ഇന്ന് പത്രത്തില്‍ കണ്ട ചില വാര്‍ത്തകള്‍ ആണ് ഇതെഴുതാന്‍ പ്രേരിപ്പിച്ചത്. ആദ്യത്തേത് വ്യവസായ വകുപ്പ് പ്രിന്‍സിപല്‍ സെക്രട്ടറി ടി ബാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശവും അതിനെതിരെ എളമരം കരീം നടത്തിയ പ്രതികരണവും ആണ്. പ്ലാച്ചിമടയില്‍ കൊക്ക കോള കമ്പനിയെ രക്ഷിക്കാന്‍ കഴിയാഞ്ഞതില്‍ ദുഃഖം ഉണ്ടെന്നു ബാലകൃഷ്ണന്‍ നടത്തിയ പ്രസ്താവന ആണ് വിവാദമായത്.
അദ്ദേഹം നടത്തിയ പ്രസ്താവനയുടെ രത്ന ചുരുക്കം താഴെ ഉണ്ട് ( കടപ്പാട് : മാതൃഭൂമി ദിന പത്രം )
ലോകത്ത് 200 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കൊക്കകോള കമ്പനിക്ക് രാജ്യത്ത് 13 സംസ്ഥാനങ്ങളില്‍ നിര്‍മാണശാലകളുണ്ട്. 1.25 ലക്ഷം പേര്‍ക്ക് കമ്പനി തൊഴില്‍ നല്കുന്നു. ഈ കമ്പനി പൂട്ടിച്ച ഏകസംസ്ഥാനമാണ് കേരളം. അഞ്ഞൂറോളം തൊഴിലാളികളെ പട്ടിണിയിലേക്ക് നയിച്ചു എന്നതുമാത്രമാണ് ഇതുകൊണ്ടുള്ള നേട്ടം.നിര്‍മാണശാല പൂട്ടിയതുമൂലം നികുതിയിനത്തില്‍ മാത്രം സംസ്ഥാനത്തിന് കോടികളുടെ വരുമാന നഷ്ടമുണ്ടായി. ഇപ്പോഴും കേരളത്തില്‍ വ്യാപകമായി കൊക്കകോള വിറ്റഴിക്കുന്നുണ്ട്. പുതുശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന പെപ്‌സി കമ്പനിയെ പൂട്ടിക്കാനും ശ്രമം നടന്നു. വ്യവസായ വകുപ്പും വകുപ്പുമന്ത്രിയും ശക്തമായി ഇടപെട്ടതുകൊണ്ട് ഇത് തടയാന്‍ കഴിഞ്ഞു. ടാറ്റ ബംഗാളില്‍ നിന്ന് പോയപ്പോള്‍ രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളും അവരെ ക്ഷണിച്ചു.കേരളം മാത്രമാണ് മുഖം തിരിച്ചത്. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്ന് ചിന്തിക്കണം. അഡിഡാസ് കമ്പനി കേരളത്തില്‍ നിക്ഷേപത്തിന് സന്നദ്ധമായിരുന്നു. കിനാലൂര്‍ ഉള്‍പ്പെടെ പല സ്ഥലങ്ങളും കാണിച്ചെങ്കിലും നല്ല റോഡും അടിസ്ഥാനസൗകര്യവും ഇല്ലാത്തതിനാല്‍ അവര്‍ പിന്മാറി.
