2010, ഓഗസ്റ്റ് 17, ചൊവ്വാഴ്ച
ഒരു സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ജനിക്കുന്നു - ഭാഗം 20
കഴിഞ്ഞ ഭാഗം ഇവിടെ
ചിന്നുവിന്‍റെ വിളറിയ മുഖം കണ്ടപ്പോഴേ ബൈജു ആകെ വല്ലാതായി. എന്താണ് എന്ന് അവള്‍ പറയുന്നുമില്ല. ഒന്നും മിണ്ടാതെ വന്നത് പോലെ തന്നെ സീറ്റിലേക്ക് പോയി. മനസമാധാനം പോയി. മൊബൈല്‍ ബീപ് ചെയ്തു. എടുത്തു നോക്കി. ചിന്നുവിന്‍റെ മെസ്സേജ്. അത് വായിച്ച ബൈജു ശരിക്കും ഞെട്ടി. ഒരാള്‍ പെണ്ണ് കാണാന്‍ വരുന്നു എന്ന്. ഐ ബി എമ്മില്‍ ജോലി ചെയ്യുന്ന ഒരാള്‍. ബൈജുവിന്‍റെ കണ്ണുകളില്‍ ഇരുട്ട് കയറി. ഹൃദയമിടിപ്പിന്‍റെ താളവും വേഗവും വര്‍ധിച്ചു. അറിയാതെ തന്നെ അവന്‍ എഴുനേറ്റു പോയി. ചിന്നുവിന്‍റെ സീറ്റിലെത്തി. ഓഫീസില്‍ ആരും വന്നിട്ടില്ല. ഉള്ളില്‍ നുര പൊന്തുന്ന സമ്മര്‍ദ്ദം സഹിക്ക വയ്യാതെ അവന്‍ അവളോട് എന്തൊക്കെയോ ചോദിച്ചു. അവള്‍ കരയുന്നതല്ലാതെ ഒന്നും പറയുന്നില്ല. ഒരു നിമിഷം ആശയക്കുഴപ്പത്തില്‍ നിന്നു പോയെങ്കിലും ബൈജു അവളെ സമാധാനിപ്പിക്കാന്‍ എന്തൊക്കെയോ പറഞ്ഞു. അപ്പോഴേക്കും ആരോ വന്നു. ബൈജു തിരികെ സ്വന്തം ക്യുബിക്കിളിലേക്ക് മടങ്ങി.
എന്ത് ചെയ്യും ഈശ്വരാ ? അവന്‍ ജീവിതത്തിലാദ്യമായി മനമുരുകി ഭഗവാനോട് ചോദിച്ചു. ചിന്നുവിനോട് സംസാരിക്കാതിരുന്നിട്ടു ഇരിപ്പുരയ്ക്കുന്നുമില്ല . വൈകിട്ടായെങ്കില്‍ അവളെ വിളിച്ചു ഒന്ന് സംസാരിക്കാമായിരുന്നു. അങ്ങനെ ഒരു വിധത്തില്‍ സമയം തള്ളി നീക്കി. ഓരോ നിമിഷവും ഓരോ മണിക്കൂറുകള്‍ പോലെ ആണ് ബൈജുവിന് തോന്നിയത്. ഇടക്കെപ്പോഴോ നോക്കിയപ്പോള്‍ ചിന്നു അവിടെയിരുന്നു മുഖം തുടയ്ക്കുന്നത് കണ്ടു. ഇതെങ്ങനെ കൈകാര്യം ചെയ്യും എന്നോര്‍ത്തിട്ട് ബൈജുവിനു ആകെ വട്ടായി. അവിടിരുന്നു അവന്‍ ഗുരുവായൂരപ്പനും കാവിലമ്മയ്ക്കും ഒക്കെ നേര്‍ച്ചകള്‍ നേര്‍ന്നു. ഒരു കാര്യം ചെയ്യാം. മഹേഷിനോട് ചോദിക്കാം. അവന്‍റെ കയ്യില്‍ എന്തെങ്കിലും പരിഹാരം ഉണ്ടാവാതിരിക്കില്ല. നേരത്തെ ഇറങ്ങാം. ബൈജു മനസ്സിലോര്‍ത്തു.
