നാന
ഒള്ളത് പറയാമല്ലോ. ഞാന്‍ കുട്ടിയായിരിക്കുമ്പോ മുതല്‍ ഇപ്പൊ വരെ അവസരം കിട്ടുമ്പോഴെല്ലാം വായിക്കാറുള്ള ഒരു വാരിക ആണ് ഇത്. സിനിമയെ പറ്റിയുള്ള വാര്‍ത്തകള്‍ വായിക്കാനും പടങ്ങള്‍ കാണാനും ആയിരുന്നു പണ്ട് നാന വാങ്ങിയിരുന്നത്. സത്യം പറഞ്ഞാല്‍ നാന മാത്രമല്ല അവരുടെ ഗ്രൂപ്പില്‍ നിന്നു പുറത്തു വരുന്ന കുമാരി, ജ്യോതിഷ രത്നം , കുങ്കുമം മുതലായവ ഒക്കെ മലയാള സാഹിത്യത്തിനു എന്തൊക്കെ സംഭാവനകള്‍ തന്നിട്ടുണ്ടെന്നു ഇവിടുത്തെ ഒരു സാഹിത്യ പ്രവര്‍ത്തകനും അറിയില്ല. ജന്മം കൊണ്ട് തെലുങ്കന്‍ ആയ കുമാര സ്വാമി റെടടിയാര്‍ സ്ഥാപിച്ചതാണ് ഇത്. ഇത് മാത്രം വായിച്ചു മലയാളം പഠിച്ചിട്ടുള്ള എത്ര ആള്‍ക്കാര്‍ ഉണ്ടെന്നു അറിയാമോ ? എന്നാല്‍ പണ്ട് ഗുണ്ടര്‍ട്ട് എന്നൊരു സായിപ്പു വന്നു നിഘണ്ടു ഉണ്ടാക്കിയതാണ് എല്ലാവര്‍ക്കും വലിയ കാര്യം. മാത്രമല്ല നടുക്കലത്തെ പേജില്‍ ഡിസ്കോ ശാന്തി, സില്‍ക്ക് സ്മിത, അനുരാധ തുടങ്ങിയ പണ്ടത്തെ വിഖ്യാത അഭിനേത്രികളുടെ പോസ്റര്‍ ഉണ്ടാകുമായിരുന്നു. സംഗതി ഇപ്പൊ നമ്മുടെ നടിമാര്‍ കാണിക്കുന്നത് വച്ചു നോക്കുമ്പോള്‍ മേല്‍പറഞ്ഞവരൊക്കെ വെറും പാവങ്ങള്‍ ആയിരുന്നു എന്ന് നോമിന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഈ പോസ്റര്‍ അന്ന് മുടി വെട്ടാന്‍ പോകുമ്പോ ബാര്‍ബര്‍ ഷാപ്പിലും ചായ കുടിക്കാന്‍ പോകുമ്പോ ചായക്കടയിലും എന്തിനു, കൂടെ പഠിച്ച പ്രകാശന്‍റെ വീട്ടില്‍ പോകുമ്പോള്‍ അവന്‍റെ അലമാരക്കകത്തും ഒട്ടിച്ചു വച്ചിരുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. സത്യം പറഞ്ഞാല്‍ അന്നത്തെ നടിമാരോട് ഉണ്ടായിരുന്ന ആരാധന ഒന്നും ഇന്നത്തെ പ്രേക്ഷകര്‍ക്കില്ല എന്ന് നോമിന് തോന്നുന്നു. ഇപ്പോഴത്തെ നാന കൂടുതല്‍ കളര്‍ പേജ് , സ്വന്തം വെബ്സൈറ്റ് ഒക്കെയായി ഗംഭീരമായി ആണ് പുറത്തിറങ്ങുന്നത്. പത്തില്‍ ആറു മാര്‍ക്ക്.
