ഉള്ള സത്യം ആദ്യമേ പറഞ്ഞേക്കാം. അങ്ങേര്‍ എന്റെ പോസ്റ്റ് ചൂണ്ടി അല്ലെങ്കില്‍ കോപ്പി അടിച്ചു എന്നൊന്നുമല്ല ദുശാസ്സനന്‍ ഇവിടെ ആരോപിക്കുന്നത്. അതിന്റെ പേരില്‍ ഒരു തെറി വിളി മഹോത്സവത്തിന് നമ്മളില്ല. ചിലപ്പോ ഈ പോസ്റ്റ് കണ്ടിട്ട് അദ്ദേഹം നമ്മുടെ പുതിയ മലയാള സിനിമ സംവിധായകരെ പോലെ 'പ്രചോദനം' ഉള്‍ക്കൊണ്ടാതായിരിക്കാനെ തരമുള്ളൂ. അല്ലെങ്കില്‍ തന്നെ സ്വന്തം പോസ്റ്റുകള്‍ മറ്റുള്ളവര്‍ ചൂണ്ടുമ്പോള്‍ പൊട്ടി തെറിക്കുന്ന ബെര്‍ളി സാര്‍ അങ്ങനെ ഒക്കെ ചെയ്യുമോ ? എന്തായാലും കഴിഞ്ഞാഴ്ച ഈ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പോസ്റ്റിനു "പ്രചോദനം" നല്‍കി എന്ന് തോന്നുന്നു. ഇത് 'ചൂണ്ടി' കാണിച്ച കാര്‍ന്നോര്‍ ചേട്ടന് നന്ദി രേഖപ്പെടുത്തി കൊള്ളുന്നു. എന്തായാലും രണ്ടു പോസ്റ്റുകളും നിങ്ങ കണ്ടു നോക്കിന്‍..
എന്തായാലും പുള്ളിയുടെ ചില പ്രയോഗങ്ങള്‍ എനിക്ക് ഇഷ്ടപ്പെട്ടു. പ്രത്യേകിച്ച് ജാനുവിനെ പറ്റി എഴുതിയത്. അത് തകര്‍ത്തു
ഇത് ദുശുവിന്റെ പോസ്റ്റ്
പാല്‍ക്കാരന്‍ പയ്യന്‍, സരള , ജാനു - കൌമാര ബിംബങ്ങള്‍ - ഒരു പഠനം
ഇന്നലെ രാത്രിയാണ് , കൃത്യമായി പറഞ്ഞാല്‍ സൂര്യയിലെ പാതിരാ പടം കണ്ടു കഴിഞ്ഞപ്പോഴാണ് വന്‍ മുഴക്കത്തോടെ എന്റെ മനസ്സിലേക്ക് ഈ ചിന്ത കടന്നു വന്നത്. ഒരു പാല്‍ക്കാരന്‍ പയ്യന്റെ കഥയായിരുന്നു ചിത്രത്തിന്റെ കാമ്പ് . പാല്‍ പശു എന്നീ ബിംബങ്ങള്‍ വന്നപ്പോഴാണ് കാമ്പ് ഇതിനിടക്ക് വന്നത്. ക്ഷമിക്കുക ( ബിംബം കൊണ്ടുള്ള കളിയാണ് ഈ പോസ്റ്റ്. ആരും തല്ലരുത് :) )
