2011, ജൂൺ 3, വെള്ളിയാഴ്‌ച

ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്

     

     ഓര്‍ക്കാപ്പുറത്ത് വീശിയടിച്ചു മാഞ്ഞു പോയ ഒരു കൊള്ളിയാന്‍ പോലെ ആയിരുന്നു ശോഭ. മലയാള സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന ശോഭ സ്വന്തം ആരാധകരെ മുഴുവന്‍ ഞെട്ടിച്ചു കൊണ്ട് ആത്മഹത്യാ ചെയ്യുകയായിരുന്നു. ശോഭയുടെ മരണത്തെ ആസ്പദമാക്കി കെ ജി ജോര്‍ജ് സംവിധാനം ചെയ്ത ചിത്രമാണ് ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്.  ഒരു നിര്‍ധന കുടുംബത്തില്‍ പിറന്ന ലേഖ എന്ന പെണ്‍കുട്ടി എങ്ങനെ വെള്ളിത്തിരയിലെ മിന്നുന്ന താരമായി മാറി എന്നതിന്റെ ഒരു അന്വേഷണമാണ് ഈ ചിത്രം. സത്യം പറഞ്ഞാല്‍ ഇത് ഒരു പെണ്‍കുട്ടിയുടെ മാത്രം കഥ അല്ല. സിനിമയുടെ വെള്ളിവെളിച്ചം തേടി വരുന്ന എല്ലാ പെണ്‍കുട്ടികളുടെയും കഥയാണ്‌. സിനിമയ്ക്കുള്ളിലെ സിനിമ എന്ന സങ്കേതം ഉപയോഗിച്ച് മലയാളത്തില്‍ വന്ന ആദ്യകാല ചിത്രങ്ങളില്‍ ഏറ്റവും മികച്ചതാണ് ഈ ചിത്രം. സാങ്കേതികമായും കലാപരമായും വളരെ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന ഈ ചിത്രം ഇപ്പോഴും വളരെ ആസ്വാദ്യകാരമാണ്. കെ ജി ജോര്‍ജിന്റെ പല ചിത്രങ്ങളെയും പോലെ യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നു ചീന്തിയെടുത്തതാണ് ഇതിന്റെയും കഥ തന്തു. നായികയായി വേഷമിട്ട നളിനിയുടെ അത്യുജ്ജ്വല പ്രകടനം ഈ ചിത്രത്തില്‍ കാണാം. 

