2011, മേയ് 15, ഞായറാഴ്‌ച

പടം പിടിത്തം - ഒരു വേണു നാഗവള്ളി ലൈന്‍ .. ഹി ഹി


     മലയാള സിനിമയില്‍ അന്യം നിന്ന് പോയ കഥാപാത്രങ്ങളെ പറ്റി മുമ്പ് ഒരു പോസ്റ്റ്‌ ഇട്ടതും അതൊരു ചേട്ടന്‍ ഇപ്പൊ തുടര്‍ക്കഥ ആയി എഴുതിക്കൊണ്ടിരിക്കുന്നതും ഓര്‍മയുണ്ടാവുമല്ലോ. അത് പോലുള്ള വേറൊരു വിഷയം ആണ് ഇന്ന്. പ്രതിഭാധനര്‍ ആയ ഒരുപാട് കഥാ കൃത്തുക്കളെ  കൊണ്ട് അനുഗൃഹീതമായിരുന്നു ( ഇപ്പൊ അല്ല ) മലയാള സിനിമ.  വൈവിധ്യമായ ഒട്ടേറെ വിഷയങ്ങള്‍ അതി ഗംഭീരമായി കൈകാര്യം ചെയ്ത ചരിത്രമുള്ള ഒരു സിനിമ ശാഖ ആണ് നമ്മുടേത്‌. എന്നാല്‍ അതിലും സ്ഥിരം പാറ്റെണ്‍ ഫോളോ ചെയ്യുന്ന കുറച്ചു പേരെങ്കിലും നമുക്കുണ്ട്. സത്യം പറഞ്ഞാല്‍ ഇത് പോലുള്ള ഒരു ചെറിയ പോസ്റ്റ്‌ പണ്ട് ഇതില്‍ ഇട്ടിരുന്നു. ഷാജി കൈലാസിനെ പറ്റി. അങ്ങേരെ പറ്റി അന്ന് അത്രയും എഴുതിയതിലുള്ള കുറ്റബോധം കുണ്ടിക്കിട്ടു തട്ടുന്നത് കൊണ്ട് ബാക്കിയുള്ളവരെ കുറിച്ച് കൂടി കാച്ചാം എന്ന് വിചാരിച്ചു :)

സത്യന്‍ അന്തിക്കാട് -



മലയാളത്തിലെ ഏറ്റവും സീനിയര്‍ ആയ "നാടന്‍" സംവിധായകന്‍ ആണ് സത്യന്‍ അന്തിക്കാട്. 
അത് കൊണ്ട് നാടന്‍ സാധനങ്ങള്‍ ഒരുപാടു വേണ്ടി വരും. മരപ്പലക കൊണ്ട് തട്ടിയിട്ടു അടയ്ക്കുന്ന പീടിക, പച്ച നിറത്തില്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന വയല്‍, ചെറിയ നാടന്‍ ഇടവഴികള്‍ ഇത് മസ്റ്റ്‌.
ചെത്തുകാരന്‍, ആശാരി, തട്ടാന്‍, കൊല്ലന്‍ ഇവരൊക്കെ മസ്റ്റ്‌. ഊണ് കഴിക്കുന്ന സീനില്‍ നല്ല നാടന്‍ ചോറും, പച്ച മോരും, അച്ചാറും മറ്റും ആയിരിക്കും പ്രധാന വിഭവങ്ങള്‍. മദ്യപാനം നല്ല നാടന്‍ കള്ള് കുടിയില്‍ ഒതുങ്ങും. കോണ്‍ഗ്രസിലും സി പി എമ്മിലും ഉള്ള ലോക്കല്‍ നേതാക്കള്‍ ആവശ്യത്തിനു.
അവര്‍ക്കുള്ള ഡയലോഗുകളും ആവശ്യത്തിന്. പട്ടണത്തില്‍ താമസിക്കുന്നവര്‍ ഒക്കെ പോക്കാണെന്നും ഗ്രാമത്തിലുള്ളവര്‍ പാവങ്ങള്‍ ആണെന്ന മട്ടിലും ഉള്ള കുറച്ചു ഡയലോഗുകള്‍.
റിയാലിറ്റി ഷോയ്ക്കും , മൊബൈല്‍ ഫോണിനും ഇട്ടു രണ്ടു തട്ട്. ഇങ്ങനെ പോകുന്നു കഥ.
അത്യാവശ്യം ഉപകരണങ്ങള്‍ മാത്രം ഉപയോഗിച്ച് ജോണ്‍സന്‍ ചേട്ടന്‍ ഉണ്ടാക്കുന്നതാണ് സത്യന്‍ ചിത്രങ്ങളുടെ സംഗീതം. ഇപ്പൊ ഇളയരാജ ആണ് ആ സ്ഥാനത്ത്.  ലൊക്കേഷന്റെ ലിസ്റ്റില്‍ മൂന്നാര്‍, ഊട്ടി മുതലായവയും പുതിയതായി  ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

