2012, ഫെബ്രുവരി 17, വെള്ളിയാഴ്‌ച

ട്രുമാന്‍ ഷോ അഥവാ തത്സമയം ഒരു പെണ്‍കുട്ടി



    ജിം കാരി എനിക്ക് അത്രയ്ക്ക് ഇഷ്ടമല്ലാത്ത ഒരു നടനാണ്‌. പുള്ളിയുടെ The Mask, Bruce Almighty, Ace Ventura, Batman forever മുതലായ പടങ്ങളൊക്കെ കണ്ടിട്ടുണ്ടെങ്കിലും ജിമ്മിനെ ഏറെയിഷ്ടമായതും അദ്ദേഹത്തിന്റെ അഭിനയ പാടവം കണ്ടതും ഈ ചിത്രത്തിലാണ്. The Truman Show. സത്യം പറഞ്ഞാല്‍ ഒരു പത്തു തവണയെങ്കിലും ഞാന്‍ ഈ ചിത്രം കണ്ടിട്ടുണ്ട്. എന്നിട്ടും ഇന്നലെ സീ ടി വിയില്‍ ഈ പടം വന്നപ്പോള്‍ ഉറക്കമൊഴിച്ചിരുന്നു കണ്ടതിനു ശേഷമാണ് ഉറങ്ങിയത്.  റിയാലിറ്റി ഷോ എന്നത് മലയാളികള്‍ കേട്ടിട്ട് കൂടിയില്ലാത്ത തൊണ്ണൂറുകളില്‍ ഇറങ്ങിയ ഒരു ചിത്രമാണ് ഇത്. ഇപ്പൊ ഇത് എഴുതാന്‍ കാരണം "തത്സമയം ഒരു പെണ്‍കുട്ടി" എന്ന ചിത്രത്തെ പറ്റി വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകളാണ്. ഹോളിവുഡ് ചിത്രങ്ങള്‍ അടിച്ചു മാറ്റുന്ന എല്ലാവരും പറയുന്ന പോലെ ഇതൊരു വന്‍ സംഭവമാണെന്ന രീതിയില്‍ രാജീവ് സംസാരിക്കുന്നുണ്ട്. പക്ഷെ ട്രൂമാന്‍ ഷോ എന്ന ചിത്രത്തിന്റെ കഥയുമായി "അത്ഭുതകരമായ" സാദൃശ്യം പുലര്‍ത്തുന്ന ഒരു ചിത്രമാണ് രാജീവിന്റെത് എന്നാണു എനിക്ക് തോന്നുന്നത്. അതവിടെ നില്‍ക്കട്ടെ. നമുക്ക് കഥയിലേക്ക്‌ വരാം.

