2010, ഏപ്രിൽ 18, ഞായറാഴ്‌ച

ഒരു സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ജനിക്കുന്നു - ഭാഗം 11



കഴിഞ്ഞ ഭാഗം 
     ഫസ്റ്റ് സാലറി കിട്ടി. എല്ലാവന്മാര്‍ക്കും ട്രീറ്റ്‌ വേണമെന്നൊക്കെ പറഞ്ഞു നടക്കുന്നുണ്ട്. എന്‍റെ പൊക കണ്ടിട്ടേ അടങ്ങൂ എല്ലാവരും. സാലറി സ്ലിപ് എടുത്തു നോക്കിയിട്ട് ഒന്നും പിടി കിട്ടുന്നില്ല. അടുത്ത മാസം മുതല്‍ ഫുഡ്‌ കൂപ്പണ്‍, ടെലിഫോണ്‍ ബില്‍ ഒക്കെ ചാമ്പി കൊടുക്കണം.  അല്ലെങ്കില്‍ ടാക്സ് കൊടുത്തു മുടിയും. 

     ജോലി അങ്ങനെ സാഹസികമായി മുന്നോട് പോകുകയാണ്. ഇവിടെ എല്ലാവനും ഒരു ബൈക്ക് അല്ലെങ്കില്‍ കാര്‍ ഒക്കെ ഉണ്ട്. ഒരു ഗേള്‍ ഫ്രണ്ട് എങ്കിലും ഇല്ലാത്ത ഒരുത്തനും ഇല്ല. വെള്ളിയാഴ്ച ആകുമ്പോ ഓരോരുത്തന്മാരുടെ കൂടെ പോവാന്‍ വരുന്ന പെണ്‍പിള്ളാരെ ഒക്കെ കണ്ടാല്‍  ജീവിച്ചത് മതി എന്ന് തോന്നും. എല്ലാ കിഴങ്ങന്മാര്‍ക്കും ഉണ്ട് ഓരോ കാമുകിമാര്‍. നമ്മുടെ നാട്ടിലെ പോലല്ല. ഇവളുമാര്‍ വലിക്കുകയും കുടിക്കുകയും ഒക്കെ ചെയ്യും. രണ്ടു പേര്‍ക്കും ഒരു ബാറിലായിരിക്കും അക്കൗണ്ട്‌. കിട്ടാത്ത മുന്തിരിങ്ങ പുളിക്കും. ഇവന്മാരോടോന്നും അസൂയ തോന്നിയിട്ട് കാര്യമില്ല. നമ്മുടെ വിധി.

