ഉറപ്പിച്ചു പറയുന്നു. മാപ്പിളമാര്‍ മാത്രമല്ല..നാട്ടിലെ നായന്മാരുടെ ഒരു സംഘവും തന്റെ പിന്നാലെ ഉണ്ട് എന്നവള്‍ പറയുമ്പോഴാണ് ഒരു ഗ്രാമം മുഴുവന്‍ ഒരു പെണ്ണിന്റെ പേരില്‍ നീറി പുകയുന്നത് അവര്‍ക്ക് മനസ്സിലാകുന്നത്‌ . ഗൌരിയുടെ കഥ കേട്ടു ഹിലാലിന്റെ മനസ്സലിയുന്നു. അവളെ താന്‍ രക്ഷിക്കട്ടെ എന്നു അയാള്‍ ഗൌരിക്കുട്ടിയോടു ചോദിക്കുന്നു. താനും ഒരു മാപ്പിള ആണെന്നും പക്ഷെ നിന്നെ രക്ഷിക്കാന്‍ ഞാന്‍ ശ്രമിക്കാം എന്നും അയാള്‍ അവള്‍ക്ക് ഉറപ്പു കൊടുക്കുന്നു. 


    ഈ പ്രശ്നം ഹിലാല്‍ ബാക്കിയുള്ളവരോട്‌ ചര്‍ച്ച ചെയ്യുന്നു. എന്നാല്‍ സക്കറിയയും ഗോപിയും അവളെ രക്ഷപ്പെടുത്താനുള്ള പദ്ധതിയോട് അനുകൂലിക്കുന്നില്ല. പക്ഷെ ഹിലാലിന്റെ മനസ്സ് മാറുന്നില്ല. അയാള്‍ ഗൌരിയും കൂട്ടി പുറകു വശത്തെ ഒരു വഴിയിലൂടെ രക്ഷപെടുന്നു. എന്നാല്‍ അവരുടെ ഓട്ടം പുഴയുടെ തീരത്ത് അവസാനിക്കുന്നു. അവിടെ അവരെയും കാത്തു മാപ്പിള സംഘത്തിന്റെ നേതാവും ഭാസിയും ഉണ്ടായിരുന്നു. അവര്‍ ബലമായി രണ്ടു പേരെയും തിരിച്ചു വീട്ടിലെത്തിക്കുന്നു. മാളു അമ്മ ഇതറിഞ്ഞു ക്രുദ്ധ ആവുന്നു. അതോടൊപ്പം തന്നെ നായന്മാരുടെ നേതാവ് അയച്ച ഗുണ്ട നേതാവ് മാളു അമ്മയുടെ വീട്ടിലെത്തി അവരെ ഭീഷണിപ്പെടുത്തുന്നു. 
ആകെ സംഘര്‍ഷ പൂര്‍ണമായി അന്തരീക്ഷം. ഈ അവസരത്തില്‍ സക്കറിയ സ്വന്തം നിലപാട് മാറ്റുന്നു. അവളെ രക്ഷപെടുത്താന്‍ തന്റെ പിന്തുണ അയാള്‍ ഹിലാലിനെ അറിയിക്കുന്നു. 
അവിടെ അപ്പോള്‍ പുതിയ ഒരു അതിഥി എത്തുന്നു. ജോസ്. ഇതൊന്നും അറിയാതെ എത്തുന്ന ജോസ് ഉറക്കെ മാളു അമ്മയെ വിളിക്കുന്നു. ഇത് കേട്ടു രണ്ടു സംഘവും ചാടി വീഴുന്നു. 
വെട്ടും കുത്തും തുടങ്ങി. ഇതിനിടക്ക്‌ ഹിലാല്‍ , സക്കറിയ , ഗോപി എന്നിവര്‍ ചേര്‍ന്നു ഗൌരിയും കൂടി രക്ഷപെടാന്‍ ശ്രമിക്കുന്നു. വെടി വയ്പ്പില്‍ സക്കറിയ കൊല്ലപ്പെടുന്നു. എന്നാല്‍ അത് മറ്റുള്ളവര്‍ അറിയുന്നില്ല. കുറേ ഓടിയ ശേഷം ഗോപി അത് തിരിച്ചറിയുന്നു. സക്കറിയയെ കാണാനില്ല എന്നു. 
ഹിലാലിനോടും ഗൌരിക്കുട്ടിയോടും എത്രയും പെട്ടെന്ന്  ഇവിടുന്നു രക്ഷപെട്ടോളാന്‍ പറഞ്ഞിട്ട് ഗോപി തിരിച്ചോടുന്നു. ആ കുന്നുംപുറത്ത് കൊച്ചു വെളുപ്പാന്‍ കാലത്ത് സക്കറിയയെ തിരഞ്ഞു നടക്കുന്ന ഗോപിയുടെ ദ്രിശ്യത്തില്‍ ഈ ചിത്രം അവസാനിക്കുന്നു. 


    ഉള്ള സത്യം പറയാമല്ലോ ഇതിന്റെ ക്ലൈമാക്സ്‌ എനിക്ക് അത്രയ്ക്ക് ഇഷ്ടപെട്ടില്ല. ഒരു abrupt ending പോലെ തോന്നി. പ്രഗല്‍ഭ സംവിധായകനായ ഷാജി എന്‍ കരുണ്‍ ആണ് ഈ ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത് . മാളു അമ്മയെ തന്മയത്തോടെ അവതിരിപ്പിച്ച സുകുമാരിക്ക് അക്കൊല്ലം ഏറ്റവും നല്ല സഹ നടിക്കുള്ള സംസ്ഥാന / ക്രിടിക് അവാര്‍ഡുകള്‍ ലഭിച്ചിരുന്നു. പത്മരാജന്റെ പ്രതിഭയുടെ കയ്യൊപ്പ് പതിഞ്ഞ ഒട്ടേറെ  രംഗങ്ങള്‍ ഇതിലുണ്ട്. പ്രത്യേകിച്ച് ആ മൂവര്‍ സംഘം എത്തുന്ന ഗ്രാമം. അവരോടൊപ്പം നമ്മള്‍ പ്രേക്ഷകരെയും അതേ ഉദ്വേഗതോട് കൂടി കൊണ്ട് പോകാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഒരു പെണ്‍കുട്ടിക്ക് വേണ്ടി അരപ്പട്ട കെട്ടി കാവല്‍ നില്‍ക്കുന്ന ഒരു ഗ്രാമം. അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ എന്ന പേര് തന്നെ എന്ത് കാവ്യാത്മകം ആണ് അല്ലേ ? അഭിനയിച്ചിരിക്കുന്ന എല്ലാവരുടെയും പ്രകടനം അതി ഗംഭീരം. പശ്ചാത്തലം സെക്സ് ആണെങ്കിലും ഒരു സീനില്‍ പോലും നഗ്നത പ്രദര്‍ശിപ്പിക്കാതെ കയ്യടക്കത്തോടെ ആണ് അദ്ദേഹം ഈ കഥ പറഞ്ഞിരിക്കുന്നത്. പത്മരാജന്റെ ഓരോ ചിത്രങ്ങള്‍ വീണ്ടും കാണുംതോറും അദ്ദേഹത്തിന്റെ പ്രതിഭയുടെ വലിപ്പം ദുശാസ്സനന്‍ തിരിച്ചറിയുന്നു. പത്മരാജന്റെ ഒരു personal favourite ആയിരുന്നു ഈ ചിത്രം. പണ്ടെങ്ങോ അദ്ദേഹം നല്‍കിയ ഒരു അഭിമുഖത്തില്‍ ഈ ചിത്രത്തെ അദ്ദേഹം തന്നെ വിശേഷിപ്പിച്ചിരിക്കുന്നത് നോക്കു. ആ സ്മരണക്കു മുന്നില്‍ ആദരാജ്ഞലികള്‍. 





വാല്‍കഷണം : 
എടുത്തു പറയേണ്ട വേറൊരു കാര്യം കൂടിയുണ്ട്. ഇപ്പൊ ജീവിച്ചിരുന്നെങ്കില്‍ പദ്മരാജന് ഇങ്ങനൊരു പടം എടുക്കാന്‍ കഴിയുമായിരുന്നോ എന്ന കാര്യം. സമുദായ സംഘടനകളും സദാചാര വാദികളും അദ്ദേഹത്തെ മുള്‍മുനയില്‍ നിര്‍ത്തിയേനെ. 



2010, നവംബർ 27, ശനിയാഴ്‌ച

ഖാമോഷി - നിശബ്ദതയുടെ സംഗീതം


     കുറച്ചു പഴയ ഒരു ചിത്രമാണ്. ഖാമോഷി. സഞ്ജയ്‌ ലീല ബന്‍സാലിയുടെ ആദ്യ ചിത്രം. കരീബ് എന്ന പടം സംവിധാനം ചെയ്യാനുള്ള വിധു വിനോദ് ചോപ്രയുടെ നിര്‍ദേശം നിരസിച്ചു കൊണ്ട് സഞ്ജയ്‌ സംവിധാനം ചെയ്ത ഒരു ചിത്രമാണ് ഖാമോഷി. ഈ ചിത്രത്തിന്റെ പേരിലാണ് ഇവര്‍ രണ്ടു പേരും വഴക്കിലായതും. സഞ്ജയ്‌ നൊപ്പം  സുപ്രദാ സിക്ദര്‍ ആണ് തിരക്കഥ എഴുതിയിരിക്കുന്നത്. നാന പടെകര്‍, സീമ ബിശ്വാസ്, മനീഷ കൊയ് രാള, സല്‍മാന്‍ ഖാന്‍ എന്നിവര്‍ ആണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു നല്ല വേഷത്തില്‍ പഴയ കാല നായിക ഹെലെനും ഉണ്ട്. ജതിന്‍ ലളിത് ഒരുക്കിയ അതി മനോഹര ഗാനങ്ങള്‍ ഉണ്ട്. വന്ദേമാതരം ആല്‍ബത്തിലൂടെ പ്രശസ്തയായ ബേല സെഗള്‍ ( സഞ്ജയ്‌ ലീല ബന്‍സാലിയുടെ സഹോദരി ആണ് ബേല ) ആണ് എഡിറ്റര്‍.

     ഖാമോഷി എന്ന വാക്കിനു നിശബ്ദത എന്നാണ് അര്‍ഥം. മൂകരും ബധിരരും ആയ ഒരു ഭര്‍ത്താവിന്റെയും ഭാര്യയുടെയും ജീവിതം ആണ് ഈ സിനിമ. ഗോവയില്‍ മനോഹരമായ ഒരു കടല്‍ത്തീരത്ത്‌ അതിനോളം തന്നെ മനോഹരമായ ഒരു വീട്ടില്‍ സന്തോഷത്തോടെ ജീവിക്കുന്ന ജോസെഫും ഫ്ലാവിയും. തങ്ങള്‍ക്കു ജനിക്കാന്‍ പോകുന്ന കുട്ടിക്ക് സംസാര ശേഷിയും കേള്‍വിയും ഉണ്ടാകുമോ എന്ന ആശങ്ക ആണ് അവര്‍ക്കുള്ളത്. കുട്ടി ജനിച്ച ഉടന്‍ തന്നെ പേടിയോടെ അവര്‍ ആദ്യം അന്വേഷിക്കുന്നത് കുട്ടിക്ക് സംസാരിക്കാന്‍ പറ്റുന്നുണ്ടോ എന്നാണു. എന്നാല്‍ അവരുടെ ആശങ്കകളെ അസ്ഥാനത്താക്കി മിടുക്കിയായ ഒരു സുന്ദരി കുട്ടി ജനിക്കുന്നു. അതാണ് ആനി. കുറച്ചു കൂടി കഴിയുമ്പോള്‍ സാം എന്ന പേരില്‍ ഒരു ആണ്‍കുട്ടി കൂടി അവര്‍ക്ക് ഉണ്ടാകുന്നു. സ്നേഹ സമ്പന്നയായ മുത്തശ്ശി മറിയയുടെ സ്നേഹ ലാളനകള്‍ അനുഭവിച്ചു അവര്‍ വളരുന്നു. മുത്തശ്ശി അവരെ ഉറക്കാന്‍  പാടുന്ന പാട്ടുകളില്‍ നിന്നു ആനിയില്‍ സംഗീതത്തോട്‌ ഒരു അഭിരുചി ഉണ്ടാവുന്നു. കേള്‍ക്കാന്‍ ആവുന്നില്ലെങ്കിലും ജോസെഫിന്റെയും ഫ്ലാവിയുടെയും നിശബ്ദമായ ജീവിതത്തില്‍ ആനിയുടെ സംഗീതം ഒരു ജലധാരയായി വന്നു നിറയുന്നു. 