അങ്ങനെ വൈകുന്നേരം ആയി. നടന്നിട്ട് വേഗം കിട്ടാത്തത് കൊണ്ട് ബൈജു ഒരു ഓട്ടോ പിടിച്ചു. ഭാഗ്യം. മഹേഷ് വന്നിട്ടുണ്ട്. വന്നപാടെ ആശാന്‍ ടിവി തുറന്നു വച്ചു ഏതോ സിനിമ കണ്ടുകൊണ്ടിരിക്കുകയാ. പരിഭ്രാന്തനായ ബൈജുവിന്‍റെ മുഖം കണ്ടപ്പോഴേ മഹേഷിനു എന്തോ കുഴപ്പമുണ്ടെന്നു പിടികിട്ടി. ബൈജു എല്ലാം പറഞ്ഞു. അത് കേട്ടിട്ട് മഹേഷ് ഒരു നിമിഷം ഒന്നും മിണ്ടിയില്ല. എന്നിട്ട് പറഞ്ഞു. 'മോനേ . പ്രശ്നമാണല്ലോ ' . അത് കേട്ട ബൈജു അറിയാതെ നിലത്തു വിരിച്ച പായില്‍ ഇരുന്നു പോയി. ' ഒരു കാര്യം ചെയ്യ്. നീ അവിടിരിക്ക്. ഞാന്‍ ഒന്ന് ആലോചിക്കട്ടെ .' മഹേഷ് പറഞ്ഞു. എന്നിട്ട് അവന്‍ വീണ്ടും പഴയ പോലെ ടി വി യുടെ മുമ്പില്‍ പോയിരുന്നു. അത് കണ്ട ബൈജുവിന് ദേഷ്യം വന്നു. ഇവിടെ അമ്മായിക്ക് പ്രാണ വേദന . മരുമകള്‍ക്ക് വീണ വായന എന്ന് പറഞ്ഞ പോലെ. എന്നാല്‍ മഹേഷ് തിരിച്ചു ചൂടായില്ല. 'ഡാ നീ അവിടിരിക്ക്. ഞാന്‍ അതെപ്പറ്റി തന്നെയാ ആലോചിച്ചു കൊണ്ടിരിക്കുന്നത്. ബൈജു ഒന്നും മിണ്ടിയില്ല. ആകെ ഒരു ജഗപൊക. അവന്‍ താടി തടവി നോക്കി. ഇന്ന് ഷേവ് ചെയ്തിട്ടില്ല എന്ന് അപ്പോഴാണ് ഓര്‍മ വന്നത്. പകുതി ബോധത്തോടെ ബൈജു ബാത്‌റൂമില്‍ കയറി. എന്നിട്ട് ടൂത്ത് ബ്രഷ് എടുത്തു പേസ്റ്റ് തേച്ചു നന്നായി പല്ല് തേച്ചു. മുഖം ഒക്കെ കഴുകി തുടച്ചതിനു ശേഷം പുറത്തിറങ്ങി. വീണ്ടും താടി തടവി. ഈശ്വരാ താടി അവിടെ തന്നെ ഉണ്ട്. അപ്പൊ ഷേവ് ചെയ്തില്ലേ . കണ്‍ഫൂഷന്‍ ആയല്ലോ ഭഗവാനേ. ബൈജു സമാധാനമായി ഒന്ന് കൂടി ചിന്തിച്ചു നോക്കി. ഹോ. ശരിയാണ്. ഷേവ് ചെയ്യുന്നതിന് പകരമാണ് പല്ല് തേച്ചത്. ഇങ്ങനെ പോയാല്‍ താമസിയാതെ പണി കിട്ടും. ബൈജു മഹേഷിനെ ഒന്ന് നോക്കി. അവന്‍ അവിടിരുന്നു രസം പിടിച്ചു സിനിമ കണ്ടു കൊണ്ടിരിക്കുകയാണ്. കണ്ണില്‍ ചോരയില്ലാത്തവന്‍. ബൈജു മനസ്സിലോര്‍ത്തു.
കുറച്ചു കഴിഞ്ഞു. മഹേഷ് ടി വി ഓഫ് ആക്കി. 'ഡാ . ആകെ രണ്ടു വഴികള്‍ ആണുള്ളത്. ഒന്ന്. എന്തെങ്കിലും തറ വേല കാണിച്ചു ഈ പെണ്ണ് കാണല്‍ മുടക്കുക. അല്ലെങ്കില്‍ അവളോട് പറഞ്ഞിട്ട് ചെറുക്കനോട് തുറന്നു പറയാന്‍ പറ. അല്ലാതെ ഒന്നും എന്‍റെ തലയില്‍ വരുന്നില്ല ' മഹേഷിന്‍റെ വാക്കുകള്‍ കേട്ട് ബൈജു ഒരു നിമിഷം നിന്നു. ആദ്യത്തെ വഴി നോക്കണമെങ്കില്‍ ആദ്യം കാണാന്‍ വരുന്നവന്റെ ഡീറ്റയില്‍സ് അറിയണം. അത് ചിന്നുവിന് തന്നെ അറിയില്ല. എവിടെ വച്ചാണ് കാണേണ്ടത് എന്ന് തന്നെ നാളെയെ അറിയാന്‍ പറ്റു. രണ്ടാമത്തെ വഴി ആലോചിക്കാവുന്നതാണ്. പക്ഷെ അവള്‍ക്ക് അതിനുള്ള ധൈര്യമുണ്ടാവുമോ ആവോ. എന്തായാലും ഇത് കേട്ട് അല്‍പം ആശ്വാസം ആയി. നേരം ഒന്ന് ഇരുട്ടട്ടെ. ചിന്നു വിളിക്കുമ്പോ പറയാം. എന്നാല്‍ എന്നും വിളിക്കുന്ന സമയം കഴിഞ്ഞിട്ടും അവളുടെ വിളി വന്നില്ല. ബൈജുവിന്‍റെ ടെന്‍ഷന്‍ വീണ്ടും കൂടി. അവിടെ എന്തായോ എന്തോ.
