2010 മാർച്ച് 18, വ്യാഴാഴ്‌ച

ഒരു സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ജനിക്കുന്നു - ഭാഗം 5

കഴിഞ്ഞ ഭാഗം 

അങ്ങനെ ഒടുവില്‍ ഒരു ഇന്റര്‍വ്യൂ ഒത്തു വന്നു. നാളെ രാവിലെ 10 നു കോനപ്പന ആഗ്രഹരതിനടുത്തുള്ള കമ്പനി ഓഫീസില്‍ എത്താന്‍ consultant വിളിച്ചു പറഞ്ഞു. എങ്ങനെ ഡ്രസ്സ്‌ ചെയ്യണം എന്നൊക്കെ മഹേഷ്‌ പറഞ്ഞു തന്നു. ഫയല്‍ ഒക്കെ ശരിയാക്കി. സമയത്ത് തന്നെ ഓഫീസില്‍ എത്തി. ഈശ്വരാ. കുറെ ആള്‍ക്കാര്‍ ഇരിപ്പുണ്ട്. സെക്യൂരിറ്റി വന്നു സി വി വാങ്ങി പോയി. ഓരോരുത്തരെ ആയി വിളിക്കാന്‍ തുടങ്ങി. അത് വരെ കരുതി വച്ച ധൈര്യം ഒക്കെ ചോര്‍ന്നു പോയി.
പഠിച്ച .നെറ്റ് ഒക്കെ ഒന്ന് കൂടി ഓര്‍ത്തു. രമേശന്‍ ചേട്ടനെ മനസ്സില്‍ ധ്യാനിച്ചു. "ബൈജു" "ബൈജു" സെക്യൂരിറ്റി അതാ വിളിക്കുന്നു. അകത്തേക്ക് കയറി. നല്ല കുളിരാ അകത്തു. മൂന്നു ചേട്ടന്മാര്‍ ടൈ ഒക്കെ കെട്ടി ഇരിപ്പുണ്ട്. ഇതൊരു ചെറിയ കമ്പനി ആണേലും ഇവന്മാരെ കണ്ടാല്‍ അത് പറയില്ല. സ്വയം പരിചയപെടുത്താന്‍ പറഞ്ഞു. ഭാരതം നമ്മുടെ രാഷ്ട്രമാണ്. നാമെല്ലാം ഭാരതീയരാണ്‌ എന്നൊക്കെ നാലാം ക്ലാസ്സില്‍ പറഞ്ഞ പോലെ എന്തൊക്കെയോ പറഞ്ഞു. ഇവന്മാര്‍ക്ക് പിടി കിട്ടിയോ ആവോ. ഒരുത്തന്‍ ചിരിക്കുന്നുമുണ്ട്. resume യില്‍ ഒന്ന് നോക്കി ചോദ്യങ്ങള്‍ വരാന്‍ തുടങ്ങി. surprisingly ചോദ്യങ്ങള്‍ ഒക്കെ വളരെ എളുപ്പമായിരുന്നു. എല്ലാത്തിനും ഉത്തരവും പറഞ്ഞു. ഒടുവില്‍ അത് കഴിഞ്ഞു. പുറത്തു വെയിറ്റ് ചെയ്യാന്‍ പറഞ്ഞു. തുടിക്കുന്ന ഹൃദയത്തോട് കൂടി പുറത്തിറങ്ങി. ബാക്കി ഉള്ളവരെ ഒക്കെ നോന്നു നോക്കി. ഒരു ചെറിയ സമാധാനം തോന്നി.ഇത് കിട്ടും എന്ന് മനസ്സില്‍ എന്തോ ഒരു പ്രതീക്ഷ ഉണര്‍ന്നു. എന്തായാലും ആദ്യ കടമ്പ കഴിഞ്ഞല്ലോ. ഒരു മണിക്കൂര്‍ കഴിഞ്ഞു. വിളിക്കുന്നില്ലല്ലോ. സമയം ഇഴഞ്ഞു നീങ്ങുകയാണ്. പോയി ഒരു ഗ്ലാസ്‌ വെള്ളം ഒക്കെ എടുത്തു കുടിച്ചു.