     കവിഞ്ഞൊഴുകുന്ന ആഹ്ലാദവും സന്തോഷവും വഴി മാറിയത് പെട്ടെന്നായിരുന്നു. ഒരു ദിവസം കുര്‍ബാനക്കു പള്ളിയില്‍ പോയ സാം പള്ളിയുടെ മുകളില്‍ നിന്നു താഴെ വീണു മരിക്കുന്നു.  അപ്രതീക്ഷിതമായ ദുരന്തം ജോസെഫിനെയും ഫ്ലാവിയെയും ആനിയേയും  മാറ്റി മറിക്കുന്നു. അവരുടെ വീട്ടിലെ പ്രകാശം അസ്തമിച്ചു. ആനിയുടെ ജീവിതത്തില്‍ നിന്നു സംഗീതം മാഞ്ഞു പോകുന്നു. നിറം നഷ്ടപ്പെട്ട ആ വീട്ടില്‍ അതിനെക്കാള്‍ നിറം മങ്ങി ഒരു അച്ഛനും അമ്മയും മകളും. വിരസമായ ഒരു ഗാനം പോലെ ജീവിതം ഇഴഞ്ഞു നീങ്ങാന്‍ തുടങ്ങി.

     അങ്ങനെ ഇരിക്കെ ആനിയുടെ ജീവിതത്തിലേക്ക് കടന്നു വരികയാണ് രാജ്. ഒരു സംഗീത അധ്യാപകന്‍ ആയ രാജ് ആനിയുടെ ജീവിതത്തില്‍ ബലമായി ഒരു സ്ഥാനം പിടിച്ചെടുത്തു. സ്വന്തം ജീവിതത്തില്‍ നിന്നു മറന്നു പോയ നല്ലതെല്ലാം തിരികെ കൊണ്ട് വരാന്‍ രാജ് ഒരു നിമിത്തമാകുന്നു. പണ്ട് പാടി മറന്ന പാട്ടുകള്‍ ആനി ഓര്‍ത്തെടുക്കുന്നു. അവള്‍ വീണ്ടും പാടാന്‍ തുടങ്ങുന്നു. ഇതിനിടയില്‍ അവര്‍ തമ്മിലുള്ള സ്നേഹ ബന്ധം അതിന്റെ ഉച്ച സ്ഥായിയില്‍ എത്തിയിരുന്നു. ഏതോ ഒരു നിമിഷത്തില്‍ അവര്‍ ഒന്നാവുന്നു. ആനി ഗര്‍ഭിണി ആയി. ഇതറിഞ്ഞ ജോസഫ്‌ പൊട്ടിത്തെറിക്കുന്നു. അത് അബോര്‍ട്ട് ചെയ്യാന്‍ അയാള്‍ വാശി പിടിക്കുന്നു.
അവിവാഹിതയായ ഒരു അമ്മ എന്ന ദുഷ്പേര് തങ്ങള്‍ക്കു താങ്ങാന്‍ പറ്റില്ല എന്നു ജോസഫ്‌ തീര്‍ത്തു പറയുന്നു. അയാളെ സ്വന്തം ജീവന്റെ പാതി ആയി കാണുന്ന ഫ്ലാവി ജോസെഫിനെ പൂര്‍ണമായും പിന്തുണയ്ക്കുന്നു.

     പള്ളിയും അധികാരികളും ആനിയെ ചോദ്യം ചെയ്തു. എന്നാല്‍ ഒന്നിലും പതറാതെ കുട്ടിയെ പ്രസവിച്ചു വളര്‍ത്തുക എന്ന തീരുമാനവുമായി അവള്‍ മുന്നോട്ടു പോകുന്നു. ഇതറിഞ്ഞ ജോസഫ്‌ അവളോട്‌  വീട് വിട്ടു പുറത്തു പോകാന്‍ പറയുന്നു. ഒരു ഹിന്ദു ആയ രാജിനെ അംഗീകരിക്കാന്‍ ജോസെഫിനു കഴിയുന്നില്ല. എന്നാല്‍ രാജിന്റെ ജാതി അല്ല ജോസെഫിന്റെ പ്രശ്നം. ഗോവയ്ക്ക് പുറത്തു താമസിക്കുന്ന രാജിനെ വിവാഹം കഴിച്ചാല്‍ ആകെ ഉള്ള മകള്‍ ദൂരേക്ക്‌ പോകുമെന്നുuള്ളതാണ് അയാളെ അലട്ടുന്നത് . എന്തിനേറെ പറയുന്നു. ഒടുവില്‍ ആനി രാജിനോടൊപ്പം വീട് വിട്ടിറങ്ങുന്നു. 

     അവര്‍ വീണ്ടും ഒറ്റക്കായി. അങ്ങോട്ടും ഇങ്ങോട്ടും കാണണം എന്നുണ്ടെങ്കിലും അവര്‍ അകന്നു തന്നെ കഴിയുന്നു. കാലം കടന്നു പോയി. ആനിക്കുണ്ടായ ആണ്‍ കുട്ടിക്ക് മരിച്ചു പോയ സഹോദരന്റെ ഓര്‍മ്മക്കായി സാം എന്നു പേരിടുന്നു. കാലം അവരുടെ മുറിവുകളില്‍ അല്‍പം മരുന്ന് പുരട്ടി. ആനിയും രാജും അവരുടെ കുഞ്ഞും കൂടി ജോസെഫിനെ കാണാന്‍ തിരികെ വരുന്നു. അതിനോടകം തന്നെ എല്ലാം അംഗീകരിക്കാന്‍ മനസ്സാ തയ്യാറെടുത്തു കഴിഞ്ഞിരുന്നു ജോസഫ്‌. അയാള്‍ സന്തോഷത്തോടെ ആനിയേയും കുഞ്ഞിനേയും സ്വീകരിക്കുന്നു. മാത്രമല്ല രാജിനെ സ്നേഹത്തോടെയും സന്തോഷത്തോടെയും സ്വന്തം മരുമകന്‍ ആയി അംഗീകരിക്കുന്നു. പണ്ടെങ്ങോ മാഞ്ഞു പോയതെല്ലാം തിരിച്ചു വന്നു. ആ വീട് പഴയ പോലെ പ്രകാശ പൂര്‍ണമായി. കുറച്ചു കാലത്തിനു ശേഷം ജോസെഫും ഫ്ലാവിയും സന്തോഷത്തില്‍ മതി മറക്കുന്നു.

എന്നാല്‍ വേറെയും ദുരന്തങ്ങള്‍ അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു. ഒരു അപകടത്തില്‍ പെട്ടു ആനി കോമയില്‍ ആവുന്നു. ജീവശ്ചവം പോലെ കിടക്കുന്ന ആനി അവര്‍ക്ക് മുന്നില്‍ ഒരു പുതിയ വേദന ആയി. മരവിച്ചു കിടക്കുന്ന ആനിയുടെ മുന്നില്‍ ജോസഫ്‌ പൊട്ടി കരയുന്നു. ആംഗ്യ ഭാഷയില്‍ സ്വന്തം വേദന  പ്രകടിപ്പിക്കാന്‍ പാട് പെടുന്ന ജോസെഫും ഫ്ലാവിയും രാജും ആനിയെ ഒടുവില്‍ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരുന്നിടത്ത് സിനിമ അവസാനിക്കുന്നു.

     ജോസഫ്‌ ആയി അഭിനയിക്കുന്ന നാനയുടെയും ഫ്ലാവി ആയി അഭിനയിക്കുന്ന സീമയുടെയും അഭിനയ മുഹൂര്‍ത്തങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഈ ചിത്രം. നിങ്ങളെ പിടിച്ചുലക്കുന്ന ചില രംഗംങ്ങള്‍ എങ്കിലും ഇതിലുണ്ട്. സാം പള്ളിമേടയുടെ മുകളില്‍ നിന്നു വീഴുന്ന രംഗം തന്നെ ഉദാഹരണം. പള്ളി മുറ്റത്ത്‌ നില്‍ക്കുന്ന അവരുടെ പുറകില്‍ ആണ് സാം വന്നു വീഴുന്നത്. പക്ഷെ ഒരു ശബ്ദവും അവര്‍ കേള്‍ക്കുന്നില്ല. തിരിഞ്ഞു നോക്കുമ്പോഴാണ് മകന്‍ പുറകില്‍ ചേതനയറ്റു കിടക്കുന്നത് അവര്‍ കാണുന്നത്. എന്തെങ്കിലും ഒന്ന് പറഞ്ഞു കരയാന്‍ പോലുമാവാതെ അവ്യക്തമായ ചില ശബ്ദങ്ങള്‍ ഉണ്ടാക്കി  കൊണ്ട് അലറി വിളിക്കുന്ന ജോസഫ്‌ ആ നോവ് നമ്മള്‍ പ്രേക്ഷകരിലേക്ക് പകരുന്നു. സത്യം പറഞ്ഞാല്‍ ആ സീന്‍ എന്നില്‍ വല്ലാത്ത ഒരു അസ്വസ്ഥത ആണ് അന്നുണ്ടാക്കിയത്‌. എങ്ങനെയെങ്കിലും അതൊന്നു കഴിഞ്ഞു കിട്ടിയാല്‍ മതി എന്നായിരുന്നു അന്ന് എനിക്ക്.  അത് പോലെ തന്നെയാണ് ജോസെഫും ഫ്ലാവിയും മകളോടും മുത്തശ്ശിയോടും ഒക്കെ ആംഗ്യ ഭാഷയില്‍ സംസാരിക്കുന്നതു. ഒരു വാക്ക് പോലും ഇല്ലാതെ തന്നെ നമുക്ക് ആ സൈലന്റ് കമ്യുണിക്കേഷന്‍ മനസ്സിലാവും. അങ്ങനെ ആണ് അത് ചിത്രീകരിച്ചിരിക്കുന്നത്. ആ വീട്ടില്‍ തിങ്ങി നിറയുന്ന സന്തോഷവും ദുഖവും ഒക്കെ നിങ്ങള്‍ക്കും അനുഭവിക്കാനാവും.

    വര്‍ഷങ്ങള്‍ക്കു മുമ്പ് ആണ് ഞാന്‍ ഈ ചിത്രം കണ്ടത്. അന്ന് കോളേജില്‍ നിന്നു ക്ലാസ് ബങ്ക് ചെയ്തു കണ്ട പടമാണ് ഇത് . അന്ന് ഏതോ തട്ട് പൊളിപ്പന്‍ തമിഴ് സിനിമ കാണാന്‍ പോയതാണ്. അതിന്റെ ടിക്കറ്റ്‌ കിട്ടാത്തത് കൊണ്ട് ഇതിനു കയറുകയായിരുന്നു. എന്നാല്‍ ഒരു ഹയര്‍ ഡിഗ്രീയിലുള്ള ഫാസില്‍ ചിത്രം കണ്ട പോലെ ആണ് അന്ന് എനിക്ക് തോന്നിയത്. പക്ഷെ ഇപ്പോഴും ഈ പേര് കേള്‍ക്കുമ്പോള്‍ നിസ്സഹായനായ ജോസെഫിന്റെയും ഫ്ലാവിയുടെയും ചിത്രങ്ങള്‍ മനസ്സിലേക്ക് ഓടി വരും. അത് പോലെ തന്നെ എടുത്തു പറയേണ്ട ഒന്നാണ് ഇതിലെ ഗാനങ്ങള്‍ . ജതിന്‍ ലളിത് സംഗീതം നല്‍കിയ അതി മനോഹര ഗാനങ്ങള്‍ ആണ് കഥയുടെ കണ്ണികളെ കൂട്ടിയിണക്കുന്ന ഒരു ഘടകം. ഗോവയുടെ ആംഗ്ലോ ഇന്ത്യന്‍ പശ്ചാത്തലത്തില്‍
ഇത്രയ്ക്കു മനോഹരമായി ഒരു ചിത്രം അടുത്ത കാലത്തെങ്ങും വന്നിട്ടില്ല. ഒരു സംവിധായകന്‍ എന്ന നിലയില്‍ സഞ്ജയ്‌ ലീല ബന്‍സാലി സ്വന്തം കയ്യൊപ്പിട്ട ചിത്രം. കാണാന്‍ ശ്രമിക്കൂ. അല്‍പം ബുദ്ധിമുട്ടി വേണം ഇതിലെ ചില ഭാഗങ്ങള്‍ ഒക്കെ കാണേന്ടതെങ്കിലും കണ്ടു കഴിയുമ്പോള്‍ നിങ്ങളുടെ ഉള്ളില്‍ നിന്നു എന്തൊക്കെയോ ഉരുകി ഒലിച്ചു പോയത് പോലെ തോന്നാതിരിക്കില്ല. 

