2011, മേയ് 29, ഞായറാഴ്‌ച

ബാംഗ്ലൂര്‍ ട്രാഫിക്‌ പോലീസ് - കേരള പോലീസിനും ചില പാഠങ്ങള്‍

ആദ്യമേ പറയാം. ഇത് കേരള പോലിസിനെ കളിയാക്കിക്കൊണ്ടുള്ള ഒരു പോസ്റ്റ്‌ അല്ല.
സാങ്കേതിക വിദ്യയുടെ വളര്‍ച്ച നിയമം നടപ്പിലാക്കാന്‍ എങ്ങനെ ഉപയോഗിക്കാം എന്നതിനെ കുറിച്ചാണ്. കേരള പോലിസ് അവരുടെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് വളരെ ഭംഗിയായും കര്യപ്രാപ്തിയോടെയും ജോലി ചെയ്യുന്ന ഒരു സേന ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. 
-----------------------------------------------------------------------------------------------------------

ഈയിടെ എന്റെ ഒരു സുഹൃത്തിനു ട്രാഫിക്‌ സിഗ്നല്‍ ജമ്പ് ചെയ്തതിനു ഒരു ടിക്കറ്റ്‌ കിട്ടി. അവന്റെ വീട്ടില്‍ അയച്ചു കിട്ടിയ ടിക്കറ്റില്‍ എപ്പോഴാണ് അവന്‍ ആ നിയമ ലങ്ഘനം നടത്തിയത് , എവിടെ വച്ചായിരുന്നു,  ഓണ്‍ലൈന്‍ ആയി എങ്ങനെ ആ ഫൈന്‍ അടയ്ക്കാം തുടങ്ങി ഒരുപാട് വിവരം ഉണ്ടായിരുന്നു. അതാണ്‌ ബംഗ്ലൂര്‍ ട്രാഫിക്‌ പോലിസിനെ പറ്റി കൂടുതല്‍ അറിയാന്‍ പ്രേരണ ആയതു. 
വേറൊരു കാരണം കൂടി ഉണ്ട്. ഇപ്പൊ ഇതു മലയാള പത്രം എടുത്തു നോക്കിയാലും രണ്ടോ മൂന്നോ വാഹന അപകടത്തിന്റെ വാര്‍ത്ത‍ എങ്കിലും കാണാതിരിക്കില്ല. മാത്രമല്ല ഈയിടെ എന്റെ ഒരു സുഹൃത്ത്‌ ഒരു വാഹന അപകടത്തില്‍ മരണമടയുകയും ചെയ്തു. ദക്ഷിണേന്ത്യയില്‍ എന്നല്ല ഭാരതത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ വാഹന സാന്ദ്രത ഉള്ള സിറ്റികളില്‍ ഒന്നാണ് ബാന്‍ഗ്ലൂര്‍. 
ഇവിടത്തെ പോലിസ് അപകടങ്ങള്‍ തടയാന്‍ വേണ്ടി ഒരുപാടു കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. മിക്കതും സാങ്കേതിക വിദ്യയില്‍ ഊന്നിയ പരീക്ഷണങ്ങള്‍ ആണ്. ട്രാഫിക്‌ പോലീസുകാര്‍ക്ക് പ്രത്യേക സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്തിട്ടുള്ള ബ്ലാക്ക്ബെറി മൊബൈലുകള്‍ കൊടുത്തിട്ടുണ്ട്‌. നിങ്ങളെ എന്തെങ്കിലും ഒഫ്ഫെന്‍സ് നു പിടിച്ചാല്‍ അവര്‍ അപ്പൊ തന്നെ ഓണ്‍ലൈന്‍ ആയി അത് രജിസ്റ്റര്‍ ചെയ്യും. നിങ്ങളുടെ വാഹനത്തിന്റെ ലൈസെന്‍സ് പ്ലേറ്റ് ന്റെ ഫോട്ടോ ടിക്കറ്റില്‍ ഉണ്ടാവും. 
( ഒരു അന്‍പതോ നൂറോ രൂപ ആരും കാണാതെ കയ്യില്‍ വച്ചു കൊടുത്താല്‍  ഇവിടെയും ഊരി പോകാനോക്കെ പറ്റും കേട്ടോ ). അവരുടെ വെബ്‌സൈറ്റില്‍ പോയി നിങ്ങള്‍ക്ക് ഫൈന്‍ അടയ്ക്കാം, നിങ്ങളുടെ വാഹനത്തിനു എന്തെങ്കിലും ഫൈന്‍ അടയ്ക്കാനുണ്ടോ എന്നൊക്കെ നോക്കാം. ഇവിടെ പോയി രജിസ്റ്റര്‍ ചെയ്‌താല്‍ സൌജന്യമായി ട്രാഫിക്‌ അപ്ഡേറ്റ് നിങ്ങളുടെ മൊബൈല്‍ ലേക്ക്  SMS 
ആയി ലഭിക്കും. വളരെ ഫലപ്രദമായ ഒരു സിടിസന്‍ കോര്‍ണര്‍ ഇതിലുണ്ട്. അവിടെ നിങ്ങള്‍ക്ക് റോഡില്‍ കാണുന്ന വയലേഷന്‍സ് റിപ്പോര്‍ട്ട്‌ ചെയ്യാം. അനാവശ്യമായ ബമ്പുകള്‍, പൊട്ടി പൊളിഞ്ഞ റോഡുകള്‍, അശാസ്ത്രീയമായ ട്രാഫിക്‌ സിഗ്നലുകള്‍, മുതലായവയും പോലീസിന്റെ ശ്രദ്ധയില്‍ പെടുത്താന്‍ സൌകര്യമുണ്ട്. ചില ഹോട്ട് സ്പോട്ടുകളില്‍ enforcement cameras ഇന്‍സ്റ്റോള്‍ ചെയ്തിട്ടുണ്ട്. സിഗ്നല്‍ ബ്രേക്ക്‌ ചെയ്താല്‍ ഈ ക്യാമറ സ്വയം അതിന്റെ ഫോട്ടോ എടുക്കും. മാത്രമല്ല ആ ഫോട്ടോ നിങ്ങള്‍ക്ക് കിട്ടുന്ന ടിക്കറ്റില്‍ ഉണ്ടാവുകയും ചെയ്യും. റോഡുകളില്‍ പലയിടത്തും ഇലക്ട്രോണിക് ഡിസ്പ്ളേ ബോര്‍ഡുകള്‍ ഉണ്ട്. നഗരത്തിന്റെ പല ഭാഗങ്ങളിലുമുള്ള ട്രാഫിക്‌ എങ്ങനെ എന്നുള്ളതിനെ പറ്റിയുള്ള വിവരങ്ങള്‍, അറിയിപ്പുകള്‍ മുതലായവ ഇതില്‍ കാണാവുന്നതാണ്. 

സോഷ്യല്‍ നെറ്റ്വര്‍കിംഗ് ജനങ്ങള്‍ക്ക്‌ ഉപകാരമുള്ള കാര്യങ്ങള്‍ക്കു വേണ്ടി പോലിസ് ഉപയോഗിക്കുന്നുണ്ട്. ഫേസ്ബുക്കില്‍ ബാന്‍ഗ്ലൂര്‍ ട്രാഫിക്‌ പോലിസ് ന്റെ പേജ് ഉണ്ട്. അതില്‍ മേല്പറഞ്ഞ കാര്യങ്ങളെ കൂടാതെ വിവിധ അപകടങ്ങളുടെ ഫോട്ടോസ് , വീഡിയോസ് ഒക്കെ ഉണ്ട്.
ഈ വീഡിയോ അവര്‍ സിനിമ ശാലകളിലും ഒക്കെ കാണിക്കുന്നുമുണ്ട്. നിയമം ലംഘിച്ചാല്‍ എന്തൊക്കെ അപകടങ്ങള്‍ ആണ് സംഭവിക്കുന്നതെന്ന് അത് കാണിച്ചു ആള്‍ക്കാരെ പേടിപ്പിച്ചാല്‍ മാത്രമേ നടക്കൂ. ഉപദേശം കൊണ്ട് മാത്രം കാര്യമില്ല. ചിലതൊക്കെ കണ്ടു നോക്കൂ. 

ഭര്‍ത്താവ് വണ്ടി ഓടിച്ചു കൊണ്ടിരിക്കുമ്പോള്‍ മൊബൈലില്‍ വിളിച്ചു ശല്യം ചെയ്യരുത് പ്ലീസ് ...


തിരിച്ചും അങ്ങനെ തന്നെ 


ആര്‍ക്കോ പണി കൊടുക്കുന്നതാ..

ഓവര്‍ സ്പീഡ് - അകത്തായത് തന്നെ.
ഈ ഇന്റര്‍സെപ്ടര്‍ ഓവര്‍ സ്പീഡില്‍ പോകുന്ന വണ്ടികളുടെ ഫോട്ടം പിടിച്ചു പണി കൊടുക്കും

പലയിടത്തും പിടിപ്പിച്ചിരിക്കുന്ന ട്രാഫിക്‌ ക്യാമറകള്‍ പകര്‍ത്തിയ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ 



നമ്മള്‍ സിഗ്നല്‍ അനുസരിച്ചിട്ടു കാര്യമില്ല.
പുറകെ ഒരുത്തന്‍ ഒന്നും ശ്രദ്ധിക്കാതെ വന്നിട്ട് ഇടിച്ചു തെറിപ്പിക്കുന്നത് കണ്ടില്ലേ



സിഗ്നല്‍ നോക്കാതെ എവിടെയെങ്കിലും നോക്കി നടന്നാല്‍ ഇങ്ങനെ ഒക്കെ പറ്റും.



സിഗ്നല്‍ ജമ്പ് ചെയ്യുമ്പോള്‍ നിങ്ങള്‍ മാത്രമല്ല അപകടത്തില്‍ പെടുന്നത്



ഉള്ളതില്‍ ഏറ്റവും തമാശ. തമാശ എന്നല്ല വിളിക്കേണ്ടത്.
പക്ഷെ ഈ ഓട്ടോ റിക്ഷ ഓടിക്കുന്നത് രജനി കാന്ത് ആണോ എന്നൊരു സംശയം ഉണ്ട്.
 രണ്ടു വീലില്‍ ഓട്ടോ ഓടിക്കാന്‍ അങ്ങേര്‍ക്കെ പറ്റൂ. 

പക്ഷെ ഈ പരിപാടി ഒക്കെ കൊണ്ട് നമ്മുടെ നാട്ടിലെ ബുദ്ധിജീവികളെ ഒക്കെ ബോധവല്‍ക്കരിക്കാന്‍ പറ്റുമോ എന്തോ. നമ്മുടെ നാട്ടില്‍ എല്ലാം അറിയാവുന്ന ആളുകള്‍ ആണല്ലോ.അവരെ ഒക്കെ പഠിപ്പിക്കാന്‍ ചെന്നാല്‍ അവര്‍ തിരിച്ചു പോലിസിനെ പഠിപ്പിക്കും ..


വാല്‍കഷണം : വലിയ ചിലവൊന്നുമില്ലാതെ ചെയ്യാവുന്ന ചില കാര്യങ്ങളും ബാന്‍ഗ്ലൂര്‍ പോലിസ് പരീക്ഷിച്ചിട്ടുണ്ട്. അതില്‍ ഏറ്റവും ശ്രദ്ധേയമായത് ഡ്രൈവറുടെ അശ്രദ്ധ കൊണ്ട് അപകടത്തില്‍ പെട്ട വാഹനങ്ങള്‍ പൊതു സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതാണ്. ആ വണ്ടികളും അത് അപകടത്തില്‍ എങ്ങനെ പെട്ട് എന്നതിനെ കുറിച്ചുള്ള വിവരണങ്ങളും കണ്ടു കഴിഞ്ഞാല്‍ നിങ്ങള്‍ ഒരു നിമിഷമെങ്കിലും ആലോചിചിക്കും. ഒരു റിസ്ക്‌ എടുക്കണോ വേണ്ടയോ എന്ന്. ഇത് നമ്മുടെ നാട്ടിലും പരീക്ഷിക്കാവുന്നതാണ്.

