2011, സെപ്റ്റംബർ 15, വ്യാഴാഴ്‌ച

മീല്‍സ് റെഡി





     ഈ ഒരു ബോര്‍ഡ് ഇന്നലെ ഇവിടെ ഒരു ഹോട്ടലിന്റെ മുന്നില്‍ തൂക്കിയിരിക്കുന്നത് കണ്ടു. സാധാരണ ബാന്‍ഗ്ലൂര്‍ ഹോട്ടലുകളില്‍ ഈ ബോര്‍ഡ് കാണാറില്ല. കയറി നോക്കി. പ്രതീക്ഷിച്ച പോലെ ഒരു മലയാളി റെസ്ടോറന്റ് ആയിരുന്നു. അങ്ങനെ തീര്‍ത്തു പറയാനും പറ്റില്ല. ഒരു ചെറിയ മെസ്സ് ആണ് അത്. എന്തോ ആ ബോര്‍ഡ് കണ്ടപ്പോള്‍ ഒരുപാടു പഴയ ഓര്‍മ്മകള്‍ മനസ്സിലേക്ക് കയറി വന്നു. പഠിച്ചതൊക്കെ അടുത്തുള്ള സ്കൂളിലും കോളജിലും ഒക്കെ ആയിരുന്നത് കൊണ്ട് പുറത്തു നിന്ന് ഭക്ഷണം കഴിക്കേണ്ടി വന്നിട്ടില്ല. ഏകദേശം ഒന്‍പതു വര്‍ഷം മുമ്പാണ് വീട്ടിലെ സുഖവാസം മതിയാക്കി ഞാന്‍ പണിക്കു പോയി തുടങ്ങിയത്. അന്ന് മുതലാണ്‌ വീട്ടിനു പുറത്തു നിന്ന് ആഹാരം കഴിക്കല്‍ തുടങ്ങുന്നത്. ഈയിടക്ക് സോള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍ നെ പറ്റിയുള്ള വാര്‍ത്തകള്‍ വായിച്ചപ്പോഴും ഞാന്‍ ഇതൊക്കെ ഓര്‍ത്തിരുന്നു. 


    വീട്ടില്‍ ബീഫ് ഉണ്ടാക്കാത്തത് കൊണ്ട് അത് അടുത്തുള്ള ഒരു തട്ടുകടയില്‍ പോയി കഴിക്കുമായിരുന്നു. അവിടെ ചെന്ന് ഓര്‍ഡര്‍ ചെയ്യുമ്പോ ആണ് അവര്‍ അത് ചൂടാക്കി തരുന്നത്. ബീഫ് മുളകും ചേരുവകളും ഒക്കെ പുരട്ടി ഒരു പത്രത്തില്‍ വച്ചിരിക്കും. നമ്മള്‍ ഒരു പ്ലേറ്റ് ബീഫ് ഫ്രൈ എന്ന് ഓര്‍ഡര്‍ ചെയ്താല്‍ ഉടനെ അതുണ്ടാക്കുന്ന കണ്ണന്‍ ചേട്ടന്‍ ഒരു ചെറിയ കിണ്ണത്തില്‍ കുറച്ചു ബീഫ് എടുത്തു മുന്‍പില്‍ തിളച്ചു കൊണ്ടിരിക്കുന്ന എണ്ണയിലേക്ക്   ഇടും. ആ എണ്ണയില്‍ വീണ ഉടന്‍ തന്നെ അവന്‍ അങ്ങനെ വീതി തിളക്കാന്‍ തുടങ്ങും. മാത്രമല്ല ബീഫ് എണ്ണയില്‍ വീഴുമ്പോള്‍ ഒരു മണമുണ്ട്. ഹോ. ഇപ്പോഴും അത് മൂക്കിന്‍ തുമ്പത്തുണ്ട് . പിന്നെ പുള്ളി അതില്‍ എന്തൊക്കെയോ സാധനങ്ങള്‍ വാരി വിതറും. ഒരു അഞ്ചു മിനിറ്റ് ഈ അഭ്യാസമൊക്കെ കാണിച്ചിട്ട് ഒരു കീറ് പത്രകടലാസിന്റെ മുകളില്‍ വിരിച്ചിരിക്കുന്ന മെഴുകു പേപ്പറിന്റെ മുകളിലേക്ക് ഇടും. എന്നിട്ട് അത് ചൂടോടെ പൊതിഞ്ഞു തരും. 


