2010, ജൂൺ 29, ചൊവ്വാഴ്ച

അങ്ങാടി തെരു - ഒരു അനുഭവം

     


     ഈ ചിത്രത്തിന് വളരെ വൈകി വരുന്ന ഒരു റിവ്യൂ. പക്ഷെ ഇത് കണ്ടപ്പോള്‍ എന്തെങ്കിലും എഴുതണം എന്ന് തോന്നുന്നു. തമിഴില്‍ ഇങ്ങനത്തെ ചിത്രങ്ങളും ഇറങ്ങുന്നുണ്ട് എന്ന് മലയാളത്തിലെ പുലികള്‍ എന്നവകാശപ്പെടുന്ന വിഡ്ഢികളായ സംവിധായകര്‍ കാണേണ്ടതാണ്. ജീവിതത്തിന്‍റെ മഞ്ഞ വെയില്‍ മാത്രം പതിഞ്ഞിട്ടുള്ള ഫ്രെയ്മുകള്‍ കൊണ്ട് സമ്പന്നമാണ് ഈ ചിത്രം. നമ്മുടെ വിനോദ സിനിമകളില്‍ കാണുന്ന വര്‍ണ ശബളമായ ദൃശ്യങ്ങള്‍ ഇതിലില്ല. കോഫി ഷോപ്പുകളിലും പബ്ബുകളിലും നുരഞ്ഞു പൊന്തുന്ന ജീവിതം ഇതിലില്ല. ഒരു ചോക്കലേറ്റ്, മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ്‌ മുതലായവ നിങ്ങള്‍ക്ക് ഇതില്‍ കാണാന്‍ കിട്ടില്ല. അഴകും സ്വര്‍ണ നിറവും ഉള്ള നായകന്മാരോ നായികമാരോ ഇതിലില്ല. പകരം സാധാരണക്കാരന്‍റെ ജീവിതം നരച്ചു പോയ നിറങ്ങളില്‍ നിങ്ങള്‍ക്ക് ഇതില്‍ കാണാം. ചിലപ്പോഴൊക്കെ അതില്‍ നിറം കലരുകയും ചിലപ്പോഴൊക്കെ മരച്ചു പോകുകയും ചില മുഹൂര്‍ത്തങ്ങളില്‍ എങ്കിലും നിങ്ങള്‍ ഇത് വരെ കണ്ടിട്ടില്ലാത്ത നിറങ്ങള്‍ കലര്‍ന്ന് മനോഹരമാകുന്നതും കാണാം. 


     മധുരയിലെ തിരക്ക് പിടിച്ച ഒരു തെരുവില്‍ ബസ്‌ കാത്തു നില്‍ക്കുന്ന ജ്യോതി ലിംഗത്തില്‍ നിന്നും അഞ്ജലിയില്‍ നിന്നുമാണ് കഥ തുടങ്ങുന്നത്. അഴുക്കു പിടിച്ച വേഷങ്ങളും കയ്യില്‍ കായ സഞ്ചിയില്‍ എന്തൊക്കെയോ സാധനങ്ങളും അവരുടെ കയ്യിലുണ്ട്. ക്ഷീണിച്ചതു പോലെ തോന്നുമെങ്കിലും രണ്ടു പേരുടെയും മുഖത്ത് സന്തോഷം നിറഞ്ഞിരിപ്പുണ്ട്. രാത്രി ഒരു തെരുവിന്‍റെ അരികത്തു തല ചായ്ക്കുന്ന അവരുടെ നേര്‍ക്ക്‌ ഒരു കാര്‍ നിയന്ത്രണം വിട്ടു ഓടി കയറുന്നു. ആശുപത്രിയിലേക്ക് മാറ്റുന്ന അവരുടെ ഓര്‍മകളിലൂടെ ആണ് കഥയുടെ പ്രധാന ഭാഗം വിവരിക്കപ്പെടുന്നത്. 


     തിരുനെല്‍വേലിക്കടുത്തുള്ള ഒരു ഉള്‍നാടന്‍ ഗ്രാമത്തിലെ കളിക്കൂട്ടുകാരാണ്‌ ജ്യോതി ലിംഗവും മാരി മുത്തുവും. പഠിക്കാന്‍ സമര്‍ത്ഥനായിരുന്ന ജ്യോതി ലിംഗത്തിന്റെ  അച്ഛന്‍ ഒരു അപകടത്തില്‍ മരിക്കുന്നു. അതോടെ അമ്മയും സഹോദരിയും അടങ്ങുന്ന കുടുംബത്തിന്‍റെ ചുമതല കൌമാരക്കാരനായ ജ്യോതി ലിംഗത്തിന്റെ ചുമലിലാവുന്നു. ജീവിക്കാന്‍ എന്ത് ചെയ്യും എന്ന് അന്താളിച്ചു നില്‍ക്കുന്ന അവരുടെ മുന്‍പിലേക്ക് പ്രതീക്ഷയുടെ ഒരു ചുവപ്പ് നോട്ടീസ് പറന്നിറങ്ങുന്നു. ചെന്നയിലെ രംഗനാഥന്‍ തെരുവില്‍ പുതുതായി തുടങ്ങുന്ന ഒരു വലിയ സൂപ്പര്‍ മാര്‍കെടിലേക്ക് സേല്‍സ് ബോയ്സിനെയും ഗേള്‍സിനെയും എടുക്കുന്നു എന്ന ഒരു നോട്ടീസ്. അവരെ രണ്ടിനെയും ജോലിക്കായി തിരഞ്ഞെടുക്കുകയും ചെന്നയിലേക്ക് വരാന്‍ ക്ഷണം ലഭിക്കുകയും ചെയ്യുന്നു. വളരെ അധികം പ്രതീക്ഷകളോടെയും സ്വപ്നങ്ങളോടെയും അവര്‍ വണ്ടി കയറുന്നു.


    രംഗനാഥന്‍ തെരുവിലെ സെന്തില്‍ മുരുകന്‍ സ്റ്റോര്‍ എന്ന ബഹു നില സൂപ്പര്‍ മാര്‍ക്കറ്റ്‌ ലെ ജീവനക്കാരായി എത്തുന്ന ജ്യോതി ലിംഗതിനും മാരി മുത്തുവിനും അവര്‍ പ്രതീക്ഷിച്ചിരുന്ന പോലുള്ള ഒരു വരവേല്പ് ആയിരുന്നില്ല ലഭിച്ചത്. പളപളപ്പുള്ള കടയുടെ പുറകില്‍ ഇരുട്ട് നിറഞ്ഞ ഒരു ലോകം ഉണ്ടായിരുന്നു. മൃഗങ്ങളെക്കാള്‍ കഷ്ടമായി ജോലി ചെയ്യുന്ന ഒട്ടനവധി ജീവിതങ്ങള്‍. തുച്ചമായ ശമ്പളം കൊണ്ട് ജീവിതം കരുപ്പിടിപ്പിക്കാന്‍ ശ്രമിക്കുന്ന പരിഭ്രാന്തിയും കൌമാരത്തിന്റെ കൌതുകവും നിറഞ്ഞ ഒരുപാടു മുഖങ്ങള്‍. ലളിതമായ ചിത്രീകരണത്തിലൂടെ നിങ്ങളുടെ മനസ്സിനെ പിടിച്ചുലയ്ക്കുന്ന ഒരുപാടു സന്ദര്‍ഭങ്ങള്‍. തുണിക്കടയില്‍ സാരി എടുക്കാന്‍ ചെല്ലുമ്പോള്‍ നിസ്സാര കാരണങ്ങള്‍ പറഞ്ഞു അടുത്ത ഷേഡ് കാണിക്കാന്‍ വേണ്ടി ഒരിക്കലെങ്കിലും നിങ്ങള്‍ ആവശ്യപെട്ടിട്ടുണ്ടോ ? എങ്കില്‍ ഇത് കണ്ടു കഴിഞ്ഞാല്‍ നിങ്ങള്‍ ഇനി അങ്ങനെ പറയുന്നതിന് മുമ്പ് രണ്ടിലൊന്ന് ആലോചിക്കും. ഓരോ തവണ പുതിയ നിറം പറയുമ്പോഴും അതെടുക്കാന്‍ വേണ്ടി ഗോഡൌണ്‍ ലേക്ക് ഓടുന്ന പാവം ജ്യോതി ലിംഗം. ഇടയ്ക്കു ഒന്ന് റസ്റ്റ്‌ എടുക്കാനോ, ഒന്ന് ഇരിക്കാനോ, എന്തിനു പ്രാഥമിക കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ പോലും സ്റ്റോര്‍ സൂപ്പര്‍ വൈസറുടെ കാലു പിടിക്കേണ്ടി വരുന്ന ആണും പെണ്ണും അടങ്ങുന്ന ഒരു സമൂഹം. ആഹാരം കഴിക്കാന്‍ സൂപ്പര്‍ മാര്‍ക്കറ്റ്‌ മുതലാളി ആയ അണ്ണാച്ചി തന്നെ നടത്തുന്ന ഒരു മെസ്സ് ഉണ്ട്. ആഹാരം കഴിക്കാന്‍ പുറത്തു വിട്ടാല്‍ ഉണ്ടാകുന്ന സമയ നഷ്ടവും ധന നഷ്ടവും ഒഴിവാക്കാന്‍ മാനേജ്‌മന്റ്‌ കണ്ടു പിടിച്ച ഒരു തന്ത്രം. അവിടത്തെ വൃത്തി ഹീനമായ അന്തരീക്ഷവും ആഹാരവും ഒക്കെ വെറും ഒരു സിനിമയാണെന്ന് വിചാരിച്ചാല്‍ പോലും നിങ്ങള്‍ക്ക് കണ്ടിരിക്കാന്‍ കഴിയില്ല. താമസിക്കാന്‍ ഉള്ള സ്ഥലവും ഇങ്ങനെ തന്നെ. ചിലപ്പോഴെങ്കിലും നിങ്ങള്‍ ഇങ്ങനത്തെ പത്ര പരസ്യങ്ങള്‍ കണ്ടിട്ടില്ലേ ? സേല്‍സ് ബോയ്സ് നെ ആവശ്യമുണ്ട്. ആഹാരം , താമസം സൌജന്യം എന്നൊക്കെ.. അതിന്‍റെ ഒരു യഥാര്‍ത്ഥ ചിത്രം ഇവിടെ കാണാം. ഈ കഷ്ടപ്പാടിനിടയിലും ദൂരെ തങ്ങളെ കാത്തിരിക്കുന്ന ഒരു പിടി ജീവിതങ്ങള്‍ക്കായി പെടാപ്പാടു പെടുന്ന ജ്യോതി ലിംഗവും മാരി മുത്തുവും മറ്റൊട്ടനവധി പേരും.