ട്രുമാന്‍ എന്ന നായകന്‍ -


Truman Burbank എന്ന നമ്മുടെ കഥാ നായകനെ അവതരിപ്പിക്കുന്നത്‌ ജിം. രാവിലെ വീട്ടില്‍ നിന്ന് കുളിച്ചു കുട്ടപ്പനായി ഓഫീസിലേയ്ക്ക് പോകുന്ന ട്രൂമാനെ കാണിച്ചു കൊണ്ടാണ് കഥ തുടങ്ങുന്നത്. തെരുവില്‍ കാണുന്നവരോടൊക്കെ തമാശ പറഞ്ഞു വളരെ പ്രസന്ന വദനനായി ജീവിക്കുന്ന ഒരാള്‍ ആണ് ട്രൂമാന്‍. സീ ഹെവന്‍ എന്ന ഒരു മനോഹരമായ ടൌണ്‍ഷിപ്പില്‍ ആണ് അയാള്‍ താമസിക്കുന്നത്. ഒരിക്കല്‍ വിനോദത്തിനു മീന്‍ പിടിക്കാന്‍ അച്ഛനോടൊപ്പം പോയ ട്രൂമാന്‍ ഒരു കൊടുങ്കാറ്റില്‍ വഞ്ചി മറിഞ്ഞു സ്വന്തം മുന്നില്‍ വച്ച് അച്ഛന്‍ മുങ്ങി താഴുന്നത് കാണുന്നു. ആ സംഭവത്തെ തുടര്‍ന്ന് ട്രൂമാന് വെള്ളത്തോട് ഒരു ഭീതി, ഒരു ഫോബിയ പോലെ രൂപപ്പെടുന്നു. 
പക്ഷെ സ്വന്തം ഭാര്യയോടൊപ്പം വളരെ സന്തോഷത്തോടു കൂടി അയാള്‍ ജീവിച്ചു പോന്നു. മുപ്പതു വയസ്സ് വരെ വളരെ സ്മൂത്ത്‌ ആന്‍ഡ്‌ പെര്‍ഫെക്റ്റ്‌ ആയി പൊയ്ക്കൊണ്ടിരുന്ന അയാളുടെ ജീവിതത്തില്‍പെട്ടെന്ന് ഓരോ വിചിത്രമായ സംഭവങ്ങള്‍ ഉണ്ടാവാന്‍ തുടങ്ങുന്നു. തന്റെ ചുറ്റിനും വളരെ കൃത്യതയോടെ ചലിച്ചു കൊണ്ടിരിക്കുന്ന ജീവിതത്തില്‍ ചില ആവര്‍ത്തനങ്ങള്‍ അയാള്‍ ശ്രദ്ധിക്കാന്‍ തുടങ്ങുന്നു. ദിവസവും ഒരേ സ്ഥലത്ത് വച്ച് ഒരേ വേഷത്തില്‍ കാണുന്ന ആള്‍ക്കാര്‍, ഒരേ രീതിയില്‍ നടക്കുന്ന സംഭവങ്ങള്‍, അങ്ങനെ അങ്ങനെ. ഇതിന്റെയെല്ലാം ഉച്ചസ്ഥായിയില്‍ എന്ന പോലെ ഒരിക്കല്‍ കണ്‍ മുന്നില്‍ നിന്ന് കാണാതായ സ്വന്തം അച്ഛനെ ഒരു ഭ്രാന്തനെ പോലെ അയാള്‍ വഴിയില്‍ കണ്ടു മുട്ടുന്നു. പക്ഷെ പെട്ടെന്ന് തന്നെ രണ്ടു പേര്‍ വന്നു ബലമായി പപ്പയെ പിടിച്ചു ഒരു ബസ്സില്‍ കയറ്റിക്കൊണ്ടു പോകുന്നു. അങ്ങനെയങ്ങനെ ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളുമായി ട്രൂമാന്‍ തികഞ്ഞ ആശയ കുഴപ്പത്തിലാകുന്നു.

