2010, ജൂലൈ 30, വെള്ളിയാഴ്‌ച

ഹാപ്പി ബര്‍ത്ത്‌ ഡേ ബാബാ !!!!

എന്‍റെ ഏറ്റവും പ്രിയപ്പെട്ട നടന്‍മാരിരൊരാള്‍ .. നമ്മുടെ പ്രിയപ്പെട്ട മുന്നാഭായ്... 
സഞ്ജു ബാബയ്ക്ക് ഇന്ന് അന്‍പത്തി ഒന്നാം പിറന്നാള്‍... ജന്‍മദിനാശംസകള്‍!!!

2010, ജൂലൈ 29, വ്യാഴാഴ്‌ച

കടുത്ത വര്‍ഗീയത

ഇത്രയും ജനാധിപത്യ വിരുദ്ധമായ ഒരു പ്രസ്താവന കേരളത്തിലെ ചില മത മേലധ്യക്ഷന്മാര്‍ പുറപ്പെടുവിച്ചിട്ടും ആരും ഒന്നും മിണ്ടുന്നില്ല എന്നത് കേരളം ഇന്ന് നേരിടുന്ന അപകടകരമായ പ്രതിസന്ധിയെ ആണ് കാണിക്കുന്നത്. എന്‍റെ ഒരു സുഹൃത്ത്‌ ഈ വാര്‍ത്ത‍ അയച്ചു തന്നപ്പോള്‍ ആദ്യ വായനയില്‍ ഒന്നും തോന്നിയില്ലെങ്കിലും പിന്നീടാണ് അതിന്‍റെ ഔചിത്യത്തെ കുറിച്ച് ഞാന്‍ ഓര്‍ത്തത്‌. മത വിശ്വാസികള്‍ അല്ലാത്തവര്‍ക്ക് വോട്ട് ചെയ്യരുത് എന്ന് കേരള കാത്തലിക് ബിഷപ്‌ കൌണ്‍സില്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ ആണ് പ്രതിപാദ്യ വിഷയം. വാര്‍ത്ത‍ വിശദമായി ഇവിടെ വായിക്കാം. കമ്യുനിസ്ടുകളെ ആയിരിക്കണം ഇവര്‍ ഉന്നം വച്ചത്. സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ ആയി ജയിക്കുന്നവര്‍ പിന്നീടു രാഷ്ട്രീയ പാര്‍ടികളില്‍ ചേരുന്നു എന്ന വാര്‍ത്ത‍ ആണ് ഇവരെ ചൊടിപ്പിച്ചത് എന്ന് തോന്നുന്നു. ഭാരതം പോലുള്ള ഒരു ജനാധിപത്യം ഒരു പൌരനു സ്വന്തം അഭിപ്രായം സ്വതന്ത്രം ആയി പ്രകടിപ്പിക്കാനും അതില്‍ ഉറച്ചു നില്‍ക്കാനും ഉള്ള അവകാശം ഭരണഘടന മുഖേന ഉറപ്പു തരുന്നുണ്ട്. എന്നാല്‍ മതപരമായ അധികാരം ഉപയോഗിച്ച് അനുയായികളെ ഒരു വോട്ട് ബാങ്ക് ആയാണ് ഈ പുരോഹിത സഭ കാണുന്നത് എന്ന് ഈ പ്രസ്താവന തെളിയിക്കുന്നു. ദൈവ വിശ്വാസികളായ , അത് ഏതൊരു മതമോ ആവട്ടെ, പാവം ജനങ്ങളെ ഉപയോഗിച്ച് സ്വന്തം ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ നടത്തുന്ന ഇത്തരം നടപടികള്‍ തരം താണു പോയി എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ. ബിരിയാണിയും കള്ള ചാരായവും വാങ്ങി കൊടുത്തു ഒരു ജനക്കൂട്ടത്തെ സ്വന്തം ആവശ്യത്തിനു ഉപയോഗിക്കുന്ന രാഷ്ട്രീയക്കാരില്‍ നിന്നും എന്താണ് ഇവര്‍ക്കുള്ള വ്യത്യാസം ? ചാരായത്തിനും  ചിക്കനും പകരം മതം. അത്ര തന്നെ. ഇപ്പൊ ക്രിസ്ത്യന്‍ സഭകള്‍ മാത്രമല്ല ഭൌതിക സുഖ സൌകര്യങ്ങളോട് അഭിനിവേശം ഉള്ള എല്ലാ പാര്‍ട്ടികളും ഇത് ചെയ്യുന്നുണ്ട്.  പൊതുജനം എന്ന കഴുത അത് അനുസരിച്ചില്ലെങ്കില്‍ മതത്തിന്‍റെ ചാട്ടവാര്‍ ഉയര്‍ത്തി അവനെ ഒറ്റപ്പെടുത്തുകയും ചെയ്യും. എന്തായാലും ഇതിനെ പറ്റി ഒരു പാട് പരാതികള്‍ തെരഞ്ഞെടുപ്പു കമ്മിഷന് ലഭിച്ചു. ഏറണാകുളം ജില്ല കലക്ടറോട് ഇത് അന്വേഷിച്ചു റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. നന്നായി ആ നടപടി. 

2010, ജൂലൈ 28, ബുധനാഴ്‌ച

ഒരു വല്ലാത്ത സാഹിത്യ നിരൂപണം - ദുശ്ശാസ്സനന്‍ വക

     ഒട്ടനവധി മഹാന്‍മാരായ സാഹിത്യകാരന്‍മാരെ കൊണ്ട് സമ്പന്നമാണ് മലയാളം. എം ടി , പൊറ്റെക്കാട് , വയലാര്‍ , ആശാന്‍ , മുകുന്ദന്‍ തുടങ്ങി ആ നിര അങ്ങനെ നീങ്ങുന്നു. ഉള്ളൂര്‍, വള്ളത്തോള്‍ , തുടങ്ങി എ അയ്യപ്പന്‍ വഴി അത് ഇപ്പൊ മുരുകന്‍ കാട്ടാക്കട വരെ നീളുന്നു. എന്നാല്‍ നോം ഇവിടെ നിരൂപിക്കുന്നതു ഇങ്ങനത്തെ എഴുതുകാരെയോ അവരുടെ സാഹിത്യമോ അല്ല. മലയാളത്തില്‍ ഇറങ്ങുന്ന ചില വാരികകള്‍ , മാസികകള്‍ എന്നിവയെ കുറിച്ചാണ് ഇത്. അപ്പൊ നിങ്ങള്‍ വിചാരിക്കും മാതൃഭൂമി ആഴ്ചപതിപ്പ്, കല കൌമുദി , സമകാലിക മലയാളം മുതലായ കടുത്ത ( ? ) സാഹിത്യ പ്രസിദ്ധീകരണങ്ങളെ പറ്റിയാനെന്നു. അല്ലേയല്ല. ഇത് വര്‍ഷങ്ങളായി മലയാളത്തില്‍ തുടര്‍ന്നു വരുന്നതും എന്നാല്‍ ഉത്തരാധുനിക സാഹിത്യ പ്രസിദ്ധീകരണങ്ങളെ പോലെ വന്‍ സാഹിത്യ ചര്‍ച്ചകള്‍ക്ക് വിഷയമാകുന്നതോ അല്ല. ഇതില്‍ എഴുതി വന്നിരുന്ന മാത്യു മറ്റം, കോട്ടയം പുഷ്പനാഥ്, ചന്ദ്രകല എസ് കമ്മത്ത് മുതലായവരെ സാഹിത്യ പ്രവര്‍ത്തകര്‍ ആയി ഈ വാരികകളുടെ വായനക്കാര്‍ പോലും ഒരിക്കലും അംഗീകരിച്ചിട്ടില്ല. പക്ഷെ  അക്ഷരമറിയാവുന്ന ഓരോ മലയാളിക്കും ഇത് ചിരപരിചിതമായ പേരുകള്‍ ആണ്. സസ്പെന്‍സ് ഇടുന്നില്ല. സാഗര്‍ കോട്ടപ്പുറം പറഞ്ഞ പോലെ വായനക്കാരന്‍റെ ഉള്ളിലേക്ക് നേരിട്ട് പ്രവേശിക്കുകയാണ് നോം. 


നാന 


     ഒള്ളത് പറയാമല്ലോ. ഞാന്‍ കുട്ടിയായിരിക്കുമ്പോ മുതല്‍ ഇപ്പൊ വരെ അവസരം കിട്ടുമ്പോഴെല്ലാം വായിക്കാറുള്ള ഒരു വാരിക ആണ് ഇത്. സിനിമയെ പറ്റിയുള്ള വാര്‍ത്തകള്‍ വായിക്കാനും പടങ്ങള്‍ കാണാനും ആയിരുന്നു പണ്ട് നാന വാങ്ങിയിരുന്നത്. സത്യം പറഞ്ഞാല്‍ നാന മാത്രമല്ല അവരുടെ ഗ്രൂപ്പില്‍ നിന്നു പുറത്തു വരുന്ന കുമാരി, ജ്യോതിഷ രത്നം , കുങ്കുമം  മുതലായവ ഒക്കെ മലയാള സാഹിത്യത്തിനു എന്തൊക്കെ സംഭാവനകള്‍ തന്നിട്ടുണ്ടെന്നു ഇവിടുത്തെ ഒരു സാഹിത്യ പ്രവര്‍ത്തകനും അറിയില്ല. ജന്മം കൊണ്ട് തെലുങ്കന്‍ ആയ കുമാര സ്വാമി റെടടിയാര്‍  സ്ഥാപിച്ചതാണ് ഇത്. ഇത് മാത്രം വായിച്ചു മലയാളം പഠിച്ചിട്ടുള്ള എത്ര ആള്‍ക്കാര്‍ ഉണ്ടെന്നു അറിയാമോ ? എന്നാല്‍ പണ്ട് ഗുണ്ടര്‍ട്ട് എന്നൊരു സായിപ്പു വന്നു നിഘണ്ടു ഉണ്ടാക്കിയതാണ് എല്ലാവര്‍ക്കും വലിയ കാര്യം. മാത്രമല്ല നടുക്കലത്തെ പേജില്‍ ഡിസ്കോ ശാന്തി, സില്‍ക്ക് സ്മിത, അനുരാധ തുടങ്ങിയ പണ്ടത്തെ വിഖ്യാത അഭിനേത്രികളുടെ പോസ്റര്‍   ഉണ്ടാകുമായിരുന്നു. സംഗതി ഇപ്പൊ നമ്മുടെ നടിമാര്‍ കാണിക്കുന്നത് വച്ചു നോക്കുമ്പോള്‍ മേല്‍പറഞ്ഞവരൊക്കെ വെറും പാവങ്ങള്‍ ആയിരുന്നു എന്ന് നോമിന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഈ പോസ്റര്‍ അന്ന് മുടി വെട്ടാന്‍ പോകുമ്പോ ബാര്‍ബര്‍ ഷാപ്പിലും ചായ കുടിക്കാന്‍ പോകുമ്പോ ചായക്കടയിലും എന്തിനു, കൂടെ പഠിച്ച പ്രകാശന്‍റെ വീട്ടില്‍ പോകുമ്പോള്‍ അവന്‍റെ അലമാരക്കകത്തും   ഒട്ടിച്ചു വച്ചിരുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. സത്യം പറഞ്ഞാല്‍ അന്നത്തെ നടിമാരോട് ഉണ്ടായിരുന്ന ആരാധന ഒന്നും ഇന്നത്തെ പ്രേക്ഷകര്‍ക്കില്ല എന്ന് നോമിന് തോന്നുന്നു. ഇപ്പോഴത്തെ നാന കൂടുതല്‍ കളര്‍ പേജ് , സ്വന്തം വെബ്സൈറ്റ്‌ ഒക്കെയായി ഗംഭീരമായി ആണ് പുറത്തിറങ്ങുന്നത്. പത്തില്‍ ആറു മാര്‍ക്ക്.


സിനിമ മംഗളം 


     മംഗളം വാരിക ഇറക്കുന്ന അതെ ആള്‍ക്കാരുടെ വേറൊരു പ്രസിദ്ധീകരണം. ഉള്ളത് പറയാമല്ലോ വാര്‍ത്തകളുടെ സമ്പുഷ്ടി വച്ചു നോക്കുമ്പോ ഇത് നാനയെ വെല്ലും. പല്ലിശേരിയെ പോലുള്ള വളരെ പഴക്കവും തഴക്കവും വന്ന സിനിമ പത്ര പ്രവര്‍ത്തകര്‍ ഒക്കെ ഇപ്പൊ സിനിമ മംഗളത്തില്‍ ആണ് ഇപ്പൊ എഴുതുന്നത്‌. മാത്രമല്ല നാന ഇപ്പൊ ഡീസന്റ് ആയതു കൊണ്ട് അധികം പടങ്ങള്‍ ഒന്നും ഇടാറില്ല. എന്നാല്‍ സിനിമ മംഗളം കണ്ടു നോക്കു. വന്‍ പടങ്ങള്‍ ആണ്. ഇങ്ങനെ ഒക്കെ പടം എടുക്കാന്‍ പറ്റുമോ എന്ന് നാഷണല്‍ ജോഗ്രഫിക് ചാനല്‍ വരെ ഇടയ്ക്കിടയ്ക്ക് വിളിച്ചു അന്വേഷിക്കാറുണ്ട്‌. എന്തായാലും കഴിഞ്ഞ രണ്ടു വര്‍ഷമായി ഇതിന്‍റെ ഒരു സ്ഥിരം വരിക്കാരന്‍ ആണ് നോം. 