     ഈ കറുത്ത നിറത്തില്‍ ഒരു വര്‍ണ രാജി വിരിയിച്ചു കൊണ്ട് , തീപ്പിടിച്ചു നില്‍ക്കുന്ന ഒരു ഗുല്‍മോഹര്‍ മരം പോലെ അവന്‍റെ ജീവിതത്തിലേക്ക് കടന്നു വരികയാണ്‌ കനി. അവരുടെ ആദ്യ കണ്ടു മുട്ടലുകള്‍ അടിയിലും വഴക്കിലും ഒക്കെയാണ് അവസാനിക്കുന്നതെങ്കിലും പോകെ പോകെ അവര്‍ക്കിടയിലെ അകലം അലിഞ്ഞു ഇല്ലാതാവുന്നു. അവിടെ മൊട്ടിടുന്ന പ്രണയം ആ നരകത്തിലും മനോഹരമായ പൂക്കള്‍ വിരിയിക്കുന്നു. ചുട്ടു പൊള്ളുന്ന ചൂടിലും ആശ്വാസത്തിന്റെ മഞ്ഞു മഴ പെയ്യിക്കുന്നു. അവന്‍റെ വിഷമങ്ങള്‍ അവളുടെതും കനിയുടെ വിഷമങ്ങള്‍ അവന്റെതും ആയി മാറുന്നു. എന്നാല്‍ എല്ലാ സന്തോഷത്തിനും ഉള്ള പോലെ അനിവാര്യമായ ഒരു അന്ത്യം ഇതിനും ഉണ്ടാവുന്നു. ഇവരുടെ പ്രണയത്തിന്റെ കഥ അറിഞ്ഞ അണ്ണാച്ചി അവരെ തല്ലി ഓടിക്കുന്നു. ഒളിച്ചോടുന്ന അവരെ ആണ് നമ്മള്‍ ചിത്രത്തിന്‍റെ ആദ്യ രംഗത്ത് കണ്ടത്. ഫ്ലാഷ് ബാക്ക് കഴിയുമ്പോള്‍ ആശുപത്രിയില്‍ രണ്ടു കാലും മുറിച്ചു മാറ്റപ്പെട്ടു കിടക്കുന്ന കനിയെ ആണ് നമ്മള്‍ കാണുന്നത്. ആ അവസ്ഥയിലും അവന്‍റെ സ്നേഹം കനിയെ വാരി പുണരുന്നു. അവളെ സ്വന്തം ജീവിതത്തിലേക്ക് കൂട്ടുന്ന ജ്യോതിയുടെ രംഗത്തോടെ അങ്ങാടി തെരു പൂര്‍ണമാവുന്നു. 




     മാരി മുത്തുവിന്റെ  കഥ കൂടി പറഞ്ഞില്ലെങ്കില്‍ ഇത് പൂര്‍ണമാവില്ല. കൂടെ ജോലി ചെയ്യുന്ന സോഫിയയെ പ്രണയിക്കാന്‍ മാരിമുത്തു നടത്തുന്ന ശ്രമങ്ങള്‍ ആരിലും ചിരിയുണര്‍ത്തും. അവരുടെ പ്രണയ കലഹങ്ങള്‍,ചെറിയ ചെറിയ അമളികള്‍ മുതലായവ രസകരമായി അവതരിപ്പിച്ചിട്ടുണ്ട്. സോഫിയ ആയി അഭിനയിച്ച നടി ആരാണെന്നു അറിയില്ല. പക്ഷെ അത്യുഗ്രന്‍ ആക്ടിംഗ്. മാരി മുത്ത്‌ നടി സ്നേഹയുടെ ഒരു ആരാധകന്‍ ആണ്. ജോലി ചെയ്യുന്ന കടയുടെ പരസ്യത്തില്‍ അഭിനയിക്കാന്‍ വരുന്ന സ്നേഹയെ കാണാന്‍ മാരി മുത്ത്‌ നടത്തുന്ന ബഹളങ്ങള്‍ വളരെ ഹൃദ്യമായി ചിത്രീകരിച്ചിട്ടുണ്ട്. ചിത്രത്തിന്‍റെ അവസാനം മാരി മുത്ത്‌ സ്നേഹയുടെ വീട്ടില്‍ ഒരു ജോലി സമ്പാദിച്ചു പോകുന്നതായാണ് കാണിച്ചിരിക്കുന്നത്. 

     വെയിലിനു ശേഷം വസന്തബാലന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിലെ അഭിനേതാക്കള്‍ ഇവരാണ്.
മഹേഷ്‌, അഞ്ജലി ( കാട്രത് തമിഴ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ തെലുഗ് നടി ),  A. വെങ്കടേഷ് ( ഹിറ്റ്‌ ചിത്രങ്ങളായ ഭഗവതി, കുത്ത് മുതലായവയുടെ സംവിധായകന്‍ ), പാണ്ടി മുതലായവര്‍. ഇവരെ കൂടാതെ ഒരു cameo റോളില്‍ സ്നേഹയും ഉണ്ട്. ഇവരുടെയും മറ്റു അനവധി പുതു മുഖങ്ങളുടെയും അത്യുജ്ജ്വല പ്രകടനം നിങ്ങള്‍ക്ക് ഈ ചിത്രത്തില്‍ കാണാം. നിറം നഷ്ടപെട്ട ഒരു പാട് കഥാപാത്രങ്ങളെ ജീവിതത്തില്‍ നിന്നും പെറുക്കി എടുത്തു വസന്ത ബാലന്‍ അണി നിരത്തിയിരിക്കുന്നു. സ്കൂളില്‍ പോകാന്‍ കാര്‍ ഇല്ലതതിനും എ സി വര്‍ക്ക്‌ ചെയ്യ്തതിനും ഇന്റര്‍നെറ്റ്‌ ഇല്ലാതതിനും മൊബൈല്‍ ഫോണ്‍ ഇല്ലതതിനും മറ്റും ആത്മ ഹത്യ വരെ ചെയ്യാന്‍ മടിക്കാത്ത നമ്മുടെ കൌമാരക്കാര്‍ ഈ ചിത്രം എന്തായാലും ഒന്ന് കാണണം. കഷ്ടപ്പടുകളോട് പോരുതുന്നതിനിടയിലും ജീവിതം ആസ്വദിക്കുകയും ചിരിക്കുകയും സന്തോഷിക്കുകയും ചെയ്യുന്ന ഒരുപാടു ജീവിതങ്ങളെ നിങ്ങള്‍ക്ക് നേരില്‍ കാണാം. 


     വിജയ്‌ ആന്‍റണി , റഹ്മാന്റെ അനന്തിരവനായ ജീ വി പ്രകാശ്‌ എന്നിവര്‍ ആണ് ഇതിലെ മനോഹരമായ ഗാനങ്ങളുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഇതിലെ ഏറ്റവും നല്ല രണ്ടു ഗാനങ്ങളായ അവള്‍ അപ്പടി ഒന്ട്രും അഴഗല്ലായ് , കഥയ്കളെ പേശും എന്നിവ പാടിയിരിക്കുന്നത് മലയാളികളായ വിനീത് ശ്രീനിവാസന്‍ , ബെന്നി ദയാല്‍ എന്നിവരാണ്‌. ആറു കോടി മുടക്കി എടുത്ത ഈ ചിത്രം പത്തു കോടിയോളം രൂപ നേടി. 


     ഇനി എന്ത് പറയണം എന്നറിയില്ല. ഈ ചിത്രത്തെ പറ്റി ഒരുപാടു റിവ്യൂസ് വന്നു കഴിഞ്ഞു. എന്ത് കൊണ്ടാണ് എല്ലാത്തിലും എല്ലാവരുടെയും അനുഭവം ഒരു പോലെ വിവരിച്ചിരിക്കുന്നതെന്ന് ഇത് കണ്ടപ്പോഴാണ് മനസ്സിലായത്. നിങ്ങളും കണ്ടു നോക്കു. ഇഷ്ടപ്പെടും. തീര്‍ച്ച. 





