2010, ഏപ്രിൽ 8, വ്യാഴാഴ്‌ച

ഒരു സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ജനിക്കുന്നു - ഭാഗം 9


ജോലി മാറാനുള്ള ശ്രമങ്ങള്‍ അങ്ങനെ ഊര്‍ജിതമായി മുന്നോട്ടു പോവുകയാണെങ്കിലും വരുന്ന ചാന്‍സ് ഒക്കെ അങ്ങ് തട്ടി മുട്ടി പോവുകയാണ്.  ബൈജു പഠിത്തം തുടങ്ങി. ഒടുക്കലത്തെ പഠിത്തം. ഇന്റര്‍നെറ്റില്‍ കയറി ഇന്റര്‍വ്യൂ ചോദ്യങ്ങള്‍ ഒക്കെ ഡൌണ്‍ലോഡ് ചെയ്തു പഠിത്തം തന്നെ .. പഠിത്തം.  ഓഫീസില്‍ പോയാലും ഇത് തന്നെ കഥ. എഴുതികൊണ്ടിരുന്ന കോഡ് ഇല്‍ വരെ ബൈജു ഒരു ഇന്റര്‍വ്യൂ ചോദ്യം എഴുതി വിട്ടു.  യൂസര്‍ ഒരു ഫോം ഫില്‍ ചെയ്തതിനു ശേഷം സബ്മിറ്റ് എന്നൊരു ബട്ടണ്‍ അമര്‍ത്തുമ്പോ സോഫ്റ്റ്‌വെയര്‍ ഒരു confirmation dialog കാണിക്കും.  ബൈജു എഴുതിയ കോഡ് റണ്‍ ചെയ്തപ്പോ കണ്ടത് ഒരു ചോദ്യമാണ്.  'What type of code (server or client) is found in a Code-Behind class? " ആരോടാ.. പാവം യൂസെര്‍നോടാ..

     അങ്ങനെ ആകെ ജഗപൊക ആയി മുന്നേറുകയാണ്. consultants നോട് സംസാരിച്ചു സംസാരിച്ചു ബൈജു ഇപ്പൊ അവരുടെ ഭാഷയിലാണ് സംസാരം ഒക്കെ.  ആരെ വിളിച്ചാലും ഫോണ്‍ എടുത്തിട്ട് ചോദിക്കും . 'Is this the right time to talk to you ? " എന്നൊക്കെ. ബൈജു വിളിക്കുന്നവരും ബൈജുവിനെ വിളിക്കുന്നവര്‍ക്കും ഒക്കെ പ്രാന്തായി . വീട് പണി നടക്കുന്നവര്‍ എന്ത് സംസാരിച്ചാലും അവസാനം കറങ്ങി തിരിഞ്ഞു സിമെന്റിന്റെയും കമ്പിയുടെയും വിലയില്‍ എത്തുന്ന പോലെ ബൈജു എന്ത് പറഞ്ഞാലും അവസാനം സി ടി സി യിലും ഓണ്‍ സൈറ്റ് ലും ഒക്കെ വന്നു നിന്ന് തുടങ്ങി. വീട്ടില്‍ വിളിച്ചു സംസാരിക്കുന്നതിനിടെ അച്ഛനോട് എന്നെ എന്നാ റിലീസ് ചെയ്തതെന്നൊക്കെ ചോദിച്ചു അച്ഛന്‍റെ വായിലിരിക്കുന്നത് കേട്ടു ബൈജു.  ബൈജു എഴുതുന്ന കോഡില്‍ ബഗ്സിന്റെ എണ്ണം ക്രമാതീതമായി പെരുകി. ക്വാളിറ്റി ടീം ബൈജുവിന്‍റെ പേര് കാണുമ്പോ തന്നെ ടെസ്റ്റിംഗ് ഫയില്‍ ആയി എന്ന് പറഞ്ഞു കോഡ് മടക്കാന്‍ തുടങ്ങി.  നിരാശനായ ബൈജു വീണ്ടും വീണ്ടും ബഗ്ഗുകളെ വിട്ടുകൊണ്ടിരുന്നു.

