2011, ഓഗസ്റ്റ് 15, തിങ്കളാഴ്‌ച

പുഷ്പക് - നിശബ്ദതയുടെ സംഗീതം .. അല്ല സൌന്ദര്യം




    ഒരു അവധി ദിവസത്തിന്റെ ആലസ്യത്തില്‍ ഇന്നലെ സിനിമകള്‍ കണ്ടു തള്ളുകയായിരുന്നു. പൊടി പിടിച്ചു കിടന്നിരുന്ന ഡി വി ഡികള്‍ വൃത്തിയാക്കിയ കൂട്ടത്തില്‍ അവന്‍ വീണ്ടും കയ്യില്‍ തടഞ്ഞു. പുഷ്പക്. വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും യൌവനം നശിച്ചിട്ടില്ലാത്ത ഒരു ജീനിയസ് മൂവി. മലയാളത്തിലും തമിഴിലും വിപ്ലവകരമായ മാറ്റങ്ങള്‍ നടക്കുന്നു എന്ന വാര്‍ത്തകള്‍ വന്നു കൊണ്ടിരിക്കുമ്പോള്‍ തന്നെ ഒരിട തിരിഞ്ഞു നോക്കാന്‍ പുഷ്പക് എന്നെ പ്രേരിപ്പിച്ചു. ഈ ചിത്രത്തെ പറ്റി വിശദീകരിക്കുന്നതിനു മുമ്പ് ഇതിന്റെ സംവിധായകനായ ശിങ്കിതം ശ്രീനിവാസ റാവുവിനെ പറ്റി കുറച്ചു പറയേണ്ടതുണ്ട് .ഇപ്പോള്‍ വന്ധ്യ വയോധികനായ ശിങ്കിതം സംവിധാനം ചെയ്ത ചിത്രങ്ങളില്‍ ചിലത് ശ്രദ്ധിച്ചാല്‍ മതി അദ്ദേഹത്തിന്റെ ക്ലാസ്സ്‌ മനസ്സിലാവാന്‍. കമല്‍ ഹാസ്സന്‍ അഭിനയിച്ച അപൂര്‍വ സഹോദരങ്ങള്‍ , മൈക്കേല്‍ മദന കാമരാജന്‍, പുഷ്പക്, സുധ ചന്ദ്രന്റെ ജീവിത കഥയെ ആസ്പദമാക്കി എടുത്ത മയൂരി, ലിറ്റില്‍ ജോണ്‍ , അങ്ങനെ അക്ഷരാര്‍ഥത്തില്‍ വ്യത്യസ്തമായ ഒരുപിടി ചിത്രങ്ങള്‍. ഇന്നത്തെ പോലെ സാങ്കേതിക വിദ്യ ഒന്നും വികസിച്ചിട്ടില്ലാത്ത കാലത്താണ് അദ്ദേഹം അപൂര്‍വ സഹോദരങ്ങള്‍ പോലുള്ള വിസ്മയ ചിത്രങ്ങള്‍ തീര്‍ത്തത്. കാലത്തിനെ അതിജീവിക്കുന്ന ആ ചിത്രങ്ങള്‍ ഇപ്പോഴും നിങ്ങളെ അത്ഭുതപ്പെടുത്തും. ഇനി പുഷ്പകിനെ കുറിച്ച്. ഇന്ത്യന്‍ സിനിമയില്‍ ശബ്ദമുള്ള സിനിമകള്‍ പോപ്പുലര്‍ ആയതിനു ശേഷം വന്ന ഒരു നിശബ്ദ സിനിമ ആണ് പുഷ്പക്. പൂര്‍ണമായും ഇതിനെ ഒരു നിശബ്ദ ചിത്രം എന്ന് വിളിക്കാന്‍ പറ്റില്ല. കാരണം സംഗീതം ഇതിന്റെ പശ്ചാത്തലത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. സംഭാഷണങ്ങള്‍ ഇല്ല എന്നേ ഉള്ളൂ.  പക്ഷെ ഈ ചിത്രത്തില്‍ ഒരു വാക്ക് പോലും ഉപയോഗിച്ചിട്ടില്ല എന്നത് നിങ്ങള്‍ക്ക് ഒരു നിമിഷം പോലും ഫീല്‍ ചെയ്യാത്ത രീതിയില്‍ അതി വിദഗ്ദ്ധമായാണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത് .

