2011, ഏപ്രിൽ 13, ബുധനാഴ്‌ച

ഈ വിഷുത്തലേന്നു - പ്രകാശം നിറഞ്ഞ ഒരു ഓര്‍മ...


    സത്യം പറഞ്ഞാല്‍ എന്തെഴുതണം എന്ന് അറിയില്ല. ക്ലീഷേ വാചകങ്ങള്‍ ആവര്‍ത്തിക്കാന്‍ മനസ്സ് വരുന്നില്ല. വീണ്ടും ഒരു വിഷു വന്നല്ലോ. ആശംസകള്‍. ഈ വിഷു തലേന്ന് ഗൃഹാതുരമായ ഒരു ഓര്‍മ മനസ്സിലേക്ക് വരുന്നു. 

     പണ്ട് അച്ഛന്‍ കൊല്ലത്തിനടുത്ത് ഒരു  സ്ഥലത്ത് ജോലി ചെയ്തിരുന്ന സമയം.   അവിടെ ഓഫീസിനടുത്തു ഒരു വാടക വീട്ടിലായിരുന്നു താമസം. എന്റെ കുട്ടിക്കാലത്ത്. ഓടിട്ട , മുറ്റത്ത്‌ ഇപ്പോഴും ഐസ് പോലെ തണുത്ത വെള്ളം കിട്ടുന്ന ഒരു കിണര്‍ ഉള്ള മനോഹരമായ ഒരു വീട്. ബാല്യകാലത്തെകുറിച്ചുള്ള എന്റെ ഓര്‍മകളില്‍ ഇപ്പോഴും എപ്പോഴും തിളങ്ങി നില്‍ക്കുന്ന ഒരു കൊച്ചു വീട്. അതിന്റെ മുറ്റത്ത്‌ കിഴക്കേ മൂലയില്‍ ആയി ഒരു കൊന്ന മരം ഉണ്ടായിരുന്നു. വിഷുവിനു ഒരാഴ്ച മുമ്പ് തന്നെ ആ കൊന്നയില്‍ സ്വര്‍ണ നിറമുള്ള പൂക്കള്‍ കൊണ്ട് നിറയും. വിഷുവിനു പറിക്കാനായി റോഡില്‍ കൂടി പോകുന്ന പലരും ഈ കൊന്നമരത്തെ നോട്ടമിടുന്നത് ഞാനും അനിയത്തിയും വീടിന്റെ വരാന്തയില്‍ നിന്ന് നോക്കും.

    വിഷുവിനു തലേ ദിവസം ഞാന്‍ ആ മരത്തില്‍ കയറി പൂ പറിക്കും. നാലാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഇത്. അനിയത്തി രണ്ടില്‍. കൊച്ച് കുട്ടിയായത് കൊണ്ട് മരത്തിന്റെ താഴത്തെ കൊമ്പ് വരെയേ കയറാന്‍ പറ്റൂ. വെട്ടു കല്ല്‌ കൊണ്ട് ഉണ്ടാക്കിയ പായല്‍ പിടിച്ച മതിലിന്റെ ഇടിഞ്ഞ ഒരു വാക്കിനോട് ചേര്‍ന്നാണ് കൊന്ന മരം നില്‍ക്കുന്നത്. ആ മതിലില്‍ പറ്റി പിടിച്ചു കയറി അതിന്റെ മുകളില്‍ നിന്ന് മരത്തിന്റെ കൊമ്പിലേക്ക് കയറുകയായിരുന്നു പതിവ്. ഞാന്‍ ഇറുത്തിടുന്ന പൂവൊക്കെ അനിയത്തി അവളുടെ പെറ്റികോട്ടില്‍ ശേഖരിക്കും. എന്നിട്ട് അത് വരാന്തയില്‍ വച്ചിരിക്കുന്ന പനയോല കൊണ്ട് ഉണ്ടാക്കിയ വട്ടിയില്‍ കൊണ്ട് വയ്ക്കും. അമ്മ ഒടുവില്‍ അതെടുത്തിട്ട്  വെള്ളം കുടഞ്ഞു വയ്ക്കും. കണിയുടെ കൂട്ടത്തില്‍ വയ്ക്കുന്ന ചക്ക , മാങ്ങാ ഒക്കെ അടുത്ത വീടുകളില്‍ നിന്ന് സംഘടിപ്പിക്കും. കടയില്‍ റെഡി മേഡ് ആയി കണി കിറ്റ്‌ ഒന്നും കിട്ടുന്ന കാലമല്ല അത്.