മലയാള മനോരമ ആഴ്ചപതിപ്പ് 


     മലയാളത്തില്‍ പല ധീരമായ സാഹിത്യ പരീക്ഷണങ്ങളും നടത്തി വിജയക്കൊടി പാറിച്ച വാരിക. ഒന്ന് രണ്ടെണ്ണം ഇവിടെ വിവരിക്കാം. ഒന്നാമതെത് നോവലുകളുടെ ഇടയ്ക്കു ജീവനുള്ള ആള്‍ക്കാരെ വെല്ലുന്ന പടങ്ങള്‍ കയറ്റി ആദ്യമായി പരീക്ഷണം നടത്തിയത് ഇവരാണെന്നാണ്. ആദ്യമാദ്യം ചിത്രങ്ങള്‍ ഉപയോഗിച്ചിരുന്ന ഇവര്‍ പിന്നീട് മോഡലുകളെ വച്ചു ഷൂട്ട്‌ ചെയ്ത ഫോടോഗ്രഫുകള്‍ ഇട്ടിട്ടുണ്ട്. എഴുത്തിനെയും വരയും പ്രൊഫെഷണല്‍ ആയി സമീപിച്ച ആദ്യ വരികയും ആണ് ഇത്. ഇതില്‍ വര്‍ഷങ്ങളോളം പ്രസിദ്ധീകരിച്ചിരുന്ന ഒരു കാര്‍ട്ടൂണ്‍ അവസാനം നൂലാമാലകളില്‍ ആയപ്പോള്‍ ആ കാര്‍ടൂനിസ്റ്റ് പോയാലും തങ്ങള്‍ക്കു ഒന്നുമില്ല എന്ന് വേറൊരു ആളെ കൊണ്ട് അതേ പോലെ വരപ്പിച്ചു തെളിയിച്ചവരാണ് ഇവര്‍. തങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്ന നോവലുകള്‍ സീരിയല്‍ ആക്കി അത് വച്ചു സീരിയലിനും നോവലിനും ഒരു പോലെ പബ്ലിസിടി അടിച്ചെടുത്തത് വേറൊരു തന്ത്രം. ഇതില്‍ വന്നിരുന്ന ഫലിത ബിന്ദുക്കള്‍ കൊണ്ട് തളത്തില്‍ ദിനേശനെ പോലുള്ള പലരും ജീവിതം ഭദ്രമാക്കിയിട്ടുണ്ട്. കൂടുതല്‍ ഒന്നും എഴുതുന്നില്ല. അത്രയ്ക്ക് പ്രശസ്തര്‍ ആണ് ഇവര്‍


മംഗളം വാരിക 


     മുകളില്‍ പറഞ്ഞിരിക്കുന്ന പല പരിപാടികളും ഇവരും കാണിച്ചിട്ടുണ്ട്. ആദ്യമായി ഞാന്‍ മംഗളം വായിച്ചു തുടങ്ങിയത് അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്. അതില്‍ ആദ്യത്തെ പേജില്‍ വായനക്കാര്‍ക്കുള്ള സന്ദേശം എന്ന് പറഞ്ഞു ശ്രീബുദ്ധന്‍റെ വാചകങ്ങള്‍ ഇവര്‍ ഇടുമായിരുന്നു. പിന്നെ വേറൊരു പ്രത്യേകത എന്തായിരുന്നു എന്ന് വച്ചാല്‍ നാടിനെ നടുക്കിയ ആത്മ ഹത്യകളെ പറ്റിയും കൊലപാതകങ്ങളെ പറ്റിയും ഇവര്‍ പ്രസിദ്ധീകരിച്ചിരുന്ന വാര്‍ത്തകള്‍ ആയിരുന്നു. അതും ഫോട്ടോ സഹിതം. തൂങ്ങി മരിച്ചു നില്‍ക്കുന്നവര്‍, വെട്ടും കുത്തും കൊണ്ട് മരിച്ചു കിടക്കുന്നവര്‍ , വണ്ടി കയറി മരിച്ചവര്‍ അങനെ അങ്ങനെ ഓരോ ആഴ്ചയും വായനക്കാരന് എന്തെങ്കിലും പുതുമ കൊടുക്കാന്‍ മംഗളം എന്നും ശ്രദ്ധിച്ചിരുന്നു. സമൂഹത്തിനു ഇങ്ങനത്തെ ഓരോ ഷോക്കുകള്‍ കൊടുത്താലെ സമൂഹ മനസാക്ഷി ഉണരൂ എന്ന് അന്നേ കണ്ടെത്തിയതാണ് ഇവരുടെ നേട്ടം ആയി ദുശ്ശാസ്സനന്‍ കാണുന്നത്. ഇനി ഈ വാരിക വായിച്ചു ആരെങ്കിലും വഴി തെറ്റി പോവുകയാണെങ്കില്‍ അവരെ നേര്‍വഴിക്കു നടത്താനായി കെ എം റോയി എഴുതുന്ന ഇരുളും വെളിച്ചവും എന്നൊരു പംക്തി ഉണ്ടായിരുന്നു. ഇപ്പൊ അത് ഉണ്ടോ ആവോ. ഈ ബാന്‍ഗ്ലൂര്‍ മംഗളം കിട്ടാന്‍ പ്രയാസമാണ്. ലിമിറ്റഡ് എഡിഷന്‍ കാര്‍ പോലെയാണ്. കയ്യില്‍ കിട്ടുന്നതിനു മുമ്പ് ഓടിക്കളയും. 


വെള്ളി നക്ഷത്രം 


     സിനിമ മാസികകളില്‍ ആഡ്യന്‍ ആണ് ഇവന്‍. നല്ല ഡിസൈന്‍, നല്ല പ്രിന്റിംഗ്, നല്ല ലെ ഔട്ട്‌ , നല്ല ചിത്രങ്ങള്‍ എന്നിവയോട് കൂടിയല്ലാതെ ഇത് വരെ ഞാന്‍ വെള്ളിനക്ഷത്രം കണ്ടിട്ടില്ല. അതിനൊരു പത്തു മാര്‍ക്ക് ആദ്യം തന്നെ കൊടുത്തേക്കാം.  വേറൊരു സിനിമ മാസികക്കും ഇല്ലാത്ത ഒരു ഉഗ്രന്‍ പംക്തി ഇതിലുണ്ട്. വായനക്കാരുടെ സംശയങ്ങള്‍ എന്നാണ് ഇതിന്‍റെ പേര്. എന്തൊരു ചോദ്യം ചോദിച്ചാലും ഇവിടെ മറുപടി കിട്ടും. പണ്ട് എത്ര എത്ര കത്തുകള്‍  ഞാന്‍ ഇതിനു അയച്ചിരിക്കുന്നു. അങ്ങനെ ആണ് സില്‍ക്കിന്‍റെ വിലാസം, മമ്മൂട്ടിയുടെ ഫോണ്‍ നമ്പര്‍, മോഹന്‍ ലാലിന്‍റെ കരമടച്ച രസീതിന്റെ ഡേറ്റ് , ഷോണ്‍ കോണറിയുടെ ഭാര്യയുടെ ബോയ്‌ ഫ്രണ്ട് ന്‍റെ പേര് ഒക്കെ ഞാന്‍ പഠിച്ചത്. മാത്രമല്ല ചില വായനക്കാരുടെ കത്തുകള്‍  കണ്ടാല്‍ നമുക്ക് മലയാളികളോട് ശരിക്കും ബഹുമാനം തോന്നും. അതായതു ഇപ്പൊ മഞ്ജു വാരിയരുടെ വിവാഹം കഴിഞ്ഞാല്‍ ഉടന്‍ ആള്‍ക്കാര്‍ അയക്കുന്ന ചോദ്യം എന്താണെന്നോ ? ദിലീപ് എന്നാ പുള്ളിക്കാരതിയെ മൊഴി ചോല്ലുന്നതെന്ന്. പിന്നൊരു കാര്യമുണ്ട്. പത്രാധിപര്‍ പറഞ്ഞാല്‍ പിന്നെ അത് അന്തിമമായിരിക്കും. സ്വന്തം അച്ഛനും അമ്മയും പറഞ്ഞാല്‍ പോലും വിശ്വാസം വരാത്ത കാര്യങ്ങള്‍ ഒക്കെ പത്രാധിപര്‍ പറയുന്നത് ഞാന്‍ അക്ഷരം പ്രതി വിശ്വസിച്ചിട്ടുണ്ട്. 


ക്രൈം 


മാസികയുടെ പടം കിട്ടിയില്ല. പത്രാധിപരുടെ പടം ഇടം. മുഖം ഓര്‍ത്തു വച്ചോ 

     ഹോസ്റലില്‍ നിന്നു പഠിക്കുന്ന ഓരോ മലയാളി വിദ്യാര്‍ത്ഥിയും പാഠപുസ്തകങ്ങളെക്കാള്‍ സ്നേഹിക്കുന്ന ഒരു വാരിക. ഒരിക്കലെങ്കിലും ക്രൈം വായിച്ചിട്ടില്ലാത്ത ഒരാള്‍ കേരളത്തില്‍ ഉണ്ടാവില്ല. ഇതിന്‍റെ അനവധി ഡ്യൂപ്പുകള്‍ തന്നെ ക്രൈം നേടിയ  പ്രശസ്തിക്കു തെളിവാണ്. ഐ വി ശശിയെ പോലെ തൊപ്പി വച്ച ഇതിന്‍റെ പത്രാധിപര്‍ എന്നും എനിക്കൊരു അത്ഭുതം ആയിരുന്നു. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയ്ക്ക് ശേഷം ഒരു വാര്‍ത്ത‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ഇത്രയ്ക്കു പീഡനം അനുഭവിച്ച വേറൊരു മനുഷ്യന്‍ കേരളത്തില്‍ ഉണ്ടാവില്ല. അദ്ദേഹത്തെ തല്ലുന്നതില്‍ കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും എന്നും ഒറ്റക്കെട്ടായിരുന്നു. എല്ലാ കലാകാരന്മാരും ഒറ്റക്കെട്ടായിരുന്നു. എന്തിനു കേരളത്തിലെ എല്ലാ ജില്ലകളിലെയും തല്ലുകളെ പറ്റി ഒരു താരതമ്യ പഠനം നടത്തം എന്ന് എന്നെങ്കിലും കേരള സര്‍വകലാശാലയിലെ ഒരു വിദ്യാര്‍ഥി തീരുമാനിച്ചാല്‍ അവനു ഇതിനെക്കാള്‍ പറ്റിയ ഒരാളെ ഗൈഡ് ആയി കിട്ടാനില്ല. പിന്നെ പലരും വിചാരിക്കുന്നത് പോലെ ക്രൈമില്‍ ഇപ്പൊ പണ്ടത്തെ പോലെ അശ്ലീല ഫോട്ടോകള്‍ ഒന്നും വരാറില്ല. ഒരു കണക്കില്‍ നോക്കിയാല്‍ തെഹെല്‍ക ചെയ്യുന്നതാണ്‌ ക്രൈമും ചെയ്യുന്നത്. എന്നിട്ടും തരുണ്‍ ജെ തെജ്പാലിനെ പോലെ നന്ദകുമാര്‍ പ്രസിദ്ധന്‍ ആവാത്തത് വിധി വൈപരീത്യം എന്നല്ലാതെ എന്ത് പറയാന്‍.


ഫയര്‍ 


ഇടാന്‍ പറ്റിയ പടങ്ങള്‍ ഒന്നും കിട്ടിയില്ല. നല്ല പച്ച അശ്ലീലം. ഹോ ..!!

പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ സംഗതി തീപ്പൊരി ആണ്. തുണ്ട് കഥകള്‍, തുണ്ട് പടങ്ങള്‍ എന്ന് തുടങ്ങി ലൈംഗിക സംശയങ്ങള്‍ക്ക് മറുപടി കൊടുക്കുന്ന ഒരു ലോക്കല്‍ കോത്താരി ഡോക്ടര്‍ വരെ ഇതിലുണ്ട്. കല കൌമുദി, വെള്ളി നക്ഷത്രം മുതലായ വാരികകള്‍ പുറത്തിറക്കുന്ന കേരളത്തിലെ പഴക്കം ചെന്ന സ്ഥാപനങ്ങളില്‍ ഒന്ന് ഇപ്പൊ ഇങ്ങനൊരു സാധനം ഇറക്കി വിടുന്നത് എന്തിനാവും ? മറ്റു വാരികകള്‍ ഉണ്ടാക്കുന്ന സാമ്പത്തിക ബാധ്യത തീര്‍ക്കാനോ അതോ തങ്ങള്‍ ഏത്‌ ലെവല്‍ വരെയും പോകും എന്ന് കാണിക്കാനോ? എന്തായാലും സംഗതി ജോര്‍ ആണ്. പെട്ടിക്കടകളില്‍ ചെന്നു നോക്കിയാല്‍ ചിലപ്പോ ഒരു കലാ കൌമുദിയോ മാതൃഭൂമിയോ വില്‍ക്കാതെ കിടക്കുന്നത് കണ്ടേക്കും. എന്നാല്‍ ഒരിക്കലും ഒരു ഫയര്‍ നിങ്ങള്‍ക്ക് കാണാന്‍ കിട്ടില്ല. സത്യം .


മുത്തുച്ചിപ്പി -




കേരളത്തിലെ ഒരു കൊടി കെട്ടിയ വാരികയും പരീക്ഷിച്ചിട്ടില്ലാത്ത ഒരു സംഗതി പരീക്ഷിച്ചു വിജയിച്ച ഒരു വാരിക. ബാലരമയുടെയും ബാല മംഗളത്തിന്റെയും വലിപ്പത്തില്‍ വലിയ ആള്‍ക്കാര്‍ക്ക് വേണ്ടി ഒരു വാരിക. മാത്രമല്ല ഓരോ ആഴ്ചയും രണ്ടു മുഴുവന്‍ നോവലുകള്‍. വിത്ത്‌ കളര്‍ഫുള്‍ പടംസ്. വിലയോ പത്തു രൂപ മാത്രം. എവിടെ കിട്ടും ഇങ്ങനൊരെണ്ണം ? ചുമ്മാതല്ല മില്‍സ് ആന്‍ഡ്‌ ബൂണ്‍ ഒന്നും ഇവിടെ പച്ച പിടിക്കാതിരുന്നത്. ഹി ഹി.


മനോരാജ്യം 


നിന്നു പോയത് കൊണ്ടാവും. ഗൂഗിളില്‍ ഇറങ്ങി തപ്പിയിട്ടു പോലും ഒരു പടം കിട്ടാനില്ല 


     ഇത് പണ്ട് കോട്ടയത്ത്‌ നിന്നു ഇറങ്ങിയിരുന്നതാ. എന്താന്നറിയില്ല പിന്നീട് നിന്നു പോയി. മംഗളത്തിന്റെയും മനോരമയുടെയും ലൈന്‍ ആയിരുന്നെങ്കിലും കുറച്ചു മാന്യന്‍ ആയിരുന്നു. മാത്രമല്ല പദ്മരാജനെ പോലുള്ള പ്രശസ്തര്‍ എഴുതിയിരുന്ന നോവലുകള്‍, ഇന്നലെ , ഞാന്‍ ഗന്ധര്‍വന്‍ മുതലായ സിനിമകളുടെ തിരക്കഥകള്‍ ഖണ്ടശ പ്രസിദ്ധീകരിക്കാന്‍ ധൈര്യം കാട്ടിയ ഒരു വാരിക ആയിരുന്നു ഇത്. അതില്‍ എഴുതാന്‍ അന്ന് പദ്മരാജനെ പോലുള്ള ഒരാള്‍ തയ്യാറായിരുന്നു എന്നതും ശ്രദ്ധേയമായ ഒരു കാര്യമാണ്. ഇന്ന് കേരളത്തിലെ ഏത്‌ സിനിമാക്കാരന്‍ അതിനു തയ്യാറാവും ? കുറച്ചു കാലം കഴിഞ്ഞപ്പോള്‍ ഗുഡ്നൈറ്റ്‌ മോഹന്‍ ഇത് വാങ്ങി. പിന്നെ കുറെ നാള്‍ ഇത് അവരുടെ സിനിമകളുടെ പരസ്യപലക പോലെ ആയിരുന്നു. എന്തായിരുന്നാലും ഇപ്പൊ ഇത് നിലവിലില്ല. ആരെങ്കിലും ബാക്ക്ഗ്രൌണ്ട് വെരിഫിക്കേഷന് പോവാന്‍ പ്ലാനുണ്ടെങ്കില്‍ ആദ്യമേ തന്നെ പറഞ്ഞേക്കാം. 


ഇതില്‍ വിട്ടു പോയ ഒരുപാടു പേരുകള്‍ ഉണ്ട്. നിങ്ങള്‍ക്ക് അറിയാവുന്നത് ഇവിടെ പങ്കു വയ്ക്കാന്‍ ശ്രമിക്കുമല്ലോ അല്ലേ ? വരും തലമുറയ്ക്ക് ചെയ്യുന്ന ഒരു സേവനം ആയിരിക്കും അത്. 


വാല്‍കഷണം 
ഇവിടെ പരാമര്‍ശിച്ചിട്ടുള്ള ഒരു പ്രസിദ്ധീകരണവും വെറും തറയാണെന്ന് വ്യക്തിപരമായി ഞാന്‍ വിശ്വസിക്കുന്നില്ല. കേരളത്തിലെ കുറച്ചെങ്കിലും മനുഷ്യരെ ഏതെങ്കിലും രീതിയില്‍ തൃപ്തിപ്പെടുത്താന്‍ ഇവയ്ക്കു കഴിഞ്ഞിരുന്നു. അത്യന്തികം ആയി കലയുടെ ലക്‌ഷ്യം മനുഷ്യന്‍റെ രസ മുകുളങ്ങളെ ഉത്തേജിപ്പിക്കുക എന്നതാണല്ലോ. ആസ്വാദന നിലവാരം നിര്‍വചിക്കേണ്ടത്‌ വായനക്കാരന്‍ തന്നെയാണ് എന്നാണ് എനിക്ക് തോന്നുന്നത്. അത് കൊണ്ട് തന്നെ ഇത് ഇപ്പറഞ്ഞ പ്രസിധീകരനങ്ങളെ കളിയാക്കുക എന്നാ ഉദ്ദേശത്തോടു കൂടി എഴുതിയതല്ല 

2010, ജൂലൈ 27, ചൊവ്വാഴ്ച

കണ്ടാല്‍ വികിപീടിയ തന്നെ. എന്നാല്‍ കയ്യിലിരുപ്പോ.. ഹെന്‍റമ്മേ .. !!!