അങ്ങനെ കാലം കടന്നു പോയി. ഒരു ദിവസം ഒരു കമ്പനി ബൈജുവിനെ വിളിച്ചു. ഉഗ്രന്‍ കമ്പനി ആണ്. നഗരത്തിലെ മുന്തിയ ഒരു സോഫ്റ്റ്‌വെയര്‍ പാര്‍ക്കില്‍ ആണ് അവരുടെ ഓഫീസ്. അടുത്ത ബുധനാഴ്ച ആണ് ഇന്റര്‍വ്യൂ. ടി വിയില്‍ രാത്രി വരുന്ന തുണ്ട് പടം പോലും കാണാതെ ബൈജു കുത്തി ഇരുന്നു പഠിച്ചു. ഫുള്‍ ടൈം പഠിത്തം. അറിയാവുന്ന സീനിയെര്സിനോടൊക്കെ വിളിച്ചു സംശയം ഒക്കെ ക്ലിയര്‍ ചെയ്തു. ആകെപ്പാടെ ബൈജു റെഡി ആയി.

ബുധനാഴ്ച വന്നെത്തി. രാവിലെ എണീറ്റ്‌ മാനേജറിനെ വിളിച്ചു പറഞ്ഞു ഭയങ്കര വയറു വേദന ആണെന്ന്. "due to illness me, baiju is not able to attend office today. please grant him leave for one day'..  ന്നൊക്കെ നാലാം ക്ലാസ്സിലെ ഓര്മ വച്ച് ഒരു ഇ-മെയില്‍ കാച്ചി. എന്നിട്ട് നേരെ വച്ച് പിടിച്ചു പുതിയ സ്ഥലത്തേക്ക്. അമ്മെ.. ഉഗ്രന്‍ ഓഫീസ് തന്നെ. കിളി പോലുള്ള പെണ്‍ പിള്ളാര്‍.  പ്രോഗ്രാം ചെയ്തു കണ്ണെല്ലാം കുഴിയില്‍ പോയ ആണ്‍ പിള്ളാരും അവിടെ മ്ലാവി മ്ലാവി നടപ്പുണ്ട്. എച് ആറിന്‍റെ അടുത്ത് ചെന്ന്. 'ഞാന്‍ ബൈജു. ഒരു ഇന്റര്‍വ്യൂ നു വന്നതാണ്‌ " എന്നൊക്കെ പരിചയപ്പെടുത്തി. അവളാണെങ്കില്‍ സ്വന്തം ഭര്‍ത്താവിനെ കണ്ട പോലെ ഭയങ്കര സ്നേഹ പ്രകടനം. അവിടെ ഒന്ന് വെയിറ്റ് ചെയ്യ്. ചായ വേണോ കോഫി വേണോ എന്നൊക്കെ ചോദിച്ചു.  ഒന്നും വേണ്ട... ഈ ജോലി എങ്കിലും കിട്ടിയാ മതിയേ എന്നൊക്കെ ബൈജു മനസ്സില്‍ പറഞ്ഞു. 

