2010, മാർച്ച് 31, ബുധനാഴ്‌ച

ഒരു സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ജനിക്കുന്നു - ഭാഗം 7


കഴിഞ്ഞ ഭാഗം
അങ്ങനെ നേരം പുലര്‍ന്നു. കോള്‍ഗേറ്റ് പേസ്റ്റ് ഒക്കെ തേച്ചു ചന്ദ്രിക സോപ്പ് തേച്ചു കുളിച്ചിട്ടു റെഡി ആയി. മുറ്റം തൂക്കാന്‍ വരുന്ന കോര്‍പറേഷന്‍ ആന്റിയെ കണി കണ്ടിട്ട് ഇറങ്ങി. ഇന്ന് പണി തുടങ്ങുകാണ്. അങ്ങനെ ഓഫീസില്‍ എത്തി. പതിനൊന്നു മണി ആവാന്‍ കാത്തിരുന്നു. ആള്‍ക്കാര്‍ ഒക്കെ എത്തി തുടങ്ങി. എല്ലാവരും ബാഗ്‌ കൊണ്ട് വച്ചിട്ട് എങ്ങോട്ടോ പോകുന്നുണ്ട്. കുറച്ചു കഴിഞ്ഞു തിരിച്ചു വന്നു സീറ്റില്‍ ഇരുന്നു മെഷീന്‍ ഓണ്‍ ചെയ്തു അവിടിരുപ്പുണ്ട്. എന്‍റെ മാനേജര്‍ നെ കാണുന്നില്ലല്ലോ. എവിടെ പോയി കിടകുന്നോ ആവോ. അടുത്തിരിക്കുന്നത് ഒരു പെണ്‍ കുട്ടി ആണ്. അവളുടെ മുഖത്തെ കള്ള ലക്ഷണം കണ്ടിട്ട് മലയാളി ആണെന്ന് തോന്നുന്നു. പരിചയപ്പെട്ടു. മലയാളി തന്നെ. കൊള്ളാം. അത്യാവശ്യം ഭംഗി ഒക്കെ ഉണ്ട്. ഇവളോട്‌ അനുരാഗം പൊട്ടി മുളപ്പിച്ചാലോ എന്നോര്‍ത്തു. വേണ്ട. ആദ്യ ദിവസം തന്നെ ജോലി കളയണ്ട. അവളാണ് പറഞ്ഞു തന്നത് അവിടെ ഒരു ടീ വെണ്ടിംഗ് മെഷീന്‍ ഇരിപ്പുണ്ട്. വേണേല്‍ പോയി ചായ കുടിച്ചു വന്നോളാന്‍. പറഞ്ഞ സ്ഥിതിക്ക് പോവാതിരുന്നാല്‍ മോശമല്ലേ. നേരെ വിട്ടു. Pantry എന്ന് എഴുതി വച്ചിരിക്കുന്നത് കണ്ടു. മെഷീന്‍ കണ്ടു. ചുമ്മാതല്ല എല്ലാവനും കുറച്ചു നേരത്തേക്ക് മുങ്ങുന്നത്. ചായ കുടിക്കാന്‍ പോയതാരിക്കും. അതിനടുത്തു കപ്പ്‌, ഷുഗര്‍ ഒക്കെ ഇരിപ്പുണ്ട്. ഈ പണ്ടാരത്തില്‍ നിന്ന് ചായ ഉണ്ടാക്കുന്നതെങ്ങനെ ആണാവോ.
മൂന്നു നിറത്തിലുള്ള മൂന്നു ബട്ടണ്‍ ഉണ്ട്. അതിന്‍റെ അടുത്ത് എന്തോ എഴുതിയിട്ടുണ്ട്. കാലപഴക്കം കൊണ്ട് മാഞ്ഞു പോയിരിക്കുന്നു. ഇതില്‍ ചായ ഇതു കുഴലില്‍ കൂടി ആണോ എന്തോ വരുന്നത്.
രണ്ടും കല്പിച്ചു കപ്പ്‌ ഒരു ടാപ്പിന്റെ താഴെ വച്ച്. ഒരു ബട്ടണ്‍ പിടിച്ചു അമര്‍ത്തി.
പുല്ല്.. അതില്‍ കൂടി ചൂട് വെള്ളം ആണ് വന്നത്. ആരും കാണാതെ പതുക്കെ അത് വാഷ്‌ ബെസിനിലേക്ക് കമഴ്ത്തി. അടുത്തതില്‍ വച്ചു. ബട്ടണ്‍ വീണ്ടും ഞെക്കി. ഹാവൂ. പാല് തന്നെ. അപ്പോഴ അത് ശ്രദ്ധിച്ചത്. രണ്ടു ബട്ടണ്‍ ഉണ്ട് ആ ടാപ്പ്‌ നു. milk നു ഒരു ബട്ടണ്‍, more milk എന്നെഴുതിയ വേറൊരു ബട്ടണ്‍.
ഇതേതോ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ഉണ്ടാക്കിയതാണെന്ന് തോന്നുന്നു. ഇനി അല്പം തേയില വേണമല്ലോ. അതെവിടുന്നു ഒപ്പിക്കും? ഒരു പെട്ടി ഇരിപ്പുണ്ട്. അത് തുറന്നു നോക്കി. ഇത് തേയില തന്നെ. ചെറിയ പേപ്പര്‍ പാക്കെറ്റിലാക്കി ലേബല്‍ ഒരു ചരടില്‍ കോര്‍ത്ത്‌ ഇട്ടിട്ടുണ്ട്. അതില്‍ ഒരെണ്ണം എടുത്തു. കീറി തേയില മുഴുവന്‍ കപ്പില്‍ ഇട്ടു. ഇനി ഇത് എങ്ങനെ അരിക്കുമോ ആവോ. അരിപ്പ ഒന്നും അവിടെ കാണാനില്ല. 'ഹോ അപ്പൊ ഇതൊന്നും ഇത് വരെ കണ്ടിട്ടില്ല അല്ലെ ? ' ബൈജു തിരിഞ്ഞു നോക്കി. മുറ്റത്തൊരു മൈന. അവള്‍ പറഞ്ഞു ഇങ്ങനല്ല ഇത് ഉണ്ടാക്കേണ്ടത്. അവള്‍ തന്നെ അത് വാങ്ങി കമഴ്ത്തി കളഞ്ഞു. എന്നിട്ട് ഒരു കപ്പ്‌ എടുത്തു ഒരു ചായ ഉണ്ടാക്കി തന്നു. 'ഈശ്വരാ.. മാനം പോയി'. പതിയെ ചായ കുടിച്ചിട്ട് സീടിലേക്ക് പോയി.
മാനേജര്‍ എത്തി. സര്‍.. എന്ന് വിളിച്ചു . അദ്ദേഹം തിരിഞ്ഞു നോക്കി. 'ഞാന്‍ ഇന്നലെ ജോയിന്‍ ചെയ്ത ബൈജു...' എന്നൊക്കെ പറഞ്ഞു. അങ്ങനെ പുള്ളി പരിചയപ്പെട്ടു. വിവരങ്ങളൊക്കെ അന്വേഷിച്ചു.
കന്നടകാരനാണെന്ന് തോന്നുന്നു. പുരികത്തിനു കൃത്യം നടുക്കായി ഒരു വൃത്തികെട്ട ഒരു പൊട്ട് ഇട്ടിട്ടുണ്ട്. വെറുതെ പുള്ളി പറഞ്ഞ വളിപ്പിനൊക്കെ ചിരിച്ചു കാണിച്ചു. 'തന്‍റെ മെഷീന്‍ ഒക്കെ സെറ്റപ്പ് ചെയ്യാന്‍ രണ്ടു ദിവസം എടുക്കും .. അതുവരെ ഈ documentation ഒക്കെ നോക്കാന്‍ പറഞ്ഞിട്ട് കുറച്ചു പ്രിന്‍റ്ഔട്സ് കുറച്ചു links ഒക്കെ തന്നു. ഊണ് കഴിക്കാന്‍ ടൈം ആയപ്പോ പുള്ളി നിര്‍ത്തി. 'അപ്പൊ ലഞ്ച് കഴിഞ്ഞിട്ട് വായന തുടങ്ങിക്കോ .. all the best' എന്നൊക്കെ പറഞ്ഞിട്ട് അങ്ങേര്‍ പോയി. 'ലഞ്ച് കൊണ്ട് വന്നിട്ടുണ്ടോ എന്ന് അടുത്തിരിക്കുന്ന കുട്ടി ചോദിച്ചു. അവളുടെ പേര് രജനി എന്നാണ്. ഏറ്റവും മുകളിലാണ് cafetaria എന്ന് പറഞ്ഞു അവള്‍. എന്നാല്‍ പിന്നെ ഇവളുടെ ഒപ്പം പോവാം. അവിടെ ചെന്നപ്പോഴാണ് കണ്ടത് .. എല്ലാവന്മാരും ഒന്നുകില്‍ ഊണ് കൊണ്ട് വന്നിട്ടുണ്ട്. അല്ലെങ്കില്‍ എന്തോ ഒരു ലോട്ടറി ടിക്കറ്റ്‌ പോലുള്ള ഒരു കടലാസ് കൊടുക്കുകാണ്. അതെന്തു കുന്തമാണെന്ന് രജനിയോട്‌ ചോദിച്ചു. food coupon ആണെന്ന് അവള്‍ പറഞ്ഞു.
എനിക്കും അത് കിട്ടും എന്നും പറഞ്ഞു. ഇവിടെ ഒരുത്തനും കാശ് കൊടുത്തു ആഹാരം കഴിക്കില്ല എന്നാ തോന്നുന്നത്. വീട്ടില്‍ ചെന്നിട്ടു മഹേഷിനോട് ചോദിക്കണം എന്താ ചെയ്യേണ്ടതെന്ന്. ഊണ് ഒക്കെ കഴിഞ്ഞിട്ട് ആ documents ഉം എടുത്തു കൊണ്ട് സീറ്റില്‍ വന്നിരുന്നു. ഉള്ളത് പറയാമല്ലോ ആദ്യ പേജ് വായിച്ചപ്പോ തന്നെ നല്ല ഉറക്കം വന്നു. ചുറ്റിനും നോക്കിയപ്പോ സുഖം തന്നെ. എല്ലാവരും നല്ല ഉറക്കം. രജനി മൊബൈല്‍ എടുത്തു ആരോടോ ശബ്ദം താഴ്ത്തി സംസാരിക്കുന്നുണ്ട്. ലവള്‍ engaged ആണോ എന്തോ.
സാരമില്ല. വേറെയും കിളികള്‍ ഉണ്ട്. സമയം കിടക്കുക്കല്ലേ. നോക്കാം. അങ്ങനെ ഇരുന്നു ഉറങ്ങിയും ഉണര്‍ന്നും ചുറ്റിനും നോക്കിയും സമയം തള്ളി നീക്കി. ആറു മണി ആയി. എല്ലാവരും ഇപ്പൊ തന്നെ വീട്ടില്‍ പോകുമായിരിക്കും. ഒരുത്തനും അനക്കമില്ലല്ലോ. ഇവനൊന്നും വീടും കുടിയും ഒന്നുമില്ലേ ? അങ്ങനെ കുറച്ചു നേരം കൂടി ഇരുന്നു. അറബികഥയില്‍ ശ്രീനിവാസന്‍ ചോദിക്കുന്ന പോലെ ജോലി സമയം എട്ടു മണികൂര്‍ തന്നെ അല്ലെ എന്ന് രജനിയോട്‌ ചോദിച്ചു. അവളെ സല്ലാപത്തിനിടയില്‍ ശ്യല്യപെടുതിയത് കൊണ്ടാണോ എന്തോ ദഹിപ്പിക്കുന്ന പോലെ ഒന്ന് നോക്കി. എന്നിട്ട് പറഞ്ഞു ' ഓഹോ. അപ്പൊ സര്‍ക്കാര്‍ ഓഫീസ് ആണെന്ന് കരുതി വന്നതാണല്ലേ ? ' എന്ന് ചോദിച്ചു. അടുത്ത മാസം തൊട്ടു ബൈജുവിന്‍റെ അവസ്ഥയും ഇത് തന്നെ ആണ് കേട്ടോ എന്ന് പറഞ്ഞിട്ട് അവള്‍ പൊട്ടി ചിരിച്ചു. ഒരു കമ്പനിക്ക്‌ വേണ്ടി വെറുതെ ചിരിച്ചു കൊടുത്തു.
'അപ്പൊ എന്‍റെ കാര്യം കട്ട പൊക.. മഹേഷേ ..... അയ്യോ ...'

