Tuesday, March 2, 2010

ഒരു സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ജനിക്കുന്നു - ഭാഗം 1


ആദ്യം തന്നെ പറഞ്ഞോട്ടെ.. ഈ കഥയ്ക്ക് ജീവിച്ചിരിക്കുന്നതോ മരിച്ചു പോയവരോ മരിച്ചു ജീവിക്കുന്നതോ ആയ ഒരു സോഫ്റ്റ്‌വെയര്‍ എന്ജിനീയരുമായും ഒരു സാദൃശ്യവും ഇല്ല എന്ന് ഇവിടെ പ്രഖ്യാപിച്ചു കൊള്ളുന്നു. 

അങ്ങനെ ബൈജു ഒടുവില്‍ ഉദ്യാന നഗരത്തില്‍ എത്തി. തമിള്‍ നാട്ടില്‍ പോയി കഷ്ടപ്പെട്ട് സംഘടിപ്പിച്ച MCA സര്‍ട്ടിഫിക്കറ്റ് അടങ്ങുന്ന ഒരു ബാഗും മറ്റൊരു വലിയ ബാഗില്‍ അത്യാവശ്യത്തിനുള്ള വസ്ത്രങ്ങളും മനസ്സ് നിറയെ സംശയങ്ങളും ആയിട്ടാണ് ഇവിടെ എത്തിയിരിക്കുന്നത്. ഒപ്പം പഠിച്ച കുറച്ചു സുഹൃത്തുക്കളുടെ അഡ്രസ്‌ ഉണ്ട്. അവന്മാര്‍ എന്നെ പോലെ തന്നെ ജോലി തപ്പാനാണ് ഇവിടെ വന്നിരിക്കുന്നത്. ബാംഗ്ലൂര്‍ ചെന്നാല്‍ കമ്പ്യൂട്ടര്‍ തൊട്ടിട്ടുള്ള ആരെയും പിടിച്ചു ജോലി കൊടുക്കും എന്ന് ആള്‍ക്കാര്‍ പറയുന്നത് കേട്ടിട്ടുണ്ട്. 

അങ്ങനെ റെയില്‍വേ സ്റ്റേഷനില്‍ ചെന്നിറങ്ങി. ഓട്ടോകാര്‍ ചുറ്റിനും കൂടി.
പണ്ടാരം അടങ്ങാന്‍ മലയാളം , ഇംഗ്ലീഷ് , കുറച്ചു തമിള്‍ ഇതല്ലാതെ വേറൊരു വസ്തു അറിയില്ല.കൊണ്ട് പോകുമോ ന്നു ചോദിച്ചു നോക്കാം. അഡ്രസ്‌ കുറിച്ച് വച്ച കടലാസ്സ്‌ നോക്കി വായിച്ചു. മടിവാള . ഇതൊക്കെ സ്ഥലത്തിന്‍റെ പേര് തന്നെയോ ആവോ... തമ്പുരാനറിയാം. അവന്‍ ചോദിച്ചു റൂട്ട് ഗോത്ത എന്ന്. അതെന്തു കുന്തമാണോ . ഒടുവില്‍ കയറാന്‍ പറഞ്ഞു. ഓട്ടോ ഓടി തുടങ്ങി. കൊള്ളാം. ബെസ്റ്റ് സ്ഥലം. പണ്ട് വന്ദനം, ജോണി വോക്കെര്‍ മുതലായ പദങ്ങളില്‍ കണ്ട സ്ഥലങ്ങള്‍ . റോഡില്‍ എവിടെ നോക്കിയാലും കന്നുകാലികള്‍ അലഞ്ഞു നടക്കുന്ന പോലെ പെണ്ണുങ്ങള്‍.. പട്ടികള്‍.. BMTC ബസുകള്‍. അങ്ങനെ ആകെ ഒരു ജഗപൊക. ചുമ്മാതല്ല ഇവിടെ വരുന്നവന്‍ ഒക്കെ തിരിച്ചു പോവാത്തത്‌. ഒടുവില്‍ മടിവാള എത്തി. മീറ്ററില്‍ കാണിച്ചതിന്റെ ഡബിള്‍ ചോദിച്ചു ഓട്ടോക്കാരന്‍. ഒന്നും മിണ്ടാതെ പൈസ കൊടുത്തു കീഴടങ്ങി. കന്നഡ പഠിച്ചേ പറ്റൂ . അല്ലെങ്ങില്‍ ഇവന്മാര്‍ എന്നെ കൊലക്ക് കൊടുക്കും.

മഹേഷിന്‍റെ റൂമിന് മുമ്പില്‍ എത്തി. അവന്‍ വന്നു വാതില്‍ തുറന്നു. 'അളിയാ' എന്നൊരു വിളിയും കെട്ടി പിടിത്തവും ഞാന്‍ പ്രതീക്ഷിച്ചെങ്കിലും അതൊന്നും ഉണ്ടായില്ല.
മുറിക്കുള്ളിലേക്ക് കടന്നപ്പോഴാണ് അതിന്‍റെ കാരണം മനസ്സിലായത്. ആകെ ഒരു മുറി ആണ് ഉള്ളത്. നിലത്തു വിരിച്ച പായില്‍ രണ്ടു പേര്‍ ഇപ്പൊ തന്നെ ഉണ്ട്.
അവിടം ആകെ ചിതറി കിടക്കുന്ന പുസ്തകങ്ങള്‍. .net. java, SQL അങ്ങനെ അങ്ങനെ. resume യുടെ printouts ഉം കാണാം. എനിക്കും ഇതൊക്കെ വേണ്ടി വരുമല്ലോ ഭഗവാനെ..
'കഴിക്കാന്‍ പോണ്ടേ ? ' മഹേഷ്‌ ചോദിച്ചു. മടിച്ചു മടിച്ചു അവനോടു ചോദിച്ചു. 'ഇവിടെ ചോറ് കിട്ടുമോ ചേട്ടാ ? ' ഭാഗ്യം. അവനു ഒരു മെസ്സ് അറിയാം. അവിടെ എല്ലാ കേരള ഐറ്റംസ് ഉം കിട്ടും.അങ്ങോട്ട്‌ പോവുക തന്നെ..

3 comments: