2010, ജൂലൈ 5, തിങ്കളാഴ്‌ച
ഒരു സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ജനിക്കുന്നു - ഭാഗം 19
കഴിഞ്ഞ ഭാഗം
നേരം പുലര്‍ന്നു. ( ഈ ഒരു വാചകം കോണ്ടാണ് ഇപ്പൊ ഇതിന്‍റെ എല്ലാ ഭാഗങ്ങളും തുടങ്ങുന്നതെന്ന് പ്രിയപ്പെട്ട വായനക്കാര്‍ പരിഭവപ്പെടരുത് . കാതല്‍ നേരങ്ങളില്‍ ഓരോ ദിനമും ഒരു കവിതൈ. ) ബൈജു ചാടിക്കൂട്ടി എണീറ്റു. ഇപ്പൊ ഓഫീസില്‍ പോകാന്‍ നല്ല ഉത്സാഹമാണ്. ജോലി ചെയ്യാനുള്ള ആഗ്രഹം കൊണ്ടല്ല എന്ന് മാത്രം. കുളിച്ചതിനു ശേഷം ബാഗില്‍ ഒളിച്ചു സൂക്ഷിച്ചിരുന്ന ക്രീം എല്ലാം എടുത്തു തേച്ചു. പുട്ടി ഇട്ടതു പോലുണ്ട്. ഒരു അരയിഞ്ചു കനം വരും. ഏറ്റവും നല്ല ഷര്‍ട്ട് എടുത്തിട്ടു. ഇത് പോര. കുറച്ചു പുതിയ ഡ്രസ്സ് എടുക്കണം. ചിന്നു വളരെ സിമ്പിള്‍ ആണ്. എന്നാലും ഒട്ടും കുറയ്ക്കണ്ട.
ബൈജു ATM ഇല്‍ പോയി ഉണ്ടായിരുന്ന അവസാനത്തെ ചില്ലറ വരെ വലിച്ചു. ATM ചോര തുപ്പി. ആകെ ആയിരത്തി അഞ്ഞൂറ് രൂപ ഉണ്ട്. ഇതുകൊണ്ട് എന്തൊക്കെ വാങ്ങും എന്‍റെ ഈശ്വരാ. നേരെ ബ്രിഗേഡ് റോഡിലേക്ക് വിടാം. അവിടെയെ ക്ലാസ്സ് സാധനം കിട്ടൂ. ഒരു ബി എം ടി സി ബസ്സില്‍ വലിഞ്ഞു കയറി ബൈജു നേരെ ബ്രിഗേഡ് റോഡിലേക്ക് വിട്ടു. നല്ല സമയം. വൈകുന്നേരം ആയതു കൊണ്ട് നിറയെ പെണ്‍ കുട്ടികള്‍ ( പണ്ടായിരുന്നേല്‍ ബൈജു റോഡ് നിറയെ പീസുകള്‍ എന്ന് പറഞ്ഞേനെ . അറിയാതെ ചിന്നുവിനോട് ഇങ്ങനെ വല്ലതും പറഞ്ഞു പോയാല്‍ കുളമാകും എന്ന് വിചാരിച്ചു ഇപ്പൊ അങനെ ഒന്നും ബൈജു പറയാറില്ല ). റോഡരികില്‍ നിറയെ കടകള്‍ ഉണ്ട്. എല്ലാത്തിന്റെയും മുന്നില്‍ കണ്ണാടി കൂടില്‍ വന്‍ പ്രതിമകള്‍ ഒക്കെ വച്ചിട്ടുണ്ട്. ആദ്യം കണ്ട കടയില്‍ തന്നെ കയറി. വെല്‍ക്കം സര്‍ എന്നൊക്കെ പറഞ്ഞിട്ട് ഒരു പെണ്ണ് വന്നു. തിരിച്ചൊരു താങ്ക് യു വച്ചു കൊടുത്തു. ഏറ്റവും നല്ല ഷേട്സ് ഒക്കെ പോരട്ടെ എന്ന് ബൈജു പറഞ്ഞു. അവള്‍ ഒരു ഷര്‍ട്ട് എടുത്തു കാണിച്ചു. കൊള്ളാം. ഇട്ടു നോക്കി. നല്ല ഫിറ്റ് എന്ന് അവള്‍ പറഞ്ഞു. ശരി. വില നോക്കി. ഹെന്റമ്മേ .. ബൈജുവിന്‍റെ കണ്ണ് രണ്ടും ബള്‍ബ് ആയി. 3500 രൂപ. പതുക്കെ അത് ഊരി അവിടെ വച്ചു. വേറെ എടുക്കട്ടെ എന്ന് ലവള്‍. ശരി എടുത്തോ എന്ന് ബൈജു പറഞ്ഞു. അവള്‍ അകത്തു പോയി കുറെ ഷര്‍ട്ട് ഒക്കെ ആയി വന്നു. ബൈജു എല്ലാത്തിന്റെയും വില ഒക്കെ ഒന്ന് നോക്കി. ഇത് ശരിയാവൂല. ഒടുക്കലത്തെ വില. പതുക്കെ അവിടുന്ന് ഇറങ്ങി. അടുത്ത കടയില്‍ കയറി. അവിടെ പിന്നെ കയറിയപ്പോ തന്നെ നല്ല സ്റ്റൈലില്‍ പറഞ്ഞു .. casual use നാണു . അത്രയ്ക്ക് വില കൂടിയതൊന്നും വേണ്ട എന്ന് പറഞ്ഞു.
