2014 ജനുവരി 30, വ്യാഴാഴ്‌ച

മോംഗോ ഡിബിയും ആധാറും പിന്നെ കുറെ മണ്ടത്തരങ്ങളും



ആമുഖം -

     ഈ പോസ്റ്റിനു ഒരു ആമുഖം ആവശ്യമുണ്ട്.  ഇക്കണോമിക് ടൈംസ്‌ പത്രത്തിൽ വന്ന ഒരു വാർത്തയെ  പറ്റിയാണ് ഈ പോസ്റ്റ്‌. ആധാർ പ്രൊജക്റ്റിനു ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ അമേരിക്കൻ ചാര ഏജൻസി ആയ സി ഐ എ സ്ഥാപിച്ച ഒരു കമ്പനി ഉണ്ടാക്കുന്നതാണ്, അതുകൊണ്ട് സ്വാഭാവികമായും ഭാരതത്തിന്റെ ജനസംഖ്യാ കണക്കുകൾ അവരുടെ കയ്യിൽ എത്തും എന്ന ആശങ്കകൾ വ്യക്തമായി വിവരിക്കുന്ന ഒരു വാർത്ത‍. സി പി എം അവരുടെ വെബ്‌സൈറ്റിൽ ഇതിനെതിരെ പോസ്റ്റ്‌ ഇട്ടു. ഇങ്ങനത്തെ വാർത്തകൾ മലയാളത്തിൽ പരിഭാഷപ്പെടുത്തുന്ന ദേശാഭിമാനി സഖാക്കൾക്കായി അത് വീണ്ടും പബ്ലിഷ് ചെയ്തു. പണ്ട് hot dog എന്നത് ചൂടൻ പട്ടി എന്ന് വിവർത്തനം ചെയ്തു ചരിത്രം സൃഷ്ടിച്ച അവർ ഇത്തവണ തെറ്റൊന്നും കൂടാതെ ആ ആശങ്ക സഖാക്കളിലേക്ക് പകർന്നു. മാധ്യമത്തിലും ഈ വാർത്ത‍ ചലനങ്ങൾ സൃഷ്ടിച്ചു. സത്യം പറഞ്ഞാൽ ഈ വാർത്തക്ക് കീഴിൽ ഉള്ള കമന്റുകളാണ് ഇങ്ങനെ ഒരു പോസ്റ്റ്‌ ഇടാൻ എന്നെ പ്രേരിപ്പിച്ചത്.രാജ്യത്തിന്റെ രഹസ്യങ്ങൾ വിൽപ്പനക്ക്, ഭാരതത്തിന്റെ സുരക്ഷ നഷ്ടപ്പെട്ടു, സോണിയ ഗാന്ധി രാജ്യത്തെ ഒറ്റിക്കൊടുത്തു എന്ന് തുടങ്ങി രാജ്യത്തെ മുസ്ലിം സമുദായ അംഗങ്ങളുടെ കണക്കെടുക്കാൻ വേണ്ടി മാത്രമാണ് ആധാർ എന്ന് വരെ അഭിപ്രായങ്ങൾ കണ്ടു. ബാലിശമെന്നു തോന്നുമെങ്കിലും ഇപ്പോൾ തന്നെ പല രീതിയിലും അരക്ഷിതത്വം അനുഭവിക്കുന്ന മുസ്ലീം സമുദായത്തിലെ അംഗങ്ങൾ ഇങ്ങനെ ആശങ്കപ്പെട്ടത്തിൽ അത്ഭുതമില്ല. വർഷങ്ങളായി ഡാറ്റാബേസ് പ്രോഗ്രാമിംഗ് ചെയ്യുകയും കഴിഞ്ഞ രണ്ടു വർഷത്തോളമായിമോംഗോ ഡി ബി ഉപയോഗിക്കുകയും ചെയ്യുന്ന ഒരാളെന്ന നിലക്ക്  ആധാർ പോലെ ഒരു പ്രോജക്ടിൽ എങ്ങനെയാണ് വിവര ശേഖരണവും അതിന്റെ സൂക്ഷിപ്പും നടക്കുന്നതെന്ന് ലളിതമായ ഭാഷയിൽ വിവരിക്കാനുള്ള ഒരു ശ്രമമാണ് ഈ പോസ്റ്റ്‌. സോഫ്റ്റ്‌വെയർ പ്രോഗ്രാമിംഗ് പഠിച്ചിട്ടില്ലാത്തവരെ ഉദ്ദേശിച്ചാണ് ഇത് എഴുതുന്നത്‌. അതുള്ളവർക്കും വായിക്കാം. തെറ്റുകൾ ചൂണ്ടിക്കാട്ടാം.

എന്താണ് ഡാറ്റാബേസ് ? 

     എന്തെങ്കിലും ഒരു പ്രത്യേക  ക്രമത്തിൽ അടുക്കിസൂക്ഷിച്ചിരിക്കുന്ന വിവര ശേഖരമാണ് ഡാറ്റാബേസ്. ഉദാഹരണത്തിനു 04712424595 എന്നത് എന്താണ് സൂചിപ്പിക്കുന്നത് ? ഒന്നും പിടി കിട്ടുന്നില്ല അല്ലേ ? പക്ഷെ STD Code - 0471 , Number - 2424595 എന്ന് മാറ്റിയെഴുതിയപ്പോൾ അതിനൊരു അർഥം വന്നു. നിങ്ങളുടെയൊക്കെ വീട്ടിൽ ഉപയോഗിക്കുന്ന ഫോണ്‍ ബുക്ക്‌ മിക്കവാറും ഇതുപോലെയൊക്കെ തന്നെയായിരിക്കും നമ്പറുകൾ എഴുതുന്നത്‌. ആ ഫോണ്‍ ബുക്ക്‌ ഒരു ഡാറ്റാബേസ് ആണ്. ഇത് കമ്പ്യൂട്ടറിന്റെ ഭാഷയിലേക്ക് മാറ്റുമ്പോൾ ഇതുപോലെയാകും :

Name
STD Code
Phone Number
Kiran
011
32663535
Madhu
080
453242345
Priya
022
9824242
Ravi
040
121413

Excel പോലുള്ള ഓഫീസ് ആപ്ലിക്കേഷനുകളിലുംനിങ്ങൾക്ക് ഇത് പോലുള്ള വിവരങ്ങൾ സൂക്ഷിക്കാവുന്നതാണ്. ഒരു ഓഫീസിലെ ദൈനംദിന പ്രവർത്തനങ്ങൾ,ബാങ്കിലേത് പോലുള്ള പണമിടപാടുകൾ, നിങ്ങൾ ഒരു ഫോണ്‍ കാൾ ചെയ്യുമ്പോൾ അതിന്റെ വിശദാംശങ്ങൾ തുടങ്ങി ഒട്ടനവധി പ്രധാനപ്പെട്ട വിവരങ്ങൾ ഡാറ്റാബേസ് സോഫ്റ്റ്‌വെയറുകളിൽ ശേഖരിച്ചു വയ്ക്കുന്നു. ഒരു സോഫ്റ്റ്‌വെയർ സിസ്റ്റത്തിൽ ഏറ്റവും നിർണായകമായ ഒരു ഘടകമാണ് ഡാറ്റാബേസ്. SQL ( Structured Query Language ) എന്ന ഭാഷയിൽ എഴുതുന്ന കമാന്റുകൾ ഉപയോഗിച്ച് ഡാറ്റാബേസിൽ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങൾ വിശകലനം ചെയ്യാൻ സാധിക്കും. പ്രവർത്തന മേഖലയുടെ സ്വഭാവം അനുസരിച്ച് നമ്മൾ ശേഖരിക്കുന്ന ഡാറ്റായുടെ വലിപ്പവും കൂടും. ഉദാഹരണത്തിന്, നിങ്ങൾ ഒരു ഫോണ്‍ കാൾ ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നത്‌ ?കോൾ കണക്ട് ചെയ്യുമ്പോൾ തന്നെ ആരെയാണോ നിങ്ങൾ വിളിക്കുന്നത്‌, അയാളുടെ പേര്, നമ്പർ, കാൾ സ്റ്റാർട്ട്‌ ചെയ്ത സമയം എന്നിവ സേവ് ആകും. ഇടയ്ക്കു വച്ച്കോൾ നിന്ന് പോയാലോ ഡിസ്കണക്ട് ചെയ്താലോ ഉടൻ തന്നെകോൾഅവസാനിച്ച സമയം, എത്ര സമയം സംസാരിച്ചു, ചാർജ് എത്രയായി തുടങ്ങിയ വിവരങ്ങളും സേവ് ആകുന്നു. ഇനി ഭാവിയിൽ എപ്പോൾ വേണമെങ്കിലും ആ വിവരങ്ങൾ വീണ്ടെടുക്കാനും കഴിയും. Microsoft SQL Server , Oracle , MySQL തുടങ്ങിയവയാണ് വ്യാപകമായി ഉപയോഗിച്ച് വരുന്ന ഡാറ്റാബേസ് സോഫ്റ്റ്‌വെയറുകൾ. 

