2010, മാർച്ച് 3, ബുധനാഴ്‌ച

ഒരു സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ജനിക്കുന്നു - ഭാഗം 3

കഴിഞ്ഞ ഭാഗം 


നേരം വെളുത്തു. കിടക്കയില്‍ നിന്നെഴുനേറ്റു പുറത്തേക്കിറങ്ങി. വായില്‍ നിന്ന് വന്ന കോട്ടുവാ അവിടെ തന്നെ നിന്ന് പോയി. ചുറ്റിനും നയന മനോഹരമായ കാഴ്ച. എല്ലാ കെട്ടിടങ്ങളില്‍ നിന്നും സുന്ദരികളായ പെണ്‍കിടാങ്ങള്‍ പുറത്തേക്കു വരുന്നു. ചിലര്‍ പരസ്യമായി നിന്ന് പൌഡര്‍ ഒക്കെ ഇടുന്നു. 'ഡാ.. ഇങ്ങു കയറി പോര് '' മഹേഷ്‌ വിളിക്കുന്നത്‌ കേട്ട് തിരിഞ്ഞു നോക്കി. "അതൊക്കെ ലേഡീസ് PG കള്‍ ആണ്. അങ്ങോട്ട്‌ അധികം നോക്കണ്ട ട്ടാ " എന്താണാവോ.. അത് കേട്ടതും ഞാന്‍ അങ്ങോട്ട്‌ തന്നെ നോക്കി. ജോലി വല്ലതും ശരിയാവുന്നത് വരെ ഇവളുമാരെ ഒക്കെ വായി നോക്കാം. നല്ല കമ്പനിയില്‍ വല്ലതും ജോലി ചെയ്യുന്ന ഒരുത്തിയെ കിട്ടിയാല്‍ അവളെ പണിക്കു വിട്ടെങ്കിലും ജീവിക്കമെട എന്നൊക്കെ മഹേഷ്‌ നോട് പകുതി തമാശയും പകുതി സീരിയസ് ആയും പറഞ്ഞു.

