ഇന്നലെ പ്രണയം കണ്ടു. അക്ഷരാര്‍ത്ഥത്തില്‍. പ്രണയത്തിന്റെ തികച്ചും വ്യത്യസ്തമായ ഒരു തലത്തിലാണ് ഇതിന്റെ കഥ പറച്ചില്‍ നടത്തിയിരിക്കുന്നത്. പ്രായവും പക്വതയും ആയവരുടെ പ്രണയത്തിന്റെയും യൌവനത്തിലെയും കൌമാരത്തിലേയും പ്രണയങ്ങളുടെയും കഥ പറയുന്ന പല സിനിമകളും ഇതിനകം നമ്മള്‍ കണ്ടു കഴിഞ്ഞിരിക്കുന്നു. പക്ഷെ ജീവിതത്തിന്റെ സായാഹ്നത്തിലെ ചില കണ്ടുമുട്ടലുകളും അവിടെ സ്വയം എത്ര വിലക്കിയിട്ടും പൊട്ടി വിടരുന്ന പ്രണയം. അതാണ് ചുരുക്കത്തില്‍ ഈ ചിത്രം. തികച്ചും സംഭവിക്കാവുന്ന അതി സാധാരണമായ ഒരു സാഹചര്യത്തില്‍ നിന്നാണ് കഥ തുടങ്ങുന്നതെങ്കിലും അതിന്റെ വഴിത്തിരിവുകള്‍ വ്യത്യസ്തമാണ്.
അച്യുത മേനോന്‍ ( അനുപം ഖേര്‍ ), മാത്യൂസ് ( മോഹന്‍ ലാല്‍ ) , ഗ്രേസ് ( ജയപ്രദ ) എന്നീ മധ്യ വയസ്സ് പിന്നിട്ട മൂന്നു കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് കഥ വളരുന്നത്. ഒരു ഹാര്‍ട്ട് അറ്റാക്ക് കഴിഞ്ഞു മകന്‍ സുരേഷ് മേനോന്റെ ഫ്ലാറ്റില്‍ വിശ്രമിക്കുകയാണ് അച്യുതമേനോന്‍. അദ്ദേഹത്തിന്റെ ഒരേ ഒരു മകന്‍ ഗള്‍ഫിലാണ് ജോലി ചെയ്യുന്നത്. അറ്റാക്കിനെ തുടര്‍ന്ന്‍ നാട്ടില്‍ നിന്നും വരുന്ന മേനോന് കൂട്ടായി മരുമകളും കൊച്ചു മകളും ഉണ്ട്. ഒരിക്കല്‍ പുറത്തു പോയി തിരിച്ചു വന്ന മേനോന്‍ ലിഫ്റ്റില്‍ വച്ച് ഒരു സ്ത്രീയെ കണ്ടു മുട്ടുന്നു. അവരെ കണ്ടതിനെ തുടര്‍ന്ന് മേനോന്‍ കുഴഞ്ഞു വീഴുന്നു. അവരും സെക്യൂരിറ്റിയും ചേര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കുന്നു. ആ ഫ്ലാറ്റില്‍ പുതുതായി താമസത്തിന് വന്നതാണ് അവര്‍. പക്ഷെ മേനോന്റെ പേര്, വയസ്സ് , വീട്ടുപേര് ഇതൊക്കെ അവര്‍ ആശുപത്രിയില്‍ രെജിസ്ട്രേഷന് വേണ്ടി പറഞ്ഞു കൊടുക്കുന്നു. തക്ക സമയത്ത് എത്തിയത് കാരണം മേനോന്‍ അപകട നില തരണം ചെയ്യുന്നു. ആശുപത്രിയില്‍ ഓടിയെത്തിയ മേനോന്റെ മരുമകള്‍ക്കും കൊച്ചു മകള്‍ക്കും ഒക്കെ ഉള്ള ഒരു സംശയം അവര്‍ക്ക് ഇതൊക്കെ എങ്ങനെ അറിയാം എന്നതായിരുന്നു. മടിച്ചു മടിച്ചു അവര്‍ മറുപടി പറയുന്നു. അവരുടെ മകന്‍ ആണ് സുരേഷ് എന്ന്.