കാലം വരുത്തിയ മാറ്റം 

പണ്ടൊക്കെ ഒരു ജി ബി ഉള്ള ഒരു ഡാറ്റാബേസ് ഒരു അപൂർവ സംഭവം ആയിരുന്നു. വിരലിലെണ്ണാവുന്നവർ മാത്രം കമ്പ്യൂട്ടർ ഉപയോഗിച്ചിരുന്ന അക്കാലത്ത് അതിൽ ശേഖരിക്കപ്പെടുന്ന ഡാറ്റായും അത്രയേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇന്ന് അങ്ങനെയല്ല. മൊബൈൽ ഫോണ്‍ , ടാബ്ലെറ്റ്സ്, ലാപ്ടോപ് / ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകൾ തുടങ്ങി ഒട്ടനവധി മാർഗങ്ങൾ ഉപയോഗിച്ച് കോടിക്കണക്കിനു ആൾക്കാർ പല തരത്തിലുമുള്ള കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നു. ഫേസ്ബുക്ക്‌ , ട്വിറ്റെർ തുടങ്ങി സോഷ്യൽ നെറ്റ് വർക്കിംഗ്‌ പ്ലാറ്റ്ഫോമുകൾ വഴി ഓരോ നിമിഷവും ടണ്‍ കണക്കിന് വിവരങ്ങളാണ് വിവിധ ഡാറ്റാബേസ് സെർവറുകളിലേയ്ക്കു എത്തുന്നത്‌. ഡാറ്റാ എന്നത് ബിഗ്‌ ഡാറ്റാ  എന്ന് പുനർ നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു. ഒരു നിമിഷം തന്നെ കോടിക്കണക്കിനു റ്റെക്സ്റ്റും ചിത്രങ്ങളും വീഡിയോകളും മറ്റുമാണ് ഇന്റർനെറ്റിൽ കൈമാറ്റം ചെയ്യപ്പെടുന്നത്.ഇത്രയും വലിയ വിവര ശേഖരത്തിൽ നിങ്ങൾക്ക് വേണ്ട സംഗതികൾ എങ്ങനെയാണ് കമ്പ്യൂട്ടർ ഇത്രയും വേഗം  അന്വേഷിച്ചു കണ്ടുപിടിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ ? ലളിതമായ ഒരു ഉദാഹരണം പറയാം. നിങ്ങളുടെ കമ്പ്യൂട്ടറിൽ ഒരു ചിത്രം സേവ് ചെയ്തു വച്ചിട്ടുണ്ട് എന്ന് വിചാരിക്കുക. ഫയൽ നെയിം നിങ്ങളുടെ പേര് തന്നെയാണ്. കുറച്ചു കാലം കഴിഞ്ഞു ഈ ഫയൽ എവിടെയാണ് സേവ് ചെയ്തത് എന്ന് നിങ്ങൾ  മറന്നു പോയി എന്നിരിക്കട്ടെ. ആ ഒരു സിംഗിൾ ഫയൽ കണ്ടു പിടിക്കാൻ നിങ്ങളുടെ വിൻഡോസ്‌ സെർച്ച്‌ എത്ര സമയം പ്രവർത്തിക്കുന്നു എന്ന് കണ്ടിട്ടില്ലേ ?  ഇതേ സ്ഥാനത്ത്  ബില്യൻ കണക്കിന് വിവരങ്ങൾ ഉള്ളപ്പോൾ എന്താവും സ്ഥിതി എന്ന് ഓർത്തു നോക്കൂ.

ബിഗ്‌ ഡാറ്റാബേസ് 

    ഗൂഗിളിനാണ് ആദ്യം ഇതിനൊരു പരിഹാരം കണ്ടു പിടിക്കേണ്ടി വന്നത്. കാരണം അവരുടെ കൂറ്റൻ വിവര ശേഖരം തന്നെയാണ് . അവർ നടത്തിയ ഗവേഷണങ്ങളുടെ ഫലമായി ഉണ്ടായതാണ് ബിഗ്‌ ടേബിൾ എന്ന ആശയം. അവരുടെ ക്രോളർ പ്രോഗ്രാമുകൾ ലോകത്തെ പുതിയതും പഴയതുമായ വെബ്‌ സൈറ്റുകളിൽ കയറിയിറങ്ങി വിവരങ്ങൾ ശേഖരിച്ചു അതിന്റെ ഒരു ഇൻടെക്സ്‌ തയ്യാറാക്കി സൂക്ഷിക്കുന്നു. നിങ്ങൾ സെർച്ച്‌ ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് ഇവിടെ കാണാം. ഒരു ഇ-മെയിൽ അയക്കുമ്പോൾ ഇതാണ് പുറകിൽ നടക്കുന്നത്.  ഈ വിവരങ്ങൾ സൂക്ഷിച്ചു വയ്ക്കാൻ  ഗൂഗിൾ നടത്തി വരുന്ന ഡാറ്റാ സെന്റർ കണ്ടു നോക്കൂ 

      ബിഗ്‌ ടേബിൾ അടിസ്ഥാനമാക്കി പിന്നീട് വികസിപ്പിക്കപ്പെട്ട ഡാറ്റാബേസ് സോഫ്റ്റ്‌വെയറുകളാണ് ഇപ്പോൾ ലോകത്തെ വമ്പൻ കമ്പനികളെ സഹായിക്കുന്നത്. Hadoop, Mongo DB, Cassandra, Couch DB ഇവയാണ് ഇതിലെ മുൻ നിരക്കാർ. ഇതിൽ മിക്കവയും ഓപ്പണ്‍ സോഴ്സ് ആണ്. ഓപ്പണ്‍ സോഴ്സ് എന്ന് വച്ചാൽ, ലളിതമായി പറഞ്ഞാൽ ,  ആ സോഫ്റ്റ്‌വെയർ പ്രോഗ്രാമിന്റെ കോഡ് നിങ്ങൾക്ക് ലഭിക്കും എന്നാണർത്ഥം. ആ കോഡ് നിങ്ങൾക്ക് വായിച്ചു നോക്കാം, നിങ്ങളുടേതായ രീതിയിൽ അതിൽ മാറ്റങ്ങൾ വരുത്താം, സൌജന്യമായി തന്നെ അത് മറ്റുള്ളവർക്കും വിതരണം ചെയ്യാം. കൂടുതൽ മനസ്സിലാകണമെങ്കിൽ ഈ ലിങ്ക് വായിച്ചു നോക്കുക
മൈക്രോസോഫ്ട്‌ പോലുള്ള കമ്പനികൾ പുറത്തിറക്കുന്ന സോഫ്റ്റ്‌വെയറുകൾ ഒന്നും സൌജന്യമല്ല. ലൈസൻസ് കാശു കൊടുത്തു വാങ്ങി ഉപയോഗിക്കേണ്ട സോഫ്റ്റ്‌വെയർ ഉത്പന്നങ്ങളാണ് അവരൊക്കെ വിൽക്കുന്നത് . അതുകൊണ്ട് തന്നെ മുതൽ മുടക്കില്ലാതെ കമ്പ്യൂട്ടറൈസേഷൻ  ചെയ്യാനുദ്ദേശിക്കുന്നവർക്ക് ഇത്തരം സൗജന്യ ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്‌വെയറുകൾ ഒരു അനുഗ്രഹമാണ്. ( കമെർസ്യൽ സോഫ്റ്റ്‌വെയറുകൾ അവരുടെ കോഡ് പബ്ലിഷ് ചെയ്യാത്തത് കൊണ്ട് അത് വാങ്ങരുതെന്നും , പണം കൊടുത്തു അത് വാങ്ങുന്നവനു അതിന്റെ കോഡും കൊടുക്കണം എന്നൊരു വാദം ഓപ്പണ്‍ സോഴ്സിനെ അനുകൂലിക്കുന്നവർ ഉയർത്തുന്നുണ്ട്. ഒരു കാർ വാങ്ങുമ്പോ അതെങ്ങനെ ഉണ്ടാക്കാം എന്നുള്ള വിവരം കൂടി കൊടുക്കണം എന്ന് പറയുന്നത് പോലുള്ള ഒരു ബോറൻ വാദമാണ് ഇത്. അതവിടെ നിൽക്കട്ടെ. നീണ്ട ഒരു ചർച്ച ആവശ്യമുള്ള ഒരു വിഷയമാണത് )