അതാ ഫോണ്‍ വൈബ്രേറ്റ് ചെയ്യുന്നു. ചിന്നുവാണല്ലോ. എന്നത്തേയും പോലെ അന്ന് ഫോണ്‍ എടുക്കാന്‍ ബൈജുവിന് പറ്റിയില്ല. അവന്‍റെ ശ്വാസോച്ച്വാസം ഉറക്കെ ആയി. നെഞ്ഞിടിപ്പ് കൂടി. വിറയ്ക്കുന്ന കൈകള്‍ കൊണ്ട് അവന്‍ എങ്ങനെയോ ആ ഫോണ്‍ എടുത്തു. 'എന്‍റെ ബൈജു..' ചിന്നുവിന്‍റെ ശബ്ദം. അവള്‍ കരയുകയാണോ ചിരിക്കുകയാണോ എന്നറിയാന്‍ പറ്റുന്നില്ല. 'നമ്മുടെ പ്രാര്‍ത്ഥന ദൈവം കേട്ടു. പെണ്ണ് കാണല്‍ ക്യാന്‍സല്‍ ആയി' ആകെ കുഴഞ്ഞു മറിഞ്ഞ ശബ്ദത്തില്‍ ചിന്നു. 'അച്ഛന്‍ ജാതകം കൊണ്ട് നോക്കിയപ്പോള്‍ പണിക്കര്‍ പറഞ്ഞു അത് ചേരില്ല എന്ന്. അങ്ങനെ അത് വേണ്ടാന്നു വച്ചു.' ആരോ ഹൃദയത്തില്‍ ഒരു പിടി മഞ്ഞു കട്ടകള്‍ വാരി വിതറിയ പോലെ തോന്നി ബൈജുവിന്. ഉള്ളില്‍ ആളി കത്തികൊണ്ടിരുന്ന തീ ഒരു നിമിഷം കൊണ്ട് അണഞ്ഞു. ഒരു നിമിഷം ബൈജു സകല ദൈവങ്ങള്‍ക്കും നന്ദി പറഞ്ഞു. ചിന്നു അപ്പുറത്ത് എന്തൊക്കെയോ പറയുന്നുണ്ട്. അവള്‍ക്കും സന്തോഷം കൊണ്ട് വാക്കുകള്‍ ഒന്നും പുറത്തേക്കു വരുന്നില്ല.
കുറച്ചു നേരം അവ്യക്തമായ ശബ്ദങ്ങളിലൂടെ അവര്‍ രണ്ടും സന്തോഷവും ആശ്വാസവും പങ്കു വച്ചു. ഫോണ്‍ വച്ചിട്ട് ബൈജു നേരെ മഹേഷിന്‍റെ അടുത്തേക്ക് ചെന്നു. അവനെ കെട്ടിപിടിച്ചു. 'എല്ലാം ശരിയായെടാ മോനേ.. ' അവന്‍ വിളിച്ചു കൂവി. 'എന്താടാ അത് ചീറ്റിയോ ? ' മഹേഷ് ചോദിച്ചു. 'അതേടാ.. ജാതകം രക്ഷിച്ചു ' ബൈജു സന്തോഷത്തോടെ പറഞ്ഞു. 'ഡേയ് . നീ സന്തോഷിച്ചത് മതി. ഇത് പോലത്തെ പ്രശ്നങ്ങള്‍ ഇനിയും വരും. അപ്പൊ നീ എന്ത് ചെയ്യും ? അത് മാത്രമല്ല നീ നിങ്ങളുടെ ജാതകം നോക്കിയിട്ടുണ്ടോ ? അത് ചെര്‍ന്നില്ലെങ്കില്‍ എന്ത് ചെയ്യും ? ' മഹേഷ് ചോദിച്ചു. 'ഷിറ്റ് .!!' സുരേഷ് ഗോപി അലറുന്ന പോലെ ബൈജുവും അലറി. 'മനുഷ്യനെ ഒരു നിമിഷം സമാധാനമായി ഇരിക്കാന്‍ സമ്മതിക്കില്ല അല്ലെടാ ? ' ബൈജു നിരാശയും വിഷമവും ഒക്കെ കലര്‍ന്ന ശബ്ദത്തില്‍ ചോദിച്ചു. 'ഡാ നിന്നെ വിഷമിപ്പിക്കാന്‍ പറഞ്ഞതല്ല. ഇതൊക്കെ സംഭവിക്കുന്ന കാര്യങ്ങളാ. നീ ഒരു കാര്യം ചെയ്യ്. അവളുടെ ജാതകം ഉണ്ടെങ്കില്‍ അത് എടുത്തിട്ടു , നാളെ ഇവിടെ ഒരു പണിക്കര്‍ ഉണ്ട്. അയാളെ കൊണ്ട് കാണിക്കാം. അത് ഒന്ന് ഉറപ്പു വരുത്തിയേക്കാം. ' ഇത്രയും പറഞ്ഞിട്ട് മഹേഷ് ആ പണിക്കരുടെ അഡ്രസ് ഒക്കെ എടുത്തു ബൈജുവിന് കൊടുത്തു. ഒരു യന്ത്രത്തെ പോലെ അത് എഴുതി എടുത്ത ശേഷം ബൈജു കിടന്നു. അന്ന് ചിന്നുവിന്‍റെ ഗുഡ് നൈറ്റ് മെസ്സെജിനു മറുപടി അയച്ചുമില്ല. രാവിലെ അവള്‍ തല തിന്നും. എന്നാലും പോട്ടെ.
