2011, മേയ് 26, വ്യാഴാഴ്‌ച

ഒരു ഉത്തരാധുനിക ചിക്കന്‍ കറി - പാചക കുറിപ്പ്

ഇത്തവണ രുചികരമായ ഒരു ചിക്കന്‍ കറിയുടെ പാചക കുറിപ്പാകട്ടെ. പാചകം അറിഞ്ഞുകൂടാത്ത പാവങ്ങള്‍ക്ക് വേണ്ടി ഒരു സേവനം എന്ന നിലയ്ക്കാണ് ഇത് ഇടുന്നത്.


ചേരുവകള്‍ : 

ചിക്കന്‍ അതി ക്രൂരമായി വെട്ടി മുറിച്ചത്. - ഒരു കിലോ ( വെറുതെ സാമ്പിള്‍ നോക്കാന്‍ ).
പൂവന്റെ ഇറച്ചി ആണ് നല്ലത്. പിടയുടെത് നല്ല മുറ്റായിരിക്കും. പെണ്ണല്ലേ ജാതി. 
കോഴിയുടെ കഴുത്ത് വെട്ടിയോ മറ്റോ അതിനെ കൊല ചെയ്യുക. എന്നിട്ട് പൂട പറിച്ചിട്ടു ക്വൊട്ടെഷന്‍കാര്‍ ചെയ്യുന്ന പോലെ   വെട്ടിക്കൂട്ടിയാല്‍ മതി.

സവാള : ശ്വേത മേനോനെ പോലെ ചുവന്നു തുടുത്തത്.
വെളുത്തുള്ളി : പത്തെണ്ണം എണ്ണി എടുക്കുക. എല്ലാം ഒരേ സൈസ് ആയിരിക്കണം. 
ഇഞ്ചി : ചെറു വിരല്‍ നീളത്തില്‍ ഒരെണ്ണം ( സാധാരണ മനുഷ്യന്റെ ചെറുവിരല്‍ നീളം. അതില്‍ കൂടുതല്‍ ഉള്ളവര്‍ നീളം അഡ്ജസ്റ്റ് ചെയ്യാന്‍ മറക്കണ്ട )
ഉപ്പു : വെറുതെ ഒരു കിണ്ണത്തില്‍ ഇട്ടു വച്ചോ. വേണ്ടപ്പോ തട്ടാം 
എണ്ണ : ഒരു കുപ്പി വച്ചോ. എപ്പോഴാ ആവശ്യം വരുന്നതെന്ന് പറയാന്‍ പറ്റില്ല
മഞ്ഞള്‍ പൊടി : കവറില്‍ കിട്ടുന്നത്. എത്ര വേണം എന്ന് അപ്പൊ പറയാം
ചിക്കന്‍ മസാല : ഒരു കവര്‍. അടിമാലിയിലുള്ള ഏതോ ഒരു കമ്പനി ഉണ്ടാക്കുന്നത് ബെസ്ടാ
കടുക് : നൂറു. എണ്ണി എടുക്കണം എന്നില്ല. നൂറു ഗ്രാം മതിയായിരിക്കും.


ഉണ്ടാക്കുന്ന വിധം :

ഇത് നമ്മള്‍ രണ്ടു സ്റെപ് ആയാണ്  ഉണ്ടാക്കുന്നത്‌. ഉള്ളിയും മസാലയും ചേര്‍ത്ത് കൂട്ട് ഉണ്ടാക്കണം. പിന്നെ ചിക്കന്‍ വേവിച്ചിട്ട് അതില്‍ ഇട്ടു ഇളക്കണം

അപ്പൊ സ്റെപ് 1 :
സവാള അരിഞ്ഞു തള്ളുക. ഒരു നാലെണ്ണം. കരയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ചെറിയ ഒരു ചീന ചട്ടി എടുക്കുക. അതില്‍ കുറച്ചു എണ്ണ ഒഴിച്ച് അടുപ്പത്ത് വയ്ക്കുക. എണ്ണ തിളച്ചു വരുമ്പോ കടുക് ഇടണം. ഇത് പാചകത്തിന്റെ ഒരു പ്രാഥമിക നിയമം ആണ്. എപ്പോ എണ്ണ ചൂടാക്കിയാലും കടുക് പൊട്ടിച്ചേക്കണം. ചീന ചട്ടിയിലോ അതില്‍ ഇളക്കുന്ന ചട്ടുകതിലോ അല്പം പോലും വെള്ളം ഉണ്ടാവരുത്. എങ്കില്‍ എണ്ണ പൊട്ടി തെറിക്കും. ആണുങ്ങള്‍  ഷര്‍ട്ട്‌ ഇടാതെ വെറുതെ ലുങ്കി മാത്രം ഉടുത് കൊണ്ടാണ് ഇത് ചെയ്യുന്നതെങ്കില്‍ എണ്ണ വയറ്റത്തും വേണ്ടാത്തിടത്തും ഒക്കെ വീണു അടയാളം വരും. പിന്നെ എന്നെങ്കിലും ഇതൊക്കെ എങ്ങനെ ഉണ്ടായി എന്ന് ഭാര്യയോട്‌ സമാധാനം പറയേണ്ടി വരും. ഇപ്പോഴേ ഒന്ന് ശ്രദ്ധിച്ചാല്‍ അത് ഒഴിവാക്കാം. അതൊക്കെ പോട്ടെ. ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ക്കേണ്ട സമയം ആയി. ഇത് രണ്ടും കൂടി മിക്സിയില്‍ അരച്ച് പേസ്റ്റ് ആക്കിയത് ചട്ടയില്‍ ഇടുക. ഒപ്പം അരിഞ്ഞ ഉള്ളിയും. പിന്നെ രണ്ടു സ്പൂണ്‍ മസാലയും. എന്നിട്ട് ഉമ്മന്‍ ചാണ്ടി ചെയ്യുന്ന പോലെ എല്ലാം കൂടി കൂട്ടികുഴയ്ക്കുക. സവാള തവിട്ടു നിറം ആവുന്ന വരെ വെറുതെ ഇളക്കി കൊണ്ടിരിക്കുക. അത് കാണാന്‍ കൊള്ളാവുന്ന ഒരു നിറത്തിലായി കഴിഞ്ഞാല്‍ ഇറക്കി ഒരു മൂലയ്ക്ക് വയ്ക്കുക. 