എന്തുകൊണ്ട് ആധാറിൽ ഇതുപയോഗിക്കുന്നു ?


സൌജന്യമാണ് എന്നത് മാത്രമല്ല, വളരെ ബ്രഹത്തായ ഡാറ്റാ ഏറ്റവും വേഗതയിലും കൃത്യതയോടെയും കൈകാര്യം ചെയ്യാൻ കഴിവുള്ള  ഒരു ബിഗ്‌ ഡേറ്റ സോഫ്റ്റ്‌വെയർ ആണ് മൊംഗൊ ഡി ബി. വ്യാവസായിക ആവശ്യത്തിനായുള്ള ലൈസൻസ് സൌജന്യമാണ്. സപ്പോർട്ട് സേവനങ്ങളിലൂടെയും മറ്റുമാണ് അവർ വരുമാനം ഉണ്ടാക്കുന്നത്‌. 10 G എന്നായിരുന്നു ഈ കമ്പനിയുടെ ആദ്യത്തെ പേര്. ഈയിടെ മോംഗോ ഡി ബി എന്ന് അവർ പേര് മാറ്റുകയുണ്ടായി. ലിനക്സ്‌ , വിൻഡോസ്‌ , സോളാരിസ് , മാക്‌ ബേസുകളിൽ പ്രവർത്തിക്കുന്ന മൊംഗൊ പതിപ്പുകൾ ലഭ്യമാണ്. JSON ( Java Script Object Notation ) എന്ന ഒരു ഫോർമാറ്റിൽ ആണ് ഇത്തരം fluidic data സൂക്ഷിക്കപ്പെടുന്നത്. ലിനക്സ്‌ പോലുള്ള ഒരു സൗജന്യ ഓപ്പറേറ്റിംഗ് സിസ്റ്റവും അപാഷെ പോലുള്ള ഒരു വെബ്‌ സെർവറും മുകളിൽ പറഞ്ഞ ഏതെങ്കിലും ഒരു ഡാറ്റാബേസ് സോഫ്റ്റ്‌വെയറും  ഒക്കെ വച്ച് അത്യധികം ശക്തിയുള്ള ഒരു  സംഗതി വളരെയെളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാം. Raspberry Pi പോലുള്ള കുഞ്ഞൻ  കമ്പ്യൂട്ടർ മുതൽ നൂറു കണക്കിന് നോഡുകൾ ഉള്ള ഒരു distributed database farm വരെ ഇതിൽ ചെയ്യാം. ഹാർഡ്‌വെയർ വാങ്ങുന്ന ചെലവു മാത്രം മതി. ഇത്രയും നല്ല പ്രകടനം തരുന്ന ഇത് പോലുള്ള ഒരു സോഫ്റ്റ്‌വെയർ ഉണ്ടാക്കിയെടുക്കണമെങ്കിൽ , വേണമെങ്കിൽ നമുക്കും പറ്റും എന്നൊരു വാദത്തിനു പറയാം. പക്ഷെ കുറഞ്ഞത്‌ രണ്ടു വർഷം സമയവും ലക്ഷക്കണക്കിന്‌, ചിലപ്പോ കോടി കണക്കിന് മുതൽമുടക്ക് അത്തരം ഒരു സോഫ്റ്റ്‌വെയർ നിർമിക്കാൻ തന്നെ ചെലവാകും. എങ്കിൽ തന്നെയും അത് എത്രത്തോളം വിജയകരമാകും എന്ന് ഉറപ്പിച്ചു പറയാനും പറ്റില്ല. അതുകൊണ്ട് ആധാർ ടീം എളുപ്പവും പ്രായോഗികവും ആയ വഴി തെരഞ്ഞെടുത്തു എന്ന് പറയാം.

എന്താണിതിലെ സുരക്ഷാ പ്രശ്നം ?

