Thursday, July 8, 2010

ഉത്തരം

( ഇത് ഒരു പഴയ സിനിമയുടെ റിവ്യൂ ആണ്. 1989 ല്‍ ഇറങ്ങിയ ഒരു ചിത്രം. കണ്ടവര്‍ ക്ഷമിക്കുക. അല്ലാത്തവര്‍ വായിക്കുക. )


     പവിത്രന്‍ സംവിധാനം ചെയ്ത ഒരു കുറ്റാന്വേഷണ ചിത്രം ആണ് ഉത്തരം. കുറ്റാന്വേഷണം എന്ന വാക്ക് ഇവിടെ ഉപയോഗിക്കാമോ എന്നറിയില്ല. കാരണം ഒരു ഇത് നിങ്ങള്‍ സാധാരണ കണ്ടിട്ടുള്ള തരം ഒരു ത്രില്ലര്‍ ഫിലിം അല്ല. സ്വന്തം സുഹൃത്തിന്‍റെ ഭാര്യയുടെ അവിചാരിതമായ ആത്മഹത്യയുടെ കാരണം അന്വേഷിക്കാന്‍ ഒരു പത്ര പ്രവര്‍ത്തകന്‍ നടത്തുന്ന യാത്ര ആണ് ഇതിന്‍റെ ഇതിവൃത്തം. ടഫ്നെ ടു മാരിയര്‍ ( Dame Daphne du Maurier, Lady Browning ) എന്ന ഇന്ഗ്ലിഷ് എഴുത്തുകാരിയുടെ ഒരു കഥയ്ക്ക് എം ടി രചിച്ച ഭാഷ്യം ആണ് ഈ ചിത്രം.  ആര്‍ട്ട്‌ എന്നോ കമ്മേര്‍സ്യല്‍ എന്നോ വേര്‍തിരിക്കാനാവാത്ത രീതിയിലുള്ള ഒരു ട്രീട്മെന്റ്റ് ആണ് ഈ ചിത്രത്തില്‍ പവിത്രന്‍ സ്വീകരിച്ചിരിക്കുന്നത്. സുപര്‍ണ ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം ആയ സെലീനയെ അവതരിപ്പിച്ചിരിക്കുന്നത്. സീലീനയുടെ ഭര്‍ത്താവായ മാത്യു ജോസഫ്‌ ആയി വരുന്നത് സുകുമാരന്‍ ആണ്. മാത്യുവിന്‍റെ സുഹൃത്തും പത്ര പ്രവര്‍ത്തകനുമായ ബാലചന്ദ്രന്‍റെ റോളില്‍ മമ്മൂട്ടി. സെലീനയുടെ അച്ഛന്‍ , ഒരു പാതിരി അയ കുന്നതൂരച്ചന്റെ റോളില്‍ കരമന , സെലീനയുടെ ക്ലാസ്സ്‌ മേറ്റ്‌ ആയിരുന്ന ശ്യാമള മേനോന്‍ ആയി പാര്‍വതി അങ്ങനെ വിരലില്‍ എണ്ണാവുന്ന കഥാപാത്രങ്ങളും താരങ്ങളും മാത്രമേ ഈ ചിത്രത്തിലുള്ളൂ. ഇന്നസെന്റ് , ജഗന്നാഥന്‍ , സുകുമാരി, ശങ്കരാടി മുതലായവരും ഓര്‍ത്തിരിക്കാവുന്ന വേഷങ്ങളില്‍ വന്നു പോകുന്നുണ്ട്. കല്ലൂപാറയിലും മൈസൂരും വച്ചാണ് മിക്ക രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. രാമചന്ദ്ര ബാബു ആണ് ചായാഗ്രഹണം. ഗാനങ്ങള്‍ എഴുതിയത് ഓ എന്‍ വി കുറുപ്പും സംഗീതം നല്‍കിയിരിക്കുന്നത് ജോണ്‍സന്‍ , വിദ്യാധരന്‍ മാഷ് എന്നിവരാണ്‌. പ്രശസ്ത എഡിറ്റര്‍ ആയിരുന്ന രവി ആണ് ഈ ചിത്രം എഡിറ്റ്‌ ചെയ്തിരിക്കുന്നത്. 

