2011, ഏപ്രിൽ 13, ബുധനാഴ്‌ച

ഈ വിഷുത്തലേന്നു - പ്രകാശം നിറഞ്ഞ ഒരു ഓര്‍മ...


    സത്യം പറഞ്ഞാല്‍ എന്തെഴുതണം എന്ന് അറിയില്ല. ക്ലീഷേ വാചകങ്ങള്‍ ആവര്‍ത്തിക്കാന്‍ മനസ്സ് വരുന്നില്ല. വീണ്ടും ഒരു വിഷു വന്നല്ലോ. ആശംസകള്‍. ഈ വിഷു തലേന്ന് ഗൃഹാതുരമായ ഒരു ഓര്‍മ മനസ്സിലേക്ക് വരുന്നു. 

     പണ്ട് അച്ഛന്‍ കൊല്ലത്തിനടുത്ത് ഒരു  സ്ഥലത്ത് ജോലി ചെയ്തിരുന്ന സമയം.   അവിടെ ഓഫീസിനടുത്തു ഒരു വാടക വീട്ടിലായിരുന്നു താമസം. എന്റെ കുട്ടിക്കാലത്ത്. ഓടിട്ട , മുറ്റത്ത്‌ ഇപ്പോഴും ഐസ് പോലെ തണുത്ത വെള്ളം കിട്ടുന്ന ഒരു കിണര്‍ ഉള്ള മനോഹരമായ ഒരു വീട്. ബാല്യകാലത്തെകുറിച്ചുള്ള എന്റെ ഓര്‍മകളില്‍ ഇപ്പോഴും എപ്പോഴും തിളങ്ങി നില്‍ക്കുന്ന ഒരു കൊച്ചു വീട്. അതിന്റെ മുറ്റത്ത്‌ കിഴക്കേ മൂലയില്‍ ആയി ഒരു കൊന്ന മരം ഉണ്ടായിരുന്നു. വിഷുവിനു ഒരാഴ്ച മുമ്പ് തന്നെ ആ കൊന്നയില്‍ സ്വര്‍ണ നിറമുള്ള പൂക്കള്‍ കൊണ്ട് നിറയും. വിഷുവിനു പറിക്കാനായി റോഡില്‍ കൂടി പോകുന്ന പലരും ഈ കൊന്നമരത്തെ നോട്ടമിടുന്നത് ഞാനും അനിയത്തിയും വീടിന്റെ വരാന്തയില്‍ നിന്ന് നോക്കും.

    വിഷുവിനു തലേ ദിവസം ഞാന്‍ ആ മരത്തില്‍ കയറി പൂ പറിക്കും. നാലാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഇത്. അനിയത്തി രണ്ടില്‍. കൊച്ച് കുട്ടിയായത് കൊണ്ട് മരത്തിന്റെ താഴത്തെ കൊമ്പ് വരെയേ കയറാന്‍ പറ്റൂ. വെട്ടു കല്ല്‌ കൊണ്ട് ഉണ്ടാക്കിയ പായല്‍ പിടിച്ച മതിലിന്റെ ഇടിഞ്ഞ ഒരു വാക്കിനോട് ചേര്‍ന്നാണ് കൊന്ന മരം നില്‍ക്കുന്നത്. ആ മതിലില്‍ പറ്റി പിടിച്ചു കയറി അതിന്റെ മുകളില്‍ നിന്ന് മരത്തിന്റെ കൊമ്പിലേക്ക് കയറുകയായിരുന്നു പതിവ്. ഞാന്‍ ഇറുത്തിടുന്ന പൂവൊക്കെ അനിയത്തി അവളുടെ പെറ്റികോട്ടില്‍ ശേഖരിക്കും. എന്നിട്ട് അത് വരാന്തയില്‍ വച്ചിരിക്കുന്ന പനയോല കൊണ്ട് ഉണ്ടാക്കിയ വട്ടിയില്‍ കൊണ്ട് വയ്ക്കും. അമ്മ ഒടുവില്‍ അതെടുത്തിട്ട്  വെള്ളം കുടഞ്ഞു വയ്ക്കും. കണിയുടെ കൂട്ടത്തില്‍ വയ്ക്കുന്ന ചക്ക , മാങ്ങാ ഒക്കെ അടുത്ത വീടുകളില്‍ നിന്ന് സംഘടിപ്പിക്കും. കടയില്‍ റെഡി മേഡ് ആയി കണി കിറ്റ്‌ ഒന്നും കിട്ടുന്ന കാലമല്ല അത്.