2010, ജൂൺ 28, തിങ്കളാഴ്‌ച

സ്ത്രീകളും പുരുഷന്‍മാരും പുറത്തു പറയാന്‍ മടിക്കുന്ന രഹസ്യ രോഗങ്ങള്‍

ഹാ ഹാ .. ആരും മുഖം ചുളിക്കരുതേ.. ഇത് അശ്ലീലം അല്ല. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇത്തരം ഒരു പരസ്യം വായിച്ചിട്ടില്ലാത്ത ഒരു മലയാളിയും ഉണ്ടാവില്ല. എല്ലാ പ്രസിദ്ധീകരനങ്ങളിലും പത്രത്തിലും എന്ന് വേണ്ട ഇക്കാലത്ത് ടി വി ചാനലുകളില്‍ വരെ ഇത്തരം പരസ്യം കാണാം.. പണ്ടൊക്കെ മനോരമയിലും മംഗളത്തിലും മാത്രമാണ് ഇത് കണ്ടിരുന്നത്‌. ശിവകാശിയില്‍ ഉണ്ടാക്കിയ ഹാഫ് ടോണ്‍ ബ്ലോക്കുകളില്‍ പ്രിന്‍റ് ചെയ്തു വന്നിരുന്ന ഇത്തരം പരസ്യങ്ങള്‍ ഇന്ന് കമ്പ്യൂട്ടറില്‍ ഡിസൈന്‍ ചെയ്ത വര്‍ണ മനോഹരമായ പരസ്യങ്ങള്‍ക്ക് വഴി മാറിയിരിക്കുന്നു. പണ്ട് കൊച്ചു ക്ലാസ്സില്‍ പഠിക്കുന്ന പ്രായത്തില്‍ ഈ പരസ്യത്തില്‍ പറഞ്ഞിരിക്കുന്ന പല രോഗങ്ങളും ആര്‍ക്കാണ് വരുന്നത് , എപ്പോഴാണ് വരുന്നത് , എന്താണീ രോഗം എന്നൊക്കെ ഞാനും സുഹൃത്തുക്കളും അന്തം വിട്ടിട്ടുണ്ട്. ശരിക്കും പറഞ്ഞാല്‍ ഇപ്പൊ പോലും അറിയില്ല അതിലെ പല രോഗങ്ങളും. ഉദാഹരണത്തിന് ധാതു ക്ഷയം . ഇത് ഏത്‌ ധാതു കുറയുമ്പോ ഉണ്ടാവുന്നതാണെന്ന് അമ്മച്ചിയാണേ എനിക്കറിയില്ല. ഈ പരസ്യങ്ങളില്‍ പറയുന്ന പല അസുഖങ്ങളും വന്നു കഴിഞ്ഞാല്‍ ഏത്‌ ഹീമാനും തട്ടിപോവും എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഇവര്‍ പലരും യൂനാനി ചികിത്സകര്‍ ആണ്. ഈ പരസ്യങ്ങള്‍ കാണുന്ന പലരും യുനാനിയില്‍ ഇങ്ങനത്തെ പിശക് രോഗങ്ങള്‍ക്കുള്ള മരുന്ന് മാത്രമേ ഉള്ളോ എന്ന് ചിന്തിച്ചു പോവുക സ്വാഭാവികം. എനിക്കറിയാവുന്ന വേറെ യുനാനി വൈദ്യന്മാര്‍ ഇല്ലാത്തതു കൊണ്ട് ഈ സംശയം ഇത് വരെ തീര്‍ക്കാന്‍ പറ്റിയിട്ടില്ല. എന്തുവാണോ എന്തോ.. ഇത്രയും പറഞ്ഞപ്പോ ആണ്... യൂനാനി മാത്രമല്ല സിദ്ധ വൈദ്യന്മാരും ഇപ്പൊ ഇതിനുള്ള മരുന്നുകള്‍ തങ്ങളുടെ കയ്യിലുണ്ടെന്ന് അവകാശപ്പെട്ടു വരുന്നുണ്ട്. വക്കീലിന്‍റെ മോന്‍ വക്കീല്‍ ആവും, എന്ജിനീയരുടെ മോന്‍ എന്‍ജിനീയര്‍ ആവും എന്ന് പറഞ്ഞ പോലെ ഈ പറയുന്ന യുനാനി വൈദ്യന്മാരുടെ മക്കള്‍ എല്ലാം യുനാനി വൈദ്യന്മാര്‍ ആയി മാരും എന്ന തോന്നുന്നത്. പണ്ട് കണ്ട ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് പരസ്യങ്ങളില്‍ കോട്ടും സൂട്ടും ഇരുന്നു ചിരിച്ചിരുന്നു പോസ് ചെയ്തിരുന്നവരുടെ മക്കള്‍ ഒക്കെ ഇപ്പൊ നല്ല കടുത്ത കളറുകളില്‍ ചിരിച്ചു കൊണ്ടിരിക്കുന്ന പടങ്ങള്‍ ആണ് പരസ്യങ്ങളില്‍. പക്ഷെ കോട്ടിന്റെ സ്റ്റൈല്‍ മാറിയിട്ടില്ല. ഈ മരുന്നൊക്കെ അടിച്ചാല്‍ ഉള്ള ധാതു കൂടി പോവും എന്നാണ് മറ്റു വൈദ്യ ശാഖകളിലെ പുലികള്‍ പറഞ്ഞു നടക്കുന്നത്. എന്തിനു, സിദ്ധ വൈദ്യം ഒരു വൈദ്യ ശാഖയെ അല്ല എന്നാണ് അവര്‍ പറഞ്ഞു പരത്തിയത്. ഈയിടെ സിദ്ധ വൈധ്യക്കാര്‍ അരിശം മൂത്ത് കോടതിയില്‍ പോയി എന്തോ വിധി ഒക്കെ ഒപ്പിച്ചിട്ടുണ്ട്. എന്തായാലും കൊള്ളാം. പിന്നെ പറയുമ്പോ എല്ലാം പറയണമല്ലോ. ഈ ക്ലിനിക്കുകളുടെ നേട്ടം എന്താന്ന് വച്ചാല്‍ ആര്‍ക്കെങ്കിലും മരുന്ന് ഫലിച്ചില്ല എങ്കിലും പരാതിപ്പെടാന്‍ പോവില്ല. എല്ലാം സേഫ് ഡീല്‍ ആണ്. എന്തായാലും ഈ കഥ ഇനിയും തുടരും. ഇതൊക്കെ കൊണ്ട് ആര്‍ക്കെങ്കിലും ഫലം ഉണ്ടായാല്‍ കൊള്ളാം. അത്ര തന്നെ..


വാല്‍കഷണം


പണ്ട് ഞാന്‍ തിരുവനന്തപുരത്ത് കമ്പ്യൂട്ടര്‍ കുത്തി നടന്ന കാലത്ത് മണക്കാട് ആയിരുന്നു താമസം. അവിടെ ഞങ്ങള്‍ താമസിക്കുന്നതിന്റെ അടുത്ത് കേരളത്തിലെ പ്രസിദ്ധനായ ഒരു യുനാനി വൈദ്യന്‍ ഉണ്ട് ( ഒരു ക്ലൂ തരാം.. ഗവണ്മെന്റ് എന്നതിന്‍റെ ഒരു പര്യായ പദം ആണ് ഇദ്ദേഹത്തിന്‍റെ പേര് ). ചിലപ്പോ വളരെ ദൂരെ നിന്നൊക്കെ ആള്‍ക്കാര്‍ ഇദ്ദേഹത്തെ കാണാന്‍ വരും. അതിനടുത്ത് ബലവാന്‍ നഗറില്‍ വേറൊരു വൈദ്യനും ഉണ്ട്. ഇവര്‍ രണ്ടു പേരും അവരവരുടെ പരസ്യങ്ങളില്‍ നമ്മുടെ ചാത്തന്‍ സേവാ മഠങ്ങള്‍ ചെയ്യുന്ന പോലെ റൂട്ട് മാപ് ഒക്കെ വിശദമായി കൊടുക്കാറുണ്ട്. എന്നാലും അത് വായിച്ചു മനസ്സിലാക്കാന്‍ കഴിവില്ലാത്ത പാവങ്ങള്‍ മണക്കാട് ജങ്ക്ഷനില്‍ വന്നിട്ട് ആട്ടോക്കാരോട് ഒക്കെ വഴി ചോദിക്കും. നാണക്കേട്‌ കാരണം വളരെ താഴ്ന്ന ശബ്ധത്തില്‍ ഒക്കെ ആണ് വഴി ചോദിക്കുന്നത്. അവിടുത്തെ ആട്ടോ ചേട്ടന്മാര്‍ ആരാ മൊതല്. അവര്‍ക്ക് അറിയാമെങ്കിലും നല്ല എട്ടു പൊട്ടുമാറുച്ചത്തില്‍ വഴി പറഞ്ഞു കൊടുക്കും ആ സാധുക്കളുടെ കമ്പ്ലീറ്റ്‌ മാനവും അതോടെ പോയിക്കിട്ടും. അന്ന് നമ്മള്‍ സുഹൃത്തുക്കള്‍ക്ക് ഇത് രസകരമായ ഒരു പതിവ് കാഴ്ചയായിരുന്നു 