കണ്ടാല്‍ വികിപീടിയ തന്നെ. എന്നാല്‍ കയ്യിലിരുപ്പോ.. ഹെന്‍റമ്മേ .. !!!

     ഈ വാര്‍ത്ത‍ വായിച്ചിട്ടു ചിരി വന്നിട്ട് സഹിക്കാന്‍ വയ്യ. അമ്മാതിരി പണി ആണ് അമേരിക്കക്ക് കിട്ടിയിരിക്കുന്നത്. എന്തൊക്കെയായിരുന്നു വാചകം. മലപ്പുറം കത്തി, മെഷീന്‍ ഗണ്‍ എന്ന് വേണ്ട ടാവടിക്കുന്നതില്‍ ഒരു ലിമിറ്റും ഇല്ലായിരുന്നു. അത് മാത്രമോ. ഇംഗ്ലീഷ് സിനിമ വല്ലതും കണ്ടു കഴിഞ്ഞാല്‍ എല്ലാം ബാക്കി രാജ്യങ്ങളെ പറ്റിക്കുന്നതും അവരുടെ സീക്രട്ട് ഒക്കെ അടിച്ചോണ്ട് പോകുന്നതും ആയിരുന്നു. എന്നിട്ട് ഇപ്പൊ അമേരിക്ക ആരായി എന്ന് നോക്കു. ഒന്നും രണ്ടുമല്ല ആറു വര്‍ഷം യു എസ് അഫ്ഗാനിസ്ഥാനില്‍ നടത്തിയ യുദ്ധത്തിന്‍റെ പുറത്തു വിട്ടിട്ടില്ലാത്ത വിവരങ്ങള്‍ ഒറ്റയടിക്ക് പുറത്തായി. 

വികിലീക്സ് എന്നൊരു സൈറ്റ് ഉണ്ട്. വികിപീടിയയുടെ ചുവടു പിടിച്ചു വന്നിരിക്കുന്ന ഈ സൈറ്റ് 2007 മുതല്‍ നിലവിലുണ്ട്. ഇതിന്‍റെ ലക്‌ഷ്യം  എന്താന്നു വച്ചാല്‍ നമ്മള്‍ സീക്രെട്ട് സീക്രെട്ട് എന്ന് പറഞ്ഞു സൂക്ഷിക്കുന്ന എന്തെങ്കിലും വിവരം ഉണ്ടെങ്കില്‍ അത് പുറത്താക്കുക എന്നതാണ്. ഇത് കേള്‍ക്കുമ്പോ നിങ്ങള്‍ക്ക് തോന്നും ഇത് തന്നെയല്ലേ നമ്മുടെ നാട്ടിലുള്ള ക്രൈം, ഫയര്‍  മുതലായ വാരികകള്‍ ഒക്കെ ചെയ്യുന്നതെന്ന്. എന്നാല്‍ ഇവിടെ ഒരു ചെറിയ വ്യത്യാസം ഉണ്ട്. ശക്തമായ ഒരു ജനാധിപത്യം നിലവില്‍ വരുത്താനും സാധാരണക്കാരന്‍റെ അവകാശങ്ങള്‍ സംരക്ഷിക്കാനും സര്‍വോപരി അഴിമതി തടയുക എന്നതു മുന്‍ നിര്‍ത്തിയും ആണ് വികി ലീക്സ് പ്രവര്‍ത്തിക്കുന്നത്. സുതാര്യമായ ഒരു സിസ്റ്റം താരതമ്യേന മികച്ചതായിരിക്കും എന്ന ലളിതമായ തത്വം.ഇതൊക്കെ കേള്‍ക്കുമ്പോള്‍ ഇതൊരു ചെറിയ സംഗതി ആണെന്ന് കരുതരുത്. വികി ലീക്സ് ന്‍റെ ഹോം പേജില്‍ പറയുന്നത് ശരിയാണെങ്കില്‍ 2007 ലെ കെനിയ തിരഞ്ഞെടുപ്പില്‍ നേതാവായിരുന്ന ഡാനിയല്‍ മരപ് മോയ് പുറത്തു വിട്ട ഇരുനൂറു കോടി ഡോളറിന്‍റെ അഴിമതി കഥകള്‍ മൊത്തം പോലെ ചെയ്ത വോട്ടിന്റെ പത്തു ശതമാനത്തോളം മറിക്കുന്നതില്‍ ആണ് കലാശിച്ചത്. 

     തങ്ങള്‍ക്കു ലഭിക്കുന്ന വിവരങ്ങളുടെ ഉറവിടം അത്യന്താധുനിക സാങ്കേതിക വിദ്യകളും ക്രിപ്ടോഗ്രാഫിക് സങ്കേതങ്ങളും ഉപയോഗിച്ച് രഹസ്യമായി ആണ് ഇവര്‍ സൂക്ഷിക്കുന്നത്. വികിപീടിയയില്‍ നിന്നു വ്യത്യസ്തമായി വിവരങ്ങള്‍ സെന്‍സര്‍ ചെയ്യാനോ മാറ്റി മറിക്കാണോ സാധ്യമല്ല. താങ്ങള്‍ ചെയ്യുന്നതിനെ 'Principled Leaking' എന്നാണ് വികി ലീക്സ് വിളിക്കുന്നത്‌. വളരെ രസകരമായ വിവരങ്ങള്‍ ഈ സൈറ്റില്‍ നിങ്ങള്‍ക്ക് കാണാം. രാഷ്ട്രീയക്കാരെ മാത്രമല്ല കുത്തക കമ്പനികള്‍, ശക്തി കേന്ദ്രങ്ങള്‍ മുതലായവരും ഇവരുടെ കണ്ണുകള്‍ നിരീക്ഷിക്കുന്നുണ്ട്. വമ്പന്‍ രഹസ്യം എന്ന് പറഞ്ഞു നമ്മളെ ഒന്നും കാണിക്കാതെ രാജ്യങ്ങളും സ്ഥാപനങ്ങളും മറ്റും ഒളിച്ചു വച്ചിരിക്കുന്ന പല രേഖകളും ഇവിടെ വന്നാല്‍ കണ്ടു രസിക്കാം.

ദുശ്ശാസ്സനന്‍ വെറുതെ അതില്‍ കയറി ഇന്ത്യ എന്ന് സെര്‍ച്ച്‌ ചെയ്തു നോക്കി. ദാ കിടക്കുന്നു. ആകെ തമാശ. ഇന്ത്യയില്‍ നടപ്പിലാക്കാന്‍ പോകുന്ന യൂനിക് ഐ ടിയെ പറ്റിയുള്ള രഹസ്യ രേഖ . മാത്രമല്ല ഇതിനെ പറ്റിയുള്ള സകല വിവരങ്ങളും ( നടപ്പിലാക്കാനുള്ള ഉദ്ദേശ ചിലവായ 3000 കോടിയുടെ കണക്കു സഹിതം ). കിംഗ്‌ ഫിഷര്‍ - എയര്‍ ഡെക്കാന്‍ - എയര്‍ സ്പീഡ് ലീസ് അഗ്രീമെന്റ് ( Kingfisher CLO & Company Secretary ആയ ഭരത് രാഘവന്‍ ഒപ്പ് വച്ച രേഖ ),
ഗോവയില്‍ പണ്ട് മുങ്ങി മറിച്ചു എന്ന് കരുതിയിട്ടു പിന്നീട് കൊലപാതകം എന്ന് തെളിഞ്ഞ , ബ്രിട്ടീഷ്‌ വിദ്യാര്‍ത്ഥിനി ആയിരുന്ന സ്കാര്‍ലെറ്റ് കീലിങ്ങിന്‍റെ കേസുമായി ബന്ധപ്പെട്ട അനവധി രേഖകള്‍ ( ആയിരത്തി ഇരുനൂറു പേജ് വരുന്ന ഇ-മെയിലുകള്‍ ഉള്‍പ്പെടെ ), 2002 ഇല്‍ കശ്മീര്‍ താഴ്വരയില്‍ നടന്ന തെരഞ്ഞെടുപ്പിന്‍റെ രേഖകള്‍ അങ്ങനെ അനേകം ഔദ്യോകിക രഹസ്യ രേഖകള്‍ ഇവിടെ വായിക്കാം. 

മുകളില്‍ പറഞ്ഞ അഫ്ഘാന്‍ യുദ്ധ രേഖകള്‍ ഇത് വരെ മാധ്യമങ്ങളില്‍ വരാത്ത പല ഞെട്ടിക്കുന്ന വാര്‍ത്തകളും നിങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്നു. ചിലത് കേട്ടോളു

1. താപ നില തിരിച്ചറിഞ്ഞു ലക്‌ഷ്യം കണ്ടു പിടിക്കാന്‍ കഴിവുള്ള ചെറിയ മിസ്സിലുകള്‍ താലിബാന്‍ ഉപയോഗിച്ചിരുന്നു.    ഈ വാര്‍ത്ത‍ അമേരിക്ക ഇത് വരെ പുറത്തു വിട്ടിട്ടില്ല. 1980 ഇല്‍ മുജാഹിദ്ദീന്‍ സോവിയറ്റ് ആര്‍മിയെ പരാജയപ്പെടുത്താന്‍  ഉപയോഗിച്ച മുഖ്യ ആയുധം ഇതായിരുന്നു. 

2. എഴുപതിലധികം കമാണ്ടോകളെ തിരിച്ചറിഞ്ഞു കൊലപ്പെടുത്താന്‍ വേണ്ടി ഒബാമയുടെ ആശിര്‍വാദത്തോടെ രൂപം കൊടുത്ത ഒരു ടാസ്ക് ഫോഴ്സ് ആണ്   Task ഫോഴ്സ് 373 . എന്നാല്‍ ചിലപ്പോഴെങ്കിലും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ സാധാരണ പൌരന്മാരെ ആള് മാറി കൊലപ്പെടുത്തുന്നതില്‍ ആണ് അവസാനിച്ചത്‌. ഈ വാര്‍ത്തകളൊന്നും ഒരിക്കലും പുറത്തു വരാറില്ല

3. അഫ്ഗാനിസ്ഥാനില്‍ അവിടത്തെ ചാര ഏജന്സിക്ക് സാമ്പത്തിക സഹായം ചെയ്തു തങ്ങളുടെ ഒരു സബ്സിടയറി പോലെ അമേരിക്ക ഉപയോഗിക്കുന്നുണ്ട്. 

ഇങ്ങനെ ഇങ്ങനെ ഒരുപാടു രഹസ്യങ്ങള്‍. ഇന്ന് തന്നെ വികി ലീക്സ് വായിച്ചു നോക്കു. ഇങ്ങനൊരെണ്ണം നമ്മുടെ നാട്ടിലും ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നുന്നില്ലേ ? 

2010, ജൂലൈ 23, വെള്ളിയാഴ്‌ച

അഭിനന്ദനങ്ങള്‍ സുഹൃത്തുക്കളേ... !!!

നമ്മുടെ ചുറ്റിനും ഉള്ള ചില സുഹൃത്തുക്കള്‍ ചെയ്ത ഒരു നല്ല കാര്യത്തെ പറ്റി ആണ്. വെറുതെ ഒരു നല്ല കാര്യം എന്ന് എഴുതിയാല്‍ അതിന്‍റെ യഥാര്‍ത്ഥ അര്‍ഥം വരുമോ എന്തോ. കാരണം ഇപ്പോഴത്തെ സമൂഹത്തില്‍ ജീവിക്കുന്ന പലരും കൈ നനയാതെ മീന്‍ പിടിച്ചു ജീവിക്കുമ്പോള്‍ കഷ്ടപ്പെടുന്ന നമ്മുടെ സഹ ജീവികള്‍ക്ക് വേണ്ടി അല്പം സമയം കണ്ടെത്താന്‍ കുറച്ചു സുഹൃത്തുക്കള്‍ നടത്തിയ നല്ല ഒരു ഉദ്യമം. എന്‍റെ ബ്ലോഗ്ഗര്‍ സുഹൃത്തായ ആഷ്ലി യുടെ   ബ്ലോഗില്‍ നിന്നാണ് ഇതിനെ പറ്റി കൂടുതല്‍ അറിഞ്ഞത്. വിശദ വിവരങ്ങള്‍ ഇവിടെ വായിക്കാം

മുകളിലത്തെ ഫ്രെയിം കാണാന്‍ പറ്റുന്നില്ലെങ്കില്‍ ഇവിടെ ക്ലിക്കിന്‍
ഇനി ഇത് എന്തായി എന്നറിയാന്‍ താഴോട്ട് നോക്കു.

ഇതും കാണാന്‍ പറ്റുന്നില്ലെങ്കില്‍ ദാ ലിവിടെ ക്ലിക്കൂ 


ഞാന്‍ മനപൂര്‍വമാണ് കൂടുതല്‍ വിവരങ്ങള്‍ ഇവിടെ എഴുതാത്തത് . നിങ്ങള്‍ ആ ബ്ലോഗില്‍ തന്നെ പോയി മനസ്സിലാക്കൂ.എന്തായാലും ആ പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍. അടുത്ത തവണ ഇത് നടക്കുമ്പോള്‍ അറിയ്ക്കാന്‍ ഞാന്‍ അഭ്യര്തിച്ചിട്ടുണ്ട്. 

2010, ജൂലൈ 22, വ്യാഴാഴ്‌ച

വാട്ട്‌ ആന്‍ ഐഡിയ സര്‍ജീ .. !!!



ഒരു വന്‍ റിയാലിറ്റി ഷോ !!!

( ഇത് ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന പരിപാടിയുടെ ലോഗോ അല്ല )

( പണ്ട് സ്കൂളില്‍ പഠിക്കുമ്പോ പരീക്ഷക്ക്‌ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ഒരു പാരഗ്രാഫ് തരും. അത് വായിച്ചിട്ടു അതിന്‍റെ ചുവട്ടില്‍ കൊടുത്തിരിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതണം. അങ്ങനത്തെ ഒരു ചോദ്യം. ഒന്ന് ട്രൈ ചെയ്തു നോക്കു. പൊതു വിജ്ഞാനം വളര്‍ത്താം. )

     മലയാളത്തിലെ ഒരു പ്രമുഖ ചാനലില്‍ നടന്നു വരുന്ന റിയാലിറ്റി ഷോയില്‍ ആണ് ഇത് സംഭവിച്ചത്. ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ ഒരു പെണ്‍കുട്ടി വന്നു. ഇതില്‍ പാട്ട് മാത്രമല്ല ഡാന്‍സ്, അഭിനയം, കരച്ചില്‍ മുതലായ കല പരിപാടികളും ഉണ്ട്. അപ്പൊ കുട്ടികളെ ഡാന്‍സ് പഠിപ്പിക്കാന്‍ വേണ്ടി ഒരു മാഷിനെ ചാനല്‍ വച്ചിട്ടുണ്ട്. പരിപാടിയുടെ നാലാമത്തെ ഭാഗത്തില്‍  തന്നെ ഈ ഗായിക ഔട്ട്‌ ആയി. പക്ഷെ എന്ത് പറയാന്‍. ആദ്യ ഭാഗത്തില്‍ തന്നെ സുന്ദരനായ ഈ ഡാന്‍സ് മാഷ്‌ പുള്ളിക്കാരിയുടെ ഹൃദയത്തില്‍ കയറിപ്പറ്റി ഒരു പ്ലോട്ട് ബുക്ക്‌ ചെയ്തു. അതുകൊണ്ട് മത്സരത്തില്‍ നിന്നു ഔട്ട്‌ ആയിട്ടും ഗായിക സ്റ്റുഡിയോയില്‍ പോക്ക് നിര്‍ത്തിയില്ല. വീട്ടുകാര്‍ വിചാരിച്ചു പരിപാടിയില്‍ തകര്‍ക്കുകയാണ് മകള്‍ എന്ന്. ഇപ്പൊ ഫ്ലാറ്റ് അടിച്ചെടുക്കും എന്നും. പക്ഷെ ഒരു ദിവസം പതിവ് പോലെ സ്ടുടിയോയിലേക്ക് എന്ന് പറഞ്ഞു പോയ മകള്‍ പരിപാടിയിലെ എലിമിനേഷന്‍ റൌണ്ട് പോലെ അപ്രത്യക്ഷ ആയി. ഒടുവില്‍ ഡാന്‍സ് മാഷിനോടൊപ്പം പുള്ളിക്കാരിയെ കണ്ടു കിട്ടി. വീട്ടുകാര്‍ കാല് പിടിച്ചു പറഞ്ഞിട്ടും ഗായിക മംഗളം പാടി അവരെ ഉപേക്ഷിച്ചു. മാഷിനോടൊപ്പം പോയാല്‍ മതി എന്ന് പുള്ളിക്കാരി മജിസ്രെട്ടിന്റെ മുന്നില്‍ തുറന്നു പറഞ്ഞു. എന്തായാലും ഇപ്പൊ കക്ഷി ഈ പരിപാടിയുടെ അഞ്ചാം സീസണിലേക്ക് പ്രവേശനം നേടിയിട്ടുണ്ട്. ഫ്ലാറ്റ് കിട്ടുമോ ഫ്ലാറ്റ് ആവുമോ എന്ന് നമുക്ക് നോക്കാം. 