2011, മേയ് 28, ശനിയാഴ്‌ച

പൊയ്മുഖം - അന്ത്യമില്ലാത്ത ഒരു കഥയുടെ ഒടുക്കം




       മാ ദേവി കോളെജിനടുത്തുള്ള   സ്റ്റോപ്പ്‌ കഴിഞ്ഞിട്ട് ബസ്‌ വീണ്ടും ഒന്ന് നിര്‍ത്തി. രവി തിരിഞ്ഞു നോക്കി. എന്ത് പറ്റി ? ഇവിടെ സാധാരണ നിര്‍ത്താത്തതാണല്ലോ. ഏതോ ഒരു പെണ്‍കുട്ടി ഇറങ്ങാന്‍ വേണ്ടി നിര്‍ത്തിയതാണ്. പെട്ടെന്നാവട്ടെ ... കണ്ടക്ടര്‍ തിരക്ക് കൂട്ടി. ഒരു കറുത്ത സാരി ഉടുത്ത പെണ്‍കുട്ടി. മുഖം കാണാന്‍ പറ്റുന്നില്ല. പുറം തിരിഞ്ഞു നില്‍ക്കുകയാണ് അവള്‍. പുറകു വശം കണ്ടിട്ട് അവള്‍ ഒരു സുന്ദരി ആണെന്ന് തോന്നുന്നു. കറുപ്പും വെളുപ്പും ചേര്‍ന്ന മനോഹരമായ ഒരു സാരി. അഴകോടെ വെട്ടിയിട്ട മുടിയിഴകള്‍. ചെവിയില്‍ തൂങ്ങി ആടുന്ന കറുപ്പും വെളുപ്പും കലര്‍ന്ന മണികള്‍ കോര്‍ത്ത കമ്മല്‍. തോളത്ത് ചെറിയ ഒരു ബാഗ് ഉണ്ട്. തീര്‍ച്ചയായും അവള്‍ ഒരു സുന്ദരി ആയിരിക്കും. രവി ഓര്‍ത്തു. മുഖം കാണാനും പറ്റുന്നില്ല. ബസിലുള്ള  എല്ലാവരും അവളെ തന്നെ നോക്കുകയാണ്. സന്ധ്യ ആയല്ലോ. അവളെ കാത്തു ആണെന്ന് തോന്നുന്നു ഒരാള്‍ പുറത്തു നില്‍ക്കുന്നുണ്ട്. അവളെ തന്നെ സൂക്ഷിച്ചു നോക്കുകയാണ് അയാള്‍. എന്നാല്‍ അവള്‍ അയാളെ നോക്കുന്നില്ല. ചിലപ്പോ അവള്‍ കണ്ടിട്ടുണ്ടാവില്ല. അവള്‍ ബസിന്റെ പടവുകള്‍  ഇറങ്ങി. എന്നാല്‍ ഇപ്പോള്‍ ഒരു അത്ഭുതം സംഭവിച്ചു. പുറത്തു നിന്നിരുന്ന ചെറുപ്പക്കാരന്‍ മുഖം തിരിച്ചു. അവള്‍ അയാളെ കാണാതെ ഇറങ്ങി മുന്നോട്ടു നടക്കുകയും ചെയ്തു. ബസ്‌ പതിയെ നീങ്ങി. രവിയുടെ ഉള്ളില്‍ എന്തോ ഒരു മിന്നല്‍ വീശി. 'ഹേയ്.. ഒരാള്‍ കൂടി ഇറങ്ങാന്‍ ഉണ്ട് ..' രവി ഉറക്കെ പറഞ്ഞു. എന്തോ വലിയ തെറി ശബ്ദം താഴ്ത്തി പറഞ്ഞിട്ട് കണ്ടക്ടര്‍ ബെല്‍ അടിച്ചു വണ്ടി നിര്‍ത്തി. 'എന്താ സാറേ.. ഇപ്പൊ തന്നെ രണ്ടു തവണ ആയി ഇവിടെ നിര്‍ത്തിയത്.. ഉറങ്ങുകയായിരുന്നോ ? ' അവന്‍ ചോദിച്ചു. 'അതെ... സ്റ്റോപ്പ്‌ എത്തിയത് അറിഞ്ഞില്ല...' രവി പറഞ്ഞു... ബസ്‌ വിട്ടു പോയി. രവി ആ ബസ്‌ സ്റൊപ്പിലേക്ക് നടന്നു... ശരിക്കും പറഞ്ഞാല്‍ അതൊരു ബസ്‌ സ്റ്റോപ്പ്‌ അല്ല. പണ്ട് ഇലക്ട്രിക്‌ ലൈന്‍ വലിക്കാന്‍ കൊണ്ട് വന്നിട്ട് അധികം വന്ന രണ്ടു പോസ്റ്റുകള്‍ പൊട്ടിച്ചു അടുത്തുള്ള ഏതോ ക്ലബ്ബുകാര്‍ ഉണ്ടാക്കിയ ഒരു ചെറിയ ഷെഡ്‌ ആണ് അത്. അതില്‍ ചേര്‍ന്ന് ഒരു തെരുവ് വിലക്ക് മഞ്ഞ നിറത്തിലുള്ള പ്രകാശം പൊഴിച്ച് നില്‍പ്പുണ്ട്. അതിനടുത് ഒരു ചെറിയ പാന്‍ ഷോപ്പും.  ആ വിളറിയ പ്രകാശത്തില്‍ ഒന്നും നന്നായി കാണാന്‍ പറ്റുന്നില്ല. രവി കുറച്ചു കൂടി അടുത്തേക്ക് നീങ്ങി. അവിടെ ആ കല്‍ ക്ഷണത്തില്‍ അയാള്‍ ഇരിപ്പുണ്ട്. തല താഴ്ത്തിയിരിക്കുന്നത് കാരണം മുഖം കാണാന്‍ പറ്റുന്നില്ല. രണ്ടു കയ്യും കൊണ്ട് മുഖം മൂടി ആണ് അയാള്‍ ഇരിക്കുന്നത്.ഇപ്പൊ അയാളോട് എന്ത് ചോദിക്കാനാ. രവി ഓര്‍ത്തു. പരിചയവും ഇല്ല.. ഒരു കാര്യം ചെയ്യാം. അടുത്ത ബസ്‌ എപ്പോഴാണ് എന്ന് ചോദിക്കാം ... 'ഹേയ് അന്ധെരിക്ക്  അടുത്ത ബസ്‌ എപ്പോഴാ ? " രവി ചോദിച്ചു. പ്രതികരണമൊന്നുമില്ല. രവി പതുക്കെ അയാളുടെ ചുമലില്‍ കൈ കൊണ്ട് ഒന്ന് അമര്‍ത്തി. അതിനു ഫലമുണ്ടായി. അയാള്‍ മുഖം ഉയര്‍ത്തി. അയാളുടെ കണ്ണില്‍ നിന്ന് ഒഴുകി കൊണ്ടിരിക്കുന്ന കണ്ണീര്‍ ആ അരണ്ട വെളിച്ചത്തിലും രവി കണ്ടു. എന്തോ പിറുപിറുത്തിട്ട് അയാള്‍ വീണ്ടും മുഖം താഴ്ത്തി. രവി വല്ലാതായി. അയാള്‍ അവിടെ നിന്ന് നടന്നു നീങ്ങി.

     ദിവസങ്ങള്‍ കടന്നു പോയി. രവി പിന്നൊരിക്കലും അവളെയും അയാളെയും കണ്ടില്ല. സ്വന്തം ജീവിത പ്രശ്നങ്ങള്‍ക്കിടയില്‍ രവിക്ക് അതൊന്നും ഓര്‍ക്കാന്‍ പറ്റിയില്ല എന്നതാണ് സത്യം.
ഓഫീസില്‍ ആകെ പ്രശ്നങ്ങള്‍ ആണ്. മൂന്നു ആഴ്ച രാവും പകലും ഇല്ലാതെ രവി ജോലി ചെയ്തു. ആകെ എരിഞ്ഞു തീരാറായി. ഉടനെ തന്നെ ഒരു ബ്രേക്ക് എടുത്തില്ലെങ്കില്‍ സംഗതി പ്രശ്നമാവും. ഒറ്റയാന്‍ ജീവിതം രവിയെ ആകെ മാറ്റി മറിച്ചിരുന്നു. ശനിയാഴ്ച ഒരു മസ്സാജിംഗ് നു പോകാം. നഗരത്തിന്റെ അതിര്‍ത്തിയില്‍ ഇത്തരം സ്പെഷ്യല്‍ തിരുമ്മു കേന്ദ്രങ്ങള്‍ ഉണ്ട്. തിരുമ്മു കേന്ദ്രം എന്നാണു പേരെങ്കിലും അവിടെ നടക്കുന്നത് വേറെ പലതുമാണ്. നഗരത്തിന്റെ മുഷിപ്പ് പിടിച്ച മണം കളയാന്‍ പലരും വന്നു പോകുന്ന മൂലകള്‍.  രവി അവിടം വല്ലപ്പോഴും ഒക്കെ സന്ദര്‍ശിക്കാറുണ്ട്. ശരീരവും മനസ്സും നഷ്ടപ്പെടുത്തി ജോലി ചെയ്തിട്ട് കിട്ടുന്ന ഇടവേളകളില്‍ രവി അവിടെ ഒക്കെ  സ്വന്തം ദുശീലങ്ങളില്‍ കുളിച്ചു തോര്‍ത്തി രസിക്കും. ശമ്പളമായി കിട്ടുന്ന പതിനായിരം രൂപ ഈ മഹാ നഗരത്തില്‍ ജീവിച്ചു പോകാന്‍ കഷ്ടിച്ചേ തികയൂ. നാട്ടില്‍ ആകെ ഉള്ളത് അമ്മയാണ്. അമ്മയ്ക്ക് ഇതില്‍ നിന്ന് മൂവായിരം അയച്ചു കൊടുക്കും. അതുകൊണ്ട് അമ്മ എങ്ങനെ ആണാവോ ജീവിച്ചു പോകുന്നത്. ബാക്കി ഏഴായിരം രൂപയില്‍ നിന്ന് വാടക, വണ്ടിക്കൂലി, ഭക്ഷണം അങ്ങനെ സര്‍ക്കസ് കാണിച്ചാണ് രവി ജീവിച്ചു പോകുന്നത്. അതിനിടക്ക് ഇത്തരം വിനോദങ്ങള്‍ക്ക് പോകുന്നത് ബോണസ് , ഓവര്‍ ടൈം അലവന്‍സ് ഒക്കെ കിട്ടുമ്പോഴാണ്.

     അങ്ങനെ ഒരു ദിവസം രവി അവിടെയെത്തി. നഗരത്തിലെ ഒരു റെസിടെന്‍ഷ്യ ല്‍ ഏരിയയില്‍ ആണ് ഈ തിരുമ്മു കേന്ദ്രം. രഹസ്യമായി ആണ് അവര്‍ അത് അവിടെ നടത്തുന്നത്. ബോര്‍ഡ് ഒന്നുമില്ല. അവിടെ ചെന്ന് ഫോണ്‍ ചെയ്താല്‍ ഒരാള്‍ വന്നു കൂട്ടികൊണ്ട് പോകും. പതിവ് പോലെ മുന്‍വശം ഒഴിഞ്ഞു കിടക്കുകയായിരുന്നു അന്നും. രവി ഫോണ്‍ എടുത്തു ഡയല്‍ ചെയ്തു. ആരോ എടുത്തു. ഇപ്പൊ ആളിനെ വിടാം സര്‍ . എന്ന് പറഞ്ഞു. അതാ ഒരാള്‍ വരുന്നുണ്ട്. സാര്‍ പോകാം. എന്ന് പറഞ്ഞു. രവി അയാളുടെ ഒപ്പം മുന്നോട്ടു നടന്നു. അന്നത്തെ തിരുമ്മലൊക്കെ പെട്ടെന്ന് കഴിഞ്ഞു. ഏതോ ഒരു ബംഗാളി പെണ്ണായിരുന്നു അന്നത്തെ തിരുമ്മുകാരി. സാധാരണ സിന്ധി പെണ്ണുങ്ങള്‍ ആണ് അവിടെ ഉണ്ടാവുക. ഇപ്പൊ അവന്മാര്‍ ബംഗാളികളേയും ഇറക്കി തുടങ്ങി എന്ന് തോന്നുന്നു. പണം  കൊടുത്തിട്ട് പുറത്തിറങ്ങാന്‍ തുടങ്ങുമ്പോഴാണ് രവി തന്നെ കൂട്ടിക്കൊണ്ടു വന്ന ചെറുപ്പക്കാരനെ ശ്രദ്ധിച്ചത്. അന്ന് ആ ബസ് സ്റ്റോപ്പില്‍ കണ്ട അയാള്‍. പക്ഷെ അയാള്‍  പരിചയ ഭാവം ഒന്നും കാണിക്കുന്നില്ല. മടിച്ചു മടിച്ചു രവി അയാളോട് ചോദിച്ചു. 'നിങ്ങള്‍...അന്ന് ആ ബസ് സ്റ്റോപ്പില്‍...' അത് കേട്ടതും അയാളുടെ മുഖം വിളറി. രക്തം മുഴുവന്‍ മുഖത്ത് നിന്ന് വാര്‍ന്നു പോയത് പോലെ. 'അതെ.. ' അയാള്‍ അത് സമ്മതിച്ചു.. ' എന്താ നിങ്ങളുടെ പേര് ? ' രവി ചോദിച്ചു... പക്ഷെ അയാള്‍ ഒന്നും മിണ്ടാതെ അകത്തേക്ക് പോയി. അപ്പോഴാണ് രവി ശ്രദ്ധിച്ചത്... അവര്‍ തമ്മിലുള്ള സംസാരം നിരീക്ഷിച്ചു കൊണ്ട് വേറൊരു നടത്തിപ്പുകാരന്‍ അവിടെ നില്‍പ്പുണ്ടായിരുന്നു.. എന്തായാലും ഇനി അയാള്‍ക്ക് ഒരു പ്രശ്നം ഉണ്ടാവണ്ട. രവി അവിടെ നിന്ന് ഇറങ്ങി..

