Monday, March 29, 2010

ദോപന ഹള്ളി ബസ്‌ സ്റൊപിലെ പെണ്‍ കുട്ടി
എന്നും ഓഫീസില്‍ പോകുന്ന വഴി ആ ബസ്‌ ദോപന ഹള്ളി ബസ് സ്റ്റോപ്പില്‍ നിര്‍ത്താറുണ്ട്. എന്തുകൊണ്ടോ അയാള്‍ക്ക് ആ സ്റ്റോപ്പ്‌ വളരെ ഇഷ്ടമായിരുന്നു. വിളറിയ പിങ്ക് നിറത്തിലുള്ള ഒരുപാടു പൂക്കള്‍ പൊഴിഞ്ഞു വീഴുന്ന ഒരു ബോഗന്‍ വില്ല മരത്തിന്‍റെ ചുവട്ടിലാണ് ആ സ്റ്റോപ്പ്‌. അവിടെ ബസ്‌ നിര്‍ത്തുമ്പോള്‍ അയാള്‍ മുകളിലേക്കാണ് നോക്കാറുള്ളത്. നിറയെ പൂക്കള്‍ ചൂടി നിക്കുന്ന മരം സമ്മര്‍ തുടങ്ങിയതില്‍ പിന്നെ പൂക്കള്‍ പൊഴിച്ച് ആ ഫുട് പാത്തും റോഡും ഒക്കെ ഭംഗിയാക്കാന്‍ തുടങ്ങിയിരുന്നു. അങ്ങനെ ഒടുവില്‍ അതില്‍ പൂക്കള്‍ തീരെ ഇല്ലാതായി. ബസ്‌ നിര്‍ത്തുമ്പോള്‍ മുകളിലേക്ക് നോക്കുമ്പോള്‍ കാണുന്ന നഗ്നമായ ചില്ലകളും  തീഷ്ണമായ ചൂടില്‍ തിളച്ചു മറിയുന്ന നീല നിറം നഷ്ടപെട്ട ആകാശവും അയാളെ അതില്‍ നിന്ന് പിന്തിരിപ്പിച്ചു. അങ്ങനെ അയാള്‍ ഒടുവില്‍ സ്റ്റോപ്പില്‍ ബസ്‌ കാത്തു നില്‍ക്കുന്ന ആള്‍ക്കാരെ ശ്രദ്ധിക്കാന്‍ തുടങ്ങി.പക്ഷെ മിക്കവാറും ആ സ്റ്റോപ്പില്‍ നിന്ന് അധികം ആള്‍ക്കാര്‍ കയറാന്‍ ഉണ്ടാവില്ല. അങ്ങനെ ഒരു ദിവസം അയാള്‍ ഒരു കാഴ്ച കണ്ടു. പാതയോരത്ത് വീണു കിടക്കുന്ന പിങ്ക് പൂക്കളുടെ നിറത്തില്‍ .. ആ പൂക്കള്‍ കൊണ്ട് നെയ്തെടുത്ത ഒരു കുപ്പായം അണിഞ്ഞൊരു പെണ്‍കുട്ടി. അവള്‍ ആ ബെഞ്ചില്‍ ഇരിക്കുകയാണ്. പല നിറത്തിലുള്ള ഫ്രെയിം ഉള്ള ഒരു കണ്ണടയും വച്ചിട്ടുണ്ട്. കയ്യില്‍ തടിച്ച ചില സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറിംഗ് ബുക്സ്. ഏതോ എഞ്ചിനീയറിംഗ് സ്ടുടെന്റ്റ്‌ ആണെന്ന് തോന്നുന്നു.അവളുടെ മുഖ ഭാവമാണ് അയാളെ ഒറ്റ നോട്ടത്തില്‍ ആകര്‍ഷിച്ചത് .കയ്യിലിരിക്കുന്ന പുസ്തകങ്ങളും ആ കണ്ണടയും എല്ലാം കൂടി ഒരു ബുദ്ധി ജീവിയുടെ ഭാവമാണ് എങ്കിലും ഒളിച്ചു വച്ചാലും മറഞ്ഞിരിക്കാത്ത ഒരു കുസൃതി നിറഞ്ഞ ഒരു മനോഹാരിത അവളുടെ മുഖത്തുണ്ട്‌. ആണുങ്ങള്‍ ഒക്കെ ഇരിക്കുന്ന പോലെ എന്തെങ്കിലും കൊറിച്ചു കൊണ്ട് ഇരിക്കുന്നതും അയാള്‍ കണ്ടിട്ടുണ്ട്. കാതില്‍ തിരുകി വച്ചിരിക്കുന്ന ഇയര്‍ ഫോണില്‍ കൂടി എന്തോ കേട്ടുകൊണ്ടാണ് അവള്‍ ബസ്‌ കാത്തിരിക്കുന്നത്. മൊത്തത്തില്‍ ഒരു നോര്‍ത്ത് ഇന്ത്യന്‍ സുന്ദരിയുടെ ലുക്ക്‌ ഉണ്ട്. ആ മുഖത്തെ കൌതുകം കൊണ്ടാണോ ആവോ .. അയാള്‍ എന്നും അവളെ നിരീക്ഷിക്കാന്‍ തുടങ്ങി. വെറുതെ ഒരു തമാശക്ക് നോക്കി തുടങ്ങിയത് പതിയെ ഗൌരവം ആയി തുടങ്ങി. ആ ബസ്‌ സ്റ്റോപ്പില്‍ അവള്‍ ഇല്ലാത്ത ദിവസങ്ങളില്‍ അയാള്‍ക്ക് വല്ലാത്ത ഒരു ശൂന്യത അനുഭവപെട്ടു. അവള്‍ ഇല്ലാത്തതു ആ ബസ്‌ സ്റൊപ്പിനു ഒരു കുറവായി അയാള്‍ക്ക് തോന്നി തുടങ്ങി. ആ ദിവസങ്ങളില്‍ സ്ഥിരമായി പൂക്കള്‍ പൊഴിക്കാറുള്ള മരം പോലും നിശ്ചലം ആയി നിന്നു.