അപ്പൊ പറഞ്ഞു വന്ന വിഷയം മാറിപ്പോയി. ഈ പാല്‍ക്കാരന്‍ പയ്യന്റെ കഥ ഞാന്‍ ജനിച്ചപ്പോ തൊട്ടു കേള്‍ക്കുന്നതാണ്. അത് പോലെ തന്നെ ജാനുവിന്റെയും. എന്നാല്‍ ഇത് വരെ ഇതൊന്നും ഒരു പഠനത്തിനു വിധേയമായിട്ടില്ല. ദുശാസ്സനന്‍ ആ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തീരുമാനിച്ചു. ഒരു ശരാശരിക്കു മലയാളിക്ക് പരിചിതമായതും എന്നാല്‍ ഇത് വരെ ആരും അര്‍ഹിക്കുന്ന പ്രാധ്യാന്യം കൊടുത്തിട്ടില്ലാതതുമായ ചില യഥാര്‍ത്ഥ കേരളീയ ബിംബങ്ങളെ പരിചയപ്പെടുത്തുക എന്നതാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം . കേരളീയ ബിംബങ്ങള്‍ എന്ന് പറഞ്ഞാല്‍ കിണ്ടി, ഭസ്മം , നില വിളക്ക് , നാലു കേട്ട് എന്ന് ഒരു തെറ്റി ധാരണ ചിലര്‍ക്കൊക്കെ ഉണ്ട്. യഥാര്‍ത്ഥ കിണ്ടി .. സോറി ബിംബങ്ങള്‍ ഇവിടെ കണ്ടോ.. ഇതൊക്കെ തന്നെയാണ് മലയാളിയുടെ കൌമാര ബിംബങ്ങളും
1. പാല്‍ക്കാരന്‍ പയ്യന്‍ -
എത്രയോ കാലമായി ഈ പയ്യന്‍ പാലും കൊണ്ട് പല വീട്ടിലും പോകുന്നു. വളര്‍ന്നു വരുന്ന പൊടി മീശ , വെളുത്തു തുടുത്തു നെയ് കുമ്പളങ്ങ പോലുള്ള തടി. പാല്‍ വാങ്ങുന്ന വീട്ടിലെ ചെറുപ്പക്കാരി ചേച്ചി, കൊച്ചമ്മ എന്നിവരെ കാണുമ്പോള്‍ വിയര്‍ക്കുന്ന ദേഹ പ്രകൃതി ഇവയാണ് ഇവന്റെ ലക്ഷണം. വേറൊരു കാര്യം എന്താന്നു വച്ചാല്‍ ഇവന്‍ തുടങ്ങി വയ്ക്കുന്ന 'പലതും ' മുഴുമിക്കുന്ന ടൈപ്പ് അല്ല. പണ്ടത്തെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളിലെ നായികമാരുടെ നാണം , അടക്കം ഒതുക്കം എന്നിവ ഇവന്റെ മുഖ മുദ്രകളാണ് . കാലാകാലങ്ങളായി പയ്യന്‍ പല വീട്ടിലും മുകളിലത്തെ ഷെല്‍ഫില്‍ ഇരിക്കുന്ന മുളക് പൊടിയുടെ പാട്ട എടുക്കാനും ഫ്യൂസ് ആയ ബള്‍ബ് മാറ്റി ഇടാനും ഒക്കെ കൊച്ചമ്മമാരെ സഹായിച്ചു കാലം കഴിക്കുന്നു. ഇവന് വരെയുള്ള ഒരു വിനോദം പശുവിനെ കുളിപ്പിക്കലാണ് .
2. അടിച്ചു തളിക്കാരി ജാനു -
പാവം ജാനു. വര്‍ഷങ്ങളായി എല്ലാ വീട്ടിലെയും അടിച്ച് തളിക്കാരി ആണ് ജാനു. കറുത്ത ഒരു ബ്ലൌസ്, വെളുത്ത ഒരു തോര്‍ത്ത് , ഒരു കള്ളി മുണ്ട് എന്നിവയാണ് ജാനുവിന്റെ യൂണിഫോം.