ഫാസില്‍ -

ഇപ്പൊ ആകെ പൊട്ടി പൊളിഞ്ഞു നില്‍ക്കുകയാണ് ഫാസില്‍. അതിനു ഒരു കാരണം ആകാശം ഇടിഞ്ഞു വീണാലും സ്വന്തം പാറ്റെണ്‍ മാറ്റാത്തതാണ്‌. പുള്ളിയുടെ പ്രധാന സംഗതികള്‍ താഴെ പറയുന്നു. കേരളത്തില്‍ പ്രചാരത്തില്‍ ഇല്ലാത്ത ഒന്നാം തരം ചുരിദാറുകള്‍, സാരി , മിഡി, ഫ്രോക്ക് ഇത് കൊണ്ട് നായികയെ അതി മനോഹരി ആയി അവതിരിപ്പിക്കുക. നായകനും അത് പോലെ തന്നെ. നായികാ ഇടുന്ന കമ്മല്‍, മാല ഇതൊക്കെ വളരെ ശ്രദ്ധയോടെ തെരഞ്ഞെടുത്തു ഇടീക്കുക മാത്രമല്ല അത് ക്ലോസ് അപ്പില്‍ കാണിച്ചു പോപ്പുലര്‍ ആക്കുകയും ചെയ്യുക. പുള്ളിയുടെ ഒരു പടം ഇറങ്ങിയതിനു പുറകെ നിങ്ങള്‍ ഒരു ഫാന്‍സി ഷോപ്പില്‍ പോയി നോക്കു. അനിയത്തി പ്രാവ് മാല, സുന്ദര കില്ലാടി ചുരിദാര്‍, സൂര്യ പുത്രി കമ്മല്‍ അങ്ങനെ എത്രയെത്ര സാധനങ്ങള്‍. പുള്ളിയുടെ അടുത്ത സ്പെഷ്യലിറ്റി എന്താണ് വച്ചാല്‍ അതി ഭയങ്കരമായ ഡ്രാമ ആണ്. നിസ്സാര കാരണം പറഞ്ഞിട്ട് നായികാ അങ്ങോട്ട്‌ കരച്ചില്‍ തുടങ്ങും. കൂടെ അവളുടെ അമ്മയും അച്ഛനും ചെട്ടന്മാരുണ്ടെങ്കില്‍ അവരും. നായികയുടെ ഒപ്പം ഇപ്പോഴും കുറച്ചു കുട്ടികള്‍ കാണും. അവരും കരയും. എന്താ ചേച്ചി കരയുന്നതെന്ന് ചോദിച്ചു കൊണ്ട്. സത്യം പറഞ്ഞാല്‍ ആര്‍ക്കും ഒരു നിശ്ചയവും ഉണ്ടാവില്ല അവള്‍ എന്തിനാ കരയുന്നതെന്ന്. പിന്നെ വെറുതെ ഒരു കുട്ടി ഇരുന്നു കരയുകയല്ലേ എന്ന് വച്ചിട്ട് ഒരു കമ്പനിക്ക്‌ അവരും ഒരു കരച്ചില്‍ വച്ച് കൊടുക്കും. ഹല്ല പിന്നെ. 
നായകനും മോശമല്ല. മിക്ക പടത്തിലും നായകനും അച്ഛനും വാടാ പോടാ ബന്ധം ആയിരിക്കും. 
നായികയുടെ ഒപ്പം നടക്കുന്ന കുട്ടികളുടെ കാര്യം പറഞ്ഞ പോലെ നായകന്റെ ഒപ്പം മിനിമം രണ്ടു ആത്മ സുഹൃത്തുക്കള്‍ കാണും. നായകന് കിട്ടുന്ന തല്ലൊക്കെ ഷെയര്‍ ചെയ്യാനാണ് ഇവര്‍. 
അമ്മയും ഒരു പാവം. അങ്ങനെ ഒരു കൂട്ടം വെറും പാവം കഥാപാത്രങ്ങള്‍. കഥ മിക്കതിലും ഒന്ന് തന്നെ. ഒന്നുകില്‍ വീട്ടുകാരുടെ എതിര്‍പ്പ് കാരണം പ്രേമം മുടങ്ങുന്നു അല്ലെങ്കില്‍ നയികക്കോ നായകനോ ലോകതെങ്ങുമില്ലാത്ത ഒരു അസുഖം. അതിനി ഇപ്പൊ ഒരു ബാല കഥാപാത്രമായാലും പുള്ളി വെറുതെ വിടില്ല്ല. പപ്പയുടെ സ്വന്തം അപ്പൂസ് കണ്ടിട്ടില്ലേ ? എന്തായാലും അടുത്ത കാലത്തായി ഇതൊന്നും അത്രയ്ക്ക് ഏശുന്നില്ല. 