എന്ത് കൊണ്ടാണ് കേരളത്തില്‍ വ്യവസായം വളരാത്തത് എന്ന് ചിന്തിക്കുന്നവര്‍ക്ക് ഒരു നല്ല വിഷയം ആണ്
ശ്രീ ബാലകൃഷ്ണന്‍ മുന്നോട്ടു വച്ചു തന്നിരിക്കുന്നത്. അടിടാസ് മാത്രമല്ല, കേരളത്തില്‍ വരും എന്ന് വിചാരിച്ചിരുന്ന BMW പ്ലാന്‍റ്, സ്മാര്‍ട്ട് സിറ്റി , മറ്റനേകം ഐ ടി അധിഷ്ടിത വ്യവസായങ്ങള്‍ പലതും വെറും പ്രസ്താവനകളില്‍ ഒതുങ്ങുകയും അയല്‍ സംസ്ഥാനങ്ങളിലേക്ക് പോവുകയും ചെയ്തത് എന്തുകൊണ്ട് എന്ന് പുതിയ തലമുറ ചിന്തിക്കണം. പഴയ തലമുറയ്ക്ക് ഇതില്‍ ഒന്നും ചെയ്യാനുള്ള കഴിവില്ല എന്ന് അവര്‍ തന്നെ തെളിയിച്ചത് കൊണ്ടാണ് പുതിയവര്‍ ചിന്തിക്കണം എന്ന് ഞാന്‍ പറയുന്നത്. ഹര്‍ത്താല്‍ , പണി മുടക്ക് , നോക്ക് കൂലി എന്നീ കുറ്റ കൃത്യങ്ങള്‍ ( അങ്ങനെ തന്നെ വേണം ഇതിനെ വിളിക്കാന്‍ ) ഉള്ള ഒരേ ഒരു സംസ്ഥാനം ആയി കേരളം വളര്‍ന്നു കഴിഞ്ഞു. പണ്ട് നമുക്ക് കൂട്ടയിരുന്ന ബംഗാള്‍ ഇപ്പൊ മാറി നടക്കാന്‍ പഠിച്ചു കഴിഞ്ഞു. സ്വതന്ത്രമായി ജീവിക്കാനും ജോലി ചെയ്യാനും ഉള്ള സാധാരണ മനുഷ്യന്‍റെ അവകാശം
തടയാന്‍ ആര്‍ക്കാണ് അധികാരം ? സ്വന്തന്ത്രമായ ഒരു ജീവിതം ഉറപ്പു തരുന്ന ഒരു ഭരണ ഘടന നിലവിലുള്ള ഒരു രാജ്യത്തു, അത് കാത്തു സൂക്ഷിക്കെണ്ടാവര്‍ തന്നെ എന്തുകൊണ്ട് ഇത്തരം നിയമ വിരുദ്ധമായ പ്രവര്‍ത്തികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു എന്ന് നമ്മള്‍ ചിന്തിക്കണം. ശ്രീ ബാലകൃഷ്ണന്‍ നടത്തിയത് വെറും വ്യക്തി പരമായ ഒരു പരാമര്‍ശം മാത്രമാണ്. സര്‍ക്കാരിനു വേറെ പണിയുണ്ട് എന്ന നിലയില്‍ കരീം നടത്തിയ പ്രസ്താവന നിങ്ങള്‍ കണ്ടു നോക്ക്. ഇവരെ ഒക്കെ മന്ത്രി എന്ന് എങ്ങനെ വിളിക്കും?
ബഹുമാനപ്പെട്ട മുഖ്യമന്ത്രി നടത്തിയ അത്യന്തം രസകരമായ വേറൊരു പ്രസ്താവനയും കണ്ടു. കഴിഞ്ഞ വര്‍ഷം കേരളം സോഫ്റ്റ്‌വെയര്‍ കയറ്റുമതിയില്‍ നിന്നു 3200 കോടി നേടി. കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിച്ചിട്ടു നടക്കാത്ത കാര്യം ഇടതു പക്ഷ സര്‍ക്കാര്‍ നടത്തിയെന്നും ഐ ടിയില്‍ കേരളത്തിന്‍റെ വളര്‍ച്ച നിരക്ക് ഇരുനൂറു ശതമാനത്തില്‍ ഏറെയാണെന്നും മറ്റും അച്യുതാനന്ദന്‍ ഘോര ഘോരം പ്രസംഗിച്ചു. അത്യന്തം ലജ്ജാവഹമായ ഒരു പ്രസ്താവന മാത്രമാണിത്. തൊട്ടടുത്ത സംസ്ഥാനമായ കര്‍ണാടക സോഫ്റ്റ്‌വെയര്‍ കയറ്റുമതിയില്‍ നിന്നു നേടിയത് 73000 കോടിയില്‍ പരം രൂപ ആണ്. അതില്‍ ഒരു നല്ല പങ്കിലും മലയാളികളുടെ വിയര്‍പ്പുണ്ട്.
അത് മാത്രമല്ല കഴിഞ്ഞ ഇത്രയും വര്‍ഷങ്ങള്‍ കൊണ്ട് കേരളത്തില്‍ എത്ര പുതിയ സോഫ്റ്റ്‌വെയര്‍ കമ്പനികള്‍ ആണ് വന്നത്, അവ എത്ര പേര്‍ക്ക് ജോലി കൊടുത്തു എന്ന് കൂടി അന്വേഷിക്കുംപോഴേ ഇതിന്‍റെ പൊള്ളത്തരം വ്യക്തമാകൂ. ഇപ്പൊ തന്നെ വിപ്രോയും ഇന്‍ഫോസിസ് ഉം മറ്റും കേരളത്തില്‍ പ്രവര്‍ത്തനം വിപുലീകരിക്കുന്നത് ഇടതു മുന്നണി സര്‍ക്കാരിനെയോ വേറെ ഇതൊരു രാഷ്ട്രീയക്കാരനെയോ കണ്ടിട്ടല്ല.