In-Q-Tel എന്ന കമ്പനി മൊംഗൊ ഡി ബിയിൽ ഇൻവെസ്റ്റ്‌ ചെയ്തിരിക്കുന്ന ഒരു കമ്പനിയാണ്. ഇത് ഒരു CIA സ്പോണ്‍സേർഡ് കമ്പനി ആണെന്നതാണ് ഈ വിവാദങ്ങൾക്ക് എല്ലാം കാരണം. മാത്രമല്ല മൊംഗൊയുടെ സി ഇ ഓ ആയ മാക്സ് ഡൽഹിയിൽ വന്നു ആധാറുമായി ബന്ധപ്പെട്ട ഒരു കരാർ ഒപ്പിടുകയും ചെയ്തിട്ടുണ്ട്. ഈ കരാർ എന്താണ് എന്നതിന്റെ വിശദാംശങ്ങൾ ലഭ്യമല്ല. പക്ഷെ നമ്മുടെ വിവര സുരക്ഷയ്ക്ക് ഈ സംഗതിയുമായി വലിയ ബന്ധം ചിന്തിക്കേണ്ട കാര്യമില്ല. ഇതൊന്നുമല്ല നമ്മൾ ഉപയോഗിക്കുന്നതെങ്കിൽ തന്നെയും വിവര സുരക്ഷ എന്നത് തീർത്തും വേറിട്ടതും പ്രധാനപ്പെട്ടതുമായ ഒരു കാര്യമാണ്. ഡേറ്റ കൈമാറ്റം ചെയ്യപ്പെടുന്ന നെറ്റ് വർക്കുകൾ, സൂക്ഷിക്കപ്പെടുന്ന കമ്പ്യൂട്ടറുകൾ, ഇവ ശേഖരിച്ചു വച്ചിരിക്കുന്ന ഡിസ്ക്കുകൾ അല്ലെങ്കിൽ storage servers എന്നിവയിൽ നിന്നൊക്കെ ഇത് കൈമോശം വരാനുള്ള സാധ്യത ഏറെയാണ്‌. അല്ലെങ്കിൽ, നിങ്ങൾ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന ഒരു ചെറിയ കോഡ് മോഡ്യൂൾ കൊണ്ട് നിങ്ങളുടെ കമ്പ്യൂട്ടറിലെ വിവരങ്ങൾ ഇന്റർനെറ്റ്‌ വഴി ആരും അറിയാതെ ദൂരെയുള്ള ഒരു സ്ഥലത്തേയ്ക്ക് അയച്ചു കൊടുക്കാൻ പറ്റും.  അങ്ങനെ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന കമ്പ്യൂട്ടറുകളിലെ വിവരങ്ങൾ മോഷണം പോകാതെ സൂക്ഷിക്കണമെങ്കിൽ തക്കതായ security audit നടത്തുകയും വേണ്ട സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ആണ് വേണ്ടത്. മൊംഗൊ ഒരു ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്‌വെയർ  ആണല്ലോ. നിങ്ങൾ ഉപയോഗിക്കാൻ പോകുന്ന കോപ്പിയുടെ ഒരു കോഡ് പരിശോധിച്ചാൽ അതിൽ ഒളിഞ്ഞിരിക്കുന്ന എന്തെങ്കിലും ചാര പ്രോഗ്രാമുകൾ ഉണ്ടോ എന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. നിങ്ങളുടെ സെർവർ മഷീനുകൾ ആരൊക്കെയാണ് ഉപയോഗിക്കുന്നത്, എവിടെ നിന്നൊക്കെ , ആരൊക്കെ അതിൽ വിവരങ്ങൾ ചേർക്കുകയും എടുക്കുകയും ചെയ്യുന്നു എന്നൊക്കെ വളരെ എളുപ്പത്തിൽ നിരീക്ഷിക്കാൻ പറ്റും. കേട്ടിടത്തോളം വളരെ പ്രൊഫെഷണൽ ആയി ഒരു secure data center പ്ലാനിംഗ് ഈ പ്രൊജക്റ്റിനു വേണ്ടി നടക്കുന്നുണ്ട്. peta bytes കണക്കിന് ഡേറ്റ സൂക്ഷിക്കാൻ കഴിവുള്ള ഒരു ഡേറ്റ സെന്റർ നമ്മൾ ഉണ്ടാക്കാനും തുടങ്ങിയിട്ടുണ്ട്. ചുരുക്കി പറഞ്ഞാൽ , ഇത്തരം ഓഫു സോഫ്റ്റ്‌വെയർ ഉപയോഗിച്ചത് കൊണ്ട് മാത്രം ആരും നമ്മുടെ വിവരങ്ങൾ മോഷ്ടിച്ച് കൊണ്ട് പോകില്ല. എത്ര സുരക്ഷിതമായ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചാലും , നിങ്ങളുടെ നെറ്റ് വർക്കിന്റെ സുരക്ഷയാണ് പ്രധാനം. നിർഭാഗ്യവശാൽ ഇന്ത്യയിൽ ഇത്തരം ദേശീയ പ്രാധാന്യമുള്ള പല പ്രോജക്ടുകളും വളരെയധികം ബാലിശമായിട്ടാണ് കൈകാര്യം ചെയ്തു വരുന്നത്  ( ഇൻകം ടാക്സ് ഡിപാർട്ട്മെന്റ്  , പാസ്പോർട്ട്‌ സേവ തുടങ്ങി അപവാദങ്ങൾ ഇല്ലെന്നല്ല ) വോട്ടർ ഐ ഡി പ്രോജക്റ്റ് തന്നെ ഉദാഹരണം. ഈ പ്രോജക്ടിൽ ജോലി ചെയ്തിരുന്ന പലരും ഓഫീസിൽ ഇരുന്നു സിനിമ ഒക്കെ ഡൌണ്‍ലോഡ് ചെയ്ത ശേഷം വോട്ടർമാരുടെ വിവരങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്കുകളിൽ തന്നെ അത് കോപ്പി ചെയ്തു വീട്ടിലൊക്കെ കൊണ്ട് പോയിരുന്നത് ഞാൻ നേരിട്ട് കണ്ടിട്ടുള്ളതാണ്. നന്ദൻ നിലെക്കനി വിവരമുള്ള ആളായത് കൊണ്ട് അത്യാവശ്യം സിസ്റ്റമാറ്റിക് ആയിട്ടാണ് ആധാർ ഡിസൈൻ ചെയ്തിരിക്കുന്നത്. ചെറിയ പ്രശ്നങ്ങൾ ഒക്കെ ഉണ്ടാവുമായിരിക്കും. ഓർക്കുക , ലോകത്ത് വികസിത രാജ്യങ്ങൾ ബില്യൻ കണക്കിന് ഡോളർ ചെലവാക്കി ചെയ്ത ഒരു സംഭവമാണ് അതിന്റെ ഒരു ചെറിയ ശതമാനം മാത്രം ബജറ്റ് കൊണ്ട് ഇന്ത്യ പോലുള്ള ഒരു രാജ്യത്തു നമ്മൾ നടപ്പിലാക്കുന്നത്. സോഫ്റ്റ്‌വെയറിൽ ജോലി ചെയ്യുന്ന ഒരാളെന്ന നിലക്ക് ഇതിലെ കടുത്ത സാങ്കേതിക വെല്ലുവിളികൾ എത്രത്തോളം ഉണ്ട് എന്ന് എനിക്ക് നല്ലത് പോലെ അറിയാം. ഈ സാഹചര്യത്തിൽ അദ്ദേഹവും ടീമും അഭിനന്ദനം അർഹിക്കുന്ന പ്രകടനം തന്നെയാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

വാൽക്കഷണം 

CPM ഇപ്പോഴും പതിനേഴാം നൂറ്റാണ്ടിൽ തന്നെയാണ് നിൽക്കുന്നത്. ഇന്ത്യയിലെ കാനേഷുമാരി കണക്കുകൾ കിട്ടാൻ ഇത്രയും ബുദ്ധിമുട്ടേണ്ട ഒരു കാര്യവുമില്ല. ഏതു വില്ലേജ് ഓഫീസിൽ ചെന്ന് പത്തോ നൂറോ കൊടുത്താലും പയറ് പോലെ കിട്ടുന്ന കാര്യം മാത്രമാണ് അത്.. ഹി ഹി 

2013 ഡിസംബർ 21, ശനിയാഴ്‌ച

ദൃശ്യം - റിവ്യൂ


    മോഹൻ ലാലിന്റെ ക്രിസ്തുമസ് ചിത്രം ദൃശ്യം കണ്ടു. സത്യത്തിൽ ഇത് സംവിധായകനായ ജിത്തു ജോസഫിന്റെ മാത്രം ചിത്രമാണ്. കൊഴിഞ്ഞു വീഴുന്ന വർഷത്തെ അവസാനത്തെ സൂപ്പർ ഹിറ്റ്‌ സിനിമ  തന്നെയാവും ദൃശ്യം എന്ന് ഉറപ്പിച്ചു പറയാം. മെമ്മറീസിന്റെ വിജയം വെറും ചക്ക വീണതായിരുന്നില്ല എന്ന് ഈ ചിത്രത്തിലൂടെ ജിത്തു തെളിയിച്ചു.

   ഇടുക്കി ജില്ലയിലെ രാജാക്കാട് എന്ന മലയോര ഗ്രാമത്തിൽ കേബിൾ ടി വി സർവീസ് നടത്തുന്ന ജോർജ് കുട്ടിയുടെയും ( ലാൽ ) അയാൾ ജീവനേക്കാൾ സ്നേഹിക്കുന്ന കുടുംബത്തെയും അവിചാരിതമായി അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന ദുരന്തത്തിന് മുകളിലൂടെ നടന്നു പോകാൻ ആ കുടുംബം നടത്തുന്ന സമരത്തിന്റെയും സംഘർഷം നിറഞ്ഞ കഥയാണ് ദൃശ്യം പറയുന്നത്. ഒരു സിനിമാ ഭ്രാന്തൻ കൂടിയായ ജോർജ് കുട്ടി ഒരനാഥനാണ്.  നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ജോർജ് കുട്ടിയുടെ ഭാര്യയാണ് പത്താം ക്ലാസ്സിൽ തോറ്റ റാണി ( മീന ).
സ്കൂൾ വിദ്യാർഥിനികളായ രണ്ടു മക്കളും അടങ്ങുന്നതാണ് അയാളുടെ കുടുംബം. പ്രകൃതി രമണീയമായ ആ ഗ്രാമത്തിലെ ശാന്തമായ അവരുടെ ജീവിതത്തിലേയ്ക്ക് ക്ഷണിക്കാതെ എത്തുന്ന അഥിതിയാണ് വരുണ്‍ ( റോഷൻ ).  ഒരു രാത്രിയിൽ ഇരുട്ടിലൂടെ അവരുടെ മുന്നിലേക്ക്‌ നടന്നെത്തുന്ന റോഷൻ ആ രാത്രി കൊണ്ട് അവരുടെ നാലുപേരുടെയും വിധി മാറ്റിയെഴുതുന്നു. ത്രില്ലടിപ്പിക്കുന്ന ഒരു രണ്ടാം പകുതി ഒട്ടനവധി കലക്കം മറിച്ചിലുകൾക്ക് ശേഷം മനോഹരമായ ഒരു പരിസമാപ്തിയിൽ പൂർണമാകുന്നു.

    ജിത്തുവിന്റെ ഡിറ്റക്റ്റീവ്, മെമ്മറീസ് എന്നീ മുൻ ചിത്രങ്ങൾ പോലെ തന്നെ ഒരു ത്രില്ലർ ആണ് ദൃശ്യവും. പളുങ്ക് , കാഴ്ച മുതലായ ചിത്രങ്ങളിൽ നാം കണ്ട മലയോര കുടുംബത്തിന്റെ ഒരു കുഴഞ്ഞു മറിഞ്ഞ രൂപമാണ് ഈ ചിത്രത്തിലെ ആദ്യ അര മണിക്കൂർ അവതരിപ്പിക്കുന്നത്‌. മലയോരത്തെ നിഷ്കളങ്കനായ നായകനെ അവതരിപ്പിക്കാൻ ഒരുപാടു സമയം പാഴാക്കി കളഞ്ഞു. നന്മ നിറഞ്ഞ ഗ്രാമത്തെ അവതരിപ്പിക്കാൻ ഉപയോഗിക്കുന്ന സ്ഥിരം സംഗതികളായ ചായക്കട, പോലീസ് സ്റ്റേഷൻ , നന്മ മാത്രം പറയുന്ന ഗ്രാമീണർ എന്നിങ്ങനെ പലരെയും നല്ല ഒന്നാം നമ്പർ സുവിശേഷ പ്രസംഗത്തിന്റെ അകമ്പടിയോടെ വലിച്ചു നീട്ടി കാണിച്ചിട്ടുണ്ട്. അങ്ങനെ വിരസമായ രംഗങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും വലിഞ്ഞിഴഞ്ഞു നീങ്ങുന്ന കഥയിലേക്ക്‌ വരുണ്‍ കയറി വരുന്നു. അതാണ്‌ കഥയിലെ വഴിത്തിരിവ്. വളരെ സാധാരണമായ അവരുടെ കുടുംബ ജീവിതം ആരും പ്രതീക്ഷിക്കാത്ത തലങ്ങളിലേക്ക് എടുത്തെറിയപ്പെടുന്നത്  ത്രസിപ്പിക്കുന്ന രീതിയിൽ പറഞ്ഞു പോവുകയാണ് പിന്നെ.  രണ്ടാം പകുതിക്കു കുറച്ചു കൂടി മൂർച്ച കിട്ടാൻ വേണ്ടി ജിത്തു ആദ്യ പകുതി മനപൂർവം ഇഴപ്പിച്ചതാണോ എന്നും ഒരു സംശയം ഇല്ലാതില്ല.

    മനുഷ്യ മനസ്സിന്റെ സങ്കീർണതകൾ വിചിത്രം തന്നെയാണ്. മനസ്സ് നമ്മളെക്കൊണ്ട് എപ്പോൾ എന്തൊക്കെ ചെയ്യിക്കും എന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ല. ഒരിക്കലും തന്നെക്കൊണ്ട് ചെയ്യാൻ കഴിയില്ല എന്ന് വിചാരിക്കുന്ന പല കാര്യങ്ങളും സാഹചര്യങ്ങളും പരിഭ്രാന്തമായ മനോനിലയും നിങ്ങളെക്കൊണ്ട് ചെയ്യിക്കും. അതുപോലെയാണ് ഈ കുടുംബം എത്തിപ്പെടുന്ന പ്രതിസന്ധിയും അവരുടെ പ്രതിരോധവും. പക്ഷെ  "There is no such thing as a perfect crime" എന്ന്. കേട്ടിട്ടില്ലേ ? അത് പോലെ വിട്ടു പോയ അല്ലെങ്കിൽ അവിടവിടെ ചിതറി കിടക്കുന്ന പൊട്ടും പൊടിയും വച്ച് ഒരു ചോദ്യത്തിന് ഉത്തരം കണ്ടുപിടിക്കാൻ ശ്രമിക്കുന്ന അന്വേഷകരും അവരുടെ വലയിൽ പെടാതിരിക്കാൻ സ്വയം ഉത്തരങ്ങൾ മെനഞ്ഞെടുക്കുന്ന ഇരയുടെയും ഒരു കഥയാണ്‌ ദൃശ്യം. സൂക്ഷിച്ചു നോക്കിയാൽ ഷട്ടറിൽ ജോയ് മാത്യു പരീക്ഷിച്ച ചില കഥാപരമായ ടെക്നിക്കുകൾ ഇതിൽ ജിത്തു ഉപയോഗിച്ചിട്ടുണ്ടെന്ന് തോന്നുന്നു. എന്തായാലും ഇത് സംവിധായകന്റെ ചിത്രം തന്നെയാണ്. കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന കലാകാരന്മാർ നമ്മുടെ സിനിമയിൽ കുറഞ്ഞു വരികയാണല്ലോ.

    അഭിനേതാക്കളുടെ പ്രകടനം പറയുകയാണെങ്കിൽ ആദ്യം പറയേണ്ട പേര് കലാഭവൻ ഷാജോണിന്റെയാണ്. സ്ഥിരം തമാശ വേഷങ്ങൾ വിട്ടു ഒരു തനി വില്ലൻ വേഷം തന്മയത്വത്തോടെ ഷാജോണ്‍ ഉജ്ജ്വലമാക്കി. ചില രംഗങ്ങളിൽ , ചിത്രം കാണുന്ന ഏതൊരാളിലും അസ്വസ്ഥതയുണ്ടാക്കുന്ന വിധം ഒരു വികാരം സൃഷ്ടിക്കാൻ ഷാജോണിനു കഴിഞ്ഞു. ജിത്തുവിന്റെ മുൻ ചിത്രമായ മൈ ബോസ്സിൽ ഒരു രസകരമായ കഥാപാത്രത്തെ അവതരിപ്പിച്ച ഷാ ജോണ്‍ തന്നെ ഇതിൽ നേരെ വിപരീത ദിശയിലുള്ള ഒരു കഥാപാത്രത്തെ അനശ്വരമാക്കി. പിന്നെ എന്നെ ആകർഷിച്ചത് ആശാ ശരത്തിന്റെ അഭിനയമാണ്. ഏഷ്യാനെറ്റിലെ കണ്ണീർ സീരിയലുകളുടെ പരസ്യത്തിൽ കണ്ട പരിചയം മാത്രമാണ് അവരോടുള്ളത്. മലയാള സിനിമയ്ക്ക് സധൈര്യം ഉപയോഗിക്കാവുന്ന ഒരു കഴിവുറ്റ നടി തന്നെയാണ് ആശ എന്ന് ദൃശ്യത്തിന്റെ രണ്ടാം പകുതി കണ്ട ഏതൊരാൾക്കും മനസ്സിലാകും. അത് പോലെ തന്നെ ജോർജ് കുട്ടിയുടെ മക്കളെ അവതരിപ്പിച്ച പെണ്‍കുട്ടികൾ , പ്രത്യേകിച്ച് ആ കൊച്ചു കുട്ടി. വളരെ മികച്ച അഭിനയം.