    ശാന്തമ്മ എന്നാണ് നായികയുടെ പേര്. ശാന്തമ്മയുടെ വിശാലാക്ഷി അമ്മയ്ക്കും ( ശുഭ ) അവള്‍ക്കും സിനിമയില്‍ പോയി പണവും പ്രശസ്തിയും സമ്പാദിക്കണം എന്നാണു ആഗ്രഹം. അയല്‍വക്കത്തുള്ള കുറുപ്പിന്റെ പ്രേരണയില്‍ അവര്‍ ചെന്നയില്‍ എത്തുന്നു. മലയാള സിനിമയുടെ മാത്രമല്ല ദക്ഷിണേന്ത്യന്‍ ചലച്ചിത്ര വ്യവസായത്തിന്റെ തന്നെ ആസ്ഥാനമായ പഴയ  മദ്രാസ്. അവിടെ കുറുപ്പിന്റെ മേല്‍വിലാസം മാത്രം കയ്യില്‍ വച്ചുകൊണ്ട് തികച്ചും അപരിചിതര്‍ ആയി വന്നിറങ്ങുകയാണ്   ശാന്തമ്മയും അച്ഛനും അമ്മയും. അച്ഛന് ഈ പരിപാടി അത്ര ഇഷ്ടപ്പെടുന്നില്ലെങ്കിലും അയാള്‍ അവരുടെ ഒപ്പം നില്‍ക്കുന്നു.  എന്നാല്‍ മഹാനഗരത്തില്‍ അവര്‍ക്ക് കുറുപ്പിനെ കാണാന്‍ പറ്റുന്നില്ല. അങ്ങനെ അവര്‍ തനിച്ചു അന്വേഷണം തുടങ്ങുന്നു. അങ്ങനെ കുറുപ്പിന്റെ ഒരു പരിചയക്കാരനെ കണ്ടുമുട്ടിയ അവരോടു അയാള്‍ ആ സത്യം പറയുന്നു. കുറുപ്പ് പെണ്‍ വാണിഭക്കാരുടെ സംഘത്തില്‍ പെട്ട ആളായിരുന്നെന്നും ഇപ്പൊ ജയിലില്‍ ആണെന്നും. അങ്ങനെ മുന്നോട്ടുള്ള പോക്ക് വഴി മുട്ടി. ഒടുവില്‍ നേരിട്ട് തന്നെ കളത്തിലിറങ്ങാന്‍ അമ്മ തീരുമാനിക്കുന്നു.  രണ്ടു നിര്‍മാതാക്കളോട് നേരിട്ട് റോള്‍ ചോദിച്ചുവെങ്കിലും നിര്‍മാതാക്കളുടെ ഉദ്ദേശം വേറെ ആയിരുന്നു. റോള്‍ തരാമെന്ന പേര് പറഞ്ഞു അവളെ മുതലെടുക്കുകയായിരുന്നു അവരുടെ ലക്‌ഷ്യം. മാത്രമല്ല കുറച്ചു ഉപദേശങ്ങളും അവര്‍ നല്‍കി.  ഇതൊക്കെ ഇവിടെ സര്‍വ സാധാരണം ആണെന്നും മകള്‍ ഒരു കര പറ്റുന്നത് വരെ ഇതൊക്കെ ഒന്ന് കണ്ണടച്ചേക്കണം എന്നും. പക്ഷെ അവര്‍ അതിനു നിന്നില്ല.

     ഒരു സംവിധായകന്റെ അടുത്ത് റോള്‍ ചോദിച്ചു ചെന്ന അവസരത്തില്‍ പരിചയപ്പെട്ട പോള്‍രാജ് എന്ന സഹ സംവിധായകന്‍ ( നെടുമുടി വേണു അവതരിപ്പിക്കുന്നു) അവരെ കാണാന്‍ വരുന്നു. ഒരു പുതിയ സിനിമ അയാള്‍ സംവിധാനം ചെയ്യുന്നുണ്ടെന്നും അതില്‍ ശാന്തമ്മയെ നായികയാക്കാന്‍ താല്പര്യമുണ്ടെന്നും പോള്‍രാജ് പറയുന്നു. അയാള്‍ പതിയെ ശാന്തമ്മയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. പിന്നെ ചിത്രത്തില്‍ നമ്മള്‍ കാണുന്നത് സിനിമയുടെ പിന്നാമ്പുറത്തെ ദുര്‍ഗന്ധം വമിക്കുന്ന കഥകളാണ്. സഹായിക്കാന്‍ വരുന്ന എല്ലാവരുടെയും കണ്ണ് ശാന്തമ്മയിലായിരുന്നു. ഇതില്‍ തിലകന്‍ അവതരിപ്പിക്കുന്ന വി എന്‍ നെട്ടൂര്‍ എന്നൊരു സിനിമ പത്ര പ്രവര്‍ത്തകന്‍ ഉണ്ട്. പുള്ളിയുടെ രസകരമായ ചില സംഭാഷങ്ങള്‍ ഉണ്ട്. ശാന്തമ്മയുടെ അച്ഛനോട് അയാള്‍ പറയുന്നതാണ്. 'സിനിമയില്‍ ആവശ്യമില്ലാത്ത ഒന്നാണ് അച്ഛന്‍... സിനിമയില്‍ അങ്കിള്‍ ആണത്രേ ഏറ്റവും ആവശ്യമുള്ളത്. 'അതാവുമ്പോ എല്ലാം കണ്ടില്ല എന്ന് നടിക്കാമല്ലോ. ശാന്തമ്മ എന്ന പേര് ഒട്ടും സിനിമാടിക് അല്ല എന്ന് പറഞ്ഞു അയാള്‍ അവളുടെ പേര് ലേഖ എന്ന് മാറ്റുന്നു.