രാവിലെ തന്നെ ജാതകവും കൊണ്ട് പണിക്കരെ കാണാന്‍ ഇറങ്ങി. അവിടെ ചെന്നപ്പോ നല്ല തിരക്കാണ്. മല്ലേശ്വരം എന്ന സ്ഥലത്താണ്. ഒടുവില്‍ ബൈജുവിന്‍റെ നമ്പര്‍ വന്നു. അവന്‍ അകത്തു കയറി. വിചാരിച്ച പോലെ പ്രായമായ പണിക്കര്‍ ഒന്നുമല്ല. പുള്ളി നല്ല മോഡേണ്‍ ആണ്. ലാപ്ടോപ് ഒക്കെ വച്ചിട്ടുണ്ട്. രണ്ടു ഗ്രഹനിലയും വാങ്ങി. ശു , കു എന്നൊക്കെ എന്തൊക്കെയോ എഴുതിയിട്ടുണ്ട്. പുള്ളിക്കാരന്‍ അതില്‍ നോക്കിയിട്ട് കുറച്ചു കവിടി വാരി അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ ഇട്ടുരുട്ടി. അത് ഉരുളുന്നത് കണ്ടിട്ട് ബൈജുവിന്‍റെ ഉള്ളില്‍ കാവടി തുള്ളല്‍ നടക്കുകയായിരുന്നു. എന്താവുമോ എന്തോ. പണിക്കര്‍ ഇടയ്ക്കു മേശപ്പുറത്തിരിക്കുന്ന കടലാസ്സില്‍ എന്തൊക്കെയോ എഴുതുന്നുമുണ്ട്. ഒടുവില്‍ പുള്ളി അടിയറവു പറഞ്ഞു. വ്യാഴം എഴില്‍ നില്‍ക്കുന്നത് കൊണ്ട് രാഹു എട്ടില്‍ നില്‍പ്പുണ്ട് . അത് സാരമില്ല. എന്നാല്‍ ശുക്രന്‍ മേലെ ഉദിച്ചു വരുന്നുമുണ്ട് . അപ്പൊ അതും നല്ലത്. എന്നൊക്കെ പുള്ളി തട്ടി വിടുന്നുണ്ട്. ഇങ്ങേര്‍ക്ക് നടക്കുമോ ഇല്ലയോ എന്ന് പറഞ്ഞാല്‍ പോരെ. മിന്നാരത്തില്‍ ശങ്കരാടി ഡി എന്‍ എ ടെസ്റ്റ് റിസള്‍ട്ട് വാങ്ങിക്കാന്‍ പോയിട്ട് വന്നു തിലകനോട് പറയുന്നതാണ് ബൈജുവിന് ഓര്‍മ വന്നത്. 'ഈ ജാതകങ്ങള്‍ തമ്മില്‍ ഉത്തമ പൊരുത്തം ഉണ്ട്. വിവാഹം നടത്തുന്നതില്‍ കുഴപ്പമില്ല.' ഒടുവില്‍ പണിക്കര്‍ വിധി പ്രഖ്യാപിച്ചു. ആശ്വാസമായി. പുള്ളിക്ക് ഒരു മുന്നൂറു രൂപയും കൊടുത്തിട്ട് ബൈജു പതുക്കെ ഇറങ്ങി. ഹോ. ഇനി ഈ പരിപടിക്കില്ല. വെറുതെ മനുഷ്യനെ പേടിപ്പിച്ചു കളഞ്ഞു. ആ കവിടി വേറെ എങ്ങോട്ടെങ്കിലും ഉരുണ്ടിരുന്നെങ്കില്‍ കഥ ആകെ മാറിയേനെ. എന്തായാലും ദൈവം കാത്തു.
