പത്മരാജന്‍ രചിച്ചു സംവിധാനം ചെയ്ത ഒരു ചിത്രമാണ് അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍. വെറും നാല്പത്തി അഞ്ചാമത്തെ വയസ്സില്‍ ഒരുപാടു കഥകള്‍ പറഞ്ഞു തീര്‍ത്തും ഒരു പാട് കഥകള്‍ പറയാതെ ബാക്കി വച്ചും നമ്മളെ വിട്ടു പോയ ആ ഗന്ധര്‍വനെ എന്തുകൊണ്ടാണ് ഇന്നും അനുവാചകന്‍ ഓര്‍ക്കുന്നത് ? അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ തന്നെ ആ ചോദ്യത്തിനുള്ള മറുപടി. നാട്ടില്‍ പോയപ്പോ ഒരു കടയില്‍ നിന്നു അതിന്റെ ഒരു ഡി വി ഡി കിട്ടി. കുറച്ചു കാലമായി നോക്കി നടക്കുകയായിരുന്നു. ഈ ചിത്രം കണ്ടിട്ടില്ലാത്തവര്‍ക്കായി ഈ കഥ പങ്കു വയ്ക്കാം എന്നു കരുതി.
ഒരു വിഷു തലേന്ന് രാത്രി ഒരു ബാറില്‍ ഒരു മേശക്കു ചുറ്റും ഇരിക്കുന്ന നാല് സുഹൃത്തുക്കളില്‍ നിന്നാണ് ചിത്രം തുടങ്ങുന്നത്. സക്കറിയ ( മമ്മൂട്ടി ), ഗോപി ( നെടുമുടി വേണു ), ഹിലാല്‍
( അശോകന്‍ ), ജോസ് ( രാമചന്ദ്രന്‍ ). വിഷു തലേന്ന് പ്രമാണിച്ച് അവിടെ ഒരു കാബറെ നടക്കുന്നുണ്ട്. അവര്‍ തമ്മിലുള്ള നര്‍മ സംഭാഷണങ്ങളിലൂടെ എല്ലാവരും സ്ത്രീ വിഷയത്തില്‍ അല്‍പം താല്പര്യം ഉള്ളവരാണെന്ന് കാഴ്ചക്കാര്‍ക്ക് മനസ്സിലാവും. ജോസ് ഒരു വന്‍ പണക്കാരന്‍ ആണ്. വേണു ഒരു വക്കീലും ഹിലാല്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനും ആണ്. ഹിലാല്‍ ആണ് സംഘത്തിലെ ഏറ്റവും ജൂനിയര്‍. സക്കറിയക്കു പ്രത്യേകിച്ചു പണി ഒന്നുമില്ല. വെറുതെ വെള്ളമടി മാത്രം. പെണ്‍ വിഷയത്തില്‍ പുള്ളിക്കു താല്പര്യം ഇല്ല. കാബറെ കണ്ടിട്ട് എല്ലാവരും ആ നര്‍ത്തകിയുടെ സൌന്ദര്യത്തെ പറ്റി ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുകയാണ്. ഒപ്പം കുറേച്ചെ ചെലുതുന്നുമുണ്ട്. ജോസ് ഒരു ഐഡിയ പറയുന്നു. അയാള്‍ക്ക് പരിചയമുള്ള ഒരു മാളുവമ്മ
( സുകുമാരി ) ഉണ്ട്. സ്വന്തം വീട്ടില്‍ നല്ല കിളുന്നു പെണ്‍കുട്ടികളെ വച്ചു ബിസിനെസ്സ് ചെയ്യുന്ന ഒരു സ്ത്രീ. ജോസിനോടൊപ്പം പണ്ടെങ്ങോ സക്കറിയ അവിടെ പോയിട്ടുണ്ട്. ഇപ്പൊ തന്നെ തിരിച്ചാല്‍ നമുക്ക് മാളുവമ്മയുടെ വീട്ടില്‍ പോകാം എന്നും നാളെ ഒന്നാംതരം വിഷുക്കണി കാണാം എന്നും ജോസ് ഒരു ഓഫര്‍ വയ്ക്കുന്നു . അതോടെ എല്ലാവര്‍ക്കും താല്പര്യമായി. ചാടി എഴുനേറ്റു റെഡി ആയപ്പോ എല്ലാവരുടെയും മുന്നില്‍ ജോസ് ഒരു നിബന്ധന വച്ചു. മാളു അമ്മയുടെ അടുത്ത് പുതിയതായി ഒരു ഗൌരിക്കുട്ടി വന്നിട്ടുണ്ടത്രേ. അവള്‍ തനിക്കുള്ളതായിരിക്കും. അവിടെ ചെന്നിട്ടു പിന്നെ അതിന്റെ പേരില്‍ ഒരു അടി ഉണ്ടാവരുതെന്നും. എല്ലാവരും സമ്മതിച്ചു. അങ്ങനെ യാത്ര തുടങ്ങി.