കൃത്രിമമായ ഒരു ലോകം - 

ഇതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. അത് മറ്റൊന്നുമല്ല ..ട്രൂമാന്‍ താമസിക്കുന്ന സീ ഹെവന്‍ എന്ന ടൌണ്‍ ആണ്. ആ ചെറിയ പട്ടണവും അതിലെ ആള്‍ക്കാരും ചുറ്റിനും ഉള്ള കടലും , ചക്രവാളവും എന്തിനു മഴയും കാറ്റും വെയിലും പോലും കൃത്രിമമാണ്. ലോകത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയ്ക്ക് വേണ്ടി ഉണ്ടാക്കിയ ലോകത്തിലെ ഏറ്റവും വലിയ പടുകൂറ്റന്‍ സെറ്റിലാണ് ട്രൂമാന്റെ ജീവിതം. സെറ്റിലാകെ ഒളിപ്പിച്ചു വച്ചിരിക്കുന്ന ആയിരക്കണക്കിന്  ക്യാമറകള്‍ അയാളെ പിന്തുടരുകയും ഇരുപത്തി നാല് മണിക്കൂറും സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുകയുമാണ്. The truman show എന്ന ലോകത്തിലെ ഏറ്റവും നീളമേറിയ റിയാലിറ്റി ഷോ. ജനനം മുതല്‍ കഴിഞ്ഞ മുപ്പതു വര്‍ഷം വരെയുള്ള അയാളുടെ ജീവിതം പുറം ലോകത്തിലുള്ള എല്ലാവരും കണ്ടു കഴിഞ്ഞു. ഇപ്പോഴും കണ്ടു കൊണ്ടിരിക്കുന്നു. ലോകത്തിലാദ്യമായി ഒരു കോര്‍പ്പറേഷന്‍ ദത്തെടുത്ത ഒരു കുട്ടിയാണ് ട്രുമാന്‍. അന്ന് മുതലുള്ള അയാളുടെ ജീവിതം നിയന്ത്രിക്കുന്നത്‌ ആ ചാനല്‍ ആണ്. അയാളുടെ വികാരങ്ങള്‍, സന്തോഷം, ദുഃഖം എല്ലാം അവര്‍ നിയന്ത്രിക്കുന്നു. ട്രൂമാന്റെ ഓരോ ചെറിയ ചലനം പോലും അവരുടെ ഇഷ്ടത്തിനനുസരിച്ചാണ് നടക്കുന്നത്. ട്രൂമാന്റെ ജീവിതത്തില്‍ നടന്ന/നടക്കുന്ന ഓരോ സംഭവങ്ങളും കെട്ടിച്ചമച്ചതാണ്. അയാളുടെ അച്ഛന്റെ തിരോധാനം വരെ. അത് കൃത്രിമമായി സൃഷ്ടിച്ചു അയാളുടെ യഥാര്‍ത്ഥ വികാരങ്ങള്‍ പുറം ലോകത്തിനു വില്‍ക്കുകയാണ് ചാനല്‍ ചെയ്തു കൊണ്ടിരിക്കുന്നത്. അയാളുടെ ബന്ധുക്കള്‍, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ എന്ന് വേണ്ട അയാള്‍ ജീവിതത്തില്‍ കാണുന്ന ഓരോ ആളും പ്രൊഫെഷണല്‍ നടന്മാരോ നടികളോ ആണ്. ആത്മാര്‍ത്ഥ സുഹൃത്തായി ചാനല്‍ അവതരിപ്പിക്കുന്ന മാര്‍ലന്‍ സഹിതം. 



സീ ഹെവന്‍ എന്ന കൃതിമ പട്ടണം 


പണി പാളുന്നു -

പക്ഷെ എത്ര പെര്‍ഫെക്റ്റ്‌ ആയിരുന്നാലും ഇതിന്റെ കേന്ദ്രബിന്ദു ഒരു മനുഷ്യന്‍ ആയതു കൊണ്ട് ചാനലിന്റെ തന്ത്രങ്ങള്‍ ഇടയ്ക്ക് പാളുന്നു. ചുറ്റിനും നടക്കുന്ന കാര്യങ്ങളില്‍ വിചിത്രമായ എന്തോ ഉണ്ട് എന്ന് ട്രൂമാന്‍ തിരിച്ചറിയുന്നു. അത് വിദഗ്ധമായി മറയ്ക്കാന്‍ ചാനല്‍ ശ്രമിക്കുന്നുണ്ടെങ്കിലും അത് നൂറു ശതമാനം ഫലവത്താകുന്നില്ല. സീ ഹെവനിലെ ആകാശത്ത് നിന്ന് ഇടയ്ക്ക് ഒരു സ്പോട്ട് ലൈറ്റ് പൊട്ടി വീഴും. അതെന്താണെന്ന് തിരിച്ചറിയാന്‍ കഴിയാതെ നില്‍ക്കുന്ന ട്രൂമാന്‍ കേള്‍ക്കാന്‍ വേണ്ടി അവര്‍ റേഡിയോയില്‍ കൂടി ഒരു വിമാനം ക്രാഷ് ലാന്‍ഡ്‌ ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്... അതിന്റെ ഭാഗങ്ങള്‍ പൊട്ടി വീഴാനിടയുണ്ട് സൂക്ഷിക്കുക എന്നൊക്കെ വാര്‍ത്ത‍ കേള്‍പ്പിക്കുന്നു. അത് പോലെ തന്നെ ഫിജി സന്ദര്‍ശിക്കാന്‍ പ്ലാന്‍ ചെയ്യുന്ന ട്രൂമാന്റെ പ്ലാന്‍ പൊളിക്കാന്‍ വേണ്ടി ചാനല്‍ അയാളുടെ മുന്നില്‍ പ്ലാന്‍ ചെയ്ത ഒരു പാട് തടസ്സങ്ങള്‍ സൃഷ്ടിക്കുന്നു. ട്രൂമാന്റെ സുഹൃത്ത്‌  ആയി വരാന്‍ വേണ്ടി ഒരു കഥാപാത്രത്തെ ചാനല്‍ സൃഷ്ടിക്കുന്നുണ്ടെങ്കിലും ആ നടിക്ക് അയാളോട് പ്രണയം തോന്നുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാവുന്നു. ചുറ്റിനും നടക്കുന്ന കാര്യങ്ങളുടെ നിജ സ്ഥിതി അയാളോട് തുറന്നു പറയാന്‍ ശ്രമിക്കുന്ന നടിയെ അവര്‍ വിദഗ്ധമായി നീക്കം ചെയ്യുന്നു. 