.     ആ വീട്ടിലെ പൂജ മുറി വളരെ ചെറുതാണ്. അതില്‍ തന്നെ വിളക്ക് കത്തിച്ചു ഉണ്ടാവുന്ന പുക കൊണ്ട് കുമ്മായം തേച്ച ചുവര്‍ ആകെ കരി പിടിച്ചാണ് ഇരിക്കുന്നത്. അധികം പ്രകാശം കടക്കാത്ത മുറിയില്‍ ഒരു ചെറിയ മൂലയില്‍ മങ്ങിയ നിറത്തിലുള്ള ദൈവങ്ങളുടെ ചിത്രങ്ങളും ചില ചെറിയ പ്രതിമകളും. പലതും വര്‍ഷങ്ങളായി തൂത്തും തുടച്ചും വളരെ വൃത്തിയായി അമ്മ സൂക്ഷിക്കുന്നതാണ്.
ഞങ്ങള്‍ വീട് വച്ച് താമസം തുടങ്ങിയപ്പോഴും ആ പടങ്ങള്‍ ഒക്കെ ഉപേക്ഷിക്കാന്‍ അമ്മയ്ക്ക് വലിയ വിഷമം ആയിരുന്നു. വിഷു പ്രമാണിച്ച് ആ മുറി അടിച്ചു വാരി വൃത്തിയാക്കും. എന്നിട്ട് കഴുകി തുടയ്ക്കും. 
എന്നിട്ടാണ് കണി ഒരുക്കുന്നത്. അത് അമ്മ ഒറ്റയ്ക്കാണ് ചെയ്യുന്നത്. എന്നെയും അനിയത്തിയെയും അതിനടുത്തേക്ക് വരാന്‍ പോലും അമ്മ സമ്മതിക്കില്ല. 

     വിഷു ദിവസം രാവിലെ അമ്മ ആദ്യം എഴുനേല്‍ക്കും. കുളിച്ചു റെഡി ആയി വിളക്ക് കത്തിച്ചു വയ്ച്ചിട്ടു നമ്മളെ ഓരോരുത്തരെ ആയി വന്നു വിളിച്ചുണര്‍ത്തും. കണ്ണ് പൊത്തിയിട്ട് കണിയുടെ മുന്നില്‍ കൊണ്ട് നിര്‍ത്തും. ആ ചെറിയ മുറിയില്‍ അന്ന് നിറയുന്ന വെളിച്ചവും തേജസും ഞാന്‍ പിന്നെ വേറെ എവിടെയും കണ്ടിട്ടില്ല. പുതിയ വര്‍ഷത്തിലെയ്ക്കുള്ള ഐശ്വര്യ പൂര്‍ണമായ ഒരു തുടക്കം അവിടെ തുടങ്ങുന്നു. ചില്ലറ ഞെരുക്കം ഒക്കെ ഉണ്ടായിരുന്നെങ്കിലും നമ്മള്‍ നാല് പേരും സന്തുഷ്ടരായിരുന്നു. 

    ജീവിതത്തില്‍ ഏറ്റവും സന്തോഷം തരുന്ന കണി സന്തോഷത്തോടെ ഇരിക്കുന്ന നമ്മുടെ സ്വന്തം അച്ഛനും അമ്മയും തന്നെ ആണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. വിഷുവിനു ഒരു നാള്‍ കൂടി ബാക്കി. വീട്ടില്‍ അമ്മയും അച്ഛനും കണി വയ്ക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു. വീട്ടില്‍ പോകാന്‍ തോന്നുന്നു...

എന്റെ പ്രിയപ്പെട്ട സ്നേഹിതര്‍ക്കു വിഷു ആശംസകള്‍. നന്മ മാത്രം ചിന്തിക്കുക. അതിന്റെ ഫലം ഭഗവാന്‍ തരും. 