കയ്യില്‍ കാശില്ലാത്തത് കൊണ്ടാണെന്ന് അവര്‍ അറിയണ്ട. പക്ഷെ അത് കേട്ട ഉടനെ അവരും അവരുടെ നിലപാട് വെളിപ്പെടുത്തി. അവന്‍മാരുടെ റേഞ്ച് തുടങ്ങുന്നത് തന്നെ മൂവായിരത്തില്‍ ആണെന്ന്. അത് നന്നായി. അധികം സമയം അവിടെ കളയേണ്ടി വന്നില്ല. ചുമ്മാതല്ല. ഈ കടകളില്‍ ഒക്കെ കണ്ണാടി കൂട്ടില്‍ നില്‍ക്കുന്നതൊക്കെ ഇവിടെ സാധനം വാങ്ങാന്‍ വന്നവരായിരിക്കും. പൈസ കൊടുക്കാനില്ലാത്തത് കൊണ്ട് പിടിച്ചു വച്ചിരിക്കുന്നതായിരിക്കും.
നേരം ഇരുട്ടാറായി. ഒരുവിധം ഉള്ള എല്ലാ കടകളും കൊള്ള സങ്കേതങ്ങള്‍ പോലെ തോന്നി ബൈജുവിന്. ഈശ്വരാ രക്ഷിക്കണേ. ഹോ. ഭഗവാന്‍ ബൈജുവിന്‍റെ പ്രാര്‍ത്ഥന കേട്ട് എന്ന് തോന്നുന്നു. അതാ മ്യെഗാ മാര്‍ട്ട് തൊട്ടു മുന്നില്‍. ബൈ വണ്‍ ഗെറ്റ് വണ്‍ ഫ്രീ എന്നൊക്കെ വന്‍ പരസ്യം. ആ പരസ്യവും ആ കടയും ദൈവം തനിക്കു വേണ്ടി തുറന്നത് പോലെ തോന്നി അവനു. അകത്തു കുതിരയെടുപ്പിനുള്ള ആളുണ്ട്. ബൈജു ഒരു വിധം അതിനകത്ത് കയറിപ്പറ്റി. അത് ശരി. അകത്തു കയറിയപ്പോ അല്ലെ സംഗതി പിടി കിട്ടിയത്. എല്ലാം സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍മാര്‍ .. അതും ഒന്നാംതരം മലയാളികള്‍.. ഹോ. ഇവന്‍മാരെ കൊണ്ട് തോറ്റു.. മനുഷ്യനെ ജീവിക്കാന്‍ സമ്മതിക്കില്ല. ഓഫര്‍ ഒക്കെ ഉണ്ടെങ്കിലും വില കണക്കാ. ആയിരത്തി അഞ്ഞൂറ് രൂപ ഒക്കെ ആണ് ഒരു ഷര്‍ട്ട് നു. എന്നാലും സാരമില്ല. രണ്ടെണ്ണം എടുക്കാമല്ലോ. ഒരു കാര്യം ചെയ്യാം. മഹേഷിനെ വിളിച്ചിട്ട് അവനും കൂടി ഒരു ഷര്‍ട്ട് എടുക്കാം. അപ്പൊ ഷെയര്‍ ചെയ്യാം. മഹേഷ് സമ്മതിച്ചു.
സൈസ് 40 നോക്കി ഒരെണ്ണം എടുതെക്കാന്‍ അവന്‍ പറഞ്ഞു. കേള്‍ക്കേണ്ട താമസം ബൈജു ഫോണ്‍ വച്ചു. എന്നിട്ട് നേരെ പോയി കൂറ കളറിലുള്ള ഒരു ഷര്‍ട്ട് മഹേഷിനു വേണ്ടി എടുത്തു.
അടിപൊളി ഒരെണ്ണം തനിക്കു വേണ്ടിയും. പുറത്തിറങ്ങി. ബ്രിഗേഡ് റോഡ് ഒഴുകുകയാണ്.