Product Placement -
ഒരാളുടെ നിത്യ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങളില്‍ എങ്ങനെ പരസ്യം തിരുകി കയറ്റാം എന്ന്  ചിത്രം നമുക്ക് കാട്ടി തരുന്നു. ഉദാഹരണത്തിന് ചില രംഗങ്ങള്‍.. മെരില്‍  ഷോപ്പിംഗ്‌ കഴിഞ്ഞു തിരികെ വന്നിട്ട് ഇന്ന് എന്തൊക്കെ വാങ്ങി എന്ന് പറയുന്ന സീനുകള്‍. ഒരു സോപ്പ് അല്ലെങ്കില്‍ ഡിറ്റര്‍ജന്റ്റ് വാങ്ങി എന്ന് വെറുതെ പറയുകയല്ല അതിന്റെ ഗുണഗണങ്ങള്‍ വര്‍ണിക്കുകയും ചെയ്യുന്നുണ്ട് അവള്‍. മാര്‍ലോനുമായി സായാഹ്നം ചെലവിടുന്ന സീനില്‍ മര്‍ലോണ്‍ ഒരു ബിയര്‍ പൊട്ടിക്കുന്നുണ്ട്. എന്നിട്ട് ആരോടെന്നില്ലാതെ പറയും... ഇതാണ് മോനെ ബിയര്‍ എന്ന്. 
ട്രുമന്‍ വഴിയില്‍ വച്ച് കണ്ടു മുട്ടുന്ന രണ്ടു പേര്‍ അയാളെ ഒരു പരസ്യ ബോര്‍ഡിന്‍റെ മുന്നിലേക്ക്‌ വലിച്ചു നിര്‍ത്തി വെറുതെ സുഖ വിവരം അന്വേഷിക്കുന്ന സീനുകള്‍. അങ്ങനെയങ്ങനെ വിദഗ്ധമായി ഇഴുകി ചേര്‍ത്ത പരസ്യങ്ങള്‍ നിറഞ്ഞ ഒന്നാണ് ട്രൂമാന്റെ ജീവിതം.