     പിന്നെ തിരുവനന്തപുരത്ത് ജോലി ചെയ്തിരുന്നപ്പോള്‍ മണക്കാട് ആയിരുന്നു താമസം. നല്ല ഒന്നാംതരം ഭക്ഷണം കിട്ടുന്ന ഹോട്ടലുകള്‍ കൊണ്ട് സമൃദ്ധമാണ് തിരുവനന്തപുരം. സീനത്ത് എന്നൊരു ഹോട്ടലിലായിരുന്നു നമ്മുടെ ഭക്ഷണം കഴിക്കല്‍. അത് നടത്തിയിരുന്ന ഒരു കാക്ക ഉണ്ട്. അദ്ദേഹം രാവിലെ നാല് മണിക്ക് തന്നെ ഹോട്ടലില്‍ എത്തും. എന്നിട്ടാണ് സുബഹി നിസ്കരിക്കാന്‍ അദ്ദേഹം അട്ടക്കുളങ്ങര പള്ളിയിലേക്ക് പോകുന്നത്. അന്ന് കിട്ടുന്ന തുശ്ചമായ വരുമാനം കൊണ്ട് ഞങ്ങള്‍ക്ക് വയറു നിറയെ ഭക്ഷണം തന്നിരുന്നത് കാക്കയുടെ ഒരു കാരുണ്യമായിരുന്നു. പൊറോട്ട വാങ്ങിയാല്‍ അതിന്റെ ഒപ്പം കറി വാങ്ങാന്‍ പലപ്പോഴും പൈസ ഉണ്ടാവില്ല. അതുകൊണ്ട് ഞങ്ങള്‍ എന്നും കുറച്ചു ഗ്രേവി ചോദിക്കും. വല്ലപ്പോഴുമെങ്കിലും ഒരു കറി വാങ്ങിച്ചു കഴിക്കൂ മക്കളെ എന്ന് കാക്ക തമാശ പറയുമെങ്കിലും എന്നും നമ്മള്‍ ചോദിക്കാതെ തന്നെ ഗ്രേവി തരാന്‍ അദ്ദേഹം സപ്പ്ലയര്‍മാരോട് പറയും. മിക്ക ദിവസവും ആ ഗ്രെവിയും അല്ലെങ്കില്‍ രണ്ടു സ്പൂണ്‍ പഞ്ചസാരയും ചേര്‍ത്താണ് പൊറോട്ട കഴിക്കുന്നത്‌. പക്ഷെ കഴിക്കുന്ന സമയം ഒക്കെ കിറുകൃത്യമായിരുന്നു. മീല്‍സ് റെഡി ബോഡ് തൂങ്ങുന്ന ആ നിമിഷം തന്നെ നമ്മള്‍ അവിടെ വരവ് വയ്ക്കും. 


     ഒരു ദിവസം അവിടെ കഴിക്കാന്‍ പോയപ്പോള്‍ കണ്ടു നല്ല പരിചയമുള്ള ഒരാള്‍ അവിടെ നില്‍ക്കുന്നത് കണ്ടു. മട്ടന്‍ വാങ്ങിക്കാന്‍. അങ്ങേര്‍ പോയതിനു ശേഷം കാക്കയോടു ചോദിച്ചപ്പോഴാണ് മനസ്സിലായത് നമ്മുടെ 'അനന്തം അജ്ഞാതം ' അവതരിപ്പിക്കുന്ന പുള്ളിയാണെന്ന്. അങ്ങേര്‍ അവിടത്തെ സ്ഥിരം കുറ്റിയാണ്. സീനത്തിലെ പഴം പൊരിയും ഉഴുന്ന് വടയും എന്റെ ഒരു ഫേവറിറ്റ് ആയിരുന്നു. നോമ്പ് കാലത്ത് വളരെ താമസിച്ചേ ഹോട്ടല്‍ തുറക്കൂ. സുഹൃത്തുക്കള്‍ എല്ലാം മുസ്ലീങ്ങള്‍ ആയതു കാരണം ആ ഒരു മാസം കഴിക്കാന്‍ ഞാന്‍ ഒറ്റക്കാവും. രാഹത്ത് എന്ന് പറഞ്ഞിട്ട് വേറൊരു ഹോട്ടല്‍ കൂടി അവിടുണ്ടായിരുന്നു. അവിടെ പോയി ബിരിയാണി കഴിച്ചിട്ട് കൈ സോപ്പിട്ടു കഴുകാതെ തിരിച്ചു വന്നു ഞാന്‍ എന്റെ സുഹൃത്തുക്കളെ ആ കൈ മണപ്പിക്കുമായിരുന്നു. ഒരു തമാശയായി അങ്ങനെ ചെയ്തെങ്കിലും പിന്നെ നോമ്പിന്റെ പുണ്യത്തെ അപമാനിക്കരുത് എന്ന് കരുതി ഞാന്‍ ആ പരിപാടി നിര്‍ത്തി. അന്ന് അവര്‍ പാളയം പള്ളിയില്‍ നോമ്പ് തുറയ്ക്ക് പോയിട്ട് വരുമ്പോ എനിക്കും മഞ്ഞളും ഇഞ്ചിയും ഒക്കെ ചേര്‍ത്ത സ്വാദിഷ്ടമായ നോമ്പ് കഞ്ഞി കൊണ്ട് വരുമായിരുന്നു. എന്താ അതിന്റെ ഒരു രുചി.. ഹോ.. 


