2011, ജൂൺ 29, ബുധനാഴ്‌ച

കുഞ്ഞുണ്ണി ഈസ്‌ ക്രെയിന്‍ M A




    ഇന്നലെ ടി വി കണ്ടു കൊണ്ടിരുന്നപ്പോള്‍ ഒരു പരസ്യം കണ്ടു. ഒരു പയ്യന്‍ പണിയൊന്നുമില്ലാതെ വെറുതെ നാക്കുന്നു. പിന്നീട് അവന്‍ ഒരു ലിഫ്റ്റ്‌ മെക്കാനിക് കോഴ്സ് പഠിക്കുന്നു. അത് കഴിഞ്ഞു വന്‍ സെറ്റപ്പില്‍ വന്നിറങ്ങുന്നു. പിന്നെ കണ്ടത് ഒരു ക്രെയിന്‍ മെക്കാനിക്കിന്റെ കഥ. ക്രെയിന്‍ വര്‍ക്ക് ചെയ്യിക്കാന്‍ ഒരു കോഴ്സ് പഠിച്ചിട്ടു അവന്‍ ഗള്‍ഫില്‍ പോയി തകര്‍ക്കുന്നു. അപ്പോഴതാ വരുന്നു ഇങ്ങനത്തെ വന്‍ കോഴ്സുകളുടെ ഒരു നിര. ജെ സി ബി ഓപെറേഷന്‍, ഫയര്‍ എഞ്ചിനീയറിംഗ്, സേഫ്റ്റി എഞ്ചിനീയറിംഗ് അങ്ങനെ അങ്ങനെ. ഒരുപാടു സംശയങ്ങളുമായാണ് ഞാന്‍ അതെല്ലാം കണ്ടു തീര്‍ത്തത്. ഇവര്‍ ഈ പറയുന്ന പോലെ സാദ്ധ്യതകള്‍ ഈ കോഴ്സിനുണ്ടോ ? വളരെ ലാഘവത്തോടെ ആണ് ഈ പരസ്യത്തില്‍ അവര്‍ അവകാശ വാദങ്ങള്‍ ഉയര്‍ത്തുന്നത്. ഗള്‍ഫില്‍ മുഴുവന്‍ ബഹു നില കെട്ടിടങ്ങള്‍ ആണ്. എല്ലാത്തിലും ഒരു ലിഫ്റ്റ്‌ എന്തായാലും ഉണ്ടാവും. ഒരു ലിഫ്റ്റ്‌ ഉണ്ടെങ്കില്‍ ഒരു ലിഫ്റ്റ്‌ മെക്കാനിക്കും ഉണ്ടാവും. അതുകൊണ്ട് നിങ്ങള്‍ക്ക് ജോലി കിട്ടാത്ത അവസ്ഥ ഒരിക്കലും ഉണ്ടാവില്ല എന്നാണു പറയുന്നത്. അത് പോലെ തന്നെ ഫയര്‍ ആന്‍ഡ്‌ സേഫ്റ്റി എഞ്ചിനീയറിംഗ് ഉം. ദുബായില്‍ ഉള്ള എന്റെ ഒരു സുഹൃത്തിനോട്‌ ഞാന്‍ ഇതേപറ്റി അന്വേഷിച്ചു. ഈ സ്ഥാപനങ്ങളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകളുമായി ചെന്നത് കൊണ്ട് മാത്രം ജോലി കിട്ടണമെന്നില്ല എന്നും കൂടിപ്പോയാല്‍ ഒരു അസിസ്റ്റന്റ്‌ ജോലി മാത്രം പ്രതീക്ഷിച്ചാല്‍ മതി എന്നുമാണ് അവന്‍ പറഞ്ഞത്.