     അങ്ങേയറ്റം ദരിദ്രനായ, തൊഴില്‍ രഹിതനായ ഒരു യുവാവാണ് കമല്‍ അവതരിപ്പിക്കുന്ന കഥാനായകന്‍. തിരക്ക് പിടിച്ച ഒരു നഗരത്തില്‍, അഴുക്കു ചാലുകള്‍ നിറഞ്ഞ ഒരു ചേരിയില്‍, അതിനെക്കാള്‍ മുഷിഞ്ഞ ചുമരുകളുള്ള ഒരു മുറിയില്‍ താമസിക്കുകയാണ് അയാള്‍. അയാളുടെ സ്ഥിതി ചെറിയ ചില രംഗങ്ങളിലൂടെ കാണിച്ചു തരുന്നുണ്ട് സംവിധായകന്‍. ഒരു ഫുള്‍ ചായ കുടിക്കണമെന്നു ആഗ്രഹമുണ്ടെങ്കിലും ഒരു രൂപ ലാഭിക്കാന്‍ വേണ്ടി കട്ടിങ്ങില്‍ ഒതുക്കുന്നു.
( നമ്മുടെ നാട്ടില്‍ ഈ ചായ കിട്ടില്ല കേട്ടോ. പുറത്തൊക്കെ ഫുള്‍ ചായ, അല്ലെങ്കില്‍ അതിന്റെ പകുതി മാത്രമുള്ള കട്ടിംഗ് - അങ്ങനെയാണ് ചായ കിട്ടുന്നത് ). ആകെ ഇട്ടുകൊണ്ട്‌ നടക്കാന്‍ ഒന്നോ
രണ്ടോ ജോഡി ഡ്രസ്സ്‌  മാത്രമേ ഉള്ളൂ അയാള്‍ക്ക്.  പക്ഷെ അത് ധരിച്ചു വളരെ സുന്ദരനായിട്ടാണ് അയാള്‍ ഇന്റെര്‍വ്യൂവിനൊക്കെ പോകുന്നത് . പക്ഷെ എങ്ങും ഭാഗ്യം തുണയ്ക്കുന്നില്ല. വളരെ വിരസവും നിശ്ചലവുമായ തന്റെ ജീവിതത്തിലും അയാള്‍ സന്തോഷവാനാണ്. ജീവിതം അയാള്‍

ആസ്വദിക്കുന്നുണ്ട്. എന്നും രാവിലെ ജോലി അന്വേഷിച്ചു തന്റെ അലച്ചില്‍ തുടരുന്ന അയാള്‍ ഒടുവില്‍ രാത്രിയാവുമ്പോള്‍ തളര്‍ന്നു തിരിച്ചെത്തും. മുറിയുടെ തൊട്ടടുത്ത്‌ ഒരു സിനിമ തിയറ്റര്‍ ഉണ്ട്. അവിടത്തെ സിനിമയുടെ ശബ്ദരേഖ പുറത്തേക്കു കേള്‍ക്കാം. വലിയ ശബ്ദ കോലാഹലമാണ്
അതെങ്കിലും നമ്മുടെ നായകന് അതൊരു താരാട്ടു പാട്ട് പോലെയാണ്. അത് കേട്ട് അയാള്‍ തളര്‍ന്നുറങ്ങുന്നു. മഹാനഗരത്തില്‍ ജീവിതം ശബ്ദയമാനമായി മുന്നോട്ടു പാഞ്ഞു കൊണ്ടിരുന്നു. തിരക്കിട്ടോടുന്ന ട്രെയിനുകള്‍, കാറുകള്‍, ബസ്സുകള്‍, എങ്ങോട്ടെന്നില്ലാതെ ഒഴുകുന്ന പുരുഷാരം.
ഇതിനിടയ്ക്ക് ഒരു ചെറിയ വണ്ട്‌ പോലെ ആയാലും എവിടെയോ ഉണ്ട്.