     രക്ഷകര്‍ത്താവായ  പോള്‍ രാജ് മുതല്‍ പലര്‍ക്കും വഴങ്ങി കൊടുക്കേണ്ടി വരുന്നെങ്കിലും അയാളുടെ  ബന്ധങ്ങള്‍ ഉപയോഗിച്ച് ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്യാന്‍ ലേഖയ്ക്ക് അവസരം ലഭിക്കുന്നു. എല്ലാം അറിയുന്നുണ്ടെങ്കിലും നനഞ്ഞ സ്ഥിതിക്ക് ഇനി കുളിച്ചു കയറിയാലും സാരമില്ല , പണം കിട്ടിയാല്‍ മതി എന്ന ചിന്താഗതിയില്‍ ആയിരുന്നു അമ്മ. പുതിയതായി ഒരുപാടു പേരെ അവര്‍ പരിചയപ്പെടുന്നു. അതില്‍ ചിലരൊക്കെ അവളോട്‌ പറയുന്നുണ്ട്. ഒരിക്കല്‍ നീ ആയിരിക്കും ഈ സിനിമയെ ഭരിക്കാന്‍ പോകുന്നതെന്ന്. ഒരു പൊങ്ങുതടി പോലെ ഒഴുകിക്കൊണ്ടിരിക്കുന്ന ലേഖയ്ക്ക് ഇതൊക്കെ പുതിയ ഊര്‍ജം നല്‍കുന്നുണ്ട്.

    അങ്ങനെ ഒടുവില്‍ അവളുടെ ദിവസം വന്നെത്തി. അവള്‍ക്കു നല്ലൊരു ഓഫര്‍ കിട്ടി. അതില്‍ നിന്നു പെട്ടെന്നായിരുന്നു ലേഖയുടെ വളര്‍ച്ച. വെറും അമ്പതു രൂപ പ്രതിഫലത്തില്‍ നിന്ന് ആയിരങ്ങളിലേക്ക് അത് വളരുന്നു. സൂപ്പര്‍ സ്റ്റാര്‍ പ്രേം സാഗര്‍ ( മമ്മൂട്ടി ) അവളെ പുതിയ ചിത്രങ്ങളിലേക്ക് റെക്കമെന്റ്റ് ചെയ്യുന്നത് കൊണ്ട് ലേഖ പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. അതോടൊപ്പം അവരുടെ സൌകര്യങ്ങളും വളരുന്നു.വലിയ വീട്, കാര്‍, പരിചാരക വൃന്ദം എന്നിങ്ങനെ സകല ആടംബരങ്ങളുടെയും മടിത്തട്ടില്‍ അവര്‍ എത്തുന്നു. അമ്മയുടെയും മകളുടെയും വഴി പിഴച്ച പോക്ക് കണ്ടു അച്ഛന്‍ വീട് വിട്ടു പോകുന്നു. പിന്നീട് കുറെ കഴിഞ്ഞു തിരിച്ചു വരുന്ന അയാള്‍ കാണുന്നത് അടിമുടി മാറിപോയ ഭാര്യയെ ആണ്. വിശാലാക്ഷി അമ്മ ആദ്യം എതിര്‍ക്കുന്നെകിലും ലേഖ അയാളെ സ്വീകരിക്കുന്നു.