     ദിവസങ്ങള്‍ കഴിഞ്ഞു. രവി സ്വന്തം ജോലി തിരക്കുകളില്‍ മുഴുകി. പക്ഷെ അതിനിടക്കും അയാളുടെ മുഖം രവിയുടെ മനസ്സിലേക്ക് വരുന്നുണ്ടായിരുന്നു. അടുത്ത തവണ അവിടെ പോകുമ്പോള്‍ എങ്ങനെയെങ്കിലും അയാളെ പരിചയപ്പെടണം എന്ന് രവി ഉറപ്പിച്ചു. ഒരിക്കല്‍ ജോലി കഴിഞ്ഞു തിരികെ വരുന്ന വഴി ആ പഴയ ബസ്‌ സ്റ്റോപ്പില്‍ വണ്ടി നിര്‍ത്തി. രവി വെറുതെ ചുറ്റിനും നോക്കി. അയാളോ അവളോ അവിടെയെവിടെയെങ്കിലും ഉണ്ടോ എന്നറിയാന്‍. ഒരു അതിശയം പോലെ അവിടെ അയാള്‍ നില്‍പ്പുണ്ടായിരുന്നു. രവി സ്റ്റോപ്പില്‍ ചാടിയിറങ്ങി. പെട്ടെന്ന് മുന്നില്‍ വന്നു പെട്ട രവിയെ കണ്ടു അയാള്‍ ഒന്ന് പരുങ്ങി. 'ഹേയ് .. പേടിക്കണ്ട. വെറുതെ ഒന്ന് പരിചയപ്പെടാന്‍ ഇറങ്ങിയതാ.' രവി പറഞ്ഞത് കേട്ടിട്ട് അയാള്‍ അവിടെ നിന്നു. ആ മുഖത്ത് ചെറിയ ഒരു സമാധാനം ഉണ്ട് ഇപ്പൊ. 'അന്ന് നിങ്ങള്‍ ഇവിടെ ..ഇതേ സ്ഥലത്ത് നിന്നത് ഞാന്‍ കണ്ടു. ആരായിരുന്നു ആ പെണ്‍കുട്ടി ? അവളെ കണ്ടിട്ടല്ലേ അന്ന് നിങ്ങള്‍ ഇവിടെ ഇരുന്നു കരഞ്ഞത് ? " രവി ചോദിച്ചു..അയാള്‍ ഒന്നും പറഞ്ഞില്ല. എന്നാല്‍ അയാളുടെ കണ്ണുകള്‍ നിറഞ്ഞു . 'വിഷമമാണെങ്കില്‍ പറയണ്ട ട്ടോ.ഞാന്‍ ചോദിച്ചു എന്നെ ഉള്ളൂ " രവി പറഞ്ഞു. 'ഇല്ല .. സാരമില്ല. ' അയാള്‍ കണ്ണ് തുടച്ചു. എന്നിട്ട് പതിയെ പറഞ്ഞു..' അവള്‍ ഇപ്പൊ എന്റെ ആരുമല്ല. പക്ഷെ ഒരിക്കല്‍ അവള്‍ എന്റെ എല്ലാമായിരുന്നു' പിന്നെ അയാള്‍ പറഞ്ഞത് അയാളുടെ കഥ ആയിരുന്നു. വിചിത്രമായ ഒരു കഥ..

    സ്വന്തമായി ആരുമില്ലാതെ ആ നഗരത്തില്‍ പണ്ടേ വന്നു പെട്ടതാണ് അയാള്‍. ജീവിക്കാന്‍ വേണ്ടി പല ജോലികളും ചെയ്തു. അങ്ങനെ എത്തിപെട്ടതാണ് ആ തിരുമ്മു കേന്ദ്രത്തില്‍. അയാള്‍ അവിടെ ചെന്ന് ഒന്ന് രണ്ടു മാസം കഴിഞ്ഞപ്പോള്‍ ഒരു ജോലിക്കാരി  ആയി അവിടെ വന്നതാണ് ആ പെണ്‍കുട്ടി. ആദ്യമൊക്കെ അകന്നു നടന്നെകിലും ഒരിക്കല്‍ ആ കുട്ടിയുടെ കഥ കേട്ട് അയാളുടെ മനസ്സ് മാറുകയായിരുന്നു. ഒരു സാധാരണ മസാല സിനിമ കഥ പോലെ ക്ലീഷേകള്‍ നിറഞ്ഞത്‌.
ജോലി വാങ്ങി തരാം എന്ന് പറഞ്ഞു അവളുടെ അമ്മാവന്‍ തന്നെ അവളെ പറ്റിക്കുകയായിരുന്നു.
 എന്തായാലും പതുക്കെ അവര്‍ തമ്മിലുള്ള സ്നേഹം വളര്‍ന്നു. എങ്ങനെയെങ്കിലും ആ നശിച്ച സ്ഥലത്തെ ജോലി മതിയാക്കി രക്ഷപെടാന്‍ അവര്‍ തീരുമാനിച്ചു. പക്ഷെ അത് അത്ര എളുപ്പമായിരുന്നില്ല. അവളെ ഒരു തിരുമ്മുകാരി ആക്കാന്‍ വേണ്ടി നടത്തിപ്പുക്കാര്‍ നോട്ടമിട്ടു വച്ചിരുന്നു. ഒടുവില്‍ വല്ല വിധേനയും അവളെ അയാള്‍ അവിടെനിന്നു രക്ഷപെടുത്തി. അടുത്ത മാസം ഒരു അമ്പലത്തില്‍ വച്ച് വിവാഹം കഴിക്കാനും പിന്നെ വേറെ എങ്ങോട്ടെങ്കിലും രക്ഷപെടാനും ആയിരുന്നു അവരുടെ പദ്ധതി. പക്ഷെ വിവാഹ ദിവസം അവളെയും കാത്തു ക്ഷേത്രത്തിന്റെ അടുത്ത് നിന്ന അയാള്‍ക്ക്‌ നിരാശ ആയിരുന്നു ഫലം.  അവള്‍ വന്നതേയില്ല. കാത്തുനിന്നു മടുത്തിട്ട് അയാള്‍ തിരിച്ചു പോയി. അയാള്‍ക്ക് കൂടുതല്‍ ഞെട്ടല്‍ ഉണ്ടായത് തിരികെ
വീണ്ടും അവിടെ ജോലിക്ക് ചെന്നപ്പോഴാണ്. അവള്‍ അവിടെ തിരുമ്മലിന് വരുന്ന ഒരു യുവാവുമായി പ്രണയത്തില്‍ ആയിരുന്നത്രെ. ആ യുവാവിന്റെ ഒപ്പം അവള്‍ ഒളിച്ചോടി എന്ന് നടത്തിപ്പുകാര്‍ പറഞ്ഞു അയാള്‍ അറിഞ്ഞു. അതിനു ശേഷം അന്നാണത്രേ അവളെ അയാള്‍ വീണ്ടും കാണുന്നത്. കഥ പറഞ്ഞു തീര്‍ന്നപ്പോഴെയ്ക്കും അയാളുടെ ശബ്ദം ഇടറിയിരുന്നു. ആ കഥ കേട്ട് രവിയും ഒന്ന് അമ്പരന്നു. ആവുന്ന പോലെ ഒക്കെ രവി അയാളെ സമാധാനിപ്പിച്ചു. എന്നിട്ട് അവര്‍ പിരിഞ്ഞു.
എന്തോ ഇന്നിനി വീട്ടില്‍ പോകാന്‍ തോന്നുന്നില്ല. ബാറില്‍ പോയി കുറച്ചു നേരം കുടിക്കണം.
ഇനിയും കാണാത്ത ആ പെണ്‍കുട്ടിയുടെ മുഖം അയാളില്‍ ഒരു അസ്വസ്ഥത ഉണ്ടാക്കി. അവളെ എങ്ങനെയെങ്കിലും കണ്ടു പിടിക്കണം എന്നത് ഒരു വാശിയായി അയാളുടെ മനസ്സില്‍ നിറഞ്ഞു.

    അന്ന് അവള്‍ ഇറങ്ങിയ ബസ് സ്റ്റോപ്പില്‍ രവി പോയി. അതിനടുത്തുള്ള പെട്ടിക്കടക്കാരന്റെ അടുത്ത് ചെന്ന് ഒരു സിഗരറ്റ് വാങ്ങി. ഇനി എന്ത് ചോദിക്കണം എന്നറിയില്ല. രവി നിന്നു പരുങ്ങുന്നത് കണ്ടപ്പോള്‍ കടക്കാരന്‍ ചോദിച്ചു.'എന്താ ചേട്ടായി നിന്നു തിരിയുന്നത് ? ലൈലയുടെ വീടന്വേഷിച്ച്‌ വന്നതാണോ ? " അയാള്‍ ചോദിച്ചു. ലൈലയെ അന്വേഷിച്ചാണ് അവിടെയ്ക്ക് ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ വരുന്നതത്രേ.. എന്തായാലും ഇവിടെ വരെ വന്നതല്ലേ. ലൈലയെ ഒന്ന് കണ്ടേക്കാം..രവി കരുതി. തൊട്ടടുത്ത ഒരു കോട്ടിയില്‍ ആണ്  ലൈല ഉള്ളത് എന്ന് കടക്കാരന്‍ പറഞ്ഞു തന്നു. ആ നിരയില്‍ ഉള്ള വീടുകളില്‍ എല്ലാം കുഴപ്പം പിടിച്ച പെണ്ണുങ്ങള്‍ ആണെങ്കിലും ലൈല ആണ് ഏറ്റവും പോപ്പുലര്‍. ആ കടക്കാരന്‍ ലൈലയെ പറ്റി കുറെ വര്‍ണിച്ചു. എന്നാല്‍ എല്ലാ സാധാരണ കഥകളെയും പോലെ ആ അന്ത്യം ഇവടെയും സംഭവിച്ചു. കതകു തുറന്ന ആ പെണ്‍കുട്ടിക്ക് രവി കേട്ട കഥയിലെ നായികയുടെ മുഖം. അവളുടെ വേഷവും അത് തന്നെ. അവള്‍ അയാളെ അകത്തേയ്ക്ക് കൂട്ടിക്കൊണ്ടു പോയി. കുറച്ചു നേരം സംസാരിച്ചിരുന്നതിനു ശേഷം രവി അവളോട്‌ ഒരു കഥ പറഞ്ഞു. അയാളില്‍ നിന്നു കേട്ട ആ കഥ.
അത് കേട്ടിരുന്ന അവളുടെ മുഖം വിളറി. കഥ പൂര്‍ണമായപ്പോഴെയ്ക്കും അവളുടെ മുഖത്ത് നിന്നു രക്തം വാര്‍ന്നു പോയി. അവള്‍ക്കും ഒരു കഥ പറയാനുണ്ടായിരുന്നു. വിവാഹ ദിവസം അവള്‍ വരാതിരുന്നതിനു കാരണം. അതിന്റെ തലേ ദിവസം തല ചുറ്റി വീണ അവളെ ആശുപത്രിയില്‍ ആരോ എത്തിച്ചു. അപ്പോഴാണ്‌ അവളുടെ തലച്ചോറില്‍ മഹാരോഗത്തിന്റെ വളര്‍ച്ച അവര്‍ തിരിച്ചറിഞ്ഞത്. താന്‍ കാരണം അയാളുടെ ജീവിതം കൂടി തകര്‍ക്കണ്ട എന്ന് കരുതി അവള്‍ പിന്മാറിയതായിരുന്നു. രോഗം ചികിത്സിച്ചു നേരെ ആക്കാനുള്ള തത്രപ്പാടിലാണ് ലൈല ഇപ്പോള്‍.
ഇതെല്ലം കേട്ട് രവി ആകെ വല്ലാതായി. ഇങ്ങനെ ഒരു വഴിത്തിരിവ് രവി ഇവിടെ പ്രതീക്ഷിച്ചിട്ടില്ലായിരുന്നു. അമ്മയ്ക്ക് അയച്ചു കൊടുക്കാന്‍ കയ്യില്‍ ബാക്കി ഉണ്ടായിരുന്ന രണ്ടായിരം രൂപ അവള്‍ക്കു കൊടുത്തിട്ട് രവി പടിയിറങ്ങി.

     ദിവസങ്ങള്‍ വീണ്ടും കടന്നു പോയി. പിന്നൊരിക്കലും രവി അയാളെയോ അവളെയോ കണ്ടില്ല. ആ തിരുമ്മു കേന്ദ്രത്തില്‍ പിന്നെ ചെന്നപ്പോള്‍ അയാളുടെ സ്ഥാനത് വേറൊരാള്‍ ആയിരുന്നു. മറക്കാന്‍ ശ്രമിച്ചെങ്കിലും പലപ്പോഴും അയാളുടെ നിറഞ്ഞ കണ്ണുകളും ലൈലയുടെ നിസ്സഹായമായ മിഴികളും രവിയെ ഉറക്കത്തിലും മറ്റും കൊതി വലിച്ചു കൊണ്ടിരുന്നു. അങ്ങനെ ഇരിക്കെ ഒരു ദിവസം ജോലി കഴിഞ്ഞു രവി തിരിച്ചു വരികയായിരുന്നു. ലോക്കല്‍ ട്രെയിന്‍ ജോഗേശ്വരിയില്‍ എത്തിയപ്പോള്‍ മണി ആറ്. ട്രെയിനില്‍ നിന്നിറങ്ങിയ ആയിരങ്ങള്‍ക്കൊപ്പം രവി പുറത്തിറങ്ങി. സ്റെഷന്റെ തൊട്ടടുത്ത്‌ തന്നെ ഒരു ചെറിയ ചായ മക്കാനി ഉണ്ട്. മലപ്പുറത്തുള്ള ഒരു കോയാക്ക നടത്തുന്നത്. ഒരു ചായ കുടിച്ചേക്കാം. രവി അകത്തേക്ക് കയറി. ചെറിയ ഒരു ഷെഡ്‌ ആണ്. അതില്‍ ഒരു പോര്‍ടബില്‍ ടി വി ഉണ്ട്. അതില്‍ വാര്‍ത്ത‍ കാണിക്കുന്നുണ്ട്. ഏതോ ലോക്കല്‍ മറാഠി ചാനല്‍  ആണ്. ആള്‍ക്കാരെ തെറ്റിദ്ധരിപ്പിച്ചു പണം തട്ടിയ ദമ്പതിമാര്‍ അറസ്റ്റില്‍ എന്നൊരു ന്യൂസ്‌ അതില്‍ കാണിക്കുന്നുണ്ട്. ചായ അടിക്കുന്നതിനിടയില്‍ കോയാക്കയും അത് ശ്രദ്ധിക്കുന്നുണ്ട്. 'ഇത് ഇവറ്റകളുടെ സ്ഥിരം പണിയാണ് മോനെ.. ജീവിക്കാന്‍ വയ്യെന്നായി.. ' കോയാക്കയുടെ കമന്റ്‌. അപ്പോഴാണ്‌ രവി ആ വാര്‍ത്ത‍ ശ്രദ്ധിച്ചത്.. അറസ്റ്റു ചെയ്തു കൊണ്ട് പോകുന്ന രണ്ടു പേരുടെയും മുഖത്തേക്ക് ഒരിക്കലെ രവി നോക്കിയുള്ളൂ.. അയാളുടെ അകത്തും മുകളില്‍ ആകാശത്തും ഒരു മിന്നല്‍ വീശി. ഗ്ലാസ് മേശപ്പുറത്തു വച്ചിട്ട് പുറത്തു നനു നനെ പെയ്യുന്ന ചാറ്റല്‍ മഴയിലേക്ക്‌ അയാള്‍ ഇറങ്ങി നടന്നു...