നാളെ ഓഫീസില്‍ ഓണാഘോഷം ആണ്. ചിന്നുവിന് ഒരു ഓണ സമ്മാനം കൊടുക്കണമല്ലോ. പെണ്‍കുട്ടികള്‍ ഒക്കെ നാളെ മുണ്ടും നേരിയതും ഉടുത്തിട്ടാണ് വരുന്നതെന്ന് കേട്ടു. ചിന്നുവിനെ സാരി ഉടുത്തു ഇത് വരെ കണ്ടിട്ടില്ല. എങ്ങനെ ഇരിക്കുമോ ആവോ. ആണുങ്ങള്‍ ഒക്കെ മുണ്ട് ഷര്‍ട്ട് ഇടണം. ആകെ ഉള്ള ഒരു മുണ്ട് കഴിഞ്ഞയാഴ്ച കഴുകിയിട്ടത് നന്നായി. അതെടുത്തു ഇപ്പൊ തന്നെ അയണ്‍ ചെയ്യാന്‍ കൊടുത്തേക്കാം. പണ്ടാരമടങ്ങാന്‍ .. ആ മുണ്ടില്‍ കാക്ക അപ്പിയിട്ടിരിക്കുന്നു. ഇനി ഇത് കഴുകി എടുത്താല്‍ ആകെ കുളമാകും. പുറത്തു പോയി ഒരെണ്ണം വാങ്ങിയിട്ട് വരാം. ബൈജു വേഷം മാറി പുറത്തിറങ്ങി. അടുത്ത ഹാന്‍ഡ്‌വീവ് ഷോറൂമില്‍ പോയി ഒരു മുണ്ട് വാങ്ങി. അങ്ങനെ എല്ലാ അനുസാരികളും റെഡി ആയി. ഇനി രാവിലെ എണീറ്റു കുളിച്ചു ഇതൊക്കെ ഉടുത്തു പോയാല്‍ മതി. പക്ഷെ അവന്‍റെ മനസ്സ് നിറയെ ചിന്നുവായിരുന്നു.
വൈകിട്ട് ചിന്നു മെസ്സേജ് അയച്ചു. 'നാളെ ഞാന്‍ എങ്ങനെയാ വരുന്നത് എന്നറിയാമോ ? ബൈജു മുണ്ട് വാങ്ങിയോ ? നല്ലത് പോലെ തേച്ചു വെടിപ്പാക്കി ഉടയാതെ ഇട്ടിട്ടു വരണം കേട്ടോ. മുടി ഇപ്പൊ കുറച്ചു കൂടുതലാ. ഇപ്പൊ തന്നെ പോയി ഒന്ന് ട്രിം ചെയ്തേക്കു. ഷേവ് ചെയ്യാനും മറക്കണ്ട. ' അങ്ങനെ നൂറു കൂട്ടം ഉപദേശങ്ങള്‍. ആദ്യം ചെറിയ മുറുമുറുപ്പ് തോന്നിയെങ്കിലും പിന്നെ ബൈജുവിന് സന്തോഷം തോന്നി. അമ്മക്ക് ശേഷം ആദ്യമായാണ് ഒരാള്‍ ഇങ്ങനത്തെ കാര്യങ്ങള്‍ പറയുന്നത്. നമുക്ക് വേണ്ടി ചിന്തിക്കാനും പ്രാര്‍ത്ഥിക്കാനും ഇതൊക്കെ പറഞ്ഞു തരാന്‍ ഒരാളുള്ളതും ഒരു സുഖമുള്ള കാര്യം തന്നെ. എന്തായാലും അവള്‍ പറഞ്ഞ സ്ഥിതിക്ക് മുടി ഒന്ന് മുറിക്കാം. ബാര്‍ബര്‍ ഷോപ്പില്‍ ചെന്നു. ഒരുപാടു പേര് വെയിറ്റ് ചെയ്യുന്നുണ്ട്. ബൈജു അവിടിരുന്നു ഒരു കന്നഡ പേപ്പര്‍ എടുത്തു പടം നോക്കാന്‍ തുടങ്ങി. അടുത്തിരിക്കുന്നവന്‍ ഫോണില്‍ ആരോടോ സംസാരിക്കുകയാണ്. 'ഡീ ചെയ്യാം. അങ്ങനെ തന്നെ പറയാം. ഇവന്മാരോടൊക്കെ പറഞ്ഞാല്‍ മനസ്സിലാവുമോ എന്തോ . വെട്ടി നശിപ്പിക്കുമോ ആവോ. നീ ദയവു ചെയ്തു ഫോണ്‍ വയ്ക്ക് ' . അവന്‍റെ ഗേള്‍ ഫ്രണ്ട്നോടാണെന്ന് തോന്നുന്നു. ബൈജുവിന് ചിരി വന്നു. അപ്പൊ എല്ലാവന്റെയും സ്ഥിതി ഇത് തന്നെ. ആശ്വാസമായി ഭഗവാനേ.