മലയാളിക്ക് സര്‍ട്ടിഫിക്കറ്റിനോടുള്ള ആര്‍ത്തി പണ്ടേ ഉള്ളതാണല്ലോ. എന്ത് പഠിച്ചാലും ഒരു സര്‍ടിഫിക്കറ്റ് കിട്ടിയാലേ അത് പൂര്‍ണമാവൂ എന്നൊരു വിശ്വാസം ഒരു ശരാശരി മലയാളിക്കുണ്ട്‌.
പണ്ട് ഞാന്‍ ഒരു കമ്പ്യൂട്ടര്‍ കോഴ്സ് പഠിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഒരു സുഹൃത്ത്‌ ചോദിച്ച ആദ്യ ചോദ്യം ഇതാണ്. സര്‍ട്ടിഫിക്കറ്റ് കിട്ടുമോ എന്ന്. തമാശ എന്താന്നു വച്ചാല്‍ ആ ഇന്‍സ്ടിട്യൂട്ടില്‍ ചെന്നപ്പോ അവരും ആദ്യം പറഞ്ഞത് ഇതാണ്. നിങ്ങള്‍ക്ക് എല്ലാത്തിനും സര്‍ട്ടിഫിക്കറ്റ് കിട്ടും എന്ന്. എന്നാല്‍ ആ സര്‍ട്ടിഫിക്കറ്റ് കൊണ്ട് എന്താണ് പ്രയോജനം എന്ന് ചിന്തിക്കാന്‍ ആരും മെനക്കെടില്ല. കയ്യക്ഷരം പഠിപ്പിക്കല്‍ മുതല്‍ തെങ്ങില്‍ കയറുന്നതിനു വരെ സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ നടത്തിയിരുന്ന ഒരു സംസ്ഥാനം ആണ് കേരളം.

    ഇത് മാത്രമല്ല. വളരെ ഗൌരവമര്‍ഹിക്കുന്ന ഒരു വിഷയമാണ് മലയാളിയുടെ കരീര്‍ പ്ലാനിംഗ്.
പണ്ട് തൊട്ടേ ഒരു തൊഴില്‍ എന്ന  ചോദ്യം വരുമ്പോള്‍ തന്നെ നമ്മള്‍ ഗള്‍ഫിലെക്കാണ്  ആദ്യം നോക്കുന്നത്. അവിടെ ബന്ധുക്കളോ സുഹൃത്തുക്കളോ ഉണ്ടെങ്കില്‍ അത് വഴി അങ്ങോട്ട്‌ പോകാന്‍ നോക്കും. പിന്നെ അടുത്തത് സര്‍ക്കാര്‍ ജോലി ആണ്. ഇത് രണ്ടും പറ്റിയില്ലെങ്കില്‍ മാത്രമാണ് സ്വകാര്യ കമ്പനികളില്‍ ജോലിക്ക് ശ്രമിക്കുന്നത് . പ്രൈവറ്റ് കമ്പനികളില്‍ ജോലി ചെയ്യുന്നവന്‍ എപ്പോഴും രണ്ടാം കിടക്കാരന്‍ ആണ് എന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം ആള്‍ക്കാര്‍ ഇപ്പോഴും കേരളത്തിലുണ്ട്. നമ്മള്‍ മക്കളെ പഠിപ്പിക്കുന്ന കോഴ്സുകളും അങ്ങനത്തെതാണ്. പഠിച്ചു ഇറങ്ങിയാല്‍ അടുത്ത ദിവസം ജോലി കിട്ടുമെന്ന് വിശ്വസിക്കുന്ന കോഴ്സുകള്‍. ഇങ്ങനത്തെ പാവങ്ങളെ പറ്റിക്കാന്‍ വേണ്ടി ഉള്ള കളിപ്പീര് സ്ഥാപനങ്ങള്‍ കേരളത്തില്‍ ഉള്ള പോലെ വേറെ എങ്ങും കാണില്ല. 