അങ്ങനെയിരിക്കെ  കരകൌശല വസ്തുക്കള്‍ വില്‍ക്കുന്ന ഒരു കടയില്‍ വച്ച് അയാള്‍ ഒരു പെണ്‍കുട്ടിയെ കാണുന്നു. അമല അവതരിപ്പിക്കുന്ന നമ്മളുടെ നായിക. ആദ്യ സമാഗമത്തില്‍ വച്ച് തന്നെ അവര്‍ക്കിടയില്‍ എന്തോ ഒരു അടുപ്പം ജനിക്കുന്നു. വീണ്ടും പലയിടത്തും വച്ച് യാദൃശ്ചികമായി  അയാള്‍ അവളെ കാണുന്നുണ്ട്. പക്ഷെ നേരിട്ട് ഒന്നും സംസാരിക്കാനുള്ള അവസരം കിട്ടുന്നില്ല. അവളുടെ അച്ഛനും അമ്മയും ഇപ്പോഴും ഒപ്പമുണ്ടാവും. അച്ഛന്‍ ഒരു മജീഷ്യന്‍ ആണ്. സ്നേഹ സമ്പന്നയായ ഒരു അമ്മയും. കമല്‍ ഒരു ഇന്റെര്‍വ്യൂവിന് വേണ്ടി ക്യൂവില്‍ നില്‍ക്കുന്ന ഒരു രംഗമുണ്ട്. അതിലെ തിക്കിലും തിരക്കിലും പെട്ട് അയാള്‍ പുറത്താകുന്നു. ക്ഷീണിച്ചു അടുത്ത് കണ്ട ഒരു ബെന്‍സ് കാറില്‍ ചാരി നില്‍ക്കുമ്പോള്‍ ആ പെണ്‍കുട്ടി അച്ഛനോടൊപ്പം തങ്ങളുടെ പഴയ കാറില്‍ അത് വഴി വരും. അവള്‍ അത് കണ്ടു അയാളുടെ കാറായി തെറ്റിദ്ധരിക്കുന്നു. സ്വന്തം ദാരിദ്ര്യം കൊണ്ടുള്ള ഒരു അപകര്‍ഷതാ ബോധവും അവളെ നഷ്ടപ്പെട്ടാലോ എന്ന ചിന്തയും കാരണം അയാള്‍ അത് നിഷേധിക്കുന്നില്ല. 

