2016, ജൂൺ 4, ശനിയാഴ്‌ച

THE TRUMAN SHOW - റിയൽ ആയ ഒരു റിയാലിറ്റി ഷോ


പുതിയ ചില പോസ്റ്റുകളുടെ പണിയിലാണ്. അതുവരെ ചില പഴയ സിനിമാ ആസ്വാദനങ്ങൾ ( മൂവിരാഗ.കോമിൽ മുമ്പ് പ്രസിദ്ധീകരിച്ചത് ) പോസ്റ്റ്‌ ചെയ്യാം. ആദ്യം പ്രശസ്ത ഹോളിവൂഡ്‌ ചിത്രമായ THE TRUMAN SHOW




   
     The Truman Show. കേബിൾ ടിവിയും റിയാലിറ്റി ഷോയും ഒക്കെ മലയാളികള്‍ കേട്ടിട്ടു കൂടിയില്ലാത്ത തൊണ്ണൂറുകളില്‍ ഇറങ്ങിയ ഒരു ചിത്രം. യഥാർത്ഥ ജീവിതം അതേപടി കാണിക്കുന്നു എന്നവകാശപ്പെടുന്ന അനവധി മണ്ടൻ റിയാലിറ്റി ഷോകൾ നമ്മുടെ ടിവിയിൽ ഇപ്പോൾ കാണാൻ കിട്ടും. പക്ഷേ, Truman Show യുടെ പുതുമ ഇപ്പോഴും അതേപടിയുണ്ട്. സത്യം പറഞ്ഞാല്‍ ഒരു പത്തു തവണയെങ്കിലും ഈ ചിത്രം കണ്ടിട്ടുണ്ട്. അതിനു ഒരേയൊരു കാരണമേയുള്ളൂ. ആ ചിത്രം പുലർത്തുന്ന സത്യസന്ധത.  ഒരു അക്കാദമി അവാർഡ്, ഒരു ഗോൾഡൻ ഗ്ലോബ്, ഒരു ബ്രിട്ടീഷ് അക്കാദമി അവാർഡ് ഒക്കെ ലഭിച്ച ചിത്രമാണിത്. കഥ അൽപം വിശദമായി എഴുതിയിട്ടുണ്ട്. സിനിമ കണ്ടിട്ടില്ലാത്തവർക്ക് അത് ആസ്വാദനത്തിനു ഒരു തടസ്സമാവില്ല എന്ന് കരുതുന്നു. അപ്പോൾ കഥയിലേയ്ക്ക് വരാം.
ട്രൂമാൻ എന്ന നായകൻ
      The Truman Show എന്ന ലോകത്തിലെ ഏറ്റവും നീളമേറിയ റിയാലിറ്റി ഷോയിലെ നായകനാണ് Truman Burbank. ഈ ഷോ ഉണ്ടാക്കാൻ വേണ്ടി ഒരു കോർപറേഷൻ ദത്തെടുത്ത അയാളുടെ ജീവിതം തന്നെയാണ് ഷോയിൽ കാണിച്ചു കൊണ്ടിരിക്കുന്നത്. ഒരു ടെലിവിഷൻ പരിപാടിക്ക് വേണ്ടി ഉണ്ടാക്കിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഒരു സെറ്റിലാണ് അയാൾ ജനിച്ചപ്പോൾ മുതൽ ജീവിക്കുന്നത്. സീ ഹെവൻ എന്ന ഈ കൃത്രിമ പട്ടണത്തിലെ രാത്രിയും പകലും മഴയും വെയിലും എല്ലാം നിയന്ത്രിക്കുന്നത്‌ ഈ ഷോ നടത്തുന്ന കമ്പനിയാണ്. ഈ സെറ്റിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന ആയിരക്കണക്കിന് ക്യാമറകൾ ട്രൂമാനെ ഇരുപത്തിനാല് മണിക്കൂറും പിന്തുടരുന്നു, അയാൾ അറിയാതെ. കോടിക്കണക്കിനു ആൾക്കാർ ഈ പരിപാടിയിലൂടെ കഴിഞ്ഞ മുപ്പതു വർഷമായി ട്രൂമാന്റെ ജീവിതം കണ്ടുകൊണ്ടിരിക്കുന്നു. ആ മിഥ്യാലോകത്തിലെ ദിനരാത്രങ്ങൾ മാത്രമല്ല, അയാളുടെ വികാരങ്ങൾ, സന്തോഷം, ദുഃഖം ഇവയൊക്കെ തീരുമാനിക്കുന്നതും നിയന്ത്രിക്കുന്നതും ചാനൽ തന്നെ. ഈ പട്ടണത്തിൽ ട്രൂമാൻ കാണുന്ന ആൾക്കാരും സംഭവങ്ങളും ഒക്കെ കൃത്രിമമാണ്. ആയിരക്കണക്കിന് നടീനടന്മാർ അയാളോടൊപ്പം ഈ ഷോയിൽ അഭിനയിച്ചുകൊണ്ടിരിക്കുന്നു. അയാളുടെ ആത്മാർത്ഥ സുഹൃത്തുക്കൾ വരെ ചാനൽ തീരുമാനിച്ചുറപ്പിച്ച അഭിനേതാക്കളാണ്. അവരുടെ തിരക്കഥയിൽ എഴുതി വച്ചിട്ടുള്ള സംഭവങ്ങളുമായി എണ്ണയിട്ട യന്ത്രം പോലെ ആ കൃത്രിമ ലോകവും അവിടത്തെ ട്രൂമാന്റെ ജീവിതവും മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു. ചുറ്റിനും
നടക്കുന്നത് എന്താണെന്ന് അറിയാതെ നമ്മുടെ കഥാനായകനും.