( ചിത്രത്തിന് കടപ്പാട് : http://hprakesh10.wordpress.com/ )

2011, ഏപ്രിൽ 8, വെള്ളിയാഴ്‌ച

ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ജനിക്കുന്നു - ഭാഗം 24



ചിന്നുവിന് ട്രാന്‍സ്ഫര്‍. അതായിരുന്നു ഞെട്ടിക്കുന്ന ആ വാര്‍ത്ത. ഹൈദരാബാദില്‍ പുതിയതായി തുടങ്ങിയ സെന്റരിലേക്ക്. ആദ്യമൊന്നു ഞെട്ടിയെങ്കിലും അത് പൊളിക്കാന്‍ ബൈജു പുതിയ തന്ത്രങ്ങള്‍ മെനഞ്ഞു. അതിന്റെ ഫലമായി ആ ട്രാന്‍സ്ഫര്‍ ക്യാന്‍സല്‍ ആയി. വീണ്ടും കോര്‍ണര്‍ ഹൌസില്‍ പോയി ബിജുവും ചിന്നുവും കൂടി അത് ആഘോഷിച്ചു. 

അങ്ങനെ ഇരിക്കെയാണ് പ്രേമി കാര്‍ വാങ്ങിയത്. മാത്രമല്ല അവന്‍ ഓഫീസില്‍ വന്നിട്ട് വന്‍ പാര്‍ട്ടി ഒക്കെ നടത്തി. അത് കണ്ടപ്പോള്‍ ബൈജുവിനും ഒരു ആഗ്രഹം തോന്നി. ഒരു കാര്‍ വാങ്ങിയാലോ. 
ലോണ്‍ എടുത്താല്‍ തിരിച്ചടയ്ക്കാം എന്നൊരു ആത്മ വിശ്വാസം ഒക്കെ ഉണ്ട് ഇപ്പൊ. പക്ഷെ ലൈസെന്‍സ് ഇല്ല. ആദ്യം ഡ്രൈവിംഗ് പഠിക്കണം. എങ്കിലല്ലേ അവര്‍ അത് തരൂ. അപ്പൊ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പറ്റിയ ഡ്രൈവിംഗ് സ്കൂള്‍ കണ്ടു പിടിക്കുന്ന കാര്യം ചിന്നുവിനെ ഏല്‍പ്പിച്ചു. അവള്‍ക്കാണെങ്കില്‍ നല്ലത് പോലെ ഡ്രൈവിംഗ് അറിയുകയും ചെയ്യാം. എവിടെയൊക്കെയോ തപ്പി ഒടുവില്‍ ചിന്നു ഒരു സ്കൂള്‍ കണ്ടു പിടിച്ചു. ഒരു മലയാളി ഇന്സ്ട്രുക്ടര്‍ ആണ് ഉള്ളത്. ബൈജു ഹാപ്പി ആയി. അപ്പൊ തന്നെ കിസ്സ്‌ ചെയ്യുന്ന സ്മൈലി ഉള്ള ഒരു എസ് എം എസ് ഒക്കെ ചിന്നുവിന് വിട്ടു.

