2010, നവംബർ 21, ഞായറാഴ്‌ച

ഈ തണുത്ത വെളുപ്പാന്‍ കാലത്ത്

     

ഈയിടെ വനിതയുടെ ഒരു പഴയ ലക്കത്തില്‍ പ്രശസ്ത ചലച്ചിത്ര രചയിതാവും സംവിധായകനും ആയ രഞ്ജിത്ത് പറഞ്ഞത് വായിച്ചു. തന്നെ ഇക്കാലമത്രയും അത്ഭുതപ്പെടുത്തിയ  അല്ലെങ്കില്‍ അസൂയപ്പെടുത്തിയ ഒരേ ഒരാള്‍ പദ്മരാജന്‍ ആണെന്ന്. പദ്മരാജനെ പറ്റി വളരെ മുമ്പേ എഴുതണം എന്ന് തോന്നിയിരുന്നെങ്കിലും പിന്നെ വിട്ടു പോയി. അപ്പോഴാണ് ഈ അഭിമുഖം വായിച്ചതു. അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ എല്ലാം കഥയും തിരക്കഥയും ഒക്കെ പദ്മരാജന്‍ സ്വയം എഴുതിയിരുന്നതാണ്. മറ്റൊരാള്‍ക്ക്‌ വേണ്ടി അദ്ദേഹം നടത്തിയ രചനകള്‍ വിരളമാണ്. ഭരതന് വേണ്ടിയും ഭരതനോടോരുമിച്ചും ചിലത് എഴുതിയത് വിസ്മരിക്കുന്നില്ല. എന്നാല്‍ വര്‍ഷങ്ങളായി വെറും ഒരു കച്ചവട സിനിമാക്കാരന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ജോഷി ഇദ്ദേഹത്തിന്‍റെ ഒരു തിരക്കഥയില്‍ സംവിധാനം ചെയ്ത ഒരു ചിത്രമാണ് 'ഈ തണുത്ത വെളുപ്പാന്‍ കാലത്ത്'. ഈ ചിത്രം കണ്ടിട്ടില്ലാത്തവര്‍ക്കായി ഒരു ഓര്‍മ്മക്കുറിപ്പ്‌. സത്യം പറയാമല്ലോ ജോഷി വളരെ നന്നായി തന്റെ ജോലി ചെയ്തിട്ടുണ്ട്. ശരി. അപ്പൊ കഥയിലേക്ക്‌...

    ഒരു അവധി ദിവസം രാത്രി അടുക്കളയില്‍ സ്വയം പാചകം ചെയ്തു കൊണ്ട് മുംബയില്‍ ഉള്ള ഭാര്യയോടും മക്കളോടും ഫോണില്‍ സംസാരിക്കുന്ന ഒരു ജട്ജിയില്‍ ( ബാബു നമ്പൂതിരി ) നിന്നാണ് കഥ തുടങ്ങുന്നത്. മതില് ചാടി വീട്ടിനുള്ളില്‍ എത്തുന്ന ഒരു കൊലയാളി ജഡ്ജിയെ വക വരുത്തുന്നു.
മരിച്ചു എന്നുറപ്പാക്കിയ ശേഷം മൃതദേഹത്തിന്റെ വായില്‍ ഒരു കഷണം ചകിരി തിരുകിയിട്ട് കൊലയാളി സ്ഥലം വിടുന്നു.  അന്വേഷണതിനെത്തുന്ന പോലീസിന് ഒരു തുമ്പും കിട്ടുന്നില്ല.

