2010 മാർച്ച് 2, ചൊവ്വാഴ്ച

ഒരു സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ജനിക്കുന്നു - ഭാഗം 2





അങ്ങനെ... മെസ്സില്‍ പോയി ചോറും മീന്‍ കറിയും ഒക്കെ കഴിച്ചു വന്നു. മുറിയില്‍ ബാക്കി ഉള്ളവരെ പരിചയപ്പെട്ടു. സജീവും പ്രിയേഷും. സജീവിന്‍റെ സ്ഥലം പാലക്കാട്. പ്രിയേഷ് കോഴിക്കോട് നിന്നും. ഞാന്‍ കൊല്ലത്ത് നിന്നാണെന്ന് പറഞ്ഞപ്പോ ഒരു ഭീകര ജീവിയെ കണ്ട പോലെ അവന്മാര്‍ നോക്കി. തെക്കന്മാരെ പറ്റി വടക്കുള്ളവര്‍ പറയാറുള്ള ഒരു ചൊല്ല് എനിക്ക് ഓര്‍മ വന്നു. പാമ്പിനെയും തെക്കനെയും ഒരുമിച്ചു കണ്ടാല്‍ ആദ്യം തെക്കനെ അടിച്ചു കൊല്ലണം അത്രേ. ഹാം.. കുറച്ചു കൂടി കഴിഞ്ഞോട്ടെ. കാണിച്ചു തരാമെടാ എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു. അവരോടു വിശേഷങ്ങള്‍ ഒക്കെ ചോദിച്ചു. അതൊക്കെ കേട്ടപ്പോ തന്നെ അടുത്ത വണ്ടിക്കു നാട്ടിലേക്ക് വിട്ടാലോ എന്ന് തോന്നി. ഇന്റര്‍വ്യൂ ചോദ്യങ്ങള്‍ പ്രിന്റ്‌ ഔട്ട്‌ എടുതിട്ടിരിക്കുന്നത് കണ്ടിട്ട് തന്നെ തല കറങ്ങുന്നു. ഇവന്മാര്‍ പറയുന്നത് കേട്ടിട്ട് സംഗതി എടങ്ങേര്‍ ആവും ന്ന തോന്നുന്നേ. നാട്ടില്‍ ടോപാസ് ഇന്സ്ടിടൂറ്റ് ല നിന്ന് പഠിച്ച .നെറ്റ് ഒന്നും പോര ഇവിടെ പിടിച്ചു നിക്കാന്‍. എങ്ങാനും ഇന്റര്‍വ്യൂ നു പോയാല്‍, മേലെ പറമ്പില്‍ ആണ്‍ വീടില്‍ ജഗതി പറയുന്ന പോലെ ഇതെന്‍റെ .നെറ്റ് അല്ല. എന്‍റെ .നെറ്റ് ഇങ്ങനല്ല എന്ന് പറയേണ്ടി വരുമല്ലോ ഭഗവാനെ തല കറങ്ങുന്നു. എന്‍റെ ഭാവം കണ്ടിട്ട് മഹേഷ്‌ സമാധാനിപ്പിച്ചു. നീ പേടിക്കണ്ട. ആദ്യം ഒക്കെ ഇങ്ങനെ ഉണ്ടാവും എന്ന് പറഞ്ഞു. നാളെ തന്നെ ഒരു resume ഉണ്ടാക്കണം. അതില്‍ എഴുതാനുള്ളതെല്ലാം ഓര്‍ത്തു കൊണ്ട് ചെകുത്താനെ പ്രാര്‍ഥിച്ചു ഉറങ്ങാന്‍ കിടന്നു


കഴിഞ്ഞ ഭാഗം                                                                                                         അടുത്ത  ഭാഗം 



ഒരു സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ജനിക്കുന്നു - ഭാഗം 1


ആദ്യം തന്നെ പറഞ്ഞോട്ടെ.. ഈ കഥയ്ക്ക് ജീവിച്ചിരിക്കുന്നതോ മരിച്ചു പോയവരോ മരിച്ചു ജീവിക്കുന്നതോ ആയ ഒരു സോഫ്റ്റ്‌വെയര്‍ എന്ജിനീയരുമായും ഒരു സാദൃശ്യവും ഇല്ല എന്ന് ഇവിടെ പ്രഖ്യാപിച്ചു കൊള്ളുന്നു. 

അങ്ങനെ ബൈജു ഒടുവില്‍ ഉദ്യാന നഗരത്തില്‍ എത്തി. തമിള്‍ നാട്ടില്‍ പോയി കഷ്ടപ്പെട്ട് സംഘടിപ്പിച്ച MCA സര്‍ട്ടിഫിക്കറ്റ് അടങ്ങുന്ന ഒരു ബാഗും മറ്റൊരു വലിയ ബാഗില്‍ അത്യാവശ്യത്തിനുള്ള വസ്ത്രങ്ങളും മനസ്സ് നിറയെ സംശയങ്ങളും ആയിട്ടാണ് ഇവിടെ എത്തിയിരിക്കുന്നത്. ഒപ്പം പഠിച്ച കുറച്ചു സുഹൃത്തുക്കളുടെ അഡ്രസ്‌ ഉണ്ട്. അവന്മാര്‍ എന്നെ പോലെ തന്നെ ജോലി തപ്പാനാണ് ഇവിടെ വന്നിരിക്കുന്നത്. ബാംഗ്ലൂര്‍ ചെന്നാല്‍ കമ്പ്യൂട്ടര്‍ തൊട്ടിട്ടുള്ള ആരെയും പിടിച്ചു ജോലി കൊടുക്കും എന്ന് ആള്‍ക്കാര്‍ പറയുന്നത് കേട്ടിട്ടുണ്ട്. 

അങ്ങനെ റെയില്‍വേ സ്റ്റേഷനില്‍ ചെന്നിറങ്ങി. ഓട്ടോകാര്‍ ചുറ്റിനും കൂടി.
പണ്ടാരം അടങ്ങാന്‍ മലയാളം , ഇംഗ്ലീഷ് , കുറച്ചു തമിള്‍ ഇതല്ലാതെ വേറൊരു വസ്തു അറിയില്ല.കൊണ്ട് പോകുമോ ന്നു ചോദിച്ചു നോക്കാം. അഡ്രസ്‌ കുറിച്ച് വച്ച കടലാസ്സ്‌ നോക്കി വായിച്ചു. മടിവാള . ഇതൊക്കെ സ്ഥലത്തിന്‍റെ പേര് തന്നെയോ ആവോ... തമ്പുരാനറിയാം. അവന്‍ ചോദിച്ചു റൂട്ട് ഗോത്ത എന്ന്. അതെന്തു കുന്തമാണോ . ഒടുവില്‍ കയറാന്‍ പറഞ്ഞു. ഓട്ടോ ഓടി തുടങ്ങി. കൊള്ളാം. ബെസ്റ്റ് സ്ഥലം. പണ്ട് വന്ദനം, ജോണി വോക്കെര്‍ മുതലായ പദങ്ങളില്‍ കണ്ട സ്ഥലങ്ങള്‍ . റോഡില്‍ എവിടെ നോക്കിയാലും കന്നുകാലികള്‍ അലഞ്ഞു നടക്കുന്ന പോലെ പെണ്ണുങ്ങള്‍.. പട്ടികള്‍.. BMTC ബസുകള്‍. അങ്ങനെ ആകെ ഒരു ജഗപൊക. ചുമ്മാതല്ല ഇവിടെ വരുന്നവന്‍ ഒക്കെ തിരിച്ചു പോവാത്തത്‌. ഒടുവില്‍ മടിവാള എത്തി. മീറ്ററില്‍ കാണിച്ചതിന്റെ ഡബിള്‍ ചോദിച്ചു ഓട്ടോക്കാരന്‍. ഒന്നും മിണ്ടാതെ പൈസ കൊടുത്തു കീഴടങ്ങി. കന്നഡ പഠിച്ചേ പറ്റൂ . അല്ലെങ്ങില്‍ ഇവന്മാര്‍ എന്നെ കൊലക്ക് കൊടുക്കും.

മഹേഷിന്‍റെ റൂമിന് മുമ്പില്‍ എത്തി. അവന്‍ വന്നു വാതില്‍ തുറന്നു. 'അളിയാ' എന്നൊരു വിളിയും കെട്ടി പിടിത്തവും ഞാന്‍ പ്രതീക്ഷിച്ചെങ്കിലും അതൊന്നും ഉണ്ടായില്ല.
മുറിക്കുള്ളിലേക്ക് കടന്നപ്പോഴാണ് അതിന്‍റെ കാരണം മനസ്സിലായത്. ആകെ ഒരു മുറി ആണ് ഉള്ളത്. നിലത്തു വിരിച്ച പായില്‍ രണ്ടു പേര്‍ ഇപ്പൊ തന്നെ ഉണ്ട്.
അവിടം ആകെ ചിതറി കിടക്കുന്ന പുസ്തകങ്ങള്‍. .net. java, SQL അങ്ങനെ അങ്ങനെ. resume യുടെ printouts ഉം കാണാം. എനിക്കും ഇതൊക്കെ വേണ്ടി വരുമല്ലോ ഭഗവാനെ..
'കഴിക്കാന്‍ പോണ്ടേ ? ' മഹേഷ്‌ ചോദിച്ചു. മടിച്ചു മടിച്ചു അവനോടു ചോദിച്ചു. 'ഇവിടെ ചോറ് കിട്ടുമോ ചേട്ടാ ? ' ഭാഗ്യം. അവനു ഒരു മെസ്സ് അറിയാം. അവിടെ എല്ലാ കേരള ഐറ്റംസ് ഉം കിട്ടും.അങ്ങോട്ട്‌ പോവുക തന്നെ..