    ഇനി കഥ സഞ്ചരിക്കുന്നത് ഇതിന്റെ കേന്ദ്രബിന്ദുവായ പുഷ്പകിലെയ്ക്കാണ്. പുഷ്പക് നഗരത്തിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടല്‍ ആണ്. പണ്ട് ചായക്കട നടത്തി പിന്നീട് കഠിനാധ്വാനത്തിലൂടെ പടിപടിയായി വളര്‍ന്നു വന്നു ഹോട്ടലിനുടമയായ ഒരാള്‍ ആണ് ഇതിന്റെ ഉടമസ്ഥന്‍. വീല്‍ ചെയറില്‍ അദ്ദേഹം ഇപ്പോഴും അതിനകത്ത് ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും. രാവണന്റെ പ്രശസ്തമായ പുഷ്പക വിമാനത്തില്‍ നിന്ന് പ്രചോദനം കൊണ്ടാണ് ഈ പേരിട്ടിരിക്കുന്നതെന്ന് ഹോട്ടലിന്റെ ലോഗോ അയ സ്വര്‍ണ വര്‍ണമുള്ള രണ്ടു ചിറകുകള്‍ സൂചിപ്പിക്കുന്നു. ഇവിടെ, ഈ ഹോട്ടലില്‍ ഒരു സ്യൂട്ടില്‍ താമസിക്കുന്ന ഒരു വന്‍ പണക്കാരന്‍ ആണ് നമ്മുടെ കഥയിലെ 
അടുത്ത കഥാപാത്രം. ലക്ഷണമൊത്ത ഒരു മദ്യപാനി ആണ് അയാള്‍. സ്വന്തം സുഹൃത്തും തന്റെ ഭാര്യയും തമ്മിലുള്ള അവിഹിത ബന്ധത്തെ പറ്റി അറിഞ്ഞു ദുഖിതനാണ്. അയാളുടെ കുടിയുടെ മുഖ്യ കാരണവും അത് തന്നെ. രാവിലെ ജോലിക്ക് പോകുന്ന അയാള്‍ കുടിച്ചു ഒരു ബോധവുമില്ലാതെ വൈകിട്ട് തിരിച്ചു ഒരുവിധത്തില്‍ റൂമില്‍ വന്നു കയറും. നഗരത്തിന്റെ രണ്ടു കോണുകളില്‍ സുഖലോലുപതയുടെയും കടുത്ത ഇല്ലായ്മയുടെയും ദൃശ്യങ്ങള്‍ കമലിന്റെയും ഈ പണക്കാരന്റെയും ജീവിതങ്ങളിലൂടെ സിനിമ നമുക്ക് കാണിച്ചു തരുന്നു. 

