( ഈ പോസ്റ്റിനു ജീവിച്ചിരിക്കുന്നതോ മരിച്ചു പോയതോ മരിച്ചു ജീവിക്കുന്നതോ ആയ ഒരു പ്രൊജക്റ്റ് മാനെജരുമായും ഒരു ബന്ധവുമില്ല എന്ന് ഇവിടെ സാക്ഷ്യപ്പെടുത്തുന്നു. ഇനി അഥവാ അങ്ങനെ വല്ലതും ഉണ്ടെങ്കില്‍ എച് ആറിനോട് പറഞ്ഞു എനിക്ക് പണി വാങ്ങി തരരുത് എന്ന് താഴ്മയായി അഭ്യര്‍ത്ഥിക്കുന്നു. )
ഈശ്വരാ.. നേരം വെളുത്തോ ? അവള്‍ ഇത് വരെ എണീറ്റില്ലേ ? അവള്‍ക്കൊക്കെ ആകാമല്ലോ. ഇന്നലെ എപ്പോഴാണ് കിടന്നതെന്ന് തന്നെ ഓര്‍മയില്ല. പ്രൊജക്റ്റ് മാനേജര്‍ ആണത്രേ പ്രൊജക്റ്റ് മാനേജര്‍. പണ്ട് ഇത്രയും വിചാരിച്ചില്ല ഭഗവാനേ.. ലാപ്ടോപ് ഓണ്‍ ആയി ഇരിപ്പുണ്ട്. മെയില്‍ വല്ലതും ഉണ്ടോ എന്ന് നോക്കാം. അത് നോക്കുന്നതോടെ ഉറക്കച്ചടവോക്കെ പോകും. അങ്ങനത്തെ മെയിലുകള്‍ ആണ് ഓരോരുത്തന്മാര്‍ അയച്ചുകൊണ്ടിരിക്കുന്നത്. നേരെ അതിന്റെ മുന്നില്‍ ചെന്നിരുന്നു. 136 unread mails . രാവിലെ തന്നെ കുരിശാണല്ലോ. ഒരു കാര്യം ചെയ്യാം. ഇമ്പോര്‍ട്ടന്റ് ആയിട്ടുള്ളത് മാത്രം മറുപടി അയക്കാം. ഹോ. അതും നടക്കുമെന്ന് തോന്നുന്നില്ല. എല്ലാം റെഡ് ഫ്ലാഗ് ചെയ്താണ് ലവന്മാര്‍ അയച്ചിരിക്കുന്നത്. ഓഫീസിലേക്ക് വിടാം. ഇവിടിരുന്നാല്‍ അവള്‍ അതുമിതും പറഞ്ഞു ചൊറിഞ്ഞുകൊണ്ടിരിക്കും. ഇനിയിപ്പ ഓഫീസിലേക്ക് പോകുന്നു എന്ന് പറഞ്ഞാലും ലവള്‍ ചൊറിയും. ഈയിടെയായി അവള്‍ക്കു സംശയം ഉണ്ട്. വര്‍ക്ക് ഫ്രം ഹോം ഓപ്ഷന്‍ ഉണ്ടായിട്ടും ഓഫീസിലേക്ക് പോകുന്നത് അവിടെ സുഖം പിടിച്ചിരിക്കാനാണെന്ന്. അവളെ പറഞ്ഞിട്ട് കാര്യമില്ല. ബാക്കിയുള്ളവന്‍ നോക്കുമ്പോ മള്‍ടി നാഷണല്‍ കമ്പനിയിലെ പ്രൊജക്റ്റ് മാനേജര്‍. വന്‍ ശമ്പളം. അത്യുഗ്രന്‍ ഓഫീസ്. പക്ഷെ ഇവിടെ മനുഷ്യന്‍ ഉള്ളില്‍ തീയുമായാണ് നടക്കുന്നതെന്ന് നാട്ടുകാര്‍ക്കറിയില്ലല്ലോ. ഒരു നമ്പര്‍ ഇട്ടു നോക്കാം. 