     ഒരു സാധാരണ ദിനത്തിലെ സായാഹ്നം . ഒരു വലിയ റബ്ബര്‍ എസ്റ്റേറ്റ്‌ ന്‍റെ നടുക്കുള്ള ഒരു palatial bungalow. അതിന്‍റെ മുകളിലത്തെ നിലയില്‍ മുഴങ്ങുന്ന ഒരു വെടിയൊച്ച. അത് കേട്ട് ഓടി ചെല്ലുന്ന വീട്ടിലെ ജോലിക്കാരന്‍. മുന്നില്‍ വെടിയേറ്റ്‌ കിടക്കുന്ന യജമാനത്തിയുടെ ശരീരത്തിലേക്ക് ഭീതിയോടെ നോക്കുന്ന അയാളില്‍ നിന്നു ചിത്രം തുടങ്ങുന്നു. വീട്ടില്‍ സൂക്ഷിച്ചിരുന്ന ഇരട്ടക്കുഴല്‍ തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടി പൊട്ടി സെലീന മരിച്ചു എന്ന വാര്‍ത്ത‍ കേട്ട് ദുഃഖത്തില്‍ പങ്കു ചേരാന്‍ എത്തുകയാണ് മാത്യുവിന്‍റെ സുഹൃത്ത് ആയ ബാലചന്ദ്രന്‍. പ്ലാന്റര്‍ ആവുന്നതിനു മുമ്പ് ടൈംസ്‌ ഓഫ് ഇന്ത്യയിലെ എഡിറ്റര്‍ ആയിരുന്ന മാത്യുവിന്‍റെ ശിഷ്യനും അടുത്ത സുഹൃത്തും ആണ് ബാലചന്ദ്രന്‍. അതായതു മാത്യുവിന്റെയും സെലീനയുടെയും ജീവിതത്തില്‍ അത്രയ്ക്ക് അടുപ്പമുള്ള ഒരാള്‍. മലയാളത്തിലെ യുവ എഴുത്തുകാരില്‍ ഏറ്റവും പ്രതിഭ പ്രകടിപ്പിച്ച ഒരു എഴുത്തുകാരി കൂടി ആയിരുന്നു സെലീന. അത് കാരണം അങ്ങനെയും അത് ഒരു വാര്‍ത്ത‍ സൃഷ്ടിച്ചു. എന്നാല്‍ വന്ന അന്ന് രാത്രി തന്നെ മാത്യു ആ രഹസ്യം ബാലുവിനോട് തുറന്നു പറയുന്നു. നടന്നത് ഒരു അപകടം അല്ല . മരിച്ചു ആത്മഹത്യ ആയിരുന്നു എന്ന്. മേശ വലിപ്പില്‍ വച്ചിരുന്ന തിരകള്‍ എടുത്തു തോക്കില്‍ നിറച്ചു സ്വന്തം നെഞ്ചിനു നേരെ ചൂണ്ടി കാഞ്ചി വലിച്ചു സ്വയം മരണത്തിലേക്ക് നടക്കുകയായിരുന്നു സെലീന എന്ന സത്യം. മറ്റു പ്രശ്നങ്ങള്‍ ഉണ്ടാവാതിരിക്കാനായി മാത്യുവിന്‍റെ പ്രബലരായ ബന്ധുക്കള്‍ അതിനെ അപകട മരണമാക്കി മാറ്റുകയായിരുന്നു എന്നും. എന്നാല്‍ എന്തിനു അവള്‍ അത് ചെയ്തു എന്ന് മാത്യുവിന് പറയാന്‍ പറ്റുന്നില്ല. പല തവണ ആ ചോദ്യം അയാള്‍ സ്വയം ചോദിച്ചു നോക്കിയെങ്കിലും ഒരുതരം കണ്ടെത്താന്‍ മാത്യുവിന് കഴിഞ്ഞില്ല. ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത്‌ എന്ന നിലക്ക് അത് കണ്ടു പിടിച്ചു തരാന്‍ മാത്യു ബാലുവിനോട് അഭ്യര്‍ത്ഥിക്കുന്നു. ബാലു അത് ഏറ്റെടുക്കുന്നു. 