     റോഡരികില്‍ മദ്യപിച്ചു ബോധമില്ലാതെ കിടക്കുന്ന ഈ പണക്കാരനെ പതിവ് അലച്ചിലുകള്‍ക്ക് ശേഷം റൂമിലേക്ക്‌ പോകുന്ന വഴിയില്‍ കമല്‍ കണ്ടുമുട്ടുന്നിടതാണ്ക ഥയുടെ വഴിത്തിരിവ്. അയാളുടെ പോകറ്റില്‍ പുഷ്പകിലെ സ്യൂട്ടിന്റെ താക്കോല്‍ കമല്‍ കാണുന്നു. താന്‍ പലപ്പോഴും പുറത്തു നിന്ന് മാത്രം കണ്ടിട്ടുള്ള പുഷ്പക്. അയാളുടെ മനസ്സില്‍ ഒരു ആശയം ഉദിക്കുന്നു. കമല്‍ അയാളെ പൊക്കിയെടുത്തു വല്ലവിധേനയും സ്വന്തം റൂമിലെത്തിക്കുന്നു. ശബ്ദം പുറത്തു കേള്‍ക്കാതിരിക്കാന്‍
അയാളുടെ വായ്‌ മൂടി കെട്ടുന്നു. എന്നിട്ട് വാതില്‍ പുറമേ നിന്ന് പൂട്ടി അകത്താരുമില്ല എന്ന പ്രതീതി ഉണ്ടാക്കിയിട്ട് ജനലിന്റെ കൊളുത്ത് ഇളക്കി വയ്ക്കുന്നു. കമല്‍ നേരെ പോകുന്നത് പുഷ്പകിലേയ്ക്കാണ് . ആ പണച്ചാക്കിന്റെ സ്യൂട്ടില്‍ അയാള്‍ താമസം തുടങ്ങുന്നു. അവിടത്തെ ധാരാളിത്തം അയാളെ അമ്പരപ്പിക്കുകയും ചിലപ്പോഴൊക്കെ ആശയകുഴപ്പത്തിലാക്കുകയും ചെയ്യുന്നു. എന്ത് കഴിക്കും എന്നതില്‍ നിന്ന് ഇതു കഴിക്കണം എന്ന നിലയിലേക്ക് അയാള്‍ മാറുന്നു. ആ സമ്പന്നത അയാളെ ചെറിയ രീതിയില്‍ അലോസരപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഇത് വരെ കഴിഞ്ഞു വന്ന ജീവിതത്തിന്റെ മണം അടിക്കാതെ അയാള്‍ക്ക് ഒരു സ്വസ്ഥത തോന്നുന്നുണ്ടായിരുന്നില്ല. വലിയ പഞ്ഞി കിടക്കയില്‍ എയര്‍ കണ്ടീഷണറിന്റെ ശീതളിമയില്‍ കിടന്നിട്ടും ഉറക്കം വരുന്നില്ല. കുറെ നേരം തിരിഞ്ഞും മറിഞ്ഞും കിടന്നു കഴിഞ്ഞപ്പോള്‍ അയാള്‍ക്ക് കാരണം മനസ്സിലായി. മുറിയില്‍ കണ്ട ടേപ്പ് റികോര്‍ഡര്‍ എടുത്തു കൊണ്ട് തന്റെ പഴയ റൂമില്‍ പോയി അടുത്ത സിനിമ ടാല്കീസിലെ ബഹളങ്ങള്‍ അയാള്‍ റെക്കോര്‍ഡ്‌ ചെയ്തു കൊണ്ട് വരുന്നു. എന്നിട്ട് ഹോട്ടലില്‍ എത്തി അത് കേട്ടുകൊണ്ട് സുഖനിദ്രയിലേക്ക് വഴുതി വീഴുന്നു. ഈ രംഗങ്ങള്‍ ഒക്കെ സംവിധായകന്റെ കയ്യടക്കത്തിന്റെയും ക്ലാസ്സിന്റെയും ഉത്തമ ഉദാഹരണങ്ങള്‍ ആണ്. ഇടയ്ക്കിടക്ക് കമല്‍ പഴയ റൂമിലെത്തി അവിടെ കിടക്കുന്ന പണക്കാരനു ഭക്ഷണവും വെള്ളവും ഒക്കെ കൊടുക്കും. എന്നിട്ട് തിരികെ വന്നു സ്വന്തം രാജകീയ ജീവിതം തുടരും.യാദൃശ്ചികമായി ആ പെണ്‍കുട്ടി ആ ഹോട്ടലിലും എത്തുന്നു. ഒരു ദിവസം രാവിലെ ബാല്‍ക്കണിയില്‍ ജനല്‍ തുറന്നു നോക്കുന്ന കമല്‍ കാണുന്നത്
എതിരിലുള്ള ബാല്‍ക്കണിയില്‍ നില്‍ക്കുന്ന അവളെയാണ്. കിട്ടുന്ന അവസരങ്ങളില്‍ ആംഗ്യങ്ങളിലൂടെയും മറ്റും അവര്‍ സല്ലപിക്കുന്നു.