സുന്ദരികളും സുന്ദരന്‍മാരും കുട്ടികളും. വഴിയരികില്‍ ഒരു പൊടി കുട്ടിയും അവന്‍റെ ഒപ്പം ഒരു കൊച്ചു പെണ്‍ കുട്ടിയും ( അവന്‍റെ ഗേള്‍ ഫ്രണ്ട് ആണോ എന്തോ ) ഐസ് ക്രീം നുണഞ്ഞു കൊണ്ട് നില്‍ക്കുന്നു. നല്ല ഓമന കുട്ടികള്‍. ബൈജു സ്നേഹത്തോടെ പയ്യന്‍സിന്റെ തലയില്‍ ചെറുതായി ഒന്ന് തലോടി. 'ഹായ് .. ടുംകുടു' എന്ന് പറഞ്ഞു. 'നീ പോടാ ' പയ്യന്‍റെ മറുപടി പെട്ടെന്നായിരുന്നു. ഓഹോ. അത് ശരി. അപ്പൊ മലയാളി ആണല്ലേ. വൃത്തികെട്ടവന്‍. ഇവന്‍റെ അപ്പനും അമ്മയും ഒന്നും അടുതില്ലേ. രണ്ടു ചോദിക്കാമായിരുന്നു. ഇങ്ങനാണോ മക്കളെ പഠിപ്പിക്കുന്നതെന്ന്. അലവലാതി. എന്തായാലും സ്ഥലം വിട്ടേക്കാം. അടുത്ത ബസ് പിടിച്ചു. റൂമിലെത്തി. വലിയ സംഭവം പോലെ ആ ഷര്‍ട്ട് എടുത്തു മഹേഷിനെ കാണിച്ചു. ഭാഗ്യം അവന്‍ അച്ഛനെ വിളിച്ചില്ല. അല്ല. അവനെ പറഞ്ഞിട്ട് കാര്യമില്ല. ആരായാലും വിളിച്ചു പോകും. അത്രയ്ക്ക് മ്ലേച്ചമായ കളര്‍ ആണ്. എന്തായാലും സ്വന്തം ഷര്‍ട്ട് അനക്കണ്ട. അല്ലെങ്കില്‍ മഹേഷ് അത് പിടിച്ചു വാങ്ങിക്കും..
ഇതിനിടക്ക് ചിന്നു എന്തൊക്കെയോ മെസ്സേജ് അയച്ചിരുന്നു. എവിടെയാ , എന്ത് ചെയ്യുകയാ ഒന്നൊക്കെ ചോദിച്ചിട്ട്. മറുപടി ഇപ്പഴാ അയക്കുന്നത്. പ്രശ്നമാവുമോ എന്തോ. ഇന്നലത്തെ പോലെ ഇന്നും അവള്‍ വിളിച്ചാല്‍ മതിയായിരുന്നു. ഒരു ദിവസം സംസാരിച്ചതിന്റെ സുഖം ഇത് വരെ വിട്ടു മാറിയിട്ടില്ല. മെസ്സില്‍ പോയി ബീഫും പൊറോട്ടയും ഒക്കെ കടിച്ചു വലിക്കുമ്പോഴും ബൈജുവിന്‍റെ മനസ്സില്‍ ചിന്നുവിന്‍റെ ഫോണ്‍ വരുമോ എന്ന ചിന്ത ആയിരുന്നു. ഇന്നത്തെ വിശേഷങ്ങള്‍ ഒക്കെ പറയാമായിരുന്നു. തിരിച്ചു വീട്ടിലെത്തി. ഒരു ഗ്ലാസ് വെള്ളവും കുടിച്ചിട്ട് കിടന്നു. അതാ ഫോണ്‍ വൈബ്രേറ്റ് ചെയ്യുന്നു. ഇപ്പൊ ഫോണ്‍ വൈബ്രേറ്റ് ചെയ്യുമ്പോ ഒരു കാരണവുമില്ലാതെ ബൈജുവിന്‍റെ നെഞ്ചും ഒന്ന് വിറയ്ക്കും. എടുത്തു നോക്കി. ചിന്നുവാണ് . സന്തോഷമായി. പതുക്കെ പുറത്തേക്കിറങ്ങി. മഹേഷ് റൂമിലുണ്ട്. ബട്ട് അവനു സംഗതി പിടി കിട്ടിയെന്നു തോന്നുന്നുന്നു. ഒന്നും ചോദിച്ചില്ല. റൂമില്‍ ബാക്കിയുള്ള രണ്ടു താരങ്ങള്‍ ഏതോ ബാറില്‍ അടിച്ചു പൂക്കുറ്റി ആയി ഇരിപ്പാണ്. വരാന്‍ ലേറ്റ് ആവും എന്ന് തോന്നുന്നു.
'ബൈജു എന്താ ഇന്ന് നേരത്തെ പോയത് ? ' ഈശ്വരാ . തുടക്കം തന്നെ ഒരു ചോദ്യത്തിലാണല്ലോ.