     തികച്ചും സാമ്പ്രദായിക രീതികള്‍ പിന്തുടരുന്നവരാണ് മലയാളികള്‍. മാത്രമല്ല നമ്മുടെ പല കരിയര്‍ പ്ലാനുകളും immediate results മാത്രം ലക്‌ഷ്യം വച്ചാണ്. ഉദാഹരണത്തിന് ഇപ്പൊ ഏറ്റവും കൂടുതല്‍ ജോലി സാധ്യതകളും കനത്ത പ്രതിഫലവും ലഭിക്കുന്ന ഒരു മേഖലയാണല്ലോ ഐ ടി.
കേരളീയരില്‍ ഭൂരിഭാഗം പേര്‍ക്കും ഐ ടി യിലേക്ക് തങ്ങളുടെ മക്കളെ വിടണം എന്നല്ലാതെ ഐ ടി മേഘലയില്‍ എന്തൊക്കെ തരം ജോലികള്‍ ആണുള്ളത്, അതിനു എന്താണ് പഠിക്കേണ്ടത് എന്ന് വലിയ പിടി ഇല്ല. ജോലി അന്വേഷിച്ചു പോകുന്ന നമ്മുടെ പിള്ളാരും അങ്ങനെ തന്നെയാണ്.
ആദ്യം ഒരു ചെറിയ കമ്പനിയില്‍ കയറുക. അത് കഴിഞ്ഞു ഏറ്റവും കൂടുതല്‍ പണം കിട്ടുന്ന ഒരു കമ്പനി കണ്ടു പിടിക്കുക. ഓണ്‍സൈറ്റ് ഒപ്പിക്കുക.. അല്ലാതെ ഏതു വഴിയില്‍ പോയാല്‍ അടുത്ത ലെവലിലേക്ക് കയറാം എന്നൊരു ചിന്ത പൊതുവേ കുറവാണ് നമ്മുടെ കുട്ടികള്‍ക്ക്. അവരുടെ കണ്ണില്‍ ഉള്ള ഏറ്റവും വലിയ ജോലി മാനേജര്‍ ആണ്. പീപ്പിള്‍ മാനേജ്‌മന്റ്‌ മാത്രം ചെയ്യുന്ന ഇന്ത്യന്‍ മാനേജര്‍മാര്‍ ആയിരിക്കും ഒരു പക്ഷെ അങ്ങനൊരു ചിന്ത അവരില്‍ ഉണ്ടാക്കിയത്. ഒരു  ടെക്നിക്കല്‍ ആര്‍ക്കിടെക്റ്റ് അല്ലെങ്കില്‍ ഒരു R&D സ്ട്രീമിലേക്ക് പോകാന്‍ നമുക്ക് പൊതുവേ മടിയാണ്. കാരണം അത് കുറച്ചു കൂടി പ്രയത്നം ആവശ്യപ്പെടുന്ന ഒരു ജോലിയാണ്. ഇതിനു ഒരു കാരണം എന്താന്നു വച്ചാല്‍ നമ്മള്‍ ഇപ്പൊ ഏറ്റവും കൂടുതല്‍ ഹോട്ട് ആയ technology പഠിക്കാനാവും എപ്പോഴും പോവുക. മരിക്കുന്നത് വരെ നമ്മള്‍ പുതിയ പുതിയ technology പഠിക്കാന്‍ വേണ്ടി ഓടി നടക്കുകയും ചെയ്യും. എത്ര വര്‍ഷം എക്സ്പീരിയന്‍സ് ഉണ്ടെങ്കിലും ഒരു പ്രോഗ്രാമര്‍ ആയി ഇരിക്കാന്‍ ഒരു മടിയും ഇല്ലാത്തവരാണ് നമ്മള്‍. പ്രായമായിട്ടും ആ വിഷയത്തോടുള്ള അഭിനിവേശം കാരണം പ്രോഗ്രാമര്‍ ആയി ജോലി ചെയ്യുന്ന സായിപ്പന്മാരെ പോലെ അല്ല കേട്ടോ ഇത്. ഡിസൈന്‍ , പ്ലാനിംഗ് മുതലായ പണികളില്‍ നമ്മള്‍ പിന്നോക്കം പോകുന്നത് ഇത് കൊണ്ടാണ്. ഇന്ത്യയുടെ സിലിക്കന്‍ വാലി ആയ ബംഗ്ലൂരില്‍ വന്നു നോക്കിയാല്‍ അറിയാം. മാനേജര്‍മാര്‍ മിക്കവാറും നോര്‍ത്ത് ഇന്ത്യന്‍സ് ആയിരിക്കും.ആന്ധ്രാക്കാരും മലയാളികളും തമിഴന്മാരും പണിഎടുത്തു തുടങ്ങുന്നത് ഒരു ലെവലില്‍ ആണ്. ബട്ട്‌ രണ്ടു വര്‍ഷം കഴിയുമ്പോള്‍ തന്നെ എങ്ങനെ ഒരു മാനേജര്‍ ആവാം എന്ന വിഷയത്തില്‍ പി എച് ഡി എടുത്തവരാണ് തെലുങ്കന്മാരും തമിഴന്മാരും. ഇവരേക്കാള്‍ ഉയര്‍ന്ന നിലവാരമുണ്ടെങ്കിലും നമ്മുടെ കുട്ടികള്‍ ഈ പാച്ചിലില്‍ പിന്നോക്കം പോവും. നമ്മുടെ പത്തിലൊന്ന് കഴിവില്ലാത്ത ഇവര്‍ അടുത്ത ലെവലിലെയ്ക്ക് പോവാന്‍ വേണ്ട സാധന സാമഗ്രികള്‍ പെട്ടെന്ന് തന്നെ സംഘടിപ്പിക്കും. തെലുങ്കന്മാര്‍ പൊതുവേ തരികിടകള്‍ ആണ്. ഫേക്ക് സര്ടിഫിക്കട്ടുകള്‍ ഉപയോഗിച്ച് അവര്‍ കാര്യം സാധിക്കും. 