അങ്ങനെ ദിവസങ്ങളും മാസങ്ങളും കടന്നു പോയി. എന്നും അവള്‍ ഇരിക്കുന്ന ആ ബസ്റ്റ് സ്റ്റോപ്പ്‌ കണ്ടു കൊണ്ട് അയാള്‍ ജോലിക്ക് പൊയ്ക്കൊണ്ടിരുന്നു. അവളുടെ കയ്യില്‍ കാണാറുള്ള പുസ്തകങ്ങളുടെ രൂപം മാറികൊണ്ടിരുന്നു. തടിച്ച പുസ്തകങ്ങള്‍ ചെറിയ പുസ്തകങ്ങള്‍ക്കും ഫയലുകള്‍ക്കും വഴി മാറി. കണ്ണടയുടെ ഫ്രെയിം മാറി. ആ ബോഗന്‍ വില്ലയില്‍ വീണ്ടും പൂക്കള്‍ വിരിഞ്ഞു. മഞ്ഞു കാലം വന്നു. രാവിലെ കുളിര്‍ പുതച്ചു നില്‍ക്കുന്ന ആ ബസ്‌ സ്റ്റോപ്പില്‍ ഒരു ഷാള്‍ പുതച്ചു അവള്‍. കുറച്ചു കാലമായി കാണാന്‍ തുടങ്ങിയിട്ട് എങ്കിലും ഇപ്പോഴും അവള്‍ ആരാണെന്നോ എന്താണെന്നോ അറിയില്ല. ഒരു ദിവസം അവിടെ ഇറങ്ങി ഒന്ന് പരിചയപ്പെട്ടാലോ. വേണ്ട. അത് ബോര്‍ ആവും. ഒരു കാമുകനോ പൂവാലനോ ആയി അവള്‍ തെറ്റി ധരിച്ചാലോ ..അങ്ങനെ ഒരു ദിവസം. അന്ന് അയാള്‍ ശ്രദ്ധിച്ചു. അവളുടെ അടുത്ത് ബെഞ്ചില്‍ ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയുടെ ലോഗോ ഉള്ള ഒരു ബാഗ്‌. അപ്പൊ അവള്‍ക്കു എവിടെയോ ജോലി കിട്ടിയിട്ടുണ്ട്. ശ്രധിച്ചപ്പോഴാണ് അയാള്‍ക്ക് മനസ്സിലായത് അയാളുടെ അതെ കമ്പനിയുടെ ലോഗോ ആണ്. അത് ശരി. അപ്പൊ ഒരു തുമ്പു കിട്ടി. നാളെ എന്തായാലും ഇറങ്ങി എന്തെങ്കിലും വിദ്യ പ്രയോഗിക്കാം. അന്ന് അയാള്‍ ഭാര്യയോട്‌ പറഞ്ഞു. നാളെ ഒരു സംഭവം നടക്കാന്‍ പോവുകയാണെന്ന്. എന്താ എന്ന് പല തവണ ചോദിച്ചിട്ടും അയാള്‍ ഒന്നും പറഞ്ഞില്ല. മകന്‍ വന്നു ചോദിച്ചു. എന്താ പപ്പാ എന്താ നാളെ എന്നൊക്കെ.. അയാള്‍ എന്തൊക്കെയോ മറുപടി പറഞ്ഞു മകനെ ഉറക്കി. അങ്ങനെ നേരം വെളുത്തു. ഉള്ളില്‍ ചെറിയ പേടി ഉണ്ട്. പണ്ട് കോളേജില്‍ പഠിച്ചു കൊണ്ടിരുന്നപ്പോ ഇങ്ങനെ ഒക്കെ ചെയ്തിട്ടുണ്ടെങ്കിലും ഇപ്പൊ.. ജീവിതത്തിന്‍റെ ഈ വേനല്‍ കാലത്ത്.. ശരി .. നോക്കാം. അങ്ങനെ അന്ന് അയാള്‍ പതിവ് പോലെ ബസില്‍ കയറി. ദോപന ഹള്ളി സ്റ്റോപ്പ്‌ എത്തുന്നതിനു മുമ്പുള്ള സ്റ്റോപ്പില്‍ ഇറങ്ങി.
ഇനി ഇവിടുന്നു പതിയെ നടന്നു ചെല്ലാം. അയാളെ ഇറക്കിയിട്ട്‌ ബസ്‌ നീങ്ങി. അയാള്‍ പതിയെ നടന്നു. അവിടെ സ്റ്റോപ്പില്‍ അവള്‍ ഇരിപ്പുണ്ട്. പതിവ് പോലെ അടുത്ത് ആ ബാഗും. എന്ത് ചോദിക്കണം.
