അങ്ങനെ കോടതി സൽമാൻ ഖാന് ജാമ്യം അനുവദിച്ചു. പത്രങ്ങളിലും ചാനലുകളിലും സോഷ്യൽ മീഡിയയിലുമൊക്കെ വിവാദംകൊഴുക്കുന്നു. ടൈംസ് നൗ ചാനലിൽ അർണബ് ഗോസ്വാമി കുറെ ആളെയും കൂട്ടി നല്ലത് പോലെ ബഹളം വയ്ക്കുന്നുണ്ട്. വിഷയങ്ങൾ പലതാണ്
- സൽമാന് എന്തുകൊണ്ട് ഇത്രയും ചെറിയ ശിക്ഷ ?
- സൽമാന് എന്തുകൊണ്ട് ഇത്രയും വലിയ ശിക്ഷ ? എത്രയോ നല്ല കാര്യങ്ങൾ ചെയ്യുന്ന ഒരാളെ എങ്ങനെ ശിക്ഷിക്കാൻ കഴിയും ?
- റോഡിൽ കിടന്നുറങ്ങിയവരെ എന്തുകൊണ്ട് ശിക്ഷിച്ചില്ല ?
- ഹരീഷ് സാൽവെയെ പോലുള്ള വക്കീലന്മാരല്ലേ യഥാർത്ഥ ക്രിമിനലുകൾ ?
- ബോളിവുഡിലുള്ള എല്ലാവരും എന്തുകൊണ്ട് അയാളെ പിന്താങ്ങുന്നു ?
- വിചാരണയ്ക്ക് പതിമൂന്നു വർഷവും ജാമ്യത്തിന് വെറും ഇരുപത്തി നാല് മണിക്കൂറും - ഇതെന്തു നീതി ?
സംഗതി ഉഗ്രൻ ചോദ്യങ്ങളാണെങ്കിലും ഇതിന്റെയൊക്കെ ഉത്തരങ്ങൾ വളരെ ലളിതമാണ് . അതും ഒരു ചോദ്യോത്തരം ശൈലിയിൽ പറയാം
1. റോഡ് ഉറങ്ങാനുള്ള സ്ഥലമാണോ ? - ശരിക്ക് പറഞ്ഞാൽ മരിച്ചവർ റോഡിലല്ല , ഫുട് പാത്തിലാണ് കിടന്നുറങ്ങിയിരുന്നത്. പക്ഷെ റോഡും ഫുട്പാത്തുമൊന്നും മനുഷ്യന് കിടന്നുറങ്ങാനുള്ള സ്ഥലങ്ങളല്ല. എന്നിട്ടും എന്തുകൊണ്ട് ഇന്ത്യയിൽ എല്ലാ രാത്രികളിലും തെരുവോരങ്ങളിൽ ലക്ഷങ്ങൾ പായ വിരിക്കുന്നു എന്നത് ഒറ്റ വാക്കിൽ മറുപടി തരാൻ പറ്റുന്ന കാര്യമല്ല. പരിഷ്കൃത രാജ്യങ്ങളിലുള്ള പോലെ തൊഴിലും വരുമാനവുമില്ലാത്ത പൗരന്മാരെ സംരക്ഷിക്കുന്നതിന് നമുക്കൊരു സിസ്റ്റം ഇല്ല. എന്തുകൊണ്ടില്ല ? നമ്മുടെ വമ്പൻ ജനസംഖ്യ തന്നെയാണ് കാരണം. അല്ലെങ്കിൽ ഇത്രയും വലിയ മനുഷ്യ വിഭവ ശേഷി കാര്യക്ഷമമായി ഉപയോഗിക്കാൻ നമുക്കുള്ള കഴിവുകേട് അല്ലെങ്കിൽ അറിവില്ലായ്മ. അഭിജീതും മേജർ രവിയുമൊക്കെ പറയുന്നത് പോലെ ഒറ്റദിവസം കൊണ്ട് പരിഹരിക്കാവുന്ന കാര്യമല്ല ഇത്.