     അങ്ങനെ ആകെ ദുഖിതനും കുണ്ടിതനുമായി ബൈജു കാലം കഴിച്ചു കൂട്ടി. അപ്പോഴതാ വരുന്നു ഒരു കല്യാണ ആലോചന. അപ്പനും അമ്മയ്ക്കും ഒറ്റ മകള്‍ ആണ്. അവര്‍ക്ക് വേറെ നിബന്ധനകള്‍ ഒന്നുമില്ല. പയ്യന്‍ ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആയിരിക്കണം എന്നെ ഉള്ളു. അപ്പോഴാണ് അവര്‍ ബൈജുവിന്‍റെ പത്ര പരസ്യം കണ്ടത്. മകള്‍ എഞ്ചിനീയറിംഗ് കഴിഞ്ഞു ബംഗ്ലൂരില്‍ തന്നെ ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ എഞ്ചിനീയര്‍ ആണ്. അവര്‍ മകളുടെ പ്രൊഫൈല്‍ കേരള മാട്ട്രിമോണിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അപ്പൊ തന്നെ പെണ്ണിന്‍റെ വീട്ടുകാരെ വിളിച്ചു അവളുടെ ഐ ഡി വാങ്ങാന്‍ ബൈജു അച്ഛനെ ചട്ടം കെട്ടി. അന്ന് വൈകിട്ട് തന്നെ ഐ ഡി കിട്ടി. സൈറ്റില്‍ കയറി നോക്കി. ആഹാ. നല്ല ഒരു കുട്ടി. മുല്ലപ്പൂ ചൂടിയിട്ടുണ്ട്. നല്ല ഐശ്വര്യം. ഇരുപത്തി നാല് വയസ്സ്. അഞ്ചടി ഉയരം. നല്ല നിറം. കൊമ്പ്ലെക്ഷന്‍ ഫെയര്‍ എന്നാണ് ഇട്ടിരിക്കുന്നത്. Modern in outlook ... Respect traditional values... എന്നൊക്കെ ഇട്ടിട്ടുണ്ട്.
ട്രാവെലിംഗ്, മ്യൂസിക്‌ ഒക്കെ ആണ് ഹോബ്ബീസ്. അവള്‍ക്കു മാന്യനും ഹ്യൂമര്‍ സെന്‍സ് ഉള്ളതുമായ ഒരു ഒരു പങ്കാളിയെ ആണ് ആവശ്യം എന്ന് ഇട്ടിട്ടുണ്ട്. രക്ഷപെട്ടു. ദൈവം സഹായിച്ചു അത് രണ്ടും എനിക്ക് വേണ്ടുവോളം ഉണ്ട്. ഇത് തന്നെ എന്‍റെ പെണ്ണ്. ബൈജു ഉറപ്പിച്ചു. അച്ഛനെ അപ്പൊ തന്നെ വിളിച്ചു പറഞ്ഞു കൊള്ളാം എന്ന്. ഹോ .. ഇത് എങ്ങനേലും നടന്നാല്‍ മതിയാരുന്നു.  കാവിലമ്മക്കും ഗുരുവായൂരപ്പനും നേര്‍ച്ചകള്‍ നേര്‍ന്നു. നമുക്ക് പാര്‍ക്കാന്‍ മുന്തിരിതോപ്പുകളിലെ സോളമന്‍ സോഫിയയോട് പറയുന്നത് പോലെ നമുക്ക് കഫെ കോഫീ ഡേയില്‍ പോയി രാപാര്‍ക്കാം എന്നൊക്കെ അവളോട്‌ പറയുന്നതോര്‍ത്തു ഉറക്കത്തില്‍ ബൈജു മഹേഷിന്‍റെ ചെവിയില്‍ നുള്ളി സ്വകാര്യം പറഞ്ഞു.  തങ്ങള്‍ക്കുണ്ടാവാന്‍ പോകുന്ന കുട്ടികള്‍ക്ക് എന്ത് പേരിടണം എന്ന് വരെ ബൈജു സ്വപ്നം കണ്ടു. അടുത്ത ദിവസം ഓഫീസില്‍ എത്തിയ ബിജുവിന് ഒന്നിലും ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. എവിടെ നോക്കിയാലും അവളുടെ മുഖം മാത്രം. ഒരു പതിനാറു തവണയെങ്കിലും ബൈജു അവളുടെ ഫോട്ടോ എടുത്തു നോക്കി. ' യരുശലേം പുത്രിമാരെ.. നിങ്ങള്‍ എന്‍റെ പ്രിയനേ കണ്ടുവോ... എങ്കില്‍ ഞാന്‍ പ്രേമ പരവശയായിരിക്കുന്നു വിവരം അവനെ അറിയിക്കുവിന്‍' എന്നൊക്കെ അവള്‍ പറയുന്നതായി ബൈജുവിന് തോന്നി. അങ്ങനെ ദിവസങ്ങള്‍ കടന്നു പോയി. അച്ഛനോട് വിളിച്ചിട്ട് ബൈജു ചോദിച്ചു എന്നാ അവളെ കാണാന്‍ പറ്റുക എന്ന്. പെണ്ണിന്‍റെ വീട്ടുകാര്‍ വിളിക്കട്ടെ. എന്നിട്ട് അറിയിക്കാം എന്ന് അച്ഛന്‍ പറഞ്ഞു. ഇനി എന്നാ അത്.. എന്ന് ക്ഷമ നശിച്ചു ചോദിച്ച ബിജുവിനോട് അച്ഛന്‍ ചൂടായി. ക്ഷമിക്കുക തന്നെ.. ബൈജു മനസ്സില്‍ പറഞ്ഞു. സന്ധ്യ ആവാറായി. അതാ മൊബൈല്‍ അടിക്കുന്നു. അച്ഛനാണല്ലോ. പിടക്കുന്ന ഹൃദയത്തോടെ ബൈജു ഫോണ്‍ എടുത്തു. ഒടുവില്‍ പെണ്ണിന്‍റെ വീട്ടുകാര്‍ വിളിച്ചിരിക്കുന്നു. വരുന്ന ഞായറാഴ്ച കാണാം എന്ന്. അവളും ബാങ്ങ്ലൂരില്‍ ആയതു കൊണ്ട് ഒരു സ്ഥലം തീരുമാനിച്ചിട്ടു അറിയിച്ചാല്‍ മതി എന്ന്. പെണ്ണ് പുറത്തെങ്ങും അധികം ഇറങ്ങുന്ന ടൈപ്പ് അല്ല എന്നും. അത് കൊണ്ടു രാവിലെ വല്ലതും കാണുന്നതായിരിക്കും നല്ലത്. ഇരുട്ടിയാല്‍ അവള്‍ക്കു ഒറ്റയ്ക്ക് പോവാന്‍ പേടി ആയിരിക്കും എന്നൊക്കെ അവളുടെ വീട്ടുകാര്‍ പറഞ്ഞു അത്രേ. അതിനെന്താ രാവിലെ തന്നെ കണ്ടേക്കാം. എന്ന് ബൈജു പറഞ്ഞു. അവര്‍ പറഞ്ഞതൊക്കെ കേട്ടിട്ട് ബൈജുവിന്‍റെ മനം കുളിര്‍ത്തു. ഇവള്‍ അടങ്ങി ഒതുങ്ങി ജീവിച്ച ഒരു പെണ്ണാണ്. ഇവിടെ സാധാരണ കാണുന്ന ആഷ് ബുഷ്‌ ടൈപ്പ് അല്ല. അല്ലെങ്കിലും ഭഗവാന്‍ ബൈജുവിന് ഇപ്പോഴും നല്ലതേ വരുത്തു എന്നൊക്കെ ബൈജു ഓര്‍ത്തു. 