അടുത്തതായി നമ്മള്‍ കാണുന്നത് ഒരു പുഴയോരത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന കാര്‍ ആണ്. രാത്രി ക്ഷീണം കാരണം ജോസ് അവിടെ നിര്‍ത്തിയിട്ടു ഉറങ്ങി. ബാക്കി എല്ലാവരും നല്ല ഫിറ്റ് ആയിരുന്നത് കാരണം അവരൊന്നും അത് അറിഞ്ഞത് കൂടി ഇല്ല. എല്ലാവരോടും പെട്ടെന്ന് കാറില്‍ കയറാന്‍ ജോസ് ആവശ്യപ്പെടുന്നു. അല്‍പം അഹന്തയോടെയുള്ള ജോസിന്റെ സംസാരം സക്കറിയയെ ചൊടിപ്പിക്കുന്നു. അയാള്‍ കാറില്‍ കയറാന്‍ കൂട്ടാക്കുന്നില്ല. ബാക്കിയുള്ളവരും സക്കറിയയെ അനുകൂലിക്കുന്നു. ജോസ് ദേഷ്യപ്പെട്ടു കാര്‍ വിട്ടു പോകുന്നു. എന്നാല്‍ ഇറങ്ങി തിരിച്ചിട്ടു വെറുതെയായല്ലോ എന്നു ഗോപി പരിതപിക്കുന്നു. വിഷമിക്കണ്ട എന്നും. നിങ്ങളെ ഞാന്‍ അവിടെ കൊണ്ട് പോകാം എന്നും സക്കറിയ ഉറപ്പു കൊടുക്കുന്നു.
ട്രെയിന്‍ പിടിച്ചു അവര്‍ അവിടെയെത്തിച്ചേര്‍ന്നു. ഒരുപാടു നടന്നിട്ട് വേണം മാളുവമ്മയുടെ വീട്ടിലെത്താന്‍. ഒരു കുന്നു കയറി ചെല്ലുമ്പോള്‍ അവര്‍ ഒരു ചെറിയ ചായക്കട കണ്ടു.
അവിടെ ഇരിക്കുന്നവര്‍ പുതിയ അതിഥികളെ നോക്കി അര്‍ത്ഥ ഗര്‍ഭമായി ചില നോട്ടവും കമന്റുകളും ഒക്കെ പാസ്സാക്കുന്നുണ്ട് . അത് കണ്ടു അവര്‍ക്ക് ഒരു പന്തികേട് തോന്നാതിരുന്നില്ല. ഒടുവില്‍ അവര്‍ ആ വീട്ടിലെത്തി. മാളു അമ്മ അവിടെ ഇല്ലെങ്കിലും വേറെ ചിലര്‍ ഉണ്ടായിരുന്നു. ഉമ്മറത്ത് എന്തോ എഴുതികൊണ്ടിരിക്കുന്ന ഒരാള്‍. ഊമയായ ഒരു പെണ്‍കുട്ടി. അതി സുന്ദരി ആയ വേറൊരു പെണ്ണ് .