     ഒരു കവയിത്രി എന്ന പേരില്‍ അനുഭവിച്ചിരിക്കാന്‍ സാധ്യതയുള്ള മാനസിക സംഘര്‍ഷമോ അല്ലെങ്കില്‍ കുട്ടികളില്ലാത്ത ദുഖമോ ഒന്നും തന്നെ സെലീനയെ തരിമ്പും ബാധിച്ചിരുന്നില്ല. മാത്യുവിനെ ജീവന് തുല്യം സ്നേഹിക്കുകയും എല്ലാം പങ്കു വയ്ക്കുകയും ചെയ്യുന്ന ഒരു ജീവിതമായിരുന്നു അവരുടേത്. സാധാരണ ഗതിയില്‍ ഒരു ആത്മഹത്യക്ക് കാരണമായേക്കാവുന്ന എല്ലാ കാരണങ്ങളും അവരുടെ കാര്യത്തില്‍ ബാധകമല്ലായിരുന്നു. ഒരു തുടക്കം കിട്ടാതെ ബാലു സെലീനയുടെ കഴിഞ്ഞ കാലത്തില്‍ നിന്നു അന്വേഷണം തുടങ്ങാം എന്ന് തീരുമാനിക്കുന്നു. വളരെ കുട്ടിയായിരിക്കുമ്പോള്‍ തന്നെ അമ്മ നഷ്ടപെട്ട സെലീന ഒരു ആന്റിയുടെ ഒപ്പമാണ് നിന്നു വളര്‍ന്നത്‌. അപ്പോഴാണ് മാത്യു കാണുന്നതും ഇഷ്ടപ്പെടുന്നതും കല്യാണം ആലോചിച്ചു ചെല്ലുന്നതും. സെലീനയുടെ അച്ഛന്‍ ഒരു ക്രിസ്ത്യന്‍  പുരോഹിതന്‍ ആയ കുന്നത്തൂര്‍ അച്ചന്‍ ആയിരുന്നു .മാഗി ആന്റിയെ കാണാന്‍ ബാലു പോകുന്നു. തുടരെ തുടരെയുള്ള ബാലുവിന്റെ ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ ഒടുവില്‍ മാഗി ആന്റിക്ക് സത്യം പറയേണ്ടി വരുന്നു. ചെറുപ്പം മുതലേ സെലീന തന്നോടൊപ്പം ഇല്ല എന്നും പതിനാറു വയസ്സ് ആയതിനു ശേഷമാണ് അച്ചന്‍ അവളെ തന്നെ ഏല്‍പ്പിച്ചത് എന്ന് അവര്‍ തുറന്നു പറയുന്നു. ഇത് ബാലുവിന് ഒരു പുതിയ അറിവായിരുന്നു. അങ്ങനെ ബാലു അവളുടെ കൌമാരം എങ്ങനെ ആയിരുന്നു എന്ന് അന്വേഷിക്കാന്‍ തുടങ്ങുന്നു. സെലീനയുടെ സ്കൂള്‍ ജീവിതത്തിലെ ഒരു കൂട്ടുകാരി ആയിരുന്ന ശ്യാമളയെ അങ്ങനെ ബാലു കണ്ടെത്തുന്നു.  ശ്യാമളയില്‍ നിന്നു ലഭിച്ച സൂചനകള്‍ അനുസരിച്ച് അവര്‍ പഠിച്ചിരുന്ന സ്കൂളിലേക്ക് ബാലു പുറപ്പെടുന്നു.