2011, മേയ് 26, വ്യാഴാഴ്‌ച

ഒരു ഉത്തരാധുനിക ചിക്കന്‍ കറി - പാചക കുറിപ്പ്

ഇത്തവണ രുചികരമായ ഒരു ചിക്കന്‍ കറിയുടെ പാചക കുറിപ്പാകട്ടെ. പാചകം അറിഞ്ഞുകൂടാത്ത പാവങ്ങള്‍ക്ക് വേണ്ടി ഒരു സേവനം എന്ന നിലയ്ക്കാണ് ഇത് ഇടുന്നത്.


ചേരുവകള്‍ : 

ചിക്കന്‍ അതി ക്രൂരമായി വെട്ടി മുറിച്ചത്. - ഒരു കിലോ ( വെറുതെ സാമ്പിള്‍ നോക്കാന്‍ ).
പൂവന്റെ ഇറച്ചി ആണ് നല്ലത്. പിടയുടെത് നല്ല മുറ്റായിരിക്കും. പെണ്ണല്ലേ ജാതി. 
കോഴിയുടെ കഴുത്ത് വെട്ടിയോ മറ്റോ അതിനെ കൊല ചെയ്യുക. എന്നിട്ട് പൂട പറിച്ചിട്ടു ക്വൊട്ടെഷന്‍കാര്‍ ചെയ്യുന്ന പോലെ   വെട്ടിക്കൂട്ടിയാല്‍ മതി.

സവാള : ശ്വേത മേനോനെ പോലെ ചുവന്നു തുടുത്തത്.
വെളുത്തുള്ളി : പത്തെണ്ണം എണ്ണി എടുക്കുക. എല്ലാം ഒരേ സൈസ് ആയിരിക്കണം. 
ഇഞ്ചി : ചെറു വിരല്‍ നീളത്തില്‍ ഒരെണ്ണം ( സാധാരണ മനുഷ്യന്റെ ചെറുവിരല്‍ നീളം. അതില്‍ കൂടുതല്‍ ഉള്ളവര്‍ നീളം അഡ്ജസ്റ്റ് ചെയ്യാന്‍ മറക്കണ്ട )
ഉപ്പു : വെറുതെ ഒരു കിണ്ണത്തില്‍ ഇട്ടു വച്ചോ. വേണ്ടപ്പോ തട്ടാം 
എണ്ണ : ഒരു കുപ്പി വച്ചോ. എപ്പോഴാ ആവശ്യം വരുന്നതെന്ന് പറയാന്‍ പറ്റില്ല
മഞ്ഞള്‍ പൊടി : കവറില്‍ കിട്ടുന്നത്. എത്ര വേണം എന്ന് അപ്പൊ പറയാം
ചിക്കന്‍ മസാല : ഒരു കവര്‍. അടിമാലിയിലുള്ള ഏതോ ഒരു കമ്പനി ഉണ്ടാക്കുന്നത് ബെസ്ടാ
കടുക് : നൂറു. എണ്ണി എടുക്കണം എന്നില്ല. നൂറു ഗ്രാം മതിയായിരിക്കും.


ഉണ്ടാക്കുന്ന വിധം :

ഇത് നമ്മള്‍ രണ്ടു സ്റെപ് ആയാണ്  ഉണ്ടാക്കുന്നത്‌. ഉള്ളിയും മസാലയും ചേര്‍ത്ത് കൂട്ട് ഉണ്ടാക്കണം. പിന്നെ ചിക്കന്‍ വേവിച്ചിട്ട് അതില്‍ ഇട്ടു ഇളക്കണം

അപ്പൊ സ്റെപ് 1 :
സവാള അരിഞ്ഞു തള്ളുക. ഒരു നാലെണ്ണം. കരയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ചെറിയ ഒരു ചീന ചട്ടി എടുക്കുക. അതില്‍ കുറച്ചു എണ്ണ ഒഴിച്ച് അടുപ്പത്ത് വയ്ക്കുക. എണ്ണ തിളച്ചു വരുമ്പോ കടുക് ഇടണം. ഇത് പാചകത്തിന്റെ ഒരു പ്രാഥമിക നിയമം ആണ്. എപ്പോ എണ്ണ ചൂടാക്കിയാലും കടുക് പൊട്ടിച്ചേക്കണം. ചീന ചട്ടിയിലോ അതില്‍ ഇളക്കുന്ന ചട്ടുകതിലോ അല്പം പോലും വെള്ളം ഉണ്ടാവരുത്. എങ്കില്‍ എണ്ണ പൊട്ടി തെറിക്കും. ആണുങ്ങള്‍  ഷര്‍ട്ട്‌ ഇടാതെ വെറുതെ ലുങ്കി മാത്രം ഉടുത് കൊണ്ടാണ് ഇത് ചെയ്യുന്നതെങ്കില്‍ എണ്ണ വയറ്റത്തും വേണ്ടാത്തിടത്തും ഒക്കെ വീണു അടയാളം വരും. പിന്നെ എന്നെങ്കിലും ഇതൊക്കെ എങ്ങനെ ഉണ്ടായി എന്ന് ഭാര്യയോട്‌ സമാധാനം പറയേണ്ടി വരും. ഇപ്പോഴേ ഒന്ന് ശ്രദ്ധിച്ചാല്‍ അത് ഒഴിവാക്കാം. അതൊക്കെ പോട്ടെ. ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ക്കേണ്ട സമയം ആയി. ഇത് രണ്ടും കൂടി മിക്സിയില്‍ അരച്ച് പേസ്റ്റ് ആക്കിയത് ചട്ടയില്‍ ഇടുക. ഒപ്പം അരിഞ്ഞ ഉള്ളിയും. പിന്നെ രണ്ടു സ്പൂണ്‍ മസാലയും. എന്നിട്ട് ഉമ്മന്‍ ചാണ്ടി ചെയ്യുന്ന പോലെ എല്ലാം കൂടി കൂട്ടികുഴയ്ക്കുക. സവാള തവിട്ടു നിറം ആവുന്ന വരെ വെറുതെ ഇളക്കി കൊണ്ടിരിക്കുക. അത് കാണാന്‍ കൊള്ളാവുന്ന ഒരു നിറത്തിലായി കഴിഞ്ഞാല്‍ ഇറക്കി ഒരു മൂലയ്ക്ക് വയ്ക്കുക. 

സ്റെപ് 2 :
മുകളിലത്തെ സ്റെപ്പിനു പാരലല്‍ ആയി ചെയ്യേണ്ട സ്റെപ് ആണ് ഇത്. സഹായിക്കാന്‍ ഭാര്യ വരുന്നെങ്കില്‍ അവളെ ഏല്‍പ്പിക്കുക. അല്ലെങ്കില്‍ വിധി എന്ന് കരുതി സ്വയം ചെയ്യുക.
ചിക്കെന്‍ കഴുകി വൃത്തിയാക്കുക. രക്തം ചിന്തി മരിച്ച കോഴി ആണെങ്കില്‍ ആ രക്ത കറ ഒക്കെ കഴുകി വൃത്തിയാക്കുക. വലിയ കഷണങ്ങള്‍ വെട്ടി ചെറിയ കഷണങ്ങള്‍ ആക്കുക. കോഴിയുടെ തലച്ചോറ്, ഷിറ്റ് , ഒരാവശ്യവുമില്ലാത്ത കുടല്‍ , പിന്നെ പേരറിയാന്‍ പാടില്ലാത്ത വൃത്തികെട്ട സാധനങ്ങള്‍ ഒക്കെ നീക്കം ചെയ്യുക. കാണാന്‍ ഭംഗിയുള്ള കഷണങ്ങള്‍ മാത്രം ബാക്കി വയ്ക്കുക. 
ഇതിലേയ്ക്ക് രണ്ടു സ്പൂണ്‍ ( ടീ സ്പൂണ്‍ വേണം . അത് കിട്ടിയില്ലെങ്കില്‍ കോഫി സ്പൂണ്‍ ആയാലും മതി )
മസാല പൊടി വിതറുക. രാഖി കാ സ്വയംവറിലുള്ള അത്രയും മസാല മതിയാവും. അല്ലെങ്കില്‍ ഇമോഷണല്‍ അത്യാചാറിലുള്ള അത്രയും ഇട്ടോ. എന്നിട്ട് ഭാര്യയെ മനസ്സില്‍ ധ്യാനിച്ച്‌ ആ ചിക്കനും മസാലയും കുറച്ചു ഉപ്പും ( തിന്നു കഴിഞ്ഞാല്‍ വെള്ളം കുടിക്കാന്‍ പാകത്തിന് മാത്രം ) ചേര്‍ത്ത് 
കൂട്ടി കുഴയ്ക്കണം. കുഴച്ചു കഴിഞ്ഞിട്ട് ഒരു പതിനഞ്ചു മിനിറ്റ് വെറുതെ വയ്ക്കണം. മസാല ചിക്കന്റെ മേത്തു പിടിക്കണമല്ലോ. പിടിച്ചു കഴിഞ്ഞാല്‍ നേരെ അതിനെ എടുത്തു കുക്കറില്‍ തട്ടുക. എന്നിട്ട് തീ ഒക്കെ കൂട്ടി വയ്ച്ചു ഒരു പതിനഞ്ചു മിനിറ്റ് വേവിക്കുക. കുക്കറിന് ബോര്‍ അടിക്കുമ്പോ അത് വിസില്‍ ഒക്കെ അടിക്കും. വിസിലടി ഓവര്‍ ആകുമ്പോ സ്ടവ് ഓഫ്‌ ആക്കുക. അതിലുള്ള നീരാവി ഒക്കെ പുറത്തു വന്നതിനു ശേഷം മാത്രം കുക്കര്‍ തുറക്കുക. കടുക് വറുക്കുന്ന കാര്യം പറഞ്ഞ പോലെ നീരാവി ഒക്കെ പോയതിനു ശേഷം വേണം ഇത് തുറക്കാന്‍. അല്ലെങ്കില്‍ എട്ടിന്റെ പണി കിട്ടും. തീര്‍ച്ച.

കുക്കര്‍ തുറന്നതിനു ശേഷം അതില്‍ നേരത്തെ ഉണ്ടാക്കിയ കൂട്ട് ഇടുക. എന്നിട്ട് ചെറിയ തീ ഇട്ടിട്ടു 
എല്ലാം നന്നായി കൂട്ടി ഇളക്കുക. നിങ്ങള്ക്ക് വൈരാഗ്യം ഉള്ളവരെ ഒക്കെ മനസ്സില്‍ ഓര്‍ത്തു ഇളക്കിയാല്‍ ഇളക്കലിനു ഒരു ശക്തി , ഊര്‍ജം ഒക്കെ കിട്ടും. അങ്ങനെ ഒരു പത്തു മിനിറ്റ് വേവിച്ചിട്ട് അവനെ ഒരു അടപ്പ് കൊണ്ട് അടച്ചു വച്ചിട്ട് ചെറിയ തീയില്‍ വയ്ക്കുക.

പത്തു മിനിറ്റ് കഴിഞ്ഞോ ? എങ്കില്‍ വേഗം വേറെ ആരും കാണാതെ അത് ഇറക്കി വച്ചോ. ഇനി  കഴിക്കണമല്ലോ. നേരത്തെ ഹോടലില്‍ നിന്ന് വാങ്ങിയ ചിക്കന്‍ കറിയും പൊറോട്ടയും എടുത്തു കൊണ്ട് പോയി ആരും കാണാതെ കഴിക്കണം. ഇനി നിങ്ങള്‍ ഉണ്ടാക്കിയ ചിക്കന്‍ കറി കഴിക്കാന്‍ പറ്റിയ കുറച്ചു പേരെ കണ്ടു പിടിക്കുക. എന്നിട്ട് ചോറിന്റെ ഒപ്പമോ ചപ്പാത്തിയുടെ ഒപ്പമോ വിളമ്പുക.
( വിളമ്പുമ്പോള്‍ അതിന്റെ മേലെ കുറച്ചു പുതിന ഇല ഒക്കെ വിതറാം. വെറുതെ ഒരു ഭംഗിക്ക്.  ഒടുവില്‍ പറഞ്ഞു നടക്കാന്‍ അതോക്കെയെ കാണൂ ). ഒരു കാരണവശാലും സ്വയം രുചിച്ചു നോക്കി പണി വാങ്ങിക്കരുത് ട്ടോ . !!