കൂടാതെ ചില കുട്ടികളെയും അവര്‍ അവിടെ കണ്ടു. ഒരല്‍പം ദുരൂഹത തളം കെട്ടി നില്‍ക്കുന്ന അന്തരീക്ഷം. മാളു അമ്മ ഇപ്പൊ വരുമെന്നും അത് വരെ കാത്തിരിക്കൂ എന്നും ആ പെണ്‍കുട്ടി അവരോടു പറയുന്നു. പെട്ടെന്നാണ് ഒരാള്‍ അവിടേക്ക് ഓടി പാഞ്ഞു വന്നത്. എത്രയും പെട്ടെന്ന് രക്ഷപെട്ടോളാനും അല്ലെങ്കില്‍ ഇവിടെ ഇനിയും ചോര വീഴുമെന്നും അയാള്‍ അവരോടു പറയുന്നു.
മാളു അമ്മയുടെ മകന്‍ ഭാസി എന്നു പരിചയപ്പെടുത്തിയ ( ജഗതി അവതരിപ്പിക്കുന്നു ) അയാള്‍ അവിടെ നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങളെ പറ്റി ഒരു സൂചന നല്‍കുന്നു.അവിടെ ഇന്നലെ മുഴുവന്‍ വെട്ടും കുത്തും ആയിരുന്നുവെന്നും ഇനി അത് ആവര്‍ത്തിക്കാതിരിക്കാന്‍ രക്ഷപെടുക എന്നും അയാള്‍ പറഞ്ഞു. എന്നിട്ട് ഒരു നാട്ടിടവഴി കാണിച്ചു കൊടുക്കുന്നു. അത് വഴി മൂവരും രക്ഷപെടുന്നു. എന്നാല്‍ എന്തിനാണ് ഈ അക്രമം എന്നു അവര്‍ക്ക് പിടി കിട്ടുന്നില്ല. ആ വഴിയില്‍ കുറച്ചു കൂടി മുന്നോട്ടു പോയ അവരെ ചിലര്‍ ചേര്‍ന്നു തടയുന്നു. മുസ്ലിം വേഷ ധാരികള്‍ ആയ ചിലര്‍. അവരെ കണ്ടിട്ട് ഇനി ഇവിടെ വല്ല സമുദായ ലഹളയും ആണോ നടക്കുന്നതെന്ന് അവര്‍ സംശയിച്ചു. ആ അപരിചിതര്‍ ഇവരോട് ഒരുപാടു ചോദ്യങ്ങള്‍ ചോദിക്കുന്നു. എവിടേക്ക് വന്നതായാലും ജീവന്‍ വേണമെങ്കില്‍ മര്യാദക്ക് ആ കടയില്‍ കയറി ഇരിക്കാന്‍ അവര്‍ ആജ്ഞാപിക്കുന്നു. ഇപ്പോഴും അവര്‍ക്കോ അല്ലെങ്കില്‍ ഈ ചിത്രം കാണുന്നവര്‍ക്കോ എന്താണ് സംഭവിക്കുന്നതെന്ന് പിടി കിട്ടുന്നില്ല. മൂപ്പനോട് ചോദിച്ചിട്ട് ഇവരെ എന്ത് ചെയ്യണം എന്നു നോക്കാം എന്നു സംഘം തീരുമാനിക്കുന്നു.
പിന്നെ നമ്മള്‍ കാണുന്നത് മൂപ്പന്‍ ( കുഞ്ഞാണ്ടി ) എന്ന ആളിന്റെ വീടാണ്. ആ നാട്ടിലെ മാപ്പിളമാരുടെ നേതാവ് ആണ് മൂപ്പന്‍. ഗൌരിക്കുട്ടിയെ ചൊല്ലി ആണ് ഈ ലഹള എന്നു അപ്പോഴാണ് നമ്മള്‍ക്ക് പിടി കിട്ടുന്നത്. മാളു അമ്മയുടെ വീട്ടില്‍ വരുന്ന എല്ലാ പുതിയ പെണ്‍കുട്ടികളെയും ആദ്യം രുചി നോക്കുന്നത് മൂപ്പന്‍ ആണ് . എന്നാല്‍ ഗൌരിക്കുട്ടി ആരെയും തന്റെ ദേഹത്ത് തൊടാന്‍ അനുവദിക്കുന്നില്ല. അങ്ങനെ അവളെ മൂപ്പന്‍ അവിടെ പിടിച്ചു വച്ചിരിക്കുകയാണ് . മാളു അമ്മയുടെ ഭീഷണിക്കൊന്നും അവള്‍ വഴങ്ങുന്നില്ല. രണ്ടു ദിവസത്തേക്ക് ക്ഷമിക്കണം എന്നും അതിനുള്ളില്‍ താന്‍ അവളുടെ മനസ്സ് മാറ്റി കൊണ്ട് വരാം എന്നും മാളു അമ്മ മൂപ്പനെ ധരിപ്പിക്കുന്നു.