     സ്വന്തം കുട്ടിക്ക് അഡ്മിഷന്‍ എടുക്കാന്‍ വേണ്ടി എന്ന വ്യാജേന ബാലു സ്കൂള്‍ പ്രിന്‍സിപ്പാളിനെ കാണുന്നു. സെലീന പണ്ട് എന്തോ അസുഖം ആയി പഠിത്തം നിര്‍ത്തി പോയി എന്നാണ് സ്കൂളില്‍ പ്രചരിച്ചിരുന്ന വാര്‍ത്ത‍. ബാലു കൌശലത്തോടെ ആ കാര്യം എടുത്തിടുന്നു. നിങ്ങളുടെ സ്കൂളില്‍ നിര്‍ത്തിയിട്ടു പോയാല്‍ എന്തെങ്കിലും അസുഖം മറ്റും വന്നാല്‍ വേണ്ട ശ്രദ്ധ കിട്ടുമോ എന്നും പണ്ട് ഒരു കുട്ടി അസുഖം കാരണം പഠിത്തം നിര്‍ത്തി പോവേണ്ടി വന്നിട്ടില്ലേ എന്നും മറ്റും പറഞ്ഞു ബാലു അദ്ദേഹത്തെ ചൊടിപ്പിക്കുന്നു. ഒടുവില്‍ സഹി കെട്ടു അദ്ദേഹം പൊട്ടി തെറിക്കുന്നു. സെലീനയ്ക്ക് അസുഖം ഒന്നുമായിരുന്നില്ലെന്നും മൂന്നു മാസം ഗര്‍ഭം കണ്ടു പിടിച്ചതിനെ തുടര്‍ന്നു സ്കൂളില്‍ നിന്നു പുറത്താക്കുകയായിരുന്നെന്നും അദ്ദേഹം പറയുന്നു. ഇത് കേട്ട ബാലുവിന് ഒന്നും വിശ്വസിക്കാനായില്ല. ആ ഞെട്ടലില്‍ അയാള്‍ അവിടം വിടുന്നു. സത്യാവസ്ഥ കണ്ടുപിടിക്കാനായി ബാലു അന്ന് സെലീനയെ അഡ്മിറ്റ്‌ ചെയ്തിരുന്ന ആശുപത്രി കണ്ടു പിടിച്ചു അങ്ങോട്ട്‌ പോകുന്നു. അവിടത്തെ ഒരു അറ്റന്ടര്‍  നെ സ്വാധീനിച്ചു ആ കഥകള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നു.

     ഇന്നസന്‍റ് അവതരിപ്പിക്കുന്നതാണ് ഈ കഥാപാത്രം. വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്നതാണെങ്കിലും ആ കുട്ടിയെ ഇന്നും താന്‍ ഓര്‍ക്കുന്നു എന്ന് അയാള്‍ പറയുന്നു. തിരിച്ചറിവ് ഉണ്ടാവുന്നതിനു മുമ്പ് ഗര്‍ഭിണി ആയ ആ കുട്ടി അന്ന് അവിടെ ജോലി ചെയ്തിരുന്ന എല്ലാവര്‍ക്കും ഒരു അത്ഭുതം ആയിരുന്നു. കാരണം ഗര്‍ഭം എന്താണെന്നോ താന്‍ ഒരു അമ്മ ആയെന്നോ ഒന്നും ഒന്നും തന്നെ അവള്‍ക്ക് അറിവുണ്ടായിരുന്നില്ല. മാത്രമല്ല താന്‍ ഗര്‍ഭിണി ആയതു എങ്ങനെ ആണെന്നും അവള്‍ക്ക് പറയാന്‍ കഴിയുമായിരുന്നില്ല. കല്യാണം കഴിക്കാതെ എങ്ങനെ ആണ് താന്‍ ഗര്‍ഭിണി ആകുന്നതെന്നും ഡോക്ടര്‍ കള്ളം പറയുകയാണെന്നും അവള്‍ തര്‍ക്കിക്കുകയായിരുന്നു. എന്നാല്‍ ആരും അത് ചെവിക്കൊള്ളാന്‍ തയ്യാറായിരുന്നില്ല. താന്‍ കന്യക ആണെന്ന് തന്നെ ഉറച്ചു വിശ്വസിച്ച സെലീന കുട്ടിക്ക് കന്യ മറിയത്തിന്റെ ഓര്‍മയില്‍ കുട്ടിക്ക് ഇമ്മാനുവേല്‍ ( യേശുവിന്‍റെ വേറൊരു പേര് )  എന്ന് പേരിടുന്നു. എന്നാല്‍ അവള്‍ പ്രസവിച്ച കുട്ടിയെ ആശുപത്രിയില്‍ തന്നെ ഏല്‍പ്പിച്ചിട്ട് അച്ചന്‍ സെലീനയെ കൂട്ടികൊണ്ട് പോവുകയായിരുന്നു എന്നാണ് അയാള്‍ക്ക് പറയാനുണ്ടായിരുന്ന കഥ. 

