Monday, June 6, 2011

ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ജനിക്കുന്നു - ഭാഗം 25
    കാര്‍ അങ്ങനെ ഒരുവിധം തീരുമാനമായി. ബുക്ക്‌ ചെയ്യുന്നതിന് മുമ്പ് പണിക്കരോട് സമയം ഒന്ന് നോക്കിക്കണം. അമ്മയോട് പറഞ്ഞു. പക്ഷെ അതിനു ഇത്രയും ശക്തമായ തിരിച്ചടി കിട്ടും എന്ന് ബൈജു കരുതിയില്ല. ഇപ്പൊ വണ്ടി വാങ്ങിയാല്‍ വാങ്ങുന്നവന്‍ കുത്തുപാള  എടുക്കും എന്ന് പണിക്കര്‍ തീര്‍ത്തു പറഞ്ഞു. അമ്മ വിഷമത്തോടെ അത് ബൈജുവിനെ അറിയിച്ചു. ഒരു വര്‍ഷം കഴിഞ്ഞിട്ട് നോക്കിയാല്‍ മതി എന്നും പണിക്കര്‍ പറഞ്ഞു. എന്ത് ചെയ്യുമെന്ന് പറ. വളരെ വിഷമത്തോടെ ബൈജു ചിന്നുവിനെ വിളിച്ചു പറഞ്ഞു. അവള്‍ക്കു അതിലേറെ വിഷമമായി. 'അങ്ങേരോട് പോകാന്‍ പറ. നമുക്ക് വാങ്ങാം' എന്ന് ആദ്യം പറഞ്ഞെങ്കിലും ഉടനെ തന്നെ ചിന്നു അഭിപ്രായം മാറ്റി. 'അല്ലെങ്കില്‍ വേണ്ട അല്ലെ.. ബൈജുവിന് ദോഷം ഉണ്ടാവും. ഒരു വര്‍ഷമല്ലേ. നമുക്ക് വെയിറ്റ് ചെയ്യാം. അപ്പോഴേക്കും നമ്മുടെ കല്യാണവും കഴിയും' അവള്‍ സമാധാനിപ്പിച്ചു. കല്യാണത്തിന്റെ കാര്യം കേട്ടപ്പോ ബൈജുവിന്റെ വിഷമം ഒക്കെ കുറച്ചു കുറഞ്ഞു. കാര്‍ വാങ്ങിയിട്ട് അവള്‍ക്കും ഓടിക്കാന്‍ കൊടുക്കണം എന്നൊക്കെ ആദ്യമേ രണ്ടു പേരും കൂടി തീരുമാനിച്ചിരുന്നതാണ്. ഒടുവില്‍ മോഹന്‍ ലാല്‍ പറയുന്ന പോലെ സംഭവിച്ചതെല്ലാം നല്ലതിന് , ഇനി വരാന്‍ പോകുന്നതും നല്ലത് എന്നൊക്കെ പറഞ്ഞു രണ്ടു പേരും കാര്‍ വാങ്ങല്‍ ഫ്രിഡ്ജില്‍ വച്ചു. ഒരു കണക്കിന് കുറച്ചു കഴിഞ്ഞു വാങ്ങുന്നതാ നല്ലത് . പുതിയ കുറെ മോഡലുകള്‍ വരാനുണ്ട്. അങ്ങനെ ഒക്കെ വിചാരിച്ചു അവര്‍ സമാധാനിച്ചു.