ഇനി ചോദ്യങ്ങള്‍ വായിച്ചിട്ടു ഉത്തരം തെരഞ്ഞെടുക്കുക 

1. ഈ പരിപാടി പൈസ ഉണ്ടാക്കാനുള്ള ഒരു വന്‍ ______ ആയിരുന്നു  ( 5 Marks  )
    a. ഐഡിയ b. തന്ത്രം c. തട്ടിപ്പ്

2. ഇവിടെ പരാമര്‍ശിച്ചിരിക്കുന്ന ഡാന്‍സ് മാഷിന്‍റെ പേരുള്ള ഒരു തമിള്‍ നടന്‍   അഭിനയിച്ച മലയാള ചിത്രം   ( 3 Marks ) 
    a. കാട്ടു കുതിര b. കണ്ണെഴുതി പൊട്ടും തൊട്ടു c. പോക്കിരി രാജാ 

3. ഈ ഗായികയുടെ പേര് സംഗീതത്തിലെ ഒരു സംഗതി ആണ്.. എന്താ അത് ? ( 2 Marks )
    a. രാഗം b. താളം c. ശ്രുതി 

4. ഈ ചാനല്‍ 'വല' വിരിച്ചിരിക്കുന്നത് ഏത്‌ ഭൂഖണ്ടതിനു കുറുകെ ആണ് ? ( 5 Marks )
   a. ഏഷ്യ b. ആഫ്രിക്ക c. അമേരിക്ക 

5. ഈ പരിപാടിയുടെ അവതാരക ഉപയോഗിക്കുന്ന ഭാഷ  ( 5 Marks )
    a. മലയാളം b. ഇന്ഗ്ലിഷ് c. മംഗ്ലീഷ് 

6. ഈ പരിപാടിയില്‍ വന്നു പണ്ട് ഒരു ഗായികയെ അടിച്ചു കൊണ്ട് പോയ തമിഴന്‍ നടന്‍. പേരിന്‍റെ ആദ്യ അക്ഷരം പാലായില്‍ ഇല്ല. ബാലേട്ടനില്‍ ഉണ്ട്. ബിനാക്കയില്‍ ഇല്ല. ബാജിയില്‍ ഉണ്ട്. ഈ ചേട്ടന്‍ അഭിനയിച്ച ഒരു മലയാളം പടം ?
a. തൊമ്മനും മക്കളും b. സൌണ്ട് ഓഫ് ബൂട്ട് c. കാക്കക്കും പൂച്ചക്കും കല്യാണം  

  
ഈ വാര്‍ത്ത‍ ഞാന്‍ ഉണ്ടാക്കിയതല്ല കേട്ടോ. ഒരു വന്‍ പത്രത്തില്‍ വന്നതാ. വേണേല്‍ വായിച്ചു നോക്കിക്കോവര്‍ഷ പരീക്ഷക്ക്‌ പൊട്ടാതെ രക്ഷപെടാം. പരീക്ഷക്ക്‌ തോറ്റാല്‍ അച്ഛന്‍ ചെവിക്കു പിടിക്കും ട്ടോ ..

2010, ജൂലൈ 21, ബുധനാഴ്‌ച

ഇതാണ് ശരിക്കും മോര്‍ഫിംഗ് - കണ്ടു നോക്ക്

     ഉപയോഗിച്ച് ഉപയോഗിച്ച് അര്‍ഥം തന്നെ മാറിപോയ ഒരു വാക്കാണ്‌ മോര്‍ഫിംഗ്. ഏതെങ്കിലും നടിയുടെ അശ്ലീല ചിത്രങ്ങള്‍ വന്നു കഴിഞ്ഞാല്‍ ഉടന്‍ തന്നെ നടി അടിച്ചു വിടുന്നത് കേള്‍ക്കാം ഇതൊക്കെ മോര്‍ഫിംഗ് ആണെന്ന്. അവസാനമായി അത് പറഞ്ഞത് രണ്‍ജിത ചേച്ചി ആണ്. എന്നാ പിന്നെ എന്താണീ മോര്‍ഫിംഗ് എന്ന് ഒന്ന് മനസിലാക്കാം എന്ന് കരുതി ഒരു ചെറിയ അന്വേഷണം ഒക്കെ നടത്തി. ദുശ്ശാസ്സനനു അപ്പൊ ഒരു കാര്യം പിടി കിട്ടി. നമ്മള്‍ അധികം ഒന്നും ശ്രദ്ധിക്കാത്ത ഒരിടത്താണ് ഇപ്പൊ ശരിക്കും മോര്‍ഫിംഗ് നടന്നു കൊണ്ടിരിക്കുന്നത്. ഒരു സോഫ്റ്റ്‌വെയറും ഉപയോഗിക്കാതെയുള്ള വമ്പന്‍ മോര്‍ഫിംഗ്. കണ്ടു നോക്കു. കുറച്ചു വിവരണവും ചേര്‍ത്തിട്ടുണ്ട്. 'സംഗതി ' നന്നായി മനസ്സിലാവാന്‍. ഒരല്‍പം അശ്ലീലം ആണ്.
പ്രായ പൂര്‍ത്തിയായവര്‍ ( ഒരു തവണ എങ്കിലും ) വായിച്ചാല്‍ മതി.  അല്ലാത്തവര്‍ കണ്ടു പിഴച്ചു പോയാല്‍ ഞാന്‍ ഉത്തരവാദി അല്ല.



കൃപ - ഈ കുട്ടിയെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ ? ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തില്‍ അദ്ദേഹത്തിന്‍റെ മകളായി അഭിനയിച്ച കുട്ടി. സത്യന്‍ അന്തിക്കാടിന്‍റെ ചിത്രങ്ങളിലും നമ്മള്‍ ഈ കുട്ടിയെ കണ്ടു. നല്ല മലയാളിത്തവും കുലീനത്വവും ഉള്ള ഒരു നടി എന്ന് ആദ്യം തോന്നിച്ച കൃപയുടെ ഇപ്പോഴത്തെ  കോലം കണ്ടു നോക്കു. കലക്കി അല്ലേ ?

ഇത് പഴയത് 

ഇത് പുതിയത് 


രമ്യ നമ്പീശന്‍ - ഹെന്‍റമ്മോ.. പുള്ളിക്കാരി സിനിമയില്‍ വന്നപ്പോ എന്തായിരുന്നു വാചകം. ശരീര പ്രദര്‍ശനത്തിനു തയ്യാറല്ല. അത് കൊണ്ട് എനിക്ക് തമിള്‍ തെലുഗ് ഒന്നും വേണ്ട എന്നൊക്കെ അല്ലായിരുന്നോ ടയലോഗ്. ഇപ്പൊ കണ്ടോ അവസ്ഥ ?

പഴയ രമ്യ .. എന്തൊരു ഐശ്വര്യം അല്ലേ ? 

ഇപ്പോഴോ ? 


ഭാവന - നമ്മളില്‍ അഭിനയിച്ചപ്പോ എന്താ എല്ലാവരും കരുതിയത്‌. പാവം നല്ലൊരു കുട്ടി. മലയാള സിനിമയ്ക്കു ഒരു നായിക നടി കൂടി എന്ന്. നമ്മളില്‍ ആകെ കരി പൂശി അഭിനയിപ്പിച്ചതിനു എല്ലാവരും കുറ്റം പറഞ്ഞില്ലേ. ഇപ്പൊ കണ്ടോ. ആ വാശി തീര്‍ക്കുകയാണ് പുള്ളിക്കാരി എന്ന് തോന്നുന്നു..

പഴയ ഭാവന ഇങ്ങനെയായിരുന്നു 

എന്നാല്‍ പുതിയതോ ? അന്യായം തന്നെ അണ്ണാ 

ഷംന കാസിം - ഫ്ലാഷ് കണ്ടില്ലേ ? അതില്‍ പാര്‍വതിയുടെ കൂട്ടുകാരി. പുള്ളിക്കാരി ഇപ്പൊ പൂര്‍ണ എന്ന് പേര് മാറ്റി സിനിമക്ക് 'പൂര്‍ണമായും' അര്‍പ്പിച്ചിരിക്കുകയാണ്.

ഇത് സിനിമയില്‍ വന്നപ്പോ ഉള്ള രൂപം 

ഇപ്പൊ പുള്ളിക്കാരി പേരും രൂപവും ഒക്കെ മാറ്റി. എന്നാലും ഒടുക്കലത്തെ മാറ്റം ആയിപ്പോയി 

നവ്യ നായര്‍ - പുള്ളിക്കാരിയുടെ കല്യാണം ഒക്കെ കഴിഞ്ഞ സ്ഥിതിക്ക് വേണ്ട എന്ന് വിചാരിച്ചതാ. എന്നാലും ഇരിക്കട്ടെ. ഒന്ന് അറിഞ്ഞിരിക്കാമല്ലോ. വേറൊന്നും വിചാരിക്കണ്ട ട്ടാ.  
പഴയ നവ്യ. പാവം ബാലാമണി 

എന്നാല്‍ ഇതോ ? ഭീകരം !! പുള്ളിക്കാരി എന്താണാവോ ഉദ്ദേശിച്ചത് 

മുക്ത - അച്ഛനുറങ്ങാത്ത വീട്, നസ്രാണി എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയും പിന്നീട് അച്ഛനോട് യുദ്ധം പ്രഖ്യാപിച്ചും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്ന മുക്ത ജോര്‍ജ്. ഒരു മാറ്റം ആരാ ഇഷ്ടപ്പെടാത്തത് അല്ലേ ? 
പഴയ മുക്ത 

എല്ലാത്തില്‍ നിന്നും മുക്തി നേടിയ പുതിയ താരം - ഭാനു , അങ്ങനെയാ തമിഴിലെ പേര് 

ഇനി ഇതില്‍ ഉള്‍പെടുത്തിയിട്ടില്ലാത്ത വേറൊരു നടി ഉണ്ട്. നയന്‍ താര. പുള്ളിക്കാരി ആണ് ആദ്യമായി തമിഴിലും തെലുങ്കിലും ഒക്കെ ചെന്നു ഒരു കോടി വരെ പ്രതിഫലം വാങ്ങിയ ഒരു മലയാളി നടി. ഇത്തരം വേഷങ്ങള്‍ ചെയ്യാന്‍ ധൈര്യം കാണിച്ച ഒരു നടി. മനസ്സിനക്കരെയിലും വിസ്മയതുമ്പതിലും ഒക്കെ നല്ല വേഷങ്ങള്‍ അവതരിപ്പിച്ച നയന്‍ താര കേരളത്തിന്‌ പുറത്തു പോയി വേഷം പരമാവധി കുറച്ചു ആണ് പ്രശസ്ത ആയതു. രജനി കാന്ത് പോലുള്ള വന്‍ താരങ്ങളോടൊപ്പം അഭിനയിച്ചും പുള്ളിക്കാരി ചരിത്രം സൃഷ്ടിച്ചു. നയന്‍ താരയെ എന്ത് കോണ്ടാണ് ഇവിടെ ഒന്നും പറയാന്‍ ഞാന്‍ ഇഷ്ടപ്പെടാത്തത് എന്ന് വിശദീകരിക്കാം. മുകളില്‍ പറഞ്ഞിരിക്കുന്ന എല്ലാ നദികളും നടത്തിയത് പോലുള്ള നാടകങ്ങള്‍ ഒന്നും നയന്‍ താര നടത്തിയിട്ടില്ല. വളരെ പ്രൊഫെഷണല്‍ ആയ നീക്കങ്ങളിലൂടെ ( ചിമ്പുവിന്‍റെയും പ്രഭുദേവയുടെ കാര്യവും അല്ല ഇവിടെ ഉദ്ദേശിച്ചത് ) ആണ് ഈ നടി ഈ സ്ഥാനം പിടിച്ചു പറ്റിയത്. അതെ സമയം മുകളില്‍ പറഞ്ഞ പല നടികളും പല അഭിമുഖങ്ങളിലും നയന്‍ താരയെ പോലെ മറ്റു ഭാഷകളില്‍ തുറന്നു അഭിനയിക്കുമോ എന്ന ചോദ്യത്തിനു മറുപടി ആയി നയന്‍ താര എന്തോ പാതകമാണ് ചെയ്യുന്നതെന്ന രീതിയിലും ശരീര പ്രദര്‍ശനത്തിനു ഞങ്ങളെ കിട്ടില്ല എന്നൊക്കെ വച്ചു താങ്ങുന്നത് ഞാന്‍ പല തവണ കണ്ടിട്ടുണ്ട്. എന്നിട്ട് ഒടുവില്‍ ഇവര്‍ ഇങ്ങനെ ഒക്കെ ചെയ്യുന്നത് കാണുമ്പോ മറ്റുള്ളവരും കൂടി കാണട്ടെ എന്ന് കരുതി. പുള്ളിക്കാരി ചെയ്തു കൂട്ടുന്നതൊക്കെ നൂറു ശതമാനം കൊള്ളാം എന്നല്ല ഇതിന്‍റെ അര്‍ഥം. പക്ഷെ നയന്‍ താരയുടെ സത്യാ സന്ധതക്ക് ആണ് ഈ അഭിനന്ദനം. ഹാട്സ് ഓഫ്‌ ടു നയന്‍. 

അപ്പൊ ഇനി എങ്കിലും ഇതൊക്കെ കണ്ടാല്‍ മോര്‍ഫിംഗ് ആണ് എന്ന് വിശ്വസിക്കരുത്. ഇവരുടെ ഒക്കെ കയ്യിലിരുപ്പു മോര്‍ഫിംഗ് വച്ചൊന്നും കാണിക്കാന്‍ പറ്റുന്നതല്ല. 

എന്താണീ ഐ ടി ബുജി ?