2010 മാർച്ച് 1, തിങ്കളാഴ്‌ച

തിലകനും അഴീക്കോടും പിന്നെ ലാലും




ഒരുവിധം ഉള്ള എല്ലാ വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുന്ന ഒരു മനുഷ്യന്‍ ആണ് മോഹന്‍ ലാല്‍. കേരളത്തിലെ പ്രായം ഉറച്ച എല്ലാവരും അദേഹത്തെ ലാലേട്ടന്‍ എന്ന് വിളിക്കുന്നത്‌ മറ്റൊന്നും കൊണ്ടല്ല. സ്വന്തം കുടുംബത്തിലെ ഒരന്ഗത്തെ പോലെ ലാലിനെ കാണാന്‍ പറ്റുന്നത് കൊണ്ടാണ്. മലയാളത്തില്‍ ഇത് വരെ വന്നു പോയ ഒരു നടനെ പോലും ഇങ്ങനെ ആരാധിക്കാന്‍ മലയാളി ശ്രമിച്ചിട്ടില്ല. മറ്റു ഭാഷകളില്‍ നിന്ന് വ്യതസ്തമായി സിനിമ താരങ്ങളെ നടന്മാരായി മാത്രം കാണാന്‍ തക്ക വിവരം ഉള്ള ഒരു സമൂഹം ആണ് മലയാളി. വേറൊരു നടന്‍റെ സിനിമകളും പരാജയപ്പെട്ടപ്പോള്‍ ഇങ്ങനെ ജനങളുടെ രോഷം ഏറ്റു വാങ്ങിയിട്ടില്ല. ഇതിനു കാരണം നമുക്ക് പ്രിയപ്പെട്ട ഒരാളോടുള്ള സ്നേഹം തന്നെയാണ്. അങ്ങനെ ഒരാളെ പറ്റി സുകുമാര്‍ അഴീക്കോട് നടത്തിയ പരാമര്‍ശങ്ങള്‍ ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ദയനീയം എന്നെ വിശേഷിപ്പിക്കാന്‍ പറ്റൂ. സ്വന്തം ചേട്ടന്‍റെ സ്വത്ത്‌ തട്ടിയെടുക്കാന്‍ വേണ്ടി ഇത്തരം ഒരു മനുഷ്യന്‍ ശ്രമിച്ചു എന്ന് പറയുന്നതിന് മുമ്പ് ഈ ചോദ്യം സ്വന്തം മനസാക്ഷിയോട് അഴീക്കോട് ചോദിക്കണമായിരുന്നു. ഇപ്പോഴും ഒരു കോടിയില്‍ കൂടുതല്‍ ഒരു ചിത്രത്തിന് വാങ്ങാന്‍ തക്ക പ്രേക്ഷകരുള്ള ഒരു താരം .. അതും പല പല ബിസിനസ്സുകള്‍ ചെയ്തു കോടികളുടെ ആസ്തി ഉള്ള ഒരു താരം... ഇത്തരം ഒരു പ്രവൃത്തി ചെയ്തു പണം ഉണ്ടാക്കാന്‍ ശ്രമിക്കുമോ എന്ന ഒരു ചോദ്യം. ലാല്‍ ഒരു താരം ആണെന്നത് പോട്ടെ. നമ്മളെ പോലെ തന്നെ ഒരു കുടുംബത്തില്‍ ഉള്ള ഒരു അംഗം ആണ് അദ്ദേഹം എന്നെങ്കിലും അഴീക്കോട് ഓര്‍ക്കണം. ഐശ്വര്യ റായി യോട് മുംബൈ മിറര്‍ ചെയ്ത പോലെ തന്നെ ഒരു സംഗതി ആണ് ഇതും. ഇതിനെല്ലാം തുടക്കം കുറിച്ച മമ്മൂട്ടി ബുദ്ധി പൂര്‍വ്വം നിശബ്ദത പാലിക്കുകയും ചെയ്തിരിക്കുന്നു.അല്ലെങ്കിലും തനിക്കു ചീത്തപ്പേര് വരുന്ന സ്ഥലത്ത് നിന്നെല്ലാം മുങ്ങുന്ന ഒരു സ്വഭാവം അദ്ദേഹത്തിന് പണ്ടേ ഉണ്ട്. തിലകന്‍ അമ്മക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ വളര്‍ന്നു ദിശ തെറ്റി ഈ സംഭവവുമായി ഒരു ബന്ധവും ഇല്ലാത്ത ആള്‍ക്കാരെ പീഡിപ്പിക്കുന്ന നിലയില്‍ എത്തിയിരിക്കുന്നു. ജീവിതത്തിന്‍റെ ഈ സായാഹ്നത്തില്‍, സ്വന്തം പ്രതിഭ പണ്ടേ തെളിയിച്ച തിലകനെയും അഴീക്കോടിനെയും പോലുള്ള ആള്‍ക്കാര്‍ നടത്തുന്ന ഇത്തരം അഭ്യാസങ്ങള്‍ അവരുടെ തന്നെ പ്രതിശ്ചായ ആണ് നശിപ്പിക്കുന്നതെന്ന് അവര്‍ ഓര്‍ത്താല്‍ കൊള്ളാം. അല്ലാതെന്തു പറയാന്‍