അടുത്ത ബുധനാഴ്ച തന്നെ പോയി ചേര്‍ന്നു. ആശാന്‍ കൊള്ളാം. പാവം മനുഷ്യന്‍. റാഫി എന്നാണു പേര്. കാറിന്റെ പ്രധാന ഭാഗങ്ങള്‍ ഒക്കെ കാണിച്ചു തന്നു. കേട്ടപ്പോ ബിജുവിന് ഇന്റെരെസ്റ്റ്‌ ആയി.
കൊള്ളാമല്ലോ എന്ന് അവന്‍ മനസ്സിലോര്‍ത്തു. ആദ്യത്തെ രണ്ടു ക്ലാസ്സുകള്‍ സ്ടിയരിംഗ് സ്റെടി ആകാന്‍ വേണ്ടി ആണെന്ന് റാഫി ആശാന്‍ പറഞ്ഞു. എന്തായാലും വലിയ കുഴപ്പമില്ലാതെ രണ്ടു ക്ലാസ്സും ബൈജു നിരപ്പാക്കി. രാവിലെ ബി ടി എം ഒക്കെ കറങ്ങി ഒരു ചായ ഒക്കെ കുടിച്ചു ഇങ്ങു പോന്നു. അടുത്തയാഴ്ച കളി മാറി. ക്ലച്, ബ്രേക്ക്‌ ഒക്കെ കണ്ട്രോള്‍ ചെയ്യാന്‍ പറഞ്ഞു. അപ്പോഴാണ്‌ ഇത് വിചാരിച്ച പോലെ എളുപ്പ പണിയല്ല എന്ന് ബൈജുവിന് മനസ്സിലായത്‌.  ചവിട്ടാന്‍ മൂന്നു സാധനവും ഉണ്ട് ആകെ രണ്ടു കാലുമുണ്ട്. ഈ ആള്‍ക്കാര്‍ ഒക്കെ എങ്ങനെ ആണാവോ ഇതൊക്കെ ഓടിച്ചു കൊണ്ട് നടക്കുന്നത് . പണ്ടൊക്കെ വിചാരിച്ചത് ഇത് ഈസി ആണെന്നാണ്. കാരണം അന്നൊക്കെ ഓരോരുത്തര്‍ സ്ടിയരിംഗ് തിരിക്കുന്നതല്ലേ കണ്ടിട്ടുള്ളൂ. താഴെ ഇത്രയും പരിപാടികള്‍ ചെയ്യണം എന്ന് ആരറിഞ്ഞു. റോഡില്‍ കൂടി ഇത് കൂള്‍ ആയി ഓടിച്ചു കൊണ്ട് നടക്കുന്നവരോട് ആദ്യമായി ബഹുമാനം തോന്നി ബൈജുവിന്. ഗിയര്‍ മാറുമ്പോ ക്ലച് ചവിട്ടണം എന്നത് മറന്നതിന് റാഫി ആശാന്‍ കുറെ വഴക്കും പറഞ്ഞു. അതിനു അപ്പൊ തന്നെ ബൈജു മറുപടി കൊടുത്തു. പക്ഷെ ചവിട്ടിയത് അക്സിലേറെറ്റര്‍ ആയിരുന്നു എന്ന് മാത്രം. അടുത്ത തവണ ബ്രെക്കിലും ചവിട്ടി. റാഫി ആശാന്‍ മൂക്ക് കൊണ്ട് കാറിന്റെ ഗ്ലാസ്സില്‍ ക്ഷ വരച്ചു. അതില്‍ നിന്ന് ബൈജു പുതിയ പാഠം ഒന്നും പഠിച്ചില്ലെങ്കിലും ആശാന്‍ പഠിച്ചു. പുള്ളി പിന്നെ സീറ്റ് ബെല്‍റ്റ്‌ ഇട്ടു ഇരിക്കാന്‍ തുടങ്ങി. റോഡിലൂടെ പോകുന്നവര്‍ക്ക് ഒരു ഭീഷണിയായിക്കൊണ്ട് ബൈജുവിന്റെ ഡ്രൈവിംഗ് പഠിത്തം പുരോഗമിച്ചു. സാധാരണ മനുഷ്യന് വേണ്ടി ഉണ്ടാക്കിയിരിക്കുന്ന അസാധാരണമായ ഒരു യന്ത്രമാണ് കാര്‍ എന്ന് പണ്ട് ആരാണ്ടോ പറഞ്ഞിട്ടുണ്ട്.