2011, മേയ് 20, വെള്ളിയാഴ്‌ച

ശരണ്യക്ക് അഭിനന്ദനങ്ങള്‍



സലിം കുമാറിന് ദേശീയ അവാര്‍ഡ്‌ കിട്ടിയ പോലെ തന്നെ എന്നെ സന്തോഷിപ്പിച്ചു ശരണ്യക്ക് കിട്ടിയ അവാര്‍ഡ്‌ .എന്റെ ഏറ്റവും പ്രിയപ്പെട്ട നടികളില്‍ ഒരാള്‍ ആണ് ശരണ്യ. നായകന്‍ മുതല്‍ കണ്ട ചിത്രങ്ങളില്‍ ഒക്കെ സ്വന്തം അഭിനയ പാടവം കൊണ്ട് എന്നെ വിസ്മയിപ്പിച്ച നടി. സത്യത്തില്‍ ഇത് ശരണ്യക്ക് വൈകി വന്ന ഒരു അംഗീകാരം ആണ്.തവമായ് തവമിരുന്ത് എന്ന ചിത്രം കാണുമ്പോഴൊക്കെ തോന്നും എന്തുകൊണ്ടാണ് ആ ചിത്രത്തിലെ അഭിനയത്തിന്
ശരണ്യക്ക് അവാര്‍ഡ്‌ കിട്ടാത്തതെന്ന്‍. പ്രശസ്ത തമിഴ് നടനും സംവിധായകനും ആയ പൊന്‍വണ്ണനെ  വിവാഹം കഴിച്ചതിനു ശേഷം കുറെ വര്‍ഷത്തോളം ശരണ്യ അഭിനയ രംഗത്ത്‌ ഉണ്ടായിരുന്നില്ല. സ്വയം സൃഷ്ടിച്ച ആ ഇടവേളയ്ക്കു ശേഷം തിരിച്ചു വന്നിട്ടാണ് യാവരും നലം, തവമായ് തവമിരുന്ത് , കളവാണി, വേദം, വാനം മുതലായ ചിത്രങ്ങളിലൂടെ വന്‍ 
തിരിച്ചു വരവ് നടത്തിയത്. ഇപ്പൊ അവാര്‍ഡ് ലഭിച്ച തെന്മേര്‍ക്ക് പരുവക്കാറ്റ് എന്ന ചിത്രം നായികാ പ്രാധാന്യമുള്ള ഒരു ചിത്രമാണ്‌. മകനെ വളര്‍ത്താന്‍ വേണ്ടി മാത്രം ജീവിക്കുന്ന ഒരു വിധവയുടെ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചാണ് ഈ അഭിനേത്രി അവാര്‍ഡ്‌ കരസ്ഥമാക്കിയത്. മണിരത്നത്തിന്റെ ചിത്രത്തിലൂടെ അഭിനയ ജീവിതം തുടങ്ങിയ ഈ നടി
മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. പൊന്‍വണ്ണനെയും നിങ്ങള്‍ അറിയും. ഫ്ലാഷ് എന്ന സിബി മലയില്‍ ചിത്രത്തില്‍ മുത്തശ്ച്ചന്റെ വേഷം അഭിനയിച്ച നടന്‍. അവരുടെ ദാമ്പത്യ ജീവിതം വിജയകരമായ 15 വര്‍ഷങ്ങള്‍ പിന്നിട്ടു കഴിഞ്ഞു. ജീവിതത്തിലും സിനിമയിലും വിജയകരമായി മുന്നോട്ടു പോകുന്ന ശരണ്യക്ക് അഭിനന്ദനങ്ങള്‍.

2011, മേയ് 19, വ്യാഴാഴ്‌ച

രാജുമോന്‍ - ഒരു വിവാഹവും കുമ്പസാരവും



     ഒടുവില്‍ അത് സംഭവിച്ചു. രാജുമോന്‍ എല്ലാവരോടും മാപ്പ് പറഞ്ഞു. ഈയിടയ്ക്ക് മലയാളികളെ മൊത്തം 'ഞെട്ടിച്ച' ഒന്നായിരുന്നല്ലോ രാജു മോന്റെ വിവാഹം. കേരളത്തിലെ മാധ്യമങ്ങളെ മാത്രമല്ല ജനങ്ങളെയും വിഡ്ഢികള്‍ ആക്കിക്കൊണ്ടായിരുന്നു സത്യം പറഞ്ഞാല്‍ ഇദ്ദേഹം വിവാഹിതനായത്.
ഈ വിവാഹം കഴിഞ്ഞിട്ട് ഉണ്ടായ ഡെവലപ്പ്മെന്റ്സ് വച്ച് ഒരു പോസ്റ്റ്‌ ഇടാം എന്ന് വിചാരിച്ചു.
പിന്നെ തോന്നി എന്തിനാണ് വെറുതെ ഈ ചേട്ടനെ പറ്റി ഇനിയും എഴുതി സമയം കളയുന്നതെന്നു.
പക്ഷെ ഇന്നലെ പുള്ളി മാപ്പ് പറയുന്നത് കണ്ടപ്പോ വിചാരിച്ചു എന്തായാലും പറയാനുള്ളതൊക്കെ പറഞ്ഞേക്കാം എന്ന്. 

വിവാഹത്തിന് മുമ്പ് : 

രാജു മോന്റെ വിവാഹത്തെ പറ്റി മുമ്പേ തന്നെ ഒട്ടനവധി അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. നടിമാരായ മീര ജാസ്മിന്‍, നവ്യ നായര്‍ , സംവൃത സുനില്‍ മുതലായവരുമായി ചേര്‍ത്ത് ഒരുപാട് ഗോസിപ്പുകള്‍ പ്രചരിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനെ പറ്റി അദ്ദേഹത്തിന്റെ പ്രതികരണം രസകരമായിരുന്നു.
തനിക്കു ഒരുപാട് കാര്‍ന്നോന്മാര്‍ ഉണ്ടെന്നും തന്റെ കാര്യത്തില്‍ അവരൊക്കെ കാണിക്കുന്ന ശ്രദ്ധയും സ്നേഹവും കണ്ടിട്ട് താന്‍ വളരെ ഭാഗ്യവാന്‍ ആണെന്ന് തോന്നുന്നു എന്നൊക്കെ ആയിരുന്നു ഈ ബേബി സൂപ്പര്‍ സ്റാര്‍ തട്ടി വിട്ടത് . അപ്പോഴാണ് ഒരു വാര്‍ത്ത‍ പുറത്തു വന്നത്. മുംബയിലെ ഒരു മാധ്യമ പ്രവര്‍ത്തകയുമായി രാജു മോന്റെ വിവാഹം ഉറപ്പിച്ചു എന്ന വാര്‍ത്ത‍. ഇത് വളരെ പെട്ടെന്ന് തന്നെ പടര്‍ന്നു പന്തലിച്ചു. അങ്ങനെ വിവാദം കൊടുംപിരിക്കൊണ്ടിരിക്കെ മനോരമ രംഗത്തെത്തി. പണ്ട് തൊട്ടേ അവരാണല്ലോ എല്ലാത്തിലും അവസാന തീരുമാനം ഉണ്ടാക്കുന്നത്‌.  രാജുമോന്‍ സത്യം തുറന്നു പറയുന്നു എന്ന പേരില്‍ വനിതയുടെ ഒരു ലക്കം പുറത്തിറക്കി. മലയാളികള്‍ അത് വാങ്ങി വായിച്ചു. മേല്പറഞ്ഞ നുണകളും വിവാഹ വാര്‍ത്തകളും നിഷേധിച്ചു കൊണ്ടുള്ള താരത്തിന്റെ സംഭാഷണം ആയിരുന്നു അതിലുണ്ടായിരുന്നത്‌. താരം പറഞ്ഞ രസകരമായ വേറൊരു കാര്യം എന്താണെന്ന് വച്ചാല്‍,ആ ഗോസ്സിപ്പ് കേട്ടിട്ട് അന്വേഷിച്ചപ്പോള്‍ ആ വാര്‍ത്തയില്‍ പറയുന്ന പോലെ ഒരു പത്ര പ്രവര്‍ത്തക ശരിക്കും ഉണ്ടെന്നും ഇങ്ങനെ ഒക്കെ നുണകള്‍ പരന്നാല്‍ ആ കുട്ടിയുടെ ഭാവി എന്താവും എന്നൊക്കെ രാജു ഉത്കണ്ടപെട്ടതാണ്.  അങ്ങനെ അതിനു ഒരു താല്‍ക്കാലിക വിരാമം ആയി.

ഒരു താര വിവാഹം :

     കേരള കൌമുദി ആണ് ഔദ്യോഗികം ആയി രാജുമോന്റെ വിവാഹ വാര്‍ത്ത‍ ആദ്യം പുറത്തു വിട്ടത്. അവര്‍ പറഞ്ഞതില്‍ ആകെ ഒരു തെറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. സുപ്രിയ മേനോന്‍ എന്നത് പ്രതീക്ഷ മേനോന്‍ എന്നായിപ്പോയി. അതൊഴിച്ചാല്‍ എല്ലാം സത്യം. അവര്‍ റിപ്പോര്‍ട്ട്‌ ചെയ്തതനുസരിച്ച് മല്ലിക സുകുമാരന്‍ മാത്രം ആണ് വാര്‍ത്ത‍ സത്യമാണെന്ന് സമ്മതിച്ചത്. അപ്പോള്‍ തിരുവനന്തപുരത്ത് ഷൂട്ടിങ്ങില്‍ ആയിരുന്ന താരം അടുത്ത ദിവസം നടക്കാന്‍ പോകുന്ന വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് അങ്ങനെ ഒരു സംഭവമേ ഇല്ല എന്ന മട്ടില്‍ ആയിരുന്നു മറുപടി നല്‍കിയത്. വിവാഹ വാര്‍ത്തയും കേരള കൌമുദി തന്നെ ആദ്യം പുറത്തു വിട്ടു. 
വിവാഹ സ്ഥലത്ത് തമ്പടിച്ച മാധ്യമ പ്രവര്‍ത്തകരോട് തങ്ങള്‍ ആരെയും കല്യാണത്തിന് ക്ഷണിചിട്ടില്ലെന്നും അത് കൊണ്ടാണ് പുറത്തു നില്‍ക്കേണ്ടി വന്നതെന്നും മറുപടി നല്‍കി താര കുടുംബം വിവാഹം കഴിഞ്ഞു യാത്രയായി. ചുരുക്കി പറഞ്ഞാല്‍ ഈ വിവാഹത്തിന്റെ പേരില്‍ ഒരു കുടുംബം മുഴുവന്‍ എല്ലാവരോടും പച്ച നുണകള്‍ പറയുകയായിരുന്നു .

വിവാഹത്തിന് ശേഷം :

സത്യം പറയാമല്ലോ വിവാഹം കഴിഞ്ഞുണ്ടായ സംഗതികള്‍ കണ്ടു ദുശാസനന്‍ അന്ധാളിച്ചു പോയി.
കല്യാണം കഴിഞ്ഞു  ഒരാഴ്ച കഴിഞ്ഞപ്പോ ഈ ചേട്ടന്‍ മനോരമ ന്യൂസിന്റെ പുലര്‍ വേള എന്ന പരിപാടിയില്‍ ഇരുന്നു ഗീര്‍വാണം അടിക്കുന്ന കാഴ്ച ആണ് കണ്ടത്. മാധ്യമ പ്രവര്‍ത്തകരെ സോപ്പിടാന്‍ ലീ മേരിടിയനില്‍ വച്ച് നടത്തിയ വിരുന്നില്‍ എല്ലാ മാധ്യമ പ്രവര്‍ത്തകരും ഒരു നാണവുമില്ലാതെ പങ്കെടുത്തു.നമ്മുടെ സൂപ്പര്‍ താരങ്ങള്‍, മീര ജാസ്മിന്‍ ,സംവൃത സുനില്‍ എന്നിവര്‍ പങ്കെടുത്തുമില്ല.  ഇങ്ങേരെ പറ്റി വിവാഹത്തിന്റെ ആ ആഴ്ച മോശമായി എഴുതിയ സിനിമാ മംഗളം കഴിഞ്ഞ രണ്ടാഴ്ചയായി രാജു മോനെ പറ്റി പുകഴ്ത്തി എഴുതിക്കൊണ്ടിരിക്കുന്നു. പൈഡ് ന്യൂസ്‌ എന്നൊരു സാധനം ഉണ്ടെന്നു പിണറായി വിജയന്‍ പറഞ്ഞത് വെറുതെയാവുമോ ?