     പിന്നെ ഓര്‍മ വരുന്നത് അട്ടക്കുളങ്ങര ജയിലിന്റെ അടുത്തുള്ള ബുഹാരി ആണ്. പുട്ടും മട്ടന്‍ കറിയും ആണ് അവിടത്തെ സ്പെഷ്യല്‍. സിനിമ കണ്ടിട്ട്  ഓട്ടോ പിടിക്കാന്‍ കാശില്ലാത്തത്‌ കൊണ്ട് പലപ്പോഴും തമ്പാനൂര്‍ നിന്ന് മണക്കാട് വരെ നടന്നാണ് പോകുന്നത്. കിഴക്കേ കോട്ട വഴി നടന്നു തളര്‍ന്നു അട്ടക്കുളങ്ങര എത്തുമ്പോ ഒരു തണ്ണീര്‍ പന്തല്‍ പോലെ ബുഹാരി ഉണ്ടാവും. 

കഴുകി വൃത്തിയാക്കിയ തൂശനിലക്കഷണത്തില്‍ മഞ്ഞു പോലത്തെ വെണ്മയുള്ള രണ്ടു കഷണം പുട്ടും അതിന്മേല്‍ തൂവിയ രുചികരമായ മട്ടന്‍ കറിയും. ചിലപ്പോ ചായയും ഉണ്ടാവും. എപ്പോ അവിടെ ചെന്നാലും ഒരുപോലെയാണ്. നിറയെ ആളുകളും ഹോട്ടല്‍ നിറഞ്ഞു നില്‍ക്കുന്ന മട്ടന്‍ കറിയുടെ മണവും. ചാല കമ്പോളത്തിന്റെ ഒത്ത നടുവില്‍ മുബാറക് എന്നൊരു ഹോട്ടലുണ്ട്. പണ്ടൊരുപാട് കേട്ടിട്ടുണ്ടെങ്കിലും ഒരിക്കല്‍ അവിടെ പോയപ്പോഴാണ് എന്തുകൊണ്ടാണ് മുബാറക് ഇത്ര പ്രസിദ്ധം എന്ന് മനസ്സിലായത്. ഒരു ചെറിയ, അത്രയ്ക്ക് ആഡംബരമോന്നുമില്ലാത്ത ഒരു കെട്ടിടത്തിലാണ് മുബാറക് പ്രവര്‍ത്തിക്കുന്നത്. ഉച്ചയൂണിനു പ്രസിദ്ധമാണ് മുബാറക്. 