     കുറച്ചു നാള്‍ മുമ്പ് ഇത് എഴുതാന്‍ തോന്നിയെങ്കിലും പിന്നെ അത് മറന്നു പോയതായിരുന്നു. ഇപ്പൊ വീണ്ടും ഇത് ഓര്‍ക്കാന്‍ കാരണം കേരളത്തിലെ ഏറ്റവും വലിയ ബ്ലോഗ്ഗര്‍ അന്ന് അവകാശപ്പെടുന്ന ഒരാളുടെ ബ്ലോഗില്‍ നടന്നു കൊണ്ടിരിക്കുന്ന വാക്പയറ്റ് ആണ്. ഈ ചേട്ടന്‍ എപിക് ബ്രൌസര്‍, റുപ്പീ ഫോണ്ട് എന്നിവ രണ്ടും വന്‍ സംഭവങ്ങള്‍ ആയി അവതരിപ്പിച്ചതിനെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മേഖലയില്‍ ജോലി ചെയ്യുന്ന പാവങ്ങള്‍ ചോദ്യം ചെയ്തതാണ് പേര് കേട്ട ബുദ്ധിജീവിയും കേരളത്തിലെ ബ്ലോഗ്ഗര്‍മാരുടെ നേതാവ് എന്ന് സ്വയം ഭാവിക്കുന്ന രീതിയില്‍ ബ്ലോഗ്ഗുന്ന ഇദ്ദേഹത്തെ പ്രകോപിപ്പിച്ചത്. എന്തായാലും ആ വിവരക്കേടിനു നൂറു കണക്കിന് ആള്‍ക്കാര്‍ തക്ക മറുപടി കൊടുത്തു കഴിഞ്ഞു. ഇവിടെ ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നത് ആ പോസ്റ്റുകളിലും കമന്റുകളിലും  വിപുലമായി ഉപയോഗിച്ചിട്ടുള്ള ഐ ടി ബുദ്ധിജീവി എന്ന വാക്കാണ്‌. മാത്രമല്ല പുള്ളിയുടെ ആരാധകര്‍ ആയ ചിലര്‍ ഐ ടി മേഖലയില്‍ ജോലി ചെയ്യുന്നവരെ മൊത്തം ചൊറി തവളകള്‍ , നാറികള്‍ എന്നൊക്കെ തരാതരം പോലെ വിളിച്ചിട്ടുണ്ട്. ഒന്നുകില്‍ അസൂയ. അല്ലെങ്കില്‍ വിവരക്കേട് . അത്രയേ ദുശ്ശാസ്സനനു ഇതിനെ പറ്റി പറയാനുള്ളൂ.


     കമ്പ്യൂട്ടറില്‍ കൊട്ടുന്ന എല്ലാവരെയും സാധാരണ മനുഷ്യരില്‍ നിന്നും വ്യത്യസ്തന്‍ ആയ ഒരാള്‍ ആയാണ് സമൂഹം കാണുന്നത്. സിനിമകളിലും മാധ്യമങ്ങളിലും വിവരമില്ലാത്തവര്‍ പടച്ചു വിടുന്ന മണ്ടത്തരങ്ങള്‍ ആണ് ഈ ഫീല്‍ഡില്‍ ജോലി ചെയ്യാത്ത ആള്‍ക്കാര്‍ മനസ്സിലാക്കുന്നത്‌. ഒരിക്കല്‍ ഏതോ മാസികയില്‍ സുരേഷ് ഗോപി പറഞ്ഞ ഒരു വാചകം ഓര്‍മ വരുന്നു. കുറച്ചു കോളേജ് കുട്ടികള്‍ സുരേഷിനെ അഭിമുഖം നടത്തുകയായിരുന്നു. അതില്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ പഠിച്ച മഞ്ജുളനും ഉണ്ടായിരുന്നു. പുള്ളിയുടെ നീട്ടി വളര്‍ത്തിയ മുടി കണ്ടിട്ട് സുരേഷ് ഗോപി പറഞ്ഞതാണ്‌. എപ്പോഴെങ്കിലും ഒരു സോഫ്റ്റ്‌വെയര്‍ എന്ജിനീയരുടെ വേഷം ചെയ്യേണ്ടി വരുമ്പോള്‍ താന്‍ ഇത് ഉപയോഗിക്കും എന്ന്. എന്താ ഇതിന്‍റെ അര്‍ഥം ? സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ എന്ന് പറയുന്നവന്‍ വെറുതെ കോലം കെട്ടി വാചകമടിച്ചു നടക്കുന്നവന്‍ എന്നോ ? ഇതൊക്കെ പറയുന്നവര്‍ ബാംഗ്ലൂര്‍ , ഹൈദരാബാദ്, പൂനെ മുതലായ സ്ഥലങ്ങളില്‍ പോയി എന്താണ് ശരിക്കുള്ള സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ എന്ന് മനസ്സിലാക്കാന്‍ ഒന്ന് ശ്രമിക്കൂ. ഈ തെറ്റിധാരണ ഉണ്ടാവാന്‍ ഉള്ള ഒരു കാരണം ആയി എനിക്ക് തോന്നിയിട്ടുള്ളത് ഈ മേഖലയിലെ വൈവിധ്യം ആണ്. ഐ ടി എന്ന രണ്ടക്ഷരത്തില്‍ സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമ്മിംഗ് മാത്രമല്ല ഉള്ളത്. ബി പി ഓ , കാള്‍ സെന്‍റെര്‍ മുതലായ അനുബന്ധ ജോലികളും പെടും. ബി പി ഓ യില്‍ ഒക്കെ ജോലി ചെയ്യുന്നവര്‍ അവരുടെ ജോലിയുടെ പ്രത്യേക സ്വഭാവം കാരണം വേറെ കള്‍ച്ചര്‍ ശീലിക്കുന്നതായി കാണുന്നുണ്ട്. പ്രീ ഡിഗ്രി, ഡിഗ്രി ഒക്കെ കഴിഞ്ഞു കോളേജ് കഴിഞ്ഞു ഇറങ്ങുന്ന കുട്ടികള്‍ക്ക് പെട്ടെന്ന് കിട്ടുന്ന ഒരു ജോലി ആണ് ഇത്. ഇംഗ്ലീഷ് നന്നായിരുന്നാല്‍ മതി.
പിന്നെ ദിവസവും അവര്‍ കൂടുതലും ഇട പഴകുന്നത് വിദേശികളുമായാണ്. ആ സംസ്കാരം സ്വാഭാവികമായും അവരിലെക്കും പകരും. എന്ന് വച്ചു ഈ മേഖലയില്‍ ജോലി ചെയ്യുന്നവരെല്ലാം വെറും വേസ്റ്റുകള്‍ ആണെന്ന നിലക്കുള്ള പരാമര്‍ശങ്ങള്‍ ഖേദകരമാണ്. 

     ഇനി ആരാണിവിടെ ബുദ്ധി ജീവി എന്നത് . സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമ്മിംഗ് ചെയ്യുന്നവരെല്ലാം ബുദ്ധിജീവികള്‍ അല്ല. ഇവിടത്തെ പല ഡെവലപ്പ്മെന്റ് പ്രോജെക്ടുകളുടെയും ഡിസൈന്‍ പുറത്താണ് ചെയ്യുന്നത്. എന്നാല്‍ അഡോബി പോലുള്ള ചില കമ്പനികള്‍ എല്ലാ ജോലികളും ഇവിടെ ചെയ്ത ചരിത്രവും ഉണ്ട്. ഉദാഹരണം പേജ് മേക്കര്‍ 6. ഇത് പൂര്‍ണമായും ഭാരതത്തില്‍ ഡിസൈന്‍ ചെയ്തു ഡെവലപ്പ് ചെയ്തതാണ്. ഈ മേഖലയിലെ യഥാര്‍ത്ഥ ബുദ്ധിജീവികള്‍ എന്ന് പറയുന്നത് ഇതില്‍ ഒക്കെ റിസര്‍ച്ച് ചെയ്യുകയും മറ്റും ചെയ്യുന്ന ആള്‍ക്കാര്‍ ആണ്. അതായതു പുതിയ പ്രോഗ്രാമ്മിംഗ് ഭാഷകള്‍ കണ്ടുപിടിക്കുന്നവര്‍, പുതിയ ഡാറ്റാബേസ് മോഡലുകള്‍ ഉണ്ടാക്കുന്നവര്‍, അല്‍ഗോരിതത്തിന്റെ അനാലിസിസ് ചെയ്യുന്നവര്‍ മുതലായ ആള്‍ക്കാര്‍.
ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ ജോലി ചെയ്യുന്നത് കൊണ്ട് മാത്രം ഒരാള്‍ ബുദ്ധി ജീവി ആവുന്നില്ല.

     വേറൊരു തമാശ എന്താന്നു വച്ചാല്‍ ബില്‍ ഗേട്സ് ന്‍റെ കാര്യമാണ്. കുത്തക കമ്പനികള്‍ക്കെതിരെ ഉള്ള എല്ലാ സമരവും പാവം ഗെറ്സിന്റെ തന്തക്കു വിളിയില്‍ ആണ് സമരക്കാര്‍ അവസാനിപ്പിക്കുക. അത് മാത്രമല്ല ആള്‍ക്കാര്‍ തമാശ ആയി അത്യാവശ്യം പ്രോഗ്രാമ്മിംഗ് ഒക്കെ ചെയ്യുന്നവരെ 'നീ ഒരു ഒന്ന് ഒന്നര ബില്‍ ഗേട്സ് ആണെടാ ' ന്നു പറഞ്ഞാണ് അഭിനന്ദിക്കുന്നതു. ശരിയാണ്. ബില്‍ ഗേട്സ് സ്വന്തം കഴിവ് കൊണ്ട് മാത്രം ലോകത്തെ പിടിച്ചടക്കിയ ഒരാള്‍ ആണ്.  ടിക് ടാക് ടോ പോലുള്ള ഗെമുകളും ഇദ്ദേഹത്തിന്‍റെ സൃഷ്ടി ആണെന്ന് എത്രപേര്‍ക്കറിയാം. പക്ഷെ ഇതില്‍ കൂടുതല്‍ പുള്ളി ചെയ്ത ഒരു നല്ല കാര്യം എന്താന്ന് വച്ചാല്‍ ഗ്രാഫിക്കല്‍ ഇന്‍റെര്‍ഫേസ് വഴി കമ്പുടിംഗ് ഈസി ആക്കുകയും അത് വഴി കമ്പ്യൂട്ടര്‍ കൂടുതല്‍ ജനകീയമാക്കുകയും ചെയ്തു എന്നതാണ്. അതിന്‍റെ പേരില്‍ ലോകം എന്നും അദ്ദേഹത്തെ ഓര്‍മിക്കും. അതായതു ഭൂലോക കുത്തക എന്ന് നാട്ടുകാര്‍ വിളിക്കുന്ന അംബാനി പണ്ട് അഞ്ഞൂറ് രൂപയ്ക്കു മൊബൈല്‍ ഇറക്കിയത് പോലെ. ഒരു ഉദാഹരണം പറഞ്ഞു എന്നെ ഉള്ളു. അംബാനിയെ വെറുതെ വിട്ടേക്കണേ. ഒഹ്. വിഷയത്തില്‍ നിന്നു മാറി പോയി. അപ്പൊ ബില്‍ ഗേട്സ് മാത്രമാണ് എല്ലാവര്‍ക്കും അറിയാവുന്ന ഒരു ബുജി. അതിനെക്കാള്‍ പ്രതിഭ തെളിയിച്ച ഒരുപാടു റിയല്‍ ഐ ടി ബുജികള്‍ ഇന്ന് ലോകത്ത് ജീവിചിരുപ്പുണ്ട്. ഗൂഗിള്‍ സ്ഥാപിച്ച ലാറി പേജ് , സെര്‍ജി ബിന്‍ എന്നിവര്‍. ഒരു റിസര്‍ച്ച് പ്രോജക്റ്റ് എന്ന നിലക്ക് അവര്‍ തുടങ്ങിയ ഒരു ചെറിയ സംഭവമാണ് ഗൂഗിള്‍. ഇന്ന് ഗൂഗിള്‍ വെബ്‌ ലോകത്തെ സത്യത്തിന്റെ മറ്റൊരു വാക്കാണ്‌. തുച്ചമായ മുതല്‍  മുടക്കില്‍ അവര്‍ തുടങ്ങിയ ഈ സര്‍വീസ് ഇന്ന് ലോകമെമ്പാടും ആയി ചിതറികിടക്കുന്ന പത്തു ലക്ഷം സെര്‍വറുകള്‍ ആണ് ഇന്ന് ഗൂഗിള്‍ ഉപയോഗിക്കുന്നത്. ഒരു ദിവസം ഗൂഗിള്‍ പ്രോസെസ്സ് ചെയ്യുന്നത് നൂറു കോടി സെര്‍ച്ച്‌ അപേക്ഷകള്‍ ആണ്. ഗൂഗിള്‍ അവരുടെ സൈറ്റുകളില്‍ ഉപയോഗിച്ച പല ഡിസൈന്‍ രീതികളും ആണ് ഇന്ന് ലോകത്തെ തന്നെ സ്റ്റാന്‍ഡേര്‍ഡ് ആയി കരുതപ്പെടുന്നത്. എന്നാല്‍ മുകളില്‍ പറഞ്ഞ ചേട്ടന്മാരുടെ പേര് എത്രപേര്‍ക്കറിയാം ? ഇങ്ങനെ ഒരുപാടു ഒരുപാടു ബുദ്ധിജീവികള്‍ മേയുന്ന ഒരു മേഖലയില്‍ ഏതെങ്കിലും ബ്രൌസര്‍ പെയിന്റ് അടിച്ചു കൊണ്ട് വന്നിട്ട് തങ്ങള്‍ സ്വന്തമായി ഒരു ലോകോത്തര ബ്രൌസര്‍ ഉണ്ടാക്കി എന്നൊക്കെ പറഞ്ഞാല്‍ ആരെങ്കിലും കേട്ടുകൊണ്ടിരിക്കുമോ. അതാണിവിടെ സംഭവിച്ചത്.




അതുകൊണ്ട് ഇനി ഐ ടി എന്നും ബുദ്ധി ജീവി എന്നുമൊക്കെ വിളിക്കുമ്പോ ഒരു നിമിഷം ചിന്തിക്കൂ. എന്നിട്ട് എന്ത് വേണേല്‍ പറഞ്ഞോ. അറ്റ്‌ ലീസ്റ്റ് എന്താണ് ഈ ജോലിയില്‍ നടക്കുന്നതെന്ന് മനസ്സിലാക്കാനെങ്കിലും ശ്രമിക്കൂ.

2010, ജൂലൈ 14, ബുധനാഴ്‌ച

സുരേഷ് ഗോപി ഒടുവില്‍ ഗോപി വരയ്ക്കുമോ ?

     പണി വാങ്ങിക്കുമോ ?
     ഈയിടെ ആയി തുടരെ തുടരെ പൊട്ടിക്കൊണ്ടിരിക്കുന്ന ഒരു നടന്‍ ആണല്ലോ സുരേഷ് ഗോപി. മലയാള സിനിമയില്‍ പോലീസ് വേഷങ്ങള്‍ക്ക് പുതിയ ഒരു പരിവേഷം നല്‍കിയ സൂപ്പര്‍ തരം ആണ് ഗോപി ചേട്ടന്‍. പണ്ട് ചേട്ടന്‍റെ സുഹൃത്തും അഭ്യുദയകാംക്ഷിയുമായിരുന്ന ഷാജി കൈലാസും ഇന്ന് ഏതാണ്ട് അതെ അവസ്ഥയിലാണ്. അങ്ങനെ ആണ് ഷാജി പണ്ടത്തെ തട്ട് പൊളിപ്പന്‍ ഹിറ്റ്‌ ചിത്രമായിരുന്ന കമ്മീഷണരിന്റെ മൂന്നാം ഭാഗം എടുക്കാന്‍ പ്ലാന്‍ ഇട്ടതു. മാത്രമല്ല അതിന്‍റെ തിരക്കഥ തനിയെ എഴുതാന്‍ തീരുമാനിക്കുകയും ചെയ്തു. ഷാജി ആദ്യമായി തിരക്കഥ എഴുതുന്ന ചിത്രം, ഭരത് ചന്ദ്രന്‍റെ തിരിച്ചു വരവ് എന്നിങ്ങനെ വാര്‍ത്തകള്‍ പലതും സൃഷ്ടിച്ചു ഈ ചിത്രം. 