2. എന്തുകൊണ്ട് ഇത്രയും താമസം ? - കോടതിക്ക് ഈ ഒരു കേസ് മാത്രമല്ല നോക്കാനുള്ളത് എന്നാണ് ഇതിന്റെ മറുപടി. അമ്പതു ലക്ഷത്തോളം കേസുകളാണ് നമ്മുടെ കോടതികളിൽ കെട്ടികിടക്കുന്നത്. എന്തുകൊണ്ട് കോടതി നടപടികൾ ഇങ്ങനെ ഇഴഞ്ഞു നീങ്ങുന്നു എന്ന് പരിശോധിച്ചാൽ രണ്ടുണ്ട് കാരണം. ഒന്നാമത്തേത് വെറുതെ ഒരു കാര്യവുമില്ലാതെ ആൾക്കാർ കൊടുത്തിരിക്കുന്ന കേസുകൾ. അതായത് , താരതമ്യേന അപ്രധാനമായ വിഷയങ്ങൾ ഉയർത്തിയുള്ള പൊതു താല്പര്യ ഹർജികൾ , വ്യക്തി വൈരാഗ്യം കൊണ്ട് മാത്രം നടത്തുന്ന കേസുകൾ തുടങ്ങി ആവശ്യത്തിൽ കൂടുതൽ അനാവശ്യമായ കാര്യങ്ങൾ ചർച്ച ചെയ്യുന്ന ഒരു സ്ഥലം കൂടിയാണ് നമ്മുടെ കോടതികൾ. ഇത്രയും വലിയ ലോഡ് കൈകാര്യം ചെയ്യാൻ ആനുപാതികമായ അളവിൽ കോടതികളും ജഡ്ജുകളും നമുക്കില്ല എന്നത് വേറൊരു കാര്യം. ഇനിഇതെല്ലാം ഉണ്ടെങ്കിൽ തന്നെയും ഒരു കേസ് വർഷങ്ങളോളം വലിച്ചു നീട്ടിക്കൊണ്ടു പോകാൻ കഴിവുള്ള ഒരു വക്കീലിന് കഴിയും. വെറുതെ അവധി ചോദിക്കുക, കേസ് വഴിതിരിച്ചു വിടുക, കിട്ടാൻ വിഷമമുള്ള ചില വിവരങ്ങൾ ചോദിക്കുക, അത് ഹാജരാക്കാനുള്ള സമയം ചോദിക്കുക തുടങ്ങി നിയമപരമായ ഒരുപാടു വഴികൾ നമ്മുടെ മുന്നിലുണ്ട്.
ഇപ്പൊ ഈ കാലതാമസം എങ്ങനെയുണ്ടായി എന്ന് മനസ്സിലായില്ലേ ?
3. ഇത്രയും ചെറിയ ശിക്ഷ ? - പണ്ട് ബ്രിട്ടീഷുകാർ ഉണ്ടാക്കിയ നിയമങ്ങളെ ഒരു ഇന്ത്യൻ പെയിന്റ് അടിച്ചു ഉണ്ടാക്കിയതാണ് നമ്മുടെ പീനൽ കോഡ്. കാലാകാലങ്ങളായി പരിഷ്കരിക്കാതിരുന്ന ഒരുപാടു നിയമങ്ങൾ ഇപ്പോഴും നിലവിലുള്ള ഒരു രാജ്യമാണ് ഭാരതം. ട്രാഫിക് നിയമങ്ങൾ വായിച്ചു നോക്കൂ. പല കുറ്റങ്ങൾക്കും ഇപ്പോഴും ചെറിയ ഫൈൻ അടച്ചു നമുക്ക് ശിക്ഷയിൽ നിന്നൊഴിവാകാം. ഫുട്ട്പാത്തിൽ കൂടി വണ്ടിയോടിക്കുന്നതിനു വെറും നൂറു രൂപയാണ് ഫൈൻ. "First Offence: Fine up to Rs. 2000 or Imprisonment up to 6 months or both. Subsequent Offence: Fine up to Rs. 3000 or Imprisonment up to 2 yrs or both" - ഇതാണ് മദ്യപിച്ചു വണ്ടിയോടിക്കുന്നതിനു ഇപ്പോൾ നിലവിലുള്ള ശിക്ഷ. 1989 -ൽ ആണ് ഇത് അവസാനമായി പരിഷ്കരിച്ചത്. അപ്പോൾ ഈ ശിക്ഷയിൽ അത്ഭുതപ്പെടാനൊന്നുമില്ല. എത്ര ക്രൂരകൃത്യം ചെയ്താലും നമ്മുടെ നിയമം പലപ്പോഴും വിചിത്രമാം വിധം തലോടുകയാണ് ചെയ്യുക. ദൽഹിയിലെ ക്രൂരമായ ബലാൽസംഗത്തിലും ഗൊവിന്ദചാമിക്ക് കൊടുത്ത ശിക്ഷയിലുമൊക്കെ ഇത് നമ്മൾ കണ്ടു. അത് കോടതി നടത്തിയ പക്ഷപാതമൊന്നുമല്ല. ജഗതി പറയുന്നത് പോലെ നമുക്ക് അതിനുള്ള വകുപ്പില്ല.