നേരം വെളുത്തു. എന്തോ. അന്നത്തെ പ്രഭാതത്തിനു പതിവില്ലാത്ത ഒരു സൌന്ദര്യം ഉണ്ടെന്നു ബൈജുവിന് തോന്നി. ആകാശത്ത് നിന്നു വീഴുന്ന സൂര്യ രശ്മികള്‍ക്ക് ഒരു പ്രത്യേക നിറം. അത് ആ മഞ്ഞിലൂടെ വെള്ള നിറത്തിലുള്ള വരകള്‍ നാലുപാടും വരച്ചിരിക്കുന്നു. ബാല്‍ക്കണിയില്‍ നിന്നു ബൈജു പുറത്തേക്കു നോക്കി. അപ്പുറത്തെ പീ ജിയില്‍ നിന്നു കുറച്ചു പെണ്‍കുട്ടികള്‍ നേരിയതുടുത്തു പോകുന്നത് കണ്ടു. ഇന്ന് നേരത്തെ തന്നെ ഇറങ്ങിയേക്കാം. പെട്ടെന്ന് കുളിച്ചു ഷേവ് ചെയ്തു റെഡി ആയി. ഇറങ്ങാന്‍ തുടങ്ങിയപ്പോഴേക്കും ചിന്നുവിന്‍റെ ഒരു മെസ്സേജ്. 'ഇന്ന് ഞാന്‍ ഒരു ഓണ സമ്മാനം കൊണ്ട് വന്നിട്ടുണ്ട്. നേരത്തെ വരുമോ ? '. അത് കണ്ട പാതി കാണാത്ത പാതി ബൈജു ചാടി ഇറങ്ങി. അടുത്ത കവലയില്‍ എത്തിയപ്പോഴേക്കും റോഡ് നിറയെ പട്ടികള്‍. കോര്‍പറേഷന്‍ വണ്ടി വന്നു കിടപ്പുണ്ട് വേസ്റ്റ് വാരാന്‍. അതാ ഇത്രയും പട്ടികള്‍. അതിനടുതെത്തിയതും ഒരു പട്ടി ബൈജുവിന് നേരെ ചീറി വന്നു. ബൈജു ഒരു വിധത്തില്‍ അവന്‍റെ ആക്രമണത്തില്‍ നിന്നു രക്ഷപെട്ടു ഒരു ഓട്ടോയില്‍ കയറി.
ഓഫീസില്‍ എത്തി. പുറത്തെ ഗേറ്റ് ഒക്കെ അലങ്കരിച്ചിട്ടുണ്ട്. ഇവള്‍ എവിടെ പോയി ഇരിക്കുകയാണോ ആവോ. ബൈജു ഒരു മെസ്സേജ് അയച്ചു. അപ്പോഴതാ അവള്‍ വിളിക്കുന്നു. 'ഞാന്‍ ഇവിടെ ക്യുബിക്കിളില്‍ ഉണ്ട്. ഇങ്ങോട്ട് വാ' . ബൈജു അങ്ങോട്ട് ചെന്നു. ക്യുബിക്കിള്‍ അടുക്കുന്തോറും അവന്‍റെ കാലുകള്‍ക്ക് ഒരു വിറയല്‍. ചിന്നു അവിടെ മുണ്ടും നേരിയതും ഉടുത്തു ഇരിക്കുന്നുണ്ട്. ഇന്നലത്തെ പെണ്ണ് കാണല്‍ ചീറ്റിയതിന്റെ സന്തോഷം അവളുടെ മുഖത്തുണ്ട്. എന്നാല്‍ ചിന്നുവിനെ കണ്ടു ബൈജു ഒരു നിമിഷം നിശബ്ദനായി പോയി. അവള്‍ ആ വേഷത്തില്‍ ജ്വലിക്കുകയാണ്. ഇത്രയും സുന്ദരിയായിരുന്നോ ചിന്നു...
'ഹേയ് ബൈജു. എന്താ ഇങ്ങനെ നിക്കുന്നത്. ഞാന്‍ ഒരു സാധനം കൊണ്ട് വന്നിട്ടുണ്ട്. തരട്ടെ ? ' അവള്‍ ചോദിച്ചു. ആദ്യമായി ബൈജുവിന് അവളെ ഒരു മുതിര്‍ന്ന പെണ്ണായി തോന്നി. ചിലപ്പോ ആ വേഷത്തിന്‍റെയാവും. ബൈജുവിനുള്ള വിറയല്‍ ഒന്നും അവള്‍ക്കില്ല. ചിന്നു പതിയെ ബാഗിനുള്ളില്‍ നിന്നു ഒരു പൊതി എടുത്തു നീട്ടി. 'ഇനി എനിക്കുള്ള സമ്മാനം താ ' അവള്‍ പറഞ്ഞു. ആ ചോദ്യം കേട്ടു ബൈജു ഒന്ന് ഞെട്ടി. ഇന്നലെ വിചാരിച്ചതാണെങ്കിലും അത് പിന്നെ മറന്നു പോയിരുന്നു. ഒന്നും വാങ്ങിയിട്ടില്ല. ആ ചോദ്യം കേട്ടു ബൈജു തല താഴ്ത്തി. 