    ആ കുട്ടിയെ കണ്ടെത്താന്‍ വേണ്ടി ബാലു അനാഥാലയത്തില്‍ എത്തുന്നു. എന്നാല്‍  ഇമ്മാനുവേല്‍  അവിടെ നിന്നു ചാടി പോയി എന്ന വിവരമാണ് ലഭിക്കുന്നത്. ഒടുവില്‍ മുന്നോട്ടു നീങ്ങാന്‍ ഒരു വഴിയും കാണാതെ ബാലു തപ്പി തടയുന്നു. അങ്ങനെ ശ്യാമളയോട് ഒന്ന് കൂടി സംസാരിക്കാന്‍ ബാലു തീരുമാനിക്കുന്നു. ബാലുവിന്‍റെ മുന്നില്‍ ഒടുവില്‍ ശ്യാമള പുതിയ ഒരു കഥ പറയുന്നു. പണ്ട് ഊട്ടിയിലെ സ്കൂളില്‍ പഠിച്ചിരുന്ന കാലത്ത് ബോര്‍ഡിംഗ് ലായിരുന്നു അവരുടെ താമസം. ഇടയ്ക്കു ഒരുപാടു തമാശകള്‍ ഒപ്പിക്കുകയും രസിച്ചു ജീവിക്കുകയും ചെയ്തിരുന്ന ഒരു കാലം. ഇടയ്ക്കു ഹോസ്റ്റല്‍ ന്‍റെ മതില്‍ ചാടി പുറത്തു പോകുക ഒരു പതിവായിരുന്നു അവര്‍ക്ക്. അങ്ങനെ പോയ ഒരു ദിവസം ഒരു രസത്തിനു അവര്‍ ടൌണില്‍ പോയി ഹൂക്ക വലിക്കുന്നു. അതില്‍ എന്തോ ലഹരി കലര്‍ത്തിയിട്ടുണ്ടായിരുന്നു. രാത്രി വളരെ വൈകി വിജനമായ വഴിയിലൂടെ ഹോസ്ടലിലേക്ക് നടക്കുന്ന അവരെ രണ്ടു അപരിചിതര്‍ പിന്തുടരുന്നു. അങ്ങാടിയില്‍ കമ്പിളിയും മറ്റും വില്‍ക്കുന്ന മംഗോളിയന്‍ മുഖമുള്ള കച്ചവടക്കാരുടെ സംഘത്തിലെ രണ്ടു പേര്‍. നേരത്തെ വലിച്ച  ഹൂക്കയുടെ ശക്തിയില്‍ പകുതി മയക്കത്തില്‍ വേച്ചു വേച്ചു പൊയ്ക്കൊണ്ടിരുന്ന രണ്ടു പെണ്‍കുട്ടികളെയും അവര്‍ കീഴടക്കുന്നു. ഉറക്കം വിട്ടുനര്‍ന്ന ശ്യാമളയ്ക്കും സെലീനക്കും തങ്ങള്‍ക്കു എന്തോ സംഭവിച്ചു എന്നതല്ലാതെ അതെന്താണ് എന്ന് ഓര്‍ത്തെടുക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. അവര്‍ രണ്ടും ഇത് മറ്റുള്ളവരില്‍ നിന്നു മറച്ചു വച്ചു എങ്കിലും പാപത്തിന്‍റെ വിത്ത് സെലീനയുടെ ഉള്ളില്‍ വളര്‍ന്നു തുടങ്ങിയിട്ടുണ്ടായിരുന്നു. 