ചോറും കറികളും തേങ്ങ ചേര്‍ത്തരച്ച അത്യുഗ്രന്‍ മീന്‍ കറിയും കപ്പയും ആണ് ഇവിടത്തെ സ്പെഷ്യാലിറ്റി. പറഞ്ഞാല്‍ വിശ്വസിക്കില്ല. ഉച്ചക്ക് അവിടെ പോയി നോക്കിയാല്‍ ഭക്ഷണം പാര്‍സല്‍ വാങ്ങിച്ചു കൊണ്ട് പോകാന്‍ കാരിയറുമായി വന്നു കാത്തു നില്‍ക്കുന്ന സ്റ്റേറ്റ് കാര്‍ ഡ്രൈവര്‍മാരെ കാണാം. നോമ്പിന്റെ സമയത്ത് അതി രാവിലെ അവിടെ ചെല്ലുന്നവര്‍ക്ക് വിഭവ സമൃദ്ധമായ ഭക്ഷണം ( മീന്‍ പൊരിച്ചത് ഉള്‍പ്പെടെ ) സൌജന്യമാണ്. നോമ്പ് സമയത്ത് ഒരു പുണ്യ പ്രവര്‍ത്തി പോലെ ആ ഹോട്ടലുടമ വര്‍ഷങ്ങളായി ചെയ്തു വരുന്ന ഒരു കാര്യമാണ്. ചെല്ലുന്നവന്റെ ജാതിയോ മതമോ നോക്കാതെ എല്ലാവര്‍ക്കും സൌജന്യ ഭക്ഷണം. എന്റെ സുഹൃത്തായ വിനോദും അവന്റെ അനിയനും അവിടത്തെ സ്ഥിരം പുള്ളികള്‍ ആയിരുന്നു.
     കേത്തലിന്റെ കടയെ പറ്റി കൂടി എഴുതിയില്ലെങ്കില്‍ ഇത് പൂര്‍ണമാവില്ല. പണ്ട് കെറ്റിലില്‍ ചായ കൊണ്ട് നടന്നു വിറ്റിരുന്ന ആളാണ്‌ ഇതിന്റെ ഉടമ. കെറ്റില്‍ നു ലോക്കല്‍ ആയി കേത്തല്‍ എന്നാണല്ലോ നമ്മുടെ നാട്ടുകാര്‍ വിളിക്കുന്നത്‌. അദ്ദേഹത്തിന്റെ കടയില്‍ എന്താ കിട്ടുക എന്നറിയാമോ ? പൊരിച്ച ഒരു ഫുള്‍ ചിക്കന്‍, ആറു ചപ്പാത്തി. ഇതിനു ഫ്ലാറ്റ് റേറ്റ് ആണ്. പണ്ട് നാല്പതു രൂപയായിരുന്നു. ഇപ്പൊ എത്രയാണെന്ന് അറിയില്ല. ഇതിന്റെ ഒപ്പം നാരങ്ങ വെള്ളം ഫ്രീ ആണ്. എത്ര വേണേലും കുടിക്കാം. വളരെ പ്രസിദ്ധമാണ് ഈ കട. മോഹന്‍ ലാല്‍ ഏതോ ഒരു പടത്തില്‍ ഈ കടയെ പറ്റി പറയുന്നുണ്ട്. മാത്രമല്ല അവരുടെ ഗാംഗ് പണ്ട് എക്സ്പ്ലോര്‍ ചെയ്തിരുന്ന കടകളില്‍ ഒരെണ്ണമായിരുന്നു   ഇത്. ഇവര്‍ ഇപ്പൊ കൊല്ലത്ത് പള്ളിമുക്കിലും കട തുടങ്ങിയിട്ടുണ്ട്. അത് പോലെ തന്നെ രഹമാനിയ ഹോട്ടലും. 
      രസകരമായ ഒരു കാര്യം കൂടി. കൊല്ലത്ത് ഓലയില്‍ എന്നൊരു സ്ഥലമുണ്ട്. മലയാള സിനിമയിലെ മണ്‍ മറഞ്ഞ ഇതിഹാസം ജയന്‍ ജനിച്ചു വളര്‍ന്ന വീടിനു തൊട്ടടുത്തായി ഒരു മെസ്സ് ഉണ്ടായിരുന്നു. അത് നടത്തുന്ന ചേട്ടനെ നമ്മള്‍ കളിയായി ഊണ് reddy എന്നായിരുന്നു വിളിച്ചിരുന്നത്‌. രാമ reddy എന്നൊക്കെ വിളിക്കുന്നത്‌ പോലെ. കാരണം പുള്ളി ഊണ് റെഡി ആയാല്‍ നമ്മളെ കാണുമ്പോ വാതിലില്‍ നിന്നേ വിളിച്ചു കൂവും ഊണ് റെഡി എന്ന്. പക്ഷെ റെഡി എന്ന വാക്ക് കുറെ കടുപ്പിച്ചാണ് പറയുന്നത്. നമ്മുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു രസികന്‍ അത് അങ്ങേര്‍ക്കു പേരായി ചാര്‍ത്തിക്കൊടുത്തു.    ഇങ്ങനെ പലതും ഓര്‍മയില്‍ വരുന്നുണ്ട്. പക്ഷെ അതിന്റെയൊക്കെ ഓര്‍മ്മകള്‍ തന്നെ വായില്‍ വെള്ളം നിറച്ചു കൊണ്ടിരിക്കുന്നത് കൊണ്ട് കൂടുതല്‍ എഴുതാന്‍ പറ്റുന്നില്ല. അയ്യോ അതാ അപ്പുറത്ത് മീല്‍സ് റെഡി ബോര്‍ഡ് തൂങ്ങി. ഞാന്‍ കഴിക്കാന്‍ പോട്ടെ. പിന്നെ കാണാം.