    അങ്ങനെ ഒരു ദിവസം.. ബൈജു നല്ല പണിയില്‍ ആണ്. അപ്പൊ അതാ വരുന്നു പ്രേമി. ഒരു രഹസ്യം പറയാനുണ്ട് എന്ന് പറഞ്ഞു അവന്‍ ബൈജുവിനെ പുറത്തേക്കു വിളിച്ചു. രണ്ടു പേരും കൂടി മുകളിലത്തെ നിലയിലുള്ള കഫെറ്റെറിയായില്‍ പോയി. ഓഫീസില്‍ ഇപ്പൊ വന്‍ പൊളിറ്റിക്സ് ആണെന്നും സീ ഈ ഓ യുടെ കൈമണികള്‍ക്ക് മാത്രമേ ഇത്തവണ പ്രൊമോഷന്‍ ഉള്ളൂ എന്നും കേട്ടുവത്രേ. ഇതൊക്കെ കണ്ടിട്ട് രക്തം തിളയ്ക്കുന്നു എന്നൊക്കെ പറഞ്ഞു പ്രേമി ചായ കപ്പ്‌ മേശപ്പുറത്തു ഇടിച്ചു വച്ചു. ഇതൊക്കെ കണ്ടിട്ട് ബൈജുവും ആകെ ചൂടായി. ഇന്നിനി പണി എടുക്കുന്നില്ല  അന്ന് രണ്ടു പേരും കൂടി തീരുമാനിച്ചു. ഉച്ച കഴിഞ്ഞിട്ട് വീട്ടിലേക്കു പോകാം എന്ന് പ്രേമി പറഞ്ഞു. എന്തൊക്കെയോ പറഞ്ഞു ലീവ് ആക്കിയിട്ടു രണ്ടു പേരും രണ്ടു മണിയായപ്പോ തന്നെ ഇറങ്ങി. പ്രേമിക്കു പഴയ ഒരു മാരുതി കാര്‍ ഉണ്ട്. വെയിലത്ത്‌ പാര്‍ക്ക്‌ ചെയ്തിരുന്നത് കാരണം കാര്‍ ആകെ ചൂട് പിടിച്ചു ഇരിക്കുകയായിരുന്നു. പക്ഷെ ചൂടൊന്നും ബൈജു അറിഞ്ഞില്ല. പ്രേമിയും. കുറച്ചു ദൂരം പോയിട്ടും കാറിലെ ചൂട് കുറയുന്നില്ല. ഏ സി വര്‍ക്ക് ചെയ്യുന്ന ശബ്ദം കേട്ടപ്പോ നാട്ടില്‍ മഴ സീസണില്‍ പാടത്തു നിന്ന് വെള്ളം പമ്പ്‌ ചെയ്തു കളയാന്‍ കൊണ്ട് വരുന്ന മോട്ടോര്‍ ആണ് ബൈജുവിന് ഓര്‍മ വന്നത്. 'ഹേയ് ബൈജു .. വണ്ടി എങ്ങനെ ഉണ്ട് ? ഇതില്‍ climate control 
ഒക്കെ ഉണ്ട്. ബൈജു ഞെട്ടി. പക്ഷെ ഞെട്ടല്‍ തീരുന്നതിനു മുമ്പേ പ്രേമി അത് വിശദീകരിച്ചു കൊടുത്തു. 'അതായതു പുറത്തു ചൂടാണെങ്കില്‍ അകത്തും നല്ല ചൂടായിരിക്കും. തണുപ്പാണെങ്കിലും അങ്ങനെ  തന്നെ. അത് കേട്ട് ബൈജു അറിയാതെ ചിരിച്ചു പോയി. പ്രേമിയുടെ അപ്പാപ്പന്‍ വാങ്ങിയ കാര്‍ ആണത്രേ അത്. കൈമാറി കിട്ടിയതാണത്രേ.  അങ്ങനെ ഒരു മണിക്കൂര്‍ നേരത്തെ അധ്വാനത്തിന് ശേഷം പ്രേമിയുടെ വീട്ടിലെത്തി. മര്യാദയ്ക്ക് ഓടുന്ന ഒരു കാര്‍ ആണെങ്കില്‍ ഇരുപതു മിനിറ്റ് കൊണ്ട് എത്തേണ്ട സ്ഥലമാണ്. ഒരു മണിക്കൂറില്‍ കൂടുതല്‍ എടുത്തു. പ്രേമി ആകെ അലങ്കോലമായ ഒരു ചായ ഇട്ടു കൊടുത്തു. അതൊക്കെ കുടിച്ചു കമ്പനിയെ കുറെ തെറിയും വിളിച്ചു കഴിഞ്ഞപ്പോ രണ്ടു പേര്‍ക്കും കുറച്ചു ആശ്വാസം ആയി. കുറച്ചു കഴിഞ്ഞപ്പോ ആരോ പ്രേമിയെ ഫോണില്‍ വിളിച്ചു. ഫോണ്‍ അറ്റന്‍ഡ് ചെയ്തിട്ട് തിരിച്ചു വന്ന പ്രേമി മറ്റൊരാള്‍ ആയിരുന്നു. മുഖത്ത് മീശയും താടിയും ഒഴികെ പുറത്തു കാണാന്‍ പറ്റുന്ന സ്ഥലമൊക്കെ ചുവന്നു തുടുത്തിരിക്കുന്നു. മാത്രമല്ല മേലാകെ ഒരു രോമാഞ്ചം പോലെ പ്രേമി കുളിര് കോരി ഇരിക്കുന്നു. അത് കണ്ടപ്പോഴേ ബൈജുവിനു കാര്യം പിടി കിട്ടി. ലവന്‍ ഏതോ മധുര കരിമ്പ്‌ കടിച്ചിട്ടുണ്ട്‌. അതെ അത് തന്നെ. പ്രേമിയുടെ ഗേള്‍ ഫ്രണ്ട് വരുന്നു. ലുധിയാനയില്‍ നിന്ന്. വൈകിട്ടത്തെ ഫ്ലൈറ്റില്‍ ആണത്രേ വരുന്നത്. അവളെ കൂട്ടിക്കൊണ്ടു വരാന്‍ പ്രേമി ബൈജുവിനെയും ക്ഷണിച്ചു. വെള്ളിയാഴ്ച വൈകിട്ടാണ്. ചിന്നു ഇന്ന് റൂം മേറ്റ്‌ ന്റെ ബര്‍ത്ത്ഡേ ട്രീടിനു പോവും എന്ന് പറഞ്ഞിരുന്നു. അപ്പൊ ഇനി ടൈം ഉണ്ട്. പോയേക്കാം.
ബൈജു തീരുമാനിച്ചു.