സ്റെപ് 2 :
മുകളിലത്തെ സ്റെപ്പിനു പാരലല്‍ ആയി ചെയ്യേണ്ട സ്റെപ് ആണ് ഇത്. സഹായിക്കാന്‍ ഭാര്യ വരുന്നെങ്കില്‍ അവളെ ഏല്‍പ്പിക്കുക. അല്ലെങ്കില്‍ വിധി എന്ന് കരുതി സ്വയം ചെയ്യുക.
ചിക്കെന്‍ കഴുകി വൃത്തിയാക്കുക. രക്തം ചിന്തി മരിച്ച കോഴി ആണെങ്കില്‍ ആ രക്ത കറ ഒക്കെ കഴുകി വൃത്തിയാക്കുക. വലിയ കഷണങ്ങള്‍ വെട്ടി ചെറിയ കഷണങ്ങള്‍ ആക്കുക. കോഴിയുടെ തലച്ചോറ്, ഷിറ്റ് , ഒരാവശ്യവുമില്ലാത്ത കുടല്‍ , പിന്നെ പേരറിയാന്‍ പാടില്ലാത്ത വൃത്തികെട്ട സാധനങ്ങള്‍ ഒക്കെ നീക്കം ചെയ്യുക. കാണാന്‍ ഭംഗിയുള്ള കഷണങ്ങള്‍ മാത്രം ബാക്കി വയ്ക്കുക. 
ഇതിലേയ്ക്ക് രണ്ടു സ്പൂണ്‍ ( ടീ സ്പൂണ്‍ വേണം . അത് കിട്ടിയില്ലെങ്കില്‍ കോഫി സ്പൂണ്‍ ആയാലും മതി )
മസാല പൊടി വിതറുക. രാഖി കാ സ്വയംവറിലുള്ള അത്രയും മസാല മതിയാവും. അല്ലെങ്കില്‍ ഇമോഷണല്‍ അത്യാചാറിലുള്ള അത്രയും ഇട്ടോ. എന്നിട്ട് ഭാര്യയെ മനസ്സില്‍ ധ്യാനിച്ച്‌ ആ ചിക്കനും മസാലയും കുറച്ചു ഉപ്പും ( തിന്നു കഴിഞ്ഞാല്‍ വെള്ളം കുടിക്കാന്‍ പാകത്തിന് മാത്രം ) ചേര്‍ത്ത് 
കൂട്ടി കുഴയ്ക്കണം. കുഴച്ചു കഴിഞ്ഞിട്ട് ഒരു പതിനഞ്ചു മിനിറ്റ് വെറുതെ വയ്ക്കണം. മസാല ചിക്കന്റെ മേത്തു പിടിക്കണമല്ലോ. പിടിച്ചു കഴിഞ്ഞാല്‍ നേരെ അതിനെ എടുത്തു കുക്കറില്‍ തട്ടുക. എന്നിട്ട് തീ ഒക്കെ കൂട്ടി വയ്ച്ചു ഒരു പതിനഞ്ചു മിനിറ്റ് വേവിക്കുക. കുക്കറിന് ബോര്‍ അടിക്കുമ്പോ അത് വിസില്‍ ഒക്കെ അടിക്കും. വിസിലടി ഓവര്‍ ആകുമ്പോ സ്ടവ് ഓഫ്‌ ആക്കുക. അതിലുള്ള നീരാവി ഒക്കെ പുറത്തു വന്നതിനു ശേഷം മാത്രം കുക്കര്‍ തുറക്കുക. കടുക് വറുക്കുന്ന കാര്യം പറഞ്ഞ പോലെ നീരാവി ഒക്കെ പോയതിനു ശേഷം വേണം ഇത് തുറക്കാന്‍. അല്ലെങ്കില്‍ എട്ടിന്റെ പണി കിട്ടും. തീര്‍ച്ച.