    മോഹൻ ലാലിനെ പറ്റി ഒന്നും പറയാനില്ലേ എന്ന് ഇപ്പോൾ ഇത് വായിക്കുന്നവർക്ക് തോന്നുന്നുണ്ടാവും. ഇന്ത്യയിലെ ഏറ്റവും മികച്ച നടന്മാരിലൊരാൾ ചില രംഗങ്ങളിലെങ്കിലും മുടന്തുന്നത് ഈ ചിത്രത്തിൽ കാണാം. ചിലപ്പോ അദ്ദേഹത്തിന് താല്പര്യമില്ലാത്ത ഒരു രംഗം ആർക്കോ വേണ്ടി അഭിനയിച്ചു തീർക്കുന്നത് പോലെയും തോന്നി. എന്നാൽ, അതേ സമയം തന്നെ ചില രംഗങ്ങളിൽ പഴയ ലാൽ അസാമാന്യമായ മെയ് വഴക്കത്തോടെ ചിറകു വിരിക്കുന്നതും കാണാം. ഉദാഹരണം, ഭാര്യയിൽ നിന്ന് തലേന്ന് രാത്രിയിൽ നടന്ന സംഭവങ്ങൾ കേട്ടതിനു ശേഷം ഇനിയെന്ത് എന്ന ആശയക്കുഴപ്പവും ഒരു തരം അരക്ഷിതത്വ ബോധവും നിഴലിക്കുന്ന ഒരു മുഖഭാവത്തോടെ നിൽക്കുന്ന അദ്ദേഹത്തിന്റെ ഒരു പ്രകടനമുണ്ട്. അത് പോലെ തന്നെ ചിത്രത്തിലുടനീളം അദ്ദേഹം നില നിർത്തുന്ന ആ തുടർച്ച ലാലിലെ അതുല്യ നടൻ ഇപ്പോഴും മരിച്ചിട്ടില്ല എന്നതിന്റെ സൂചനയാണ്.

    പിന്നെ ഇതിൽ എടുത്തു പറയേണ്ട പേര് വേറൊരു നടന്റെയാണ്. മുല്ലപൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാമൊരു സൌരഭ്യം എന്ന ചൊല്ല് എത്ര സത്യമാണെന്ന് ആ നടന്റെ അഭിനയം കണ്ടപ്പോ പിടി കിട്ടി. ആലോചിച്ചു ബുദ്ധി മുട്ടണ്ട. പെരുമ്പാവൂരിൽ നിന്നും ജയറാമിന് ശേഷം വന്ന അടുത്ത വാഗ്ദാനം. ആന്റണി പെരുമ്പാവൂർ ആണ് ആ താരം. ദോഷം പറയരുതല്ലോ. തരക്കേടില്ലാതെ ആന്റണി അത് അഭിനയിച്ചിട്ടുണ്ട്. പക്ഷെ ആ കഥാപാത്രത്തെ ആദ്യ രംഗത്ത്‌ അവതരിപ്പിച്ചിരിക്കുന്നത് കഥയിൽ എന്തോ പ്രാധാന്യമുള്ള ഒരാൾ ആണെന്ന സൂചന നൽകിക്കൊണ്ടാണ്. എന്നാൽ അങ്ങേർ വന്നത് പോലെ തന്നെ അപ്രത്യക്ഷമാവുകയാണ്.


ക്രിസ്തുമസ് / ന്യൂ ഇയർ അവധിക്കു നാട്ടിൽ പോകാൻ തയ്യാറെടുക്കുന്നതിനിടയിലും ഇത് എഴുതാം എന്ന് വിചാരിച്ചത് ഈ ചിത്രതോടുള്ള ഇഷ്ടം കൊണ്ട് തന്നെയാണ്. ഈ സിനിമ ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ല. മലയാളം മര്യാദക്കറിയാത്ത എന്റെ പ്രിയപ്പെട്ട ഭാര്യ പോലും ബാക്കിയുള്ളവരുടെ ഒപ്പം കയ്യടിച്ചാണ് ഇതിലെ ക്ലൈമാക്സ്‌ രംഗത്തെ അഭിനന്ദിച്ചത്. അവിടെ അന്ന് മുഴങ്ങി കേട്ട കയ്യടികൾ ഇനിയും ഇത് പോലെയുള്ള നല്ല ചിത്രങ്ങളുമായി വരാൻ ജിത്തുവിന് പ്രചോദനമാകട്ടെ എന്ന് ആഗ്രഹിക്കുന്നു.

2013 ഡിസംബർ 15, ഞായറാഴ്‌ച

ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ജനിക്കുന്നു - ഭാഗം 36

   


     അപ്പുറത്ത് ഫോണ്‍ റിംഗ് ചെയ്യുന്നുണ്ട്. പക്ഷെ ചിന്നു എടുക്കുന്നില്ല. അഞ്ചു മിനിറ്റ് കഴിഞ്ഞു അവൻ വീണ്ടും വിളിച്ചു. ഇത്തവണ അവൾ ഫോണ്‍ എടുത്തു. പക്ഷെ ഒന്നും സംസാരിക്കുന്നില്ല. ഒടുവിൽ അവൻ ഹലോ എന്ന് പറഞ്ഞപ്പോൾ വിറയാർന്ന ശബ്ദത്തിൽ അവളും ഹലോ ബൈജൂ എന്ന് പറഞ്ഞു. "ബൈജു വിളിക്കില്ലായിരുന്നു എന്നാണു ഞാൻ വിചാരിച്ചത്. എന്നെ പോലുള്ള ഒരു ചീറ്റിനെ  വിളിക്കേണ്ട കാര്യവും ബൈജുവിനില്ല. എങ്കിലും വിളിച്ചല്ലോ.." ഇത്രയും പറഞ്ഞപ്പോഴേയ്ക്കും അവൾ കരഞ്ഞു പോയി. "ദൈവം ചെയ്തതാണോ എന്നറിയില്ല. നല്ലതിനാണോ ചീത്തയ്ക്കാണോ എന്നും അറിഞ്ഞുകൂടാ. പക്ഷെ ഒരു കാര്യം പറയാനുണ്ട്"
അവൾ തുടർന്നു ."എന്താ.. പറയ്‌ " അവൻ താല്പര്യമില്ലാതെ പറഞ്ഞു. "ഈ കല്യാണം നടക്കില്ല" അവൾ പറഞ്ഞു. "എന്തോ കൊടുക്കുന്നതിന്റെയും വാങ്ങുന്നതിന്റെയും കാര്യമൊക്കെ പറഞ്ഞു ചെറിയ തർക്കമായി. അച്ഛൻ അവരെ വിളിച്ചു പറഞ്ഞു ഇനി ഇതിനു താല്പര്യമില്ല എന്ന് " അവൾ പറഞ്ഞു. കേട്ടത് സത്യമോ സ്വപ്നമോ എന്നറിയാതെ അവൻ ഒരു നിമിഷം നിന്നുപോയി. പക്ഷെ ഇത് വരെ ജീവിതത്തിലുണ്ടായ അനുഭവങ്ങൾ ഇങ്ങനെയുള്ള അവസരങ്ങളിൽ അമിതമായി സന്തോഷിക്കാതിരിക്കാൻ അവനെ പഠിപ്പിച്ചു കഴിഞ്ഞിരുന്നു. "നിന്റെ ആഗ്രഹം  പോലെ തന്നെ ഇത് മുടങ്ങിയല്ലോ.. പക്ഷെ ആ ചെക്കനെ കെട്ടിച്ചു തരും എന്ന് വിചാരിക്കണ്ട" എന്നൊരു മുന്നറിയിപ്പും അവളുടെ അമ്മയും ചേച്ചിയും കൊടുത്തിട്ടുണ്ട്‌.   ഇത്രയും പറഞ്ഞിട്ട് അവന്റെ മറുപടിക്ക് കാത്തു നിൽക്കാതെ അവൾ ഫോണ്‍ വച്ചു.


