2012, ഏപ്രിൽ 12, വ്യാഴാഴ്‌ച

ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ജനിക്കുന്നു - ഭാഗം 30



    കരഞ്ഞു തളര്‍ന്നു അവള്‍ കുറച്ചു നേരം മയങ്ങി. അല്പം കഴിഞ്ഞപ്പോ അമ്മ മുകളിലേയ്ക്ക് വന്നു. 'ചിന്നൂ.. വാ വന്നു ഭക്ഷണം കഴിക്ക്' എന്ന് പറഞ്ഞിട്ട് അമ്മ ഇറങ്ങി പോയി.  അവള്‍ എഴുനേറ്റു. കണ്ണില്‍ നിറയെ കണ്ണീര്‍ പാട കെട്ടിയിരിക്കുന്നു. ഒന്നും കാണാന്‍ പറ്റുന്നില്ല. മുഖം കഴുകിയിട്ട് അവള്‍ താഴേയ്ക്ക് ചെന്നു. അച്ഛന്‍ മുറിയില്‍ പേപ്പര്‍ വായിച്ചിരിപ്പുണ്ട്. 'എന്താ മോളേ.. മരുന്ന് വല്ലതും വേണോ ? " അച്ഛന്റെ ചോദ്യം കേട്ട് അവള്‍ ഒരു നിമിഷം സ്തബ്ധയായി. 'വേണ്ട' എന്ന് പറഞ്ഞിട്ട് അവള്‍ ഡൈനിങ്ങ്‌ ടേബിളില്‍ പോയി ഇരുന്നു. ഒന്നും മിണ്ടാതെ അമ്മ ആഹാരം വിളമ്പി വച്ചു.  എന്തൊക്കെയോ കഴിച്ചു എന്ന് വരുത്തിയിട്ട് അവള്‍ എഴുനേറ്റു പോയി. വീണ്ടും മുകളിലത്തെ മുറിയില്‍ പോയി കിടന്നു. തലയിണയില്‍ മുഖം ചേര്‍ത്ത് കിടന്നു അവള്‍ വീണ്ടും കരഞ്ഞു.  ഫോണ്‍ റിംഗ് ചെയ്യുന്നുണ്ട്. ബൈജുവിന്റെ മെസ്സേജ് വന്നതാണ് . വായിച്ചു പോലും നോക്കാതെ അവള്‍ അത് ഡിലീറ്റ് ചെയ്തു . സമയം ഇഴഞ്ഞു നീങ്ങി. ആരോ ചുമലില്‍ കൈ വയ്ക്കുന്നത് പോലെ. അവള്‍ കണ്ണ് തുറന്നു നോക്കി. അമ്മയാണ്. "നീ പേടിക്കണ്ട. താഴേയ്ക്ക് വരാതിരിക്കണ്ട. അച്ഛനോട് ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. നിനക്കറിയില്ലേ . അച്ഛന്റെ സ്വഭാവം ? അച്ഛന്‍ അത് എങ്ങനെ എടുക്കും എന്നറിയില്ല. അന്ന് ജോണ്‍ അങ്കിളിന്റെ മോള്‍ അങ്ങനെ കാണിച്ചപ്പോ രാത്രി അച്ഛന്‍ ഉറങ്ങിയിട്ടില്ല. നേരം വെളുക്കുന്നത്‌ വരെ അതോര്‍ത്തു കിടക്കുകയായിരന്നു. ഇപ്പൊ സ്വന്തം മകള്‍ ഇങ്ങനെ.. ' അമ്മ ഇടറിയ ശബ്ദത്തില്‍ നിര്‍ത്തി.. നിനക്ക് നല്ല സുഖമില്ല. എന്തോ പെയിന്‍  പോലെ എന്നൊക്കെയാണ് ഞാന്‍ അച്ഛനോട് പറഞ്ഞത്. ഹോസ്പിറ്റലില്‍ പോണോ എന്ന് അച്ഛന്‍ ഇപ്പൊ ചോദിച്ചതേ ഉള്ളൂ. നിനക്ക് പിന്നെ മാസം തോറും വരുന്ന പയിന്‍ ആണ് .. സാരമില്ല എന്നൊക്കെ പറഞ്ഞപ്പോ ആണ് അച്ഛന്‍ പോയി കിടന്നത്. അങ്ങനത്തെ ഒരാളിനെ ആണോ നീ ചീറ്റ് ചെയ്യാന്‍ നോക്കുന്നത് ? " അമ്മയുടെ വാക്കുകള്‍ കേട്ട് അവള്‍ പൊട്ടിക്കരഞ്ഞു. അവളെ തനിയെ വിട്ടിട്ടു അമ്മ താഴത്തേയ്ക്ക്  പോയി. കുറ്റബോധം കൊണ്ട് അവളുടെ തല കുനിഞ്ഞു തന്നെയിരുന്നു.  അന്ന് രാത്രി അവള്‍ ഒന്നും കഴിച്ചില്ല. താഴേയ്ക്ക് ഇറങ്ങി ചെന്നതുമില്ല.


     നേരം പുലര്‍ന്നു. അച്ഛന്‍ ഏതോ കല്യാണത്തിന് പോയിരിക്കുകയാണ്. അവള്‍ കിച്ചണിലേയ്ക്ക് ചെന്ന്. അമ്മ ദോശ ചുടുകയാണ്. 'നീ എണീറ്റോ ? മുഖം കഴുകിയിട്ട് വാ. ചായ കുടിക്കാം " അമ്മ പറഞ്ഞു. അമ്മയുടെ മുഖത്ത് ദേഷ്യമൊന്നുമില്ല. അത് കണ്ടു അവളുടെ കണ്ണുകള്‍ വീണ്ടും നിറഞ്ഞു.       " നീ വിഷമിക്കണ്ട. അച്ഛനോട് ഞാന്‍ പറയില്ല. പക്ഷെ നിന്റെ മനസ്സിലുള്ള കാര്യം നടക്കില്ല. " അവളുടെ മനസ്സ് വായിച്ചിട്ടെന്ന വണ്ണം അമ്മ പറഞ്ഞു. അവള്‍ അമ്മയുടെ അടുത്ത് ചെന്നു. അമ്മയുടെ കൈ കവര്‍ന്നെടുത്തു അവള്‍ സോറി എന്ന് പറഞ്ഞു. അങ്ങനെ പറ്റിപ്പോയി അമ്മേ എന്ന് പറഞ്ഞിട്ട് മുഖം താഴ്ത്തി അവിടെയിരുന്നു ചിന്നു. 'നീ കരയണ്ട. ഞാന്‍ വഴക്കൊന്നും പറഞ്ഞില്ലല്ലോ. " എന്ന് അമ്മ പറഞ്ഞു. അവള്‍ അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു. അമ്മയുടെയും കണ്ണുകള്‍ നിറഞ്ഞൊഴുകി. 'പക്ഷെ അമ്മേ..ഇതെന്താ നടത്താന്‍ പറ്റാത്തത് ? " അവള്‍ വിക്കി വിക്കി ചോദിച്ചു. അമ്മയുടെ മുഖത്ത് വീണ്ടും ഒരു അമ്പരപ്പ് പരന്നു. 'അപ്പൊ നീ അത് വിട്ടില്ലേ ? എന്തുകൊണ്ടാണ് നമ്മള്‍ സമ്മതിക്കാത്തത് എന്ന് നിനക്കറിയില്ലേ ? " അമ്മ ചോദിച്ചു. അവള്‍ക്കു അത് മനസ്സിലായില്ലെങ്കിലും പിന്നെ ഒന്നും ചോദിച്ചില്ല. ചിന്നു പതിയെ എണീറ്റ്‌ മുകളിലേയ്ക്ക് പോയി. കിടക്കയില്‍ വീണ്ടും വീണു. മൊബൈല്‍ എടുത്തു നോക്കി. ബൈജുവിന്റെ മെസ്സേജ്. ടെന്‍ഷന്‍ ആണെങ്കില്‍ ഇപ്പൊ അമ്മയോട് ഒന്നും പറയണ്ട. പിന്നെ പറയാം. നീ വിഷമിച്ചിരിക്കല്ലേ' എന്നൊക്കെ. അവളുടെ മനസ്സ് വായിച്ചിട്ടെന്ന പോലെ. ആ മെസ്സേജ് കണ്ടതും ചിന്നുവിന്റെ എല്ലാ നിയന്ത്രണവും നഷ്ടപ്പെട്ടു. പാവം അവിടെയിരുന്നു എന്നെ പറ്റിയോര്‍ത്ത്‌ സമാധാനിപ്പിക്കാന്‍ ഓരോന്ന് അയക്കുകയാണ്. അവള്‍ മറുപടി ഒന്നും അയച്ചില്ല. 

     അന്നത്തെ രാത്രി അവള്‍ ഉറങ്ങിയില്ല. എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചു. ഇന്ന് വൈകിട്ടാണ് ട്രെയിന്‍. അച്ഛന്‍ വീട്ടിലുള്ള കാരണം അമ്മ ഒന്നും പറയുന്നില്ല. അവളുടെ മുഖം വാടിയിരിക്കുന്നതു കണ്ടിട്ട് അച്ഛന്‍ അവളെ സമാധാനിപ്പിച്ചു. ഇനി അസുഖമോ മറ്റോ ആണെങ്കില്‍ യാത്ര ചെയ്യണ്ട. അവിടെ റസ്റ്റ്‌ എടുത്താല്‍ മതി എന്നൊക്കെ. അവള്‍ നിര്‍വികാരയായി തലയാട്ടി. ഇടയ്ക്ക് എന്തോ കാര്യത്തിന് അച്ഛന്‍ പുറത്തു പോയതും അമ്മ ഓടി വന്നു. 'ഞാന്‍ അച്ഛന്‍ പോകുന്നതും നോക്കിയിരിക്കുകയായിരുന്നു. നിന്നോട് എങ്ങനെ ഒക്കെ പറയേണ്ടി വരും എന്ന് ഞാന്‍ ഒരിക്കലും വിചാരിച്ചില്ല. സത്യം പറഞ്ഞാല്‍ നിന്നോടുള്ള വിശ്വാസം ഒക്കെ പോയി. എന്നാലും പറയുകയാണ്‌. അവിടെ ഞങ്ങള്‍ ആരും അടുത്തില്ല എന്നുള്ള സ്വാതന്ത്ര്യം നീ മിസ്‌ യൂസ് ചെയ്യരുത്. " അമ്മ പറഞ്ഞു. അത് കേട്ട് ചിന്നുവിന്റെ തല കുനിഞ്ഞു. 'എന്താ അമ്മേ ഇങ്ങനൊക്കെ... " അവളുടെ വാക്കുകള്‍ പകുതിയ്ക്ക് വച്ച് മുറിഞ്ഞു. 'ഒന്നുമില്ല. നിനക്കൊരു കുട്ടി ഉണ്ടാവുമ്പോഴേ അതൊക്കെ മനസ്സിലാവൂ. പണ്ടത്തെ പോലെ ഇനി എനിക്ക് ഇവിടെ സമാധാനമായി ഇരിക്കാന്‍ പറ്റില്ല. നീ ഉടനെ നാട്ടിലേക്കു വാ. അവിടത്തെ ജോലിയൊക്കെ മതി. ഇവിടെ വല്ല സ്ഥലത്തും നോക്കാം. " അമ്മ തുടര്‍ന്നു. അവള്‍ ഒന്നും പറഞ്ഞില്ല. അമ്മ ഇനി ഒന്നും പറയല്ലേ. എന്നവള്‍ ഒടുവില്‍ പറഞ്ഞു. അപ്പോഴേയ്ക്കും അച്ഛനും തിരികെ വന്നു. അച്ഛനും അമ്മയും കൂടി അവളെ സ്റെഷനില്‍ കൊണ്ടാക്കി. പതിവില്ലാതെ അന്ന് കൃത്യ സമയത്ത് തന്നെ ട്രെയിന്‍ വന്നു. ട്രെയിന്‍ വിട്ടു കുറെ കഴിഞ്ഞപ്പോ ചിന്നു അമ്മയെ വിളിച്ചു. അത് പതിവുള്ളതാണ്. എവിടെയെത്തി എന്ന് പറയാന്‍. പക്ഷെ ഇത്തവണ അമ്മ തിരിച്ചൊന്നും പറഞ്ഞില്ല. ഒന്ന് മാത്രം പറഞ്ഞു 'ഞാന്‍ പറഞ്ഞതൊന്നും മോള്‍ മറന്നിട്ടില്ലല്ലോ അല്ലെ ? നീ പോയതിനു ശേഷമാണ് എനിക്ക് കരച്ചില്‍ വന്നത്. വീട്ടില്‍ ഞാനും അച്ഛനും മാത്രമല്ലെ ഉള്ളൂ. അച്ഛന്‍ കാണാതെ വേണ്ടേ കരയാന്‍. നീ പോയതിന്റെ വിഷമം കൊണ്ടാണ് , കാര്യമാക്കണ്ട എന്ന് അച്ഛനോട് പറഞ്ഞു. എന്താന്നറിയില്ല. ഞാന്‍ പറഞ്ഞത് കൊണ്ട് മോള്‍ വിഷമിക്കണ്ട. പക്ഷെ ആ കല്യാണമൊന്നും നടക്കില്ല മോളെ.  നിനക്കറിയാമല്ലോ അച്ഛന്‍ ഒരിക്കലും ഇതിനൊന്നും സമ്മതിക്കില്ല " അമ്മ പറഞ്ഞു നിര്‍ത്തി. "അമ്മേ അതിനു ബൈജു അമ്മ വിചാരിക്കുന്ന പോലെ ഒരാളല്ല. അത് കൊണ്ടാ ഞാന്‍ ..." അവള്‍ പറഞ്ഞു. അത് അമ്മയെ ചൊടിപ്പിച്ചു. "വേണ്ട .. ആ ടോപ്പിക്ക് ഇനി സംസാരിക്കണ്ട. അത് അവിടെ അവസാനിച്ചു" അമ്മ ദേഷ്യത്തോടെ പറഞ്ഞു, എന്നിട്ട് ഫോണ്‍ കട്ട്‌ ചെയ്തു. അന്ന് രാത്രി ചിന്നു ഒന്നും കഴിച്ചില്ല. ഫോണ്‍ ഓഫ്‌ ആക്കി വച്ചിട്ട് മുകളില്‍ ബര്‍ത്തില്‍ കയറി കിടന്നു. 


    നേരം പുലര്‍ന്നപ്പോള്‍ ട്രെയിന്‍ മജസ്ടിക്കില്‍ എത്തി. അവള്‍ പുറത്തിറങ്ങി. ഫോണ്‍ ഓണ്‍ ചെയ്തു. എത്തിയെന്ന് വീട്ടില്‍ വിളിച്ചു പറഞ്ഞു. അതാ വരുന്നു ഒരു പത്തു പതിനഞ്ചു എസ് എം എസ്. ബൈജു അയച്ചതാണ്. അവള്‍ അത് വായിച്ചു പോലും നോക്കാതെ ഡിലീറ്റ് ചെയ്തു. ഒരു ഓട്ടോ പിടിച്ചു. ആകെ തളര്‍ന്നിരിക്കുന്നു. ഫോണ്‍ റിംഗ് ചെയ്തു. ബൈജു. അവള്‍ കട്ട്‌ ചെയ്തു. എന്തോ ഒന്നും സംസാരിക്കാന്‍ അവള്‍ക്കു ശക്തിയുണ്ടായിരുന്നില്ല. കുറെ തവണ ആയപ്പോള്‍ ഒടുവില്‍ അവള്‍  ഫോണ്‍ എടുത്തു. "എന്താ മോളെ. എന്താ പറ്റിയത്. നീ എവിടെയാ ? എന്താ ഫോണ്‍ എടുക്കാതിരുന്നത് ? " ഒറ്റ ശ്വാസത്തില്‍ ഒരു നൂറു ചോദ്യങ്ങള്‍ ചോദിച്ചു അവന്‍. "എന്നോട് മിണ്ടണ്ട. എന്നെ മോള്‍ എന്നൊന്നും വിളിക്കണ്ട. ഞാന്‍ അന്നേ പറഞ്ഞില്ലേ ഇതൊന്നും നടക്കില്ല എന്ന്.. ഇനി എന്നെ വിളിക്കരുത് " അത്രയും പറഞ്ഞിട്ട് അവള്‍ ഫോണ്‍ കട്ട്‌ ചെയ്തു. ബൈജു അപ്പുറത്ത് നിന്ന് എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. പക്ഷെ അവള്‍ അതൊന്നും കേട്ടില്ല. ഓഫീസില്‍ ചെന്നിട്ടു അവള്‍ ബൈജുവിനെ മൈന്‍ഡ് ചെയ്തില്ല. അവന്റെ മുഖത്ത് പോലും നോക്കിയില്ല. ഉച്ചയ്ക്ക് പുറത്തു പോയപ്പോള്‍ ബൈജു യാദൃശ്ചികമായി അവളുടെ നേരെ വന്നു. അറിയാതെ അവള്‍ക്കു അവനെ ഫേസ് ചെയ്യേണ്ടി വന്നു. ബൈജു ആകെ വിളറി വെളുത്തിരിക്കുന്നു. ക്ഷീണിച്ച മുഖം. അത് കണ്ടിട്ടും അവള്‍ ഒരു ഭാവ വ്യത്യാസവും കാണിക്കാതെ കടന്നു പോയി. ബൈജു നിശബ്ദനായി. അവളും എങ്ങനെയൊക്കെയോ അന്നത്തെ ദിവസം തീര്‍ത്തു. 


    വൈകിട്ട് അവള്‍ തിരികെ റൂമില്‍ ചെന്നു. ഇന്ന് ഒറ്റയ്ക്കാണ് അവിടെ. കൌ നാട്ടില്‍ പോയിരിക്കുകയാണ്. കുളിച്ചിട്ടു വന്നു അവള്‍ കുറച്ചു നേരം കിടക്കയില്‍ എണീറ്റിരുന്നു. മനസ്സില്‍ എന്തോ വേദന. ആരോ കുത്തുന്നത് പോലെ. കാരണം അവള്‍ക്കു മനസ്സിലായി. ബൈജു. താന്‍ ചെയ്തതിന്റെ യഥാര്‍ത്ഥ ചിത്രം ഇപ്പോഴാണ് അവള്‍ക്കു പിടി കിട്ടിയത്. അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. കുറെ നേരം കിടക്കയില്‍ മുഖമമര്‍ത്തി അവള്‍ അലറിക്കരഞ്ഞു. ഇടയ്ക്കെപ്പോഴോ അവളുടെ കണ്ണുകള്‍ അടഞ്ഞു.. രാത്രി ഇഴഞ്ഞു നീങ്ങി. ഇടയ്ക്കിടയ്ക്ക് പുറത്തു കൂടി ചീറി പായുന്ന വാഹനങ്ങളുടെ വെളിച്ചം ജനല്‍ ചില്ലിലൂടെ മുറിയിലേക്ക് ചിതറി വീണു. ഒരു അര മണിക്കൂര്‍ അവള്‍ ഉറങ്ങിക്കാണും. എന്തോ പേടി സ്വപ്നം കണ്ട പോലെ ചിന്നു ഞെട്ടിയുണര്‍ന്നു. ബൈജുവിന്റെ മെസ്സേജ്. 'എന്താ നീ ഇങ്ങനെ ? അറ്റ്‌ ലീസ്റ്റ് എന്നോട് അല്പം സംസാരിക്കൂ ". അത് വായിച്ചിട്ട് അവള്‍ക്കു വീണ്ടും കരച്ചില്‍ വന്നു. ചിന്നു അത് വരെ സംഭരിച്ചിരുന്ന ധൈര്യം ഒക്കെ നഷ്ടപ്പെട്ടു. അവളുടെ നിയന്ത്രണം പോയി. ഒരു സ്വപ്നത്തിലെന്ന പോലെ അവള്‍ ഫോണ്‍ എടുത്തു അവനെ വിളിച്ചു. കുറച്ചു നേരം അവര്‍ രണ്ടു പേരും ഒന്നും മിണ്ടിയില്ല. ചിന്നുവിന്റെ അടക്കി പിടിച്ച തേങ്ങല്‍ നിശബ്ദതയെ ഭഞ്ജിച്ചു. ഇടറിയ ശബ്ദത്തിലും ഇടയ്ക്ക് കരച്ചിലില്‍ മുങ്ങിയും അവള്‍ നടന്നതെല്ലാം അവനോടു പറഞ്ഞു. അത് എല്ലാം കേട്ടിട്ട് ബൈജു ഒന്നും തിരിച്ചു പറഞ്ഞില്ല. ഒടുവില്‍ അവന്‍ ചോദിച്ചു..'നീ എന്ത് തീരുമാനിച്ചു ? അമ്മ പറഞ്ഞത് ശരിയാണെന്ന് തോന്നുന്നുണ്ടോ ? " . കുറച്ചു നേരത്തെ നിശബ്ദതയ്ക്കു ശേഷം അവള്‍ പറഞ്ഞു..' ഇല്ല. എനിക്കത് ഒരിക്കലും ഉപേക്ഷിക്കാന്‍ പറ്റും എന്ന് തോന്നുന്നില്ല. നമ്മള്‍ എന്ത് ചെയ്യും ബൈജൂ ? " അവള്‍ കരഞ്ഞു കൊണ്ട് ചോദിച്ചു. ഇന്ന് ഞാന്‍ ബൈജുവിനെ കാണാതെ നടന്നില്ലേ. എന്നിട്ട് ഞാന്‍ റസ്റ്റ്‌ റൂമില്‍ പോയിരുന്നു കരയുകയായിരുന്നു . അറിയോ ? അല്ലാതെ ഞാന്‍ അത്രയ്ക്ക് ദുഷ്ട ഒന്നുമല്ല. ഒറ്റ ദിവസം കൊണ്ട് എനിക്ക് ബൈജുവിനെ ഉപേക്ഷിക്കാന്‍ പറ്റും എന്ന് വിചാരിച്ചോ ? എന്നോട് എന്താ തോന്നിയത് ? " അവള്‍ ചോദിച്ചു. "നിന്നെ അത്രയ്ക്കെങ്കിലും മനസ്സിലാക്കാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ എങ്ങനെ എനിക്ക് നിന്നോട് സ്നേഹം തോന്നും ചിന്നൂ ? " അവന്‍ പറഞ്ഞു. "അമ്മ അങ്ങനെയൊക്കെ പറയുന്നത് കേട്ടപ്പോള്‍ ഞാന്‍ ആകെ ഡൌണ്‍ ആയി. ഇത് വരെ അവര്‍ ആരും എന്നോട് ഇങ്ങനെ ഒന്നും സംസാരിച്ചിട്ടില്ല. പക്ഷെ I don't want to lose you too. നമ്മള്‍ എന്ത് ചെയ്യും ബൈജൂ ? " അവള്‍ ചോദിച്ചു. " നീ തല്ക്കാലം കിടന്നുറങ്ങു. നാളെ ശനിയാഴ്ചയല്ലേ.. നമുക്ക് രാവിലെ പുറത്തു എവിടെയെങ്കിലും വച്ച് കാണാം. അപ്പൊ സംസാരിക്കാം. " അവന്‍ പറഞ്ഞു. "ഹേയ് അത് പറ്റില്ല. ഇനി ഞാന്‍ അങ്ങനെ പുറത്തു വരില്ല ബൈജു. എന്നെ നിര്‍ബന്ധിക്കരുത് " ചിന്നു പറഞ്ഞു. "ശരി . വേണ്ട. ഞാന്‍ വിളിക്കാം . ഫോണ്‍ എടുക്കുമോ ? " അവന്‍ ചോദിച്ചു. "അതെന്താ ബൈജൂ അങ്ങനെ പറയുന്നത്. വിളിക്കണം. ഞാന്‍ നോക്കിയിരിക്കും. " അവള്‍ പറഞ്ഞു. ഫോണ്‍ വച്ചതിനു ശേഷം അവള്‍ ലൈറ്റ് ഓഫ്‌ ചെയ്തു കിടന്നു. എന്തോ എല്ലാം ശരിയാവും എന്ന് അവള്‍ക്കു പെട്ടെന്നൊരു തോന്നല്‍ മനസ്സിലേയ്ക്ക് വന്നു. പഴ്സില്‍ സൂക്ഷിച്ചിരുന്ന ഗുരുവായൂരപ്പന്റെ ചിത്രം എടുത്തുകൊണ്ടു വന്നു അവള്‍ കുറച്ചു നേരം കണ്ണടച്ച് പ്രാര്‍ഥിച്ചു. എന്നിട്ട് ബൈജുവിന് ഒരു മെസ്സേജ് അയച്ചു. "സോറി ബൈജു. ഭഗവാന്‍ എല്ലാം ശരിയാക്കി തരും. ഇന്ന് പറഞ്ഞതിനൊക്കെ സോറി. അവിടെ വിഷമിച്ചിരിക്കല്ലേ. നമുക്ക് നാളെ രാവിലെ ബ്രിസ്ടോയില്‍ വച്ച് കാണാം. " ബ്രിസ്ടോ അവരുടെ സ്ഥിരം ജോയിന്റ് ആണ്. ബൈജുവും ഉറങ്ങിയിട്ടുണ്ടായിരുന്നില്ല. "ശരി ചിന്നൂ. നീ കിടന്നുറങ്ങൂ. " അവന്‍ മറുപടി അയച്ചു. പുറത്തു നിലാവ് മങ്ങി തുടങ്ങിയിരുന്നു. നഗരം നിശബ്ദമായി ഉറങ്ങുന്നു. അവരും ഉറങ്ങാന്‍ കിടന്നു.

2012, ഏപ്രിൽ 8, ഞായറാഴ്‌ച

സഖാവിന്റെ സാലറി - സി പി എമ്മിന് അഭിവാദ്യങ്ങള്‍


    തികച്ചും ഒരു പിന്തിരിപ്പന്‍ പാര്‍ട്ടി ആണെന്ന് ഞാന്‍ വിശ്വസിക്കുന്ന കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി അവരുടെ പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച ഒരു പ്രമേയം എല്ലാ പാര്‍ടികളുടെയും കണ്ണ് തുറപ്പിക്കേണ്ട ഒന്നാണ്. ശരിക്കും നവീനവും കാലികവുമായ ഒരു തീരുമാനം. അതായതു അവരുടെ മുഴുവന്‍ സമയ പ്രവര്‍ത്തകര്‍ക്ക് ശമ്പളം കൊടുക്കാനുള്ള തീരുമാനം. വലതു പക്ഷ പത്രമായ മനോരമയുടെ അഭിപ്രായത്തില്‍ പ്രതിഫലം  ഇല്ലാതെ പാര്‍ട്ടി ദൌത്യം ഏറ്റെടുക്കാനൊന്നും ആളെ കിട്ടാത്ത അവസ്ഥയില്‍ ആണ് പാര്‍ടി ഇങ്ങനെ ഒരു പദ്ധതി പ്ലാന്‍ ചെയ്യുന്നതെന്നറിയുന്നു. ഇപ്പോള്‍ തന്നെ അവരുടെ മുഴുവന്‍ സമയ പ്രവര്‍ത്തകര്‍ക്ക് അലവന്‍സ് എന്ന പേരില്‍ പാര്‍ട്ടി പണം കൊടുക്കുന്നുണ്ട്. ഏരിയ സെക്രട്ടറിക്ക് 125 രൂപയും ലോക്കല്‍ കമ്മിറ്റി സെക്രട്ടറി / അംഗം എന്നിവര്‍ക്ക് മാസം മൂവായിരം രൂപ പാര്‍ട്ടി കൊടുക്കുന്നുണ്ട്. കോടികളുടെ ആസ്തി ഉള്ള നവ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിക്ക് ഇതൊന്നും ഒരു ബാധ്യത സൃഷ്ടിക്കില്ല എന്ന് തോന്നുന്നു. ഭാരതത്തില്‍ രണ്ടേ രണ്ടു സംസ്ഥാനങ്ങളില്‍ മാത്രം സ്വാധീനം ഉള്ള കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിക്ക് കോണ്‍ഗ്രസ്‌ പോലെയോ ബി ജെ പി പോലെയോ ഉള്ള ദേശീയ പാര്‍ടികളുടെ ഒരു പ്രശ്നങ്ങളും ബാധകമല്ല തന്നെ. പ്രവര്‍ത്തകരില്‍ നിന്ന് ലെവി പിരിച്ചു വന്ന ഒരു പാര്‍ടി ആണ് കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി. എന്നാല്‍ ഇന്ന് ലെവി തരില്ലെന്ന് മാത്രമല്ല അങ്ങോട്ട്‌ പണം കൊടുക്കുകയും വേണം എന്ന ഗതികേടിലാണ് അവര്‍.

    ഇത് സത്യം പറഞ്ഞാല്‍ വിപ്ലവകരമായ ഒരു തീരുമാനമാണെന്ന് പറയാതെ വയ്യ. പാര്‍ട്ടിക്ക് വേണ്ടി സ്വന്തം സുഖങ്ങള്‍ വേണ്ടെന്നു വയ്ക്കുന്നവരുടെയും പാര്‍ട്ടിക്ക് വേണ്ടി ജീവിക്കുകയും ചെയ്യുന്ന ( അങ്ങനെ ഒരു ന്യൂനപക്ഷമെങ്കിലും ഉണ്ട് ) ചെയ്യുന്നവരുടെ ജീവിതം കാക്കേണ്ട ബാധ്യത പാര്‍ട്ടിക്കുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകര്‍ മാത്രമല്ല നമ്മുടെ ജന പ്രതിനിധികള്‍ക്കും ഇത് ബാധകമാണ്. അവര്‍ക്ക് പ്രീമിയം സാലറി തന്നെ കൊടുക്കണം. അതോടൊപ്പം തന്നെ അവര്‍ സ്വന്തം ജോലി മര്യാദക്ക് ചെയ്യുന്നു എന്ന് ഉറപ്പു വരുത്താനുള്ള സിസ്ടവും വേണം. ജനങ്ങള്‍ക്ക്‌ വേണ്ടി എന്തോ ഔദാര്യം ചെയ്യുന്നെന്ന വ്യാജേന അവരെ കൊള്ളയടിക്കുന്ന കള്ളന്മാരെ നമുക്ക് വേണ്ട. ഒരു വരുമാനം ഇല്ലാത്തത് കൊണ്ട് രാഷ്ട്രീയത്തിലേക്ക് വരാന്‍ മടിച്ചു നില്‍ക്കുന്ന കഴിവുള്ള യുവാക്കളെ ആകര്‍ഷിക്കാനെങ്കിലും ഇത് ഉപകരിക്കും. മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രിയുടെ പേരില്‍ നടക്കുന്ന നാണം കേട്ട ചര്‍ച്ചകള്‍ ശ്രദ്ധിച്ചാലറിയാം. ജനങ്ങള്‍ക്ക്‌ എന്തെങ്കിലും ഉപകാരമുള്ള കാര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ ഞങ്ങള്‍ക്കൊരു മന്ത്രിയെ വേണം എന്നല്ല അവരുടെ വാദം. അനൂപ്‌ ജേക്കബിന്റെ കാര്യത്തിലാണെങ്കില്‍ ജനങ്ങളോട് പറഞ്ഞ വാക്ക് പാലിക്കാനും മഞ്ഞളാംകുഴി അലിയുടെ കാര്യത്തിലാണെങ്കില്‍ ലീഗിന്റെ ഭൂരിപക്ഷ വാദം വക വച്ച് കൊടുക്കാനും വേണ്ടിയാണ് ഈ അഞ്ചാം മന്ത്രി. ഭാരതത്തിലെ തെരഞ്ഞെടുപ്പു എപ്പോഴും വികാര പരമായ വസ്തുതകളെ അടിസ്ഥാനമാക്കിയാണ് നടക്കുന്നത്. ജാതി , മതം മുതലായവ. എന്തുകൊണ്ട് നമുക്ക് നമ്മളെ ഭരിക്കാന്‍ വേണ്ടി വിദ്യാഭ്യാസ യോഗ്യത ഉള്ള ആള്‍ക്കാരുടെ ഒരു കണ്‍സോര്‍ഷ്യം പോലൊരെണ്ണം ഉണ്ടാക്കിക്കൂടാ ? ഇപ്പോഴത്തെ പോലെ കുറെ കള്ളന്മാരും ഒട്ടും സുതാര്യമല്ലാത്ത ഒരു ഭരണ വ്യവസ്ഥയും കൊണ്ട് ഭാരതം എത്രകാലം മുന്നോട്ടു പോകും ?


എന്തായാലും കൂടുതല്‍ ദീര്‍ഘിപ്പിക്കുന്നില്ല. സി പി എമ്മിന് അഭിവാദ്യങ്ങള്‍!!

2012, ഏപ്രിൽ 7, ശനിയാഴ്‌ച

പാഴ് സന്ദേശ റാക്കറ്റും വിവര സാങ്കേതികതയും



     ഇന്ന് മാതൃഭൂമി ഓണ്‍ലൈന്‍ പത്രത്തില്‍ കണ്ട ഒരു തലക്കെട്ടാണ് "പാഴ് സന്ദേശ റാക്കറ്റിനെതിരെ ട്വിറ്റെര്‍ നിയമ യുദ്ധത്തിന്" എന്ന്. സത്യം പറഞ്ഞാല്‍ അത് കണ്ടിട്ട് ഒന്നും മനസ്സിലായില്ല. അങ്ങനെ ആ ലിങ്ക് തുറന്നു നോക്കി. അപ്പോഴാണ്‌ മനസ്സിലായത്‌ സ്പാം മെയിലിനെ പറ്റിയാണ് പാഴ് സന്ദേശം എന്ന് ലേഖകന്‍ ഉപയോഗിച്ചിരിക്കുന്നത് എന്ന് മനസ്സിലായത്‌. ഇത് പോലെ കുറച്ചു നാളായി കണ്ടു വരുന്ന ഒരു വാക്കാണ്‌  "വിവര സാങ്കേതികത". ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്നത് മലയാളീകരിച്ചതാണ് വിവര സാങ്കേതികത എന്നത്. ഇത് പോലെ കണ്ണില്‍ കണ്ട വാക്കുകള്‍ ഒക്കെ നമ്മള്‍ മലയാളത്തിലേക്ക് മാറ്റി മാത്രമേ നമ്മള്‍ ഉപയോഗിക്കൂ. ഇക്കാര്യത്തില്‍ നമ്മള്‍ തമിഴന്മാരുടെ അപ്പനായിട്ട്‌ വരും. കമ്പ്യൂട്ടര്‍ കൊട്ടുന്ന എന്ത് ജോലിയും നമ്മള്‍ക്ക് ഐ ടി ജോലിയാണ്. നിങ്ങള്‍ കര്‍ണാടകയിലോ തമിഴ് നാട്ടിലോ പോയി നോക്കൂ. സോഫ്റ്റ്‌വെയര്‍ , ബി പി ഓ , കാള്‍ സെന്റര്‍ എന്നതൊക്കെ എന്താണെന്നും ഏതാണെന്നും അവിടത്തെ സാധാരണക്കാര്‍ക്ക് വരെ തിരിച്ചറിയാന്‍ പറ്റും. അതിനൊരു കാരണം മുന്നേ തന്നെ ഇതൊക്കെ അവിടെ സ്ഥാനം പിടിച്ചതാവാം. പക്ഷെ എങ്കിലും ചുറ്റിനും നടക്കുന്ന കാര്യങ്ങള്‍ മനസ്സിലാക്കുക എന്നത് ഭാഷാപരമായ ഒന്നല്ല. 

    മലയാളികള്‍ വലിയ വിദ്യാ സമ്പന്നരും പുരോഗമന വാദികളും ഒക്കെയാണ് എന്നാണല്ലോ വയ്പ്പ്. എന്നിട്ടും എന്തുകൊണ്ട് നമ്മള്‍ക്ക് ഈ വാക്കുകള്‍ തര്‍ജമ ചെയ്യേണ്ടി വരുന്നു ? ലോകം മുഴുവന്‍ ഉപയോഗിക്കുന്ന ഇത്തരം ചില വാക്കുകള്‍ അതേ പടി ഉപയോഗിച്ചാല്‍ എന്താണ് കുഴപ്പം ? അല്ലെങ്കില്‍ തന്നെ മലയാളം ഒരു ശുദ്ധ ഭാഷ ഒന്നുമല്ലല്ലോ. വേറെ പല ഭാഷകളില്‍ നിന്നും എടുത്തിട്ടുള്ള ഒരുപാടു വാക്കുകള്‍ നമ്മള്‍ ഇപ്പോള്‍ തന്നെ മലയാളമെന്നു കരുതി ഉപയോഗിക്കുന്നുണ്ട്. അപ്പോള്‍ എന്തിനാണ് ഇത്തരം ഒരു അഭ്യാസം ? മാതൃഭാഷയോടുള്ള സ്നേഹം ഇങ്ങനെയല്ല കാണിക്കേണ്ടത്.  നമ്മുടെ മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും പത്ര ലേഖകരും ഒരു പരിധി വരെ ഇതിനു ഉത്തരവാദികളാണ്. പ്രത്യേകിച്ച് സയന്‍സ് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍. ഞാന്‍ കുട്ടി ആയിരുന്നപ്പോള്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്‌ പ്രസിദ്ധീകരിച്ചിരുന്ന യുറീക്ക എന്നൊരു വാരികയുടെ വരിക്കാരന്‍ ആയിരുന്നു. അതില്‍ വന്നിരുന്ന പല ലേഖനങ്ങളിലും ഇങ്ങനെയായിരുന്നില്ല. ശാസ്ത്ര നാമങ്ങള്‍ , അതെത്ര സങ്കീര്‍ണമായാലും അത് അതേ പടി തന്നെ ഉപയോഗിക്കാനുള്ള പക്വത അവര്‍ കാണിച്ചിരുന്നു. കാരണം നിങ്ങള്‍ ആ വിഷയം വേറെ എന്തെങ്കിലും അന്താരാഷ്‌ട്ര ജേണലുകളില്‍ നോക്കുമ്പോള്‍ ഇംഗ്ലീഷ് തന്നെ വേണ്ടി വരും. അപ്പോള്‍ ഈ മലയാള വാക്കിന്റെ ഇംഗ്ലീഷ് പരിഭാഷ നോക്കേണ്ടി വരുന്നത് ഒഴിവാക്കാന്‍ ഇത് ഉപകരിച്ചിരുന്നു. കുട്ടികള്‍ക്ക് വേണ്ടി പ്രസിദ്ധീകരിച്ചിരുന്ന ആ വാരിക കാണിച്ചിരുന്ന അത്രയും ബോധം പോലും നമ്മുടെ ഭാഷയിലെ മുന്‍നിര മാധ്യമ സ്ഥാപനങ്ങള്‍ കാണിക്കുന്നില്ല എന്നത് ദയനീയമായ ഒരു കാര്യമാണ്. ഇന്റര്‍നെറ്റ്‌ ഇത്രയ്ക്കും ജനകീയമായി മാറിയ ഈ കാലത്ത് ഏതു വിഷയവും വെറും ഒരു ക്ലിക്ക് അകലെയാണ്. അപ്പോള്‍ നമുക്ക് കുറച്ചു വാക്കുകളെങ്കിലും ഇംഗ്ലീഷില്‍ തന്നെ പരിചയിച്ചേ പറ്റൂ. മലയാളം മീഡിയത്തില്‍ പഠിച്ചിട്ടുള്ള കുട്ടികള്‍ക്ക് ഇത് കുറച്ചു കൂടി നന്നായി മനസ്സിലാവും. പ്രകാശ സംശ്ലേഷണം, രാസ ത്വരകം, ജഡത്വം അങ്ങനെ കുറെ വിചിത്രമായ വാക്കുകള്‍ സ്കൂളില്‍ പഠിച്ചത് ഓര്‍മയില്ലേ ? അത് കഴിഞ്ഞു പ്രീ ഡിഗ്രി ( ഇന്നത്തെ പ്ലസ്‌ ടു ) ക്ക് ചെല്ലുമ്പോള്‍ അറിയാം ഇതിന്റെ ബുദ്ധിമുട്ട്. മാത്രമല്ല തുടര്‍ന്നുള്ള എല്ലാ കോഴ്സുകളിലും ഇതൊരു കീറാമുട്ടി ആയി നില്‍ക്കും. ഇപ്പോള്‍ ചിലര്‍ പറയുമായിരിക്കും പണ്ടൊക്കെ ഇത് പഠിച്ചു തന്നെയല്ലേ നമുക്ക് മഹാന്മാരായ ഗവേഷകരും മറ്റും ഉണ്ടായതു എന്ന് . പക്ഷെ അതൊക്കെ ചുരുക്കം ചില ആള്‍ക്കാര്‍ മാത്രമാമു. മാത്രമല്ല അവരുടെ സാഹചര്യങ്ങളും അങ്ങനെയായിരിക്കാം. അത് പോലല്ല സാധാരണ വീടുകളില്‍ നിന്ന് വരുന്ന കുട്ടികള്‍. സ്കൂള്‍ ഫൈനല്‍ കഴിഞ്ഞു പുറത്തിറങ്ങുന്ന അവരുടെ മുന്നില്‍ എല്ലാം പുതിയതാണ്. അപ്പോള്‍, ഞാന്‍ പറഞ്ഞു വന്ന പോയിന്റ്‌ എന്താന്നു വച്ചാല്‍ ... അത്യാവശ്യമുള്ള ഇടങ്ങളില്‍ ഇംഗ്ലീഷില്‍ ചില വാക്കുകള്‍ ( കുറഞ്ഞത്‌ ശാസ്ത്രീയ നാമങ്ങള്‍ എങ്കിലും ) പഠിക്കുന്നത് കൊണ്ട് മലയാള ഭാഷയ്ക്ക് ഒന്നും സംഭവിക്കാനില്ല എന്നതാണ്. എന്ത് പറയുന്നു ?


വാല്‍ക്കഷണം 

    ഒരിക്കല്‍ നാട്ടില്‍ നിന്ന് ഞാനും എന്റെ ഒരു സുഹൃത്തും കൂടി കാറില്‍ ബാംഗ്ലൂറിലേയ്ക്ക്
വരികയായിരുന്നു. തമിഴ് നാട്ടില്‍ കൂടി വന്നു കൊണ്ടിരുന്നപ്പോള്‍ കുറച്ചു പാട്ട് കേട്ടേക്കാം എന്ന് കരുതി റേഡിയോ വച്ചു. ഏതു ചാനല്‍ വച്ചാലും അതില്‍ ഇടയ്ക്കിടയ്ക്ക് പുള്ളി എന്ന് പറയുന്നത് കേള്‍ക്കാം. ഞാന്‍ കരുതി എന്റെ തോന്നലായിരിക്കും എന്ന്. കുറച്ചു കഴിഞ്ഞപ്പോ എന്റെ സുഹൃത്ത്‌ ചോദിച്ചു ഡേയ് എന്നതാ ഈ പുള്ളി പുള്ളി എന്ന് ഇവന്മാര്‍ പറയുന്നത് എന്ന്.  കുറച്ചു കൂടി ശ്രദ്ധിച്ചു നോക്കിയപ്പോഴല്ലേ സംഗതി പിടി കിട്ടിയത്. പോയിന്റ്‌ എന്നതിനാണ് ഇവന്മാര്‍ പുള്ളി എന്ന് പറയുന്നത്. അതായതു 91.3 എന്നതിന് തൊണ്ണൂറ്റി ഒന്ട്രു പുള്ളി മൂന്നു എന്ന്. ഇവനെയൊക്കെ എന്ത് ചെയ്യണം അല്ലെ..