     അപ്പോഴാണ് ഷാജിയുടെ പണ്ടത്തെ കൂട്ടുകാരന്‍ ആയിരുന്ന രണ്‍ജി പണിക്കരുടെ വരവ്. നമുക്ക് കിംഗ്‌ , കമ്മീഷണര്‍ എന്നിവ വീണ്ടും അടിച്ചു കലക്കി പുതിയ ഒരു പടം ഉണ്ടാക്കാം എന്ന പണിക്കരുടെ ഐഡിയ ഏറ്റു. തേവള്ളി പറമ്പില്‍ ജോസഫ്‌ അലക്സ്‌ എന്ന മമ്മൂട്ടിയുടെ കഥാപാത്രവും ഭരത് ചന്ദ്രന്‍ എന്ന സുരേഷ് ഗോപിയുടെ കഥാപാത്രവും ചേര്‍ത്തു വച്ചു കൊണ്ട് ബല്‍റാം Vs താരാദാസ് ലൈനില്‍ ഒരു പടം. പേരും നിശ്ചയിച്ചു. "ദി കിംഗ്‌ ആന്‍ഡ്‌ ദി കമ്മീഷണര്‍ " എന്ന്. മാത്രമല്ല മമ്മൂട്ടിയുടെ പ്ലേഹൌസ് ഇത് വിതരണം ചെയ്യാനും സമ്മതിച്ചു.  ഇതൊക്കെ കേട്ടപ്പോ നിങ്ങള്‍ക്ക് എന്ത് തോന്നുന്നു ? ഒരു സൂപ്പര്‍ ഹിറ്റ്‌ ജനിക്കുന്നു എന്നല്ലേ ? 


     എന്നാല്‍ ഇപ്പൊ ഈ ചിത്രം വാര്‍ത്ത‍ സൃഷ്ടിച്ചിരിക്കുന്നു. കമ്മീഷണരുടെ റോള്‍ ചെയ്യാന്‍ സമീപിച്ചപ്പോള്‍ സുരേഷ് ഗോപി അത് നിരസിച്ചു എന്ന വാര്‍ത്തയിലൂടെ. തനിക്കു ഒരു പുതു ജീവന്‍ നല്‍കാന്‍ എന്ത് കൊണ്ടും പ്രാപ്തമായ ഒരു ചിത്രത്തില്‍ നിന്നു ഗോപി ചേട്ടന്‍ പിന്‍മാറിയതിന്റെ കാരണം എന്താന്നറിയാമോ ? ഒപ്പം അഭിനയിക്കെണ്ടുന്ന മമ്മൂട്ടിയുമായുള്ള വിരോധം !! പഴശ്ശിരാജ എന്ന ചിത്രത്തില്‍ എടച്ചേന കുങ്കന്‍റെ റോള്‍ ചെയ്യാന്‍ മമ്മൂട്ടി തന്നെ സുരേഷ് ഗോപിയെ ഹരിഹരനോട് ശുപാര്‍ശ ചെയ്തെങ്കിലും സുരേഷ് ഇത് നിരസിക്കുകയായിരുന്നു. അന്ന് പുള്ളിക്ക് പകരം വന്ന ശരത് കുമാര്‍ ആ റോള്‍ കലക്കുകയും ഇപ്പൊ മലയാളത്തില്‍ ഓടി നടന്നു അഭിനയിക്കുകയുമാണ്. ഒരു വടക്കന്‍ വീരഗാഥയിലെ പോലെ പഴശ്ശിരാജയിലും ഉണ്ടായിരുന്നെങ്കില്‍ ഈ നടന്‍റെ അഭിനയ ജീവിതത്തില്‍ ഒരു വെള്ളി വെളിച്ചം വിതറാന്‍ പോന്ന ഒരു കഥാപാത്രം ആകുമായിരുന്നു കുങ്കന്‍.


എന്താണ് സത്യം ?
     ഇപ്പൊ നിങ്ങള്‍ക്ക് തോന്നും എന്തായിരിക്കും ഇവര്‍ തമ്മിലുള്ള പ്രശ്നം എന്ന്. സത്യമായിട്ടും ദുശ്ശാസ്സനനും അതറിയില്ലാട്ടാ. പണ്ട് മമ്മൂട്ടിയുടെ പ്രതാപ കാലത്ത് അന്ന് ഒരു struggling actor ആയിരുന്ന സുരേഷ് ഗോപിയെ ലിഫ്റ്റില്‍ നിന്നു മമ്മൂട്ടി ഇറക്കി വിട്ടതായി ഒരു കഥ കേട്ടിട്ടുണ്ട്. സത്യമാണോ എന്തോ . അറിയില്ല. എന്തായാലും ഇത്തരം ഒരു തീരുമാനം സുരേഷിനെ കൊണ്ട് എടുപ്പിക്കണമെങ്കില്‍ എന്തെങ്കിലും ചെറിയ സംഗതി ആയിരിക്കാന്‍ സാധ്യത ഇല്ല. സുരേഷ് ഗോപിയെ പോലെ വികരാധീനന്‍ ആയ ഒരു നടനെ ഞാന്‍ ഇതിനു മുമ്പ് കണ്ടിട്ടില്ല. ചിലപ്പോ എന്തെങ്കിലും ചെറിയ കാര്യം പുള്ളിക്ക് ഭയങ്കര ഫീല്‍ ആയതാണോ എന്തോ. തമ്പുരാനറിയാം.


ഒരിക്കല്‍ രാജു മോന്‍ എന്നോട് ചോദിച്ചു...
     എന്തായാലും ഇതൊക്കെ കൊണ്ട് ലോട്ടറി അടിച്ചത് രാജു മോനാണ്. ഭരത് ചന്ദ്രന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള കുറി വീണിരിക്കുന്നത് മലയാളത്തിലെ ഏറ്റവും ചെറുപ്പക്കാരനായ സ്വയം പ്രഖ്യാപിത സൂപ്പര്‍ സ്റ്റാര്‍ ആയ പ്രിഥ്വിരാജിനാണ്. യഥാര്‍ത്ഥ പോലീസുകാര്‍ വരെ അനുകരിക്കും വിധം അത്യുജ്ജ്വലമായി സുരേഷ് ഗോപി രണ്ടു ചിത്രങ്ങളില്‍ അഭിനയിച്ച  ഭരത് ചന്ദ്രനെ രാജു മോന്‍ എങ്ങനെ ആണ് അവതരിപ്പിക്കാന്‍ പോകുന്നതെന്ന് കണ്ടു തന്നെ അറിയണം. രാജു ചേട്ടന്‍ പണ്ട് ഇതേ വേഷങ്ങള്‍ അഭിനയിച്ച കാക്കി, സത്യം മുതലായ ചിത്രങ്ങള്‍ കണ്ടിട്ടുള്ളത് കൊണ്ടാണ് ദുശ്ശാസ്സനനു ഈ ആശങ്ക.


     പണ്ട് കമ്മീഷണറില്‍ നായക വേഷം അഭിനയിക്കാന്‍ ഷാജിയും രണ്ജിയും മമ്മൂട്ടിയെ ആണത്രേ ആദ്യം ക്ഷണിച്ചത്. വ്യക്തി പരമായ കാരണങ്ങള്‍ പറഞ്ഞു പുള്ളി അതില്‍ നിന്നു പിന്‍മാറുകയായിരുന്നു. ആ ഗാപ്പിലാണ് ഗോപി ചേട്ടന്‍ വന്നു ആ റോള്‍ ചെയ്തതും താരമായതും. ചരിത്രം വീണ്ടും ആവര്‍ത്തിക്കുമോ ? രാജു മോന്‍ ശരിക്കും സൂപ്പര്‍ സ്റ്റാര്‍ ആവുമോ എന്നെ അറിയേണ്ടതുള്ളൂ.. കാത്തിരുന്നു കാണാം. 


( വിവരങ്ങള്‍ക്ക് കടപ്പാട് : മംഗളം ദിനപത്രം )

2010, ജൂലൈ 13, ചൊവ്വാഴ്ച

മലയാളിയെ കണ്ടാല്‍ എങ്ങനെ ഇരിക്കും ?

     ഈ ചോദ്യം എന്‍റെ ഉള്ളില്‍ ആദ്യമായി തോന്നിയത് പണ്ട് ആദ്യമായി കേരളം വിട്ടു പുറത്തു പോയപ്പോഴാണ്. ആദ്യമായി ബംഗ്ലൂര്‍ ചെന്നപ്പോ അവിടെയുള്ള പല ബേക്കറികളിലും ഞാന്‍ കയറി അറിയാവുന്ന ഹിന്ദി ഒക്കെ പറഞ്ഞു നന്നായി നാണം കേട്ടിട്ടുണ്ട്. എന്‍റെ ഹിന്ദി കേട്ടിട്ട് അവര്‍ നല്ല മലബാറി മലയാളത്തില്‍ തിരിച്ചു മറുപടി പറയുന്നത് കേള്‍ക്കുമ്പോഴാണ് ഈശ്വരാ എന്ന് വിളിച്ചു പോകുന്നത്. പിന്നെ ആണ് എനിക്ക് സംഗതി പിടി കിട്ടിയത്. ബംഗ്ലൂരില്‍ ബേക്കറി നടത്തുന്നതില്‍ തൊണ്ണൂറു ശതമാനവും മലയാളികള്‍ ആണെന്ന്. ചെറിയ ഷര്‍ട്ട്‌ ഒക്കെ ഇട്ടു ജീന്‍സും, ചിലപ്പോ കാവി ലുങ്കിയും മറ്റും ഉടുത് നടക്കുന്നവരെ വച്ചു ഞാന്‍ തിരിച്ചറിയാന്‍ തുടങ്ങി. പിന്നെ വേറൊരു ലക്ഷണം എന്താന്ന് വച്ചാല്‍ പണ്ടൊക്കെ ഗള്‍ഫില്‍ നിന്നു കൊണ്ട് വരുന്ന പ്രിന്റെഡ്‌ ലൂങ്കി ആണ്. അതുടുത്ത് നടക്കുന്ന ആള്‍ക്കാരെ വേറെ അധികമൊന്നും കണ്ടിട്ടില്ല. മലയാളിയുടെ സ്വത സിദ്ധമായ കള്ളത്തരം കൊണ്ട് എവിടെ ഒക്കെ പോയാലും അവര്‍ അവിടത്തെ ആള്‍ക്കാരുടെ വേഷം തന്നെ ഉപയോഗിക്കാന്‍ ശ്രമിക്കാറുണ്ട്. പണ്ട് മുംബൈ ഫാഷന്‍ സ്ട്രീറ്റില്‍ കറങ്ങാന്‍ പോയപ്പോള്‍ ഉണ്ടായ ഒരു അനുഭവം ഓര്‍മ വരുന്നു. ഒരു കടയില്‍ ചെന്നു ഷര്‍ട്ട്‌ വാങ്ങാന്‍ വേണ്ടി കടക്കാരനോട് ഹിന്ദിയില്‍ ഗംഭീര വില പേശല്‍ ഒക്കെ നടത്തി. ഒടുവില്‍ ആ ചേട്ടന്‍ നൂറു രൂപയ്ക്കു സമ്മതിച്ചു. പൈസ ഒക്കെ കൊടുത്തു അത് വാങ്ങിയപ്പോ പുള്ളി പറയുകയാ.. 'നിങ്ങ ഒരു മലയാളി ആണല്ലോ എന്ന് കരുതിയിട്ടാ നൂറു രൂപയ്ക്കു സമ്മതിച്ചത് എന്ന് ' .. ഞാന്‍ അയ്യട എന്നായിപ്പോയി എന്ന് പറഞ്ഞ മതിയല്ലോ. മലയാളിയെ തിരിച്ചറിയാനുള്ള വേറൊരു വഴി മുഖത്തെ ആ കള്ള ലക്ഷണമാണ്. സുരാജ് വെഞ്ഞരമൂട് അറബി കഥയില്‍ പറയുന്ന പോലെ എത്ര ഒക്കെ വിനയം വാരി കോരി ഒഴിച്ചാലും ഉള്ളിലുള്ള ആ ഫ്രോട് തരങ്ങള്‍ തള്ളി തള്ളി പുറത്തേക്കു വരും എന്ന്..


     പിന്നെ മലയാളികളെ ശ്രദ്ധിക്കാന്‍ തുടങ്ങിയത് ബാന്‍ഗ്ലൂര്‍ താമസം തുടങ്ങിയതിനു ശേഷമാണ്. മാരുതി നഗര്‍ എന്നൊരു സ്ഥലമുണ്ട്. എല്ലാവര്‍ക്കും അറിയാമായിരിക്കും. കേരളത്തിലേക്കുള്ള ബസ്സുകള്‍ പുറപ്പെടുന്നതും വന്നു ചേരുന്നതും ഒക്കെ ഇവിടെ ആണ്. ഒരു വന്‍ മലയാളി ഏരിയ ആണ്. ഇവിടെ നല്ല രസമാണ്. വര്‍ഷങ്ങള്‍ മുമ്പ് ബാന്‍ഗ്ലൂര്‍ വന്നു ജോലി ഒക്കെ ഒപ്പിച്ചു പിന്നെ കുടുംബം ആയി താമസം തുടങ്ങിയവര്‍ ആണ് ഇവിടത്തെ മലയാളി സമൂഹത്തില്‍ ഒരു ഭാഗം. അത് പോലെ തന്നെ വലിപ്പമുള്ളതാണ് ഇവിടത്തെ സോഫ്റ്റ്‌വെയര്‍ കമ്പനികളില്‍ ജോലി ചെയ്യുന്ന മലയാളി യുവാക്കളും യുവതികളും. ഇവിടെ തന്നെ സെറ്റില്‍ ആയിട്ടുള്ളവരെ പെട്ടെന്ന് തിരിച്ചറിയാം. നമ്മുടെ നാട്ടില്‍ ഒക്കെ  കാണുന്ന ചേട്ടന്മാരെ പോലെയും അമ്മമാരെ പോലെയും തന്നെ തോന്നുന്ന പഴയ ആള്‍ക്കാര്‍. പുതിയവരെ കണ്ടാല്‍ ഇവന്‍ മലയാളി ആണോ നേപ്പാളി ആണോ എന്ന് സംശയിച്ചു പോകും. അങ്ങനത്തെ വേഷങ്ങള്‍ ആണ്. ടി ഷര്‍ട്ട്‌, ബര്‍മൂട, ജീന്‍സ് എന്നിവ ആണ് കോമണ്‍ വേഷം. പിന്നെ വേറൊന്നുള്ളത് എന്താന്ന് വച്ചാല്‍ മിക്കവന്‍മാരുടെയും മുഖത്ത് ചേര്‍ന്നാലും ചേര്‍ന്നില്ലെങ്കിലും ഒരു ബുള്‍ഗാന്‍ താടി എല്ലാവരും വച്ചിരിക്കും. എന്തിനാന്നറിയില്ല. ഗൌരവം തോന്നാന്‍ ആയിരിക്കും. 