പത്തു മിനിട്ടിനുള്ളില്‍ വിളിക്കാം എന്ന് പറഞ്ഞെങ്കിലും ആരെയും കാണുന്നില്ല.  ഒടുവില്‍ ഒരു അമ്മച്ചി വന്നു. ടെക്നോളജി സര്‍വീസേസ് മാനേജര്‍ ആണത്രേ. ബൈജുവിന്‍റെ സി വി എടുത്തു വായിച്ചു. ഓരോ വാക്കും ശ്രദ്ധയോടെ വായിക്കുകയാണ് അവര്‍.  ഈശ്വരാ .. പണ്ട് ആ പെണ്ണ് പറഞ്ഞ പോലെ വല്ലതും അടിക്കുമോ ഇവര്‍.. ഒടുവില്‍ അവര്‍ വായന നിര്‍ത്തി. അത് മടക്കി മേശ പുറത്തു വച്ചു. എന്നിട്ട് പതിയെ പറഞ്ഞു.. 'ബൈജു. നിങ്ങളുടെ പ്രൊഫൈല്‍ കൊള്ളാം. പക്ഷെ ഈ പൊസിഷന് നിങ്ങള്‍ ഫിറ്റ്‌ ആവും എന്ന് തോന്നുന്നില്ല. '' അത് കേട്ടതും ബൈജുവിന്‍റെ മുഖത്തെ ചിരി മാഞ്ഞു.  ഇത് കണ്ടു ആ അമ്മച്ചിയും വല്ലാതെ ആയി. അവര്‍ പറഞ്ഞു 'നിങ്ങള്‍ ഒരു പത്തു മിനിറ്റ് ഇരിക്ക്. വേറെ പോസിഷനുകളും ഓപ്പണ്‍ ആണ്. ഇപ്പൊ പറയാം ' എന്ന് പറഞ്ഞു അവര്‍ പുറത്തേക്കു പോയി.

ബൈജുവിന് അവരെ ചവിട്ടി കൂട്ടാനുള്ള ദേഷ്യം വന്നെങ്കിലും ഒന്നും പറഞ്ഞില്ല. വെറുതെ ചിരിച്ചു കാണിച്ചു. അതാ എച് ആര്‍ വരുന്നു.  'ബൈജു.. ഞങ്ങള്‍ക്ക് വേറൊരു ഗുഡ് പൊസിഷന്‍ ഉണ്ട്. ഇപ്പൊ വേറൊരു ലീഡ് വന്നിട്ട് നിങ്ങളെ ഇന്റര്‍വ്യൂ ചെയ്യും. എന്നിട്ട് നോക്കാംഎന്ന് പറഞ്ഞു ആ സുന്ദരി. 'വളരെ സന്തോഷം. ഞാന്‍ റെഡി' എന്ന് ബൈജുവും  പറഞ്ഞു. പത്തു മിനിറ്റ് കഴിഞ്ഞു. അതാ വേറൊരുത്തന്‍ വരുന്നു.  കന്നടക്കാരന്‍ ആണെന്ന് തോന്നുന്നു. രണ്ടു കണ്‍ പുരികവും ചേരുന്നതിന്റെ ഒത്ത നടുക്ക് ഒരു കുങ്കുമ പൊട്ട് ഇട്ടിടുണ്ട്. ഇതാണ് ഇവന്മാരുടെ കുഴപ്പം.  ഉള്ള ലുക്ക്‌ കൂടി ആ പൊട്ട് ഇടുമ്പോ പോവും. ങാ...എന്നതേലും ആവട്ടെ. ഇനി ഇവനെന്താ ചോദിക്കാനുള്ളതെന്നു നോക്കാം. "ഞാന്‍ നിലേഷ് " എന്ന് പരിച്ചയപെടുതിയിട്ടു അവന്‍ ചോദ്യം ചോദിയ്ക്കാന്‍ തുടങ്ങി. ഒടുക്കലത്തെ ചോദ്യങ്ങള്‍ ആണ് വരുന്നത്.  അഞ്ചു മിനിറ്റ് കൊണ്ട് തന്നെ ബൈജു വിയര്‍ത്തു കുളിച്ചു. വെള്ളം വേണോ എന്നൊക്കെ ലവന്‍ ചോദിക്കുന്നുണ്ട്. പണ്ടാരക്കാലന്‍.  മനുഷ്യനെ കളിയാക്കുന്നത് കണ്ടില്ലേ...
അങ്ങനെ അവന്‍ നിര്‍ത്തി. ഇനി ഒന്നും ചോദിക്കാനില്ല എന്ന് പറഞ്ഞു. വെയിറ്റ് ചെയ്യാന്‍ പറഞ്ഞു.
പത്തു മിനിറ്റ് കഴിഞ്ഞില്ല . അതാ വരുന്നു ആ അമ്മച്ചി.  വേറൊരു പൊസിഷന്‍ ഉണ്ടെന്നും. ആ ലീഡ് ഒരു ഇന്റര്‍വ്യൂ തരാന്‍ റെഡി ആണെന്ന് പറഞ്ഞു. ഞാന്‍ റെഡി എന്ന് ബൈജു പറഞ്ഞു. അതാ വരുന്നു അടുത്തവന്‍. ഇതൊരു അപ്പൂപ്പന്‍ ആണ് . പ്രായം കണ്ടിട്ട് ഏതോ സീനിയര്‍ ആണെന്ന് തോന്നുന്നു. പതിവുപോലെ നമസ്കാരം പറഞ്ഞു  പരിപാടി തുടങ്ങി. ഇത്തവണ പത്തു മിനിറ്റ് ആവുന്നതിനു മുമ്പ് തന്നെ ബൈജു അടിയറവു പറഞ്ഞു. അയാളും നിര്‍ത്തി. വെയിറ്റ് ചെയ്യാന്‍ പറഞ്ഞു.