മാപ്പ് പറയുമ്പോള്‍ :
മാണിക്യ കല്ല്‌ എന്ന ഇദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടി നടത്തിയ ഒരു പത്ര സമ്മേളനത്തില്‍ ആണ് പരോക്ഷമായിട്ടെങ്കിലും രാജു മോന്‍ മാപ് പറഞ്ഞത്.
പക്ഷെ ഇത്തരം ഒരു രഹസ്യ വിവാഹം കഴിക്കാന്‍ ഉണ്ടായ കാരണം ആയി അദ്ദേഹം പറഞ്ഞത് എന്താണെന്ന് ശ്രദ്ധിക്കൂ. തന്റെ ഭാര്യ   മാധ്യമ പ്രവര്‍ത്തക ആണ്. അവള്‍ക്കു തെരഞ്ഞെടുപ്പു സമയത്ത് വാര്‍ത്ത‍ ശേഖരണത്തിന് കേരളത്തിലും മറ്റും വരേണ്ടി വരും. പ്രിഥ്വിരാജിന്റെ കാമുകി അല്ലെങ്കില്‍ ഭാര്യ എന്ന നിലക്ക് ആള്‍ക്കാര്‍ അവളെ ശ്രദ്ധിച്ചാല്‍ അവളുടെ ജോലിയെ അത് ബാധിക്കും. പിന്നെ അച്ഛന്റെ ഫോട്ടോയുടെ മുന്നില്‍ വച്ച് താലി കെട്ടണം എന്നത് ഒരു ആഗ്രഹമായിരുന്നു . അപ്പോഴും താന്‍ പറഞ്ഞ നുണകളെ പറ്റിയോ ഒന്നും പുള്ളി മിണ്ടുന്നില്ല.
വിനയം വാരിയൊഴിച്ചു നടക്കുന്ന വിനയ ചന്ദ്രന്‍ എന്ന സ്കൂള്‍ മാഷിനെ ആണ് ചേട്ടന്‍ ഇതില്‍ അവതരിപ്പിക്കുന്നത്‌. പക്ഷെ ഈ സംഭവ വികാസങ്ങള്‍ കാരണം ആ കഥാപാത്രമായി രാജുവിനെ കാണാന്‍ ചില പ്രേക്ഷകര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ട് എന്ന വാര്‍ത്ത‍ പരന്നിരുന്നു. അതാവുമോ ഈ പത്ര സമ്മേളനത്തിന്റെ ഗുട്ടന്‍സ് എന്ന് ഡൌട്ട് ഉണ്ട്.


ദുശാസ്സനനു തോന്നിയത് എന്തെന്നാല്‍ : 


കേരളത്തില്‍ ആദ്യമായി വിവാഹം കഴിക്കുന്ന ഏക താരമല്ല രാജു മോന്‍. പ്രേം നസീര്‍  മുതല്‍ മോഹന്‍ ലാല്‍ വരെ പബ്ലിക്‌ ആയിട്ടാണ് കല്യാണം കഴിച്ചത്. മോഹന്‍ ലാലിന്‍റെ വിവാഹം കേരളത്തിലെ ഏറ്റവും തിരക്കുള്ള ക്ഷേത്രങ്ങളില്‍ ഒന്നായ ആറ്റുകാല്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു.
അവരാരും കാണിക്കാത്ത രഹസ്യ സ്വഭാവം ഈ വിവാഹത്തിന് കാണിച്ചതിന് പിന്നില്‍ ചീപ് പബ്ലിസിറ്റിക്ക് വേണ്ടിയുള്ള ഒരു ശ്രമമായി മാത്രമേ എനിക്ക് കാണാന്‍ ആവുന്നുള്ളൂ. സുപ്രിയ അല്ല ഇനി സാക്ഷാല്‍ ഐശ്വര്യാ റായി റോഡിലൂടെ നടന്നാലും സ്വതസിദ്ധമായ പുശ്ച്ച ഭാവം കൊണ്ട് മൈന്‍ഡ് ചെയ്യാത്തത് പോലെ നടക്കുന്നവരാണ് മലയാളികള്‍. അങ്ങനെ ഉള്ള ഗ്രേറ്റ്‌ മല്ലൂസ് സുപ്രിയയുടെ പിറകെ ഇന്ത്യ മുഴുവന്‍ അലഞ്ഞു നടക്കും എന്ന് പറയണമെങ്കില്‍ ഒന്നുകില്‍ ഈ ചേട്ടന് തലയ്ക്കു എന്തോ കുഴപ്പമുണ്ട്. അല്ലെങ്കില്‍ ഇതിന്റെ പേരാണ് അഹങ്കാരം. കല്യാണത്തിന്റെ പേരില്‍ കാണിച്ച പരിപാടികള്‍ ഒക്കെ തിരിച്ചടിച്ച പേടി ഉള്ളത് കൊണ്ടാണെന്ന് തോന്നുന്നു ഇന്ന് അദ്ദേഹം ഇങ്ങനെയും പറഞ്ഞു.. കല്യാണം കഴിച്ചത് കൊണ്ട് തന്റെ മാര്‍ക്കറ്റ്‌ ഇടിഞ്ഞിട്ടില്ല എന്നും ഇപ്പോഴത്തെ മലയാള സിനിമയുടെ സ്ഥിതി വച്ചിട്ട് വരുന്ന ഒരു അമ്പതു കൊല്ലം കൂടി തനിക്കു ഇവിടെ സുഖമായി നില്‍ക്കാം എന്നും. സത്യം പറയാമല്ലോ ഇതൊക്കെ കൊണ്ട് വേറൊരു ഗുണമുണ്ടായി. മമ്മൂട്ടി , മോഹന്‍ലാല്‍ എന്നെ രണ്ടു പേര്‍ ഇത്രയും വര്‍ഷം എങ്ങനെ വിജയിച്ചു എന്നും അവരുടെ വില എന്താണെന്നും മലയാളിക്ക് മനസ്സിലായി. ഇനി എന്തായാലും രാജുമോനെ പറ്റി ഒന്നും പറയാനില്ല. അവനായി അവന്റെ പാടായി. 

2011, മേയ് 15, ഞായറാഴ്‌ച

പടം പിടിത്തം - ഒരു വേണു നാഗവള്ളി ലൈന്‍ .. ഹി ഹി


     മലയാള സിനിമയില്‍ അന്യം നിന്ന് പോയ കഥാപാത്രങ്ങളെ പറ്റി മുമ്പ് ഒരു പോസ്റ്റ്‌ ഇട്ടതും അതൊരു ചേട്ടന്‍ ഇപ്പൊ തുടര്‍ക്കഥ ആയി എഴുതിക്കൊണ്ടിരിക്കുന്നതും ഓര്‍മയുണ്ടാവുമല്ലോ. അത് പോലുള്ള വേറൊരു വിഷയം ആണ് ഇന്ന്. പ്രതിഭാധനര്‍ ആയ ഒരുപാട് കഥാ കൃത്തുക്കളെ  കൊണ്ട് അനുഗൃഹീതമായിരുന്നു ( ഇപ്പൊ അല്ല ) മലയാള സിനിമ.  വൈവിധ്യമായ ഒട്ടേറെ വിഷയങ്ങള്‍ അതി ഗംഭീരമായി കൈകാര്യം ചെയ്ത ചരിത്രമുള്ള ഒരു സിനിമ ശാഖ ആണ് നമ്മുടേത്‌. എന്നാല്‍ അതിലും സ്ഥിരം പാറ്റെണ്‍ ഫോളോ ചെയ്യുന്ന കുറച്ചു പേരെങ്കിലും നമുക്കുണ്ട്. സത്യം പറഞ്ഞാല്‍ ഇത് പോലുള്ള ഒരു ചെറിയ പോസ്റ്റ്‌ പണ്ട് ഇതില്‍ ഇട്ടിരുന്നു. ഷാജി കൈലാസിനെ പറ്റി. അങ്ങേരെ പറ്റി അന്ന് അത്രയും എഴുതിയതിലുള്ള കുറ്റബോധം കുണ്ടിക്കിട്ടു തട്ടുന്നത് കൊണ്ട് ബാക്കിയുള്ളവരെ കുറിച്ച് കൂടി കാച്ചാം എന്ന് വിചാരിച്ചു :)

സത്യന്‍ അന്തിക്കാട് -



മലയാളത്തിലെ ഏറ്റവും സീനിയര്‍ ആയ "നാടന്‍" സംവിധായകന്‍ ആണ് സത്യന്‍ അന്തിക്കാട്. 
അത് കൊണ്ട് നാടന്‍ സാധനങ്ങള്‍ ഒരുപാടു വേണ്ടി വരും. മരപ്പലക കൊണ്ട് തട്ടിയിട്ടു അടയ്ക്കുന്ന പീടിക, പച്ച നിറത്തില്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന വയല്‍, ചെറിയ നാടന്‍ ഇടവഴികള്‍ ഇത് മസ്റ്റ്‌.
ചെത്തുകാരന്‍, ആശാരി, തട്ടാന്‍, കൊല്ലന്‍ ഇവരൊക്കെ മസ്റ്റ്‌. ഊണ് കഴിക്കുന്ന സീനില്‍ നല്ല നാടന്‍ ചോറും, പച്ച മോരും, അച്ചാറും മറ്റും ആയിരിക്കും പ്രധാന വിഭവങ്ങള്‍. മദ്യപാനം നല്ല നാടന്‍ കള്ള് കുടിയില്‍ ഒതുങ്ങും. കോണ്‍ഗ്രസിലും സി പി എമ്മിലും ഉള്ള ലോക്കല്‍ നേതാക്കള്‍ ആവശ്യത്തിനു.
അവര്‍ക്കുള്ള ഡയലോഗുകളും ആവശ്യത്തിന്. പട്ടണത്തില്‍ താമസിക്കുന്നവര്‍ ഒക്കെ പോക്കാണെന്നും ഗ്രാമത്തിലുള്ളവര്‍ പാവങ്ങള്‍ ആണെന്ന മട്ടിലും ഉള്ള കുറച്ചു ഡയലോഗുകള്‍.
റിയാലിറ്റി ഷോയ്ക്കും , മൊബൈല്‍ ഫോണിനും ഇട്ടു രണ്ടു തട്ട്. ഇങ്ങനെ പോകുന്നു കഥ.
അത്യാവശ്യം ഉപകരണങ്ങള്‍ മാത്രം ഉപയോഗിച്ച് ജോണ്‍സന്‍ ചേട്ടന്‍ ഉണ്ടാക്കുന്നതാണ് സത്യന്‍ ചിത്രങ്ങളുടെ സംഗീതം. ഇപ്പൊ ഇളയരാജ ആണ് ആ സ്ഥാനത്ത്.  ലൊക്കേഷന്റെ ലിസ്റ്റില്‍ മൂന്നാര്‍, ഊട്ടി മുതലായവയും പുതിയതായി  ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

ഫാസില്‍ -

ഇപ്പൊ ആകെ പൊട്ടി പൊളിഞ്ഞു നില്‍ക്കുകയാണ് ഫാസില്‍. അതിനു ഒരു കാരണം ആകാശം ഇടിഞ്ഞു വീണാലും സ്വന്തം പാറ്റെണ്‍ മാറ്റാത്തതാണ്‌. പുള്ളിയുടെ പ്രധാന സംഗതികള്‍ താഴെ പറയുന്നു. കേരളത്തില്‍ പ്രചാരത്തില്‍ ഇല്ലാത്ത ഒന്നാം തരം ചുരിദാറുകള്‍, സാരി , മിഡി, ഫ്രോക്ക് ഇത് കൊണ്ട് നായികയെ അതി മനോഹരി ആയി അവതിരിപ്പിക്കുക. നായകനും അത് പോലെ തന്നെ. നായികാ ഇടുന്ന കമ്മല്‍, മാല ഇതൊക്കെ വളരെ ശ്രദ്ധയോടെ തെരഞ്ഞെടുത്തു ഇടീക്കുക മാത്രമല്ല അത് ക്ലോസ് അപ്പില്‍ കാണിച്ചു പോപ്പുലര്‍ ആക്കുകയും ചെയ്യുക. പുള്ളിയുടെ ഒരു പടം ഇറങ്ങിയതിനു പുറകെ നിങ്ങള്‍ ഒരു ഫാന്‍സി ഷോപ്പില്‍ പോയി നോക്കു. അനിയത്തി പ്രാവ് മാല, സുന്ദര കില്ലാടി ചുരിദാര്‍, സൂര്യ പുത്രി കമ്മല്‍ അങ്ങനെ എത്രയെത്ര സാധനങ്ങള്‍. പുള്ളിയുടെ അടുത്ത സ്പെഷ്യലിറ്റി എന്താണ് വച്ചാല്‍ അതി ഭയങ്കരമായ ഡ്രാമ ആണ്. നിസ്സാര കാരണം പറഞ്ഞിട്ട് നായികാ അങ്ങോട്ട്‌ കരച്ചില്‍ തുടങ്ങും. കൂടെ അവളുടെ അമ്മയും അച്ഛനും ചെട്ടന്മാരുണ്ടെങ്കില്‍ അവരും. നായികയുടെ ഒപ്പം ഇപ്പോഴും കുറച്ചു കുട്ടികള്‍ കാണും. അവരും കരയും. എന്താ ചേച്ചി കരയുന്നതെന്ന് ചോദിച്ചു കൊണ്ട്. സത്യം പറഞ്ഞാല്‍ ആര്‍ക്കും ഒരു നിശ്ചയവും ഉണ്ടാവില്ല അവള്‍ എന്തിനാ കരയുന്നതെന്ന്. പിന്നെ വെറുതെ ഒരു കുട്ടി ഇരുന്നു കരയുകയല്ലേ എന്ന് വച്ചിട്ട് ഒരു കമ്പനിക്ക്‌ അവരും ഒരു കരച്ചില്‍ വച്ച് കൊടുക്കും. ഹല്ല പിന്നെ. 
നായകനും മോശമല്ല. മിക്ക പടത്തിലും നായകനും അച്ഛനും വാടാ പോടാ ബന്ധം ആയിരിക്കും. 
നായികയുടെ ഒപ്പം നടക്കുന്ന കുട്ടികളുടെ കാര്യം പറഞ്ഞ പോലെ നായകന്റെ ഒപ്പം മിനിമം രണ്ടു ആത്മ സുഹൃത്തുക്കള്‍ കാണും. നായകന് കിട്ടുന്ന തല്ലൊക്കെ ഷെയര്‍ ചെയ്യാനാണ് ഇവര്‍. 
അമ്മയും ഒരു പാവം. അങ്ങനെ ഒരു കൂട്ടം വെറും പാവം കഥാപാത്രങ്ങള്‍. കഥ മിക്കതിലും ഒന്ന് തന്നെ. ഒന്നുകില്‍ വീട്ടുകാരുടെ എതിര്‍പ്പ് കാരണം പ്രേമം മുടങ്ങുന്നു അല്ലെങ്കില്‍ നയികക്കോ നായകനോ ലോകതെങ്ങുമില്ലാത്ത ഒരു അസുഖം. അതിനി ഇപ്പൊ ഒരു ബാല കഥാപാത്രമായാലും പുള്ളി വെറുതെ വിടില്ല്ല. പപ്പയുടെ സ്വന്തം അപ്പൂസ് കണ്ടിട്ടില്ലേ ? എന്തായാലും അടുത്ത കാലത്തായി ഇതൊന്നും അത്രയ്ക്ക് ഏശുന്നില്ല. 