     ബാക്കി കഥകള്‍ ചേര്‍ത്തു വച്ച ബാലു അപ്പോളാണ് കാര്യസ്ഥന്‍  അച്ചുവേട്ടന്‍ പറഞ്ഞ ഒരു കാര്യം ഓര്‍ക്കുന്നത്. മരണം നടന്ന അന്ന്  ഉച്ച കഴിഞ്ഞു ആക്രി പെറുക്കാന്‍ ചില പിള്ളേര്‍ വീട്ടില്‍ വന്നതും താന്‍ ഓടിച്ചു വിട്ടതും ഒക്കെ. നേപ്പാളി പിള്ളേര്‍ വെറുതെ ഇവിടെ ആക്രി പെറുക്കാന്‍ ആണെന്ന് പറഞ്ഞു കറങ്ങി നടപ്പുന്ടെന്നും മോഷണം ആണ് അവന്‍മാരുടെ ഉദ്ദേശം എന്നും ഒക്കെ അച്ചുവേട്ടന്‍ പറഞ്ഞിരുന്നു. അവിടെ ഒക്കെ വീണ്ടും ഒന്ന് കറങ്ങിയ ബാലുവിന്‍റെ മുന്നില്‍ ആ കുട്ടികള്‍ വീണ്ടും വന്നു പെടുന്നു. ഓടി രക്ഷപെടാന്‍ ശ്രമിക്കുന്നുവെങ്കിലും ഒരു പയ്യന്‍ ബാലുവിന്‍റെ മുന്നില്‍ പെടുന്നു. അവനോടു ബാലു പേര് ചോദിക്കുന്നു. ഇമ്മാനുവേല്‍ എന്ന് പറഞ്ഞിട്ട് അവന്‍ എങ്ങോട്ടോ ഓടി രക്ഷപെടുന്നു. ഇമ്മാനുവേല്‍ എന്ന ആ പേര് ബാലുവിന് എല്ലാ ചോദ്യങ്ങള്‍ക്കും ഉള്ള ഉത്തരം നല്‍കുന്നു. ഉച്ചക്ക് ശേഷം അന്ന് ആ വീട്ടില്‍ വച്ചു സെലീന അവനോടു പേര് ചോദിച്ചിരുന്നു.  വര്‍ഷങ്ങള്‍ക്കു ശേഷം സ്വന്തം മകനെ സെലീന ആ വീട്ടില്‍ വച്ചു തിരിച്ചറിയുകയായിരുന്നു. ഇമ്മാനുവേല്‍ എന്ന അവന്‍റെ മറുപടി സെലീനയുടെ ഓര്‍മകളെ വര്‍ഷങ്ങളോളം പിന്നോട്ടടിപ്പിച്ചു. ആ വികാര തള്ളിച്ചയില്‍ അവള്‍ മരണത്തിലേക്കുള്ള വഴി സ്വയം തിരഞ്ഞെടുക്കുന്നു.  ഇവിടെ ഈ ചിത്രം പൂര്‍ണമാവുകയാണ്. 