ബൈജു റോഡില്‍ കൂടി പോകുന്ന പെണ്‍പിള്ളേരെ നോക്കുന്നതൊക്കെ നിര്‍ത്തിയിട്ടു കാറുകളെ നോക്കാന്‍ തുടങ്ങി. ഒരാഴ്ച കൊണ്ട് ഒരുവിധം ഉള്ള കാറുകളെ പറ്റി ബൈജുവിന് ഒരു ധാരണ ആയി.
അങ്ങനെ ഇരിക്കെ ഒരു അവധി ദിവസം വന്നു. വെള്ളിയാഴ്ച ആണ്. മറ്റെല്ലാ ബാന്‍ഗ്ലൂര്‍ വാസികളെയും പോലെ ബൈജുവും ഇത് കണക്കാക്കി മുമ്പേ തന്നെ നാട്ടിലേക്കുള്ള ടിക്കറ്റ്‌ എടുത്തു വച്ചിരുന്നു. ചിന്നു ഇത്തവണ വീട്ടില്‍ പോകുന്നില്ല എന്ന് പറഞ്ഞു. ചിന്നു ഇവിടെ നില്‍ക്കുന്നത് കൊണ്ട് ബൈജുവിനും വീട്ടില്‍ പോകാന്‍ അര്‍ദ്ധ മനസ്സേ ഉണ്ടായിരുന്നുള്ളൂ. ഇത്തവണ നാട്ടില്‍ പോകുന്നതിനു വേറെ ഒരു ഉദ്ദേശം കൂടി ഉണ്ടായിരുന്നു. അവിടെ കൊച്ചച്ചന്റെ അടുത്ത് ഒരു പഴയ അംബാസ്സഡര്‍ കാര്‍ ഉണ്ട്. അതില്‍ കുറച്ചു ഡ്രൈവിംഗ് പ്രാക്ടീസ് ഒക്കെ ചെയ്തു നോക്കണം.
നാട്ടില്‍ ചെന്നപ്പോ അതാ വേറൊരു സര്‍പ്ര്യസ്. വടക്കേതിലെ പ്രദീപ്‌ ചേട്ടന്‍ പുതിയ കാര്‍ വാങ്ങിയിരിക്കുന്നു. ഹ്യുണ്ടായി ഐ ട്വന്റി. ബൈജു വെറുതെ അതിനു ചുറ്റും ഒക്കെ നടന്നു നോക്കി.
'എന്താ ഒരു ട്രിപ്പ്‌ അടിക്കണോ ? ' പ്രദീപ്‌ ചേട്ടന്‍ ചോദിച്ചു. അകത്തു കയറി നോക്കി. വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്ത ഉടന്‍ ഒരു  മണി ശബ്ദം കേട്ട്. 'അതെന്തിനാ ? ' ബൈജു ചോദിച്ചു. 'സീറ്റ് ബെല്‍റ്റ്‌ ഇടാനുള്ള മുന്നറിയിപ്പാണ്'. പ്രദീപ്‌ ചേട്ടന്‍ പറഞ്ഞു. മൂന്നു തവണ അടിച്ചതിനു ശേഷം അത് നിന്ന്. 'ഇത് കൊള്ളാമല്ലോ. മൂന്നു തവണ അടിച്ചതിനു ശേഷം നിന്നു. സീറ്റ് ബെല്‍റ്റ്‌ ഇട്ടില്ലെങ്കിലും നില്‍ക്കും' ബൈജു പറഞ്ഞു. പ്രദീപ്‌ ചേട്ടന്‍ ചെറുതായി ഒന്ന് ചിരിച്ചു. എന്നിട്ട് പറഞ്ഞു. 'ഡാ അതിന്റെ അര്‍ഥം എന്താണെന്നു അറിയാമോ ? ആദ്യം മണി അടിക്കുമ്പോ തന്നെ സീറ്റ് ബെല്‍റ്റ്‌ ഇട്ടോ. അല്ലെങ്കില്‍ ഈ മണി നിന്റെ ശവമടക്കിനു അടിക്കാം  എന്നാണ് . മന്നസിലായോ ' അത് കേട്ട് ബൈജു ചിരിച്ചു.
ഒന്ന് രണ്ടു തവണ ഒക്കെ അത് അങ്ങനെ ഓടിച്ചു നോക്കി. ഒരു കാര്‍ വാങ്ങണം എന്ന മോഹം ആകെ കലശലായി.