സിദ്ദിക്ക് ലാല്‍ -


ഒറ്റ നോട്ടത്തില്‍ നിങ്ങള്‍ക്ക് തിരിച്ചറിയാന്‍ പറ്റുന്നില്ലെങ്കിലും ഇവരുടെ ചിത്രങ്ങള്‍ ഒരേ അച്ചില്‍ വാര്‍ത്തെടുത്തതാണ്‌. എല്ലാവരും പേടിക്കുന്ന ഒരാള്‍ അല്ലെങ്കില്‍ ഒരു ഗ്രൂപ്പ്. അവരോടുള്ള പേടി കാരണം മറ്റുള്ള കഥാപാത്രങ്ങള്‍ വരുത്തുന്ന മണ്ടത്തരങ്ങള്‍ , അതുമായി ബന്ധപ്പെട്ട തമാശകള്‍. 
റാംജിറാവ്, ജോണ്‍ ഹോനായി, അഞ്ഞൂറാന്‍, റാവുത്തര്‍ മുതലായവര്‍ ഉദാഹരണം. ഇവരുടെ ചിത്രത്തിലെ കഥാപാത്രങ്ങളുടെ വേഷങ്ങളും ബഹുരസമാണ്. നല്ല കടുത്ത കളറിലുള്ള വേഷങ്ങള്‍. 
ചുവപ്പ്, പച്ച , മഞ്ഞ എന്ന് വേണ്ട ദൈനംദിന ജീവിതത്തില്‍ ഒരു മനുഷ്യനും ഉപയോഗിക്കാത്ത നല്ല ചാത്തന്‍ നിറങ്ങള്‍. സംഭാഷങ്ങളും മോശമല്ല. തമാശ ഒഴിച്ചുള്ള മറ്റെല്ലാ സംഭാഷങ്ങളും സ്ഥിരമായി ഒരു ശൈലിയിലുള്ളതാണ്. അതിന്റെ പിറകില്‍ സിദ്ദിക്ക് ആണെന്ന് തോന്നുന്നു. കാരണം പില്‍ക്കാലത്ത്‌ സിദ്ദിക്ക് ഒറ്റയ്ക്ക് സംവിധാനം ചെയ്ത പടങ്ങളില്‍ ഒക്കെ ഇത്തരം സംഭാഷങ്ങള്‍ തുടര്‍ന്നും കണ്ടിട്ടുണ്ട്. മറ്റാര്‍ക്കും അനുകരിക്കാന്‍ പറ്റിയിട്ടില്ലാത്ത, ഇനി പറ്റാത്ത നിയന്ത്രണം നര്‍മ രംഗങ്ങളില്‍ അവര്‍ക്കുള്ളത് കൊണ്ടാണ് മേല്പറഞ്ഞ കാര്യങ്ങള്‍ നമ്മള്‍ അധികം ശ്രദ്ധിക്കാത്തത് എന്ന് തോന്നുന്നു. പിന്നെ അവര്‍ രണ്ടായി മാറിയിട്ടും ഇപ്പോഴും മാറ്റാതെ അവര്‍ കൊണ്ട് നടക്കുന്ന ഒരു ശീലമാണ് ഇംഗ്ലീഷ് പേരുകള്‍ ഉപയോഗിക്കുക എന്നത്. അത് ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു. 