     അങ്ങനെ ആ ദിവസം വന്നു. കന്നി പെണ്ണ് കാണലിനു പോവുകയാണ് ബൈജു. രാവിലെ തന്നെ എഴുനേറ്റു കുളിച്ചു കുട്ടപ്പനായി. പുട്ടി ഒക്കെ തേച്ചു മുഖത്തെ ഗട്ടറുകള്‍ ഒക്കെ അടച്ചു. ഫെയര്‍ ആന്‍ഡ്‌ ലവലി തേച്ചു പിടിപ്പിച്ചു ആകെ ഒന്ന് വെളുപ്പിച്ചു. ഏഴു ദിവസം കൊണ്ടു വെളുക്കും എന്നൊക്കെ ഇവന്മാര്‍ പറയുന്നത് വെറുതെയാണെന്ന് തോന്നുന്നു. ഇതൊക്കെ വാങ്ങിച്ചു കൂട്ടി കുടുംബം വെളുക്കും എന്നല്ലാതെ വേറൊരു മെച്ചവും കാണുന്നില്ല. പത്തു മണിക്ക് ആ ഷോപ്പിംഗ്‌ മാളില്‍ വരാം എന്നാ പറഞ്ഞിരിക്കുന്നത്. അര മണിക്കൂര്‍ മുമ്പ് ബൈജു സ്ഥലത്തെത്തി. എന്നിട്ട് ഒരു കടയില്‍ കയറി വെറുതെ അതുമിതും നോക്കി നിന്നു. നേരത്തെ വന്നു എന്ന് കണ്ടാല്‍ അവളുടെ മുമ്പില്‍ വില പോയാലോ. പത്തു മണി ആയി.  അവളെ കാണുന്നില്ലല്ലോ. അച്ഛനെ ഒന്ന് കൂടി വിളിച്ചു നോക്കി. അവള്‍ നിന്നെ വിളിക്കും. അടങ്ങി നില്‍ക്കാന്‍ അച്ഛന്‍ പറഞ്ഞു.
     അതാ ആരോ വിളിക്കുന്നു. ഒരു കുയില്‍ നാദം. "ഞാന്‍ പ്രിയ ആണ്. എവിടാ ഇപ്പൊ ഉള്ളത് ? " ഇതവള്‍ തന്നെ. ബൈജു മനസ്സില്‍ പറഞ്ഞു. "ഞാന്‍ ഇപ്പൊ വരാം. കുട്ടി എവിടാ നില്‍ക്കുന്നത് എന്ന് ബൈജു ചോദിച്ചു." അവള്‍ സ്ഥലം പറഞ്ഞു. കെ എഫ് സി യുടെ മുന്നിലാണ്. ബൈജു അവിടെത്തി. രാവിലെ ആയതു കാരണം അവിടെ ആരുമില്ല. ഷോപ്പ് തുറന്നിട്ട്‌ പോലുമില്ല.  ഒരു പെണ്ണ് ജീന്‍സും ടോപ്പുമിട്ട് അവിടെ നിപ്പുണ്ട്. ഇനി ഇവളാണോ അവള്‍. ഹേ .. ആവില്ല. ബൈജു അവളുടെ അടുത്തേക്ക് ചെന്നു. 'ബൈജു അല്ലെ ? ' അവള്‍ ചോദിച്ചു. ഹാവൂ. ഇതവള്‍ തന്നെ. ബട്ട്‌ എന്തൊരു മാറ്റം. ഫോട്ടോയില്‍ കണ്ട പോലെയേ അല്ല. മുല്ലപൂ ചൂടിയ ഒരു സുന്ദരിയെ പ്രതീക്ഷിച്ചിട്ടു ഇപ്പൊ ചെമ്പരത്തി പൂ ചൂടിയ പോലെ ഒരു പെണ്ണ്.
ഹെവി മേക് അപ്പ്‌. ഒരു കയ്യില്‍ വാനിറ്റി ബാഗ്. മറ്റേ കയ്യില്‍ ഒരു മൊബൈല്‍. ചെവിയില്‍ എന്തൊക്കെയോ കുത്തി തിരുകിയിട്ടുണ്ട്. 'വില്‍ കാള്‍ യു ഡാ .. ബൈ ' എന്ന് പറഞ്ഞിട്ട് അവള്‍ ഫോണ്‍ കട്ട്‌ ചെയ്തു.അപ്പൊ ഇവള്‍ ഏതാവനോടോ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു  അല്ലേ. ഏതോ പരസ്യത്തില്‍ പറയുന്ന പോലെ ബൈജുവിന്‍റെ മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി. Hey.. can we goto that cafe ? അവള്‍ ചോദിച്ചു.