     അങ്ങനെ ആ തല്ലിപ്പൊളി കാറില്‍ രണ്ടു പേരും കൂടി ഒരു വിധം ആറു മണിക്ക് തന്നെ എയര്‍ പോര്‍ടിലെത്തി. ഫ്ലൈറ്റ് എട്ടാം നമ്പര്‍ പ്ലാട്ഫോമില്‍ വരും എന്ന് പ്രേമി പറഞ്ഞു. ഏഴു മണി ആയപ്പോ അവള്‍ എത്തി. ഗുല്‍ എന്നാണ് പുള്ളിക്കാരിയുടെ പേര്. ഗോതമ്പിന്റെ നിറമുള്ള ഒരു സുന്ദരി. കണ്ടപാടെ രണ്ടെണ്ണം കൂടി ഓടി വന്നു കെട്ടിപ്പിടിച്ചു കുറെ നേരം നിന്നു. അത് കണ്ടു സഹിക്ക വയ്യാതെ ബൈജു ഇടയ്ക്ക് കയറിയിട്ട് 'എന്നാ നമുക്ക് പോയാലോ.. നേരം വൈകും' എന്നൊക്കെ പറഞ്ഞു. പ്രേമി അവളെ ബൈജുവിനു പരിചയപ്പെടുത്തി. തിരിച്ചു വരുന്ന വഴി കാറിലിരുന്നു ബൈജു ചിന്നുവിനെ പറ്റി ഓര്‍ക്കുകയായിരുന്നു. അവളിപ്പോ എന്തെടുക്കുകയായിരിക്കുമോ എന്തോ. അവരുടെ പീ ജിക്ക് തൊട്ടടുത്തുള്ള ഒരു കോഫി ഷോപ്പില്‍ വച്ചാണ് ട്രീറ്റ്‌. ഒന്‍പതു മണി ആവുമ്പോ തിരിച്ചെത്തും എന്നാ അവള്‍ പറഞ്ഞത്. സമ്മാനം കൊടുക്കാന്‍ ഒരു ടെഡി ബെയര്‍ നെ വാങ്ങിച്ചു കൊണ്ട് പോയിട്ടുണ്ട്. ഈ പെണ്‍ പിള്ളാര്‍ക്ക് പാവ എന്ന് വച്ചാല്‍ പ്രാന്താനെന്നു തോന്നുന്നു. ഇതൊക്കെ ഓര്‍ത്തു ബൈജു സ്വയം ഇരുന്നു ചിരിച്ചു.
അരേ ബൈജു..എന്താണ് ചിരിക്കുന്നത് .. പ്രേമി ചോദിക്കുകയാണ്. ഹേ ഒന്നുമില്ല എന്ന് പറഞ്ഞു ബൈജു ഒരു വിഡ്ഢി ചിരി ചിരിച്ചു. പ്രേമിയും ഗുലും കൂടി തകര്‍ക്കുകയാണ്. ഭയങ്കര ബഹളം. അല്ലെങ്കിലും ഈ നോര്‍ത്ത് ഇന്ത്യന്‍സ് ഇങ്ങനെ ആണ്. രണ്ടു പേര്‍ തമ്മില്‍ കാണുകയാണെങ്കില്‍ ഏഴു മൈല്‍ ചുറ്റളവിലുള്ള എല്ലാവരും അറിയുന്ന രീതിയിലുള്ള ബഹളമായിരിക്കും. അതൊക്കെ മലയാളികള്‍. ഒന്ന് ചുണ്ടനക്കണമെങ്കില്‍ തന്നെ കുറെ നേരം പിടിക്കും. വഴിയില്‍ പോലീസ് ചെക്കിംഗ് ഉണ്ട്. ഇന്ന് വെള്ളിയാഴ്ച ആണല്ലോ. അതായിരിക്കും. എന്തായാലും അവരുടെ വണ്ടി പോലിസ് തടഞ്ഞു. ഒരു കോണ്‍സ്റ്റബിള്‍ മുന്നോട്ടു വന്നു. ബൈജുവും പ്രേമിയും പുറത്തിറങ്ങി.
സര്‍. യുവര്‍ കാര്‍ ഓവര്‍ സ്പീഡ്. ഫൈന്‍ ത്രീ ഹണ്ട്രഡു എന്ന് ശുദ്ധമായ കന്നഡ ഇംഗ്ലീഷില്‍ അയാള്‍ പറഞ്ഞു. സത്യം പറഞ്ഞാല്‍ അത് കേട്ടിട്ട് ബൈജുവിന് ചിരി പൊട്ടി. പണ്ടേ ദുര്‍ബല. ഇപ്പൊ ഗര്‍ഭിണി എന്ന അവസ്ഥയിലുള്ള ഈ കാര്‍ ഓവര്‍ സ്പീഡില്‍ ഓടി എന്ന് പറഞ്ഞാല്‍ മാരുതി കമ്പനിക്ക് വരെ ചിരി വരും. ഡേയ് ബൈജു. എന്തെങ്കിലും കന്നഡ പറഞ്ഞു രക്ഷിക്കൂ എന്ന് പ്രേമി നിലവിളിക്കാന്‍ തുടങ്ങി. അങ്ങനെ ബൈജു കളത്തിലിറങ്ങി. സര്‍. ജാസ്തി സ്പീടില്ല സര്‍. ഹെല്പ് മാടു സര്‍.. എന്നൊക്കെ ബൈജു അങ്ങേരുടെ കാലു പിടിച്ചു പറഞ്ഞു. ഡേയ് കയ്യില്‍ കാശ് വല്ലതുമുണ്ടെങ്കില്‍ കൊടുക്ക്‌ എന്ന് പറഞ്ഞു. പ്രേമി പേഴ്സ് പുറത്തെടുത്തു. തടിച്ചിരിപ്പുണ്ട്‌. ഇവനോട് നേരത്തെ പറഞ്ഞില്ലെങ്കില്‍ ഇവന്‍ അഞ്ഞൂറോ ആയിരമോ എടുത്തു കൊടുക്കും. എന്നാല്‍ ബൈജുവിന് എന്തെങ്കിലും പറയാന്‍ പറ്റുന്നതിനു മുമ്പ് അവനെ ഞെട്ടിച്ചു കൊണ്ട് പ്രേമി ഒരു നൂറു രൂപ എടുത്തു നീട്ടി. ശെടാ . ഇവന്‍ ഇത്രയ്ക്കൊക്കെ പുരോഗമിച്ചോ ... നൂറു രൂപ കണ്ടതും പോലീസുകാരന്‍ തല ചൊറിയാന്‍ തുടങ്ങി. ഫൈന്‍ ത്രീ ഹണ്ട്രഡു സര്‍ വിത്ത്‌ റെസീപ്റ്റ്. ടു ഹണ്ട്രഡു വിത്തൌട്ട് റെസീപ്റ്റ്. സോഫ്റ്റ്‌വെയര്‍ താനേ ... കൊഞ്ചം കൂടി അട്ജസ്റ്റ് പണ്ണുങ്ക സാര്‍.' എന്നൊക്കെ അയാള്‍ പറഞ്ഞു. ബാന്ഗ്ലൂരിലെ പോലീസുകാര്‍ക്ക് ഒരു ഗുണമുണ്ട്. സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ ജോലി ചെയ്യുന്നവന്‍ ഇതു വേഷത്തില്‍ വന്നാലും അവന്മാര്‍ ഒറ്റ നോട്ടത്തില്‍ കണ്ടു പിടിക്കും.
എന്തായാലും നൂറു രൂപ കൂടി കൊടുക്കേണ്ടി വരും എന്നാ തോന്നുന്നത്. പ്രേമിയോടു കാര്യം പറഞ്ഞു.
ഇപ്പൊ ഞെട്ടിയത് ബൈജുവാണ്. പ്രേമിയുടെ കയ്യില്‍ ആകെ നൂറു രൂപയെ ഉള്ളൂ പോലും.
ബൈജു ആ പേഴ്സ് വാങ്ങി നോക്കി. അത് മുഴുവന്‍ പ്രേമി ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉരച്ചതിന്റെ സ്ലിപ്പുകളാണ് .കയ്യില്‍ അഞ്ചിന്റെ പൈസ ഇല്ലാതെയാണ് ശവം ഗേള്‍ ഫ്രണ്ട് നെയും കൊണ്ട് ഇറങ്ങിയിരിക്കുന്നത്. ബൈജു ഓര്‍ത്തു. അവന്‍ സ്വന്തം പോക്കറ്റില്‍ നിന്ന് നൂറു  രൂപ കൂടി എടുത്തു നീട്ടി. എന്ത് പറ്റി എന്ന് പറഞ്ഞു ഗുല്‍ തല വെളിയിലിട്ടു. ഒന്നുമില്ല, നീ ഇറങ്ങണ്ട എന്ന് പ്രേമി പറഞ്ഞു. ഇനി ഇവളും പ്രേമിയെ പോലെ പിച്ച ആയിരിക്കുമോ .. പണി കിട്ടുമോ എന്നൊക്കെ ബൈജു ഓര്‍ത്തു. എന്തായാലും ഒടുവില്‍ തടിയൂരി. ഡാര്‍ലിംഗ്. പെട്രോള്‍ അടിക്കാനും ഗുല്‍ നു ഡിന്നര്‍ കൊടുക്കാനും കുറച്ചു പൈസ കടം തരണം എന്നൊക്കെ പ്രേമി പറഞ്ഞു. അവനെ ചീത്ത വിളിച്ചു കൊണ്ട് ഗുല്‍ കാണാതെ ബൈജു കയ്യിലുണ്ടായിരുന്ന അഞ്ഞൂറ് രൂപ എടുത്തു കൊടുത്തു.
അത് വാങ്ങിയ ഉടനെ പ്രേമി അടുത്ത നമ്പര്‍ ഇട്ടു. അപ്പൊ ബൈജു ഇവിടെ ഇറങ്ങുകയല്ലേ.. നാളെ കാണാം ട്ടോ ..' എന്നൊക്കെ പറഞ്ഞിട്ട് ബൈജുവിനെ എം ജി റോഡിന്റെ തിരക്കിലേക്ക് ഇറക്കി വിട്ടു.