( തുടരും.. എന്നെ ആരും തല്ലി കൊന്നില്ലെങ്കില്‍ ... )
അടുത്ത ഭാഗം 


2010, മാർച്ച് 30, ചൊവ്വാഴ്ച

ഒരു സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ജനിക്കുന്നു - ഭാഗം 6

കഴിഞ്ഞ ഭാഗം 
അങ്ങനെ ഒടുവില്‍ ബൈജു നു ജോലി കിട്ടി. ഉണ്ണിക്കുട്ടന് ജോലി കിട്ടി എന്ന് പറയണ പോലെ. ഇതൊരു കോണ്ട്രാക്റ്റ് ടു ഹയര്‍ ജോബ്‌ ആണ്. അതായതു ആര് മാസം കഴിഞ്ഞാല്‍ ചിലപ്പോ സ്ഥിരമാക്കിയേക്കും. ഓഫര്‍ ലെറ്റര്‍ കിട്ടിയപ്പോഴൊന്നും കഴുവേറികള്‍ ഇതൊന്നും പറഞ്ഞില്ല. ഒടുവില്‍ വീട്ടില്‍ കൊണ്ട് പോയി മഹേഷിനെ കാണിച്ചപ്പോഴാണ്‌ കാര്യം പിടി കിട്ടിയത്. എന്തായാലും ഉള്ളതാവട്ടെ. ഈ കോണ്ട്രാക്റ്റ് എന്ന് പറയണത് എന്തുവാണോ ആവോ.

അങ്ങനെ ഒടുവില്‍ ജോലി തുടങ്ങുകാണ്. രാവിലെ തന്നെ അയ്യപ്പ സ്വാമിയുടെ അമ്പലത്തില്‍ പോയി പ്രാര്‍ത്ഥിച്ചു. 9 മണിക്ക് തന്നെ ഓഫീസില്‍ എത്തി. അവിടെ ചെന്നപോ എന്തോ ഒരു പന്തികേട്‌. ആരെയും കാണാനില്ല. സെക്യൂരിറ്റി മാത്രം ഉണ്ട്. 'എന്താ ആരും ഇല്ലേ ? ' എന്നൊക്കെ അയാളോട് ചോദിച്ചു. തന്തക്കു വിളി കേട്ട പോലെ അയാള്‍ തുറിച്ചു നോക്കി. പതിനൊന്നു മണി ആകാതെ ഒരുത്തനും വരില്ല എന്ന് അയാള്‍ കന്നടയില്‍ മൊഴിഞ്ഞു. ഇരുന്നു ഇരുന്നു വേര് കിളിച്ചു. അപ്പോഴത ഒരുത്തന്‍ വരുന്നു. കയ്യില്‍ ഒരു ലാപ്ടോപ് ബാഗും വേറൊരു ചെറിയ ബാഗും ഉണ്ട്. tupperware എന്നൊക്കെ എഴുതിയിട്ടുണ്ട്.
ചിലപ്പോ ഉച്ചക്ക് കഴിക്കാനുള്ള ഊണ് ആയിരിക്കും. ഒരു വാട്ടര്‍ ബോട്ടിലും ഉണ്ട്. ഗുഡ് മോര്‍ണിംഗ് സര്‍ എന്ന് വച്ചടിച്ചു. അയാള്‍ തിരിച്ചും പറഞ്ഞു. ആരാ .. എന്താ എന്നൊക്കെ ചോദിച്ചു.
ഇന്ന് പണിക്കു കയറാന്‍ വന്ന ബൈജു ആണ് ഞാന്‍ എന്നൊക്കെ പറഞ്ഞു . നമ്മുടെ ഇംഗ്ലീഷ് കേട്ടിട്ടാണോ എന്തോ അയാള്‍ അന്തം വിട്ടു അകത്തേക്ക് പോയി. മലയാളികള്‍ക്ക് ഒരു signature accent ഉണ്ട്. ഏതൊരുത്തനും പെട്ടെന്ന് മല്ലു ഇംഗ്ലീഷ് കേട്ടാല്‍ പെട്ടെന്ന് സംഗതി പിടി കിട്ടും. ഇവന്‍ തമിഴന്‍ ആണെന്ന് തോന്നുന്നു. നല്ല കരി വീട്ടിയുടെ നിറം. കുറച്ചു കഴിഞ്ഞപോ മുഖം നിറയെ ലിപ്സ്ടിക് ഇട്ടു ഒരു സുന്ദരി വന്നു കയറി. ആഹാ. മനം കുളിര്‍ത്തു. HR executive ആണെന്ന് അവള്‍ സ്വയം പരിചയപെടുത്തി. സപ്രിടിക്കറ്റ് ഒക്കെ എടുത്തു കൊടുത്തു. എല്ലാം ഒന്ന് രണ്ടു തവണ ഒന്ന് നോക്കി. വെയിറ്റ് ചെയ്യാന്‍ പറഞ്ഞു. കുറച്ചു കഴിഞ്ഞിട്ട് അവള്‍ വീണ്ടും വന്നു. ഒരു ലോഡ് കടലാസുകള്‍ എടുത്തു തന്നു. എല്ലാം പൂരിപ്പിച്ചു കൊടുക്കാന്‍ പറഞ്ഞു. പണ്ട് പഞ്ചായത്ത്‌ ഓഫീസില്‍ കരം അടച്ചതിന്റെ സര്ടിഫികറ്റ് വാങ്ങാന്‍ പോയതാണ് ഓര്മ വരുന്നത്. അച്ഛന്റെയും അമ്മയുടെയും വരാന്‍ പോകുന്ന ഭാര്യയുടെയും മക്കളുടെയും വീട്ടിനടുത്തുള്ള ജാനുവിന്റെ വിവരങ്ങള്‍ വരെ ചോദിച്ചിട്ടുണ്ട്. എല്ലാം എഴുതി കൊടുത്തു. എല്ലാം തീര്‍ന്നപ്പോ ആറു മണി ആയി.
രാവിലെ ഒരു പതിനൊന്നു മണി ആവുമ്പോ വന്നേക്കാന്‍ പറഞ്ഞിട്ട് അവള്‍ പോയി. ഹാവൂ .. ആശ്വാസമായി. മൊബൈല്‍ എടുത്തു അമ്മയെ വിളിച്ചു. ഓഫീസിനെ പറ്റി കുറെ വര്‍ണിച്ചു.
ഓഫീസിലെ എ സി , സെക്യൂരിറ്റി, രാവിലെ കണ്ട കരി വീട്ടി, ഫില്‍ ചെയ്ത കടലാസുകള്‍ .. അങ്ങനെ എല്ലാം വര്‍ണിച്ചു. HR സുന്ദരിയെ പറ്റി ഒന്നും പറഞ്ഞില്ല. അമ്മക്ക് വല്ലതും തോന്നിയാലോ.
നാളെ ആദ്യ ദിവസമാണ്. കിടന്നു ഉറങ്ങിയേക്കാം. ഗുഡ് നൈറ്റ്‌