പണി പാളുമ്പോൾ 

    ഒരാളെ കുറച്ചു കാലത്തേക്കും എല്ലാവരെയും കുറച്ചു കാലത്തേയ്ക്കും പറ്റിക്കാം, പക്ഷേ, എല്ലാവരെയും എല്ലാ കാലത്തും പറ്റിക്കാൻ കഴിയില്ല എന്ന് പറഞ്ഞത്‌ പോലെ ചുറ്റിനും നടക്കുന്ന അസ്വാഭാവികമായ ചില കാര്യങ്ങൾ ട്രൂമാൻ ശ്രദ്ധിച്ചു തുടങ്ങുന്നു. തന്റെ ചുറ്റിനും വളരെ കൃത്യതയോടെ ചലിച്ചു കൊണ്ടിരിക്കുന്ന ജീവിതത്തില്‍ ചില ആവര്‍ത്തനങ്ങള്‍ അയാള്‍ കണ്ടെടുക്കുന്നു. ദിവസവും ഒരേ സ്ഥലത്ത് വച്ച് ഒരേ വേഷത്തില്‍ കാണുന്ന ആള്‍ക്കാര്‍, ഒരേ രീതിയില്‍ നടക്കുന്ന സംഭവങ്ങള്‍, അങ്ങനെ അങ്ങനെ പലതും.  എത്ര കൃത്യമായാലും ഇതിന്റെ കേന്ദ്രബിന്ദു ഒരു മനുഷ്യന്‍ ആയതു കൊണ്ട് ചാനലിന്റെ തന്ത്രങ്ങള്‍ ഇടയ്ക്ക് പാളുന്നു. ചുറ്റിനും നടക്കുന്ന കാര്യങ്ങളില്‍ വിചിത്രമായ എന്തോ ഉണ്ട് എന്ന് ട്രൂമാന്‍ തിരിച്ചറിയുന്നു. അത് വിദഗ്ധമായി മറയ്ക്കാന്‍ ചാനല്‍ ശ്രമിക്കുന്നുണ്ടെങ്കിലും ( സീ ഹെവനിലെ ആകാശത്ത് നിന്ന് ഇടയ്ക്ക് ഒരു സ്പോട്ട് ലൈറ്റ് പൊട്ടി ട്രൂമാന്റെ മുന്നിൽ തന്നെ വീഴുന്ന അവസരത്തിൽ അതെന്താണെന്ന് തിരിച്ചറിയാന്‍ കഴിയാതെ നില്‍ക്കുന്ന ട്രൂമാനെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി അവര്‍ റേഡിയോയില്‍ കൂടി ഒരു വിമാനം ക്രാഷ് ലാന്‍ഡ്‌ ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്… അതിന്റെ ഭാഗങ്ങള്‍ പൊട്ടി വീഴാനിടയുണ്ട് സൂക്ഷിക്കുക എന്നൊക്കെ വാര്‍ത്ത‍ കേള്‍പ്പിക്കുന്നുണ്ട്) അത് നൂറു ശതമാനം ഫലവത്താകുന്നില്ല. അത് പോലെ തന്നെ ഫിജി സന്ദര്‍ശിക്കാനുള്ള  ട്രൂമാന്റെ പ്ലാന്‍ പൊളിക്കാന്‍ വേണ്ടി ചാനല്‍ അയാളുടെ മുന്നില്‍ കൃത്രിമമായി ഒരുപാട് തടസ്സങ്ങള്‍ സൃഷ്ടിക്കുന്നു. അതിനിടയ്ക്കാണ് അയാളുടെ സുഹൃത്തായി അഭിനയിക്കുന്ന ഒരു നടിയോട് ട്രൂമാന് പ്രേമം തോന്നുന്നത്. അങ്കലാപ്പിലായ ചാനൽ പെട്ടെന്ന് തന്നെ അവളെ നീക്കം ചെയ്യുകയാണ്. കണ്മുന്നിൽ വച്ച് ബോട്ട് മുങ്ങി കാണാതായ അയാളുടെ അച്ഛൻ ( അതും ചാനൽ ഉണ്ടാക്കിയ ട്വിസ്റ്റ്‌ തന്നെ ) ഒരിക്കൽ അബദ്ധ വശാൽ ട്രൂമാന്റെ മുന്നിൽ വന്നു ചാടുന്നു. ഉടനെ തന്നെ തെറ്റ് തിരിച്ചറിഞ്ഞ ചാനൽ അവരുടെ ആൾക്കാരെ ഉപയോഗിച്ച് ഭ്രാന്തൻ എന്ന് മുദ്രകുത്തി അയാളെ ട്രൂമാന്റെ മുന്നിൽ നിന്ന് പെട്ടെന്ന് തന്നെ നീക്കം ചെയ്യുന്നു. ഇതൊക്കെ കണ്ടു ട്രൂമാൻ ആകെ ആശയക്കുഴപ്പത്തിലാകുന്നു. തന്റെ ചുറ്റിനും ചലിച്ചു കൊണ്ടിരിക്കുന്ന ജീവിതത്തിൽ മറ്റാരുടെയോ കയ്യുണ്ടെന്നു അയാൾ സംശയിക്കുന്നു.
പുറം ലോകത്തേക്ക്

     തന്നെ വിടാതെ പിന്തുടരുന്ന ക്യാമറകളെ പറ്റിച്ചു കൊണ്ട് ഒരു ദിവസം ട്രൂമാന്‍ നിലവറയില്‍ ഒളിക്കുന്നു. അയാളെ കാണാതാവുന്നതോടു കൂടി ഈ റിയാലിറ്റി ഷോ അതിന്റെ ചരിത്രത്തിലാദ്യമായി നിര്‍ത്തി വയ്ക്കപ്പെടുന്നു. പരിപാടിയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന എല്ലാവരും ട്രൂമാനെ തിരഞ്ഞു പുറപ്പെടുന്നു. ഒരിടത്തും അയാള്‍ ഇല്ല. സെറ്റില്‍ പിടിപ്പിച്ചിരിക്കുന്ന ആയിരക്കണക്കിന് വിളക്കുകള്‍ ഉപയോഗിച്ച് ( രാത്രിയും പകലും വരെ ചാനല്‍ ആണ് നിയന്ത്രിക്കുന്നത്‌. ലൈറ്റ് ഓഫ്‌ ആക്കുമ്പോഴാണ് സീ ഹെവനില്‍ രാത്രിയാകുന്നത് ) അവര്‍ തിരച്ചില്‍ തുടങ്ങുന്നു. പണ്ട് വഞ്ചി മറിഞ്ഞു അച്ഛനെ കാണാതായതിനു ശേഷം അയാൾക്ക് വെള്ളത്തോട് ഒരു പേടി, ഒരുതരം ഫോബിയ രൂപപ്പെട്ടിരുന്നു. എന്നാൽ അതിനെ അതിജീവിച്ചു ഒരു ബോട്ടില്‍ ചക്രവാളം ലക്ഷ്യമാക്കി തുഴഞ്ഞുകൊണ്ടിരിക്കുന്ന ട്രൂമാനെ അവര്‍ കണ്ടുപിടിക്കുന്നു. ഒപ്പം തന്നെ പരിപാടിയും പുനരാരംഭിക്കുന്നു. രക്ഷപെടാനുള്ള ട്രൂമാന്റെ ശ്രമം കണ്ടു കോപാകുലനായ ഈ പരിപാടിയുടെ സംവിധായകന്‍ ക്രിസ്റ്റഫ് ഒരു കൊടുങ്കാറ്റു സൃഷ്ടിച്ചു ട്രൂമാന്റെ ബോട്ട് മറിക്കാന്‍ ഉത്തരവിടുന്നു. ട്രൂമാനെ കൊല്ലാനുള്ള നീക്കത്തെ എല്ലാവരും എതിര്‍ക്കുന്നതിനെ തുടര്‍ന്ന് ആ ഉത്തരവ് പിന്‍വലിക്കേണ്ടി വരുന്നു അവര്‍ക്ക്. എങ്ങനെയും വേറൊരു ലോകത്തെത്തണമെന്ന നിശ്ചയദാർഡ്യവുമായി തുഴയുന്ന ട്രൂമാന്റെ ബോട്ട് ഒടുവില്‍ ചക്രവാളത്തെ സ്പര്‍ശിക്കുന്നു. സ്പര്‍ശിക്കുന്നു