     പെണ്‍കുട്ടികള്‍ ആണെങ്കില്‍ വേറൊരു കഥയാണ്. ആണുങ്ങളെ വച്ചു നോക്കുമ്പോ ചില പെണ്‍ പിള്ളേര്‍ എങ്കിലും സ്വന്തം മലയാളി മുഖം മറച്ചു വയ്ക്കുന്നതില്‍ വിജയിക്കുന്നുണ്ട് എന്നാണ് എന്‍റെ ഒരു നിരീക്ഷണം. അതിനു അവര്‍ മോഡല്‍ ആക്കുന്നതു മിക്കവാറും നോര്‍ത്ത് ഇന്ത്യന്‍ സുന്ദരികളെ  ആണ് എന്ന തോന്നുന്നത്. 
അവര്‍ ഇടുന്ന പോലത്തെ ഫിഗര്‍ ഹഗ്ഗിംഗ് ഡ്രസ്സ്‌ ഒക്കെ ട്രൈ ചെയ്തു നോക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട് ട്ടോ.
പിന്നെ രസകരമായ വേറൊരു സംഗതി ഉണ്ട്. നാട്ടില്‍ നിന്നു ജോലി കിട്ടി ഇവിടെ വന്നിട്ട് അധികം ആയിട്ടില്ലാത്ത മലയാളി സുന്ദരികളെ പെട്ടെന്ന് തിരിച്ചറിയാം. വെള്ളിയാഴ്ച പോയി നോക്കിയാല്‍ മതി.
നല്ല വെളിച്ചെണ്ണ തേച്ചു കുളിച്ചു അത് കെട്ടി വച്ചു കണ്ണെഴുതി പൊട്ടും തൊട്ടു അതിന്‍റെ ഒപ്പം ഒരു കുര്‍ത്തയും ജീന്‍സും ഷൂവും ഇടതു ബാഗും തൂക്കി പോകുന്നത് കാണാം. മോഡേണ്‍ ഉം അല്ല നാടനും അല്ല. ഒരു മാതിരി നാടേണ്‍ വേഷം. പരിഭവിക്കല്ലേ. എന്തൊക്കെ പറഞ്ഞാലും നിങ്ങളെ കാണാന്‍ തന്നെയാ ഭംഗി.. 


     എന്‍റെ നിരീക്ഷണത്തില്‍ പെടാത്ത വേറെ എന്തെങ്കിലും വേറെ അടയാളങ്ങള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടെങ്കില്‍ ഇവിടെ പങ്കു വയ്ക്കാം ട്ടോ. ചുമ്മാ അറിഞ്ഞിരിക്കാമല്ലോ.

2010, ജൂലൈ 12, തിങ്കളാഴ്‌ച

നിങ്ങളുടെ പോസ്റ്റുകള്‍ എങ്ങനെ ഷെയര്‍ ചെയ്യാം - ഒരു ട്യൂട്ടോറിയല്‍

     എല്ലാം ഷെയര്‍ ചെയ്യുക എന്നതാണല്ലോ പുതിയ ലോകത്തിന്‍റെ മുദ്രാവാക്യം. .. സോഷ്യല്‍ നെറ്റ്വര്‍കിംഗ് സൈറ്റുകള്‍ ആയ ഫേസ്ബുക്ക്‌, ട്വിറ്റെര്‍, ഓര്‍ക്കുട്ട്, ഗൂഗിള്‍ ബസ്സ്‌ മുതലായവ ഇങ്ങനെ ആണല്ലോ വളര്‍ന്നു വലുതായത്. ഇപ്പൊ എന്തും എല്ലാം ഷെയര്‍ ചെയ്യുവാന്‍ ഒരുപാടു ഓപ്ഷനുകള്‍ ഉണ്ട്. ചില ബ്ലോഗുകളില്‍ പോസ്റ്റുകളുടെ അടിയില്‍ ആ പോസ്റ്റ്‌ മേല്‍പറഞ്ഞ സൈറ്റുകളില്‍ ഷെയര്‍ ചെയ്യാനുള്ള ബട്ടണുകള്‍ കണ്ടിട്ടില്ലേ. അത് ക്ലിക്ക് ചെയ്തു നിങ്ങള്‍ക്ക് ആ പോസ്റ്റ്‌ ഇന്‍സ്റ്റന്റ് ആയി ഷെയര്‍ ചെയ്യാം. അതായതു താഴെ കാണുന്ന പോലെ


മുകളില്‍ കാണിച്ചിരിക്കുന്നത് ബ്ലോഗ്ഗറില്‍ തന്നെ ലഭ്യമായ ഒരു ഇന്‍ ബില്‍റ്റ് സംഗതി ആണ്. ഇത് ചെയ്യാന്‍ എളുപ്പമാണ്. Settings --> Design --> Page Elements ഇല്‍ പോകുക. എന്നിട്ട് Blog Posts എന്ന element ഇല്‍ ഒരു എഡിറ്റ്‌ ബട്ടണ്‍ ഉണ്ട്. അത് ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ക്ക് വേറൊരു സ്ക്രീന്‍ ലഭിക്കും. അതില്‍ പോയി ഷെയര്‍ ബട്ടന്‍സ് എനേബിള്‍ ചെയ്താല്‍ മതി. താഴത്തെ പടം ശ്രദ്ധിക്കൂ..


ഇതില്‍ ജിമെയില്‍, ബ്ലോഗ്ഗര്‍, ട്വിറ്റെര്‍, ഫേസ്ബുക്ക്‌, ഗൂഗിള്‍ ബസ്സ്‌ എന്നിവ ലഭിക്കും. ഇതല്ലാതെ നിങ്ങള്‍ക്ക് കൂടുതല്‍ ബട്ടണുകള്‍ വേണമെന്നുണ്ടെങ്കില്‍ താഴെ പറയുന്ന പരിപാടി പരീക്ഷിച്ചു നോക്കാവുന്നതാണ്. ഇത് അത്ര എളുപ്പമല്ല എന്ന് മാത്രം. എങ്ങനെ ചെയ്യണം എന്നുള്ളത് താഴെ വിവരിക്കാം. 

1. ആദ്യം ഈ ലിങ്കില്‍  പോയി ഒരു ടെക്സ്റ്റ്‌ ഫയല്‍ ഡൌണ്‍ലോഡ് ചെയ്യുക. 
2. നിങ്ങളുടെ ബ്ലോഗ്ഗര്‍ layout പേജില്‍ പോവുക. Edit HTML ക്ലിക്ക് ചെയ്യുക 
3. Download Full Template ലിങ്ക് ക്ലിക്ക് ചെയ്തു നിങ്ങളുടെ ബ്ലോഗ്ഗിന്‍റെ ഒരു ഫുള്‍ ബാക്കപ്പ് എടുക്കുക. 
4. Expand Widget Templates എന്നുള്ളത് ടിക്ക് ചെയ്യുക.
    

5. എന്നിട്ട് ആ ബോക്സില്‍ കാണുന്ന കോഡ് മുഴുവന്‍ ഒരു നോട്പാഡ് ഫയലിലേക്ക് കോപ്പി ചെയ്യുക.
6. ഈ കോഡില്‍ താഴെ പറയുന്ന ലൈന്‍ സെര്‍ച്ച്‌ ചെയ്യുക.
 

2010, ജൂലൈ 8, വ്യാഴാഴ്‌ച

ഉത്തരം

( ഇത് ഒരു പഴയ സിനിമയുടെ റിവ്യൂ ആണ്. 1989 ല്‍ ഇറങ്ങിയ ഒരു ചിത്രം. കണ്ടവര്‍ ക്ഷമിക്കുക. അല്ലാത്തവര്‍ വായിക്കുക. )


     പവിത്രന്‍ സംവിധാനം ചെയ്ത ഒരു കുറ്റാന്വേഷണ ചിത്രം ആണ് ഉത്തരം. കുറ്റാന്വേഷണം എന്ന വാക്ക് ഇവിടെ ഉപയോഗിക്കാമോ എന്നറിയില്ല. കാരണം ഒരു ഇത് നിങ്ങള്‍ സാധാരണ കണ്ടിട്ടുള്ള തരം ഒരു ത്രില്ലര്‍ ഫിലിം അല്ല. സ്വന്തം സുഹൃത്തിന്‍റെ ഭാര്യയുടെ അവിചാരിതമായ ആത്മഹത്യയുടെ കാരണം അന്വേഷിക്കാന്‍ ഒരു പത്ര പ്രവര്‍ത്തകന്‍ നടത്തുന്ന യാത്ര ആണ് ഇതിന്‍റെ ഇതിവൃത്തം. ടഫ്നെ ടു മാരിയര്‍ ( Dame Daphne du Maurier, Lady Browning ) എന്ന ഇന്ഗ്ലിഷ് എഴുത്തുകാരിയുടെ ഒരു കഥയ്ക്ക് എം ടി രചിച്ച ഭാഷ്യം ആണ് ഈ ചിത്രം.  ആര്‍ട്ട്‌ എന്നോ കമ്മേര്‍സ്യല്‍ എന്നോ വേര്‍തിരിക്കാനാവാത്ത രീതിയിലുള്ള ഒരു ട്രീട്മെന്റ്റ് ആണ് ഈ ചിത്രത്തില്‍ പവിത്രന്‍ സ്വീകരിച്ചിരിക്കുന്നത്. സുപര്‍ണ ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം ആയ സെലീനയെ അവതരിപ്പിച്ചിരിക്കുന്നത്. സീലീനയുടെ ഭര്‍ത്താവായ മാത്യു ജോസഫ്‌ ആയി വരുന്നത് സുകുമാരന്‍ ആണ്. മാത്യുവിന്‍റെ സുഹൃത്തും പത്ര പ്രവര്‍ത്തകനുമായ ബാലചന്ദ്രന്‍റെ റോളില്‍ മമ്മൂട്ടി. സെലീനയുടെ അച്ഛന്‍ , ഒരു പാതിരി അയ കുന്നതൂരച്ചന്റെ റോളില്‍ കരമന , സെലീനയുടെ ക്ലാസ്സ്‌ മേറ്റ്‌ ആയിരുന്ന ശ്യാമള മേനോന്‍ ആയി പാര്‍വതി അങ്ങനെ വിരലില്‍ എണ്ണാവുന്ന കഥാപാത്രങ്ങളും താരങ്ങളും മാത്രമേ ഈ ചിത്രത്തിലുള്ളൂ. ഇന്നസെന്റ് , ജഗന്നാഥന്‍ , സുകുമാരി, ശങ്കരാടി മുതലായവരും ഓര്‍ത്തിരിക്കാവുന്ന വേഷങ്ങളില്‍ വന്നു പോകുന്നുണ്ട്. കല്ലൂപാറയിലും മൈസൂരും വച്ചാണ് മിക്ക രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. രാമചന്ദ്ര ബാബു ആണ് ചായാഗ്രഹണം. ഗാനങ്ങള്‍ എഴുതിയത് ഓ എന്‍ വി കുറുപ്പും സംഗീതം നല്‍കിയിരിക്കുന്നത് ജോണ്‍സന്‍ , വിദ്യാധരന്‍ മാഷ് എന്നിവരാണ്‌. പ്രശസ്ത എഡിറ്റര്‍ ആയിരുന്ന രവി ആണ് ഈ ചിത്രം എഡിറ്റ്‌ ചെയ്തിരിക്കുന്നത്. 

     ഒരു സാധാരണ ദിനത്തിലെ സായാഹ്നം . ഒരു വലിയ റബ്ബര്‍ എസ്റ്റേറ്റ്‌ ന്‍റെ നടുക്കുള്ള ഒരു palatial bungalow. അതിന്‍റെ മുകളിലത്തെ നിലയില്‍ മുഴങ്ങുന്ന ഒരു വെടിയൊച്ച. അത് കേട്ട് ഓടി ചെല്ലുന്ന വീട്ടിലെ ജോലിക്കാരന്‍. മുന്നില്‍ വെടിയേറ്റ്‌ കിടക്കുന്ന യജമാനത്തിയുടെ ശരീരത്തിലേക്ക് ഭീതിയോടെ നോക്കുന്ന അയാളില്‍ നിന്നു ചിത്രം തുടങ്ങുന്നു. വീട്ടില്‍ സൂക്ഷിച്ചിരുന്ന ഇരട്ടക്കുഴല്‍ തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടി പൊട്ടി സെലീന മരിച്ചു എന്ന വാര്‍ത്ത‍ കേട്ട് ദുഃഖത്തില്‍ പങ്കു ചേരാന്‍ എത്തുകയാണ് മാത്യുവിന്‍റെ സുഹൃത്ത് ആയ ബാലചന്ദ്രന്‍. പ്ലാന്റര്‍ ആവുന്നതിനു മുമ്പ് ടൈംസ്‌ ഓഫ് ഇന്ത്യയിലെ എഡിറ്റര്‍ ആയിരുന്ന മാത്യുവിന്‍റെ ശിഷ്യനും അടുത്ത സുഹൃത്തും ആണ് ബാലചന്ദ്രന്‍. അതായതു മാത്യുവിന്റെയും സെലീനയുടെയും ജീവിതത്തില്‍ അത്രയ്ക്ക് അടുപ്പമുള്ള ഒരാള്‍. മലയാളത്തിലെ യുവ എഴുത്തുകാരില്‍ ഏറ്റവും പ്രതിഭ പ്രകടിപ്പിച്ച ഒരു എഴുത്തുകാരി കൂടി ആയിരുന്നു സെലീന. അത് കാരണം അങ്ങനെയും അത് ഒരു വാര്‍ത്ത‍ സൃഷ്ടിച്ചു. എന്നാല്‍ വന്ന അന്ന് രാത്രി തന്നെ മാത്യു ആ രഹസ്യം ബാലുവിനോട് തുറന്നു പറയുന്നു. നടന്നത് ഒരു അപകടം അല്ല . മരിച്ചു ആത്മഹത്യ ആയിരുന്നു എന്ന്. മേശ വലിപ്പില്‍ വച്ചിരുന്ന തിരകള്‍ എടുത്തു തോക്കില്‍ നിറച്ചു സ്വന്തം നെഞ്ചിനു നേരെ ചൂണ്ടി കാഞ്ചി വലിച്ചു സ്വയം മരണത്തിലേക്ക് നടക്കുകയായിരുന്നു സെലീന എന്ന സത്യം. മറ്റു പ്രശ്നങ്ങള്‍ ഉണ്ടാവാതിരിക്കാനായി മാത്യുവിന്‍റെ പ്രബലരായ ബന്ധുക്കള്‍ അതിനെ അപകട മരണമാക്കി മാറ്റുകയായിരുന്നു എന്നും. എന്നാല്‍ എന്തിനു അവള്‍ അത് ചെയ്തു എന്ന് മാത്യുവിന് പറയാന്‍ പറ്റുന്നില്ല. പല തവണ ആ ചോദ്യം അയാള്‍ സ്വയം ചോദിച്ചു നോക്കിയെങ്കിലും ഒരുതരം കണ്ടെത്താന്‍ മാത്യുവിന് കഴിഞ്ഞില്ല. ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത്‌ എന്ന നിലക്ക് അത് കണ്ടു പിടിച്ചു തരാന്‍ മാത്യു ബാലുവിനോട് അഭ്യര്‍ത്ഥിക്കുന്നു. ബാലു അത് ഏറ്റെടുക്കുന്നു. 