'മോളെ. ഇവിടെ നെറ്റ് വര്‍ക്ക് ചെയ്യുന്നില്ല കേട്ടോ. എന്തോ കുഴപ്പമുണ്ട്. ഞാന്‍ ഓഫീസ് വരെ ഒന്ന് പോയിട്ട് വരാം. ഈ ബി എസ് എന്‍ എല്ലിനെ കൊണ്ട് ഞാന്‍ തോറ്റു ഡീ ' . പതുക്കെ ഒളി കണ്ണിട്ടു നോക്കി. 'വൈകിട്ട് എപ്പോ വരും ?' അവളുടെ മറുചോദ്യം. 'അത് ഇപ്പൊ പറയാന്‍ പറ്റില്ല . ഞാന്‍ എത്തിയാലുടനെ വിളിക്കാം '
ഇന്ന് ഒരുത്തനും ലീവ് പറഞ്ഞില്ലല്ലോ എന്ന് വിചാരിച്ചതേ ഉള്ളൂ.. ഫോണ്‍ അടിക്കുന്നു. നാഗേഷ് ആണ്. ലീഡ്. അവനു നല്ല സുഖമില്ല. ഇന്ന് വരുന്നില്ലെന്ന്. റസ്റ്റ് എടുക്കു. മരുന്ന് കഴിക്കൂ. ഡോക്ടറെ കാണൂ എന്നൊക്കെ ഉപദേശിച്ചു. അവന്റെ ഭാര്യയും കുറെ കാലമായി ചൊറിച്ചില്‍ ആണെന്ന് അവന്‍ സൂചിപ്പിച്ചിരുന്നു. ചിലപ്പോ വെറുതെ ലീവ് എടുത്തതായിരിക്കും. ഉച്ച കഴിഞ്ഞിട്ട് എന്തെങ്കിലും ഭേദമുണ്ടെങ്കില്‍ ഓഫീസിലേക്ക് വാ എന്നൊക്കെ ഒരു സൈഡില്‍ കൂടി പറഞ്ഞു. അവന്‍ അര്‍ഥം വച്ചൊന്നു മൂളി. മതി. കൂടുതല്‍ ഉപദേശിച്ചാല്‍ അവന്‍ ചിലപ്പോ പണി നിര്‍ത്തി പോകും. മണി പന്ത്രണ്ടായി. ഓരോരുത്തര്‍ ആയി വന്നു തുടങ്ങി. പ്രൊജക്റ്റ് മാനേജര്‍ ടീമിനെ മുഴുവന്‍ മോട്ടിവേറ്റ് ചെയ്യണം എന്നാണു കമ്പനി ഇപ്പോഴും പറയുന്നത് . ഒരുത്തനോടും പോയി വഴക്ക് പറയാന്‍ പോലും സ്വാതന്ത്ര്യമില്ലാത്ത ഒരു മാനേജര്‍ . സഹിക്കുക തന്നെ. ആ കിഷോര്‍ ഇടയ്ക്കിടയ്ക്ക് മൊബൈല്‍ എടുത്തുകൊണ്ടു കോണ്‍ഫറന്‍സ് റൂമിലേക്ക് പോകുന്നുണ്ട്. അവന്‍ വേറെ ജോലിക്ക് ട്രൈ ചെയ്യുന്നുണ്ടെന്ന് തോന്നുന്നു. നമുക്കിട്ടു പണി തരുമോ ഈശ്വരാ.. അവന്റെ സ്കില്‍ മാട്രിക്സ് എടുത്തു നോക്കി. സാരമില്ല. വലിയ ഹോട്ട് സ്കില്‍സ് ഒന്നുമല്ല. എന്നാലും നീര്‍ക്കോലി കടിച്ചാലും അത്താഴം മുടങ്ങുമല്ലോ. അവനെ വിളിച്ചൊന്നു ഉപദേശിച്ചേക്കാം. പതുക്കെ അവനെ ക്യുബിക്കിളിലേക്ക് വിളിച്ചു. എന്തൊക്കെയുണ്ട് മോനെ കിഷോര്‍ വിശേഷം ? പണി ഒക്കെ എങ്ങനെയുണ്ട് ? എന്തെങ്കിലും പ്രോബ്ലം ഉണ്ടോ എന്നൊക്കെ അവനോടു ചോദിച്ചു. കിട്ടിയ തക്കത്തിന് അവന്‍ കുറെ ഉപദേശം ഫ്രീ ആയി തന്നു. ഷെഡ്യൂളിംഗ് പ്രോപ്പെര്‍ അല്ല, വര്‍ക്ക് അസൈന്‍ ചെയ്യുന്നത് ശരിയല്ല. അതാണ് ഇതാണ് എന്നൊക്കെ പറഞ്ഞു ഒരുകൂട്ടം കുറ്റം അവന്‍ പറഞ്ഞു. അവന്റെ വാചകം കേട്ട് ഉള്ളില്‍ ചൊറിഞ്ഞു വന്നെങ്കിലും എല്ലാം അടക്കി വച്ചു . ഈ മുന്നിലിരിക്കുന്ന വൃത്തികെട്ടവന്‍ ചെയ്തു വച്ച ഒരു മണ്ടത്തരത്തിന് ഒരാഴ്ചയാണ് എസ്കലെഷന്‍ കാള്‍ അറ്റന്‍ഡ് ചെയ്തു വല്ലവന്റെയും വായിലിരിക്കുന്നതൊക്കെ കേട്ടത്. എന്നിട്ട് അവന്‍ ഉപദേശിക്കാന്‍ വന്നിരിക്കുകയാണ്. ഒരു വിധം അവനെ സമാധാനിപ്പിച്ചു അയച്ചു. അതാ അടുത്ത മാരണം വരുന്നു. സ്നേഹ. അവള്‍ ഓണ്‍ സൈറ്റ് വേണം എന്ന് പറഞ്ഞു ബഹളം വയ്ക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. അവള്‍ പേപ്പര്‍ ഒന്നും വായിക്കാറില്ല എന്ന് തോന്നുന്നു. അമേരിക്ക വിസ റിജെക്റ്റ് ചെയ്യുന്നതിനും തെറി എനിക്കാണ്. അവളുടെ വിസയ്ക്ക് വേണ്ടി ആരും ശ്രമിക്കുന്നില്ല. ഇത് ശരിയല്ല എന്നൊക്കെ പറഞ്ഞു അവള്‍ കുറെ കരച്ചില്‍. അമേരിക്കയില്‍ പോവുകയാണത്രേ അവളുടെ അന്തിമ ലക്‌ഷ്യം. ഇവളുമാരൊക്കെ ഇങ്ങനെ ഓരോ തീരുമാനമെടുക്കാന്‍ തുടങ്ങിയാല്‍ ഞാന്‍ എന്ത് ചെയ്യും ഭഗവാനെ. ഒരു കാര്യം ചെയ്യാം അവളോട് അങ്ങോട്ട് ചെന്ന് സംസാരിക്കാം. സ്നേഹ...നിങ്ങളുടെ വിസയ്ക്കുള്ള അപ്ലിക്കേഷന്‍ ഒരെണ്ണം കൂടി ഫില്‍ ചെയ്യാനുണ്ട് കേട്ടോ. വിസ ഡിപ്പാര്‍ട്ട്മെന്റ് എന്തോ ഡീറ്റയില്‍സ് ചോദിച്ചു മെയില്‍ അയച്ചിട്ടുണ്ട്. അത് കേട്ടതും അവളുടെ മുഖം വിടര്‍ന്നു. സംഗതി ഏറ്റു എന്നാണു തോന്നുന്നത്. കുറച്ചു നേരം കൂടി സംസാരിച്ചിട്ടു അകത്തു പോയിരുന്നു. നേരത്തെ അയച്ച മെയിലിന്റെ ഒക്കെ മറുപടി വന്നിട്ടുണ്ട്. ഇതൊക്കെ അന്വേഷിച്ചു ഒരു പരിഹാരം ഉണ്ടാക്കുമ്പോഴേയ്ക്കും നേരം വെളുക്കും എന്നാ തോന്നുന്നത്