സിനിമ മംഗളം
മംഗളം വാരിക ഇറക്കുന്ന അതെ ആള്‍ക്കാരുടെ വേറൊരു പ്രസിദ്ധീകരണം. ഉള്ളത് പറയാമല്ലോ വാര്‍ത്തകളുടെ സമ്പുഷ്ടി വച്ചു നോക്കുമ്പോ ഇത് നാനയെ വെല്ലും. പല്ലിശേരിയെ പോലുള്ള വളരെ പഴക്കവും തഴക്കവും വന്ന സിനിമ പത്ര പ്രവര്‍ത്തകര്‍ ഒക്കെ ഇപ്പൊ സിനിമ മംഗളത്തില്‍ ആണ് ഇപ്പൊ എഴുതുന്നത്. മാത്രമല്ല നാന ഇപ്പൊ ഡീസന്റ് ആയതു കൊണ്ട് അധികം പടങ്ങള്‍ ഒന്നും ഇടാറില്ല. എന്നാല്‍ സിനിമ മംഗളം കണ്ടു നോക്കു. വന്‍ പടങ്ങള്‍ ആണ്. ഇങ്ങനെ ഒക്കെ പടം എടുക്കാന്‍ പറ്റുമോ എന്ന് നാഷണല്‍ ജോഗ്രഫിക് ചാനല്‍ വരെ ഇടയ്ക്കിടയ്ക്ക് വിളിച്ചു അന്വേഷിക്കാറുണ്ട്. എന്തായാലും കഴിഞ്ഞ രണ്ടു വര്‍ഷമായി ഇതിന്‍റെ ഒരു സ്ഥിരം വരിക്കാരന്‍ ആണ് നോം.
മലയാള മനോരമ ആഴ്ചപതിപ്പ്
മലയാളത്തില്‍ പല ധീരമായ സാഹിത്യ പരീക്ഷണങ്ങളും നടത്തി വിജയക്കൊടി പാറിച്ച വാരിക. ഒന്ന് രണ്ടെണ്ണം ഇവിടെ വിവരിക്കാം. ഒന്നാമതെത് നോവലുകളുടെ ഇടയ്ക്കു ജീവനുള്ള ആള്‍ക്കാരെ വെല്ലുന്ന പടങ്ങള്‍ കയറ്റി ആദ്യമായി പരീക്ഷണം നടത്തിയത് ഇവരാണെന്നാണ്. ആദ്യമാദ്യം ചിത്രങ്ങള്‍ ഉപയോഗിച്ചിരുന്ന ഇവര്‍ പിന്നീട് മോഡലുകളെ വച്ചു ഷൂട്ട് ചെയ്ത ഫോടോഗ്രഫുകള്‍ ഇട്ടിട്ടുണ്ട്. എഴുത്തിനെയും വരയും പ്രൊഫെഷണല്‍ ആയി സമീപിച്ച ആദ്യ വരികയും ആണ് ഇത്. ഇതില്‍ വര്‍ഷങ്ങളോളം പ്രസിദ്ധീകരിച്ചിരുന്ന ഒരു കാര്‍ട്ടൂണ്‍ അവസാനം നൂലാമാലകളില്‍ ആയപ്പോള്‍ ആ കാര്‍ടൂനിസ്റ്റ് പോയാലും തങ്ങള്‍ക്കു ഒന്നുമില്ല എന്ന് വേറൊരു ആളെ കൊണ്ട് അതേ പോലെ വരപ്പിച്ചു തെളിയിച്ചവരാണ് ഇവര്‍. തങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്ന നോവലുകള്‍ സീരിയല്‍ ആക്കി അത് വച്ചു സീരിയലിനും നോവലിനും ഒരു പോലെ പബ്ലിസിടി അടിച്ചെടുത്തത് വേറൊരു തന്ത്രം. ഇതില്‍ വന്നിരുന്ന ഫലിത ബിന്ദുക്കള്‍ കൊണ്ട് തളത്തില്‍ ദിനേശനെ പോലുള്ള പലരും ജീവിതം ഭദ്രമാക്കിയിട്ടുണ്ട്. കൂടുതല്‍ ഒന്നും എഴുതുന്നില്ല. അത്രയ്ക്ക് പ്രശസ്തര്‍ ആണ് ഇവര്‍
മംഗളം വാരിക
മുകളില്‍ പറഞ്ഞിരിക്കുന്ന പല പരിപാടികളും ഇവരും കാണിച്ചിട്ടുണ്ട്. ആദ്യമായി ഞാന്‍ മംഗളം വായിച്ചു തുടങ്ങിയത് അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്. അതില്‍ ആദ്യത്തെ പേജില്‍ വായനക്കാര്‍ക്കുള്ള സന്ദേശം എന്ന് പറഞ്ഞു ശ്രീബുദ്ധന്‍റെ വാചകങ്ങള്‍ ഇവര്‍ ഇടുമായിരുന്നു. പിന്നെ വേറൊരു പ്രത്യേകത