     അങ്ങനെ ഇരിക്കെ ആണ് അടുത്ത കൊലപാതകം. മറിച്ച ജഡ്ജി വാസുദേവിന്റെ ഒരു അടുത്ത സുഹൃത്താണ് കുവൈറ്റ് മണി ( എം ജി സോമന്‍ ) എന്നറിയപ്പെടുന്ന മണി എന്ന വ്യവസായി.
സ്വന്തം ഭാര്യയെ ഉപേക്ഷിച്ച മണിക്ക് ഒരു കീപ്‌ ഉണ്ട്. പത്മം ( ചിത്ര ). ഭാര്യയും മകനും ഒക്കെ എതിര്‍ത്തിട്ടും പുള്ളിക്കാരന്‍ അവരെ ഒക്കെ അവഗണിച്ചിട്ട് പത്മതിനെ കൊണ്ട് നടക്കുകയാണ്.
ഒരു ദിവസം പത്മത്തെ കണ്ടിട്ട് സ്വന്തം റബ്ബര്‍ എസ്ടെട്ടിലേക്കുള്ള യാത്രയില്‍ വിജനമായ റോഡില്‍ വച്ചു മണി കൊല്ലപ്പെടുന്നു. ഒരു ജീപ്പ് കൊണ്ടിടിച്ചു മണിയെ കൊലപ്പെടുത്തിയ ശേഷം മണിയുടെ വായിലും ഒരു കഷണം ചകിരി തിരുകി കൊലയാളി ഇരുട്ടിലേക്ക് വീണ്ടും മറയുന്നു.

     ഇതോടെ സംഗതി ആകെ മാറുന്നു. കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുന്നു. എസ് പി ഹരിദാസ്‌ ദാമോദരന്‍ കേസ് അന്വേഷണത്തിലേക്ക് കടന്നു വരുന്നു ( മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രം )
ഹരിദാസിന്റെ ഭാര്യ ലപ്പി ( സുമലത ) രസകരമായ ഒരു കഥാപാത്രമാണ്. ജ്യോല്സ്യന്മാരുടെയും മനുഷ്യ ദൈവങ്ങളെയും കണക്കില്ലാതെ വിശ്വസിക്കുന്ന ഒരാള്‍ ആണ് ലപ്പി. ഹരിദാസ് ആകട്ടെ നേരെ തിരിച്ചും. മൃതദേഹങ്ങളുടെ വായില്‍ ഉപേക്ഷിച്ചു പോകുന്ന ചകിരി കഷണം ഒരു പ്രതികാരത്തിന്റെ അടയാളമാണോ എന്ന പോലീസിന്റെ പ്രാഥമിക സംശയം ഹരിക്കും ഉണ്ടാകുന്നു.
അതില്‍ നിന്നു തന്നെ തുടങ്ങാം എന്നു ഹരിദാസ്‌ തീരുമാനിക്കുന്നു.

     ഇതിനോട് സാമ്യമുള്ള ഒരു കൊലപാതകം മുന്‍പ് എപ്പോഴെങ്കിലും നടന്നിട്ടുണ്ടോ എന്നു ഹരിദാസ്‌ അന്വേഷിക്കുന്നു. ഹരിദാസിന്റെ അസിസ്റ്റന്റ്‌ ആയ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പണ്ട് മുംബയില്‍ ഇതിനോട് സമാനമായ ഒരു സംഭവം നടന്നിട്ടുണ്ടെന്ന് കണ്ടു പിടിക്കുന്നു. വിഷം കഴിച്ചു ആത്മഹത്യ ചെയ്ത ഒരു ആംഗ്ലോ ഇന്ത്യന്‍ റൊസാരിയോ. മൃതദേഹത്തിന്റെ വായില്‍ അന്ന് ഒരു ചകിരി കഷണം കണ്ടിരുന്നുവെങ്കിലും പോലീസ് അന്ന് അത് കാര്യമായി എടുത്തില്ല. മരണ വെപ്രാളത്തില്‍ കിടക്ക കടിച്ചു മുറിച്ചു വായില്‍ ആയതാണ് എന്നായിരുന്നു അന്ന് അവര്‍ കരുതിയത്‌. രോസാരിയോയുടെ കുടുംബം പക്ഷെ നാട്ടിലാണ്. അയാളുടെ ഇവിടത്തെ വീട്ടില്‍ ഒന്ന് പോയി നോക്കാന്‍ തന്നെ ഹരിദാസ്‌ തീരുമാനിക്കുന്നു. അപ്പോഴേക്കും ആ വീട് വിറ്റുപോയിരുന്നു. പുതിയ താമസക്കാരില്‍ നിന്നും ഹരിക്ക് കുറച്ചു വിവരങ്ങള്‍ ലഭിക്കുന്നു. റൊസാരിയോ വിവാഹം കഴിച്ചത് ശ്രീദേവി എന്നൊരു ഹിന്ദു പെണ്‍കുട്ടിയെ ആയിരുന്നു. അവരുടെ വീട്ടിലൊക്കെ പോയി അന്വേഷിക്കുന്ന ഹരിദാസിന് ഒരു വിവരം കൂടി ലഭിക്കുന്നു. റൊസാരിയോ - ശ്രീദേവി ദമ്പതികള്‍ക്ക് ഒരു മകന്‍ ഉണ്ടായിരുന്നു എന്നത്. മയക്കു മരുന്നിനു അടിമയായി ഒടുവില്‍ വീട് വിട്ടു പോവുകയായിരുന്നു അവന്‍ എന്നു വിവരം ലഭിക്കുന്നു. ക്രിസ്റ്റി എന്ന പേരില്‍ ഒരു ധര്‍മ സ്ഥാപനത്തില്‍ അന്തേവാസി ആയിരുന്നു അവന്‍. 
വീട്ടുകാരുമായി സ്ഥിരം വഴക്കായിരുന്നു ക്രിസ്റ്റി. അമ്മയുടെ മരണത്തോടെ സമനില തെറ്റിയ ക്രിസ്റ്റി ഇനി ഒരു സയ്ക്കോപാത്ത് ആയി മാറിയോ എന്നു ഹരിദാസ്‌ സംശയിക്കുന്നു. ടി വിയില്‍ ക്രിസ്ടിയെ കണ്ടവരുണ്ടെങ്കില്‍ ബന്ധപ്പെടണം എന്നു അഭ്യര്‍ഥിച്ചു അവര്‍ പരസ്യം ചെയ്യുന്നു. വൃദ്ധന്മാരെ ലക്‌ഷ്യം വയ്ക്കുന്ന ഒരു സയിക്കോപാത്ത് ആണ് കൊലയാളി എന്ന വിവരം എങ്ങനെയോ ചോരുന്നു. ഇത് ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തുന്നു.