ഇത് വരെ ചുരിദാര്‍ ഇട്ട ഒരു ജാനുവിനെ കാണാന്‍ ഉള്ള ഭാഗ്യം നമുക്കുണ്ടായിട്ടില്ല. പയ്യന്റെ കാര്യം പറഞ്ഞ പോലെ ജാനു വര്‍ഷങ്ങളായി പ്രമാണിമാരുടെ വീട്ടില്‍ നിലം അടിച്ച് തുടച്ചും പാത്രം മോറിയും മുറ്റം തൂത്തു വാരിയും ജീവിക്കുന്നു. ഈ പണിയെല്ലാം വീട്ടിലെ തമ്പ്രാന്റെ മുന്നില്‍ വച്ചാണ് ചെയ്യുന്നതെന്ന് മാത്രം. എത്രയോ മുതലാളിമാര്‍ ഭാര്യ ഇല്ലാത്ത സമയത്ത് ജാനുവിനെ ബലാല്‍സംഗം ചെയ്തിരിക്കുന്നു. മുതലാളി ഇല്ലെങ്കില്‍ അങ്ങേരുടെ കൌമാരക്കാരന്‍ ആയ മകന്‍ ജാനുവിനെ കൈ വയ്ക്കും. ഇനി ഇതിനൊന്നും ഉള്ള സ്കോപ് കഥയില്‍ ഇല്ലെങ്കില്‍ ഉടനെ കഥയില്‍ ഒരു മഴ പെയ്യും. എന്നിട്ട് ആ മഴയില്‍ ജാനു നനഞ്ഞു കുതിര്‍ന്നു വല്ലവനും ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടില്‍ ചെന്ന് കയറും. എന്നിട്ട് പണിയും വാങ്ങിക്കും
3. വടക്കേതിലെ കൊച്ചമ്മ -
ദാമ്പത്യ ജീവിതത്തില്‍ ഒട്ടും സംതൃപ്ത അല്ലാത്ത കൊച്ചമ്മ. കമ്പ്ലീറ്റ് കാണാന്‍ പറ്റുന്ന നേരിയ സാരി, സ്ലീവ് ലെസ്സ് ബ്ലൌസ് അല്ലെങ്കില്‍ നയിറ്റി , ലിപ്സ്ടിക് അടിച്ച് ചുവന്നു മിനുപ്പിച്ച ലിപ്സ് ഇവയാണ് കൊച്ചമ്മയുടെ ലക്ഷണം. ഈ കൊച്ചമ്മയുടെ വീട്ടില്‍ എപ്പോഴും കൌമാരക്കാരന്‍ ആയ ഒരു ഡ്രൈവര്‍, ജോലിക്കാരന്‍ പയ്യന്‍ ഇവയിലേതെങ്കിലും ഉണ്ടായിരിക്കും.ഭര്‍ത്താവു അടിച്ച് കൊണ്ടിരിക്കുന്ന ബ്രാണ്ടി കുപ്പിയും ഇവരുടെ വീട്ടില്‍ കാണും. വിഷാദം വരുമ്പോ പുള്ളിക്കാരി അതേന്ന് ഒരു പെഗ് വിട്ടിട്ടു വീട് മുഴുവന്‍ അലഞ്ഞു തിരിഞ്ഞു ഒരു പാട്ട് പാടും. ഈ പാട്ടിന്റെ പ്രത്യേകത എന്താന്നു വച്ചാല്‍ ഇതിനിടക്ക് പുള്ളിക്കാരി എവിടെ നിന്ന് നോക്കിയാലും ഡ്രൈവറുടെ അല്ലെങ്കില്‍ ജോലിക്കാരന്‍ പയ്യന്റെ റൂം കാണാം എന്നതാണ്
4 . അങ്ങേതിലെ ട്യൂഷന്‍ എടുക്കുന്ന ചേച്ചി -
പീ ഡീ സീ തോറ്റിട്ട് വീട്ടില്‍ തയ്യലും ആയി നില്‍ക്കുന്നതായാണ് ഈ ചേച്ചിയെ നാം കണ്ടിട്ടുള്ളത്.
സമയം പോക്കാന്‍ വേണ്ടി പുള്ളിക്കാരി അടുത്തുള്ള കൌമാരക്കാരായ പിള്ളേര്‍ക്ക് ട്യൂഷന്‍ എടുക്കും.