പണക്കാരന്റെ ഭാര്യയും സുഹൃത്തും തമ്മിലുള്ള ബന്ധം മുന്നേറികൊണ്ടിരിക്കുകയാണ് . പണക്കാരനെ കൊന്നു കളഞ്ഞിട്ടു വിവാഹിതരാവാന്‍ അവര്‍  തീരുമാനിക്കുന്നു. അങ്ങനെ അവര്‍ ഒരു വാടക കൊലയാളിയെ പുഷ്പകിലേയ്ക്ക് അയക്കുന്നു. ടിനു ആനന്ദ് ആണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌. ഇയാള്‍ ഒരു പ്രത്യേകതയുള്ള കൊലയാളിയാണ്. തികച്ചും പ്രൊഫെഷണല്‍. ഐസ് കൊണ്ടുണ്ടാക്കിയ ഒരു കത്തിയാണ് ഇയാളുടെ ആയുധം. അത് കൊണ്ട് കുത്തി കൊന്നാല്‍ കുറച്ചു കഴിയുമ്പോള്‍ കത്തി അലിഞ്ഞു ഇല്ലാതാകും. അതോടെ തെളിവുകളും. അങ്ങനെ ബുദ്ധിമാനായ ഒരു കൊലയാളി അയാളെ തിരഞ്ഞു ഹോട്ടലില്‍ എത്തുന്നു. ആ സ്യൂട്ടില്‍ അപ്പൊ താമസിക്കുന്നത് വേറെ ആളാണെന്ന് മനസ്സിലാക്കാതെ കൊലയാളി കമലിനെ വകവരുത്താന്‍ ശ്രമിക്കുന്നു. പല തവണ ശ്രമിക്കുന്നുവെങ്കിലും അത് നടക്കുന്നില്ല. മാത്രമല്ല അയാളുടെ കുത്ത് മാറിക്കൊണ്ട് ഹോട്ടലുടമ കൊല്ലപ്പെടുകയും ചെയ്യുന്നു. ഒടുവില്‍ കമലിനെ തക്കത്തിന് കിട്ടുന്ന ഒരു സമയത്ത് അയാള്‍ കത്തിയോങ്ങുന്നു. പക്ഷെ അത് ഒരു പ്ലുഗ് പോയിന്റില്‍ കയറി അയാള്‍ ഷോക്കേറ്റു മരിക്കുന്നു.


    ഇതിനിടയ്ക്ക് ആ പണക്കാരന്റെ ഭാര്യയുടെയും കാമുകന്റെയും കഥ വേറൊരു ദിശയിലേക്കു തിരിയുന്നു. ഭാര്യയും പണക്കാരനും തമ്മിലുള്ള ബന്ധം എങ്ങനെ ഇങ്ങനെയായി എന്ന് കമല്‍ മനസ്സിലാക്കുന്നു. ഭാര്യ അയാളിലേക്ക് തിരിച്ചു വരാന്‍ വേണ്ടി  ശ്രമിക്കുന്നുവെങ്കിലും
ഭര്‍ത്താവിനെ കാണാനില്ല എന്ന വിവരമാണ് ലഭിക്കുന്നത്. ഒടുവില്‍ എല്ലാം അറിഞ്ഞ കമല്‍ അയാളെ സ്വതന്ത്രനാക്കുന്നു. തന്റെ പഴയ ദുര്‍ഗന്ധം നിറഞ്ഞ ജീവിതത്തിലേക്ക് അയാള്‍ മടങ്ങി വരുന്നു. കാമുകിയോട് എല്ലാ സത്യങ്ങളും തുറന്നു പറയാന്‍ അയാള്‍ മറക്കുന്നില്ല. അത് കേട്ട് ഒരിട അവള്‍ ദുഖിതയാവുന്നുവെങ്കിലും അവള്‍ അയാളെ വെറുക്കുന്നില്ല. അവള്‍ അയാളെ വീണ്ടും ബന്ധപ്പെടാന്‍ വേണ്ടി വിലാസം ഒരു കുറിപ്പില്‍ എഴുതി കൊടുക്കുന്നെങ്കിലും വീശിയടിക്കുന്ന ഒരു കാറ്റ് അതിനെ എങ്ങോട്ടോ പറപ്പിച്ചു കളയുന്നു. രണ്ടു വഴികളില്‍ അവര്‍ വേര്‍പിരിയുന്നിടത്ത് ചിത്രം പൂര്‍ണമാവുന്നു.