'അല്ല ചിന്നു. ഞാന്‍ ഒരു ചെറിയ ഷോപ്പിങ്ങിനു പോയതാ.' ബൈജു പറഞ്ഞു. ' എന്നിട്ടെന്താ എന്നോട് പറയാതിരുന്നത് ? ഞാനവിടെ ഒക്കെ നോക്കിയല്ലോ ' ചിന്നുവിന്‍റെ മറുപടി. 'അതെന്തിനാ പറയുന്നേ ? ' ബൈജു ചോദിച്ചു. 'ഓഹോ. അത് ശരി ' ചിന്നുവിന്‍റെ ശബ്ദം കടുത്തു. ആ 'ഓഹോ' യുടെ ശബ്ദം കേട്ടപ്പോ സംഗതി പിശകാണെന്ന് ബൈജുവിന് മനസ്സിലായി. 'അല്ല ചിന്നു. ഞാന്‍ അപ്പൊ പറയാന്‍ വേണ്ടി സീറ്റില്‍ വന്നതാ. ബട്ട് അപ്പൊ നീ ചായ കുടിക്കാന്‍ പോയിരിക്കുകയായിരുന്നു. ലേറ്റ് ആവുമെന്ന് കരുതി ഞാന്‍ നേരത്തെ അങ്ങ് ഇറങ്ങി. ' ബൈജു എങ്ങനെയോ പറഞ്ഞൊപ്പിച്ചു. ഈശ്വരാ . എത്ര നമ്പര്‍ ഇറക്കിയാലാണ് ജീവിച്ചു പോകാന്‍ പറ്റുക. എന്തായാലും അത് ഏറ്റു. 'ഒഹ്. എന്നാല്‍ പിന്നെ അത് പറയണ്ടേ . ഞാന്‍ കരുതി വൈകിട്ട് ആയപ്പോ എന്നെ മറന്നു കാണും എന്ന് ' ചിന്നു ചെറിയ ചിരിയോടെ പറഞ്ഞു. അവള്‍ തമാശ ആയിട്ടാണ് പറഞ്ഞതെങ്കിലും ആ ടയലോഗ് ബൈജുവിന് ഇഷ്ടപ്പെട്ടു. 'എന്നിട്ട് എന്തൊക്കെയാ വാങ്ങിയത് ? ' അവള്‍. ബൈജു അങ്ങനെ പോയ കഥ ഒക്കെ വിവരിച്ചു.
പൈസ തികയാത്തത് കാരണം മഹേഷിനു കൂടി ഷര്‍ട്ട് വാങ്ങിച്ചു അഡ്ജസ്റ്റ് ചെയ്തത് പറഞ്ഞില്ല. വെറുതെ ഇമേജ് പോവണ്ട. 'നാളെ അത് ഇട്ടുകൊണ്ട് വരണം. എന്നിട്ട് ആദ്യം എന്നെ കാണിക്കണം കേട്ടോ. എങ്ങനുന്ടെന്നു നോക്കട്ടെ..' അവള്‍ പറഞ്ഞു. 'ശരി ചിന്നൂ.രാവിലെ ആദ്യം അങ്ങോട്ട് തന്നെ വരാം.' ബൈജു പറഞ്ഞു. 'അതൊക്കെ പോട്ടെ. എനിക്കെന്താ വാങ്ങിച്ചതെന്നു പറ .. അതോ അത് സസ്പെന്‍സ് ആക്കി വച്ചിരിക്കുകയാണോ ? ' അവള്‍ ചോദിക്കുന്നു. ഈശ്വരാ. കുടുങ്ങി. 'അത് പിന്നെ ചിന്നു... ഞാന്‍ ഇപ്പൊ ഒന്നും വാങ്ങിയിട്ടില്ല.. ' ബൈജു നിര്‍ത്തി നിര്‍ത്തി പറഞ്ഞു. അവള്‍ ഒന്നും പറഞ്ഞില്ല. ഇത്തവണ രക്ഷ പെട്ടു. ഇനി സംസാരിക്കുമ്പോ വളരെയധികം സൂക്ഷിക്കേണ്ടിയിരിക്കുന്നു. ബൈജു മനസ്സില്‍ ഓര്‍ത്തു. പതുക്കെ വിഷയം മാറ്റാം. 'അതേയ്. റെക്സില്‍ രാവണ്‍ ഓടുന്നുണ്ട്. നല്ല തിരക്കാ. ചിന്നുവിന് അഭിഷേകിനെ ഇഷ്ടമാണോ ? ' അവന്‍ ചോദിച്ചു. 'ങ്ങാ.. തരക്കേടില്ല. ഹൃതിക് ആണ് കുറച്ചു കൂടി നല്ലത്. ഇപ്പൊ പിന്നെ രണ്ബീര്‍ കൊള്ളാം. എനിക്ക് നല്ല ഇഷ്ടമാ .' ചിന്നു പറഞ്ഞു. അല്ലെങ്കിലും ഈ പെണ്ണുങ്ങള്‍ക്കൊക്കെ ഇവന്‍മാരെ ഒക്കെ മതി. തൊലി വെളുപ്പുണ്ടല്ലോ. അഭിനയിക്കാന്‍ അറിയാവുന്നവനെ ആര്‍ക്കും വേണ്ട. 'ഐശ്വര്യാ റായി നല്ല കിടു ആണല്ലേ. എന്താ അവളുടെ ഒരു ഭംഗി ..' ബൈജു പറഞ്ഞു. 'എനിക്കവളെ അത്ര ഇഷ്ടമല്ല. ഈ പറയുന്ന പോലെ ഒക്കെ എന്താ ഇത്ര പ്രത്യേകത അവള്‍ക്ക് .' ചിന്നു പിന്നെയും വേറെന്തൊക്കെയോ ഒക്കെ പറഞ്ഞു. കേട്ടാല്‍ തോന്നും ഐശ്വര്യാ അവളെ പിടിച്ചു കടിച്ചു എന്ന്. ബൈജു പക്ഷെ ഈ മറുപടി പ്രതീക്ഷിച്ചിരുന്നു. അറിയാവുന്ന ഒരൊറ്റ പെണ്ണ് പോലും ഇത് വരെ അവളെ പറ്റി നല്ലത് പറഞ്ഞു കേട്ടിട്ടില്ല. എന്തായാലും ഐശ്വര്യയെ പറ്റിയുള്ള സംസാരം അതോടെ നിര്‍ത്തി. 'ചിന്നുന് മലയാളത്തില്‍ ആരെയാ ഇഷ്ടം ? മോഹന്‍ ലാലിനെ അറിയാമോ ? ' അവന്‍ ചോദിച്ചു. കാര്യമുണ്ട്. അവള്‍ ജനിച്ചതും വളര്‍ന്നതും ഒക്കെ അഹമ്മദാബാദിലാണ്.'അതെന്തു ചോദ്യമാ ബിജൂ. മോഹന്‍ ലാലിനെ ആര്‍ക്കാ അറിയാത്തത് ? ' അവള്‍ പറഞ്ഞു. ഹോ. ഭാഗ്യം. ഞാന്‍ വിചാരിച്ചാ പോലെ അത്രയ്ക്ക് ഹൈ ഫൈ ഒന്നുമല്ല ഇവള്‍. ലാലേട്ടനെ ഒക്കെ അറിയാമല്ലോ. 'മോഹന്‍ ലാലിന്‍റെ മൂവീസ് ഒക്കെ എനിക്ക് നല്ല ഇഷ്ടമാണ്. അവിടെ ഡി വി ഡി ഒന്നും അങ്ങനെ കിട്ടില്ല. പഴയ ഒരു പടം പണ്ട് സ്കൂളില്‍ പഠിക്കുന്ന സമയത്ത് കണ്ടിട്ടുണ്ട്. മോഹന്‍ ലാല്‍ ഒരു കടുവയെ പിടിക്കാന്‍ വരുന്നത് . ഒരു സ്ഥലത്ത് കടുവ ഇറങ്ങി ആള്‍ക്കാരെ ഒക്കെ കൊല്ലും. അതിനെ കൊല്ലാന്‍ വേണ്ടി നാട്ടുകാര്‍ ചേര്‍ന്ന് മോഹന്‍ ലാലിനെ കൊണ്ട് വരും.. അതിന്‍റെ പേര് ഓര്‍മയില്ല. ബൈജുനു അറിയാമോ ? ' ചിന്നു ചോദിക്കുകയാണ്. 'ബെസ്റ്റ്. ഇതാണോ നീ ലാലേട്ടനെ അറിയാം. ഇഷ്ടമാണ് എന്നൊക്കെ അടിച്ചു വിട്ടത്. കഴുതേ.. അത് മമ്മൂട്ടിയാണ്. മൃഗയ എന്നാ പടത്തിന്റെ പേര്. ഡീ മോഹന്‍ ലാല്‍ എന്ന് വച്ചാല്‍ ഈ മലബാര്‍ ജൂവലറിയുടെ പരസ്യത്തില്‍ ഇവിടെ ടി വിയില്‍ കാണിക്കാറില്ലേ ആ ചേട്ടനാ .. ഹേമ മാലിനിയുടെ ഒപ്പം വരുന്ന ആ അങ്കിള്‍ ..' ബൈജു വിശദീകരിച്ചു. 'എന്താ ബൈജു ഇങ്ങനെ കളിയാക്കണേ ? എനിക്ക് അറിയാഞ്ഞിട്ടല്ലേ ..' ചിന്നു വിഷമത്തോടെ പറഞ്ഞു. സംഗതി തമാശ പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നിട്ടും ബൈജുവിന് ചെറിയ വിഷമം തോന്നി . 'വെറുതെ പറഞ്ഞതല്ലേ എന്‍റെ ചിന്നൂട്ടി ..' അവന്‍ അറിയാതെ പറഞ്ഞു പോയി. 'അയ്യേ. ചിന്നൂട്ടിയോ ? അതെന്താ ?' അവള്‍ നാണിച്ചു കൊണ്ട് പറഞ്ഞു.. 'സ്നേഹം കൊണ്ട് പറഞ്ഞതല്ലേ ചിന്നു. ഇഷ്ടപെട്ടില്ലെങ്കില്‍ ഞാന്‍ വിളിക്കുന്നില്ല. ' ബൈജു താഴ്ന്ന ശബ്ദത്തില്‍ പറഞ്ഞു. 'ഹേയ്. ബൈജു അപ്പോഴേക്കും പിണങ്ങിയോ .. ഞാന്‍ വെറുതെ പറഞ്ഞതല്ലേ ..എനിക്കത് എത്ര ഇഷ്ടമായി എന്നോ .. ഞാന്‍ ഇവിടെ goose bumps ഒക്കെ ആയി ഇരിക്കുകയാ. അറിയാമോ ? ' പാവം ചിന്നു.. ബൈജുവിന് ആകെ സന്തോഷമായി എങ്കിലും ഈ goose bumps എന്ന് വച്ചാല്‍ എന്ത് കുന്തമാണെന്ന് മനസ്സിലായില്ല. എന്തായാലും അതിന്‍റെ അര്‍ഥം ചോദിച്ചു കുളമാക്കണ്ട. വീട്ടില്‍ ചെന്നിട്ടു വിക്കിപീടിക തുറന്നു നോക്കാം. 'അയ്യോ ബൈജു.. കൌ ... ബൈ ' എന്ന് പറഞ്ഞിട്ട് ചിന്നു ടപേ എന്ന് പറഞ്ഞു ഫോണ്‍ വച്ചു. കുന്തം. അവള്‍ക്ക് വരാന്‍ കണ്ട സമയം. കൌ എന്ന് പറയുന്നത് ചിന്നുവിന്‍റെ റൂം മേറ്റ് ആണ്.
ഒരു ആന്ധ്രാക്കാരി. കൌസ്തുഭ എന്നാ പേര്. ഓമന പേരാണ് കൌ. കൌ വുഡ്ബീയുമായി സംസാരിച്ചു കൊണ്ടിരിക്കുകയായിരിക്കും. ഇത്ര പെട്ടെന്ന് അവള്‍ തിരിച്ചു വരണ്ടായിരുന്നു. അതാ ഫോണ്‍ വീണ്ടും അടിക്കുന്നു. ചിന്നുവാണ്. 'അത് കൌ അല്ലാരുന്നു. എനിക്ക് തോന്നിയതാ. എന്തായാലും ലേറ്റ് ആയി. അവള്‍ ഇപ്പൊ വന്നേക്കും. ഞാന്‍ വയ്ക്കുകയാ.. നാളെ കാണാം. ഇഷ്ടമല്ലായിരുന്നിട്ടും ബൈജു മനസ്സില്ലാ മനസ്സോടെ ഫോണ്‍ വച്ചു.
നേരം പാതി രാത്രി ആയി. കറന്റ് ഇല്ല എന്ന് തോന്നുന്നു. സ്ട്രീറ്റ് ലൈറ്റ് ഒന്നും കത്തുന്നില്ല. വേറെ ഒന്ന് രണ്ടു പേര്‍ ഇത് പോലെ ഫോണുമായി അവിടെ ഒക്കെ അലഞ്ഞു തിരിഞ്ഞു നടപ്പുണ്ട്. വീട്ടിലേക്കു വിട്ടേക്കാം. ഇരുട്ടത്ത് ഇവന്മാരുമായി കൂട്ടി ഇടിക്കണ്ട. അതാ നല്ലത്. ചെന്ന പാടെ ലാപ്ടോപ് തുറന്നു വച്ചു. കറന്റ് വന്നു . ഭാഗ്യം. നെറ്റ് എടുത്തു അതിന്‍റെ അര്‍ഥം നോക്കി. ഓഹോ.. രോമാഞ്ചം ആയിരുന്നോ.. പുല്ല്. ഇത് അപ്പ അറിയാമായിരുന്നെങ്കില്‍ കുറച്ചു കൂടി വിശദീകരിക്കമായിരുന്നു. സ്കൂളില്‍ പഠിക്കുമ്പോ ഇംഗ്ലീഷ് ക്ലാസ്സ് ബങ്ക് ചെയ്തതിനു ജീവിതത്തില്‍ ആദ്യമായി ബൈജുവിന് കുണ്ടിതവും ഗദ്ഗധവും കുന്തവും കുടച്ചക്രവും ഒക്കെ തോന്നി. ഇന്ന് കാമത്തില്‍ നിന്നു മസാല ദോശ അടിച്ച വിവരം പറഞ്ഞപ്പോ ചിന്നു പറഞ്ഞു ഒരു ദിവസം നമുക്ക് പോകാം എന്ന്. ഇപ്പൊ നമ്മള്‍ , നമുക്ക് എന്നൊക്കെ ആണ് ഇപ്പോഴും പറയുന്നത്. എപ്പോഴാണാവോ അത് അങ്ങനെ ഒക്കെ മാറിയത് . പണ്ടാരാണ്ടോ പറഞ്ഞിട്ടുണ്ട്... Love is in the air when 'I' and 'You' goes and 'We' comes in.. എന്ന്. എത്ര സത്യം. ഇവനെ ഒക്കെ നമിക്കണം അണ്ണാ. ആറ്റം ബോംബ് കണ്ടു പിടിക്കാന്‍ ആര്‍ക്കും പറ്റും. പക്ഷെ ഇങ്ങനുള്ള കാര്യങ്ങള്‍ ഒക്കെ കണ്ടു പിടിക്കുന്നവനാണ് യഥാര്‍ത്ഥ ജീനിയസ്. കിടന്നേക്കാം. ഒരു ഗ്ലാസ് വെള്ളം എടുത്തു കുടിച്ചിട്ട് ഉറങ്ങാന്‍ കിടന്നു.