4. Being Human Or Inhuman ?
അബദ്ധങ്ങൾ ആർക്കും പറ്റാം, അതിനു ഇത്രയും വലിയ ശിക്ഷയോ എന്ന് സൽമാൻ ഫാൻസ് അലമുറയിടുന്നത് നമ്മൾ കണ്ടു. കണ്ണ് കാണാൻ കഴിയാത്ത ഒരാൾ ഒരു വാഹനം ഓടിച്ചാൽ എന്ത് സംഭവിക്കും ? അത് എവിടെയെങ്കിലും പോയിടിക്കും. അതുപോലെ തന്നെയാണ് മദ്യപിച്ചു വണ്ടിയോടിക്കുമ്പോഴും. രാവിലെ രണ്ടേ മുക്കാൽ വരെ ജൂഹുവിലുള്ള മാരിയറ്റ് ഹൊട്ടലിലിരുന്നു മദ്യപിക്കുകയായിരുന്ന സൽമാൻ ഖാൻ ഒപ്പമുള്ളവരുടെ മുന്നറിയിപ്പ് എല്ലാം അവഗണിച്ച് വണ്ടിയോടിച്ച സൽമാൻ ഖാൻ നടത്തിയ കൊലപാതകമാണ് ഇത്. വെറുമൊരു അപകടം എന്ന് പറഞ്ഞു ഇതിനെ കാണാൻ ബോളിവുഡിലുള്ള , സാമൂഹ്യ ബോധം തൊട്ടു തീണ്ടിയിട്ടില്ലാത്ത കുറെ ജീവികൾക്ക് മാത്രമേ കഴിയൂ. അതിനു കാരണമുണ്ട്. ബോളിവുഡിലെ ഏറ്റവും ശക്തനായ ഒരാളാണ് സൽമാൻ. അയാളെ പിണക്കിയിട്ടു അവിടെ നിലനിൽക്കാൻ കഴിയില്ല എന്നതിന് വിവേക് ഒബറോയിയെ പോലെ ജീവിക്കുന്ന ഉദാഹരണങ്ങൾ ഒരുപാടുണ്ട്. അതൊക്കെ പോട്ടെ, സാമാന്യ ബുദ്ധി എന്നൊന്നുണ്ടല്ലോ. അത് വച്ച് ഒന്ന് ചിന്തിച്ചു നോക്കൂ. 2002 ലാണ് ഖാൻ ഐശ്വര്യാ റായിയുമായി പിരിയുന്നത്. അതേ വർഷം തന്നെയാണ് ഈ അപകട / കൊലപാതകവും നടക്കുന്നത്. ആരാധകർ എന്ന് പറയുന്ന ഈ വിഡ്ഢികൾ അവകാശപ്പെടുന്നത് പോലെ അതിനു ശേഷം കുറ്റബോധത്തിൽ നീറി നീറി നടക്കുകയായിരുന്നില്ല സൽമാൻ ഖാൻ. ഐശ്വര്യയെ തന്നെ കുറെ ഭീഷണിപ്പെടുത്തി. ഐശ്വര്യയുടെ പൂർവ കാമുകനായ വിവേക് ഒബറോയിക്ക് പണി കൊടുത്തു. കത്രീന കൈഫ്, സംഗീത ബിജലാനി, സോമി അലി തുടങ്ങിയ ബോളിവുഡ് സുന്ദരിമാരുമായി അടിച്ചുപൊളിക്കുകയായിരുന്നു ഖാൻ. അതിനിടെ , 2006 ലാണ് രാജസ്ഥാനിൽ ഷൂട്ടിങ്ങിനിടെ നായാട്ടിനിറങ്ങിയഈ ചേട്ടൻ വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ചിങ്കാരയെ കൊന്നതിനു പിടിയിലായത് . ജാമ്യത്തിലിറങ്ങിയെങ്കിലും ആ കേസും ഇപ്പോൾ നിലവിലുണ്ട്.