വിഷയത്തില്‍ നിന്ന് അല്പം മാറിപ്പോയി. മുകളില്‍ പറഞ്ഞത് അല്പം വിശദമായി തന്നെ എഴുതേണ്ട ഒരു വിഷയമാണ്. ഐ ടി മേഖലയിലെ കരീര്‍ പ്ലാനിംഗ്. പിന്നെയാവട്ടെ. അപ്പൊ നമ്മുടെ ലിഫ്റ്റ്‌ മെക്കാനിക് / ഫയര്‍ ആന്‍ഡ്‌ സേഫ്റ്റി  എഞ്ചിനീയറിംഗ് കോഴ്സുകളെ പറ്റിയാണ് പറഞ്ഞത്. ഇതിനു ജോലി സാദ്ധ്യതകള്‍ ഇല്ല എന്നല്ല. പക്ഷെ ഇവരൊക്കെ പരസ്യപ്പെടുതുന്നത് പോലുള്ള മെച്ചം കുറവാണ് എന്ന് മാത്രം. അത് കൊണ്ട് സൂക്ഷിച്ചും കണ്ടുമൊക്കെ വേണം ഇത് പഠിക്കാന്‍. ഈ ബ്ലോഗിന്റെ മിഡില്‍ ഈസ്റ്റ് വായനക്കാരില്‍ നിന്ന് അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു. നിങ്ങള്‍ക്കാണല്ലോ ഇതൊക്കെ നേരിട്ട് കണ്ടു പരിചയം.

ഈ കോഴ്സിനെ കളിയാക്കിക്കൊണ്ടോ അത് പഠിച്ചവരെ കളിയാക്കിക്കൊണ്ടോ അല്ല ഈ പോസ്റ്റ്‌. സത്യം എന്താണ് എന്നറിയാനുള്ള ഒരു ശ്രമം മാത്രം 

വാല്‍കഷണം :
നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന ചിത്രത്തില്‍ കൊച്ചിന്‍ ഹനീഫ അവതരിപ്പിക്കുന്ന ഒരു പാപ്പാന്‍ ഉണ്ട്. അദ്ദേഹം വമ്പു പറയുന്ന കൂട്ടത്തില്‍ അടിച്ചു വിടുന്നതാണ്. പണ്ടൊരിക്കല്‍ പുള്ളിയുടെ പരാക്രമം കണ്ടപ്പോള്‍ തമ്പുരാന്‍ അഭിനന്ദിച്ച കാര്യം. കുഞ്ഞുണ്ണി ഈസ്‌ എലെഫന്റ്റ്‌ ബി എ എന്ന് അപ്പൊ തന്നെ സര്‍ട്ടിഫിക്കറ്റ് തന്ന കാര്യം. മലയാളിയുടെ ജീവിതത്തില്‍
സര്‍ട്ടിഫിക്കറ്റിനുള്ള വില എന്താണ് എന്ന് മനസ്സിലായില്ലേ ? :)