എന്ന് പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ ആണ്. ആ പടുകൂറ്റന്‍ സെറ്റിന്റെ അതിര്‍ത്തിയാണ് അത്. ആ ബോട്ടിന്റെ മുനമ്പ്‌ പെയിന്റ് ചെയ്തു വച്ചിരിക്കുന്ന ചക്രവാളത്തെ കീറി മുറിച്ചു ഇടിച്ചു നിന്നു. അത്ഭുതപരതന്ത്രനായ ട്രൂമാന്‍ മുകളിലേക്ക് പോകുന്ന ഒരു കൂട്ടം പടിക്കെട്ടുകള്‍ കാണുന്നു. പുറത്തേയ്ക്ക് എന്നൊരു തലക്കെട്ടും അവിടെയുണ്ട്. അപ്പോഴേയ്ക്കും എല്ലാം മനസ്സിലായ ട്രൂമാന്‍ തന്നെ നിരീക്ഷിക്കുന്ന ക്യാമറകളോടും അവിടം വിട്ടു പോകാന്‍ ഉപദേശിച്ചു കൊണ്ടിരിക്കുന്ന ക്രിസ്റ്റഫിനോടും ചിരിച്ചു കൊണ്ട് വിട പറഞ്ഞിട്ട് (In case I don’t see you … good afternoon, good evening, and good night – വളരെ പ്രശസ്തമായ വരികള്‍ ആണ് ഇത് ) ആ പടികള്‍ കയറി പുറം ലോകത്ത് തന്നെ കാത്തു നില്‍ക്കുന്ന ആയിരങ്ങളുടെ അടുത്തേയ്ക്ക് മറയുന്നു.
ഒരു അസാധാരണ റിയാലിറ്റി ഷോ , ഒപ്പം കുറെ ചോദ്യങ്ങളും

     എന്തൊക്കെ പറഞ്ഞാലും ഇതൊരു ടി വി പരിപാടിയാണല്ലോ. സ്വാഭാവികമായും ഈ ഷോയുടെ റേറ്റിംഗ് നിലനിർത്താൻ വേണ്ടി ഈ ‘റിയൽ’ അല്ലാത്ത റിയാലിറ്റി ഷോയിൽ പല മസാലകളും ചാനൽ ചേർക്കുന്നുണ്ട്. ട്രൂമാന്റെ സന്തോഷം, കരച്ചിൽ , വിഭ്രാന്തി, അങ്ങനെയെല്ലാം അവർ വിറ്റു കാശാക്കുകയാണ്. അതിലെ നടീനടന്മാരെ ഉപയോഗിച്ച് ഓരോ സാഹചര്യങ്ങൾ കൃത്രിമമായി സൃഷ്ടിച്ചു അവർ അയാളെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ഒക്കെ ചെയ്യുന്നു. പറ്റുന്നിടത്തൊക്കെ അതിവിദഗ്ദ്ധമായി product placement നടത്താനും അവർ മറക്കുന്നില്ല. ട്രൂമാനും സുഹൃത്തുക്കളും ഉപയോഗിക്കുന്നതായി കാണിക്കുന്ന ഓരോ വസ്തുവും സത്യത്തിൽ അതിന്റെയൊക്കെ പരസ്യം കൂടിയാണ്. സോപ്പ് , ഡിറ്റർജന്റ് , ബിയർ തുടങ്ങി എന്തും ഏതും പണം വാങ്ങി ട്രൂമാന്റെ ജീവിതത്തിൽ അവർ തിരുകി കയറ്റുന്നു. ഇപ്പോഴത്തെ ആധുനിക റിയാലിറ്റി ഷോകളും ഈ പാറ്റേണ്‍ തന്നെയാണല്ലോ പിന്തുടരുന്നത്. മനുഷ്യന്റെ നൈസർഗിക വികാരങ്ങളോളം എളുപ്പത്തിൽ വിൽക്കാൻ പറ്റുന്ന വേറെന്തുണ്ട്‌ അല്ലേ ?