രാവിലെ തന്നെ എഴുനേറ്റു കുളിച്ചു . പുതിയ ഷര്‍ട്ട് ഇട്ടു റെഡി ആയി. നേരത്തെ പോയി ചിന്നുവിനെ കാണിക്കാം. ഓഫീസില്‍ എത്തി. ചിന്നു അവിടുണ്ട്. നേരെ അവളുടെ അടുത്തേക്ക് പോയി. 'എങ്ങനുണ്ട് ചിന്നു ? ' അവന്‍ ചോദിച്ചു. അവള്‍ ബൈജുവിനെ അടിമുടി ഒന്ന് നോക്കി. 'കൊള്ളാം ട്ടോ. ബൈജുവിന്‍റെ സെലെക്ഷന്‍ മോശമല്ല. ' അവള്‍ പറഞ്ഞു. 'അതെങ്ങനെ മോശമാവും ? നിന്നെ ഞാന്‍ സെലക്ട് ചെയ്തത് കണ്ടില്ലേ ? ' അവന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു..'ഗുഡ് മോര്‍ണിംഗ് ഗയ്സ് ..' അവര്‍ രണ്ടും തിരിഞ്ഞു നോക്കി. പ്രേമി ആണ്. ഇവനെന്ത് പറ്റി രാവിലെ തന്നെ ഓഫീസില്‍ വന്നിരിക്കുന്നു.. തിരിച്ചു ഗുഡ് മോര്‍ണിംഗ് പറഞ്ഞതിന് ശേഷം ബൈജു അവനോടു ചോദിച്ചു എന്താ നേരത്തെ വന്നതെന്ന്.. കുറച്ചു പണി ഉണ്ടെന്നു. ഇന്ന് ഈവെനിംഗ് ആവുന്നതിനു മുമ്പ് തീര്‍ക്കണം എന്നാ മാനേജര്‍ പറഞ്ഞിരിക്കുന്നതെന്നും ഒക്കെ പ്രേമി പറഞ്ഞു. 'പിന്നേയ്.. ബഗ് ഉണ്ടാക്കാനല്ലേ.. അതിനു ഇത്ര നേരത്തെ വരേണ്ട ആവശ്യമുണ്ടായിരുന്നോ എന്‍റെ പ്രേമീ .. വെറുതെ സ്ഥലം മിനക്കെടുതത്തെ സ്വര്‍ഗത്തിലെ
കട്ടുറുംപാവാതെ ഒന്ന് പോടെയ്' എന്ന് ബൈജു മനസ്സില്‍ പറഞ്ഞു. അപ്പോഴാണ് പ്രേമി ബൈജുവിന്‍റെ പുതിയ ഷര്‍ട്ട് ശ്രദ്ധിച്ചത് ..'അരേ.. നയാ ഷര്‍ട്ട് ഹെ ക്യാ ? കിത്നാ ഗന്ധ കളര്‍ ഹെ യാര്‍ ? ' ആ വൃത്തികെട്ടവന്‍ പറയുകയാണ്. അലമ്പ് കളര്‍ ആണ് പോലും. ബൈജു ഒന്നും മിണ്ടാതെ സീറ്റില്‍ പോയി ഒറ്റ ഇരുപ്പിരുന്നു. അത് കണ്ടു ചിന്നുവിനും വിഷമമായി. അവള്‍ ഒരു പേപ്പര്‍ എടുത്തിട്ടു ബൈജുവിന്‍റെ സീറ്റിലേക്ക് ചെന്നു. 'ഹേയ് ബൈജു. ആ ബാജി പറഞ്ഞത് കേട്ടിട്ട് വിഷമമായോ ? ഷര്‍ട്ട് ശരിക്കും നന്നായിട്ടുണ്ട്. ഞാനല്ലേ പറയുന്നേ.. അവന്‍ പറയുന്നത് കേള്‍ക്കണ്ട ' എന്ന് ശബ്ദം താഴ്ത്തി പറഞ്ഞു. ആരെങ്കിലും കണ്ടാല്‍ അവര്‍ എന്തോ പ്രോബ്ലം ഡിസ്കസ് ചെയ്യുകയാണ് എന്നേ തോന്നു. പ്രേമി പറഞ്ഞത് കേട്ടിട്ട് ചെറിയ വിഷമം ആയെങ്കിലും ഇപ്പൊ അത് മാറി. 'ഹേയ് ഇല്ല ചിന്നു. ഇപ്പൊ എനിക്ക് സന്തോഷമായി. ചിന്നുവിന് ഇഷ്ടപെട്ടല്ലോ .. അത് മതി ' അവന്‍ പറഞ്ഞു. ചിന്നു തിരികെ സീറ്റിലേക്ക് പോയി.
നേരം കടന്നു പോയി. ഇപ്പൊ എണീറ്റു കഴിഞ്ഞാല്‍ നേരം ഇരുട്ടാനുള്ള കാത്തിരിപ്പാണ്. രണ്ടു ദിവസമായി തുടരുന്ന സംസാരം ഒക്കെ ബൈജുവിനെ വേറൊരു ലോകത്തെതിച്ചു കഴിഞ്ഞിരുന്നു. പണ്ടൊക്കെ ബൈജു അല്പം സമയം കിട്ടിയാല്‍ അടുത്തിരിക്കുന്ന പ്രേമിയെയും കവിതയും ഒക്കെ പോയി ചൊറിഞ്ഞു കൊണ്ടിരിക്കുമായിരുന്നു. ഇപ്പൊ ബൈജു ആകെ സൈലന്റ് ആയി. എന്നാല്‍ മുഖത്തൊരു പ്രകാശം കാണാനുണ്ട് താനും. ഇടയ്ക്കു പ്രേമി വന്നു സ്നേഹത്തോടെ എന്താ ബൈജു ജി..എന്തെങ്കിലും പ്രോബ്ലം ഉണ്ടോ എന്നൊക്കെ ചോദിച്ചെങ്കിലും എന്തോ അവതാ പറഞ്ഞു അവനെ ഓടിച്ചു വിട്ടു ബൈജു.. മൂന്നു മണി ആയി. ചായ കുടിച്ചിട്ട് അവന്‍ സീറ്റില്‍ വന്നിരുന്നു. പണി കുറച്ചു കൂടി ഉണ്ട് തീര്‍ക്കാന്‍. അതാ ചിന്നു വീണ്ടും ഒരു പേപ്പര്‍ ഉം ആയി വരുന്നു. എന്നാല്‍ രാവിലെ കണ്ട മുഖമല്ല. ആകെ വീര്‍ത്തിരിക്കുന്നു. അടുത്ത് വന്നിട്ട് അവള്‍ 'ബൈജു ' എന്ന് വിളിച്ചു. ബൈജു തലയുയര്‍ത്തി നോക്കി. അവളുടെ ശബ്ദം ഇടറിയിട്ടുണ്ട്. എന്തോ കുഴപ്പമുണ്ട്. ഈശ്വരാ. 'എന്താ ചിന്നു ? ' അവന്റെയും ശബ്ദം ഇടറി. പെട്ടെന്ന് അവളുടെ കണ്ണില്‍ നിന്നു ഒരു തുള്ളി കണ്ണ് നീര്‍ അവന്‍റെ കയ്യിലേക്ക് അടര്‍ന്നു വീണു..
അടുത്ത ഭാഗം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
kollam dussu...atm chora thuppiya prayogam kalakki..adutha bhagam vegam poratte...
മറുപടിഇല്ലാതാക്കൂ"ഞാന്‍ വിചാരിച്ചാ പോലെ അത്രയ്ക്ക് ഹൈ ഫൈ ഒന്നുമല്ല ഇവള്‍. ലാലേട്ടനെ ഒക്കെ അറിയാമല്ലോ. ", " ഹേമ മാലിനിയുടെ ഒപ്പം വരുന്ന ആ അങ്കിള്‍ .."
മറുപടിഇല്ലാതാക്കൂഅതെനിക്കിഷ്ടമായില്ല... ലാലേട്ടനെ തൊട്ടുകളിച്ചാല്‍...അണ്ണാ...നാളെ വഴി നടക്കേണ്ടതാ...
കലക്കി അണ്ണാ പക്ഷേ ഓരോ ഭാഗത്തിനും ശേഷമുള്ള ഈ കാത്തിരിപ്പാണ് സഹിക്കാന്‍ പറ്റാത്തത്..........
മറുപടിഇല്ലാതാക്കൂഅല്ല നിങ്ങളെന്താ സാഗര്‍ കോട്ടപ്പുറത്തിന് പഠിക്കുന്നോ??...... വേഗം പറ ബാക്കി.....
മറുപടിഇല്ലാതാക്കൂദുശൂ...18 എവിടെ ?
മറുപടിഇല്ലാതാക്കൂഓ...ഒകെ....ഇടയ്ക്ക് ഒരു disconnect വന്നു പോയി.
മറുപടിഇല്ലാതാക്കൂ18 കിട്ടി, നേരത്തെ വായ്ച്ചതാ.
annaa ithinte baakki eviTe ????
മറുപടിഇല്ലാതാക്കൂ