സിദ്ദിക്ക് ലാല്‍ -


ഒറ്റ നോട്ടത്തില്‍ നിങ്ങള്‍ക്ക് തിരിച്ചറിയാന്‍ പറ്റുന്നില്ലെങ്കിലും ഇവരുടെ ചിത്രങ്ങള്‍ ഒരേ അച്ചില്‍ വാര്‍ത്തെടുത്തതാണ്‌. എല്ലാവരും പേടിക്കുന്ന ഒരാള്‍ അല്ലെങ്കില്‍ ഒരു ഗ്രൂപ്പ്. അവരോടുള്ള പേടി കാരണം മറ്റുള്ള കഥാപാത്രങ്ങള്‍ വരുത്തുന്ന മണ്ടത്തരങ്ങള്‍ , അതുമായി ബന്ധപ്പെട്ട തമാശകള്‍. 
റാംജിറാവ്, ജോണ്‍ ഹോനായി, അഞ്ഞൂറാന്‍, റാവുത്തര്‍ മുതലായവര്‍ ഉദാഹരണം. ഇവരുടെ ചിത്രത്തിലെ കഥാപാത്രങ്ങളുടെ വേഷങ്ങളും ബഹുരസമാണ്. നല്ല കടുത്ത കളറിലുള്ള വേഷങ്ങള്‍. 
ചുവപ്പ്, പച്ച , മഞ്ഞ എന്ന് വേണ്ട ദൈനംദിന ജീവിതത്തില്‍ ഒരു മനുഷ്യനും ഉപയോഗിക്കാത്ത നല്ല ചാത്തന്‍ നിറങ്ങള്‍. സംഭാഷങ്ങളും മോശമല്ല. തമാശ ഒഴിച്ചുള്ള മറ്റെല്ലാ സംഭാഷങ്ങളും സ്ഥിരമായി ഒരു ശൈലിയിലുള്ളതാണ്. അതിന്റെ പിറകില്‍ സിദ്ദിക്ക് ആണെന്ന് തോന്നുന്നു. കാരണം പില്‍ക്കാലത്ത്‌ സിദ്ദിക്ക് ഒറ്റയ്ക്ക് സംവിധാനം ചെയ്ത പടങ്ങളില്‍ ഒക്കെ ഇത്തരം സംഭാഷങ്ങള്‍ തുടര്‍ന്നും കണ്ടിട്ടുണ്ട്. മറ്റാര്‍ക്കും അനുകരിക്കാന്‍ പറ്റിയിട്ടില്ലാത്ത, ഇനി പറ്റാത്ത നിയന്ത്രണം നര്‍മ രംഗങ്ങളില്‍ അവര്‍ക്കുള്ളത് കൊണ്ടാണ് മേല്പറഞ്ഞ കാര്യങ്ങള്‍ നമ്മള്‍ അധികം ശ്രദ്ധിക്കാത്തത് എന്ന് തോന്നുന്നു. പിന്നെ അവര്‍ രണ്ടായി മാറിയിട്ടും ഇപ്പോഴും മാറ്റാതെ അവര്‍ കൊണ്ട് നടക്കുന്ന ഒരു ശീലമാണ് ഇംഗ്ലീഷ് പേരുകള്‍ ഉപയോഗിക്കുക എന്നത്. അത് ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു. 

കെ മധു -

പോലിസ് , രാഷ്ട്രീയ , കുറ്റാന്വേഷണ വിദഗ്ധന്‍ ആണ് ഇദ്ദേഹം. എല്ലാ ചിത്രത്തിലും ഇതിലേതെങ്കിലും ഒന്നായിരിക്കും വിഷയം. അന്വേഷിക്കാന്‍ വരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ ഒന്നുകില്‍ ഡല്‍ഹിയില്‍ നിന്ന് അല്ലെങ്കില്‍ ജമ്മുവില്‍ നിന്നായിരിക്കും വരുന്നത്. ചിലപ്പോ അങ്ങേര്‍ ആണ് റൂറല്‍ എസ് പി എന്ന് പറയുന്നത് കേള്‍ക്കാം. ഈ റൂറല്‍ എസ് പി എന്ന് പറയുന്നത് എന്ത് കുന്തമാണോ ആവോ. പുള്ളിയുടെ ചിത്രങ്ങളില്‍ ഉള്ള പോലീസ് സ്റ്റേഷന്‍ , കോടതി ഒക്കെ വളരെ കളര്‍ ഫുള്‍ ആയിരിക്കും. നായകന്‍ മിക്കപ്പോഴും സസ്പെന്‍ഷനില്‍ ആയിരിക്കും. മുഖ്യമന്ത്രി ഇടപെട്ടു പുള്ളിയുടെ സസ്പെന്‍ഷന്‍ മാറ്റി കൊടുതിട്ടായിരിക്കും മിക്കപ്പോഴും അന്വേഷണത്തിന് ഇറക്കുന്നത്‌.
ചിലപ്പോ എസ് എന്‍ സ്വാമിയുടെ പടങ്ങള്‍ സ്ഥിരമായി എടുത്തത്‌ കൊണ്ടായിരിക്കണം, ഇദ്ദേഹം ഓരോ കഥാ സന്ദര്‍ഭങ്ങളും വിശദമായി കാണിക്കുന്നതില്‍ ശ്രദ്ധ കാണിക്കുന്നുണ്ട്. അതായത് ഒരു കഥാപാത്രം ഏഴു മണിക്ക് ബസ്സില്‍ കയറി പോകുന്നത് ആരോ പറയുന്നു എന്ന് വയ്ക്കുക. ആ പുള്ളി നില്‍ക്കുന്ന ബസ്‌ സ്റ്റോപ്പ്‌, ആ സ്റ്റോപ്പില്‍ തൂക്കിയിട്ടിരിക്കുന്ന ഒരു ക്ലോക്ക് ( അതില്‍ അസ്വാഭാവികത ഉണ്ടായിരിക്കാന്‍ ആ ക്ലോക്ക് ആരോ സംഭാവന ചെയ്തതാണ് എന്ന് അതില്‍ എഴുതിയിരിക്കും ). ബസ്‌ വരുമ്പോ അതിന്റെ ഒപ്പം ക്ലോക്കില്‍ ഏഴു മണി മുട്ടുന്നത് കാണിക്കും. 
അങ്ങനെ വിശദമായി അത് പുള്ളി കാണിക്കും. അത് ഇപ്പോഴും തുടരുന്നു. നമ്മുടെ സൈബര്‍  സെല്‍ ഒക്കെ വരുന്നതിനു വര്‍ഷങ്ങള്‍ മുമ്പ് തന്നെ കാള്‍സ്‌ ഹിസ്റ്ററി തപ്പുന്നത് അദ്ദേഹത്തിന്റെ നായകന്മാര്‍ ഒരു ശീലമാക്കിയിരുന്നു. ഒരു സി ബി ഐ ഡയറി കുറിപ്പ് തന്നെ ഉദാഹരണം. 
കേസ് അന്വേഷണം കഴിഞ്ഞിട്ട് പുള്ളിയുടെ നായകന്മാര്‍ മിക്കപ്പോഴും എയര്‍ പോര്‍ട്ടിലേയ്ക്ക് പോകുന്നതായിട്ടാണ് അവസാന സീന്‍.

ജോഷി - 

പുള്ളിയുടെ പ്രത്യേകത സ്ഥിരമായി പറയുന്ന ഒരേ കഥ ഒന്നുമല്ല. അതിന്റെ അന്തരീക്ഷം ആണ്. 
വന്‍ പണക്കാരായ കുറച്ചു പേരുടെ കഥ. അതിനിടക്ക് അത്യുഗ്രന്‍ വീടുകള്‍, ബംഗ്ലാവുകള്‍, ആഡംബര കാറുകള്‍, ഹോട്ടലുകള്‍ എന്ന് വേണ്ട. നായകന്‍ ഹെലികോപ്ടറില്‍ വരുന്നത് വരെ നമ്മള്‍ കാണേണ്ടി വരും. ബോര്‍ അടിക്കുമ്പോ നായകന്‍ തനിയെ വിമാനം പറത്തി അങ്ങ് പോകും. 
എനിക്കിനി ഒന്നും പറയാന്‍ വയ്യേ...

മേജര്‍ രവി - 

ഉള്ളതില്‍ ഇളമക്കാരന്‍. പക്ഷെ എടുത്ത പടം മുഴുവന്‍ ഒരേ പോലെ ആയതു കൊണ്ട് ഈ ചേട്ടനെ കൂടി അങ്ങ് ബഹുമാനിചേക്കാം എന്ന് കരുതി. ജോഷിയുടെ കാര്യം പറഞ്ഞ പോലെ രവിയേട്ടന് പടം എടുക്കണമെങ്കില്‍ കാര്‍ , ബസ്‌ ഒന്നുമല്ല വേണ്ടത്. മെഷീന്‍ ഗണ്‍ , പാറ്റണ്‍ ടാങ്ക്, ബോംബ്‌ ഒക്കെയാണ്. പിന്നെ കഥയുടെ അവസാനം വെടി കൊണ്ട് പണ്ടാരമടങ്ങാന്‍ വേണ്ടി ഒരു കഥാപാത്രം ഉണ്ടാവും. അവന്റെ ബോഡി കൊണ്ട് പോകാനുള്ള പെട്ടി വേണം. മേലധികാരികളെ തെറി വിളിക്കാന്‍ ഒരു നായകന്‍ ഉണ്ടാവും.അങ്ങേര്‍ ഒന്നുകില്‍ ക്യാപ്ടന്‍ അല്ലെങ്കില്‍ മേജര്‍ ആയിരിക്കും. ഇതൊന്നും ആവര്‍ത്തനം അല്ല യാദൃശ്ചികം എന്നാണു നിങ്ങള്‍ വിചാരിക്കുന്നതെങ്കില്‍ അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളിലും ആവര്‍ത്തിച്ച ഒരു കഥാപാത്രം ആയ പത്ര പ്രവര്‍ത്തകയെ എന്ത് പറയും ? പിന്നത്തേതു നമ്മുടെ നായക കഥാപാത്രത്തിന്റെ ഫാമിലി ആണ്. അങ്ങേരുടെ ഫാമിലിയെ മിക്കവാറും തീവ്രവാദികള്‍ നേരത്തെ തന്നെ കൊന്നിരിക്കും. അതിന്റെ പ്രതികാരം കൂടി പുള്ളി ഈ ഓപെറേഷന്റെ ഒപ്പം നടത്തും. ഒരു വെടിക്ക് രണ്ടു പക്ഷി. ഇങ്ങനെ പോകുന്നു ചേട്ടന്റെ പടങ്ങള്‍. അടുത്ത പടത്തില്‍ ( അത് ഉണ്ടാവുമോ എന്തോ ) എങ്കിലും ഇതൊക്കെ മാറുമോ ആവോ .