ഈ കൊട്ടിഘോഷിക്കപ്പെടുന്ന ചാരിറ്റി പ്രവർത്തനങ്ങൾ എങ്ങനെയാണ് തുടങ്ങിയതെന്ന് നിരീക്ഷിക്കൂ. കൌതുകകരമാണ് അത്. 2011 ലാണ് ഇതിന്റെ തുടക്കം. സൽമാന്റെ അച്ഛനായ സലിം ഖാന്റെ ആശയമാണ് ഇത്. വളരെയധികം നശിപ്പിക്കപ്പെട്ട തന്റെ മകന്റെ പ്രതിശ്ചായ നന്നാക്കിയെടുക്കുക, അത് ഈ കേസിന്റെ വിജയത്തിനായി ഉപയോഗിക്കുക എന്ന വളരെ ലളിതമായ ഒരു ലക്ഷ്യമാണ് ഇതിന്റെ പുറകിലുള്ളത്. ലോകത്തെ മികച്ച കോർപറേറ്റുകൾ എല്ലാം ചെയ്യുന്ന ഒരു തക്കിടി വിദ്യ. നികുതി ലാഭിക്കുക, സമൂഹത്തിൽ കുറച്ചു കൂടി സ്വീകാര്യത കിട്ടുക എന്ന ലക്ഷ്യങ്ങൾ നേടാൻ വേണ്ടി നല്ല പി ആർ കമ്പനികൾ എല്ലാവരും ഇത് ചെയ്യാറുണ്ട്. ഒരു പ്രദേശത്തെ ദാഹജലം മുഴുവൻ ഊറ്റിയെടുക്കുന്ന മിനറൽ വാട്ടർ ഫാക്ടറി നടത്തുന്ന പെപ്സിക്കോ ഹോൾഡിംഗ്സ് അവരുടെ വെള്ള കുപ്പികളിൽ മഴവെള്ള സംഭരണത്തെ പറ്റിയുള്ള ബോധവൽക്കരണ സന്ദേശങ്ങൾ അച്ചടിക്കുന്നത് പോലെ. ഒരു ചിത്രത്തിന് തന്നെ മുപ്പതു കോടിയോളം രൂപയും ലാഭ ശതമാനവും പ്രതിഫലമായി ലഭിക്കുന്ന സൽമാനെ പോലെയുള്ള ഒരു കൂറ്റൻ താരം എത്ര രൂപയാണ് ഇതിൽ ചെലവാക്കിയിരിക്കുന്നതെന്ന് നിങ്ങളുടെ മഞ്ഞ കണ്ണട ഊരി വച്ചിട്ട് നോക്കിയാൽ മനസ്സിലാകും ഇതിലെ പൊള്ളത്തരം. ഇന്ത്യയിൽ ഇപ്പോഴും ഇത്തരം വിദ്യകൾ വിജയകരമായ ഒരു തന്ത്രമാണെന്ന് അറിയാവുന്ന സലിം ഖാൻ നടപ്പിലാക്കിയ ഈ പ്ലാൻ ഒരു പരിധി വരെ വിജയം തന്നെയാണ് എന്നാണു ഇതിനെ മുൻനിർത്തി ഈ താരത്തിന്റെ ഫാൻസ് എന്ന് വിളിക്കുന്ന വിഡ്ഢികൾ തെളിയിച്ചു കൊണ്ടിരിക്കുന്നത്.