2010, നവംബർ 21, ഞായറാഴ്‌ച

ഈ തണുത്ത വെളുപ്പാന്‍ കാലത്ത്

     

ഈയിടെ വനിതയുടെ ഒരു പഴയ ലക്കത്തില്‍ പ്രശസ്ത ചലച്ചിത്ര രചയിതാവും സംവിധായകനും ആയ രഞ്ജിത്ത് പറഞ്ഞത് വായിച്ചു. തന്നെ ഇക്കാലമത്രയും അത്ഭുതപ്പെടുത്തിയ  അല്ലെങ്കില്‍ അസൂയപ്പെടുത്തിയ ഒരേ ഒരാള്‍ പദ്മരാജന്‍ ആണെന്ന്. പദ്മരാജനെ പറ്റി വളരെ മുമ്പേ എഴുതണം എന്ന് തോന്നിയിരുന്നെങ്കിലും പിന്നെ വിട്ടു പോയി. അപ്പോഴാണ് ഈ അഭിമുഖം വായിച്ചതു. അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ എല്ലാം കഥയും തിരക്കഥയും ഒക്കെ പദ്മരാജന്‍ സ്വയം എഴുതിയിരുന്നതാണ്. മറ്റൊരാള്‍ക്ക്‌ വേണ്ടി അദ്ദേഹം നടത്തിയ രചനകള്‍ വിരളമാണ്. ഭരതന് വേണ്ടിയും ഭരതനോടോരുമിച്ചും ചിലത് എഴുതിയത് വിസ്മരിക്കുന്നില്ല. എന്നാല്‍ വര്‍ഷങ്ങളായി വെറും ഒരു കച്ചവട സിനിമാക്കാരന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ജോഷി ഇദ്ദേഹത്തിന്‍റെ ഒരു തിരക്കഥയില്‍ സംവിധാനം ചെയ്ത ഒരു ചിത്രമാണ് 'ഈ തണുത്ത വെളുപ്പാന്‍ കാലത്ത്'. ഈ ചിത്രം കണ്ടിട്ടില്ലാത്തവര്‍ക്കായി ഒരു ഓര്‍മ്മക്കുറിപ്പ്‌. സത്യം പറയാമല്ലോ ജോഷി വളരെ നന്നായി തന്റെ ജോലി ചെയ്തിട്ടുണ്ട്. ശരി. അപ്പൊ കഥയിലേക്ക്‌...

    ഒരു അവധി ദിവസം രാത്രി അടുക്കളയില്‍ സ്വയം പാചകം ചെയ്തു കൊണ്ട് മുംബയില്‍ ഉള്ള ഭാര്യയോടും മക്കളോടും ഫോണില്‍ സംസാരിക്കുന്ന ഒരു ജട്ജിയില്‍ ( ബാബു നമ്പൂതിരി ) നിന്നാണ് കഥ തുടങ്ങുന്നത്. മതില് ചാടി വീട്ടിനുള്ളില്‍ എത്തുന്ന ഒരു കൊലയാളി ജഡ്ജിയെ വക വരുത്തുന്നു.
മരിച്ചു എന്നുറപ്പാക്കിയ ശേഷം മൃതദേഹത്തിന്റെ വായില്‍ ഒരു കഷണം ചകിരി തിരുകിയിട്ട് കൊലയാളി സ്ഥലം വിടുന്നു.  അന്വേഷണതിനെത്തുന്ന പോലീസിന് ഒരു തുമ്പും കിട്ടുന്നില്ല.

     അങ്ങനെ ഇരിക്കെ ആണ് അടുത്ത കൊലപാതകം. മറിച്ച ജഡ്ജി വാസുദേവിന്റെ ഒരു അടുത്ത സുഹൃത്താണ് കുവൈറ്റ് മണി ( എം ജി സോമന്‍ ) എന്നറിയപ്പെടുന്ന മണി എന്ന വ്യവസായി.
സ്വന്തം ഭാര്യയെ ഉപേക്ഷിച്ച മണിക്ക് ഒരു കീപ്‌ ഉണ്ട്. പത്മം ( ചിത്ര ). ഭാര്യയും മകനും ഒക്കെ എതിര്‍ത്തിട്ടും പുള്ളിക്കാരന്‍ അവരെ ഒക്കെ അവഗണിച്ചിട്ട് പത്മതിനെ കൊണ്ട് നടക്കുകയാണ്.
ഒരു ദിവസം പത്മത്തെ കണ്ടിട്ട് സ്വന്തം റബ്ബര്‍ എസ്ടെട്ടിലേക്കുള്ള യാത്രയില്‍ വിജനമായ റോഡില്‍ വച്ചു മണി കൊല്ലപ്പെടുന്നു. ഒരു ജീപ്പ് കൊണ്ടിടിച്ചു മണിയെ കൊലപ്പെടുത്തിയ ശേഷം മണിയുടെ വായിലും ഒരു കഷണം ചകിരി തിരുകി കൊലയാളി ഇരുട്ടിലേക്ക് വീണ്ടും മറയുന്നു.

     ഇതോടെ സംഗതി ആകെ മാറുന്നു. കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുന്നു. എസ് പി ഹരിദാസ്‌ ദാമോദരന്‍ കേസ് അന്വേഷണത്തിലേക്ക് കടന്നു വരുന്നു ( മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രം )
ഹരിദാസിന്റെ ഭാര്യ ലപ്പി ( സുമലത ) രസകരമായ ഒരു കഥാപാത്രമാണ്. ജ്യോല്സ്യന്മാരുടെയും മനുഷ്യ ദൈവങ്ങളെയും കണക്കില്ലാതെ വിശ്വസിക്കുന്ന ഒരാള്‍ ആണ് ലപ്പി. ഹരിദാസ് ആകട്ടെ നേരെ തിരിച്ചും. മൃതദേഹങ്ങളുടെ വായില്‍ ഉപേക്ഷിച്ചു പോകുന്ന ചകിരി കഷണം ഒരു പ്രതികാരത്തിന്റെ അടയാളമാണോ എന്ന പോലീസിന്റെ പ്രാഥമിക സംശയം ഹരിക്കും ഉണ്ടാകുന്നു.
അതില്‍ നിന്നു തന്നെ തുടങ്ങാം എന്നു ഹരിദാസ്‌ തീരുമാനിക്കുന്നു.

     ഇതിനോട് സാമ്യമുള്ള ഒരു കൊലപാതകം മുന്‍പ് എപ്പോഴെങ്കിലും നടന്നിട്ടുണ്ടോ എന്നു ഹരിദാസ്‌ അന്വേഷിക്കുന്നു. ഹരിദാസിന്റെ അസിസ്റ്റന്റ്‌ ആയ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പണ്ട് മുംബയില്‍ ഇതിനോട് സമാനമായ ഒരു സംഭവം നടന്നിട്ടുണ്ടെന്ന് കണ്ടു പിടിക്കുന്നു. വിഷം കഴിച്ചു ആത്മഹത്യ ചെയ്ത ഒരു ആംഗ്ലോ ഇന്ത്യന്‍ റൊസാരിയോ. മൃതദേഹത്തിന്റെ വായില്‍ അന്ന് ഒരു ചകിരി കഷണം കണ്ടിരുന്നുവെങ്കിലും പോലീസ് അന്ന് അത് കാര്യമായി എടുത്തില്ല. മരണ വെപ്രാളത്തില്‍ കിടക്ക കടിച്ചു മുറിച്ചു വായില്‍ ആയതാണ് എന്നായിരുന്നു അന്ന് അവര്‍ കരുതിയത്‌. രോസാരിയോയുടെ കുടുംബം പക്ഷെ നാട്ടിലാണ്. അയാളുടെ ഇവിടത്തെ വീട്ടില്‍ ഒന്ന് പോയി നോക്കാന്‍ തന്നെ ഹരിദാസ്‌ തീരുമാനിക്കുന്നു. അപ്പോഴേക്കും ആ വീട് വിറ്റുപോയിരുന്നു. പുതിയ താമസക്കാരില്‍ നിന്നും ഹരിക്ക് കുറച്ചു വിവരങ്ങള്‍ ലഭിക്കുന്നു. റൊസാരിയോ വിവാഹം കഴിച്ചത് ശ്രീദേവി എന്നൊരു ഹിന്ദു പെണ്‍കുട്ടിയെ ആയിരുന്നു. അവരുടെ വീട്ടിലൊക്കെ പോയി അന്വേഷിക്കുന്ന ഹരിദാസിന് ഒരു വിവരം കൂടി ലഭിക്കുന്നു. റൊസാരിയോ - ശ്രീദേവി ദമ്പതികള്‍ക്ക് ഒരു മകന്‍ ഉണ്ടായിരുന്നു എന്നത്. മയക്കു മരുന്നിനു അടിമയായി ഒടുവില്‍ വീട് വിട്ടു പോവുകയായിരുന്നു അവന്‍ എന്നു വിവരം ലഭിക്കുന്നു. ക്രിസ്റ്റി എന്ന പേരില്‍ ഒരു ധര്‍മ സ്ഥാപനത്തില്‍ അന്തേവാസി ആയിരുന്നു അവന്‍. 
വീട്ടുകാരുമായി സ്ഥിരം വഴക്കായിരുന്നു ക്രിസ്റ്റി. അമ്മയുടെ മരണത്തോടെ സമനില തെറ്റിയ ക്രിസ്റ്റി ഇനി ഒരു സയ്ക്കോപാത്ത് ആയി മാറിയോ എന്നു ഹരിദാസ്‌ സംശയിക്കുന്നു. ടി വിയില്‍ ക്രിസ്ടിയെ കണ്ടവരുണ്ടെങ്കില്‍ ബന്ധപ്പെടണം എന്നു അഭ്യര്‍ഥിച്ചു അവര്‍ പരസ്യം ചെയ്യുന്നു. വൃദ്ധന്മാരെ ലക്‌ഷ്യം വയ്ക്കുന്ന ഒരു സയിക്കോപാത്ത് ആണ് കൊലയാളി എന്ന വിവരം എങ്ങനെയോ ചോരുന്നു. ഇത് ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തുന്നു.

    ലപ്പി ടൌണിലെ ഒരു വിമന്‍സ് ക്ലബ്ബിന്റെ സെക്രട്ടറി ആണ്. ക്ലബ്‌ സംഘടിപ്പിക്കുന്ന ഒരു ചടങ്ങില്‍ അതിഥി ആയി ഒരു വയോ വൃദ്ധന്‍ വരുന്നു. നെടുമുടി വേണു അവതരിപ്പിക്കുന്ന വാര്യര്‍ സര്‍ എന്ന കഥാപാത്രം. എക്സ്ട്രാ സെന്‍സറി പെര്‍സെപ്ഷന്‍ എന്ന പ്രതിഭാസത്തെ പറ്റി പഠനം നടത്തുകയും അതില്‍ പരീക്ഷണങ്ങള്‍ ചെയ്യുകയും ചെയ്യുന്ന ഒരു ഗുരു. പുള്ളി തന്റെ കഴിവ് ഉപയോഗിച്ച് പ്രതിയെ കണ്ടു പിടിക്കാന്‍ ഒരു ശ്രമം നടത്തുന്നു. അദ്ദേഹവും കാണുന്നത് അബോധാവസ്ഥയില്‍ മയങ്ങിയ മിഴികളോട് കൂടിയ ഒരു യുവാവിനെ ആണ്. ഹരിദാസ്‌ അതൊന്നും വിശ്വസിക്കുന്നില്ലെങ്കിലും ക്രിസ്ടിയെ കണ്ടുപിടിക്കാനുള്ള ശ്രമവുമായി മുന്നോട്ടു പോകുന്നു. ഒരു രാത്രി  വാര്യര്‍ക്ക് നേരെയും വധ ശ്രമം ഉണ്ടാവുന്നു.

     ഇതിനിടക്ക്‌ ക്രിസ്റ്റി പിടിയിലാവുന്നു. പക്ഷെ അവനു ഒരു വിവരവും നല്‍കാന്‍ കഴിയുന്നില്ല. നാര്‍ക്കോ അനാലിസിസ് ഒക്കെ പരീക്ഷിച്ചു നോക്കുന്നെങ്കിലും ഒന്നും ഫലവത്താകുന്നില്ല.
അങ്ങനെ ഇരിക്കെ ഒരു ദിവസം ഷോപ്പിംഗ്‌ നു പോകുമ്പോള്‍ അവിടെ വച്ചു ഹരിദാസ്‌ കുവൈറ്റ് മണിയുടെ പഴയ കീപ്‌ ആയ പത്മത്തെ കാണുന്നു. അവിടെ നിന്നു പത്മം ഒരു മധ്യവയസ്കന്റെ ഒപ്പം കാറില്‍ കയറി പോകുന്നത് ഹരിദാസിന്റെ ശ്രദ്ധയില്‍ പെടുന്നു. അതാരാണ് എന്ന അന്വേഷണം എത്തിയത് ഫിലിപ്പ് തെന്നലയ്ക്കല്‍ ജോര്‍ജ് എന്ന ഒരു പണചാക്കില്‍ ആണ്. മണിയെ പോലെ തന്നെ , എന്നാല്‍ അതിനെക്കാള്‍ റിച് ആയ ഒരു ധനാട്യന്‍. പത്മതോടുള്ള പുതിയ ബന്ധം പുള്ളി നിഷേധിക്കുന്നില്ല. മണി പോയ സ്ഥിതിക്ക് പത്മത്തിന് തല്ക്കാലം ഒരു പിടിവള്ളി. അതുമാത്രമാണ് താന്‍ എന്നും കുറച്ചു കാലത്തേക്ക് കൊണ്ട് നടക്കാന്‍ പറ്റിയ ഒരു പെണ്ണാണ് പത്മം എന്നും ഫിലിപ്പ് അഭിപ്രായപ്പെടുന്നു. മണിയുടെ ഒരു അടുത്ത സുഹൃത്തായിരുന്നു ഫിലിപ്പ്. മുമ്പ് മറിച്ച ജഡ്ജ് വസുദേവിന്റെയും.  ഇനി മണി ജീവിച്ചിരുന്നപ്പോള്‍ തന്നെ ഇവര്‍ തമ്മില്‍ ഒരു ബന്ധം ഉണ്ടായിരുന്നുവോ. ? അവര്‍ രണ്ടു പേരും കൂടിയാണോ ഇനി മണിയെ കൊന്നത് ? ഇങ്ങനെ ഹരിദാസിന്റെ അനേകം സംശയങ്ങള്‍ക്കു ഫിലിപ്പ് ആ സംഭാഷണം കൊണ്ട് തടയിടുന്നു. കുവൈറ്റ് മണിയുടെ മരണത്തിലും ജഡ്ജിയുടെ മരണത്തിലും താന്‍ ദുഖിതന്‍ ആണെന്നും കൊലയാളിയെ കണ്ടു പിടിക്കാന്‍ ഏത്‌ തരത്തില്‍ സഹകരിക്കാനും താന്‍ തയാറാണെന്നും ഫിലിപ്പ് പറയുന്നു. അങ്ങനെ ആ അഭിമുഖം അവസാനിക്കുന്നു. 