     എന്തൊക്കെ പറഞ്ഞാലും അവനു സന്തോഷം അടക്കാൻ കഴിഞ്ഞില്ല. ഇങ്ങനെ വരുത്താനായിരുന്നെങ്കിൽ എന്തിനാണ് ഈശ്വരാ ഇടയ്ക്ക് വിഷമിപ്പിച്ചത് ? അവൻ മുറിയിൽ സൂക്ഷിച്ചിരുന്ന ഗുരുവായൂരപ്പന്റെ ചിത്രത്തിന് മുന്നിൽ വീണു കരഞ്ഞു. ദൈവത്തിനെ കണ്മുന്നിൽ കാണുന്നത് പോലെയൊക്കെ അവനു തോന്നി. തറയിൽ വീണു കിടക്കുന്ന അവനെ കണ്ടുകൊണ്ടാണ് മഹേഷ്‌ അവിടെയ്ക്ക് വന്നത്. ഒറ്റ നോട്ടത്തിൽ പേടിച്ചു പോയെങ്കിലും സൂക്ഷിച്ചു നോക്കിയപ്പോൾ കുഴപ്പമൊന്നുമില്ല എന്ന് അവനു മനസ്സിലായി. നിറഞ്ഞ മിഴികളോടെയും ഇടറിയ ശബ്ദത്തോടെയും അവൻ കാര്യങ്ങളൊക്കെ മഹേഷിനെ പറഞ്ഞു കേൾപ്പിച്ചു. പക്ഷെ അവൻ വലിയ സന്തോഷമൊന്നും കാണിച്ചില്ല. പകരം ബൈജുവിനൊട് ഇത്രയും പറഞ്ഞു. " നീ എന്തായാലും അധികം സന്തോഷിക്കണ്ട. എന്തെങ്കിലും തീരുമാനം ആകട്ടെ. നിന്റെ നല്ലതിന് വേണ്ടിയാ ഞാൻ പറയുന്നത്. ഇനിയും നീ ഇരുന്നു വിഷമിക്കുന്നത് കാണാൻ എനിക്ക് താല്പര്യമില്ല. ഇങ്ങനെയൊക്കെ ജീവിക്കേണ്ട ഒരാളല്ല നീ ". മഹേഷിന്റെ വാക്കുകൾ കേട്ടു ബൈജുവിന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞു.

     അന്നത്തെ ദിവസം  എങ്ങനെയാണ് കടന്നു പോയത് എന്നവൻ അറിഞ്ഞില്ല. അവളും. നേരത്തെ തീരുമാനിച്ചിരുന്ന കല്യാണ നിശ്ചയത്തിനു ഇനി മൂന്നു ദിവസം കൂടിയുണ്ട്. ഒരു ദിവസം കൂടി അവർ കടിച്ചു പിടിച്ചിരുന്നു. അടുത്ത ദിവസം കണ്ടുമുട്ടാൻ തീരുമാനിച്ചു അവർ. ഇന്ദിരാ നഗറിൽ ഉള്ള ഏതേലും തീം റെസ്ടോറന്റിൽ കാണാമെന്നു ബൈജു പറഞ്ഞെങ്കിലും അവൾ വേണ്ട എന്ന് പറഞ്ഞു. ഇപ്പോഴും അവരുടെ ജീവിതത്തിനു വഴി തെളിഞ്ഞു എന്ന് വിശ്വസിക്കാൻ ചിന്നു തയ്യാറായിരുന്നില്ല. ഒടുവിൽ മദുരൈ കാമരാജ് യൂണിവേഴ്സിറ്റിയുടെ സ്റ്റഡി സെന്ററിനു താഴെയുള്ള മദുരൈ ഇഡ്ഡലി ഷോപ്പിൽ കാണാം എന്ന് അവർ തീരുമാനിച്ചു. അതാവുമ്പോ കോറമംഗലയിൽ നിന്നും വളരെ അകലെയാണ്. പരിചയക്കാരെ അധികം പ്രതീക്ഷിക്കണ്ട.

    അത് വരെ കണ്ടിരുന്നത്‌ പോലെയായിരുന്നില്ല അന്ന്. സന്തോഷമോ ദുഖമോ എന്നൊന്നും വിശേഷിപ്പിക്കാൻ പറ്റാത്ത അജ്ഞാതമായ ഒരു വികാര തള്ളിച്ചയിൽ അവർക്ക് ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല. പകുതി നിറഞ്ഞ മിഴികളോടെ അവർ രണ്ടും മുഖാമുഖം നോക്കിയിരുന്നു. മേശപ്പുറത്തിരിക്കുന്ന ഇഡ്ഡലി കണ്ണീരിൽ കുതിർന്നു . സാമ്പാറും ആ വഴി പോകും എന്ന് തോന്നിയപ്പോൾ ബൈജു ഒരു ഇഡ്ഡലി എടുത്തു കടിച്ചു. കുസൃതിയും സന്തോഷവും നിറഞ്ഞ കണ്ണുകളോടെ അവളും അതെടുത്തു കടിച്ചു. അപ്പുറത്തിരിക്കുന്ന ഒരു തമിഴൻ രണ്ടു പേരും ഒരേ ഇഡ്ഡലി കടിച്ചു പറിക്കുന്നത്‌ കണ്ടിട്ട് അവരെ തുറിച്ചു നോക്കി. ചിന്നുവിന്റെ ഫോണ്‍ റിംഗ് ചെയ്തു. വീട്ടിൽ നിന്നാണ്. ഫോണ്‍ അറ്റൻഡ് ചെയ്തിട്ട് തിരികെ വന്ന ചിന്നു ആകെ തകർന്നിരുന്നു. ഈ കല്യാണം പൊളിഞ്ഞത് കൊണ്ട് അമ്മ ഇപ്പോൾ ശത്രുക്കളോടു സംസാരിക്കുന്നതു പോലെയാണ് അവളോട്‌ പെരുമാറുന്നത്. ചേച്ചിയും അതേ. അത്ഭുതമെന്നോണം അച്ഛൻ അവളോട്‌ സ്നേഹത്തോടെ സംസാരിച്ചു തുടങ്ങി. ഒരിക്കൽ അച്ഛൻ അവളോട്‌ ബൈജുവിനെ കുറിച്ച് അന്വേഷിക്കുകയും ചെയ്തു. എന്നാൽ അത് കേട്ട അമ്മ അച്ഛനോട് ദേഷ്യപ്പെട്ടതോടെ അച്ഛൻ പിന്നെയൊന്നും ചോദിക്കാതായി. "ഞാൻ ഇപ്പൊ ഒറ്റയ്ക്കാണ് ബൈജൂ .. അവർ എങ്ങനെയെങ്കിലും എന്നെ കല്യാണം കഴിപ്പിച്ചു ഇത് അവസാനിപ്പിക്കാനാണ് ഇപ്പൊ മിണ്ടാതിരിക്കുന്നത്. ഈ ഒരു സംഭവത്തോടെ അമ്മയും ചേച്ചിയും ഒക്കെ എന്നെ വെറുത്തു കഴിഞ്ഞു. " അവൾ പറഞ്ഞു. "അപ്പൊ ഞാനോ ?" അവൻ ചോദിച്ചു. "ബൈജു ഉണ്ടാവണം എന്നാണു എന്റെ ആഗ്രഹം. പക്ഷെ ഈ അനുഭവങ്ങൾ കണ്ടില്ലേ ? എനിക്ക് എന്തോ എല്ലാം നടക്കും എന്ന് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല" അവൾ ഇടറിയ ശബ്ദത്തിൽ പറഞ്ഞു. വീടും അപ്പുറത്തിരിക്കുന്ന തമിഴൻ തുറിച്ചു നോക്കുന്നത് ബൈജു കണ്ടു. എങ്ങനെയെങ്കിലും അത് കഴിച്ചു തീർത്തിട്ട് അവർ ഇറങ്ങി.