    കറുത്ത ഹാസ്യം ഏറ്റവും അതിമനോഹരമായി അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രം കാന്‍ ഫിലിം ഫെസ്റിവലില്‍ വരെ നിരൂപകരുടെ പ്രശംസ പിടിച്ചു പറ്റിയ ഒരു ചിത്രമാണ്‌. മാത്രമല്ല ഒരു ബോക്സ്‌ ഓഫീസ് ഹിറ്റും. വ്യത്യസ്തത എന്നത് അക്ഷരാര്‍ഥത്തില്‍ ഓരോ ഫ്രേയ്മിലും നിറഞ്ഞു നില്‍ക്കുന്ന ഒരു ചിത്രം. ഒരു ആശയം അവതരിപ്പിക്കാന്‍ സംഭാഷണങ്ങള്‍ ഒരു അത്യാവശ്യ ഘടകം അല്ല എന്ന് ചിത്രം നമ്മെ ഓര്‍മിപ്പിക്കുന്നു. അതോടൊപ്പം തന്നെ സിനിമയില്‍ തിരക്കഥയുടെ പ്രാധാന്യം എത്രത്തോളം ഉണ്ട് എന്നും. ഈ സിനിമ എവിടെയെങ്കിലും കാണാന്‍ അവസരമുണ്ടെങ്കില്‍ അത് നഷ്ടപ്പെടുത്തരുത്. ഇന്ത്യന്‍ സിനിമയുടെ തന്നെ ചരിത്രത്തില്‍ ഇടമുണ്ട് ഈ ചിത്രത്തിന്.

( വിവരങ്ങള്‍ക്ക് കടപ്പാട് : വികിപീടിയ )

9 അഭിപ്രായങ്ങൾ:

  1. പടം എപ്പോഴെങ്കിലും കണ്ടിട്ട് പറയാം.
    ഈ സിനിമയുടേതെന്ന് അറിയാതെ ഇതേ കഥ പലരും പറഞ്ഞ് തന്നത് കേട്ടിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
  2. ഇത് ഒറ്റ ഇരുപ്പിനു വായിച്ചു കെട്ടോ..
    എന്തെന്നോ കുറേ നാളായ് ഞാനും മനസ്സില്‍ കരുതുന്ന കാര്യങ്ങളില്‍ ഒന്നാണ്‍ ഈ ചിത്രത്തിനെ
    ഒന്ന് വിലയിരുത്തി ഒരു പോസ്റ്റിടണമെന്നത്..
    ഇത് റിലീസ് ആയ സമയത്ത് കണ്‍ട സിനിമയാണ്‍..
    "സംഭാഷണമില്ലാത്തതിന്റെ വീര്‍പ്പുമുട്ടല്‍" ഒരിക്കല്‍ പോലും ഫീല്‍ ചെയ്യാതെ ബുദ്ധിപൂര്‍‌വ്വവും അതേ സമയം കലാപരമായും എടുത്ത അപൂ‌ര്‍‌വ്വ സൃഷ്ടി...

    ഇന്നും ഏതൊരു വമ്പന്‍ സം‌വിധായകനും ഒന്ന് അറക്കും ഇത് പോലെ ഒരു പരീക്ഷണത്തിനു മുതിരാന്‍...
    അവിടേയാണ്‍ സിങ്കിതത്തിന്റേയും കമലിന്റേയും പ്രഭാവം.
    കഥ മുഴുവനായി പറയാതിരിക്കാന്‍ ഇതൊരു റിവ്യൂ എന്നതിലുപരി നല്ല ഒരു പഠനമായി തോന്നി..
    തൂപ്പുകാരിയുടെ തൂക്കലും ബാത്ത് റൂം സീനും ഗിഫ്റ്റ് പാക്കും ഇത്ര വര്‍ഷങ്ങള്‍ക്കു ശേഷവും മനസ്സില്‍ നിന്നും മാഞ്ഞില്ല എന്നത് അതെത്ര ആകര്‍ഷകമായിരുന്നു അന്ന് എന്നതിന്‍ തെളിവാണ്‍..

    പുതിയ തലമുറ പോക്കിരി രാജകളും ചൈനാ ടൗവുണുകളും കാണും നേരം ഇത്തരം ക്ലാസ്സിക്കുകല്‍
    കാണാന്‍ സമയം കണ്‍ടെത്തെട്ടെ...
    അതവരുടെ ആസ്വാദന ശേഷി ഉയര്‍ത്തും..
    മാന്‍സിക സം‌തൃപ്തി ലഭിക്കുകയും ചെയ്യും...