ലോഹിത ദാസ്‌ വിട വാങ്ങിയിട്ട് ഇന്ന് ഒരു വര്‍ഷം

എം ടി വാസുദേവന്‍‌ നായര്‍ക്ക്‌ ശേഷം മലയാളത്തിലെ ഏറ്റവും മനോഹരമായ, മലയാളിത്തം നിറഞ്ഞ കഥകളും തിരക്കഥകളും എഴുതിയ പ്രിയ കലാകാരന്‍ നമ്മെ വിട്ടു പിരിഞ്ഞിട്ടു ഇന്ന് ഒരു വര്‍ഷം തികയുന്നു. കഴിഞ്ഞ ഒരു വര്‍ഷം ഇറങ്ങിയ ചിത്രങ്ങള്‍ പരിശോധിച്ചാല്‍ അറിയാം അദ്ദേഹത്തിന്‍റെ പ്രസക്തി. അദ്ദേഹത്തിന്‍റെ ഒരു പിടി ചിത്രങ്ങള്‍ മലയാള സിനിമ ഉള്ളടത്തോളം അദ്ദേഹത്തിന്‍റെ ഓര്‍മ്മകള്‍ നില നിര്‍ത്തും. പദ്മരാജന്‍, ഭരതന്‍ മുതലായവര്‍ ഇന്നും അവരുടെ കഥകളിലൂടെയും അവര്‍ സൃഷ്‌ടിച്ച കഥാപാത്രങ്ങളിലൂടെയും നമ്മുടെ ഉള്ളില്‍ ഇന്നും ജീവിക്കുന്ന പോലെ അദ്ദേഹവും ഉണ്ടാവും. അദ്ദേഹം വാരിക്കൂട്ടിയ സംസ്ഥാന, ദേശീയ അവാര്‍ഡുകളെക്കാള്‍  വലുതാണ് ഒരു സാധാരണ മലയാളി പ്രേക്ഷകന്‍റെ മനസ്സില്‍ അദ്ദേഹം നേടിയ സ്ഥാനം. നമ്മുടെ ജീവിതത്തില്‍ കണ്ടു മറന്ന എത്ര കഥകള്‍, കഥാപാത്രങ്ങള്‍... വെറുതെ ക്ലീഷേകള്‍ എഴുതി ഉണ്ടാക്കാവുന്ന ഒന്നല്ല ഈ അനുസ്മരണം എന്നറിയാം. അദ്ദേഹത്തിന്‍റെ ഓര്‍മകള്‍ക്ക് മുന്നില്‍ ഹൃദയത്തിന്‍റെ ഭാഷയില്‍ ആദരാജ്ഞലികള്‍ നേരുന്നു. 

2010, ജൂൺ 25, വെള്ളിയാഴ്‌ച

എങ്ങനെ പുട്ടടിക്കാം ?


എന്താണീ പുട്ട് ? 
ഈ പോസ്റ്റ്‌ മറ്റൊന്നിനെയും പറ്റി അല്ല. നമ്മുടെ ദേശീയ ആഹാരമായ പുട്ടിനെ പറ്റിയും അതെങ്ങനെ കഴിക്കാം എന്നുള്ളതിനെ പറ്റിയും ആണ്. ഒരു വിധമുള്ള എല്ലാ മലയാളിക്കും പരിചിതമായ ഒരു രുചിയാണ് പുട്ടിന്‍റെതു.
കേരളത്തില്‍ പലയിടത്തും പുട്ട് പല രീതിയില്‍ ആണ് ഉണ്ടാക്കുന്നത്. എന്‍റെ വീട്ടില്‍ ഞാന്‍ കണ്ടിട്ടുള്ളത് പുട്ടുകുറ്റി ഉപയോഗിച്ചുള്ള പരിപാടി ആണ്. ഇപ്പൊ ഉള്ളത് പോലെ ചിരട്ടയുടെ ഷേപ്പില്‍ ഉള്ള സ്റ്റീല്‍ പുട്ട് കുടം അല്ല. പൌഡര്‍ ടിന്‍ പോലെ ഇരിക്കുന്ന ( പഴയ കുട്ടിക്കൂറ ആണ് ഞാന്‍ ഉദ്ദേശിച്ചത് ) സാധനം. അതിന്‍റെ താഴെ ഒരു കാലം ഉണ്ടാവും. ഈ സിലിണ്ടറില്‍ നനച്ച അരിമാവ് നിറച്ചു വച്ചിട്ട് ചില്ലി ഇട്ടു അടക്കും. കുറച്ചു കഴിയുമ്പോ ആവിയില്‍ പുഴുങ്ങി എടുക്കാം. തേങ്ങ ചിരകി ഇടുന്ന കാര്യം മറന്നു പോയി. തേങ്ങയുടെ തൊങ്ങലുകള്‍ ഇല്ലെങ്കില്‍ അതിന്‍റെ ബ്യൂട്ടി പോകും. അരിമാവ് വച്ചു മാത്രമല്ല ഗോതമ്പ് മാവു വച്ചും ഇത് ഉണ്ടാക്കാം. എന്‍റെ അമ്മയുടെ വീട്ടില്‍ പണ്ട് ഞാന്‍ ചിരട്ടയിലും മുളം കുറ്റിയിലും ഉണ്ടാക്കിയ പുട്ട് കഴിച്ചിട്ടുണ്ട്. ആ ചിരട്ട ദിവസവും ഉപയോഗിക്കുന്നത് കാരണം ഒരു കറുത്ത നിറത്തിലാണ് ഉണ്ടാവുക. 
പുട്ട് അതില്‍ ഇരുന്നു അവിയുമ്പോള്‍ ഉണ്ടാകുന്ന ഒരു മണം ഉണ്ട്. ജനിച്ചിട്ട്‌ ഇത്രയും വര്‍ഷം ആയെങ്കിലും ഇതാ ഇപ്പോഴും ആ മണം എന്‍റെ മൂക്കില്‍ ഉണ്ട്. എന്നിട്ട് അത് എടുത്തു നല്ല പച്ച നിറത്തിലുള്ള മുറിച്ച തൂശനിലയില്‍ വിളമ്പും. അതില്‍ പഴം അല്ലെങ്കില്‍ കടല എടുത്തു മിക്സ്‌ ചെയ്തു ഒന്ന് പിടിപ്പിചാലുണ്ടല്ലോ..
ആഹാ.. ഓര്‍ക്കാന്‍ തന്നെ വയ്യ...  ഇപ്പൊ പിന്നെ പ്രഷര്‍ കുക്കറിന്റെ സേഫ്റ്റി വാല്‍വില്‍ പിടിപ്പിക്കുന്ന ചിരട്ടയുടെ രൂപത്തിലുള്ള സ്റ്റീല്‍ പുട്ടുകുടം മാര്‍കെറ്റില്‍ കിട്ടും. പഴയ ഒരു പുട്ട് കുടത്തിന്റെ പടം കണ്ടോ.
ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന പത്രത്തിനെ അടിസ്ഥാനമാക്കി പുട്ട് രണ്ടു രൂപത്തില്‍ ലഭ്യമാണ്.
സിലിണ്ടര്‍ രൂപത്തിലും ചിരട്ടയുടെ രൂപത്തിലും.  നമ്മള്‍ മലയാളികള്‍ വേറെ പല പലഹാരങ്ങളും ഇങ്ങോട്ട് എടുത്തെങ്കിലും പുട്ട് മലയാളിയുടെ ഒരു എക്സ്ക്ലൂസീവ് ആഹാരമായി തുടരുന്നു. കേരളം സന്ദര്‍ശിക്കുന്ന വിദേശികളും ഇത് രുചിച്ചു നോക്കാറുണ്ട്. കേരളത്തിന്‌ പുറത്തു ഇന്‍സ്റ്റന്റ് മിക്സ്‌ ആയി ഇപ്പൊ പുട്ട് ഉണ്ടാക്കാനുള്ള സാമഗ്രികള്‍ കിട്ടും. യൂ കെയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ സൌത്ത് ഇന്ത്യന്‍ സ്റ്റോര്‍ അയ ആബേല്‍ ഫുഡ്സ് വില്‍ക്കുന്ന രണ്ടു സാധനങ്ങള്‍ കണ്ടു നോക്കു .

പുട്ട് എന്തിന്‍റെ ഒപ്പം കഴിക്കാം ? 
സത്യം പറയാമല്ലോ .പുട്ട് എങ്ങനെ കഴിച്ചാലും ഒടുക്കലത്തെ രുചി ആണ് . എന്നാലും കേരളത്തില്‍ അങ്ങോളം ഇങ്ങോളം ആളുകള്‍ അംഗീകരിച്ച ചില കോമ്പിനേഷനുകള്‍ കണ്ടു നോക്കു..
൧ . പുട്ട് വിത്ത്‌ കടല 
൨. പുട്ട് ആന്‍ഡ്‌ പഴം
൩.  പുട്ട് വിത്ത്‌ പഞ്ചാര 
൪. പുട്ട് വിത്ത്‌ ബീഫ്
൫. പുട്ട് വിത്ത്‌ പൊട്ടറ്റോ സ്ട്യൂ

ഇത് കൂടാതെ ഞാന്‍ തന്നെ കണ്ടു പിടിച്ച രണ്ടെണ്ണം കൂടി ഉണ്ട് ( പച്ചാളം ഭാസി വെര്‍ഷന്‍ )
൧. പുട്ട് വിത്ത് കടുമാങ്ങ അച്ചാര്‍ 
൨. പുട്ട് വിത്ത്‌ സാംബാര്‍ 

പുട്ടിനെ പറ്റി ഒരു ചൊല്ല് .. 
അവന്‍ ആ പൈസ കൊണ്ട് പോയി പുട്ടടിച്ചു എന്ന് കേട്ടിട്ടില്ലേ ? പുട്ട് തിന്നവന്‍ വെള്ളം കുടിക്കും എന്നൊരു ചൊല്ലുണ്ട് എന്ന് തോന്നുന്നു... പുട്ടിനു മീതെ ഇഡലിയും പറക്കില്ല. പുട്ടെടുത്തവന്‍ പുട്ടാല്‍ .. 
കുട്ടികള്‍ മണ്ണപ്പം ചുട്ടു കളിച്ചു എന്ന് കേട്ടിട്ടില്ലേ ? പക്ഷെ സാങ്കേതികമായി നോക്കിയാല്‍ പിള്ളേര്‍ ഉണ്ടാക്കിയത് പുട്ടാണെന്ന് വേണം കരുതാന്‍. കേരളത്തില്‍ ആറും ചിരട്ടയില്‍ അപ്പം ഉണ്ടാക്കിയതായി അറിയില്ല. ദുശാസ്സനന്‍ ആണ് ഈ ഒരു കണ്ടു പിടിത്തം നടത്തിയിരിക്കുന്നതെന്നുള്ളത് അതി ഭയങ്കരമായ അഭിമാനത്തോടും വൈരാഗ്യതോടും വാശിയോടും കൂടി ഇവിടെ സൂചിപ്പിക്കാന്‍ ആഗ്രഹിക്കുകയാണ്.