ഇനി ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നതാണ് ഒരാളെ വെള്ള പൂശുന്നതിലുള്ള യോഗ്യതയെങ്കിൽ ബോംബെ അധോലോകം ഭരിച്ചിരുന്ന വരദ രാജ മുദലിയാർ തൊട്ട് അരുണ്‍ ഗാവലി വരെ അതിനു അർഹരാണ്. കുറെ തട്ട് പൊളിപ്പൻ കച്ചവട സിനിമകളിൽ അഭിനയിച്ചു ഹീറോ ആയി എന്നതോ , ഇത് പോലെ കുറെ സഹായ പ്രവർത്തനങ്ങൾ നടത്തി അത് വിളിച്ചു കൂവി അടുത്ത മഹാത്മജി ആകാൻ നോക്കുന്നതോ ഒന്നും ചെയ്ത കുറ്റത്തിന്റെ കാഠിന്യം കുറയ്ക്കുന്നില്ല. ആ അപകടത്തിൽ പരിക്ക് പറ്റിയവർ ഇപ്പോഴും പറയത്തക്ക ഒരു സഹായവും ലഭിക്കാതെ അലഞ്ഞു തിരിഞ്ഞു നടപ്പുണ്ട്.
ഹരീഷ് സാൽവെയും പണക്കാരന്റെ നീതിയും -
സൽമാനെ പോലെയുള്ള ഒരു ക്രിമിനലിനെ രക്ഷപ്പെടുത്തിയ വക്കീലാണ് യഥാർത്ഥ വില്ലൻ , ഇവനെയൊക്കെ വെടി വച്ച് കൊല്ലണം എന്നൊക്കെ നമ്മുടെ സോഷ്യൽ മീഡിയ വിദ്വാന്മാർ നിലവിളിച്ചു നടക്കുന്നത് കണ്ടു. ഒരു തവണ കോടതിയിൽ പ്രത്യക്ഷപ്പെടുന്നതിനു മുപ്പതു ലക്ഷം രൂപ വാങ്ങുന്ന ഒരു ക്രിമിനൽ വക്കീലാണ് ഹരീഷ്. അയാൾ ഒരു പ്രൊഫെഷണലാണ്. തനിക്കു പണം തന്നുകേസ് ഏൽപ്പിക്കുന്ന ഒരു കക്ഷിയെ അയാളുടെ ആവശ്യങ്ങൾ സാധിച്ചു കൊടുക്കുക എന്നതാണ് ഒരു വക്കീൽ എന്ന നിലയിൽ അയാളുടെ ജോലി. അത് ഭംഗിയായി, വിജയകരമായി അയാൾ ചെയ്യുന്നു.