കെ മധു -

പോലിസ് , രാഷ്ട്രീയ , കുറ്റാന്വേഷണ വിദഗ്ധന്‍ ആണ് ഇദ്ദേഹം. എല്ലാ ചിത്രത്തിലും ഇതിലേതെങ്കിലും ഒന്നായിരിക്കും വിഷയം. അന്വേഷിക്കാന്‍ വരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ ഒന്നുകില്‍ ഡല്‍ഹിയില്‍ നിന്ന് അല്ലെങ്കില്‍ ജമ്മുവില്‍ നിന്നായിരിക്കും വരുന്നത്. ചിലപ്പോ അങ്ങേര്‍ ആണ് റൂറല്‍ എസ് പി എന്ന് പറയുന്നത് കേള്‍ക്കാം. ഈ റൂറല്‍ എസ് പി എന്ന് പറയുന്നത് എന്ത് കുന്തമാണോ ആവോ. പുള്ളിയുടെ ചിത്രങ്ങളില്‍ ഉള്ള പോലീസ് സ്റ്റേഷന്‍ , കോടതി ഒക്കെ വളരെ കളര്‍ ഫുള്‍ ആയിരിക്കും. നായകന്‍ മിക്കപ്പോഴും സസ്പെന്‍ഷനില്‍ ആയിരിക്കും. മുഖ്യമന്ത്രി ഇടപെട്ടു പുള്ളിയുടെ സസ്പെന്‍ഷന്‍ മാറ്റി കൊടുതിട്ടായിരിക്കും മിക്കപ്പോഴും അന്വേഷണത്തിന് ഇറക്കുന്നത്‌.
ചിലപ്പോ എസ് എന്‍ സ്വാമിയുടെ പടങ്ങള്‍ സ്ഥിരമായി എടുത്തത്‌ കൊണ്ടായിരിക്കണം, ഇദ്ദേഹം ഓരോ കഥാ സന്ദര്‍ഭങ്ങളും വിശദമായി കാണിക്കുന്നതില്‍ ശ്രദ്ധ കാണിക്കുന്നുണ്ട്. അതായത് ഒരു കഥാപാത്രം ഏഴു മണിക്ക് ബസ്സില്‍ കയറി പോകുന്നത് ആരോ പറയുന്നു എന്ന് വയ്ക്കുക. ആ പുള്ളി നില്‍ക്കുന്ന ബസ്‌ സ്റ്റോപ്പ്‌, ആ സ്റ്റോപ്പില്‍ തൂക്കിയിട്ടിരിക്കുന്ന ഒരു ക്ലോക്ക് ( അതില്‍ അസ്വാഭാവികത ഉണ്ടായിരിക്കാന്‍ ആ ക്ലോക്ക് ആരോ സംഭാവന ചെയ്തതാണ് എന്ന് അതില്‍ എഴുതിയിരിക്കും ). ബസ്‌ വരുമ്പോ അതിന്റെ ഒപ്പം ക്ലോക്കില്‍ ഏഴു മണി മുട്ടുന്നത് കാണിക്കും. 
അങ്ങനെ വിശദമായി അത് പുള്ളി കാണിക്കും. അത് ഇപ്പോഴും തുടരുന്നു. നമ്മുടെ സൈബര്‍  സെല്‍ ഒക്കെ വരുന്നതിനു വര്‍ഷങ്ങള്‍ മുമ്പ് തന്നെ കാള്‍സ്‌ ഹിസ്റ്ററി തപ്പുന്നത് അദ്ദേഹത്തിന്റെ നായകന്മാര്‍ ഒരു ശീലമാക്കിയിരുന്നു. ഒരു സി ബി ഐ ഡയറി കുറിപ്പ് തന്നെ ഉദാഹരണം. 
കേസ് അന്വേഷണം കഴിഞ്ഞിട്ട് പുള്ളിയുടെ നായകന്മാര്‍ മിക്കപ്പോഴും എയര്‍ പോര്‍ട്ടിലേയ്ക്ക് പോകുന്നതായിട്ടാണ് അവസാന സീന്‍.