    ബൈജു അവിടെ ഇറങ്ങി ആകാശത്തോട്ട് നോക്കി. മെട്രോയുടെ പണി നടക്കുന്നത് കാരണം നില്‍ക്കാന്‍ കുറച്ചു തണല്‍ ഉണ്ട്. അവിടെ കയറി നിന്ന് ബൈജു ചിന്നുവിനെ വിളിച്ചു. 'ഹലോ. ആന്റി ഉണ്ടോ ? വീട്ടിലാണോ ? " എന്നിങ്ങനെ ചിന്നുവിന്റെ കുറെ ചോദ്യം. ബൈജുവിന് അപകട സൂചന പിടി കിട്ടി. അവളുടെ അടുത്ത് ഫ്രണ്ട് ഉണ്ട്. അവര്‍ക്ക് മനസ്സിലാവാതിരിക്കാന്‍ വേണ്ടി ചിന്നു പൊട്ടന്‍ കളിക്കുന്നതാ. പക്ഷെ അത് കേട്ടാലെ ആര്‍ക്കും മനസ്സിലാവും എന്തോ തരികിട ആണെന്ന്.
അപ്പൊ ഇനി നേരെ റൂമിലേക്ക്‌ വിടാം. ഒരു ഓട്ടോ പിടിച്ചു. അവന്‍ ചോദിച്ച പൈസ തന്നെ സമ്മതിച്ചു കീഴടങ്ങി. റൂമിലെത്തി. കുളിച്ചു ഭക്ഷണം കഴിച്ചു വന്നപ്പോഴേയ്ക്കും മണി പത്തായി.
ചിന്നുവിന്റെ അനക്കമൊന്നുമില്ല. നിമിഷങ്ങള്‍ ഇഴഞ്ഞു നീങ്ങുന്ന പോലെ ബൈജുവിന് തോന്നി.
പൂച്ച മത്തിതലയുടെ മുന്നില്‍ ഇരിക്കുന്ന പോലെ ബൈജു മൊബൈലിന്റെ മുന്നില്‍ ഇരിക്കാന്‍ തുടങ്ങിയിട്ട് കുറെ നേരമായി. പതിനൊന്നു മണി ആയിട്ടും ഒരു അനക്കവും കാണാത്തത് കൊണ്ട് ബൈജുവിന് ടെന്‍ഷന്‍ ആയി. ഇരുന്നിരുന്നു പന്ത്രണ്ടു മണി ആയപ്പോ അതാ ഒരു മെസ്സേജ്.
'ഗുഡ് നൈറ്റ്‌' . അത് കണ്ടതും ബൈജുവിന് കളി ആയി. 'ഇത്രയും നേരം എവിടെ പോയി കിടക്കുകയായിരുന്നു ' എന്ന് പറഞ്ഞു ചൊറിഞ്ഞ മുഖമുള്ള സ്മൈലി പിടിപ്പിച്ച ഒരു മെസ്സേജ് വിട്ടു. അതിനു ഒരു മറുപടിയും ഇല്ല. അതോടെ ബൈജുവിന്റെ പിടി വിട്ടു. പായ വിരിച്ചു കിടന്നു.