    ലപ്പി ടൌണിലെ ഒരു വിമന്‍സ് ക്ലബ്ബിന്റെ സെക്രട്ടറി ആണ്. ക്ലബ്‌ സംഘടിപ്പിക്കുന്ന ഒരു ചടങ്ങില്‍ അതിഥി ആയി ഒരു വയോ വൃദ്ധന്‍ വരുന്നു. നെടുമുടി വേണു അവതരിപ്പിക്കുന്ന വാര്യര്‍ സര്‍ എന്ന കഥാപാത്രം. എക്സ്ട്രാ സെന്‍സറി പെര്‍സെപ്ഷന്‍ എന്ന പ്രതിഭാസത്തെ പറ്റി പഠനം നടത്തുകയും അതില്‍ പരീക്ഷണങ്ങള്‍ ചെയ്യുകയും ചെയ്യുന്ന ഒരു ഗുരു. പുള്ളി തന്റെ കഴിവ് ഉപയോഗിച്ച് പ്രതിയെ കണ്ടു പിടിക്കാന്‍ ഒരു ശ്രമം നടത്തുന്നു. അദ്ദേഹവും കാണുന്നത് അബോധാവസ്ഥയില്‍ മയങ്ങിയ മിഴികളോട് കൂടിയ ഒരു യുവാവിനെ ആണ്. ഹരിദാസ്‌ അതൊന്നും വിശ്വസിക്കുന്നില്ലെങ്കിലും ക്രിസ്ടിയെ കണ്ടുപിടിക്കാനുള്ള ശ്രമവുമായി മുന്നോട്ടു പോകുന്നു. ഒരു രാത്രി  വാര്യര്‍ക്ക് നേരെയും വധ ശ്രമം ഉണ്ടാവുന്നു.