പാര്‍ക്ക്‌ ലേക്കുള്ള ബസ്‌ പോയോ എന്ന് ചോദിക്കാം.എന്നിട്ട് ഓഫീസ് ലേക്ക് വരുന്നെങ്കില്‍ ഒരു റിക്ഷ എടുത്തു ഷെയര്‍ ചെയ്തത് പോവാം എന്ന് പറയാം. അയാള്‍ ആ സ്റ്റോപ്പില്‍ എത്തി. അവളുടെ അടുത്ത് ചെന്നു.
201 Rബസ്‌ പോയോ എന്ന് പതിയെ ചോദിച്ചു. അവള്‍ ഇയര്‍ ഫോണ്‍ ചെവിയില്‍ നിന്ന് ഊരി. ആ ബസ്‌ പോയെന്നു പറഞ്ഞു. നല്ല ശബ്ദം.
'ഹോ .. ഇനി എന്ത് ചെയ്യും.. oh.. you are also working in ---- ' എന്ന് കൃത്രിമമായ ഒരു ആശ്ചര്യ ഭാവത്തോടെ ചോദിച്ചു. അവള്‍ പറഞ്ഞു 'അല്ല' എന്ന്. ആ മറുപടി കേട്ട് അയാള്‍ ശരിക്കും ഞെട്ടി. ഇവള്‍ ദേഷ്യതിലാണോ ? കുഴപ്പമാവുമോ ? ബട്ട്‌ അവളുടെ മുഖം കണ്ടിട്ട് അങ്ങനെ തോന്നുന്നില്ല. സ്ഥിരമായി കാണാറുള്ള ആ കൌതുകവും
കുളിര്‍മയും ഇപ്പോഴും ഉണ്ട്. 'പിന്നെ ഈ ബാഗ്‌ ? ' എന്ന് അയാള്‍ ചോദിയ്ക്കാന്‍ ഒരുങ്ങി. പെട്ടെന്ന് അവള്‍ ഇരുന്നു കൊണ്ട് തന്നെ കൈ ഉയര്‍ത്തി ആരെയോ കാണിച്ചു. അപ്പോഴാണ് അയാള്‍ ആ ചെറുപ്പക്കാരനെ കണ്ടത്. മൂന്നു വീലുള്ള ഒരു സ്കൂട്ടെര്‍ നിര്‍ത്തി അയാള്‍ ഇറങ്ങി. ഇയാള്‍ക്ക് ഒരു കുഴപ്പവും ഇല്ലല്ലോ . എന്നിട്ടെന്തിനാ ഇത്തരം ഒരു സ്കൂട്ടര്‍ എന്ന് അയാള്‍ മനസ്സില്‍ ഓര്‍ത്തു. ആ ചെറുപ്പക്കാരന്‍ ബാഗ്‌ അവളുടെ കയ്യില്‍ നിന്ന് വാങ്ങി തോളില്‍ ഇട്ടു. അവളുടെ ഒരു കയ്യില്‍ പിടിച്ചു എഴുനെല്‍പ്പിച്ചു. അപ്പോഴാണ് അയാള്‍ കണ്ടത്. അവള്‍ക്കു നില്ക്കാന്‍ പറ്റുന്നില്ല. ആ കാലുകള്‍ ഒരു ചെറിയ പെന്‍സില്‍ പോലെ മെലിഞ്ഞു ഇരിക്കുന്നു. അയാളുടെ തോളില്‍ ചാരി അവള്‍ സ്കൂട്ടറില്‍ കയറി. അവളെ ഇരുത്തിയിട്ട് അയാള്‍ തിരികെ വന്നു ആ ബെഞ്ചില്‍ വച്ചിരുന്ന അവളുടെ ബാഗും ലഞ്ച് കാരിയറും എടുത്തു വച്ച്. 'oh. you are also working in .....' എന്ന് അയാള്‍ മടിച്ചു മടിച്ചു ആ ചെറുപ്പക്കാരനോട്‌  ചോദിച്ചു. 'അതെ' അയാള്‍ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു. 'ഇത് ? ' എന്ന് അയാള്‍ ചോദിച്ചു. ' എന്‍റെ  സിസ്റ്റര്‍ ആണ്. അവള്‍ക്കു നടക്കാന്‍ പറ്റില്ല. ഞാന്‍ രാവിലെ ഒരു സ്ഥലത്ത് പാര്‍ട്ട്‌ ടൈം ജോബ്‌ ഒന്ന് ചെയ്യുന്നുണ്ട് . അത് കഴിയുമ്പോ ഇവള്‍ ട്യൂഷന്‍ കഴിഞ്ഞു ഇവിടെ വരും. ഇനി മോളെ വീട്ടില്‍ കൊണ്ടാക്കിയിട്ട്‌ വേണം എനിക്ക് ഓഫീസില്‍ പോവാന്‍. അപ്പൊ കാണാം. ശരി ' എന്നൊക്കെ പറഞ്ഞു ആ ചെറുപ്പക്കാരന്‍ സ്കൂട്ടര്‍ സ്റ്റാര്‍ട്ട്‌ ചെയ്തു. 'ശരി.. ബൈ' എന്ന് പറഞ്ഞു അയാള്‍ കൈകള്‍ വീശി..
എന്തുകൊണ്ടോ അയാളുടെ കണ്ണില്‍ ഒരു തുള്ളി കണ്ണീര്‍ പൊടിഞ്ഞിരുന്നു...