അങ്ങനെ മൂന്നു മണിക്കൂര്‍ കഴിഞ്ഞു അവര്‍ വിളിച്ചു . അകത്തേക്ക് കയറി. Resourcing manager എന്ന് സ്വയം പരിചയപെടുത്തിയ ഒരാള്‍ എന്നോടിരിക്കാന്‍ പറഞ്ഞു. "ബൈജു.. നമ്മള്‍ തങ്ങളുടെ പെര്ഫോര്‍മന്സില്‍ വളരെ ഹാപ്പി ആണ്. നിങ്ങളെ ഹയര്‍ ചെയ്യാന്‍ ഞങ്ങള്‍ റെഡി ആണ്. ഞങ്ങളുടെ കമ്പനിയുടെ പ്രത്യേകത എന്താന്ന് വച്ചാല്‍ ഞങ്ങള്‍ നിങ്ങള്ക്ക് ഒരു ജോലി അല്ല ഓഫര്‍ ചെയ്യുന്നത്. മറിച്ചു ഒരു കരിയര്‍ ആണ്. ബാക്കി കമ്പനീസ് ചെയ്യുന്ന പോലെ നിങ്ങളെ ഒരു കുബിക്കിളില്‍ ഇരുത്തി ഒരു മെഷീന്‍ ആക്കി മാറ്റാന്‍ ഞങ്ങളുടെ കമ്പനി ആഗ്രഹിക്കുന്നില്ല ". "ഹോ ഇവന്മാരെ ഒക്കെ പൂവിട്ടു പൂജിക്കണം. എന്നാണാവോ നമ്മുടെ നാട്ടില്‍ ഒക്കെ ഇങ്ങനെ വരുന്നത് " എന്നൊക്കെ ഞാന്‍ മനസ്സില്‍ വിചാരിച്ചു.
അയാള്‍ തുടരുകയാണ്. " ഞങ്ങളുടെ എംപ്ലോയീസ് നെ എല്ലാത്തിലും ഒരു മോഡല്‍ ആക്കാനാണ് ഞങ്ങളുടെ ശ്രമം. അത് കൊണ്ട് നിങ്ങള്‍ ഇവിടെ ജോയിന്‍ ചെയ്യുന്നതിന് മുമ്പ് നിര്‍ബന്ധമായും കമ്പനി കണ്ടക്റ്റ് ചെയ്യുന്ന ഒരു ഗ്രൂമിംഗ് കോഴ്സ് അറ്റന്‍ഡ് ചെയ്യണം. ഇത് ഇവിടെ മാത്രമല്ല എവിടെ പോയാലും നിങ്ങള്‍ക്ക് ഒരു വാല്യൂ അടിഷന്‍ ആയിരിക്കും. നിങ്ങളുടെ കയ്യില്‍ നിന്നും ട്രെയിനിംഗ് ഫീ ആയി ഞങ്ങള്‍ വാങ്ങുന്ന 100000 ഒരു നഷ്ടമായി കാണേണ്ടതില്ല. "
എന്‍റെ കണ്ണില്‍ ഇരുട്ട് കയറി. "എത്രയാ സര്‍ ? ഒന്ന് കൂടി .. " വിറയലോടെ ചോദിച്ചു. "വെറും ഒരു ലക്ഷം രൂപ. ബട്ട്‌ നിങ്ങള്‍ക്ക് കിട്ടുന്നത് പത്തു ലക്ഷം രൂപയുടെ പാഠങ്ങള്‍ ആയിരിക്കും. "
അയാള്‍ വീണ്ടും എന്തൊക്കെയോ തുടര്‍ന്നു. "ശരി സര്‍. ഞാന്‍ ആലോചിച്ചിട്ട് അറിയിക്കാം " എന്നൊക്കെ പറഞ്ഞിട്ട് ഇറങ്ങി. പുറത്തു നല്ല ചൂട്. സൂര്യന്‍ തലയ്ക്കു മീതെ തിളക്കുന്നു. തലക്കകത്തും എന്തൊക്കെയോ തിളച്ചു മറിയുന്നു. വഴിയരികില്‍ കണ്ട ഒരു കടക്കാരന്റെ അടുത്ത് നിന്ന് ഒരു തണ്ണി മത്തന്‍ ജൂസ് വാങ്ങി കുടിച്ചു. എന്ത് ചെയ്യണം ? കയ്യിലണേല്‍ അഞ്ചു പൈസ ഇല്ല. ഇന്റര്‍വ്യൂ എന്തായാലും