ഈശ്വരാ.. ഇവന്മാര്‍ എന്നെ ഇന്റര്‍വ്യൂ ചെയ്യാന്‍ ആളെ കൂട്ടുകയാണ് എന്നാ തോന്നുന്നേ.
എല്ലാവരും നല്ല സന്തോഷത്തിലാണ്.  ഇന്റര്‍വ്യൂ ചെയ്യാന്‍ ഒരുത്തനെ തരത്തിന് കിട്ടിയതിലുള്ള സന്തോഷം.

അതിനിടക്ക് ഒരു സുഹൃത്ത്‌ വിളിച്ചു. 'എന്തായെടാ ബൈജു.. വല്ല രക്ഷയുമുണ്ടോ ? " എന്ന് അവന്‍ ചോദിച്ചു. 'എന്നെ ഇവിടെ വലിച്ചു കീറി ഉണക്കാന്‍ ഇട്ടിരിക്കുകയാടാ. നീ ഇത് വഴി വരുന്നെങ്കില്‍ എടുത്തു കൊണ്ട് പൊക്കോ' എന്ന് അവനോടു പറഞ്ഞു.


   
അതാ .. ആ അമ്മച്ചി വീണ്ടും വരുന്നു. തമ്പുരാനേ.. ഇനിയും ... 
ഭാഗ്യം. ഒരു മാനേജര്‍ സ്ഥലത്തില്ല. അല്ലെങ്ങില്‍ അയാള്‍ക്ക് കൂടി ഇന്റര്‍വ്യൂ നടത്താന്‍ താല്പര്യം ഉണ്ടെന്നു. അയാള്‍ ഇനി അടുത്ത ചൊവ്വാഴ്ച്ചയെ വരൂ. അപ്പൊ ശരി. കാണാം. റിസള്‍ട്ട്‌ പിന്നെ അറിയിക്കാം എന്ന് പറഞ്ഞു അവര്‍. അത് കേള്‍ക്കേണ്ട താമസം ബൈജു ബാഗ്‌ എടുത്തു.  ജീവനും കൊണ്ട് രക്ഷപെടണം.

അപ്പോഴതാ നേരത്തെ ഇന്റര്‍വ്യൂ നടത്തിയവന്‍ വീണ്ടും വരുന്നു. നെക്സ്റ്റ് ലെവല്‍ എടുക്കാമോ എന്നറിയാന്‍. ശരി. ഞാന്‍ തയ്യാര്‍.  എന്ത് കുന്തമായാലും ഇന്ന് തന്നെ അറിയാമല്ലോ. ബൈജു സമ്മതം അറിയിച്ചു.