    രാവിലെ ഓഫീസില്‍ എത്തി. ദേഷ്യം കാരണം ബൈജു ചിന്നുവിനെ മൈന്‍ഡ് ചെയ്യാന്‍ പോയില്ല. അവള്‍ ഇടയ്ക്കിടയ്ക്ക് ബൈജു ഇരിക്കുന്നതിനു മുന്നില്‍ കൂടി അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ ഉലാത്തുന്നുണ്ട്. ബൈജു നോക്കും എന്ന പ്രതീക്ഷയില്‍ ആണ് നടക്കുന്നതെങ്കിലും അവന്‍ മൈന്‍ഡ് ചെയ്തില്ല. ഒന്ന് രണ്ടു തവണ നടന്നതിനു ശേഷം ചിന്നു സീറ്റില്‍ പോയി ഇരുന്നു. അതാ വരുന്നു ഒരു മെസ്സേജ്. 'സോറി . ഇന്നലെ കൌ ന്റെ ഒരു ഫ്രണ്ട് ഉണ്ടായിരുന്നു. ആ കുട്ടി ഒരു മണി വരെ കത്തി വച്ച് കൊണ്ടിരുന്നത് കാരണം എല്ലാവരും ഉറങ്ങാതെ ഇരിക്കുകയായിരുന്നു. അതാ ഒന്നും ചെയ്യാന്‍ പറ്റാഞ്ഞത്‌. ' അത് ശരി. ഈ കൌസ്തുഭ ഇപ്പോഴും ഒരു പാര ആണല്ലോ. ഇവരെ കൊണ്ട് തോറ്റു.
എന്നാലും ബൈജു വിട്ടു കൊടുത്തില്ല. 'എന്നാ പിന്നെ നിനക്ക് എന്തെങ്കിലും പ്ലാന്‍ ഇറക്കി പുറത്തു പോയി അയക്കാന്‍ പാടില്ലായിരുന്നോ ? ' അവന്‍ വീണ്ടും ഒരു മെസ്സേജ് അയച്ചു. 'എനിക്ക് മനസ്സില്ലായിരുന്നു " എന്ന് പറഞ്ഞിട്ട് മുമ്പ് ബൈജു അയച്ചതിനേക്കാള്‍ ചൊറിഞ്ഞ മുഖമുള്ള ഒരു സ്മൈലി വച്ച ഒരു മെസ്സേജ് അതാ വരുന്നു. ഹോ. ആകെ കലിപ്പായി. പണി വാങ്ങിച്ചു. ബൈജു കുറെ നേരം അവിടെ ഇരുന്നു പോയി. ഇനി അവളുടെ പിണക്കം മാറണമെങ്കില്‍ കാലു പിടിക്കേണ്ടി വരും. ഉച്ച കഴിഞ്ഞിട്ട് ബൈജു അവളുടെ മുന്നില്‍ കൂടി തിരിച്ചു ഉലാത്തി നോക്കി. അവളുടെ ക്യുബിക്കിളിനു മുന്നില്‍ ചെന്ന് നിന്ന് ചുമച്ചു നോക്കി. അവളുടെ അടുത്തിരുന്ന പ്രേമി ആ ചുമ കേട്ടിട്ട്
ഒരു ടാബ്ലെറ്റ് കൊണ്ട് ബൈജുവിന്റെ അടുത്തേക്ക് ചെന്നു. ഡേയ്. നീ ഇന്നലെ ആ വെയിലത്ത്‌ ഇറക്കി വിട്ടപ്പോ വെയിലടിച്ചു ചുമ പിടിച്ചതാണ് എന്നൊക്കെ ബൈജു വച്ച് താങ്ങി. അത് കേട്ട ചിന്നു ചെറുതായി തല പൊക്കി. ബൈജു നോക്കുന്നത് കണ്ടിട്ട് അവള്‍ തല താഴ്ത്തി. പക്ഷെ അവര്‍ തമ്മില്‍ പറയുന്നതൊക്കെ അവള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പ്രേമിക്കു ആകെ ഫീല്‍ ആയി. ആ ഗുല്‍ പറഞ്ഞത് കൊണ്ടാണ് അപ്പൊ പെട്ടെന്ന് പോകേണ്ടി വന്നത്. സോറി . എന്നൊക്കെ പ്രേമി ആകെ വികാരാധീനന്‍ ആയി പറഞ്ഞു. അപ്പോഴതാ ഫോണില്‍ ഒരു മെസ്സേജ്. 'സോറി ബൈജു. ചുമ പിടിച്ചോ ? മരുന്ന് വേണോ ? " ചിന്നുവാണ്. ബൈജുവിന് അവളോട്‌ പാവം തോന്നി. പിണക്കം തീര്‍ന്ന സന്തോഷത്തില്‍ ബൈജു പ്രേമിയോടു പറഞ്ഞു.. സരമില്ലടെയ്.. നിന്റെ വിഷമം എനിക്ക് മനസ്സിലാവും. സാരമില്ല' എന്നൊക്കെ പറഞ്ഞിട്ട് അവന്‍ സീറ്റില്‍ പോയി ഇരുന്നു. അതിന്റെ പിറകെ അതാ വരുന്നു ചിന്നു .. അടുത്ത ക്യുബിക്കിളില്‍ ഇരിക്കുന്ന പ്രാച്ചിയെ കാണാന്‍ ഉള്ള പോക്കാണെന്നാണ് വയ്പ്. പക്ഷെ ഇത്തവണ പോകുന്ന വഴി ചിന്നു ഒരു പുഞ്ചിരി പാസ്സാക്കി.
ബൈജുവിന് അത് ഇഷ്ടപ്പെട്ടെങ്കിലും അവന്‍ അത് പുറത്തു കാണിച്ചില്ല.