2010, മാർച്ച് 29, തിങ്കളാഴ്‌ച

ദോപന ഹള്ളി ബസ്‌ സ്റൊപിലെ പെണ്‍ കുട്ടി




എന്നും ഓഫീസില്‍ പോകുന്ന വഴി ആ ബസ്‌ ദോപന ഹള്ളി ബസ് സ്റ്റോപ്പില്‍ നിര്‍ത്താറുണ്ട്. എന്തുകൊണ്ടോ അയാള്‍ക്ക് ആ സ്റ്റോപ്പ്‌ വളരെ ഇഷ്ടമായിരുന്നു. വിളറിയ പിങ്ക് നിറത്തിലുള്ള ഒരുപാടു പൂക്കള്‍ പൊഴിഞ്ഞു വീഴുന്ന ഒരു ബോഗന്‍ വില്ല മരത്തിന്‍റെ ചുവട്ടിലാണ് ആ സ്റ്റോപ്പ്‌. അവിടെ ബസ്‌ നിര്‍ത്തുമ്പോള്‍ അയാള്‍ മുകളിലേക്കാണ് നോക്കാറുള്ളത്. നിറയെ പൂക്കള്‍ ചൂടി നിക്കുന്ന മരം സമ്മര്‍ തുടങ്ങിയതില്‍ പിന്നെ പൂക്കള്‍ പൊഴിച്ച് ആ ഫുട് പാത്തും റോഡും ഒക്കെ ഭംഗിയാക്കാന്‍ തുടങ്ങിയിരുന്നു. അങ്ങനെ ഒടുവില്‍ അതില്‍ പൂക്കള്‍ തീരെ ഇല്ലാതായി. ബസ്‌ നിര്‍ത്തുമ്പോള്‍ മുകളിലേക്ക് നോക്കുമ്പോള്‍ കാണുന്ന നഗ്നമായ ചില്ലകളും  തീഷ്ണമായ ചൂടില്‍ തിളച്ചു മറിയുന്ന നീല നിറം നഷ്ടപെട്ട ആകാശവും അയാളെ അതില്‍ നിന്ന് പിന്തിരിപ്പിച്ചു. അങ്ങനെ അയാള്‍ ഒടുവില്‍ സ്റ്റോപ്പില്‍ ബസ്‌ കാത്തു നില്‍ക്കുന്ന ആള്‍ക്കാരെ ശ്രദ്ധിക്കാന്‍ തുടങ്ങി.പക്ഷെ മിക്കവാറും ആ സ്റ്റോപ്പില്‍ നിന്ന് അധികം ആള്‍ക്കാര്‍ കയറാന്‍ ഉണ്ടാവില്ല. അങ്ങനെ ഒരു ദിവസം അയാള്‍ ഒരു കാഴ്ച കണ്ടു. പാതയോരത്ത് വീണു കിടക്കുന്ന പിങ്ക് പൂക്കളുടെ നിറത്തില്‍ .. ആ പൂക്കള്‍ കൊണ്ട് നെയ്തെടുത്ത ഒരു കുപ്പായം അണിഞ്ഞൊരു പെണ്‍കുട്ടി. അവള്‍ ആ ബെഞ്ചില്‍ ഇരിക്കുകയാണ്. പല നിറത്തിലുള്ള ഫ്രെയിം ഉള്ള ഒരു കണ്ണടയും വച്ചിട്ടുണ്ട്. കയ്യില്‍ തടിച്ച ചില സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറിംഗ് ബുക്സ്. ഏതോ എഞ്ചിനീയറിംഗ് സ്ടുടെന്റ്റ്‌ ആണെന്ന് തോന്നുന്നു.അവളുടെ മുഖ ഭാവമാണ് അയാളെ ഒറ്റ നോട്ടത്തില്‍ ആകര്‍ഷിച്ചത് .കയ്യിലിരിക്കുന്ന പുസ്തകങ്ങളും ആ കണ്ണടയും എല്ലാം കൂടി ഒരു ബുദ്ധി ജീവിയുടെ ഭാവമാണ് എങ്കിലും ഒളിച്ചു വച്ചാലും മറഞ്ഞിരിക്കാത്ത ഒരു കുസൃതി നിറഞ്ഞ ഒരു മനോഹാരിത അവളുടെ മുഖത്തുണ്ട്‌. ആണുങ്ങള്‍ ഒക്കെ ഇരിക്കുന്ന പോലെ എന്തെങ്കിലും കൊറിച്ചു കൊണ്ട് ഇരിക്കുന്നതും അയാള്‍ കണ്ടിട്ടുണ്ട്. കാതില്‍ തിരുകി വച്ചിരിക്കുന്ന ഇയര്‍ ഫോണില്‍ കൂടി എന്തോ കേട്ടുകൊണ്ടാണ് അവള്‍ ബസ്‌ കാത്തിരിക്കുന്നത്. മൊത്തത്തില്‍ ഒരു നോര്‍ത്ത് ഇന്ത്യന്‍ സുന്ദരിയുടെ ലുക്ക്‌ ഉണ്ട്. ആ മുഖത്തെ കൌതുകം കൊണ്ടാണോ ആവോ .. അയാള്‍ എന്നും അവളെ നിരീക്ഷിക്കാന്‍ തുടങ്ങി. വെറുതെ ഒരു തമാശക്ക് നോക്കി തുടങ്ങിയത് പതിയെ ഗൌരവം ആയി തുടങ്ങി. ആ ബസ്‌ സ്റ്റോപ്പില്‍ അവള്‍ ഇല്ലാത്ത ദിവസങ്ങളില്‍ അയാള്‍ക്ക് വല്ലാത്ത ഒരു ശൂന്യത അനുഭവപെട്ടു. അവള്‍ ഇല്ലാത്തതു ആ ബസ്‌ സ്റൊപ്പിനു ഒരു കുറവായി അയാള്‍ക്ക് തോന്നി തുടങ്ങി. ആ ദിവസങ്ങളില്‍ സ്ഥിരമായി പൂക്കള്‍ പൊഴിക്കാറുള്ള മരം പോലും നിശ്ചലം ആയി നിന്നു.അങ്ങനെ ദിവസങ്ങളും മാസങ്ങളും കടന്നു പോയി. എന്നും അവള്‍ ഇരിക്കുന്ന ആ ബസ്റ്റ് സ്റ്റോപ്പ്‌ കണ്ടു കൊണ്ട് അയാള്‍ ജോലിക്ക് പൊയ്ക്കൊണ്ടിരുന്നു. അവളുടെ കയ്യില്‍ കാണാറുള്ള പുസ്തകങ്ങളുടെ രൂപം മാറികൊണ്ടിരുന്നു. തടിച്ച പുസ്തകങ്ങള്‍ ചെറിയ പുസ്തകങ്ങള്‍ക്കും ഫയലുകള്‍ക്കും വഴി മാറി. കണ്ണടയുടെ ഫ്രെയിം മാറി. ആ ബോഗന്‍ വില്ലയില്‍ വീണ്ടും പൂക്കള്‍ വിരിഞ്ഞു. മഞ്ഞു കാലം വന്നു. രാവിലെ കുളിര്‍ പുതച്ചു നില്‍ക്കുന്ന ആ ബസ്‌ സ്റ്റോപ്പില്‍ ഒരു ഷാള്‍ പുതച്ചു അവള്‍. കുറച്ചു കാലമായി കാണാന്‍ തുടങ്ങിയിട്ട് എങ്കിലും ഇപ്പോഴും അവള്‍ ആരാണെന്നോ എന്താണെന്നോ അറിയില്ല. ഒരു ദിവസം അവിടെ ഇറങ്ങി ഒന്ന് പരിചയപ്പെട്ടാലോ. വേണ്ട. അത് ബോര്‍ ആവും. ഒരു കാമുകനോ പൂവാലനോ ആയി അവള്‍ തെറ്റി ധരിച്ചാലോ ..