അതില്‍ ഉറപ്പായിട്ടും ഒരു പയ്യന്‍സും കാണും. അവന്റെ കൂടെ ചേച്ചി തുണി കഴുകാന്‍ പോകും, അമ്പലത്തില്‍ പോകും. ഏതു സമയത്ത് വീട്ടില്‍ നിന്നിറങ്ങിയാലും അവര്‍ തിരിച്ചെത്തുന്നത് സന്ധ്യക്കായിരിക്കും. അതും ഒരു ഇടവഴിയില്‍ കൂടി. ആ ഒരു പോക്കില്‍ ആയിരിക്കും ചേച്ചിയുടെ കെട്ടു വിടുന്നത്. ചിലപ്പോ ചേച്ചി കുളിക്കാനും അവന്റെ ഒപ്പം പോകും. എങ്കില്‍ ഉറപ്പായിട്ടും നമ്മുടെ പയ്യന്‍സായിരിക്കും ചേച്ചിക്ക് സോപ്പ് തേച്ചു കൊടുക്കുന്നത്
5 . സരള -
എല്ലാ ഗ്രാമത്തിലും ഉള്ള ലോക്കല്‍ 'ആശ്വാസ' കേന്ദ്രം നടത്തുന്നത് സരള ചേച്ചി ആണ്. പാരലല്‍ ആയി കുറച്ചു പൈസ ഉണ്ടാക്കാന്‍ സരള ചേച്ചി ചിലപ്പോ കള്ള വാറ്റും നടത്തുന്നത് കാണാന്‍ കഴിയും. നാട്ടിലെ എല്ലാ ജനങ്ങളും ജാതി മത ഭേദമെന്യേ കയറി ഇറങ്ങുന്ന ഒരു മാതൃകാ കേന്ദ്രം.
സരള ചേച്ചി പക്ഷെ എപ്പോഴും ഒറ്റയ്ക്കാണ്. ഒരിക്കലും വരാത്ത ഒരു ഭര്‍ത്താവിനെയും കാത്തു സരള ചേച്ചി ഒറ്റയ്ക്ക് തന്റെ കുടിലില്‍ മുനിഞ്ഞു കത്തുന്ന മണ്ണെണ്ണ ( ഇപ്പൊ ചിലപ്പോ കറന്റ് കിട്ടിക്കാണും ) വിളക്കിന്റെ വെളിച്ചത്തില്‍ ..
ബാക്കിയുള്ളത് ഓര്‍മ വരുന്നില്ല. ഇനി അഥവാ ആര്‍ക്കെങ്കിലും ഓര്‍മ വന്നാല്‍.. എന്നെ ഒന്ന്
ഓര്‍മിപ്പിചെക്കണേ ...
ഓര്‍മിപ്പിചെക്കണേ ...
സ്വന്തം
ദുശു
ഇത് ബെര്‍ളി സഹോദരന്റെ പോസ്റ്റ്
കാണ്മാനില്ല !!
താഴെ പറയുന്ന ഏതാനും കഥാപാത്രങ്ങളെ ഏതാനും നാളുകളായി മലയാള സിനിമയില്‍ നിന്നും കാണാതായ വിവരം ആശങ്കയോടെ പങ്കുവയ്‍ക്കുന്നു. കാലങ്ങളായി സിനിമയുടെയും സമൂഹത്തിന്റെയും ഭാഗമായിരുന്ന ഇവരുടെ തിരോദ്ധാനമാണോ സിനിമയുടെ പ്രതിസന്ധിക്കു കാരണം എന്നതു കൂട്ടി വായിക്കുമ്പോള്‍ ഇവര്‍ക്ക് എന്താണ് സംഭവിച്ചത് ? ഇവര്‍ എങ്ങോട്ടാണ് പോയത് ? തുടങ്ങിയ ചോദ്യങ്ങളും ബാക്കി നില്‍ക്കുന്നു. കാണാതായവരെക്കുറിച്ചുള്ള വിവരങ്ങള്‍.