6 അഭിപ്രായങ്ങൾ:

  1. ഇന്ന് കോഴ്സിനു മാത്രമല്ല, ജീവിക്കാനും പലരുടെയും സര്‍ട്ടിഫിക്കറ്റ് വേണം പലര്‍ക്കും.
    പിന്നെ, പരസ്യം - ആ കോഴ്സ്‌ നടത്തുന്നവര്‍ അതാണ്‌ ഏറ്റവും നല്ലതെന്നും ഏറ്റവും ജോലി സാധ്യത ഉള്ളതെന്നുമല്ലേ പറയൂ.
    മലയാളികള്‍ക്ക് തരികിട കുറവാണെന്ന് ഒരാള്‍ പറയുന്നത് ആദ്യമായാ കാണുന്നത്.

    മറുപടിഇല്ലാതാക്കൂ
  2. അവര്‍ പറഞ്ഞോട്ടെ. പക്ഷെ നമ്മള്‍ അതില്‍ വീഴണോ എന്നതാണ് ചോദ്യം ..
    അത് പോലെ തരികിട എന്ന് പറയുന്നത് ഇതൊന്നുമല്ല സോണീ.. അവന്മാരോട് അക്കാര്യത്തില്‍ പിടിച്ചു നില്‍ക്കാന്‍ ഇച്ചിരി പാടാ .. :)

    മറുപടിഇല്ലാതാക്കൂ
  3. നല്ലോരു വിഷയം .നന്നായി അവതരിപ്പിച്ചിക്കുന്നു.
    അഭിനന്ദനങ്ങള്,
    രണ്ടാമത്തെ വരിയിലെ 'ട'യ്ക് പകരം 'ാ'വന്നിട്ടുണ്ട് അതു തിരുത്തുക.

    ആശംസകളോടെ,
    c.v.thankappan

    മറുപടിഇല്ലാതാക്കൂ
  4. തരികിടയുടെ കാര്യത്തില്‍ മലയാളിയുടെ അപ്പൂപ്പനായിട്ടു വരും തെലുങ്കന്‍ :))

    മറുപടിഇല്ലാതാക്കൂ
  5. വിഷയം ഗൌരവത്തോടെ കൈകാര്യം ചെയ്തു.
    സാധ്യതകള്‍ നോക്കിയല്ല പരസ്യം കണ്ടാണ് ഇന്ന് ആള്‍ക്കാര്‍ എന്തും ചെയ്യുന്നത്
    പണ്ട് ഒരു പ്രമുഖ പത്രത്തില്‍ വാനിലയുടെ പ്രചാരണാര്‍ത്ഥം വന്ന ചില വാര്‍ത്തകളും പരസ്യവും കണ്ടു.എന്താ ഏതാ എന്ന് നോക്കാതെ എല്ലാ കര്‍ഷകരും കൃഷി തുടങ്ങി. വാനിലയുടെ വില അല്പം കൂടിയപ്പോള്‍ (സാധനം കിട്ടാന്‍ അല്പം പ്രയാസം ഉണ്ടായപ്പോള്‍ ഏതോ ഐസ് ക്രീം കമ്പനിക്കാരന്റെ
    ബുദ്ധിയില്‍ ഉദിച്ച ആശയമാണ്) അത് പോലെ തന്നെ ഇതും എല്ലാം പരസ്യമയം..... ഒടുവില്‍ ചെടികള്‍ നശിപ്പിക്കേണ്ടി വന്നു.ഇവിടെ നശിപ്പിക്കപ്പെടുന്നത് പണവും സമയവും .........
    നല്ല പോസ്റ്റ്‌ എന്ന് ഒരിക്കല്‍ക്കൂടി .......

    മറുപടിഇല്ലാതാക്കൂ
  6. എല്ലാവര്‍ക്കും നന്ദി.
    firefly പറഞ്ഞത് ശരിയാ. അവന്മാരെ തോല്‍പ്പിക്കാന്‍ നമ്മളൊക്കെ ഇനി രണ്ടു ജന്മം ജനിക്കണം

    മറുപടിഇല്ലാതാക്കൂ