ഇവിടെ അവരുടെ ഭൂതകാലത്തിലേക്ക് ഒരിട തിരിച്ചു പോകുന്നു സിനിമ. പണ്ട് ഒരിക്കല്‍ പ്രണയത്തിലായി വിവാഹം കഴിച്ചവരാണ് അച്യുതമേനോനും ഗ്രേസും. ഒരു ഫുട്ബോള്‍ കളിക്കാരനായിരുന്ന അച്യുതമേനോനെ ഗ്രേസ് ആദ്യമായി കാണുന്നത് മഴയില്‍ കുതിര്‍ന്നു നില്‍ക്കുന്ന ഒരു റെയില്‍വേ സ്റെഷനില്‍ വച്ചാണ്. എന്തോ പഠിക്കുന്നതിനായി നഗരത്തിലെ റെയില്‍വേ സ്റെഷനില്‍ വന്നിറങ്ങിയ ഗ്രേസ് അവിടെ നിറഞ്ഞ പുഞ്ചിരിയുമായി കോരിച്ചൊരിയുന്ന മഴ നനഞ്ഞു നില്‍ക്കുന്ന ഒരു കൌമാരക്കാരനെ കാണുന്നു. പ്രഥമ ദര്‍ശനാനുരാഗം എന്ന വണ്ണം അവര്‍ ഇഷ്ടത്തിലാവുന്നു. രണ്ടു സമുദായങ്ങളില്‍ പെട്ടത് കൊണ്ട് സ്വാഭാവികമായും അവരുടെ ബന്ധത്തിന് എതിര്‍പ്പുണ്ടാവുകയും അവര്‍ ഒളിച്ചോടി വിവാഹിതരാവുകയും ചെയ്തു.നാല് വര്‍ഷം മാത്രം നീണ്ടു നിന്ന ദാമ്പത്യം എന്തോ നിസ്സാര കാരണത്താല്‍ തകരുന്നു. അന്ന് അവരുടെ ഏക മകനെയും കൊണ്ട് നാട് വിട്ട അച്യുത മേനോനെ നീണ്ട നാല്പതു വര്‍ഷത്തെ അകലത്തിന് ശേഷം ഇന്ന്, ഇവിടെ വച്ചാണ് അവര്‍ വീണ്ടും കാണുന്നത്.
ഗ്രേസ് ഇന്ന് മാത്യൂസിന്റെ ഭാര്യയാണ് . പഴയ ഒരു ഫിലോസഫി പ്രൊഫസര്‍ ആണ് മാത്യൂസ്. സ്ട്രോക്ക് വന്നു ശരീരത്തിന്റെ വലതു വശം തളര്‍ന്ന നിലയിലാണ് മാത്യൂസ്. അവര്‍ക്കൊരു മകളും ഉണ്ട്. മകളുടെയും ഭര്‍ത്താവിന്റെയും അവരുടെ കൊച്ചു മകളുടെയും ഒപ്പമാണ് മാത്യൂസും ഗ്രേസും താമസിക്കാന്‍ എത്തുന്നത് . അടുത്ത ദിവസവും ആശുപത്രിയില്‍ മേനോന്റെ സുഖവിവരം അന്വേഷിക്കാന്‍ ഗ്രേസ് എത്തുന്നു. ബോധം തിരിച്ചു കിട്ടുന്ന മേനോന്‍ ആദ്യം കാണാന്‍ അന്വേഷിക്കുന്നത് ഗ്രേസിനെയാണ്. ആശുപത്രിയില്‍ നിന്ന് ഉലഞ്ഞ മനസ്സോടെ തിരിച്ചെത്തിയ ഗ്രേസിനോട് എന്താ നിനക്ക് പറ്റിയതെന്നു മാത്യൂസ് അന്വേഷിക്കുന്നു. ഐ സി യു വില്‍ കിടക്കുന്നത് തന്റെ പഴയ അച്ചുവാണെന്ന് ഗ്രേസ് അദ്ദേഹത്തോട് പറയുന്നു. ഗ്രേസിന്റെ കഥകള്‍ അറിയാവുന്ന മാത്യൂസ് അവളെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ അതെ സമയം ഗ്രേസ് മേനോന്റെ ആദ്യ ഭാര്യയായിരുന്നു എന്ന പുതിയ അറിവ് രണ്ടു പേരുടെയും കുടുംബങ്ങളില്‍ വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. അച്യുത മേനോന്‍ പിന്നീട് വിവാഹം കഴിക്കാഞ്ഞതിനാല്‍ ഒരു അമ്മയുടെ സ്നേഹ വാത്സല്യങ്ങള്‍ അനുഭവിക്കാതെ വളര്‍ന്ന ഒരു ബാല്യമായിരുന്നു