എന്തായിരുന്നു എന്ന് വച്ചാല്‍ നാടിനെ നടുക്കിയ ആത്മ ഹത്യകളെ പറ്റിയും കൊലപാതകങ്ങളെ പറ്റിയും ഇവര്‍ പ്രസിദ്ധീകരിച്ചിരുന്ന വാര്‍ത്തകള്‍ ആയിരുന്നു. അതും ഫോട്ടോ സഹിതം. തൂങ്ങി മരിച്ചു നില്‍ക്കുന്നവര്‍, വെട്ടും കുത്തും കൊണ്ട് മരിച്ചു കിടക്കുന്നവര്‍ , വണ്ടി കയറി മരിച്ചവര്‍ അങനെ അങ്ങനെ ഓരോ ആഴ്ചയും വായനക്കാരന് എന്തെങ്കിലും പുതുമ കൊടുക്കാന്‍ മംഗളം എന്നും ശ്രദ്ധിച്ചിരുന്നു. സമൂഹത്തിനു ഇങ്ങനത്തെ ഓരോ ഷോക്കുകള്‍ കൊടുത്താലെ സമൂഹ മനസാക്ഷി ഉണരൂ എന്ന് അന്നേ കണ്ടെത്തിയതാണ് ഇവരുടെ നേട്ടം ആയി ദുശ്ശാസ്സനന്‍ കാണുന്നത്. ഇനി ഈ വാരിക വായിച്ചു ആരെങ്കിലും വഴി തെറ്റി പോവുകയാണെങ്കില്‍ അവരെ നേര്‍വഴിക്കു നടത്താനായി കെ എം റോയി എഴുതുന്ന ഇരുളും വെളിച്ചവും എന്നൊരു പംക്തി ഉണ്ടായിരുന്നു. ഇപ്പൊ അത് ഉണ്ടോ ആവോ. ഈ ബാന്‍ഗ്ലൂര്‍ മംഗളം കിട്ടാന്‍ പ്രയാസമാണ്. ലിമിറ്റഡ് എഡിഷന്‍ കാര്‍ പോലെയാണ്. കയ്യില്‍ കിട്ടുന്നതിനു മുമ്പ് ഓടിക്കളയും.
വെള്ളി നക്ഷത്രം
സിനിമ മാസികകളില്‍ ആഡ്യന്‍ ആണ് ഇവന്‍. നല്ല ഡിസൈന്‍, നല്ല പ്രിന്റിംഗ്, നല്ല ലെ ഔട്ട് , നല്ല ചിത്രങ്ങള്‍ എന്നിവയോട് കൂടിയല്ലാതെ ഇത് വരെ ഞാന്‍ വെള്ളിനക്ഷത്രം കണ്ടിട്ടില്ല. അതിനൊരു പത്തു മാര്‍ക്ക് ആദ്യം തന്നെ കൊടുത്തേക്കാം. വേറൊരു സിനിമ മാസികക്കും ഇല്ലാത്ത ഒരു ഉഗ്രന്‍ പംക്തി ഇതിലുണ്ട്. വായനക്കാരുടെ സംശയങ്ങള്‍ എന്നാണ് ഇതിന്‍റെ പേര്. എന്തൊരു ചോദ്യം ചോദിച്ചാലും ഇവിടെ മറുപടി കിട്ടും. പണ്ട് എത്ര എത്ര കത്തുകള്‍ ഞാന്‍ ഇതിനു അയച്ചിരിക്കുന്നു. അങ്ങനെ ആണ് സില്‍ക്കിന്‍റെ വിലാസം, മമ്മൂട്ടിയുടെ ഫോണ്‍ നമ്പര്‍, മോഹന്‍ ലാലിന്‍റെ കരമടച്ച രസീതിന്റെ ഡേറ്റ് , ഷോണ്‍ കോണറിയുടെ ഭാര്യയുടെ ബോയ് ഫ്രണ്ട് ന്‍റെ പേര് ഒക്കെ ഞാന്‍ പഠിച്ചത്. മാത്രമല്ല ചില വായനക്കാരുടെ കത്തുകള്‍ കണ്ടാല്‍ നമുക്ക് മലയാളികളോട് ശരിക്കും ബഹുമാനം തോന്നും. അതായതു ഇപ്പൊ മഞ്ജു വാരിയരുടെ വിവാഹം കഴിഞ്ഞാല്‍ ഉടന്‍ ആള്‍ക്കാര്‍ അയക്കുന്ന ചോദ്യം എന്താണെന്നോ ? ദിലീപ് എന്നാ പുള്ളിക്കാരതിയെ മൊഴി ചോല്ലുന്നതെന്ന്. പിന്നൊരു കാര്യമുണ്ട്. പത്രാധിപര്‍ പറഞ്ഞാല്‍ പിന്നെ അത് അന്തിമമായിരിക്കും. സ്വന്തം അച്ഛനും അമ്മയും പറഞ്ഞാല്‍ പോലും വിശ്വാസം വരാത്ത കാര്യങ്ങള്‍ ഒക്കെ പത്രാധിപര്‍ പറയുന്നത് ഞാന്‍ അക്ഷരം പ്രതി വിശ്വസിച്ചിട്ടുണ്ട്.