   സുരേഷ് ബാബു കലാ മൂല്യമുള്ള ചിത്രങ്ങളുടെ പേരില്‍ അറിയപ്പെടുന്ന ഒരു സംവിധായകനാണ്.
കച്ചവട സിനിമയുടെ ഇടയ്ക്ക് സ്വന്തം ആശയങ്ങളുമായി പൊരുതുന്ന ഒരു ഒറ്റയാന്‍ സംവിധായകന്‍ ആണ് സുരേഷ് ബാബു. ഭരത് ഗോപി ആണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌.  അയാളുടെ ചിത്രത്തില്‍ ലേഖയെ നായികയാക്കാന്‍ താല്പര്യമുണ്ടെന്നു സുരേഷ് ലേഖയോടു പറയുന്നു.  പ്രേംസാഗര്‍ ഉള്‍പ്പെടെയുള്ള "കച്ചവട" സിനിമാക്കാര്‍ സുരേഷ് ബാബുവിനെ 'ഉച്ചപ്പടം ' ( ഇത് എന്താണെന്നല്ലേ.. പണ്ട് അവാര്‍ഡ്‌ ചിത്രങ്ങള്‍ / ആര്‍ട്ട്‌ ചിത്രങ്ങള്‍ ഒക്കെ മാറ്റിനി അല്ലെങ്കില്‍ നൂണ്‍ ഷോ ആയിട്ടായിരുന്നു കളിച്ചു  കൊണ്ടിരുന്നത് . അതുകൊണ്ട്  അതിനെ  കളിയാക്കി  വിളിച്ചിരുന്ന  പേരാണ്  ഉച്ചപ്പടം എന്ന്. മലയാള സിനിമയിലെ ക്ലാസ്സിക്കുകള്‍ എന്ന് വിളിക്കാവുന്ന പല ചിത്രങ്ങളും ഇങ്ങനെ ഉച്ചപ്പടം ആയി ഓടിക്കൊണ്ടിരുന്നതാണ് ) മാത്രം എടുക്കുന്ന ഒരു സംവിധായകന്‍ എന്നാണ് കളിയാക്കി വിളിച്ചു കൊണ്ടിരുന്നത്. അതില്‍ പോയി വെറുതെ ഉള്ള അവസരങ്ങള്‍ ഇല്ലാതാക്കണ്ട എന്നൊക്കെ പ്രേം സാഗര്‍ അവളെ ഉപദേശിക്കുന്നെങ്കിലും ലേഖ അത് ചെവിക്കൊണ്ടില്ല. അപ്പോഴേയ്ക്കും അവള്‍ പ്രേം സാഗറിന്റെ നിഴലില്‍ നിന്ന് മാറി സ്വന്തം കാലില്‍ നില്ക്കാന്‍ പ്രാപ്തയായിരുന്നു.

   എടുക്കാന്‍ പോകുന്ന ചിത്രത്തിന്റെ കഥാ  ചര്‍ച്ചകള്‍ക്ക് സുരേഷ് ബാബു അവളെ ക്ഷണിക്കുന്നു. അയാള്‍ പറഞ്ഞ കഥ അവളുടെ തന്നെ കഥയായി ലേഖയ്ക്ക് തോന്നി. ജീവിതത്തിലാദ്യമായി അഭിനയിക്കാന്‍ വേണ്ടി മാത്രം അവള്‍ ക്യാമറയുടെ മുന്നില്‍ നിന്നു. എന്തെങ്കിലുമൊക്കെ ചെയ്തു എന്ന് ആദ്യമായി ലേഖയ്ക്ക് തോന്നി. ആ സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞപ്പോഴേയ്ക്കും അവള്‍ അയാളോട് വളരെ അധികം അടുത്തു. എന്നാല്‍ അപ്പോഴേയ്ക്കും വിശാലാക്ഷി അമ്മ മകളെ ഒരു കറവ പശു ആയി മാറ്റി കഴിഞ്ഞിരുന്നു. പണം ഉണ്ടാക്കാന്‍ വേണ്ടിയുള്ള ഓട്ടത്തിനിടയില്‍ ഒരു തണല്‍ പോലെ അയാള്‍ ലേഖയുടെ മുന്നില്‍ ഇപ്പോഴും വന്നുകൊണ്ടേയിരുന്നു. അത് കൊണ്ട് തന്നെ അവള്‍ അമ്മയില്‍ നിന്നും സ്വന്തം കുടുംബത്തില്‍ നിന്നു തന്നെയും അവള്‍ അകന്നു മാറി. സുരേഷ് ബാബു ഭാര്യയും മക്കളും ഒക്കെ ഉള്ള ഒരാളായിരുന്നു. പക്ഷെ ലേഖയുടെ മുന്നില്‍ അതൊന്നും ഒരു അയോഗ്യത ആയിരുന്നില്ല. സുഖമുള്ള ഒരു തെറ്റായി മാത്രം അതിനെ കണ്ടുകൊണ്ടു അവര്‍ തമ്മില്‍ അടുക്കുന്നു.