വാല്‍ക്കഷണം :
കൊച്ചിയില്‍ നമ്മള്‍ കഴിക്കാന്‍ പോയിരുന്ന ഒരു മെസ്സ് ഉണ്ടായിരുന്നു. ഒരു വീടിന്റെ ചായ്പ് വളച്ചെടുത്തു സ്റ്റീല്‍ ഷീറ്റ് മുകളില്‍ പാകിയ ഒരു തട്ടിക്കൂട്ട് സെറ്റപ്പ്. അറുപതിനോടടുത്തു പ്രായമുള്ള രണ്ടു അമ്മൂമ്മമാര്‍ ആണ് അത് നടത്തിയിരുന്നത്. ചൂടുകാലത്ത് ആ ഷീറ്റ് വെയിലത്ത്‌ ചുട്ടു പഴുത്തു നമ്മള്‍ ഭക്ഷണം കഴിക്കാന്‍ ചെല്ലുന്ന നേരത്ത് അകത്തു തീക്കാറ്റ് വീശും. പക്ഷെ അതെല്ലാം നമ്മള്‍ അറിയുകയേ ഇല്ല. കാരണം ആ ഭക്ഷണത്തിന്റെ രുചി. വീട്ടില്‍ അമ്മ ഉണ്ടാക്കി തരുന്ന അതെ രുചി മാത്രമല്ല അതേ സ്നേഹത്തോടും ശ്രദ്ധയോടും കൂടിയാണ് ആ അമ്മൂമ്മമാര്‍ നമുക്ക് ആഹാരം വിളമ്പുന്നത്. അവിടുന്ന് കിട്ടിയിരുന്ന പച്ച മോരിന്റെ രുചി ഓര്‍ത്താല്‍ ഇപ്പോഴും നമ്മള്‍ അവിടെ ഓടിയെത്തും.

ഇതില്‍ എഴുതാതെ വിട്ടു പോയ ഒരുപാടു സ്ഥലങ്ങള്‍ ഉണ്ട്. 
     നിങ്ങള്‍ക്കറിയാവുന്നതൊക്കെ ഒന്ന് ഓര്‍മിപ്പിച്ചേക്കണേ

ചിത്രങ്ങള്‍ക്ക് കടപ്പാട് : 

12 അഭിപ്രായങ്ങൾ:

  1. ബാംഗ്ലൂറിലും ഇതുപോലെ ഞങ്ങള്‍ക്ക് ഒരു ഹോട്ടല്‍ ഉണ്ടായിരുന്നു,മഡിവാളയിലെ കൈരളി.പക്ഷെ പിന്നെ പിന്നെ അവര്‍ക്ക് അതെല്ലാം ശെരിക്കും ഒരു കച്ചവടം മാത്രം ആയി മാറി

    മറുപടിഇല്ലാതാക്കൂ
  2. ദുസ്സു...
    വായിച്ചു വായിച്ചു വായില്‍ വെള്ളം നിറഞ്ഞു..വിവരണം കൊള്ളാം...

    മറുപടിഇല്ലാതാക്കൂ
  3. ഒരുനല്ല ഭക്ഷണശാലയില്‍നിന്നും ഭക്ഷണം കഴിഞ്ഞിറങ്ങിപോന്നാല്‍
    അതിന്റെ രുചികരമായ ഓര്‍മ്മ
    എന്നെന്നും നിലനില്‍ക്കുന്നതാണ്!!!
    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    മറുപടിഇല്ലാതാക്കൂ
  4. നീ ദുശ്ശാസനന്‍ അല്ല, ദുഷ്ടാസനന്‍ ആണ്. Salt & Pepper കണ്ടതിന്‍റെ നൊസ്റ്റാള്‍ജിയ മാറി വരുന്നതേ ഉണ്ടായിരുന്നുള്ളൂ. അപ്പോഴേക്കും ഇത് :-(.
    ഏതായാലും, ഭക്ഷണ കാര്യമല്ലേ.. പൊറുത്തു തന്നിരിക്കുന്നു. ഓര്‍മകളെ പൊടി തട്ടി എടുത്തു തന്നതിന് നന്ദി..