ആ ഉറപ്പിന്മേല്‍ മൂപ്പന്‍ മാളു അമ്മയെയും ഗൌരിയും വിടുന്നു. പോകുന്ന വഴി ആ പിടിച്ചു വച്ചിരിക്കുന്ന മൂന്നു പേരെയും കൊണ്ട് പൊയ്ക്കോളാനും പറയുന്നു. അങ്ങനെ പോകുന്ന വഴി മൂന്നാളെയും കൂട്ടി മാളു അമ്മ വീട്ടിലേക്കു പോകുന്നു. നേരത്തെ കണ്ട വീടായിട്ടല്ല അപ്പോള്‍ അവര്‍ക്ക് തോന്നിയത്.
എല്ലാവരും ആകെ റിലാക്സ്ഡ് ആയി. ഗോപി ആ ഊമ പെണ്‍കുട്ടിയെ ( സൂര്യ അവതിരിപ്പിക്കുന്നു )
കൂട്ടി ആഘോഷം തുടങ്ങുന്നു. സക്കറിയയും ഹിലാലും അതില്‍ നിന്നും വിട്ടു നിന്നു.
ഇതിനിടക്ക് ഹിലാല്‍ ഗൌരി കുട്ടിയെ കാണുന്നു. അവളെ കടന്നു പിടിക്കുന്ന ഹിലാലില്‍ നിന്നു കുതറി മാറിയ ഗൌരിക്ക് ഒരു കഥ പറയാനുണ്ടായിരുന്നു. അമ്മയും അച്ഛനും ഇല്ലാത്ത തന്നെ മാളു അമ്മ ചതിച്ചു ഇവിടെ കൊണ്ട് വന്ന കഥ. ഇനി മൂപ്പന്‍ ഒന്ന് കൂടി വന്നാല്‍ അയാളെ താന്‍ കൊല്ലും എന്നു അവള്‍ ഉറപ്പിച്ചു പറയുന്നു. മാപ്പിളമാര്‍ മാത്രമല്ല..നാട്ടിലെ നായന്മാരുടെ ഒരു സംഘവും തന്റെ പിന്നാലെ ഉണ്ട് എന്നവള്‍ പറയുമ്പോഴാണ് ഒരു ഗ്രാമം മുഴുവന്‍ ഒരു പെണ്ണിന്റെ പേരില്‍ നീറി പുകയുന്നത് അവര്‍ക്ക് മനസ്സിലാകുന്നത് . ഗൌരിയുടെ കഥ കേട്ടു ഹിലാലിന്റെ മനസ്സലിയുന്നു. അവളെ താന്‍ രക്ഷിക്കട്ടെ എന്നു അയാള്‍ ഗൌരിക്കുട്ടിയോടു ചോദിക്കുന്നു. താനും ഒരു മാപ്പിള ആണെന്നും പക്ഷെ നിന്നെ രക്ഷിക്കാന്‍ ഞാന്‍ ശ്രമിക്കാം എന്നും അയാള്‍ അവള്‍ക്ക് ഉറപ്പു കൊടുക്കുന്നു.