     ഒരു ദിവസം അവള്‍ സ്വന്തം വീട് വിട്ടു അയാളുടെ അടുത്തേക്ക് പോകുന്നു. അവര്‍ രണ്ടു പേരും കൂടി ഒരു വീട്ടില്‍ താമസം ആരംഭിച്ചു. ഇത് പുറത്തു പൊട്ടിത്തെറികള്‍ ഉണ്ടാക്കുകയായിരുന്നു. അവരുടെ രണ്ടു വീട്ടിലെയും സമാധാനത്തെ അത് തൂത്തെറിഞ്ഞു. വീട് കണ്ടു പിടിച്ചെത്തിയ പത്രക്കാരുടെ തുടരെ തുടരെ ഉള്ള ചോദ്യങ്ങള്‍ക്ക് മുന്നില്‍  തങ്ങള്‍ വിവാഹിതരാണെന്ന് ലേഖ പറഞ്ഞു പോകുന്നു. ലേഖയും സുരേഷും തമ്മിലുള്ള ബന്ധം ഏതു തരത്തിലുള്ളതാണെന്നു വിശദീകരിക്കാന്‍ പറ്റാതെ നില്‍ക്കുന്ന ലേഖയുടെയും പത്രപ്രവര്‍ത്തകരുടേയും മുന്നിലേയ്ക്ക് സുരേഷ് ബാബു കടന്നു വരുന്നു. പക്ഷെ അയാള്‍ക്ക് പറയാനുള്ളത് മറ്റൊന്നായിരുന്നു. തങ്ങള്‍ ഒരുമിച്ചു താമസിക്കുന്ന ഒരു പുരുഷനും സ്ത്രീയും മാത്രമാണെന്നും മറ്റുള്ളവര്‍ ഇതില്‍ ഇടപെടേണ്ട എന്നും അയാള്‍ പറയുന്നു.  ലേഖയുടെ അമ്മയും അമ്മാവനും ഒക്കെ അന്വേഷിച്ചു വരുന്നെങ്കിലും അവരെയും ലേഖ തള്ളി പറയുന്നു/ അപ്പോഴേയ്ക്കും അവളുടെ ലോകം സുരേഷ് ബാബുവില്‍ മാത്രമായി ഒതുങ്ങി കഴിഞ്ഞിരുന്നു.

    അങ്ങനെ ഇരിക്കെ ഒരു ദിവസം ആരും പ്രതീക്ഷിക്കാതെ അവരുടെ വീട്ടിലേക്കു ഒരു അതിഥി വരുന്നു. സുരേഷ് ബാബുവിന്റെ ഭാര്യയും മകനും. അവര്‍ ലേഖയുടെ മുന്നില്‍ പൊട്ടിത്തെറിക്കുന്നില്ലെങ്കിലും അവരുടെ ചോദ്യങ്ങള്‍ക്ക് ലേഖയ്ക്ക് മറുപടി പറയാന്‍ സാധിക്കുന്നില്ല. വീട്ടിലേക്കു പോകാം അച്ഛാ എന്ന മകന്റെ വിളിയില്‍ സുരേഷ് ബാബു നിലപാട് മാറ്റുന്നു. ലേഖയെ തനിച്ചാക്കി അയാള്‍ അവരോടൊപ്പം പോകുന്നു. രണ്ടു ദിവസം കഴിഞ്ഞു അവളെ കാണാന്‍ അയാള്‍ വീണ്ടുമെത്തി. പക്ഷെ അത് ലേഖയെ കൂടുതല്‍ വേദനിപ്പിക്കാന്‍ ആയിരുന്നു എന്ന് മാത്രം. തങ്ങളുടെ ബന്ധം വെറുമൊരു അട്ജസ്റ്റ്മെന്റ്  ആയിരുന്നെന്നും അത് നീ സീരിയസ് ആയി എടുത്തതാണ് ഇപ്പൊ വിഷമിക്കുന്നതിന് കാരണം എന്നും അയാള്‍ അവളുടെ മുഖത്ത് നോക്കി നിര്‍ദയം പറയുന്നു.
മാത്രമല്ല മറ്റാരും അറിയില്ലെങ്കില്‍ നമുക്ക് ഈ ബന്ധം തുടരാം എന്നും അയാള്‍ പറയുന്നു. ഇത്
ലേഖയെ അടിമുടി തകര്‍ക്കുന്നു. അവര്‍ തമ്മില്‍ എന്നെന്നേയ്ക്കുമായി അകന്നു. ഈ വാര്‍ത്ത‍ അറിഞ്ഞ അമ്മയും അച്ഛനും അമ്മവും അവളെ തേടിയെത്തി. പക്ഷെ അതും സ്നേഹം കൊണ്ടായിരുന്നില്ല എന്ന് മാത്രം. അവരോടൊപ്പം സ്വന്തം വീട്ടിലേക്കു മടങ്ങി പോകുന്നെങ്കിലും അടുത്ത ദിവസം രാവിലെ ഒരു മുഴം കയറില്‍ ലേഖ സ്വന്തം ജീവിതം അവസാനിപ്പിക്കുന്നു.