    മറുപടിഇല്ലാതാക്കൂ
  5. പുറത്തുനിന്നുള്ള ആഹാരത്തിന്റെ കാര്യത്തില്‍ എന്റെ ഓര്‍മ്മയിലെ ഏറ്റവും നൊസ്റ്റാള്‍ജിക്‌ ആയ ഓര്‍മ്മ, വീടിനു അടുത്തുള്ള ചായക്കടയില്‍ നിന്ന് പണ്ട് കിട്ടിയിരുന്ന ചൂട് പൊറോട്ടയും സാമ്പാറും ആണ്, ഇന്നും ഏറ്റവും പ്രിയങ്കരമായ കോമ്പിനേഷന്‍!

    നല്ല പോസ്റ്റ്‌ ദുശ്ശൂ. ഓര്‍മ്മക്കുറിപ്പുകള്‍ രസകരം.

    മറുപടിഇല്ലാതാക്കൂ
  6. Tvm il nalla bhakshanam kittilla ennu orupadu per parathi paranjittundu avarodokke tharkkikkan njan upayogichirunna perukala Seenathum.. Buhariyumellam.. Manakkadu kariyanu njanum..

    മറുപടിഇല്ലാതാക്കൂ
  7. ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ജനിക്കുന്നു ഇനി ഇല്ലേ .കഴക്കൂട്ടത്ത് ഒരു
    ജൂസ് കട ഉണ്ട് .കിടിലം ജുസാണ്.പിന്നെ അവിടെ തന്നെയുള്ള അമ്മാവന്റെ ചായക്കടയും .നല്ല കിടു ദോശ കിട്ടും .കുറന്ന പൈസ്സക്ക് കൂടുതല്‍ ഭക്ഷണവും കിട്ടും .
    പിന്നെ ആലംകോട് (ആറ്റിങ്ങല്‍ ) ഹോട്ടല്‍ സെന്റരില്‍ നല്ല മട്ടന്‍ ബിരിയാണി കിട്ടും

    മറുപടിഇല്ലാതാക്കൂ
  8. ഹലോ ചേട്ടാ പിന്നെ ഒരു സ്പെഷ്യല്‍ നന്ദി .വേറൊന്നിനുമല്ല പുഷ്പക് എന്ന പടം
    കണ്ടു .നല്ല കിടിലം പടം .ഇനിയും ഇങ്ങനെ നല്ല സിനിമ ഉണ്ടെങ്കില്‍ പറയണേ .
    ഇന്നത്തെ മലയാളം പദങ്ങളില്‍ സംഭാഷണം ഉണ്ടെങ്കില്‍ തന്നെ ഒന്നും പിടി കിട്ടില്ല .
    ഇതില്‍ സംഭാഷണം ഒന്നും ഇല്ലെങ്കില്‍ തന്നെ രസകരമായി കണ്ടു കൊണ്ടിരിക്കാം

    മറുപടിഇല്ലാതാക്കൂ
  9. thakara parambil pulissery ammavante kada ( oonu special), karamana thambi annante chayakkada ( dosha, rasavadda special), kannettu mukk kannan annante tattu kada ( beef special), killippalam ssurya ( chikken olatt), killippalam auto stand le omlite tattu kada ( aa ammavante peru ariyilla) etc etc.... yummmmyyyyyyyyyyy!

    മറുപടിഇല്ലാതാക്കൂ
  10. ദുശാസനൻസ് താല്പര്യമുണ്ടെങ്കിൽ നോക്കാം :-))

    http://malabar-express.blogspot.com/2011/07/blog-post.html

    മറുപടിഇല്ലാതാക്കൂ
  11. കൊച്ചു ത്രേസ്യേ... ഉഗ്രന്‍ നന്ദി.. വന്‍ ലിങ്ക് തന്നെ. ഇവിടെയൊക്കെ ഓടി നടന്നു തിന്നാന്‍ തോന്നുന്നു :)

    മറുപടിഇല്ലാതാക്കൂ