    ഒരിക്കല്‍ കൂടി നന്ദി ഈ ഒരു ചിത്രത്തെ പുനരവതരിപ്പിച്ചതിനു...!
    ഇത് പോലെ ഇടക്ക് ക്ലാസ്സിക് സിനിമകളെ പരിചയപ്പെടുത്തിയാല്‍ നന്നായിരിക്കും എന്നൊരഭിപ്രായം കൂടിയുണ്ട് കെട്ടോ..!

    മറുപടിഇല്ലാതാക്കൂ
  3. ഞാന്‍ കണ്ട അപൂര്‍വം നല്ല സിനിമകളിലൊന്ന്. ഇറങ്ങിയ കാലത്ത് തന്നെ കാണാന്‍ സാധിച്ചു. ഇപ്പോള്‍ ആ പഴയ ഓര്‍മ്മകളെ തിരിച്ചെത്തിക്കുവാന്‍ താങ്കളുടെ പോസ്റ്റ് ഇട വരുത്തി. നന്ദി. നല്ല പോസ്റ്റ്.

    മറുപടിഇല്ലാതാക്കൂ
  4. കണ്ട ചിത്രങ്ങളില്‍ മനസ്സില്‍ ഏറ്റവുമധികം തങ്ങിനില്‍ക്കുന്നവയില്‍ ഒന്നാണ് ഈ ചിത്രം. ആ ഐസ് കൊലയാളിയും ഗിഫ്റ്റ്‌ പായ്ക്കറ്റും ഒരിക്കലും മറക്കാന്‍ പറ്റുന്നതല്ല. അതുപോലെ ആ പണക്കാരന് ഭക്ഷണം കൊടുക്കുന്ന സീനും. ഒരു വാക്കുപോലുമില്ലാതെ ഇത്രനന്നായി അവതരിപ്പിക്കാന്‍ അസാമാന്യമായ കയ്യൊതുക്കം വേണം.

    മറുപടിഇല്ലാതാക്കൂ
  5. The picture has released in many languages (????)
    Nems were Malayalam: Pushpakavimanam, Tamil Pesum Padam,Hindi: Pushpak

    മറുപടിഇല്ലാതാക്കൂ
  6. അതെ. രാവണന്‍ പറഞ്ഞത് ശരിയാണ്. ഭാഷ ഒരു പ്രതിബന്ധമല്ലാത്തത് കൊണ്ട് ഇത് ഒരു പാട് സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.ആ അര്‍ത്ഥത്തില്‍ ഇതിനെ ഭാരതത്തിലെ ആദ്യ യൂണിവേഴ്സല്‍ സിനിമ എന്ന് വിളിക്കാം എന്ന് തോന്നുന്നു.

    മറുപടിഇല്ലാതാക്കൂ
  7. ദുശ്ശു പറഞ്ഞതിന്റെ പേരില്‍ പടം കണ്ടു. കൊള്ളാം.. ഡാങ്ക്സ്.

    മറുപടിഇല്ലാതാക്കൂ
  8. ഒത്തിരി തവണ കണ്ടിട്ടും മടുക്കാത്ത ഒരു ചിത്രം. സിനിമ പ്രേമികൾ കണ്ടിരിക്കേണ്ട ചിത്രം.

    മറുപടിഇല്ലാതാക്കൂ
  9. ഇതു വായിക്കുമ്പോൾ തന്നെ ഒരോ സീനും മനസ്സിലൂടെ കടന്നുപോകുന്നുണ്ട് . ഒരു നല്ല ചിത്രം പരിചയപ്പെടുത്തിയതിനു നന്ദി

    മറുപടിഇല്ലാതാക്കൂ