     ഇതിനിടക്ക്‌ ക്രിസ്റ്റി പിടിയിലാവുന്നു. പക്ഷെ അവനു ഒരു വിവരവും നല്‍കാന്‍ കഴിയുന്നില്ല. നാര്‍ക്കോ അനാലിസിസ് ഒക്കെ പരീക്ഷിച്ചു നോക്കുന്നെങ്കിലും ഒന്നും ഫലവത്താകുന്നില്ല.
അങ്ങനെ ഇരിക്കെ ഒരു ദിവസം ഷോപ്പിംഗ്‌ നു പോകുമ്പോള്‍ അവിടെ വച്ചു ഹരിദാസ്‌ കുവൈറ്റ് മണിയുടെ പഴയ കീപ്‌ ആയ പത്മത്തെ കാണുന്നു. അവിടെ നിന്നു പത്മം ഒരു മധ്യവയസ്കന്റെ ഒപ്പം കാറില്‍ കയറി പോകുന്നത് ഹരിദാസിന്റെ ശ്രദ്ധയില്‍ പെടുന്നു. അതാരാണ് എന്ന അന്വേഷണം എത്തിയത് ഫിലിപ്പ് തെന്നലയ്ക്കല്‍ ജോര്‍ജ് എന്ന ഒരു പണചാക്കില്‍ ആണ്. മണിയെ പോലെ തന്നെ , എന്നാല്‍ അതിനെക്കാള്‍ റിച് ആയ ഒരു ധനാട്യന്‍. പത്മതോടുള്ള പുതിയ ബന്ധം പുള്ളി നിഷേധിക്കുന്നില്ല. മണി പോയ സ്ഥിതിക്ക് പത്മത്തിന് തല്ക്കാലം ഒരു പിടിവള്ളി. അതുമാത്രമാണ് താന്‍ എന്നും കുറച്ചു കാലത്തേക്ക് കൊണ്ട് നടക്കാന്‍ പറ്റിയ ഒരു പെണ്ണാണ് പത്മം എന്നും ഫിലിപ്പ് അഭിപ്രായപ്പെടുന്നു. മണിയുടെ ഒരു അടുത്ത സുഹൃത്തായിരുന്നു ഫിലിപ്പ്. മുമ്പ് മറിച്ച ജഡ്ജ് വസുദേവിന്റെയും.  ഇനി മണി ജീവിച്ചിരുന്നപ്പോള്‍ തന്നെ ഇവര്‍ തമ്മില്‍ ഒരു ബന്ധം ഉണ്ടായിരുന്നുവോ. ? അവര്‍ രണ്ടു പേരും കൂടിയാണോ ഇനി മണിയെ കൊന്നത് ? ഇങ്ങനെ ഹരിദാസിന്റെ അനേകം സംശയങ്ങള്‍ക്കു ഫിലിപ്പ് ആ സംഭാഷണം കൊണ്ട് തടയിടുന്നു. കുവൈറ്റ് മണിയുടെ മരണത്തിലും ജഡ്ജിയുടെ മരണത്തിലും താന്‍ ദുഖിതന്‍ ആണെന്നും കൊലയാളിയെ കണ്ടു പിടിക്കാന്‍ ഏത്‌ തരത്തില്‍ സഹകരിക്കാനും താന്‍ തയാറാണെന്നും ഫിലിപ്പ് പറയുന്നു. അങ്ങനെ ആ അഭിമുഖം അവസാനിക്കുന്നു. 

     ഇതോടെ അന്വേഷണം ഒരു പ്രതിസന്ധിയിലെതുന്നു. ഒരു തുമ്പും ഇല്ല മുന്നോട്ടു പോകാന്‍. ഒരു ദിവസം ക്രിസ്ടിയുടെ വീട്ടില്‍ നിന്നു ലഭിച്ച പഴയ ഫോട്ടോഗ്രാഫുകള്‍ നോക്കിയിരിക്കുന്ന ഹരിദാസ്‌ 
ഒരു കോളേജ് ഗ്രൂപ്പ്‌ ഫോട്ടോ കണ്ടു ഞെട്ടുന്നു. ശ്രീദേവിയും മറിച്ച രോസാരിയോയും മാത്രമല്ല ആ ഫോട്ടോയില്‍ ഉണ്ടായിരുന്നത്. ആ ബാച്ചിലെ വിദ്യാര്‍ത്ഥികളുടെ കൂട്ടത്തില്‍ ഇപ്പോള്‍ കണ്ട ഒരു മുഖം കൂടി. ഫിലിപ്പ് തെന്നലയ്ക്കല്‍ ജോര്‍ജ്. മറിച്ച ജഡ്ജ്, കുവൈറ്റ് മണി, ഫിലിപ്പ് , ശ്രീദേവി, റൊസാരിയോ എന്നിവര്‍ കുറച്ചു വര്‍ഷം മുമ്പ് ഒരേ സമയം ഒരു കോളേജില്‍ ഒരുമിച്ചുണ്ടായിരുന്നു എന്ന സത്യം ഹരിദാസിനെ കുറച്ചു കൂടി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. ഫിലിപ്പിനെ ഒന്ന് കൂടി ചോദ്യം ചെയ്യാന്‍ ഹരിദാസ്‌ തീരുമാനിക്കുന്നു. അതില്‍ പുതിയ ഒരു വിവരം വെളിവാകുന്നു. പണ്ട് ഇവരെല്ലാവരും ശ്രീദേവിയുടെ പുറകെ നടന്നിട്ടുണ്ട് .പക്ഷെ ഇവരെ അവഗണിച്ച ശ്രീദേവിയോട് പക തീര്‍ക്കാന്‍ അവളെ ഒരിക്കല്‍ ഇവരെല്ലാവരും കൂടി ഗാംഗ് റേപ് ചെയ്തിട്ടുണ്ട് എന്നത് അയാള്‍ തുറന്നു സമ്മതിക്കുന്നു. 