ഇപ്പൊ കേരളത്തില്‍ അധികാരത്തിലുള്ള ഒരു രാഷ്ട്രീയക്കാരനും ഐ ടിയെ പറ്റി അഭിപ്രായം പറയാനുള്ള വിവരമോ സാമാന്യ ബോധമോ ഇല്ല എന്നത് ദയനീയമായ ഒരു കാര്യമാണ്. എന്നാല്‍ അപ്പൊ നിങ്ങള്‍ക്ക് ചോദിക്കാം അതുല്ലവരാണോ എല്ലായിടത്തും ഇതൊക്കെ ചെയ്യുന്നതെന്ന്. അല്ല. അങ്ങനെ അല്ല. ഇംഗ്ലീഷ് ഫ്ലുവന്റ് ആയി സംസാരിക്കാന്‍ പോലും അറിയാത്ത ചന്ദ്രബാബു നായിഡു ആണ് ബില്‍ ഗേട്സ് ഇന്ത്യയില്‍ വന്നപ്പോള്‍ പോയി ആനയിച്ചു കൊണ്ട് വന്നത്. അതുകൊണ്ട് എന്ത് സംഭവിച്ചു. ഹൈദരാബാദില്‍ മൈക്രോസോഫ്ട് ഏഷ്യയിലെ ആദ്യ ക്യാമ്പസ് ഹൈദരാബാദില്‍ തുടങ്ങി. കര്‍ണാടകത്തില്‍ ആരൊക്കെയാണ് ഐ ടി സംരംഭങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതെന്ന് ഇവിടെ വന്നു നോക്കുക. എന്തിനധികം പോണം.
തിരുവനന്തപുരത്ത് ഉള്ള ടെക്നോപാര്‍ക്ക് ആണ് ഇന്ത്യയിലെ ആദ്യ ടെക്നോളജി പാര്‍ക്ക് എന്ന് പറഞ്ഞാല്‍ ഇപ്പോള്‍ എത്ര പേര്‍ വിശ്വസിക്കും ? 1990 ഇല്‍ നായനാര്‍ തറക്കല്ലിട്ടു , പി വി നരസിംഹ റാവു രാജ്യത്തിന് സമര്‍പ്പിച്ച ഈ പാര്‍ക്ക് ശരിക്കും ശ്രീ കെ കരുണാകരന്‍റെ ഐഡിയ ആയിരുന്നു. അപ്പൊ ഇത്രയും ഒക്കെ ഉണ്ടായിരുന്ന ഒരു സംസ്ഥാനത്തിന് ഇപ്പൊ ഇന്ത്യയുടെ ഐ ടി മാപ്പില്‍ എവിടെ ആണ് സ്ഥാനം എന്ന് സ്വയം ഒന്ന് നോക്കു. നിങ്ങള്‍ നാണിച്ചു തല താഴ്ത്തും.
വൃത്തികെട്ട രാഷ്ട്രീയത്തിന് എങ്ങനെ ഒരു സംസ്ഥാനത്തെയും അവിടത്തെ ജനതയെയും ദ്രോഹിക്കാം എന്നുള്ളതിന് ഉത്തമ ഉദാഹരണമാണ് കേരളം. ഇത്രയും കാലം കൊണ്ട് ഇത്തരം രാഷ്ട്രീയ കളികളിലൂടെ നമ്മള്‍ എന്ത് നേടി , ആര്‍ക്കു എന്ത് പ്രയോജനം ഉണ്ടായി , അതില്‍ കേരളത്തിലെ പ്രബുധര്‍ എന്ന് സ്വയം അവകാശപ്പെടുന്ന ജനങ്ങള്‍ എന്ത് ചെയ്തു എന്ന് സ്വയം പരിശോധിക്കേണ്ട സമയം ആയി. ഇനിയും അത് ചെയ്തില്ലെങ്കില്‍ നിങ്ങളുടെ മക്കളോട് ചെയ്യുന്ന ഒരു അക്രമം ആണെന്ന് എങ്കിലും മനസ്സിലാക്കൂ.. നമ്മുടെ നാടിന്‍റെ ഈ ഗതികേട് കോണ്ടാണ് നമ്മുടെ സഹോദരങ്ങള്‍ക്ക് അന്യ നാട്ടില്‍ കിടന്നു ജീവിതം ഹോമിക്കേണ്ടി
വരുന്നതെന്ന് ഓര്‍ക്കൂ. അടുത്ത തലമുറയെ എങ്കിലും രക്ഷിക്കൂ