അടുത്താഴ്ച തന്നെ മഹേഷിനെയും കൊണ്ട് കുറെ കാര്‍ ഷോറൂം കറങ്ങി നോക്കി. അപ്പോഴാണ്‌ ഈ മേഘലയില്‍ നടന്നു കൊണ്ടിരിക്കുന്ന വിപ്ലവത്തിന്റെ കഥയൊക്കെ ബൈജു അറിയുന്നത്. നാട്ടില്‍ ആകെ കണ്ടിട്ടുള്ള വണ്ടികള്‍ അംബിയും മാരുതി എണ്ണൂറും മാത്രമാണ്. എന്നാല്‍ ഇപ്പോഴോ എന്തുമാത്രം പുതിയ വണ്ടികള്‍. ഓരോന്നിന്റെയും പ്രത്യേകതകള്‍ കേട്ട് ബൈജുവിന്റെ കണ്ണ് തള്ളി.
എ ബി എസ്, എയര്‍ബാഗ്, പവര്‍ സ്ടീയരിംഗ്, പവര്‍ വിന്‍ഡോസ്‌ , ക്രൂസ് കണ്ട്രോള്‍ അങ്ങനെ അങ്ങനെ എത്രയെത്ര. ഓരോന്നിന്റെയും വില കേട്ടിട്ട് കണ്ണ് വീണ്ടും തള്ളി. ഈ ക്രൂസ് കണ്ട്രോള്‍ ഒക്കെ എവിടെ ഉപയോഗിക്കാന്‍ പറ്റുമോ ആവോ. ആദ്യത്തെ സംശയം ഹാച് ബാക്ക് വേണോ സെടാന്‍ വേണോ എന്നാണു. ചിന്നുവിന്റെ അഭിപ്രായത്തില്‍ ചെറിയ കാര്‍ ആണ് നല്ലത്. ഇവിടത്തെ ട്രാഫിക്‌ ബ്ലോക്കില്‍ കൊണ്ട് പോകാനും പാര്‍ക്ക് ചെയ്യാനുമൊക്കെ അതാണ്‌ നല്ലതെന്ന് ചിന്നു ശക്തിയുക്തം വാദിച്ചു. പക്ഷെ ബൈജുവിന്റെ മനസ്സില്‍ ഒരു വലിയ കാര്‍ വാങ്ങിയാലോ എന്ന് ചെറിയ ഒരു ചിന്ത ഉണ്ടാവാതിരുന്നില്ല. സേല്‍സ് മാന്റെ വാചകം കൂടി കേട്ടപ്പോ പിന്നെ വലിയ കാര്‍ തന്നെ വാങ്ങിയേക്കാം എന്ന് ബൈജു തീരുമാനിച്ചു. വണ്ടിയുടെ കൂടെ എന്തൊക്കെ ഫ്രീ കിട്ടും എന്നായി പിന്നത്തെ അന്വേഷണം. മാരുതി ആണെങ്കില്‍ ഒരു കാര്‍ മാത്രമേ തരൂ. അതിന്റെ ഒപ്പം അഞ്ചു പൈസയുടെ സാധനം ഫ്രീ തരില്ല. മാത്രമല്ല ബുക്ക്‌ ചെയ്താല്‍ കുറച്ചു കാലം കഴിഞ്ഞേ കിട്ടൂ പോലും. ബൈജുവിന് വട്ടായി. അതൊക്കെ കണ്ടിട്ട് ചിന്നു ക്ലാസ്സിക്‌ ഐഡിയയും കൊണ്ട് വന്നു. ഒരു സെക്കന്റ്‌ ഹാന്‍ഡ്‌ കാര്‍ വാങ്ങിയിട്ട് പിന്നെ മാറ്റി വാങ്ങാം എന്ന്. അവളെ ബൈജു വഴക്ക് പറഞ്ഞു ഓടിച്ചു. ചിന്നു ഒരു സൈഡില്‍ പോയി മുഖം വീര്‍പ്പിച്ചു ഇരിപ്പായി.