     ഇതോടെ അന്വേഷണം ഒരു പ്രതിസന്ധിയിലെതുന്നു. ഒരു തുമ്പും ഇല്ല മുന്നോട്ടു പോകാന്‍. ഒരു ദിവസം ക്രിസ്ടിയുടെ വീട്ടില്‍ നിന്നു ലഭിച്ച പഴയ ഫോട്ടോഗ്രാഫുകള്‍ നോക്കിയിരിക്കുന്ന ഹരിദാസ്‌ 
ഒരു കോളേജ് ഗ്രൂപ്പ്‌ ഫോട്ടോ കണ്ടു ഞെട്ടുന്നു. ശ്രീദേവിയും മറിച്ച രോസാരിയോയും മാത്രമല്ല ആ ഫോട്ടോയില്‍ ഉണ്ടായിരുന്നത്. ആ ബാച്ചിലെ വിദ്യാര്‍ത്ഥികളുടെ കൂട്ടത്തില്‍ ഇപ്പോള്‍ കണ്ട ഒരു മുഖം കൂടി. ഫിലിപ്പ് തെന്നലയ്ക്കല്‍ ജോര്‍ജ്. മറിച്ച ജഡ്ജ്, കുവൈറ്റ് മണി, ഫിലിപ്പ് , ശ്രീദേവി, റൊസാരിയോ എന്നിവര്‍ കുറച്ചു വര്‍ഷം മുമ്പ് ഒരേ സമയം ഒരു കോളേജില്‍ ഒരുമിച്ചുണ്ടായിരുന്നു എന്ന സത്യം ഹരിദാസിനെ കുറച്ചു കൂടി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. ഫിലിപ്പിനെ ഒന്ന് കൂടി ചോദ്യം ചെയ്യാന്‍ ഹരിദാസ്‌ തീരുമാനിക്കുന്നു. അതില്‍ പുതിയ ഒരു വിവരം വെളിവാകുന്നു. പണ്ട് ഇവരെല്ലാവരും ശ്രീദേവിയുടെ പുറകെ നടന്നിട്ടുണ്ട് .പക്ഷെ ഇവരെ അവഗണിച്ച ശ്രീദേവിയോട് പക തീര്‍ക്കാന്‍ അവളെ ഒരിക്കല്‍ ഇവരെല്ലാവരും കൂടി ഗാംഗ് റേപ് ചെയ്തിട്ടുണ്ട് എന്നത് അയാള്‍ തുറന്നു സമ്മതിക്കുന്നു. 


എന്നാലും കൊലയാളി ആര് എന്ന ചോദ്യം ബാക്കിയാവുന്നു. കൂനിന്മേല്‍ കുരു എന്നത് പോലെ ക്രിസ്റ്റി പോലീസ് കസ്ടടിയില്‍ നിന്നു ചാടി പോകുന്നു. ഈ വാര്‍ത്ത‍ വീണ്ടും ഒരു ഭീതി പരത്തുന്നു.
നാട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന എല്ലാവരും തങ്ങള്‍ക്കു പോലീസ് സംരക്ഷണം വേണം എന്നു ആവശ്യപ്പെടുന്നു. ഫിലിപ്പ് ഉള്‍പ്പെടെ. താന്‍ ആയിരിക്കും കൊലയാളിയുടെ അടുത്ത ഉന്നം എന്നു ഫിലിപ്പ് ഉറപ്പിച്ചു പറയുന്നു. എന്നാല്‍ അതിന്റെ കാരണം അയാള്‍ പറയുന്നില്ല. വേറെ ആര്‍ക്കു സംരക്ഷണം കൊടുത്താലും ഫിലിപ്പിന് കൊടുക്കണ്ട എന്നു ഹരിദാസ്‌ നിര്‍ദേശിക്കുന്നു. എന്നിട്ട് അവര്‍ രാത്രി ഫിലിപ്പിന്റെ വിശാലമായ ബംഗ്ലാവിനു ചുറ്റും രഹസ്യമായി നിലയുറപ്പിക്കുന്നു. 
രാത്രിയുടെ നിഗൂടതയില്‍ കൊലയാളി വീണ്ടുമെത്തുന്നു. ഫിലിപ്പിനെ വധിക്കാന്‍. എന്നാല്‍ 
പതിയിരുന്ന പോലീസിന്റെ കെണിയില്‍ അയാള്‍ വീഴുന്നു. കൊലയാളിയെ കണ്ടു എല്ലാവരും ഞെട്ടുന്നു.


    ഇതാണ് കഥ. പത്മരാജന് മാത്രം എഴുതാന്‍ കഴിയുന്ന സംഭാഷണങ്ങളിലൂടെ ഒരു സാധാരണ കുറ്റാന്വേഷണ മസാല ചിത്രം എങ്ങനെ വേറൊരു തലത്തിലേക്ക് ഉയര്‍ത്താം എന്നു ഈ ചിത്രത്തില്‍ കാണാം. നമ്മുടെ പുതിയ തലമുറ കഥാകൃതുക്കള്‍ക്ക് ഒരു പാഠപുസ്തകം ആണ് പത്മരാജന്റെ സിനിമകള്‍. ജോഷിക്ക് ഇങ്ങനെയും ചിത്രം എടുക്കാന്‍ പറ്റും എന്നു ഇത് കണ്ടപ്പോ പിടി കിട്ടി. അല്ലെങ്കിലും നമ്മുടെ പഴയ സിനിമാക്കാര്‍ക്ക്‌ എല്ലാം ഒടുക്കലത്തെ റേഞ്ച് ആണ്.
സിബി മലയില്‍ ആഗസ്റ്റ്‌ ഒന്നിലൂടെയും പിന്‍ഗാമിയിലൂടെ സത്യന്‍ അന്തിക്കാടും മറ്റും ഇത് പലപ്പോഴും തെളിയിച്ചിട്ടുള്ളതാണ്. ഇപ്പോഴത്തെ സംവിധാന കേസരികള്‍ക്ക് ഇതൊന്നും പറ്റില്ലെങ്കിലും വാചകമടിയില്‍ അവര്‍ സൂപ്പര്‍ താരങ്ങള്‍ ആണ്. കഥ നല്ല രസമായി പറഞ്ഞിട്ടുള്ളത് കൊണ്ടാണ് ആരാണ് കൊലയാളി എന്നു എഴുതാത്തത്. പറ്റുമെങ്കില്‍ കണ്ടു നോക്കു. 

2010, നവംബർ 20, ശനിയാഴ്‌ച

ഒടുക്കലത്തെ കമന്റടി ആയിപോയി - അഥവാ കുറച്ചു സ്പോക്കെന്‍ ഇംഗ്ലീഷ്

ഞാന്‍ മലയാളം മീഡിയത്തില്‍ പഠിച്ച ഒരാള്‍ ആണ്. ഇവിടെ ഞാന്‍ മാതൃഭാഷയെ തള്ളി പറയുകയല്ല. 
പക്ഷെ മലയാളം കൊണ്ട് ജീവിക്കാന്‍ വലിയ ബുദ്ധിമുട്ടാണ് ഇക്കാലത്ത്. കേരളത്തിന്‌ പുറത്തു ആദ്യമായി പോയപ്പോ ആണ് വേറൊരു ഭാഷ അറിഞ്ഞുകൂടാത്തത്തിന്റെ ബുദ്ധിമുട്ട് മനസ്സിലായത്. അങ്ങനെ ആണ് ഹിന്ദിയും തമിഴും പ്രയോഗിച്ചു തുടങ്ങിയത്. കേരളത്തില്‍ കുറച്ചു കാലം ജോലി ചെയ്തു. അപ്പോഴൊന്നും ഇംഗ്ലീഷ് ഉപയോഗിക്കേണ്ടി വന്നിട്ടേ ഇല്ല . ഒരിക്കല്‍ പുറത്തു ഒരു ഓഫീസില്‍ ജോലി സംബധമായി പോകേണ്ടി വന്നു. 
അവിടെ ചെന്നിട്ടു ഇംഗ്ലീഷില്‍ സംസാരിക്കേണ്ടി വന്നപ്പോഴാണ് എന്റെ ഇംഗ്ലീഷ് ഭാഷ സ്വാധീനം എത്ര ദുര്‍ബലം ആണെന്ന് മനസ്സിലായത്. ഔട്ട്‌ലുക്ക്‌ , ഇന്ത്യ ടുഡേ ഒക്കെ വായിക്കുമായിരുന്നെങ്കിലും സംസാര ഭാഷയില്‍ അത് കൊണ്ട് മാത്രം കാര്യമില്ല എന്ന് അന്നാണ് ആദ്യമായി മനസ്സിലായത്‌. എനിക്ക് മാത്രമല്ല പൊതുവേ സമാനമായ സാഹചര്യങ്ങളില്‍ നിന്നു വന്ന മലയാളികള്‍ക്ക് മുഴുവന്‍ ഉള്ള ഒരു പ്രശ്നം ആണ് ഇതെന്ന് പിന്നെ ഒരിക്കല്‍ പിടികിട്ടി. ഓഫീസില്‍ ഒരിക്കല്‍ ഒരു കാള്‍ കോണ്‍ഫറന്‍സ് ഉണ്ടായിരുന്നു. അതില്‍ എനിക്കും സംസാരിക്കേണ്ടി വന്നു. കാള്‍ കഴിഞ്ഞപ്പോ അതില്‍ തന്നെ ഉണ്ടായിരുന്ന ഒരു മൈസൂര്‍കാരന്‍ പയ്യന്‍ ചാറ്റില്‍ വന്നു. പലതും പറഞ്ഞ കൂട്ടത്തില്‍ പുള്ളി ചോദിച്ചു ഞാന്‍ കേരളത്തില്‍ നിന്നാണോ എന്ന്. അത് കേട്ടു അതിശയപ്പെട്ടു ഞാന്‍ ചോദിച്ചു എങ്ങനെ മനസ്സിലായി എന്ന്. അപ്പൊ അവന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു മല്ലുക്കള്‍ക്ക് ഉള്ള ഒരു സിഗ്നേച്ചര്‍ ആക്സന്റ് കേട്ടിട്ടാണ് പിടി കിട്ടിയതെന്ന്. അന്ന് മുതല്‍ക്കാണ് ഞാന്‍ മലയാളികളും മറ്റു സംസ്ഥാനക്കാരും ഇംഗ്ലീഷ് സംസാരിക്കുന്നതിലുള്ള വ്യത്യാസം ശ്രദ്ധിച്ചു തുടങ്ങിയത്. ബാക്കി സംസ്ഥാനക്കാരെ വച്ചു നോക്കുമ്പോ മലയാളികള്‍ മാത്രമാണ് ഏറ്റവും വിദ്യ സമ്പന്നര്‍ എന്നൊക്കെ ആണല്ലോ വയ്പ്പ്. എന്നാല്‍ ഇങ്ങനെ ലഭിക്കുന്ന അറിവ് എത്രത്തോളം പ്രായോഗികം എന്ന് കണ്ടു തന്നെ അറിയണം. ചിലപ്പോ ഇക്കാരണം കൊണ്ടാവും ... വേണ്ടിടത്തും വേണ്ടാത്തിടത്തും മുറി ഇംഗ്ലീഷ് വച്ചു കാച്ചാന്‍ നമ്മള്‍ മലയാളികള്‍ക്ക് ഒരു ആവേശം ഉണ്ട്. നമ്മുടെ മലയാള പത്രങ്ങളില്‍ വായനക്കാര്‍ വച്ചു താങ്ങുന്ന കമന്റ്സ് കണ്ടപ്പോ ആണ് ഈ വിഷയം ഒന്ന് ചര്‍ച്ച ചെയ്താലോ എന്ന് ഞാന്‍ ആലോചിച്ചത്. എന്താ  നിങ്ങളുടെ അഭിപ്രായം ? 