സുരേഷിന്റെത്. തന്നെ ചെറിയ പ്രായത്തില്‍ ഉപേക്ഷിച്ചു കടന്നു കളഞ്ഞ ഒരു ദുഷ്ടയാണ് അമ്മ എന്ന വിചാരമാണ് സുരേഷിനുണ്ടായിരുന്നത്. വര്‍ഷങ്ങളായി അമ്മയോട് ഉള്ളില്‍ കൊണ്ട് നടന്ന കോപവും വെറുപ്പും സുരേഷ് തുറന്നു പ്രകടിപ്പിക്കുന്നു. ഗ്രേസിനോട് വീണ്ടും അടുക്കാന്‍ മേനോനെ അയാള്‍ വിലക്കുന്നു. അവധി എടുത്തു നാട്ടില്‍ വരുന്ന സുരേഷ് ഗ്രേസിനോട് പൊട്ടിത്തെറിക്കുന്നു. കണ്ണീരില്‍ നനഞ്ഞ മുഖവും മനസ്സുമായി ഗ്രേസ് അത് ഏറ്റു വാങ്ങുന്നു.
പക്ഷെ ഇതിനോടെല്ലാമുള്ള മാത്യൂസിന്റെ പ്രതികരണം വേറൊന്നായിരുന്നു. ഗ്രേസിന്റെ മനസ്സും ശരീരവും ആദ്യമായി അറിഞ്ഞ ഒരാളാണ് തൊട്ടപ്പുറത്ത് ഉള്ളതെന്ന തിരിച്ചറിവ് അയാള്‍ക്കുണ്ടായിരുന്നു. അത് കൊണ്ട് തന്നെ ഗ്രേസില്‍ ഉണ്ടായ ചാഞ്ചാട്ടങ്ങള്‍ അയാളെ അലട്ടുന്നില്ല. മാത്രമല്ല ഗ്രേസിനെ സമാധാനിപ്പിക്കാനും മാത്യൂസിന് കഴിയുന്നു. മക്കളുടെ എതിര്‍പ്പ് വക വയ്ക്കാതെ അവര്‍ രണ്ടു പേരും കൂടി മേനോനെ കാണുകയും മാത്യൂസ് അദ്ദേഹത്തെ പരിചയപ്പെടുകയും ചെയ്യുന്നു. ഇവിടം മുതലാണ് പ്രണയം വ്യത്യസ്തമാകുന്നത്. വര്‍ഷങ്ങള്‍ക്കു ശേഷം അപ്രതീക്ഷിതമായി വീണ്ടും കണ്ടു മുട്ടുന്ന കാമുകീ കാമുകന്മാരുടെ ഒരുപാടു കഥകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. അവിടെയൊക്കെ സാധാരണ കണ്ടിട്ടുള്ള മെലോ ഡ്രാമാറ്റിക് ആയ രംഗങ്ങള്‍ അല്ല നിങ്ങള്‍ ഇവിടെ കാണുന്നത്. അതില്‍ നിന്നൊക്കെ വേറിട്ട് മേനോനും മാത്യൂസും ഗ്രേസും തമ്മില്‍ ഒരു ഊഷ്മളമായ ബന്ധം നാമ്പിടുന്നതാണ് നമ്മള്‍ പിന്നെ കാണുന്നത്. കാണുന്നവരെ അതിശയിപ്പിക്കുന്ന വിധം ആ മൂന്നു പേര്‍ തമ്മിലടുക്കുന്നു. അപ്പോഴും പണ്ടുണ്ടായിരുന്ന പ്രണയത്തേക്കാള്‍ വലുതാണ് ഇപ്പോള്‍ ഗ്രേസിന് മാത്യൂസിനോടുള്ള സ്നേഹത്തിന്റെ ആഴം എന്ന് ചില രംഗങ്ങളിലൂടെ ഓര്‍മിപ്പിക്കുന്നുണ്ട് ബ്ലെസ്സി. ഈ തിരിച്ചറിവ് അവര്‍ മൂന്നു പേര്‍ക്കും ഉണ്ട്. ആ തലത്തില്‍ നിന്ന് കൊണ്ട് തന്നെ മാത്യൂസിനെ പുറം ലോകത്തെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ കാണിക്കാന്‍ മേനോന്‍ മുന്നിട്ടിറങ്ങുന്നു. ഏതോ മുജ്ജന്മ ബന്ധത്തിലെന്ന വണ്ണം ആ സൗഹൃദം ദൃടമാകുന്നു. കലഹിച്ചു കൊണ്ടിരിക്കുന്ന മക്കളെ മാറ്റി നിര്‍ത്തി തങ്ങളുടേതായ ഒരു ലോകത്ത് അവര്‍ ജീവിക്കുന്നു. അതിന്റെ നന്മയും സന്തോഷവും അനുഭവിക്കുന്നു.
ഇത്രയും പറഞ്ഞത് ഒരു സ്പോയിലര്‍ ആണോ എന്ന് നിങ്ങള്‍ സംശയിക്കണ്ട. കഥ ഇവിടെ അവസാനിക്കുന്നില്ല. പക്ഷെ ക്ലൈമാക്സ് എന്താണെന്നു ഞാന്‍ ഇവിടെ എഴുതുന്നില്ല. ഈ ചിത്രത്തെ ഞാന്‍ അത്രയും ബഹുമാനിക്കുന്നു. അതുകൊണ്ടു മാത്രം.
ഈ ചിത്രത്തെ പറ്റി വന്ന പല റിവ്യൂകളും ഇതിനകം ഞാന്‍ വായിച്ചു. നിങ്ങളും വായിച്ചിട്ടുണ്ടാകും. അതിനു ശേഷമാണ് ഞാന്‍ ഈ ചിത്രം കണ്ടത്. ഒന്നോ രണ്ടോ റിവ്യൂസ് ഒഴിച്ച് മറ്റൊന്നും ഈ ചിത്രത്തിന്റെ സൌന്ദര്യാത്മകമായ തലത്തെ കുറിച്ച് ചര്‍ച്ച ചെയ്തു കണ്ടില്ല. അതുകൊണ്ടു എനിക്ക് തോന്നിയ ചില കാര്യങ്ങള്‍ ഞാന്‍ പങ്കു വയ്ക്കാം. പേര് സൂചിപ്പിക്കുന്നത് പോലെ വെറും ഒരു പ്രേമകഥ അല്ല ഈ ചിത്രം. ഒരാളോട് തോന്നുന്ന സ്നേഹത്തിന്റെ നിര്‍വചനം പ്രായം കൂടുന്നതിനനുസരിച്ച് മാറിമറിയും എന്നാണു എനിക്ക് തോന്നുന്നത്. അങ്ങനെ നോക്കുമ്പോള്‍ ജീവിതത്തിന്റെ മധ്യ വയസ്സ് കഴിയുമ്പോഴാവാം ചിലപ്പോള്‍ നമുക്ക് യഥാര്‍ത്ഥ സ്നേഹം വായിക്കാന്‍ പറ്റുന്നത്. കൌമാരത്തില്‍ നമുക്ക് പ്രണയം തോന്നിയ ഒരാളെ വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും കാണുമ്പോള്‍ അവളോട് തോന്നുന്ന വികാരം ചിലപ്പോ വേറെന്തെങ്കിലും ആയിരിക്കും അല്ലേ ? പഴയ കാമുകിയെ പിന്നീട് കണ്ടു മുട്ടുമ്പോള്‍ നിങ്ങള്‍ ഒരു കൊടുംകാറ്റില്‍ പെട്ടത് പോലെ ആടിയുലഞ്ഞതായി നിങ്ങള്‍ക്ക് തോന്നിയെങ്കില്‍ അതിന്റെ അര്‍ഥം ഒന്ന് മാത്രമാണ്. നിങ്ങള്‍ക്ക് പരസ്പരം ഉണ്ടായിരുന്ന സ്നേഹം അത്രയ്ക്കും ആഴത്തിലുള്ളതാണ് എന്ന് . അവളെ പിരിയുന്ന സമയത്ത് ചിലപ്പോ നിങ്ങള്‍ക്ക് തോന്നിയേക്കാം. പിന്നീട് ഒരിക്കല്‍ കാണേണ്ടി വന്നാല്‍ ഞാന്‍ അവളെ എങ്ങനെ ഫേസ് ചെയ്യും എന്ന്. പക്ഷെ നിങ്ങളുടെ സ്നേഹം അത്രയ്ക്ക് ഡീപ് ആയിരുന്നെങ്കില്‍ എത്ര കാലം കഴിഞ്ഞാലും അവളെ വീണ്ടും കാണുന്നത് നിങ്ങളില്‍ അല്പമെങ്കിലും ഒരു സന്തോഷമുണ്ടാക്കുന്ന ഒരു കാര്യമായിരിക്കും എന്നാണു എനിക്ക് തോന്നുന്നത് . അതാണ് പ്രണയത്തിന്റെ ശക്തി. സത്യം പറഞ്ഞാല്‍ ഒരിക്കല്‍ നഷ്ടപ്പെട്ട പ്രണയത്തിന്റെ ശക്തി എന്ന് തിരുത്തി പറയണം. ആ പ്രണയത്തെയാണ് ബ്ലെസ്സി അതി മനോഹരമായി വിശദീകരിക്കാന്‍ ശ്രമിച്ചിരിക്കുന്നത്.
പ്രേമിച്ചു നഷ്ടപ്പെടുന്നവരുടെ വേദന ഒരിക്കലും അതിന്റെ ശരിയായ അര്‍ഥത്തില്‍ സിനിമയില്‍ കണ്ടിട്ടില്ല. മദ്യപിച്ചും ശോക ഗാനം പാടിയും മറ്റും ജീവിതം അലങ്കോലമാക്കി ജീവിക്കുന്ന അത്തരം ടിപ്പിക്കല്‍ കാമുകരില്‍ നിന്ന് വ്യത്യസ്തനാണ് ഈ ചിത്രത്തിലെ മേനോന്‍. മേനോന്റെയും ഗ്രേസിന്റെയും മാത്യൂസിന്റെയും ഗ്രേസിന്റെയും ബന്ധങ്ങളുടെ മനോഹാരിത നിങ്ങളെ അമ്പരപ്പിക്കുകയും അവരോടു സ്നേഹത്തിലാക്കുകയും ചെയ്യും. മിഴി രണ്ടിലും എന്ന ചിത്രം സംവിധാനം ചെയ്തതിനു ശേഷം രഞ്ജിത്ത് ഒരു അഭിമുഖത്തില്‍ പറഞ്ഞതാണ് ഈ അവസരത്തില്‍ ഓര്‍മ വരുന്നത് . ആ ചിത്രത്തിലെ രണ്ടു സഹോദരിമാരെ അവതരിപ്പിച്ചിരിക്കുന്നത് കാവ്യാ മാധവന്‍ ആണ്. അത് ഒരു വിപണന തന്ത്രമാണോ എന്ന രീതിയിലുള്ള ചോദ്യം വന്നപ്പോള്‍ ആണ് രഞ്ജിത് അതിന്റെ പിറകിലുള്ള ഉദ്ദേശം തുറന്നു പറഞ്ഞത്. കാഴ്ചയിലും സൌന്ദര്യത്തിലും ഒരു പോലെയുള്ള ആ രണ്ടു കഥാപാത്രങ്ങളില്‍ എല്ലാവര്‍ക്കും പ്രണയം തോന്നുന്നത് ഒരാളോട് മാത്രമാണ് . അതി സുന്ദരി ആയ ഒരു നടിയാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നതെങ്കില്‍ പ്രേക്ഷകന്റെ ചിന്ത വേറൊന്നാകുമായിരുന്നു. പക്ഷെ യഥാര്‍ത്ഥ പ്രണയം എന്നത് പുറമെയുള്ള ഒരു ആകര്‍ഷണം അല്ല, മറിച്ചു തീവ്രമായ മറ്റെന്തോ ആണ് എന്ന് കാണിക്കാനായിരുന്നു രഞ്ജിത്ത് ആ ഒരു നിലപാട് കൈക്കൊണ്ടത്. ഏകദേശം അത് പോലെ തന്നെയുള്ള ഒരു അപ്രോച് ആണ് ബ്ലെസ്സിയും ഇവിടെ എടുത്തിരിക്കുന്നത്. മാത്യൂസ് വീല്‍ ചെയറില്‍ ആണെങ്കിലും ഒരിക്കല്‍ പോലും തന്റെ തളര്‍ന്ന ശരീരത്തിനെ കുറിച്ചുള്ള വേവലാതിയോ അല്ലെങ്കില്‍ ഇത്തരം പാതി മരിച്ച ഒരാളെക്കാള്‍ മേനോന്‍ ആണ് നിനക്ക് കുറച്ചു കൂടി അനുയോജ്യം എന്ന സ്ഥിരം സംഭാഷണങ്ങളോ അത്തരം അര്‍ഥം വച്ചുള്ള നാടകീയ രംഗങ്ങളോ ഈ ചിത്രത്തിലില്ല.
ഇതിനെല്ലാമുപരി ബ്ലെസ്സി എന്ന സംവിധായകന്റെ മാത്രം സിനിമ ആണ് ഇത്. വളരെ സാധാരണവും പാളിപ്പോയെക്കാവുന്നതുമായ ഒരു പ്രമേയം ഇത്ര മനോഹരമായി അവതരിപ്പിക്കുക വഴി പത്മരാജന്റെ ശിഷ്യന്‍ ആണെന്ന് ബ്ലെസ്സി തെളിയിച്ചു. അങ്ങിങ്ങായി ചില കല്ലുകടികള്‍ ഉണ്ടെന്നത് വിസ്മരിക്കുന്നില്ല. വിചിത്രമാണ് ജീവിതത്തിന്റെ വഴികള്‍. പലപ്പോഴും ഒരു കഥയെക്കാള്‍ സങ്കീര്‍ണവും. ഒട്ടും പ്രവചനീയമല്ലാത്ത ജീവിതത്തിന്റെ പ്രകാശ പൂര്‍ണമായ മുഖങ്ങള്‍ കാണിച്ചു തരാന്‍ ശ്രമിക്കുന്നു ബ്ലെസ്സി. ഈ ചിത്രത്തിന് വേണ്ടി അദ്ദേഹം ആദ്യം സമീപിച്ചതും കഥ പറഞ്ഞതും മമ്മൂട്ടിയോടാണ്. മമ്മൂട്ടിക്ക് ഇഷ്ടപ്പെട്ടത് മേനോന്‍ എന്ന കഥാപാത്രത്തെയാണ്. പക്ഷെ മേനോന്റെ ചെറുപ്പകാലം അവതരിപ്പിക്കാനുള്ള നടനെ കിട്ടാത്തതുകൊണ്ട് മമ്മൂട്ടി പിന്മാറുകയായിരുന്നു. പിന്നീട് ലാലിനെ കണ്ടു കഥ പറഞ്ഞു. പക്ഷെ ലാലിന് ഇഷ്ടപ്പെട്ടത് മാത്യൂസിനെ ആയിരുന്നത്രെ. ഇമേജ് ഒന്നും നോക്കാതെ ലാല്‍ ആ കഥാപാത്രത്തെ സന്തോഷത്തോടെ സ്വീകരിച്ചു. അതി മനോഹരമാക്കി. ഈയിടെ മലയാളത്തിലെ ചില സ്വയം പ്രഖ്യാപിത സൂപ്പര്‍ സ്ടാറുകള്‍ മമ്മൂട്ടിയെകുറിച്ചും മോഹന്‍ ലാലിനെ കുറിച്ചും പാസ്സാക്കിയ അഭിപ്രായങ്ങള്‍ എത്രത്തോളം വാസ്തവമാണ് എന്ന് ഒരു പുനര്‍ചിന്തനത്തിന് ഇവിടെ സാധ്യതയുണ്ട്. ഇത്രയും കാലം മലയാളികളുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കാന്‍ ഇവര്‍ക്ക് രണ്ടു പേര്‍ക്കും പറ്റിയതും ഇതൊക്കെ കൊണ്ട് തന്നെയാണ് എന്ന് ഈ ബേബികള്‍ ഇനി എന്നാണാവോ മനസ്സിലാക്കുന്നത്. നല്ല സംവിധായകര്‍ക്ക് മാത്രമേ എത്ര നല്ല നടന്റെയും കഴിവ് കണ്ടെത്താന്‍ കഴിയൂ. സിനിമ സംവിധായകന്റെ കല മാത്രമാണ് എന്ന അടൂരിന്റെ അഭിപ്രായം സത്യമാണ് എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു ഇത്തരം ചിത്രങ്ങള്‍. ഇതില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ഭാവുകങ്ങള്‍. നിങ്ങളും ഈ ചിത്രം തീയറ്ററില്‍ പോയി കാണാന്‍ ശ്രമിക്കൂ. ഒരു മുന്‍വിധികളും കൂടാതെ പോകൂ. എവിടെയെങ്കിലും നിങ്ങളിലെ പ്രണയത്തെ തൊട്ടുണര്‍ത്തും ഈ ചിത്രം.
വാല്‍കഷണം :
ഇവിടെ പറയാമോ എന്നറിയില്ല. പക്ഷെ മുകളില്‍ പറഞ്ഞത് പോലെ പലപ്പോഴും വിചിത്രമാണ് ജീവിതത്തിന്റെ വഴികള്‍ എന്ന് ജയപ്രദയെ സ്ക്രീനില്‍ കണ്ടപ്പോള്‍ ഓര്‍ക്കാതിരുന്നില്ല. ഭാര്യയും മൂന്നു മക്കളും ഉള്ള സിനിമ നിര്‍മാതാവായ ശ്രീകാന്ത് നഹാതെ ആണ് ജയപ്രദയുടെ ഭര്‍ത്താവ്. വളരെ വിവാദമുയര്‍ത്തിയ ഒരു ബന്ധമാണ് ഇത്. അവര്‍ തമ്മില്‍ ആദ്യം വെറും സൗഹൃദം മാത്രമേയുണ്ടായിരുന്നുള്ളൂ. ചില ഇന്‍കം ടാക്സ് പ്രശ്നങ്ങളില്‍ പെട്ട ജയയെ അപ്പോഴൊക്കെ സപ്പോര്‍ട്ട് ചെയ്തത് ശ്രീകാന്ത് ആയിരുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ രക്ഷിച്ച സുഹൃത്തിനോടുള്ള ബന്ധം ക്രമേണ സൗഹൃദം വിട്ടു മുകളിലേക്കുയര്‍ന്നു. അതൊടുവില്‍ വിവാഹത്തില്‍ കലാശിക്കുകയായിരുന്നു. ചന്ദ്ര എന്ന ഭാര്യയും മൂന്നു കുട്ടികളും ഉള്ള ശ്രീകാന്ത് അവരെ നിയമ പ്രകാരം വിവാഹ മോചനം ചെയ്യാതെയാണ് ജയയും തന്റെ ജീവിത സഖി ആക്കിയത്. ഇവരുടെ വിവാഹം കഴിഞ്ഞിട്ടും ശ്രീകാന്തിനു ചന്ദ്രയെ ഉപേക്ഷിക്കാന്‍ കഴിഞ്ഞില്ല. മാത്രമല്ല അവരില്‍ അദ്ദേഹത്തിന് വീണ്ടും കുട്ടി ജനിക്കുകയും ചെയ്തു. ചന്ദ്രക്ക് ശ്രീകാന്തിനോടുള്ള സ്നേഹം അത്രയ്ക്ക് ആഴമുള്ളതാണ് എന്ന് മനസ്സിലാക്കിയ ജയ ഒടുവില്‍ രണ്ടു പേര്‍ക്കും കൂടി ഈ ഒരു ഭര്‍ത്താവ് മതി എന്ന് ചന്ദ്രയുമായി ധാരണയിലെത്തുകയായിരുന്നു. എന്ത് തോന്നുന്നു ? നമ്മള്‍ ഇപ്പൊ ചര്‍ച്ച ചെയ്ത സിനിമാകഥയെക്കാള്‍ അവിശ്വസനീയം അല്ലേ ?
ശരിയാ പ്രേമിച്ചു നഷ്ടപ്പെടുന്നവരുടെ വേദന ഒരിക്കലും അതിന്റെ ശരിയായ അര്‍ഥത്തില്‍ ഇതുവരെ മലയാള സിനിമയില്‍ കണ്ടിട്ടില്ല
മറുപടിഇല്ലാതാക്കൂചിത്രം കണ്ടിരുന്നു, നന്നായിട്ടുണ്ട്.
മറുപടിഇല്ലാതാക്കൂആസ്വാദനവും നന്നായി.
അഭിനയത്തിന്റെ കാര്യത്തില്‍ ലാലിനും ഖേരിനും മുന്നില്‍ ജയപ്രദ ഏറെ പിറകിലായി ജയപ്രദ.
മറുപടിഇല്ലാതാക്കൂനൂപ് പണ്ടെ നല്ല അഭിനേതാവാണ് .
അപ്പോള്‍ അമര്‍ സിംഗ് ജയപ്രദയുടെ ആരായി വരും? നഹാതയുമായി തെറ്റി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച്ചതൊക്കെ മറന്നോ ദുശ്ശാസനാ ? സാഗര സംഗമം ശരാബി തോഫ സംഗം എന്നീ ചിത്രങ്ങളാണ് ജയപ്രദയുടെ സൌന്ദര്യം ആവാഹിച്ച ചിത്രങ്ങള്‍ നിനത്താലെ ഇനിക്കും എന്നാ സിനിമയിലൂടെ ആണ് ശ്രദ്ധിക്കപ്പെട്ടത്
മറുപടിഇല്ലാതാക്കൂപ്രേക്ഷകന് പറയുന്നത് കേട്ടു ഈ റോള്‍ രേവതി ചെയ്യണ മായിരുന്നെന്നു (കുളം ആയേനെ) അബൂബക്കര്‍ പറയുന്നു ഇത് സത്യന്‍ ശാരദ നസീര്‍ ത്രിവേണി പടം ആണെന്ന് ( സംഗമം സംഗമം പാട്ടുള്ള)
ഓഹോ. ഇതിനിടയ്ക്ക് അങ്ങനെ ഒരു സംഭവം ഉണ്ടായോ ? ഇപ്പൊ പുള്ളിക്കാരി ആരുടെ ഒപ്പമാണ് താമസം ?
മറുപടിഇല്ലാതാക്കൂസിനിമ കണ്ടിരുന്നു.
മറുപടിഇല്ലാതാക്കൂഒരു അരമണീക്കൂറ് കൂടുതല്‍ എടുത്തല്ലോ എന്നു തോന്നി.
മാത്യൂസിനെ ഫിലോസഫി പ്രൊഫസര്‍ ആക്കിയത് ഇഷ്ടപ്പെട്ടു.
അല്ലെങ്കിലും അമ്മാതിരി മനസ്സുള്ളവരെ ചിന്തകന്മാരാക്കുന്നതാണ് നമ്മുടെ ശീലം.
എന്നെ കൂടുതല്‍ അതിശയിപ്പികാനോ അനുഭവിപ്പിക്കാനോ പ്രണയത്തിനു കഴിഞ്ഞില്ല.
എന്നാല്‍ എന്റെ കൂട്ടുകാരന്‍ ആകെ അല്‍കുല്‍ത്തായി പോകണ കണ്ടു.
നല്ല സിനിമയാണ്. അക്രോശങ്ങള്‍ കൊണ്ട് അത് നിങ്ങളെ വെറുപ്പിക്കുന്നില്ല.
വാല്‍കഷണം ഒരു പുതിയ അറിവാണ് പകർന്നു തന്നത്. ജീവിതവും സിനിമയും ആക്സ്മികമായി കൂടിക്കുഴയുന്ന അവിചാരിതം...
മറുപടിഇല്ലാതാക്കൂ(സുശീലിന്റെ കമന്റും എനിക്ക് പുതിയ അറിവാണ്)
കൊള്ളാം ആചാര്യാ റിവ്യൂ നന്നായി...
great review!! thanks
മറുപടിഇല്ലാതാക്കൂ