ഒടുവില്‍ രണ്ടു പേരും കൂടി ഒരു ധാരണയില്‍ എത്തി. ഒരു വലിയ കാര്‍ തന്നെ വാങ്ങാം എന്ന്. ഇപ്പോഴാണെങ്കില്‍ ഡിസ്കൌന്റ് ഉണ്ട്. മാത്രമല്ല എപ്പോഴായാലും കാര്‍ മാറ്റി വാങ്ങുമ്പോള്‍ നഷ്ടമേ വരൂ. അപ്പൊ പിന്നെ കുറച്ചു കാലത്തേക്ക് ഉപയോഗിക്കാന്‍ പറ്റിയ ഒരെണ്ണം തന്നെ നോക്കാം
 എന്ന് വിചാരിച്ചു. അങ്ങനെ അടുത്ത ശനിയാഴ്ച രണ്ടു പേരും കൂടി ഷോ റൂമില്‍ പോയി. കാര്‍ കൊള്ളാം. ഉഗ്രന്‍ ഫീച്ചേര്‍സ്. ഡീസല്‍ ആണ്. നല്ല മൈലേജ് ഉണ്ടത്രേ. അതിനിടക്ക് ഒരു രസമുണ്ടായി. സേല്‍സ് മാന്‍ എന്തോ പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയില്‍ ചിന്നുവിനോടായി പറഞ്ഞു. 'മാഡം..ഹസ്ബന്റിനു കാര്‍ ഇഷ്ടപെട്ടല്ലോ. മാഡം എന്നാ ഒന്നും പറയാത്തത് എന്ന് ' അത് കേട്ട് ചിന്നു ആകെ നാണിച്ചു തല താഴ്ത്തി തറയില്‍ കാല്‍വിരല്‍ കൊണ്ട് ജാവ എന്നെഴുതി.  
ബൈജു അയാളോട് പറഞ്ഞു. ഡേയ് നമ്മള്‍ കെട്ടിയിട്ടില്ല. കെട്ടു ഉറപ്പിച്ചിട്ടേ ഉള്ളൂ എന്ന്. 
ഇപ്പൊ നാണിച്ചത്‌ സേല്‍സ് മാന്‍ ആണ്. അങ്ങേര്‍ കാല്‍ വിരല്‍ കൊണ്ട് തറയില്‍ കാറിന്റെ പടം വരച്ചു. കാറിന്റെ പ്രത്യേകതകള്‍ ഒക്കെ പുള്ളി വര്‍ണിക്കുകയാണ്. വണ്ടിക്കു നല്ല പവര്‍ ആണ്. സ്പീഡ് എടുത്തു കഴിഞ്ഞാല്‍ ബ്രേക്ക്‌ ചവിട്ടിയാല്‍ പോലും നില്‍ക്കില്ല എന്നൊക്കെ. അത് കേട്ട് ബൈജു ഞെട്ടി. 'ഹേ അങ്ങനത്തെ വണ്ടി വേണ്ട. ബ്രേക്ക്‌ ചവിട്ടിയാല്‍ നില്‍ക്കണം. ' ബൈജു പറഞ്ഞു. സേല്‍സ് മാന്‍ ചിരിച്ചിട്ട് പറഞ്ഞു. വണ്ടി നില്‍ക്കും സാര്‍. ഞാന്‍ അതിന്റെ പവര്‍ അത്രയ്ക്കുണ്ട് എന്നാ ഉദ്ദേശിച്ചത് . അത് കേട്ട് ബൈജുവും ചിന്നുവും ഒന്ന് ചിരിച്ചു.

    അങ്ങനെ ഒടുവില്‍ വണ്ടി ഫൈനലൈസ് ചെയ്തു. ലോണിന്റെ കാര്യം ഒക്കെ അന്വേഷിച്ചു.
കുറച്ചു പൈസ സേവിംഗ് ഉണ്ടായിരുന്നത് കൊണ്ട് ഡൌണ്‍ പേമെന്റ് നടത്താം എന്ന് തീരുമാനിച്ചു.
ചിന്നുവും കുറച്ചു പൈസ തരാം എന്ന് പറഞ്ഞെങ്കിലും ബൈജു അത് നിരസിച്ചു. അതൊക്കെ കല്യാണം കഴിഞ്ഞിട്ട് നിന്റെ കയ്യില്‍ നിന്ന് വാങ്ങിച്ചോളാം എന്ന് അവന്‍ പറഞ്ഞു. അടുത്ത ആഴ്ച ബുക്ക്‌ ചെയ്യണം.

അടുത്ത ഭാഗം