അങ്ങനെ ഒരു ദിവസം. അന്ന് അയാള്‍ ശ്രദ്ധിച്ചു. അവളുടെ അടുത്ത് ബെഞ്ചില്‍ ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയുടെ ലോഗോ ഉള്ള ഒരു ബാഗ്‌. അപ്പൊ അവള്‍ക്കു എവിടെയോ ജോലി കിട്ടിയിട്ടുണ്ട്. ശ്രധിച്ചപ്പോഴാണ് അയാള്‍ക്ക് മനസ്സിലായത് അയാളുടെ അതെ കമ്പനിയുടെ ലോഗോ ആണ്. അത് ശരി. അപ്പൊ ഒരു തുമ്പു കിട്ടി. നാളെ എന്തായാലും ഇറങ്ങി എന്തെങ്കിലും വിദ്യ പ്രയോഗിക്കാം. അന്ന് അയാള്‍ ഭാര്യയോട്‌ പറഞ്ഞു. നാളെ ഒരു സംഭവം നടക്കാന്‍ പോവുകയാണെന്ന്. എന്താ എന്ന് പല തവണ ചോദിച്ചിട്ടും അയാള്‍ ഒന്നും പറഞ്ഞില്ല. മകന്‍ വന്നു ചോദിച്ചു. എന്താ പപ്പാ എന്താ നാളെ എന്നൊക്കെ.. അയാള്‍ എന്തൊക്കെയോ മറുപടി പറഞ്ഞു മകനെ ഉറക്കി. അങ്ങനെ നേരം വെളുത്തു. ഉള്ളില്‍ ചെറിയ പേടി ഉണ്ട്. പണ്ട് കോളേജില്‍ പഠിച്ചു കൊണ്ടിരുന്നപ്പോ ഇങ്ങനെ ഒക്കെ ചെയ്തിട്ടുണ്ടെങ്കിലും ഇപ്പൊ.. ജീവിതത്തിന്‍റെ ഈ വേനല്‍ കാലത്ത്.. ശരി .. നോക്കാം. അങ്ങനെ അന്ന് അയാള്‍ പതിവ് പോലെ ബസില്‍ കയറി. ദോപന ഹള്ളി സ്റ്റോപ്പ്‌ എത്തുന്നതിനു മുമ്പുള്ള സ്റ്റോപ്പില്‍ ഇറങ്ങി.
ഇനി ഇവിടുന്നു പതിയെ നടന്നു ചെല്ലാം. അയാളെ ഇറക്കിയിട്ട്‌ ബസ്‌ നീങ്ങി. അയാള്‍ പതിയെ നടന്നു. അവിടെ സ്റ്റോപ്പില്‍ അവള്‍ ഇരിപ്പുണ്ട്. പതിവ് പോലെ അടുത്ത് ആ ബാഗും. എന്ത് ചോദിക്കണം.
പാര്‍ക്ക്‌ ലേക്കുള്ള ബസ്‌ പോയോ എന്ന് ചോദിക്കാം.എന്നിട്ട് ഓഫീസ് ലേക്ക് വരുന്നെങ്കില്‍ ഒരു റിക്ഷ എടുത്തു ഷെയര്‍ ചെയ്തത് പോവാം എന്ന് പറയാം. അയാള്‍ ആ സ്റ്റോപ്പില്‍ എത്തി. അവളുടെ അടുത്ത് ചെന്നു.
201 Rബസ്‌ പോയോ എന്ന് പതിയെ ചോദിച്ചു. അവള്‍ ഇയര്‍ ഫോണ്‍ ചെവിയില്‍ നിന്ന് ഊരി. ആ ബസ്‌ പോയെന്നു പറഞ്ഞു. നല്ല ശബ്ദം.
'ഹോ .. ഇനി എന്ത് ചെയ്യും.. oh.. you are also working in ---- ' എന്ന് കൃത്രിമമായ ഒരു ആശ്ചര്യ ഭാവത്തോടെ ചോദിച്ചു. അവള്‍ പറഞ്ഞു 'അല്ല' എന്ന്. ആ മറുപടി കേട്ട് അയാള്‍ ശരിക്കും ഞെട്ടി. ഇവള്‍ ദേഷ്യതിലാണോ ? കുഴപ്പമാവുമോ ? ബട്ട്‌ അവളുടെ മുഖം കണ്ടിട്ട് അങ്ങനെ തോന്നുന്നില്ല. സ്ഥിരമായി കാണാറുള്ള ആ കൌതുകവും
കുളിര്‍മയും ഇപ്പോഴും ഉണ്ട്. 'പിന്നെ ഈ ബാഗ്‌ ? ' എന്ന് അയാള്‍ ചോദിയ്ക്കാന്‍ ഒരുങ്ങി. പെട്ടെന്ന് അവള്‍ ഇരുന്നു കൊണ്ട് തന്നെ കൈ ഉയര്‍ത്തി ആരെയോ കാണിച്ചു. അപ്പോഴാണ് അയാള്‍ ആ ചെറുപ്പക്കാരനെ കണ്ടത്. മൂന്നു വീലുള്ള ഒരു സ്കൂട്ടെര്‍ നിര്‍ത്തി അയാള്‍ ഇറങ്ങി. ഇയാള്‍ക്ക് ഒരു കുഴപ്പവും ഇല്ലല്ലോ . എന്നിട്ടെന്തിനാ ഇത്തരം ഒരു സ്കൂട്ടര്‍ എന്ന് അയാള്‍ മനസ്സില്‍ ഓര്‍ത്തു. ആ ചെറുപ്പക്കാരന്‍ ബാഗ്‌ അവളുടെ കയ്യില്‍ നിന്ന് വാങ്ങി തോളില്‍ ഇട്ടു. അവളുടെ ഒരു കയ്യില്‍ പിടിച്ചു എഴുനെല്‍പ്പിച്ചു. അപ്പോഴാണ് അയാള്‍ കണ്ടത്. അവള്‍ക്കു നില്ക്കാന്‍ പറ്റുന്നില്ല. ആ കാലുകള്‍ ഒരു ചെറിയ പെന്‍സില്‍ പോലെ മെലിഞ്ഞു ഇരിക്കുന്നു. അയാളുടെ തോളില്‍ ചാരി അവള്‍ സ്കൂട്ടറില്‍ കയറി. അവളെ ഇരുത്തിയിട്ട് അയാള്‍ തിരികെ വന്നു ആ ബെഞ്ചില്‍ വച്ചിരുന്ന അവളുടെ ബാഗും ലഞ്ച് കാരിയറും എടുത്തു വച്ച്. 'oh. you are also working in .....' എന്ന് അയാള്‍ മടിച്ചു മടിച്ചു ആ ചെറുപ്പക്കാരനോട്‌  ചോദിച്ചു. 'അതെ' അയാള്‍ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു. 'ഇത് ? ' എന്ന് അയാള്‍ ചോദിച്ചു. ' എന്‍റെ  സിസ്റ്റര്‍ ആണ്. അവള്‍ക്കു നടക്കാന്‍ പറ്റില്ല. ഞാന്‍ രാവിലെ ഒരു സ്ഥലത്ത് പാര്‍ട്ട്‌ ടൈം ജോബ്‌ ഒന്ന് ചെയ്യുന്നുണ്ട് . അത് കഴിയുമ്പോ ഇവള്‍ ട്യൂഷന്‍ കഴിഞ്ഞു ഇവിടെ വരും. ഇനി മോളെ വീട്ടില്‍ കൊണ്ടാക്കിയിട്ട്‌ വേണം എനിക്ക് ഓഫീസില്‍ പോവാന്‍. അപ്പൊ കാണാം. ശരി ' എന്നൊക്കെ പറഞ്ഞു ആ ചെറുപ്പക്കാരന്‍ സ്കൂട്ടര്‍ സ്റ്റാര്‍ട്ട്‌ ചെയ്തു. 'ശരി.. ബൈ' എന്ന് പറഞ്ഞു അയാള്‍ കൈകള്‍ വീശി..
എന്തുകൊണ്ടോ അയാളുടെ കണ്ണില്‍ ഒരു തുള്ളി കണ്ണീര്‍ പൊടിഞ്ഞിരുന്നു...