അപ്പോഴതാ അയാള്‍ വേറൊരുതനെയും കൂട്ടി വരുന്നു. രണ്ടും കൂടി സ്നേഹത്തോടെ വിളിച്ചു ഒരു റൂമിനകത്തു കയറി.  അവര്‍ രണ്ടുപേരും കൂടി പാവം ബിജുവിനെ കടിച്ചു കീറി.   അര മണിക്കൂറിനുള്ളില്‍ എല്ലാം കഴിഞ്ഞു. 'ഗുഡ് ലക്ക് ബൈജു. വീണ്ടും കാണാം' എന്ന് പറഞ്ഞു അവര്‍ ബൈജുവിനെ യാത്രയാക്കി.

ഹോ. അങ്ങനെ സങ്കീര്‍ണ്ണമായ ഒരു ദിവസം കഴിഞ്ഞു കിട്ടി. എന്താവുമോ എന്തോ എന്‍റെ വിധി.  ബൈജു വെറുതെ ഓര്‍ത്തു. ബസ്‌ കയറി വീട്ടിലെത്തി. എങ്ങനെ ഉണ്ടായിരുന്നു ഇന്റര്‍വ്യൂ എന്ന് ചോദിച്ച എല്ലാവരോടും എന്തൊക്കെയോ പറഞ്ഞിട്ട് ബൈജു നിലത്തു വിരിച്ച പായില്‍ വെറുതെ കിടന്നു. ഫാനിലേക്ക് നോക്കി അങ്ങനെ...

'ഫോണ്‍ എടുക്കെടാ.. ഫോണ്‍ എടുക്കെടാ..' മൊബൈല്‍ ശബ്ദിക്കുന്നു. ആ തളര്‍ച്ചയോടെ തന്നെ ഫോണ്‍ എടുത്തു. അയ്യോ .. കമ്പനിയില്‍ നിന്നാണല്ലോ. പേടിച്ചു പേടിച്ചു ഹലോ എന്ന് പറഞ്ഞു.  അപ്പുറത്ത് ആ പെണ്ണ് ആണ്. 'ഹായ് ബൈജു. നിങ്ങള്‍ ഇന്റര്‍വ്യൂ ക്ലിയര്‍ ചെയ്തിട്ടുണ്ട്. കണ്‍ഗ്രാട്സ്..!! നിങ്ങള്‍ക്ക് എന്ന് ജോയിന്‍ ചെയ്യാന്‍ പറ്റും ? "  ബൈജുവിന് സ്വന്തം കാതുകളെ വിശ്വസിക്കാനായില്ല. 'എന്ന് വേണേലും ജോയിന്‍ ചെയ്യാം പെങ്ങളെ ' എന്ന് പറഞ്ഞു ബൈജു. "വാട്ട് ? " അവള്‍ അപ്പുറത്ത്. അയ്യോ. മലയാളത്തിലായിരുന്നോ പറഞ്ഞത്... 'സോറി. ഐ അം റെഡി  ടു ജോയിന്‍ ദേര്‍ ഇന്‍ അനോതെര്‍ ടു വീക്സ്' എന്ന് പറഞ്ഞു ബൈജു.  അപ്പൊ ശരി. രണ്ടാഴ്ച കഴിഞ്ഞു കാണാം എന്ന് പറഞ്ഞു അവള്‍ ഫോണ്‍ വച്ചു.