കുക്കര്‍ തുറന്നതിനു ശേഷം അതില്‍ നേരത്തെ ഉണ്ടാക്കിയ കൂട്ട് ഇടുക. എന്നിട്ട് ചെറിയ തീ ഇട്ടിട്ടു 
എല്ലാം നന്നായി കൂട്ടി ഇളക്കുക. നിങ്ങള്ക്ക് വൈരാഗ്യം ഉള്ളവരെ ഒക്കെ മനസ്സില്‍ ഓര്‍ത്തു ഇളക്കിയാല്‍ ഇളക്കലിനു ഒരു ശക്തി , ഊര്‍ജം ഒക്കെ കിട്ടും. അങ്ങനെ ഒരു പത്തു മിനിറ്റ് വേവിച്ചിട്ട് അവനെ ഒരു അടപ്പ് കൊണ്ട് അടച്ചു വച്ചിട്ട് ചെറിയ തീയില്‍ വയ്ക്കുക.

പത്തു മിനിറ്റ് കഴിഞ്ഞോ ? എങ്കില്‍ വേഗം വേറെ ആരും കാണാതെ അത് ഇറക്കി വച്ചോ. ഇനി  കഴിക്കണമല്ലോ. നേരത്തെ ഹോടലില്‍ നിന്ന് വാങ്ങിയ ചിക്കന്‍ കറിയും പൊറോട്ടയും എടുത്തു കൊണ്ട് പോയി ആരും കാണാതെ കഴിക്കണം. ഇനി നിങ്ങള്‍ ഉണ്ടാക്കിയ ചിക്കന്‍ കറി കഴിക്കാന്‍ പറ്റിയ കുറച്ചു പേരെ കണ്ടു പിടിക്കുക. എന്നിട്ട് ചോറിന്റെ ഒപ്പമോ ചപ്പാത്തിയുടെ ഒപ്പമോ വിളമ്പുക.
( വിളമ്പുമ്പോള്‍ അതിന്റെ മേലെ കുറച്ചു പുതിന ഇല ഒക്കെ വിതറാം. വെറുതെ ഒരു ഭംഗിക്ക്.  ഒടുവില്‍ പറഞ്ഞു നടക്കാന്‍ അതോക്കെയെ കാണൂ ). ഒരു കാരണവശാലും സ്വയം രുചിച്ചു നോക്കി പണി വാങ്ങിക്കരുത് ട്ടോ . !!

5 അഭിപ്രായങ്ങൾ:

  1. hahahaa...adipoli...chirichu marinju... :P ingane chicken curry undakkiyal nalla bestaarikum

    മറുപടിഇല്ലാതാക്കൂ
  2. ദുശ്ശൂ.... ദുബായില്‍ ബാച്ചിലര്‍ അക്കോമഡേഷനില്‍ ആണോ താമസം???

    മസാലക്കൂ​ട്ട് ഉണ്ടാക്കുന്ന സമയത് അല്‍പ്പം കറിവേപ്പിലയും തേങ്ങാക്കൊത്തും ചേര്‍ത്താല്‍ രുചിയും മണവും മെച്ചപ്പെടുത്താം.

    മറുപടിഇല്ലാതാക്കൂ
  3. ബാച്ചിലര്‍ തന്നെ. പക്ഷെ ബാന്‍ഗ്ലൂര്‍ ആണെന്ന് മാത്രം. കറിവേപ്പിലയും തേങ്ങ കൊത്തും ഒക്കെ കുടുംബത്തില്‍ പിറന്ന കുക്കുകള്‍ക്ക് പറഞ്ഞിട്ടുള്ളതാ ..
    നമ്മളൊക്കെ ആ ലെവല്‍ എത്താന്‍ കുറച്ചു സമയം പിടിക്കും അണ്ണാ

    മറുപടിഇല്ലാതാക്കൂ
  4. ഹ ഹ ഹ ദുസ്സു..ഇങ്ങനെ ചിക്കന്‍ കറി ഉണ്ടാക്കിയാല്‍ എട്ടിന്റെയല്ല എട്ടേ മുക്കാലിന്റെ പണി തന്നെ കിട്ടും..

    മറുപടിഇല്ലാതാക്കൂ
  5. പാചക സൂത്രം സുസുന്ദരം. ഒപ്പം ചേര്‍ത്ത രാഷ്ട്രീയ മസാലയും കേമം.
    അടുത്തിടെ ഞാനൊരു സാമ്പാറ്‌ വച്ചു. അങ്ങനെ പറ്റിപ്പോയതാണ്‌.
    ഒടുക്കം ബാക്ടീരിയക്ക് പോലും വേണ്ടതെ അത് മൂന്നു ദിവസം ഇരുന്നു.

    മറുപടിഇല്ലാതാക്കൂ