    ആറു മണി ആയി . വര്‍ക്ക് എല്ലാം കഴിഞ്ഞു. ഇറങ്ങിയെക്കാം. വേറെ എല്ലാവനും കുത്തിയിരുന്ന് പണിയുന്നുണ്ട്. ചിന്നുവിനെ ഒന്ന് പാളി നോക്കി. അവള്‍ പ്രാച്ചിയുമായി എന്തോ കഥ പറഞ്ഞു നില്‍ക്കുന്നുണ്ട്. കാര്‍ത്തിക് റോഷന്റെ ഏതോ പുതിയ ഹിന്ദി പടം ഇറങ്ങിയിട്ടുണ്ടല്ലോ. അതില്‍ നായിക ഇട്ട ചുരിദാര്‍ എവിടെ കിട്ടുമെന്നുള്ള ചര്‍ച്ച ആയിരിക്കും. ഇവളുമാര്‍ക്ക് വേറൊന്നും  ഇല്ലല്ലോ സംസാരിക്കാന്‍. ബൈജു ഓര്‍ത്തു. അവന്‍ പതുക്കെ മെഷീന്‍ ഒക്കെ ഷട്ട് ഡൌണ്‍ ചെയ്തു.
സീറ്റില്‍ നിന്നും എണീറ്റ്‌ നിന്ന് കൈ ഒക്കെ പൊക്കി ഒന്ന് മൂരി നിവര്‍ത്തി. ചിന്നുവിനെ കാണിക്കാനാണ്. എന്നിട്ട് പതുക്കെ പുറത്തേക്കു നടന്നു. ലിഫ്റ്റില്‍ കയറി. ഗ്രൌണ്ട് ഫ്ലോര്‍ അമര്‍ത്തി. അപ്പൊ അതാ ഡോര്‍ തനിയെ തുറക്കുന്നു. പെട്ടെന്ന് പെയ്ത ഒരു മണ്‍സൂണ്‍ മഴ പോലെ ചിന്നു ഓടി വന്നു ലിഫ്റ്റില്‍ കയറി. അവളുടെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ട്. 'എന്തിനാ ഓടി ഇവിടെ കയറിയത് ? എന്നെ വീണ്ടും ചൊറിയാനല്ലേ ? ഇന്ന് നിന്റെ കൌ ഉം അവളുടെ ആരൊക്കെയോ ഒക്കെ ഇല്ലേ.. ? " അവന്‍ ആകാവുന്ന പോലെ ഒക്കെ മുഖം കറുപ്പിച്ചു ചോദിച്ചു. അവള്‍ പക്ഷെ തിരിച്ചൊന്നും പറഞ്ഞില്ല. മാത്രമല്ല ആ മുഖം ഒന്ന് കൂടി വിടര്‍ന്നു.. " ലിഫ്റ്റ്‌ നാലാമത്തെ ഫ്ലോറില്‍ എതിയാതെ ഉള്ളൂ. ജാംബവാന്റെ മുത്തച്ഛന്‍ ജീവിചിരുന്നപ്പോ വച്ച ലിഫ്റ്റ്‌ ആണ്. നാലാമത്തെ ഫ്ലോറില്‍ ലിഫ്റ്റ്‌ നിന്നു. പക്ഷെ ആരും കയറിയില്ല. ആരോ അത് വെയിറ്റ് ചെയ്തു നിന്നു ക്ഷമ നശിച്ചിട്ടു പടി ഇറങ്ങി പോയി എന്ന് തോന്നുന്നു. ഡോര്‍ തനിയെ അടഞ്ഞു. വീണ്ടും നീങ്ങി തുടങ്ങി. പെട്ടെന്നായിരുന്നു അത്. ചിന്നു ബിജുവിനെ കെട്ടിപ്പിടിച്ചു അവന്റെ രണ്ടു കവിളിലും പെട്ടെന്ന് ഓരോ ഉമ്മ അങ്ങ് ചാര്‍ത്തി. ലിഫ്റ്റ്‌ താഴെ എത്തിയതൊന്നും ബൈജു അറിഞ്ഞില്ല. ഡോര്‍ തുറന്നപ്പോ
ഒപ്പം വര്‍ക്ക് ചെയ്യുന്ന ഉമ മുകളിലേക്ക് പോകാന്‍ വേണ്ടി താഴെ നില്‍ക്കുന്നുണ്ടായിരുന്നു. ഉമ രണ്ടു പേരോടും ഹായ് പറഞ്ഞു. ചിന്നു തിരിച്ചും പറഞ്ഞെങ്കിലും ബൈജു വായും പൊളിച്ചു ഒന്നും മിണ്ടാതെ നില്‍ക്കുകയായിരുന്നു.