ഇതിൽ ഹരീഷ് സാൽവെ അല്ല വില്ലൻ. നിർഭാഗ്യകരമെങ്കിലും നമ്മുടെ നിയമമാണ് ഇതിൽ കുറ്റവാളി. സൽമാൻ ഖാൻ ചെയ്ത പോലുള്ള അതേ കുറ്റകൃത്യം ചെയ്ത ഒരു സാധാരണക്കാരനെയും ഇതേ രീതിയിൽ രക്ഷപ്പെടുത്താൻ കഴിയും. മേൽപറഞ്ഞതു പോലെ നിലവിലുള്ള നിയമത്തിലെ ലൂപ് ഹോളുകൾ എങ്ങനെ നമുക്ക് അനുകൂലമായി ഉപയോഗിക്കാം എന്ന് അറിവുള്ള ഒരു വക്കീൽ വേണമെന്ന് മാത്രം. അല്ലാതെ ഇതിൽ പണം കൂടുതലുള്ളത് കൊണ്ട് മാത്രം ഈ പ്രതിയെ വേറെ രീതിയിൽ പരിഗണിക്കുന്നു എന്നൊരു കോടതിയും പറഞ്ഞിട്ടില്ല. പനമുണ്ടായാലും ഇല്ലെങ്കിലും ഒരു കുറ്റകൃത്യം ചെയ്ത പ്രതി നിയമത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടുന്നതും അതേ നിയമത്തിലെ നൂലാമാലകൾ ഉപയോഗിച്ചാണ് എന്നത് ഒരു വിരോധാഭാസമാണ്.
ചുരുക്കി പറഞ്ഞാൽ -
അതിശയകരമായ ഒരു സംഗതിയും ഇവിടെ സംഭവിച്ചിട്ടില്ല. ഇപ്പോഴും വളർന്നു കൊണ്ടിരിക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ. ലോകത്തിലെ ഏറ്റവും മഹത്തായ രാജ്യമാണ് എന്നൊക്കെ സ്വയം പൊങ്ങച്ചം പറഞ്ഞു നടക്കുമെങ്കിലും പല കാര്യങ്ങളിലും ഇപ്പോഴും നൂറ്റാണ്ടുകൾ പുറകിൽ തന്നെ നിൽക്കുന്ന ഒരു രാജ്യമാണ് ഭാരതം. ജുഡീഷ്യറിയുടെ പ്രശ്നമല്ല ഇത്. നിയമ നിർമാണം വേണ്ട രീതിയിൽ നടത്തേണ്ട സഭകളുടെ പ്രശ്നമാണ് ഇത്. പക്ഷെ അവിടെ ഇരിക്കുന്നത് നമ്മൾ തന്നെ തെരഞ്ഞെടുത്ത നമ്മുടെ പ്രതിനിധികൾ തന്നെയല്ലേ ? എങ്കിലും, ഇതൊക്കെ മാറും. നമ്മളും നന്നാവും. അതിനു ഭാരതത്തിലെ ഭൂരിഭാഗം ജനങ്ങളും വിദ്യാഭ്യാസവും വിവരവും ഉള്ളവരായി മാറണം. പക്ഷെ സമയമെടുക്കും. അത് വരെ കാത്തിരിക്കുക തന്നെയേ നിവൃത്തിയുള്ളൂ. ക്രൂരമെങ്കിലും ഇതാണ് വസ്തുത.
Unfortunately, to be factual is to be cruel.
മറുപടിഇല്ലാതാക്കൂനമ്മടെ വിധി... നാളെ ഫൂട്ട്പത്തില്‍ നടന്ന് പോകുന്ന നമ്മടെ ദേഹത്ത് വണ്ടി പാഞ്ഞ് കയറിയാലും ഇത്രയൊക്കെയെ നീതി പ്രതീക്ഷിക്കേണ്ടതുള്ളു...
മറുപടിഇല്ലാതാക്കൂദുഃഖകരമായ യാഥാര്‍ത്ഥ്യങ്ങള്‍
മറുപടിഇല്ലാതാക്കൂഅതെ വീണ്ടും.......
മറുപടിഇല്ലാതാക്കൂകാത്തിരിക്കകയേ നിവൃത്തിയുള്ളൂ.........................
ആശംസകള്‍
അവിടെ നിലനിൽക്കാൻ കഴിയില്ല എന്നതിന് വിവേക് ഒബറോയിയെ പോലെ ജീവിക്കുന്ന ഉദാഹരണങ്ങൾ ഒരുപാടുണ്ട്?
മറുപടിഇല്ലാതാക്കൂif that is the case, how Ash survived after his threat?
She was smart. She got engaged to Jr. Bachan :)
ഇല്ലാതാക്കൂ