അനിയത്തിക്കുട്ടി-18നും 20നും ഇടയ്‍ക്കു പ്രായം. ഡബ്ബിങ് ആര്‍ടിസ്റ്റ് ശ്രീജയുടെ ശബ്ദം. വല്യപാവാടയും ബ്ലൗസുമാണ് വേഷം. സന്ധ്യയ്‍ക്ക് ദീപം, ദീപം, ദീപം എന്നു പറഞ്ഞുകൊണ്ട് വീടിന്റെ ഉമ്മറത്ത് വിളക്കു വയ്‍ക്കുന്നതാണ് പ്രധാന ജോലി. വിളക്കു വച്ച് കയ്യില്‍ പുരണ്ട എണ്ണ മുടിയില്‍ തേച്ച് തിരിയുമ്പോള്‍ മുറ്റത്തൊരു കാല്‍പെരുമാറ്റം കേട്ട് നോക്കുമ്പോള്‍ ആളെ കണ്ട് അമ്പരപ്പോടെ അച്ഛാ…. അല്ലെങ്കില്‍ ഏട്ടാ… എന്നു വിളിക്കുന്നതാണ് പ്രധാന ഡയലോഗ്. കഥാപുരോഗതിക്കനുസരിച്ച് വല്ല ഓട്ടോക്കാരന്റെ കൂടെയോ ചെത്തുകാരന്റെ കൂടെയോ ഒളിച്ചോടാനോ ക്ലൈമാക്സില്‍ തൂങ്ങിമരിക്കാനോ സ്റ്റൗ പൊട്ടിത്തെറിച്ചു മരിക്കാനോ ആണ് വിധി.
ഓപ്പോള്‍- 30നും 35നും ഇടയ്‍ക്കു പ്രായം. നീല കരയുള്ള സെറ്റ് ആണ് സ്ഥിരം വേഷം. യൗവ്വനം മുറ്റി നില്‍ക്കുന്ന മദാലസയായ ഈ കക്ഷിക്ക് ചൊവ്വാദോഷം ആണ് പ്രധാനകുഴപ്പം. വിവാഹം പലതവണ നിശ്ചയിച്ചെങ്കിലും വിവാഹത്തിന്റെ തലേന്ന് അത് മുടങ്ങുകയോ പ്രതിശ്രുതവരന്‍ അപകടത്തില്‍ മരിക്കുകയോ ചെയ്യുന്നതാണ് വിധി. പ്രേക്ഷകര്‍ ഒന്നടങ്കം കെട്ടി കൂടെപ്പൊറുപ്പിക്കാനാഗ്രഹിക്കുന്ന ഓപ്പോളെ സിനിമയില്‍ ആര്‍ക്കും ആവശ്യമുണ്ടാവില്ല എന്നത് മറ്റൊരു വിധി. സ്വര്‍ണാഭരണങ്ങളില്ല. ചിലപ്പോള്‍ കാതില്‍ കണ്ടേക്കാവുന്ന ഇത്തിരിപ്പോന്ന ആകെയുള്ള കമ്മല്‍ നിര്‍ണായകമായ കഥാസന്ദര്‍ഭത്തില്‍ നായകനു വലിയൊരു ഇന്‍വെസ്റ്റ്മെന്റിനുള്ള നിക്ഷേപമാകാറുണ്ട്. വെളിച്ചം തീരെ കുറഞ്ഞ അടുക്കളയില്‍ എരിയുന്ന പുകയടുപ്പിലേക്ക് എത്ര നേരം വേണമെങ്കിലും നോക്കി നില്‍ക്കാനും മുഖം പൊത്തി ശബ്ദമുണ്ടാക്കാതെ എത്ര വേണമെങ്കിലും കരയാനുമുള്ള കഴിവ് ശ്രദ്ധേയമാണ്.
കുട്ടിമാമ- 50നും 65നും ഇടയ്‍ക്ക് പ്രായം. പാടശേഖരങ്ങളുടെ ഉടമയായ ചെറുകിടനാട്ടുപ്രമാണി. സഹോദരിയുടെ ഭര്‍ത്താവ് അഥവാ നായകന്റെ അച്ഛന്‍ വളരെ പണ്ടേ മരിച്ചതിനാല്‍ കുടുംബത്ത് കാരണവരുടെ സ്ഥാനമാണ് കുട്ടിമാമയ്‍ക്ക് ലഭിക്കാറുള്ളത്. സുന്ദരിയായ മകള്‍ ഉറപ്പാണ്. അധികം ഡയലോഗ് ഇല്ലാത്ത ഭാര്യയും ഒപ്പമുണ്ടാവും. കറുത്ത ഫ്രെയിമുള്ള കണ്ണട, നേര്യത്, കാലന്‍കുട എന്നിവയും മിക്കവാറും കൂടെക്കാണും.