    കലാപരമായി എങ്ങനെ ഇത്തരം ഒരു കഥ കൈകാര്യം ചെയ്യാം എന്നുള്ളതിന്റെ ഉത്തമ ഉദാഹരണം ആണ് ഈ ചിത്രം. എം ടി വാസുദേവന്‍‌ നായര്‍ എന്ന എഴുത്തുകാരന്‍ എങ്ങനെ ആണ് മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തന്‍ ആവുന്നതെന്ന് നിങ്ങള്‍ക്ക് ഈ ചിത്രത്തില്‍ കാണാം. ഒരു സാഹിത്യകാരന് സിനിമയുടെ ഭാഷ എങ്ങനെ വഴങ്ങും , മറ്റൊരു എഴുത്തുകാരിയുടെ കഥ എങ്ങനെ ഇത്തരം ഒരു അനുഭവം ആക്കി മാറ്റാം എന്ന് നിങ്ങള്‍ക്ക്  ഇവിടെ കാണാം. പുതിയ തലമുറയ്ക്ക് ഈ ചിത്രം ഇഷ്ടപ്പെടുമോ എന്നറിയില്ല. കണ്ണഞ്ചിപ്പിക്കുന്ന രംഗങ്ങളോ  നിറം പിടിപ്പിച്ച കാഴ്ചകളോ ഇതിലില്ല. പകരം കുളിര്‍മയുള്ള ഒട്ടനവധി അനുഭവങ്ങള്‍ നിങ്ങളുമായി പങ്കു വയ്ക്കുന്നു ഈ ചിത്രം. ഈ വാചകങ്ങള്‍ ഞാന്‍ വേറെ ഫിലിം റിവ്യൂകളില്‍ ആവര്‍ത്തിച്ചിട്ടുന്ടെങ്കില്‍ സദയം ക്ഷമിക്കുക. ഇത് അങ്ങനത്തെ എല്ലാ ചിത്രങ്ങള്‍ക്കും ബാധകമാണ് എന്നതാണ് അതിന്‍റെ കാരണം. നിങ്ങള്‍ക്ക് ഇത് കാണാന്‍ താല്പര്യമുണ്ടെങ്കില്‍ ഈ ചിത്രത്തിന്‍റെ DVD അടുത്ത കാലത്ത് മോസര്‍ ബെയര്‍ പുറത്തിറക്കിയിട്ടുണ്ട്. കണ്ടു നോക്കു.

8 comments:

 1. നല്ല പോസ്റ്റ്‌. ഒത്തിരി ഇഷ്ടംമായി.
  ഞാന്‍ സ്കൂളില്‍ പഠിച്ചപ്പോ ഇറങ്ങിയ പടം ആണ് ഇത്.

  ReplyDelete
 2. It is a wonderful movie, I have seen it few times, and recently got the soft copy and kept in my archives of movies. The direction of the movie and the way how Balu reaches to the conclusion is meticulous. Thanks for this write up. The title too is very apt for this movie.

  ReplyDelete
 3. മഞ്ഞിന്‍ വിലോലമാം യവനികക്കുള്ളില്‍
  അരുന്ധതിയുടെ ആ അനശ്വര ഗാനം
  എങ്ങനെ മറക്കും.
  നന്നായിരിക്കുന്നു ഈ പവിത്രസ്മരണ

  ReplyDelete
 4. i hvn't seen the film. But reading this feel like seeing it. good review.

  ReplyDelete
 5. ഇത് ഞാന്‍ കണ്ടിട്ടുണ്ട്,എന്റെ മനസ്സില്‍ ഇപ്പോഴും മായാതെ നില്‍ക്കുന്ന സിനിമകളില്‍ ഒന്നാണ് ഇത്,ആ മംഗോളിയന്‍ മുഖമുള്ള കുട്ടി.. നല്ല പോസ്റ്റ്‌,താങ്ക്സ്.

  ReplyDelete
 6. നല്ല പോസ്റ്റ്‌,താങ്ക്സ്.

  ReplyDelete
 7. anna ni mazha peyyunnu madhalam kottunnu enna cinimade comment idadaa, van arikkum hahahhaha

  ReplyDelete