പിന്നണിയിൽ

      ഈ ചിത്രം സംവിധാനം ചെയ്തത് ഒരുപാടു തവണ അക്കാദമി അവാർഡ് നോമിനേഷനുകൾ ലഭിച്ചിട്ടുള്ള ഓസ്ട്രേലിയൻ സംവിധായകൻ Peter Weir ആണ്. The Terminal എന്ന പ്രശസ്ത ചിത്രത്തിന്റെ കഥാകൃത്തായ Andrew Niccol ആണ് ഈ ചിത്രത്തിന്റെയും കഥ എഴുതിയിരിക്കുന്നത്. കഥാനായകനായ ട്രൂമാനെ അവതരിപ്പിച്ചിരിക്കുന്നത് Jim Carrey. (ജിം കാരി എനിക്ക് അത്രയ്ക്ക് ഇഷ്ടമല്ലാത്ത ഒരു നടനായിരുന്നു . പുള്ളിയുടെ The Mask, Bruce Almighty, Ace Ventura, Batman forever മുതലായ പടങ്ങളൊക്കെ കണ്ടിട്ടുണ്ടെങ്കിലും ജിമ്മിനെ ഏറ്റവും ഇഷ്ടപ്പെട്ടത് ഈ ചിത്രത്തിലാണ്.) ഈ റിയാലിറ്റി ഷോയുടെ സംവിധായകൻ ക്രിസ്റ്റഫായി അഭിനയിച്ചിരിക്കുന്നത് Ed Haris . ഈ ചിത്രത്തിന്റെ നിർമാണത്തിൽ കൗതുകകരമായ ചില കാര്യങ്ങളുണ്ട്‌. ഇതൊരു ടി വി ഷോ ആണെന്ന മുന്നറിയിപ്പ് തരാൻ വേണ്ടി വിചിത്രമായ പല ക്യാമറ ആംഗിളുകളും ഫിൽറ്ററുകളും ഒക്കെ ഉപയോഗിച്ചിട്ടുണ്ട്. സീ ഹെവൻ എന്ന പട്ടണം കാണിക്കുമ്പോഴും ഔട്ട്‌ ഡോർ സീനുകളിലും എല്ലാം വളരെ പ്രകാശമാനമായ ദൃശ്യങ്ങളാണ് ഉള്ളത്. മനഃപൂർവം അവർ കൂടുതൽ ലൈറ്റ് കൊടുത്താണ് അത് ചിത്രീകരിച്ചിരിക്കുന്നത്. നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത് ഒരു ടി വി ഷോ ആണെന്ന് ഓർത്താൽ മാത്രമേ ആ കൃത്രിമമായ സൂര്യപ്രകാശവും നിലാവും ഒക്കെ പിടികിട്ടൂ. ഒടുവിലത്തെ രംഗങ്ങളിൽ എന്നാൽ ഇതുപേക്ഷിച്ചു വളരെ സ്വാഭാവികമായ ലൈറ്റ് കൊടുത്തിട്ടുണ്ട്‌. അതുപോലെ തന്നെയാണ് ആകാശത്തിന്റെയും കടലിന്റെയും ഒക്കെ നിറവും. ചിത്രത്തിന്റെ കഥാകൃത്തായ Peter Weir രസകരമായ ഒരു സംഗതി ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. ഈ ചിത്രം പ്രദർശിപ്പിക്കുന്ന തീയറ്ററുകളിൽ ഒരു രഹസ്യ ക്യാമറ പിടിപ്പിക്കുന്നതായിരുന്നു അത്. ചിത്രത്തിന്റെ ഇടയിൽ പെട്ടെന്ന് ആ ക്യാമറയിൽ നിന്നുള്ള കാണികളുടെ ദൃശ്യം ഇട്ടുകൊണ്ട്‌ അവരെ കൂടുതൽ വിഭ്രമിപ്പിക്കുക എന്നതായിരുന്നു ഉദ്ദേശം. എന്നാൽ അന്നത്തെ സാങ്കേതികമായ വെല്ലുവിളികളെ തുടർന്നു അവർ അത് ഉപേക്ഷിക്കുകയായിരുന്നു.