ഞാന്‍ കോമഡി മാത്രമേ എഴുതു എന്ന് ആള്‍ക്കാര്‍ പറഞ്ഞു നടക്കുന്നു. എന്നാ പിന്നെ മലയാള സാഹിത്യത്തിനു കുറച്ചു നല്ല കഥകള്‍ സംഭാവന ചെയ്തിട്ട് തന്നെ കാര്യം എന്ന് ഞാനും അങ്ങ് തീരുമാനിച്ചു.
അങ്ങനെ എഴുതിയതാണിത്. എന്നോട് ക്ഷമിക്കു ട്ടാ - സ്വന്തം ദുശാസ്സനന്‍


ചില സാങ്കേതിക കാരണങ്ങളാല്‍ "ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ജനിക്കുന്നു ' ഒരു ഇടവേളയ്ക്കു ശേഷം തുടരും

2010, മാർച്ച് 18, വ്യാഴാഴ്‌ച

ഒരു സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ജനിക്കുന്നു - ഭാഗം 5

കഴിഞ്ഞ ഭാഗം 

അങ്ങനെ ഒടുവില്‍ ഒരു ഇന്റര്‍വ്യൂ ഒത്തു വന്നു. നാളെ രാവിലെ 10 നു കോനപ്പന ആഗ്രഹരതിനടുത്തുള്ള കമ്പനി ഓഫീസില്‍ എത്താന്‍ consultant വിളിച്ചു പറഞ്ഞു. എങ്ങനെ ഡ്രസ്സ്‌ ചെയ്യണം എന്നൊക്കെ മഹേഷ്‌ പറഞ്ഞു തന്നു. ഫയല്‍ ഒക്കെ ശരിയാക്കി. സമയത്ത് തന്നെ ഓഫീസില്‍ എത്തി. ഈശ്വരാ. കുറെ ആള്‍ക്കാര്‍ ഇരിപ്പുണ്ട്. സെക്യൂരിറ്റി വന്നു സി വി വാങ്ങി പോയി. ഓരോരുത്തരെ ആയി വിളിക്കാന്‍ തുടങ്ങി. അത് വരെ കരുതി വച്ച ധൈര്യം ഒക്കെ ചോര്‍ന്നു പോയി.
പഠിച്ച .നെറ്റ് ഒക്കെ ഒന്ന് കൂടി ഓര്‍ത്തു. രമേശന്‍ ചേട്ടനെ മനസ്സില്‍ ധ്യാനിച്ചു. "ബൈജു" "ബൈജു" സെക്യൂരിറ്റി അതാ വിളിക്കുന്നു. അകത്തേക്ക് കയറി. നല്ല കുളിരാ അകത്തു. മൂന്നു ചേട്ടന്മാര്‍ ടൈ ഒക്കെ കെട്ടി ഇരിപ്പുണ്ട്. ഇതൊരു ചെറിയ കമ്പനി ആണേലും ഇവന്മാരെ കണ്ടാല്‍ അത് പറയില്ല. സ്വയം പരിചയപെടുത്താന്‍ പറഞ്ഞു. ഭാരതം നമ്മുടെ രാഷ്ട്രമാണ്. നാമെല്ലാം ഭാരതീയരാണ്‌ എന്നൊക്കെ നാലാം ക്ലാസ്സില്‍ പറഞ്ഞ പോലെ എന്തൊക്കെയോ പറഞ്ഞു. ഇവന്മാര്‍ക്ക് പിടി കിട്ടിയോ ആവോ. ഒരുത്തന്‍ ചിരിക്കുന്നുമുണ്ട്. resume യില്‍ ഒന്ന് നോക്കി ചോദ്യങ്ങള്‍ വരാന്‍ തുടങ്ങി. surprisingly ചോദ്യങ്ങള്‍ ഒക്കെ വളരെ എളുപ്പമായിരുന്നു. എല്ലാത്തിനും ഉത്തരവും പറഞ്ഞു. ഒടുവില്‍ അത് കഴിഞ്ഞു. പുറത്തു വെയിറ്റ് ചെയ്യാന്‍ പറഞ്ഞു. തുടിക്കുന്ന ഹൃദയത്തോട് കൂടി പുറത്തിറങ്ങി. ബാക്കി ഉള്ളവരെ ഒക്കെ നോന്നു നോക്കി. ഒരു ചെറിയ സമാധാനം തോന്നി.ഇത് കിട്ടും എന്ന് മനസ്സില്‍ എന്തോ ഒരു പ്രതീക്ഷ ഉണര്‍ന്നു. എന്തായാലും ആദ്യ കടമ്പ കഴിഞ്ഞല്ലോ. ഒരു മണിക്കൂര്‍ കഴിഞ്ഞു. വിളിക്കുന്നില്ലല്ലോ. സമയം ഇഴഞ്ഞു നീങ്ങുകയാണ്. പോയി ഒരു ഗ്ലാസ്‌ വെള്ളം ഒക്കെ എടുത്തു കുടിച്ചു.
അങ്ങനെ മൂന്നു മണിക്കൂര്‍ കഴിഞ്ഞു അവര്‍ വിളിച്ചു . അകത്തേക്ക് കയറി. Resourcing manager എന്ന് സ്വയം പരിചയപെടുത്തിയ ഒരാള്‍ എന്നോടിരിക്കാന്‍ പറഞ്ഞു. "ബൈജു.. നമ്മള്‍ തങ്ങളുടെ പെര്ഫോര്‍മന്സില്‍ വളരെ ഹാപ്പി ആണ്. നിങ്ങളെ ഹയര്‍ ചെയ്യാന്‍ ഞങ്ങള്‍ റെഡി ആണ്. ഞങ്ങളുടെ കമ്പനിയുടെ പ്രത്യേകത എന്താന്ന് വച്ചാല്‍ ഞങ്ങള്‍ നിങ്ങള്ക്ക് ഒരു ജോലി അല്ല ഓഫര്‍ ചെയ്യുന്നത്. മറിച്ചു ഒരു കരിയര്‍ ആണ്. ബാക്കി കമ്പനീസ് ചെയ്യുന്ന പോലെ നിങ്ങളെ ഒരു കുബിക്കിളില്‍ ഇരുത്തി ഒരു മെഷീന്‍ ആക്കി മാറ്റാന്‍ ഞങ്ങളുടെ കമ്പനി ആഗ്രഹിക്കുന്നില്ല ". "ഹോ ഇവന്മാരെ ഒക്കെ പൂവിട്ടു പൂജിക്കണം. എന്നാണാവോ നമ്മുടെ നാട്ടില്‍ ഒക്കെ ഇങ്ങനെ വരുന്നത് " എന്നൊക്കെ ഞാന്‍ മനസ്സില്‍ വിചാരിച്ചു.
അയാള്‍ തുടരുകയാണ്. " ഞങ്ങളുടെ എംപ്ലോയീസ് നെ എല്ലാത്തിലും ഒരു മോഡല്‍ ആക്കാനാണ് ഞങ്ങളുടെ ശ്രമം. അത് കൊണ്ട് നിങ്ങള്‍ ഇവിടെ ജോയിന്‍ ചെയ്യുന്നതിന് മുമ്പ് നിര്‍ബന്ധമായും കമ്പനി കണ്ടക്റ്റ് ചെയ്യുന്ന ഒരു ഗ്രൂമിംഗ് കോഴ്സ് അറ്റന്‍ഡ് ചെയ്യണം. ഇത് ഇവിടെ മാത്രമല്ല എവിടെ പോയാലും നിങ്ങള്‍ക്ക് ഒരു വാല്യൂ അടിഷന്‍ ആയിരിക്കും. നിങ്ങളുടെ കയ്യില്‍ നിന്നും ട്രെയിനിംഗ് ഫീ ആയി ഞങ്ങള്‍ വാങ്ങുന്ന 100000 ഒരു നഷ്ടമായി കാണേണ്ടതില്ല. "
എന്‍റെ കണ്ണില്‍ ഇരുട്ട് കയറി. "എത്രയാ സര്‍ ? ഒന്ന് കൂടി .. " വിറയലോടെ ചോദിച്ചു. "വെറും ഒരു ലക്ഷം രൂപ. ബട്ട്‌ നിങ്ങള്‍ക്ക് കിട്ടുന്നത് പത്തു ലക്ഷം രൂപയുടെ പാഠങ്ങള്‍ ആയിരിക്കും. "
അയാള്‍ വീണ്ടും എന്തൊക്കെയോ തുടര്‍ന്നു. "ശരി സര്‍. ഞാന്‍ ആലോചിച്ചിട്ട് അറിയിക്കാം " എന്നൊക്കെ പറഞ്ഞിട്ട് ഇറങ്ങി. പുറത്തു നല്ല ചൂട്. സൂര്യന്‍ തലയ്ക്കു മീതെ തിളക്കുന്നു. തലക്കകത്തും എന്തൊക്കെയോ തിളച്ചു മറിയുന്നു. വഴിയരികില്‍ കണ്ട ഒരു കടക്കാരന്റെ അടുത്ത് നിന്ന് ഒരു തണ്ണി മത്തന്‍ ജൂസ് വാങ്ങി കുടിച്ചു. എന്ത് ചെയ്യണം ? കയ്യിലണേല്‍ അഞ്ചു പൈസ ഇല്ല. ഇന്റര്‍വ്യൂ എന്തായാലും ക്ലിയര്‍ ആയല്ലോ. രണ്ടും കല്പിച്ചു ട്രെയിനിംഗ് നു ചേര്‍ന്നാലോ. മഹേഷിനോട് ചോദിച്ചിട്ട് തീരുമാനിക്കാം. ഹാ ഹാ ഹാ .. കേട്ട പാടെ മഹേഷ്‌ പൊട്ടി ചിരിച്ചു. "ഇതിനാണോ നീ ഇങ്ങനെ വിഷമിചിരിക്കുന്നത്.. ഡാ. നീ രക്ഷ പെട്ട് ന്നു വിചാരിച്ചാല്‍ മതി. ഇങ്ങനത്തെ തട്ടിപ്പ് കമ്പനീസ് ഇവിടെ ഒരുപാടുണ്ട്.
നീ കയ്യിലുള്ള പൈസ ഒക്കെ കൊടുത്തു അവിടെ ചെര്‍ന്നാലുണ്ടല്ലോ... ആറുമാസം കഴിയുമ്പോ അവന്മാര്‍ മുങ്ങും. നീ പിന്നെ റോഡിലിറങ്ങി നടക്കേണ്ടി വരും. " ഇവിടെ ആദ്യമായി വരുന്ന ആള്‍ക്കാരില്‍ പലരും ഇങ്ങനെ ചതിയില്‍ വീഴാറുണ്ട്‌" മഹേഷ്‌ തുടര്‍ന്നു. "ഹേ .. ഇതങ്ങനെ ആണെന്ന് തോന്നുന്നില്ല. അവര്‍ എല്ലാം കാണാന്‍ നല്ല മാന്യന്മാര്‍ ആണ്. കമ്പനി ഉം അത്ര ചെറുതല്ല. സെക്യൂരിറ്റി, രേസേപ്ഷനിസ്റ്റ് ഒക്കെ ഉണ്ട്. ഫുള്‍ എ സി ഒക്കെ ആണ്. പിന്നെ അവന്മാര്‍ ചോദിച്ച ചോദ്യത്തിനൊക്കെ ശരിയുത്തരം പറഞ്ഞത് കൊണ്ടാണല്ലോ അവര്‍ എന്നെ സെലക്ട്‌ ചെയ്തത് " ഞാന്‍ തര്‍ക്കിച്ചു.
"ഡാ. ഇതൊക്കെ അവരുടെ ടെക്നിക് ആണ്. ഇതിനെക്കാള്‍ വലിയ സെറ്റപ്പില്‍ ഉള്ള കമ്പനീസ് ഉണ്ട് ഇവിടെ. .നെറ്റ് ന്‍റെ ഇന്റര്‍വ്യൂ ചോദ്യങ്ങളുടെ പ്രിന്റ്‌ ഔട്ട്‌ ഇവിടെ ഇതു മുറുക്കാന്‍ കടയിലും വാങ്ങാന്‍ കിട്ടും. ശിവ പ്രസാദ്‌ കൊയിരാള എഴുതിയത്. അത് വായിച്ചു പഠിച്ചിട്ടാ എല്ലാവരും ഇതൊക്കെ അറ്റന്‍ഡ് ചെയ്യാന്‍ പോകുന്നത്. അവന്മാര്‍ ചോദ്യം ചോദിച്ചതും ഇതില്‍ നിന്നൊക്കെ തന്നെ ആയിരിക്കും അപ്പോഴാണ് ഞാനും അത് ശ്രദ്ധിച്ചത്. ശരിയാ. ആ ബുക്കിലുള്ള ചോദ്യങ്ങള്‍ തന്നെയാണ് അവന്മാര്‍ ചോദിച്ചത്. മനസ്സില്‍ ഉണ്ടായിരുന്ന സന്തോഷം പകുതി ആയി. "നീ അത് മറന്നേക്കു. എന്നിട്ട് വല്ല നല്ല കമ്പനിയിലും തപ്പാന്‍ നോക്ക്." മഹേഷ്‌ വീണ്ടും.. ശരിയാ. അത് വിട്ടേക്കാം. ദൈവം തല്ക്കാലം രക്ഷിച്ചു എന്ന് കരുതാം.. അടുത്ത കാള്‍ നായി വെയിറ്റ് ചെയ്യാം. ...
( തുടരും ... )