ചില രസികന്‍ കമന്റുകള്‍ 

ലോഹിത ദാസിനെ പറ്റി മനോരമയില്‍ വന്ന ഒരു ഓര്‍മകുറിപ്പിന് ചിലര്‍ പോസ്റ്റ്‌ ചെയ്തത്

After demise, knowing U, Great,Simple, but powerful thoughts and successful mpliments. Really,Your absence feels empty in soul, tears in eyes.......
XXXXX, DUBAI , 07Aug'10 17:44:൫൩


ജയനെ പറ്റി വന്നതിനു 
blessing thousands of flowers
XXXXX, Dubai , 18Nov'10 18:07:൦൪

Even after 30 years, your death is giving pain for us.
XXXX 18Nov'10 12:54:൪൯

jayan is history person lik a alaxsander realy we will never forget
XXXX, ksa, 17Nov'10 18:40:൧൩

ഭരത് ഗോപിയെ പറ്റി 
A great acton lost but he is living in every Malayalees heart, he never dies, he will remember ever and ever.
XXX Doha - Qatar, 06Mar'10 16:07:൨൨

bharath gopy he was not an actor ,there is no repacement ,but each and every person they have there own role given by god in the world that we have to admit
XXXX, dubai, 30Jan'10 01:26:൩൯

gopiyettan is masterpiece in malylam film industry...gr8 salute to gr8 a gr8 actor
XXXX, dubai, 29Jan'10 21:10:൧൧

gopi great man oriented man personally loving man interesting man above all A GREAT ACTOR MR BHARAT GOPI Rani Bahrain
XXXX, baharain, 29Jan'10 16:59:൨൪

മമ്മുക്കയുടെ ലൌഡ്സ്പീക്കര്‍ എന്ന cinemaye പറ്റി

very attachment with our history
XXX, Sharjah, 02Nov'09 23:04:൩൮

very good filim.Mammukka;s wonderful acting nostalgic feeling,simple. Abd also good acting of Mammukka.Mammukka the Great
XXXX, doha, 02Nov'09 20:26:൩൦

അന്‍വര്‍ 

The moview is gud n diffrent story...but Amal neerad is using the same spot for all three movies.i mean the same beach in climax BIG B ,S A J. N ANWAR.
XXX TP, Muttam, 28Oct'10 01:19:൨൫
      എന്തിരന്‍ 




i saw the movie Enthiran the Robot . what i say about the film.... no words to evaluate the film In the history of indian cinema their is no equals to Rajini sir i appretiate his skill and acting as chitti (robot) congrats ........i can only said that to all pls dont miss the film yaar...congrats Aiswarya,Shankar Rahman Rasool pookutty and other Technicians from Hollywood to make the film to a history....
XXXX, Thodupuzha , Idukki, 12Oct'10 15:44:൦൪


      yenthiren holly wood copied movie but comercely sucsuss enjoy
      XXX vp, jeddah, 15Nov'10 12:12:൨൭
   
     its feel like a extra ordinary in some case like it's graphics,songs,acting but it also feel like bad in the case         (the mosquito modes) also in some part, filim is boring al robot form a snake it is un imaginary picture
XXXX, malappuram, 31Oct'10 19:52:൦൪


കുട്ടിസ്രാങ്ക്

How can they give Award to Mr. Amitab.We Can't believe it.All World peoples Award given to Mammooka....ok Xcellent and Marvellous performence ......Keep it up.
XXXX, Qatar , 15Nov'10 16:55:൧൭

Entirelly different movie from Mr. Shaji.The result is all the people were enjoyed and Mr. Mammootty snd others has done wonderfully. I proud of you. Thank you...
XXXX, Qatar, 10Aug'10 14:47:൩൧

2010, നവംബർ 18, വ്യാഴാഴ്‌ച

രജനീഷ് - യു ആര്‍ ഗ്രേറ്റ്‌ !!!! - ഓഷോയെ പറ്റി അല്പം

     
     പണ്ട് കോളേജില്‍ പഠിക്കുമ്പോള്‍ നോം ഓഷോയുടെ ഒരു ആരാധകന്‍ ആയിരുന്നു. ഓഷോയുടെ പുസ്തകങ്ങള്‍,പണ്ട് കോളേജില്‍ പഠിക്കുമ്പോള്‍ നോം ഓഷോയുടെ ഒരു ആരാധകന്‍ ആയിരുന്നു. ഓഷോയുടെ പുസ്തകങ്ങള്‍, അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളുടെ കാസറ്റുകള്‍ മുതലയാവ സംഘടിപ്പിച്ചു കേള്‍ക്കുമായിരുന്നു. അന്ന് ഇന്നത്തെ പോലെ ഇന്റര്‍നെറ്റ്‌ ഇല്ലല്ലോ. ഇതൊക്കെ വളരെ കഷ്ടപെട്ടാണ് ഒപ്പിക്കുക. എന്റെ ഒരു ബന്ധു ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ സ്വകാര്യ ശേഖരത്തില്‍ നിന്നാണ് പലപ്പോഴും ഇതൊക്കെ കിട്ടിയിരുന്നത്. മാത്രമല്ല എന്റെ പല സംശയങ്ങള്‍ തീര്‍ത്തു തരാനും അദ്ദേഹം സഹായിച്ചിട്ടുണ്ട്.  രജനീഷിനെ പറ്റി കേട്ടിട്ടുണ്ടായിരുന്ന മസാല കലര്‍ന്ന കഥകള്‍ ആയിരുന്നു സത്യം പറഞ്ഞാല്‍ എന്നെ അദ്ദേഹത്തിലേക്ക്‌ ആകര്‍ഷിച്ചത്. പക്ഷെ കൂടുതല്‍ അറിഞ്ഞപ്പോഴാണ് ഒരുപാടു തെറ്റിദ്ധരിക്കപ്പെട്ട ഒരു വ്യക്തിത്വം ആയിരുന്നു ഒഷോയുടെത് എന്ന് മനസ്സിലായത്. ഗുരു എന്ന വാക്കിനു പല തരത്തിലുള്ള നിര്‍വ്വചനങ്ങള്‍ ആകാം. ഭാരതീയ പാരമ്പര്യം അനുസരിച്ചുള്ള ഗുരു എന്ന സങ്കല്പത്തിന് അപ്പുറത്തായിരുന്നു ഓഷോയും ജിദ്ദു കൃഷ്ണമൂര്‍ത്തിയും ഒക്കെ. ശ്രീ ശ്രീ രവിശങ്കറിനെ പോലെയോ മാതാ അമൃതാനന്ദമയി ദേവിയെ പോലെയോ സത്യാ സായി ബാബയെ പോലെയോ ഒരാള്‍ അല്ലായിരുന്നു ഓഷോ. ഈ വിഷയത്തെ പറ്റി വിശദമായി ഒരു പോസ്റ്റ്‌ ഞാന്‍ എഴുതിക്കൊണ്ടിരിക്കുകയാണ്. കൂടുതല്‍ പുറകെ..

     ഇപ്പൊ ഈ പോസ്റ്റ്‌ ഇടാന്‍ കാര്യം എന്റെ ഒരു ഫ്രണ്ട് ഫോര്‍വേഡ് ചെയ്തു തന്ന ഒരു ലിങ്ക് ആണ്. പാശ്ചാത്യര്‍ വ്യാപകമായി ഉപയോഗിക്കുന്ന 'F' വേര്‍ഡ്‌ നെ പറ്റി രജനീഷിന്റെ വിശകലനം ഇവിടെ കാണാം. നിങ്ങള്‍ ആദ്യം ഇത് കാണൂ. മുകളില്‍ പറഞ്ഞ പോസ്റ്റ്‌ വരുമ്പോഴേക്കും ഒരു മുന്‍ധാരണ ഉണ്ടാക്കി വയ്ക്കാന്‍ ഇത് ഉപകരിച്ചേക്കും ... 

ഈ വീഡിയോ പ്രായപൂര്‍ത്തിയും അതിനനുസരിച്ചുള്ള മാനസിക വളര്‍ച്ചയും ഉള്ളവര്‍ക്ക് വേണ്ടി മാത്രം ഉള്ളതാണ്. അല്ലാത്തവര്‍ ദയവു ചെയ്ത് ഈ വീഡിയോ പ്ലേ ചെയ്യാതിരിക്കുക

 

2010, നവംബർ 14, ഞായറാഴ്‌ച

ഫ്രൂട്ട് മാര്‍ക്കറ്റ്‌ - ബാന്‍ഗ്ലൂര്‍ .. ഹോ. എന്തൊരു മധുരം ... പോയി നോക്കു ട്ടോ

     ഈയിടക്ക് ആണ് എന്റെ ഒരു സുഹൃത്ത്‌ താമസം മാറിയത്. ബാന്‍ഗ്ലൂര്‍ തവരക്കരെ നിന്നു ബോമ്മസാന്ദ്ര എന്ന സ്ഥലത്തേക്ക്. ബാങ്ങളൂര്‍ പിന്നെ സാന്ദ്ര എന്നത് കോമണ്‍ ആണ്. ദോമ്മസാന്ദ്ര , സിംഗസാന്ദ്ര , അങ്ങനെ സാന്ദ്രകള്‍ അനേകം. ആ ചേട്ടനെ വീട് മാറുന്നതില്‍ ഒക്കെ സഹായിക്കാം എന്ന് കരുതി അവിടേക്ക് പോയി. ആ യാത്രയില്‍ ആണ് ഇവിടത്തെ പ്രശസ്തമായ ഫ്രൂട്ട് മാര്‍കറ്റ്‌ കണ്ടത്. വമ്പന്‍ മാര്‍കെറ്റ് ആണ് കേട്ടോ. പഴങ്ങള്‍ ഒക്കെ ലോറി കണക്കിന് ആണ് കൊണ്ട് തട്ടുന്നത്. വെറുതെ കുറെ ഫോട്ടം പിടിച്ചു. എന്നാല്‍ അത് പിന്നെ നിങ്ങളെയും കാണിച്ചേക്കാം എന്ന് വിചാരിച്ചു. ദാ താഴെ ഉണ്ട്. കണ്ടോ. സംഗതി ഒരു കാട്ടു പ്രദേശം ആണെങ്കിലും മലയാളികള്‍ക്ക് ഒരു കുറവുമില്ല. റോഡില്‍ കൂടി ഒക്കെ പിള്ളേര്‍ പയറു പോലെ മലയാളം പറഞ്ഞു നടക്കുന്നത് കണ്ടു. 

ആദ്യം pokanulla വഴി - 


View Larger Map



നമ്മള്‍ പോയത് ഹോസൂര്‍ റോഡ്‌ വഴി ആണ്.  എലിവേറ്റട് ഹൈവെ ആണ് ഈ കാണുന്നത്. 
കേരളത്തില്‍ ചില സ്ഥലങ്ങളിലെങ്കിലും റോഡിനു വീതി കൂട്ടുന്നതിനു പകരം ഉള്ള ഒരേ ഒരു പോംവഴി.



















മാര്‍ക്കറ്റ്‌ ഇവിടെ തുടങ്ങുന്നു 






















 അഴുകിയ പഴങ്ങള്‍ 

ഒരു വിദൂര ദൃശ്യം 

സ്വര്‍ഗത്തിലേക്കുള്ള വഴി 




ഈ ലോറി നിറച്ചു കാശ്മീരില്‍ നിന്നു കൊണ്ട് വന്ന ആപ്പിള്‍ ആണ് 

ബാക്കി ഫോട്ടോസ് പിന്നെ. അല്ലെങ്കില്‍ പിന്നെ ആ മാര്‍കെറ്റില്‍ പോയി നോക്കു.
സിറ്റിയില്‍ നിന്നു വരുമ്പോള്‍ ബോമ്മസാന്ദ്രയില്‍ നിന്നു ഇടത്തോട്ട് കിടക്കുന്ന വൃത്തികെട്ട റോഡില്‍ കൂടി നേരെ വിട്ടാല്‍ മതി. അവിടെ എത്തും

2010, നവംബർ 13, ശനിയാഴ്‌ച

അഭിനന്ദനങ്ങള്‍ ലങ്കാ

 
    ഇത് ശ്രീലങ്കയെ പറ്റിയോ അല്ലെങ്കില്‍ ശ്രീലങ്ക കടന്നു പോയ സംഘര്‍ഷങ്ങളെ പറ്റിയോ അല്ല. അതിനേക്കാള്‍ സങ്കീര്‍ണമായ ഘട്ടങ്ങളിലൂടെ കടന്നു പോയി വിജയം വരിച്ച ഒരു വനിതയെ പറ്റി ആണ് . മറ്റാരുമല്ല ..മയൂഖം എന്ന ഹരിഹരന്‍ ചിത്രത്തില്‍ അഭിനയിച്ചു കൊണ്ട് മലയാളം സിനിമയിലേക്ക് കടന്നു വന്ന.. ലങ്ക എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ട് വിപ്ലവം സൃഷ്‌ടിച്ച ... നടി എന്നതിലുപരി ഒരു ഗായിക എന്ന നിലയിലും സ്വന്തം മേല്‍വിലാസം ഉണ്ടാക്കിയ മമത മോഹന്‍ദാസ്‌ എന്ന അഭിനേത്രിയെ പറ്റി ആണ്. നയന്‍ താരയെ പോലെ തന്നെ തികച്ചും പ്രൊഫെഷണല്‍ ആയ ... എന്നാല്‍ വിവാദങ്ങളില്‍ നിന്നു ഒഴിഞ്ഞു നടക്കുന്ന ഈ നടിയെ പറ്റി ഇപ്പോള്‍വന്ന ഒരു വാര്‍ത്ത‍ ആദ്യം എന്നെ ഞെട്ടിക്കുകയും പിന്നെ ചിന്തിപ്പിക്കുകയും ചെയ്തു.