    കുറച്ചു നേരം അവന്‍ പുറത്തു തന്നെ കുറച്ചു നേരം നിന്നു. 'ഇതിനാ ഞാന്‍ ഓടി കയറിയത്... ഇനിയെങ്കിലും പിണക്കം മാറിയോ ?" ചിന്നുവിന്റെ മെസ്സേജ്. 'എല്ലാം മാറി മോളെ.. ഞാന്‍ ആണ് സോറി പറയേണ്ടത്.. ഐ ആം ദി സോറി ' എന്ന് പറഞ്ഞു ചിരിക്കുന്ന  ഒരു സ്മൈലി ഒക്കെ വച്ച് അവന്‍ ഒരു മെസ്സേജ് വിട്ടു. അന്ന് രാത്രിയിലെ അവരുടെ സംസാരം ആകെപ്പാടെ ഇമോഷണല്‍ ആയിരുന്നു. ചിന്നു ടെറസില്‍ കയറി നിന്നാണ് സംസാരം. ചിന്നുവിന്റെ  റൂം മേറ്റ്‌ അവളുടെ അമ്മായിയുടെ വീട്ടിലേക്കു പോയിരിക്കുകയാണ്. ബൈജു പതിവ് പോലെ റൂമിന്റെ മുന്‍വശത്ത് വെറുതെ ഇട്ടിരിക്കുന്ന ആ കല്ലില്‍ ഇരുന്നും. 'ഇന്ന് ആകെ സന്തോഷം ആണ് ബൈജു..എന്നെ ഒന്ന് പെട്ടെന്ന് കല്യാണം കഴിച്ചു കൊണ്ട് പോ. അപ്പൊ എന്നും എനിക്കിത് പോലെ ഹാപ്പി ആയി ഇരിക്കാമല്ലോ  ' അവള്‍ പറഞ്ഞു.. 'ചെയ്യാം മോളെ..' അവന്‍ അറിയാതെ പറഞ്ഞു പോയി. 'മോളോ.. അയ്യേ.. ' ചിന്നുവിനു ആകെ നാണം. 'സോറി .. അറിയാതെ വിളിച്ചു പോയതാ .. ശരിക്കും പറഞ്ഞാല്‍ നിന്നെ മോളെ എന്നല്ല വിളിക്കേണ്ടത്..' ബൈജു പറഞ്ഞു.. അത് കേട്ട് ചിന്നു പൊട്ടിച്ചിരിച്ചു. ' നീ പറഞ്ഞത് ശരിയാ. നമുക്ക് വീട്ടില്‍ പറയാം. ' അവന്‍ പറഞ്ഞു. 'ഞാന്‍ ചേച്ചിയോട് ഒരിക്കല്‍ സൂചിപ്പിച്ചിട്ടുണ്ട്. പക്ഷെ അന്ന്...' അവളുടെ ശബ്ദം മുറിഞ്ഞു... 'അതൊന്നും നീ ഓര്‍ക്കണ്ട. അടുത്ത തവണ വീട്ടില്‍ പോകുമ്പോ നമുക്ക് രണ്ടു പേര്‍ക്കും അവരവരുടെ വീട്ടില്‍ പറയാം. ഇതിങ്ങനെ നീട്ടികൊണ്ട് പോകുന്നത് റിസ്ക്‌ അല്ലേ " ബൈജു പറഞ്ഞു. " അത് ശരിയാ..പറയാം.. പക്ഷെ എന്റെ വീട്ടുകാരുടെ കാര്യമോര്‍ത്താ എനിക്ക് പേടി " അവള്‍ പറഞ്ഞു.. അത് പറയുമ്പോ അവളുടെ ശബ്ദം ഇടറിയിരുന്നു..'പക്ഷെ ഇങ്ങനെ നീട്ടികൊണ്ട് പോകുന്നതിലും അര്‍ത്ഥമില്ല ചിന്നൂ.. എന്നായാലും പറഞ്ഞല്ലേ പറ്റൂ.. അവര്‍ സമ്മതിച്ചു കഴിഞ്ഞാല്‍ പിന്നെ ഇന്ന് നീ ചെയ്ത പോലെ ഒളിച്ചു ഉമ്മ വയ്ക്കണ്ടല്ലോ ' അവന്‍ അവളെ സമാധാനിപ്പിക്കാന്‍ കൂടി കരുതി പറഞ്ഞു... അത് കേട്ടിട്ട് ചിന്നുവും അവനും എന്തിനോ വേണ്ടി വെറുതെ ചിരിച്ചു. അങ്ങനെ അവര്‍ രണ്ടും അത് തീരുമാനിച്ചു. . അടുത്ത വെള്ളിയാഴ്ച ആണ് വീട്ടില്‍ പോകുന്നത്... അന്ന് എല്ലാം പറയണം. ആ ദിവസം പെട്ടെന്ന് തന്നെ വന്നെത്തി... നേരിയ പരിഭ്രമത്തോടും എല്ലാം ഭംഗിയായി നടക്കണേ എന്ന പ്രാര്‍ത്ഥനയോടും കൂടി ആ പാവങ്ങള്‍ ബാംഗ്ലൂരില്‍ നിന്നു യാത്ര തിരിച്ചു...

18 comments:

 1. "അനുഭവം, ഓര്‍മ, കഥ, നര്‍മ്മം, പലവക, സാഹിത്യം" but certainly not an ഒരു വക.
  അടുത്ത ഡിജിറ്റല്‍ എപിസോടിന്‌ കാത്തിരിക്കുന്നു.
  "അവള്‍ മണ്‍സൂണ്‍ പോലെ ഓടിക്കയറി"എന്ന ആ പറച്ചില്‍ കോള്ളാട്ടൊ.
  കേരളത്തില്‌ മണ്‍സൂണ്‍ വന്നൂന്ന്.

  ReplyDelete
 2. താങ്ക് യു ... താങ്ക് യു... ഇത് എഴുതി ഒരു വക ആവുമെന്നാ ഞാന്‍ വിചാരിച്ചത്. എങ്ങനെയോ ഒപ്പിച്ചു. :)

  ReplyDelete
 3. തന്തോയം ഹൂയ് തന്തോയം
  നന്ദി ദുശ്ശൂ..ഒടുക്കം ഇതും നീ പോസ്റ്റിയല്ലോ..ബാക്കി..?