അടുത്ത ഭാഗം 

2010, മാർച്ച് 10, ബുധനാഴ്‌ച

ഒരു സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ജനിക്കുന്നു - ഭാഗം 4

കഴിഞ്ഞ ഭാഗം 

ഇന്ന് ചില consultancy യിലൊക്കെ ഒന്ന് പോണം. resume എല്ലായിടത്തും വിതരണം ചെയ്യണം. മഹേഷ്‌ തന്ന ലിസ്റ്റ് നോക്കി ഇറങ്ങി. ആദ്യം കൊടുത്തിരിക്കുന്ന അഡ്രസ്‌ എം ജി റോഡിലുള്ള ഏതോ ഒരെണ്ണം ആണ്.
അങ്ങോട്ട്‌ തന്നെ വിടാം ആദ്യം. ബ്രിഗേഡ് റോഡ്‌ ഒക്കെ ഒന്ന് കണ്ടു വരികയും ആവാം. ഒരു ബസില്‍ കയറി പറ്റി. ഒരു പൂരത്തിനുള്ള ആളുണ്ട് അതിനകത്ത്. വോള്‍വോയില്‍ പോയ മതിയാരുന്നു. ബട്ട്‌ സാമ്പത്തിക നില അത്രയ്ക്ക് ഭദ്രം അല്ല. ഒരു ജോലി കിട്ടട്ടെ. അത് വരെ KSRTC യുടെ പാസ്സ് തന്നെ ശരണം. ഈ പരിപാടി കൊള്ളാം . 25 രൂപ കൊടുത്താല്‍ ഒരു ദിവസം മുഴുവന്‍ KSRTC ബസില്‍ കയറി അര്‍മാദിക്കാം. അങ്ങനെ ഒടുവില്‍ അത് ബ്രിഗേഡ് റോഡില്‍ എത്തി. ചാടി ഇറങ്ങി. അറിയാവുന്ന ഹിന്ദി, ഇംഗ്ലീഷ് ഒക്കെ പ്രയോഗിച്ചു ഒടുവില്‍ ഓഫീസ് കണ്ടു പിടിച്ചു. ചെറിയ ഓഫീസ് ആണെങ്കിലും കൊള്ളാം. സെക്യൂരിറ്റി ഒക്കെ ഉണ്ട്. അയാളോട് പറഞ്ഞു ചേട്ടാ ഒരു ജോലിയുടെ കാര്യത്തിനാണെന്ന്. അയാള്‍ തല കുലുക്കി. പുള്ളി ദിവസവും ഇതെത്ര കാണുന്നതാ. കയറി ചെല്ലുന്നിടത്ത് കിളി പോലുള്ള ഒരു സുന്ദരി. ഓള്‍ സയിന്റ്സ് കോളേജ് ന്‍റെ അടുത്ത് വച്ച് പണ്ട് ഒരു പെണ്ണിന്‍റെ ഒമ്പതിഞ്ചു വലിപ്പമുള്ള ചെരിപ്പിന്റെ അടി കൊണ്ട് അന്ത്യശ്വാസം വലിച്ച പൂവാലന്‍ വീണ്ടും തല പോക്കുന്നു. വേണ്ട വേണ്ട. ജോലി ആണ് ഇപ്പൊ പ്രധാനം. അടങ്ങി ഇരിക്കാം. എന്നാലും ഇതിനെ ഒക്കെ എന്തിനു ഇങ്ങനെ സൃഷ്ടിക്കുന്നു ഈശ്വരാ എന്ന് മനസ്സില്‍ വിചാരിച്ചു അവളുടെ അടുത്തേക്ക് ചെന്നു.ഒരു CBI ഡയറി കുറിപ്പില്‍ മമ്മുട്ടി പറയുന്ന പോലെ ഇംഗ്ലീഷില്‍ എന്തൊക്കെയോ പറഞ്ഞു. ഇവളെ കണ്ടിട്ട് നോര്‍ത്തി ആണെന്ന് തോന്നുന്നു. "ഐ ആം ബൈജു. ഐ ആം ഫ്രം കേരള . ഐ നീഡ്‌ എ ജോബ്‌ ' എന്നൊക്കെ പറഞ്ഞു.
ഇതു ടെക്നോളജിയില്‍ ആണ് പണി എടുക്കുന്നതെന്ന് അവള്‍ ചോദിച്ചു. .NET, SQL, ഒക്കെ വച്ച് കാച്ചി. ഇവള്‍ക്ക് ടെക്നോളജി വലിയ പിടി ഇല്ലെന്നു തോന്നുന്നു. കേരളത്തില്‍ എന്താ ചെയ്തിരുന്നതെന്ന് ചോദിച്ചു.
പ്രീവിയസ് എക്സ്പീരിയന്‍സ് അറിയാനാവും. മഹേഷ്‌ പഠിപ്പിച്ചു തന്നതൊക്കെ അടിച്ചു. ഒരു ചായക്കടയും തുന്നല്‍ കടയും ഉള്ള പഴയ ഒരു ഓടിട്ട രണ്ടു നില കെട്ടിടത്തിന്‍റെ മുകളിലത്തെ നിലയില്‍ സാഹസികമായി പ്രവര്‍ത്തിച്ചിരുന്ന രമേശന്‍ ചേട്ടന്‍റെ സ്ഥാപനം എന്‍റെ വാക്കുകളിലൂടെ ഒരു വമ്പന്‍ ഷോപ്പിംഗ്‌ മാല്‍ ന്‍റെ ലെവല്‍ 1 ല്‍ നടന്നു വന്നിരുന്ന ഒരു ഹൈ ടെക് സോഫ്റ്റ്‌വെയര്‍ കമ്പനി ആയി മാറി. അവിടുത്തെ ട്രാന്‍സിഷന്‍ ലീഡ് ആയിരുന്നു എന്ന് പറഞ്ഞപ്പോ ആ പെണ്ണ് കണ്ണൊക്കെ ബള്‍ബ്‌ ആയി ഒന്ന് നോക്കി. ഭഗവാനെ.. ഓവര്‍ ആയോ എന്തോ . ഞാന്‍ പറയുന്നത് കേട്ടിട്ട് എനിക്ക് തന്നെ ചിരി വന്നു. എന്തൊക്കെ പുളുവാണോ ഈ പറയുന്നത്. ഇവളെങ്ങാന്‍ അവിടെ വന്നു നോക്കിയാല്‍ ഇവളും ചിരിച്ചു മരിച്ചത് തന്നെ.
ഒടുവില്‍ അവള്‍ resume വാങ്ങി ഷെല്‍ഫിലേക്ക്‌ വച്ചു. മുമ്പിലിരിക്കുന്ന കമ്പ്യൂട്ടറില്‍ എന്തൊക്കെയോ ഫീഡ് ചെയ്തു. ശരി . ഇനി ഇറങ്ങിയേക്കാം. അടുത്ത സ്ഥലത്തേക്ക് പോണമല്ലോ. ബൈ ഒക്കെ പറഞ്ഞു. തിരിച്ചു നടന്നു ഡോറിന്റെ അടുത്ത് വരെ എത്തി. അപ്പൊ അതാ അവള്‍ വിളിക്കുന്നു.. 'ബൈജു .. ഇതാ ഇത് കൂടി എടുത്തോ ' ന്നു .. നല്ല പച്ച മലയാളത്തില്‍.
ടോം & ജെറിയില്‍ ചിലപ്പോ ഒക്കെ ടോം ഷോക്ക്‌ അടിച്ചു നിക്കുന്ന പോലെ ഞാന്‍ ഒരു നില്‍പു നിന്ന്. അപ്പോഴതാ അവള്‍ വീണ്ടും.. "ബൈജു.. ആ ഇംഗ്ലീഷും വീര വാദവും ഒക്കെ കേട്ടപ്പോ തന്നെ എനിക്ക് മനസ്സിലായി തന്‍ ഒരു മല്ലു ആണെന്ന്. ഇതു വരെ പോവും എന്നറിയണ ഞാന്‍ ഇത് വരെ വെയിറ്റ് ചെയ്തത്. ഇവിടെ ആദ്യം ആണല്ലേ ? " അവളുടെ ചോദ്യം.. "അതെ" എന്ന് വിക്കി വികി പറഞ്ഞു."കേട്ടപ്പോ തോന്നി. ഒരു ഉപദേശം തരാം. ഇങ്ങനെ ഒരു resume ഉണ്ടാക്കി കൊണ്ട് പോവുമ്പോ കുറഞ്ഞത്‌ ആ consultancy യിലെങ്കിലും ഉള്ളത് പറയണം. അല്ലാതെ ഇവിടെ വന്നു ഇങ്ങനെ വാചകം
അടിച്ചു പോയാല്‍ അവസാനം ഒരുത്തനും കാണില്ല രക്ഷിക്കാന്‍. തല്ക്കാലം പേടിക്കാതെ പൊക്കോ. പറ്റിയ ചാന്‍സ് വല്ലതും വന്നാല്‍ ഞാന്‍ അറിയിക്കാം "അപ്പോഴേക്കും എനിക്ക് അവിടുന്ന് എങ്ങനേലും രക്ഷ പെട്ട മതി ന്നായി. "കുട്ടിയുടെ സ്ഥലം എവിടാ ? എന്താ പേര് ? " ചുമ്മാ കുശലം ചോദിച്ചു."എന്‍റെ പേര് പ്രിയ. ഞാന്‍ തിരുവല്ലയില്‍ നിന്നാ. അപ്പൊ ശരി. കാണാം. " എന്ന് പറഞ്ഞു അവള്‍ ഫോണ്‍ എടുത്തു. "ശരി കാണാം" എന്ന് പറഞ്ഞു ഞാന്‍ ഇറങ്ങി.ഡോര്‍ വരെ നടന്നു. ഡോര്‍ തുറന്നിട്ട്‌ കുറച്ചു ദൂരം ഓടി. "അയ്യോ.. ആവൂ വയ്യ.. " ഇനി നാളെ ആവാം. ഇന്നിനി ആരെയും കാണാനുള്ള ശക്തി ഇല്ല...

( അവസാനിക്കുന്നില്ല .. അങ്ങനെ ഒന്നും ഇത് തീരില്ല )

അടുത്ത ഭാഗം 

2010, മാർച്ച് 3, ബുധനാഴ്‌ച

ഒരു സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ജനിക്കുന്നു - ഭാഗം 3

കഴിഞ്ഞ ഭാഗം 


നേരം വെളുത്തു. കിടക്കയില്‍ നിന്നെഴുനേറ്റു പുറത്തേക്കിറങ്ങി. വായില്‍ നിന്ന് വന്ന കോട്ടുവാ അവിടെ തന്നെ നിന്ന് പോയി. ചുറ്റിനും നയന മനോഹരമായ കാഴ്ച. എല്ലാ കെട്ടിടങ്ങളില്‍ നിന്നും സുന്ദരികളായ പെണ്‍കിടാങ്ങള്‍ പുറത്തേക്കു വരുന്നു. ചിലര്‍ പരസ്യമായി നിന്ന് പൌഡര്‍ ഒക്കെ ഇടുന്നു. 'ഡാ.. ഇങ്ങു കയറി പോര് '' മഹേഷ്‌ വിളിക്കുന്നത്‌ കേട്ട് തിരിഞ്ഞു നോക്കി. "അതൊക്കെ ലേഡീസ് PG കള്‍ ആണ്. അങ്ങോട്ട്‌ അധികം നോക്കണ്ട ട്ടാ " എന്താണാവോ.. അത് കേട്ടതും ഞാന്‍ അങ്ങോട്ട്‌ തന്നെ നോക്കി. ജോലി വല്ലതും ശരിയാവുന്നത് വരെ ഇവളുമാരെ ഒക്കെ വായി നോക്കാം. നല്ല കമ്പനിയില്‍ വല്ലതും ജോലി ചെയ്യുന്ന ഒരുത്തിയെ കിട്ടിയാല്‍ അവളെ പണിക്കു വിട്ടെങ്കിലും ജീവിക്കമെട എന്നൊക്കെ മഹേഷ്‌ നോട് പകുതി തമാശയും പകുതി സീരിയസ് ആയും പറഞ്ഞു.