     അന്‍വര്‍ എന്ന പുതിയ ചിത്രത്തില്‍ വെട്ടി ചെറുതാക്കിയ മുടിയുമായി പ്രത്യക്ഷപ്പെട്ട മമതയോട് പലരും പറഞ്ഞു ഈ ഹെയര്‍ കട്ട്‌ നന്നായിരിക്കുന്നു എന്നൊക്കെ. എന്ത് പറ്റി ഇപ്പൊ ഇങ്ങനെ ചെയ്യാന്‍ എന്ന് ചോദിച്ച പലരോടും നടി ഇത് വരെ പുറത്തു പറയാതിരുന്ന ആ സത്യം വെളിപ്പെടുത്തി. താന്‍ കാന്‍സര്‍ ബാധിത ആയിരുന്നെന്നും എന്നാല്‍ ചികിത്സയിലൂടെ രോഗത്തില്‍ നിന്നു രക്ഷപെട്ടതാണെന്നും. കീമോ തെറാപ്പിയുടെ ബാക്കിപത്രമായിരുന്നു ആ മുടി. സത്യം പറഞ്ഞാല്‍ ആദ്യം ഒന്ന്  അമ്പരന്നെങ്കിലും പിന്നീട് ആ അമ്പരപ്പ് ബഹുമാനമായി മാറുകയായിരുന്നു. നെഞ്ചില്‍ എന്തോ ഇന്‍ഫെക്ഷന്‍ കാരണം അഭിനയം കുറച്ചിരിക്കുകയായിരുന്നു മമത എന്നാണ് പുറത്തു വിട്ടിരുന്ന വാര്‍ത്ത‍. അത് കഴിഞ്ഞു സാവകാശം തിരിച്ചു വന്ന  മമത തെലുഗില്‍ ചരിത്രം സൃഷ്ടിക്കുകയായിരുന്നു. പാട്ട് പാടുകയും ( അതിനു അവാര്‍ഡും ) അഭിനയിക്കുകയും ചെയ്തു കൊണ്ട് ശക്തമായി തന്നെ. എന്നാല്‍ അടുത്ത കാലത്ത് അഭിനയിച്ച അന്‍വര്‍ എന്ന ചിത്രത്തിന്‍റെ അഭിനയിതിനിടയില്‍ ആണ് തന്റെ രോഗം തിരിച്ചറിഞ്ഞത്. ആരംഭ ദശയില്‍ ആയിരുന്നത് കൊണ്ട് ഭേദമാക്കാന്‍ പറ്റി. തന്റെ രോഗത്തിന്റെ കാര്യമോ അതിന്റെ വിഷമതകളോ പറഞ്ഞു വാര്‍ത്ത‍ സ്രിഷ്ടിക്കാതിരുന്ന മമത ഒടുവില്‍ എല്ലാം കഴിഞ്ഞതിനു ശേഷം സ്വയം അത് വെളിപ്പെടുത്തുകയായിരുന്നു.  JFW ( Just For Woman ) മാസിക നടത്തിയ ഒരു അഭിമുഖത്തില്‍.

     ഇത്തരം ഒരു സാഹചര്യം സ്വന്തം ജീവിതത്തില്‍ സംഭവിച്ചാല്‍ ഒരു സാധാരണ ഒരാള്‍ എന്ത് ചെയ്യുമോ അതൊന്നുമല്ല മമത ചെയ്തത്. യശശരീരനായ സത്യന്‍ പണ്ട് ചെയ്തത് പോലെ എല്ലാം സ്വകാര്യമായി ഒതുക്കി വച്ചു അസാധാരണ ധൈര്യത്തോടെ മമത അതിനെ നേരിട്ടു. ലങ്കയില്‍ താന്‍ അവതരിപ്പിച്ച ആ കഥാപാത്രത്തിന്റെ അതേ വീര്യത്തോടെ.  ആ ധൈര്യം നമ്മള്‍ അംഗീകരിച്ചേ  പറ്റൂ. ചെറിയ ഒരു ജലദോഷം വന്നാല്‍ പോലും അതിനു ഡോക്ടറുടെ അടുത്തേക്ക് ഓടുകയും ബഹളം വയ്ക്കുകയും ചെയ്യുന്ന കിടാങ്ങള്‍ ഇതൊന്നു കാണൂ. അത് മാത്രമല്ല ഇങ്ങനത്തെ എന്ത് കാര്യമുണ്ടെങ്കിലും അത് ഒളിച്ചു വയ്ക്കാന്‍ മാത്രം നോക്കുന്ന സിനിമാ നടികള്‍ക്ക് ഒരു അപവാദം ആയി മമത. മമതയുടെ രോഗത്തെ പറ്റി പൈങ്കിളി എഴുതുകയല്ല ഞാന്‍. ആ ധൈര്യത്തെയും സത്യസന്ധതയെയും അഭിനന്ദിക്കാന്‍ ഞാന്‍ ഈ പോസ്റ്റ്‌ ഉപയോഗിക്കട്ടെ. അഭിനന്ദനങ്ങള്‍ മമതാ... കീപ്‌ ഇറ്റ്‌ അപ് ...

2010, നവംബർ 6, ശനിയാഴ്‌ച

എന്തിരന്‍ - കൊള്ളാം ട്ടാ

     ഉഗ്രന്‍ ഹെയര്‍ സ്റ്റൈല്‍ 
    ഇന്നലെ ആണ് എന്തിരന്‍ കാണാന്‍ പറ്റിയത്. ടി വി വച്ചു നോക്കിയാല്‍ ഫുള്‍ ടൈം ഇതിന്റെ പരസ്യം തന്നെ. പയ്യന്മാരൊക്കെ ഇത് കണ്ടിട്ട് വന്‍ പടം എന്നൊക്കെ പറഞ്ഞു നടക്കുന്നുമുണ്ട്. ഹോളിവുഡ് നെ മറിച്ചിട്ടു.. തകര്‍ത്തു തരിപ്പണമാക്കി എന്നൊക്കെ തമിഴന്മാരും അവകാശപ്പെടുന്നുണ്ട്. ഇതൊക്കെ കേട്ടു സഹി കേട്ടിട്ടാണ് പോയി കണ്ടേക്കാം എന്ന് വിചാരിച്ചത്. കണ്ട സ്ഥിതിക്ക് ഞാന്‍ മാത്രം സഹിക്കണ്ട എന്ന് വിചാരിച്ചു. ഒരു റിവ്യൂ എഴുതാം എന്ന് ഞാനും കരുതി. അങ്ങനെ ബാക്കിയുള്ളവര്‍ സുഖിക്കണ്ട. ദീപാവലി ദിവസം തന്നെ തിരഞ്ഞെടുത്തു. ഒരു സുഹൃത്തിനോടൊപ്പം പി വി ആറില്‍ പോയേക്കാം എന്ന് തീരുമാനിച്ചു. നാല് മണിക്കുള്ള ഷോ നു മാത്രമേ സീറ്റ് ഉള്ളു. രണ്ടും കെട്ട സമയമാണ്. എന്നാലും ബുക്ക്‌ ചെയ്തു. സമയത്ത് തന്നെ എത്തി. ബോംബ്‌ കൊണ്ട് വന്നിട്ടുണ്ടോ എന്നൊക്കെ പരിശോധിച്ചിട്ട് അവന്മാര്‍ അകത്തേക്ക് വിട്ടു. തീയറ്റര്‍ നിറയെ തമിഴന്മാര്‍ ആണ്. ഇടയ്ക്കു ചെറിയെ ചില മലയാളികളും. നാല് മണി ആയപ്പോ തന്നെ ലൈറ്റ് ഒക്കെ അണച്ചു. ഇപ്പൊ തുടങ്ങും. ഞങ്ങളും കാണാന്‍ റെഡി ആയി. മൊബൈല്‍ ഒക്കെ സൈലന്റ് മോഡ് ആക്കി.

കഥാസാരം 


അതി പ്രഗല്‍ഭനായ ഒരു റോബോടിക്സ് എഞ്ചിനീയര്‍ ആണ് വസീഗരന്‍. രജനികാന്ത് ആണ് ഈ കഥാപാത്രത്തെ ഉള്‍ക്കൊണ്ടിരിക്കുന്നത്. പുള്ളീനെ നല്ല സ്റ്റൈല്‍ ആക്കി ആണ് അവതരിപ്പിച്ചിരിക്കുന്നത്. ആകെ ഒരു പ്രശ്നം എന്താന്ന് വച്ചാല്‍ അങ്ങേരുടെ ഒടുക്കലത്തെ മുടിയും താടിയും ആണ്. അദ്ദേഹത്തിന്‍റെ ലാബ് ആണ് ആദ്യം കാണിക്കുന്നത്. ഈ ലാബിന്റെ ഒരു പ്രത്യേകത എന്താന്നു വച്ചാല്‍ അവിടെ ചായ കൊണ്ട് വരുന്നതും കക്കൂസ് കഴുകുന്നതും ഒക്കെ യന്ത്ര മനുഷ്യന്മാര്‍ ആണ്. പുള്ളിയുടെ രണ്ടു അസ്സിസ്ടന്റ്സ് ആയി അഭിനയിച്ചിരിക്കുന്നത് സന്താനവും കരുണാസും ആണ്. സന്താനം പിന്നെയും ഒകായ്‌. പക്ഷെ കരുണാസ് ആണെങ്കില്‍ ചാലയില്‍ തട്ട് കട നടത്തുന്ന ഗണേശനെ പോലെ ഡ്രസ്സ്‌ ചെയ്താണ് ലാബില്‍ നില്‍ക്കുന്നത്. ഉള്ളത് പറയാമല്ലോ പുള്ളി ആ റോളിനു തീരെ ചേരാത്ത ഒരു ചോയിസ് ആയി പോയി.

     വസീഗരന്‍ ഒരു വന്‍ ഗവേഷണത്തിന്റെ നടുവിലാണ്. ലോകത്തിലെ ഏറ്റവും പെര്‍ഫെക്റ്റ്‌ ആയ, മനുഷ്യനോടു സാദൃശ്യമുള്ള ഒരു റോബോട്ടിനെ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ് . ഹുമാനോയിട് എന്നാ വിഭാഗത്തില്‍ പെട്ട ഒരു അത്യന്താധുനിക റോബോട്ട്. പുള്ളിയുടെ പഴയ ഗുരു ആയി ഡാനി ടെന്ഗ്സോങ്ങ്പാ അവതരിപ്പിക്കുന്ന ഡോക്ടര്‍ ബോരേ എന്നൊരു കഥാപാത്രം ഉണ്ട്. വസീഗരന്‍ സൃഷ്ടിക്കുന്ന രോബോടിനെ പോലെ തന്നെ വേറൊരെണ്ണം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ഒരാളാണ് ഡോക്ടര്‍.