ക്രൈം
മാസികയുടെ പടം കിട്ടിയില്ല. പത്രാധിപരുടെ പടം ഇടം. മുഖം ഓര്‍ത്തു വച്ചോ
ഫയര്‍
ഇടാന്‍ പറ്റിയ പടങ്ങള്‍ ഒന്നും കിട്ടിയില്ല. നല്ല പച്ച അശ്ലീലം. ഹോ ..!!
മുത്തുച്ചിപ്പി -
കേരളത്തിലെ ഒരു കൊടി കെട്ടിയ വാരികയും പരീക്ഷിച്ചിട്ടില്ലാത്ത ഒരു സംഗതി പരീക്ഷിച്ചു വിജയിച്ച ഒരു വാരിക. ബാലരമയുടെയും ബാല മംഗളത്തിന്റെയും വലിപ്പത്തില്‍ വലിയ ആള്‍ക്കാര്‍ക്ക് വേണ്ടി ഒരു വാരിക. മാത്രമല്ല ഓരോ ആഴ്ചയും രണ്ടു മുഴുവന്‍ നോവലുകള്‍. വിത്ത് കളര്‍ഫുള്‍ പടംസ്. വിലയോ പത്തു രൂപ മാത്രം. എവിടെ കിട്ടും ഇങ്ങനൊരെണ്ണം ? ചുമ്മാതല്ല മില്‍സ് ആന്‍ഡ് ബൂണ്‍ ഒന്നും ഇവിടെ പച്ച പിടിക്കാതിരുന്നത്. ഹി ഹി.
മനോരാജ്യം
നിന്നു പോയത് കൊണ്ടാവും. ഗൂഗിളില്‍ ഇറങ്ങി തപ്പിയിട്ടു പോലും ഒരു പടം കിട്ടാനില്ല
ഇത് പണ്ട് കോട്ടയത്ത് നിന്നു ഇറങ്ങിയിരുന്നതാ. എന്താന്നറിയില്ല പിന്നീട് നിന്നു പോയി. മംഗളത്തിന്റെയും മനോരമയുടെയും ലൈന്‍ ആയിരുന്നെങ്കിലും കുറച്ചു മാന്യന്‍ ആയിരുന്നു. മാത്രമല്ല പദ്മരാജനെ പോലുള്ള പ്രശസ്തര്‍ എഴുതിയിരുന്ന നോവലുകള്‍, ഇന്നലെ , ഞാന്‍ ഗന്ധര്‍വന്‍ മുതലായ സിനിമകളുടെ തിരക്കഥകള്‍ ഖണ്ടശ പ്രസിദ്ധീകരിക്കാന്‍ ധൈര്യം കാട്ടിയ ഒരു വാരിക ആയിരുന്നു ഇത്. അതില്‍ എഴുതാന്‍ അന്ന് പദ്മരാജനെ പോലുള്ള ഒരാള്‍ തയ്യാറായിരുന്നു എന്നതും ശ്രദ്ധേയമായ ഒരു കാര്യമാണ്. ഇന്ന് കേരളത്തിലെ ഏത് സിനിമാക്കാരന്‍ അതിനു തയ്യാറാവും ? കുറച്ചു കാലം കഴിഞ്ഞപ്പോള്‍ ഗുഡ്നൈറ്റ് മോഹന്‍ ഇത് വാങ്ങി. പിന്നെ കുറെ നാള്‍ ഇത് അവരുടെ സിനിമകളുടെ പരസ്യപലക പോലെ ആയിരുന്നു. എന്തായിരുന്നാലും ഇപ്പൊ ഇത് നിലവിലില്ല. ആരെങ്കിലും ബാക്ക്ഗ്രൌണ്ട് വെരിഫിക്കേഷന് പോവാന്‍ പ്ലാനുണ്ടെങ്കില്‍ ആദ്യമേ തന്നെ പറഞ്ഞേക്കാം.
ഇതില്‍ വിട്ടു പോയ ഒരുപാടു പേരുകള്‍ ഉണ്ട്. നിങ്ങള്‍ക്ക് അറിയാവുന്നത് ഇവിടെ പങ്കു വയ്ക്കാന്‍ ശ്രമിക്കുമല്ലോ അല്ലേ ? വരും തലമുറയ്ക്ക് ചെയ്യുന്ന ഒരു സേവനം ആയിരിക്കും അത്.