ഞാന്‍ കോമഡി മാത്രമേ എഴുതു എന്ന് ആള്‍ക്കാര്‍ പറഞ്ഞു നടക്കുന്നു. എന്നാ പിന്നെ മലയാള സാഹിത്യത്തിനു കുറച്ചു നല്ല കഥകള്‍ സംഭാവന ചെയ്തിട്ട് തന്നെ കാര്യം എന്ന് ഞാനും അങ്ങ് തീരുമാനിച്ചു.
അങ്ങനെ എഴുതിയതാണിത്. എന്നോട് ക്ഷമിക്കു ട്ടാ - സ്വന്തം ദുശാസ്സനന്‍


ചില സാങ്കേതിക കാരണങ്ങളാല്‍ "ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ജനിക്കുന്നു ' ഒരു ഇടവേളയ്ക്കു ശേഷം തുടരും

6 comments:

 1. തീരെ പ്രതീക്ഷിക്കാത്ത അവസാനമായിരുന്നു.. നന്നായി കഥ.
  പിന്നെ കത്തില്‍ തിരുകിയ.. അല്ലാ കാതില്‍ തിരുകിയ എന്നല്ലേ

  ReplyDelete
 2. ആദ്യമായാണിവിടെ വരുന്നത്.. കഥകളൂം എഴുതൂ.. ആശംസകൾ..

  ReplyDelete
 3. ഹൃദ്യമായ വായന..!!

  ReplyDelete
 4. ആദ്യമായാണിവിടെ വരുന്നത്..

  ഒഴുക്കോടെ വായിക്കാവുന്ന രിതി. ചെറിയ ഒരു കുട്ടിയില്‍ നിന്ന് വളര്‍ന്ന് വികസിച്ചുവന്ന എഴുത്ത്‌.
  പൂക്കള്‍ നിറഞ്ഞ ബസ്സ്‌ സ്റ്റോപ്പ് നേരില്‍ കണ്ടു.
  അവസാനം വളരെ നന്നാക്കി.

  ReplyDelete
 5. നന്ദി കണ്ണനുണ്ണി. അതൊരു ടൈപോ ആയിരുന്നു. കറക്റ്റ് ചെയ്തിട്ടുണ്ട് :)

  ReplyDelete
 6. dushasana, kadha valare nannaayittund ketto. ishtapettu

  ReplyDelete