ധീര പോരാളികള്‍ ആയിരുന്ന തച്ചോളി ഒതേനന്‍ , എടച്ചേരി കുങ്കന്‍, കോതേരി മാക്കം തുടങ്ങിയവരൊക്കെ പുട്ട് തീനികള്‍ ആയിരുന്നെന്നു ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. കായംകുളം കൊച്ചുണ്ണി ഇത് കഴിചിരുന്നോ എന്ന് ദയവു ചെയ്തു കായംകുളതുള്ള ആരെങ്കിലും പറഞ്ഞു തരാന്‍ അപേക്ഷിക്കുന്നു. 

പുട്ടിനെ പറ്റി വികി പീഡിയ 
പുട്ടിനെ പറ്റി വികി കുക്ക് ബുക്ക്‌ പറയുന്നത് ഇവിടെ വായിക്കാം. പുട്ടുണ്ടാക്കുന്നതിനെ പറ്റി വിശദമായി വിവരിക്കുന്ന ഒരു ബ്ലോഗ്‌ ഇവിടെ 

പുട്ട് സിനിമയില്‍ 
സിനിമയിലും പുട്ട് ഒരു വന്‍ സംഭവമാണ്. മമ്മൂട്ടി പോലുള്ള ഒരു സൂപ്പര്‍ തരം നായകനായ ഒരു പടം പണ്ട് ഇറങ്ങിയിട്ടുണ്ട്. അതിലെ നായക കഥാപാത്രത്തിന്‍റെ പേര് തന്നെ പുട്ടുറുമീസ് എന്നാണ്. സൂര്യമാനസം എന്ന പടം. ആറു വയസ്സുകാരന്‍റെ ബുദ്ധിയും ആറു ആനയുടെ ശക്തിയും ഉള്ള ഒരു കഥാപാത്രം. അയാളുടെ പുട്ടിനോടുള്ള ആക്രാന്തം കാരണം വീണ പേരാണ് പുട്ടുറുമീസ് എന്നത്. അക്കാലത്തെ ഒരു സൂപ്പര്‍ ഹിറ്റ്‌ പടമായിരുന്നു കേട്ടോ.. 

ഈ അടുത്ത കാലത്ത് പിന്നെ പുട്ടിനെ പ്രൊമോട്ട് ചെയ്യാന്‍ വേണ്ടി സിദ്ദിക് സംവിധാനം ചെയ്തു ഇറക്കിയ വേറൊരു പടമാണ് ക്രോണിക് ബാച്ചിലര്‍. അതില്‍ ഹരിശ്രീ അശോകന്‍, ഭാവന എന്നിവര്‍ പുട്ടുണ്ടാക്കുന്നത്‌ അതി വിശദമായി തന്നെ ചിത്രീകരിച്ചിട്ടുണ്ട്. ഒരു ഗാന രംഗത്തില്‍ ഭാവന നില്‍ക്കുന്നത് തന്നെ പുട്ട് കുടത്തില്‍ മാവു നിറക്കുന്നത് അഭിനയിച്ചു കൊണ്ടാണ്. അത് പറഞ്ഞപ്പോഴാണ് വേറൊരു കാര്യം ഓര്‍മ വന്നത്.
കാബൂളി വാലയില്‍ കന്നാസും കടലാസും കൂടി ചായക്കടയില്‍ ചെന്നു പുട്ട് പാര്‍സല്‍ വാങ്ങിക്കുന്ന സീന്‍.
ഹമ്മേ.. ചിരിച്ചിട്ട് വയ്യ ട്ടാ.. 

2010, ജൂൺ 22, ചൊവ്വാഴ്ച

ഒരു സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ജനിക്കുന്നു - ഭാഗം 18




      
     ആ മെസ്സേജ് ബൈജു ഒന്ന് രണ്ടു തവണ കൂടി നോക്കിയ ശേഷം ഉറങ്ങാന് കിടന്നു. നാളെ എന്താവുമോ എന്തോ. മഹേഷ് വെറുതെ സമാധാനിപ്പിക്കാന് പറഞ്ഞതാവും. അവളുടെ മൂഡ് മാറുമോ. കിടന്നിട്ടു ഉറക്കം വരുന്നില്ല. എന്തായാലും പരിപാടികള് ഒക്കെ തുടങ്ങിയതിനു ശേഷം ഉണ്ടായ ഒരു വലിയ മാറ്റം അതാണ്. പണ്ട് പോത്ത് പോലെ ഉറങ്ങിയിരുന്ന ബൈജു ഇപ്പൊ ഉറക്കമില്ലാത്ത അവസ്ഥയില് ആയി.  എന്താ പെണ്ണുങ്ങള് ഒക്കെ ഇങ്ങനെ. ചുമ്മാതല്ല പണ്ട് ഡിഗ്രിക്ക് പഠിച്ചിരുന്നപ്പോ മത്തായി സാര്‍ ഒരിക്കല്‍ വെള്ളമടിച്ചിട്ട് പറഞ്ഞത്. 'ഡാ മക്കളെ.. ദൈവം പെണ്ണുങ്ങളെ സൃഷ്ടിച്ചിരിക്കുന്നത് എന്തിനാണ് എന്നറിയാമോ ? ' അപ്പൊ ബൈജുവിന് ഉള്ളില് വന്ന മറുപടി അല്പം അശ്ലീലം ആയിരുന്നു. ബൈജുവിന് മാത്രമല്ല അവന്റെ കൂട്ടുകാര്ക്കുംപക്ഷെ അതിനു മുമ്പ് തന്നെ മത്തായി  സാര്‍ ഉത്തരം പറഞ്ഞു. 'അവളുമാരെ ദൈവം ഉണ്ടാക്കിയിരിക്കുന്നത് ആണുങ്ങള്ക്ക് പണി കൊടുക്കാനാടാ. അല്ലെങ്കില് ആണുങ്ങള് അഹങ്കാരികള്‍  ആയി മാറിപോവും.' അതിന്റെ അര്‍ഥം ഇപ്പോഴാണ് ശരിക്കും മനസ്സിലായത്.  എന്തായാലും നേരം വെളുക്കട്ടെ. അപ്പൊ അറിയാമല്ലോ

     ആര്‍ക്കും  വേണ്ടി കാത്തു നില്ക്കാതെ അന്നും നേരം വെളുത്തു. ബൈജു എഴുനേറ്റു. ഉറക്കത്തില്‍ നിന്നു എന്ന് പറയാന്‍ പറ്റില്ല. ഈയിടെ ആയി ഉറക്കം തീരെ ഇല്ല. എണീറ്റ പാടെ മൊബൈല്‍ എടുത്തു കുത്തി നോക്കി. ഇല്ല. ചിന്നുവിന്റെ മെസ്സേജ് ഒന്നുമില്ല. ഇതും ഇപ്പൊ ഒരു ശീലമായി മാറി കഴിഞ്ഞു. വെറുതെ ഇരിക്കുമ്പോ ഫോണ്‍ എടുത്തു കുത്തിക്കൊണ്ടിരിക്കുക. മനുഷ്യന്റെ ഓരോ അവസ്ഥയേ. ഇന്ന് എന്താവുമോ എന്തോ. മഹേഷ് അങ്ങനെ ഒക്കെ പറഞ്ഞെങ്കിലും അതൊക്കെ വെറുതെ സമാധാനിപ്പിക്കാന്‍ ആവും. ഇന്നും അവള്‍ വരില്ലേ ? വരുമായിരിക്കും. വിളിച്ചില്ലല്ലോ. 'എന്തുവാടെ രാവിലെ ഭയങ്കര ചിന്ത ? ഇന്ന് റിലീസ് വല്ലതും ഉണ്ടോ ? ' മഹേഷ്‌ ചോദിക്കുന്നു. 'ഇല്ല അണ്ണാ. ആകെ ഒരു ടെന്‍ഷന്‍ ..' ബൈജു പറഞ്ഞു.
'
നീ എന്തിനടെയ് പേടിക്കുന്നത്. എല്ലാം ശരിയാവും. നീ ധൈര്യമായി പോ. ഞാനല്ലേ പറയുന്നേ ? ' മഹേഷ് പറഞ്ഞുശരി നോക്കാം. ബൈജു പതിവ് പോലെ എണീറ്റു പേരിനു വേണ്ടി പല്ല് തേച്ചു,കുളിച്ചു ഡ്രസ്സ് മാറി ഇറങ്ങി. പുറത്തു ഇറങ്ങിയപ്പോഴാണ് എന്തോ മറന്നത് പോലെ ഒരു തോന്നല്‍. ശരിയാ. ലാപ്ടോപ് എടുക്കാന്‍  മറന്നു. കൊള്ളാം. ഇങ്ങനെ പോയാല്‍ ജോലിയുടെ കാര്യം ഒരു തീരുമാനമാവും