     വെള്ളിത്തിരയില്‍ നമ്മള്‍ കാണുന്ന മിന്നിത്തിളങ്ങുന്ന പലരുടെയും യഥാര്‍ത്ഥ ജീവിതത്തിന്റെ സത്യസന്ധമായ ആവിഷ്കാരം ഈ ചിത്രത്തില്‍ കാണാം.  പ്രശസ്ത അഭിനേത്രി ആയ ശോഭയുടെ ജീവിതത്തില്‍ നിന്നു ആണ് ഈ ചിത്രത്തിന്റെ പിറവി എന്നത് പരസ്യമായ ഒരു രഹസ്യമാണ്.
ശോഭയ്ക്ക് പ്രശസ്ത സംവിധായകനായ ബാലു മഹേന്ദ്രയുമായി ഉണ്ടായിരുന്ന ബന്ധമാണ് ഒടുവില്‍ അവരുടെ ആത്മഹത്യയില്‍ കലാശിച്ചതെന്ന് അന്ന് മാധ്യമങ്ങള്‍ ആഘോഷിച്ച വാര്‍ത്തയാണ്.
ഇന്നും അത് ഒരുപാടു ദുരൂഹതകള്‍ നിറഞ്ഞു നില്‍ക്കുന്ന ഒന്നാണ്. ബാലുവാകട്ടെ അതിനെ പറ്റിയുള്ള പരസ്യമായ ചര്‍ച്ചകളില്‍ നിന്നു ബോധപൂര്‍വം മാറിനില്‍ക്കാന്‍ ശ്രമിക്കുന്ന ഒരാളാണ്.

     അതുപോലെ തന്നെ വേറൊരു കഥാപാത്രമാണ് മാദക നടി ആയ പുഷ്പ. നല്ലത് പോലെ അഭിനയിക്കാന്‍ അറിയുമെങ്കിലും മാദക വേഷങ്ങള്‍ മാത്രം ചെയ്യാന്‍ വിധിക്കപ്പെട്ട പുഷ്പ. സിനിമയിലും പണക്കാരുടെ മണിമാളികകളിലും ജീവിതം ഒരു പേമാരി പോലെ പെയ്തു തീര്‍ക്കുന്ന പുഷ്പ. പുഷ്പയുടെ കഥയില്‍ പഴയ മാദക നടി സില്‍ക്ക് സ്മിതയുടെ ജീവിതത്തിന്റെ ചില അംശങ്ങള്‍ എങ്കിലും നമുക്ക് കാണാന്‍ പറ്റും എന്നാണെനിക്കു തോന്നുന്നത്.