എല്ലാം കഴിഞ്ഞു വീണ്ടും ഡെസ്കില്‍ തിരിച്ചെത്തി. അമേരിക്കയില്‍ നേരം വെളുത്തു എന്ന് തോന്നുന്നു. സായിപ്പന്മാര്‍ ഓരോരുത്തര്‍ ആയി വരാന്‍ തുടങ്ങി. വളരെ സ്നേഹത്തോടെ ആണ് സംസാരിക്കുന്നതെങ്കിലും മുട്ടന്‍ പണികള്‍ അവന്മാര്‍ ഒരു സൈഡില്‍ കൂടി വച്ച് താങ്ങുന്നുണ്ട്. എല്ലാം ഏറ്റു വാങ്ങാന്‍ ചന്തുവിന്റെ ജന്മം ഇനിയും ബാക്കി. മോനെ കാണുന്നത് ആകെ ഞായറാഴ്ച ആണ്. വേറൊരു മാനേജര്‍ ആയ പ്രകാശ് പറഞ്ഞത് ഓര്‍മ വരുന്നു. അവന്റെ മോള്‍ ഉറക്കമെഴുനേല്‍ക്കുന്നതിനു മുമ്പ് പ്രകാശ് ഓഫീസിലേക്ക് ഇറങ്ങും. വൈറ്റ് ഫീല്‍ഡില്‍ ആണ് അവനു പണി. രാത്രി എല്ലാവരും ഉറക്കമായതിനു ശേഷം ആണ് എല്ലാ ദിവസവും തിരിച്ചു വരുന്നത്. സപ്പോര്‍ട്ട് മാനേജര്‍ ആയതു കാരണം ശനിയാഴ്ചയും പോകേണ്ടി വരും. ഞായറാഴ്ച രാവിലെ പോയി ചിക്കന്‍ വാങ്ങി കൊണ്ട് വരും. അവന്‍ തിരിച്ചു വരുന്നത് കണ്ടാണ് മോള്‍ ഉറക്കം ഉണരുന്നത്. അടുത്ത കാലം വരെ ഞായറാഴ്ച വീട്ടില്‍ ചിക്കന്‍ വാങ്ങി കൊണ്ട് വരുന്ന ഒരു അങ്കിള്‍ ആണ് പ്രകാശ് എന്നാണു മോള്‍ ധരിച്ചു വച്ചിരുന്നത്. നമ്മുടെയൊക്കെ വിഷമം ആരറിയാന്‍. ഹോ. ആരോ പിംഗ് ചെയ്യുന്നു. എന്താണെന്ന് നോക്കട്ടെ ട്ടോ.. പിന്നെ കാണാം.. ( ബാക്കിയുണ്ടെങ്കില്‍ )
ഒരു വിധത്തില്‍ പുറത്തു ചാടി. റോഡില്‍ മുടിഞ്ഞ ട്രാഫിക്. പത്തു മണിയായപ്പോള്‍ വല്ല വിധേനയും ഓഫീസിലെത്തി. ഫ്ലോര്‍ ഒഴിഞ്ഞു കിടക്കുന്നു. ആരും വന്നിട്ടില്ല. അല്ല. അവന്മാരെ പറഞ്ഞിട്ട് കാര്യമില്ല. വൈകിട്ടാണല്ലോ മിക്കവാറും പണി കിട്ടുന്നത്. അപ്പൊ പിന്നെ ഉറക്കമൊഴിഞ്ഞ് ഇരിക്കുന്നതല്ലേ. പാവങ്ങള്‍. ഇന്നെന്തൊക്കെയാണ് ചെയ്യാനുള്ളത്. ഔട്ട് ലുക്ക് തുറക്കാന്‍ തന്നെ പേടിയാകുന്നു. കുറച്ചു മെയില്‍ ഒക്കെ റിപ്ലൈ ചെയ്തു. ഇന്ന് രാത്രി പന്ത്രണ്ടു മണി വരെ മീറ്റിങ്ങുകള്‍ ഉണ്ട്. ഓരോരോ അവന്മാര്‍ വെറുതെ മീറ്റിംഗ് റിക്വസ്റ്റ് അയച്ചിട്ടുണ്ട്. ഇവനെയൊക്കെ കൊണ്ട് തോറ്റു. മീറ്റിങ്ങില്‍ നൂറു കാര്യങ്ങള്‍ ചെയ്യാന്‍ തരും. എന്നിട്ട് അത് ചെയ്തു തീര്‍ക്കാന്‍ സമയവും തരില്ല. ഇങ്ങനെ പോയാല്‍ ദാമ്പത്യത്തിന്റെ കാര്യത്തില്‍ ഒരു തീരുമാനമാകും. ഇപ്പൊ തന്നെ വീട്ടില്‍ വീട്ടില്‍ ഒരു കാര്യത്തിനും കിട്ടുന്നില്ല എന്ന് പറഞ്ഞു അവള്‍ വഴക്കാണ്. അവള്‍ക്കറിയില്ലല്ലോ ഇതൊക്കെ കൊണ്ടാണ് കഞ്ഞി കുടിച്ചു ജീവിച്ചു പോകുന്നതെന്ന്. ഒരിക്കല്‍ ഒരു മീറ്റിംഗ് അറ്റന്‍ഡ് ചെയ്തുകൊണ്ടിരുന്നപ്പോള്‍ അവള്‍ വിളിച്ചു. ഫോണ്‍ കട്ട് ചെയ്ത ദേഷ്യത്തിന് അവള്‍ ഒരു മുപ്പതു തവണയാണ് തുടരെ വിളിച്ചത്. ഒടുവില്‍ മുമ്പിലിരുന്ന സായിപ്പു പറഞ്ഞു അത് എടുത്തു നോക്കാന്‍. എടുത്തപ്പോ അവളുടെ ടയലോഗ്. അപ്പൊ എടുക്കാന്‍ അറിയാം അല്ലെ. എന്നോട് കളിച്ചാല്‍ ഇങ്ങനിരിക്കും എന്ന്. ചുറ്റിനും ആളിരിക്കുന്നത് കൊണ്ട് തെറി വിളിച്ചില്ല. അന്ന് രാത്രി ഒരു കാളരാത്രി ആയിരുന്നു. ഒടുവില്‍ രാത്രി രണ്ടു മണിയായപ്പോ ആണ് പറഞ്ഞു കോമ്പ്രമൈസ് ആക്കിയത്. അവളോട് സ്നേഹത്തില്‍ ചോദിച്ചു അപ്പൊ എന്തിനാ ഫോണ്‍ ചെയ്തതെന്ന്. അപ്പൊ ഭാര്യ പറയുകാണ് ടാങ്കില്‍ വെള്ളം തീര്‍ന്നത് കൊണ്ടാണ് വിളിച്ചതെന്ന്. ഡീ അതിനു ഞാന്‍ ഓഫീസിലിരുന്നു എന്ത് ചെയ്യാനാ എന്ന് വളരെ സ്നേഹം കലര്‍ത്തി ചോദിച്ചു. പിന്നെ ഞാന്‍ ആരോട് പറയണം എന്നായിരുന്നു ലവളുടെ മറുപടി. പിന്നൊരു അങ്കത്തിനു ആരോഗ്യം ഇല്ലായിരുന്നത് കൊണ്ട് അര്‍ജുന പത്തു ജപിച്ചു കിടന്നുറങ്ങി. സന്തുഷ്ടമായ ദാമ്പത്യത്തിനു അനുസരണ ശീലം വളരെ വളരെ അത്യാവശ്യമാണെന്ന് ഇന്നസെന്റ് ഏതോ പടത്തില്‍ പറഞ്ഞിട്ടുണ്ട്.