     ലവള്അവിടെ ഇരിക്കുന്നുണ്ട്‌. ആകെ അലങ്കോലമായ മുഖം. എന്തായാലും അങ്ങോട്ട് പോയി മിണ്ടണ്ട. ഇന്നലെ അത്രയും ഒക്കെ പറഞ്ഞതല്ലേ. അവളുടെ മൂഡ് എന്താ എന്ന് നോക്കിയിട്ട് പോവാം. അതാ നല്ലത്ഇടയ്ക്കിടയ്ക്ക് ബൈജു പ്രൊജക്റ്റ്‌ മാനെജെറിനെ  കാണാന്‍  എന്ന വ്യാജേന ഒന്ന് രണ്ടു തവണ അത് വഴി പോയെങ്കിലും മനപൂര്‍വം അങ്ങോട്ട്‌  നോക്കിയില്ല.  പുറമേ സ്മാര്‍ട്ട്‌ ആയി നടന്നെങ്കിലും ബൈജുവിന്റെ ഉള്ളില്‍ ഡിസ്കോ ഡാന്‍സ് നടക്കുകയായിരുന്നു. എന്തായാലും അവളുടെ അടുത്ത് പോയി സംസാരിക്കില്ല എന്ന് ബൈജു ഉറപ്പിച്ചു. അതിനു വേണ്ടി ഞാന്‍ ഒന്നും ചെയ്തില്ലല്ലോ.  അങ്ങനെ ഉച്ച ആയി. ലഞ്ച് കഴിക്കാന്‍ പോയപ്പോള്‍ ചിന്നുവിനെ കണ്ടു. അവരുടെ കണ്ണുകള്‍ തമ്മിലുടക്കിയെങ്കിലും ബൈജു ഒന്ന് ചിരിച്ചതല്ലാതെ ഒന്നും മിണ്ടിയില്ല. ചിന്നുവും ഒരു വിളറിയ ചിരി ചിരിച്ചു

     സമയം വീണ്ടും ഇഴഞ്ഞു നീങ്ങി. ചായയുടെ സമയം ആയി. ബൈജുവിന്റെ അടുത്ത ക്യുബിക്കിളില്‍ ഇരിക്കുന്നത്  ഒരു  സര്‍ദാര്‍ജി ആണ്. പ്രേമിന്ദര്‍ സിംഗ്.  പ്രേമിന്ദര്‍ എന്നാണ് പേരെങ്കിലും സ്വഭാവം വിരേന്ദര്‍ സിംഗിന്റെ ആണ്. പ്രേമി എന്നാണ് ചേട്ടന്റെ ഓമന പേര്.  പ്രേമി എന്തോ ഒരു ഡൌട്ട് ചോദിയ്ക്കാന്‍ വിളിച്ചു. ബൈജു അടുത്തേക്ക് ചെന്നു. മുടിഞ്ഞ കോഡ് . ഒരു വസ്തു മനസ്സിലാവുന്നില്ല. ഈശ്വരാ. സര്‍ദാര്‍ജിമാര്‍ ഒക്കെ ഇത് എന്ത് വിചാരിച്ചാ.. തല കറങ്ങുന്നു. ഒടുവില്‍ വളരെ മനോഹരമായ വാക്കുകളില്‍ സംഗതി പിടി കിട്ടിയില്ല എന്ന് പ്രേമിയോടു പറഞ്ഞുചിന്നുവിന് ചിലപ്പോ അറിയാമായിരിക്കും എന്ന് പ്രേമി പറഞ്ഞു. എന്നിട്ട് പുള്ളി തന്നെ ഓഫീസ് ചാറ്റില്‍ കൂടി ചിന്നുവിനെ വിളിച്ചു. ചിന്നു അപ്പുറത്ത് സീറ്റില്‍ നിന്നു എഴുനേറ്റു. എന്നാല്‍ ബൈജുവിനെ കണ്ടിട്ട് അവള്‍ വീണ്ടും അത് പോലെ തന്നെ ഇരുന്നു. അത് ബൈജു കാണുകയും ചെയ്തുഅപ്പോഴതാ പ്രേമിയുടെ സ്ക്രീനില്‍ അവളുടെ മെസ്സേജ്. ഇഷ്യൂ സോള്‍വ്‌ ചെയ്യാനുള്ള കോഡ്പ്രേമി കോഡ് വായിച്ചു നോക്കുകയാണ്. അപ്പുറത്ത് ചിന്നു വീണ്ടും എണീറ്റു. വീണ്ടും ബൈജുവിനെ കണ്ടിട്ട് അവള്‍ പതിയെ അവിടെ ഇരുന്നു. ഭാഗ്യം. പ്രേമി വീണ്ടും ശക്തി തെളിയിച്ചു. ചിന്നു അയച്ചു കൊടുത്ത കോഡ് മുകളിലോട്ടും താഴോട്ടും ഓടിച്ചു നോക്കുന്നതല്ലാതെ എന്ത് ചെയ്യണമെന്നു പാവത്തിന് മനസ്സിലാവുന്നില്ല. തര്‍ബനില്‍ നിന്നു പുക വരുന്നുണ്ട്.  ബൈജു ഉള്ളില്‍ ചിരിച്ചു. ഹോ. ആദ്യമായി നീ ഒരു നല്ല കാര്യം ചെയ്തു എന്റെ പ്രേമീ ... എന്ന് മനസ്സില്‍ പറഞ്ഞു ബൈജു. പാവം പ്രേമി ചിന്നുവിനെ വീണ്ടും വിളിക്കുകയാണ്‌. ഒടുവില്‍ മറ്റു ഗതി ഇല്ലാതെ ചിന്നു പ്രേമിയുടെ ക്യുബിക്കിളിലേക്ക് വന്നു. പ്രേമിക്കു എല്ലാം വിശദീകരിച്ചു കൊടുത്തു. പ്രേമി അത് കേട്ടിട്ട് സ്വന്തം കോഡില്‍ ചില തിരുത്തലുകള്‍ ഒക്കെ നടത്തി. ഇതെല്ലാം  കണ്ടു കൊണ്ട് ചിന്നുവും ബൈജുവും പ്രേമിയുടെ സീറ്റിനു പുറകില്നില്ക്കുകയാണ്. ഇവന്എന്താണ് ചെയ്യുന്നതെന്ന് നോക്കി നില്ക്കുകയാണ് ബൈജു. പെട്ടെന്ന് ആരോ തന്റെ കയ്യില്‍ തലോടുന്ന പോലെ ബൈജുവിന് തോന്നി. ബൈജു ഞെട്ടി താഴോട്ട് നോക്കി. ചിന്നു കയ്യില്‍ തോണ്ടിയതാണ്. അവളുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു. 'സോറി. പിണക്കമാണോ ? ' ചിന്നു പതിയെ ചോദിച്ചു. ' ക്യാ ? ' പ്രേമി തിരിഞ്ഞു നോക്കി. 'ഡേയ് നിന്നോടല്ല. നീ  തിരിഞ്ഞിരുന്നു നിന്റെ പണി ചെയ്യ് ' എന്ന് ബൈജു പറഞ്ഞു. പ്രേമി തിരിഞ്ഞിരുന്നു പണി തുടര്‍ന്നു.. 'ബൈജു അവളുടെ മുഖത്ത് നോക്കി. 'ഞാനോ ? ' എന്ന് ചോദിച്ചു. എന്താണെന്നറിയില്ല ബൈജുവിന്റെ മുഖത്ത് ഒരു മന്ദഹാസം വിടര്‍ന്നു.. അതിന്‍റെ  തുടര്‍ച്ച  ആയി ചിന്നുവിന്റെ മുഖം വിടര്‍ന്നു തുടുത്തു. മുഖത്ത് ചുവന്ന നിറം ഇരച്ചു കയറി. അവളുടെ കൈ ബൈജു സ്വന്തം കയ്യില്‍ കവര്‍ന്നെടുത്തു. അത് വരെ ഉണ്ടായിരുന്ന എല്ലാ വിഷമവും ഭാരവും എല്ലാം എല്ലാം ഉരുകി ഒലിച്ചത് പോലെ... ചുറ്റിനും ആയിരം പനിനീര്‍ പുഷ്പങ്ങള്‍ വിരിഞ്ഞ പോലെ ബൈജുവിന് തോന്നി. ചിന്നുവിനും അങ്ങനെ തന്നെയായിരിക്കും തോന്നിയത് എന്ന് ബൈജു വെറുതെ സങ്കല്പിച്ചു. ചിന്നുവിന്റെ മുഖത്ത് അന്ന് വരെ കണ്ടിട്ടില്ലാത്ത അതി മനോഹരമായ ഒരു പുഞ്ചിരി. 'ഓയെ.. മില്‍ഗയാ ..!!!' പെട്ടെന്ന് ഒരു അലര്‍ച്ച കേട്ട് അവര്‍ ഞെട്ടി അകന്നു. പ്രേമി നിലവിളിച്ചതാണ്. കോഡ് ശരിയായത്രേ.. പുറകില്‍ നടക്കുന്ന സംഗതികള്‍ ഒന്നും പാവം പ്രേമി കണ്ടില്ല. ഭാഗ്യം. ബൈജു മനസ്സിലോര്‍ത്തു. അവരുടെ രണ്ടു പേരുടെയും മുഖത്ത് കണ്ട നിറഞ്ഞ സന്തോഷം കോഡ് ശരിയായതിന്റെ ആണെന്നോര്‍ത്തു പാവം  പ്രേമി രണ്ടുപേര്ക്കും ഓരോ ഷേക്ക്‌ ഹാന്‍ഡ്‌ ഒക്കെ കൊടുത്തു. ചിന്നുവിന് പാര്‍ട്ടി ഓഫര്‍ ചെയ്തു. ചിന്നു സീറ്റിലേക്ക് പോയി. ബൈജുവും