അങ്ങനെ കുളിയും തേവാരവും ഒക്കെ കഴിഞ്ഞു. നമസ്തേ എന്ന് പറഞ്ഞു resume എടുത്തു. ഇനി ഇത് ശരിയാക്കണം. കുടുംബത്തില്‍ പിറന്ന ഒരു കമ്പനിയിലും ജോലി ചെയ്ത പരിചയം ഇല്ല. experience എന്നാ കോളം എങ്ങനെ ഫില്‍ ചെയ്യുമോ ഈശ്വരാ.. നാട്ടില്‍ രണ്ടു മുറി കടയില്‍ കുന്നേലെ രമേശന്‍ ചേട്ടന്‍ നടത്തുന്ന ഇന്റര്‍നാഷണല്‍ കമ്പ്യൂട്ടര്‍ ഇന്സ്ടിടൂടില്‍ 6 മാസം സ്കൂള്‍ പിള്ളാര്‍ക്ക് MS ഓഫീസ് പറഞ്ഞു കൊടുത്തത് ആണ് ആകെയുള്ള തൊഴില്‍ പരിചയം. മഹേഷിനോട് ചോദിക്കാം. എന്ത് ചെയ്യണം ന്നു . എന്‍റെ സംശയം കേട്ടതും അവന്‍ ഒരു പൊട്ടിച്ചിരി. "ചിരിക്കാതെടാ.. എന്ത് ചെയ്യുമെന്ന് പറ" അവന്‍ പറഞ്ഞു തന്നത് കേട്ടപ്പോ എനിക്കും ചിരി വന്നു. ഞാന്‍ എഴുതി വച്ചിരുന്നതൊക്കെ അവന്‍ അടിമുടി മാറ്റി.
പ്രൊജക്റ്റ്‌ : കോര്‍പ്പറേറ്റ് ഓഫീസ് ഓട്ടോമേഷന്‍ ട്രാന്‍സിഷന്‍ ( പഞ്ചായത്ത് ഓഫീസില്‍ ജോലി ഉള്ള നളിനി ചേച്ചിക്ക് കമ്പ്യൂട്ടര്‍ പഠിപ്പിച്ചു കൊടുത്തതിനാ )
ടെക്നോളജി : മൈക്രോസോഫ്ട്‌ പെപെര്‍ലെസ്സ് ഓഫീസ് ടൂള്‍സ്
റോള്‍ : ട്രാന്‍സിഷന്‍ ലീഡ് ( ആകെ ഞാന്‍ ആണ് അവിടുണ്ടായിരുന്ന ഒരേ ഒരു ഫാക്കല്‍റ്റി )
പീരീഡ്‌ : 6 മാസം ( അപ്പോഴേക്കും രമേശന്‍ ചേട്ടന്‍റെ കട പൂട്ടി )
ഹാവു.. അങ്ങനെ അത് കലക്കി.. പക്ഷെ ഇത് പോര. ഇനിയും വേണം. കുറഞ്ഞത്‌ ഒരു വര്‍ഷം എങ്കിലും കാണിക്കണം.
മഹേഷേ.... വീണ്ടും ദയനീയമായി വിളിച്ചു... "ഡാ പേടിക്കണ്ട.. ഒരു ചെറിയ സര്‍ട്ടിഫിക്കറ്റ് നമുക്ക് ഉണ്ടാക്കാം "
"അയ്യോ.. വ്യാജ സര്‍ട്ടിഫിക്കറ്റ് ? അത് എന്തായാലും വേണ്ടാ ട്ടാ " എന്നൊക്കെ പറഞ്ഞു. പക്ഷെ അവന്‍ പറഞ്ഞു .. 'ഇങ്ങനെ ഗാന്ധി കളിച്ചു നടന്നിട്ടൊന്നും കാര്യമില്ല മോനെ... നിനക്ക് ജോലി വേണോ അതോ നാട്ടിലേക്ക് തിരിച്ചു പോണോ ? എന്ന് അവന്‍ ചോദിച്ചു.. ശരി. എന്നാ നമുക്ക് റെഡി ആക്കാം. എന്തായാലും ജോലി വേണമല്ലോ. അങ്ങനെ അവന്‍ എന്തൊക്കെയോ അതിന്‍റെ മൂട്ടില്‍ എഴുതി ചേര്‍ത്ത്...
നാട്ടിലെ ലത ചേച്ചിയുടെ കല്യാണ ആലോചനക്കു ഉണ്ടാക്കിയ ബയോ ടാറ്റ കണ്ടിട്ടാണ് ഞാന്‍ എന്‍റെ resume ഉണ്ടാക്കിയത്. അതുകൊണ്ട് എന്‍റെ പ്രായം, നിറം, അച്ഛന്‍ , അമ്മ, തറവാട്ട്‌ പേര്, എല്ലാം അതില്‍ അടിച്ചു വച്ചിട്ടുണ്ടാരുന്നു. മഹേഷ്‌ അതൊക്കെ വെട്ടി മാറ്റി. വേര്‍ഡില്‍ ഇട്ടു ഒന്ന് കയറ്റി ഇറക്കി. ഉള്ളത് പറയാമല്ലോ ഇപ്പൊ അത് കണ്ടാല്‍ എന്‍റെ resume ആണെന്ന് ഞാന്‍ പോലും പറയില്ല...

അങ്ങനെ ആദ്യ കടമ്പ കഴിഞ്ഞു . ഇനി ഒരു ഇളം നീല ഷര്‍ട്ടും പാന്റ്സ് ഉം ഷൂ ഒക്കെ വാങ്ങണം. എങ്ങനെ ഒരു ഇന്റര്‍വ്യൂ അഭിമുഖീകരിക്കാം എന്നൊരു ബുക്ക്‌ ബസ്‌ സ്റ്റാന്‍ഡില്‍ നിന്ന് വാങ്ങി പഠിച്ചു വച്ചിട്ടുണ്ട്.
നാളെ തന്നെ മഹേഷിനെയും കൂട്ടി പുറത്തു പോയി ഇതൊക്കെ വാങ്ങണം...

അടുത്ത ഭാഗം 

2010, മാർച്ച് 2, ചൊവ്വാഴ്ച

ഒരു സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ജനിക്കുന്നു - ഭാഗം 2





അങ്ങനെ... മെസ്സില്‍ പോയി ചോറും മീന്‍ കറിയും ഒക്കെ കഴിച്ചു വന്നു. മുറിയില്‍ ബാക്കി ഉള്ളവരെ പരിചയപ്പെട്ടു. സജീവും പ്രിയേഷും. സജീവിന്‍റെ സ്ഥലം പാലക്കാട്. പ്രിയേഷ് കോഴിക്കോട് നിന്നും. ഞാന്‍ കൊല്ലത്ത് നിന്നാണെന്ന് പറഞ്ഞപ്പോ ഒരു ഭീകര ജീവിയെ കണ്ട പോലെ അവന്മാര്‍ നോക്കി. തെക്കന്മാരെ പറ്റി വടക്കുള്ളവര്‍ പറയാറുള്ള ഒരു ചൊല്ല് എനിക്ക് ഓര്‍മ വന്നു. പാമ്പിനെയും തെക്കനെയും ഒരുമിച്ചു കണ്ടാല്‍ ആദ്യം തെക്കനെ അടിച്ചു കൊല്ലണം അത്രേ. ഹാം.. കുറച്ചു കൂടി കഴിഞ്ഞോട്ടെ. കാണിച്ചു തരാമെടാ എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു. അവരോടു വിശേഷങ്ങള്‍ ഒക്കെ ചോദിച്ചു. അതൊക്കെ കേട്ടപ്പോ തന്നെ അടുത്ത വണ്ടിക്കു നാട്ടിലേക്ക് വിട്ടാലോ എന്ന് തോന്നി. ഇന്റര്‍വ്യൂ ചോദ്യങ്ങള്‍ പ്രിന്റ്‌ ഔട്ട്‌ എടുതിട്ടിരിക്കുന്നത് കണ്ടിട്ട് തന്നെ തല കറങ്ങുന്നു. ഇവന്മാര്‍ പറയുന്നത് കേട്ടിട്ട് സംഗതി എടങ്ങേര്‍ ആവും ന്ന തോന്നുന്നേ. നാട്ടില്‍ ടോപാസ് ഇന്സ്ടിടൂറ്റ് ല നിന്ന് പഠിച്ച .നെറ്റ് ഒന്നും പോര ഇവിടെ പിടിച്ചു നിക്കാന്‍. എങ്ങാനും ഇന്റര്‍വ്യൂ നു പോയാല്‍, മേലെ പറമ്പില്‍ ആണ്‍ വീടില്‍ ജഗതി പറയുന്ന പോലെ ഇതെന്‍റെ .നെറ്റ് അല്ല. എന്‍റെ .നെറ്റ് ഇങ്ങനല്ല എന്ന് പറയേണ്ടി വരുമല്ലോ ഭഗവാനെ തല കറങ്ങുന്നു. എന്‍റെ ഭാവം കണ്ടിട്ട് മഹേഷ്‌ സമാധാനിപ്പിച്ചു. നീ പേടിക്കണ്ട. ആദ്യം ഒക്കെ ഇങ്ങനെ ഉണ്ടാവും എന്ന് പറഞ്ഞു. നാളെ തന്നെ ഒരു resume ഉണ്ടാക്കണം. അതില്‍ എഴുതാനുള്ളതെല്ലാം ഓര്‍ത്തു കൊണ്ട് ചെകുത്താനെ പ്രാര്‍ഥിച്ചു ഉറങ്ങാന്‍ കിടന്നു


കഴിഞ്ഞ ഭാഗം                                                                                                         അടുത്ത  ഭാഗം 



ഒരു സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ജനിക്കുന്നു - ഭാഗം 1


ആദ്യം തന്നെ പറഞ്ഞോട്ടെ.. ഈ കഥയ്ക്ക് ജീവിച്ചിരിക്കുന്നതോ മരിച്ചു പോയവരോ മരിച്ചു ജീവിക്കുന്നതോ ആയ ഒരു സോഫ്റ്റ്‌വെയര്‍ എന്ജിനീയരുമായും ഒരു സാദൃശ്യവും ഇല്ല എന്ന് ഇവിടെ പ്രഖ്യാപിച്ചു കൊള്ളുന്നു. 