ലാസ്റ്റ് ബട്ട് നോട്ട് ദി ലീസ്റ്റ് .. ആര്‍ ജെ പ്രസാദ്‌  -

ഇത് ആരാണെന്നാവും അല്ലേ ? ഇദ്ദേഹത്തെ അറിയില്ലെങ്കിലും കിന്നാര തുമ്പികള്‍ എന്ന ചിത്രം നിങ്ങള്‍ മറന്നു കാണാന്‍ വഴിയില്ല. ഇതിലൂടെ ആണ് അദ്ദേഹം ശ്രദ്ധേയന്‍ ആയതെങ്കിലും മറ്റനേകം ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ ക്രെടിറ്റില്‍ ഉണ്ട്. കാല കാലങ്ങളായി അദ്ദേഹത്തിന്റെ ശൈലി മാറിയിട്ടില്ല.ആ അര്‍ഥത്തില്‍ വര്‍ഷങ്ങളായി ഒരേ നിലവാരത്തില്‍ ഉള്ള പ്രകടനം കാഴ്ച വയ്ക്കുന്ന ഒരേ ഒരു മലയാള സംവിധായകന്‍ ആണ് പ്രസാദ്‌ എന്ന് പറയാം. അദ്ദേഹത്തിന്റെ സ്ഥിരം നമ്പരുകള്‍ താഴെ പറയുന്നു. 
തടിച്ചു കൊഴുത്ത നായിക ഒരെണ്ണം, മീശ മുളച്ചിട്ടില്ലാത്ത നായകന്‍ ഒരെണ്ണം, ഗുണ്ടകള്‍ ആവശ്യത്തിന്, ബിസിനസ്സുകാരന്‍ ആയ ഭര്‍ത്താവ് ഒരെണ്ണം, നായികയുടെ അനിയത്തി ഒരെണ്ണം, നായികയ്ക്ക് തേച്ചു കുളിക്കാന്‍ വെളിച്ചെണ്ണ, തൊട്ടാല്‍ കീറുന്ന ബ്ലൌസ് ഒരെണ്ണം, അങ്ങുമിങ്ങും എത്താത്ത ബ്ലൌസ് ഒരെണ്ണം, ഈരെഴ തോര്‍ത്ത്‌ രണ്ടെണ്ണം, ഓലപ്പുര മൂന്നു നാലെണ്ണം, 
കൊണ്ടസാ കാര്‍ ഒരെണ്ണം ( റോള്‍സ് റോയ്സ് വരെ നാട്ടിലെത്തിയിട്ടും പുള്ളിയുടെ കഥയിലെ നായികയുടെ ഭര്‍ത്താവായ പണച്ചാക്ക് കൊണ്ടസ്സയില്‍ ആണ് സവാരി ) . സ്വിമ്മിംഗ് പൂള്‍ , വെയില്‍ കായാന്‍ ഉള്ള ബെഞ്ച്‌ ഇതും വേണം. ഫ്രോക്കിന്റെയും മിനി സ്കര്‍ട്ടിന്റെയും അടിയില്‍ ഇടാനുള്ള കറുത്ത നിറത്തിലുള്ള ബോക്സര്‍ ഷോര്‍ട്ട്സ് ( മുട്ട് വരെ എത്തുന്നത്‌ ) കുറച്ചെണ്ണം വേണം.  
രാത്രി ഇടാനുള്ള ഗ്ലൌണ്‍ ( ദിലീപ് വേര്‍ഷന്‍ ) വേണം. സില്‍ക്കില്‍ ഉണ്ടാക്കിയത്. എന്തൊക്കെയോ വിട്ടു പോയി. അത് ഇനി എന്തായാലും മുകളില്‍ പറഞ്ഞ ചേരുവകള്‍ കൂട്ടി കുഴച്ചാല്‍ ഒരു ഉഗ്രന്‍ പടം ഉണ്ടാവും. അത് പ്രസാദ്‌ ചേട്ടന്‍ പല തവണ തെളിയിച്ചു കഴിഞ്ഞു.. ഹി ഹി...

2011, മേയ് 7, ശനിയാഴ്‌ച

ജാതി പറയുന്നവര്‍


     ഈയിടെയായി കേരളത്തില്‍ കണ്ടു വരുന്ന ഒട്ടും ആരോഗ്യകരമല്ലാത്ത ഒരു പ്രവണതയെ കുറിച്ചാണ് ഈ പോസ്റ്റ്‌. മറ്റൊന്നുമല്ല എല്ലാത്തിലുമുള്ള തരം താണ ജാതി പ്രയോഗം. സുകുമാരന്‍ നായര്‍ അച്യുതാനന്ദനെ പറ്റി പറഞ്ഞതല്ല ഇവിടെ ചര്‍ച്ച ചെയ്യുന്നത്. സുകുമാരന്‍ നായരുടെ പ്രയോഗത്തെ ചിലര്‍ വിശകലനം ചെയ്തത് അച്യുതാനന്ദന്റെയും സുകുമാരന്‍ നായരുടെയും ജാതിയുമായി കണക്ട് ചെയ്താണ്.അതാണ്‌ ഇവിടത്തെ വിഷയം  സത്യം പറഞ്ഞാല്‍ മലയാളിയുടെ ജാതി ഭ്രമം ഒരു പുതിയ കാര്യമല്ല. പക്ഷെ കാലം പുരോഗമിക്കുംതോറും ഇത് കൂടുതല്‍ വഷളായി വരുന്നു എന്ന് തോന്നുന്നു. 


     malayal.am എന്നൊരു സൈറ്റ് ഉണ്ട്. അതില്‍ വന്ന ഒരു ഫിലിം റിവ്യൂ വായിച്ചപ്പോ ആണ് സത്യം പറഞ്ഞാല്‍ ഇതിന്റെ ഒരു ആഴം ഞാന്‍ തിരിച്ചറിഞ്ഞത്. ട്രാഫിക്‌ എന്നൊരു ചിത്രത്തിനെ അതിലെ കഥാപാത്രങ്ങളുടെ ജാതിയുടെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യുന്ന ഒരു നിരൂപണം. അതില്‍ പല വയാനക്കാരും ഇട്ടിരിക്കുന്ന കമന്റുകള്‍ വായിച്ചപ്പോള്‍ അല്പം ആശ്വാസം തോന്നി. ആ നിരൂപണം എഴുതിയ അബൂബക്കര്‍ എന്ന ലേഖകനെ തെറി പറഞ്ഞു കൊണ്ടുള്ള അഭിപ്രായ പ്രകടനങ്ങള്‍ ആണ് കൂടുതലും. ഈ സൈറ്റില്‍ എന്തോ എല്ലാത്തിനെയും ജാതീയമായി വിശകലനം ചെയ്യുന്ന ഒരു രീതി വ്യാപകമായി ഉള്ളതായി തോന്നുന്നു. എന്തിനേറെ പറയുന്നു ഇപ്പൊ മാധ്യമങ്ങളിലെ പ്രധാന വാര്‍ത്ത‍ ആയ ഇന്ദുവിന്റെ മരണം പോലും കുറ്റാരോപിതന്‍ ആയ സുഭാഷിന്റെയും ഇന്ദുവിന്റെ മുറ ചെറുക്കന്‍ ആയ അഭിഷേകിന്റെയും ജാതി വച്ചിട്ടാണ് ഇവര്‍ റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്.


     ഒസാമ ബിന്‍ ലാദന്‍ മരിച്ച വിവരം മാധ്യമങ്ങള്‍ എല്ലാം റിപ്പോര്‍ട്ട് ചെയ്തല്ലോ. പക്ഷെ ഈ വാര്‍ത്ത‍ എല്ലാവരും ഒരു പോലെ ആണോ കണ്ടത് ? മാധ്യമം പത്രത്തില്‍ ഈ വാര്‍ത്തയ്ക്കു താഴെ വായനക്കാര്‍ കമന്റ്‌ ചെയ്തത് കണ്ടു. വളരെ വര്‍ഗീയ ചുവയുള്ള  ഒരു വാചക മേള.  എല്ലാം കൊള്ളാം. പക്ഷെ ഈ കൊച്ചു കേരളത്തില്‍ എന്തിനു ഇങ്ങനെ എന്ന് തോന്നി. മനുഷ്യനെ ബഹുമാനിക്കാന്‍ അറിയാത്ത  ഒരു കൂട്ടം എഴുത്തുകാര്‍. കേരള കൌമുദി ഫ്ലാഷ് ഇന്ദു സുഭാഷ്‌ സംഭവത്തെ ജാതീയമായിട്ടാണ് കണ്ടത് എന്ന് തോന്നുന്നു. മാത്രമല്ല ഏറെ തരം താണ രീതിയില്‍ അവര്‍ അത് പുറത്തു പ്രകടിപ്പിക്കുകയും ചെയ്തു. കറുത്ത നിറത്തിലുള്ള, കാണാന്‍ അല്പം പോലും ഭംഗിയില്ലാത്ത സുഭാഷിനെ ഒരിക്കലും ഇന്ദു സ്നേഹിക്കില്ല എന്ന് അവര്‍ ഉറപ്പിച്ചു പറയുന്നു. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന് ഉപദേശിച്ച ഒരു യുഗപുരുഷന്റെ ആശിര്‍വാദത്തിനു കീഴില്‍ തുടങ്ങിയ ഒരു പത്രമാണ്‌ ഇത് ചെയ്യുന്നതെന്ന് ഓര്‍ക്കണം. 

ഇത്  മാത്രമല്ല ... ഇപ്പൊ സോഷ്യല്‍ നെറ്റ്വര്‍കിംഗ്  സൈറ്റുകളില്‍ വരുന്ന പല ചര്‍ച്ചകളിലും വായനക്കാര്‍ ഇടുന്ന കമന്റുകള്‍ പലതും ശക്തമായ വര്‍ഗീയ ചായ്‌വ്  പ്രകടിപ്പിക്കുന്നതാണ്. എല്ലാ മതങ്ങളില്‍ പെട്ടവരും ഈ കാര്യത്തില്‍ ഒരേ രീതിയിലാണ് എന്ന് തോന്നുന്നു. ഏതെങ്കിലും കപട ഐഡന്റിറ്റി ഉപയോഗിച്ച് എന്തും വിളിച്ചു പറയാവുന്ന ഒരു മാധ്യമം ആണല്ലോ ഇത്. പക്ഷെ അങ്ങനെ പറയുന്ന കൂട്ടത്തില്‍ ഇതും കൂടി വേണോ ? ഇങ്ങനത്തെ വികാര പ്രകടനങ്ങള്‍ക്ക് അവരെ പ്രേരിപ്പിക്കുന്ന ഘടകം എന്താണ് എന്ന് എനിക്ക് മനസ്സിലാവുന്നില്ല. ക്രിസ്ത്യാനികളുടെ കാര്യം എടുത്താല്‍ ഒരുവിധം ഉള്ള സഭകള്‍ക്കെല്ലാം സ്വന്തമായി ബ്ലോഗുകള്‍ ഉണ്ട്. ഇത് സഭകള്‍ നേരിട്ട് നടത്തുന്നതതല്ല. ഉപദേശികള്‍ എന്ന് പണ്ട് വിളിച്ചിരുന്നവര്‍ ആണ് ഈ പരിപാടികള്‍ക്ക് പിന്നില്‍. എന്നാല്‍ യേശു ക്രിസ്തുവിന്റെ ത്യാഗത്തിന്റെ കഥകള്‍ പറഞ്ഞു അതിലെ നല്ല അംശങ്ങള്‍ പ്രചരിപ്പിക്കുന്ന സൈറ്റുകള്‍ കാണാനേ ഇല്ല. ഇസ്ലാമും അത് പോലെ തന്നെ. ഓരോ മത നേതാക്കളുടെയും സംഘടനകളുടെയും അനുയായികള്‍ക്ക് ഇത്തരം സൈറ്റുകള്‍ ഉണ്ട്. സ്ഥിതി മുകളില്‍ പറഞ്ഞത് തന്നെ. ഹിന്ദു തത്വ സംഹിതകള്‍ എവിടെയും വായിക്കാന്‍ പറ്റില്ല. പകരം ഒട്ടനവധി ആത്മീയ സൈറ്റുകള്‍ ഉണ്ട്. പക്ഷെ ഇതില്‍ ചര്‍ച്ച വേദികള്‍ കുറവാണ് എന്ന് തോന്നുന്നു. ഹിന്ദുക്കള്‍ക്കിടയില്‍ മത സംഘടനകളെക്കാള്‍ സമുദായ സംഘടനകള്‍ ആണല്ലോ അധികം. അവര്‍ ചില സൈറ്റുകള്‍ വഴി ഈ പരിപാടി നന്നായി ചെയ്യുന്നുണ്ട്. ഹിന്ദു ആത്മീയ സൈറ്റുകളില്‍ കണ്ട വേറൊരു കാര്യം ജ്യോതിഷ സൈറ്റുകളുടെ ആധിക്യമാണ്. വാളെടുത്തവന്‍ വെളിച്ചപ്പാട് എന്ന രീതിയില്‍ ഒട്ടനവധി ജ്യോത്സ്യ ശിരോമണികള്‍ ഈ പരിപാടി വിജയകരമായി നടത്തികൊണ്ട് പോകുന്നുണ്ട്. 


     ഇനി ഒരു ചോദ്യം. ഒരു കാലത്ത് ഭാരതത്തിനു മുഴുവന്‍ മാതൃക ആയിരുന്ന ഒരു സംസ്ഥാനം ആണ് കേരളം. വിദ്യാഭ്യാസം, ആരോഗ്യം എന്ന് വേണ്ട എല്ലാത്തിലും മറ്റുള്ള സംസ്ഥാനങ്ങള്‍ അസൂയയോടെ നോക്കിയിരുന്ന കേരളത്തിന്റെ ഇപ്പോഴത്തെ സ്ഥിതി അറിയാന്‍ നമ്മുടെ ടെലിവിഷന്‍ ഒന്ന് നോക്കിയാല്‍ മതി. ജനങ്ങളെ ആകര്‍ഷിക്കുന്ന പരിപാടികളുടെ ഉള്ളടക്കം നോക്കൂ. ഒരു ഇരുപതു കൊല്ലം മുമ്പ് മലയാളിയെ ആവേശം കൊള്ളിച്ചിരുന്നതൊന്നും അവനു ഇന്ന് ഇഷ്ടമല്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍ ഉണ്ടായ വസന്തത്തിന്റെ ഇടി മുഴക്കം ഇനി ഒരിക്കലും ഉണ്ടാവില്ല. ഉപരിപ്ലവമായ കാര്യങ്ങള്‍ മാത്രമേ അവനെ ഇന്ന് പ്രലോഭിപ്പിക്കുന്നുള്ളൂ. ഒപ്പം വളര്‍ന്നു വരുന്ന ഇത്തരം വര്‍ഗീയമായ ചിന്തകള്‍ , അത് ഇതു മതത്തിന്റെതായാലും ഒട്ടും ആരോഗ്യകരമല്ല. നമ്മള്‍ക്ക് നേടാന്‍ ഇനിയും ഒരുപാടുണ്ട്. എന്ത് തോന്നുന്നു ?