ഊണ് കഴിക്കാന്‍ ടൈം കിട്ടിയില്ല. ഒരു ബര്‍ഗര്‍ വാങ്ങിച്ചു കൊണ്ട് വന്നു സീറ്റില്‍ ഇരുന്നു തന്നെ അകത്താക്കി. ഒരിക്കല്‍ ഇത് കണ്ടിട്ട് ടെക് ലീഡ് ഒരുത്തന്‍ കളിയാക്കുന്നുണ്ടായിരുന്നു. ഇപ്പോഴും യൂറോപ്യന്‍ ഭക്ഷണം ആണല്ലേ എന്നൊക്കെ ചോദിച്ചിട്ട്. അവനറിയില്ലല്ലോ നമ്മുടെ അവസ്ഥ. അഞ്ചു മിനിറ്റ് ഒന്ന് മയങ്ങി. അതാ വരുന്നു ഒരു മെസ്സേജ്. പൂനം അയച്ചതാണ്. അവള്‍ക്കു ഒരു പത്തു മിനിട്ട് എന്തോ ഡിസ്കസ് ചെയ്യാനുണ്ടത്രേ. ഈശ്വരാ. അവളുടെ കല്യാണമൊന്നുമായിരിക്കരുതേ. ദൈവം കനിഞ്ഞില്ല. അത് തന്നെ. അവളുടെ കല്യാണം ഉറപ്പിച്ചുവത്രേ. ഒരു മാസം ലീവ് വേണമെന്ന്. മോളെ പൂനം. അത് നടക്കുമെന്ന് തോന്നുന്നില്ല. കൂടിയാല്‍ പത്തു ദിവസം തരാം എന്ന് പറഞ്ഞു. എന്റെ കല്യാണത്തിന് ആകെ മൂന്നു ദിവസം ആയിരുന്നു കിട്ടിയത് എന്നൊക്കെ പറഞ്ഞു അവളെ സമാധാനിപ്പിച്ചു. അവള്‍ സമ്മതിച്ചു. പത്തു ദിവസം ഇനി ആരെക്കൊണ്ടു ഇതൊക്കെ ചെയ്യിക്കുമോ ആവോ. നാല് മാസം മുമ്പ് കല്യാണം കഴിഞ്ഞ വേറൊരു പെണ്ണവിടെ ഇരിപ്പുണ്ട്. അവള്‍ ഇനി എന്നാണാവോ മെറ്റെണിറ്റി ലീവ് ചോദിച്ചു വരുന്നത്. കുട്ടികള്‍ ആകാന്‍ കുറച്ചു പ്ലാനിംഗ് ഒക്കെ വേണമെന്ന് കൂടി ഇനി ഇതിനെയൊക്കെ പറഞ്ഞു മനസ്സിലാക്കേണ്ടി വരുമോ എന്തോ. അവള്‍ പ്രസവിക്കാനോ മറ്റോ പോയാല്‍ അടുത്ത റിലീസ് കുളമായതു തന്നെ. ഭഗവാനെ അവര്‍ക്ക് നല്ല ബുദ്ധി തോന്നിക്കണേ. ഇങ്ങനെയൊക്കെ പറയുന്നത് മനുഷ്യത്വം അല്ല എന്നറിയാം. പക്ഷെ a good manager cannot be a good human being and a good human being cannot become a manager എന്നാണു പണ്ട് എന്റെ മാനേജര്‍ ആയിരുന്ന മുകുള്‍ ഷാ പറഞ്ഞു പഠിപ്പിച്ചത്
ഇന്ന് നാല് മണിക്ക് ഒരു ടീം മീറ്റ് ഉണ്ട്. ചായകുടി. സ്നാക്സ് . പിന്നെ ടീം മേറ്റ്സ് നെ മോട്ടിവേറ്റ് ചെയ്യാന്‍ കുറെ ഗെയിംസ്. അതിനു മുമ്പ് തീര്‍ക്കേണ്ട പണികള്‍ എന്തൊക്കെയാണ് ..