ഈ പ്രശ്നം ഹിലാല്‍ ബാക്കിയുള്ളവരോട് ചര്‍ച്ച ചെയ്യുന്നു. എന്നാല്‍ സക്കറിയയും ഗോപിയും അവളെ രക്ഷപ്പെടുത്താനുള്ള പദ്ധതിയോട് അനുകൂലിക്കുന്നില്ല. പക്ഷെ ഹിലാലിന്റെ മനസ്സ് മാറുന്നില്ല. അയാള്‍ ഗൌരിയും കൂട്ടി പുറകു വശത്തെ ഒരു വഴിയിലൂടെ രക്ഷപെടുന്നു. എന്നാല്‍ അവരുടെ ഓട്ടം പുഴയുടെ തീരത്ത് അവസാനിക്കുന്നു. അവിടെ അവരെയും കാത്തു മാപ്പിള സംഘത്തിന്റെ നേതാവും ഭാസിയും ഉണ്ടായിരുന്നു. അവര്‍ ബലമായി രണ്ടു പേരെയും തിരിച്ചു വീട്ടിലെത്തിക്കുന്നു. മാളു അമ്മ ഇതറിഞ്ഞു ക്രുദ്ധ ആവുന്നു. അതോടൊപ്പം തന്നെ നായന്മാരുടെ നേതാവ് അയച്ച ഗുണ്ട നേതാവ് മാളു അമ്മയുടെ വീട്ടിലെത്തി അവരെ ഭീഷണിപ്പെടുത്തുന്നു.
ആകെ സംഘര്‍ഷ പൂര്‍ണമായി അന്തരീക്ഷം. ഈ അവസരത്തില്‍ സക്കറിയ സ്വന്തം നിലപാട് മാറ്റുന്നു. അവളെ രക്ഷപെടുത്താന്‍ തന്റെ പിന്തുണ അയാള്‍ ഹിലാലിനെ അറിയിക്കുന്നു.
അവിടെ അപ്പോള്‍ പുതിയ ഒരു അതിഥി എത്തുന്നു. ജോസ്. ഇതൊന്നും അറിയാതെ എത്തുന്ന ജോസ് ഉറക്കെ മാളു അമ്മയെ വിളിക്കുന്നു. ഇത് കേട്ടു രണ്ടു സംഘവും ചാടി വീഴുന്നു.
വെട്ടും കുത്തും തുടങ്ങി. ഇതിനിടക്ക് ഹിലാല്‍ , സക്കറിയ , ഗോപി എന്നിവര്‍ ചേര്‍ന്നു ഗൌരിയും കൂടി രക്ഷപെടാന്‍ ശ്രമിക്കുന്നു. വെടി വയ്പ്പില്‍ സക്കറിയ കൊല്ലപ്പെടുന്നു. എന്നാല്‍ അത് മറ്റുള്ളവര്‍ അറിയുന്നില്ല. കുറേ ഓടിയ ശേഷം ഗോപി അത് തിരിച്ചറിയുന്നു. സക്കറിയയെ കാണാനില്ല എന്നു.
ഹിലാലിനോടും ഗൌരിക്കുട്ടിയോടും എത്രയും പെട്ടെന്ന് ഇവിടുന്നു രക്ഷപെട്ടോളാന്‍ പറഞ്ഞിട്ട് ഗോപി തിരിച്ചോടുന്നു. ആ കുന്നുംപുറത്ത് കൊച്ചു വെളുപ്പാന്‍ കാലത്ത് സക്കറിയയെ തിരഞ്ഞു നടക്കുന്ന ഗോപിയുടെ ദ്രിശ്യത്തില്‍ ഈ ചിത്രം അവസാനിക്കുന്നു.