     വസീഗരന്റെ കാമുകി ആണ് ഐശ്വര്യാ റായി. ഹോ. ഇതാണ് ഞാന്‍ പറഞ്ഞത് മിസ്‌ കാസ്റ്റ് ഒരുപാടുണ്ട് ഈ ചിത്രത്തില്‍ എന്ന്. ഐഷ് വരുന്ന പല സീനിലും ആള്‍ക്കാര്‍ റോബോട്ടിനെ തിരിഞ്ഞു നോക്കുന്നു പോലുമില്ല. റോബോട്ട് പോയിട്ട് രജനി കാന്തിനെ പോലും ആരും മൈന്‍ഡ് ചെയ്യില്ല. ഐഷ് പൂത്തു തളിര്‍ത്തു ഒരു വാകമരം പോലെ ആയിരിക്കുന്നു.
 നമ്മുടെ മണി ചേട്ടന്റെ കള്ളു കുടം ആണ് പുള്ളിക്കാരിയുടെ കയ്യില്‍ 
റോബോട്ടിനെ ഉണ്ടാക്കുന്ന തിരക്കില്‍ വസീഗരന്‍ ഐഷുനെ ഗൌനിക്കുന്നില്ല. അതുകാരണം ഐഷു ഇടയ്ക്കിടയ്ക്ക് വന്നു മറ്റേതൊരു കാമുകിയും പോലെ ഇങ്ങേരെ ചൊറിയുന്നുണ്ട്. സത്യം പറഞ്ഞാല്‍ അത് കണ്ടപ്പോ നമുക്ക് ചിരി വന്നു. പുള്ളി മനുഷ്യനെ പോലത്തെ റോബോട്ടിനെ ഉണ്ടാക്കി വിജയിച്ച ആളാ.. പക്ഷെ ശരിക്കുള്ള ഒരു മനുഷ്യ സ്ത്രീയെ മാനേജ് ചെയ്യാന്‍ അങ്ങേര്‍ക്കു പറ്റുന്നില്ല. ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു

     അങ്ങനെ വസീഗരന്‍ ഉണ്ടാക്കിയെടുക്കുന്ന റോബോട്ട് ആണ് ചിട്ടി. ചിട്ടി എന്ന് വച്ചാല്‍ കെ എസ് എഫ് ഈ ചിട്ടി അല്ല.. ഹിമാലയ ചിട്ടി അല്ല. സഹോദരന്‍ എന്നാ അര്‍ഥത്തില്‍ ആണ് ഈ പേര് കൊടുക്കുന്നത് . ഒരു ദിവസം ഐഷു വസീഗരന്‍ ചേട്ടനെ ചൊറിഞ്ഞു പണ്ടാരമടക്കിക്കൊണ്ടിരുന്നപ്പോ സഹി കേട്ടിട്ട് പുള്ളി പറയും നീ കുറച്ചു ദിവസം ഈ റോബോട്ടിനെ കൊണ്ട് പൊയ്ക്കോ എന്ന്. അങ്ങനെ പുള്ളിക്കാരി ചിട്ടിയെ സ്വന്തം ഹോസ്റ്റലില്‍ കൊണ്ട് പോകുന്നു. സിനിമ കണ്ടു കൊണ്ടിരിക്കുന്നവര്‍ക്ക് ഒരു സംശയവും ഉണ്ടാവാതിരിക്കാന്‍ വസീഗരന്‍ പറയുന്നുണ്ട്.. ചിട്ടിക്കു ഒരു വികാരവും ഇല്ല. അവന്‍ ഒരു യന്ത്രം മാത്രമാണെന്ന്. അത് കേട്ടപ്പോഴാണ് എനിക്ക് ആശ്വാസമായത്. പണ്ടെങ്ങാണ്ടോ ഒരു പാല്‍ക്കാരന്‍ പയ്യനെ അഞ്ചു പെണ്‍കുട്ടികള്‍ ചേര്‍ന്ന് ...  അങ്ങനെ ചിട്ടി ഹോസ്റലില്‍ പോയി അവിടെ ഉള്ള പണികള്‍ ഒക്കെ ചെയ്യുകയാണ്. അടുത്തുള്ള റൌഡികളെ ഒക്കെ നിരപ്പാക്കുന്നു ചിട്ടി. ഐഷുവിനു ചിട്ടിയെ ക്ഷ പിടിക്കുന്നു. അവള്‍ ചിട്ടിയെ കെട്ടിപ്പിടിച്ചു ഉമ്മ വയ്ക്കുന്നു.
ചിട്ടി & സന 
     അങ്ങനെ കുറച്ചു കാലം പോയി. അതിനിടക്ക് ഒരു ഡസന്‍ സംഭവ വികാസങ്ങള്‍ ഉണ്ടാകുന്നു. അപ്പോഴാണ്‌ വസീഗരന് മനസ്സിലായത് ഈ യന്ത്ര മനുഷ്യന് വിവേചന ബുദ്ധി എന്നൊരു സാധനം ഇല്ലെങ്കില്‍ പിന്നെ വേറെ എന്തൊരു കഴിവുണ്ടായിട്ടും കാര്യമില്ല എന്ന്. അങ്ങനെ പുള്ളി വികാരം എല്ലാം കൂടി ഒരു ചിപ്പില്‍ ആക്കി ചിട്ടിയുടെ ആസനത്തില്‍ വച്ചു പിടിപ്പിക്കുന്നു. അതോടെ കളി മാറീലെ.. ചിട്ടിക്കു ഐഷുവിനോട് പ്രേമം. പിന്നൊരു കാര്യമുണ്ട് കേട്ടോ. ആ പുള്ളിക്കാരിയെ ആ കോലത്തില്‍ കണ്ടാല്‍ ഏത്‌ യന്ത്രമാണെങ്കിലും  വികാര പരവശനായിപോകും. അമ്മാതിരി ഫിഗര്‍ ആണണ്ണാ... പക്ഷെ സ്വന്തം പ്രേമം തുറന്നു പറയുന്ന ചിട്ടിയോടു ഐഷു ബുദ്ധി ഉപദേശിക്കുന്നു.നീ വെറും ഒരു യന്ത്രമാണ്. ലോകതോരിക്കലും ഒരു മനുഷ്യനും യന്ത്രവും കല്യാണം കഴിച്ചിട്ടില്ല. അത് ശരിയായ് വരാത് എന്നൊക്കെ. നമുക്ക് നല്ല സുഹൃത്തുക്കള്‍ മാത്രമായി തുടരാം എന്ന്.  'അക്കരെ അക്കരെ അക്കരെ ' എന്ന പടത്തില്‍ ശ്രീനിവാസന്‍ പറയുന്നത് പോലെ..'കാണാന്‍ സുന്ദരന്മാര്‍ അല്ലാത്ത പുരുഷന്മാരെ സഹോദരന്മാര്‍ ആയി കാണാന്‍ ആണല്ലോ നിങ്ങള്‍ സ്ത്രീകള്‍ക്ക് താല്പര്യം ' എന്നൊന്നും പറയാന്‍ ചിട്ടി നില്‍ക്കുന്നില്ല. എന്തിനേറെ പറയുന്നു.. കഥ അങ്ങനെ പുണ്യ പുരാതന കാലം മുതല്‍ക്കേ സിനിമാക്കാര്‍ എടുത്തു അലക്കി വെളുപ്പിച്ച ഒരു ത്രികോണ പ്രണയ കഥ ആയി മാറുന്നു. കനകം മൂലം കാമിനി മൂലം കലഹം പലവിധമുലകില്‍ സുലഭം എന്ന് പണ്ട് കുഞ്ചന്‍ നമ്പ്യാര്‍ പറഞ്ഞ പോലെ ഐഷുവിന്റെ പേരില്‍ അവര്‍ അടിച്ചു പിരിയുന്നു.

     സഹികെട്ടിട്ടു ഒടുവില്‍ വസീഗരന്‍ ചിട്ടിയെ വെട്ടി നുറുക്കി ആക്രി ആക്കി ചവറു കൂനയില്‍ തട്ടുന്നു. ഇതറിഞ്ഞ ബോരേ അതിനെ പോയി വാരിക്കൂട്ടി എടുത്തു നട്ടും ബോള്‍ട്ടും ഇട്ടു പഴയ പോലെ ആക്കി അതിനെ ചാര്‍ജ് ചെയ്തു വയ്ക്കുന്നു. അപ്പൊ തന്നെ ചിട്ടി അതിനുള്ള നന്ദിയും കാണിച്ചു. ബോരെയേ എടുത്തു പുള്ളി കോണകം ഉടുക്കുന്നു. എന്നിട്ട് തന്നെ പോലുള്ള നൂറു കണക്കിന് റോബോകളെ സൃഷ്ടിച്ചു ചിട്ടി സ്വന്തമായി ഒരു സൈന്യം തന്നെ ഉണ്ടാക്കുന്നു. ചിത്രത്തിന്‍റെ ബാക്കി ഭാഗം ഈ അണ്ണന്മാര്‍ തമ്മിലുള്ള അടിയും വഴക്കും ബോംബേറും ഒക്കെ ആണ്. ഒടുവില്‍ നന്മ ജയിക്കുന്നു. അതായതു വസീഗരന്‍ ചിട്ടിയെ നിലംപരിശാക്കുന്നു. എന്നിട്ട് പണ്ട് കൊടുത്ത ബുദ്ധി അഴിച്ചു മാറ്റുന്നു. താളവട്ടത്തില്‍ ലാലേട്ടന്‍ കിടക്കുന്നത് പോലെ ബോധം ഇല്ലാതെ കിടക്കാന്‍ വിടുന്നില്ല ചിട്ടിയെ. പകരം ഒരു മ്യൂസിയത്തില്‍ ഒരു കാഴ്ച വസ്തു ആയി പ്രദര്‍ശിപ്പിച്ചിരിക്കുന്നത്
 കാണിചിരിക്കുന്നിടത്  ചിത്രം അവസാനിക്കുന്നു.

     ഉള്ളത് പറയാം. ഒരു ആനച്ചന്തം ഒക്കെ ഉണ്ട് പടത്തിനു. ഒരു വന്‍ താരനിരയും. മലയാളത്തില്‍ നിന്നു കഥാവശേഷനായ ശ്രീ കൊച്ചിന്‍ ഹനീഫയും ചാലക്കുടിയിലെ സൂപ്പര്‍ സ്റ്റാര്‍ ആയ മണിയും ഉണ്ട്. നമുക്ക് അഭിമാനിക്കാന്‍ ഉള്ള വേറൊരു പ്രധാന കാര്യം എന്താന്നു വച്ചാല്‍ ഈ ചിത്രത്തിന്‍റെ ആണിക്കല്ലായ കലാസംവിധാന മികവു സാബു സിറിളിന്റെ ആണെന്നതാണ് . ഓസ്കാര്‍ ജേതാവായ റസൂല്‍ പൂക്കുട്ടിയും ഉണ്ട്. റോബോടിക്സ്, പോസിട്രോണിക് ബ്രെയിന്‍, ന്യൂറല്‍ സ്കീമ മുതലായ സാങ്കേതിക വിവരങ്ങള്‍ സാധാരണ മനുഷ്യന് മനസ്സിലാവുന്ന രീതിയില്‍ അവതിരിപ്പിചിരിക്കുന്നു എന്നതാണ് ഈ ചിത്രത്തിനെ മറ്റു ഇന്ത്യന്‍ സയന്‍സ് ഫിക്ഷന്‍ ചിത്രങ്ങളില്‍ നിന്നു വ്യത്യസ്തമാക്കുന്നത്. യാഥ്യാര്ധതോട് വളരെ അധികം അടുത്ത് നില്‍ക്കുന്ന രീതിയിലുള്ള രംഗങ്ങളും സംഭാഷണങ്ങളും ആണ് ചിത്രത്തില്‍. സംവിധാനം ചെയ്ത ശങ്കര്‍ പണ്ട് എഞ്ചിനീയറിംഗ് ഡ്രോപ്പ് ഔട്ട്‌ ആയിരുന്നോ എന്ന് എനിക്ക് പലപ്പോഴും സംശയം തോന്നിയിട്ടുണ്ട്. മലയാളത്തിലെ 'വിവരമുള്ള' സംവിധായകര്‍ ഇപ്പോഴും   പെയിന്റ്, പവര്‍ പോയിന്റ്‌  മുതലായ അത്യന്താധുനിക വിദ്യകള്‍ ഉപയോഗിച്ചാണ് പടം പിടിക്കുന്നത്‌. നമുക്ക് അത്രയും പണം മുടക്കാന്‍ ഇല്ലാത്തതു കൊണ്ടാണ്. അല്ലെങ്കില്‍ കാണിച്ചു തന്നേനെ എന്ന് വീരവാദം അടിക്കുകയും ചെയ്യും. എന്നാല്‍ ചെറിയ രംഗങ്ങളില്‍ തീരെ ചെറിയ ബട്ജെട്ടില്‍ തന്നെ ഇതൊക്കെ നല്ലത് പോലെ കാണിക്കാന്‍ പറ്റും എന്ന് പാസെഞ്ചര്‍  എന്ന ഒറ്റ പടം കൊണ്ട് ഒരു സംവിധായകന്‍ നമ്മുടെ നാട്ടില്‍ തെളിയിച്ചിട്ടുണ്ട്.

ശങ്കര്‍ ഐഷുവിനോട്  ചീരുവിന്റെ റോളിനെ പറ്റി വിശദീകരിക്കുന്നു 

     ഇനി.. ഈ ചിത്രത്തിന്‍റെ അണിയറക്കാര്‍ അവകാശപ്പെടുന്നതിനെ പറ്റി അല്‍പം... ഇവരൊക്കെ പറയുന്ന പോലെ ഹോളിവുഡ് നെ വെല്ലുന്ന ഒരു ചിത്രം ഒന്നുമല്ല ഇത്. പെര്‍ഫെക്ഷന്‍ ഇല്ലാതെ കുറച്ചു കൂടുതല്‍ സമയം സീ ജി രംഗങ്ങള്‍ കുത്തി നിറച്ചത് കൊണ്ട് ഹോളിവൂടിനെ വെല്ലാന്‍ പറ്റില്ല. ഇതിനെ ക്ലൈമാക്സ്‌ തന്നെ നല്ല ഉദാഹരണം ആണ്. വളരെ കൃത്രിമത്വം തോന്നിക്കുന്ന രംഗങ്ങള്‍ ആണ് ഒടുവില്‍. അതിനു ചിലവാക്കിയ പണം ഉപയോഗിച്ച് സമയം കുറച്ചു  ഇതിനെക്കാള്‍ നല്ലതായി സീനുകള്‍ ഉണ്ടാക്കാമായിരുന്നു എന്ന് തോന്നുന്നു. മാത്രമല്ല ഹോളിവുഡ് ചിത്രങ്ങള്‍ പലപ്പോഴും മികവുറ്റത് ആകുന്നതു അതിനു അത്രയും പണം ചിലവാക്കുന്നത് കൊണ്ട് മാത്രമല്ല. അവരുടെ ഭാവന, പ്ലാനിംഗ് എന്നിവ കൊണ്ട് കൂടിയാണ്. അവതാര്‍ തന്നെ ഉദാഹരണം. അതിന്റെ കഥ കേട്ടു പഴകിയതാണെങ്കിലും ആ കഥ നടക്കുന്ന അന്തരീക്ഷത്തിന്റെ പ്രത്യേകത ആണ് ആ ചിത്രം ജനങ്ങള്‍ക്ക്‌ ഇഷ്ടപ്പെടാന്‍ കാരണം. അതുകൊണ്ട് ഹോളിവുഡ് ചിത്രങ്ങളോട് മത്സരിക്കുമ്പോള്‍ ഭാവന കൊണ്ട് വേണം മത്സരിക്കാന്‍ എന്നാണ് എന്റെ അഭിപ്രായം. അതിനാവുമ്പോ വലിയ ചിലവും വരില്ല .