     നിധി കാക്കുന്ന ഭൂതം പോലെ  സ്വന്തം മക്കളെ കൊണ്ട് നടക്കുന്ന താര മാതാക്കളെയും പല പേരുകളില്‍ അറിയപ്പെടുകയും പക്ഷെ നിര്‍മാതാക്കള്‍ക്കും സംവിധായകര്‍ക്കും വേണ്ടി പിമ്പിംഗ് വരെ നടത്തി ജീവിക്കുകയും ചെയ്യുന്ന ഒരു കൂട്ടം മനുഷ്യരെയും എല്ലാം ഒട്ടും കടും നിറങ്ങളില്ലാതെ വിദഗ്ധമായി ജോര്‍ജ് വരച്ചുകാട്ടിയിരിക്കുന്നു. ഇപ്പോഴും ഈ സിനിമ കണ്ടാല്‍ നിങ്ങള്‍ക്ക് ഒരു പഴയ ചിത്രമായി അനുഭവപ്പെടില്ല. അത്രയ്ക്ക് അപ്പ്‌ ടു ഡേറ്റ് ആണ് ഈ ചിത്രം. സമകാലീന സിനിമ ഒരുപാടു മാറിയിരിക്കുന്നെങ്കിലും. പറ്റുമെങ്കില്‍ ഒന്ന് കണ്ടു നോക്കൂ. 

7 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2011, ജൂൺ 3 11:20 AM

    മലയാള സിനിമയില്‍ ഒരു ജീനിയസ്‌ ഉണ്ടെങ്കില്‍ അതു കേ ജി ജോര്‍ജാണു എല്ലാ പടങ്ങളും വ്യത്യസ്തം ഉള്‍ക്കടല്‍ ,സ്വപ്നാടനം, പഞ്ചവടിപാലം, ആദാമിണ്റ്റെ വാരിയെല്ല്‌, കോലങ്ങള്‍ എല്ലാം ഒന്നിനൊന്നു ക്ളാസ്സിക്‌ ആണു, പക്ഷെ പുള്ളി ഒടുവില്‍ നിലനില്‍പ്പിനായി മഹാ നഗരം പോലെയുള്ള പടങ്ങള്‍ പ്രോഡ്യൂസ്‌ ചെയ്യേണ്ടിവന്നു ഈ പടം വളരെ കോളിളക്കം ഉണ്ടാകിയതാണു ടീ എച്ച്‌ കൊടമ്പുഴ എന്ന സിനിമാ പത്രക്കാരനെ (നസീറിണ്റ്റെ വിശ്വസ്തന്‍) മോഡലാക്കി എന്നൊക്കെ ആരോപണം ഉണ്ടായിരുന്നു പടം അത്ര ഹിറ്റായില്ല മേനക ആദ്യം അഭിനയിക്കുന്ന കോലങ്ങള്‍ അതുപോലെ ഗ്രാമീണ ജീവിതം സത്യന്‍ അന്തിക്കാടിനു പോലും കഴിഞ്ഞിട്ടില്ല പഞ്ചവടി പാലം പോലെ ഒരു സറ്റയര്‍, ഭരത്‌ ഗോപിയുടെ മികച്ച കഥാപാത്രങ്ങള്‍ എല്ലാം കേ ജി ജോര്‍ജിണ്റ്റെതാണു

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2011, ജൂൺ 3 11:25 AM

    മന്ത്റി ഗണേശന്‍ ഒരു മാനിയാക്‌ ആയി അഭിനയിച്ച ഇരകള്‍ എന്തൊരു സൈക്കോളജിക്കല്‍ ത്റില്ലറ്‍ ആണു ഞെട്ടിപ്പോകും പല രംഗങ്ങളും അതും കേ ജി ജോറ്‍ജിണ്റ്റെ സംവിധാനം ആണു പ്റൊഡ്യൂസര്‍ സുകുമാരന്‍ ആയിരുന്നു അതു പലരും കണ്ടിട്ടില്ല ഒന്നു കണ്ട്‌ നോക്ക്‌ ശ്രീവിദ്യയുടെ ഒക്കെ അഭിനയം ആ കാരക്ടറൈസേഷന്‍ എന്താ ശരിക്കും മധ്യ തിരുവിതാംകൂറ്‍ ക്റിസ്ത്യാനിക്കിട്ട്‌ ഒരു കൊട്ടാണു ഈ പടം.