ജോഷി - 

പുള്ളിയുടെ പ്രത്യേകത സ്ഥിരമായി പറയുന്ന ഒരേ കഥ ഒന്നുമല്ല. അതിന്റെ അന്തരീക്ഷം ആണ്. 
വന്‍ പണക്കാരായ കുറച്ചു പേരുടെ കഥ. അതിനിടക്ക് അത്യുഗ്രന്‍ വീടുകള്‍, ബംഗ്ലാവുകള്‍, ആഡംബര കാറുകള്‍, ഹോട്ടലുകള്‍ എന്ന് വേണ്ട. നായകന്‍ ഹെലികോപ്ടറില്‍ വരുന്നത് വരെ നമ്മള്‍ കാണേണ്ടി വരും. ബോര്‍ അടിക്കുമ്പോ നായകന്‍ തനിയെ വിമാനം പറത്തി അങ്ങ് പോകും. 
എനിക്കിനി ഒന്നും പറയാന്‍ വയ്യേ...

മേജര്‍ രവി - 

ഉള്ളതില്‍ ഇളമക്കാരന്‍. പക്ഷെ എടുത്ത പടം മുഴുവന്‍ ഒരേ പോലെ ആയതു കൊണ്ട് ഈ ചേട്ടനെ കൂടി അങ്ങ് ബഹുമാനിചേക്കാം എന്ന് കരുതി. ജോഷിയുടെ കാര്യം പറഞ്ഞ പോലെ രവിയേട്ടന് പടം എടുക്കണമെങ്കില്‍ കാര്‍ , ബസ്‌ ഒന്നുമല്ല വേണ്ടത്. മെഷീന്‍ ഗണ്‍ , പാറ്റണ്‍ ടാങ്ക്, ബോംബ്‌ ഒക്കെയാണ്. പിന്നെ കഥയുടെ അവസാനം വെടി കൊണ്ട് പണ്ടാരമടങ്ങാന്‍ വേണ്ടി ഒരു കഥാപാത്രം ഉണ്ടാവും. അവന്റെ ബോഡി കൊണ്ട് പോകാനുള്ള പെട്ടി വേണം. മേലധികാരികളെ തെറി വിളിക്കാന്‍ ഒരു നായകന്‍ ഉണ്ടാവും.അങ്ങേര്‍ ഒന്നുകില്‍ ക്യാപ്ടന്‍ അല്ലെങ്കില്‍ മേജര്‍ ആയിരിക്കും. ഇതൊന്നും ആവര്‍ത്തനം അല്ല യാദൃശ്ചികം എന്നാണു നിങ്ങള്‍ വിചാരിക്കുന്നതെങ്കില്‍ അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളിലും ആവര്‍ത്തിച്ച ഒരു കഥാപാത്രം ആയ പത്ര പ്രവര്‍ത്തകയെ എന്ത് പറയും ? പിന്നത്തേതു നമ്മുടെ നായക കഥാപാത്രത്തിന്റെ ഫാമിലി ആണ്. അങ്ങേരുടെ ഫാമിലിയെ മിക്കവാറും തീവ്രവാദികള്‍ നേരത്തെ തന്നെ കൊന്നിരിക്കും. അതിന്റെ പ്രതികാരം കൂടി പുള്ളി ഈ ഓപെറേഷന്റെ ഒപ്പം നടത്തും. ഒരു വെടിക്ക് രണ്ടു പക്ഷി. ഇങ്ങനെ പോകുന്നു ചേട്ടന്റെ പടങ്ങള്‍. അടുത്ത പടത്തില്‍ ( അത് ഉണ്ടാവുമോ എന്തോ ) എങ്കിലും ഇതൊക്കെ മാറുമോ ആവോ .