എന്നാലും കൊലയാളി ആര് എന്ന ചോദ്യം ബാക്കിയാവുന്നു. കൂനിന്മേല്‍ കുരു എന്നത് പോലെ ക്രിസ്റ്റി പോലീസ് കസ്ടടിയില്‍ നിന്നു ചാടി പോകുന്നു. ഈ വാര്‍ത്ത‍ വീണ്ടും ഒരു ഭീതി പരത്തുന്നു.
നാട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന എല്ലാവരും തങ്ങള്‍ക്കു പോലീസ് സംരക്ഷണം വേണം എന്നു ആവശ്യപ്പെടുന്നു. ഫിലിപ്പ് ഉള്‍പ്പെടെ. താന്‍ ആയിരിക്കും കൊലയാളിയുടെ അടുത്ത ഉന്നം എന്നു ഫിലിപ്പ് ഉറപ്പിച്ചു പറയുന്നു. എന്നാല്‍ അതിന്റെ കാരണം അയാള്‍ പറയുന്നില്ല. വേറെ ആര്‍ക്കു സംരക്ഷണം കൊടുത്താലും ഫിലിപ്പിന് കൊടുക്കണ്ട എന്നു ഹരിദാസ്‌ നിര്‍ദേശിക്കുന്നു. എന്നിട്ട് അവര്‍ രാത്രി ഫിലിപ്പിന്റെ വിശാലമായ ബംഗ്ലാവിനു ചുറ്റും രഹസ്യമായി നിലയുറപ്പിക്കുന്നു. 
രാത്രിയുടെ നിഗൂടതയില്‍ കൊലയാളി വീണ്ടുമെത്തുന്നു. ഫിലിപ്പിനെ വധിക്കാന്‍. എന്നാല്‍ 
പതിയിരുന്ന പോലീസിന്റെ കെണിയില്‍ അയാള്‍ വീഴുന്നു. കൊലയാളിയെ കണ്ടു എല്ലാവരും ഞെട്ടുന്നു.


    ഇതാണ് കഥ. പത്മരാജന് മാത്രം എഴുതാന്‍ കഴിയുന്ന സംഭാഷണങ്ങളിലൂടെ ഒരു സാധാരണ കുറ്റാന്വേഷണ മസാല ചിത്രം എങ്ങനെ വേറൊരു തലത്തിലേക്ക് ഉയര്‍ത്താം എന്നു ഈ ചിത്രത്തില്‍ കാണാം. നമ്മുടെ പുതിയ തലമുറ കഥാകൃതുക്കള്‍ക്ക് ഒരു പാഠപുസ്തകം ആണ് പത്മരാജന്റെ സിനിമകള്‍. ജോഷിക്ക് ഇങ്ങനെയും ചിത്രം എടുക്കാന്‍ പറ്റും എന്നു ഇത് കണ്ടപ്പോ പിടി കിട്ടി. അല്ലെങ്കിലും നമ്മുടെ പഴയ സിനിമാക്കാര്‍ക്ക്‌ എല്ലാം ഒടുക്കലത്തെ റേഞ്ച് ആണ്.
സിബി മലയില്‍ ആഗസ്റ്റ്‌ ഒന്നിലൂടെയും പിന്‍ഗാമിയിലൂടെ സത്യന്‍ അന്തിക്കാടും മറ്റും ഇത് പലപ്പോഴും തെളിയിച്ചിട്ടുള്ളതാണ്. ഇപ്പോഴത്തെ സംവിധാന കേസരികള്‍ക്ക് ഇതൊന്നും പറ്റില്ലെങ്കിലും വാചകമടിയില്‍ അവര്‍ സൂപ്പര്‍ താരങ്ങള്‍ ആണ്. കഥ നല്ല രസമായി പറഞ്ഞിട്ടുള്ളത് കൊണ്ടാണ് ആരാണ് കൊലയാളി എന്നു എഴുതാത്തത്. പറ്റുമെങ്കില്‍ കണ്ടു നോക്കു. 