പ്രൊജക്റ്റ് ടീം മെംബേര്‍സ് എല്ലാവരും അറ്റന്‍ഡ് ചെയ്യേണ്ട കുറച്ചു ട്രെയിനിംഗ് ഉണ്ട്. ഓണ്‍ലൈന്‍. അതൊക്കെ ചെയ്യാത്ത കഴുതകളെ മെയില്‍ അയച്ചു ഉപദേശിക്കണം. എല്ലാവനും വയസ്സ് പത്തു മുപ്പതൊക്കെ ആയി. പക്ഷെ വകതിരിവ് എന്നൊരു സാധനം ഇല്ല. ആരെങ്കിലും കോലിട്ട് കുത്തിയാല്‍ മാത്രമേ എന്തെങ്കിലും ചെയ്യൂ. മെയില്‍ തുറന്നു. അതാ ചുവന്ന നിറത്തില്‍ എനിക്കൊരു മെയില്‍ വന്നിട്ടുണ്ടല്ലോ. ഹോ. പ്രൊജക്റ്റ് മാനേജര്‍മാര്‍ ചെയ്യ്യേണ്ട ചില കോഴ്സുകള്‍ ഉണ്ട്. അത് പെട്ടെന്ന് കമ്പ്ലീറ്റ് ചെയ്തില്ലെങ്കില്‍ പണി പോകും എന്ന് പറഞ്ഞു ഒരു മെയില്‍. ഇത് വലിയ കുരിശായല്ലോ. എന്തായാലും ആദ്യം ടീം മേറ്റ്സിനുള്ള മെയില്‍ അയച്ചേക്കാം. അപ്പിയിടാന്‍ മുട്ടി നില്‍ക്കുമ്പോള്‍ കോണകം കടുംകെട്ടു കെട്ടും എന്ന് പറഞ്ഞ പോലെ ഔട്ട് ലുക്ക് ആകെ തൂങ്ങി പിടിച്ചു നില്‍പ്പുണ്ട്. അത് ശരിയാക്കണമെങ്കില്‍ ഒരു ആഴ്ച നീണ്ടു നില്‍ക്കുന്ന പ്രോസെസ്സ് ആണ്. കമ്പനി ഭയങ്കര പ്രോസെസ്സ് ഓറിയെന്റട് കമ്പനി ആണല്ലോ. നാട്ടിലുള്ള ഭഗവതിക്ക് നേര്‍ച്ച നേര്‍ന്നു. ഭാഗ്യം ശരിയായി. മെയില്‍ ഒക്കെ വിട്ടു. പാര്‍ട്ടിക്കായി കഫെറ്റെരിയയിലേക്ക് നീങ്ങി. ബര്‍ത്ത് ഡേ ആഘോഷിക്കുന്ന പിള്ളേരുടെ കേക്ക് കട്ടിംഗ്, ബലൂണ്‍ ഊതി വീര്‍പ്പിക്കല്‍ മത്സരം. അത് കഴിഞ്ഞാല്‍ ആ ബലൂണ്‍ കാലില്‍ വച്ച് കെട്ടിയിട്ടു അത് ചവിട്ടി പൊട്ടിക്കുന്ന മത്സരം ഒക്കെയാണ് പരിപാടികള്‍. വലിയ മാനേജര്‍ ആണ് , ലീഡ് ആണെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല. എല്ലാവനും ബലൂണിന്റെ പുറകെ ഓട്ടം തന്നെ. ഒടുവില്‍ ഒരു വിധത്തില്‍ എല്ലാം ചവിട്ടി പൊട്ടിച്ചു ശ്രീനിവാസന്‍ ഗുണ്ട് റാവു വിജയിയായി. അല്ലെങ്കിലും വല്ലവന്റെയും ബലൂണിന്റെ പണി തീര്‍ക്കാന്‍ ആന്ധ്രാക്കാരെ കഴിഞ്ഞിട്ടേ ഉള്ളൂ. ആകെയുള്ള രണ്ടു മലയാളികള്‍ കാലില്‍ ചവിട്ടും വാങ്ങി ഒരു മൂലയ്ക്കിരുപ്പുണ്ട്. അവനൊക്കെ അത് തന്നെ വേണം. ഹാ ഹാ .