'ഒന്നും വാങ്ങിയില്ല ചിന്നു. ഞാന്‍ മറന്നു പോയി ' അവന്‍ പറഞ്ഞു. 'അയ്യേ. അതിനു വിഷമിക്കണ്ട ട്ടോ. ഇന്ന് ആഘോഷിക്കുകയല്ലേ. സാരമില്ല ട്ടോ. പിന്നെ വാങ്ങി തന്നാല്‍ മതി.' അവള്‍ പറഞ്ഞു. ബൈജുവിന് എന്തോ അവളോട് അപ്പൊ ഒരു പ്രത്യേക സ്നേഹം തോന്നി. അവന്‍ അവളുടെ കൈ പിടിച്ചു സ്വന്തം കയ്യില്‍ വച്ചു. 'ഹേയ് ബൈജു. വേണ്ട. ആരെങ്കിലും കാണും.' ചിന്നു പറഞ്ഞു. അത് അവന്‍ കാര്യമാക്കിയില്ല. ചിന്നുവിനെ അവന്‍ നെഞ്ചോടു ചേര്‍ത്തു. എന്നിട്ട് ആ നെറുകയില്‍ ഒരു ഉമ്മ കൊടുത്തു. പെട്ടെന്ന് തന്നെ ചിന്നു അകന്നു മാറി. ബൈജുവും ചുറ്റിനു നോക്കി. ഇല്ല. ഭാഗ്യം. ആരും കണ്ടിട്ടില്ല. എന്നാല്‍ ചിന്നുവിനുണ്ടായ മാറ്റം ഒന്ന് കാണേണ്ടതായിരുന്നു. അവളുടെ മുഖത്തേക്ക് രക്തം ഇരച്ചു കയറി ചുവന്നു തുടുത്തു. ആ മുഖത്ത് വിരിഞ്ഞ നാണം ആ ശോണ രേഖ ഒന്ന് കൂടി വര്‍ധിപ്പിച്ചു. അത്രയും നേരം സ്മാര്‍ട്ട് ആയി നിന്ന ചിന്നു അതോടെ ആകെ ഡൌണ്‍ ആയി. നാണിച്ചു മുഖം താഴ്ത്തി അവള്‍ അവിടെ തന്നെ കുറച്ചു നേരം മരവിച്ചു ഇരുന്നു. ബൈജുവും സീറ്റിലേക്ക് പോയി. പെട്ടെന്നുണ്ടായ ഒരു വികാര തള്ളിച്ചയില്‍ ചെയ്തതാണെങ്കിലും അവനും വേറൊരു ലോകത്തേക്ക് എടുത്തെറിയപ്പെട്ടത് പോലെ തോന്നി. ആദ്യ ചുംബനം ഭയങ്കര സംഭവമാണെന്ന് പലരും പറഞ്ഞിരിക്കുന്നത് ശരിയാ. അതാ അവളുടെ മെസ്സേജ്. 'ഇത്രയും നല്ല ഒരു സമ്മാനം ഇത് വരെ എനിക്ക് കിട്ടിയിട്ടില്ല . എനിക്കിനി വേറെ സമ്മാനം ഒന്നും വേണ്ട എന്‍റെ ബൈജു.'
ചിന്നുവിന്‍റെ മെസ്സേജ് ആണ്.
അങ്ങനെ ഓണാഘോഷം ഒക്കെ ഗ്രാന്‍ഡ് ആയിരുന്നു. . പൂക്കളവും സദ്യയും ഒക്കെ ഉണ്ടായിരുന്നു. ഓഫീസ് മുഴുവന്‍ കുരുത്തോല ഒക്കെ കൊണ്ട് അലങ്കരിച്ചു. കുരുത്തോലയും പറയും നിറയും ഒക്കെ കണ്ടിട്ട് മലയാളികളല്ലാത്തവര്‍ ഒക്കെ ഓരോ സംശയങ്ങള്‍ ഒക്കെ ചോദിച്ചു. പ്രേമി അതൊക്കെ ക്ലിയര്‍ ചെയ്തു കൊടുക്കുന്നത് കണ്ടു. ഇവനിതൊക്കെ എങ്ങനെ പഠിച്ചു ഈശ്വരാ. സദ്യ എങ്ങനെയാണു കഴിക്കേണ്ടത് എന്ന് ഒരു ഡെമോ ഉണ്ടായിരുന്നു. എന്നാല്‍ അത് തുടങ്ങുന്നതിനു മുമ്പ് തന്നെ പ്രേമി അവന്‍റെ ബുദ്ധി കാണിച്ചു. പായസം എടുത്തു തൊണ്ട തൊടാതെ വിഴുങ്ങി. അത് അവസാനമാണ് കഴിക്കെണ്ടാതെന്നു പറഞ്ഞപ്പോ പാവം പ്രേമിയുടെ കണ്ണ് തള്ളി. എന്തായാലും പുള്ളി അവിയല്‍ ഒക്കെ സ്വാദോടെ കഴിക്കുന്നത് കണ്ടു.
അങ്ങനെ വൈകിട്ട് പരിപാടികള്‍ ഒക്കെ അവസാനിച്ചു.