7 അഭിപ്രായങ്ങൾ:

  1. ഇങ്ങനെ ഉള്ള നല്ല സിനിമകളെ പറ്റി ഇടയ്ക്ക് എഴുതുന്നുണ്ടല്ലോ..
    മുന്‍പ് 'ഉത്തരം' പോസ്റ്റ്‌ കണ്ടിരുന്നു.
    തുടരുക..

    മറുപടിഇല്ലാതാക്കൂ
  2. ഞാന്‍ കണ്ടിരുന്നു.ആദ്യാവസാനം സസ്പെന്‍സ് നില നിലനിര്‍ത്തിയ നല്ലൊരു സിനിമ.

    മറുപടിഇല്ലാതാക്കൂ
  3. പല തവണ കണ്ടിട്ടുള്ല, ഒരു മികച്ച ചിത്രമാണ് അത്.

    ജോഷി എത്രയോ നല്ല ചിത്രങ്ങള്‍ ചെയ്ത സീനിയര്‍ സംവിധായകനാണ്. എന്തേ ഇത് എടുത്തു പരാമര്‍ശിയ്ക്കാന്‍?

    മറുപടിഇല്ലാതാക്കൂ
  4. ഞാന്‍ ഈ സിനിമ കണ്ടീട്ടില്ല..
    ഹരിയുടെ പോസ്റ്റില്‍ കോളേജ് ഡേയ്സിന്റെ റിവ്യൂവില്‍ ഈ സിനിമ പരാമര്‍ശിച്ചിരിക്കുന്നു.വിക്കി പോയി..കഥാസാരം അത്ര ക്ലിയറല്ല..
    എന്തല്‍ഭുതം..ദുശ്ശു ഇതാ കഥാസാരം ഇട്ടിരിക്കുന്നു..
    തേടിയ വള്ളീ കാലില്‍ ചുറ്റി..ഇനിയിതെങ്ങനെ അഴിച്ചു കളയും..ഹി ഹി..
    പണ്ടാരം..ബൈജുവിന്റെ ബാക്കി കഥ വേഗം ഇടോ..

    മറുപടിഇല്ലാതാക്കൂ
  5. ഹോ...ദുശൂശൂ....... പണ്ട് എപോഴോ ഈ പടം ഇച്ചിരി ടി വിയില്‍ കണ്ടിരുന്നു....ആകെ ടെന്‍ഷന്‍ ആയി. പടം കയ്യില്‍ ഉണ്ടോ ?

    മറുപടിഇല്ലാതാക്കൂ
  6. ക്യാപ്റ്റന്‍ യു ട്യുബില്‍ ഉണ്ട്.
    ഞാന്‍ ഇന്നലെ കണ്ടു.കണ്ടു വന്നപ്പോള്‍, ചില സീനുകള്‍ കണ്ടപ്പോള്‍ ആണ് ഇത് കണ്ടതാണ് എന്ന് മനസ്സിലായത്‌,നണ്ട്രി.

    മറുപടിഇല്ലാതാക്കൂ
  7. ശാസനാതീതനായ
    ദുശ്ശാസനാ
    ഈ സിനിമ കാണാന്‍ തീരുമാനിച്ചു.
    കണ്ടിട്ട് കൂടുതല്‍

    മറുപടിഇല്ലാതാക്കൂ