     ഒരു കവയിത്രി എന്ന പേരില്‍ അനുഭവിച്ചിരിക്കാന്‍ സാധ്യതയുള്ള മാനസിക സംഘര്‍ഷമോ അല്ലെങ്കില്‍ കുട്ടികളില്ലാത്ത ദുഖമോ ഒന്നും തന്നെ സെലീനയെ തരിമ്പും ബാധിച്ചിരുന്നില്ല. മാത്യുവിനെ ജീവന് തുല്യം സ്നേഹിക്കുകയും എല്ലാം പങ്കു വയ്ക്കുകയും ചെയ്യുന്ന ഒരു ജീവിതമായിരുന്നു അവരുടേത്. സാധാരണ ഗതിയില്‍ ഒരു ആത്മഹത്യക്ക് കാരണമായേക്കാവുന്ന എല്ലാ കാരണങ്ങളും അവരുടെ കാര്യത്തില്‍ ബാധകമല്ലായിരുന്നു. ഒരു തുടക്കം കിട്ടാതെ ബാലു സെലീനയുടെ കഴിഞ്ഞ കാലത്തില്‍ നിന്നു അന്വേഷണം തുടങ്ങാം എന്ന് തീരുമാനിക്കുന്നു. വളരെ കുട്ടിയായിരിക്കുമ്പോള്‍ തന്നെ അമ്മ നഷ്ടപെട്ട സെലീന ഒരു ആന്റിയുടെ ഒപ്പമാണ് നിന്നു വളര്‍ന്നത്‌. അപ്പോഴാണ് മാത്യു കാണുന്നതും ഇഷ്ടപ്പെടുന്നതും കല്യാണം ആലോചിച്ചു ചെല്ലുന്നതും. സെലീനയുടെ അച്ഛന്‍ ഒരു ക്രിസ്ത്യന്‍  പുരോഹിതന്‍ ആയ കുന്നത്തൂര്‍ അച്ചന്‍ ആയിരുന്നു .മാഗി ആന്റിയെ കാണാന്‍ ബാലു പോകുന്നു. തുടരെ തുടരെയുള്ള ബാലുവിന്റെ ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ ഒടുവില്‍ മാഗി ആന്റിക്ക് സത്യം പറയേണ്ടി വരുന്നു. ചെറുപ്പം മുതലേ സെലീന തന്നോടൊപ്പം ഇല്ല എന്നും പതിനാറു വയസ്സ് ആയതിനു ശേഷമാണ് അച്ചന്‍ അവളെ തന്നെ ഏല്‍പ്പിച്ചത് എന്ന് അവര്‍ തുറന്നു പറയുന്നു. ഇത് ബാലുവിന് ഒരു പുതിയ അറിവായിരുന്നു. അങ്ങനെ ബാലു അവളുടെ കൌമാരം എങ്ങനെ ആയിരുന്നു എന്ന് അന്വേഷിക്കാന്‍ തുടങ്ങുന്നു. സെലീനയുടെ സ്കൂള്‍ ജീവിതത്തിലെ ഒരു കൂട്ടുകാരി ആയിരുന്ന ശ്യാമളയെ അങ്ങനെ ബാലു കണ്ടെത്തുന്നു.  ശ്യാമളയില്‍ നിന്നു ലഭിച്ച സൂചനകള്‍ അനുസരിച്ച് അവര്‍ പഠിച്ചിരുന്ന സ്കൂളിലേക്ക് ബാലു പുറപ്പെടുന്നു.

     സ്വന്തം കുട്ടിക്ക് അഡ്മിഷന്‍ എടുക്കാന്‍ വേണ്ടി എന്ന വ്യാജേന ബാലു സ്കൂള്‍ പ്രിന്‍സിപ്പാളിനെ കാണുന്നു. സെലീന പണ്ട് എന്തോ അസുഖം ആയി പഠിത്തം നിര്‍ത്തി പോയി എന്നാണ് സ്കൂളില്‍ പ്രചരിച്ചിരുന്ന വാര്‍ത്ത‍. ബാലു കൌശലത്തോടെ ആ കാര്യം എടുത്തിടുന്നു. നിങ്ങളുടെ സ്കൂളില്‍ നിര്‍ത്തിയിട്ടു പോയാല്‍ എന്തെങ്കിലും അസുഖം മറ്റും വന്നാല്‍ വേണ്ട ശ്രദ്ധ കിട്ടുമോ എന്നും പണ്ട് ഒരു കുട്ടി അസുഖം കാരണം പഠിത്തം നിര്‍ത്തി പോവേണ്ടി വന്നിട്ടില്ലേ എന്നും മറ്റും പറഞ്ഞു ബാലു അദ്ദേഹത്തെ ചൊടിപ്പിക്കുന്നു. ഒടുവില്‍ സഹി കെട്ടു അദ്ദേഹം പൊട്ടി തെറിക്കുന്നു. സെലീനയ്ക്ക് അസുഖം ഒന്നുമായിരുന്നില്ലെന്നും മൂന്നു മാസം ഗര്‍ഭം കണ്ടു പിടിച്ചതിനെ തുടര്‍ന്നു സ്കൂളില്‍ നിന്നു പുറത്താക്കുകയായിരുന്നെന്നും അദ്ദേഹം പറയുന്നു. ഇത് കേട്ട ബാലുവിന് ഒന്നും വിശ്വസിക്കാനായില്ല. ആ ഞെട്ടലില്‍ അയാള്‍ അവിടം വിടുന്നു. സത്യാവസ്ഥ കണ്ടുപിടിക്കാനായി ബാലു അന്ന് സെലീനയെ അഡ്മിറ്റ്‌ ചെയ്തിരുന്ന ആശുപത്രി കണ്ടു പിടിച്ചു അങ്ങോട്ട്‌ പോകുന്നു. അവിടത്തെ ഒരു അറ്റന്ടര്‍  നെ സ്വാധീനിച്ചു ആ കഥകള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നു.

     ഇന്നസന്‍റ് അവതരിപ്പിക്കുന്നതാണ് ഈ കഥാപാത്രം. വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്നതാണെങ്കിലും ആ കുട്ടിയെ ഇന്നും താന്‍ ഓര്‍ക്കുന്നു എന്ന് അയാള്‍ പറയുന്നു. തിരിച്ചറിവ് ഉണ്ടാവുന്നതിനു മുമ്പ് ഗര്‍ഭിണി ആയ ആ കുട്ടി അന്ന് അവിടെ ജോലി ചെയ്തിരുന്ന എല്ലാവര്‍ക്കും ഒരു അത്ഭുതം ആയിരുന്നു. കാരണം ഗര്‍ഭം എന്താണെന്നോ താന്‍ ഒരു അമ്മ ആയെന്നോ ഒന്നും ഒന്നും തന്നെ അവള്‍ക്ക് അറിവുണ്ടായിരുന്നില്ല. മാത്രമല്ല താന്‍ ഗര്‍ഭിണി ആയതു എങ്ങനെ ആണെന്നും അവള്‍ക്ക് പറയാന്‍ കഴിയുമായിരുന്നില്ല. കല്യാണം കഴിക്കാതെ എങ്ങനെ ആണ് താന്‍ ഗര്‍ഭിണി ആകുന്നതെന്നും ഡോക്ടര്‍ കള്ളം പറയുകയാണെന്നും അവള്‍ തര്‍ക്കിക്കുകയായിരുന്നു. എന്നാല്‍ ആരും അത് ചെവിക്കൊള്ളാന്‍ തയ്യാറായിരുന്നില്ല. താന്‍ കന്യക ആണെന്ന് തന്നെ ഉറച്ചു വിശ്വസിച്ച സെലീന കുട്ടിക്ക് കന്യ മറിയത്തിന്റെ ഓര്‍മയില്‍ കുട്ടിക്ക് ഇമ്മാനുവേല്‍ ( യേശുവിന്‍റെ വേറൊരു പേര് )  എന്ന് പേരിടുന്നു. എന്നാല്‍ അവള്‍ പ്രസവിച്ച കുട്ടിയെ ആശുപത്രിയില്‍ തന്നെ ഏല്‍പ്പിച്ചിട്ട് അച്ചന്‍ സെലീനയെ കൂട്ടികൊണ്ട് പോവുകയായിരുന്നു എന്നാണ് അയാള്‍ക്ക് പറയാനുണ്ടായിരുന്ന കഥ. 

    ആ കുട്ടിയെ കണ്ടെത്താന്‍ വേണ്ടി ബാലു അനാഥാലയത്തില്‍ എത്തുന്നു. എന്നാല്‍  ഇമ്മാനുവേല്‍  അവിടെ നിന്നു ചാടി പോയി എന്ന വിവരമാണ് ലഭിക്കുന്നത്. ഒടുവില്‍ മുന്നോട്ടു നീങ്ങാന്‍ ഒരു വഴിയും കാണാതെ ബാലു തപ്പി തടയുന്നു. അങ്ങനെ ശ്യാമളയോട് ഒന്ന് കൂടി സംസാരിക്കാന്‍ ബാലു തീരുമാനിക്കുന്നു. ബാലുവിന്‍റെ മുന്നില്‍ ഒടുവില്‍ ശ്യാമള പുതിയ ഒരു കഥ പറയുന്നു. പണ്ട് ഊട്ടിയിലെ സ്കൂളില്‍ പഠിച്ചിരുന്ന കാലത്ത് ബോര്‍ഡിംഗ് ലായിരുന്നു അവരുടെ താമസം. ഇടയ്ക്കു ഒരുപാടു തമാശകള്‍ ഒപ്പിക്കുകയും രസിച്ചു ജീവിക്കുകയും ചെയ്തിരുന്ന ഒരു കാലം. ഇടയ്ക്കു ഹോസ്റ്റല്‍ ന്‍റെ മതില്‍ ചാടി പുറത്തു പോകുക ഒരു പതിവായിരുന്നു അവര്‍ക്ക്. അങ്ങനെ പോയ ഒരു ദിവസം ഒരു രസത്തിനു അവര്‍ ടൌണില്‍ പോയി ഹൂക്ക വലിക്കുന്നു. അതില്‍ എന്തോ ലഹരി കലര്‍ത്തിയിട്ടുണ്ടായിരുന്നു. രാത്രി വളരെ വൈകി വിജനമായ വഴിയിലൂടെ ഹോസ്ടലിലേക്ക് നടക്കുന്ന അവരെ രണ്ടു അപരിചിതര്‍ പിന്തുടരുന്നു. അങ്ങാടിയില്‍ കമ്പിളിയും മറ്റും വില്‍ക്കുന്ന മംഗോളിയന്‍ മുഖമുള്ള കച്ചവടക്കാരുടെ സംഘത്തിലെ രണ്ടു പേര്‍. നേരത്തെ വലിച്ച  ഹൂക്കയുടെ ശക്തിയില്‍ പകുതി മയക്കത്തില്‍ വേച്ചു വേച്ചു പൊയ്ക്കൊണ്ടിരുന്ന രണ്ടു പെണ്‍കുട്ടികളെയും അവര്‍ കീഴടക്കുന്നു. ഉറക്കം വിട്ടുനര്‍ന്ന ശ്യാമളയ്ക്കും സെലീനക്കും തങ്ങള്‍ക്കു എന്തോ സംഭവിച്ചു എന്നതല്ലാതെ അതെന്താണ് എന്ന് ഓര്‍ത്തെടുക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. അവര്‍ രണ്ടും ഇത് മറ്റുള്ളവരില്‍ നിന്നു മറച്ചു വച്ചു എങ്കിലും പാപത്തിന്‍റെ വിത്ത് സെലീനയുടെ ഉള്ളില്‍ വളര്‍ന്നു തുടങ്ങിയിട്ടുണ്ടായിരുന്നു. 

     ബാക്കി കഥകള്‍ ചേര്‍ത്തു വച്ച ബാലു അപ്പോളാണ് കാര്യസ്ഥന്‍  അച്ചുവേട്ടന്‍ പറഞ്ഞ ഒരു കാര്യം ഓര്‍ക്കുന്നത്. മരണം നടന്ന അന്ന്  ഉച്ച കഴിഞ്ഞു ആക്രി പെറുക്കാന്‍ ചില പിള്ളേര്‍ വീട്ടില്‍ വന്നതും താന്‍ ഓടിച്ചു വിട്ടതും ഒക്കെ. നേപ്പാളി പിള്ളേര്‍ വെറുതെ ഇവിടെ ആക്രി പെറുക്കാന്‍ ആണെന്ന് പറഞ്ഞു കറങ്ങി നടപ്പുന്ടെന്നും മോഷണം ആണ് അവന്‍മാരുടെ ഉദ്ദേശം എന്നും ഒക്കെ അച്ചുവേട്ടന്‍ പറഞ്ഞിരുന്നു. അവിടെ ഒക്കെ വീണ്ടും ഒന്ന് കറങ്ങിയ ബാലുവിന്‍റെ മുന്നില്‍ ആ കുട്ടികള്‍ വീണ്ടും വന്നു പെടുന്നു. ഓടി രക്ഷപെടാന്‍ ശ്രമിക്കുന്നുവെങ്കിലും ഒരു പയ്യന്‍ ബാലുവിന്‍റെ മുന്നില്‍ പെടുന്നു. അവനോടു ബാലു പേര് ചോദിക്കുന്നു. ഇമ്മാനുവേല്‍ എന്ന് പറഞ്ഞിട്ട് അവന്‍ എങ്ങോട്ടോ ഓടി രക്ഷപെടുന്നു. ഇമ്മാനുവേല്‍ എന്ന ആ പേര് ബാലുവിന് എല്ലാ ചോദ്യങ്ങള്‍ക്കും ഉള്ള ഉത്തരം നല്‍കുന്നു. ഉച്ചക്ക് ശേഷം അന്ന് ആ വീട്ടില്‍ വച്ചു സെലീന അവനോടു പേര് ചോദിച്ചിരുന്നു.  വര്‍ഷങ്ങള്‍ക്കു ശേഷം സ്വന്തം മകനെ സെലീന ആ വീട്ടില്‍ വച്ചു തിരിച്ചറിയുകയായിരുന്നു. ഇമ്മാനുവേല്‍ എന്ന അവന്‍റെ മറുപടി സെലീനയുടെ ഓര്‍മകളെ വര്‍ഷങ്ങളോളം പിന്നോട്ടടിപ്പിച്ചു. ആ വികാര തള്ളിച്ചയില്‍ അവള്‍ മരണത്തിലേക്കുള്ള വഴി സ്വയം തിരഞ്ഞെടുക്കുന്നു.  ഇവിടെ ഈ ചിത്രം പൂര്‍ണമാവുകയാണ്. 

    കലാപരമായി എങ്ങനെ ഇത്തരം ഒരു കഥ കൈകാര്യം ചെയ്യാം എന്നുള്ളതിന്റെ ഉത്തമ ഉദാഹരണം ആണ് ഈ ചിത്രം. എം ടി വാസുദേവന്‍‌ നായര്‍ എന്ന എഴുത്തുകാരന്‍ എങ്ങനെ ആണ് മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തന്‍ ആവുന്നതെന്ന് നിങ്ങള്‍ക്ക് ഈ ചിത്രത്തില്‍ കാണാം. ഒരു സാഹിത്യകാരന് സിനിമയുടെ ഭാഷ എങ്ങനെ വഴങ്ങും , മറ്റൊരു എഴുത്തുകാരിയുടെ കഥ എങ്ങനെ ഇത്തരം ഒരു അനുഭവം ആക്കി മാറ്റാം എന്ന് നിങ്ങള്‍ക്ക്  ഇവിടെ കാണാം. പുതിയ തലമുറയ്ക്ക് ഈ ചിത്രം ഇഷ്ടപ്പെടുമോ എന്നറിയില്ല. കണ്ണഞ്ചിപ്പിക്കുന്ന രംഗങ്ങളോ  നിറം പിടിപ്പിച്ച കാഴ്ചകളോ ഇതിലില്ല. പകരം കുളിര്‍മയുള്ള ഒട്ടനവധി അനുഭവങ്ങള്‍ നിങ്ങളുമായി പങ്കു വയ്ക്കുന്നു ഈ ചിത്രം. ഈ വാചകങ്ങള്‍ ഞാന്‍ വേറെ ഫിലിം റിവ്യൂകളില്‍ ആവര്‍ത്തിച്ചിട്ടുന്ടെങ്കില്‍ സദയം ക്ഷമിക്കുക. ഇത് അങ്ങനത്തെ എല്ലാ ചിത്രങ്ങള്‍ക്കും ബാധകമാണ് എന്നതാണ് അതിന്‍റെ കാരണം. നിങ്ങള്‍ക്ക് ഇത് കാണാന്‍ താല്പര്യമുണ്ടെങ്കില്‍ ഈ ചിത്രത്തിന്‍റെ DVD അടുത്ത കാലത്ത് മോസര്‍ ബെയര്‍ പുറത്തിറക്കിയിട്ടുണ്ട്. കണ്ടു നോക്കു.