അങ്ങനെ വസന്തം വീണ്ടും വന്നിരിക്കുകയാണ്. ഉറങ്ങി കിടന്ന മഹേഷിനെയും ബാക്കിയുള്ളവരേയും ഒക്കെ വിളിച്ചുണര്‍ത്തി. എഴുനേറ്റ ഉടന്‍ തന്തക്കു വിളിച്ചെങ്കിലും ബൈജുവിന് ജോലി കിട്ടിയതറിഞ്ഞു മഹേഷ്‌ കെട്ടി പിടിച്ചു സന്തോഷം പ്രകടിപ്പിച്ചു.  നാളെ തന്നെ ചെന്ന് രാജികത്ത് വലിച്ചെറിയണം .. അവന്‍റെ ഒരു തുക്കടാ കമ്പനി .. ഹോ. അത്രയ്ക്ക് വേണ്ട... അഹങ്കാരം പാടില്ല.  ബൈജു ബാന്‍ ഗയാ ജെന്റില്‍ മാന്‍ .. എന്നൊക്കെ മനസ്സില്‍ പറഞ്ഞിട്ട് ഉറങ്ങാന്‍ കിടന്നു. സന്തുഷ്ടമായ ഒരു ഭാവിയും സ്വപ്നം കണ്ടു കൊണ്ട്...

( ബൈജുവിന് എന്ത് പറ്റും ? പുതിയ സ്ഥലത്ത് ബൈജുവിനെ കാത്തിരിക്കുന്നത് എന്താണ് എച് ആറിന്‍റെ സ്നേഹ പ്രകടനം സത്യമോ ?
  ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ക്കുള്ള മറുപടി  .. അടുത്ത എപിസോടില്‍ ... മറക്കാതെ കാണുക... 
സോറി.. മറക്കാതെ വായിക്കുക ... പണ്ടാരം .. ഈ ടീ വി സീരിയല്‍ കണ്ടു ശീലിച്ചാല്‍ ഇതാ കുഴപ്പം. )


9 അഭിപ്രായങ്ങൾ:

  1. ((((((((((((((((ഠോ)))))))))))))))))))))

    തേങ്ങാ എന്റെ വഹ

    ഒരാളെ ഇന്റർവ്യൂ ചെയ്യൻ കിട്ടിയാൽ, പിന്നെ അവരുടെ ദേഷ്യം മുഴുവൻ തീർക്കും അല്ലെ.

    ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  2. നല്ല രസമുണ്ട് വായിക്കാന്‍.ഫോണ്ട് ശ്രദ്ധിച്ചാല്‍ നന്നായിരുന്നു.തുടര്‍ന്നെഴുതൂ...

    മറുപടിഇല്ലാതാക്കൂ
  3. തകര്‍ത്തു.....ബാകി വേഗംതന്നെ വരട്ടെ..

    പിന്നെ, ഫോണ്ട് ആകെ പ്രശ്നം.

    മറുപടിഇല്ലാതാക്കൂ
  4. ബൈജുവിന് എന്ത് പറ്റും ? first two weeks training... next 6 months probation.. then fixed position exam then interview... hahahahaa..

    മറുപടിഇല്ലാതാക്കൂ
  5. നായകന്‍റെ പേരു് ബിജു ആണോ ബൈജു ആണോ?

    മറുപടിഇല്ലാതാക്കൂ
  6. വളരെ നന്ദി സന്തോഷ്‌ . ഞാന്‍ google transliteration സര്‍വീസ് ആണ് ഉപയോഗിക്കുന്നത്. അതില്‍ ടൈപ്പ് ചെയ്യുമ്പോ വരുന്ന ഒരു പ്രോബ്ലം ആണ്. വായനക്കാര്‍ പലരും font issues കണ്ടു വായന നിര്‍ത്തി പോവുകയാ .
    എന്ത് ചെയ്യും ?

    മറുപടിഇല്ലാതാക്കൂ

  7. എഴുത്ത് കലക്കി . മലയാളം ഇതിൽ ഒന്ന് ശ്രമിച്ചു നോക്കൂ ... എന്റെ ഒരു കൂട്ടുകാരന്റെ സൃഷ്ട്ടി ആണ്
    http://www.varnamproject.com/editor

    മറുപടിഇല്ലാതാക്കൂ