ലാസ്റ്റ് ബട്ട് നോട്ട് ദി ലീസ്റ്റ് .. ആര്‍ ജെ പ്രസാദ്‌  -

ഇത് ആരാണെന്നാവും അല്ലേ ? ഇദ്ദേഹത്തെ അറിയില്ലെങ്കിലും കിന്നാര തുമ്പികള്‍ എന്ന ചിത്രം നിങ്ങള്‍ മറന്നു കാണാന്‍ വഴിയില്ല. ഇതിലൂടെ ആണ് അദ്ദേഹം ശ്രദ്ധേയന്‍ ആയതെങ്കിലും മറ്റനേകം ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ ക്രെടിറ്റില്‍ ഉണ്ട്. കാല കാലങ്ങളായി അദ്ദേഹത്തിന്റെ ശൈലി മാറിയിട്ടില്ല.ആ അര്‍ഥത്തില്‍ വര്‍ഷങ്ങളായി ഒരേ നിലവാരത്തില്‍ ഉള്ള പ്രകടനം കാഴ്ച വയ്ക്കുന്ന ഒരേ ഒരു മലയാള സംവിധായകന്‍ ആണ് പ്രസാദ്‌ എന്ന് പറയാം. അദ്ദേഹത്തിന്റെ സ്ഥിരം നമ്പരുകള്‍ താഴെ പറയുന്നു. 
തടിച്ചു കൊഴുത്ത നായിക ഒരെണ്ണം, മീശ മുളച്ചിട്ടില്ലാത്ത നായകന്‍ ഒരെണ്ണം, ഗുണ്ടകള്‍ ആവശ്യത്തിന്, ബിസിനസ്സുകാരന്‍ ആയ ഭര്‍ത്താവ് ഒരെണ്ണം, നായികയുടെ അനിയത്തി ഒരെണ്ണം, നായികയ്ക്ക് തേച്ചു കുളിക്കാന്‍ വെളിച്ചെണ്ണ, തൊട്ടാല്‍ കീറുന്ന ബ്ലൌസ് ഒരെണ്ണം, അങ്ങുമിങ്ങും എത്താത്ത ബ്ലൌസ് ഒരെണ്ണം, ഈരെഴ തോര്‍ത്ത്‌ രണ്ടെണ്ണം, ഓലപ്പുര മൂന്നു നാലെണ്ണം, 
കൊണ്ടസാ കാര്‍ ഒരെണ്ണം ( റോള്‍സ് റോയ്സ് വരെ നാട്ടിലെത്തിയിട്ടും പുള്ളിയുടെ കഥയിലെ നായികയുടെ ഭര്‍ത്താവായ പണച്ചാക്ക് കൊണ്ടസ്സയില്‍ ആണ് സവാരി ) . സ്വിമ്മിംഗ് പൂള്‍ , വെയില്‍ കായാന്‍ ഉള്ള ബെഞ്ച്‌ ഇതും വേണം. ഫ്രോക്കിന്റെയും മിനി സ്കര്‍ട്ടിന്റെയും അടിയില്‍ ഇടാനുള്ള കറുത്ത നിറത്തിലുള്ള ബോക്സര്‍ ഷോര്‍ട്ട്സ് ( മുട്ട് വരെ എത്തുന്നത്‌ ) കുറച്ചെണ്ണം വേണം.  
രാത്രി ഇടാനുള്ള ഗ്ലൌണ്‍ ( ദിലീപ് വേര്‍ഷന്‍ ) വേണം. സില്‍ക്കില്‍ ഉണ്ടാക്കിയത്. എന്തൊക്കെയോ വിട്ടു പോയി. അത് ഇനി എന്തായാലും മുകളില്‍ പറഞ്ഞ ചേരുവകള്‍ കൂട്ടി കുഴച്ചാല്‍ ഒരു ഉഗ്രന്‍ പടം ഉണ്ടാവും. അത് പ്രസാദ്‌ ചേട്ടന്‍ പല തവണ തെളിയിച്ചു കഴിഞ്ഞു.. ഹി ഹി...

8 അഭിപ്രായങ്ങൾ:

  1. Kalakki. Rafi Mecartine koodi ulpeduthanamaayirunnu. Aake motham oru vediyum pokayum

    മറുപടിഇല്ലാതാക്കൂ
  2. ഹയ്യോ... അത് ശരിയാ .. വിനയനെയും റാഫി മേക്കാര്‍ട്ടിനെയും മറന്നു പോയി. സാരമില്ല . പിന്നെ എടുത്തോളാം .
    ശരത് , sw@t, ഓര്‍മിപ്പിച്ചതിനു വളരെ നന്ദി കേട്ടോ :)

    മറുപടിഇല്ലാതാക്കൂ