     അവന്റെ മുഖത്ത് വെറുതെ ഒരു ചിരി പടര്‍ന്നു.  മുഖം ആകെ പ്രസന്നമായി. ഉള്ളില്‍ നടന്നു കൊണ്ടിരുന്ന ഡിസ്ക്കോ ഇപ്പൊ ഒരു സല്‍സ ആയി മാറി. ചിന്നുവും  വേറൊരു ലോകത്തായിരുന്നു. എന്തിനായിരുന്നു ഇന്നലെ വഴക്ക് കൂടിയത് എന്നായിരുന്നു അവര്‍ രണ്ടു പേരും ഓര്‍ത്തു കൊണ്ടിരുന്നത്.  ബൈജുവിന്‍റെ  മൊബൈല്‍ ശബ്ദിച്ചു. അതാ അവളുടെ മെസ്സേജ്. അവന്‍ തുറന്നു നോക്കി. 'സോറി ബൈജു. ക്ഷമിക്ക്വോ എന്നോട് ? ' . പിന്നല്ലാതെ. വേറാരാ ക്ഷമിക്കാന്‍ . ഞാന്‍  എപ്പോഴേ ക്ഷമിച്ചു എന്നൊക്കെ ബൈജു മനസ്സില്‍ പറഞ്ഞു. 'ഹേയ് ഞാന്‍ അത് കാര്യമായി എടുത്തിട്ടേ ഇല്ല. എന്താ ചിന്നു ഇങ്ങനൊക്കെ ചോദിക്കുന്നത് ? ' എന്നൊരു മറുപടി അയച്ചുപാവം ചിന്നു. അല്ലെങ്കിലും പെണ്ണ് ഇത്രയേ ഉള്ളു. മണ്ടി പെണ്ണ് . എന്നൊക്കെ പ്രേമ നസീറിനെ പോലെ പറഞ്ഞിട്ട് ബൈജു മോണിട്ടറില്‍ നുള്ളി. അവന്റെ മനസ്സില്‍ ചിന്നുവിന്‍റെ  മുഖം മാത്രം. എവിടെ തിരിഞ്ഞാലും ചിന്നു. സന്തോഷം കാരണം എന്തൊക്കെയോ ചെയ്യണം എന്ന് ബൈജുവിന് തോന്നി. അമിതമായ സന്തോഷം കാരണം അവന്‍ പത്തു വരി കോഡ് കൂടുതല്‍ എഴുതി ചേര്‍ത്തു. ഇരിക്കട്ടെ. മാനെജേര്‍ക്കും  സന്തോഷം ആവട്ടെ.  ഈവനിംഗ് ആയി. ബൈജു ഓഫീസില്‍ നിന്നിറങ്ങി. മെഷീന്‍ ഷട്ട് ഡൌണ്‍ ചെയ്യാന്‍  തുടങ്ങിയപ്പോ അതാ ഒരു മെസ്സേജ്. 'ഇന്ന് രാത്രി ഞാന്‍ വിളിക്കാം. Please settle down somewhere alone' ചിന്നു അയച്ചതാ . ബൈജു അങ്കലാപ്പിലായി. ഇനി ഇത് എന്ത് തേങ്ങയാണോ ആവോ .. ഉണ്ടായിരുന്ന സന്തോഷം ഒക്കെ പോയി.  എങ്ങനേലും രാത്രി ആയാല്‍ മതിയായിരുന്നു

     ഇരുന്നിരുന്നു രാത്രി ആക്കിഒന്പതര ആയി. ഫോണ്സൈലന്റ് മോഡില്‍ ആക്കി വച്ചിരിക്കുകയാണ്. ആരെങ്കിലും കാണണ്ടഅതാ ഫോണ്‍ വൈബ്രേറ്റ്ചെയ്യുന്നു. ചിന്നു. പതുക്കെ കട്ട്ചെയ്തു. എന്നിട്ട് പ്ലാനില്‍   ഫോണും കൊണ്ട്  ടോയിലറ്റില്‍  കയറി. എന്നിട്ട് അവളെ വിളിച്ചു. ഗുഡ്. അടിച്ച പാടെ അവളും കട്ട്‌  ചെയ്തു. ഭഗവാനേ പ്രശ്നം ആയോ... ബൈജു പതുക്കെ ഷര്‍ട്ട് എടുത്തിട്ടു. ഡേ മഹേഷ്‌ . ഞാന്‍ പുറത്തു പോയി നെറ്റ് ഒന്ന് നോക്കീട്ടു വരാം. എന്റെ ഒരു ഫ്രണ്ട് യു എസ്സില്നിന്നു ഇപ്പൊ ഓണ്‍ലൈന്‍ ഉണ്ട്. അവന്‍ ഇപ്പൊ വിളിച്ചു എന്ന് പറഞ്ഞു. ശരിയെടെയ്. നീ പോയിട്ട് വാ .. എന്ന് മഹേഷ് പറഞ്ഞു. അവന്‍ എന്തൊക്കെയോ മനസ്സില്‍ വച്ചു കൊണ്ട് സംസാരിക്കുകയാണോപോട്ട് പുല്ല്. ബൈജു പുറത്തിറങ്ങി

     രണ്ടു തവണ വിളിച്ചു നോക്കി. രണ്ടു തവണയും ചിന്നു കട്ട്ചെയ്തു. എല്ലാം തകര്‍ന്നു . കുന്തം. ബൈജു നിരാശനായി തിരിച്ചു നടന്നു. ഗേറ്റില്‍ എത്തി. കൃത്യം അതാ അപ്പൊ ഫോണ്‍  അടിക്കുന്നു. ചിന്നുവാണ്. ആദ്യത്തെ റിങ്ങില്‍ തന്നെ ബൈജു ചാടി എടുത്തു. 'ഹലോ' എന്ന് നിലവിളിക്കുന്ന പോലെ പറഞ്ഞു. 'സോറി ബൈജു.. ഞാന്‍ റൂം മേറ്റ്‌ കാണാതിരിക്കാന്‍ കട്ട്ചെയ്തതാ.. പേടിച്ചോ ? വീണ്ടും പിണങ്ങി എന്ന് കരുതിയോ ? ' അവള്‍ ചെറു ചിരിയോടെ പറയുന്നത് കേട്ടപ്പോള്‍ ബൈജുവിന് സമാധാനം ആയി. 'ഹേയ്.. ഇല്ല ഇല്ല.. എന്നാലും ഞാന്‍ വിചാരിച്ചു...' എന്ന് ഒരു വളിച്ച ചിരിയോടെ ബൈജുവും പറഞ്ഞു. 'ബൈജു.. അങ്ങനെ ഒക്കെ കാണിച്ചതിന് സോറി ട്ടോ. ഞാന്‍ മനപൂര്‍വമല്ല . അപ്പൊ എനിക്ക് എന്തോ ദേഷ്യം ഒക്കെ വന്നു. പിന്നെ എന്‍റെ കയ്യിലും തെറ്റുണ്ട്. Most of the time I forget that I am a girl and I have to be in my limits .' ചിന്നു താഴ്ന്ന ശബ്ദത്തില്‍ പറഞ്ഞു. 'അതൊന്നും സാരമില്ല ചിന്നൂ .. I can understand..' എന്ന് ബൈജുവും പറഞ്ഞു. 'ബൈജു എന്നെ ഇങ്ങനെ ഇത് വരെ ശല്യപെടുതിയിട്ടില്ല. മാത്രമല്ല ഇപ്പോഴും എന്‍റെ ഇത്തരം സ്വഭാവം ഒക്കെ സഹിക്കുകയും ചെയ്യും. പക്ഷെ ഞാന്‍ ശരിക്കും ചൊറിഞ്ഞു അല്ലെ ? ' ചിന്നു ചോദിച്ചു. പിന്നല്ലാതെ എന്ന് ചോദിക്കണം എന്നുണ്ടായിരുന്നെങ്കിലും ബൈജു അത് പറഞ്ഞില്ല.. ' ഹേയ്. അതൊക്കെ ചിന്നുവിന് തോന്നുന്നതാ.. എനിക്ക് അതൊന്നും ഫീല്‍  ആയില്ല. അല്ലെങ്കില്‍ ഞാന്‍  ഇപ്പൊ ഇങ്ങനെ സംസാരിക്കുമോ ? ' എന്നൊക്കെ ബൈജു ചോദിച്ചു. അവളെ സമാധാനിപ്പിക്കാന്‍ പിന്നെയും എന്തൊക്കെയോ പറഞ്ഞു. അവസാനം ചിന്നു പുഞ്ചിരിച്ചു. അതോടെ ബൈജുവിന് സന്തോഷം ആയി. അവര്‍ ഓരോ തമാശകള്‍ ഒക്കെ പറയാന്‍ തുടങ്ങി. അതിനിടക്ക് ബൈജു പഴയ കാര്യത്തിലേക്ക് അറിയാതെ വന്നു.. ' അന്ന് ചിന്നു അങ്ങനൊക്കെ കാണിച്ചപ്പോ ഞാന്‍ കരുതിയത്‌ ചിന്നുന് ഒരിക്കലും എന്നെ ഇഷ്ടമാവില്ല എന്നൊക്കെയാണ്... ഇങ്ങനെ നമ്മള്‍ അടുക്കും എന്ന് ഞാന്‍ കരുതിയില്ല' ബൈജു പറഞ്ഞു... 'അതല്ല ബൈജു.. എന്‍റെ ഫാമിലി കല്യാണത്തിന് സമ്മതിക്കില്ല... അവസാനം ഒരു വിഷമം ഉണ്ടാവുന്നതിനേക്കാള്‍ നല്ലത് ഇപ്പൊ തന്നെ ഇത് വേണ്ട എന്ന് വയ്ക്കുന്നതല്ലേ ? ഒരു ചെറിയ വിഷമം അല്ലെ ഇപ്പൊ ഉണ്ടാവു ..' ചിന്നുവിന്റെ വാക്കുകള്‍ . 'അപ്പൊ ഇഷ്ടമാണെന്ന് രണ്ടു ദിവസം മുമ്പ് പറഞ്ഞതോ ? ' ബൈജുവിന്റെ സ്വരം ഇടറിയിരുന്നു. 'ഹേയ്. ഇഷ്ടമൊക്കെ തന്നെ ആണ്.. പക്..' ചിന്നുവിനെ അത് മുഴുമിപ്പിക്കാന്ബൈജു അനുവദിച്ചില്ല. 'കല്യാണമൊക്കെ പിന്നെയല്ലേ.. അപ്പൊ നോക്കാം അത്... പക്ഷെ ഇഷ്ടമാണെന്ന് പറഞ്ഞത് മാറ്റി പറയല്ലേ ചിന്നു... ' അവന്റെ ശബ്ദം കേഴുന്ന പോലെ ആയിരുന്നു.. 'അങ്ങനെ ഞാന്‍ പറയുമോ ബൈജു.. ഇഷ്ടമല്ലെന്നു എപ്പോഴെങ്കിലും ഞാന്‍ പറഞ്ഞോ ? കല്യാണം നടക്കണം എന്നുള്ളത് കൊണ്ടല്ലേ ഞാന്ഇങ്ങനൊക്കെ ചിന്തിച്ചത്... ? ' അവളുടെ ചോദ്യം കേട്ട് ബൈജു മഹേഷിനെ മനസ്സില്സ്തുതിച്ചു. അണ്ണാ. അങ്ങ് ഭയങ്കരന്‍ തന്നെ... ' എന്നാലും ഇപ്പൊ അതൊന്നും ഓര്‍ക്കണ്ട ചിന്നു. നമ്മുടെ കല്യാണം നടക്കും. 'ഞാന്‍ അങ്ങനൊക്കെ കാണിച്ചപ്പോ ബൈജുവിന് ശരിക്കും ദേഷ്യം വന്നോ ? എന്നോട് ? എന്നെ വെറുതില്ലേ ? സത്യം പറ  ' ചിന്നു ചോദിച്ചു. 'ഇല്ല ചിന്നു. ചിന്നു എന്ത് കാണിച്ചാലും എനിക്ക് ദേഷ്യം വരില്ല. ' ബൈജു പറഞ്ഞു. ' ഹേയ് അല്ല. ശരിക്കും ദേഷ്യം വന്നു കാണും. എനിക്കറിയാം . സോറി .' അവള്‍ വീണ്ടും. 'അല്ല ചിന്നു. ഞാന്‍ ശരിക്കും പറഞ്ഞതാ. എനിക്ക് അങ്ങനെ ചിന്നുവിനെ വെറുക്കാന്‍ പറ്റുമോ ? ' ബൈജു സ്നേഹം നിറഞ്ഞ സ്വരത്തില്‍ പറഞ്ഞു .  അപ്പുറത്ത് ചിന്നുവും ഹാപ്പി യെന്നു തോന്നുന്നു. അവളുടെ ശബ്ദത്തിലും മധുരം. 'I love you Baiju..' ചിന്നുവിന്റെ വാക്കുകള്‍  പുതു മണ്ണില്‍ വീഴുന്ന ആദ്യ മഴ തുള്ളികള്‍ പോലെ ബൈജുവിന്റെ കാതുകളില്‍ വീണു. ഒരു നിമിഷം നിശബ്ദനായ ബൈജു 'I love you too chinnu...' എന്ന് എങ്ങനെയോ പറഞ്ഞൊപ്പിച്ചു. സത്യം പറഞ്ഞാല്‍ അത് കേട്ട നിമിഷം ബൈജു ഭൂമിയില്‍ നിന്നു ഉയര്‍ന്നു പൊങ്ങി പറന്നു നടക്കുന്നത് പോലെ തോന്നി.