Truman Show ഉയർത്തുന്ന ചിന്തകൾ , ചോദ്യങ്ങൾ

      നമ്മുടെ ദേശീയ ചാനലുകളിലും മലയാളം ചാനലുകളിലും വരുന്ന സീരിയലുകൾ ശ്രദ്ധിച്ചിട്ടില്ലേ. എല്ലാവരും അതിനെ കുറ്റം പറയുമെങ്കിലും നാലഞ്ച് എപ്പിസോഡുകൾ കണ്ടാൽ ഒരു സാധാരണ പ്രേക്ഷകനെ അതിന്റെ അടിമയാക്കുന്ന എന്തോ ഒരു വിദ്യ അതിലുണ്ട്. എന്താണത് ? ഉത്തരം ലളിതമാണ്. ഒരു സാധാരണ മനുഷ്യന്റെ ഉള്ളിലുള്ള ദുര, അസൂയ, പ്രേമം, സന്തോഷം മുതലായ വികാരങ്ങൾ തന്നെയാണ് അവർ ഉപയോഗിക്കുന്നത്. സ്ഥിരമായി അത്തരം സീരിയലുകൾ കാണുന്ന ഒരാളുടെ ജീവിതത്തെ അത് കുറെയൊക്കെ സ്വാധീനിക്കും എന്നത് ഒരു വസ്തുതയാണ്. ആ ഒരർത്ഥത്തിൽ ടി വി ആധുനിക സമൂഹത്തെ പല രീതിയിലാണ് വശംവദരാക്കുന്നത്. ഇതിന്റെ ഒരു മികച്ച മാതൃകയാണ് ഈ സിനിമ. യാഥാർത്ഥ്യവും കള്ളത്തരവും തിരിച്ചറിയാൻ വയ്യാത്ത ഒരു മനോനിലയിൽ നമ്മളെ എത്തിക്കാൻ ഇത്തരം ശീലങ്ങൾക്കു സാധിക്കും . സത്യസന്ധമായി ഒരു നിമിഷം സ്വയം വിലയിരുത്തൂ. എപ്പോഴെങ്കിലും ഒരിക്കൽ നിങ്ങൾക്കും ഇത് പറ്റിയിട്ടില്ലേ ?
വാൽകഷണം

     ഈ ചിത്രം പോലെ തന്നെയുള്ള വേറെയും ചില സിനിമകളുണ്ട്. EdTv, The Secret Cinema തുടങ്ങി ഒരുപിടി ചിത്രങ്ങൾ. പക്ഷേ, അവയ്ക്കൊന്നും ട്രൂമാൻ ഷോയുടെ അടുത്തെങ്ങും എത്താൻ പറ്റിയിട്ടില്ല. ഇതറിഞ്ഞിട്ടാണോ എന്തോ നമ്മുടെ കൊച്ചു മലയാളത്തിലും ഉണ്ടായി ഒരു പടം. തത്സമയം ഒരു പെണ്‍കുട്ടി. സത്യം പറഞ്ഞാൽ EdTv യുമായിട്ടാണ് ഈ ചിത്രത്തിന് സാദൃശ്യം. പക്ഷേ, ആകെപ്പാടെ കണ്‍ഫ്യൂഷനിൽ ആയ അതിന്റെ അണിയറക്കാർ EdTv യും Truman Show യും ഒക്കെ മാറിമാറി ഉപയോഗിക്കുന്നത് കണ്ടു. എന്നാൽ മലയാളികളെ ആരും അങ്ങനെ കുറച്ചു കാണണ്ട. ഒരു സിനിമയോ സീരിയലോ അല്ലെങ്കിലും ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങൾ പച്ചയായി കാണിച്ചു പല കാര്യങ്ങളും പഠിപ്പിക്കുന്ന ഒരു പരിപാടി പണ്ട് സൂര്യാ ടി വി തുടങ്ങി വച്ചിട്ടുണ്ട്. “തരികിട”. പത്തു കിലോ അരിയും ഒരു പവൻ തങ്കം പൂശിയ മോതിരവും കമ്മലും ഒക്കെ കൊടുത്തു ആൾക്കാരെ മണിയടിച്ചു ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്ന നമ്മുടെ സ്വന്തം ഷോ.