ഇന്ന് വൈകിട്ട് നാട്ടിലേക്ക് പോവുകയാണ്. മൂന്നു ദിവസം പിരിഞ്ഞിരിക്കേണ്ടി വരുന്നതിന്‍റെ വിഷമം രണ്ടു പേര്‍ക്കും ഉണ്ടായിരുന്നു. റൂമില്‍ ചെന്നതിനു ശേഷം അവന്‍ ചിന്നു തന്ന ആ പൊതി തുറന്നു നോക്കി. ഒരു ബെല്‍റ്റ്. ബൈജുവിന്‍റെ അപ്പോഴത്തെ ബെല്‍റ്റ് മാറ്റാന്‍ സമയമായി ഇരിക്കുകയിരുന്നു. പാവം ചിന്നു അത് നോക്കി വച്ചിട്ട് വാങ്ങി കൊണ്ട് വന്നതാണ്. ഗിഫ്റ്റ് ഒക്കെ കൊടുക്കുന്നെങ്കില്‍ ഇങ്ങനെ വേണം. ഇത് വരെ ബൈജു അങ്ങനൊന്നും ചിന്തിച്ചിരുന്നില്ല. എന്തായാലും ഈ സ്നേഹം തുടങ്ങിയ ശേഷം പഠിച്ച പടങ്ങളുടെ കൂട്ടത്തില്‍ ഒരെണ്ണം കൂടി. ചിന്നുവിന്‍റെ മെസ്സേജ് അതാ വീണ്ടും. 'എനിക്ക് ശരിക്കും പോവാന്‍ മടിയാവുന്നു ബൈജു. രാവിലത്തെ ആ ... നു ശേഷം I wanted to be with you always... അതാ ഞാന്‍ ഇന്ന് മുഴുവന്‍ ബൈജുനെ ചുറ്റി പറ്റി നടന്നത്. ' പാവം ചിന്നു. ബൈജുവിന് വിഷമം തോന്നി. 'എനിക്കും അതേ. പോയല്ലേ പറ്റൂ.
ഓണം കഴിഞ്ഞിട്ട് പെട്ടെന്ന് വാ ട്ടോ ' എന്ന് അവന്‍ മറുപടിയും അയച്ചു. ഉള്ളില്‍ മധുരമുള്ള ഒരു ചെറിയ വേദനയുമായി ആ രണ്ടു പേരും ബാന്‍ഗ്ലൂര്‍ വിട്ടു.
ഈ സീരീസില്‍ ഗ്യാപ് വരുന്നത് ദയവു ചെയ്തു ക്ഷമിക്കുക. ഒഴിവാക്കാന്‍ പറ്റാത്ത കാരണങ്ങളാല്‍ ആണ് ഇത്.
തുടര്‍ന്നും വായിക്കുക.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
എന്നും ഇവിടെവരെ വന്നു നോക്കാറുണ്ട്. ഇഷ്ടപ്പെട്ടു.
മറുപടിഇല്ലാതാക്കൂഎന്റെ പൊന്നേ,ഈ ഒരു തുടരന്‍ ഓര്‍ത്താണ് ദുശ്ശു എന്നു കാണുമ്പഴേ ഓടിപ്പാഞ്ഞ് വരുന്നത്...
മറുപടിഇല്ലാതാക്കൂഈയ്യിടെയായി സിത്സിലാ മാത്രം കണ്ടിട്ട് ആശ നശിച്ചാ ഇന്നും വന്നേ..
തകര്‍പ്പന്‍ മച്ചൂ..തകര്‍പ്പന്‍...
ഓരോ വരിയും നെഞ്ചില്‍ തൊട്ടു..ഹാ.ഹാ..
ഞാന്‍ പിന്നേം റൊമാന്റിക്കായോ..?
ഓ ഞാനിപ്പം ഓഫീസില്‍ ഇരുന്നു റൊമാന്റിക് ആയി,അടുത്തിരിക്കുന്ന പെങ്കൊച്ചിനു ഇപ്പം കയ്ക്കു പണി ആയേനെ.
മറുപടിഇല്ലാതാക്കൂഎബിനേ,
മറുപടിഇല്ലാതാക്കൂആ “ഓ“, “കൈയ്ക്കു പണി“
ഇത്രയും കൂട്ടി വായിച്ചപ്പോ എന്തോ ഒരസ്കിത..
ശ്ശോ..
നന്നായിട്ടുണ്ട്. ആദ്യചുംബന വിവരണം മനോഹരം.
മറുപടിഇല്ലാതാക്കൂHo otuvil 20)m bhaagam ittu alleee......
മറുപടിഇല്ലാതാക്കൂnannaayirikkunnu ennu prathykichchu parayandallo :)
Waiting for the nxt part
നന്നായിട്ടുണ്ട് :-))))
മറുപടിഇല്ലാതാക്കൂകലക്കി :) btw നാട്ടില്‍ എവിടാണ് രണ്ടുപേരുടെയും സ്ഥലം? അടുത്താണോ? എന്നാല്‍ vacationnte ഇടയ്ക്കു ഒളിച്ചു കാണാരുന്നു :P ഐഡിയ എപ്പടി? പിന്നെ ഈ seriesnu ഗാപ് വരുന്നത് "എന്ത്" കാരണത്താല്‍ ആയാലും ക്ഷമിക്കുന്നതല്ല ഞാന്‍... ഇനിയും ഗാപ് വന്നാല്‍ ഞാന്‍ വായന നിര്‍ത്തുമെന്ന് കൂട്ടിക്കോ :P
മറുപടിഇല്ലാതാക്കൂബാക്കി വേഗം വേഗം വരാന്‍ കാത്തിരിയ്ക്കുന്നു.
മറുപടിഇല്ലാതാക്കൂVery Very intresting
മറുപടിഇല്ലാതാക്കൂ