കാര്യസ്ഥന്‍- (ഈ പേരില്‍ സിനിമ പോലുമിറങ്ങിയത് അടുത്തകാലത്താണെങ്കിലും മുന്‍പുണ്ടായിരുന്ന ജെനുവിന്‍ കാര്യസ്ഥനെ കാണാതായതാണ് പ്രസക്തമായിട്ടുള്ളത്)45നും 55നും ഇടയ്‍ക്ക് പ്രായം. നല്ലവനോ കുഴപ്പക്കാരനോ ആവാന്‍ സാധ്യതയുണ്ട്. നല്ലവനാണെങ്കില്‍ പൗരുഷം നശിച്ചവനായിരിക്കും. ഡാഷേടത്തെ കാര്യസ്ഥപ്പണിയോളം വിശുദ്ധമായി മറ്റൊന്നുമില്ല എന്നതാവും വിശ്വാസപ്രമാണം. സ്വന്തം മോളെ ഡാഷേടത്തെ ചെക്കന്‍ പെഴപ്പിക്കുമ്പോള്‍ എല്ലാം മറക്കാന്‍ അവളെ നിര്‍ബന്ധിച്ച് ഏതെങ്കിലും മൊണ്ണയെക്കൊണ്ട് മോളെ കെട്ടിച്ച് ഡാഷേടത്തിന്റെ മാനം കാക്കുന്നതാണ് വഴക്കം. കാര്യസ്ഥനു മകനാണുള്ളതെങ്കില്‍ അവന്‍ കുഴപ്പക്കാരനായിരിക്കും. ഡാഷേടത്തെ കുട്ടിയെ പെഴപ്പിക്കാന്‍ ശ്രമിക്കുന്ന മകനെ വെട്ടിക്കൊല്ലുന്നതിലൂടെ കാര്യസ്ഥന്‍ അതുല്യനാവുകയാണ് പതിവ്.
ജാനു- 30നും 40നും ഇടയില്‍ പ്രായം. ചുരുണ്ട മുടി, ഇരുനിറം, സാമാന്യം പൊങ്ങിയ പല്ലുകള്‍. ചുവന്ന ബ്ലൗസും ലുങ്കിയും സ്ഥിരം വേഷം. പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ വേലക്കാരിയാണ് കഥാപാത്രം. കടലക്കച്ചവടക്കാരന്‍ കുമ്പിള്‍ കുത്തിയതുപോലുള്ള മാറിടങ്ങളും മത്തങ്ങ പോലുള്ള അരക്കെട്ടും പൊതുവായ സവിശേഷതയാണ്. അരകല്ലില്‍ മുളകരയ്‍ക്കുന്നതും നായകന്റെ മുറി തുടയ്‍ക്കുന്നതുമാണ് പ്രധാന ജോലി. പണം എത്രയുണ്ടെങ്കിലും ബ്ലൗസിനുള്ളില്‍ സൂക്ഷിക്കാനുള്ള കഴിവ് അപാരമാണ്. പ്രൗഢയായ അമ്മമഴക്കാറിന്റെ മനസ്സില്‍ സംശയത്തിന്റെ വിഷവിത്തുകള്‍ വിതയ്‍ക്കുകയാണ് കര്‍ത്തവ്യം.
ഡ്രൈവര്‍- 45നും 55നും ഇടയ്‍ക്കു പ്രായം. വെള്ള ഷര്‍ട്ടും വെള്ള പാന്റും വെള്ള തൊപ്പിയുമാണ് വേഷം. അധികം സംസാരിക്കില്ല. കാറില്‍ ചാരി നിന്നു സിരഗറ്റ് വലിക്കുന്നത് പ്രധാനവിനോദം. ശരി മുതലാളി, ഉവ്വ് കുഞ്ഞേ എന്നിവയാണ് പ്രധാന ഡയലോഗുകള്‍. കോടീശ്വരനായ മുതലാളിയുടെ സകല അപരാധങ്ങളും നേരില്‍ കാണാനും സാക്ഷിയാകാനും അവസരമുള്ള ഈ ഡ്രൈവര്‍ പക്ഷെ ആരോടും ഒന്നും പറയില്ല. അങ്ങേര്‍ക്ക് സ്വന്തമായി വീടോ കുടുംബമോ ദുഖങ്ങളോ ഇല്ല. മുതലാളിയുടെ വീട്ടിലെ ചെറിയ അസ്വസ്ഥതകളും പിണക്കങ്ങളും പോലും ഇദ്ദേഹത്തെ കരയിക്കും. പരാതികളോ പരിഭവങ്ങളോ ഇല്ല.