Yes. we can go എന്ന് ബൈജു യാന്ത്രികമായി പറഞ്ഞു. കഫെയില്‍ കയറി. അവിടെയും ആരുമില്ല. തുറന്നിട്ടെ ഉള്ളു. 'കം ഓണ്‍ . ടേക്ക് യുവര്‍ സീറ്റ്‌' എന്നവള്‍ പറഞ്ഞു. അത് കേട്ടതും അനുസരണയോടെ ബൈജു ആ ചെയറില്‍ ഇരുന്നു. അവള്‍ തന്നെ ഒരാളെ വിളിച്ചു എന്തൊക്കെയോ ഓര്‍ഡര്‍ ചെയ്തു. 'ബൈജു.. അപ്പൊ ഞാന്‍ എന്നെ പറ്റി പറയണോ അതോ ബൈജു സംസാരിച്ചു തുടങ്ങുന്നോ ? " അവള്‍ ചോദിച്ചു. പാവം ബൈജു. പണ്ട് ഇന്റര്‍വ്യൂ നു പോയപ്പോ അടിച്ചതൊക്കെ അല്‍പം പിച്ച് കുറച്ചു പറഞ്ഞു. 'ഞാന്‍ ബൈജു. എനിക്ക് ഇരുപത്തേഴു വയസ്സായി. ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ ആണ് ജോലി. എന്‍റെ സി ടി സി ... ' എന്നൊക്കെ ബൈജു എന്തൊക്കെയോ പരസ്പര ബന്ധമില്ലാതെ പറഞ്ഞു. 'ഒകായ്‌ . അപ്പൊ ഇനി ഞാന്‍ എന്നെ പരിചയപ്പെടുത്താം'. അവള്‍ . ' ശരി . ചുമ്മാ പറ. എന്ന് ബൈജു മനസ്സില്‍ പറഞ്ഞു.'' I am also a software engineer by profession. But on top of it , I am an individual. With my own identity.' അവള്‍ പറഞ്ഞു തുടങ്ങി. ഈശ്വരാ .. തുടക്കത്തില്‍ തന്നെ കല്ലുകടി ആണല്ലോ. 'ഞാന്‍ ചിലപ്പോ ലേറ്റ് നൈറ്റ്‌ ഒക്കെ ഇരുന്നു വര്‍ക്ക്‌ ചെയ്യും. അത് കഴിഞ്ഞു ചിലപ്പോ അര്‍ദ്ധ രാത്രി ഒക്കെ ആയിരിക്കും വരുന്നത്. അപ്പൊ ബൈജു വെറുതെ അത് ഒരു ഇഷ്യൂ ആക്കരുത്. 'My profession is my everything'. ചിലപ്പോ ഞാന്‍ ഓഫീസില്‍ നിന്നു ഔടിംഗ് നും പാര്‍ടികള്‍ക്കും ഒക്കെ പോയെന്നു വരും. 'Don't question me at that time and don't play the chauvinist then' ഈ chauvinist എന്ന് വച്ചാല്‍ എന്താണാവോ .. ബൈജു ഓര്‍ത്തു. 'അതൊന്നും സാരമില്ല.' എന്ന് ബൈജു പറഞ്ഞു. അത് കേട്ടതും അവളുടെ മുഖം വിടര്‍ന്നു. 'പിന്നെ ഒരു ടിപ്പിക്കല്‍ ഇന്ത്യന്‍ സ്റ്റൈല്‍ ഭാര്യ ആയിരിക്കാന്‍ എനിക്ക് പറ്റില്ല. I mean ഒരു സതി സാവിത്രി ലൈന്‍ ഒന്നും എനിക്ക് പറ്റില്ല. എനിക്ക് respect തരുന്ന ഒരു ഭര്‍ത്താവിനെ ആണ് ഞാന്‍ പ്രതീക്ഷിക്കുന്നത് ." അവള്‍ തുടര്‍ന്നു. 'അമ്മേ..ബൈജു അറിയാതെ വിളിച്ചു പോയി. പിന്നെയും അവള്‍ എന്തൊക്കെയോ ഇരുന്നു പറയുകയാണ്‌. മുടിഞ്ഞ ഇന്ഗ്ലീഷും. എല്ലാം ഒന്നും മനസ്സിലായില്ലെങ്കിലും അവള്‍ പറഞ്ഞതിന്‍റെ സാരാംശം ബൈജുവിന് പിടി കിട്ടി. ഒരു ഭര്‍ത്താവിനെ അല്ല ഒരു അടിമയെ ആണ്  അവള്‍ക്കു വേണ്ടത് എന്ന്. ഒടുവില്‍ അവള്‍ സംസാരം നിര്‍ത്തി. 'ബൈജു ഒരു introvert ആണെന്ന് തോന്നുന്നു. എന്താ ഒന്നും സംസാരിക്കാത്തത് ? " അവള്‍ ചോദിക്കുകയാണ്. 'അതിനു നീ ഒന്ന് നിര്‍ത്തിയിട്ടു വേണ്ടേ എനിക്ക് എന്തെങ്കിലും മിണ്ടാന്‍ ' എന്ന് ബൈജു ഉള്ളില്‍ പറഞ്ഞു. 'എനിക്ക് അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല ചോദിയ്ക്കാന്‍" എന്ന് ബൈജു പറഞ്ഞു. 'അപ്പൊ ശരി. സീ യു.. " എന്ന് പറഞ്ഞു ഒരു ഷേക്ക്‌ ഹാന്റും തന്നു അവള്‍ പിരിഞ്ഞു.

     ആകെ ക്ഷീണിച്ചു തൊണ്ട വരണ്ട ബൈജു അടുത്ത് കണ്ട ജ്യൂസ്‌ കടയില്‍ കയറി എന്തൊക്കെയോ വാങ്ങി കുടിച്ചു. എത്ര കുടിച്ചിട്ടും ദാഹം തീരുന്നില്ല. ഹോ. ഒടുക്കലത്തെ പെണ്ണ് കാണല്‍ ആയിപ്പോയി. അപ്പൊ തന്നെ വീട്ടിലേക്കു വിളിച്ചു. 'മോനെ .. ആ പെണ്ണ് എങ്ങനുണ്ട് ? " അമ്മ ചോദിച്ചു. 'ഇത് ശരിയാവൂല അമ്മേ. ' ബൈജു പറഞ്ഞു.. 'നീ വേഗം തന്നെ അവളെ വിട്ടോ ? ആ കുട്ടിക്ക് ഒറ്റയ്ക്ക് പോവാന്‍ പേടി കാണും' അമ്മ വീണ്ടും. 'അതോര്‍ത്തു അമ്മ പേടിക്കണ്ട. അവള്‍ ഒറ്റയ്ക്ക് വേണേല്‍
ചന്ദ്രനില്‍ വേണേലും പോവും. " എന്ന് പറഞ്ഞു ബൈജു ഫോണ്‍ വച്ചു.  "ഹോ .. ആകെ ക്ഷീണിച്ചു പോയി.. അടുത്ത പെണ്ണ് കാണലിനു മുമ്പ് ഈ തലമുറയിലെ പെണ്ണുങ്ങളെ പറ്റി ഒന്ന് പഠിക്കേണ്ടി ഇരിക്കുന്നു.

അടുത്ത ഭാഗം 

3 അഭിപ്രായങ്ങൾ:

  1. ദുശ്ശാസനാ....ആകെ കൂടി രസം പിടിക്കുന്നുണ്ട് കേട്ടോ.....സസ്നേഹം

    മറുപടിഇല്ലാതാക്കൂ
  2. ദുശൂ...നന്നായി. ആ കൊച്ച് രക്ഷപെട്ടു, അല്ലെ ?

    മറുപടിഇല്ലാതാക്കൂ
  3. അങ്ങനെ പറയല്ലേ.. പാവം ബൈജുവിന്‍റെ കാര്യം ഒന്നോര്‍ത്തു നോക്ക്

    മറുപടിഇല്ലാതാക്കൂ