അടുത്ത് കണ്ട ഒരു മൈല്‍ കുറ്റിയില്‍ ബൈജു ഇരുന്നു. റോഡ് വിജനമാണ്. 'എന്‍റെ ചിന്നു.. ഇതൊന്നു കേള്‍ക്കാന്‍  വേണ്ടി ആണ് ഞാന്‍ ഇത്രയും കാലം കാത്തിരുന്നത്. എന്‍റെ കാത്തിരുപ്പ് വെറുതെയായില്ല...
Now I am the happiest man on earth...' ബൈജു എന്തെന്നില്ലാതെ പറഞ്ഞു കൊണ്ടിരുന്നു...  വാചകങ്ങള്‍ ഒക്കെ പലരും പറഞ്ഞും സിനിമയിലും മറ്റും കേട്ടിട്ടുണ്ടെങ്കിലും ഇതിനു ഇത്രയ്ക്കു മധുരം ഉണ്ടെന്നു ഇന്നാണ് മനസ്സിലായത്. 'അതേയ് ചിന്നു... എനിക്ക് പേര് വിളിക്കുന്നത്‌ ഒരു സുഖമില്ല. നമ്മളുടെ ഇടയില്‍ ഒരു ഗാപ് ഉള്ള പോലെ. കുറച്ചു കൂടി ഇന്റിമേറ്റ്ആയി വിളിക്കുന്നതൊക്കെയാ  എനിക്കിഷ്ടം.. ' ബൈജു പറഞ്ഞു. 'അതിനെന്താ ബൈജു.... എന്ത് വേണേല്‍ വിളിച്ചോ.. തെറി മാത്രം വിളിക്കാതിരുന്നാല്‍ മതി..' ചിന്നുവിന്റെ മറുപടി കേട്ട് ബൈജു ചിരിച്ചു പോയിഅപ്പൊ നിനക്ക് ഒരു പൊടിക്ക് ഹ്യൂമര്‍ സെന്‍സ് ഒക്കെ ഉണ്ടല്ലേ.. ? ചൊറിയാന്‍ മാത്രമല്ല അറിയാവുന്നത്... ' ബൈജു തമാശയായി പറഞ്ഞു... 'ഹേയ് ബൈജു... പ്ലീസ്.. അത് ഇനി പറയല്ലേ... സോറി ..' ചിന്നുവിന്റെ സ്വരം വീണ്ടും താഴ്ന്നു. 'ഇല്ല ചിന്നു. ഞാന്‍ ഒരു തമാശ അടിച്ചതല്ലേ.. അത് പോട്ടെ... സാരമില്ല ട്ടോ .. ബൈജു സമാധാനിപ്പിച്ചു. 'ബൈജു ഞാന്‍ വയ്ക്കട്ടെ..  എന്‍റെ റൂം മേറ്റ്അവളുടെ ഫിയന്‍സിയോടു സംസാരിച്ചു കൊണ്ടിരിക്കുകയാണ്. ടെറസില്‍.. ഇപ്പൊ വരും. നാളെ കാണാം ' ചിന്നു ചോദിച്ചു. 'ശരി . എന്നാല്‍ നാളെ കാണാം . വച്ചോ.' എന്ന് പറഞ്ഞിട്ട് ബൈജു ഫോണ്‍ വച്ചു

     കുറച്ചു നേരം കൂടി സംസാരിക്കണം എന്ന് അവനു ശരിക്കും ആഗ്രഹം ഉണ്ടായിരുന്നു. വാച്ച് നോക്കി. ഈശ്വരാ മണി പന്ത്രണ്ടു ആയോ .. എന്തായാലും കൊള്ളാം. ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങള്ആണ് കഴിഞ്ഞു പോയതെന്ന് ബൈജുവിന് തോന്നി. ഒരിക്കലെങ്കിലും പ്രണയിക്കാത്തവന്റെ ജീവിതം ഒരു വേസ്റ്റ്  പലരും പറഞ്ഞതിന്റെ പൊരുള്‍ ഇന്നാണ് മനസ്സിലായത്. ബൈജു അവിടിരുന്നു തന്നെ ആകാശത്തേക്ക് നോക്കി. നിറയെ നക്ഷത്രങ്ങള്‍. അതില്‍ നിറയെ ചിന്നുവിന്‍റെ മുഖം പ്രതിഫലിക്കുന്നു .  അയ്യേ. ഞാന്‍ വെറും ഒരു പൈങ്കിളി ആയി മാറിയോ . പണ്ട് ഇതിനെ ഒക്കെ എത്ര കളിയാക്കിയിട്ടുള്ളതാ.. 
പണ്ട് ഇങ്ങനെ പ്രേമിക്കുകയും ഇങ്ങനത്തെ സാഹിത്യം പറയുന്നവനെയും ഒക്കെ കളിയാക്കി പരിപ്പ് എടുത്തിട്ടുള്ളതാ ഈ ബൈജു. ആ ബൈജുവാണ് ഇപ്പൊ...

     പുറകില്‍ നിന്നു എന്തോ ഒരു ഈര്‍പ്പം ബര്‍മുടയില്‍ പടരുന്നത്‌ അനുഭവപ്പെട്ടപ്പോ ആണ് ബൈജു ഭൂമിയില്‍ തിരിച്ചെത്തിയത്‌ . തിരിഞ്ഞു നോക്കിയപ്പോ ഒരു ശുനകന്‍. ബൈജു ഇരിക്കുന്ന മൈല്‍ കുറ്റിയില്‍ അവന്‍ മുള്ളിയതാ . ... അയ്യേ... ശ്ചൈ... ചാടി എഴുനേറ്റു ബൈജു. അടുത്ത് കണ്ട ഒരു കല്ലെടുത്ത്ശുനകനിട്ടു വീക്കി. പട്ടി  അവിടിരുന്നു ഏറു കൊണ്ട് ഒരു വിളി വിളിച്ചുഹമ്മേ.. അതാ ഒരു പറ്റം പട്ടികള്‍ അതാ വരുന്നു... സി ഡിസ്... എസ്കേപ് ...' ബൈജു ജീവനും കൊണ്ടോടി...