വാല്‍കഷണം
ഇവിടെ പരാമര്‍ശിച്ചിട്ടുള്ള ഒരു പ്രസിദ്ധീകരണവും വെറും തറയാണെന്ന് വ്യക്തിപരമായി ഞാന്‍ വിശ്വസിക്കുന്നില്ല. കേരളത്തിലെ കുറച്ചെങ്കിലും മനുഷ്യരെ ഏതെങ്കിലും രീതിയില്‍ തൃപ്തിപ്പെടുത്താന്‍ ഇവയ്ക്കു കഴിഞ്ഞിരുന്നു. അത്യന്തികം ആയി കലയുടെ ലക്‌ഷ്യം മനുഷ്യന്‍റെ രസ മുകുളങ്ങളെ ഉത്തേജിപ്പിക്കുക എന്നതാണല്ലോ. ആസ്വാദന നിലവാരം നിര്‍വചിക്കേണ്ടത് വായനക്കാരന്‍ തന്നെയാണ് എന്നാണ് എനിക്ക് തോന്നുന്നത്. അത് കൊണ്ട് തന്നെ ഇത് ഇപ്പറഞ്ഞ പ്രസിധീകരനങ്ങളെ കളിയാക്കുക എന്നാ ഉദ്ദേശത്തോടു കൂടി എഴുതിയതല്ല
എഴുത്ത് നന്നായിരിക്കുന്നു
മറുപടിഇല്ലാതാക്കൂഒരു പത്താം ക്ലാസ്സുവരെ മംഗളവും മനോരമയും വരുന്ന ദിവസത്തിനുവേണ്ടി കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നിട്ടുണ്ട് ഞാന്‍.ഒരിക്കല്‍ മംഗളം മേടിക്കാനായി അടുത്ത വീട്ടില്‍ രാവിലെ കയറിചെന്നതും അവിടുത്തെ പട്ടി എന്നെ പൊറോട്ട കീറുന്നതുപോലെ കടിച്ചു കീറിയതും.എന്റമ്മോ മറക്കാന്‍ പറ്റ്വൊ.പിന്നെ എപ്പോഴാണിതിനോടുള്ള ആസ്കതി നഷ്ടപ്പെട്ടതെന്നോര്‍മ്മയില്ല.ഇപ്പോള്‍ ഒരു പത്തുപന്ത്രണ്ട് കൊല്ലമായി ഇവ കൈകൊണ്ടെങ്കിലും തൊട്ടിട്ട്.
മറുപടിഇല്ലാതാക്കൂമനോരാജ്യത്തിലാണ് എന്റെ വായന തുടങ്ങിയത് :-)
മറുപടിഇല്ലാതാക്കൂനാന, മനോരമ, മംഗളം, മനോരാജ്യം ഇവ ഒരു കാലത്ത് വായിച്ചിരുന്നു. നാന ഇപ്പോഴും മുടിവെട്ടുകടയിൽ മുടിവെട്ടാൻ പോകുന്ന സമയം വായിക്കാറുണ്ട്. സാഹിത്യ നിരൂപണം നന്നായി.:)
മറുപടിഇല്ലാതാക്കൂദുശ്സൂ ,
മറുപടിഇല്ലാതാക്കൂമനോരമ ഇപ്പോഴും ഓണ്‍ലൈന്‍ ആയി വായിക്കുന്നു.
തുടരനുകള്‍ക്കായി വെള്ളിയാഴ്ച് തോറും ആകാംക്ഷയോടെ കാത്തിരിക്കുന്നു.
ബാക്കി പ്രസിദ്ധീകരണങ്ങളും കൈവിട്ടിട്ടില്ല.
വല്ലപ്പോഴും ട്രെയിന്‍ യാത്രകളില്‍ കൂടെ കൂട്ടുന്നു.
There was one more weekly called "Pauradhwani". i think like Manorajyam that also stopped long back.
മറുപടിഇല്ലാതാക്കൂഇതൊക്കെ വാങ്ങിയും അല്ലാതെയും വായിക്കുന്നവര്‍ തന്നെയാണ് , തറ പുസ്തകള്‍ ആണെന്ന് പറഞ്ഞു നടക്കുന്നത് .
മറുപടിഇല്ലാതാക്കൂമംഗളവും മനോരമയും അന്യമായത് , ടിവി യുടെ വരവോടു കൂടിയാണ്.
ബാര്‍ബര്‍ ഷോപ്പില്‍ മുടിവെട്ടാന്‍ പോകുമ്പോ തിരക്കുള്ള സമയം തിരെഞ്ഞെടുക്കുമായിരുന്നു, നാനയും, സിനിമ മംഗളവും ഒക്കെ വായിക്കാന്‍ .