അങ്ങനെ ബൈജു ഒടുവില്‍ ഉദ്യാന നഗരത്തില്‍ എത്തി. തമിള്‍ നാട്ടില്‍ പോയി കഷ്ടപ്പെട്ട് സംഘടിപ്പിച്ച MCA സര്‍ട്ടിഫിക്കറ്റ് അടങ്ങുന്ന ഒരു ബാഗും മറ്റൊരു വലിയ ബാഗില്‍ അത്യാവശ്യത്തിനുള്ള വസ്ത്രങ്ങളും മനസ്സ് നിറയെ സംശയങ്ങളും ആയിട്ടാണ് ഇവിടെ എത്തിയിരിക്കുന്നത്. ഒപ്പം പഠിച്ച കുറച്ചു സുഹൃത്തുക്കളുടെ അഡ്രസ്‌ ഉണ്ട്. അവന്മാര്‍ എന്നെ പോലെ തന്നെ ജോലി തപ്പാനാണ് ഇവിടെ വന്നിരിക്കുന്നത്. ബാംഗ്ലൂര്‍ ചെന്നാല്‍ കമ്പ്യൂട്ടര്‍ തൊട്ടിട്ടുള്ള ആരെയും പിടിച്ചു ജോലി കൊടുക്കും എന്ന് ആള്‍ക്കാര്‍ പറയുന്നത് കേട്ടിട്ടുണ്ട്. 

അങ്ങനെ റെയില്‍വേ സ്റ്റേഷനില്‍ ചെന്നിറങ്ങി. ഓട്ടോകാര്‍ ചുറ്റിനും കൂടി.
പണ്ടാരം അടങ്ങാന്‍ മലയാളം , ഇംഗ്ലീഷ് , കുറച്ചു തമിള്‍ ഇതല്ലാതെ വേറൊരു വസ്തു അറിയില്ല.കൊണ്ട് പോകുമോ ന്നു ചോദിച്ചു നോക്കാം. അഡ്രസ്‌ കുറിച്ച് വച്ച കടലാസ്സ്‌ നോക്കി വായിച്ചു. മടിവാള . ഇതൊക്കെ സ്ഥലത്തിന്‍റെ പേര് തന്നെയോ ആവോ... തമ്പുരാനറിയാം. അവന്‍ ചോദിച്ചു റൂട്ട് ഗോത്ത എന്ന്. അതെന്തു കുന്തമാണോ . ഒടുവില്‍ കയറാന്‍ പറഞ്ഞു. ഓട്ടോ ഓടി തുടങ്ങി. കൊള്ളാം. ബെസ്റ്റ് സ്ഥലം. പണ്ട് വന്ദനം, ജോണി വോക്കെര്‍ മുതലായ പദങ്ങളില്‍ കണ്ട സ്ഥലങ്ങള്‍ . റോഡില്‍ എവിടെ നോക്കിയാലും കന്നുകാലികള്‍ അലഞ്ഞു നടക്കുന്ന പോലെ പെണ്ണുങ്ങള്‍.. പട്ടികള്‍.. BMTC ബസുകള്‍. അങ്ങനെ ആകെ ഒരു ജഗപൊക. ചുമ്മാതല്ല ഇവിടെ വരുന്നവന്‍ ഒക്കെ തിരിച്ചു പോവാത്തത്‌. ഒടുവില്‍ മടിവാള എത്തി. മീറ്ററില്‍ കാണിച്ചതിന്റെ ഡബിള്‍ ചോദിച്ചു ഓട്ടോക്കാരന്‍. ഒന്നും മിണ്ടാതെ പൈസ കൊടുത്തു കീഴടങ്ങി. കന്നഡ പഠിച്ചേ പറ്റൂ . അല്ലെങ്ങില്‍ ഇവന്മാര്‍ എന്നെ കൊലക്ക് കൊടുക്കും.

മഹേഷിന്‍റെ റൂമിന് മുമ്പില്‍ എത്തി. അവന്‍ വന്നു വാതില്‍ തുറന്നു. 'അളിയാ' എന്നൊരു വിളിയും കെട്ടി പിടിത്തവും ഞാന്‍ പ്രതീക്ഷിച്ചെങ്കിലും അതൊന്നും ഉണ്ടായില്ല.
മുറിക്കുള്ളിലേക്ക് കടന്നപ്പോഴാണ് അതിന്‍റെ കാരണം മനസ്സിലായത്. ആകെ ഒരു മുറി ആണ് ഉള്ളത്. നിലത്തു വിരിച്ച പായില്‍ രണ്ടു പേര്‍ ഇപ്പൊ തന്നെ ഉണ്ട്.
അവിടം ആകെ ചിതറി കിടക്കുന്ന പുസ്തകങ്ങള്‍. .net. java, SQL അങ്ങനെ അങ്ങനെ. resume യുടെ printouts ഉം കാണാം. എനിക്കും ഇതൊക്കെ വേണ്ടി വരുമല്ലോ ഭഗവാനെ..
'കഴിക്കാന്‍ പോണ്ടേ ? ' മഹേഷ്‌ ചോദിച്ചു. മടിച്ചു മടിച്ചു അവനോടു ചോദിച്ചു. 'ഇവിടെ ചോറ് കിട്ടുമോ ചേട്ടാ ? ' ഭാഗ്യം. അവനു ഒരു മെസ്സ് അറിയാം. അവിടെ എല്ലാ കേരള ഐറ്റംസ് ഉം കിട്ടും.അങ്ങോട്ട്‌ പോവുക തന്നെ..

2010, മാർച്ച് 1, തിങ്കളാഴ്‌ച

തിലകനും അഴീക്കോടും പിന്നെ ലാലും




ഒരുവിധം ഉള്ള എല്ലാ വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുന്ന ഒരു മനുഷ്യന്‍ ആണ് മോഹന്‍ ലാല്‍. കേരളത്തിലെ പ്രായം ഉറച്ച എല്ലാവരും അദേഹത്തെ ലാലേട്ടന്‍ എന്ന് വിളിക്കുന്നത്‌ മറ്റൊന്നും കൊണ്ടല്ല. സ്വന്തം കുടുംബത്തിലെ ഒരന്ഗത്തെ പോലെ ലാലിനെ കാണാന്‍ പറ്റുന്നത് കൊണ്ടാണ്. മലയാളത്തില്‍ ഇത് വരെ വന്നു പോയ ഒരു നടനെ പോലും ഇങ്ങനെ ആരാധിക്കാന്‍ മലയാളി ശ്രമിച്ചിട്ടില്ല. മറ്റു ഭാഷകളില്‍ നിന്ന് വ്യതസ്തമായി സിനിമ താരങ്ങളെ നടന്മാരായി മാത്രം കാണാന്‍ തക്ക വിവരം ഉള്ള ഒരു സമൂഹം ആണ് മലയാളി. വേറൊരു നടന്‍റെ സിനിമകളും പരാജയപ്പെട്ടപ്പോള്‍ ഇങ്ങനെ ജനങളുടെ രോഷം ഏറ്റു വാങ്ങിയിട്ടില്ല. ഇതിനു കാരണം നമുക്ക് പ്രിയപ്പെട്ട ഒരാളോടുള്ള സ്നേഹം തന്നെയാണ്. അങ്ങനെ ഒരാളെ പറ്റി സുകുമാര്‍ അഴീക്കോട് നടത്തിയ പരാമര്‍ശങ്ങള്‍ ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ദയനീയം എന്നെ വിശേഷിപ്പിക്കാന്‍ പറ്റൂ. സ്വന്തം ചേട്ടന്‍റെ സ്വത്ത്‌ തട്ടിയെടുക്കാന്‍ വേണ്ടി ഇത്തരം ഒരു മനുഷ്യന്‍ ശ്രമിച്ചു എന്ന് പറയുന്നതിന് മുമ്പ് ഈ ചോദ്യം സ്വന്തം മനസാക്ഷിയോട് അഴീക്കോട് ചോദിക്കണമായിരുന്നു. ഇപ്പോഴും ഒരു കോടിയില്‍ കൂടുതല്‍ ഒരു ചിത്രത്തിന് വാങ്ങാന്‍ തക്ക പ്രേക്ഷകരുള്ള ഒരു താരം .. അതും പല പല ബിസിനസ്സുകള്‍ ചെയ്തു കോടികളുടെ ആസ്തി ഉള്ള ഒരു താരം... ഇത്തരം ഒരു പ്രവൃത്തി ചെയ്തു പണം ഉണ്ടാക്കാന്‍ ശ്രമിക്കുമോ എന്ന ഒരു ചോദ്യം. ലാല്‍ ഒരു താരം ആണെന്നത് പോട്ടെ. നമ്മളെ പോലെ തന്നെ ഒരു കുടുംബത്തില്‍ ഉള്ള ഒരു അംഗം ആണ് അദ്ദേഹം എന്നെങ്കിലും അഴീക്കോട് ഓര്‍ക്കണം. ഐശ്വര്യ റായി യോട് മുംബൈ മിറര്‍ ചെയ്ത പോലെ തന്നെ ഒരു സംഗതി ആണ് ഇതും. ഇതിനെല്ലാം തുടക്കം കുറിച്ച മമ്മൂട്ടി ബുദ്ധി പൂര്‍വ്വം നിശബ്ദത പാലിക്കുകയും ചെയ്തിരിക്കുന്നു.അല്ലെങ്കിലും തനിക്കു ചീത്തപ്പേര് വരുന്ന സ്ഥലത്ത് നിന്നെല്ലാം മുങ്ങുന്ന ഒരു സ്വഭാവം അദ്ദേഹത്തിന് പണ്ടേ ഉണ്ട്. തിലകന്‍ അമ്മക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ വളര്‍ന്നു ദിശ തെറ്റി ഈ സംഭവവുമായി ഒരു ബന്ധവും ഇല്ലാത്ത ആള്‍ക്കാരെ പീഡിപ്പിക്കുന്ന നിലയില്‍ എത്തിയിരിക്കുന്നു. ജീവിതത്തിന്‍റെ ഈ സായാഹ്നത്തില്‍, സ്വന്തം പ്രതിഭ പണ്ടേ തെളിയിച്ച തിലകനെയും അഴീക്കോടിനെയും പോലുള്ള ആള്‍ക്കാര്‍ നടത്തുന്ന ഇത്തരം അഭ്യാസങ്ങള്‍ അവരുടെ തന്നെ പ്രതിശ്ചായ ആണ് നശിപ്പിക്കുന്നതെന്ന് അവര്‍ ഓര്‍ത്താല്‍ കൊള്ളാം. അല്ലാതെന്തു പറയാന്‍