പുറം ലോകത്തിലേയ്ക്ക് -

ഒരു ദിവസം തന്നെ വിടാതെ പിന്തുടരുന്ന ക്യാമറകളെ പറ്റിച്ചു കൊണ്ട് ട്രൂമാന്‍ നിലവറയില്‍ ഒളിക്കുന്നു. ട്രൂമാനെ കാണാന്‍ ഇല്ലാത്തതുകൊണ്ട് പരിപാടി അതിന്റെ ചരിത്രത്തിലാദ്യമായി നിര്‍ത്തി വയ്ക്കപ്പെടുന്നു. പരിപാടിയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന എല്ലാവരും ട്രൂമാനെ തിരഞ്ഞു പുറപ്പെടുന്നു. ഒരിടത്തും അയാള്‍ ഇല്ല. ഒടുവില്‍ അവര്‍ സെറ്റില്‍ പിടിപ്പിച്ചിരിക്കുന്ന ആയിരക്കണക്കിന് വിളക്കുകള്‍ ഉപയോഗിച്ച് ( രാത്രിയും പകലും വരെ ചാനല്‍ ആണ് നിയന്ത്രിക്കുന്നത്‌. ലൈറ്റ് ഓഫ്‌ ആക്കുമ്പോഴാണ് സീ ഹേവനില്‍ രാത്രിയാകുന്നത് ) അവര്‍ തിരച്ചില്‍ തുടങ്ങുന്നു. തന്റെ ഫോബിയയെ അതി ജീവിച്ചു ഒരു ബോട്ടില്‍ ചക്രവാളം ലക്ഷ്യമാക്കി തുഴഞ്ഞു     കൊണ്ടിരിക്കുന്ന ട്രൂമാനെ അവര്‍ കണ്ടുപിടിക്കുന്നു. ഒപ്പം തന്നെ പരിപാടിയും പുനരാരംഭിക്കുന്നു. 
രക്ഷപെടാനുള്ള ട്രൂമാന്റെ ശ്രമം കണ്ടു കോപാകുലനായ സംവിധായകന്‍ ക്രിസ്റൊഫ് ഒരു കൊടുംകാറ്റു സൃഷ്ടിച്ചു ട്രൂമാന്റെ ബോട്ട് മറിക്കാന്‍ ഉത്തരവിടുന്നു. പരിപാടി കണ്ടു കൊണ്ടിരിക്കുന്ന ലക്ഷക്കണക്കിന്‌ പ്രേക്ഷകരുടെ മുന്നില്‍ വച്ച് ട്രൂമാനെ കൊല്ലാനുള്ള നീക്കത്തെ എല്ലാവരും എതിര്‍ക്കുന്നതിനെ തുടര്‍ന്ന് ആ ഉത്തരവ് പിന്‍വലിക്കേണ്ടി വരുന്നു അവര്‍ക്ക്. എങ്ങനെയും വേറൊരു ലോകത്തെത്തണമെന്ന നിശ്ചയദാര്‍ട്യവുമായി തുഴയുന്ന ട്രൂമാന്റെ ബോട്ട് ഒടുവില്‍ ചക്രവാളത്തെ സ്പര്‍ശിക്കുന്നു. സ്പര്‍ശിക്കുന്നു എന്ന് പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ ആണ്. ആ പടുകൂറ്റന്‍ സെറ്റിന്റെ അതിര്‍ത്തിയാണ് അത്. ആ ബോട്ടിന്റെ മുനമ്പ്‌ പെയിന്റ് ചെയ്തു വച്ചിരിക്കുന്ന ചക്രവാളത്തെ കീറി മുറിച്ചു. അത്ഭുത പരതന്ത്രനായ ട്രൂമാന്‍ മുകളിലേക്ക് പോകുന്ന ഒരു കൂട്ടം പടിക്കെട്ടുകള്‍ കാണുന്നു. പുറത്തേയ്ക്ക് എന്നൊരു തലക്കെട്ടും അവിടെയുണ്ട്. അപ്പോഴേയ്ക്കും എല്ലാം മനസ്സിലായ ട്രൂമാന്‍ തന്നെ നിരീക്ഷിക്കുന്ന ക്യാമറകളോടും അവിടം വിട്ടു പോകാന്‍ ഉപദേശിച്ചു കൊണ്ടിരിക്കുന്ന ക്രിസ്റൊഫിനോടും ചിരിച്ചു കൊണ്ട് വിട പറഞ്ഞിട്ട് (In case I don't see you ... good afternoon, good evening, and good night - വളരെ പ്രശസ്തമായ വരികള്‍ ആണ് ഇത് )  ആ പടികള്‍ കയറി പുറം ലോകത്ത് തന്നെ കാത്തു നില്‍ക്കുന്ന ആയിരങ്ങളുടെ അടുത്തേയ്ക്ക് മറയുന്നു. 