ഉള്ള സത്യം പറയാമല്ലോ ഇതിന്റെ ക്ലൈമാക്സ് എനിക്ക് അത്രയ്ക്ക് ഇഷ്ടപെട്ടില്ല. ഒരു abrupt ending പോലെ തോന്നി. പ്രഗല്‍ഭ സംവിധായകനായ ഷാജി എന്‍ കരുണ്‍ ആണ് ഈ ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത് . മാളു അമ്മയെ തന്മയത്തോടെ അവതിരിപ്പിച്ച സുകുമാരിക്ക് അക്കൊല്ലം ഏറ്റവും നല്ല സഹ നടിക്കുള്ള സംസ്ഥാന / ക്രിടിക് അവാര്‍ഡുകള്‍ ലഭിച്ചിരുന്നു. പത്മരാജന്റെ പ്രതിഭയുടെ കയ്യൊപ്പ് പതിഞ്ഞ ഒട്ടേറെ രംഗങ്ങള്‍ ഇതിലുണ്ട്. പ്രത്യേകിച്ച് ആ മൂവര്‍ സംഘം എത്തുന്ന ഗ്രാമം. അവരോടൊപ്പം നമ്മള്‍ പ്രേക്ഷകരെയും അതേ ഉദ്വേഗതോട് കൂടി കൊണ്ട് പോകാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഒരു പെണ്‍കുട്ടിക്ക് വേണ്ടി അരപ്പട്ട കെട്ടി കാവല്‍ നില്‍ക്കുന്ന ഒരു ഗ്രാമം. അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ എന്ന പേര് തന്നെ എന്ത് കാവ്യാത്മകം ആണ് അല്ലേ ? അഭിനയിച്ചിരിക്കുന്ന എല്ലാവരുടെയും പ്രകടനം അതി ഗംഭീരം. പശ്ചാത്തലം സെക്സ് ആണെങ്കിലും ഒരു സീനില്‍ പോലും നഗ്നത പ്രദര്‍ശിപ്പിക്കാതെ കയ്യടക്കത്തോടെ ആണ് അദ്ദേഹം ഈ കഥ പറഞ്ഞിരിക്കുന്നത്. പത്മരാജന്റെ ഓരോ ചിത്രങ്ങള്‍ വീണ്ടും കാണുംതോറും അദ്ദേഹത്തിന്റെ പ്രതിഭയുടെ വലിപ്പം ദുശാസ്സനന്‍ തിരിച്ചറിയുന്നു. പത്മരാജന്റെ ഒരു personal favourite ആയിരുന്നു ഈ ചിത്രം. പണ്ടെങ്ങോ അദ്ദേഹം നല്‍കിയ ഒരു അഭിമുഖത്തില്‍ ഈ ചിത്രത്തെ അദ്ദേഹം തന്നെ വിശേഷിപ്പിച്ചിരിക്കുന്നത് നോക്കു. ആ സ്മരണക്കു മുന്നില്‍ ആദരാജ്ഞലികള്‍.
വാല്‍കഷണം :
എടുത്തു പറയേണ്ട വേറൊരു കാര്യം കൂടിയുണ്ട്. ഇപ്പൊ ജീവിച്ചിരുന്നെങ്കില്‍ പദ്മരാജന് ഇങ്ങനൊരു പടം എടുക്കാന്‍ കഴിയുമായിരുന്നോ എന്ന കാര്യം. സമുദായ സംഘടനകളും സദാചാര വാദികളും അദ്ദേഹത്തെ മുള്‍മുനയില്‍ നിര്‍ത്തിയേനെ.
ഒരു നല്ല ചിത്രം
മറുപടിഇല്ലാതാക്കൂകൊള്ളാം ..പഴയ സിനിമകള്‍ കാണണം ..മനോഹരമാണ് എല്ലാം .....
മറുപടിഇല്ലാതാക്കൂഞാൻ എപ്പഴോ ടിവിയിൽ കണ്ടിട്ടുണ്ട്. നല്ല സിനിമ.
മറുപടിഇല്ലാതാക്കൂശരിയാണ്, നല്ലൊരു ചിത്രമാണ് അത്. മമ്മൂട്ടി പോലും ഏറ്റവും ഇഷ്ടപ്പെട്ട (താനഭിനയിച്ച ചിത്രങ്ങളില്‍) ചിത്രങ്ങളിലൊന്നായി എടുത്തു പറഞ്ഞിട്ടുള്ള ഒന്നാണ് ആ ചിത്രം.
മറുപടിഇല്ലാതാക്കൂ