    അഭിനന്ദനീയമായ ഒരു കാര്യം ഇതിനെല്ലാം മേലെ ഉണ്ട്. അവര്‍ എടുത്ത എഫര്‍ട്ട്. ഒരു വര്‍ഷം കഷ്ടപ്പെട്ട് ഇത്രയും പണം ചിലവാക്കി എടുത്ത ഒരു ചിത്രത്തിന് വേണ്ട ഔട്പുട്ട് എന്തായാലും ഉണ്ട്. അതിനു അവരെ സമ്മതിക്കാതെ തരമില്ല. ഹാട്സ് ഓഫ്‌ ടു ശങ്കര്‍ ...

2010, നവംബർ 5, വെള്ളിയാഴ്‌ച

മഴ പെയ്തപ്പോള്‍

    
     ഇന്ന് ദീപാവലി. മുന്നിലുള്ള റോഡില്‍ കുട്ടികള്‍ പടക്കം പൊട്ടിക്കുന്നുണ്ട്. ചിലരൊക്കെ വീട് നന്നായി അലങ്കരിച്ചിട്ടുമുണ്ട്. എന്തായാലും കൊള്ളാം. ഒരു ഐശ്വര്യം ഒക്കെ ഉണ്ട്. എല്ലാ വായനക്കാര്‍ക്കും എന്റെ ദീപാവലി ആശംസകള്‍ .

     വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ കുട്ടിയായിരുന്നപ്പോള്‍ ആഘോഷിച്ച ഒരു ദീപാവലി ആണ് ഓര്‍മ വരുന്നത്. അച്ഛന് ഇടയ്ക്കിടയ്ക്ക് സ്ഥലം മാറ്റം കിട്ടുന്നത് കൊണ്ട് കൂടുതലും വാടക വീടുകളിലായിരുന്നു ഞങ്ങളുടെ എല്ലാ ആഘോഷവും. അങ്ങനെ ഇരിക്കെ ആണ് ഒരിക്കല്‍ യാദ്രിശ്ചികം ആയി അച്ഛന് ഒരിക്കല്‍ ദീപാവലിക്ക് ലീവ് കിട്ടി. അങ്ങനെ നമ്മള്‍ നാട്ടില്‍ പോകാന്‍ തീരുമാനിച്ചു. വൈകിട്ടുള്ള ബസ്‌ കയറി അച്ഛന്‍, അമ്മ , ഞാന്‍ , അനിയത്തി എല്ലാവരും കൂടി നാട്ടിലേക്ക് തിരിച്ചു. രാത്രി ആയപ്പോ വീട്ടില്‍ എത്തി. അടുത്ത ദിവസമാണ് ദീപാവലി. അവിടെ മാമനും കൊച്ചച്ചനും ഒക്കെ ഉണ്ട്. എല്ലാവരും കൂടി ദീപാവലി ആഘോഷമാക്കാന്‍ പ്ലാന്‍ ഇട്ടു. ഞങ്ങള്‍ കുട്ടികള്‍ ഒക്കെ ഉള്ളത് കൊണ്ട് പടക്കവും പൂത്തിരിയും ഒക്കെ കാര്യമായി വാങ്ങാന്‍ തീരുമാനിച്ചു. അപ്പോഴാണ് അറിഞ്ഞത് വീട്ടിനടുത്തുള്ള ആരോ ശിവകാശിയില്‍ നിന്നു പടക്കം കൊണ്ട് വന്നിട്ടുണ്ടെന്ന്.  വിളക്ക് പാറ എന്നൊരു സ്ഥലമുണ്ട് ( നിങ്ങള്‍ ചിലപ്പോ കേട്ടുകാണും. റസൂല്‍ പൂക്കുട്ടി ജനിച്ചു വളര്‍ന്ന സ്ഥലം ). അവിടെ പോയി വാങ്ങി കൊണ്ട് വരണം. കൊച്ചച്ചന്‍ അത് വാങ്ങാന്‍ വേണ്ടി പോയി. ഞങ്ങള്‍ കുട്ടികള്‍ക്ക് ആകെ രസം കയറി നില്‍ക്കുകയാണ്. ദൂരെ നിന്നു ആരു വന്നാലും ഞങ്ങള്‍ ഓടി പോയി നോക്കും. അങ്ങനെ കുറെ സമയം കഴിഞ്ഞപ്പോള്‍ അതാ കൊച്ചച്ചന്‍ വരുന്നു. കയ്യില്‍ ലൈഫ്ബോയ് സോപ്പിന്റെ ഒരു കാര്‍ട്ടന്‍ ഉണ്ട്.  പുള്ളി അത് വളരെ ശ്രദ്ധയോടെ താങ്ങി പിടിച്ചു തറയില്‍ വച്ചു.  ഞാനും അനിയത്തിയും വളരെ ബഹുമാനത്തോടെ കൊച്ചച്ചനെ നോക്കി. ഞങ്ങളുടെ കണ്ണില്‍ അത് കൊണ്ട് വന്ന കൊച്ചച്ചന് ഒരു ഹീറോയുടെ സ്ഥാനം ആയിരുന്നു. ഇനി വൈകിട്ട് വരെ കാത്തിരിക്കണം ഇതൊക്കെ ഒന്ന് തുറന്നു പുറത്തെടുക്കാന്‍.

     ഇരുന്നിരുന്നു നേരം ഇരുട്ടിച്ചു. പൂമുഖം മുഴുവന്‍ വിളക്ക് വച്ചു അലങ്കരിച്ചിട്ടുണ്ട്.. ഇടയ്ക്കിടയ്ക്ക് ഞങ്ങള്‍ ആ പെട്ടിയുടെ അടുത്ത് പോയി നോക്കും. അത് കാണുമ്പോ മാമനും അമ്മമ്മയും ഒക്കെ വന്നു ഓടിച്ചു വിടും. ഒടുവില്‍ എല്ലാവരും വന്നെത്തി. വീട്ടിന്‍റെ മുന്നില്‍ ഒരു ചെറിയ ഷെഡ്‌ പോലെ ഒന്നുണ്ട്. തെക്കെത് എന്ന് വിളിക്കും. അതിന്റെ പടിയില്‍ ആ പെട്ടി കൊണ്ട് വച്ചു. എന്നിട്ട് മാമന്‍ അത് ശ്രദ്ധയോടെ തുറന്നു അതിലുള്ള സാധനങ്ങള്‍ ഓരോന്നായി പുറത്തെടുത്തു വച്ചു.  എല്ലാം എടുത്തതിനു ശേഷം ഒരു വലിയ മെഴുകു തിരി എടുത്തു കത്തിച്ചു വച്ചു. എന്നിട്ട് പറഞ്ഞു ഇതില്‍ നിന്നു വേണം എല്ലാം കത്തിക്കാന്‍ എന്ന്. എല്ലാം റെഡി ആയി.  പുള്ളി ആദ്യം തന്നെ ഒരു ചെറിയ വടിയില്‍ ഒരു ചന്ദന തിരി വച്ചു കെട്ടി. എന്നിട്ട് കുറച്ചു പടക്കം മുറ്റത്ത്‌ നിരത്തി വച്ചു. എന്നിട്ട് ആ വടിയിലെ തിരി കത്തിച്ചു. ഉദ്ഖാടനം എന്നാ നിലക്ക് ആദ്യം ആ തിരി കൊണ്ട് ഒരു പടക്കതിലേക്ക് നീട്ടി. അത് റോ എന്ന് പറഞ്ഞു പൊട്ടി. പിന്നെ പാമ്പ്‌ എന്ന് പറഞ്ഞ ഒരു സാധനം എടുത്തു. കത്തിച്ചപ്പോ തന്നെ അത് ഒരു ശബ്ദം ഒക്കെ ഉണ്ടാക്കി ശൂ എന്ന് പറഞ്ഞു ഇഴഞ്ഞു പോയി. ഓരോന്ന് പൊട്ടിക്കുമ്പോഴും നമ്മള്‍ കുട്ടികള്‍ കയ്യടിച്ചു മാമനെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു.

     അങ്ങനെ ആദ്യ ഐറ്റംസ് ഒക്കെ കഴിഞ്ഞു. ഇനി ആണ് വന്‍ സംഭവങ്ങള്‍. ഒരു വലിയ മത്താപ്പ് പുള്ളി പുറത്തെടുത്തു. കത്തിച്ചപ്പോ തന്നെ അത് ആകാശത്തോളം പൊങ്ങി തീപ്പൊരി ചിതറി. ഞങ്ങള്‍ കയ്യടിക്കാന്‍ പോലും മറന്നു കുറച്ചു നേരം നിന്നു പോയി. അങ്ങനെ ഒന്ന് രണ്ടെണ്ണം പുള്ളി കത്തിച്ചു. എന്നിട്ട് മാമന്‍ പ്രഖ്യാപിച്ചു ഇനി വരാന്‍ പോകുന്നത് വന്‍ കരിമരുന്നു പ്രകടനം ആണെന്ന്. എന്നിട്ട് കമ്പം രാമു ആശാനെ പോലെ മാമന്‍ ബാക്കിയുള്ള എല്ലാ വന്‍ സംഭവങ്ങളും മുറ്റത്ത്‌ നിരത്തി. ചുറ്റുവട്ടത്തുള്ള വീട്ടിലെ ആള്‍ക്കാരും കുട്ടികളും ഒക്കെ ഇത് കാണാന്‍ വന്നിട്ടുണ്ട്. കൊച്ചച്ചന്‍ പോയി ഒരു പഴയ കഴുക്കോല്‍ എടുത്തുകൊണ്ടു വന്നു. മത്താപ്പ്, റോക്കറ്റ് , പടക്കം ഒക്കെ അതില്‍ നിരത്തി വച്ചു. എല്ലാവരും വളരെ ആകാംഷയോടെ നില്‍ക്കുകയാണ്. ഇതുവരെ നമ്മുടെ നാട്ടില്‍ ആരും കണ്ടിട്ടില്ലാത്ത വെടിക്കോപ്പുകള്‍ ആണെന്നാണ്‌ ഇത് തന്ന വിളക്ക് പാറയിലെ ചേട്ടന്‍ പറഞ്ഞിരിക്കുന്നത്. എല്ലാവരും നിര്‍നിമേഷരായി നോക്കി നിന്നു. ഇതാ കൊളുത്താന്‍ പോവുകയാണ്... എന്നാല്‍ ഇതിനിടക്ക്‌ ആകാശത്ത് നടന്നു കൊണ്ടിരുന്ന കരിമരുന്നു പ്രകടനങ്ങള്‍ ആരും ശ്രദ്ധിച്ചിരുന്നില്ല. ആകാശമാകെ മൂടിക്കെട്ടി ഇരിക്കുകയായിരുന്നു. പുള്ളി ആദ്യത്തെ മത്താപ്പിന് തിരി കൊളുത്തിയതും ദാ കിടക്കുന്നു പൊട്ടി വീണ പോലെ ഒരു മഴ. നിരത്തി വച്ചിരുന്ന കമ്പ്ലീറ്റ്‌ സാമഗ്രികളും ഒറ്റയടിക്ക് നനഞ്ഞു ഐസ് കട്ട പോലെ ആയി. അതിനെക്കാള്‍ തണുത്തു പോയി മാമന്റെ മുഖം. ഞങ്ങള്‍ കുട്ടികള്‍ക്കും ആകെ വിഷമമായി. അങ്ങനെ ഏത്‌ പറയാന്‍. മല പോലെ വന്നത് ഒടുവില്‍ എലി പോലെ പോയി. ഇന്നും ഞാന്‍ മറന്നിട്ടില്ല ആ ദിവാലി.

     അപ്പൊ എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്മയുടെയും സന്തോഷത്തിന്റെയും ഒരായിരം ആശംസകള്‍ നേരുന്നു. നല്ല ദിനങ്ങള്‍ ആഘോഷിക്കാനുള്ളതാണ്. അത് സന്തോഷത്തോടെ ആഘോഷിക്കുവിന്‍...