ചക്രവാളത്തിന്റെ മുനമ്പില്‍ 

പുറം ലോകത്തേയ്ക്ക് 




എല്ലാവര്‍ക്കും നന്ദി. വളരെ പ്രശസ്തമായ ക്ലൈമാക്സ്‌ സീന്‍ 

Truman Show നല്‍കുന്ന പാഠങ്ങള്‍ -

വെറും ഒരു വിനോദ ചിത്രം എന്നതിലുപരി നമ്മുടെ മനസാക്ഷിയോട് ഒരുപാടു ചോദ്യങ്ങള്‍ ചോദിക്കുന്ന ഒരു ചിത്രമാണ് ഇത്. ട്രൂമാന്‍ എന്ന ഒരു മനുഷ്യനെ മുന്നില്‍ നിര്‍ത്തി ചാനല്‍ കാണിക്കുന്ന അതെ വിദ്യകള്‍ തന്നെയല്ലേ നമ്മുടെ ചാനലുകളും പ്രേക്ഷകരെ പറ്റിക്കാന്‍ ചെയ്യുന്നത്. ഐഡിയ സ്റാര്‍ സിംഗറിലും മറ്റും നമ്മള്‍ കാണാറുള്ള കണ്ണീര്‍ പ്രയോഗങ്ങള്‍ എങ്ങനെ ഉണ്ടായി എന്ന് ഈ ചിത്രം കണ്ടാല്‍ പിടി കിട്ടും. കച്ചവടത്തിലൂന്നിയ ഈ ലോകത്തില്‍ മനുഷ്യന്റെ നൈസര്‍ഗിക വികാരങ്ങളോളം കച്ചവടമൂല്യമുള്ള വേറെന്താണ് ഉള്ളത് അല്ലെ ?

തത്സമയം ഒരു പെണ്‍കുട്ടി എന്താണ് പറയാന്‍ ഉദ്ദേശിക്കുന്നതെന്ന് ഒരു ചെറിയ ഹിന്റ് കിട്ടിയില്ലേ  ? ഇനി നമുക്ക് കാത്തിരുന്നു കാണാം 

6 അഭിപ്രായങ്ങൾ:

  1. ഭരതനും പത്മരാജനും കൂടി മര്യാദക്ക് ഉണ്ടാക്കിയ ഒരു സിനിമ രതി നിര്‍വേദം അതിലെ ഭംഗി എല്ലാം ചോര്‍ത്തിക്കളഞ്ഞു വെറുമൊരു തറ ഷക്കീല പടം ആക്കി മാറ്റി പുതിയ പ്രേക്ഷകരുടെ പണം പിടുങ്ങാന്‍ മേനക സുരേഷ് കുമാറിനെ സഹായിച്ച ടീ കെ രാജീവ് കുമാര്‍ ട്രൂമാന്‍ ഷോ എന്ത് ചെയ്യാന്‍ ആണ് , അതിന്റെ ആയിരത്തില്‍ ഒന്ന് നിലവാരം പോലും ഉണ്ടാക്കാന്‍ കഴിയില്ല പിന്നെ നായകന്‍ ആരാണ് ഉണ്ണി മുകുന്ദന്‍ നായിക നിത്യാ മേനോന്‍ ഈ യൂണിവേര്‍സല്‍ തീം കേരളീകരിക്കുന്നതെങ്ങിനെ? അതിനൊക്കെ തലയുള്ള സ്ക്രിപ്റ്റ് റൈറ്റര്‍ ആരാണ് പടം പൊട്ടും ആദ്യ വാരം തന്നെ ടീ കീ രാജീവ് കുമാറിന്റെ അപൂര്‍വ്വം പടങ്ങളെ എന്തെങ്കിലും മെറിറ്റ്‌ ഉള്ളതായുള്ള്

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതിനോട് ഞാന്‍ നൂറു ശതമാനം യോജിക്കുന്നു. ഹോളിവുഡ് സിനിമകളില്‍ നിന്ന് തീം ചൂണ്ടി അത് ഏറ്റവും വികൃതമായി അവതരിപ്പിക്കുക എന്നതാണല്ലോ നമ്മുടെ സിനിമ ബുദ്ധിജീവികളുടെ സ്ഥിരം പരിപാടി. അതുകൊണ്ട് ഒരു മുന്നറിയിപ്പ് തന്നുവെന്നേ ഉള്ളൂ.

      ഇല്ലാതാക്കൂ
  2. ദുസ്സസനാ Truman show പരിച്ചയപെടുതിയത്തിനു നന്ദി.പോസ്റ്റ്‌ വായിച്ചാ ഉടനെ തന്നെ ഡൌണ്‍ലോഡ് ചെയ്തു കണ്ടു.നല്ല പടം.....

    മറുപടിഇല്ലാതാക്കൂ
  3. Please watch "Eternal Sunshine of The Spotless Mind". That is an awesome movie starring Jim Carrey & Kate Winslet.Maybe it will change your perception about Jim Carrey.

    Shibu

    മറുപടിഇല്ലാതാക്കൂ