നക്സല്‍ - 30നും 40നും ഇടയ്‍ക്ക് പ്രായം. വല്ലാതെ ചുരുട്ടിക്കയറ്റിയ അയഞ്ഞ ഷര്‍ട്ടും മുഷിഞ്ഞ പാന്റുമാണ് വേഷം. വിപ്ലവം കാത്ത് കാട്ടിലോ മറ്റോ ഒളിച്ചു കഴിയുന്ന കഥാപാത്രം. പൊട്ടിക്കാളിയായ നായികയോട് റഷ്യയിലെ ഉദാഹരണങ്ങളും പൊലീസ് ഭീകരതയുമൊക്കെ സോദാഹരണസഹിതം വിവരിക്കാനുള്ള കടമ ഇദ്ദേഹത്തിനാണുള്ളത്. കഥ ആവശ്യപ്പെടുന്നതനുസരിച്ച് വിപ്ലവത്തിന്റെ ആവശ്യത്തിനായി ആരെയെങ്കിലും കൊല്ലുകയോ പൊലീസുകാരാല്‍ മരിക്കുകയോ പിടിക്കപ്പെടുകയോ ചെയ്യാം.
പട്ടാളക്കാരന്‍- പ്രായം 30നും 40നുമിടയില്‍. ഫുള്‍ യൂണിഫോമില്‍ പക്ഷിയെ വെടിവയ്‍ക്കുന്ന തോക്കും പിടിച്ചാണ് പട്ടാളത്തില്‍ നിന്നും വരുന്നത്. കോമണ്‍സെന്‍സ് എന്നൊരു സാധനമുണ്ടാവില്ല. പണ്ട് ഞാന്‍ ഡെറാഡൂണിലായിരുന്നപ്പോള്‍ എന്നു തുടങ്ങുന്ന ഡയലോഗ് ആദ്യാവസാനം അവര്‍ത്തിക്കുന്ന ജോലിയേ ഉള്ളൂ. ഇദ്ദേഹത്തിന്റെ അതിമദാലസയായ ഭാര്യയെ നാട്ടിലെ യോഗ്യന്‍മാര്‍ ദുരുപയോഗിക്കുക പതിവാണ്.
ഇവരെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഏറ്റവും അടുത്തു താമസിക്കുന്ന തിരക്കഥാകൃത്തിന്റെ വീട്ടിലോ ഷൊര്‍ണൂര്‍ റസ്റ്റ് ഹൗസിലോ വിവരമറിയിക്കേണ്ടതാണ്.
LATEST അപ്ഡേറ്റ് !!!!
കാര്‍ന്നോരുടെ കമന്റ് കണ്ടപ്പോ തന്നെ ഞാന്‍ ബെര്‍ളിയുടെ പോസ്റ്റില്‍ പോയി ഒരു കമന്റ് ഇട്ടു. അത് പുള്ളി മുക്കി. മാത്രമല്ല ഇന്ത്യന്‍ സാത്താന്‍ ഇതേ വിവരം പറഞ്ഞിട്ട് അദ്ദേഹത്തിന്റെ പോസ്റ്റില്‍ ഒരു കമന്റ് ഇട്ടിരുന്നു. സാത്താന്റെ കമന്റ് ഉച്ച വരെ ആ പോസ്റ്റില്‍ കാണാന്‍ ഉണ്ടായിരുന്നു. ഇപ്പൊ അതും റിമൂവ് ചെയ്തിരിക്കുന്നു. അപ്പൊ ഇവരൊക്കെ ഇത്രയേ ഉള്ളൂ. ഇങ്ങനത്തെ ആളാണ് പോസ്റ്റ് മോഷ്ടിച്ച് എന്ന് പറഞ്ഞു ഇടയ്ക്കിടയ്ക്ക് രോഷം കൊള്ളുന്നത്. !!!!