അങ്ങനെ കുളിയും തേവാരവും ഒക്കെ കഴിഞ്ഞു. നമസ്തേ എന്ന് പറഞ്ഞു resume എടുത്തു. ഇനി ഇത് ശരിയാക്കണം. കുടുംബത്തില്‍ പിറന്ന ഒരു കമ്പനിയിലും ജോലി ചെയ്ത പരിചയം ഇല്ല. experience എന്നാ കോളം എങ്ങനെ ഫില്‍ ചെയ്യുമോ ഈശ്വരാ.. നാട്ടില്‍ രണ്ടു മുറി കടയില്‍ കുന്നേലെ രമേശന്‍ ചേട്ടന്‍ നടത്തുന്ന ഇന്റര്‍നാഷണല്‍ കമ്പ്യൂട്ടര്‍ ഇന്സ്ടിടൂടില്‍ 6 മാസം സ്കൂള്‍ പിള്ളാര്‍ക്ക് MS ഓഫീസ് പറഞ്ഞു കൊടുത്തത് ആണ് ആകെയുള്ള തൊഴില്‍ പരിചയം. മഹേഷിനോട് ചോദിക്കാം. എന്ത് ചെയ്യണം ന്നു . എന്‍റെ സംശയം കേട്ടതും അവന്‍ ഒരു പൊട്ടിച്ചിരി. "ചിരിക്കാതെടാ.. എന്ത് ചെയ്യുമെന്ന് പറ" അവന്‍ പറഞ്ഞു തന്നത് കേട്ടപ്പോ എനിക്കും ചിരി വന്നു. ഞാന്‍ എഴുതി വച്ചിരുന്നതൊക്കെ അവന്‍ അടിമുടി മാറ്റി.
പ്രൊജക്റ്റ്‌ : കോര്‍പ്പറേറ്റ് ഓഫീസ് ഓട്ടോമേഷന്‍ ട്രാന്‍സിഷന്‍ ( പഞ്ചായത്ത് ഓഫീസില്‍ ജോലി ഉള്ള നളിനി ചേച്ചിക്ക് കമ്പ്യൂട്ടര്‍ പഠിപ്പിച്ചു കൊടുത്തതിനാ )
ടെക്നോളജി : മൈക്രോസോഫ്ട്‌ പെപെര്‍ലെസ്സ് ഓഫീസ് ടൂള്‍സ്
റോള്‍ : ട്രാന്‍സിഷന്‍ ലീഡ് ( ആകെ ഞാന്‍ ആണ് അവിടുണ്ടായിരുന്ന ഒരേ ഒരു ഫാക്കല്‍റ്റി )
പീരീഡ്‌ : 6 മാസം ( അപ്പോഴേക്കും രമേശന്‍ ചേട്ടന്‍റെ കട പൂട്ടി )
ഹാവു.. അങ്ങനെ അത് കലക്കി.. പക്ഷെ ഇത് പോര. ഇനിയും വേണം. കുറഞ്ഞത്‌ ഒരു വര്‍ഷം എങ്കിലും കാണിക്കണം.
മഹേഷേ.... വീണ്ടും ദയനീയമായി വിളിച്ചു... "ഡാ പേടിക്കണ്ട.. ഒരു ചെറിയ സര്‍ട്ടിഫിക്കറ്റ് നമുക്ക് ഉണ്ടാക്കാം "
"അയ്യോ.. വ്യാജ സര്‍ട്ടിഫിക്കറ്റ് ? അത് എന്തായാലും വേണ്ടാ ട്ടാ " എന്നൊക്കെ പറഞ്ഞു. പക്ഷെ അവന്‍ പറഞ്ഞു .. 'ഇങ്ങനെ ഗാന്ധി കളിച്ചു നടന്നിട്ടൊന്നും കാര്യമില്ല മോനെ... നിനക്ക് ജോലി വേണോ അതോ നാട്ടിലേക്ക് തിരിച്ചു പോണോ ? എന്ന് അവന്‍ ചോദിച്ചു.. ശരി. എന്നാ നമുക്ക് റെഡി ആക്കാം. എന്തായാലും ജോലി വേണമല്ലോ. അങ്ങനെ അവന്‍ എന്തൊക്കെയോ അതിന്‍റെ മൂട്ടില്‍ എഴുതി ചേര്‍ത്ത്...
നാട്ടിലെ ലത ചേച്ചിയുടെ കല്യാണ ആലോചനക്കു ഉണ്ടാക്കിയ ബയോ ടാറ്റ കണ്ടിട്ടാണ് ഞാന്‍ എന്‍റെ resume ഉണ്ടാക്കിയത്. അതുകൊണ്ട് എന്‍റെ പ്രായം, നിറം, അച്ഛന്‍ , അമ്മ, തറവാട്ട്‌ പേര്, എല്ലാം അതില്‍ അടിച്ചു വച്ചിട്ടുണ്ടാരുന്നു. മഹേഷ്‌ അതൊക്കെ വെട്ടി മാറ്റി. വേര്‍ഡില്‍ ഇട്ടു ഒന്ന് കയറ്റി ഇറക്കി. ഉള്ളത് പറയാമല്ലോ ഇപ്പൊ അത് കണ്ടാല്‍ എന്‍റെ resume ആണെന്ന് ഞാന്‍ പോലും പറയില്ല...

അങ്ങനെ ആദ്യ കടമ്പ കഴിഞ്ഞു . ഇനി ഒരു ഇളം നീല ഷര്‍ട്ടും പാന്റ്സ് ഉം ഷൂ ഒക്കെ വാങ്ങണം. എങ്ങനെ ഒരു ഇന്റര്‍വ്യൂ അഭിമുഖീകരിക്കാം എന്നൊരു ബുക്ക്‌ ബസ്‌ സ്റ്റാന്‍ഡില്‍ നിന്ന് വാങ്ങി പഠിച്ചു വച്ചിട്ടുണ്ട്.
നാളെ തന്നെ മഹേഷിനെയും കൂട്ടി പുറത്തു പോയി ഇതൊക്കെ വാങ്ങണം...

അടുത്ത ഭാഗം 

3 അഭിപ്രായങ്ങൾ: