അപ്പുറത്ത് ഫോണ്‍ റിംഗ് ചെയ്യുന്നുണ്ട്. പക്ഷെ ചിന്നു എടുക്കുന്നില്ല. അഞ്ചു മിനിറ്റ് കഴിഞ്ഞു അവൻ വീണ്ടും വിളിച്ചു. ഇത്തവണ അവൾ ഫോണ്‍ എടുത്തു. പക്ഷെ ഒന്നും സംസാരിക്കുന്നില്ല. ഒടുവിൽ അവൻ ഹലോ എന്ന് പറഞ്ഞപ്പോൾ വിറയാർന്ന ശബ്ദത്തിൽ അവളും ഹലോ ബൈജൂ എന്ന് പറഞ്ഞു. "ബൈജു വിളിക്കില്ലായിരുന്നു എന്നാണു ഞാൻ വിചാരിച്ചത്. എന്നെ പോലുള്ള ഒരു ചീറ്റിനെ വിളിക്കേണ്ട കാര്യവും ബൈജുവിനില്ല. എങ്കിലും വിളിച്ചല്ലോ.." ഇത്രയും പറഞ്ഞപ്പോഴേയ്ക്കും അവൾ കരഞ്ഞു പോയി. "ദൈവം ചെയ്തതാണോ എന്നറിയില്ല. നല്ലതിനാണോ ചീത്തയ്ക്കാണോ എന്നും അറിഞ്ഞുകൂടാ. പക്ഷെ ഒരു കാര്യം പറയാനുണ്ട്"
അവൾ തുടർന്നു ."എന്താ.. പറയ് " അവൻ താല്പര്യമില്ലാതെ പറഞ്ഞു. "ഈ കല്യാണം നടക്കില്ല" അവൾ പറഞ്ഞു. "എന്തോ കൊടുക്കുന്നതിന്റെയും വാങ്ങുന്നതിന്റെയും കാര്യമൊക്കെ പറഞ്ഞു ചെറിയ തർക്കമായി. അച്ഛൻ അവരെ വിളിച്ചു പറഞ്ഞു ഇനി ഇതിനു താല്പര്യമില്ല എന്ന് " അവൾ പറഞ്ഞു. കേട്ടത് സത്യമോ സ്വപ്നമോ എന്നറിയാതെ അവൻ ഒരു നിമിഷം നിന്നുപോയി. പക്ഷെ ഇത് വരെ ജീവിതത്തിലുണ്ടായ അനുഭവങ്ങൾ ഇങ്ങനെയുള്ള അവസരങ്ങളിൽ അമിതമായി സന്തോഷിക്കാതിരിക്കാൻ അവനെ പഠിപ്പിച്ചു കഴിഞ്ഞിരുന്നു. "നിന്റെ ആഗ്രഹം പോലെ തന്നെ ഇത് മുടങ്ങിയല്ലോ.. പക്ഷെ ആ ചെക്കനെ കെട്ടിച്ചു തരും എന്ന് വിചാരിക്കണ്ട" എന്നൊരു മുന്നറിയിപ്പും അവളുടെ അമ്മയും ചേച്ചിയും കൊടുത്തിട്ടുണ്ട്. ഇത്രയും പറഞ്ഞിട്ട് അവന്റെ മറുപടിക്ക് കാത്തു നിൽക്കാതെ അവൾ ഫോണ്‍ വച്ചു.
എന്തൊക്കെ പറഞ്ഞാലും അവനു സന്തോഷം അടക്കാൻ കഴിഞ്ഞില്ല. ഇങ്ങനെ വരുത്താനായിരുന്നെങ്കിൽ എന്തിനാണ് ഈശ്വരാ ഇടയ്ക്ക് വിഷമിപ്പിച്ചത് ? അവൻ മുറിയിൽ സൂക്ഷിച്ചിരുന്ന ഗുരുവായൂരപ്പന്റെ ചിത്രത്തിന് മുന്നിൽ വീണു കരഞ്ഞു. ദൈവത്തിനെ കണ്മുന്നിൽ കാണുന്നത് പോലെയൊക്കെ അവനു തോന്നി. തറയിൽ വീണു കിടക്കുന്ന അവനെ കണ്ടുകൊണ്ടാണ് മഹേഷ് അവിടെയ്ക്ക് വന്നത്. ഒറ്റ നോട്ടത്തിൽ പേടിച്ചു പോയെങ്കിലും സൂക്ഷിച്ചു നോക്കിയപ്പോൾ കുഴപ്പമൊന്നുമില്ല എന്ന് അവനു മനസ്സിലായി. നിറഞ്ഞ മിഴികളോടെയും ഇടറിയ ശബ്ദത്തോടെയും അവൻ കാര്യങ്ങളൊക്കെ മഹേഷിനെ പറഞ്ഞു കേൾപ്പിച്ചു. പക്ഷെ അവൻ വലിയ സന്തോഷമൊന്നും കാണിച്ചില്ല. പകരം ബൈജുവിനൊട് ഇത്രയും പറഞ്ഞു. " നീ എന്തായാലും അധികം സന്തോഷിക്കണ്ട. എന്തെങ്കിലും തീരുമാനം ആകട്ടെ. നിന്റെ നല്ലതിന് വേണ്ടിയാ ഞാൻ പറയുന്നത്. ഇനിയും നീ ഇരുന്നു വിഷമിക്കുന്നത് കാണാൻ എനിക്ക് താല്പര്യമില്ല. ഇങ്ങനെയൊക്കെ ജീവിക്കേണ്ട ഒരാളല്ല നീ ". മഹേഷിന്റെ വാക്കുകൾ കേട്ടു ബൈജുവിന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞു.
അന്നത്തെ ദിവസം എങ്ങനെയാണ് കടന്നു പോയത് എന്നവൻ അറിഞ്ഞില്ല. അവളും. നേരത്തെ തീരുമാനിച്ചിരുന്ന കല്യാണ നിശ്ചയത്തിനു ഇനി മൂന്നു ദിവസം കൂടിയുണ്ട്. ഒരു ദിവസം കൂടി അവർ കടിച്ചു പിടിച്ചിരുന്നു. അടുത്ത ദിവസം കണ്ടുമുട്ടാൻ തീരുമാനിച്ചു അവർ. ഇന്ദിരാ നഗറിൽ ഉള്ള ഏതേലും തീം റെസ്ടോറന്റിൽ കാണാമെന്നു ബൈജു പറഞ്ഞെങ്കിലും അവൾ വേണ്ട എന്ന് പറഞ്ഞു. ഇപ്പോഴും അവരുടെ ജീവിതത്തിനു വഴി തെളിഞ്ഞു എന്ന് വിശ്വസിക്കാൻ ചിന്നു തയ്യാറായിരുന്നില്ല. ഒടുവിൽ മദുരൈ കാമരാജ് യൂണിവേഴ്സിറ്റിയുടെ സ്റ്റഡി സെന്ററിനു താഴെയുള്ള മദുരൈ ഇഡ്ഡലി ഷോപ്പിൽ കാണാം എന്ന് അവർ തീരുമാനിച്ചു. അതാവുമ്പോ കോറമംഗലയിൽ നിന്നും വളരെ അകലെയാണ്. പരിചയക്കാരെ അധികം പ്രതീക്ഷിക്കണ്ട.
അത് വരെ കണ്ടിരുന്നത് പോലെയായിരുന്നില്ല അന്ന്. സന്തോഷമോ ദുഖമോ എന്നൊന്നും വിശേഷിപ്പിക്കാൻ പറ്റാത്ത അജ്ഞാതമായ ഒരു വികാര തള്ളിച്ചയിൽ അവർക്ക് ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല. പകുതി നിറഞ്ഞ മിഴികളോടെ അവർ രണ്ടും മുഖാമുഖം നോക്കിയിരുന്നു. മേശപ്പുറത്തിരിക്കുന്ന ഇഡ്ഡലി കണ്ണീരിൽ കുതിർന്നു . സാമ്പാറും ആ വഴി പോകും എന്ന് തോന്നിയപ്പോൾ ബൈജു ഒരു ഇഡ്ഡലി എടുത്തു കടിച്ചു. കുസൃതിയും സന്തോഷവും നിറഞ്ഞ കണ്ണുകളോടെ അവളും അതെടുത്തു കടിച്ചു. അപ്പുറത്തിരിക്കുന്ന ഒരു തമിഴൻ രണ്ടു പേരും ഒരേ ഇഡ്ഡലി കടിച്ചു പറിക്കുന്നത് കണ്ടിട്ട് അവരെ തുറിച്ചു നോക്കി. ചിന്നുവിന്റെ ഫോണ്‍ റിംഗ് ചെയ്തു. വീട്ടിൽ നിന്നാണ്. ഫോണ്‍ അറ്റൻഡ് ചെയ്തിട്ട് തിരികെ വന്ന ചിന്നു ആകെ തകർന്നിരുന്നു. ഈ കല്യാണം പൊളിഞ്ഞത് കൊണ്ട് അമ്മ ഇപ്പോൾ ശത്രുക്കളോടു സംസാരിക്കുന്നതു പോലെയാണ് അവളോട് പെരുമാറുന്നത്. ചേച്ചിയും അതേ. അത്ഭുതമെന്നോണം അച്ഛൻ അവളോട് സ്നേഹത്തോടെ സംസാരിച്ചു തുടങ്ങി. ഒരിക്കൽ അച്ഛൻ അവളോട് ബൈജുവിനെ കുറിച്ച് അന്വേഷിക്കുകയും ചെയ്തു. എന്നാൽ അത് കേട്ട അമ്മ അച്ഛനോട് ദേഷ്യപ്പെട്ടതോടെ അച്ഛൻ പിന്നെയൊന്നും ചോദിക്കാതായി. "ഞാൻ ഇപ്പൊ ഒറ്റയ്ക്കാണ് ബൈജൂ .. അവർ എങ്ങനെയെങ്കിലും എന്നെ കല്യാണം കഴിപ്പിച്ചു ഇത് അവസാനിപ്പിക്കാനാണ് ഇപ്പൊ മിണ്ടാതിരിക്കുന്നത്. ഈ ഒരു സംഭവത്തോടെ അമ്മയും ചേച്ചിയും ഒക്കെ എന്നെ വെറുത്തു കഴിഞ്ഞു. " അവൾ പറഞ്ഞു. "അപ്പൊ ഞാനോ ?" അവൻ ചോദിച്ചു. "ബൈജു ഉണ്ടാവണം എന്നാണു എന്റെ ആഗ്രഹം. പക്ഷെ ഈ അനുഭവങ്ങൾ കണ്ടില്ലേ ? എനിക്ക് എന്തോ എല്ലാം നടക്കും എന്ന് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല" അവൾ ഇടറിയ ശബ്ദത്തിൽ പറഞ്ഞു. വീടും അപ്പുറത്തിരിക്കുന്ന തമിഴൻ തുറിച്ചു നോക്കുന്നത് ബൈജു കണ്ടു. എങ്ങനെയെങ്കിലും അത് കഴിച്ചു തീർത്തിട്ട് അവർ ഇറങ്ങി.
സമീപത്തുള്ള പാർക്കിന്റെ ചെറിയ ഇടവഴിയിലൂടെ അവർ കൈകോർത്തു നടന്നു. ചെറിയ ചെറിയ തമാശകൾ പറഞ്ഞു ബൈജു അവളെ ചിരിപ്പിക്കാൻ നോക്കി. പക്ഷെ അവന്റെയും ഉള്ള് അസ്വസ്ഥമായിരുന്നു. അത് ചിന്നുവിനും മനസ്സിലായി. "എന്നെ സന്തോഷിപ്പിക്കാൻ വേണ്ടി ഒന്നും പറയണ്ട ബൈജൂ .." അവൾ പറഞ്ഞു. പകുതി നിറഞ്ഞ കണ്ണുകളോടെ അവനും അവളും അന്യോന്യം നോക്കി. പാർക്കിലെ ഒരു കൽ ബഞ്ചിൽ അവർ ഇരുന്നു. കണ്ടു മറന്ന ഏതോ സിനിമയിലെയോ കഥയിലെയോ സന്ദർഭങ്ങൾ അവനോർമ വന്നു. അടുത്ത് കുറച്ചു കുട്ടികൾ നിന്ന് കളിക്കുന്നുണ്ട്. ഡിസംബറിന്റെ തണുത്ത ഇളം കാറ്റ് വീശുന്നുണ്ട്. ആ കാറ്റു തട്ടി ഇലകൾ അവിടവിടെ അനുസരണയില്ലാതെ പറന്നു നടപ്പുണ്ട്. ചിന്നു ജാക്കറ്റ് ഒന്ന് കൂടി വലിച്ചടുപ്പിച്ചു. നല്ല തണുപ്പുണ്ട്. സമയം ഇഴഞ്ഞു നീങ്ങി. പാർക്കിലെ കാഴ്ചകൾ കണ്ടിരിക്കുന്ന രണ്ടു പേരെ പോലെയാണ് അവർ ആ ബെഞ്ചിലിരുന്നതെങ്കിലും അവരുടെ ഉള്ളിൽ അതൊന്നും പതിയുന്നുണ്ടായിരുന്നില്ല. കുറെ നേരം കൂടി ഇരുന്നതിനു ശേഷം അവർ അവിടെനിന്നിറങ്ങി.
പുതിയ സംഭവ വികാസങ്ങൾ കാരണം പഴയ പ്രതീക്ഷ വീണ്ടെടുത്ത ബൈജു അല്പം ശാന്തനായിരുന്നു. പക്ഷെ ചിന്നുവിന്റെ കാര്യം മറിച്ചായിരുന്നു. റിക്ഷയിൽ കയറിയിട്ടും അവൾ നിശബ്ദയായിരുന്നു. ഇപ്പോൾ നടന്നതിലും വലിയ എന്തോ ഉടൻ സംഭവിക്കാൻ പോകുന്നു എന്ന ഒരു അശുഭചിന്ത അവളുടെ മനസ്സിലേക്ക് വീണ്ടും വീണ്ടും വന്നുകൊണ്ടിരുന്നു. അവളെ പി ജിയുടെ അടുത്ത് ഇറക്കിയിട്ട് ബൈജു പോയി. മഹേഷിനോട് നടന്നതെല്ലാം അവൻ പറഞ്ഞു. അത് കേട്ടിട്ട് ഒന്നും മിണ്ടാതിരുന്ന മഹേഷിനു ആദ്യമായി ഒരു സന്യാസിയുടെ മുഖഭാവം അവൻ കണ്ടു. "നമുക്ക് പ്രാർത്ഥിക്കാം , പക്ഷെ നീ എന്തും നേരിടാൻ തയ്യാറായിരിക്കണം . നിനക്ക് ധൈര്യമുണ്ടെങ്കിൽ അവളെ വിളിച്ചു കൊണ്ട് വാ. ഞാൻ ഉണ്ട് നിന്റെ കൂടെ. എന്തായാലും നീ ജോലിയും കൂലിയും ഒന്നുമില്ലാതെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഒരു ആളൊന്നുമല്ലല്ലോ. മാത്രമല്ല അവളെ കെട്ടി പണമോ സ്വത്തോ ഉണ്ടാക്കാനോന്നുമാല്ലല്ലോ.. നിനക്ക് ഇഷ്ടമായിട്ടല്ലേ ? " മഹേഷ് പറഞ്ഞു. ആദ്യമായി ബൈജുവിനും ആ ആശയത്തോട് ഒരു യോജിപ്പ് തോന്നി. പക്ഷെ ചിന്നുവിന് അതിനുള്ള ധൈര്യം ഇല്ല. എന്തു ചെയ്യും? അതിനു മഹേഷിനു മറുപടി ഉണ്ടായിരുന്നില്ല. "ഡാ. നിങ്ങൾ രണ്ടുപേരും കുറച്ചു ധൈര്യം കാണിക്കണം. അല്ലാതെ ഇത് നടക്കില്ല. നിങ്ങൾക്ക് ഇഷ്ടപ്പെട്ടവരെ ഇപ്പോൾ കുറച്ചു വിഷമിപ്പിക്കേണ്ടി വരും. പക്ഷെ അതൊക്കെ പിന്നെ നിങ്ങൾ സന്തോഷത്തോടെ ജീവിക്കുന്നത് കാണുമ്പോൾ അവർ മറക്കും. " ഒടുവിൽ മഹേഷ് പറഞ്ഞു. "ശരിയാണ്." ബൈജുവും സ്വയം പറഞ്ഞു. പുറത്തു നല്ല തണുപ്പാണ്. ക്രിസ്തുമസ് നക്ഷത്രങ്ങൾ എല്ലായിടത്തും മുനിഞ്ഞു കത്തുന്നുണ്ട്. ദൂരെ ഒരു കരോൾ ഗാനം കേൾക്കാം. കുറച്ചു കാലം കൂടി അവൻ അന്ന് സമാധാനമായി കിടന്നുറങ്ങി.
നേരം പുലർന്നു . ഇന്ന് ചിന്നുവിനോട് സംസാരിച്ചു ഉടൻ ഒരു തീരുമാനം ഉണ്ടാക്കണം. എന്തായാലും ഇതൊരു ചതി ഒന്നുമല്ലല്ലോ. അവളെ എന്തായാലും വേറെ ആരും ഇത്രയും സ്നേഹിച്ചിട്ടുണ്ടാവില്ല. പക്ഷെ ഒരു ഒളിച്ചോട്ടത്തിന് അവനും അവളും മാനസികമായി തയ്യാറായിരുന്നില്ല. അങ്ങനെയൊന്നുണ്ടായാൽ അച്ഛനും അമ്മയും എങ്ങനെ അത് നേരിടും എന്നതായിരുന്നു. രണ്ടു വശത്തേയ്ക്കുമുള്ള വടംവലികൾ അവരുടെ മനസ്സിൽ നടന്നുകൊണ്ടിരുന്നു. ഫോണ്‍ റിംഗ് ചെയ്യുന്നു. ചിന്നുവാണ്. ബൈജുവിന് ഒന്നും പറയേണ്ടി വന്നില്ല. അവളുടെ മനസ്സിലെ ആശങ്ക സത്യമായിക്കഴിഞ്ഞിരുന്നു.
( അടുത്ത ഭാഗത്തോട് കൂടി ഇത് അവസാനിക്കും )
Thengaa THe (((((0)))))
മറുപടിഇല്ലാതാക്കൂEEEe pokku sariyalla enthina dussu avare ingane karayikkunne ??? :(
ദുശു ഇതിലെ ബൈജുവാണോ മഹേശാണോ എന്നുകൂടി അടുത്ത ലക്കത്തിൽ പറഞ്ഞാൽ നന്നായിരിക്കും. മഹേഷ് ആവാനാണ് സാധ്യത.കാരണം പെണ്ണ് കെട്ടി കഴിഞ്ഞാൽ ഇങ്ങനെ ബ്ലോഗ് എഴുതാനൊന്നും സമയം കാണില്ലല്ലോ.
മറുപടിഇല്ലാതാക്കൂഅടുത്ത ഭാഗവും കൂടി വായിക്കട്ടെ
മറുപടിഇല്ലാതാക്കൂദൈവം അവരുടെ കൂടെ ഉണ്ടെന്നു വിശ്വസിക്കട്ടെ ...
മറുപടിഇല്ലാതാക്കൂkichu പറഞ്ഞതേ എനിക്കും പറയാനുള്ളൂ.. തേങ്ങാക്കുല..
മറുപടിഇല്ലാതാക്കൂവെറുതേ കരയിയിപ്പിക്കാനായിട്ട്..
സങ്കടം കാരണം കിച്ചുവിനു തേങ്ങ തേ എന്നു മാത്രേ പറയാന്‍ പറ്റിയുള്ളൂ
:):) :)
ഇല്ലാതാക്കൂഅടുത്ത ഭാഗത്തോടെ അവസാനിക്കും എന്ന് പറഞ്ഞിട്ട് നോക്കിയിരിക്കാൻ തുടങ്ങിയിട്ട് നാള് കുറെയായി! എന്ന് പോസ്റ്റ് ചെയ്യും എന്ന് പറഞ്ഞിട്ട് പോയാ മതി. (ഭീഷണി ടോണ്‍! )
മറുപടിഇല്ലാതാക്കൂഹല്ലാ..ഇതാര്. ശാലിനിയോ ? അപ്പൊ ഇപ്പോഴും ഇതും വായിക്കുന്നുണ്ടല്ലേ ..താങ്ക് യു താങ്ക് യു...
ഇല്ലാതാക്കൂപഠനം ഒക്കെ എങ്ങനെ നടക്കുന്നു ? ഇതിന്റെ ഒടുക്കലത്തെ ഭാഗം അടുത്താഴ്ച വരും.
പഠിത്തം ഒക്കെ കഴിഞ്ഞു മാഷെ... പിന്നെയും ക്യുബിക്കിൾ കൂട്ടിൽ കയറി.... :( വായിക്കാതെ പിന്നെ? ബൈജുവും ചിന്നുവുമൊക്കെ നമ്മുടെ സ്വന്തം ആൾകാരായി പോയില്ലേ! വേഗം അടുത്ത ഭാഗം പോസ്റ്റു.. അല്ലെങ്കിൽ രായപ്പൻ പറഞ്ഞ പോലെ, ഞങ്ങൾ ഈ ബ്ലോഗ്ഗിൽ സത്യാഗ്രഹം നടത്തും... (കെജരിവാൾ ..സ്റ്റൈൽ.)
ഇല്ലാതാക്കൂഅടുത്താഴ്ച്ച എന്ന് പറഞ്ഞിട്ട് മാസം രണ്ട് ആയി... ഇനി നിരാഹാരസത്യാഗ്രഹം നടത്തേണ്ടിവരുമോ ബാക്കി എഴുതാന്‍??
മറുപടിഇല്ലാതാക്കൂ