     സമീപത്തുള്ള പാർക്കിന്റെ ചെറിയ ഇടവഴിയിലൂടെ അവർ കൈകോർത്തു നടന്നു. ചെറിയ ചെറിയ തമാശകൾ പറഞ്ഞു ബൈജു അവളെ ചിരിപ്പിക്കാൻ നോക്കി. പക്ഷെ അവന്റെയും ഉള്ള് അസ്വസ്ഥമായിരുന്നു. അത് ചിന്നുവിനും മനസ്സിലായി. "എന്നെ സന്തോഷിപ്പിക്കാൻ വേണ്ടി ഒന്നും പറയണ്ട ബൈജൂ .." അവൾ പറഞ്ഞു. പകുതി നിറഞ്ഞ കണ്ണുകളോടെ അവനും അവളും അന്യോന്യം നോക്കി. പാർക്കിലെ ഒരു കൽ ബഞ്ചിൽ അവർ ഇരുന്നു. കണ്ടു മറന്ന ഏതോ സിനിമയിലെയോ കഥയിലെയോ സന്ദർഭങ്ങൾ അവനോർമ വന്നു.  അടുത്ത് കുറച്ചു കുട്ടികൾ നിന്ന് കളിക്കുന്നുണ്ട്.  ഡിസംബറിന്റെ തണുത്ത ഇളം കാറ്റ് വീശുന്നുണ്ട്. ആ കാറ്റു തട്ടി ഇലകൾ അവിടവിടെ അനുസരണയില്ലാതെ പറന്നു നടപ്പുണ്ട്. ചിന്നു ജാക്കറ്റ് ഒന്ന് കൂടി വലിച്ചടുപ്പിച്ചു. നല്ല തണുപ്പുണ്ട്. സമയം ഇഴഞ്ഞു നീങ്ങി. പാർക്കിലെ കാഴ്ചകൾ കണ്ടിരിക്കുന്ന രണ്ടു പേരെ പോലെയാണ് അവർ ആ ബെഞ്ചിലിരുന്നതെങ്കിലും അവരുടെ ഉള്ളിൽ അതൊന്നും പതിയുന്നുണ്ടായിരുന്നില്ല. കുറെ നേരം കൂടി ഇരുന്നതിനു ശേഷം അവർ അവിടെനിന്നിറങ്ങി.


 പുതിയ സംഭവ വികാസങ്ങൾ കാരണം പഴയ പ്രതീക്ഷ വീണ്ടെടുത്ത ബൈജു അല്പം ശാന്തനായിരുന്നു. പക്ഷെ ചിന്നുവിന്റെ കാര്യം മറിച്ചായിരുന്നു. റിക്ഷയിൽ കയറിയിട്ടും അവൾ നിശബ്ദയായിരുന്നു.  ഇപ്പോൾ നടന്നതിലും വലിയ എന്തോ ഉടൻ സംഭവിക്കാൻ പോകുന്നു എന്ന ഒരു അശുഭചിന്ത അവളുടെ മനസ്സിലേക്ക് വീണ്ടും വീണ്ടും വന്നുകൊണ്ടിരുന്നു. അവളെ പി ജിയുടെ അടുത്ത് ഇറക്കിയിട്ട്‌ ബൈജു പോയി. മഹേഷിനോട് നടന്നതെല്ലാം അവൻ പറഞ്ഞു. അത് കേട്ടിട്ട് ഒന്നും മിണ്ടാതിരുന്ന മഹേഷിനു ആദ്യമായി ഒരു സന്യാസിയുടെ മുഖഭാവം അവൻ കണ്ടു. "നമുക്ക് പ്രാർത്ഥിക്കാം , പക്ഷെ നീ എന്തും നേരിടാൻ തയ്യാറായിരിക്കണം . നിനക്ക് ധൈര്യമുണ്ടെങ്കിൽ അവളെ വിളിച്ചു കൊണ്ട് വാ. ഞാൻ ഉണ്ട് നിന്റെ കൂടെ. എന്തായാലും നീ ജോലിയും കൂലിയും ഒന്നുമില്ലാതെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഒരു ആളൊന്നുമല്ലല്ലോ. മാത്രമല്ല അവളെ കെട്ടി പണമോ സ്വത്തോ ഉണ്ടാക്കാനോന്നുമാല്ലല്ലോ.. നിനക്ക് ഇഷ്ടമായിട്ടല്ലേ ? " മഹേഷ്‌ പറഞ്ഞു. ആദ്യമായി ബൈജുവിനും ആ ആശയത്തോട് ഒരു യോജിപ്പ് തോന്നി. പക്ഷെ ചിന്നുവിന് അതിനുള്ള ധൈര്യം ഇല്ല. എന്തു ചെയ്യും? അതിനു മഹേഷിനു മറുപടി ഉണ്ടായിരുന്നില്ല. "ഡാ. നിങ്ങൾ രണ്ടുപേരും കുറച്ചു ധൈര്യം കാണിക്കണം. അല്ലാതെ ഇത് നടക്കില്ല. നിങ്ങൾക്ക് ഇഷ്ടപ്പെട്ടവരെ ഇപ്പോൾ കുറച്ചു വിഷമിപ്പിക്കേണ്ടി വരും. പക്ഷെ അതൊക്കെ പിന്നെ നിങ്ങൾ സന്തോഷത്തോടെ ജീവിക്കുന്നത് കാണുമ്പോൾ അവർ മറക്കും. " ഒടുവിൽ മഹേഷ്‌ പറഞ്ഞു. "ശരിയാണ്." ബൈജുവും സ്വയം പറഞ്ഞു. പുറത്തു നല്ല തണുപ്പാണ്. ക്രിസ്തുമസ് നക്ഷത്രങ്ങൾ എല്ലായിടത്തും മുനിഞ്ഞു കത്തുന്നുണ്ട്. ദൂരെ ഒരു കരോൾ ഗാനം കേൾക്കാം. കുറച്ചു കാലം കൂടി അവൻ അന്ന് സമാധാനമായി കിടന്നുറങ്ങി.

    നേരം പുലർന്നു . ഇന്ന് ചിന്നുവിനോട് സംസാരിച്ചു ഉടൻ ഒരു തീരുമാനം ഉണ്ടാക്കണം. എന്തായാലും ഇതൊരു ചതി ഒന്നുമല്ലല്ലോ. അവളെ എന്തായാലും വേറെ ആരും ഇത്രയും സ്നേഹിച്ചിട്ടുണ്ടാവില്ല. പക്ഷെ ഒരു ഒളിച്ചോട്ടത്തിന് അവനും അവളും മാനസികമായി തയ്യാറായിരുന്നില്ല. അങ്ങനെയൊന്നുണ്ടായാൽ അച്ഛനും അമ്മയും എങ്ങനെ അത് നേരിടും എന്നതായിരുന്നു. രണ്ടു വശത്തേയ്ക്കുമുള്ള വടംവലികൾ അവരുടെ മനസ്സിൽ നടന്നുകൊണ്ടിരുന്നു. ഫോണ്‍ റിംഗ് ചെയ്യുന്നു. ചിന്നുവാണ്. ബൈജുവിന് ഒന്നും പറയേണ്ടി വന്നില്ല. അവളുടെ മനസ്സിലെ ആശങ്ക സത്യമായിക്കഴിഞ്ഞിരുന്നു.

( അടുത്ത ഭാഗത്തോട് കൂടി ഇത് അവസാനിക്കും )