ക്ലിയര്‍ ആയല്ലോ. രണ്ടും കല്പിച്ചു ട്രെയിനിംഗ് നു ചേര്‍ന്നാലോ. മഹേഷിനോട് ചോദിച്ചിട്ട് തീരുമാനിക്കാം. ഹാ ഹാ ഹാ .. കേട്ട പാടെ മഹേഷ്‌ പൊട്ടി ചിരിച്ചു. "ഇതിനാണോ നീ ഇങ്ങനെ വിഷമിചിരിക്കുന്നത്.. ഡാ. നീ രക്ഷ പെട്ട് ന്നു വിചാരിച്ചാല്‍ മതി. ഇങ്ങനത്തെ തട്ടിപ്പ് കമ്പനീസ് ഇവിടെ ഒരുപാടുണ്ട്.
നീ കയ്യിലുള്ള പൈസ ഒക്കെ കൊടുത്തു അവിടെ ചെര്‍ന്നാലുണ്ടല്ലോ... ആറുമാസം കഴിയുമ്പോ അവന്മാര്‍ മുങ്ങും. നീ പിന്നെ റോഡിലിറങ്ങി നടക്കേണ്ടി വരും. " ഇവിടെ ആദ്യമായി വരുന്ന ആള്‍ക്കാരില്‍ പലരും ഇങ്ങനെ ചതിയില്‍ വീഴാറുണ്ട്‌" മഹേഷ്‌ തുടര്‍ന്നു. "ഹേ .. ഇതങ്ങനെ ആണെന്ന് തോന്നുന്നില്ല. അവര്‍ എല്ലാം കാണാന്‍ നല്ല മാന്യന്മാര്‍ ആണ്. കമ്പനി ഉം അത്ര ചെറുതല്ല. സെക്യൂരിറ്റി, രേസേപ്ഷനിസ്റ്റ് ഒക്കെ ഉണ്ട്. ഫുള്‍ എ സി ഒക്കെ ആണ്. പിന്നെ അവന്മാര്‍ ചോദിച്ച ചോദ്യത്തിനൊക്കെ ശരിയുത്തരം പറഞ്ഞത് കൊണ്ടാണല്ലോ അവര്‍ എന്നെ സെലക്ട്‌ ചെയ്തത് " ഞാന്‍ തര്‍ക്കിച്ചു.
"ഡാ. ഇതൊക്കെ അവരുടെ ടെക്നിക് ആണ്. ഇതിനെക്കാള്‍ വലിയ സെറ്റപ്പില്‍ ഉള്ള കമ്പനീസ് ഉണ്ട് ഇവിടെ. .നെറ്റ് ന്‍റെ ഇന്റര്‍വ്യൂ ചോദ്യങ്ങളുടെ പ്രിന്റ്‌ ഔട്ട്‌ ഇവിടെ ഇതു മുറുക്കാന്‍ കടയിലും വാങ്ങാന്‍ കിട്ടും. ശിവ പ്രസാദ്‌ കൊയിരാള എഴുതിയത്. അത് വായിച്ചു പഠിച്ചിട്ടാ എല്ലാവരും ഇതൊക്കെ അറ്റന്‍ഡ് ചെയ്യാന്‍ പോകുന്നത്. അവന്മാര്‍ ചോദ്യം ചോദിച്ചതും ഇതില്‍ നിന്നൊക്കെ തന്നെ ആയിരിക്കും അപ്പോഴാണ് ഞാനും അത് ശ്രദ്ധിച്ചത്. ശരിയാ. ആ ബുക്കിലുള്ള ചോദ്യങ്ങള്‍ തന്നെയാണ് അവന്മാര്‍ ചോദിച്ചത്. മനസ്സില്‍ ഉണ്ടായിരുന്ന സന്തോഷം പകുതി ആയി. "നീ അത് മറന്നേക്കു. എന്നിട്ട് വല്ല നല്ല കമ്പനിയിലും തപ്പാന്‍ നോക്ക്." മഹേഷ്‌ വീണ്ടും.. ശരിയാ. അത് വിട്ടേക്കാം. ദൈവം തല്ക്കാലം രക്ഷിച്ചു എന്ന് കരുതാം.. അടുത്ത കാള്‍ നായി വെയിറ്റ് ചെയ്യാം. ...
( തുടരും ... )

അടുത്ത ഭാഗം 

4 അഭിപ്രായങ്ങൾ: