2010, ഓഗസ്റ്റ് 5, വ്യാഴാഴ്‌ച

വാട്ടിയ വാഴയിലയില്‍ പൊതിഞ്ഞ ഒരു പൊതി ചോറ്

     
     കുട്ടികാലത്തെ പറ്റി ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക് വരുന്നത് ആ പൊതി ചോറാണ്. പണ്ട് കുഞ്ഞു ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സ്കൂള്‍ തുറക്കുമ്പോ വാങ്ങിക്കുന്ന സാധന സാമഗ്രികളുടെ ഒപ്പം ഒരു സ്റ്റീല്‍ ലഞ്ച് ബോക്സ്‌ കൂടി വാങ്ങാറുണ്ടായിരുന്നു. എന്നാല്‍ അത് ഉപയോഗിച്ച് തുടങ്ങുന്നതിനു മുമ്പ് ഒരു വര്‍ഷം ഇലയില്‍ പൊതിഞ്ഞ ചോറായിരുന്നു കൊണ്ട് പൊയ്ക്കൊണ്ടിരുന്നത്. ഇന്നും പണ്ട് സ്കൂളില്‍ പഠിച്ച സമയം ഒക്കെ ഓര്‍ക്കുമ്പോള്‍ മനസ്സിലേക്ക് ഓടി വരുന്നത് ആ ചോറ് പൊതിയാണ്. സ്കൂള്‍ തുറക്കുന്നത് ജൂണ്‍ മാസത്തിലാണല്ലോ. കോരിച്ചൊരിയുന്ന മഴ ആയിരിക്കും ആ മാസം. അത് മാത്രമല്ല പുതിയ ക്ലാസ്സില്‍ എത്തിയതിന്റെ ഒരു സന്തോഷവും ഓണം വരെ പരീക്ഷയെ പേടിക്കണ്ട് എന്നതും ഒക്കെ കൊണ്ട് സ്കൂളില്‍ പോകാന്‍ ഒരു പ്രത്യേക സന്തോഷം ആയിരിക്കും. ഉച്ചക്ക് ഊണ് കഴിക്കേണ്ട സമയമാവുമ്പോ ആ ചോറ് പൊതിയും എടുത്തു കൊണ്ട് കൂട്ടുകാരുടെ ഒപ്പം അത് കഴിക്കാന്‍ ഒരു പോക്കുണ്ട്. ഏതെങ്കിലും മരത്തിന്‍റെ ചുവട്ടിലോ ഒഴിഞ്ഞു കിടക്കുന്ന ഏതെങ്കിലും ക്ലാസ്സ്‌ മുറികളിലോ ആയിരിക്കും കഴിപ്പൊക്കെ. പൊതി തുറക്കുമ്പോ പുറത്തേക്കു വരുന്ന ഒരു മണമുണ്ട്. ഹോ. ഓര്‍ക്കുമ്പോ ഇപ്പോഴും വായില്‍ വെള്ളമൂറുന്നു. ഇക്കാലത്തെ കുട്ടികള്‍ക്ക് അപരിചിതമായിരിക്കും ഇതൊക്കെ. എന്നാലും ഒരു ചോറ് പൊതി വാഴയില വച്ചു എങ്ങനെ ഉണ്ടാക്കാം എന്ന് എന്‍റെ ഓര്‍മയില്‍ നിന്നു ഞാന്‍ ഇവിടെ എഴുതാം.

      നല്ല ഇളം പച്ച നിറത്തിലുള്ള വിസ്താരമുള്ള ( എത്ര ചോറാണ് കഴിക്കുന്നതെന്നു ഓര്‍ത്തിട്ടു അതിനനുസരിച്ച് വലിപ്പമുള്ള ഇല വേണം മുറിക്കാന്‍ ) വാഴയില്‍ നിന്നു മുറിച്ചെടുക്കുക. ഇല തണ്ടില്‍ നിന്നു വീഴുന്ന കറ ദേഹത്ത് വീഴാതെ നോക്കണം. ഇത് നല്ല പച്ചവെള്ളം ഒഴിച്ച് നന്നായി ഒന്ന് കഴുകണം. ഇലയില്‍ വീണിരിക്കുന്ന പൊടിയും പ്രാണികളും ഒക്കെ പോട്ടെ. എന്നിട്ട് നന്നായി തുടയ്ക്കുക. ഇനി നമുക്ക് ഈ ഇല വാട്ടി എടുക്കണം. അതിനു വേണ്ടി കല്ല്‌ കൂട്ടിയ അടുപ്പുന്ടെങ്കില്‍ അത് കത്തിക്കുക. സ്ടവ് ആയിരുന്നാലും മതി. എന്നിട്ട് ഈ ഇല തീയുടെ മുകളില്‍ കൂടി വീശുക. അതായതു പോള്ളിയതുമില്ല എന്നാല്‍ തീ കൊള്ളുകയും ചെയ്തു അങ്ങനെ. നാലഞ്ച് തവണ അങ്ങനെ ആക്കി കഴിയുമ്പോള്‍ ഇല ആകെ വാടും. ഇലയുടെ നിറം തവിട്ടു നിറം ആവുന്നത് വരെ തീയില്‍ കാണിക്കരുത് കേട്ടോ. നല്ലത് പോലെ വാടി കഴിഞ്ഞാല്‍ ഈ ഇല മടക്കാവുന്ന അവസ്ഥയില്‍ ആവും. ഇനി ഈ ഇല ഒരു മേശപുറത്ത്‌ വിരിക്കുക. എന്നിട്ട് അതില്‍ നടുക്കായി ചോറ് വിളമ്പുക.ഇനി അത് നാലു വശത്ത് നിന്നും മടക്കുക. വെറും ചോറ് മാത്രം ആക്കാതെ നല്ല നാരങ്ങ അച്ചാറോ കണ്ണി മാങ്ങാ അച്ചാറോ ഒക്കെ ചേര്‍ത്തും പൊതിയാം. ഇനി ഈ ഇലപ്പൊതി ഒന്ന് കെട്ടി വക്കണമല്ലോ. ഒരു ബലത്തിന്. അതിനു എന്ത് ചെയ്യണം എന്നറിയാമോ. ഇലയുടെ തണ്ടില്‍ നിന്നു ഒരു ചെറിയ ചണ നൂലിന്‍റെ  കനത്തില്‍ ഒരു നാരു കീറിയെടുക്കുക. എന്നിട്ട് അത് നേരത്തെ പറഞ്ഞ പോലെ തന്നെ ചെറിയ തീയില്‍ കാണിച്ചു വാട്ടി എടുക്കുക. ഈ നാരു കൊണ്ട് പൊതി കെട്ടി വയ്ക്കാവുന്നതാണ്. ഈ പൊതി ഒരു പഴയ പത്രത്തില്‍ പൊതിഞ്ഞു വീണ്ടും വൃത്തിയാക്കാം. ഇത് സ്കൂള്‍ ബാഗിന്‍റെ ഒപ്പം ഒരു ചെറിയ പ്ലാസ്റ്റിക്‌ കവറില്‍ ഇട്ടു കൊണ്ടാണ് നമ്മള്‍ സ്കൂളില്‍ പൊയ്ക്കൊണ്ടിരുന്നത്.


      അമ്മ പണ്ട് ചോറ് പൊതിഞ്ഞു തരുമ്പോ ചോറ് പൊതിക്കുള്ളില്‍ തന്നെ ചെറിയ ചെറിയ ഇല പൊതികളില്‍ പൊരിച്ച മീന്‍, തോരന്‍, അച്ചാര്‍ , കിച്ചടി ഒക്കെ വച്ചു തരുമായിരുന്നു. ചോറ് പൊതി തുറന്നതിനു ശേഷം അതിനകത്തെ ചെറു പൊതികള്‍ തുറക്കാന്‍ അന്നൊക്കെ എന്തൊരു വെപ്രാളമായിരുന്നെന്നോ. വേറൊരു രസം എന്താന്ന് വച്ചാല്‍ ഈ ഇലയില്‍ ഇരുന്നു ആവി കയറി ചോറിനും അകത്തുള്ള പൊതികളിലുള്ള സ്പെഷ്യലുകള്‍ക്കും എല്ലാം ഒരേ മണമായിരിക്കും. ക്ലാസ്സിന്‍റെ തൊട്ടപ്പുറത്ത് തന്നെ കഴിച്ച ഇല കൊണ്ടിട്ടിട്ട് അത് കാക്ക കൊത്തി കൊണ്ട് വന്നു ക്ലാസ്സില്‍ ഇട്ടതിനു പണ്ട് എനിക്ക് ചന്തിക്ക് അടിയും കിട്ടിയിട്ടുണ്ട്. ഞാന്‍ ആരാ മോന്‍. പിന്നെ തൊട്ടു അത് എടുത്തു മതിലിന്‍റെ അപ്പുറത്തുള്ള പൊട്ട കിണറ്റിലേക്ക് ചാമ്പും.


     ഈ ചോറ് പൊതിയെ പറ്റി ഓര്‍ക്കുമ്പോ വേറൊരു കാര്യം കൂടി ഓര്‍മ വരുന്നു. പണ്ട് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്‍റെ ഒരു സജീവ പ്രവര്‍ത്തകന്‍ ആയിരുന്നു നോം. ഇടയ്ക്കിടയ്ക്ക് അടുത്തുള്ള വായനശാലയില്‍ പരിഷത്ത് ചില പരിസ്ഥിതി ക്യാമ്പുകള്‍ ഒക്കെ സംഘടിപ്പിക്കും. അന്ന് പ്രവര്‍ത്തകര്‍ക്കുള്ള  ഭക്ഷണം സമീപത്തുള്ള വീട്ടുകാര്‍ ആയിരുന്നു സ്പോന്‍സര്‍ ചെയ്തിരുന്നത്. അപ്പോള്‍ പ്രവര്‍ത്തകര്‍ക്ക് വേണ്ടി നമ്മള്‍ ഡസന്‍ കണക്കിന് ചോറ് പൊതികള്‍ ഉണ്ടാക്കുമായിരുന്നു. കൂട്ടത്തോടെ ഇരുന്നാണ് നമ്മള്‍ അത് കഴിക്കുക. അടുത്തിരിക്കുന്ന ആളിന്‍റെ ഇലയില്‍ നിന്നു കുറച്ചു കീറിയെടുത്തു അതില്‍ കറി ഒക്കെ വച്ചു പങ്കു വച്ചു കഴിക്കുമ്പോ ഉണ്ടാകുന്ന ഒരു സുഖമുണ്ടല്ലോ. അത് പറഞ്ഞു മനസ്സിലാക്കാന്‍ പറ്റില്ല. വാട്ടിയ ഇലയില്‍ പൊതിഞ്ഞ കരിമീന്‍, ബീഫ്, മത്തി വറുത്തത് , അങ്ങനെ പോകുന്നു ഇതിന്‍റെ വൈവിധ്യങ്ങള്‍ ...വാഴ ഇല അല്ലാതെ വേറേതോ ഒരു ഇലയിലും പണ്ട് ഇതൊക്കെ ചെയ്യുമായിരുന്നു. പേര് മറന്നു പോയി. അറിയാവുന്നവര്‍ ഉണ്ടെങ്കില്‍ ഓര്‍മിപ്പിക്കുമല്ലോ അല്ലേ ...

8 അഭിപ്രായങ്ങൾ:

 1. അത് ഇലയടയുടെ പടമായിരുന്നു. എന്തായാലും മാറ്റിയേക്കാം. വേറെ ആരും ഇനി സംശയം ചോദിക്കണ്ട

  മറുപടിഇല്ലാതാക്കൂ
 2. വട്ടയില ആണെന്ന് തോനുന്നു....എനിക്കും ഇലയാണ് പരിചയം.......സസ്നേഹം

  മറുപടിഇല്ലാതാക്കൂ
 3. ഒരു കാര്യം മറന്നു.ഇല വാട്ടിയത്തിനു ശേഷം അതിന്റെ കുറുകെ ഉള്ള കട്ടിയുള്ള ഭാഗം ചെറുതായി മുറിച്ചു കളയണം .ഇല്ലെങ്കില്‍ പൊതിയാന്‍ പറ്റില്ല."ഞരമ്പ്‌" എന്ന് പറയും ആ കട്ടിയുള്ള സാടനത്തിനു.പിന്നെ ഈ കപ്പ വാഴ ഏത്തവാഴ എന്നിവയുടെ ഇല പറ്റിയെന്നു വരില്ല.കാതലി വാഴയുടെ ഇലയന്നു നല്ലത്

  മറുപടിഇല്ലാതാക്കൂ
 4. ആ സ്വാദ് , പലപ്പോഴും നമ്മളെ കൊതിപ്പിക്കും. കഴിഞ്ഞ മാസം ഞാന്‍ കോളെജിലേക്ക് , പൊതിച്ചോറു കൊണ്ടുപോയിരുന്നു , കഴിക്കാനൊരു പൂതി തോന്നിയപ്പോള്‍ . അപ്പോഴാണ്‌ എഞ്ചിനീയറിംഗ് കോളേജിലെ , ഹോസ്റ്റല്‍ അന്തേവാസികളില്‍ കുറെ പോതിചോര്‍ ഫാന്‍സ്‌ ഉണ്ടെന്നു മനസിലായത്.കാക്കക്കൂട്ടം വന്നപോലെ ആയിരുന്നു . ഓരോ ഉരുള വീതം (ചിലര്‍ അതില്‍ കൂടുതല്‍ എടുത്തിട്ടുണ്ട് എനിക്കുറപ്പാ) കുറെ പേര്‍ കൊതി കൊണ്ടുപോയി.

  മറുപടിഇല്ലാതാക്കൂ
 5. ആ ! വാട്ടിയ ഇലയില്‍ ഒരു പ്രത്യേക സ്വാദാണ് ! കൊതിയാവുന്നു

  മറുപടിഇല്ലാതാക്കൂ