.     ആ വീട്ടിലെ പൂജ മുറി വളരെ ചെറുതാണ്. അതില്‍ തന്നെ വിളക്ക് കത്തിച്ചു ഉണ്ടാവുന്ന പുക കൊണ്ട് കുമ്മായം തേച്ച ചുവര്‍ ആകെ കരി പിടിച്ചാണ് ഇരിക്കുന്നത്. അധികം പ്രകാശം കടക്കാത്ത മുറിയില്‍ ഒരു ചെറിയ മൂലയില്‍ മങ്ങിയ നിറത്തിലുള്ള ദൈവങ്ങളുടെ ചിത്രങ്ങളും ചില ചെറിയ പ്രതിമകളും. പലതും വര്‍ഷങ്ങളായി തൂത്തും തുടച്ചും വളരെ വൃത്തിയായി അമ്മ സൂക്ഷിക്കുന്നതാണ്.
ഞങ്ങള്‍ വീട് വച്ച് താമസം തുടങ്ങിയപ്പോഴും ആ പടങ്ങള്‍ ഒക്കെ ഉപേക്ഷിക്കാന്‍ അമ്മയ്ക്ക് വലിയ വിഷമം ആയിരുന്നു. വിഷു പ്രമാണിച്ച് ആ മുറി അടിച്ചു വാരി വൃത്തിയാക്കും. എന്നിട്ട് കഴുകി തുടയ്ക്കും. 
എന്നിട്ടാണ് കണി ഒരുക്കുന്നത്. അത് അമ്മ ഒറ്റയ്ക്കാണ് ചെയ്യുന്നത്. എന്നെയും അനിയത്തിയെയും അതിനടുത്തേക്ക് വരാന്‍ പോലും അമ്മ സമ്മതിക്കില്ല. 

     വിഷു ദിവസം രാവിലെ അമ്മ ആദ്യം എഴുനേല്‍ക്കും. കുളിച്ചു റെഡി ആയി വിളക്ക് കത്തിച്ചു വയ്ച്ചിട്ടു നമ്മളെ ഓരോരുത്തരെ ആയി വന്നു വിളിച്ചുണര്‍ത്തും. കണ്ണ് പൊത്തിയിട്ട് കണിയുടെ മുന്നില്‍ കൊണ്ട് നിര്‍ത്തും. ആ ചെറിയ മുറിയില്‍ അന്ന് നിറയുന്ന വെളിച്ചവും തേജസും ഞാന്‍ പിന്നെ വേറെ എവിടെയും കണ്ടിട്ടില്ല. പുതിയ വര്‍ഷത്തിലെയ്ക്കുള്ള ഐശ്വര്യ പൂര്‍ണമായ ഒരു തുടക്കം അവിടെ തുടങ്ങുന്നു. ചില്ലറ ഞെരുക്കം ഒക്കെ ഉണ്ടായിരുന്നെങ്കിലും നമ്മള്‍ നാല് പേരും സന്തുഷ്ടരായിരുന്നു. 

    ജീവിതത്തില്‍ ഏറ്റവും സന്തോഷം തരുന്ന കണി സന്തോഷത്തോടെ ഇരിക്കുന്ന നമ്മുടെ സ്വന്തം അച്ഛനും അമ്മയും തന്നെ ആണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. വിഷുവിനു ഒരു നാള്‍ കൂടി ബാക്കി. വീട്ടില്‍ അമ്മയും അച്ഛനും കണി വയ്ക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു. വീട്ടില്‍ പോകാന്‍ തോന്നുന്നു...

എന്റെ പ്രിയപ്പെട്ട സ്നേഹിതര്‍ക്കു വിഷു ആശംസകള്‍. നന്മ മാത്രം ചിന്തിക്കുക. അതിന്റെ ഫലം ഭഗവാന്‍ തരും. 

( ചിത്രത്തിന് കടപ്പാട് : http://hprakesh10.wordpress.com/ )

7 അഭിപ്രായങ്ങൾ:

  1. നന്ദി. ഓര്‍മ്മകള്‍ കൊണ്ടുള്ള ഈ കണിക്ക്.
    എനിക്കും വീട്ടില്‍ പോകാന്‍ തോന്നുന്നുണ്ട്.

    മറുപടിഇല്ലാതാക്കൂ
  2. എല്ലാവര്ക്കും ഐശ്വര്യം നിറഞ്ഞ വിഷു ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  3. വിഷു ആശംസകൾ.....
    പഴയ ഓർമ്മകൾ എന്നും പ്രത്യേക വികാരത്തിൽ നമ്മളേ എത്തിക്കുന്നു...

    മറുപടിഇല്ലാതാക്കൂ
  4. ഓര്‍മ്മകള്‍ കൂട്ടിക്കൊണ്ടുപോകുന്നത് ഇപ്പോഴും നഷ്ടത്തിന്റെ കണക്കുപുസ്തകത്തിലെക്കാന്, ഓര്‍മ്മിച്ചുവെക്കാനിഷ്ടപെടുന്ന നൊമ്പരം തരുന്ന കണക്കുപുസ്തകത്തിലേക്ക്.

    മറുപടിഇല്ലാതാക്കൂ
  5. മുറ്റത്തെ കിണറും നിറയെ പൂക്കുന്ന കണിക്കൊന്നയും. ഇന്നു് എല്ലാം ഓർമ്മകളിൽ മാത്രം!

    മറുപടിഇല്ലാതാക്കൂ
  6. ഹും.... ടസ്പ് ആക്കി :(( എന്തായാലും വിഷു ആശംസകള്‍ !!

    മറുപടിഇല്ലാതാക്കൂ