    പടം എന്നു പറയില്ല ജീവിതം

    മറുപടിഇല്ലാതാക്കൂ
  3. വളരെ ശരി. ഇത്രയും വൈവിധ്യമുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്തിട്ടുള്ള വേറൊരു സംവിധായകന്‍ ഇല്ല.ഈ കണ്ണി കൂടി എന്നൊരു ചിത്രം അദ്ദേഹം എടുത്തിട്ടുണ്ട്. മലയാളം കണ്ട ഏറ്റവും നല്ല കുറ്റാന്വേഷണ ചിത്രങ്ങളില്‍ ഒന്ന്.ഇപ്പൊ അതിന്റെ പ്രിന്റ്‌ കിട്ടാന്‍ തന്നെ പ്രയാസമാണ്. പറ്റുമെങ്കില്‍ ശ്രമിച്ചു നോക്കു..

    യവനിക എന്ന ചിത്രത്തിനെ പറ്റി ഞാന്‍ കാച്ചിയ ഒരു പോസ്റ്റ്‌ ഇവിടെ വായിക്കാം.
    http://cinemakadha.blogspot.com/2009/10/kg-1982.html

    മറുപടിഇല്ലാതാക്കൂ
  4. ഈ പടം പക്ഷേ സാമ്പത്തികമായി പരാജയം ആയിരുന്നു എന്നാണ് തോന്നുന്നത്. ഇതിറങ്ങിയ സമയമൊന്നും എനിക്കോര്‍മ്മയില്ല,ഞാന്‍ കാണുന്നത് ഒരിക്കല്‍ ദൂരദര്‍ശനില്‍ വന്നപ്പോഴാണ്. ഒരിക്കല്‍ ഇന്നസെന്റ് ഞങ്ങളുടെ കോളേജില്‍ പ്രസംഗിച്ചതോര്‍മ്മയുണ്ട്. അഭിനയ രംഗത്ത് എത്തുന്നതിനു മുമ്പ് പുള്ളി ഒരു വിതരണ കമ്പനിയോ മറ്റോ തുടങ്ങി. ഈ സിനിമയുടെ വിതരണം പിടിച്ചു. "ഹെന്റമ്മേ, അതോടുകൂടി എന്റെ മരണം ഉണ്ടായില്ല എന്നേയുള്ളൂ" എന്നു അദ്ദേഹം സരസമായി പറഞ്ഞതോര്‍ക്കുന്നുണ്ട്. ഒരു പക്ഷേ, അന്നത്തെ സിനിമാ ലോബി ആയിരിക്കാം ഇതിനെ പരാജയപ്പെടുത്തിയത്.

    മറുപടിഇല്ലാതാക്കൂ
  5. വളരെ പണ്ട് ഈ പടം കണ്ടതായി ചെറിയൊരു ഓര്‍മ..

    മറുപടിഇല്ലാതാക്കൂ
  6. പഞ്ചവടിപ്പാലവൗം യവനികയും കണ്ടിട്ടുണ്ട്.
    ഈ സിനിം കാണാന്‍ പറ്റുമോന്ന് നോക്കട്ടെ.

    മറുപടിഇല്ലാതാക്കൂ
  7. അക്കാലത്തെ സിനിമാ ലോകത്തിന്‍റെ മുഖം വിളിച്ചോതുന്ന കഥ കെ.ജി. ജോര്‍ജ് യാതാര്‍തയത്തോടെ വരച്ചു കാട്ടിയിരിക്കുന്നു, കഥ ശരിക്കും സിനിമാറ്റിക് ആക്കിയെങ്കിലും ശോഭയും മകളുടെ വേര്‍പാട് താങ്ങാതെ മകളെപ്പോലെ ആത്മഹത്യ ചെയ്ത പ്രേമയും മലയാളികളുടെ മനസ്സില്‍ നില്‍ക്കുന്ന ഒരു ഓര്‍മ്മചിത്രമാകാന്‍ ഒരുപക്ഷെ കെ.ജി. ജോര്‍ജും കാരണമായിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