  ReplyDelete
 4. ശ്ശൊ ചോദിക്കാന്‍ മറന്നു.
  ഈ സംഗതിയുടെ പ്രസിദ്ധീകരണ അവകാശമൊക്കെ വിറ്റു കഴിഞ്ഞോ..?

  വേഗം എഴുതിത്തീര്‍ത്തിട്ടൊരു പുസ്തകമാക്കെന്നേ..

  ReplyDelete
 5. ഇല്ല . വേണോ ? ഒന്ന് വച്ചാല്‍ രണ്ടു കിട്ടുന്ന സാധനമാണ് ;)

  ReplyDelete
 6. വന്നു വന്നു ഇത് പൈങ്കിളി ആവുന്നുണ്ടോന്നൊരു സംശയം തുടര് മാഷെ പക്ഷെ ഇത്രേം ടൈം എടുക്കരുതേ

  ReplyDelete
 7. ലിഫ്ടും ഉണ്ട്, മണ്‍സൂനും ഉണ്ട്..ഉമ്മ മാത്രം ഇല്ല. ങാ...എന്നെലും കിട്ടുമായിര്‍ക്കും. ;)

  ReplyDelete
 8. നൂലന്‍ ചേട്ടാ.. ആരെയെങ്കിലും ശരിക്കും ഒന്ന് പ്രേമിച്ചു നോക്കൂ .. യഥാര്‍ത്ഥ പ്രേമത്തില്‍ ഉള്ളതിന്‍റെ നാലിലൊന്ന് പൈങ്കിളി ഇതില്‍ ഇല്ല :)

  ക്യാപ്ടന്‍ പെണ്ണ് കെട്ടിയതാണെന്നാണ് എന്‍റെ ഓര്‍മ . ഭാര്യ ഇത് വായിക്കുന്നുണ്ടോ ? കുടുംബം വെളുക്കുമോ ? :)

  ReplyDelete
 9. കുടുംബം വെളുത്താലും വേണ്ടില്ല..
  ലിഫ്ടില്‍ കേറുമ്പോഴെല്ലാം ഇന്നേലും മണ്‍സൂണ്‍ കാണേണേ കര്‍ത്താവേ എന്ന് പ്രാര്‍ത്ഥനയോടെ..
  ഈ ചെന്നൈയില്‍ ഇനി മണ്‍സൂണ്‍ എന്നു വരാന്‍...?

  ReplyDelete
 10. കൊല്ലാം കൊല്ലാം.....

  അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു...


  സാധാരണ ചെയ്യുന്ന പോലെ 2 3 മാസം കഴിഞ്ഞ് അടുത്ത ഭാഗം പോസ്റ്റാനാണ് പരിപാടിയെന്കില്‍ ദുശ്ശ്വാസനനാണെ ഇനി ഈ ഏരിയക്ക് വരൂല്ല കട്ടായം :P

  ReplyDelete
 11. ദുശു ഞാന്‍ പ്രണയിച്ചു തന്നെയാ കെട്ടിയത് അതും ൪ വര്‍ഷം... അപ്പൊ പൈങ്കിളിയായി ഒന്നും തോന്നിയില്ല. എന്താണോ എന്തോ ചിലപ്പോ സാഹചര്യം കൊണ്ടാവാം

  ReplyDelete
 12. എന്തായാലും ഞാന്‍ പെണ്ണ് കെട്ടിയിട്ടില്ല . ഒറ്റത്തടിയാണ്. എന്നെക്കൊണ്ടാവുന്ന പോലൊക്കെ പൈങ്കിളി ആക്കിയതാ.. :)
  പക്ഷെ ഇതൊക്കെ മുട്ടന്‍ പൈങ്കിളി ആണെന്നാണ്‌ തോന്നുന്നത്.

  ReplyDelete
 13. ദുശ്ശൂ..ഇന്നലെ ചെന്നൈയില്‍ മണ്‍സൂണ്‍ ഇല്ല എന്നെഴുതിയതു കോണ്ടാണെന്ന് തോന്നുന്നു, നല്ല കിടൂകിടുക്കന്‍ മഴയായിരുന്നു ഇന്നലെ രാത്രി..
  പക്ഷേ..ഇന്നും ലിഫ്ടില്‍ നിന്നൊന്നും കിട്ടീല്ല...

  ReplyDelete
 14. ഹ ഹ... ഒരു disclaimer കൂടി ഇടണം. ഈ പോസ്റ്റ്‌ വായിച്ചിട്ടുണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ഞാന്‍ ഉത്തരവാദി അല്ല എന്ന് .. ഹി ഹി

  ReplyDelete
 15. അവസാനം പോസ്റ്റിയല്ലോ.. ഡാങ്ക്സ്.. പിന്നെ ഈ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന പരിപാടി എവിടുന്നു പഠിച്ചു? മനോരമയില്‍ നിന്നാണോ??
  അടുത്ത ഭാഗത്തിനായി ഒടുക്കത്തെ ആക്രാന്തത്തോടെ കാത്തിരിക്കുന്നു.. :)

  ReplyDelete
 16. മനപൂര്‍വം മുള്‍മുനയില്‍ നിര്‍ത്തുന്നതല്ല ട്ടാ ..അടുത്ത ഭാഗം എഴുതാനുള്ള സംഗതികള്‍ കിട്ടാന്‍ വേണ്ടി സമയം എടുക്കുന്നതാ..കഥ എഴുതാന്‍ ഞാന്‍ അത്ര പോര ( ബാക്കിയുള്ളതും കണക്കാ ). അത് കൊണ്ട് കുറച്ചു സമയം കൂടുതല്‍ എടുക്കും :)

  ReplyDelete